ശവം ദഹിക്കുമ്പോൾ കൂടെ ദഹിക്കുന്നവർ

ഗംഗാ തീരത്തെ ശ്മശാന ഘട്ടങ്ങളിൽ താമസിക്കുന്ന ദളിത് ഉപജാതിയിൽപ്പെട്ടവരാണ് ദോമുകൾ. ജാതിയും തൊഴിലും വാസസ്ഥലവും ചേർന്ന് അവരെ അസ്പൃശ്യരും അദൃശ്യരുമാക്കുന്നു. സ്വന്തമായി മേൽവിലാസം പോലും ഇല്ലാതെ ഒറ്റമുറി വീടുകളിലും ശവപ്പറമ്പുകളിലുമായി അവർ ജീവിക്കുന്നു, പുരുഷന്മാരും ആൺകുട്ടികളും പകൽ മുഴുവൻ ശ്മശാന ഘട്ടങ്ങളിലും സ്ത്രീകൾ മുഴുവൻ സമയവും വീടുകളിലും. ചൈനീസ് വൻമതിലിനെക്കാൾ വലിയ തടവറയാണ് അവർക്ക് ചുടലക്കളവും വീടും.

മരണം ജീവനെ അടയാളപ്പെടുത്തുന്ന, മരണം ആഘോഷമാക്കുന്ന, ഭൂമിയിലെ ഏക സ്ഥലം, ഒരു പക്ഷേ കാശിയായിരിക്കും. കാശി എല്ലാത്തിൽ നിന്നുമുള്ള മോചനത്തിന്റെ പ്രതീകമാണ്, ‘സ്വർഗ്ഗ’ത്തിലേക്കുള്ള മാർഗം ഭൂമിയിലൂടെയാണെന്ന് തെളിയിച്ചുകൊണ്ട് അത് നിൽക്കുന്നു. മരണത്തോടടുക്കുന്ന മനുഷ്യരും മരണപ്പെട്ട ശരീരങ്ങളും അവിടേയ്ക്ക് ഒഴുകിയെത്തുന്നു. അവരെത്തുന്ന വാഹനങ്ങളുടെ പേര് തന്നെ പ്രതീകാത്മകമാണ്, ലാസ്റ്റ് റൈറ്റ്സ് മെയ്ൽ, ഹെവൻ എക്സ്പ്രസ്, കോർപ്സ് വാഗൺ... മരണം തേടിയെത്തുന്നവർ ‘മുക്തി ഭവനങ്ങളിലും’ ശവശരീരങ്ങൾ ശ്മശാന ഘട്ടങ്ങളിലും അഭയം പ്രാപിക്കുന്നു. എവിടെയും “രാം നാം സത്ഹെ” എന്ന പ്രാർഥനയുടെ മുഴക്കം. പട്ടടയിൽ കിടക്കുന്ന ശവത്തിന്റെ ചെവിയിൽ കാശിനാഥൻ താരകാമന്ത്രമോതുന്നതോടെ മരിച്ചയാൾ മോക്ഷം പ്രാപിക്കുന്നു എന്നാണ് വിശ്വാസം. സംസാര ദുഖങ്ങളിൽനിന്നുള്ള മോചനം.

ചരിത്രത്തെയും പാരമ്പര്യത്തെയും ഐതിഹ്യങ്ങളെയുംകാൾ പഴക്കമുണ്ടെന്ന് മാർക്ക് ട്വെയ്നും ‘കത്തിക്കരിഞ്ഞ ശവങ്ങളൊഴുകുന്ന ഒരു നദിയും മരണം കൊണ്ട് വ്യാപാരം നടത്തുന്ന ഒരു നഗരവുമെന്ന്’ എം.ടിയും വിശേഷിപ്പിച്ച കാശിയിലെ നേർ കാഴ്ചയാണിത്. എന്നാൽ ഇതിനുള്ളിൽ  മറഞ്ഞിരിക്കുന്ന ഒരുപറ്റം മനുഷ്യർ ഇവിടെയുണ്ട്. ഭൂമിയുടെ നിയന്ത്രണം രാവ് ഏറ്റെടുക്കുമ്പോഴും ഒന്നും വകവയ്ക്കാതെ ചുടലക്കളത്തിൽ പണിയെടുക്കുന്നവർ. പാബ്ലോ നെരൂദയുടെ ഭാഷയിൽ പറഞ്ഞാൽ, ‘രാവ് ഏറെച്ചെന്നാലും സ്വന്തം നക്ഷത്രത്തെ കാണാനാവാത്തവർ’, ദോമുകൾ. രാംലാൽ എന്ന എം.ടി. കഥാപാത്രം (വാരണാസി) പറയുന്നത് ഓർമ്മ വരുന്നു : “ഞങ്ങൾ ദോമുകളാണ്, ചണ്ഡാളന്മാർ. ഹരിശ്ചന്ദ്രനെ ചുടലയിൽ ജോലിക്കുവച്ച വീരബാഹുവിന്റെ പിൻമുറക്കാർ”, ഹരിശ്ചന്ദ്രൻ കാവൽനിന്ന ചുടലയിലെ തീ കെടാതെ സൂക്ഷിക്കുന്നവർ, ശവദാഹം നടത്തുന്നർ, ചിതയുടെ വെളിച്ചത്തിൽ  ജീവിക്കുന്നവർ.

