അന്നു മീനുകൾ ഉപ്പുവെള്ളം മാത്രം കുടിച്ചു

ചരിത്രത്തിന്റേയും ശാസ്ത്രത്തിന്റേയും ജീവിതാഘോഷമാണ് തെയ്യം. പക്ഷേ ഉത്തരമലബാറിന്റെ ഈടുറ്റ ഉറപ്പുറ്റ ജീവിതക്കാഴ്ച്ചകൾക്ക് അനുഷ്ഠാനിഷ്ഠകൾക്കപ്പുറത്തെ അസ്തിത്വം എന്താണ് എന്ന ഒരന്വേഷണമാണിത്​. ഭക്തിഭ്രാന്ത് വെന്തുതിളയ്ക്കുന്ന വെറും ആരാധനാലയങ്ങളായി കാവുകളെ പുനപ്രതിഷ്ഠിക്കുന്ന, കാവുകളുടെ ചരിത്രപശ്ചാത്തലത്തെയും പാരിസ്ഥിതിക ദർശനങ്ങളെയും കടുംവെട്ടിൽ കൊന്നു വീഴ്ത്തുന്ന ഒരു കാലത്ത്​ അടിസ്​ഥാന മനുഷ്യരിലൂടെ ഒരപൂർവ യാത്ര. അസ്രാളൻ തെയ്യത്തിന്റെ കഥയുടെ അവസാന ഭാഗം


ദേവമരക്കലവും ആയിറ്റിക്കാവും തലയിൽ ചൂടുന്നവർ

രിത്രം ഒരു കണ്ണുകെട്ടിക്കളിയാണല്ലോ. കുളങ്ങാട്ട് മലയും കുറുവാപ്പള്ളിയറയും ആയിറ്റികാവും പയ്യക്കാൽ കാവും ചരിത്രത്തിന്റേയും പുരാവസ്തുവകുപ്പിന്റേയും ഏത് ഭൂപടത്തിലാണിടം പിടിച്ചിരിക്കുന്നത്?. ആയിറ്റിപ്പോതിയെന്ന മീൻപെണ്ണിനെ തെയ്യരൂപത്തിൽ കണ്ടിട്ടുണ്ടോ?. തെക്കുംകര ബാബുകർണ്ണമൂർത്തിയെന്ന പെരുവണ്ണാന്റെ പെരുങ്കടലിൽ ചിറക് വിടർത്തുന്ന മത്സ്യകന്യയാണ് ആയിറ്റിപ്പോതി തെയ്യം. മീൻകണ്ണ് മിഴിച്ച് ചായില്യം ചോപ്പിച്ച ചെകിളപ്പൂക്കളുലർത്തി വാലിളക്കിക്കളിക്കുന്ന കടൽമീനിനെ പോലൊരു തെയ്യം.

തീയ്യൻ നായടുന്ന കുളങ്ങാട്ട് മലയും മോയോൻ മീൻപിടിക്കുന്ന ആവിനീരും വൈദേശികർ കപ്പലടുപ്പിക്കുന്ന ഏഴിൽമല തീരവും വെള്ളവയറൻ കടൽപ്പരുന്തുകൾ വട്ടമിട്ടുപറക്കുന്ന ഇടയിലെക്കാട്ടു കാവും സ്വപ്നം കണ്ട് മോഹിച്ച് വീടു വിട്ടിറങ്ങിയ കടൽ സഞ്ചാരിണി. സ്വയം കപ്പലായും കടലായും മീനായും മാറുന്ന അതിയാഥാർത്ഥ്യമായാണ് ആയിറ്റിപ്പോതിയെ കാർന്നോന്മാർ രൂപകൽപ്പന ചെയ്ത് നിർമ്മിച്ചെടുത്തിട്ടുള്ളത്. അസ്രാളൻ പാമരത്തിൽ പായകെട്ടി നിയന്ത്രിച്ച് തെക്കൻ കാറ്റിലാറാടി വന്ന ദേവമരക്കലമാണ് തെയ്യം മുടിയായി അണിയുന്നത്.

ഗുളികൻ തെയ്യം
ഗുളികൻ തെയ്യം

മേലാശാരി നിർമ്മിച്ച അതേ ദേവമരക്കലത്തിന്റെ ബാഹ്യരൂപമാണ് വലിയമുടിത്തെയ്യങ്ങൾ തലയിലേറ്റുന്നത്. പെരുങ്കളിയാട്ടത്തിലെ തെയ്യങ്ങളുടെ വലിയ മുടി നിർമാണം മരക്കലനിർമ്മാണം തന്നെയാണ്. നീലക്കടലാനകളും കടൽപ്പന്നികളും ഭീമൻസ്രാവുകളും പുള്ളിത്തെരണ്ടികളും പുളയ്ക്കുന്ന കടലാണ് ആടയായി വാരിച്ചിറ്റിയിരിക്കുന്നത്.

ചന്ദനമല്ല തീയ്യന്റെ കള്ളും മൊയോന്റെ മീനുമാണ് തെയ്യത്തിന്റെ ഗന്ധം. പറയൂ, കടലും കരയും മണക്കുന്ന തെയ്യം പോലെ മറ്റൊരു രൂപമുണ്ടോ

ആര്യരാജൻകൊടുത്ത നാന്തകവും ചേടകവും ചെറുപലിശയുമാണ് കയ്യിൽ ആയുധമായി അണിഞ്ഞിരിക്കുന്നത്. കൈതപ്പൂക്കൾ വിരിഞ്ഞ പൂഴിമണൽപ്പരപ്പിലാണ് നൃത്തം ചെയ്യുന്നത്. ചന്ദനമല്ല തീയ്യന്റെ കള്ളും മൊയോന്റെ മീനുമാണ് തെയ്യത്തിന്റെ ഗന്ധം. പറയൂ, കടലും കരയും മണക്കുന്ന തെയ്യം പോലെ മറ്റൊരു രൂപമുണ്ടോ. ആൺചങ്ങാതിയായ അസ്രാളൻ ഉറഞ്ഞാടി അട്ടഹസിച്ച് അരി വാരിയെറിഞ്ഞു കൊണ്ടാണ് തെയ്യത്തിന്റ തെങ്ങോളം വലുപ്പത്തിലുള്ള വലിയമുടി വെക്കുന്നത്. തുലാമേഘത്തിൽ നീരണിയുന്ന മരക്കലമുടിയുമായാടുന്ന തെയ്യം കുറേനേരം പടിഞ്ഞാറെ മാനം നോക്കി നിശ്ചലമായി നിൽക്കും. ആയിറ്റിപ്പോതിയുടെ നോട്ടത്തിലെ വേലിയേറ്റത്തിൽ കടൽ ഉലർന്നുയരും. ആയിറ്റിക്കാവിൽ ദേവി തണലിരുന്ന ഇലിപ്പയിലകളിൽ കാറ്റുപിടിക്കും. ഇനിയും പറഞ്ഞു മതിതീരാത്ത ജീവിതവുമായി കടലോളങ്ങൾ കുറുവാപ്പള്ളിയറയുടെ വെളുത്ത മണലിനെ തൊട്ടുനോക്കാനെത്തും.

ഇടയിലെക്കാടുപാട്ട്
ഇടയിലെക്കാടുപാട്ട്

കഥയല്ല ജീവിതമാണ്, ജീവിച്ചു തീർന്ന ജീവിതം വീണ്ടും പറയുമ്പോഴാണല്ലോ കഥയാകുന്നത്. എല്ലാ കഥകളും ജീവിച്ചു തീർന്ന ജീവിതങ്ങളാണ്. പടിഞ്ഞാറേക്ക് തുറന്നുപിടിച്ച ആയിറ്റിപ്പോതി തെയ്യത്തിന്റെ കണ്ണിൽനിന്നും തീവെള്ളമിറ്റി. പോയകാലത്തെ ഒരു കഥ ജീവിതത്തിലേക്ക് വഴിമാറുകയാണ്. വർഷങ്ങൾക്ക് മുമ്പ് ആയിറ്റിക്കാവിൽ കണ്ണിൽ വെടിയേറ്റ കിളി തെയ്യക്കാരനായ കർണ്ണമൂർത്തിയുടെ ദൈവമിഴികളിൽ ചിറകടിച്ച് കരഞ്ഞു. ദൈവങ്ങൾ മനുഷ്യരായി താനങ്ങളിൽ തണലിരിക്കുന്ന കാലം. മോത്തെഴുത്ത് മുഴുവൻ മായ്ച്ചുകളയാത്ത തെയ്യക്കാരന്റെ മീട് പോലെ പകലാകാശം. അവിടവിടെയായി ഒഴിഞ്ഞുപോയ മനേലയുടേയും ചായില്ല്യത്തിന്റേയും ശോണവർണ്ണങ്ങൾ. അതികാലത്ത് കലശവുമായി ആയിറ്റിക്കാവിലെത്തിയതായിരുന്നു മൂത്തേടത്തീയ്യനായ കലയക്കാരൻ. തെയ്യത്തെ ഉണർവിലും ഉടലിലും കൊണ്ടു നടക്കുന്ന തീയ്യക്കാർന്നോൻ. കാവിനുള്ളിൽ പ്രവേശിച്ച് കലശത്തറയിൽ കലശം വെച്ചു തൊഴുതു. കണ്ണു തുറന്ന് മുകളിലേക്ക് നോക്കിയപ്പോഴാണ് അസാധാരണ വലുപ്പത്തിലുള്ള കൊച്ചയെ വൻമരത്തിൽ കലയക്കാരൻ കണ്ടത്. നാട്ടിലെ പ്രമാണിയായിരുന്ന കലയക്കാരന് സ്വന്തമായി തോക്കുണ്ടായിരുന്നു. ഇതുവരെ കാണാത്ത വലുപ്പത്തിലുള്ള വയൽപ്പക്ഷിയെ കണ്ടപ്പോൾ കലയക്കാരനിൽ മോഹം പെരുത്തു. തറവാട്ടിലെത്തിയ കലയക്കാരൻ നിറച്ച തോക്കുമായി വീണ്ടും കാവിലെത്തി. വയൽപ്പക്ഷി കണ്ണുകൾ ആകാശത്തിലേക്ക് തുറന്ന് ഇലിപ്പമരത്തിൽ അതേ ഇരുപ്പാണ്. കലയക്കാരന് ഉന്നം തെറ്റിയില്ല. ഒറ്റ വെടിതന്നെ പക്ഷിയുടെ കണ്ണിൽ തറച്ചു. ആ നിനമിഷം പള്ളിയറയിൽ അഗ്നിബാധയുണ്ടായി. തെയ്യം അനുഷ്ഠാനവുമായി ബന്ധപ്പെട്ട് ആളുകൾ വളരെ സ്വകാര്യമായി മാത്രം പറയുന്ന ഒരു നാട്ടു പുരാവൃത്തമാണിത്. കണ്ണിൽ വെടയുണ്ട കയറി പിടഞ്ഞ അമ്മപ്പക്ഷി ആയിറ്റിപ്പോതിയായിരുന്നുവത്രെ. ഒരു തെയ്യത്തിന്റെ പ്രാദേശികപകർച്ചകൾ അങ്ങനെയാണ്. വെടികൊണ്ടു പിടഞ്ഞ അമ്മപ്പക്ഷിയുടെ സങ്കടത്തെ കുറുവാപ്പള്ളിയറയിലെ ആയിറ്റിപ്പോതി നിലയ്ക്കാത്ത പ്രകൃതിസ്‌നേഹമായി സ്വയം ഏറ്റുവാങ്ങുകയായിരുന്നു.

ആയിറ്റിപ്പോതിയുടെ രക്ഷകനും പടയാളിയും ആൺചങ്ങാതിയുമായ അസ്രാളൻ അതിരാവിലെ തെയ്യമായി അരങ്ങൊഴിഞ്ഞതിന് ശേഷം ഉച്ചയോടുകൂടിയാണ് ആയിറ്റിപ്പോതി വരുന്നത്. കൂടെ പുറങ്കാലൻ എന്ന കുളിയൻ തെയ്യവുമുണ്ടാകും. മരക്കലത്തിലെ മറ്റൊരു പടയാളിയാണ് ഭാഷയില്ലാത്തോനായ പുറങ്കാലൻ. ആയിറ്റിപ്പോതിയും പുറങ്കാലനും ഒരുമിച്ചാണിറങ്ങുന്നത്. തെയ്യം ഉറഞ്ഞ് പടിഞ്ഞാറ് ഭാഗത്തെത്തുമ്പോൾ ആർപ്പുവിളിക്കുന്ന കുട്ടികൾക്കും മുതിർന്നവർക്കുമൊപ്പം ആയിറ്റിക്കാവിലേക്ക് ഗുളികൻ ഓടും. പാടത്തിലൂടേയും കൈപ്പാടിലൂടെയുമുള്ള ഗുളികന്റെ ഓട്ടം കാണാൻ ജനങ്ങൾ വഴികളിലൊക്കെയുണ്ടാകും.

ആഗോളതാപനത്തിന്റേയും കാവുനശീകരണത്തിന്റേയും അത്യുഷ്ണകാലത്ത് തൊണ്ടപൊട്ടിപ്പറഞ്ഞ് തെയ്യം പങ്കുവെക്കുന്ന പാരിസ്ഥികാവബോധത്തെകാണാനുള്ള വിവരമൊന്നും ഇനിയും നമുക്കായിട്ടില്ല

കവ്വായിക്കായലിന്റെ തീരത്തുള്ള ആയിറ്റിക്കാവിൽ പ്രവേശിക്കുന്ന ഗുളികൻ നൂറ്റാണ്ടുകൾക്ക് മുമ്പ് ദേവിയിരുന്ന വൻമരത്തമണലിൽ വിശ്രമിക്കും. മരക്കലമിറങ്ങിയ കന്യയ്ക്ക് അഭയമരുളിയ ദേവവിപിനം മഴുവൻ ചുറ്റിനടന്നുകാണും. ദേവിക്ക് തണലൊരുക്കിയ കാട്ടുവള്ളിപ്പടർപ്പുകൾ പൊട്ടിച്ചെടുക്കും. തലയിലെ കുരുത്തോലച്ചമയത്തിൽ കാട്ടുവള്ളികളും ഇലകളും ചൂടിയാണ് ഗുളികൻ കാവിറങ്ങി തിരിച്ച് കുറുവാപ്പള്ളിയറയിലേക്കോടുന്നത്.

