തെയ്യം വിശ്വാസത്തിലധിഷ്ഠിതമായ അനുഷ്ഠാനമായിരിക്കുമ്പോഴും പല പ്രകാരങ്ങളിലുള്ള ആഖ്യാനവൈഭവങ്ങളാണ് അതിനെ വ്യത്യസ്തമാക്കുന്നത്. ദേശം, ചരിത്രം, ജീവിതം, ഋതുഭേദങ്ങൾ, തൊഴിൽ, കാർഷിക വിഭവങ്ങൾ എന്നിവയിൽ ആധാരമായി നിന്നുകൊണ്ടാണ് തെയ്യം സ്വയമൊരാഖ്യാനമായി അനുഷ്ഠാനത്തിന്റെ വഴികളിലൂടെ സഞ്ചരിക്കുന്നത്. ദേശകേന്ദ്രീകൃതമായ ഒരു നവ രാഷ്ട്രീയവ്യവസ്ഥയെ തെയ്യം അനുഷ്ഠാനത്തിനകത്ത് രൂപപ്പെടുത്തുന്നു എന്നതാണ് തെയ്യത്തിന്റെ ചരിത്രപരമായ പ്രാധാന്യം.
കളിയാട്ടമുറ്റത്തെ ആട്ടമാണ് തെയ്യത്തിൽ പൊതുവായി പ്രകടമാകുന്നത്. അപൂർവ്വം ചില തെയ്യങ്ങൾക്ക് ആട്ടത്തിനുമപ്പുറം വാചികാഭിനയത്തിന്, പറയുന്ന വാക്കുകൾക്ക് പ്രാധാന്യമുണ്ട്. ഉത്തര കേരളത്തിലെ അപൂർവ്വം കാവുകളിൽ കെട്ടിയാടുന്ന പലതരത്തിലുള്ള ഭൂതങ്ങൾ, പനിയൻ പോലുള്ള പൊറാട്ടുകോലങ്ങൾ ഇവയിലൊക്കെ ആട്ടത്തിനൊപ്പമോ അതിനു മുകളിലോ വാചികാഭിനയത്തിന് പ്രാധാന്യമുണ്ട്. ആട്ടവും പ്രത്യേക താളത്തിലുള്ള പറച്ചിലുകളുമായി ജനഹൃദയങ്ങളെ കീഴടക്കിയ തെയ്യങ്ങളാണ് പൊട്ടനും കാസർഗോഡൻ ഗ്രാമങ്ങളിൽ കെട്ടിയാടുന്ന കൊറഗജനും.
കൂത്തുപറയുന്ന ചാക്യാന്മാരെപ്പോലെ നമുക്കും ഒരു കൂത്തുകാരനുണ്ട്. കൂത്തുപറയുന്ന തെയ്യക്കാരൻ. മോഹനൻ പെരുവണ്ണാൻ നമ്മുടെ സ്വന്തം മോഹനേട്ടൻ.
സവിശേഷതയുള്ള പദ്യ- ഗദ്യ മിശ്രിതമായ പറച്ചിലുകളാണ് ഈ തെയ്യങ്ങളെ ഇത്രയേറെ ജനകീയമാക്കുന്നത്. പൊട്ടൻ്റെയും മുത്തപ്പൻ്റെയും ഫലിതോക്തികൾ അത്രയും പ്രധാനമാണ്. മേലേരിയുടെ ഉച്ചിയിലിരുന്ന് പൊട്ടനും ഉച്ചിട്ടയും പറയുന്ന മൊഴികളുടെ പൊരുളുകൾ അത്രമേൽ ഗഹനതയുള്ളതാണ്. പ്രപഞ്ചസത്യത്തെയും ജീവിതത്തെയും കുറിച്ചുള്ള ഉൾക്കാഴ്ചകൾ പകർന്നു നൽകുന്നതാണ് ഇങ്ങനെയുള്ള തെയ്യങ്ങളുടെ വാക്കുരികൾ. പനിയൻ, ചങ്ങനും പൊങ്ങനും, മാപ്പിള പൊറാട്ട്, മായി ലോൻ പൊറാട്ട് തുടങ്ങിയ തെയ്യാനുഷ്ഠത്തിലെ പൊറാട്ടുകോലങ്ങൾ ആട്ടത്തിനൊപ്പം പറച്ചിലിനും പ്രാധാന്യം നൽകുന്നു. ഫലിതവും അശ്ലീലച്ചുവയുള്ള ഭാഷണങ്ങളും ചില സന്ദർഭങ്ങളിൽ കടന്നുവരുന്നു.
