ചെറിയക്കുട്ടിയമ്മയും പാറുവമ്മയും / ഫോട്ടോ: സജിത്ത് കണ്ണോം

ദൈവത്തിന്റെ ചൂട്ട് വെളിച്ചം

മലയന്റെ തെയ്യം കാവിൽ ഉറഞ്ഞെഴുന്നേൽക്കുന്ന നേരത്തും മക്കളെ പെറ്റുകിടക്കുന്ന നേരത്തും സ്വന്തക്കാർ മരിച്ചു കിടന്നപ്പോഴും ഒന്നുമോർക്കാതെ പാഞ്ഞു ചെന്ന്​ ഗർഭിണികളുടെ വയറു തടവി ആശ്വസിപ്പിച്ച്​ പേറെടുത്തിരുന്ന രണ്ട്​ മലയ സ്​ത്രീകളുടെ ജീവിതം

"നമ്മളെല്ലും മഹർഷിമാര്‌ടെ പിൻതലമുറയാന്നു മോനെ'.
പേറെടുപ്പ് മുതൽ ദോഷം തീർക്കുന്ന കണ്ണേർ പാട്ടും തച്ചു മന്ത്രവും മരിച്ചാൽ ചെയ്യുന്ന അകനാൾ നീക്കലുമടക്കം വിശ്വാസപരമായി ഉത്തരമലബാറിലെ ഹിന്ദു സമൂഹത്തിനുള്ളിൽ ഇടപെടുന്ന മലയ സമുദായത്തിന്റെ ഉൽപ്പത്തിയെക്കുറിച്ച് പ്രചാരമുള്ള മിത്ത് മുറുക്കാൻ ചവച്ച പല്ലുകൾ കാട്ടികൊണ്ട് പാറുവമ്മ പറഞ്ഞുതുടങ്ങി.

ദേവന്മാരിൽ ഏറ്റവും സുന്ദരനാര് എന്ന തർക്കം ദേവലോകത്ത് നടക്കുകയാണ്. മുനിമാർക്കും യക്ഷ കിന്നര ഗന്ധർവ്വന്മാർക്കും ഒരേ ഒരുത്തരം മാത്രം.
ശ്രീ പരമേശ്വരനോളം രൂപഗുണമുള്ളവൻ ഈ ഉലകിൽ മറ്റാരുമില്ല.
പറഞ്ഞു കേട്ടപ്പോൾ പരമശിവനു സ്വന്തം രൂപം കാണുവാൻ ആശ തോന്നി.
കിഴക്ക് ആദിത്യ ഭഗവാന്റെ മുഖം തുറന്നു വെള്ളിക്കണ്ണാടിയെടുത്ത് അകം തുടച്ചു മുഖം നോക്കി. സുന്ദര രൂപം കണ്ടില്ല. തെക്ക് യമധർമ്മന്റെ മുഖം തുറന്നു ഇരുമ്പ് കണ്ണാടിയെടുത്ത് നോക്കി. വടിവ് മുഴുവനായും കണ്ടില്ല. പടിഞ്ഞാറ് വിഷ്ണു ഭഗവാന്റെ മുഖം തുറന്നു പൊന്നിൻ കണ്ണാടിയെടുത്ത് നോക്കി രൂപ ഗുണത്തെ മുഴുവനായി കണ്ടില്ല. ഒടുവിൽ വടക്ക് ശ്രീ ഭദ്രകാളിയുടെ മുഖം തുറന്ന് വെള്ളോട്ട് കണ്ണാടിയെടുത്ത് നോക്കുമ്പോൾ ഇടതു ഭാഗത്ത് സ്ത്രീരൂപവും വലതു ഭാഗത്ത് തന്റെ രൂപവും കണ്ടു. തിരുമുടിയിൽ ഗംഗയെയും തിരുനെറ്റിയിൽ ചന്ദ്രനേയും കണ്ടു. കണ്ണിൽ കാമദേവനെയും മൂക്കിൽ മൂല ദേവനേയും പല്ലിൽ പാണ രാജാവിനെയും നാവിൽ സരസ്വതിയെയും കണ്ടു.

