നസീറുദ്ദീൻ ഷായ്ക്കും ആമിറിനും ഷാറൂഖിനും പുറത്തുള്ള ചില ബോളിവുഡ് കാഴ്ചകൾ

സിനിമ പ്രോജ്വലിക്കുന്ന ഒരു ഉപഗ്രഹമാണെന്നെനിക്കു തോന്നുന്നു. അതിന്റെ പ്രകാശവലയത്തിൽ എത്തിപ്പെടാൻ ശ്രമിക്കുന്നവർ ഗ്ലാമറും പണവും ആദരവുമൊക്കെ വന്നുചേരുമെന്നു വിശ്വസിക്കുന്നു. എന്നാൽ, അവരിൽ പലരും സൂര്യതാപമേറ്റപോലെ കൊഴിഞ്ഞുവീഴുന്നുമുണ്ട്. ദിൻകർ ബോസ്‌ലെ, വിലാസ് പാട്ടീൽ എന്നീ എന്റെ സുഹൃത്തുക്കളുടെ കഥകളും ഇതുപോലെത്തന്നെ. ഇന്ത്യൻ വെള്ളിത്തിരകളെ പിടിച്ചുകുലുക്കിയ സിനിമകളുടെ കാലങ്ങളിലൂടെയുള്ള യാത്രയുടെ അവസാന ഭാഗം.

ബ്ലാസ്റ്റ്, ബ്ലാസ്റ്റ്!

ന്ത്യൻ പാരലൽ സിനിമയില പ്രമുഖനാണ് നസീറുദ്ദീൻ ഷാ.
മിർച്ച് മസാല, മണ്ഡി (ബസാർ) കഥ, അർദ്ധസത്യ, ജാനേദോ ഭി യാരോ തുടങ്ങിയ നിരവധി ആർട്ട് സിനിമകൾക്കുശേഷം പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഈ സന്തതി ബോളിവുഡ് മെയിൻസ്ട്രീം സിനിമകളിലെത്തി. കർമ, ജൽവ, മാസൂം, ജൂനൂൻ എന്നിവയിലും തന്റെ അഭിനയസിദ്ധി പ്രകടിപ്പിച്ച നസീറുദ്ദീൻ, ആമീർഖാൻ സംവിധാനം ചെയ്ത് അഭിനയിച്ച സർഫരോഷിൽ ഗസൽ ഗായകനായാണ് വേഷമിട്ടത്. എന്നാൽ, ആ പ്രസിദ്ധ ഗായകൻ ഭീകരവാദികളുടെ തലച്ചോറാണെന്ന കാര്യം നമ്മിൽ ഞെട്ടലുണ്ടാക്കുന്നു. ആരോഹണാവരോഹണക്രമത്തോടെ ഗസൽ മൂളുമ്പോഴും തന്റെ പദ്ധതികൾ ആസൂത്രണം ചെയ്തുകൊണ്ടിരിക്കുന്ന ഭീകരവാദിയുടെ റോൾ നസീറുദ്ദീൻ എത്ര തന്മയത്വത്തോടെയാണ് അവതരിപ്പിച്ചത് എന്നത് ആശ്ചര്യമുളവാക്കുന്നുണ്ട്.

'വെനസ് ഡേ' സിനിമയിൽ നിന്നൊരു രംഗം

1992-ലെ ബോംബെ ബ്ലാസ്റ്റിനെ ആധാരമാക്കി പുറത്തിറങ്ങിയ ചിത്രങ്ങളിൽ കുറ്റമറ്റതും എടുത്തുപറയേണ്ടതുമാണ് നസീറുദ്ദീൻ ഷാ പ്രധാനവേഷമിട്ട വെനസ് ഡേ (Wednesday). പ്രധാന സ്ഥലങ്ങളിലായി താൻ ഏഴ് ആർ.ഡി.എക്‌സ്. ബോംബുകൾ വെച്ചിട്ടുണ്ടെന്ന അജ്ഞാതസന്ദേശം ബോംബെ പൊലീസ് ഐ.ജി.ക്ക് ലഭിക്കുന്നു. വിവിധ ബോംബെ ജയിലുകളിൽ അഴികളെണ്ണുന്ന തന്റെ സഹപ്രവർത്തകരെ (അഞ്ചു ഭീകരരെ) ജൂഹു ഹെലിപാഡിൽ എത്തിക്കണമെന്നും അല്ലെങ്കിൽ മഹാനഗരം വീണ്ടുമൊരു സ്‌ഫോടനപരമ്പരയ്ക്കു സാക്ഷ്യം വഹിക്കുമെന്നുള്ള ഫോൺസന്ദേശം ഐ.ജി.ക്കു വീണ്ടും ലഭിക്കുന്നു. തിരക്കേറിയ നഗരവീഥികളുടെയും റെയിൽവേ സ്റ്റേഷനുകളുടെയും മാർക്കറ്റുകളുടെയും ഷോട്ടുകൾ അനുബന്ധമായി ഇതോടൊപ്പം സ്‌ക്രീനിൽ വരുന്നുണ്ട്. അങ്കലാപ്പിലാകുന്ന പൊലീസ് മേധാവി (അനുപം ഖേർ) ജയിലിൽനിന്ന് എല്ലാ ബന്തവസ്സോടെയും ഭീകരരെ ഹെലിപാഡിൽ എത്തിക്കാൻ നിർബ്ബന്ധിതനായി. എന്നാൽ, അവർ ഇരുന്ന ബെഞ്ചിനടിയിൽ രഹസ്യമായിവെച്ച ആർ.ഡി.എക്‌സ്. ബോംബ് റിമോട്ട് ഉപയോഗിച്ച് സ്‌ഫോടനം നടത്തി ആ അഞ്ചു ഭീകരരെയും വധിക്കുകയാണ് ഫോൺ സന്ദേശം നല്കുന്നയാൾ ചെയ്യുന്നത്.