ആട്ടമില്ലാതെ പറച്ചിൽ മാത്രമുള്ള തെയ്യവുമുണ്ട്. അങ്ങനെയുള്ള വളരെ വ്യത്യസ്തമായ തെയ്യമാണ് വണ്ണാൻ കൂത്ത്. ഭാരതത്തിൻ്റെ സംസ്കൃത നാടക പാരമ്പര്യ രൂപങ്ങളിൽ അഗ്രിമസ്ഥാനത്ത് നിൽക്കുന്ന കൂടിയാട്ടം ചാക്യാർകൂത്ത് പോലുള്ള രംഗകലകൾ ലോകപ്രശസ്തമാണല്ലോ. ഇരിഞ്ഞാലക്കുടയിലെ കൂത്തുപറയുന്ന ചാക്യാന്മാരെപ്പോലെ നമുക്കും ഒരു കൂത്തുകാരനുണ്ട്. കൂത്തുപറയുന്ന തെയ്യക്കാരൻ. മോഹനൻ പെരുവണ്ണാൻ നമ്മുടെ സ്വന്തം മോഹനേട്ടൻ.

പദ്യ- ഗദ്യ മിശ്രിതമായ പൗരാണിക പ്രസിദ്ധിയാർജിച്ച ചമ്പുക്കൾ ഹൃദിസ്ഥമാക്കി വിജ്ഞാനവും വ്യുത്പത്തിയും സമന്വയിച്ച് മോഹനേട്ടന്റെ കൂത്തുപറച്ചിൽ എന്ന മധുരഭാഷിതങ്ങൾ തെയ്യക്കാഴ്ചകളിലെ അനന്യതയാണ്. ഉത്തരമലബാറിന്റേതു മാത്രമായ കൂത്തിനെ കുറിച്ചോ കൂത്തുപറച്ചിലിനെ കുറിച്ചോ കൂത്തിൻ്റെ പാരമ്പര്യവഴക്കങ്ങളെക്കുറിച്ചോ വലിയ പഠനങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. മോഹനേട്ടന്റെ കുത്തിലെ വാഗ് വിലാസങ്ങളെ കുറിച്ചും അധികമൊന്നും പരാമർശങ്ങളോ അന്വേഷണങ്ങളോ പുറത്തുവന്നിട്ടില്ല.
വടക്കൻ കേരളത്തിലെ തെയ്യാനുഷ്ഠാനത്തിൽ വണ്ണാൻ കൂത്ത് പറയുന്ന അത്യപൂർവ്വം തെയ്യക്കാരിൽ ഒരാളാണ് മോഹനേട്ടൻ. കൂത്ത് നമ്മുടെ അനുഷ്ഠാനങ്ങളിൽ പല സന്ദർഭങ്ങളിലും കടന്നുവരുന്നുണ്ട്. പോയകാലത്ത് നമ്മുടെ നാട്ടിൽ ധാരാളം കൂത്തുത്സവങ്ങൾ നടന്നിട്ടുണ്ട് എന്നതിനെ തെയ്യാനുഷ്ഠാനങ്ങൾ സാധൂകരിക്കുന്നുണ്ട്. കൂത്തുപറയുന്നതും കൂത്തുത്സവം നടക്കുന്നതും പല തെയ്യങ്ങളുടെയും പുരാവൃത്തങ്ങളുടെ സവിശേഷതയാണ്. ഏറെ പ്രസിദ്ധമായ നീലകേശിപ്പാട്ടിൽ (ഗുണ്ടർട്ട് കണ്ടെത്തിയ പയ്യന്നൂർപാട്ട്) പയ്യന്നൂരിലെ കൂത്തു കാണാൻ വന്നപ്പോഴാണ് നീലകേശിയുടെ സഹോദരന്മാർ വധിക്കപ്പെടുന്നത്. ദേവക്കൂത്ത് എന്നപേരിൽ സ്ത്രീ കെട്ടിയാടുന്ന സവിശേഷമായ തെയ്യം ഉത്തരകേരളത്തിലുണ്ട്. കരിവെള്ളൂർ ശിവക്ഷേത്രത്തിൽ എല്ലാവർഷവും മത്തവിലാസം കൂത്ത് നടക്കുന്നുണ്ട്. സന്താനലബ്ധിക്ക് വേണ്ടിയുള്ള പ്രാർത്ഥനയായിട്ടാണ് പോയ കാലത്ത് കൂത്തുത്സവങ്ങൾ നടന്നിരുന്നത്.