വാരണാസി

മോക്ഷമെന്ന നിയോഗം

ദോമുകൾക്ക് മരണം ജീവിതായോജനത്തിനുള്ള മാർഗമാണെങ്കിലും മറ്റുള്ളവർക്ക് അവർ ഒരുക്കുന്ന ചിതയിൽ ദഹിപ്പിക്കപ്പെടുമ്പോഴാണ് മോക്ഷം ലഭിക്കുന്നത്. ഉപേക്ഷിക്കപ്പെടുന്നതെല്ലാം നിർമ്മാർജനം ചെയ്യേണ്ടത് ജാതിശ്രേണിയിൽ താഴെത്തട്ടിലുള്ളവരുടെ കർത്തവ്യമാണെന്ന അതേ അലിഖിത നിയമമാണ് ഇവിടെയും. “ഞങ്ങൾ വലിച്ചെറിയും നിങ്ങൾ സംസ്കരിക്കുക” എന്ന സവർണ്ണ മനോഭാവം (Navteg Singh Johar, Imagining and Embodying the Nation). ഈ മനോഭാവത്തിന്റെ മറുവശമാണല്ലോ, ‘വിഴുപ്പ്’ കൈകാര്യം ചെയ്യുന്നവരെ സമൂഹത്തിന്റെ പുറമ്പോക്കിൽ നിർത്തുന്നത്. ഇതിന്റെ ഉത്തമോദാഹരണമാണ് ചുടലക്കളത്തിൽ എരിഞ്ഞടങ്ങുന്ന ദോം ജീവിതം. സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം ആഘോഷിക്കുമ്പോഴും ജാതിസമ്പ്രദായം കനിഞ്ഞു നൽകിയ ‘കുലത്തൊഴിൽ’ അവർ ചെയ്തു കൊണ്ടിരിക്കുന്നു.

ദോമുകൾ തന്നെ ഇക്കാര്യത്തിൽ വലിയ ധർമ്മസങ്കടത്തിലാണ്. അനാദിയായി തുടർന്നുവരുന്ന തൊഴിലിൽ ഏർപ്പെടാതിരിക്കാനും ഏർപ്പെടാനും വയ്യാത്ത അവസ്ഥ. മതവും ജീവിതായോജനവും പാരമ്പര്യവും ആധുനികതയും തമ്മിലുള്ള സംഘർഷം. മണികർണ്ണിക ഘട്ടിൽ ജോലി ചെയ്യുന്ന ആകാശ് ചൗധരിയുടെ വാക്കുകളിൽ ഇത് വ്യക്തമാണ്. “ഞങ്ങളടെ ജീവിതം അപ്രധാനമെങ്കിലും അത് ദൈവകൽപ്പിതമാണ്, മറ്റുള്ളവർക്ക് മോക്ഷം നൽകാനുള്ള നിയോഗം”. എന്നാൽ അതേ ശ്വാസത്തിൽ അയാൾ ‘ദൈവകൽപ്പനയെ’ തള്ളിപ്പറയുന്നുമുണ്ട്. “ഈ തൊഴിലിൽ ഏറെനാൾ  തുടരാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ചുട്ടുപൊള്ളുന്ന അഗ്നികുണ്ഡത്തിന്റെ നടുവിൽ ഇനി വയ്യ” (Radhika Iyengar, Fire on the Ganges, Life Among the Dead in Banaras). വിദ്യാഭ്യാസത്തിന് പോലും പാരമ്പര്യത്തിന്റെയും വിശ്വാസത്തിന്റെയും സ്വാധീനത്തെ ഇല്ലാതാക്കാനാവില്ലെന്നാണ് ഇംഗ്ലീഷ് ഭാഷയിൽ ബിരുദാനന്തര ബിരുദമുള്ള സന്തോഷ് ചൗധരിയുടെ വാക്കുകൾ സൂചിപ്പിക്കുന്നത്. ഹരിശ്ചന്ദ്ര ഘട്ടിലെ വൈദ്യുതി ശ്മശാനത്തിൽ ജോലി ചെയ്യുന്ന അയാൾക്കും തന്റെ സമുദായത്തിന്റെത് പുണ്യകർമ്മമാണ്. “രാജാവായാലും ദരിദ്രനായാലും മോക്ഷത്തിനായി ചൗധരിമാരുടെ കാൽക്കൽ വീഴണം. ഞങ്ങൾ തോട്ടികളല്ല”. മത നിബദ്ധമായ പാപ പുണ്യ സങ്കല്പത്തിനപ്പുറം ജാതിശ്രേണിയിൽ തോട്ടികൾക്ക് മുകളിലാണ് ചൗധരിമാർ എന്ന ‘അഭിമാനവും’ അയാളുടെ വാക്കുകളിൽ കാണാം!

ഗംഗാ തീരത്തെ ശ്മശാന ഘട്ടങ്ങളിൽ താമസിക്കുന്ന ദളിത് ഉപജാതിയിൽപ്പെട്ടവരാണ് ദോമുകൾ. ജാതിയും തൊഴിലും വാസസ്ഥലവും ചേർന്ന് അവരെ അസ്പൃശ്യരും അദൃശ്യരുമാക്കുന്നു. സ്വന്തമായി മേൽവിലാസം പോലും ഇല്ലാതെ ഒറ്റമുറി വീടുകളിലും ശവപ്പറമ്പുകളിലുമായി അവർ ജീവിക്കുന്നു, പുരുഷന്മാരും ആൺകുട്ടികളും പകൽ മുഴുവൻ ശ്മശാന ഘട്ടങ്ങളിലും സ്ത്രീകൾ മുഴുവൻ സമയവും വീടുകളിലും. ചൈനീസ് വൻമതിലിനെക്കാൾ വലിയ തടവറയാണ് അവർക്ക് ചുടലക്കളവും വീടും.