നസീറുദ്ദീൻ ഷാ

അവരെല്ലാം ചത്തടിഞ്ഞെന്ന് ഉറപ്പുവരുത്തിയ ‘ആം ആദ്മി'യുടെ ഐ.ജി.യ്ക്കുള്ള അവസാന ഫോൺസന്ദേശത്തിൽ പറയുന്നത് നോക്കുക, ‘‘1992-ൽ മഹാനഗരത്തിൽ സംഭവിക്കാൻ പാടില്ലാത്തത് ഒരു വെള്ളിയാഴ്ചയായിരുന്നു അരങ്ങേറിയത്. ഒരു മാറ്റത്തിന് ഞാനിത് വെനസ് ഡേ ആക്കിയെന്നുമാത്രം.''
ഐ.ജി. വീണ്ടും ചോദിക്കുന്നത് എന്തിനിവരെ വധിച്ചുവെന്നാണ്. ‘‘വീടുകളിൽ കോക്രോച്ചുകൾ വർദ്ധിക്കുമ്പോൾ നമുക്കിരിക്കപ്പൊറുതി ഇല്ലാതാകും. നാമവയെ മരുന്നുകളടിച്ച് തുരത്തും. ഈ കാര്യവും അതുപോലെ കണക്കാക്കിയാൽ മതി'' എന്നാണ് അയാളുടെ ഉത്തരം.
എന്നാൽ, താൻ ഒരിടത്തും ബോംബ് വെച്ചിട്ടില്ലെന്നുകൂടി ആം ആദ്മി വെളിപ്പെടുത്തുന്നുണ്ട്. നീരജ്പാണ്ഡേ സംവിധാനം ചെയ്ത വെനസ് ഡേ കാണുമ്പോൾ നാമോരോരുത്തരും ആകാംക്ഷയുടെ മുൾമുനയിലെത്തും.

ഷാറൂഖ്, ആമിർ, അജയ് ദേവ്ഗൺ

ഇന്ത്യൻ രാഷ്ട്രീയത്തിന്റെ മൂല്യച്യുതി, തൊഴിലില്ലായ്മ, പട്ടിണി തുടങ്ങിയ വിഷയങ്ങളും നമ്മുടെ സിനിമകൾക്ക് വിഷയമായതിൽ അതിശയോക്തി ഒന്നുമില്ല. സമൂഹമധ്യേ എക്കാലവും ഇത്തരം വ്യതിയാനങ്ങൾ നാം കണ്ടുപോരുന്നുണ്ട്. അനുഭവിച്ചറിയുന്നുമുണ്ടല്ലോ! ഷാറൂഖ്ഖാന്റെ ‘റെയാസ്', അജയ് ദേവ്ഗണിന്റെ ‘വൺസ് അപ് ഓൺ എ ടൈം ഇൻ ബോംബെ', ‘ഹസീന പാർക്കർ' തുടങ്ങിയ ചിത്രങ്ങളിൽ ബോംബെ അധോലോകകഥകൾ പറഞ്ഞും പറയാതെയും ചിത്രീകരിച്ചിരിക്കുന്നു. അക്ഷയ്കുമാറിനെ നാം പലപ്പോഴും വിലയിരുത്താറുള്ളത് മാർഷൽ ആർട്‌സ് മാൻ, കോമഡിയൻ എന്നൊക്കെ ആണ്. എന്നാൽ, അദ്ദേഹത്തിന്റെ ‘ജോളി എൽ എൽ ബി', ‘പാഡ്മാൻ',‘ടോയ്‌ലറ്റ്​', ‘ബേബി' തുടങ്ങിയ ചിത്രങ്ങൾ സാമൂഹികപ്രതിബദ്ധതയുള്ള പുതിയ ഇന്ത്യൻ സിനിമകളുടെ ഗണത്തിൽ പെടുത്തേണ്ടതാണെന്ന് തോന്നുന്നു.

ഏകദേശം രണ്ടുമൂന്നു വർഷം മുമ്പ് റിലീസ് ചെയ്യപ്പെട്ട അജയ് ദേവ്ഗണിന്റെ ‘റെയ്ഡ്' എന്ന ചലച്ചിത്രത്തിന്റെ പശ്ചാത്തലം 1975-ലെ അടിയന്തരാവസ്ഥക്കാലമാണ്. ഉത്തരേന്ത്യയിലെ ഒരു ഉൾനാടൻ പ്രദേശം അപ്പാടെ തന്റെ മുഷ്ടിക്കുള്ളിലൊതുക്കി ഒരു ജന്മി (സൗരഭ് ശുക്ല) അളവറ്റ ധനം സമ്പാദിച്ചതു കണ്ടെത്താൻ ഇൻകംടാക്‌സ് ഉദ്യോഗസ്ഥൻ ആ ഹവേലിയിലേക്കു എത്തുന്നു. അതോടെ ഉണ്ടാകുന്ന സംഭവവികാസങ്ങളെ ആധാരമാക്കിയാണ് സിനിമ മുന്നോട്ടു നീങ്ങുന്നത്.
അജയ് ദേവ്ഗൺ, അക്ഷയ്കുമാർ, അനുപം ഖേർ എന്നീ മുന്തിയ നടന്മാർ, കേന്ദ്രസർക്കാരിന്റെ മൗത്ത് പീസായി വർത്തിക്കുന്നത് ഒരുപക്ഷേ, അവരുടെ ഗതികേടു കൊണ്ടാകാം എന്നാണെന്റെ നിഗമനം!

ആമീർഖാൻ എപ്പോഴും വ്യത്യസ്ത വിഷയങ്ങൾ സിനിമയാക്കുന്നതിൽ ഏറെ തൽപരനാണെന്ന് പറയാം. ഇന്ത്യൻ സിനിമയിൽ ആദ്യമായി ഓസ്‌കാർ അവാർഡിനു നാമനിർദ്ദേശം ചെയ്യപ്പെട്ട മദർ ഇന്ത്യയ്ക്കുശേഷം സലാം ബോംബെയും ലഗാൻ (ചുങ്കം) എന്ന അമീർഖാന്റെ ചിത്രവുമാണ് ഇന്ത്യയിൽനിന്ന് അന്താരാഷ്ട്ര പുരസ്‌കാരമത്സരത്തിനെത്തിയത്. പക്ഷേ, ഇവ മൂന്നിനും എന്തുകൊണ്ടോ ഓസ്‌കാർ നേടാനായില്ല. രംഗ് ദേ ബസന്തി, ത്രീ ഇഡിയറ്റ്‌സ്, താരേ ജമീൻ പർ എന്നിവയ്ക്കു ശേഷം അദ്ദേഹം പുറത്തിറക്കിയ ഏറെ വിവാദങ്ങൾ ഏറ്റുവാങ്ങിയ ചിത്രമാണ് പി.കെ.

