വി.കെ. അനിൽകുമാർ

കൊന്നിട്ടും
ചാകാത്തചോര

​തെയ്യമെന്നാൽ കൊലചെയ്യപ്പെട്ട ഭൂപടം ഉടലിൽ പേറുന്ന മനുഷ്യരാണ്. ചത്തുപോയവന് പറയാൻ വേണ്ടിയാണ് തെയ്യം അതിന്റെ ഘടനകൾ രൂപപ്പെടുത്തുന്നത്. മരണത്തിനിത്രയും സൗന്ദര്യമുണ്ടെന്ന് തെയ്യം സദാസമയവും ഓർമിപ്പിക്കുന്നു.

കൊന്നിട്ടും ചാകാത്തവരാണ് തെയ്യങ്ങൾ.
അവർ മരണത്തെ മറുജീവിതത്തിലൂടെ അതിജീവിച്ചു.
​മറ്റൊരു ജീവിതത്തിലൂടെ സ്വന്തം ഹത്യകളെ ഇടയിലോകത്ത് ആവിഷ്‌കരിച്ചു.

ചോരയൊഴുകാത്ത തെയ്യംജീവിതങ്ങളില്ല. ചോര ചോരയെ തൊടുന്ന നേരനുഭവമാണ് മണ്ണിലവതരിച്ച് മനുഷ്യന്റെ മുങ്കരം പിടിച്ചാശ്വസിപ്പിക്കുന്ന തെയ്യങ്ങൾ. ചോരപ്പറ്റാണ്, ചോരപ്പരിഷായ തെയ്യത്തിന്റെ വിഷയം. എല്ലാ മനുഷ്യരിലും ഒരേ ചോര തന്നെയാണെന്ന്, ഒരേ ചോപ്പാണെന്ന് തെയ്യം പറയുന്നത് സ്വന്തം ചോര ചിന്തിക്കൊണ്ടാണ്. തെയ്യം ഇത്രയും ചോന്നുപോയത് സ്വന്തം ചോരയിൽ കുതിർന്നാണ്. മരണം ജീവിതത്തിന്റെ മറ്റേ അറ്റമാണല്ലോ. മൃതിയുടെ ആഖ്യാനമാണ് തെയ്യം. ചോരയുടെ നിലയ്ക്കാത്ത ഉറവയാണ് കാവുകളിൽ ചാലിട്ടൊഴുകുന്നത്. മരണത്തിന്റെയും കൊലയുടെയും രംഗപ്രയോഗങ്ങൾ തന്നെയാണ് തെയ്യം അനുഷ്ഠാനത്തിന്റെ അന്തഃസത്ത. മരണത്തെ അഭിസംബോധന ചെയ്യാത്ത തെയ്യമില്ല. കൊലയാളിയെന്ന അധികാരത്തിന്റെയല്ല, കൊല്ലപ്പെട്ടവൻ എന്ന നീതിയുടെ പുനരാവിഷ്‌കാരമാണ് തെയ്യം.

ഇനിയൊരു തിരിച്ചുവരവില്ലാത്ത വിധം മണ്ണിലൊടുക്കിയ മനുഷ്യനെ വീണ്ടും അതേ മണ്ണിൽ ദൈവമായുയിർപ്പിച്ച് തെയ്യം മരണത്തിന് മറ്റൊരു നീതിശാസ്ത്രം രചിക്കുന്നു.

ചത്തവനും കൊന്നവനും ഒരിടത്ത് കണ്ടുമുട്ടുമ്പോൾ

ചത്തവനും കൊന്നവനും ഒരിടത്ത് കണ്ടുമുട്ടുന്ന വിശിഷ്ട ഭൂമികകളാണ് നമ്മുടെ തെയ്യക്കാവുകൾ. ഭൂമിയിൽ മറ്റൊരിടത്തും ഇതുപോലെ വിചിത്രമായ ഒരു സന്ദർഭമുണ്ടാകില്ല. ഇല്ലാതായവനും ഇല്ലാതാക്കിയവനും ഒരിക്കൽകൂടി വൈരം മറന്ന് സംഗമിക്കുന്നു. ചോരയിറ്റുന്ന ശരീരവുമായി കൊലചെയ്യപ്പെട്ടവൻ ചോപ്പിന്റെ നാനാർത്ഥങ്ങളായി ഉറഞ്ഞാടുന്നു. ഇനിയൊരു തിരിച്ചുവരവില്ലാത്ത വിധം മണ്ണിലൊടുക്കിയ മനുഷ്യനെ വീണ്ടും അതേ മണ്ണിൽ ദൈവമായുയിർപ്പിച്ച് തെയ്യം മരണത്തിന് മറ്റൊരു നീതിശാസ്ത്രം രചിക്കുന്നു. ഒരുപക്ഷേ ആവിഷ്‌കാരങ്ങളിൽ തെയ്യത്തിന് മാത്രം സാധ്യമാകുന്നത്. കൊലയ്ക്കിങ്ങനെയൊരവതരണ രൂപം വേറെയുണ്ടാകാനിടയില്ല. കൊന്നവന് അതുകൊണ്ടുതന്നെ തെയ്യത്തിൽ കാര്യമായിട്ടൊന്നും ചെയ്യാനില്ല. കൊലയാളി എന്നും മരണമില്ലാത്ത അധികാരവും ഭരണകൂടശക്തിയുമാണല്ലോ.

ബാലി വെള്ളാട്ടം

മരണത്തിന്റെ ഈ രസതന്ത്രം നേരിൽ കാണണമെങ്കിൽ കണ്ണൂർ ജില്ലയിലെ വളപട്ടണത്തിനടുത്തുള്ള കൊളച്ചേരി ചാത്തമ്പള്ളിക്കാവിൽ വന്നാൽ മതി. ചാത്തമ്പള്ളിയിലെ കണ്ടൻ ചെത്തുകാരനാണ്. നൂറ്റാണ്ടുകൾക്കപ്പുറത്തെ തുലാമാസം ഒമ്പതാം നാൾ. കീഴാളന് അറിവും അർത്ഥവും നിഷേധിച്ച കാലം. ഒത്ത ഉടൽപ്പൊരുത്തവുമായി കരുമാരത്തറയിൽ തന്ത്രിയെ കാണാൻ പോയ കണ്ടൻ തിരികെ ചാത്തമ്പള്ളി മതിലകം കരകേറിയത് തലയില്ലാത്ത ഉടലുമായാണ്. പോയ മനുഷ്യൻ തലയില്ലാത്ത തെയ്യമായാണ് തിരിച്ചുവന്നത്.

കൊളച്ചേരി ചാത്തമ്പള്ളി വിഷകണ്ടനെ തന്ത്രി കരുമാരത്തില്ലത്തേക്ക് വിളിച്ചു വരുത്തി. താമ്മൂലം നല്കി, കൂറ നല്കി, പണം നല്കി. കണ്ടന് എന്തുകൊടുത്താലും മതിയാകില്ലല്ലോ. കുറ്റിയാട്ടൂർ ചാത്തോത്ത് കോവിലകത്തെ പത്തും തേഞ്ഞ തമ്പുരാട്ടിയെ വെഷം തീണ്ടി. പേരുകേട്ട വിഷചികിത്സകർക്കൊന്നും തമ്പുരാട്ടിയെ രക്ഷിക്കാനായില്ല. ഒടുവിൽ കരുമാരത്തില്ലത്തേക്ക് തമ്പുരാട്ടിയെ കൊണ്ടുവന്നു. ഏറ്റവും സിദ്ധിയാർജിച്ച കരുമാരത്തെ വിഷചികിത്സകരും ഒടുവിൽ പരാജയപ്പെട്ടു. വെഷപ്പെട്ട തമ്പുരാട്ടി മരിച്ചു. ശവം ദഹിപ്പിക്കുന്നതിനായി മഞ്ചലിൽ ശ്മശാനത്തേക്ക് കൊണ്ടുപോവുകയായിരുന്നു. തൊട്ടടുത്ത് വലിയവളപ്പ് ചെറയിൽ കള്ള് ചെത്തുന്ന കണ്ടൻ തെങ്ങിന്റെ കൊടങ്കല്ലിലിരുന്ന് താഴെ നടക്കുന്ന കാഴ്ചകളൊക്കെ കാണുകയായിരുന്നു. ശവം കൊണ്ടുപോകുന്ന ആൾക്കാരുടെ കൂട്ടത്തിൽ കണ്ടനെ വിദ്യകൾ പഠിപ്പിച്ച കുരിക്കളച്ചനുമുണ്ടായിരുന്നു.

എത്ര കൊത്തിയരിഞ്ഞാലും വേരോടെ പിഴുതെടുത്താലും വീണ്ടും മണ്ണിലും മനസ്സിലും തളിർക്കുന്ന കാട്ടുചെടിക്കരുത്താണ് തെയ്യം. കൊന്നവരോട് മറ്റാർക്കും കാണിക്കാനാകാത്ത കാരുണ്യം തെയ്യം കാണിക്കും.