ഗുളികൻ തെയ്യം
ഗുളികൻ തെയ്യം

കുരുത്തോലച്ചമയത്തിൽ താനൂയലാടിയ കാടുമായി വരുന്ന നാട് കാക്കുന്ന ചങ്ങാതിയെ ആയറ്റിപ്പോതി എതിരേൽക്കും. ആയിറ്റിക്കാവിൽ കൂടിക്കണ്ട നൂറ്റാണ്ടുകൾക്കപ്പുറത്തെ കടൽക്കാറ്റും കാലവും ദേശവും വിശേഷങ്ങളും ഗുളികൻ ആയിറ്റിപ്പോതിയോട് ചൊല്ലിക്കെട്ടി വിശേഷിക്കുന്നത് തെയ്യത്തിലെ വികാരനിർഭരമായ ചടങ്ങാണ്. ആര്യക്കര നാടും ആര്യമരക്കലവും നൂറ്റെട്ടഴികളും അതിസാഹസികമായ തന്റെ പൂർവ്വകാലജീവിതവും ഭാഷയില്ലാത്തോന്റെ മുടിക്കാട്ടിൽ തെയ്യം വീണ്ടും കാണും. മരക്കലമുടിയേന്തിയ ആയിറ്റിപ്പോതിയും ആയിറ്റിക്കാവിനെ പൊട്ടിച്ചെടുത്ത് തലയിൽ ചൂടിയ ഗുളികനും തെയ്യത്തിലെ സമാനതകളില്ലാത്ത കാഴ്ച്ചയാണ്. ആഗോളതാപനത്തിന്റേയും കാവുനശീകരണത്തിന്റേയും അത്യുഷ്ണകാലത്ത് തൊണ്ടപൊട്ടിപ്പറഞ്ഞ് തെയ്യം പങ്കുവെക്കുന്ന പാരിസ്ഥികാവബോധത്തെകാണാനുള്ള വിവരമൊന്നും ഇനിയും നമുക്കായിട്ടില്ല. ചരിത്രത്തിന്റേയും ശാസ്ത്രത്തിന്റേയും ജീവിതാഘോഷമാണ് തെയ്യം. ചരിത്രത്തേക്കാൾ ബലപ്പെട്ട ജീവിതമാണ് ഇവിടെ പുരാവൃത്തമായി രൂപാന്തരപ്പെടുന്നത്. പക്ഷേ ഉത്തരമലബാറിന്റെ ഈടുറ്റ, ഉറപ്പുറ്റ ജീവിതക്കാഴ്ച്ചകൾക്ക് അനുഷ്ഠാനിഷ്ഠകൾക്കപ്പുറത്തെ അസ്തിത്വം എന്താണ്.
എന്തോ കുഴപ്പമുണ്ടന്ന് പേടിച്ച് ആരും ഇന്ന് ആയിറ്റിക്കാവിൽ പ്രവേശിക്കാറില്ല. പിന്നിട്ടുപോയ സംവത്സരങ്ങളുടെ മണ്ണും വെള്ളവും മണക്കുന്ന കാടിന്റെ അടുത്തുകൂടി പോകാൻ തന്നെ പേടിയാണ്. ഉപ്പുകാറ്റാഞ്ഞുവീശുന്ന ഈ മണൽപ്പരപ്പിൽ ഇങ്ങനെയൊരു കാവ് അതിശയമാണ്. എല്ലാ മാസസംക്രമങ്ങളിലും ഇന്നും കുളിച്ച് ശുദ്ധനായി വ്രതനിഷ്‌കർഷയോടെ മൂത്തേടത്തീയ്യൻ അതികാലത്ത് കാക്കയും മൻച്ചനും പുറത്തിറങ്ങുന്നതിന് മുമ്പ് തലയിൽ കലശവും കയ്യിൽ കിണ്ടിയുമായി പ്രിയപ്പെട്ട ദേവകന്യാവിനെ കാണാൻ പോകും. കാലത്തിന്റെ ആവർത്തനം പോലെ. വാക്കോടാകുന്ന കടലിന്റെ സാന്നിദ്ധ്യത്തിൽ ആര്യക്കെട്ടിൽ നിന്നും കപ്പലോടിച്ചു വന്ന് കാട്ടിലൊറ്റക്കിരിക്കുന്ന പെണ്ണാളെ കൂടിക്കാണും. ഇത് ചരിത്രമോ പുരാവൃത്തമോ അല്ല, ജീവിതമാണ്. പക്ഷേ കാവുകളെ നല്ല നടവരവുള്ള മൂലധന നിക്ഷേപകേന്ദ്രങ്ങളായി മാത്രം കാണുന്ന പുതുതലമുറയിലെ നടത്തിപ്പുകാർക്ക് തെയ്യത്തിന്റെ കഠിനജീവിതം ആരാണ് പറഞ്ഞുകൊടുക്കുക. ഇനി തെയ്യം സ്വയം തന്നെ സ്വന്തം ജീവിതം തീവെയിലിൽ പൊള്ളിപ്പറയുമ്പോൾ ആരാണ് അതിന് കാതോർക്കുക.

എന്തോ കുഴപ്പമുണ്ടന്ന് പേടിച്ച് ആരും ഇന്ന് ആയിറ്റിക്കാവിൽ പ്രവേശിക്കാറില്ല. പിന്നിട്ടുപോയ സംവത്സരങ്ങളുടെ മണ്ണും വെള്ളവും മണക്കുന്ന കാടിന്റെ അടുത്തുകൂടി പോകാൻ തന്നെ പേടിയാണ്

ഇന്നത്തെ കാവുസംരക്ഷകർ പണവും ദുരാഗ്രഹവും ആസക്തിയും നുരഞ്ഞുപൊന്തുന്ന, ഭക്തിഭ്രാന്ത് വെന്തുതിളയ്ക്കുന്ന വെറും ആരാധനാലയങ്ങളായി കാവുകളെ പുനഃപ്രതിഷ്ഠിക്കുന്നു. കാവുവെട്ടുമ്പേൾ അതിവിപുലമായ അതിന്റെ ചരിത്രപശ്ചാത്തലത്തെ, പാരിസ്ഥിതിക ദർശനങ്ങളെ കൂടിയാണ് കടുംവെട്ടിൽ കൊന്നു വീഴ്ത്തുന്നത്.

ആയിറ്റിപ്പോതിയുടെ മുടി
ആയിറ്റിപ്പോതിയുടെ മുടി

കാലം മാറി വരുമ്പോൾ അസ്രാളൻ തമ്പാച്ചിയുടെ അറുപത് വർഷക്കാലത്തെ ത്യാഗപൂർണ്ണമായ, വിട്ടുവീഴ്ച്ചകളില്ലാത്ത, ഒരു യോഗിക്കുപോലും സാധ്യമാകാത്ത ജീവിതത്തെ ആരാണ് മനസ്സിലാക്കുക. ഇതൊന്നും തിരിച്ചറിയാത്തവർ തെയ്യത്തെ കൂടിയ യുക്തിയും ബുദ്ധിയും ഉപയോഗിച്ച് എങ്ങനെയാകും വിലയിരുത്തുക. പുതുസമൂഹം തികഞ്ഞ മതചിന്തയോടെ മനുഷ്യജീവിതവുമായി ബന്ധപ്പെട്ട അനുഷ്ഠാനങ്ങൾ ആഘോഷിക്കുമ്പോൾ അതിൽ ഇല്ലാതായിക്കൊണ്ടിരിക്കുന്നത് അവരുടെ തന്നെ ഇന്നലകളാണ്. ആരും പറയാത്ത സ്വന്തം വംശചരിത്രം തെയ്യം വാചാലിലൂടെ പറയുമ്പോൾ പുറത്ത് സ്റ്റേജ് പരിപാടി തകർക്കുകയാണ്. പുറത്തെ ശബ്ദകോലാഹലത്തിനിടയിൽ ആര്യർനാട്ടിൽ നിന്നും മലനാടിന്റെ അതിരില്ലാഭംഗിയിലേക്കും മനുഷ്യന്റെ സങ്കടങ്ങളിലേക്കും ഉലകീഞ്ഞ ചരിത്രം പറയുമ്പോൾ അത് കേൾക്കാനാളില്ലാതെ തെയ്യം ഇന്നനുഭവിക്കുന്ന ദുഃഖം ആരോട് പറയും. പുറത്ത് ആഘോഷിച്ച് തിമിർക്കുന്ന ഒരു ജനതയെ പ്രാകൃത ജീവിതത്തിൽ നിന്ന്​ സാമൂഹിക ജീവിതത്തിലേക്ക് കൈപിടിച്ച് നടത്തിയ തെയ്യത്തിന്റെ മൊഴികളെ കാതടപ്പിക്കുന്ന ശബ്ദകോലാഹലം കഴുത്ത് ഞെരിച്ചു കൊല്ലുന്നു. കേൾക്കാൻ ആരുമില്ലെങ്കിലും അസ്രാളൻ തെയ്യത്തിനും വെളിച്ചപ്പാടൻ മൊയോനും സത്യം വിളിച്ചു പറയാതിരിക്കാനാകില്ലല്ലോ.

അമ്പാടി മൊയോൻ
അമ്പാടി മൊയോൻ

മാണിക്കോത്ത് വീട്ടിൽ കസേരയിലിരുന്ന് മൊയോൻ എൺപത് വർഷക്കാലെത്തെ തമ്പാച്ചിജീവിതം ഒരടുക്കും ചിട്ടയുമില്ലാതെ പറയുകയായിരുന്നു. അതു കേട്ട് ഒരു ജീവിതത്തെ ആവിഷ്‌ക്കരിക്കുമ്പോൾ വല്ലാതെ പതറിപ്പോകുന്നു, കൈവിറച്ചുപോകുന്നു. ചരിത്രത്തെ സംസ്‌കാരത്തെ മാറ്റിമറിച്ച് ഒരു സമുദായത്തെ മാറ്റത്തിന്റെ പുതുജീവിതത്തിലേക്ക് നയിച്ച ഒരു സാധാരണ മനുഷ്യന്റെ, അത്ര സാധാരണമല്ലാത്ത ജീവിതം അത്ഭുതാദരങ്ങളോടെ കേട്ടിരുന്നു. കാഞ്ഞങ്ങാട് നാട്ടിൽ കാവുമായും അനുഷ്ഠാനവുമായും ബന്ധപ്പെടുന്ന കുറച്ചാളുകൾക്ക് മാത്രം അറിയുന്നൊരാൾ. വ്യവസ്ഥാപിത മാധ്യമങ്ങൾക്ക് യാതൊരു വാർത്താ പ്രാധാന്യവുമില്ലാത്ത ഒരാൾ. മാണിക്കോത്തെ സാധാരണക്കാരനായ ഏത് മനുഷ്യനേയും പോലെ മീൻവിറ്റുജീവിക്കുന്ന ഒരു മത്സ്യത്തൊഴിലാളി. എഴുത്തും വായനയും പഠിക്കാത്ത താൻ അതിൽക്കവിഞ്ഞ് എന്തെങ്കിലുമാണെന്ന ചിന്ത ഒരിക്കലും അസ്രാളൻ തമ്പാച്ചിയെ ബാധിച്ചിരുന്നില്ല.

പുറത്ത് ആഘോഷിച്ച് തിമിർക്കുന്ന ഒരു ജനതയെ പ്രാകൃത ജീവിതത്തിൽ നിന്നും സാമൂഹിക ജീവിതത്തിലേക്ക് കൈപിടിച്ച് നടത്തിയ തെയ്യത്തിന്റെ മൊഴികളെ കാതടപ്പിക്കുന്ന ശബ്ദകോലാഹലം കഴുത്ത് ഞെരിച്ചു കൊല്ലുന്നു

ഒരു കാര്യം വ്യക്തമാണ്. നിയോഗവും ദൈവ ജീവിതവും തന്റെ തീരുമാനമായിരുന്നില്ല. താൻ പറയുന്നതിന്റെ യുക്തിയോ യുക്തിരാഹിത്യമോ ഒരിക്കലും തമ്പാച്ചി ആലോചിച്ചിരുന്നില്ല. പറയുന്ന സത്യത്തിൽ ജീവിക്കുന്നു. കടൽ കടന്നുവന്ന അസ്രാളനും മാണിക്കോത്തെ മീൻപണിക്കു പോകുന്ന അസ്രാളനും രണ്ടാണെന്ന് മൊയോൻ ഒരിക്കലും ആലോചിച്ചിട്ടില്ല. അസ്രാളൻ സംസാരിക്കുമ്പോൾ എല്ലാവർക്കും അത് തിരിയണമെന്നില്ല.

ഉത്തരമലബാറുകാർക്കുപോലും പിടുത്തം കിട്ടാത്ത അസ്രാളന്റെ ജീവിതത്തെ തുളുനാട്ടിനു പുറത്തുള്ള മുക്കുവർ എങ്ങനെ വായിക്കും. വേറൊരു നാട്ടിൽ ഇങ്ങനെയൊരു എഴുത്ത് വായിക്കാനുള്ള ഭാഷയുണ്ടോ. തെയ്യവും പാട്ടുത്സവവും അസ്രാളൻ തമ്പാച്ചിയും ദേവമരക്കലവും മരക്കലദേവതമാരും ഏതോ നോവൽപുസ്തകത്തിലെ കഥാപാത്രങ്ങളായേ അവർ കണക്കാക്കൂ. അതുമല്ലെങ്കിൽ ഒരു നാട്ടുപുരാവൃത്തിന്റെ മടുപ്പിക്കുന്ന, അമിതാലങ്കാരങ്ങൾ കുത്തിനിറച്ച ദീർഘമായ ആഖ്യാനം. എങ്കിലും ഒരു കാര്യം മൊയോർ സമ്മതിക്കുന്നു; കടൽ കടന്നുവന്ന തെയ്യങ്ങളാണ് ഞങ്ങളെ അന്തസ്സുള്ള മനുഷ്യരാക്കിയത്. ജാതിയെ തുടച്ചുമാറ്റിയത്. മരണത്തെ തമ്മാമിൽ കാണുന്ന പുറങ്കടലിൽ എല്ലുമുറിയെ പണിത ഞങ്ങളുടെ കഠിനാധ്വാനത്തെ തിരിച്ചറിഞ്ഞത്. വേദാന്തത്തിന്റേയും ഉപനിഷത്തിന്റേയും ഭഗവദ്ഗീതയുടേയും ദേവഗന്ധം നിറഞ്ഞ വഴിയല്ല ദൈവത്തിലേക്ക്, വിയർത്തൊഴുകുന്ന മനുഷ്യന്റെ തഴമ്പിച്ച കാലുകൾ നടന്നു തർത്ത വഴി കൂടിയുണ്ടെന്ന് ‘സംസ്​കൃത’​ ലോകത്തോട് ആത്മാഭിമാനത്തോടെ വെളിപ്പെടുത്തിയത് തെയ്യങ്ങൾ തന്നെയാണ്. തോട്ടിലും കായലിലും നീർക്കെട്ടുകളിലും മാത്രം വലവീശി ജീവിതം പിടിച്ചവരെ കടൽക്കെട്ടുകളിലടിഞ്ഞ ചേറിന്റെ മീൻസാമ്രാജ്യത്തിലേക്ക് ഓടം തുഴഞ്ഞു കൊണ്ടുപോയത് അസ്രാളൻ തമ്പാച്ചിയെ പോലുള്ള കടൽപ്പോരാളികളാണ്. കഥയൊന്നുമറിയില്ലെങ്കിലും അസ്രാളൻ തമ്പാച്ചി നടന്നു പോകുമ്പോൾ അനുസരണയുള്ള നായക്കുട്ടിയെ പോലെ ഒരു പെരുങ്കടൽ പിന്നാലെ പോകുന്നത് മൊയോർ അത്ഭുതത്തോടെ നോക്കി നിൽക്കും.

ദർശനം ദിരിശനം

ദർശനവും ദിരിശനവും ഒന്നല്ല. രണ്ടും രണ്ട് ജീവിതങ്ങളാണ്. തെയ്യത്തിന്റെ ദർശനമാണ് ദിരിശനം. അക്ഷരമറിയാത്ത അസ്രാളൻ വർത്താനം പറയുമ്പോൾ ദിരിശനം എന്ന അസംസ്‌കൃത വാക്ക് പലതവണ കടന്നുവരും. ദിരിശനത്തെ ദർശനമെന്ന് തിരുത്തിയെഴുതുമ്പോൾ അത് വേറെ ജീവിതവും വേറെ വ്യക്തിയുമാകും. ദർശനം അറിവും ദിരിശനമെന്നത് അറിവിനപ്പുറത്തെ അനുഭവവുമാകുന്നു. അക്ഷരമറിയാത്ത അന്തിത്തിരിയന്മാരും വെളിച്ചപ്പാടന്മാരും ഉപയോഗിക്കുന്ന വാക്കാണ് ദിരിശനം. ദർശനം എന്നു പറയാനുള്ള അറിവോ ദർശനമോ അവർക്കില്ല.

അസ്രാളൻ തമ്പാച്ചി നടന്നു പോകുമ്പോൾ അനുസരണയുള്ള നായക്കുട്ടിയെ പോലെ ഒരു പെരുങ്കടൽ പിന്നാലെ പോകുന്നത് മൊയോർ അത്ഭുതത്തോടെ നോക്കി നിൽക്കും

തുളുനാട്ടിലെ തമ്പാച്ചിമാരുടെ ജീവിതം ഈ ദർശനാനുഭവങ്ങളുടെ പുസ്തകമാണ്. ജീവിതത്തിലെ തികച്ചും അപ്രതീക്ഷിതമായ ഒരു സന്ദർഭത്തിൽ വെച്ചാണ് ദൈവത്തിന്റെയും മനുഷ്യന്റെയും വഴികൾ കൂട്ടിമുട്ടുന്നത്. ഒരു ദേശത്തിൽ നിന്ന്​ മറ്റൊരു ദേശത്തിലേക്കും ഒരു ഭാഷയിൽ നിന്ന്​മറ്റൊരു ഭാഷയിലേക്കുമുള്ള ശരീരത്തിന്റെ പദാനുപദ വിവർത്തനമാണ്. അതൊരു ദിശമാറിയൊഴുകലാണ്. മനുഷ്യന്റെ കാലുകളിലൂടെ ദൈവത്തിന്റെ വഴികൾ താണ്ടലാണ്. ഉത്തരമലബാറിൽ മാത്രം കാണുന്ന ദൈവനിയോഗത്തിന്റെ വേറിട്ട വഴിയാണ്.