മരണവും ജീവിതായോജനവും

ശ്മശാനങ്ങളിൽ മുന്നുതരം ജോലികളിലാണ് ദോമുകൾ ഏർപ്പെടുന്നത്. ശവദാഹമാണ് ഇതിൽ സുപ്രധാനം. 10 - 12 വയസാകുന്നതോടെ അവർ ഇതിൽ ഏർപ്പെടുന്നു. ആകാശ് ചൗധരിയുടെ കാര്യമെടുത്താൽ  13 വയസിലാണ് ആയാൾ ആദ്യത്തെ ശവദാഹം നടത്തുന്നത്. “ഒരു പുരുഷന്റെ ശവം. എന്റെ ആദ്യാനുഭവം. വല്ലാത്ത പരിഭ്രമം. എത്ര ശ്രമിച്ചിട്ടും ശവത്തിന് തീ പിടിക്കുന്നില്ല. അതിൽ ധാരാളം വെള്ളമുണ്ടായിരുന്നു. എന്ത് ചെയ്യണമെന്നറിയാതെ ഞാൻ കുഴങ്ങി”, അയാൾ സൂചിപ്പിച്ചു. “സാധാരണ ഒരു ശവം ദഹിച്ചുതീരാൻ 3 - 4 മണിക്കൂർ മതിയാവും. എന്നാൽ ദീർഘനാൾ അസുഖം ബാധിച്ച് കിടപ്പിലായവരുടെയും ഗ്ലുക്കോസും ഐ.വി. ഫ്ലുയ്ഡും തുടർച്ചയായി കുത്തിവച്ചവരുടെയും ശരീരം കത്തിത്തീരാൻ കൂടുതൽ സമയമെടുക്കും. ഇത് ജോലിഭാരം ഇരട്ടിപ്പിക്കുന്നു , എന്നാൽ കൂലിയിൽ മാറ്റവുമില്ല. പള്ള ചീർത്ത ശവങ്ങൾ തീ കത്തുന്നതോടെ പൊട്ടിത്തെറിക്കുകയും അതിൽ നിന്ന് പുറത്തുവരുന്ന വെള്ളം തീ അണയ്ക്കുകയും ചെയ്യുന്നു”, അയാൾ തുടർന്ന് പറഞ്ഞു (Fire on Ganges).

പലതരം ശവശരീരങ്ങളാണ് ഘട്ടങ്ങളിൽ എത്തുന്നത് - വികൃതമാക്കപ്പെട്ടത്, മുറിവും ചതവുമേറ്റത്, കുടൽമാല പുറത്തുചാടിയത്, ചീഞ്ഞളിഞ്ഞത്... മനംപുരട്ടുന്ന കാഴ്ചയും ഗന്ധവും. മദ്യവും മയക്കുമരുന്നുമില്ലാതെ അവയെ ദഹിപ്പിക്കാനാവില്ല. “ഞങ്ങൾ കൈകാര്യം ചെയ്യുന്നത് ശവങ്ങളെയാണ്. മാംസം കത്തുമ്പോൾ ഉണ്ടാവുന്ന ഗന്ധമൂലം വയർ പലപ്പോഴും ഉരുണ്ടു കയറുന്നു. കുടിക്കാതെ മറ്റു മാർഗ്ഗമില്ല. മദ്യം ഞങ്ങളെ തന്റേടികളാക്കുന്നു”, ആകാശ് പറയുന്നു. പ്രതികൂല ജോലിസാഹചര്യങ്ങൾ ഉയർത്തുന്ന പ്രശ്നങ്ങൾ വേറെയും. ദിവസവും 16- 20 മണിക്കൂർ, മാസം 9 മുതൽ 11 ദിവസങ്ങൾ വരെ ഒറ്റയടിയ്ക്കുള്ള ജോലി. 3-5 ശവങ്ങളാവും പ്രതിദിനം ദഹിപ്പിക്കാനുണ്ടാവുക. ഒന്നിന് 500-1000 രൂപ കിട്ടിയെന്നിരിക്കും. പരേതന്റെ ബന്ധുക്കളുടെ ഔദാര്യമനുസരിച്ച് ചിലപ്പോൾ ഒരു ചെറുതുക അധികവും. കഠിനമായ ചൂടും പുകയും പൊടിപടലവും ജോലിയെ ദുഷ്ക്കരമാക്കുന്നു. ഒഴിഞ്ഞ വയറിലാണ് മിക്കവരും ജോലി ചെയ്യുന്നതും. അതിരാവിലെയുള്ള ഭക്ഷണം ഛർദ്ദിലിനും ആലസ്യത്തിനും വയറിളക്കത്തിനും കാരണമാവുന്നു. ജോലിക്കിടയിൽ ആഹാരകാര്യം ചിന്തിക്കാനുമാവില്ല. അത്താഴം മാത്രമാണ് സമാധാനത്തോടെ കഴിക്കാനാവുന്നത്.