തമ്പുരാട്ടിയുടെ ശകം തന്റെ ശിഷ്യനായ കണ്ടനെ കാണിക്കാൻ ഗുരുക്കൾ പറഞ്ഞു. ഗുരുക്കൾക്കറിയാം, കണ്ടൻ നിസ്സാരക്കാരനല്ല. മലപ്പട്ടം കരിക്കിൻ കടവിലും ചെക്കിക്കടവിലും കണ്ടൻ എയ്ത്തും പൊയ്ത്തും പഠിച്ചിട്ടുണ്ട്. അക്ഷരവിദ്യ, അസ്ത്രവിദ്യ, ധനുർവിദ്യ, ഇന്ദ്രജാലം, മഹേന്ദ്രജാലം, വിഷചികിത്സ, കോടിക്കരുത്ത്, കൊടിക്കരുത്ത്, കൊലക്കരുത്ത്, കോഴിക്കരുത്ത് ഇങ്ങനെ എല്ലാ കരുത്തുക്കളും വിധിയാംവണ്ണം ചെത്തുകാരനായ കണ്ടൻ അഭ്യസിച്ചിട്ടുണ്ട്. തെങ്ങിന്റെ മോളിൽ നിന്ന്​ കണ്ടൻ താഴേക്ക് കീഞ്ഞു. ശകം പരിശോധിച്ചു. തമ്പുരാട്ടിയെ തൊട്ടടുത്തെ ഗംഗപ്പറ്റ കൊളത്തിലിടാൻ പറഞ്ഞു. മൂക്കിൽനിന്ന്​ കുമിള വരുന്നുണ്ടങ്കിൽ കരക്കെടുക്കാൻ പറഞ്ഞു. എല്ലാവരും ആകാംക്ഷയോടെ നോക്കിക്കൊണ്ടിരിക്കെ മരിച്ചുപോയ തമ്പുരാട്ടിയുടെ മൂക്കിൽ നിന്ന്​ ജീവന്റെ കുമിളകൾ വന്നുതുടങ്ങി. തമ്പുരാട്ടിയെ വെള്ളത്തിൽ നിന്നെടുത്ത് കരയിൽ കിടത്തി. തീണ്ടൽ ജാതിക്കാരനയായ ചെത്തുകാരൻ കൊലക്കരുത്തിലൂടെ തമ്പുരാട്ടിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.

തമ്പുരാട്ടിയുടെ നിറവയർ നോക്കി കണ്ടൻ പറഞ്ഞു, നീ പെറുന്നത് ഒരാൺ സന്തതിയെ ആയിരിക്കും. കുഞ്ഞിക്ക് വലതുതുടയിൽ നീല മറുകുണ്ടാകും.

കണ്ടക്കോരൻ തെയ്യം

തന്നെക്കാൾ വലിയ വിഷഹാരി, അതും ഒരു നീചജാതിയിൽ പെട്ട കണ്ടൻ കരുമാരത്തില്ലത്തെ തന്ത്രിയുടെ ഉറക്കം കെടുത്തി. കുറ്റിയാട്ടൂർ ചാത്തോത്തെ തമ്പുരാട്ടി വലതുതുടയിൽ നീല ദംശമുള്ള ആൺകുട്ടിയെ പെറ്റു. കണ്ടനെ ഇല്ലാതാക്കാനുള്ള പദ്ധതികൾ തന്ത്രി ആസൂത്രണം ചെയ്തു.

തുലാമാസം ഒമ്പതാം തീയ്യതി തമ്പുരാട്ടിയുടെ ജീവൻ രക്ഷിച്ച ഏറ്റുകാരനെ പാരിതോഷികങ്ങൾ നല്കി ആദരിക്കുന്നതിനായി കരുമാരത്തില്ലത്തേക്ക് വിളിപ്പിച്ചു. പുരസ്കാരങ്ങൾ വേണ്ടതിലധികം നൽകി. ആയുധമേന്തിയെ വാല്യക്കാരുടെ അകമ്പടിയോടെ കണ്ടനെ തിരിച്ചയച്ചു. പാതിവഴിയിൽ തന്ത്രിയുടെ കാവലാളുകൾ കണ്ടന്റെ കഴുത്തറുത്തു. തന്ത്രി കൊല്ലിനും കൊലയ്ക്കും അധികാരിയാണ്. ഒരു ചെത്തുകാരന്റെ ജീവന് അത്രമാത്രമേ വിലയുള്ളു.

തീയ്യൻ ചത്ത് നാൽപതാം നാൾ കഴിയുന്നേരം തന്ത്രിയുടെ മേലാസകലം വീടാസകലം വെഷപ്പാമ്പുകളിഴഞ്ഞു. ദുർനിമിത്തങ്ങളിൽ തന്ത്രിയുടെ മനോനില തെറ്റി. നീലപ്പാമ്പുകൾ കരുമാരത്തറയിൽ തന്ത്രിയെ വിടുന്ന ലക്ഷണമില്ല. കണ്ടനെ തൃപ്തിപ്പെടുത്താതെ തന്റെ തലമുറയ്ക്കീ മണ്ണിൽ ജീവിതം സാധ്യമല്ലെന്ന് തന്ത്രിക്ക് ബോധ്യമായി. ചെത്തുകാരൻ കണ്ടൻ ചോപ്പ് ചീറ്റി ചിലമ്പണിഞ്ഞ് പൂക്കെട്ടി മുടി ചൂടി കറുത്ത താടിമീശകളണിഞ്ഞു. കൊലക്കരുത്തിന്റെ കോലമായി നാട്ടുകാരുടെ തെയ്യമായി വീണ്ടും കൊളച്ചേരിയിൽ കണ്ടൻ ഉദയം ചെയ്തു.

തെയ്യത്തിൽ വാക്കിനും ഭാഷയ്ക്കും അതീതമായ പല കാര്യങ്ങളുമുണ്ട്. തന്നെയും പിഞ്ചുമക്കളെയും കൊന്ന തറവാട്ടുകാരോട് കടവാങ്കോട്ട് മാക്കം കാണിക്കുന്ന സ്നേഹത്തിനുപകരം മറ്റെന്തുണ്ട്.

എത്ര കൊത്തിയരിഞ്ഞാലും വേരോടെ പിഴുതെടുത്താലും വീണ്ടും മണ്ണിലും മനസ്സിലും തളിർക്കുന്ന കാട്ടുചെടിക്കരുത്താണ് തെയ്യം. കൊന്നവരോട് മറ്റാർക്കും കാണിക്കാനാകാത്ത കാരുണ്യം തെയ്യം കാണിക്കും. കണ്ടനെന്നത് പഴകിപ്പദംവന്ന കഥയോ ചരിത്രമോ പുരാവൃത്തമോ അല്ല, ഈ മണ്ണിന്റെ ജീവിതമാണ്. വിഷകണ്ടൻ തെയ്യത്തിന്റെ കരുമാരത്തില്ലത്തേക്കുള്ള യാത്രയ്ക്ക് ചരിത്രപരമായി അത്രയേറെ പ്രാധാന്യമുണ്ട്. ഇങ്ങനെയൊരു കൂടിപ്പിരിയൽ തെയ്യത്തിൽ മാത്രം കാണുന്നതാണ്. എല്ലാവർഷവും തുലാവരിഷപ്പകർച്ചയിൽ സ്വന്തം ചോരയിൽ ചവുട്ടി ചിലമ്പനക്കി കൊളച്ചേരി കണ്ടത്തിലൂടെ തെയ്യം കരുമാരത്തില്ലത്തേക്ക് നടന്നുപോയി. കാലങ്ങൾക്കപ്പുറം തന്റെ കഴുത്തറുത്ത് കൊന്നവരെ തെയ്യം ഇപ്പോഴും അനുഗ്രഹിക്കുന്നു. കേൾക്കുമ്പോൾ ഇതൊക്കെ അവിശ്വസനീയമായി തോന്നും. വടക്കന് തെയ്യമൊരു വികാരമാകുന്നതിങ്ങനെയാണ്.

ബാലി വെള്ളാട്ടം

തെയ്യത്തിൽ വാക്കിനും ഭാഷയ്ക്കും അതീതമായ പല കാര്യങ്ങളുമുണ്ട്. തന്നെയും പിഞ്ചുമക്കളെയും കൊന്ന തറവാട്ടുകാരോട് കടവാങ്കോട്ട് മാക്കം കാണിക്കുന്ന സ്നേഹത്തിനുപകരം മറ്റെന്തുണ്ട്. കരുമാരത്തില്ലത്ത് ചത്തവനും കൊന്നവനും കൂടിക്കാണുമ്പോഴുള്ള മനുഷ്യത്വത്തെ ഏതുഭാഷ കൊണ്ടാണെഴുതേണ്ടത്. കൊളച്ചേരിയിലെ പുഞ്ചക്കണ്ടത്തിൽ വീഴ്ത്തിയ കണ്ടനെ വാഴ്ത്താൻ നിങ്ങളാരും പാടിയ പാട്ടുകൾ മതിയാകില്ല. കുഞ്ഞിമങ്ങലത്തെ കടാങ്കോട്ട് തറവാട്ടിൽ കുംഭം പത്ത്, പതിനൊന്ന് തീയ്യതികളിൽ മരണത്തിനുമീതെ തിരുമുടി നിവർത്തിയാടുന്ന മാക്കവും മക്കളും കൊലപാതകിയും ഇരയും തമ്മിലുള്ള സമാഗമത്തെത്തന്നെയാണ് കാണിക്കുന്നത്.