ലഗാനിലെ ഒരു രംഗം

അനുഷ്‌കശർമ്മയും ആമീർഖാനും നായികാനായകന്മാരായ പി.കെ.യിലൂടെ മതാദ്ധ്യക്ഷന്മാർ എങ്ങനെ സാധാരണക്കാരെ വഞ്ചിക്കുന്നു എന്ന് വെട്ടിത്തുറന്നുകാട്ടിയിട്ടുണ്ട്. അതേ ഗണത്തിൽപ്പെട്ട സിനിമതന്നെയാണ് പരേഷ് റാവൽ നായകനായ ‘ഓ മൈ ഗോഡ്' എന്ന ആക്ഷേപഹാസ്യം അങ്ങോളമിങ്ങോളമുള്ള ചിത്രവും. ഈ രണ്ടുസിനിമകളും സെൻസറിങ്ങിനുവേണ്ടി വളരെ കാത്തിരിക്കേണ്ടിവന്നതും ഇത്തരുണത്തിൽ എടുത്തുപറയേണ്ടതാണ്. എന്നാൽ, ഇന്നത്തെ രാഷ്ട്രീയാന്തരീക്ഷത്തിൽ ഇന്ത്യയിൽ ഇവ വെള്ളിത്തിരയിലെത്തിയത് അത്ഭുതാവഹമായി തോന്നുന്നു.

അമി മുംബൈക്കർ ആഹോത്

ബോംബെ മഹാനഗരത്തിൽ നിർമ്മിക്കപ്പെടുന്ന ഹിന്ദിചിത്രങ്ങളിലെ ഭൂരിഭാഗം അഭിനേതാക്കളും ജന്മം കൊണ്ട് മഹാരാഷ്ട്രീയരല്ല. മറാഠിനടീനടന്മാർക്ക് അഭിനയസിദ്ധിയും ഗ്ലാമറും ഇല്ലാത്തതല്ല അതിന്റെ കാരണം. വി.ശാന്താറാമിന്റെ ‘ദോ ആംഖേം ബാരാ ഹാഥ്' ഒരു പ്രാവശ്യം കണ്ടാൽ നമുക്കിതു മനസ്സിലാകും. ഹിന്ദിസിനികളുടെ നിർമാതാക്കൾ പൊതുവെ ഗുജറാത്തികളും സിന്ധികളുമാണ് എന്നത് അംഗീകരിക്കപ്പെട്ട വസ്തുതയാണ്. അദാനി ഗ്രൂപ്പും റിലയൻസ് പോലുള്ള ഇന്ത്യൻ കോർപ്പറേറ്റുകളും ഇന്ന് സിനിമാനിർമ്മാണമേഖലയിൽ സജീവമായി രംഗത്തുണ്ട്. എങ്കിലും, ചില മറാഠി നടീനടന്മാർ ഹിന്ദി സിനിമകളിലെ ഉന്നതസ്ഥാനങ്ങളിൽ എത്തിച്ചേർന്നിരിക്കുന്നു. കെ.എ.അബ്ബാസിന്റെ ‘ശഹർ ഔർ സപ്ന'യിൽ തെരുവുഗായകനായി വേഷമിട്ട നാനാ പാൽസിക്കറെയാണ് എനിക്കാദ്യം ഓർമവരുന്നത്. ജെ.ജെ.സ്‌കൂൾ ഓഫ് ആർട്‌സ് വിദ്യാർത്ഥിയും നാടകനടനുമായ വിശ്വനാഥ് പാഠേക്കർ (നാനാ പാഠേക്കർ) നായകനായും വില്ലനായും കോമഡിയനായും ക്യാരക്ടർ റോളിലും വെള്ളിത്തിരയിലെത്തി പ്രേക്ഷകരുടെ കൈയടി വാങ്ങിക്കൊണ്ടിരിക്കുന്നു.

അതുൽ കുൽക്കർണി ചാന്ദ്നിബാറിൽ

സൈക്യാട്രിസ്റ്റായി പൂനെയിൽ പ്രാക്റ്റീസ് ചെയ്തിരുന്ന മോഹൻ അഗാഷേ, ശിവാജി സാഠം എന്നിവർ ഇപ്പോഴും ഹിന്ദിസിനിമകളിലും ചില ടി.വി.സീരിയലുകളും അഭിനയിക്കുന്ന മറാഠി താരങ്ങളാണ്. ആദർശ ധീരതയുള്ള കുറേപ്പേർ ഗുജറാത്തിലെ ആനന്ദ് എന്ന സ്ഥലത്ത് കന്നുകാലിവളർത്തലും പാൽ ഉല്പാദനവും നടത്തുന്നവരെ സംഘടിപ്പിച്ചതിന്റെ ചരിത്രം പറയുന്നതാണ് ശ്യാംബെനഗൽ സംവിധാനം ചെയ്ത ‘മന്ഥൻ' എന്ന ചിത്രം. ഇതിൽ അഗാഷേയും ശിവാജി സാഠവും നസുറുദ്ദീൻഷായും ആനന്ദ് നാഗും സ്മിതപാട്ടീലും മികവുറ്റ അഭിനയം കാഴ്ചവെച്ചിട്ടുണ്ട്. മലയാളികൾക്ക് സുപരിചിതനായ അതുൽ കുൽക്കർണിക്ക് ‘ചാന്ദ്‌നിബാർ', ‘ഹേ രാം' എന്നീ ചിത്രങ്ങളിലൂടെ ഏറ്റവുംനല്ല നടനുള്ള ഫിലിംഫെയർ അവാർഡുകൾ അടക്കം ദേശീയതലത്തിലും പുരസ്‌കാരങ്ങൾ നേടാനായി.