ദിവസവും 16- 20 മണിക്കൂർ, മാസം 9 മുതൽ 11 ദിവസങ്ങൾ വരെ ഒറ്റയടിയ്ക്കുള്ള ജോലി. 3-5 ശവങ്ങളാവും പ്രതിദിനം ദഹിപ്പിക്കാനുണ്ടാവുക.

മുറിവും പൊള്ളലും ശ്വാസകോശ സംബന്ധമായ രോഗങ്ങളും ദോമുകൾക്ക് സർവസാധാരണമാണ്. ചികിത്സയ്ക്ക് പണം സ്വയം കണ്ടെത്തേണ്ടതിനാലും പണിയിൽ നിന്ന് വിട്ടുനിൽക്കാൻ സാധിക്കാത്തതിനാലും അതിനാരും മുതിരാറില്ല. കോവിഡ് കാലത്തു പോലും ഇതായിരുന്നു അവസ്ഥ. ശവദാഹത്തിന് ലോക്ഡൗൺ പ്രഖ്യാപിക്കാനാവില്ലല്ലോ. എല്ലാവരും വീട്ടിൽ കഴിഞ്ഞപ്പോൾ അവർ ശ്മശാനങ്ങളിൽ 24x7 കർമ്മനിരതരായി. മരിച്ചവരെ ഉപേക്ഷിച്ച് ഉറ്റവർ കടന്നുകളഞ്ഞപ്പോൾ സ്വന്തം കൈകൊണ്ട് അവർക്ക് ഉദകക്രിയയും നടത്തേണ്ടിവന്നു. മഹാമാരിക്കു മുന്നിൽ ഉച്ചനീചത്വം ആർക്കും പ്രശ്നമായില്ല! വിപൽ ഘട്ടങ്ങളിൽ സാധാരണ മനുഷ്യരെയാണ് സമൂഹം ആശ്രയിക്കുന്നതെന്ന് ഇത് വീണ്ടും തെളിയിച്ചു. പി.പി.ടി. കിറ്റ് ധരിക്കാതെയും പ്രതിരോധ കുത്തിവയ്പ്പ് എടുക്കാതെയുമാണ് അവർ ഇതെല്ലാം ചെയ്തത് എന്ന കാര്യവും ശ്രദ്ധേയമാണ്. അഗ്നിയുടെ ചുട്ടുപൊള്ളിക്കുന്ന ചൂടും കിറ്റും കൂടിയാകുമ്പോൾ ഉണ്ടാവുന്ന ബുദ്ധിമുട്ട് വിവരാണാതീതമാണല്ലോ. അതേസമയം ഇവരാരും കോവിഡിന് ഇരയായതുമില്ല! പരമശിവന്റെ പ്രജകൾ  മഹാമാരിയെ എന്തിന് ഭയക്കണമെന്നാണ് അവരുടെ ചോദ്യം.

ശ്മശാന ഘട്ടങ്ങളുടെ പ്രവർത്തനത്തിലും ചില പ്രത്യേകതകളുണ്ട്. ശവദാഹത്തിന് മേൽനോട്ടം വഹിക്കുന്നത് ദോം സമുദായത്തിൽപ്പെട്ട മാലിക്കുകളാണ്, പരേതാത്മാവിന് മോക്ഷം കിട്ടാൻ പട്ടടയിൽ ഉപയോഗിക്കുന്ന വിശുദ്ധ അഗ്നിയുടെ ഉടമസ്ഥർ. ഗംഗയിൽ കുളിക്കാനിറങ്ങിയ പാർവതിയുടെ കമ്മൽ കവർന്ന ബ്രാഹ്മണനെ പരമശിവൻ ശപിക്കുകയും ഒടുവിൽ ശാപമോക്ഷമായി വിശുദ്ധ അഗ്നിയുടെ ഉടമസ്ഥാവകാശം നൽകുകയും ചെയ്തു എന്നുമാണ് ഐതിഹ്യം.

ചിതയൊരുക്കാനാവശ്യമായ വിറകും മറ്റ് സാമഗ്രഹികളും വിൽക്കുന്നത് ഇതര സമുദായക്കാരാണ്. ദോമുകൾക്ക് അത് നിഷിദ്ധമാണ്. വാരണാസിയിലെ രാംലാൽ പറയും പോലെ, സംഗീതത്തിലും ഗുസ്തിയിലും വേശ്യാവൃത്തിയും ഒഴികെ മറ്റെല്ലാറ്റിലും കാശിയിൽ ജാതിയുണ്ട്.

പട്ടട ഒരുക്കുന്നതിൽപോലും ജാതിയുടെയും സാമൂഹ്യപദവിയുടെയും വിളയാട്ടമുണ്ട്. സവർണ്ണരും സമ്പന്നരും ഗുണമേന്മയുള്ള വിറകും മറ്റ് സാമഗ്രഹികളും നിർലോഭം ഉപയോഗിക്കുമ്പോൾ, അവർണ്ണരും ദരിദ്രരും ഗുണനിലവാരം കുറഞ്ഞ വിറകും സാമഗ്രഹികളുമാണ്  ഉപയോഗിക്കുന്നത്, അതും അത്യാവശ്യത്തിന് മാത്രം. ചന്ദന മുട്ടിയും ഉണക്ക വിറകുമാണ് ആദ്യത്തെ കൂട്ടർക്ക് പഥ്യം. മറ്റുള്ളവരുടെ ആശ്രയം പച്ചവിറകും. തീകത്താൻ താമസിക്കുമെങ്കിലും അതിന്റെ വില മന്ന് ഒന്നിന് (37 കിലോ) ഉണക്ക വിറകിനെക്കാൾ 100 രൂപ കുറവാണ്. ഇതിനും ഗതിയില്ലാത്തവർ രണ്ട് ശവങ്ങൾ ഒരേചിതയിൽ ദഹിപ്പിക്കുന്നു. ഇനിയുമുണ്ട് ചിലർ, പാതിവെന്ത ശരീരങ്ങളെ ഗംഗയിൽ ഒഴുക്കുന്നവർ. സാധാരണ മനുഷ്യർക്ക് മരണത്തിലും മോചനമില്ല. പാവങ്ങളുടെ ശിക്ഷയായ ഭൈരവയാതന മരണാനന്തരവും അവരെ വിട്ടൊഴിയുന്നില്ല.

ചിതയൊരുക്കാനാവശ്യമായ വിറകും മറ്റ് സാമഗ്രഹികളും വിൽക്കുന്നത് ഇതര സമുദായക്കാരാണ്.ദോമുകൾക്ക് അത് നിഷിദ്ധമാണ്.

ശവത്തിന്റെ ഭാരമനുസരിച്ചാണ് വിറകിന്റെ അളവ് തീരുമാനിക്കുന്നത്, 35-40 കിലോഗ്രാമിന് ഒരു മന്ന് വിറക്. വിറകിന്റെ ഔദ്യോഗിക വില മന്നിന് 300 /400 രൂപയാണെങ്കിലും മരിച്ചയാളിന്റെ ബസുക്കളുടെ സാമ്പത്തിക സ്ഥിതിയനുസരിച്ച് 1000 / 2000 രൂപ വരെ ആയെന്നുവരും. ചിലപ്പോൾ അതിലും കൂടുതൽ. ഇതു തന്നെയാണ് അഗ്നിയുടെ കാര്യവും. 500 രൂപയെന്നത് തരാതരം പോലെ കൂടും. പൂജാകർമ്മങ്ങൾ ചെയ്യുന്ന ബ്രാഹ്മണരും ഇക്കാര്യത്തിൽ ഒട്ടും മോശമല്ല. അവരോട് ആരും വിലപേശാറില്ലെന്നു മാത്രം. ചിതയൊരുക്കുന്ന ദോമുകൾ മാത്രമാണ് ഇതിനൊരപവാദം. ചോദിക്കുന്നതല്ല, കൊടുക്കുന്നതാണവരുടെ കൂലി. ജാതിശ്രേണിയിൽ താഴെ തട്ടിലുള്ളവർക്ക് വിലപേശാൻ അവകാശമില്ലല്ലോ? കാശിനാഥന്റെ താരകാമന്ത്രത്തിനായി കാത്തുകിടക്കുന്ന ശവങ്ങളെ മുൻനിർത്തി മനുഷ്യൻ നടത്തുന്ന ഈ വിലപേശൽ, വിശ്വാസത്തിന് അയാൾ നൽകുന്ന വിലയാണ്. ഇത് കാശിയുടേയോ ഹിന്ദുക്കളുടേയോ മാത്രം പ്രശ്നവുമല്ല. എല്ലാ വിശ്വാസിസമൂഹങ്ങളും ഇതിന്റെ ഇരകളാണ്. എല്ലാ തീർഥാടന കേന്ദ്രങ്ങളും ഇതിന്റ വേദികളുമാണ്. എന്നിട്ടും മനുഷ്യൻ വീണ്ടും വീണ്ടും മോക്ഷം തേടിയുള്ള തീർഥാടനങ്ങൾ ഇടതടവില്ലാതെ തുടരുന്നു. പാസ്കൽ പറഞ്ഞതാവും ശരി. മനുഷ്യൻ യുക്തികൊണ്ടല്ല ഹൃദയം കൊണ്ടാണ് ദൈവത്തെ അനുഭവിക്കുന്നത്. ഹൃദയത്തിന് അതിന്റെതായ യുക്തിയുണ്ട്. അത് യുക്തിക്ക് മനസിലാകണമെന്നില്ല.

സ്വർണ്ണവും വെള്ളിയും ശവക്കച്ചയും

ശവദാഹത്തോടൊപ്പം ദോമുകൾ ചെയ്യുന്ന മറ്റ് രണ്ട് ജോലികൾ ചിതാഭസ്മം നിമജ്ജനം ചെയ്യുന്ന ഗംഗാജലത്തിൽ മുങ്ങിത്തപ്പുന്നതും ബന്ധുജനങ്ങളുടെ കണ്ണ് വെട്ടിച്ച് ശവകച്ചകൾ കടത്തുന്നതുമാണ്. ഒടുവിലത്തേത് കുട്ടികളുടെ പ്രധാന വരുമാന മാർഗ്ഗമാണ്. ശവസംസ്കാരസമയത്ത് മരിച്ചവർ അണിഞ്ഞിരിക്കുന്ന ചെറിയ ആഭരണങ്ങൾ അപൂർവമായെ അഴിച്ചു മാറ്റാറുള്ളു എന്ന കാര്യം ഓർക്കുക. സ്വർണ്ണ / വെള്ളി കമ്മലോ ചെറു മോതിരമോ മൂക്കുകുത്തിയോ പാദസരമോ നാണയങ്ങളോ എന്തുമാകാം. വൈകാരികമായ കാരണമോ മരണാനന്തര ജീവിതത്തിൽ ഇവ പ്രയോജനപ്പെടുമെന്ന വിശ്വാസമോ ആകാം ഇതിനു പിന്നിൽ. ഇവ സ്വന്തമാക്കാൻ വേണ്ടിയാണ് ദോമുകൾ മുങ്ങിത്തപ്പുന്നത്. ശവദാഹമില്ലാത്ത അവസരങ്ങളിൽ ഇതാണ് അവരുടെ വരുമാന മാർഗം. അഞ്ചോ ആറോ മണിക്കൂർ മുങ്ങിത്തപ്പിയാൽ, 10 - 1000 രൂപ വിലയുള്ള ഉരുപ്പടികൾ കിട്ടിയാലായി (Fire on the Ganges). ദോം ജീവിതം ദാരിദ്ര്യത്തോട് എത്രത്തോളം അടുത്തു നിൽക്കുന്നു എന്നതിന്റെ  തെളിവാണിത്.

മഹാഭൂരിപക്ഷം ദോമുകളും ചൊട്ട മുതൽ ചുടലവരെ  ശ്മശാനങ്ങളിലാണ് ജീവിക്കുന്നത്. ഏഴ് വയസുള്ളപ്പോൾ ഘട്ടിൽ ജോലി ചെയ്യാൻ അച്ഛൻ വീട്ടിൽ നിന്ന് ഇറക്കിവിട്ടതും അന്നുമുതൽ ശവങ്ങൾക്കൊപ്പം രാത്രി ഉറങ്ങി തുടങ്ങിയതും  ലക്ഷ്യ ചൗധരി ഓർക്കുന്നു. ഇതു തന്നെയാണ് ആകാശിന്റെ കഥയും. മണികർണ്ണിക ഘട്ടിൽ എട്ട് വയസുള്ളപ്പോൾ മുതൽ അയാൾ ജോലി ചെയ്യുന്നു.  ശവദാഹത്തിനു ശേഷമുള്ള പാതികത്തിയ വിറക് ശേഖരിക്കുന്നതായിരുന്നു ആദ്യ ജോലി. ഇങ്ങനെ പെറുക്കിക്കൂ ട്ടിയ വിറകിൽ മനുഷ്യ മാംസം പറ്റിപ്പിടിച്ചിരിക്കുന്നതും അത്  പാകംചെയ്യാൻ ഉപയോഗിക്കുമ്പോൾ ഉണ്ടാക്കുന്ന പുകയും ദുർഗന്ധവും ആകാശ് ഇന്നും ഓർക്കുന്നു. “മണികർണ്ണികയിലേക്കുള്ള ആദ്യ യാത്ര എന്നെ ഭയചകിതനാക്കി. ഒരുപാട് ശവശരീരങ്ങൾ. എന്നാൽ ജോലി ചെയ്തു തുടങ്ങിയപ്പോൾ ഒരുകാര്യം ബോധ്യമായി, ജീവിക്കാൻ ഈ ഒരു വഴിയെയുള്ളു. ദോമായതു കൊണ്ട് എനിക്ക് മറ്റെങ്ങും ജോലി ചെയ്യാനാവില്ല. ശവങ്ങൾ ഇവിടെ പണമാണ്. അവയെ ഭയന്നാൽ ജീവിക്കാനാവില്ല”, അയാൾ പറഞ്ഞു നിർത്തി(Fire on the Ganges).

പൂജാകർമ്മങ്ങൾ ചെയ്യുന്ന ബ്രാഹ്മണർ

ശവക്കച്ചകളുടെ കാര്യത്തിലേക്ക് വരാം. ശേഷക്രിയക്ക് മുമ്പ് അവ നീക്കം ചെയ്യുകയും ചിത ഒരുക്കിക്കഴിയുമ്പോൾ അതിൽ വീണ്ടും ഇടുന്നതുമാണ്  കാശിയിലെ പതിവ് . ഈ വിധം മാറ്റിവയ്ക്കുന്ന കച്ചകൾ കണ്ണ് തെറ്റിയാൽ പക്ഷേ കുട്ടികൾ അപഹരിക്കുകയും ശ്മശാനത്തിന് വെളിയിലുളള തുണിക്കടക്കാർക്ക് വിൽക്കുകയും ചെയ്തെന്നിരിക്കും. ഗുണനിലവാരമനുസരിച്ച് കച്ച ഒന്നിന് ₹2- ₹15 ലഭിക്കുന്നു. കടക്കാർ ഇവയെ അലക്കിതേച്ച് കവറുകളിലാക്കി വീണ്ടും വില്ക്കുന്നു , വില ₹200  മുതൽ ₹500 വരെ! ഒരാൾക്ക് ശരാശരി 2-3 കച്ചകളാവും ഒരു ദിവസം കിട്ടുക. ചിലപ്പോൾ പകലന്തിയോളം കാവൽനിന്നാലും വെറുംകയ്യോടെ മടങ്ങേണ്ടിയും വന്നേക്കും. വളരെ അപകടം പിടിച്ച ജോലിയാണിതെന്ന കാര്യവും ഓർക്കേണ്ടതുണ്ട്. മരിച്ചയാളിന്റെ ബന്ധുക്കളുടെ മർദ്ദനവും തീപൊള്ളലും  ഓടുന്നതിനിടയിൽ മറിഞ്ഞുവീണുണ്ടാകുന്ന ഒടിവും ചതവും സർവസാധാരണമാണ്. എന്തുതന്നെ സംഭവിച്ചാലും മൂവന്തിക്ക് വീട്ടിൽ ചെല്ലുമ്പോൾ അമ്മ ഇടുന്ന ജമന്തിയില കൊഴമ്പും മണ്ണെണ്ണയിൽ മുക്കിയ തുണി കൊണ്ടുള്ള കെട്ടിവെയ്പ്പുമാണ് പ്രതിവിധി. പുലർച്ചെ വീണ്ടും ശവക്കച്ച തേടിയുള്ള അലച്ചിൽ ആരംഭിക്കുന്നു. കുട്ടികൾ മുതിരുമ്പോൾ(?) ശവക്കച്ചയിൽ നിന്ന് ശവദാഹത്തിലേക്ക് കടക്കുന്നു.

ഒഴുക്കിനെതിരെ

ഒഴുക്കിനൊത്ത് നീന്തുന്ന ദോമുകൾ എത്തിച്ചേരുന്നത് ചുടലക്കളത്തിലാണ്. അതിനെതിരെ നീന്താൻ അവരിൽ പലർക്കും ശേഷിയുമില്ല. വേറിട്ട വഴി വെട്ടിത്തെളിക്കാനാവുന്നില്ല എന്നതിനപ്പുറം പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുന്നു എന്നതാണ് പ്രശ്നം. പ്രതീക്ഷ നഷ്ടപ്പെടുന്നത് ഒരുതരം അന്ധതയാണെന്ന് ഷുസേ സരമാഗു പറഞ്ഞത് (Blindness) പരമസത്യമാണ്. രക്ഷപെടാൻ ശ്രമിക്കുന്ന ദോമുകളെ സ്വന്തം സമുദായം തന്നെ തള്ളി താഴെയിടുന്നു എന്ന വസ്തുതയും അവശേഷിക്കുന്നു. “നീ ദോമാണ്. ഇത് ചാന്ദ് ഘട്ടുമാണ്. ആരെയും രക്ഷപെടാൻ അനുവദിക്കില്ല. ഞങ്ങൾ ഇവിടെയുണ്ട്. നീയും ഇവിടെ ഉണ്ടാവണം”, ഇതാണ് മുതിർന്നവരുടെ ചിന്ത.

ദോം കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാൻ അമേരിക്കൻ ഹാസ്യനടൻ ജോർജ് ഗ്രെ നടത്തിയ ശ്രമം ഇത്തരുണത്തിൽ പരാമർശമർഹിക്കുന്നു. വാരണാസിയെക്കുറിച്ചുള്ള വിക്രം മാഥുറിന്റെ ഡോക്യുമെന്ററിയിലൂടെയാണ് അവരുടെ ജീവിതം ഗ്രെ മനസിലാക്കുന്നത്. എന്നാൽ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് രക്ഷിതാക്കളെ ബോധ്യപ്പെടുത്താൻ അദ്ദേഹം നന്നെ ബുദ്ധിമുട്ടി. ഒടുവിൽ ഒരോ രക്ഷകർത്താവിനും പ്രതിമാസം ₹1500  നൽകാമെന്ന ഉപാധിയിന്മേലാണ് കുട്ടികളെ വിട്ടു നൽകാൻ അവർ തയ്യാറായത്. എന്നിരുന്നിട്ടും നാല് കുട്ടികളാണ് മുന്നോട്ടു വന്നത്. ഇതിൽ ഡിഗ്രിവരെ വിദ്യാഭ്യാസം ചെയ്തത് (ലുധിയാനയിലെ സ്വകാര്യ കോളജിൽ) ഒരാൾ മാത്രം, ഭോല ചൗധരി. അയാളുടെത് വാസ്തവത്തിൽ ജീവിതസമരം തന്നെയായിരുന്നു. തന്റെ യഥാർഥ ജീവിത പശ്ചാത്തലം മറച്ചുവച്ച് മറ്റൊരു ജീവിത തിരക്കഥ അയാൾ മെനഞ്ഞെടുത്തു. അതിൽ അയാൾ മധ്യവർഗ സവർണ്ണനായി രൂപാന്തരം പ്രാപിച്ചു “ഞാൻ ആരാണെന്നും എന്താണെന്നും എല്ലാവരിൽ നിന്നും മറച്ചുവച്ചു. അതെന്റെ  നിലനിൽപ്പിന് ആവശ്യമായിരുന്നു”, ഭോലെയുടെ വാക്കുകളാണിത്. ഇതിനായി യുട്യൂബ് നോക്കി സവർണ്ണ - മധ്യവർഗ പെരുമാറ്റ രീതികൾ മനസിലാക്കി. ഇംഗ്ലീഷ് കൈര്യം ചെയ്യാൻ പഠിച്ചു. സമ്പത്തും  അധികാരവും സംസാരിക്കുന്നതും മനസിലാക്കുന്നതും ഇംഗ്ലീഷിലാണല്ലോ. എന്നിട്ടും അയാൾക്ക് പഠനം പൂർത്തിയാക്കാനായില്ല. കോവിഡിനെ തുടർന്ന് കോളജ് അടച്ചുപൂട്ടിയതോടെ വീട്ടിലേക്ക് മടങ്ങേണ്ടിവന്നു. ക്ലാസുകൾ ഓൺലൈനിലുമായി. ശ്മശാനത്തിൽ ജീവിക്കുന്നവന് ഓൺലൈൻ വിദ്യാഭ്യാസം സാധ്യമല്ലല്ലോ. മേമ്പടിയായി വീട്ടുകാരുടെയും അയൽക്കാരുടെയും സമുദായത്തിന്റെയും പുച്ഛത്തോടെയുള്ള പെരുമാറ്റവും അമ്മയുടെ അസുഖവും. ഒടുവിൽ അയാൾ ചെന്നൈയിലെ ഒരു പുസ്തക കമ്പനിയുടെ റെപ്രസെന്റെറ്റീവായി  ജോലി സമ്പാദിച്ച് വാരണാസി വിട്ടു. വാരണാസി വിടുന്ന ആദ്യത്തെ ദോം!

പുരുഷന്മാരുടെ കാര്യം ഇതാണെങ്കിൽ സ്ത്രീകളുടെ കാര്യം ഊഹിക്കാവുന്നതേയുള്ളു. ആൺകോയ്മയിൽ അധിഷ്ഠിതമായ  ദോം സമുദായത്തിൽ ഭർതൃമതിയും അമ്മയും കുടുംബിനിയും എന്നതു മാത്രമാണ് സ്ത്രീകളുടെ അസ്തിത്വത്തിന്റെ അളവുകോൽ. സ്വന്തം ഇച്ഛയ്ക്കൊത്ത് ജീവിക്കുന്നതു പോയിട്ട് പുറംപണി ചെയ്ത് ജീവിതം പുലർത്താനോ സ്വന്താമായൊരു മൊബൈൽ ഫോൺ കൈവശംവയ്ക്കാൻ പോലുമോ ഉള്ള അവകാശമില്ല.  മാതാപിതാക്കളുടെയും ഭർത്താവിന്റയും വീടുകളൾക്ക് ചുറ്റും വട്ടം കറങ്ങി ഒടുവിൽ ചുടലക്കളത്തിൽ അവസാനിക്കുന്നതാണ് അവരുടെ ജീവിത ചക്രം. അതുകൊണ്ടു തന്നെ വൈധവ്യം സ്ത്രീജീവിതത്തെ ശാപഗ്രസ്തമാക്കുന്നു. 35-ാം വയസിൽ ഭർത്താവ് നഷ്ടപ്പെട്ട ഡോളിയാണ് ദോം സമൂഹത്തിൽ സാമ്പത്തികമായി സ്വന്തം കാലിൽ നിൽക്കുന്ന ആദ്യ വനിത. സമുദായത്തിന്റെ എതിർപ്പിനെ വകവയ്ക്കാതെ ഒരു ചെറിയ കട നടത്തി അവർ ജീവിക്കുന്നു. “ചിലപ്പോൾ തോന്നും ഞാൻ ഒരു പുരുഷനാണെന്ന്. പുരുഷനെ പോലെ ഞാൻ സമ്പാദിക്കുന്നു അമ്മയെ പോലെ ഞാൻ ഊട്ടുന്നു. ജീവഭയത്തെ ധൈര്യം കൊണ്ട് നേരിടുന്നു”, സ്വന്തം ജീവിതത്തെക്കുറിച്ചുള്ള അവരുടെ വിലയിരുത്തലാണ് ഇത് (Fire on the Ganges). മൗനമാണ് ദോം സ്ത്രീകളുടെ ശബ്ദം.

ദോമുകളുടെ ജീവിതം ഇന്ത്യയിലെ ദളിത് അവസ്ഥയുടെ സാക്ഷി പത്രമാണ്. മോഹഭംഗം ജീവിത സത്യവും, ദാരിദ്ര്യവും അജ്ഞതയും മതവും അന്ധവിശ്വാസവും ജീവിതത്തെ ആവരണം ചെയ്തു നിൽക്കുന്ന പരുക്കൻ യാഥാർഥ്യങ്ങളുമാണ്. റിസാർഡ് കപുസിൻസ്കി ട്രാവൽ വിത്ത് ഹെറോഡോട്ടസ് എന്ന അദ്ദേഹത്തിന്റെ പുസ്തകം  ഉപംസംഹരിക്കുന്നത് “ചുറ്റും വെളിച്ചമുള്ളപ്പോഴും നാം ഇരുട്ടിൽ ജീവിക്കുന്നു” എന്ന വാക്കുകളോടെയാണ്. ഇത് ദോം ജീവിതത്തിനും നന്നേ ചേരും. ചിതയുടെ വെളിച്ചത്തിൽ  ഇരുട്ടിനെ പുൽകി അവർ ജീവിക്കുന്നു. പുതു തലമുറയ്ക്ക് ഇതിൽ നിന്ന് പുറത്തുകടക്കണമെന്ന് ആഗ്രഹമുണ്ട്. അവർക്ക് വലിയ ജീവിതാഭിലാഷങ്ങളുമുണ്ട്. എന്നാൽ അടിമത്തത്തിന്റെയും അന്ധവിശ്വാസത്തിന്റെയും ജാത്യാചാരങ്ങളുടെയും പുറംതോട് പൊട്ടിച്ചു പുറത്തുവരാനോ. ചോദ്യങ്ങൾ ചോദിക്കാനോ  അവർ തയ്യാറാകുന്നില്ല എന്നതാണ് പ്രശ്നം. രാഷ്ട്രീയത്തിനും മതത്തിനും ശവദാഹകരായല്ലാതെ മറ്റൊന്നിനും അവരെ ആവശ്യവുമില്ല.

Comments