കൊലയാളിയും കൊല്ലപ്പെട്ടവനും തമ്മിലുള്ള ഈ നേർക്കുനേരെയുള്ള കണ്ടുമുട്ടൽ ഏറ്റവും ഹൃദയസ്പർശിയാകുന്നത് മായിലോൻ തെയ്യത്തിലാണ്. മാക്കവും മക്കളും തെയ്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട തെയ്യമാണ് കാടുകൊത്താൻ വന്ന മായിലോൻ എന്ന കാട്ടടിയാൻ. മാക്കത്തെയും മക്കളെയും ആങ്ങളമാർ കഴുത്തറുത്ത് കിണറ്റിലെറിയുന്ന സമയത്ത് അച്ചങ്കര പള്ളിവളപ്പിൽ കാടുവയക്കാൻ കത്യാളുമായി വന്ന അടിമയായിരുന്നു മാവിലാൻ.

ഇല്ലത്തെ പണിക്കു വന്ന ഉമ്മച്ചിയെ കാരണവർ ചവുട്ടിക്കൊന്നപ്പോൾ അതേ കാരണവരുടെ തലമുറയെ കാത്തുരക്ഷിക്കുന്ന ഉമ്മച്ചിത്തെയ്യത്തെക്കുറിച്ചെന്തു പറയണം. തെയ്യമെന്നത് ചോരക്കളിയാണ്. ചോരയും ചോപ്പുമില്ലാതെ തെയ്യത്തിന് നിലനില്പില്ല.

തന്റെ കൺമുന്നിൽ ഇങ്ങനെയൊരു കൂട്ടക്കുരുതി നടക്കുമ്പോൾ അരുതേ കൊല്ലരുതേ എന്നലറിവിളിച്ച് തടയാൻ ശ്രമിച്ച മാവിലന്റെയും കഴുത്തുവെട്ടി കിണറ്റിലെറിഞ്ഞു. കിണറിലെ വെള്ളത്തിൽ മാക്കത്തിന്റെയും മക്കളുടെയും ചോരയ്‌ക്കൊപ്പം അടിമയുടെ ചോരയും കലങ്ങി. ചോരക്ക് ചോപ്പ് നിറം മാത്രമെന്ന് കുരുതിയായ മനുഷ്യരുടെ ചോര പറഞ്ഞു. ഇതേ മാവിലൻ തന്നെയാണ് മേത്ത് മുഴുൻ കറുപ്പും വെള്ളയും നിറം തേച്ച്, തെയ്യത്തിന്റെ മറ്റെല്ലാ നിറങ്ങളും നിരാകരിച്ച്, കാണികളെ കാഴ്ച കൊണ്ടങ്കരയാക്കിക്കൊണ്ടിരിക്കുന്നത്. കൊല ചെയ്യപ്പെടുമ്പോൾ കയ്യിൽ ബാക്കിയായ കാടും കാട്ടറിവും കത്യാളുമായി കുഞ്ഞിമങ്ങലം തറവാട്ടുമുറ്റത്ത് മാക്കത്തിനും മക്കൾക്കുമൊപ്പം മരണത്തിന്റെ മറ്റൊരാവിഷ്‌കാരമായി കലാശം ചവിട്ടുന്ന കാട്ടടിയാൻ ചരിത്രത്തെ തന്നെയാണ് കരിവാരിത്തേക്കുന്നത്.

ബാലി വെള്ളാട്ടം

നീലേശ്വരം കക്കാട്ടില്ലത്ത് മരണത്തിന്റെ ആട്ടപ്രകാരമായി മറ്റൊരു തെയ്യത്തെ കാണാം. നെല്ലുകുത്താൻ ഇല്ലത്തുവന്ന ഉമ്മയാണ് കൊല ചെയ്യപ്പെടുന്നത്. ഇല്ലത്തെ പണിക്കുവന്ന ഉമ്മച്ചിയെ കാരണവർ ചവുട്ടിക്കൊന്നപ്പോൾ അതേ കാരണവരുടെ തലമുറയെ കാത്തുരക്ഷിക്കുന്ന ഉമ്മച്ചിത്തെയ്യത്തെക്കുറിച്ചെന്തു പറയണം.

തെയ്യമെന്നത് ചോരക്കളിയാണ്.
ചോരയും ചോപ്പുമില്ലാതെ തെയ്യത്തിന് നിലനില്പില്ല.

ചോദ്യങ്ങൾ ചോദിച്ച് ബ്രാഹ്മണാഹന്തയുടെ കണ്ണുകുത്തിപ്പൊട്ടിച്ച അതേ പുലയൻ തന്നെയാണ് വടക്കൻ കേരളത്തിലെ മേൽജാതിക്കാരുടെ തന്നെ ധർമദൈവമായി മാറുന്നത്. പൊട്ടനെ ആരാധിക്കുന്ന എത്രയോ ബ്രാഹ്​മണ ഇല്ലങ്ങളുണ്ട്. ചരിത്രത്തിലെ ഈ വിരോധഭാസത്തെ വ്യാഖ്യാനിക്കുക എളുപ്പമല്ല. തെയ്യത്തിന്റെ അനുഷ്ഠാനങ്ങൾ ഏതുകാലത്തുമുള്ള ജീവിതത്തിന്റെ വ്യാഖ്യാനങ്ങളാണ്. തെയ്യത്തിന് കഴിഞ്ഞുപോയ കാലത്തിന്റെ ഘടനയാണ്. പിന്നിലേക്കുപിന്നിലേക്ക് മറഞ്ഞുപോകുന്ന കാഴ്ചകളിൽ ചിലത് വീണ്ടും വീണ്ടും മുന്നിലേക്കുമുന്നിലേക്കെഴുന്നള്ളിവരുന്നു.

ചോദ്യങ്ങൾ ചോദിച്ച് ബ്രാഹ്മണാഹന്തയുടെ കണ്ണുകുത്തിപ്പൊട്ടിച്ച അതേ പുലയൻ തന്നെയാണ് വടക്കൻ കേരളത്തിലെ മേൽജാതിക്കാരുടെ തന്നെ ധർമദൈവമായി മാറുന്നത്.

ഉമ്മച്ചി തെയ്യം, ബാലി

തെയ്യം ആരുടെ തീർപ്പാണെന്ന്, ഏതു നീതിയുടെ തീർപ്പാണെന്ന് നമുക്ക് പറയാനാകില്ല. അത് കഷ്ടതയനുഭവിക്കുന്ന മനുഷ്യന്റെ ആവശ്യമായിരുന്നു. ചെറക്കത്തമ്പുരാനും പെരിഞ്ചല്ലൂർ ബ്രാഹ്​മണ്യവും നാടുവാഴുന്നിടത്ത് എങ്ങനെയാണ് അവർ തന്നെ ഇല്ലാതാക്കിയ പൊട്ടനും കാരിയും കൂടാളിത്തറയിൽ കുഞ്ഞിരാമനും സംഭവിക്കുന്നത്. ഉത്തരമില്ലാത്ത ചോദ്യങ്ങൾ അങ്ങനെ അനവധിയാണ്. അള്ളടം രാജ്യത്ത് മുപ്പതിനായിരപ്രഭുക്കളുടെയും തളീലപ്പന്റെയും അമരഭൂമിക്കകത്ത് പാലന്തായി കണ്ണനെന്ന കാലിച്ചെക്കന്റെ ചിരിക എങ്ങനെയാണ് വിറച്ചുതുള്ളി കുറുവാട്ട് കുറുപ്പിന്റെ കഴുത്തരിയുന്നത്. കോതോർമനും പെരുമലയനും പാലായിപരപ്പേനും അള്ളടത്ത് തമ്പുരാന് പ്രിയപ്പെട്ടവരാകുന്നതെങ്ങനെയാണ്. തെയ്യമെന്നാൽ കൊല ചെയ്യപ്പെട്ട ഭൂപടം ഉടലിൽ പേറുന്ന മനുഷ്യരാണ്. ചത്തുപോയവന് പറയാൻ വേണ്ടിയാണ് തെയ്യം അതിന്റെ ഘടനകൾ രൂപപ്പെടുത്തുന്നത്. മരണത്തിനിത്രയും സൗന്ദര്യമുണ്ടെന്ന് തെയ്യം സദാസമയവും ഓർമിപ്പിക്കുന്നു.