ഉച്ചിട്ട ഭഗവതി / ചിത്രങ്ങൾ : പ്രസൂൺ കിരൺ

മുഖത്ത് ശ്രീ ഭഗവതിയെ കണ്ടു.
കഴുത്തിൽ കാളകണ്ഡനേയും മാറിടത്തിൽ മഹാകാളിയെയും പുറത്തു ജ്യേഷ്ടാ ഭഗവതിയെയും വയറിൽ ഗണപതിയെയും അരക്ക് അരുണ ഭഗവാനെയും കണ്ടു. തൃത്തുടമേൽ ദുർഗ ഭഗവതിയെയും മുഴം കാൽക്ക് ഭൂമി ദേവിയെയും കണ്ടു. തിരു അരയിങ്കൽ നരിതോലും പുലി തോലും ചാർത്തികണ്ടു. കാതിൽ കവച കുണ്ഡലങ്ങളും ഇരുകയ്യിൽ ശംഖും ചക്രവും കപാലവും മണിയും മാനും വെണ്മഴുവും കടും തുടിയും ശൂലവും കണ്ടു. അന്ന് അന്തമില്ലാത്ത നിഴൽ കണ്ടു ആഴമില്ലാത്ത വടിവ് തോന്നി. സ്വന്തം രൂപം ദർശിച്ചമാത്രയിൽ പരമശിവനു തന്റെ തന്നെ കണ്ണേർ ഫലിച്ചു. പാർവ്വതി പരമേശ്വരന്മാർ കിടപ്പിലായി... ദൃഷ്ടി ദോഷം വന്നിരിക്കുന്നു. ദൃഷ്ടി ദോഷം തീർക്കാൻ പറ്റിയ ആളെ തിരഞ്ഞു. അഗ്‌നിപ്രപഞ്ച മുനി മുന്നോട്ട് വന്നു. മുനി ഹോമം കൂട്ടി. ഒരു പത്തു പന്തിരാണ്ട് കാലം കാൽ മുകളിലോട്ടാക്കി തപസ്സ് ചെയ്തു. ഹോമകുണ്ഡത്തിൽ നിന്നും കണ്ണേർ ദോഷം തീർക്കാനായി മലയനും മലിയുമുണ്ടായി. മഹാദേവന്റെ "പിണി'യൊഴിച്ചു. ശേഷം ചെറുമനുഷ്യരുടെ "എരിപൊരി' ദോഷം തീർക്കാൻ മഹാദേവന്റെ അനുഗ്രഹം വാങ്ങി അവർ ഭൂമിയിലേക്കിറങ്ങി. "ഇതെല്ലാ കണ്ണേർ പാട്ടീത്തന്നെണ്ട് മോനെ'. പാറുവമ്മ പറഞ്ഞു നിർത്തി.

പത്ത് നാൽപ്പത്തഞ്ചു വർഷം മുൻപ് വരെ, ജനിച്ചയുടൻ കുഞ്ഞുങ്ങൾ കണ്ണ് തുറന്നു നോക്കുമ്പോൾ കാണുന്ന അടുത്തില നാട്ടിലെ പാർവ്വതിയമ്മയ്ക്കും വെങ്ങരയിലെ ചെറിയക്കുട്ടിയമ്മയ്ക്കുമൊക്കെ തങ്ങളെടുത്ത എല്ലാ മക്കളും മോനോ മോളോ ആണ്. അനേകം കുഞ്ഞുങ്ങളെ ഗർഭപാത്രങ്ങളിൽ നിന്നും സുരക്ഷിതമായി പടിഞ്ഞാറ്റകങ്ങളിലെ ചാണകം മെഴുകിയ തറകളിൽ വിരിച്ച മാറ്റ് തുണികളിലേക്കവർ എടുത്തുകിടത്തി. പൊട്ടൻ ദൈവത്തോട് നന്ദി പറഞ്ഞു ദീർഘശ്വാസം പുറത്തുവിട്ടു.

തെയ്യം കെട്ടിയാൽ മലയൻ പറയുന്ന വാക്ക് ദൈവവാക്കാണ്. അത് ഫലിക്കും. വയറിൽ തൊട്ടു നോക്കിയാൽ മലയന്റെ പെണ്ണ് പറയുന്നതും പ്രസവമടുത്ത സ്ത്രീക്കും വീട്ടുകാർക്കും ദൈവ വാക്ക് തന്നെ.