ബാസു ചാറ്റർജി കണ്ടെത്തിയ മറാഠി നടന്മാരിൽ മലയാളികളായ നാം ഏറ്റവും അധികമോർക്കുക അമോൽ പാലേക്കറെയാണ്; അദ്ദേഹത്തിന്റെ ഛോട്ടീ സി ബാത്ത്, ചിത് ചോർ എന്നീ ചിത്രങ്ങളിലൂടെ. ശ്രീരാം ലാഗുവും അദ്ദേഹത്തിന്റെ മകൾ റീമാ ലാഗുവും ശുഭാ ഖോഠേയും സഹോദരൻ വിജു ഖോഠേയും 70 മുതൽ 2004വരെയുള്ള കാലങ്ങളിൽ ഹിന്ദിസിനിമകളിൽ സജീവസാന്നിദ്ധ്യമായിരുന്ന മറാഠിതാരങ്ങളാണ്. മഹാരാഷ്ട്രീയരായ ഊർമിള മാഠോൺകർ, കിമി കാംക്ർ, മമതാ കുൽക്കർണി, ശില്പ ശിരോഡ്കർ എന്നീനടികൾ സിനിമകളിലെ ആടിപ്പാടുന്ന സ്ഥിരം റോളുകൾ കൈകാര്യം ചെയ്തിരുന്നു. മഹാരാഷ്ട്ര ബ്രാഹ്‌മണരുടെ തട്ടകമായ വിലേ പാർലേ ഈസ്റ്റിൽ ജനിച്ചുവളർന്ന മാധുരി ദീക്ഷിത് തന്റെ നൃത്തനൈപുണ്യവും അഭിയചാതുരിയും കാഴ്ചവെച്ച ഹിന്ദിചിത്രങ്ങൾ നിരവധിയാണ്. തേസാബ്, ഖൽനായിക്ക്, ഹം ആപ്‌കെ കേലിയെ കോൻ? തുടങ്ങിയവയിലെ അഭിനയത്തിന് മാധുരിയെ തേടി അവാർഡുകൾ വന്നെത്തി.

ഭഗവാൻ; ഒരു ദുരന്തതാരം

ഞാനിപ്പോൾ ഇവിടെ സൂചിപ്പിച്ച നടീനടന്മാർ എല്ലാവരും ഏറെക്കുറെ സമ്പന്നരാണെന്ന് പറയാം. എന്നാൽ, എനിക്കോർമ്മവെച്ചനാൾമുതൽ 2003 വരെ ഹിന്ദി-മറാഠി സിനിമകളിൽ ‘ചുക്കില്ലാത്ത കഷായമില്ല' എന്നു പറയുംപോലെ ഭഗവാൻ എന്ന ഹാസ്യനടന്റെ റോൾ ഒഴിച്ചുകൂടാനാവാത്ത ഘടകമായിരുന്നു. അദ്ദേഹത്തിന്റെ സ്‌പെഷൽ ടൈപ്പ് ഓഫ് ഡാൻസിങ്ങും ഇടികളും ഹിന്ദിസിനിമകളെ കൂടുതൽ ജനകീയമാക്കിയിരുന്നു. ഭഗവാന്റെ ‘അൽബേല' ഇക്കൂട്ടത്തിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട സിനിമയാണ്. വിധിവൈപരീത്യമെന്നുതന്നെ പറയട്ടെ, സ്വന്തമായി പാർപ്പിടം പോലുമില്ലാതെയും വാർദ്ധക്യത്തിൽ അനാഥനായും പരേലിൽ ചിത്ര ടാക്കീസിനു സമീപമുള്ള ചോളിൽ വെച്ച് അദ്ദേഹം അന്ത്യശ്വാസം വലിക്കുകയാണുണ്ടായത്.

ഭഗവാൻ ദാദ

വിഖ്യാത നടീനടന്മാരായ നർഗീസിന്റെയും സുനിൽദത്തിന്റെയും മകനായ സഞ്ജയ് ദത്ത് സ്വന്തം ജീവിതത്തിൽ അനേകം പ്രതിസന്ധികൾ നേരിടേണ്ടിവന്ന അഭിനേതാവാണ്. പൊതുവെ ‘ഈസി വേ ഓഫ് ലൈഫ്' നയിച്ച സഞ്ജയ്ദത്ത് ദാനധർമ്മിഷ്ഠനാണെന്ന് കേൾക്കുന്നു. 1992-ലെ ബോംബെ ബ്ലാസ്റ്റിനെത്തുടർന്ന് അദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്ത് തുറുങ്കിലടച്ചു. എന്നാൽ, പൈഥൊനിയയിലെ ഒരു ഹോട്ടലുടമ സഞ്ജയ്ദത്തിന്റെ സ്‌പെഷൽ രുചിക്കൂട്ടിൽ തയ്യാറാക്കിയ 'സഞ്ജുബാബ സ്‌പെഷൽ ചിക്കൻ'കറി കുറെനാൾ മുമ്പുവരെ വിറ്റുവന്നിരുന്നു. ഹിന്ദി സിനിമകളിൽ ‘ടപ്പോരി' (തെമ്മാടിച്ചെറുക്കൻ) വേഷമിടാറുള്ള അദ്ദേഹത്തിലെ നല്ല നടനെ ആദ്യമായി കണ്ടെത്തിയത് വിധു വിനോദ് ചോപ്രയാണ് എന്നു തോന്നുന്നു. മുന്നാഭായി എം.ബി.ബി.എസ്,ലഗോരഹോ മുന്നാഭായി എന്നീ ചിത്രങ്ങൾ ഉദാഹരണം. മറാഠി കലർന്ന അസ്സൽ ബംബയ്യ ഹിന്ദിയിലുള്ള അദ്ദേഹത്തിന്റെ ഡയലോഗ് പ്രസന്റേഷൻ സാധാരണക്കാരനായ മുംബൈക്കറെ പ്രതിനിധീകരിക്കുന്നുണ്ട്. ഇവയിൽ രണ്ടിലും പ്രത്യക്ഷപ്പെട്ട അനുഗൃഹീത ക്യാരക്ടർ നടൻ ബോമൻ ഇറാനി, മുന്നാഭായി സിനിമകൾ ഒന്നുകൂടി പ്രേക്ഷകമനസ്സിൽ ഇടംപിടിക്കാൻ സഹായിച്ചു.

ഹെലനും ശ്രീദേവിയും മറ്റു ചിലരും

പുട്ട് എന്ന കേരളീയ ആഹാരപദാർത്ഥത്തിന്റെ രുചിക്കൂട്ടിൽ കാണുമ്പോലെ, ആദ്യം അല്പം ഉപ്പ് ചേർത്ത അരിപ്പൊടി, പിന്നെ നാളികേരം ചിരകിയത്, വീണ്ടും അരിപ്പൊടി എന്നീ ചേരുവകൾ മുളംകുംഭത്തിലിട്ട് ആവിയിൽ പുഴുങ്ങുക എന്നതാണല്ലോ! അതുപോലെ ആദ്യകാല തമിഴ്, മലയാളം, ഹിന്ദി സിനിമകളിൽ ഒരു ഗാനരംഗത്തിനുശേഷം കത്തിച്ചണ്ട, അതേത്തുടർന്ന് ഹാസ്യരംഗങ്ങൾ, പിന്നീട് അല്പം കുടുംബകാര്യങ്ങൾ, വീണ്ടും ഗാനങ്ങൾ എന്നീ രീതി കൈക്കൊണ്ടിരുന്നതായി കാണാം.