നാട്ടിലിപ്പോൾ ചൂടും തെയ്യവും തിളച്ചു മറിയുകയാണ്. ഇന്ന് ഉച്ചയ്ക്ക് പയ്യന്നൂരിനടുത്ത് കുഞ്ഞിമങ്ങലത്ത് കതിവനൂർ വീരൻ തെയ്യം കാണാൻ പോയപ്പോഴാണ് വീണ്ടും മോഹനേട്ടന് കണ്ടത്. കതിവനൂർ വീരന്റെ അണിയറയിലെ സജീവ സാന്നിധ്യമാണ് മോഹനൻ പെരുവണ്ണാൻ. ഒരുപാടുനേരം മോഹനേട്ടനുമായി സംസാരിച്ചു. എങ്ങനെയാണ് താനൊരു കൂത്തുകാരനായതെന്ന് മോഹനേട്ടൻ ഉള്ളുതുറന്നു. തെയ്യത്തിൽ തനിക്ക് വഴി കാട്ടിയായ അച്ഛനെയും അച്ചാച്ചന്മാരെയും കുറിച്ച് മോഹനേട്ടൻ ആവേശത്തോടെ സംസാരിച്ചു. തെക്കുംകര കണ്ണൻ കർണ്ണമൂർത്തിയെന്ന ഇതിഹാസസമാനനായ തെയ്യക്കാരന്റെ അമ്മാവൻ തെക്കുംകര കുഞ്ഞമ്പു കരണമൂർത്തിയുടെ മകളുടെ മകനാണ് മോഹനൻ പെരുവണ്ണാൻ.

പഴയ തലമുറയിൽ പെട്ടവർക്ക് കുഞ്ഞമ്പു കരണമൂർത്തിയുടെ വീരേതിഹാസങ്ങൾ പറഞ്ഞാലും പറഞ്ഞാലും തീരില്ല. മോഹനേട്ടന്റെ അച്ഛൻ്റെ അച്ഛൻ വലിയ കലാകാരനും പഴയകാലത്തെ കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയുമായിരുന്നു. അച്ഛനായ രാമൻ പെരുവണ്ണാനിൽ നിന്നുമാണ് തെയ്യത്തിന്റെ ബാലപാഠങ്ങളും തെയ്യത്തിലെ അനുഷ്ഠാന വിധികളും ഹൃദിസ്ഥമാക്കിയത്. തെയ്യത്തിൽ ഗുരുനാഥന്മാർ ഉണ്ടാകുമ്പോഴും തെയ്യത്തിൻ്റെ സങ്കീർണ്ണമായ അനുഷ്ഠാന ഘടനകൾ സമ്പൂർണ്ണമായി പഠിച്ചെടുക്കുക എന്നത് സ്വപ്രയത്നത്തിലൂടെ മാത്രം സാധ്യമാകുന്നതാണ്.
എല്ലാ തെയ്യങ്ങളുടെയും അഭ്യസനവഴികൾ അങ്ങേയറ്റം കഠിനമാണെന്ന് മോഹനേട്ടൻ പറയുന്നു. തെയ്യാനുഷ്ഠാനത്തിൽ എളുപ്പപ്പണികൾ ഒന്നുമില്ല. അരങ്ങിൽ അവതരിച്ച് ഫലിപ്പിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ളതാണ് വണ്ണാൻ കൂത്ത്. കൂത്തുപറയുന്നതിന് അത്രയും അറിവും അനുഭവവും വിജ്ഞാനവും വ്യുത്പത്തിയും ആവശ്യമാണ്. കൃത്യസമയത്ത് ഓർമ്മശക്തി പ്രവർത്തിച്ചില്ലെങ്കിൽ കൂത്തുകാരൻ വലിയ പ്രതിസന്ധിയിൽ അകപ്പെടും. നിശ്ചിത സമയത്തിനകം കൂത്തുപറഞ്ഞ് ഫലിപ്പിക്കുക എന്നത് അത്ര എളുപ്പമല്ല.