അണങ്ങ്; മരണത്തിനുമപ്പുറത്തെ ജീവിതം

അണങ്ങ് എന്നത് തെയ്യത്തിലെ അതിമനോഹര സങ്കല്പവും അനുഭവവുമാണ്. ഒരു തറവാട്ടിലെ മരിച്ചുപോയവരാണ് അണങ്ങ് തെയ്യമായി മാറുന്നത്. എല്ലാ തെയ്യങ്ങളും ഒരർത്ഥത്തിൽ അണങ്ങ് തന്നെയാണ്. അണങ്ങ് കാലാതീതമായ മരണമാണ്. ആരും മരിക്കുന്നില്ല എന്നാണ് അണങ്ങ് പറയുന്നത്. ആരും മരിക്കുന്നില്ല എന്ന്, പ്രിയപ്പെട്ടവരാരും ഈ മണ്ണിന്റെ കനവുപേക്ഷിച്ചുപോകുന്നില്ല എന്ന് അണങ്ങ്‌ തെയ്യം നമ്മെ സദാ ഓർമിപ്പിച്ചുകൊണ്ടിരിക്കുന്നു. വിട്ടുപോകാത്ത ഓർമകളുടെ കുരുസി തർപ്പണമാണ് തെയ്യം എന്ന് പലപ്പോഴും തോന്നാറുണ്ട്. കാലമാണ് തെയ്യം ചവുട്ടിനില്ക്കുന്ന മണ്ണ്. തെയ്യത്തിന് കാസർഗോഡൻ പരിസരപ്രദേശങ്ങളിലും കർണ്ണാടക അതിർത്തിപ്രദേശങ്ങളിലും ഭൂതക്കോല എന്നാണ് പറയുന്നത്. ഭൂതാകലം തന്നെയാണ് കോലരൂപമാർന്ന് കെട്ടിച്ചുറ്റി ചൊല്ലി വരവിളിക്കുന്നത്.

കതിവനൂർ വീരൻ തോറ്റം

തെയ്യം കെട്ടിയാടുന്ന സമുദായമായ മാവിലർക്ക് അണങ്ങ് എന്നോ ഗുരുക്കളെന്നോ അച്ചൻതെയ്യമെന്നോ വിളിക്കുന്ന ഒരു ഭൂതക്കോലമുണ്ട്. അണങ്ങ്, മരണക്കയം താണ്ടിയ ഗുരുപരമ്പരയുടെ ഭൗതികരൂപമാണ്. മാവിലരുടെ തറവാടുകളിലും പതികളിലും കളിയാട്ടം നടക്കുമ്പോൾ ആദ്യം കെട്ടിച്ചുറ്റിവരുന്ന അണങ്ങ് മരണത്തെ അതിജീവിച്ച കാർന്നോന്മാരാണ്.

എല്ലാ തെയ്യങ്ങളും ഒരർത്ഥത്തിൽ അണങ്ങ് തന്നെയാണ്. അണങ്ങ് കാലാതീതമായ മരണമാണ്. ആരും മരിക്കുന്നില്ല എന്നാണ് അണങ്ങ് പറയുന്നത്.

മരിച്ചുപോയവരൊക്കെ അണങ്ങായി വന്ന് തങ്ങളുടെ പ്രിയപ്പെട്ടവരെയൊക്കെ കൂടിക്കാണുന്നു. എന്തൊരു സങ്കല്പമാണ് അണങ്ങെന്നത്. ആണണങ്ങും പെണ്ണണങ്ങുമുണ്ട്. ആണിന്റെ മുടിയഴിച്ചുമാറ്റി പെണ്ണിന്റെ മുടിവെക്കുന്നതോടെ അണങ്ങ് പെണ്ണായി മാറുന്നു. അണങ്ങിലൂടെ സാന്നിദ്ധ്യപ്പെടുന്ന മരിച്ചവർക്ക് വെച്ചുവിളമ്പി അവരെ സന്തോഷിപ്പിക്കണം. മരിച്ചവർ ഇടയിലോകത്തേക്കുവന്ന് വായ്​മധുരഭാഷണങ്ങൾ ചൊല്ലി മുതിർച്ചപ്പാടനുഭവിച്ച് വീണ്ടും തിരിച്ചുപോകുന്നു. ആരും മരിക്കുന്നില്ല, മരിക്കാൻ ഞങ്ങൾക്ക് സാധ്യമല്ല എന്നാണ് അണങ്ങ് തന്റെ പ്രിയപ്പെട്ടവരോട് ചൊല്ലിക്കെട്ടി വിശേഷിക്കുന്നത്.

മരണത്തിന്റെ വ്യത്യസ്ത രൂപങ്ങളിലുള്ള ആട്ടപ്രകാരമാണ് തെയ്യം. മരണം എത്രമാത്രം മോഹിപ്പിക്കുന്നതാണെന്ന്, സുന്ദരമാണെന്ന് തെയ്യം പറഞ്ഞുകൊണ്ടേയിരിക്കുന്നു. മരണാസക്തിയാണ് തെയ്യത്തെ നിർമിക്കുന്നതുതന്നെ. എത്രയോ മനുഷ്യർ ഇവിടെ സ്വന്തം ചോരയിൽ കിളിർത്തുവരുന്നു. മരണത്തിന്റെ കോടിപുതച്ചുറഞ്ഞുവരുന്നവരെ നോക്കൂ. എന്തൊരു തേജസ്സാണവർക്ക്. അവർ എണ്ണത്തിൽ എത്രയോ അധികമുണ്ട്. മരണത്തിലൂടെ ജീവിതം പഠിപ്പിക്കുന്നവർ.

മാക്കം, പുലിമറഞ്ഞ തൊണ്ടച്ചൻ

പടനിലത്തിൽ നൂറ്റെട്ടേഴ് കണ്ടവും തുണ്ടവുമായി വെട്ടിവേറിയെറിഞ്ഞ ഉടൽഭേദങ്ങൾ ഒന്നുചേർന്ന് തീപ്പന്തങ്ങൾക്കുചുറ്റും ആളിപ്പടർന്ന് ആടിത്തിമിർക്കുന്ന മാങ്ങാട്ട് മന്നപ്പനാണ് മരണത്തിന്റെ ഏറ്റവും ഹൃദയഹാരിയായ കാഴ്ച. ചതിയമ്പിനാൽ നെഞ്ചുപിളർന്നലറിവിളിക്കുന്ന ബാലി മരണത്തിന്റെ ഒടുങ്ങാത്ത ഒരവും തെറവുമാണ്. ഇരു കപോലങ്ങളിലും കൊക്കുരുമ്മുന്ന കപോതങ്ങളെ വരച്ചുചേർത്ത് സൗന്ദര്യത്തിന്റെ എല്ലാ നിർവചനങ്ങളെയും കാറ്റിൽപറത്തുന്ന മുച്ചിലോട്ട്‌ പോതി സ്വയംതീർപ്പിലെ മൃത്യുവിന്റെ ഏഴഴകുകളും തികഞ്ഞ ലാവണ്യരൂപകമാണ്. പുലിയന്നൂര് പുലിപാതാളത്തിൽ പിച്ചിച്ചീന്തിയ പുലയച്ചേകോൻ പുലിമറഞ്ഞ തൊണ്ടച്ചൻ മരണത്തിന്റെയും മാരണത്തിന്റെയും ബീഭത്സമായ അരങ്ങനുഭവമാണ്. നെറ്റിയിൽ തമ്പുരാന്റെ വെടിയേറ്റുപിടഞ്ഞ ഇളംപിത്താരി, ചോദിക്കാനും പറയാനും ആരുമില്ലാത്ത പുലയഹത്യയുടെ എല്ലാ കാലത്തേക്കുമുള്ള ബീഭത്സമായ കാഴ്ചയാണ്.

മറ്റേതാവിഷ്‌കാരവും മരണത്തെ അടയാളപ്പെടുത്തുന്നതുപോലെയല്ല തെയ്യം സ്വന്തം മരണത്തെ രേഖപ്പെടുത്തുന്നത്, മരണം ഏറ്റുവാങ്ങിക്കൊണ്ട് ജീവിതത്തെ മരണം കൊണ്ട് തോല്പിക്കുന്നത്. രാമായണത്തിൽ നിന്ന്​ കീഞ്ഞുവന്ന് മരണത്തിനാമുഖമെഴുതുന്ന ബാലിയും അണങ്ങിന്റെ മറ്റൊരു വകഭേദം തന്നെയാണ്. ബാലിയും പറയുന്നത്, കോദണ്ഡമേന്തിയ രാമൻമാരെ നിങ്ങൾക്ക് ചതിയമ്പിനാൽ എന്നെ കൊല്ലാം, പക്ഷേ ഞാൻ മരിക്കാൻ തയ്യാറല്ല എന്നാണ്. തെയ്യത്തിലൂടെ തിരിച്ചുവന്ന് ബാലി മരണത്തെയല്ല, രാമായണത്തെ തന്നെയാണ് തോൽപിക്കുന്നത്. അച്ചൻ തെയ്യമായും ഗുരുക്കൾ തെയ്യമായും വീതും മുതിർച്ചയും
നാലംശവും നാനായിപ്പാടും അനുഭവിച്ച് ഇഹത്തിലെ ജീവിതം എത്ര മനോഹരമാണെന്നുപറഞ്ഞ് തെയ്യങ്ങളായ മനുഷ്യർ മരണാനന്തര സ്വർഗം നിഷേധിക്കുന്നു. സ്വർഗമുപേക്ഷിച്ച് ഈ മണ്ണിന്റെ പൂവും നീരുമേറ്റുവാങ്ങിയ മനുഷ്യർ തന്നെയാണ് തെയ്യങ്ങൾ.