പക്ഷെ ലോകം മുഴുവൻ ആശുപത്രി മുറിക്കുള്ളിൽ കിടന്നു കൈകാലിട്ടു നിലവിളിക്കുമെന്ന്​ ആരും കരുതിയിട്ടില്ലാത്ത കാലത്ത് ചെയ്ത ഈ കർമങ്ങളുടെ കൃത്യമായ എണ്ണം പാറുവമ്മയോ ചെറിയക്കുട്ടിയമ്മയോ അവരെപോലുള്ള മറ്റു പേറ്റിച്ചികളോ ഓർത്തു വച്ചില്ല. ഗ്രാമങ്ങളിൽ റോഡുകൾ മുറിയുന്നതിനും വെളിച്ചം കത്തുന്നതിനും മുൻപേയുള്ള കാലത്ത് രാത്രിയും പകലുമെന്നില്ലാതെ പേറ്റിച്ചിമാരായ മലികൾ വയൽവരമ്പിലൂടെയും മൊട്ടക്കുന്നുകൾക്കിടയിലൂടെയും ഇടവഴികളിലൂടെയും പുതിയ കുഞ്ഞുങ്ങളെ സ്വാഗതം ചെയ്യാനായി വീടുകളിലേക്ക് നടന്നു. തന്റെ മലയൻ തെയ്യം കെട്ടി കിട്ടുന്ന തുച്ഛമായ വരുമാനം കൂടാതെ നാടുകളിലെ പ്രസവമെടുത്തു പത്തിടങ്ങഴി നെല്ല് സമ്പാദിച്ചു വീടിനു താങ്ങായി. മലയൻ പണിക്കർ തെയ്യമായി ഉറഞ്ഞാട്ടത്തിനു ഒരുങ്ങുമ്പോൾ ചൂട്ടും കത്തിച്ചു തോറ്റം പാട്ടും പാടി തെയ്യത്തിനു വഴി കാട്ടി.

പൊട്ടൻ തെയ്യം മുഖപാള അണിയുന്നതിനു മുമ്പ്‌

മലയന്റെ തെയ്യം കാവിൽ ഉറഞ്ഞു എഴുന്നേൽക്കുന്ന നേരത്തും മക്കളെ പെറ്റുകിടക്കുന്ന നേരത്തും സ്വന്തക്കാർ മരിച്ചു കിടന്നപ്പോഴും ഒന്നുമോർക്കാതെ സകലതും മറന്ന് പാഞ്ഞു ചെന്നു ഗർഭിണികളുടെ വയറു തടവി ആശ്വസിപ്പിച്ചു. സ്വന്തം കുഞ്ഞിനേയും വീടിനെയും കാലത്തെയും മറന്ന് കുഞ്ഞുങ്ങളുടെ കരച്ചിലിലെ ചിരി കണ്ടു. നാക്കിൽ ഇളനീർ തൊട്ടു കലശമാടി അവരെ അനുഗ്രഹിച്ചു. തെയ്യം കെട്ടുന്ന മറ്റേതു സമുദായത്തിനും അവകാശപ്പെടാനില്ലാത്ത കരുത്തു മലയ സ്ത്രീകൾ കാട്ടി. അവർ അടുക്കളയിൽ മലയൻ പണിക്കർക്ക് ആഹാരമുണ്ടാക്കുന്നതിനിടയിലും തോറ്റത്തിലൂടെ പൊട്ടന്റെയും ഭൈരവന്റെയും കുട്ടിച്ചാത്തന്റെയും ഉറച്ചിൽ അറിഞ്ഞു. കേട്ട് പഠിച്ച തോറ്റം പാട്ടുകൾ വെറുതെ മൂളുകയല്ലാതെ തെയ്യത്തിന്റെ വേദിയിൽ നിന്നും ഉറക്കെ പാടി. ഭർത്താവിൽ നിന്നും അച്ഛനിൽ നിന്നും കേട്ട് പഠിച്ച പാട്ടുകൾ സ്വന്തം കുട്ടികളെ ഉറക്കുന്ന താരാട്ടാക്കി അവരുടെയുള്ളിൽ തെയ്യം ലഹരി പടർത്തി.

ഒരു മലയൻ താൻ കെട്ടിയാടിയ തെയ്യങ്ങളുടെ എണ്ണത്തെയോ മികവിനെയോ ഓർക്കാത്തത് പോലെ മലികളും പേറെടുപ്പിന്റെ എണ്ണമോർത്ത് അഭിമാനിച്ചില്ല. പകരം തങ്ങളുടെ മലയന്മാർ തെയ്യത്തെ കണ്ടതുപോലെ ഉത്തരമലബാർ ഗ്രാമങ്ങളിലെ പഴയകാല ഗൈനക്കോളജിസ്റ്റുകളും ജീവിത കർമ്മമായി പേറെടുപ്പിനെ കണ്ടു. കലമ്പലുകളില്ലാതെ കിട്ടിയ നെല്ല് കൂലിയായി വാങ്ങിച്ചു വീട്ടിലേക്ക് നടന്നു. ആശുപത്രികൾ വളർന്നു പന്തലിക്കുന്നതിനും മുൻപേ ടെസ്റ്റുകളുടെ സഹായമില്ലാതെ വയറിൽ തൊട്ടു നോക്കി പേറ്റിച്ചികൾ പറഞ്ഞു."മോളെ പേറ് ഉദയത്തിനാന്ന്'.