തൻ്റെ ദീർഘകാലത്തെ പഠനത്തിലൂടെ കഠിനമായ പരിശീലനത്തിലൂടെ സ്വതസിദ്ധമായ ആഖ്യാന പാടവത്തിലൂടെയാണ് മോഹനൻ എന്ന തെയ്യക്കാരൻ വണ്ണാൻകൂത്തിൽ തന്റേതായ ശൈലി രൂപപ്പെടുത്തിയെടുത്തത്.
തലയിൽ തൊപ്പിച്ചമയം. ചെന്നിച്ചെറ്, കുട്ടിക്കാത്, കാതും കാതില, നാഗാടം, തലപ്പാളി, തലത്തണ്ട തുടങ്ങിയ ചമയഭംഗി. നാഗം താഴ്ത്തി എഴുത്തിലെ മുഖസൗന്ദര്യം. കഴുത്ത് കെട്ടിയും എയ്യരവും മെയ്യാ ഭരണങ്ങൾ. അരയിൽ കാണിമുണ്ടും ചോപ്പും. കയ്യിൽ ഓലക്കുടയും ചൂരൽ വടിയുമായി വണ്ണാൻത്ത് സവിശേഷമായ കാഴ്ചയാണ്.
കൂത്ത് പ്രത്യക്ഷത്തിൽ ഒരു തെയ്യം തന്നെയാണ്. അനുഷ്ഠാനവിശേഷം കൊണ്ടും വാക്ചാതുരിയിലെ അനന്യത കൊണ്ടും ചാക്യാർകൂത്ത് പോലെ തന്നെ പ്രാധാന്യമർഹിക്കുന്നതാണ് വണ്ണാൻകൂത്തും. പറച്ചിലും അഭിനയവും സംഗീതവും സമഞ്ജസമായി സമന്വയിക്കുന്ന അത്യപൂർവ്വമായ ഒരനുഷ്ഠാനവിശേഷമാണ് വണ്ണാൻ കൂത്ത്.

സുഗ്രീവസഖ്യത്തിലെ മാരീചവാക്യം, ശൂർപ്പണഖാപ്രലാപം, സീതാപഹരണം, കിരാതം, ബാണാസുരയുദ്ധം, കല്യാണസൗഗന്ധികം തുടങ്ങിയ ചമ്പുക്കളാണ് മോഹനേട്ടൻ വണ്ണാൻ കൂത്തായി അരങ്ങിൽ അവതരിപ്പിക്കുന്നത്. തന്നെ കൂത്തുപറയുന്ന തെയ്യക്കാരനാക്കി മാറ്റിയത് തെക്കുംകര കണ്ണൻ കർണ്ണമൂർത്തിയാണെന്ന് മോഹനേട്ടൻ അഭിമാനത്തോടെ പറയുന്നു. ചന്തേര മുച്ചിലോട്ട് പെരുങ്കളിയാട്ടത്തിലാണ് കർണ്ണമൂർത്തിയുടെ നിർദ്ദേശപ്രകാരം നിർബന്ധപ്രകാരം ആദ്യമായി കിരാതം കൂത്ത് പറയുന്നത്. തുടർന്നിങ്ങോട്ട് കൂത്തുപറയുന്ന തെയ്യക്കാരനായി മോഹനേട്ടൻ കാവുകളിൽ നിന്നും കാവുകളിലേക്ക് സഞ്ചരിച്ചു. എത്രയോ മനുഷ്യർ തെയ്യത്തിലെ വ്യത്യസ്തമായ ഈ ഈ ആഖ്യാന വൈഭവം കണ്ടത്ഭുതപ്പെട്ടു.
ചില തെയ്യംകാണലുകൾ എന്നെന്നും ഓർമ്മിക്കപ്പെടുന്നത് ജീവിതത്തെ മറ്റൊന്നാക്കി മാറ്റുന്നത് അവിടെയുള്ള ചില തെയ്യക്കാരുടെ ആഴമുറ്റിയ സാമീപ്യങ്ങളിലൂടെയാണ്.