പടനിലത്തിൽ നൂറ്റെട്ടേഴ് കണ്ടവും തുണ്ടവുമായി വെട്ടിവേറിയെറിഞ്ഞ ഉടൽബേദങ്ങൾ ഒന്നുചേർന്ന് തീപ്പന്തങ്ങൾക്കുചുറ്റും ആളിപ്പടർന്ന് ആടിത്തിമിർക്കുന്ന മാങ്ങാട്ട് മന്നപ്പനാണ് മരണത്തിന്റെ ഏറ്റവും ഹൃദയഹാരിയായ കാഴ്ച

ചോരയുടെ മുന്നൂർക്കുടം പൊട്ടി വരുന്ന ബാലി

സാധാരണ ജീവിത്തിൽ നിന്നല്ലാതെ ഇതിഹാസങ്ങളിലെ മരണത്തിലൂടെ തെയ്യമെന്ന മനുഷ്യനായി മാറിയ ഒരേയൊരു കഥാപാത്രമാണ് ബാലി. സാധാരണക്കാരുടെ ജീവിതത്തിൽനിന്ന്​ അന്യമായ രാമായണത്തെ ബാലിയുടെ തിരിച്ചുവരവിലൂടെ പ്രാദേശികമായി, മറ്റൊരാഖ്യാനമായി പെരുവണ്ണാന്മാർ പരിവർത്തനപ്പെടുത്തുന്നു. ബാലിയും മരണത്തിൽനിന്ന്​ പുതുജീവിതത്തിലേക്ക് നീന്തുന്നത് തെയ്യമെന്ന രാമായണസാഗരത്തിലൂടെയാണ്. ചോരയുടെ മുന്നൂർക്കുടം പൊട്ടിവന്ന നെടുബാലിയനെപ്പോലെ മരണവും ജീവിതവും സംസാരിക്കാനാർക്കാണ് കഴിയുക.

ചോരയുടെ ആഖ്യാനശാസ്ത്രമാണ് രാമായണം. മറ്റേതൊരു അവതരണരൂപത്തെക്കാളും തെയ്യത്തിന് രാമായണത്തിലേക്കുള്ള വഴികൾ എളുപ്പമാണ്. ബാലി എന്നും ജീവിതത്തെക്കാൾ മരണത്തെയാണ് മുന്നിൽ കണ്ടത്. തെയ്യം എന്ന ദൈവപദവിയെക്കുറിച്ച് ബാലിക്കറിയില്ലായിരുന്നു. അങ്ങനെയൊരു സംസ്കാരമില്ലാത്ത കിഷ്‌കിന്ധയിൽ നിന്നുമാണ് മണ്ണുമ്മലാശാരി ബാലിയെ കണ്ടെടുക്കുന്നത്. രാമായണത്തിന്റെ മതാനുശീലനങ്ങളിൽ നിന്ന്​ വെറുമൊരു തൊഴിലാളിയായ മണ്ണുമ്മൽ വിച്ചോർമ്മൻ ബാലിയെ സ്വതന്ത്രമാക്കി. ചോരയുണങ്ങാത്ത ഇന്ദ്രസൂനുവിനെ മതം മാറ്റി മനുഷ്യനാക്കി ഒരു കുടയിൽ കൂട്ടി മഴ നനയാതെ, വെയിലുകൊള്ളാതെ, കാറ്റുതട്ടാതെ ഇങ്ങ് പയ്യന്നൂർപ്പെരുമയിലേക്ക് കൊണ്ടുവന്നു.

ബാലി

മരണത്തിലൂടെ ഓരോ തെയ്യവും സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലെ മനുഷ്യരനുഭവിക്കുന്ന കൊടിയ അനീതിയെയും മനുഷ്യാവകാശ ധ്വംസനങ്ങളെയുമാണ് ചോദ്യം ചെയ്യുന്നത്. തെയ്യത്തിന്റെ ചോര തൊട്ടാൽ പൊള്ളും. ചോദ്യങ്ങളുടെ ഉലയിലൂതിക്കാച്ചിയെടുത്ത കാരിരുമ്പിൻ കരുത്താണ് ചോരയൊലിക്കുന്ന ഉരസ്സുമായി നമ്മുടെ കളിയാട്ടമുറ്റം ചവിട്ടിച്ചേറാക്കുന്ന ബാലിത്തെയ്യം. മരിച്ചുപോയവർക്ക് പിന്നെയൊരവസരം രാമായണം അനുവദിക്കുന്നില്ല. മരിച്ചുപോയവർക്ക് വീണ്ടും ജീവിതം അനുവദിച്ചുകൊണ്ട് രാമായണതത്വത്തെയാണ് പെരുവണ്ണാന്മാരും ബാലിത്തെയ്യവും അട്ടിമറിക്കുന്നത്. രാമൻ കൊലചെയ്യുന്ന പലരും കഴിഞ്ഞ കാലത്തിൽ മുനിശാപം ലഭിച്ച മനുഷ്യരോ ഗന്ധർവ്വന്മാരോ ആയിരിക്കും. മുനി ശപിച്ച് അവർ കാട്ടാളന്മാരോ രാക്ഷസന്മാരോ ആയി മാറുന്നു.

വേറൊരു രാമായണാഖ്യാനത്തിലും തെയ്യത്തെ പോലൊരു ബാലിയെ കാണാനാകില്ല. മല്ലയുദ്ധത്തിൽ സുഗ്രീവനെ കാലിൽ ചുഴറ്റി ആകാശത്തേക്കുയർത്തി നിലത്തടിക്കാൻ ശ്രമിക്കുമ്പോഴാണ് ചതിയുടെ ദൈവം ഒളിയമ്പെയ്യുന്നത്. നെഞ്ചിൽ തറച്ച അസ്ത്രം ബാലി കൈകൊണ്ട് പിടിച്ചു. ബാലിയുടെ യുദ്ധപാടവം വ്യക്തമാക്കുന്ന ഒരു രംഗം കൂടിയാണിത്. സുഗ്രീവനുമായി ഘോരയുദ്ധം നടക്കുന്നതിനിടയിലാണ് മറഞ്ഞുനിന്ന് രാമൻ തൊടുത്ത അസ്ത്രം ബാലി പിടിക്കുന്നത്. മറ്റൊരാളുമായി മല്ലയുദ്ധത്തിലേർപ്പെടുമ്പോൾ മറഞ്ഞുനിന്ന് എയ്യുന്ന അസ്ത്രം പിടിക്കാൻ സാധാരണ യോദ്ധാക്കൾക്ക് സാദ്ധ്യമല്ല. രാമനാമം മുദ്രണം ചെയ്ത മാഹേന്ദ്രം എന്ന അസ്ത്രമാണ് ബാലി കൈകൊണ്ട് പിടിച്ചുനിർത്തുന്നത്.

തെയ്യത്തിന്റെ ചോര തൊട്ടാൽ പൊള്ളും. ചോദ്യങ്ങളുടെ ഉലയിലൂതിക്കാച്ചിയെടുത്ത കാരിരുമ്പിൻ കരുത്താണ് ചോരയൊലിക്കുന്ന ഉരസ്സുമായി നമ്മുടെ കളിയാട്ടമുറ്റം ചവിട്ടിച്ചേറാക്കുന്ന ബാലിത്തെയ്യം.

അമ്പുതറച്ച് രാമനെ ബാലി ചോദ്യശരങ്ങൾ കൊണ്ട് മൂടുകയാണ്. രാമായണത്തിലെ രാമൻ ബാലിക്കെതിരെ ഉന്നയിക്കുന്ന വാദങ്ങളൊക്കെ അങ്ങേയറ്റം മനുഷ്യത്വവിരുദ്ധമായ ഒരേകാധിപതിയുടെ ജല്പനങ്ങൾ മാത്രമാണ്. ലോകത്തിലുള്ള എല്ലാ രാമന്മാരും ബാലിയോട് പറയുന്നത്, നീചഗോത്രത്തിൽ പിറന്ന നിന്നെ ലോക സാമ്രാജ്യത്വ ശക്തിയായ എനിക്കു കൊല്ലാനുള്ള അധികാരമുണ്ട് എന്നാണ്. കാട്ടുവാസികളെ കൊല്ലാൻ ലോകാഭിരാമനായ ജാനകീരമണന് ആരുടെയും അനുവാദത്തിന്റെ ആവശ്യമില്ല. കാട്ടിൽ പരിമിത സൗകര്യത്തിൽ കഴിയേണ്ട നീ മണിമന്ദിരങ്ങളുണ്ടാക്കി സുന്ദരിയായ ഭാര്യയുടെ കൂടെ കഴിയുന്നു. നീ സ്ത്രീജിതനും കാമനകൾക്കടിമപ്പെട്ടവനുമാകുന്നു. നിന്നെപ്പോലുള്ളവരെ വധിച്ച് ഈ ഭൂമിയിൽ ക്ഷേമം നടപ്പാക്കാനാണ് ഞങ്ങൾ ഇക്ഷ്വാകു രാജാക്കന്മാർ ഭൂമി ഭരിക്കുന്നത്. ഇതാണ് രാമായണരാമന്റെ ഹത്യാവാദം.

കതിവനൂർ വീരൻ

ബാലിത്തെയ്യത്തിന്റെ ഏറ്റവും വലിയ സവിശേഷത അത് രാമന് ബാലിയുടെ ചോദ്യങ്ങൾക്ക് മറുപടി പറയാനോ രാമതത്വം ഉപദേശിക്കാനോ അവസരം നൽകുന്നില്ല എന്നതാണ്. കിട്ടിയ അവസരത്തിൽ രാമൻ പറയുന്നതാകട്ടെ അങ്ങേയറ്റം ഹീനമായ അവസരവാദവുമാണ്. രാമൻ ഏത് ദുഷ്ടകഥാപാത്രത്തെ നിഗ്രഹിച്ചാലും ഉടൻ രാമതത്വം ഉപദേശിക്കും. തെയ്യത്തിലെ ബാലി പക്ഷെ അതിനും സമ്മതിക്കുന്നില്ല. രാമൻ ചെയ്ത ചെറുപ്പക്രിയയിൽ ക്രുദ്ധനായി തന്തയായ ദശരഥനെയും ഗുരുവായ വസിഷ്ഠനെയും ബാലി ചീത്തവിളിക്കുന്നുണ്ട്. നിന്നെ ഉണ്ടാക്കാൻവേണ്ടി ജ്വലിപ്പിച്ച പുത്രകാമേഷ്ടി യാഗത്തിന്റെ തീ പോലും
നിന്റെ ചതിക്രിയയിൽ കെട്ടുപോയി എന്നുവരെ രാമന്റെ മോത്തു നോക്കി ചോദിക്കാനുള്ള ധൈര്യം തെയ്യത്തിനുണ്ട്. ‘നിന്റെ തന്തയായ ദശരഥൻ പോലും നീ ചെയ്ത ചെറുപ്പക്രിയ പൊറുക്കില്ല’ എന്നാണ് ബാലി രാമന്റെ തന്തക്ക് വിളിക്കുന്നത്. ‘ഞങ്ങളുടെ ഗോത്രത്തിലേക്ക് നീ എന്തിനാണ് അതിക്രമിച്ചു വന്നിരിക്കുന്നത്, ഞങ്ങളും നിങ്ങളും സംസ്കാരത്തിന്റെ, ജീവിതത്തിന്റെ രണ്ട് വഴികളിലുള്ള മനുഷ്യരാണ്.’ ശ്രീരാമനെ പോലുള്ള അധികാരകേന്ദ്രത്തോട് ചോദിക്കാനായി അന്നുവരെ ജീവിതത്തിന്റെ പുറമ്പോക്കിലേക്ക് പുറംതള്ളിയ മനുഷ്യർ സ്വന്തം ആവനാഴിയിൽ കരുതിയ ആയുധങ്ങളാണ് കൃത്യമായ ഒരവസരം വന്നപ്പോൾ തെയ്യം പുറത്തെടുക്കുന്നത്. ആയുധമേന്തിയ അധികാരത്തിനോട് ചോദിക്കാനായി കാലാകാലങ്ങളായി കാത്തുവെച്ച ചോദ്യങ്ങൾക്ക് ബാലിയുടെ ചോര ഒരു നിമിത്തമാകുന്നു.

പൂർവ്വമാതൃകകളെ മറികടക്കാൻ സാധിക്കാതിരിക്കുക എന്നത് തെയ്യം പഠനമേഖലയിൽ വലിയ പരിമിതിയായി ഇപ്പോഴും തുടരുന്നുണ്ട്.

കൊലയാളിയായ ശ്രീരാമൻ തെയ്യത്തിൽ പൊന്നുരുക്കുന്നേടത്ത് പെട്ടുപോയ പൂച്ചയാണ്. രാമന് തെയ്യത്തിലൊന്നും ചെയ്യാനില്ല. ഉത്തരമില്ലാതെ ബാലിയുടെ ചോദ്യശരങ്ങളിൽ രാമൻ കീറിമുറിഞ്ഞുകൊണ്ടിരുന്നു. എന്നും ഇരയുടെ ചോദ്യങ്ങളിലേക്ക് അധികാരികൾ നിർമിക്കുന്ന ഉത്തരങ്ങളുടെ വഴികൾ അത്ര എളുപ്പമല്ല. ഇരകളുടെ ചോദ്യങ്ങളുടെ ഉത്തരങ്ങളിലാണ് അധികാരവർഗ്ഗം അവരുടെ ജീവിതം പടുത്തിരിക്കുന്നത്. രാമായണത്തിൽ നേരിട്ട് വന്ന് ചോദിക്കാൻ ധൈര്യമില്ലാത്ത ചോദ്യങ്ങളാണ് തെയ്യത്തെകൊണ്ട് സാധാരണ മനുഷ്യർ ചോദിപ്പിക്കുന്നത്. തെയ്യത്തിലെ രാമായണം മാന്യന്മാരുടെ വായനയിലേക്കും ചിന്തയിലേക്കും വരാതിരിക്കാനുള്ള കാരണവും അതാണ്. കാണുന്ന കാഴ്ചയിലെ ഭൗതികസൗന്ദര്യത്തെ മാത്രം വാഴ്ത്തിപ്പാടുക എന്നത് തെയ്യം പഠനത്തിലെ പതിവുസമ്പ്രദായമാണ്. അതിനപ്പുറത്തേക്ക് അതിന്റെ സൂക്ഷ്മശരീരത്തെ, രാഷ്ട്രീയസ്വത്വത്തെ, ആന്തരികഘടനയെ കണ്ടെടുത്ത് കൃത്യമായ നിലപാട് സ്വീകരിച്ച് വിശകലനം ചെയ്യുക എന്നത് ഇന്നും അന്യമായ ഒന്നാണ്. പൂർവ്വമാതൃകകളെ മറികടക്കാൻ സാധിക്കാതിരിക്കുക എന്നത് തെയ്യം പഠനമേഖലയിൽ വലിയ പരിമിതിയായി ഇപ്പോഴും തുടരുന്നുണ്ട്. മാറുന്ന കാലത്തിനും ജീവിതത്തിനും പ്രകൃതിക്കും അനുസരിച്ചുള്ള കാഴ്ച തെയ്യത്തിലും ഉണ്ടാകേണ്ടത് അനിവാര്യമാണ്. ചോരയുടെ നിറഭേദം നമ്മുടെ ചരിത്രത്തിലും സംസ്കാരപഠനത്തിലും ഉടനീളം കാണാം.

വലിയ വളപ്പിൽ ചാമുണ്ടി

ചോരയുടെ നിറവ്യത്യാസം

തെയ്യത്തിലെ ചോരക്കളികൾ പറഞ്ഞാ തീരില്ല. ചോരയുടെ ആഖ്യാനശാസ്ത്രങ്ങൾ നാളേക്കുവേണ്ടി ആടിയും പാടിയും മണ്ണിലാവിഷ്‌കരിച്ച തെയ്യക്കാരുടെ ജീവിതം തന്നെയാണ് ചോരയുടെ നിറവ്യത്യാസം. തെയ്യം മനുഷ്യരൂപത്തിലുള്ള ദൈവമാണ്. മനുഷ്യന്റെ ദുഃഖമാണ് തെയ്യത്തിന്റെ ഏറ്റവും വലിയ പ്രശ്‌നം. സ്വന്തം കണ്ണിലെ മഷിയിൽ തൊട്ട് തന്റെ മുന്നിൽ കൈകൂപ്പുന്ന മനുഷ്യന്റെ നെറ്റിയിൽ കുറി ചാർത്തുന്ന തെയ്യം വിശേഷിക്കുന്ന മൊഴികൾ ആരുടെയും കണ്ണുനനയ്ക്കും.

എന്റെ കണ്ണിലെ കൺമഷിയിൽ നിന്റെ മനസ്സിലെ കൻമഷങ്ങളൊക്കെയും ഞാനില്ലാതാക്കി നിന്നെ കാത്തുരക്ഷിച്ചോള്ന്ന്ണ്ട്.. ജീവിതമാകുന്ന കഠിന കർമ്മങ്ങളിൽ ഒറ്റപ്പെട്ടുപോയി എന്ന സങ്കടം വേണ്ട.. മുങ്കരം പിടിച്ചും മുള്ളുംവള്ളിയറുത്തും കൂടെവഴിയേ ഞാനുണ്ട് പോരേ... സങ്കടത്തിന്റെ ഈയ്യം വരിഷിക്കുമ്പോൾ ഇരുമ്പിന്റെ മറപിടിച്ച് ഞാൻ തട്ടിനീക്കുന്നുണ്ട് ...
തെയ്യത്തിന്റെ മഞ്ഞൾക്കുറി മണമുള്ള മൊഴികൾ ഒരു നാട്ടൗഷധി കൂടിയാണ്.

മനുഷ്യരുടെ ചോരയെല്ലാം ഒന്നുതന്നെ എന്നാണ് സ്വന്തം ചോരയിൽ കുതിർന്ന് തെയ്യം പോരെടുക്കുന്ന നവകാലത്തെ മനുഷ്യരോട് പറയുന്നത്. കൊല ചെയ്യപ്പെട്ട മനുഷ്യരാണല്ലോ തെയ്യത്തിന്റെ പൂവും മുടിയും ചൂടി മണ്ണിന്റെ ദുഃഖങ്ങൾ തേടി വരുന്നത്. ജീവിച്ചിരിക്കുന്ന മനുഷ്യരോട്​ മരിച്ചുപോയ മനുഷ്യർക്ക് പറയാനുള്ളതാണ് തെയ്യത്തിന്റെ മൊഴികൾ. ഞങ്ങൾ മണ്ണിലൊഴുക്കിയ ചോരയും നിങ്ങളുടെ ചോരയും തമ്മിലെന്ത്? എന്ന ചോദ്യം തന്നെയാണ് ബാലിയും പൊട്ടനും പുലിമറഞ്ഞ തൊണ്ടച്ചനും ചോദിക്കുന്നത്. പുലയരുടെയും മാവിലരുടെയും അടിമജീവിതത്തിലെ ദുരന്തങ്ങൾ തന്നെയാണ് തെയ്യത്തിലൂടെ അവർ അതിജീവിക്കാൻ ശ്രമിക്കുന്നത്. തെയ്യമായി നമുക്കുമുന്നിൽ വന്ന് ചോര ചാറിപ്പാടിയാടുന്ന തെയ്യക്കാരുടെ ജീവിതം തന്നെയാണ് ചോരയുടെ നിറവ്യത്യാസത്തിനുദാഹരണം.

ജാതിയമായ വേർതിരിവുകളെ തെയ്യക്കാരന് ഇന്നും അതിജീവിക്കാനായിട്ടല്ല. ഇന്നും മുഖ്യധാരാസമൂഹം ഒരുവിലയും കല്പിച്ചിട്ടില്ലാത്ത സമുദായമാണ് തെയ്യക്കാരുടേത്.

ജാതിയമായ വേർതിരിവുകളെ തെയ്യക്കാരന് ഇന്നും അതിജീവിക്കാനായിട്ടല്ല. ഇന്നും മുഖ്യധാരാസമൂഹം ഒരുവിലയും കല്പിച്ചിട്ടില്ലാത്ത സമുദായമാണ് തെയ്യക്കാരുടേത്. ഇത് കൃത്യമായി തിരിയണമെങ്കിൽ കാസർഗോഡൻ മലയോരമേഖലയിലെ മാവിലരോടും നലിക്കത്തായരോടും സംസാരിച്ചാൽ മതി. കോളനികളിലെ ജാതിവിവേചനം എന്നത് മേൽജാതിക്കാരൻ ഇന്നും അഭിമാനത്തോടെ പരിപാലിക്കുന്ന ആചാരമാണ്. നമുക്ക് ജാതിയില്ല എന്നഭിമാനിക്കുന്ന നവോത്ഥാന കേരളത്തിന്റെ മോത്ത് നോക്കി ജാതി പറയാതിരിക്കാനാകില്ല. ബാലി നായകനായ കീഴ്ജാതിക്കാരന്റെ തെയ്യരാമായണം ചരിത്രത്തിന്റ ഇരുളിലാണ്ടു പോയതിൽ അതിശയിക്കാനില്ല. മാത്രവുമല്ല, അത് തൊഴിലാളികളുടെ രാമായണാഖ്യാനം കൂടിയാണ്. പാടുന്നതും ആടുന്നതും അതിന്റെ കാഴ്ചക്കാരാകുന്നതും തൊഴിലാളികളാണ്. തെയ്യം ശ്രീരാമൻമാരുടെ ലോകത്തല്ല സംഭവിക്കുന്നത്. ബാലിയെപ്പോലെ പാതിവഴിക്ക് ഒഴുക്ക് നിലച്ചുപോയ മനുഷ്യരിലാണ് തെയ്യങ്ങൾ അന്തമില്ലാത്ത കാരുണ്യം ചൊരിയുന്നത്. അയോമുഖിയും ശൂർപ്പണഖയും താടകയും അതേ രൂപത്തി
ലല്ലെങ്കിലും മറ്റുപല രൂപങ്ങളിലായി തെയ്യങ്ങളിൽ കടന്നുവരുന്നുണ്ട്.

മുച്ചിലോട്ട് പോതി

‘എന്റെ ഭൂമിപുത്രന്മാരേ’ എന്ന് മാവിലരെ തെയ്യം അഭിസംബോധന ചെയ്യാറുണ്ട്. ഈ ഭൂമിയുടെ യഥാർത്ഥ അവകാശികളായതിനാലാണ് മാവിലരെ തെയ്യം അങ്ങനെ അലിവോടെ വിളിക്കുന്നത്. പക്ഷേ ബ്രാഹ്​മണ്യവും രാമായണത്തിലെ രാമനും പറയുന്നത്, ഈ ഭൂമി തങ്ങളുടേതാണ് എന്നാണ്. തങ്ങൾക്ക് വേണ്ടാത്തവരെയൊക്കെ ഈ ഭൂമിയിൽ നിന്നില്ലാതാക്കാനുള്ള അധികാരം ബ്രാഹ്​മണർ തനിക്ക് തന്നിട്ടുണ്ടെന്ന്​ രാമായണരാമൻ പറയുന്നു. ഈ അധികാരം പല പ്രകാരത്തിൽ തെയ്യത്തിൽ കടന്നുവരുന്നുണ്ട്.

മാറിപ്പോകലിന്റെ ഏറ്റവും ശക്തമായ രണ്ടുദാഹരണങ്ങളാണ് തെയ്യത്തിലെ രണ്ട് പുലയജീവിതങ്ങൾ- പുലപ്പൊട്ടനും മാടായി കാരിക്കുരിക്കളും. മലയനും പുലയനും ജ്ഞാനത്തിന്റെ പുഞ്ചപ്പാടത്തുനിന്ന്​ മാറിപ്പോകണമെന്നാണ് ബ്രാഹ്​മണ്യം പറയുന്നത്. ജ്ഞാനവും അത് കയ്യാളുന്നവരും ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി നാട് ഭരിച്ചു. രാജാവിനെക്കാളും മുകളിലായിരുന്നു ബ്രാഹ്​മണന്റെ സ്ഥാനം. മാടായിക്കാരി മരുന്നും മന്ത്രവും മാരണവും കളരിയും ഒടിമറയലുമായി മറ്റൊരു ലോകത്തായിരുന്നുവെങ്കിൽ പൊട്ടൻ വൈനാടോൻ പുഞ്ചക്കണ്ടത്തിന് കാവലിരുന്ന് ഭേദമില്ലാത്ത അറിവിന്റെ തീ കാഞ്ഞ് ശീതമകറ്റുകയായിരുന്നു. കാരിക്കും പൊട്ടനും തീ കാഞ്ഞ് തിളച്ച പുലയച്ചോരയുടെ ഈറ്റമുണ്ടായിരുന്നു. ഈ രണ്ട് പുലയനായകരെപ്പോലുള്ളവരെ മറ്റൊരു ചരിത്രത്തിലും കാണാനാകില്ല. ശങ്കാരാചാര്യരെ ചോദ്യം ചെയ്ത പുലയന് പിന്നീടെന്തു സംഭവിച്ചുവെന്നറിയില്ലേ.

ബലിത്തറയിൽ ചോരവാർന്ന് പിടഞ്ഞുകൊണ്ട് ബാലി കൃത്യമായ, കാതലായ ഏതുകാലത്തും ഏതുലോകത്തും പ്രസക്തമായ അടിസ്ഥാന പ്രശ്‌നങ്ങളാണ് രാമനോട് ഉന്നയിച്ചത്.

ബ്രാഹ്​മണ്യത്തിന് നേർക്കുനേർ നിന്നതിന് പുളിങ്ങോത്ത് വയലിൽ പുലയവീര്യത്തെ ചുട്ടുകൊല്ലുകയാണുണ്ടായത്. അറിവ് നേടിയ അധഃസ്ഥിതന്റെ കൊലപാതകം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അറിവുനേടാൻ പുലയനെന്തധികാരം. കണ്ടത്തിൽ വെച്ച് പുലയനെ നേരിട്ട അതേ വേദാധികാരത്തിന്റെ അധികബലത്തിൽ തന്നെയാണ് മറ്റൊരു അവർണന്റെ ചാളയിലേക്ക് പുഷ്പകവിമാനമേറി ക്ഷത്രിയരാമൻ വരുന്നത്. രാമന്റെ ഗുരുകാരണവന്മാർ വൈനാടോൻ പുഞ്ചക്കണ്ടത്തിൽ പുലയജീവിതത്തിൽ നടപ്പാക്കിയ അതേ നീതി തന്നെയാണിവിടേയും നടപ്പാക്കുന്നത്. അതേ ന്യായങ്ങൾ നിരത്തിയാണ് താണ ജാതിക്കാരനായ ശംബൂകനെയും കുറ്റവിചാരണ ചെയ്യുന്നത്. കീഴ്ജാതിക്കാരനായി അറിവുനേടിയ ശംബൂകനും വൈനാടോൻ പുഞ്ചപ്പാടത്തെ പൊലയനും ബ്രാഹ്​മണ്യത്തിന്റെ ബലിക്കല്ലിൽ ബലിയാവുകയാണ് ചെയ്യുന്നത്.

പൊട്ടൻ തെയ്യം / Photo: Sriyesh

മനുഷ്യർ തമ്മിലുള്ള ചോരയുടെ നിറവ്യത്യാസം തന്നെയാണ് പ്രശ്‌നം. ബലിത്തറയിൽ ചോരവാർന്ന് പിടഞ്ഞ്​ ബാലി കൃത്യമായ, കാതലായ ഏതുകാലത്തും ഏതുലോകത്തും പ്രസക്തമായ അടിസ്ഥാന പ്രശ്‌നങ്ങളാണ് രാമനോട് ഉന്നയിച്ചത്. ഇത് കേവലം മരണാസന്നനായ ബാലി ആര്യസാമ്രാജ്യത്വത്തിനോട് മാത്രം ചോദിക്കുന്ന ചോദ്യങ്ങല്ല. ജാതിയിൽ താഴ്ന്നവനായ തെയ്യക്കാരനും അവന് ചുറ്റുമുള്ള അടിസ്ഥാനവർഗ്ഗവും കഷ്ടജീവിതത്തിൽ നേരിട്ട കൊടുംചൂഷണത്തിനെതിരെ ഇന്നോളം ചോദിച്ച ചോദ്യങ്ങൾ തന്നെയാണ്. വൈനാടോൻ പുഞ്ചക്കണ്ടത്തിൽ തണുത്തുവിറച്ച പൊട്ടൻതെയ്യമായ പുലയനും ഇതേ ചോദ്യങ്ങളുടെ തീയിൽ ജ്വലിക്കുന്നുണ്ട്. എന്റെ പുഞ്ചപ്പാടത്ത് പാണ്ഡിത്യവും ചാതുർവർണ്യവുമായി കടന്നുവന്ന് എന്നോട് വഴിതിരിയാൻ ആജ്​ഞാപിക്കുന്നതിന് ബ്രാഹ്​മണശ്രേഷ്ഠാ, നിനക്കെന്തവകാശം. ശുദ്ധരക്തം ജാത്യാഭിമാനത്തിൽ കെട്ടുനാറിയ അശുദ്ധരക്തത്തിനോട് ചോദിക്കുന്ന ചോദ്യമാണ്. മനുഷ്യൻ എന്ന നിലയിൽ നീ എന്നിൽ നിന്ന് വ്യത്യസ് തനാകുന്നതിന്റെ മാനദണ്ഡമെന്ത്. പുലയനും ബ്രാഹ്​മണനും നേർക്കുനേർ വരുന്ന വൈനാടോൻ പുഞ്ചക്കണ്ടം ചരിത്രത്തിലെ ഏറ്റവും വലിയ പരീക്ഷണം നടന്ന ലബോറട്ടറിയാണ്.

തെയ്യം ഉണ്ടാക്കിയതും അരങ്ങിൽ ആടിപ്പാടി അവതരിപ്പിക്കുന്നവരും തെയ്യക്കാരായ കീഴാളജീവിതങ്ങൾ തന്നെയാണ്.

ചോരയുടെ നിറവ്യത്യാസത്തെ കുറിച്ച് തെയ്യത്തോളം നെഞ്ചുകീറിപ്പറഞ്ഞവർ ആരുമില്ല. തെയ്യമെന്ന അനുഷ്ഠാനം അനുഭവിച്ച മനുഷ്യന്റെ ആവിഷ്‌ക്കാരമാണ്. മറ്റ് അവതരണരൂപങ്ങളെ പോലെ ഏതെങ്കിലും തമ്പുരാനോ മഹാമുനിയോ രാജസദസ്സിൽ വെച്ച് ചമച്ചുണ്ടാക്കിയതല്ല തെയ്യം. അതിന് മനുഷ്യന്റെ ആവിർഭാവത്തോളം പഴക്കമുണ്ട്. തെയ്യത്തിലെ ദൈവം എന്നത് കൂടിയ നിലയിലുള്ള മനുഷ്യൻ തന്നെ. തെയ്യം ഉണ്ടാക്കിയതും അരങ്ങിൽ ആടിപ്പാടി അവതരിപ്പിക്കുന്നവരും തെയ്യക്കാരായ കീഴാളജീവിതങ്ങൾ തന്നെയാണ്. മണക്കാടൻ കുരിക്കളും പാലായിപ്പരപ്പേനും കോതോർമനും വട്ട്യൻ പൊള്ളയും വസുവനക്കനലാടിയും ചൗരിച്ചേരി കനലാടിയും കാപ്പാടിൽ കുഞ്ഞാരനും തെയ്യത്തിൽ ബാക്കിയായ അപൂർവ്വം പേരുകളാണ്. തമ്പുരാക്കന്മാരല്ലാത്തതിനാൽ അവരെ പുറംലോകമറിഞ്ഞില്ല. തെയ്യക്കാരുടെ അണിമറകളിൽ വീതും മുതിർച്ചയുമനുഭവിച്ച് അവർ ഗുരുകാർന്നോന്മാരായി മാത്രം സാന്നിദ്ധ്യപ്പെട്ടു. ആവശ്യമില്ലാത്തവർക്ക് തികച്ചും അജ്ഞരായി, ആരുമറിയാതെ ആ മഹാഗുരുക്കന്മാർ ചരിത്രത്തിന്റെ ഇരുളിൽ ബാക്കിയാകുന്നു.

തെയ്യത്തിലെ ദൈവം എന്നത് കൂടിയ നിലയിലുള്ള മനുഷ്യൻ തന്നെ. തെയ്യം ഉണ്ടാക്കിയതും അരങ്ങിൽ ആടിപ്പാടി അവതരിപ്പിക്കുന്നവരും തെയ്യക്കാരായ കീഴാളജീവിതങ്ങൾ തന്നെയാണ്.

പൊട്ടനെക്കുറിച്ച് ഒന്നുരണ്ട് കാര്യങ്ങൾ കൂടി പറഞ്ഞ് ചോരയുടെ മുമ്പസ്ഥാനംപറയൽ ഇവിടെ അവസാനിപ്പിക്കാം. വൈനാടോൻ പുഞ്ചക്കണ്ടത്തിൽ ചോദ്യങ്ങളുടെ ചോരക്കുഴലുകൾ ഘടിപ്പിച്ച് പുലയൻ ബ്രാഹ്​മണന് ഡയാലിസിസ് ചെയ്തുകൊടുക്കുന്നതാണ് പൊട്ടൻ തെയ്യത്തിന്റെ കഥയും ജീവിതവും. ഇതേ രക്തശുദ്ധീകരണശാല തന്നെയാണ് വാനരകുലനായകനായ ബാലി തെയ്യമായുറയുന്ന തെയ്യക്കാവുകളും. രക്തം പരിശോധിച്ച് ചോരയ്ക്ക് യാതൊരു നിറവ്യത്യാസവുമില്ലെന്ന് സമൂഹത്തെ പഠിപ്പിച്ച ലാബുകളാണ് പൊട്ടന്റെ തോറ്റം പാട്ടുകൾ. ചോരയുടെ നിറവ്യത്യാസത്തെ കുറിച്ചുള്ള ശ്രീരാമന്റെയും ശങ്കരാചാര്യരുടെയും മിഥ്യാധാരണകൾ തിരുത്തിക്കൊടുത്ത സ്പെഷ്യൽ ക്ലാസുകളാണ് പുലയനും വണ്ണാനും തൊണ്ടപൊട്ടിപ്പാടിയ പാട്ടുകൾ. ഇവിടെ ജാതിഭേദത്തിനതീതനായി മനുഷ്യനെക്കുറിച്ച് പഠിപ്പിക്കുന്നത് കൂലിപ്പണിക്കാരാണ്. കഠിനമായ ജീവിതത്തിന്റെ വൈനാടോൻ പുഞ്ചക്കണ്ടത്തിൽ നിന്ന്​ വിളിച്ചിറക്കി പുലപ്പൊട്ടനെ സ്വശരീരത്തിൽ പ്രതിഷ്ഠിക്കുന്ന കനലാടിമാർക്ക് സമൂഹം എന്താണ് തിരികെ നൽകുന്നത്?

ചോരയുടെ നിറവ്യത്യാസത്തിലൂടെ മറ്റൊരു ചരിത്രം നിർമിച്ച തെയ്യക്കാരെ നിർവീര്യമാക്കുന്നതിനുള്ള ശ്രമങ്ങൾ ഇന്നും തുടരുന്നതിൽ അതിശയിക്കാനൊന്നുമില്ല. ▮


വി.കെ. അനിൽകുമാർ

എഴുത്തുകാരൻ, ഡോക്യുമെന്ററി സംവിധായകൻ, സംഗീത നാടക അക്കാദമി പ്രോഗ്രാം ഓഫീസർ

Comments