മലയന് തെയ്യത്തിനു പോകാനുള്ള ഒരുക്കം കൂട്ടുമ്പോൾ പ്രസവവേദന അടുത്തെന്ന വിവരവുമായി ഓടിവരുന്ന ആളുകൾക്കൊപ്പം മലി തിരിക്കും. മലയൻ നാട്ടുദൈവമായി പരിവർത്തനപ്പെടുന്ന നേരത്ത് മലി പേറ്റിച്ചിയെന്ന ദൈവമായി മാറുകയാണ്.

ആ വാക്കിൽ തർക്കമില്ല. തെയ്യം കെട്ടിയാൽ മലയൻ പറയുന്ന വാക്ക് ദൈവവാക്കാണ്. അത് ഫലിക്കും. വയറിൽ തൊട്ടു നോക്കിയാൽ മലയന്റെ പെണ്ണ് പറയുന്നതും പ്രസവമടുത്ത സ്ത്രീക്കും വീട്ടുകാർക്കും ദൈവ വാക്ക് തന്നെ.
സംസാരിക്കുന്നതിനിടയിൽ ഇടയ്ക്കിടെ പാറുവമ്മ മറന്നു പോയ തോറ്റങ്ങളുടെ ഇടയിലൂടെ ഒന്ന് രണ്ടു വരി കേറി പാഞ്ഞു. എൺപത് വയസ്സ് കഴിഞ്ഞ അടുത്തില നാട്ടിലെ പേറ്റിച്ചി നാട്ടിലുള്ളവർക്കെല്ലാം പാറുവമ്മയാണ്. പാറുവമ്മയ്ക്ക് ലോകായ ലോകം മുഴുവൻ മക്കളും .അമ്മയുടെ അധികാരവും സ്‌നേഹവുമുള്ള വിളികൾ. നാട്ടിലുള്ള ആരുടെയെങ്കിലും കാര്യം പറയുമ്പോൾ ആ മോനെ ഞാനല്ലേ എടുത്തതെന്ന തിളക്കം കണ്ണുകളിൽ. പാറുവമ്മയോടും ചെറിയക്കുട്ടിയമ്മയോടും നിങ്ങളെക്കുറിച്ചൊന്നു പറ എന്ന് പറഞ്ഞപ്പോൾ അവർ പേറെടുക്കുന്നതിനെക്കുറിച്ച് മാത്രം പറഞ്ഞു. ഒരു തെയ്യക്കാരൻ തെയ്യത്തോട് താദാത്മ്യം പ്രാപിക്കുന്നത് പോലെ ആ മലികൾ പേറെടുപ്പുമായി ഇഴുകിപോയിരുന്നു. ചെറിയക്കുട്ടിയമ്മയും പാറുവമ്മയും എടുത്ത കുട്ടികൾ മിക്കവാറും മുതിർന്നു. മക്കളും മക്കളുടെ മക്കളുമായി. എങ്കിലും അവർ തങ്ങളെ ഭൂമി കാണിച്ച പേറ്റിച്ചിമാരെ ബഹുമാനിക്കുന്നു. തങ്ങളെടുത്ത മക്കൾ ഉയർന്ന നിലയിലാണെന്നു അറിയുമ്പോൾ ഈ അമ്മമാരും തെളിയുന്നു.