പദ്യ- ഗദ്യ മിശ്രിതമായ ഒട്ടനവധി ചമ്പുക്കൾ മുഴുവൻ കാണാപ്പാഠം പഠിച്ച് പ്രത്യേക വാഗ് ധോരണിയിലൂടെ അരങ്ങിൽ പകർന്നാടുന്നതാണ് വണ്ണാൻ കൂത്തിന്റെ അനുഷ്ഠാന ഘടനകൾ. പുതിയ കഥകൾ കൂത്തുരൂപത്തിൽ അവതരിപ്പിക്കുന്നതിന് ചമ്പുകൾ ലഭിക്കാതിരിക്കുന്നത് ഒരു കാരണമാണ്. നാട്ടിൽ അത്തരം കൃതികൾ ലഭിക്കുക എന്നത് എളുപ്പമല്ലല്ലോ. ഒരുകാലത്ത് സംസ്കൃതം അറിയുന്ന പണ്ഡിതന്മാർ മാത്രം കൈകാര്യം ചെയ്തിരുന്നതാണല്ലോ ചമ്പുക്കൾ.
പെരുങ്കളിയാട്ടം നടക്കുന്ന മുച്ചിലോട്ട് കാവുകളിൽ വണ്ണാൻ കൂത്ത് നിർബന്ധമാണ്. കൂത്തുപറയുന്ന തെയ്യക്കാരനും കൂടെ കുഞ്ഞിത്തെയ്യമായി പെൺകൂത്തുമുണ്ടാകും. ഉള്ളിൽ പഠിച്ചുറച്ച സംസ്കൃതത്തിലോ മണപ്രവാളത്തിലോ വിരചിതമായ ചമ്പു ഹൃദയാവർജ്ജകമാംവിധം ആഖ്യാനം ചെയ്ത് ഒരു കഥാകഥനം പൂർത്തിയാക്കുക എന്നതാണ് വണ്ണാൻ കൂത്തെന്ന അനുഷ്ഠാനം. പാട്ടും അഭിനയവും പറച്ചിലുമായി വണ്ണാൻ കുത്തിന് സമാനമായൊരു തെയ്യം മറ്റൊന്നില്ല.

തൻ്റെ ദീർഘകാലത്തെ പഠനത്തിലൂടെ കഠിനമായ പരിശീലനത്തിലൂടെ സ്വതസിദ്ധമായ ആഖ്യാന പാടവത്തിലൂടെയാണ് മോഹനൻ എന്ന തെയ്യക്കാരൻ വണ്ണാൻകൂത്തിൽ തന്റേതായ ശൈലി രൂപപ്പെടുത്തിയെടുത്തത്. തെയ്യത്തിലെ ദീർഘമായ ആഖ്യാനങ്ങളായ കതിവന്നൂർ വീരൻ, ബാലി, മുച്ചിലോട്ടു പോതി, പെരുമ്പുഴയച്ചൻ, കടാങ്കോട്ട് മാക്കം പോലെയുള്ള തെയ്യങ്ങളുടെ തോറ്റംപാട്ടുകൾ വള്ളി പുള്ളി വിസർഗ്ഗം തെറ്റാതെ ചൊല്ലുന്ന തെയ്യക്കാരനാണ് മോഹനേട്ടൻ.
പുതിയ തലമുറയിൽ പെട്ടവർ തെയ്യത്തിലെ ദീർഘമായ തോറ്റംപാട്ടുകളും വളരെ ആഴത്തിലുള്ള വ്യുത്പത്തിയും അഭ്യസിക്കാൻ തയ്യാറാകുന്നില്ല എന്നത് ഈ അനുഷ്ഠാനം നേരിടുന്ന വലിയ പ്രതിസന്ധിയാണ്. ദീർഘമായ തോറ്റംപാട്ടുകൾ അരങ്ങിൽ പാടി ഫലിപ്പിക്കാൻ പറ്റുന്ന തെയക്കാർ ഇന്ന് വിരലിലെണ്ണാവുന്നവർ മാത്രമേയുള്ളൂ.