ഇവയ്ക്ക് ഒരറുതി ഉണ്ടാകുന്നത് എഴുപതുകളുടെ തുടക്കത്തിലാണ്. അന്ന് ഹിന്ദിസിനിമയിൽ കാബറെ ഒരു അനിവാര്യ ഘടകമായിരുന്നു. ഹെലൻ മാദകനൃത്തമാടി കാണികളെ ഹരംകൊള്ളിച്ച ഐറ്റം ഡാൻസിന് ആരെന്തു പറഞ്ഞാലും ഒരു ചാരുതയുണ്ടായിരുന്നു. ‘‘പിയാ തു ആജാ'' എന്നും ‘‘മംഗ് താ തോ രസിയാ....'' തുടങ്ങിയ ആർ.ഡി.ബർമന്റെ അടിപൊളിപ്പാട്ടുകളുടെ താളക്കൊഴുപ്പ് ഒരു മാസ്മരികലോകത്തിൽ എത്തിക്കാറുണ്ട്. അരുണ ഇറാനി, ജയശ്രീ ടി., മീനാ ടി. എന്നിവരും ഇത്തരം രംഗങ്ങളിലെത്തി രംഗം കൊഴുപ്പിച്ചിരുന്നു. എന്നാൽ കാബറെയും ഖവ്വാലിയും ഇന്നത്തെ ഹിന്ദി സിനിമകളിൽനിന്ന് അന്യംനിന്നുപോയിരിക്കുന്നു.

ഹെലൻ

സുജോയ് ഘോഷ് സംവിധാനം നിർവ്വഹിച്ച ത്രില്ലർ സിനിമ, കഹാനി (കഥ)യിലൂടെയാണ് പാലക്കാട് സ്വദേശിനി വിദ്യാബാലന്റെ അഭിനയസിദ്ധി നാമറിയുന്നത്. ദേശീയതലത്തിൽ അവാർഡുകളും മറ്റനേകം പുരസ്‌കാരങ്ങളും കരസ്ഥമാക്കിയ കഹാനിയുടെ രണ്ടാംഭാഗത്തിലും വിദ്യാബാലൻ തന്നെയായിരുന്നു നായിക. ‘തുമാരി സുലു' എന്ന സിനിമയിൽ ഒരു പ്രത്യേക പരിപാടിയിലൂടെ ചോദ്യകർത്താക്കളെ ആശ്വസിപ്പിക്കുന്ന റേഡിയോ താരത്തെ വിദ്യ ഏറെ തന്മയത്വത്തോടെയാണ് അവതരിപ്പിച്ചത്. ഏതായാലും ഇങ്ങനെയുള്ള ചില സിനിമകളിലൂടെ വിദ്യാബാലൻ മികവുറ്റ അഭിനേത്രിയായി മലയാള പ്രേക്ഷകർക്കിടയിൽ സ്ഥാനംപിടിച്ചിട്ടുണ്ട്. ഡൽഹിയിൽ നടന്ന ഒരു കൊലപാതകത്തെ ആസ്പദമാക്കി നിർമ്മിച്ച‘നോ വൺ കിൽഡ് ജെസീക്ക' എന്ന ചിത്രത്തിലും വിദ്യ പ്രശംസനീയമായ അഭിനയം കാഴ്ചവെച്ചിരിക്കുന്നു.

അന്തരിച്ച ശ്രീദേവി ബോളിവുഡ്ഡിന് രണ്ടു നല്ല ചിത്രങ്ങൾ സമ്മാനിച്ചു. ഒന്ന്​, തന്റെ മകളെ നശിപ്പിച്ച ഒരു റോമിയോക്ക് മരണം സമ്മാനിക്കുന്ന അമ്മയുടെ വേഷം ‘മോം' എന്ന ചിത്രം. അമേരിക്കയിൽ എത്തിച്ചേർന്ന ഒരു ഇന്ത്യൻ സ്ത്രീ ഇംഗ്ലീഷറിയാതെ കുഴങ്ങി ഒടുവിൽ സ്‌പോക്കൺ ഇംഗ്ലീഷ് ക്ലാസിൽ പഠിക്കാനെത്തുന്ന കഥയാണ്​ ‘ഇംഗ്ലീഷ് വിംഗ്ലീഷ്​’.
മിസ്റ്റർ ഇന്ത്യ'യിൽ നായകകഥാപാത്രവും അദ്ദേഹം പോറ്റിവളർത്തുന്ന അനാഥപൈതങ്ങളുമായി ബോംബെ ജൂഹു കടപ്പുറത്ത് കുതിരവണ്ടിയിൽ ‘‘ഹവാ ഹാവായി'' എന്ന അടിപൊളിപ്പാട്ടും പാടി നീങ്ങുന്ന ശ്രീദേവിയുടെ ചാരുതയാർന്ന മുഖം ഒരു ദുഃഖസ്മരണയാണ്​.

ശ്രീദേവി, വിദ്യാബാലൻ

ഗോസിപ്പുകൾ നടീനടന്മാരുടെ ഉയർച്ചക്കും താഴ്ചക്കും പലപ്പോഴും ഹേതുവായിട്ടുണ്ട്. ബോളിവുഡ്ഡിൽ ഉജ്ജ്വല നക്ഷത്രമായി ഉയർന്നുവന്ന കൺകണ റാണാവത്ത്, ഫാഷൻ, ക്വീൻ, റംഗൂൺ, ദോലംഹേ തുടങ്ങിയ ചിത്രങ്ങളിലൂടെ അനനുകരണീയമായ അഭിനയമാണ് കാഴ്ചവെച്ചത്. മധുർ ഭണ്ഡാർക്കറുടെ ചില സിനിമകളിൽ മയക്കുമരുന്ന്​ അടിമയുടെ വേഷമണിഞ്ഞ കൺകണ യഥാർത്ഥ ജീവിതത്തിലും അങ്ങനെയൊക്കെയാണെന്ന് വരുത്തിത്തീർക്കാൻ ചില കോളമിസ്റ്റുകളും നടന്മാരും ശ്രമങ്ങൾ നടത്തിയെങ്കിലും കൺകണ ഈയടുത്ത് നടത്തിയ പ്രസ് മീറ്റിലൂടെ ഇത്തരം കുത്സിതബുദ്ധികളുടെ കള്ളത്തരങ്ങൾ പുറത്തുകൊണ്ടുവരികയുണ്ടായി. എന്നാൽ ഭരണകൂടത്തിന്റെ ചട്ടുകമായി കങ്കണ ഇപ്പോൾ വേഷം കെട്ടിയത് തികച്ചും ഖേദകരമാണെന്ന് പറയാതെ വയ്യ.

ഒന്നുമറിയാത്ത ചെറിയ കുട്ടികളെക്കൊണ്ട് വിഡ്ഢിവേഷം കെട്ടിക്കുന്ന ചില പ്രോഗ്രാമുകൾ നമ്മുടെ ചാനലുകൾ ദിവസവും സംപ്രേഷണം ചെയ്യുന്നുണ്ട്. ഇതുവഴി കുട്ടികളുടെ മാതാപിതാക്കളെയും ബന്ധുക്കളെയും ആകർഷിക്കുകയും അങ്ങിനെ കുട്ടിപ്പരിപാടിയുടെ റേറ്റിങ്ങ് ഉയർത്തുകയുമാണ് ഇത്തരം ചാനലുകളുടെ പ്രധാനലക്ഷ്യമെന്ന് തോന്നിപ്പോകുന്നു. ‘‘അച്ഛൻ എവിടെയാണുറങ്ങുക?'' ‘‘അമ്മ അച്ഛനെ വഴക്കു പറയാറുണ്ടോ?'' എന്നും മറ്റും പാവം കുട്ടികളോട് അവതാരക ചോദിക്കുന്നത് ഒട്ടും അനുയോജ്യമായ സന്ദർഭത്തിലല്ല! എന്നാൽ സ്റ്റാൻലി കി ഡബ്ബ, ധനക് (മഴവില്ല്) എന്നീ ചിത്രങ്ങളിൽ കുട്ടികൾ തന്നെയാണ് കേന്ദ്രകഥാപാത്രങ്ങൾ. പ്രദർശനവിജയവും ദേശീയതലത്തിൽ കുട്ടികൾക്കുള്ള വിഭാഗത്തിൽ പുരസ്‌കാരവും നേടിയിട്ടുണ്ട് ഈ സിനിമകൾ എന്നുമോർക്കുക.

ധനകിലെ രംഗം

‘‘യാഹൂ...കോയി മുജെ ജംഗ്ലി കഹേ...'' എന്നുപാടി പ്രേക്ഷകരുടെ മനംകവർന്ന ഇന്ത്യൻ എൽവിസ് പ്രിസ്‌ലി ഷമ്മികപൂർ, ‘‘മേരാ ജൂത്താഹെ ജാപ്പാനി, ലാൽടോപ്പി റുസി, ഫിർ ബി ദിൽ ഹെ ഹിന്ദുസ്ഥാനി'' എന്ന് ഹൃദയത്തിന്റെ ഭാഷയിൽ പാടിയ രാജ്കപൂറിന്റെ ആവാര, ‘‘മുജെ തുംസെ പ്യാർ കിത്‌നാ, യേ ഹം നഹി ജാൻതേ, മഗർ ജി നഹി സക്താ, തുമാരേ ബിനാ'' (നിന്നോടുള്ള പ്രണയം എത്രയെന്നറിയില്ല, എന്നാൽ നീയില്ലാതെ ജീവിതമില്ല) എന്ന് പാടിയ രാജേഷ് ഖന്ന തുടങ്ങിയവർ എന്റെ ഇന്നലെകളിലെ നായകരായിരുന്നു. അവരെല്ലാം പോയ്​മറഞ്ഞെങ്കിലും അവരെക്കുറിച്ച് ഓർക്കുമ്പോൾ സിനിമകളിലെ കഴിഞ്ഞ നാൾവഴികൾ മനസ്സിൽ ഓടിയെത്തുന്നു. ചിത്രത്തിൽ നാം ഓരോ രംഗവും കാണുമ്പോൾ അതിലെ സംവിധായകനെയും നടീനടന്മാരെയും ഗാനങ്ങൾ ഹിറ്റായാൽ അവയുടെ രചയിതാവിനെയും സംഗീതസംവിധായകനെയും ഓർക്കാനിടയുണ്ട്. പക്ഷേ, ഇക്കൂട്ടരുടെ ഉദ്യമം പാളിപ്പോയാൽ ഇവരിൽ പലരുടെയും ഈ രംഗത്തെ ഭാവി ചോദ്യചിഹ്നമായി മാറിയേക്കാം.

അമിതാബ് ബച്ചനോ മാധുരി ദീക്ഷിതോ ആകാൻ കൊതിച്ച് മുംബൈ മഹാനഗരത്തിൽ ദിനമെന്നോണം ഇന്ത്യയുടെ പലഭാഗങ്ങളിൽനിന്നും യുവതീയുവാക്കളെത്തുന്നുണ്ട്. ഇവരെല്ലാം നല്ല സിദ്ധിവൈഭവമുള്ള കലാകാരന്മാരായിരിക്കാം. എന്നാൽ, എത്രപേർ സിനിമയിലെ മെയിൻ സ്ട്രീമിലെത്തുന്നുണ്ട്? എന്റെ പ്രിയസുഹൃത്ത് ദിൻകർ ബോസ്‌ലെ മഹാരാഷ്ട്രയിലെ സാംഗ്ലിയിൽനിന്ന് സിനിമ നെഞ്ചിലേറ്റിവന്ന യുവാവായിരുന്നു. അല്ലറ ചില്ലറ ജോലി ചെയ്ത് അയാൾ കുറെ നാൾ പിടിച്ചുനിൽക്കുമ്പോഴും സിനിമാക്കമ്പം ബോസ്‌ലെയെ വല്ലാതെ വരിഞ്ഞുമുറുക്കിക്കൊണ്ടിരുന്നു. ഒടുവിൽ ചില മറാഠി സിനിമകളിലും ‘ഖയാമത് സെ ഖയാമത് തക്', ‘അബ് തക് ചപ്പൺ' തുടങ്ങിയ ഹിന്ദിസിനിമകളിലും തലകാണിച്ച് ബോസ്‌ലെക്ക് തൃപ്തിപ്പെടേണ്ടിവന്നു.

വീരാറിൽ ഞാൻ സ്വന്തമായൊരു ഫ്‌ളാറ്റ് വാങ്ങിയപ്പോൾ ഗൃഹപ്രവേശത്തിന് അയാളെയും കുടുംബത്തെയും ക്ഷണിച്ചു. അന്ന് പലരും വന്ന് ചില സമ്മാനങ്ങളുമൊക്കെത്തന്ന് തിരിച്ചുപോയി. പക്ഷേ, ദിൻകർ ബോസ്‌ലെ എന്ന നല്ല സുഹൃത്ത് മാത്രം വന്നെത്തിയില്ല; ഞാനയാളെ ഏറെ കാത്തിരുന്നെങ്കിലും. മാസങ്ങൾ കഴിഞ്ഞ് ബോസ്‌ലെയെ ദാദർ സ്റ്റേഷനിൽ കണ്ടുമുട്ടിയപ്പോൾ ഗോരഗോൺ ഫിലിം സിറ്റിക്കടുത്ത്​ അയാൾ തീർത്ത ചോപ്ഡ അന്നത്തെ മഴയിൽ തകർന്നുവീണെന്നും സാധനസാമഗ്രികൾ വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയെന്നുമുള്ള ദുഃഖവാർത്ത അറിയിച്ചു. ബോസ്‌ലെയെക്കുറിച്ച് എന്റെ സുഹൃദ്‌വലയത്തിൽ പലപ്പോഴും അന്വേഷിക്കാറുണ്ടെങ്കിലും അവരെല്ലാവരും ഇപ്പോഴും പറയാറുള്ളത്, അദ്ദേഹത്തെക്കുറിച്ച്​ അറിയില്ല എന്നാണ്.

സിനിമ പ്രോജ്വലിക്കുന്ന ഒരു ഉപഗ്രഹമാണെന്നെനിക്കു തോന്നുന്നു. അതിന്റെ പ്രകാശവലയത്തിൽ എത്തിപ്പെടാൻ ശ്രമിക്കുന്നവർ ഗ്ലാമറും പണവും ആദരവുമൊക്കെ വന്നുചേരുമെന്നു വിശ്വസിക്കുന്നു. എന്നാൽ, അവരിൽ പലരും സൂര്യതാപമേറ്റപോലെ കൊഴിഞ്ഞുവീഴുന്നുമുണ്ട്. ദിൻകർ ബോസ്‌ലെ, വിലാസ് പാട്ടീൽ എന്നീ എന്റെ സുഹൃത്തുക്കളുടെ കഥകളും ഇതുപോലെത്തന്നെ. മാധുരി ദീക്ഷിതിനെപ്പോലെയാകാൻ കൊതിച്ച, എന്റെ ഓഫീസിൽ ഒരുനാൾ വന്നെത്തിയ സംഗീത എന്ന ജൽഗാവ് സ്വദേശിനി ഒടുവിൽ അടുക്കളപ്പണിക്കാരിയായിത്തീർന്ന സങ്കടപ്പെടുത്തുന്ന ഓർമകളും എന്നെ മാനസികമായി ഇപ്പോഴും ഉലയ്ക്കുന്നുണ്ട്.

എക്‌സ്ട്രാ ഷോട്‌സ്!
(ചായ്​പാവ്​ പിന്നീട് പറഞ്ഞത്)

മീരാ നായരുടെ സലാം ബോംബെ തിയറ്ററുകളിൽ വൻപ്രദർശനവിജയം കൈവരിച്ചുകൊണ്ടിരുന്ന നാളുകൾ ഓർമ വരുന്നു. സുഹൃത്തും പത്രറിപ്പോർട്ടറുമായ റോയ് മാത്യുവും ശ്രീധർ പൂജാരിയും ഞാനുമടങ്ങിയ സംഘം സലാം ബോംബെയിലെ ബാലതാരങ്ങളെ അന്വേഷിച്ച് ചർച്ച് ഗേറ്റ് ക്രോസ് മൈതാനത്തിന് തൊട്ടടുത്തുള്ള ഫുട്പാത്തിൽ ചെന്നു. വർഷങ്ങൾക്ക് മുമ്പ് ഗുജറാത്തിൽ നിന്ന് തൊഴിൽ തേടിയെത്തിയവരാണ് ചായ്​പാവിന്റേയും (ഷഫീക് സയ്യദ്) മഞ്ജുവിന്റേയും (ഹൽസാ വിത്തൽ) മാതാപിതാക്കൾ. വർഷങ്ങളായി ഇവർ ഫുട്പാത്തിൽ കഴിഞ്ഞുവരുന്നു.

മീരാ നായർ / Photo: Wikimedia Commons

ആ പരിസരത്ത് ആദ്യകാലങ്ങളിൽ കുടിൽ കെട്ടി താമസിക്കുന്ന അനേകം ഗതികെട്ട കുടുംബങ്ങളെ കാണാമായിരുന്നു. ഇന്ന് ആ ഫുട്പാത്തിന് ‘ഫാഷൻ സ്ട്രീറ്റ്' എന്ന പുതിയൊരു പേരു നൽകിയിട്ടുണ്ട്. ഡിസൈനർ വസ്ത്രങ്ങളുടെ ഡ്യൂപ്ലിക്കേറ്റ് ഉടയാടകൾ നിങ്ങൾക്കിവിടെ ചുളുവിലക്ക് ലഭിക്കും. മീരാ നായരുടെ സിനിമക്ക് അനുയോജ്യരായ കഥാപാത്രങ്ങൾക്ക് വേണ്ടിയുള്ള തെരച്ചിൽ അവസാനം ചെന്നെത്തിയത് ഈ തെരുവു കുട്ടികളിലാണ്. റോയ് മാത്യു ചായ്​പാവിനോട് ചോദിച്ചു; ‘‘നിനക്കെങ്ങനെ സിനിമയിൽ അഭിനയിക്കാൻ ധൈര്യമുണ്ടായി?''
‘‘യേ സബ് പാപി പേഠ് കാ സവാൽ ഹേ സാബ്.'' (വിശപ്പിന്റെ പ്രശ്‌നമാണ് സാറേ).