തീണ്ടലും അയിത്തവും നില നിന്നിരുന്ന കാലത്ത് മലികൾ ഗർഭിണികളെ പരിശോധിക്കാനും കുട്ടികൾക്കും അമ്മമാർക്കും മക്കളുടെ പ്രായമുള്ള പുരുഷന്മാർക്കുമടക്കം കണ്ണേർ ദോഷം മാറ്റാനുള്ള തച്ചു മന്ത്രം ചെയ്യാൻ വീടുകളിലേക്ക് യഥേഷ്ടം കയറിപോയി. ഗർഭകാലത്ത് എന്തെങ്കിലും പ്രത്യേക ബുദ്ധിമുട്ടുകൾ വരികയാണെങ്കിൽ പരിശോധിച്ച് അന്നബലം പ്രാണബലമെന്നു വിശ്വസിച്ച് അരിവെന്ത വെള്ളം കുടിപ്പിക്കുകയും കുരുമുളകും മഞ്ഞളും ചേർത്ത വെള്ളം കൊടുക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. ചതൂപ്പയും എണ്ണയും ചേർത്ത് ശർക്കര അരച്ച് നാട്ടു വൈദ്യം ചെയ്തു.

തെയ്യങ്ങളിൽ സ്ത്രീ കെട്ടുന്ന ഏക തെയ്യമായ ദേവക്കൂത്ത്

തന്റെ മലയനെ പോലെ ഒരു മലിക്ക് പേറെടുക്കാൻ മാത്രമായുള്ള ദേശാതിർത്തികളില്ല. അവകാശങ്ങളോ അവകാശ തർക്കങ്ങളോയില്ല. തോറ്റം പഠിച്ചും ചൂട്ടു കത്തിച്ചു വഴി കാട്ടിയും തകിൽ കൊട്ടിയും മലയപെണ്ണുങ്ങൾ അണിയറയിലും തിരുമുറ്റത്തും അച്ഛനോ ഭർത്താവോ മകനോ കെട്ടിയ തെയ്യങ്ങൾക്കൊപ്പം നടന്നു. തെയ്യങ്ങളിൽ സ്ത്രീ കെട്ടുന്ന ഏക തെയ്യമായ ദേവക്കൂത്തും മലികൾ കെട്ടിയാടി. മടയിൽ ചാമുണ്ഡിക്കും ഭൈരവനും പൊട്ടനും ഉച്ചിട്ടയ്ക്കും മലികളുടെ തോറ്റം പാട്ട് ഹൃദ്യമായി. അനേകം ആൺകൂറ്റുകൾക്കിടയിൽ നിന്നുമുയരുന്ന ഉച്ചത്തിലുള്ള പെൺകൂറ്റിൽ മടയിൽ ചാമുണ്ഡിയമ്മ തന്റെ പുറത്തട്ട് വിരിച്ചുകൊണ്ടാടി. ഉച്ചത്തിൽ അട്ടഹസിച്ചുകൊണ്ട് ഉച്ചിട്ട ഉറഞ്ഞു.

പത്തോ പതിനൊന്നോ വയസ്സിൽ തന്നെ കല്യാണം കഴിഞ്ഞു ഭർതൃവീട്ടിലെത്തി നാലഞ്ചു വർഷത്തിനുള്ളിൽ തന്നെ ഒറ്റയ്ക്ക് പ്രസവമെടുക്കാൻ മലയപ്പെണ്ണ് പഠിക്കുന്നു. പാറുവമ്മയും ചെറിയക്കുട്ടിയമ്മയും അങ്ങനെ തന്നെയായിരുന്നു.

തന്റെ മലയൻ ദേശാതിർത്തിക്കുള്ളിൽ മാത്രം ദൈവമായപ്പോൾ മലി പ്രസവമെടുത്തു അതിരുകൾ മുറിച്ചു നടന്നു. മലികൾ നടന്നു താണ്ടിയ ഓരോ ഇരുട്ടും ഓരോ പകലും സന്തോഷത്തിന്റെ കരച്ചിൽ ഉച്ചത്തിൽ ഉയർന്നു. മലയൻ തെയ്യത്തിനു പോകാനുള്ള ഒരുക്കം കൂട്ടുമ്പോൾ പ്രസവവേദന അടുത്തെന്ന വിവരവുമായി ഓടിവരുന്ന ആളുകൾക്കൊപ്പം മലി തിരിക്കും. മലയൻ നാട്ടുദൈവമായി പരിവർത്തനപ്പെടുന്ന നേരത്ത് മലി പേറ്റിച്ചിയെന്ന ദൈവമായി മാറുകയാണ്. അങ്ങനെ സമയ കാല നിബന്ധനകളില്ലാതെ പ്രസവമെടുക്കാൻ പോയതിനു പാറുവമ്മയ്ക്കും ചെറിയക്കുട്ടിയമ്മയ്ക്കും ഒട്ടേറെ അനുഭവങ്ങളുണ്ട്. പലയിടങ്ങളിൽ നിന്നും രാത്രിയിൽ വേദന കലശലായെന്നു പറഞ്ഞു വിളിച്ചു കൊണ്ടുപോകുന്നവരുണ്ട്.

മടയിൽ ചാമുണ്ഡി

പക്ഷെ പരിശോധിച്ച് നോക്കിയാൽ പിറ്റേന്ന് രാവിലെയായിരിക്കാം പ്രസവം. അപ്പോഴൊന്നും മലികൾക്ക് മനം മടുത്തില്ല. തെയ്യം ഒരു ഭക്തനെ തൊട്ടറിയുന്നതു പോലവർ ഗർഭിണിയെ തൊട്ടറിഞ്ഞു. പ്രസവ സമയം നിർണ്ണയിച്ച ശേഷം ഗർഭിണിയെ വയറിനും നടുവിനും തടവി ആശ്വസിപ്പിച്ചുകൊണ്ട് ആ വീട്ടിൽ തന്നെ കഴിഞ്ഞു. വളരെ ചെറു പ്രായത്തിൽ തന്നെ കല്യാണം കഴിഞ്ഞു സ്വന്തം വീട് വിടേണ്ടി വരുന്നതുകൊണ്ട് പേറെടുപ്പിൽ മിക്കവാറും മലികളുടെ ഗുരുനാഥ ഭർതൃമാതാവായിരിക്കും. പത്തോ പതിനൊന്നോ വയസ്സിൽ തന്നെ കല്യാണം കഴിഞ്ഞു ഭർതൃവീട്ടിലെത്തി നാലഞ്ചു വർഷത്തിനുള്ളിൽ തന്നെ ഒറ്റയ്ക്ക് പ്രസവമെടുക്കാൻ മലയപ്പെണ്ണ് പഠിക്കുന്നു. പാറുവമ്മയും ചെറിയക്കുട്ടിയമ്മയും അങ്ങനെ തന്നെയായിരുന്നു. രാമന്തളിയിൽ നിന്നും ദേർമ്മൻ പെരുമലയന്റെ മകൻ കേളുപണിക്കർ അടുത്തിലയിലേക്ക് കല്യാണം കഴിച്ചു കൊണ്ടുവരുമ്പോൾ പാറുവമ്മയ്ക്ക് പ്രായം പതിനൊന്നായതെ ഉണ്ടായിരുന്നുള്ളൂ.

സമുദായത്തിൽ താഴ്ന്നവർക്ക് അയിത്തം ഉണ്ടായിരുന്ന കാലത്തും ചിറക്കൽ തമ്പുരാന് പോലും തച്ചു മന്ത്രം കഴിച്ചു തലയിൽ അരിയിടാൻ തങ്ങൾക്ക് കഴിഞ്ഞിരുന്നതായി മലികൾ പറയുന്നു.

കണ്ണൻ പണിക്കരുടെ ഭാര്യയായി വെങ്ങരയിലെത്തുമ്പോൾ ചെറിയക്കുട്ടിയമ്മയ്ക്കും സമാന പ്രായം. അനേകം അണിയറകൾ കേറിയിറങ്ങി മലയൻ തെയ്യക്കാരനായി മാറിയത് പോലെ അമ്മമാരുടെ കൂടെ സഹായത്തിനായി ചെന്ന് ഇരുവരും ഭർത്താവിന്റെ അമ്മയിൽ നിന്നും അന്നാട്ടിലെ പേറ്റിച്ചി പദവി ഏറ്റെടുത്തു. മരിച്ച കുട്ടിയും ഇരട്ട കുട്ടികളും ബുദ്ധിമുട്ടുള്ള അനേകം പ്രസവങ്ങളും ആ പേറ്റിച്ചികൾ എടുത്തു. കൈ ആദ്യം പുറത്തു വന്ന വളരെയേറെ അപകടം പിടിച്ചവ മാത്രം ശുശ്രൂഷ ചെയ്ത് വളരെ പെട്ടെന്ന് നിർബന്ധമായും ആശുപത്രികളിലേക്ക് അയച്ചു. ഗർഭിണികൾ ഉള്ള വീട്ടിൽ നിറനാഴി വച്ച് മലികളെയും പുതിയ കുഞ്ഞിനേയും സ്വാഗതം ചെയ്യാൻ വീട്ടുകാർ കാത്തു നിന്നു. പ്രസവം കഴിഞ്ഞു കുട്ടിക്ക് നാവിൽ മുലപ്പാലിനും മുൻപേ ഇളനീർ തൊട്ടു ദൈവായ ദൈവങ്ങളെ വിളിച്ചു ദീർഘായുസ്സും ആരോഗ്യവും സമ്പത്തും നേർന്ന് കലശമാടി. മറുപിള്ളയും മറ്റശുദ്ധ ഭാഗങ്ങളുമെടുത്ത് കുഴികുത്തി മൂടിയ ശേഷം നിറനാഴി വച്ച മൂന്നിടങ്ങഴി നെല്ലും കുഞ്ഞിനെ എടുത്തു കാണിച്ച തുച്ഛമായ പൈസയും വാങ്ങി ആഹാരം കഴിക്കാതെ ഒരു രാത്രി കഴിച്ചുകൂട്ടി. പിന്നെ മൂന്നോ നാലോ ദിവസം കഴിഞ്ഞു പ്രസവമെടുത്ത വീട്ടിൽ പോയി പത്തിടങ്ങഴി നെല്ല് ഈറ്റ് കൂലി വാങ്ങിച്ചു. സമുദായത്തിൽ താഴ്ന്നവർക്ക് അയിത്തം ഉണ്ടായിരുന്ന കാലത്തും ചിറക്കൽ തമ്പുരാന് പോലും തച്ചു മന്ത്രം കഴിച്ചു തലയിൽ അരിയിടാൻ തങ്ങൾക്ക് കഴിഞ്ഞിരുന്നതായി മലികൾ പറയുന്നു.

ഭൈരവൻ

കണ്ണേർ ദോഷം തീർക്കാനും നൂല് മന്ത്രിക്കാനും തച്ചു മന്ത്രം കഴിക്കാനും കോതാമൂരി പാട്ട് പാടാനും മലയനും മലിയും ഒരുപോലെ പഠിച്ചു. മലയനു തെയ്യം തന്റെ പ്രധാന കർമ്മ മേഖലയായപ്പോൾ മലിക്ക് പേറെടുപ്പ് പ്രാധാന്യമേറിയതായി. കൂടുതൽ ആളുകളുടെയോ വീട് മറ്റു വസ്തുക്കളുടെയോ കണ്ണേർ ദോഷം തീർക്കാൻ കണ്ണേർ പാട്ട് പാടിയും വ്യക്തികളുടെ കണ്ണേർ തീർക്കാൻ തച്ചു മന്ത്രം കഴിച്ചും മലിയും മലയൻ പണിക്കരുടെ കൂടെ ചേർന്നു. നിറനാഴി വച്ച്, കളം വരച്ച് നാക്കില പൂക്കില വെള്ളരി വെറ്റില വച്ച് പച്ചക്കായയും കരിനെച്ചിലും പൂക്കുലയുടെ അല്ലികളും ചെന്നാർ വള്ളി തണ്ട് ചേർത്ത് കെട്ടിയ കരിനെച്ചിൽ കൊണ്ട് കണ്ണേറുള്ളയാളെ പതുക്കെ തല്ലി തച്ചു മന്ത്രം കഴിച്ചു. ശേഷം മറികൊത്തിയ തേങ്ങ നോക്കി ലക്ഷണം പറഞ്ഞു. നാല്പതോളം വർഷങ്ങൾക്ക് മുൻപാണ് ഒരു വീട്ടിൽ അവസാനമായി താൻ കണ്ണേർ പാട്ട് നടത്തിയതെന്ന് ചെറിയക്കുട്ടിയമ്മ ഓർക്കുന്നു. മാടായി കാവിൽ നടക്കുന്ന കോതാമൂരി പാട്ടിൽ പാറുവമ്മ ഇപ്പോഴും പങ്കെടുക്കാറുണ്ട്. പതിനാറാം വയസ്സ് മുതലാണ് പാറുവമ്മ സ്വന്തമായി പ്രസവം എടുക്കാൻ തുടങ്ങിയത്. ഇപ്പോൾ വയസ്സ് 80 കഴിഞ്ഞു. പത്തു നാൽപ്പത് കൊല്ലം വയറ്റാട്ടിയായി. എണ്ണമില്ലാത്ത അത്രയും കുഞ്ഞുങ്ങളുടെ പേറ്റിച്ചിയായി. അതിനിടയിൽ സ്വന്തം മക്കളുടെ പ്രസവവും എടുത്തു. കോതാമൂരി പാട്ടും കണ്ണേർ പാട്ടും പാടി. തച്ചു മന്ത്രം കഴിച്ചു. തോറ്റം ചൊല്ലി. മറവിയിലേക്ക് പൊയ്‌ക്കൊണ്ടിരിക്കുന്ന പാരമ്പര്യ ശീലങ്ങളെ അത്യാവശ്യം മക്കളെ പഠിപ്പിച്ചു. അതിന്റെ ചാരിതാർത്ഥ്യമുണ്ടെങ്കിലും ഇനിയുള്ള കാലത്ത് ഇതൊന്നും നില നിൽക്കുമെന്ന് പാറുവമ്മയ്ക്ക് തീരെ പ്രതീക്ഷയില്ല.

സർക്കാർ ആശുപത്രികൾ വന്നതിനു ശേഷവും ചിലർ കുറച്ചു കാലം കൂടി പേറ്റിച്ചിമാരെ തേടി പോയി. ആവശ്യമില്ലാത്തതു‌കൊണ്ട് തന്നെ തുച്ഛമായ കൂലി കിട്ടിയിരുന്ന പാരമ്പര്യമായ പേറെടുപ്പ് പുതിയ തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടില്ല.

സർക്കാർ വക ആശുപത്രികൾ സ്ഥാപിക്കപ്പെട്ടു കഴിഞ്ഞപ്പോൾ പേറ്റിച്ചികളിൽ ചിലർ അറ്റൻഡർ ആയി നിയമിക്കപ്പെട്ടു. അങ്ങനെ നിയമിക്കപ്പെട്ടവരിൽ ചെറിയക്കുട്ടിയമ്മയുണ്ടായിരുന്നു. പാറുവമ്മയ്ക്ക് നാടിനടുത്തുള്ള പാൽ സൊസൈറ്റിയിൽ ജോലി കിട്ടി. സർക്കാർ ആശുപത്രികൾ വന്നതിനു ശേഷവും ചിലർ കുറച്ചു കാലം കൂടി പേറ്റിച്ചിമാരെ തേടി പോയി. ആവശ്യമില്ലാത്തതു‌കൊണ്ട് തന്നെ തുച്ഛമായ കൂലി കിട്ടിയിരുന്ന പാരമ്പര്യമായ പേറെടുപ്പ് പുതിയ തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടില്ല. ചിലവുള്ളതും കൂടുതൽ ആളുകളെ ആവശ്യമുള്ളതുമായ കണ്ണേർ പാട്ട് നിലച്ചു. തച്ചു മന്ത്രങ്ങൾ ചെയ്യുന്നത് ചിലർ മാത്രം ഇപ്പോഴും തുടരുന്നു. തെയ്യത്തിന്റെ ചെണ്ട ഉണരുമ്പോൾ എഴുന്നേൽക്കാൻ പറ്റുന്ന ആരോഗ്യമുള്ള വൃദ്ധരായ മലികൾ ചൂട്ടു കത്തിച്ചും തോറ്റം പാടിയും തെയ്യത്തിനു പിന്നാലെ ഇപ്പോഴും നടക്കുന്നുണ്ട്. സ്ത്രീ സാന്നിധ്യം എല്ലാ മേഖലകളിലേക്കും കൂടുതൽ എത്തുമ്പോൾ പാരമ്പര്യ കർമ്മങ്ങളിൽ നിന്നും മലികൾ പിറകോട്ടു പോയി. ഇനിയുള്ള തലമുറ നിങ്ങളെക്കുറിച്ച് പറഞ്ഞാൽ അത്ഭുതപ്പെടില്ലേ എന്ന് ചോദിച്ചപ്പോൾ കൈകളിലേക്ക് പിറന്നു വീണ കുഞ്ഞുങ്ങളുടെ നിഷ്‌കളങ്കമായ മുഖങ്ങൾ ഓർത്തിട്ടെന്നോണം വെറ്റിലക്കറ പുരണ്ട പല്ലുകളുമായി പാറുവമ്മ ചിരിച്ചു. സുഹൃത്തിന്റെ ക്യാമറ കണ്ണുകൾ അതിവേഗം കണ്ണടച്ച് തുറന്നു. മനസ്സിലും ക്യാമറയിലും പതിഞ്ഞ ചിത്രങ്ങളുമായി ഞങ്ങൾ ചിതറിവീണ വെയിലിനിടയിലൂടെ അടുത്തിലയിലെ കുന്നു കയറി.▮

Comments