അമ്പാടി മൊയോൻ കടപ്പുറത്ത്​
അമ്പാടി മൊയോൻ കടപ്പുറത്ത്​

അസ്രാളൻ തമ്പാച്ചി ആദ്യം ദൈവത്തിന്റെ ശബ്ദം കേൾക്കുന്നത് മാണിയാട്ട് വീട്ടിൽ പൂപോലെ നിലാവുതിർന്ന രാത്രിയിൽ ഓളുടെ ഒപ്പരം പായയിൽ കെടക്കുമ്പോഴാണ്. പിന്നെ കേൾക്കുന്നത് ആകാശം തുളച്ചുപോകുന്ന ഉരുപ്പ് മരത്തിൽ പടർന്ന കുരുമുളക് പറിക്കുമ്പോഴാണ്. കച്ചാൻ കാറ്റിൽ കുളിർത്ത് മാണിക്കോത്തെ വീട്ടിൽ മുറ്റത്ത് രാത്രിയിൽ കിടക്കുമ്പോഴും ദൈവം വന്നു വിളിച്ചു. അമ്പാടിയെ ദൈവം നേരിട്ട് ഇടനിലക്കാരില്ലാതെ മൂക്കുകയറിട്ട് തെളിച്ചു കൊണ്ടു പോകുകയായിരുന്നു. ജീവിതത്തോടുള്ള പൊയ്ത്തിൽ കടലിനേയും കിഴക്കൻ മലകളേയും തോൽപിച്ചു. വിദ്യയുടേയും അറിവിന്റേയും മറ്റൊരു ലോകമായിരുന്നു. സ്‌ക്കൂളിൽ പോയി ഒന്നും പഠിച്ചില്ല. കഷ്ടപ്പാടുള്ള കഠിനജീവിതം മാത്രമായിരുന്നു മുന്നിൽ. ദൈവത്തെക്കുറിച്ചൊരിക്കലും ചിന്തിച്ചില്ല. പക്ഷേ ദൈവനിയോഗത്തിന്റെ വഴികളെ തടഞ്ഞു നിർത്താൻ മനുഷ്യന് കഴിയില്ലല്ലോ. ആര്യക്കെട്ടിലെ കന്യാവിന്റെ തോഴൻ ഇങ്ങ് അതിഞ്ഞാൽ കടലിൽ വലയിളക്കാൻ പോകുന്ന മുക്കുവന്റെ മത്സ്യഗന്ധം തേടി വന്നത് ആരുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. തേളപ്പുറത്ത് അമ്പാടി മൊയോന്റെ ചാപ്പയിലേക്കുള്ള വഴി വില്ലാപുരത്ത് വീരന് കാണിച്ചു കൊടുത്തത് ആരാണ്. അതാണ് ദിരിശനത്തിന്റെ വഴി. ആ വഴിയാണ് തുളുനാട്ടിലെ മൊയോറുടെ അനുഷ്ഠാനജീവിതത്തിന് വെളിച്ചം പകരുന്നത്. ആത്മീയാചാര്യനായി അവർക്ക് കടലിലേക്ക് മാത്രമല്ല, ദൈവത്തിലേക്കുള്ള വഴിയും പറഞ്ഞു കൊടുക്കുന്നത് അസ്രാളൻ തമ്പാച്ചിയാണ്.
നമ്മുടെ പരിമിതമായ അറിവും യുക്തിചിന്തയുടെ പിടിവാശിയും കൊണ്ട് തമ്പാച്ചിയുടെ വഴികളെ കണ്ടെത്താനാകില്ല. ഒരു ജീവിതം മറ്റൊന്നായി മാറുന്നതിന്റെ രസതന്ത്രം എത്ര ആലോചിച്ചാലും നമുക്ക് പിടികിട്ടണമെന്നില്ല. മാണിക്കോത്ത് നിരത്തിലൂടെ കൂട്ടയും തലയിൽ വെച്ചു പോകുന്നത് വെറുമൊരു മൊയോനല്ല, ഉത്തരകേരളത്തിന്റെ ബദൽ ചരിത്രത്തെ നിർമിച്ചെടുത്ത മനുഷ്യനാണ്. പെടക്കുന്ന അയിലയോ മത്തിയോ മാത്രമല്ല, അസ്രാളന്റെ കൂട്ടയിൽ നല്ല പെടക്കുന്ന ദൈവവുമുണ്ട്. കരയിൽ ദൈവവും കടലിൽ മുകയനുമെന്ന ഉഭയജീവിതമാണ് അസ്രാളന്റേത്. അറുപത് കൊല്ലം മുമ്പാണ് മൊയോൻഅമ്പാടി അമ്പാടിയെന്ന വെളിച്ചപ്പാടൻ മൊയോനാകുന്നത്​, അസ്രാളൻ തമ്പാച്ചിയാകുന്നത്. എന്താണ് അസ്രാളൻ എന്നോ എന്താണ് മരക്കലമെന്നോ എന്താണ് പയ്യക്കാൽ കാവെന്നോ കുറുവാപ്പള്ളിറയെന്നോ ഒന്നുമറിയില്ല. ഇതിനു മുമ്പുണ്ടായിരുന്ന അസ്രാളൻ തമ്പാച്ചി മരിച്ചിട്ട് നാൽപത് കൊല്ലം കഴിഞ്ഞിരുന്നു. തേളപ്പുറത്ത് തറവാട്ടിലെ വാല്ല്യക്കാരിൽ അസ്രാളൻ ദൈവം ആവേശിച്ച് ദർശനപ്പെട്ട് വെട്ടിയുറഞ്ഞ് തൃക്കരിപ്പൂരിലെ പയ്യക്കാലിലെത്തി നർത്തനമാടിയാലേ വെളിച്ചപ്പാടനായി ആചാരപ്പെടുത്താനാകൂ. വെളിച്ചപ്പാടെന്ന ദൈവനിയോഗം സ്വയം തെരഞ്ഞെടുപ്പല്ല. ഒരു വ്യക്തിക്കതിൽ ഒന്നും ചെയ്യാനില്ല.

ഒരാൾക്ക് അസ്രാളൻ തമ്പാച്ചിയുടെ ജീവിതം പഠിച്ചെടുത്ത് ചെയ്യാനാകുന്ന ഒന്നല്ല. പയ്യക്കാൽ കാവിന്റെയും കുറുവാപ്പള്ളിയറയുടേയും വാതിൽ എങ്ങോട്ടാണെന്ന് പോലും എനിക്കറിയുമായിരുന്നില്ല. മാണിക്കോത്ത് നെരത്തും അതിഞ്ഞാൽ കടലും മാത്രേ അറിയൂ. പേക്കടം നാടോ തൃക്കരിപ്പൂർ നാടോ അറിയില്ല. ആയിറ്റിക്കാവിനെ കുറിച്ച് കേട്ടിട്ടുപോലുമില്ല. നിയോഗത്തിന്റെ കാലങ്ങളെ അമ്പാടി വെളിച്ചപ്പാടൻ ഓർത്തെടുക്കുന്നത് അങ്ങനെയാണ്. പക്ഷേ ഇന്ന് തമ്പാച്ചി ഈ നാട്ടിലെ മൊയോറുടെ ദൈവമാണ്.

മാണിക്കോത്ത് നിരത്തിലൂടെ കൂട്ടയും തലയിൽ വെച്ചു പോകുന്നത് വെറുമൊരു മൊയോനല്ല, ഉത്തരകേരളത്തിന്റെ ബദൽ ചരിത്രത്തെ നിർമ്മിച്ചെടുത്ത മനുഷ്യനാണ്

മൊയോറുടെ പതിനൊന്ന് താനങ്ങളിൽ വെച്ച് ഏറ്റവും പ്രാധാന്യമുള്ള തൃക്കരിപ്പൂർ പയ്യക്കാലിൽ മാത്രമാണ് അസ്രാളൻ ദൈവത്തിന് വെളിച്ചപ്പാടനുള്ളത്. അറുപത് വർഷത്തിലധികമായി തമ്പാച്ചി നിയോഗത്തിന്റെ പാതയിൽ തൃക്കരിപ്പൂരിലെ മൊയോറുടെ അനുഷ്ഠാന ജീവിതത്തിന്റെ അവിഭാജ്യഘടകമായിട്ട്.
തമ്പാച്ചിജീവിതം എന്നത് നിയോഗത്തിന്റെ ഏറ്റവും കഠനിമായ പാതയാണ്. നിലവിലുള്ള പാരമ്പര്യ പൗരോഹിത്യത്തിന് സങ്കൽപിക്കാൻ പോലും പറ്റാത്തതാണ് തമ്പാച്ചിമാരുടെ നിയോഗപ്പാടിന്റെ അറിവനുഭവങ്ങൾ. എൺപത് വർഷങ്ങൾക്കപ്പുറത്തെ കേരളീയജീവിതം തമ്പാച്ചിക്ക് പറയാനുണ്ട്. കൊടിയ ദാരിദ്ര്യത്തിന്റേയും കഷ്ടപ്പാടിന്റേയും വറുതിയുടേയും നാളുകളായിരുന്നു. എല്ലാവരും ദരിദ്രരും കഷ്ടതയനുഭവിക്കുന്നവരുമായിരുന്നു. സ്ഥിരവരുമാനമോ സാമ്പത്തിക ലാഭമോ ഒന്നുമില്ലാത്ത സമർപ്പിത ജീവിതമാണ് ഓരോ തമ്പാച്ചിമാരുടേതും. ഇത് പൗരോഹിത്യത്തിന്റേയും സന്യാസത്തിന്റേയും മറ്റൊരു ബദൽ മാർഗമാണ്. പരമമായ ദൈവത്തിലേക്ക് ഇങ്ങനേയും ഒരു വഴിയുണ്ടെന്ന് ജീവിച്ച് തെളിയിക്കലാണ്. ബ്രാഹ്മണ്യത്തിന്റേയും സന്യാസപാരമ്പര്യത്തിന്റേയും മഹത്തായ ഗുരുപരമ്പരകളും ഉപാസനകളും ഇവിടെ നിലനിൽക്കുന്നുണ്ട്. സവർണമായ എല്ലാ ആഭിജാത്യത്തോടും കൂടിയാണ് അത്തരം സന്യാസപരമ്പരകളും അതിലെ ദൈവങ്ങളും എല്ലാവിധ സുഖസൗകര്യങ്ങളോടെയും ജീവിക്കുന്നത്. വേദങ്ങളും ഉപനിഷത്തുക്കളും ശ്രുതിയും സ്മൃതിയും അതിന്റെ സർവ്വഗരിമയും അവർക്ക് താങ്ങായുണ്ട്. പക്ഷേ അസ്രാളൻ അക്ഷരമറിയാത്ത സന്യാസിയാണ്. കടലിൽ പോയി മീൻപിടിക്കുന്ന സന്യാസജീവിതമാണ് അസ്രാളന്റേത്. മിഥുനമാസത്തിലെ പേമാരിയിൽ നാലാളാഴത്തിൽ പടന്നപ്പൊഴയിൽ മുങ്ങി എളേക്ക വാരിയാണ് ദൈവത്തെ മുഖാമുഖം കണ്ടിട്ടുള്ളത്. ആറുമക്കളിൽ നാലുമക്കളും മുലക്കുഞ്ഞുങ്ങളായി മരിച്ച ദുഖത്തിലും ദൈവത്തിന്റെ സന്ദേശങ്ങൾ വായിച്ചു. പാട്ടും പൂരവും കഴിഞ്ഞാൽ ഓളും മക്കളും പട്ടിണിയാകുമല്ലോ. കടലിൽ പോകാനും കഴിയില്ല. ഹൃദയത്തിന്റെ പള്ളിയറകളിൽ ദൈവത്തെ പാടിക്കൂട്ടി കൈക്കോട്ടും കോടാലിയുമായി കേക്ക് കൊടക്മലയിലേക്ക് നടന്നു. ദൈവത്തിലേക്ക് കാട്ടിലൂടേയും മലയിലൂടേയും കടലിലൂടേയും എത്താം എന്ന് തമ്പാച്ചി ചിരിച്ചുകൊണ്ട് മുറുക്കിത്തുപ്പി. ഇവിടെ ഈശാവാസ്യവും കഠവും കേനവും മാൺഡൂക്യവുമൊന്നുമില്ല. ഗീതയില്ല ഗായത്രിയില്ല. ദൈവാനുഭവമെന്നത് കഷ്ടതകൾ നിറഞ്ഞ ജീവിതം വെന്തുതിളക്കുന്ന കാടും കടലും മാത്രം. അതിനും മീതെയല്ലല്ലോ വേദങ്ങളും പുരാണങ്ങളും ഉപനിഷത്തുക്കളും ശ്രുതിയും സ്മൃതിയും.

അമ്പാടി മനോഹരമായതൊക്ക ഇരുപത്തിയേഴ് വയസ്സിൽ ഉപേക്ഷിച്ചു. കുപ്പായമൂരിയെറിഞ്ഞിട്ട് അറുപതിലേറെ വർഷമായി. കുപ്പായക്കൂടുകളിൽ നിന്നും ദൈവങ്ങൾക്കാവേശിക്കാൻ ശരീരത്തെ തുറന്നിട്ടു. ദൈവത്തെ സ്വീകരിക്കുന്നതിനായി കാറ്റും മഴയും വെയിലും കൊണ്ട് പാകപ്പെട്ട ശരീരത്തെ ഒരുക്കി നിർത്തി.

സവർണ്ണമായ എല്ലാ ആഭിജാത്യത്തോടും കൂടിയാണ് സന്യാസപരമ്പരകളും അതിലെ ദൈവങ്ങളും ജീവിക്കുന്നത്. പക്ഷേ അസ്രാളൻ അക്ഷരമറിയാത്ത സന്യാസിയാണ്. കടലിൽ പോയി മീൻപിടിക്കുന്ന സന്യാസജീവിതമാണ് അസ്രാളന്റേത്

ശരീരത്തിന്റെ ആവശ്യങ്ങളെ യോഗയുടെ കഠിനമാർഗ്ഗങ്ങളിലൂടെ പിടിച്ചു കെട്ടേണ്ടുന്ന ഉപാസന മാർഗങ്ങളൊന്നും ഇവിടെ ഇല്ല. മനുഷ്യന്റെ ആവശ്യത്തേയും അനാവശ്യത്തേയും തിരിച്ചറിയുക എന്നതാണ് ഒരു തമ്പാച്ചി ജീവിതത്തിന്റെ ധർമം. ദിരിശനം വന്ന ആൾക്ക് വിവാഹം കഴിക്കാം. രതി അനുഭവിക്കാം. മീനും ഇറച്ചിയും കഴിക്കാം. പണിക്കുപോകാം. ഇതൊക്കെ ജീവിതത്തിലെ ഒഴിച്ചുകൂടനാകാത്ത കാര്യങ്ങളാണല്ലോ.
നിറമുള്ള വസ്ത്രങ്ങളൊക്കെ ഉപേക്ഷിച്ചു. ഒരൊറ്റമുണ്ടു മാത്രമുടുത്തു. ഒരു തുണിക്കടയും ഇന്നോളം മോഹിപ്പിച്ചിട്ടില്ല. അറുപത് വർഷക്കാലമായി ചെരിപ്പില്ലാതെ ജീവിതത്തിന്റെ ഏരത്തേക്കും താഴത്തേക്കും നടന്നു. അരയോളം പനങ്കുല പോലെ മുടി തഴച്ചു. പടന്നപ്പൊഴയിൽ എളേക്ക വാരുമ്പോ കുടുമക്കെട്ടഴിഞ്ഞ് മുടി ഉലർന്നു. കുപ്പായമിടാത്ത പെണ്ണ് എളേക്ക വാരുന്നത് കാണാൻ പൊഴക്കരയിൽ ആണ്ങ്ങ ഒളിഞ്ഞുനോക്കാൻ വന്നു. തമ്പാച്ചി ചിരിച്ചു കൊണ്ട് പറഞ്ഞു. രാജപുരത്ത് യശ്മാന്റെ വീട്ടുകൂടലിന് പോകുമ്പോ പാറക്ക് പറങ്കിമാവിന്റെ കാട് കൊത്തുന്ന പെണ്ണ്ങ്ങ മുടി കണ്ടിറ്റ് സുയിപ്പാക്കി. ഒരിക്ക ഗുരുവായൂര് പോയിനി. ആട്ന്ന് മലമ്പുഴ കാണാനും പോയി. ബസ്സ് കേറിയപ്പോ തച്ചോളി ഒതേനന്റെ ആൾക്കാർ ഇനീണ്ടോ എന്ന് പറഞ്ഞ് മലമ്പുഴ ബസ്സിലുള്ളവർ ചിരിച്ചു. മാണിക്കോത്തേക്ക് തിരിച്ചു വന്ന് കാത്യൻ കോരനെ വിളിച്ചു. കോരാ കുടുമ ഇനി വേണ്ട. അതെടുത്തോ. തമ്പാച്ചി ചിരിച്ചു. ഞങ്ങളെ മൊയോറെ തമ്പാച്ചിക്ക് തീയ്യന്മാറെ പോലെ മൊട്ടയടിക്കണ്ട. കുടുമ വേണമെങ്കിൽ വെക്കാം. കുടുമ പോയിട്ട് അത്രയൊന്നും ആയിട്ടില്ല. തമ്പാച്ചിയായവുക എന്നാൽ ഒരു മനുഷ്യൻ അയാളുടെ ശരീരത്തിലേക്ക് പൂർണ്ണമായും ചുരുങ്ങുക എന്നാണ്. പുറംലോകത്തുള്ള ഒരു പ്രലോഭനങ്ങളിലേക്കും ശരീരം പോകരുത്. കുപ്പായമില്ലാതെ വെറും ഒറ്റമുണ്ടുടുത്ത് മാത്രമേ എവിടേയും പോകാൻ പാടുള്ളു. പുറത്ത് നിന്നും ഒരു ഭക്ഷണവും കഴിക്കാൻ പാടില്ല. അത്യാവശ്യ ഘട്ടത്തിൽ മൊയോറുടെ വീട്ടിൽ നിന്നും എന്തങ്കിലും കഴിക്കാം. പുറത്ത് പണിക്ക് പോകാം. പക്ഷേ ഭക്ഷണം പുറത്തു നിന്നും പറ്റില്ല. ദൈവമായതിന് ശേഷം കൂടുതലും മീൻപണി മാത്രേ എടുത്തുള്ളു. മൊയോൻ മാറി വെളിച്ചപ്പാടൻ മൊയോനായിട്ടും മനുഷ്യനിൽ നിന്നും ദൈവമമായി മാറീട്ടും കഷ്ടപ്പാടിനും ദുരിതത്തിനും ഒരു കുറവുമുണ്ടായില്ല. കൂടിയതേയുള്ളു. നിയോഗം വന്നതിന് ശേഷം എതം പോലെ എന്ത് പണിയും ചെയ്യാൻ പറ്റാത്ത സ്ഥിതി വന്നില്ലേ. അതുകൊണ്ട് കടലിനെ മാത്രം ആശ്രയിച്ചു. അത്യാവശ്യം മാത്രം പുറത്ത് പണിക്ക് പോയി.

തമ്പാച്ചിയും ഭാര്യ പാറു മൊയിയും
തമ്പാച്ചിയും ഭാര്യ പാറു മൊയിയും

ദൈവം വീട്ടിൽ വന്ന് വിളിച്ചു കൊണ്ടുപോകുന്നതിനു മുമ്പ് ബീഡി വലിച്ചിരുന്നു. ഓറ് എടക്ക് കള്ളു കുടിച്ചിരുന്നു. ദേഷ്യം വന്നാ പിന്നെ ഒന്നും നോക്കൂല കയ്യിൽ കിട്ടിയതുകൊണ്ട് അടിക്കും. തമ്പാച്ചിയുടെ ഓള് പാറുമൊയി എടക്ക് കേറി പയമ തൊടങ്ങി. മാണിയാട്ട് എന്റെ വീട്ടിൽ കെടക്കുമ്പോ എല്ലാറും ഒർങ്ങിയോ എന്ന് ചോയിച്ചത് ഞാനും കേട്ടിനി. കൂറ്റ് കേട്ട് പുറത്തേക്ക് കീഞ്ഞപ്പോ ആരെയും കാണുന്നില്ല. ദൈവത്തെ ഞാൻ കണ്ടിട്ടുണ്ട്. ആ രൂപത്തെയല്ല. അതിന്റെ ശക്തിയെ അതിന്റെ സത്യത്തെ നേരിട്ട് അനുഭവിച്ചിട്ടുണ്ട്. ജീവിതം നീരൊഴുക്കിലൊലിച്ചു പോയപ്പോ എല്ലാ കഷ്ടപ്പാടിലും പിടിച്ചു നിൽക്കാനുള്ള ഒരേയൊരു പിടിവള്ളി ദൈവം തന്നെയായിരുന്നു. കാക്ക് ചൊറഞ്ഞ പാമ്പിനെ പോലെ ഉള്ളിൽ അസ്രാളൻ തമ്പാച്ചിയേയും കൊണ്ട് നടക്കുന്ന ഇവർ ഏടപ്പോയാലും ശെരിയാകുന്നില്ല. പണിക്ക് പോയടത്തൊന്നും നിൽക്കാനാകുന്നില്ല. മക്കളൊക്കെ മരിച്ചു പോകുന്നു. വല്ലാത്ത പരീക്ഷണം തന്നെയായിരുന്നു. മനസ്സിൽ ഒരുറച്ച വിശ്വാസമുണ്ടായിരുന്നു. എത്ര കഷ്ടപ്പാടാണെങ്കിലും ദൈവം കൈവിടില്ല എന്ന്. ഇന്നും ആ വിശ്വാസം കൂടെയുണ്ട്. ന്‌ലാവ് പൊടിയുന്ന രാത്രിയിൽ കൂടെക്കൂടിയ ദൈവമില്ലെങ്കിൽ ഇന്ന് ഈ ജീവിതം ഇങ്ങനെയാകുമായിരുന്നില്ല.

ഞാൻ കാണാൻ നല്ല പാങ്ങുള്ള പെണ്ണായിരുന്നു.. ഓറ് നല്ല കരിങ്കല്ലു പോലത്തെ മൻച്ചൻ. ദിരിശനപ്പെട്ട് കണ്ട ആരിക്കും മോത്ത് നോക്കാനാവൂല. പേടിയാകും. സാക്ഷാൽ അസ്രാളൻ പോലും ഓറെ കണ്ടാ പേടിച്ചോടും. അത്രക്കും രൂക്ഷതയാണ്

ഒരു ജീവിതത്തിൽ അനുഭവിക്കാവുന്ന കഷ്ടതകളൊക്കെ അനുഭവിച്ചു ആരെയും പഴിച്ചില്ല. ഓറ് ഉപ്പുവെള്ളത്തിലും ഞാൻ ചുള്ളിക്കരയിൽ പൊരിവെയിലത്തും നയിച്ചു. ദൈവം അധ്വാനിക്കുന്നവരുടെ കൂടെയാ ഉണ്ടാവുക. ദൈവത്തെ വിശ്വസിക്കുക എന്നാൽ സത്യം പ്രവർത്തിക്കുക എന്നാണ്. അല്ലാതെ പൈസ ഉണ്ടാക്കാനല്ല മൊയോൻ ദൈവത്തിന്റെ വഴി തെരഞ്ഞെടുത്തത്. പൈസ കയ്യിൽ നിന്നും നഷ്ടപ്പെടുക മാത്രമേ ഉണ്ടായിട്ടുള്ളു. അന്ന് കഷ്ടപ്പെടുത്തിയ ദൈവം തന്നെ ഇന്ന് സമാധാനം തന്നു. കഷ്ടപ്പാടുകളൊഴിഞ്ഞു. തൊണ്ണൂറ് വയസ്സിലും ഓറ് നല്ല ആരോഗ്യത്തോടെ തൃക്കരിപ്പൂരിൽ പോയി താനത്തെ കാര്യങ്ങൾ നിർവഹിക്കുന്നു. ചിട്ടയില്ലാതെ അലഞ്ഞ ജീവിതത്തിന് ഒരു ചിട്ടയുണ്ടാക്കിത്തന്നത് ദൈവമാണ്.

പാറു മൊയ്യി
പാറു മൊയ്യി

ചെറുപ്പത്തിൽ തന്നെ മംഗലം കഴിഞ്ഞു. നിയോഗപ്പെട്ട് ആചാരപ്പെടുമ്പോ നമ്മ രണ്ടാളും ചെറുപ്പണമാണ്. ഓറ് ഭയങ്കര കണിശക്കാരനായിരുന്നു. ആവശ്യത്തിൽ കൂടുതൽ ചിട്ടയായിരുന്നു. വെളിച്ചപ്പാടായതിന് ശേഷം ഒരുമിച്ചു കിടന്നിട്ടില്ല. കുട്ടികളൊക്കെയുണ്ടായിട്ടുണ്ട്. തമ്പാച്ചിയായാൽ കല്യാണം കഴിക്കുന്നതിനൊന്നും കുഴപ്പമില്ല. തൃക്കരിപ്പൂര് താനത്തേക്ക് പോകുമ്പോ കൂടോപ്പോകും. ഒപ്പരം പോകില്ല. ആദ്യം ഓറാണ് ഇറങ്ങുക. കുറേ അങ്ങെത്തിക്കഴിഞ്ഞാൽ ഞാനിറങ്ങും. അന്ന് ബസ്സില്ല. കാഞ്ഞങ്ങാട് നിന്ന്​രാവിലത്തെ ലോക്കലിന് പോകും. പരസ്പരം കാണാത്ത വിധത്തിൽ രണ്ട് ഭാഗത്തായി രിക്കും. പാട്ടും പൂരവും കൂടിയാ താനത്ത് താമസിക്കണം. അരിയും പരിപ്പും വെള്ളരിക്കയും പറങ്കീം കൊത്തമ്പാരിയുമായി കൂടെപ്പോകണം. അച്ചമ്മാർക്ക് ഭക്ഷണം കൊടുക്കണം. ഓളും പുരുവനും ഒരുമിച്ചിരുന്ന് അന്നത്തെ കാലത്ത് നിയോഗപ്പെട്ടവർ യാത്ര ചെയ്യാൻ പാടില്ല. മംഗലം കഴിഞ്ഞ ആണും പെണ്ണും ഒന്നിച്ച് പോകുന്ന പതിവ് പണ്ട് കുറവാണ്. ഞാൻ കാണാൻ നല്ല പാങ്ങുള്ള പെണ്ണായിരുന്നു. ഓറ് നല്ല കരിങ്കല്ലു പോലത്തെ മൻച്ചൻ. ദിരിശനപ്പെട്ട് കണ്ട ആരിക്കും മോത്ത് നോക്കാനാവൂല. പേടിയാകും. സാക്ഷാൽ അസ്രാളൻ പോലും ഓറെ കണ്ടാ പേടിച്ചോടും. അത്രക്കും രൂക്ഷതയാണ്. ആദ്യമൊക്കെ വലിയ ഓലക്കുടയും വടിയുമായി കുപ്പായമിടാതെ നടക്കുന്ന തമ്പാച്ചിയുടെ കൂടെപ്പോകുമ്പോ ചെറിയ നാണക്കേടൊക്കെ തോന്നിയിരുന്നു. പിന്നെ അതൊക്കെ പോയി. കാഞ്ഞങ്ങാട് വണ്ടിയറങ്ങി ഞാൻ നെരത്തുമ്മലേക്കൂടിയും ഇവറ് റെയിലിന്റെ ഏരത്തേക്കേൂടിയും രണ്ടും രണ്ട് വയിക്ക് വീട്ടിലേക്ക് നടക്കും. ഒപ്പരം നടന്നൂടാ.
പുരുവൻ ദൈവമായതിൽ ഒരിക്കലും സങ്കടപ്പെട്ടിട്ടില്ല. വീട്ടിൽ എപ്പോഴും കഷ്ടപ്പാടു തന്നെയായിരുന്നു. ദൈവത്തെ സ്വശരീരത്തിൽ തളച്ചതിന് ശേഷം തമ്പാച്ചിയുടെ ആധിയകന്നു. കേക്ക് കൊടക് മലകളിൽ പണിക്ക് പോകുന്നത് നിർത്തി. കടലിലെ പണി മാത്രമായി. കടലിൽ ഇന്നത്തെ പോലെ എപ്പോഴും മീൻ കിട്ടില്ല. ഓറ് സ്വന്തമായി ഓടൂം വലയും വാങ്ങി. ദൈവത്തിന്റെ വലയാണെന്ന് പറഞ്ഞിറ്റ് കാര്യമില്ല. മീനുണ്ടെങ്കിലേ കിട്ടൂ. പുരുവൻ പിടിക്കുന്ന മീൻ കാഞ്ഞങ്ങാടിന് കേക്ക് ചുള്ളിക്കരയിൽ കൊണ്ടു പോയി വിൽക്കും. മീൻകൂട്ട തലയിൽ വെച്ച് വീടുകൾ തോറും പോകും. മോന്തിയാവോളം പോകും. വീടുകളിൽ മീനുമായ് വരുന്ന മൊയ്യിയെ വീട്ടുകാർക്ക് വലിയ കാര്യമാണ്. തീയ്യറുടേയും നായന്മാരുടേയും വീടുകളാണ് കൂടുതലും. ഈ മീൻ തന്നെയാണ് ഇപ്പോഴും നമ്മളെ ജീവിപ്പിക്കുന്നത്. മീൻ വിറ്റിട്ടാണ് എല്ലാ കാര്യങ്ങളും നടത്തിയത്. ഓർക്ക് താനത്ത് നിന്നും അന്നത്തെ കാലത്ത് പൈശയൊന്നും കിട്ടൂല. അരിയും തേങ്ങയും കിട്ടും. വെളിച്ചപ്പാടന്മാർക്ക് ഇന്ന് പണം നേരത്തേ ബാങ്കിലിട്ടു കൊടുക്കുന്ന സമ്പ്രദായമൊക്കെയുണ്ട്. അന്ന് ഒന്നുമില്ല. എല്ലാം നമ്മൾ തന്നെ ചെയ്യണം. എനക്ക് എഴുപത് വയസ്സ് കഴിഞ്ഞു. രണ്ടു കൊല്ലം മുമ്പ് വരെ മീൻ വിൽക്കാൻ പോയി. ഇപ്പോ പോകാറില്ല. ഓറ് കടൽപ്പണി മതിയാക്കീട്ട് പത്ത് പതിനഞ്ച് വർഷം കഴിഞ്ഞു. നാല് മക്കൾ മരിച്ചു പോയി. രണ്ടാൺമക്കൾ ജീവിച്ചിരിപ്പുണ്ട്. ഓട്ടോറിക്ഷ ഓടിക്കുന്ന സുരേശന്റെ കൂടെെയാണ് താമസിക്കുന്നത്. ഇന്ന് സമാധാനമുണ്ട്. സന്തോഷമുണ്ട്. ഓർക്ക് തൊണ്ണൂറ് വയസ്സിനടുത്തായി പ്രായം.

പുരുവൻ ദൈവമായതിൽ ഒരിക്കലും സങ്കടപ്പെട്ടിട്ടില്ല. വീട്ടിൽ എപ്പോഴും കഷ്ടപ്പാടു തന്നെയായിരുന്നു. ദൈവത്തെ സ്വശരീരത്തിൽ തളച്ചതിന് ശേഷം തമ്പാച്ചിയുടെ ആധിയകന്നു

നല്ല ആരോഗ്യമുണ്ട്. എത്ര ദാരിദ്ര്യമാണെങ്കിലും താനത്തെ കാര്യങ്ങൾ മൊടക്കീട്ടില്ല. ജീവിതത്തിൽ അനുഭവിക്കാത്ത പ്രയാസങ്ങളില്ല. പക്ഷേ പൂപോലെ നിലാവുതിർന്ന രാത്രിയിൽ കേട്ട ആ ഒച്ച അതാണിവിടെവരെ വീഴാതെ എത്തിച്ചത് എന്ന ഉറപ്പുണ്ടായിരുന്നു. ആ ദൈവം നമ്മളെ കൈവിടില്ല, എത്ര കഷ്ടപ്പാടുകളിലും സത്യം കൈവിടാതെ ഞാങ്ങ മൊയോനും മൊയ്യിയും ജീവിച്ചു. പുരുവന്റെ ശരീരത്തിൽ ദൈവത്തെ തന്നതും എന്റെ കൂട്ടയിൽ മീൻ തന്നതും കടലാണ്. കടൽ സത്യമാണ്. കടലിൽ കളവില്ല. ആ സത്യമാണ് ദൈവവം. അതാണ് ഞങ്ങൾക്കിപ്പോഴും തുണ.

കടലിൽ പോയി മീൻ പിടിച്ച ഒരു മുക്കുവന്റെ ജീവിതം കഠിനമായ കർമ്മങ്ങളുടെ നൈരന്തര്യത്തിലൂടെ മറ്റൊന്നായി മാറുകയായിരുന്നു. മീൻപണിയെടുക്കുന്നവനും ദൈവത്തിലേക്ക് നേരിട്ടൊരു വഴിയുണ്ട് എന്നതിന്റെ ചരിത്രസാക്ഷ്യമാണ് തേളപ്പുറത്തമ്പാടിയുടെ ജീവിതം. ദൈവത്തെ സേവിക്കുക എന്നത് ഒരു പണിയും ചെയ്യാതെ മന്ത്രം ജപിക്കുകയോ സപ്രമഞ്ചത്തിലിരുന്ന് ഭക്തരെ ഉപദേശിക്കുകയോ അല്ല. അത് മണ്ണിൽ പണിയെടുത്തും കഷ്ടപ്പെട്ടും ഒരു മനുഷ്യൻ സ്വായത്തമാക്കുന്ന ജീവിതാവബോധമാണ്. ആ അറിവാണ് അമ്പാടി മൊയോന്റെ അനുഷ്ഠാന ജീവിതത്തിന്റെ അന്തസത്ത. മനുഷ്യന് ദൈവത്തിലേക്ക് യാതൊരു എളുപ്പവഴിയുമില്ലെന്ന് അസ്രാളൻ തമ്പാച്ചിയെന്ന ഈ ദൈവമനുഷ്യൻ പറയുന്നു. അമ്പാടിയുടെ ജീവിതത്തിൽ യോഗയോ ധ്യാനോ സംസ്‌കൃതമോ ഭഗവദ്ഗീതയോ ഉണ്ടായിട്ടില്ല. എഴുത്തറിയാത്തതു കൊണ്ട് ജീവിതത്തിൽ ഇന്നേ വരെ ഒരു ഗ്രന്ഥവും വായിച്ചില്ല. പകരം കടലിനേയും കാടിനേയും കായലിനേയും വായിച്ചു. അതു വായിക്കാനുളള ഭാഷ അമ്പാടി മൊയോനറിയുമായിരുന്നു. അതേ ഭാഷ ഉപയോഗിച്ച് മനുഷ്യന്റെ സങ്കടങ്ങളേയും വായിച്ചു. സുഖങ്ങൾക്കും ആസക്തികൾക്കും പിറകെ പായുന്ന മനുഷ്യന്റെ നിസ്സാരതയെ തിരിച്ചറിഞ്ഞു. ശരീരത്തെ നിരാകരിക്കുന്നതു കൊണ്ട് ശരീരത്തിന്റെ അധിക സുഖത്തെക്കുറിച്ചുള്ള ദുഃഖമോ ആസക്തിയോ അമ്പാടി മൊയോനെ ബാധിച്ചില്ല. നിലനിൽക്കണമെങ്കിൽ ഭക്ഷണം കഴിക്കണം. അത് ദൈവം തരില്ല. അതിനായി പണിയെടുക്കണം. കടലിൽ തീവെയിലുകൊണ്ട് ഉപ്പുകാറ്റിൽ ദ്രവിച്ച് കരുവാളിച്ച് തണ്ടുവലിക്കണം. ദൈവത്തെ ഒരു വളർത്തുമൃഗത്തെയെന്ന പോലെ തുടലിൽ പൂട്ടി കൂടെക്കൊണ്ടു നടന്നു. ദൈവം അനുസരണയോടെ വാലാട്ടി അമ്പാടി മൊയോന്റെ പിന്നാലെ നടന്നു. ആദ്യം അമ്പാടിയെ ദൈവം കീഴടക്കി. പിന്നെ ദൈവത്തെ അമ്പാടി കീഴടക്കി.
ആർഷഭാരതം മുന്നോട്ടു വെക്കുന്ന എല്ലാ പാരമ്പര്യ ദൈവവിചാരത്തിനും ദാർശനീക ചിന്തകൾക്കും അപ്രാപ്യവും അജ്ഞാതവുമാണ് അമ്പാടി മൊയോന്റെ ദിരിശനജീവിതം. അദ്വൈതവേദാന്തം പറയുന്ന ശങ്കരനെയോ ഈശാവാസ്യമിദം സർവ്വം എന്ന ഉപനിഷദ് സൂക്തം ചൊല്ലിപ്പഠിപ്പിക്കുന്ന ആചാര്യന്മാരേയോ മീൻപണിക്കും റോഡ്പണിക്കും ഹോട്ടൽ പണിക്കും ഇടയിൽ ഒരിക്കലും കണ്ടുമുട്ടിയില്ല. അങ്ങനെയൊരു ദർശനത്തെ കുറിച്ച് കേട്ടുകേൾവി പോലുമില്ലായിരുന്നു. ദൈവത്തെ കുറിച്ച് പഠിപ്പിക്കാൻ ഒരു ഗുരുവും ഉണ്ടായിട്ടില്ല. മീൻപണി എടുക്കുന്ന ഒരാൾക്ക് നടന്നെത്താവുന്ന ദൂരത്തായിരുന്നില്ലല്ലോ ഭാരതഭൂമിയിലെ ആഢ്യദൈവങ്ങൾ. പാഠാലയത്തിലെ വിദ്യ അഭ്യസിച്ചിട്ടില്ലാത്തതിനാൽ പൗരാണിക ദൈവസങ്കൽപങ്ങളൊന്നെും അമ്പാടിയെ ബുദ്ധിമുട്ടിച്ചില്ല. ദൈവത്തെ സ്വശരീരത്തിൽ കൊണ്ടു നടന്നിട്ടും അമ്പാടി താൻ ദൈവത്തിന്റെ വഴിയിലാണെന്ന ചിന്ത കൊണ്ടു നടന്നിരുന്നില്ല. ദൈവം മൊയോന് മറ്റാർക്കും പകുത്ത് കൊടുക്കാനാത്ത സ്വകാര്യതയാണ്. ലവണവാതത്തിൽ ദ്രവിച്ചടർന്ന ആ ജീവിതത്തിന്റെ എല്ലാ ഏടുകളും വായിച്ചെടുക്കുക എളുപ്പമല്ല. അത് വായിക്കാനുള്ള ലിപിവിജ്ഞാനീയം നിലവിലില്ല. ലിപിയില്ലാത്ത ദേവഭാഷയിലെഴുതിയ മൊയോനെ വായിക്കാനറിയാത്ത നിരക്ഷരരായ മനുഷ്യരാണ് ചുറ്റും. മനുഷ്യനും ദൈവവും ചേർന്ന് കെട്ടിയ കടൽപ്പാട്ടാണീ മീൻപണിക്കാരൻ. ഇനിയും കേട്ടുതീർന്നിട്ടില്ലാത്ത ഈ പാട്ടിലെ വാക്കുകൾ മീനും നക്ഷത്രങ്ങളും മലയും മരങ്ങളുമാണ്.

അസ്രാളൻ തമ്പാച്ചിയുടെ കുടുംബം
അസ്രാളൻ തമ്പാച്ചിയുടെ കുടുംബം

ദൈവം തേളപ്പുറത്തമ്പാടി മൊയോന്റെ വീട്ടിലേക്കുള്ള വഴി ചോയിച്ച് ചോയിച്ച് വന്നതാണ്. അല്ലാതെ മൊയോൻ അങ്ങോട്ട് പോയതല്ല. സമ്മതം ചോദിച്ചിട്ടല്ല കുരുമൊളക് പറിക്കുന്ന മരത്തിൻമുകളിലേക്ക് അസ്രാളൻ ദൈവം ചാടിക്കയറിയത്.

മനുഷ്യനും ദൈവവും ചേർന്ന് കെട്ടിയ കടൽപ്പാട്ടാണീ മീൻപണിക്കാരൻ. ഇനിയും കേട്ടുതീർന്നിട്ടില്ലാത്ത ഈ പാട്ടിലെ വാക്കുകൾ മീനും നക്ഷത്രങ്ങളും മലയും മരങ്ങളുമാണ്

സമ്മതം ചോദിച്ചല്ല നിലാവിന്റെ ഓടം തുഴഞ്ഞ് വീരനായ കടൽപ്പോരാളി മൊയോന്റെ ശരീരത്തിൽ തിളച്ചു തൂവിയത്. ദൈവമാകുക എന്നത് അമ്പാടി മൊയോന്റെ തീരുമാനമല്ല. ഇതൊന്നും എനക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങളല്ല എന്നാണ് മൊയോൻ എപ്പോഴും പറയുന്നത്. എഴുത്ത് പഠിച്ചില്ല, ഗ്രന്ഥങ്ങൾ വായിച്ചില്ല, എന്നിട്ടും ഞാൻ നാല് നാട്ടിലെ കാര്യം നോക്ക്ന്ന്ണ്ട്. നാല് നാട് നടന്ന് ഭരിക്കുന്നുണ്ട്. തുളുനാടിന്റെ ആരും പറയാത്ത ആരും എഴുതാത്ത ചരിത്രവും പുരാവൃത്തവും അസ്രാളൻ തമ്പാച്ചിയെ പോലെ അറിയുന്നവരില്ല. ഒരു ദേശത്തിലെ ജാതി സമൂഹങ്ങൾ, അവരുടെ കുലവൃത്തി, ഇല്ലക്രമം, ഉത്പത്തി ആചാരപരമായി അവരെ എങ്ങിനെ വിളിക്കണം എന്നിങ്ങനെയുള്ള നാട്ടുവഴക്കങ്ങളുടെ അതിവിപുലമായ അറിവിന്റെ ഉടമയാണ് എഴുത്തറിയാത്ത തമ്പാച്ചി. ചരിത്രകാരന്മാർക്ക് ഇപ്പോഴും കൃത്യമായി രേഖപ്പെടുത്താനാകാത്ത തുളുനാട്ടിലെ മൊയോറുടെ പുരാവൃത്തവും ദൈവങ്ങളുടെ ചരിത്രവും കാവുകളുടെ ഉത്പത്തിയും അസ്രാളനറിയാം. ഉദിനൂർ കോവിലകത്തെ സ്വരൂപാചാരം മാത്രം വിശകലനം ചെയ്താൽ മനസ്സിലാക്കാനാകും തമ്പാച്ചിയുടെ അറിവിന്റെ ആഴം. എഴുത്തറിയാത്ത ഞാൻ കൂട്ടിയ ഇതൊന്നും കൂടില്ല. എനക്ക് ഒന്നുമാവില്ല. ഞൻ എത്രയോ നിസ്സാരൻ, ഈ ശരീരം കൊണ്ട് എന്താക്കാനാ. ഇതൊന്നും എന്റെ കഴിവല്ല. ഇതൊക്കെ ചെയ്യുന്നത് ഈ ശരീരമാണെന്ന് ഒരിക്കലും തോന്നീട്ടില്ല. അതിഞ്ഞാൽ കടലിൽ തണ്ടു വലിക്കുന്ന മൊയോൻ എന്താക്കാൻ. ഇതൊക്കെ നേരത്തെയുള്ള തീരുമാനങ്ങളാണ്. മനസ്സുപൊട്ടി സങ്കടപ്പെട്ട് വിളിച്ചാൽ വിളികേക്കുന്ന ദൈവമുണ്ട്. പണമോ പഠിപ്പോ പദവിയോ അല്ല അതിനുള്ള യോഗ്യത. അത് സത്യത്തെ മനസ്സിലാക്കലാണ്. നിങ്ങളുടെ അന്നത്തെ സത്യം കൈവെടിയാതെ കഷ്ടപ്പെട്ട് കണ്ടെത്തലാണ്. നിങ്ങൾ കണ്ടെത്തുന്ന സത്യമാണ് ദൈവത്തിന് നിങ്ങളിലേക്കുള്ള വഴി. മറ്റൊരു മായാജാലവുമില്ല. നിങ്ങളിലെ സത്യവഴി ദൈവം കണ്ടെത്തിക്കഴിഞ്ഞാൽ ബാക്കിയെല്ലാം മായക്കാർ നോക്കിക്കോളും. ഇതൊക്കെ മായക്കാരുടെ കളിയാ. ഞാൻ ഒന്നുമല്ല.
ദൈവമെന്നാൽ ഇന്ന് കാണുന്നതുപോലെ എളുപ്പത്തിലുള്ള, സുഖസൗകര്യങ്ങളുള്ള, പണവും പദവിയും പ്രതാപവുമുള്ള ഒരേർപ്പാടല്ല. അമ്പാടി മൊയോൻ കണ്ടെത്തിയ ദൈവം കഷ്ടതകൾ നിറഞ്ഞ കഠിനാധ്വാനത്തിന്റേതാണ്. ത്യാഗപൂർണമായ കർമങ്ങളുടെ നൈരന്തര്യം. ആവശ്യമില്ലാത്ത സുഖങ്ങളുടെ, സങ്കൽപങ്ങളുടെ, ആസക്തികളുടെ നിരാസമാണ്. ഏകാന്തഗുഹയിലെ ധ്യാനമല്ല. പൂജാപാത്രം മാറ്റി കീറിമുഷിഞ്ഞ വസ്ത്രവുമായി മനുഷ്യരോടൊത്ത് കർമവ്രതിയായി ചേർന്ന് വിയർത്തൊഴുകലാണ്. മറ്റുള്ളവർ വിലമതിക്കുന്നതൊന്നും അമ്പാടിക്കാവശ്യമില്ലായിരുന്നു. മുടി മുറിച്ചില്ല. കുപ്പായമിട്ടില്ല. ഹോട്ടലിൽ പോയി ഒരു ചായ പോലും കുടിച്ചില്ല. ഓളും മക്കളും പട്ടിണി കിടക്കാതിരിക്കാൻ ആവും പോലെയൊക്കെ നയിച്ചു. അങ്ങനെയാണ് മൊയോന്റെ കപ്പൽ ദൈവത്തിലേക്ക് പായ നിവർത്തിയോടിയത്. മറ്റൊരാൾക്കും സഞ്ചരിക്കാനാകാത്ത വഴികളിലൂടെ സഞ്ചരിച്ചു. അറിവുകളില്ല അനുഭവങ്ങൾ മാത്രമേയുള്ളുവെന്ന് ദർശനപ്പെട്ട് മൊഴി പറഞ്ഞു. ആ അനുഭവങ്ങളാണ് നിങ്ങളുടെ അറിവുകൾ. കിഴക്കൻ മലകളിൽ തണുത്ത് വിറച്ച് കരിങ്കൽ പാറനുറുക്കി റോഡ് പണിയെടുത്തും കടലാഴങ്ങളിൽ വലയെറിഞ്ഞും പഠിച്ച ജീവിതദർശനം വേദാന്തദർശനങ്ങൾക്കും എത്രയോ മോളിലായിരുന്നു. ചോരകുടിച്ചു വീർക്കുന്ന അട്ടകളുടെ ചതുപ്പിൽ കിടന്ന് ഒറ്റായാന്റെ ചിന്നംവിളികൾക്ക് കാതോർത്താണ് ഞാനും നീയും രണ്ടല്ല ഒന്നാണെന്ന വേദാന്തതത്വമറിഞ്ഞത്. ഭജനവും പൂജനവും ആരാധനയും നിർത്തി നിമീലിത ലോചനം തുറന്നു നോക്കൂ. ഇരുട്ടിൽ നീ ധ്യാനിക്കുന്ന ദൈവമവിടെയില്ല. കരിനിലമുഴുന്ന കർഷകരോടും വർഷം മുഴുവൻ പെരിയ കരിങ്കൽ പാറ നുറുക്കി വഴിയൊരുക്കുന്ന പണിയാളരോടും ഇരുകൈകളിലും മണ്ണുമായി ചേർന്നമരുന്നു ദൈവമെന്ന് യുഗപ്രഭാവനായ കവി എഴുതിയ കവിത വെറുതെയായില്ല.

മുടി മുറിച്ചില്ല. കുപ്പായമിട്ടില്ല. ഹോട്ടലിൽ പോയി ഒരു ചായ പോലും കുടിച്ചില്ല. ഓളും മക്കളും പട്ടിണി കിടക്കാതിരിക്കാൻ ആവും പോലെയൊക്കെ നയിച്ചു. അങ്ങനെയാണ് മൊയോന്റെ കപ്പൽ ദൈവത്തിലേക്ക് പായ നിവർത്തിയോടിയത്

തുളുനാട്ടിലെ മൊയോറ് ഇന്നനുഭവിക്കുന്ന സാമൂഹികമായ ഉന്നതിയിൽ അസ്രാളനെ പോലുള്ള ആത്മീയാചാര്യന്മാരുടെ ത്യാഗമുണ്ട്. മനുഷ്യനാകേണ്ടിടത്ത് മനുഷ്യനായും ദൈവമാകേണ്ടിടത്ത് ദൈവമായും ...ഈ ഇരട്ടജീവിതസൗഭാഗ്യം മറ്റ് മതാചാര്യന്മാർക്കോ പുരോഹിതന്മാർക്കോ ഉണ്ടാകില്ല. ഓരേ സമയം ദൈവമെന്ന കടലിലും മനുഷ്യനെന്ന കാട്ടിലും ജീവിക്കുന്ന ഉഭയജീവിതപ്രവാഹം. സന്യാസത്തിൽ പൂർവ്വാശ്രമമില്ലല്ലോ. അത് ചോദിക്കാൻ പോലും പാടില്ലല്ലോ. ഇവിടെ ദൈവം ശരീരത്തിൽ നിന്നിറങ്ങിക്കഴിഞ്ഞാൽ മനുഷ്യനെന്ന മണ്ണിൽ പണിയെടുക്കുന്ന തൊഴിലാളിയെന്ന പൂർവ്വാശ്രമത്തിലേക്ക് തന്നെയാണ് തിരിച്ചുപോകുന്നത്. മൊയോൻ എന്ന കീഴാളജാതിസ്വത്വത്തെ അഭിമാനപൂർവ്വം തന്നെയാണ് അസ്രാളൻ കൊടയും വടിയുമായി കൊണ്ടുനടക്കുന്നത്. ജാതിയെ സംസ്‌ക്കാരം കൊണ്ടും കഠിനാധ്വാനം കൊണ്ടുമാണ് കുടഞ്ഞെറിഞ്ഞത്. കേരളത്തിൽ ഇന്ന് മറ്റെവിടെയുമുള്ള മുക്കുവർക്ക് ഇങ്ങനെയെയൊരു ജാതിസ്വത്വമില്ല. ഉയർന്ന ജാതിക്കാരുടെ കാവിൽ ചെല്ലുമ്പോൾ കിട്ടുന്ന ബഹുമാനത്തിലൊന്നും ജാതി ഒരു തടസ്സമായി വരുന്നില്ല.

ജാതിഭേദത്തിന്റെ ഒരോർമ്മ അസ്രാളൻ പങ്കുവെച്ചതിങ്ങനെയാണ്: ഒരു ദിവസം ചുള്ളിക്കരയിലുള്ള നായരെശ്ശ്മാന്റെ വീട്ടിൽ പോയി. അവർക്കെന്നും മീൻ കൊടുക്കുന്നത് ഓള് പാറുവാണ്. ആ വീടുമായി നല്ല അടുപ്പമുണ്ട്. വൈകുന്നേരം ചുള്ളിക്കര പോയിട്ട് ചില്ലറ ആവശ്യങ്ങളുണ്ട്. അതുവരെ സമയം പോണല്ലോ അതിനാണ് കുഞ്ഞികൃഷ്ണൻ യശ്മാന്റെ വീട്ടിൽ പോയത്. കുറച്ച് നാട്ടുകാര്യങ്ങൾ പറയാലോ. ആചാരക്കാരനായ അസ്രാളൻമൊയോനെ കണ്ടപാടെ നായർക്ക് വലിയ സന്തോഷമായി. ഇറയത്തെ ചൂടിക്കട്ടിലിൽ കേറിയിരിക്കാൻ പറഞ്ഞു. കട്ടിലിലിരുന്ന് മുറുക്കി കിസ പറയാൻ തുടങ്ങി. ഇതും കണ്ടുകൊണ്ടാണ് നായരുടെ ഭാര്യയുടെ അമ്മ കേറി വന്നത്. ‘അയ്യയ്യോ എന്റെ കുഞ്ഞീഷ്ണ, നീ ആരെയാ കട്ടിലില് ഇരുത്തിയത്. നമ്മ രണ്ടില്ലത്ത് നായമ്മാരല്ലേ. നീ തീണ്ടലും തൊടലുമൊക്കെ മറന്നുപോയാ. മൊയോനെയാണോ അവത്ത് കേറ്റിയിര്ത്ത്ന്നത്’; കുഞ്ഞികൃഷ്ണൻ യശ്മാന്റെ ഭാര്യയുടെ അമ്മ പൊട്ടിത്തെറിച്ചു. ‘അപ്യയോട് ഞാനൊന്നും പറഞ്ഞില്ല. കുഞ്ഞീഷ്ണ നീയൊരു കാര്യം ചെയ്യ് വെര്ന്ന പൂരത്തിന് ഓളെ അമ്മേനീം കൂട്ടീറ്റ് നമ്മളെ കൊയങ്കര താനത്ത് വാ. പൂരംകുളിക്ക് നമ്മ നായമ്മാറെ പടിഞ്ഞാറ്റയിൽ കേറി പാലു കുടിക്കുന്നത് നിന്റെ ഓളമ്മക്ക് കാണിച്ചു കൊടുക്ക്. ' ഒരു തമാശക്കഥ പറയുന്നതുപോലൈ അസ്രാളൻ പൊട്ടിച്ചിരിച്ചു.

മൊയോൻ എന്ന കീഴാളജാതിസ്വത്വത്തെ അഭിമാനപൂർവ്വം തന്നെയാണ് അസ്രാളൻ കൊടയും വടിയുമായി കൊണ്ടുനടക്കുന്നത്. ജാതിയെ സംസ്‌ക്കാരം കൊണ്ടും കഠിനാധ്വാനം കൊണ്ടുമാണ് കുടഞ്ഞെറിഞ്ഞത്

ജാതിയും അതിന്റെ പ്രശ്‌നങ്ങളുമൊന്നും അത്ര പെട്ടെന്നൊന്നും പോകില്ലല്ലോ. കുഞ്ഞികൃഷ്ണൻ യശ്മാന്റെ അമ്മയുടെ കാലമാണിപ്പോ. ജാതിയും അതിന്റ വിവേചനവുമൊക്കെ ജീവിതത്തിൽ പല തരത്തിലും ഇടപെട്ടു കൊണ്ടിരിക്കുകയാണല്ലോ. പക്ഷേ തമ്പാച്ചി ഈ തൊണ്ണൂറ് വയസ്സുവരെയുള്ള കണിശമായ ജീവിതത്തിൽ കടുകിട തെറ്റാതെയുള്ള അനുഷ്ഠാന നിഷ്ഠയോടെ തന്റെ നിയോഗത്തിന്റെ പാതയിൽ തന്നെയാണ്. ജീവിതം പല പരീക്ഷണ ഘട്ടങ്ങളിലൂടെയൊക്കെ കടന്നുപോയി. അപ്പോഴൊക്കെയും താനറിയാത്ത തന്നെ അറിയുന്ന ഒരു ദൈവം കൈതാങ്ങാനുണ്ടായിരുന്നു.

അസ്രാളൻ തമ്പാച്ചി നിലവിലെ എണ്ണമറ്റ ദൈവങ്ങളിലെ ഒരു ദൈവം മാത്രം. സ്വന്തം വലുപ്പം ഒരു കാലത്തും അറിയാതെ പോകുന്ന ആനയെപോലെ. തുളുനാട്ടിലെ മുകയരുടെ മണ്ണിൽമാത്രം വേരുപടർന്ന തച്ചനറിയാത്ത വൻമരം. കാഞ്ഞങ്ങാടും തൃക്കരിപ്പൂരും മൊയോറെ കാവുമായി ബന്ധപ്പെടുന്നവർക്ക് മാത്രമറിയുന്ന ദൈവം. ലോകം മുഴുവൻ സമ്പത്തും സ്വാധീനവുമുള്ള ആൾദൈവങ്ങൾ മദിക്കുന്ന അതേ കടലിൽത്തന്നെയാണ് അസ്രാളനും ജീവിക്കുന്നത്. പണമോ സമ്പത്തോ പദവിയോ ശിഷ്യഗണങ്ങളോ രാഷ്ട്രീയപിടിപാടോ ഒന്നുമില്ല. ഭരണാധിപന്മാരോ കോടീശ്വരന്മാരോ ആരുമില്ല കൂട്ടിന്. ആകാശത്ത് നിന്നും ആപ്പിളെടുക്കാനോ പതിനായിരങ്ങളെ കെട്ടിപ്പിടിച്ച് രോഗശാന്തി വരുത്താനോ ഒന്നുമറിയില്ല. അക്ഷരമറിയാത്തതു കൊണ്ട് ഭാഗവതസപ്താഹവും ഗീതാജ്ഞാനയജ്ഞവും നടത്താറില്ല. പണം വാരുന്ന സ്ഥാപനങ്ങളില്ല. ഒരു കുപ്പായം പോലുമില്ല. താനത്ത് സംക്രമത്തിന് പോയാൽ തിരിച്ച് കാഞ്ഞങ്ങാട്ടേക്ക് വരുന്നതിന് ബസ്സിന് പൈശ ഉണ്ടാകില്ല. പണം വേണമെന്ന്, പദവി വേണമെന്ന് ഇന്നേ വരെ ആഗ്രഹിച്ചിട്ടില്ല. ഒന്നറിയാം ജീവിക്കണമെങ്കിൽ പണിയെടുക്കണം. ഒന്നും നമ്മുടെ നിയന്ത്രണത്തിലല്ല. ഈ ശരീരത്തെ മുൻനിർത്തിയുള്ള സുഖത്തിനു വേണ്ടിയുള്ള പാച്ചിൽ വെറുതേയാണ്. ശരീരം അത്രയും നിസ്സാരമാണ്. അറിവാണ് ശക്തി.

എന്നെക്കൊണ്ട് കടലിൽ പോകാനാകും. പനത്തടി മലമുകളിലെ പിടിച്ചാൽ പിടികിട്ടാത്ത ഉരുപ്പിൽ കേറി കുരുമുളക് പറിക്കാനാകും. സ്രാവിനെയോ തെരണ്ടിയെയോ പിടിക്കാനാകും. ചോരകുടിച്ച് കടിച്ചു തൂങ്ങുന്ന ഉമ്പുഷുവിനെ ചുമ്മിണി മുക്കിയ തുണി കൊണ്ട് കൊല്ലാനാകും. മറ്റൊന്നുമെനക്കാകില്ല. നീലേശ്വരം പൊഴ കണ്ടിട്ടില്ലേ. കലങ്ങിമറിയുന്ന കാര്യങ്കോട് പൊഴകണ്ടിട്ടില്ലേ അറുപത് കൊല്ലം മുമ്പ് വൃശ്ചികത്തിൽ നിറഞ്ഞു പൊന്തിയ പൊഴകൾ രാത്രിയിൽ ഞാൻ ചാടിക്കടന്നു എന്നാണ് പറയുന്നത്. മായക്കാർ കൊണ്ടുപോയ എന്നെ രാത്രി വാല്യക്കാർ ചൂട്ടുംകത്തിച്ച് പരതി നടന്നു. ആരിക്കും കാണാൻ പറ്റിയില്ല. എനക്കറിയാത്ത കാര്യമാണ്. അത് എന്നെക്കൊണ്ടാകുന്നതല്ല. ഞാൻ കണ്ടിട്ടില്ലാത്ത പോയിട്ടില്ലാത്ത നാല് നാട്ടിലെ മൊയോറുടെ ചരിത്രം പറയണം. നാല് നാട്ടിലെ എല്ലാ ജാതിക്കാരുടേയും പുരാണം വിശേഷിക്കണം. നാല് നാട്ടിലെ ദൈവങ്ങളുടെ വന്നതും പോയതുമായ കാര്യം പറയണം. സ്വന്തമായി ഒപ്പിടാനാറിയാത്ത എനക്കതൊന്നും ചെയ്യാനാകില്ല. ഓരോ നാട്ടിലേയും തമ്പുരാന്മാരെ അവരവരുടെ കീഴ്‌വഴക്കപ്രാകരം വിശേഷിക്കണം. ഇതൊക്കെ എന്നെകൊണ്ട് കഴിയുന്നതാണോ. എഴുത്തറിയുന്ന ഒരു വാല്യക്കാരൻ വെളിച്ചപ്പാടൻ പെന്നും പുസ്തകവുമായി കാസർഗോഡ്ന്ന് വന്നിനി. ചെല കാര്യങ്ങൾ പഠിക്കാൻ.

അക്ഷരമറിയാത്തതു കൊണ്ട് ഭാഗവതസപ്താഹവും ഗീതാജ്ഞാനയജ്ഞവും നടത്താറില്ല. പണം വാരുന്ന സ്ഥാപനങ്ങളില്ല. ഒരു കുപ്പായം പോലുമില്ല

കൊർച്ച് കാര്യങ്ങൾ പറഞ്ഞു കൊടുത്തപ്പോൾ തന്നെ ഇതൊന്നും കയ്യപ്പ എന്നും പറഞ്ഞ് ഓൻ കീഞ്ഞ്‌പോയി. പോയി പിന്നെ വന്നിട്ടില്ല. ഓന്റെ വിചാരം അറിവ് പെന്നിലും പുസ്തകത്തിലുമാണെന്നാണ്. ഇതൊന്നും എന്റെ കഴിവല്ല. എല്ലാം മായക്കാരുടെ കളിയാ.
എൺപത് വർഷക്കാലത്തെ ഓർമ്മകളാണ്. ആർക്കും അടങ്ങാത്ത കടൽച്ചേകോനെ ഏഴ് വർഷക്കാലം ശരീരത്തിൽ കൊണ്ടുനടന്നു. ആദ്യമായി ദൈവം ശരീരത്തിന്റെ വാതിലിൽ മുട്ടുമ്പോൾ ഇരുപത്തി രണ്ടു വയസ്സ്. ഏത് നിമിഷവും തുടല് പൊട്ടിക്കുന്ന കരിവീരനെ എങ്ങനെ ഏഴ് വർഷക്കാലം ഈ ശരീരത്തിൽ കൊണ്ടുനടന്നു എന്നത് ഇന്നോർക്കുമ്പോ അതിശയം. എത്ര ദൂരങ്ങൾ, എത്ര ദേശങ്ങൾ ഈ കാലയളവിൽ താണ്ടി. കാലത്തിനും ദേശത്തിനും തെയ്യത്തിനും പലപല മാറ്റങ്ങൾ വന്നു. തുളുനാട്ടിലെ അനുഷ്ഠാനത്തിൽ സാമൂഹികമായും സാംസ്‌ക്കാരികമായും സംഭവിച്ച മാറ്റങ്ങൾ തൊണ്ണൂറ് വയസ്സായ ഈ ശരീരത്തിന്റെ ജരാനരകളിൽ വായിച്ചെടുക്കാം. തലപ്പാളിയിലെ വെള്ളിവെളിച്ചവും തഴമ്പിച്ച കാലുകളിലെ ചിലമ്പനക്കവുമായി തന്നെ അനുധാവനം ചെയ്ത എത്രയോ ദേവജന്മങ്ങൾ കാലത്തിനുമപ്പുറത്തേക്ക് തുഴഞ്ഞു. ഒരേകടലിൽ ഒന്നിച്ച് ജീവിതം തേടിയവർ പലരും ഓടവും വലയും ഉപേക്ഷിച്ച് കടലാഴങ്ങളിലേക്ക് മുങ്ങാങ്കുഴിയിടുമ്പോൾ സങ്കടത്തോടെ നോക്കിനിന്നു. നാല് കർണ്ണമൂർത്തി തലമുറയ്ക്കായി ചിലമ്പണിഞ്ഞ് അരമണികെട്ടി കിലുങ്ങി. ഓരോ കർണ്ണമൂർത്തി കെട്ടിയാടുന്ന ആയിറ്റിപ്പോതിപൂങ്കന്യാവിനേയും അരിയെറിഞ്ഞാനയിച്ചു. കുറുവാപ്പള്ളിയറയിൽ തുലാമാസം പുലർച്ചയ്ക്ക് അസ്രാളന്റെ കപ്പലടുക്കുമ്പോൾ ചേടകമെടുത്തുറഞ്ഞു. കുഞ്ഞമ്പുകർണ്ണമൂർത്തി, കണ്ണൻകർണ്ണമൂർത്തി, ബാബുകർണ്ണമൂർത്തി അങ്ങനെ തെയ്യത്തെക്കാൾ വലിയ തെയ്യക്കാരോടൊപ്പം മരക്കലം തുഴഞ്ഞു. മരിച്ചുപോയ മലയൻ പണിക്കറും മകൻ സജിത് പണിക്കറും അസ്രാളന്റെ തുഴക്കരുത്തിന് താളമിട്ടു.

കൺമുന്നിൽ നിന്ന്​ മാഞ്ഞുപോകുന്ന കടൽപോലെ മലപോലെ പുഴപോലെ പ്രിയപ്പെട്ടവർ കണ്ണെത്താത്ത ആഴങ്ങളിലേക്ക് പൊലിഞ്ഞുപോയി. അസ്രാളൻ ഓർമ്മകളുടെ അണിയലങ്ങളോരോന്നോരോന്നായി എടുത്തണിഞ്ഞു. നടന്നു തീർക്കാൻ ഇനിയും ദൂരങ്ങളേറെയുണ്ട്. ആശ്രയമില്ലാതെ കന്യാക്കമാർ ഈ കടൽക്കരയിൽ സങ്കടപ്പെടുമ്പോൾ നാട് കാക്കുന്ന പോരാളിക്ക് വിശ്രമമില്ല. വില്ലാപുരത്ത് വീരന് പ്രായമില്ല. ജരാനരകളില്ല. കുപ്പായക്കൂടുകളുപേക്ഷിച്ച് കാറ്റും വെയിലും തട്ടി കരുവാളിച്ച ഈ ശീരം കപ്പിത്താൻ നങ്കൂരമുറപ്പിച്ച ആഴപ്പരപ്പ് മാത്രം. ചിലമ്പനക്കം കേൾക്കുന്നില്ലേ. കൂർത്ത മുൾപ്പടർപ്പുകളിലൂടെ നടന്നുപോകുമ്പോൾ തഴമ്പ് പൊട്ടി ചോരയൊലിച്ച കാലുകളിൽ ചിലമ്പണീയിച്ചത് നൂറ്റിയെട്ട് കടലിനുമപ്പുറമുള്ള ദൈവമാണ്. ഉള്ളിൽ ദൈവം കിലുങ്ങുന്ന ഈ കാൽച്ചിലമ്പ് അതേദൈവം തന്നെ അഴിച്ചെടക്കും. തെക്കൻകാറ്റിൽ കടലിളകുമ്പോൾ വില്ലാപുരത്ത് ദേവന് പൂ കൊയ്യാൻ പോകുന്ന അഞ്ഞൂറ് വീരന്മാരിൽ ഏറ്റവും ബലവും വീര്യവുമുള്ളവൻ മരക്കലമോടിച്ചു വരും. ചിലമ്പഴിച്ചെടുത്ത് അതേ മരക്കലം തുഴഞ്ഞുതുഴഞ്ഞുപോകും.

പൂങ്കന്യാവിനെപോലെ കടൽ

ഉറച്ചിൽകഴിഞ്ഞ് കുളിർമ്മകൊടുക്കുന്ന തെയ്യത്തെ പോലെ കടൽ ശാന്തമായിരുന്നു. കടലിന്റെ മുമ്മൊഴികളുമായി കുളിർത്ത കാറ്റിളകി. വെള്ളിത്തിരമാലകൾ അസ്രാളൻ തമ്പാച്ചിയുടെ കാലുകളിൽ കാക്കരു കെട്ടുകയും അഴിക്കുകയും ചെയ്തു കൊണ്ടിരുന്നു. എത്രയോ തവണ ഓടവും വലയുമായി ജീവിതം തേടിയലഞ്ഞ അതേ സമുദ്രവിശാലത. ഈ കടലിൽ മുങ്ങിനിവർന്നാണ് ദൈവം തന്റെ പീഢിത ജീവിതം തേടിവന്നത്. അസ്രാളൻ കടലിലേക്കു തന്നെ നോക്കിക്കൊണ്ടിരുന്നു. ചോപ്പ് ചുറ്റി അരമണിയും നെറ്റിപ്പട്ടവും കാൽച്ചിലമ്പുകളുമണിഞ്ഞ് നിൽക്കുന്ന പൂങ്കന്യാവിനെപോലെ കടൽ. ഇന്ന് മായക്കാറില്ല. ഇനി ആരുടേയും ജീവിതം തേടി മായക്കാർ വരില്ല. എന്റേത് പഴയ കഥ. ഇത് പുതിയ കഥയുടെ കാലമാണ്. നാശത്തിന്റെ കാലമാണ്. കഥമുളക്കാത്ത ജീവൻ നശിച്ച അമ്‌ളഭൂമിയാണിന്നുള്ളത്. ഇപ്പൊഴത്തെ വാല്യക്കാർക്ക് പുതിയ കഥയാണ് വേണ്ടത്.

അസ്രാളൻ കടലിലേക്കു തന്നെ നോക്കിക്കൊണ്ടിരുന്നു. ചോപ്പ് ചുറ്റി അരമണിയും നെറ്റിപ്പട്ടവും കാൽച്ചിലമ്പുകളുമണിഞ്ഞ് നിൽക്കുന്ന പൂങ്കന്യാവിനെപോലെ കടൽ

പുതിയ കഥകളറിയാത്തതിനാൽ മായക്കാറ് ഉറക്കമാണ് ഇനി ഉണരില്ല. ഈ ദുരന്തഭൂമിയിൽ മായക്കാറുടെ ആവശ്യമില്ല. ഇനി തെക്ക് നിന്ന് ദൈവവാഹിയായ കച്ചാൻകാറ്റടിക്കില്ല. തിരുമുഖത്തോട് തിരുമുഖം ദർശിച്ച് നാല് കണ്ണും ദൃഷ്ടിച്ച് അസ്രാളന്റെ മൊഴികൾ കടലിന് മുകളിൽ മുഴങ്ങി.

കടൽ ഒന്നേയുള്ളു എന്നാണല്ലോ. പക്ഷേ ഇന്ന് കടൽ പലതാണ്. ചെമ്പകപ്പൂക്കളുലർന്ന കടൽ ഇനി മരക്കലപ്പാട്ടിൽ പോലും കാണാൻ കഴിയില്ല. കുറുന്തോട്ടി മാമലകൾ ഒളിപ്പിച്ച കടലിന്റെ പാട്ടു തേടി ആരും വരില്ല. അകിലും വളർകുങ്കുമവും കൊണ്ട് ഇനി ആർക്കാണ് മരക്കലം പണിയേണ്ടത്. മേലാശാരിയുടെ മരക്കല നിർമ്മിതിയുടെ ഗണിതശാസ്ത്രപുസ്തകത്തിന് തീപിടിച്ചു. നേരറിവോനും നല്ലറിവോനുമായ നേക്കണിശന്റെ തൊണ്ടയിലെ പാട്ടുകെട്ടു പോകാൻ തുടങ്ങിയിരിക്കുന്നു. കണിയാൻനാരണേട്ടന് പകരം പാട്ടറിയാത്ത പണണമറിയുന്ന ജ്യോതിഷികൾ വന്നു. എത്രയോ കാലങ്ങളായി ധനുമസത്തിൽ പാട്ടിന്റെ നീരണിയുന്ന മരക്കലക്കമ്പികൾ ഇനിയാരാണ് മീട്ടുക. ആര്യക്കെട്ടിൽ നിന്നും കുളങ്ങാട്ട് മലയും കച്ചിൽപട്ടണവും പാഴിപട്ടണവും എഴിൽമലയും അചലപത്തനവും കിള്ളാനദിയും വപ്രാനദിയും കാണാനുള്ള മോഹവുമായി ദേവതമാർ തുഴഞ്ഞ കടൽ ഇതല്ല. പതിനഞ്ചു വയസ്സിൽ ആദ്യമായി പുറങ്കടലിലെത്തിയ ദിനങ്ങൾ ഇപ്പോഴും മനസ്സിലുണ്ട്. അന്നത്തെ കടലിന്നില്ല, കരയിന്നില്ല. ചെക്കിയും ചെമ്പകവും ചെമ്പരത്തിയും പൂത്ത അതേ മലങ്കാടുകൾ ഇന്നില്ല. അന്നു പെയ്ത മഴയല്ല ഇന്നു പെയ്യുന്നത്. കടലിലടിഞ്ഞ അന്നത്തെ ചേറല്ല ഇന്നത്തെ ചേറ്. അന്നത്തെ മീനല്ല ഇന്നത്തെ മീൻ. എല്ലാം മാറുമ്പോൾ കടലും മീനും ചേർന്ന് നിർമ്മിച്ച നാട്ടുദൈവതങ്ങൾക്കും മാറാതിരിക്കാനാകില്ലല്ലോ.

അന്ന് മീനുകൾക്ക് നല്ല രുചിയായിരുന്നു. മീനുകൾ മനഷ്യനെ ഭയപ്പെട്ടിരുന്നില്ല. മീനുകളുടെ സ്വാതന്ത്ര്യമായിരുന്നു പുറങ്കടൽപ്പരപ്പുകൾ. ഇന്നത്തെ മീൻരുചിയല്ല ശരിക്കും മീനിന്റെ രുചി. അന്ന് കടൽ ശാന്തമായിരുന്നു. നിശ്ശബ്ദമായിരുന്നു. മീനുകൾക്ക് തന്നെ തേടിവരുന്ന മീനവരെ അറിയാമായിരുന്നു. മനുഷ്യൻ ഭക്ഷണത്തിനു വേണ്ടി മാത്രമായിരുന്നു കടലിൽ പോയത്. കടൽ ഒരു കച്ചവട കേന്ദ്രമായിരുന്നില്ല. മനുഷ്യന്റെ ദുരയും ആസക്തിയും കടലിൽ നുരഞ്ഞുപൊന്തിയിരുന്നില്ല.

അന്നം തരുന്ന കടലിനെ മനുഷ്യൻ ഒരിക്കലും മലിനമാക്കിയില്ല. ഇന്നു കാണുന്ന ഒരു യന്ത്രസാമഗ്രിയും രാസമാലിന്യത്താൽ കടലിനെ കൂട്ടിത്തൊട്ടശുദ്ധമാക്കിയില്ല

എഴുപത്തിയഞ്ച് വർഷം മുമ്പുള്ള കടൽജീവിതമാണ്. അന്ന് മനുഷ്യൻ കടലിൽ മീനും ജീവിതവുതമാണ് തേടി പോയത്. വിയർപ്പുപൊട്ടി പണിയെടുത്തു. മനുഷ്യനിൽ ഒരു കടലുണ്ടല്ലോ. കടലുപ്പ് തന്നെയാണ് വിയർപ്പിലും പുരട്ടിയിരിക്കുന്നത്. കടൽ അമ്മയും ദൈവവുമാണ്. മനുഷ്യൻ കടലിനെ ഒരുതരത്തിലും ബുദ്ധിമുട്ടിച്ചിരുന്നില്ല. അഞ്ചുപേർ വിയർത്ത് തണ്ടുവലിച്ചും ഒരാൾ ചുക്കാൻ പിടിച്ചും മറ്റേയാൾ സഹായത്തിനുമായി എഴുപേരാണ് പുറങ്കടലിൽ ഒരോടത്തിൽ വലയിളക്കാൻ പോയിരുന്നത്. മീനുകൾ വലയിലേക്കൊടിയെത്താൻ വേണ്ടി എത്രയോ തവണ ഞാൻ ആഴക്കടലിലേക്ക് എടുത്ത് ചാടീട്ടുണ്ട്. അന്നം തരുന്ന കടലിനെ മനുഷ്യൻ ഒരിക്കലും മലിനമാക്കിയില്ല. ഇന്നു കാണുന്ന ഒരു യന്ത്രസാമഗ്രിയും രാസമാലിന്യത്താൽ കടലിനെ കൂട്ടിത്തൊട്ടശുദ്ധമാക്കിയില്ല. ജീവൻ തളിർക്കുന്ന കടലിലെ ഉപ്പുവെള്ളം ഏറ്റവും പരിശുദ്ധമായിരുന്നു. അന്ന് മീനുകൾ മലിനപ്പെടാത്ത ഉപ്പുവെള്ളം മാത്രം കുടിച്ചു. ആ ഉപ്പുവെള്ളമാണ് മീനിന്റെ രുചി. ആ രുചി മീനുകൾക്കിന്നില്ല. മനുഷ്യന്റേയും മീനിന്റേയും വിശപ്പകറ്റിയത് കടിലെ വിഷം കലരാത്ത ഉപ്പുവെള്ളമാണ്.

മനുഷ്യരുടെ വിശപ്പിന്റെ, സങ്കടത്തിന്റെ കടൽ ഇന്നില്ല. ദൈവങ്ങൾ നീന്തിത്തുടിക്കുന്ന കടലും ഇന്നില്ല. കടൽ ഇന്ന് നിശ്ശബ്ദമല്ല, ശാന്തമല്ല, പരിശുദ്ധമല്ല. ഇന്ന് മീനുകൾക്ക് മനുഷ്യനെ പേടിയാണ്. കടൽ ശബ്ദമുഖരിതമാണ്. ഭക്ഷണത്തിന് വേണ്ടിയല്ല ഇന്ന് മനുഷ്യൻ കടലിൽ പോകുന്നത്. മനുഷ്യൻ കരയോട് കാണിക്കുന്ന എല്ലാ ദുരാഗ്രഹവും അത്യാർത്തിയും കടലിനോടും കാണിക്കുന്നു. ഓരോ നിമിഷവും കടൽ വിഷലിപ്തമാക്കുന്നു. സ്വന്തം ചാപ്പക്കുമുന്നിലെ ഇത്തിരിസ്ഥലത്ത് ചണവിത്തുകൾ വാളി മുളപ്പിച്ച് ചെടിയുടെ തണ്ടിൽ നിന്നും ചണനൂലെടുത്താണ് അന്ന് വലകളുണ്ടാക്കിയത്. മീനിന് കയറാനും രക്ഷപ്പെടാനുമുള്ള സാധ്യതകൾ വലയ്ക്കുണ്ടായിരുന്നു. മനുഷ്യന്റെ വിശപ്പിനനുസരിച്ചാണ് വലക്കണ്ണികളുടെ വലുപ്പം നിശ്ചയിച്ചത്. ഇന്ന് മീൻകടൽ ഒരന്തർദ്ദേശീയ വിപണിയാണ്. മീനിനെക്കൊണ്ട് പലതുണ്ട് കാര്യങ്ങൾ. കടൽ പട്ടണം പോലെ പ്രക്ഷുബ്ധമാണ്, ആസക്തമാണ്. പലവിധം യന്ത്രങ്ങളാണ് മീൻപിടുത്തത്തിനായി കടലിലാകെ ഓടിക്കൊണ്ടിരിക്കുന്നത്. മീൻ എവിടെ പോയൊളിച്ചാലും അതിനെ പിടികൂടുന്നതിനുളള സാങ്കേതിക സംവിധാനങ്ങൾ നിലവിലുണ്ട്. പ്രജനനകാലത്ത് മീൻ പിടിക്കൽ നിരോധനമൊക്കെയുണ്ടെങ്കിലും മീൻപിടുത്തം നന്നായി നടക്കുന്നുണ്ട്. മീൻ ഇന്ന് വിശപ്പല്ല, പണമാണ്. കച്ചവടക്കാർ കടലിൽ ഒരു നിയമവും പാലിക്കുന്നില്ല. പണത്തിന് മുന്നിൽ നേരും നെറിയും ധർമ്മവുമില്ല. എത്ര ചെറിയമീനിനേയും കടലിന്റെ എത്ര ആഴത്തിൽ ഒളിക്കുന്ന മീനിനെയും പിടിക്കാനുള്ള വിദ്യയൊക്കെ ഇന്നുണ്ട്. കടൽ ഓരോ നിമിഷവും വിഷം കുടിച്ചു കൊണ്ടിരിക്കുന്നു. കരയിൽ തള്ളുന്ന എല്ലാ മാലിന്യങ്ങളും കടലിൽ അടിയുന്നുണ്ട്. അതൊക്കെയും കടൽ കരയിലേക്ക് തള്ളാൻ ശ്രമിക്കുന്നു. ഇന്ന് മീനുകൾക്ക് രക്ഷയില്ല. മീനുകൾ ശുദ്ധമായ ഉപ്പുവെള്ളമല്ല ഇന്നു കുടിക്കുന്നത്. മാരകവിഷമുള്ള എണ്ണ കലർന്ന വെള്ളമാണ് കുടിക്കുന്നത്. ഇന്ന് മീനിന് രുചിയില്ല. മീനിന്റെ തലയിൽ മാറാരോഗമാണ്. അതാണ് നമ്മൾ കഴിച്ചു കൊണ്ടിരിക്കുന്നത്.

കടലും കരയും ഒരു പോലെയാണ്. കരയോട് ചെയ്യുന്ന ദ്രോഹം കടലിലാണവസാനിക്കുന്നത്. മനുഷ്യന് എങ്ങനെയായാലും പണമുണ്ടാക്കണം. അത് കടലിനേയും കരയേയും ദൈവങ്ങളേയും വിറ്റിട്ടാണെങ്കിലും മനുഷ്യൻ അതു ചെയ്യും.

മീനുകൾ ശുദ്ധമായ ഉപ്പുവെള്ളമല്ല ഇന്നു കുടിക്കുന്നത്. മാരകവിഷമുള്ള എണ്ണ കലർന്ന വെള്ളമാണ് കുടിക്കുന്നത്. ഇന്ന് മീനിന് രുചിയില്ല. മീനിന്റെ തലയിൽ മാറാരോഗമാണ്. അതാണ് നമ്മൾ കഴിച്ചു കൊണ്ടിരിക്കുന്നത്

തെളിഞ്ഞ ഉപ്പുവെള്ളത്തിലെ മീനിനെ പോലെ ശുദ്ധമായ കാവന്തരീക്ഷത്തിൽ വളർന്ന ദൈവങ്ങളുടേയും തലയിൽ അസുഖം ബാധിച്ചിരിക്കുകയാണ്. കരയിലാകെ വിഷം കലർന്നിരിക്കുകയാണല്ലോ. മീനിന് സ്വച്ഛവും ശുദ്ധവുമായ കടൽ നഷ്ടപ്പെടുന്നതു പോലെ കരയിലെ ദൈവത്തിന് സ്വച്ഛമായ കാവകങ്ങൾ നഷ്ടമാവുകയാണ്. തലയിൽ വിഷം രോഗമായി പെരുകുന്ന മീനിനെ പോലെ മരങ്ങളും കാട്ടുവള്ളിപ്പടർപ്പുകളും കണ്ടൽവനങ്ങളും സ്വാഭാവിക പ്രകൃതിയും നഷ്ടപ്പെട്ട് വിഷം ശ്വസിക്കുന്ന തെയ്യത്തിന്റ തലയിലും രോഗമാണ്. വിഷം തിന്ന മീനിന്റെ രുചിനഷ്ടം പോലെ വിഷം തളിച്ച ചെക്കിപ്പൂവിലും മഞ്ഞൾക്കുറിയിലും തെയ്യത്തിന്റെ സ്വാഭാവിക രുചിയും നഷ്ടപ്പെട്ടുപോയിട്ടുണ്ട്.
ഇന്ന് കടലും കാവും ഒരുപോലെയാണ്. അന്നത്തെ കടൽ പോലെ അന്നത്തെ കാവകങ്ങളും ശാന്തമായിരുന്നു. അന്ന് കടലും കാവും മനഷ്യന്റെ ആർത്തിയുടേയോ ദുരാഗ്രഹത്തിന്റെയോ കേന്ദ്രങ്ങളായിരുന്നില്ല. കടലും കാവും നിശ്ശബ്ദമായിരുന്നു. കടലിലും കാവിലും വൈവിധ്യങ്ങളോടുകൂടിയ ജീവജാലങ്ങൾ സൈ്വര്യവിഹാരം നടത്തിയിരുന്നു. ഇന്ന് കടലിലെ മീനുകൾക്കും കാവിലെ ദൈവങ്ങൾക്കും ഒരു സമാധാനവുമില്ല. മനുഷ്യന്റെ എല്ലാ സ്വാർത്ഥചിന്തകൾക്കും താൽപര്യങ്ങൾക്കും ഇന്ന് കടലും കാവും ഇരയാകുന്നുണ്ട്. കച്ചവടവും പണവുമാണ് രണ്ടിനേയും നിയന്ത്രിക്കുന്നത്.

ഇനിയൊരു അസ്രാളൻ തമ്പാച്ചിയൊന്നും ഉണ്ടാകില്ല. ഇന്നത്തെ കാലത്ത് ഇതിന് ആരെ കിട്ടും?. സാമ്പത്തികമായി യാതൊരു മെച്ചവുമില്ലാത്ത ദൈവമാകുന്ന പണിക്ക് ആരെങ്കിലും വരുമോ. ആകെയുള്ള ഒരു ജീവിതം ഇതിന് വേണ്ടി സമർപ്പിക്കുമോ. നിലവിലുണ്ടായിരുന്ന തമ്പാച്ചി മരിച്ച് നാൽപത് വർഷം കഴിഞ്ഞിട്ടാണ് പുതിയ അസ്രാളൻ ദർശനപ്പെട്ട് വന്നത്. അതൊക്കെ പഴയ കത. ഇനി ദിരിശിനമൊന്നും കിട്ടൂല. ഇന്ന് കാവുകളും കടലും ഒന്നും മൊയോറുടെ കയ്യിലല്ല. കാവ് പുത്തൻതന്ത്രിമാരും കടൽ മൊതലാളിമാരും സ്വന്തമാക്കീലേ. നാട് ഭരിക്കുന്നവരൊക്ക അവരുടെ ആൾക്കാരാ. ഇന്ന് മൊയോറുടെ കാവ് മൊയോറുടേതല്ല. പുലയരുടെ കാവ് പുലയരുടേതല്ല. തീയ്യരുടെ കാവ് തീയ്യരുടേതല്ല. വാണ്യരുടെ കാവ് വാണിയരുടേതല്ല. എല്ലാം പണമുള്ളവർ കൊണ്ടുപോയി. മൊയോറുടെ താനങ്ങളിൽ പ്രതിഷ്ഠ നടത്താനും കാലുംപലകസ്ഥാപിക്കാനും പണ്ടൊന്നും ഒരുതന്ത്രിയും ഉണ്ടായിരുന്നില്ല. ബ്രാഹ്മണരെ മൊയോർ ബഹുമാനിച്ചിരുന്നു. ബ്രാഹ്​മണർ മൊയോറേയും. തന്ത്രിയുടെ പുണ്യാഹം കൊണ്ട് ശുദ്ധം വരുത്തിയ ഇല്ലക്കുളത്തിൽ മീൻമണമുള്ള മുക്കുവന് കുളിക്കാനുള്ള അധികാരമുണ്ട്. അത് അധികാര സ്ഥാപനമായിരുന്നില്ല. പരസ്പരബഹുമാനവും സഹവർത്തിത്വവുമായിരുന്നു. അല്ലാതെ കാവുകളുടെ അധികാരം തന്ത്രിമാർക്ക് പൂർവികർ കൊടുത്തിരുന്നില്ല. നവമുതലാളിത്തം മീനായമീനുകളെയെല്ലാം തപ്പിപ്പിടിച്ച് ആധിപത്യമുറപ്പിച്ച് ഉൾക്കടൽ സ്വന്തമാക്കുന്നതുപോലെയാണ് നവബ്രാഹ്മണ്യവും പുത്തൻപണക്കാരും കാവിലെ ഉൾക്കാട്ടിലോ ഗ്രാമങ്ങളിലോ താനത്തോ കോട്ടത്തോ അഭയം തേടിയ നമ്മുടെ നാട്ടുദൈവങ്ങളെയും കാട്ടുദൈവങ്ങളെയും വലവീശി പിടിക്കുന്നത്.

ഇന്ന് മൊയോറുടെ കാവ് മൊയോറുടേതല്ല. പുലയരുടെ കാവ് പുലയരുടേതല്ല. തീയ്യരുടെ കാവ് തീയ്യരുടേതല്ല. വാണ്യരുടെ കാവ് വാണിയരുടേതല്ല. എല്ലാം പണമുള്ളവർ കൊണ്ടുപോയി

അതിന് വെളി കാണിച്ചു കൊടുക്കാൻ നമ്മുടെ ആളുകൾ തന്നെയുണ്ട്. കടൽ കേന്ദ്രീകരിച്ച് വൻമൂലധന ശക്തികൾ പ്രവർത്തിക്കുന്നതു പോലെ കാവു കേന്ദ്രീകരിച്ചും പ്രവർത്തിക്കുന്നുണ്ട്.
ഇന്ന് മണ്ണുമാന്തിയന്ത്രങ്ങൾ കൊത്തിക്കീറിയ കുളങ്ങാട്ട്മലയുടേയും ഏഴിൽമലയുടേയും പാങ്ങ് കണ്ടിട്ടാണ് വിദേശത്ത് നിന്നും കപ്പലിൽ ദൈവങ്ങൾ ഈ തീരത്തേക്ക് വന്നത്. നമ്മുടെ തീരം തേടി എത്രയോ സഞ്ചാരികളും ദൈവങ്ങളും വർത്തക പ്രമാണിമാരും പ്രവാചകരും വന്നു. മലയിൽ തലവെച്ച് കടലിലേക്ക് കാലുനീട്ടിയുറങ്ങുന്ന ഈ നാട്. മലയും ആഴവും ചേർന്ന മലയാളഭൂമി, കുന്നും അലയും ചേർന്ന കുന്നലനാടെന്ന ഈ ദ്രാവിഡഭൂമി അവരുടെ സ്വർഗ്ഗമായിരുന്നു. ദൈവങ്ങൾക്കുപോലും ഈ നാട് സ്വപ്നം കാണാനേ പറ്റിയുള്ളു. അതിസാഹസികരായ സഞ്ചാരികളെ പോലെ ഒടുവിൽ അവർ ഈ കറുത്തമണ്ണും നീലജലവും ഇരുണ്ട മനുഷ്യരേയും തേടിവന്നു. വന്നവർ വന്നവർ തിരികെ പോയില്ല. പോകാനവർക്കാകില്ല. പലകാരണങ്ങളുണ്ടാക്കി മലനാട്ടിലെ തീയ്യരുടെ, മൊയോറുടെ, പുലയരുടെ പടിഞ്ഞാറ്റയിൽ അവർ കുടിയിരുന്നു. മൂത്ത കള്ള് കുടിച്ചു. ചുട്ട മത്തി തിന്നു. ചിറ്റേനി കുത്തി ചോറ് തിന്നു. ദീനവും മഹാമാരിയും സങ്കടവും ഉണ്ടാകുന്ന കാലങ്ങളിൽ മനുഷ്യന് കാവലിരുന്നു. മലനാട് കണ്ട തെയ്യങ്ങൾ പേറ്റിച്ചിയായും വിഷഹാരിയായും അവർക്ക് മലങ്കാടുകളിൽ കൂട്ടിരുന്നു. ദുരിതങ്ങൾ ഈയ്യംപോലെ വരിഷിക്കുമ്പോൾ പൈതങ്ങൾക്കുമുകളിൽ കരുതലിന്റെ ഇരുമ്പുകുട ചൂടിനിന്നു. അന്തിത്തിരിയും കൂകിത്തെളിഞ്ഞ പാർകോഴിയും മധുക്കലശവുമായി ആനയിച്ചവരെ മഹാമാരിക്കു വിട്ടു കൊടുക്കാതെ കാത്തു. മനുഷ്യരോട് ശുദ്ധമായ വായു, ശുദ്ധമായ വെള്ളം, ശുദ്ധമായ ഭക്ഷണം, ശുദ്ധമായ തൊഴിൽ എന്ന ജീവിത തത്വം എകർന്ന മലയും പടർന്ന വള്ളിയും കുഴിഞ്ഞ സമുദ്രവും ആധാരമാക്കി പറഞ്ഞുകൊണ്ടിരുന്നു.

പക്ഷേ പുതിയ കാലം ഈ ഭൂമിയും ഈ വെള്ളവും അശുദ്ധമാക്കി. പൊന്നിൻപഴുക്ക പോലത്തെ പെണ്ണുങ്ങളും തെറവും അർക്കത്തുമുള്ള വീരന്മാരും ഒളിവളർന്ന മലകളും താഴ് വാരങ്ങളും നെയ്തലാമ്പൽപ്പൊയ്കകളും യന്ത്രങ്ങൾ വന്ന് കിളച്ചുമറിച്ചു. ദൈവങ്ങളുടെ ചോരവാർന്ന മണ്ണോർമ്മകളെ വാഹനങ്ങളിൽ കയറ്റി കൊണ്ടുപോയി. പൊട്ടിച്ചു കൊണ്ടുപോകുന്ന മലയിലും മണ്ണിലും തകർന്നുപോയ മരക്കലക്കമ്പികൾ മീട്ടിയ രാഗങ്ങളെ അടക്കം ചെയ്തിട്ടുണ്ട്. ദേവഗന്ധമിറ്റിയ നിങ്ങളുടെ കരിങ്കൽക്കൊട്ടാരങ്ങളുടെ അകത്തളങ്ങളിൽ നേരംകെട്ട നേരത്ത് പാട്ട് കേക്കാം, കടലിളക്കം കേൾക്കാം. അപ്പോ പേടിച്ചിട്ട് കാര്യമൊന്നുമില്ല. കാണാത്തത് കാണുന്നുവെന്നും കേൾക്കാത്തത് കേൾക്കുന്നുവെന്നും തെയ്യത്തോട് സങ്കടമുണർത്തിച്ചിട്ട് കാര്യമില്ല.
പിറന്ന നാടുംവീടും സുഖങ്ങളുമുപേക്ഷിച്ച അസ്രാളനാണ് നിങ്ങളുടെ കരം പിടിച്ചിരിക്കുന്നത്. ഈ ഭൂമി ജീവിക്കാൻ കൊള്ളില്ലെന്നും ഇവിടെ പണിയെടുക്കാൻപറ്റില്ലെന്നും പറഞ്ഞ് നിങ്ങൾ വിമാനമേറി പറന്നുപോയി. തെയ്യത്തിനും പാട്ടിനും പൂരത്തിനും നിങ്ങൾ മറുനാടുകളിൽ നിന്നും വന്നുചേർന്നു. ഈ നാടുപേക്ഷിച്ചു പോകുന്നവരോടാണ് ഇനിയും ഈ നാടു കണ്ടുമതിവരാത്ത തെയ്യം അടയാളം നൽകി ചൊല്ലിക്കെട്ടുന്നത്. ‘പഞ്ചസാരകൊണ്ട് തടം മാടി അതിൽ തേനൊഴിച്ച് നുകരുന്ന മധുരഭോജ്യം പോലെ എന്നെ നിങ്ങൾ അനുഭവിച്ചില്ലേ. ന്ങ്ങളെ ഉപേക്ഷിച്ച് പോകാനോ കൊക്കിൽ കൊത്തിയെടുത്ത് പറക്കാനോ എനക്ക് പറ്റുന്നില്ലല്ലോ.'; തെയ്യം കഴിഞ്ഞ് വിദേശത്തേക്ക് തിരിച്ചുപോകാനുള്ള വിമാനയാത്ര ഉറപ്പാക്കിയ നിങ്ങളുടെ കരം നുകർന്ന് നെറുകയിൽ മഞ്ഞൾക്കുറി തൊട്ട് അസ്രാളന്റെ സങ്കടക്കൂറുകൾ. കണ്ണുകൾ ഉപ്പുനീരണിയുന്നത് ദൈവത്തിന്റേതാണ്. മുടിയെടുത്ത് പിരിഞ്ഞുപോകൽ അത്രമേൽ സങ്കടകരമാണ്. നീലക്കടലാനകൾക്കൊപ്പം മരക്കലം തുഴഞ്ഞ കാട്ടാനകൾക്കൊപ്പം കാടിളക്കിയ മീൻമണമുള്ള മനുഷ്യന്റെ സങ്കടം.



Summary: ചരിത്രത്തിന്റേയും ശാസ്ത്രത്തിന്റേയും ജീവിതാഘോഷമാണ് തെയ്യം. പക്ഷേ ഉത്തരമലബാറിന്റെ ഈടുറ്റ ഉറപ്പുറ്റ ജീവിതക്കാഴ്ച്ചകൾക്ക് അനുഷ്ഠാനിഷ്ഠകൾക്കപ്പുറത്തെ അസ്തിത്വം എന്താണ് എന്ന ഒരന്വേഷണമാണിത്​. ഭക്തിഭ്രാന്ത് വെന്തുതിളയ്ക്കുന്ന വെറും ആരാധനാലയങ്ങളായി കാവുകളെ പുനപ്രതിഷ്ഠിക്കുന്ന, കാവുകളുടെ ചരിത്രപശ്ചാത്തലത്തെയും പാരിസ്ഥിതിക ദർശനങ്ങളെയും കടുംവെട്ടിൽ കൊന്നു വീഴ്ത്തുന്ന ഒരു കാലത്ത്​ അടിസ്​ഥാന മനുഷ്യരിലൂടെ ഒരപൂർവ യാത്ര. അസ്രാളൻ തെയ്യത്തിന്റെ കഥയുടെ അവസാന ഭാഗം


വി.കെ. അനിൽകുമാർ

എഴുത്തുകാരൻ, ഡോക്യുമെന്ററി സംവിധായകൻ, സംഗീത നാടക അക്കാദമി പ്രോഗ്രാം ഓഫീസർ

Comments