ഞങ്ങളവനെ ഒന്ന് സൂക്ഷിച്ചുനോക്കി, ഒടുവിൽ വിധിയെഴുതി, നല്ല തന്റേടമുള്ള ചെക്കനെന്ന്.
‘‘നിനക്ക് വേറെ എന്തെങ്കിലും ആഗ്രഹമുണ്ടായിരുന്നോ?'' അവൻ ഒന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു; ‘‘ബഡിയാ ദാവത് ഖാനേ കാ ഷോക്ക് ഹെ'' (ഉഗ്രൻ ഭക്ഷണം കഴിക്കാൻ വലിയ ആഗ്രഹമുണ്ട് ).
ങ്ങൾ വീണ്ടും ചോദിച്ചു; ‘‘അഭി ഭി ഹെ?'' (ഇപ്പോഴുമുണ്ടോ?)
‘‘ജരൂർ'' (ഉവ്വ്, തീർച്ചയായും)- ചായ്​പാവ്​ ഉഷാറായി ഉത്തരം നൽകി.
ശുദ്ധ ‘ബംബയ്യ' ഹിന്ദിയിൽ തന്നെയാണ് അവന്റെ സംസാരം.

ബോംബെയിൽ തെരുവ് പിള്ളേരെ കാറ്ററിങ് സർവീസുകാർ അത്യാവശ്യം വരുമ്പോൾ അവരുടെ യൂണിഫോം ധരിപ്പിച്ച് വിളമ്പുകാരാക്കി മാറ്റും. സലാം ബോംബെയിലെ ഒരു കല്യാണവിരുന്നാണ് രംഗം. യൂണിഫോമണിഞ്ഞ് തെരുവു പിള്ളേർ ഭക്ഷണം വിളമ്പുന്നു. ഇതിനിടെ ചായ്​പാവും മഞ്ജുവും സലിമും മറ്റു ചിലരും സമോസയും പുലാവും കൈകൊണ്ടു വാരിത്തിന്നും കോഴിക്കാൽ പകുതി കടിച്ച് ഉച്ഛിഷ്ടം മനഃപൂർവം അതിഥികളുടെ പ്ലേറ്റിൽ തന്നെ വെക്കുന്നതുമായ സലാം ബോംബേയിലെ ചിരിയുണർത്തുന്ന രംഗം ഞാനപ്പോൾ ഓർത്തു. കുട്ടികളിൽ കത്തിക്കാളുന്ന വിശപ്പിന്റെ നഗ്‌നതാണ്ഡവത്തോടൊപ്പം തങ്ങളെ ബഹിഷ്‌കരിച്ച സമൂഹത്തോടുള്ള പ്രതികാരവും പ്രകടമാക്കുന്ന ഈ രംഗം പ്രാധാന്യം നൽകി ഉൾപ്പെടുത്തിയ ഭാവനാസമ്പന്നയായ സംവിധായികക്ക് സലാം!

സലാം ബോംബെയിലെ രംഗം

‘‘നീ എന്തെങ്കിലും ജോലി ചെയ്യുന്നുണ്ടോ'' എന്ന ഞങ്ങളുടെ ചോദ്യത്തിന് കയ്യിലെ മഞ്ഞ നിറത്തിലുള്ള ടർക്കി ടവൽ കാണിച്ച് അവൻ പറഞ്ഞു; ‘‘കാറുകൾ സിഗ്‌നലിൽ നിറുത്തുമ്പോൾ, ഞാനും ഇവളും മറ്റു പിള്ളേരും അടുത്തു ചെന്ന് അവയുടെ ചില്ലുകൾ തുടക്കും. ഉടമസ്ഥർ എട്ടണയോ ഒരു രൂപയോ തന്നെന്നിരിക്കും. ഇവൾ ചുവന്ന റോസപ്പൂ യാത്രക്കാർക്ക് ഒന്നിന് ഒരു രൂപ വിലക്ക് വിൽക്കും.''
‘‘ദിവസം നിങ്ങൾ ശരാശരി എത്ര പണം ഉണ്ടാക്കും?''
‘‘വോ ബോൽ നഹി സ സാബ്'' (പറയാനാകില്ല).

ഇതിനിടെ സലിം, ഖീര എന്നീ സലാം ബോംബെ കഥാപാത്രങ്ങൾ അവിടെയെത്തി. അവരും സമാന ജോലികൾ തന്നെ ചെയ്ത് ജീവസന്ധാരണം നടത്തുന്നു. ഞങ്ങൾ അവർക്ക് 250 രൂപ വീതം സമ്മാനിച്ചു. ഇപ്പോൾ കുട്ടികൾ പൊതുവെ സന്തുഷ്ടരാണെന്ന് തോന്നി. സിഗ്‌നലിൽ ചുവപ്പ് വെളിച്ചം തെളിഞ്ഞു. വരിവരിയായി കാറുകൾ നിർത്തിയിട്ടുണ്ട്. റോസാപ്പൂക്കളും, മഞ്ഞ ടർക്കി ടവലുകളുമായി തെരുവിന്റെ മക്കൾ അപ്പോൾ പറയുന്നതു കണ്ടു. പോകുന്ന പോക്കിൽ ചായ്​പാവ്​ വിളിച്ചു കൂവി, ‘‘സലാം സാബ്''.
ഞങ്ങൾ അപ്പോൾ ഒരുമിച്ച് പറഞ്ഞു; ‘‘സലാം ബോംബെ.''

സലാം ബോംബെയിലെ അഭിനയ ത്തിന് മികച്ച ബാലനടനുള്ള ദേശീയ അവാഡ് നേടിയ ഷഫീക് സയ്യദ്, പിന്നീട് ഒരു സിനിമയിൽ മാത്രമേ പ്രത്യക്ഷപ്പെട്ടുള്ളൂ. ഗൗതം ഘോഷ് സംവിധാനം ചെയ്ത പതങ്ക് (പട്ടം) എന്ന ഹിന്ദി ചിത്രത്തിൽ മാത്രം.
ചായ്​പാവ്​ ഇപ്പോൾ ബാംഗ്ലൂരിൽ ഓട്ടോറിക്ഷ ഓടിക്കുകയാണ്. മഞ്ജുവിനെക്കുറിച്ച് പിന്നീടൊന്നും കേട്ടില്ല. ‘ഗ്ലാമറില്ലാത്ത’ ഈ കുട്ടികളെ വീണ്ടും സിനിമയിൽ കൊണ്ടുവരാൻ ഒരു ഗോഡ്ഫാദർ അവർക്ക് ഇല്ലാതെ പോയിരിക്കാം.

Comments