മോഹനൻ പെരുവണ്ണാൻ സ്വന്തം മകനിലൂടെ വണ്ണാൻ കൂത്തിൻ്റെ പാരമ്പര്യത്തുടർച്ച നിലനിർത്തുകയാണ്. പോസ്റ്റ് ഗ്രാജ്വേഷൻ പഠനത്തിനുശേഷം കണ്ണൂർ യൂണിവേഴ്സിറ്റിയിൽ തെയ്യത്തിൽ ഗവേഷണം ചെയ്യുന്ന ശരത് വണ്ണാൻ കൂത്തിലെ പുതിയ വാഗ്ദാനമാണ്. സ്വന്തം അച്ഛനോടൊപ്പം വിവിധ തെയ്യക്കാവുകളിൽ സഞ്ചരിച്ച് തോറ്റംപാട്ടുകളും വിവിധ ആഖ്യാനങ്ങളും ശരത് പരിശീലിച്ചുവരുന്നു. ഈ കഴിഞ്ഞ മാക്കം തെയ്യത്തിൽ മാക്കത്തിന്റെ തോറ്റം പാട്ടുപാടുന്നതിൽ ശരത്തും ഉണ്ടായിരുന്നു. ശരീരികമായ ചില അസ്വസ്ഥതകൾ ഉണ്ടെങ്കിലും അണിയറയിലും തോറ്റംപാട്ടിലും സജീവമാണ്.
അച്ഛനോടൊപ്പം വണ്ണാൻകൂത്തിൽ പങ്കെടുത്ത് ഒറ്റയ്ക്ക് കൂത്തുപറയാവുന്ന പ്രാവീണ്യം ശരത് നേടിയെടുത്തിട്ടുണ്ട്. ഇപ്പോൾ കടന്നപ്പള്ളി മുച്ചിലോട്ട് കാവിൽ എല്ലാവർഷവും കുത്തു പറയുന്നത് ശരത്താണ്. അടുത്ത കളിയാട്ടത്തിൽ കിരാതം കഥ ശരത് വണ്ണാൻ കൂത്തായി അവതരിപ്പിക്കുന്നുണ്ട്

ചില തെയ്യംകാണലുകൾ എന്നെന്നും ഓർമ്മിക്കപ്പെടുന്നത് ജീവിതത്തെ മറ്റൊന്നാക്കി മാറ്റുന്നത് അവിടെയുള്ള ചില തെയ്യക്കാരുടെ ആഴമുറ്റിയ സാമീപ്യങ്ങളിലൂടെയാണ്. ചിലപ്പോൾ അവർ തെയ്യത്തെയും കടന്നുപോകുന്നു. മോഹനേട്ടൻ അണിയറയിലെ ജാഗ്രതയാണ്. തെയ്യങ്ങൾക്ക് ഉയിര് പകർന്ന് തന്നെ ഏൽപ്പിച്ച ഉത്തരവാദിത്തങ്ങൾ കൃത്യമായി അദ്ദേഹം നിറവേറ്റുന്നു. തെയ്യം കെട്ടുന്നവൻ മാത്രമല്ല തെയ്യക്കാരൻ.
തെയ്യം തെയ്യമായി ഉറഞ്ഞാടുന്നതിന് പിന്നിൽ ഇങ്ങനെയുള്ള ചില മനുഷ്യരുടെ നിതാന്തജാഗ്രതയുണ്ട്. പാട്ടായി പറച്ചിലായി വാദ്യമായി അണിയറപ്പണികളായി ഒരു സമ്പൂർണ്ണ തെയ്യം മനുഷ്യനായി മോഹനൻ പെരുവണ്ണാൻ ഇവിടെയുണ്ട്. അനുഷ്ഠാനത്തിലെ സങ്കേതങ്ങളെ സംബന്ധിച്ച് എന്ത് സംശയവും എപ്പോഴും മോഹനേട്ടനോട് ചോദിക്കാം. എല്ലാ സ്നേഹത്തോടെയും എല്ലാ സത്യസന്ധതയോടെയും മോഹനേട്ടൻ സംസാരിക്കുന്നു. തെയ്യംപോലെത്തന്നെ തെയ്യങ്ങൾക്ക് വഴികാട്ടിയായി ചില മനുഷ്യരുമുണ്ട്. അവരെ കാണാനും കേൾക്കാനും സാധിക്കുക എന്നത് വലിയ ഭാഗ്യമാണ്.

▮
മോഹനൻ പെരുവണ്ണാൻ തെയ്യങ്ങൾ:










