കുരങ്ങുകളിക്കാരുടെ കെണി

രാമായണത്തിന്റെ സവർണാധികാര ഘടനയെ നിലംപരിശാക്കി കീഴളരായ പെരുവണ്ണാന്മാർ പാടിയാടുന്ന തികച്ചും പ്രാദേശികമായ ഒരു രാമായണജീവിതത്തിന്റെ ചോരയിറ്റിയ ഇടവഴികളിലൂടെ ഒരു സഞ്ചാരം. ജാതിയിൽ താഴേത്തട്ടിലുള്ളവർ പകർന്നാടുന്ന രാമായണം സ്വന്തം വർഗ്ഗം ഇന്നോളം നേരിട്ട വഞ്ചനയുടേയും ദുരന്തങ്ങളുടേയും ജീവിതാഖ്യാനം തന്നെയാണ്. ജനജീവിതത്തെ ഇത്രയധികം ആഴത്തിൽ സ്വാധീനിക്കുന്ന, ഇന്നും സജീവമായ ഈ രാമായണപാഠം ഇത്രയും കാലം തമസ്‌ക്കരിക്കപ്പെടാനെന്തായിരിക്കും കാരണം?

രാമായണത്തിന്റെ പതിവുവായനകൾ ഇത്തവണയില്ല. ലോകം ഒരു ദുരന്തത്തിൽ വിറങ്ങലിച്ചുനിൽക്കുമ്പോൾ ആഗോളദൈവമായ രാമനല്ല, മരിച്ചുപോയ രാവണൻ തന്നെ വന്നാൽപോലും രക്ഷയില്ലെന്ന് ജനങ്ങൾക്കറിയാം. മരണും ദുഃഖവുമാണല്ലോ രാമായണത്തിന്റെ കാതൽ. രോഗത്തിന്റെയും ദുരന്തത്തിന്റെയും പശ്ചാത്തലത്തിൽ ഈ കർക്കടകവറുതിയിൽ ഇത്തവണ രാമായണപാരായണം മാറ്റിവെച്ച കുറേ ആൾക്കാരുണ്ടാകും. അല്ലെങ്കിലും രാമായണമാസാചരണവും ഇന്നു പ്രചാരത്തിലുള്ള രാമഭക്തിയുമൊക്കെ ഈയടുത്ത കാലത്തുണ്ടാക്കിയയെടുത്തതാണല്ലോ. സങ്കടത്തിന്റെയും കഷ്ടതയുടേയും മാസമായി ശരിക്കും കർക്കടകം ഇത്തവണയാണ് വന്നിട്ടുള്ളത്. രാമനും സീതയും ഓരോ ദേശങ്ങൾക്കനുസരിച്ചുള്ള വൈവിധ്യമാർന്ന ആഖ്യാനങ്ങളായി പലജീവിതങ്ങളായി പാരായണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. പുരാണത്തിൽ മറ്റൊരു കൃതിക്കും ഇത്ര പാഠാന്തരങ്ങൾ ഉണ്ടായിട്ടില്ല. രാമായണ ഗവേഷകനായ ഫാദർ കാമിൽബുൽക്കെ മുന്നൂറോളം രാമായണപാഠങ്ങളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. എ.കെ.രാമാനുജന്റെ ‘മൂന്നൂറ് രാമായണങ്ങൾ തർജമയെസംബന്ധിച്ച അഞ്ച് ഉദാഹരണങ്ങൾ, വിവർത്തനത്തെ സംബന്ധിച്ച മൂന്ന് വിചാരങ്ങൾ' എന്ന പ്രബന്ധം രാമായണത്തിന്റെ പ്രാദേശീകപ്പകർച്ചകളെകുറിച്ച് പ്രതിപാദിക്കുന്നു. ഉത്തരമലബാറിലെ കാവുകളിൽ മാത്രം പാടിയാടുന്ന തികച്ചും പ്രാദേശികമായ ഒരു രാമായണജീവിതത്തിന്റെ ചോരയിറ്റിയ ഇടവഴികളിലൂടെ നമുക്ക് സഞ്ചരിക്കാം.

വെങ്കലച്ചൂളയിൽ വെന്തുതിളക്കുന്ന രാമായണം

രാമായണവും കർക്കടകവും രാമക്ഷേത്ര നിർമാണവുമൊക്കെ അന്തരീക്ഷത്തിൽ നിറയുന്ന പശ്ചാത്തലത്തിൽ രാമവിരുദ്ധമായ ഒരാഖ്യാനത്തെ ആവിഷ്‌ക്കരിക്കുകയാണ്. കുട്ടിക്കാലം മുതൽ കണ്ടുവരുന്ന, ഇന്നോളമുണ്ടായിട്ടുള്ള രാമായണ വിചാരങ്ങളിലൊന്നും ഇടംപിടിച്ചിട്ടില്ലാത്ത, ഇന്നും സജീവമായി നിലനിൽക്കുന്ന തീവ്രമായ രാമായണാനുഭവത്തെയാണിവിടെ സൂക്ഷ്മവിചാരം ചെയ്യുന്നത്. കാസർഗോഡ് ജില്ലയിലെ തൃക്കരിപ്പൂർ നാട്ടിൽ ശ്രീരാമൻ ദൈവമല്ല. പകരം രാമൻ ചതിച്ചു കൊന്ന ബാലിയെയാണ് കൺകണ്ട ദൈവമായി ആരാധിക്കുന്നത്. ബാലി ദൈവരൂപത്തിൽ അവതരിച്ച് ജനങ്ങളുടെ തലയിൽ കൈവെച്ചനുഗ്രഹിക്കുന്ന ലോകത്തിലെ ഒരേയൊരു പ്രദേശവും ഇതാകും.

പണിയെടുക്കുന്നവരുടെ, വിയർപ്പൊഴുക്കുന്നവരുടെ, കഷ്ടതയനുഭവിക്കുന്നവരുടെ ദൈവമാണ് ബാലി. സംസ്‌കൃതത്തിന്റെ, മണിപ്രവാളത്തിന്റെ രാസവളം ചേർക്കാത്ത ജൈവവിഭവം. കർക്കടപ്പെയ്ത്തിൽ വീട്ടുവളപ്പിൽ കിളിർത്ത തകരപോലെ, താളുപോലെ, ചീരപോലൊരു ദൈവാനുഭവം. അതെ, രാമായണത്തെക്കുറിച്ച് തന്നെ.

സംസ്‌കൃതത്തിൽ തത്വം പറയുന്ന രാമനെ കൊണ്ട് ജീവിതത്തിൽ എന്തു പ്രയോജനം എന്ന് തൊഴിലാളികൾ ചിന്തിക്കുന്നിടത്താണ് ഉത്തരമലബാർ രാമായണചിന്ത ആരംഭിക്കുന്നത് തന്നെ

നെഞ്ചിൽ അമ്പുതറച്ച ബാലിത്തെയ്യം പാടിയ ബലിപ്പാട്ടിനെ കുറിച്ച്.
നമ്മുടെ നാട്ടിൽ ഇന്നോളമുണ്ടായിട്ടുള്ളതിൽ വെച്ചേറ്റവും ശക്തമായതും ജനകീയമായതും തൊഴിലാളികൾക്കു വേണ്ടി മാത്രം രചിക്കപ്പെട്ടതുമായ പ്രാദേശികപാഠം. ഉത്തരകേരളത്തിലെ ആശാരി, മൂശാരി, കൊല്ലൻ, തട്ടാൻ കല്ലാശാരി എന്നിങ്ങനെയുള്ള ഐങ്കുടിക്കമ്മാളരായ പണിയാളർ ബാലിപ്പെരുമാളെ തങ്ങളുടെ കുലനായകനായി പണിയാലയിൽ കുടിയിരുത്തി. പെരുവണ്ണാന്മാർ രാമായണപ്പാട്ടുകൊണ്ട് ബാലിയുടെ കീറിപ്പിളർന്ന നെഞ്ചിൽ മരുന്നുകെട്ടി. സവർണസ്തുതികൾ എല്ലാ കാലത്തും നിരാകരിച്ച തെയ്യത്തിലെ രാമായണത്തെക്കുറിച്ചധികാമാരും കേട്ടിട്ടുണ്ടാകില്ല. പ്രസിദ്ധീകൃതമായ നമ്മുടെ ഒരു രാമായണം റഫറൻസിലും ഇങ്ങനെയൊന്ന് കണ്ടെത്താനാകില്ല. ഉള്ളൂരിന്റെ സാഹിത്യചിരിത്രമെന്ന ബൃഹദ്ഗ്രന്ഥത്തിന്റെ പ്രൗഢമായ ഏടുകൾ ബാലിച്ചോരയിൽ അശുദ്ധമാകാൻ പാടില്ലല്ലോ. ജനജീവിതത്തെ ഇത്രയധികം ആഴത്തിൽ സ്വാധീനിക്കുന്ന, ഇന്നും സജീവമായ ഈ രാമായണപാഠം ഇത്രയും കാലം തമസ്‌ക്കരിക്കപ്പെടാനെന്തായിരിക്കും കാരണം. ഈ ലേഖകൻ ദീർഘനാളത്തെ അന്വേഷണ പഠനങ്ങൾക്കൊടുവിൽ ബാലിരാമായണത്തെ മുഖ്യധാരാ വായനയിലേക്ക് കൊണ്ടുവരുന്നതിന് ശ്രമങ്ങൾ നടത്തിയിരുന്നു. മുന്നൂറ്റിയൊന്നാമത്തെ രാമായണമായും എട്ടാമത്തെ വൻമരമായും കാവുകളിൽ ചൊല്ലിയുറയുന്ന രാമായണപ്പാട്ടിന്റെ വർത്തമാനങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. തുലാവരിഷപ്പകർച്ചയിൽ തുടങ്ങി ഇടവപ്പാതി മഴയിലവസാനിക്കുന്ന ഒരു കളിയാട്ടക്കാലത്ത് അനീതിയുടെ എത്രയെത്ര ബാലിവധങ്ങളാണ് കാവുകളിൽ പാടിയാടി ആവിഷ്‌ക്കരിക്കുന്നത്.
ഒരു ഗോത്രമനുഷ്യന്റെ കൊലപാതകം

ചെറുപ്പത്തിലേ കണ്ടുകണ്ട് മനസ്സിലുറച്ചുപോയ രാമായണാഖ്യാനമാണ്. തൃക്കരിപ്പൂരിലെ വീട്ടിൽ നിന്ന്​ പതിനഞ്ച് മിനിട്ട് നടന്നാൽ ആശാരിമാരുടെ ആരാധനാ കേന്ദ്രമായ ചീർമ്മക്കാവിലെത്താം. എല്ലാവർഷവും മേടം രണ്ടാമത്തെയാഴ്ച്ചയാണ് ചീർമ്മക്കാവിൽ കളിയാട്ടം കൂടുന്നത്. പന്നിക്കുളത്തുചാമുണ്ടി, വിഷ്ണുമൂർത്തി, ഗുളികൻ അങ്ങനെ കുറേ തെയ്യമുണ്ടെങ്കിലും ബാലിയാണ് ചീർമ്മക്കാവിലെ വിശേഷപ്പെട്ട തെയ്യം. കാസർകോട് ജില്ലയിലെ തൃക്കരിപ്പൂരുള്ള ചീർമ്മക്കാവ് ബാലിക്കാവുകളിൽ ഏറെ പ്രാധാന്യമുള്ളതാണ്.

ചീർമ്മക്കാവ്
ചീർമ്മക്കാവ്

രാമായണത്തിലെ ബാലിയേക്കാൾ വീരനും ആത്മാഭിമാനുള്ളവും മാനുഷികതയുള്ളവനും കീഴാളജീവിതത്തോട് ചേർന്ന് നിൽക്കുന്നവനുമാണ് തെയ്യത്തിലെ ബാലി. മറ്റൊരാളുടെ കാര്യലാഭത്തിന് വേണ്ടി ഇരയാകേണ്ടി വന്ന ഒരു ഗോത്രമനുഷ്യന്റെ കൊലപാതകമാണ് തെയ്യത്തിലെ രാമായണത്തിന്റെ പ്രമേയം. ജാതിയിൽ താഴേത്തട്ടിലുള്ളവർ പകർന്നാടുന്ന രാമായണം സ്വന്തം വർഗ്ഗം ഇന്നോളം നേരിട്ട വഞ്ചനയുടേയും ദുരന്തങ്ങളുടേയും ജീവിതാഖ്യാനം തന്നെയാണ്. ജാതിയോട്, ഭരണകൂടത്തിനോട്, മൂലധനശക്തികളോടുള്ള പോരാട്ടങ്ങൾ തന്നെയാണ് ചതിയുടെ ബലിക്കല്ലിൽ രക്തസാക്ഷിയായ ബാലിയെ മുൻനിർത്തി അവർ പാടിയാടുന്നത്. എന്തുകൊണ്ടാണ് മുഖ്യധാര സമൂഹത്തിന്റെ ശ്രദ്ധയിലേക്ക് ഇത്രയും ശക്തമായ ഇത്രയും ജനകീയമായ ഒരു പ്രതിരാമായണപാഠം വരാതിരുന്നത്. അതിന്റെ കാരണങ്ങൾ ഏറ്റവും ലളിതമാണ്. അത് ജാതിയിൽ താഴ്ന്നവരായ കീഴാളരുടെ ജ്ഞാനത്തിന്റെ ഉത്പന്നമാണ്. ഈ ബദൽ

ജാതിയോട്, ഭരണകൂടത്തിനോട്, മൂലധനശക്തികളോടുള്ള പോരാട്ടങ്ങൾ തന്നെയാണ് ചതിയുടെ ബലിക്കല്ലിൽ രക്തസാക്ഷിയായ ബാലിയെ മുൻനിർത്തി അവർ പാടിയാടുന്നത്

രാമായണപ്പാട്ടുകൾ കെട്ടിയുണ്ടാക്കിയതും കാവുകളിൽ രമായണത്തെയ്യമായി വരവിളിച്ചുറഞ്ഞാടി സാധാരണ മനുഷ്യരുടെ സങ്കടങ്ങൾക്ക് താങ്ങാകുന്നതും ഉത്തരകേരളത്തിലെ ദളിതരാണ്. സർവ്വോപരി അത് ശ്രീരാമന്റെ ദൈവപദവിയെ നിരാകരിക്കുന്ന ഒരനുഷ്ഠാനമാണ്. പണിയാളരുടെ നായകനായ ബാലിത്തതെയ്യത്തിലൂടെ രാമന്റെ ആര്യപദവിക്കുമുകളിൽ തൊഴിലാളികൾ ആധിപത്യം സ്ഥാപിക്കുകയും ചെയ്യുന്നു.
തൊഴിലാളികൾക്കു വേണ്ടി, ബാലി ദൈവമായി ഒരു രാമായണപാഠം

രാമായണത്തിലെ ദുരന്തകഥാപാത്രമായ ബാലിയുടെ ജീവിതവുമായി ബന്ധമുള്ള രണ്ട് പ്രദേശങ്ങളാണ് പയ്യന്നൂരിനടുത്തുള്ള എരമവും കുഞ്ഞിമംഗലവും. എരമത്തെ മണ്ണുമ്മൽ തറവാട് ആശാരിപ്പണിക്ക് പേരുകേട്ടതാണ്. കേരളത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരോയൊരു വെങ്കലഗ്രാമമാണ് കുഞ്ഞിമംഗലം. കർണ്ണാടകത്തിൽ ആശാരിപ്പണിക്കുപോയ മണ്ണുമ്മലാശാരിയുടെ മുഴക്കോലും പിടിച്ചാണ് ബാലി എരമത്തേക്കു വരുന്നത്. എരമം ഗ്രാമത്തിലെത്തിയ ബാലി നേരെ ചിറക്കൽ കോലോത്തേക്കോ തരണനെല്ലൂരിന്റെ ഹോമകുൺഡം തേടിയോ അല്ല പോയത്. ശ്രീരാമനെ പോലെ പ്രമുഖനായ മറ്റൊരു രാമൻ മഴുവെറിഞ്ഞുണ്ടാക്കിയ നൂറ്ററുപത് കാതം ഭൂമിയിൽ കേരളോൽപത്തിയുടെ പട്ടോലപ്പഴമ പറയുകയല്ല ബാലി ചെയ്തത്. ബ്രാഹ്മണ്യവും നാടുവാഴിത്ത ജന്മിത്വവും തെയ്യത്തെക്കൊണ്ട് കേരളോൽപത്തി പറയിക്കുമ്പോഴാണ് പരശുരാമസൃഷ്ടമായ പുണ്യഭൂമിയെ ബാലി പുറംകാലുകൊണ്ട് തൊഴിച്ചെറിയുന്നത്. ബാലിക്കുവേണമെങ്കിൽ ഹനുമാനെ പോലെ രാമനെ നെഞ്ചിലൊട്ടിച്ചുവെച്ച് തന്ത്രിയുടെ പൂജയും പുണ്യാഹവും സ്വീകരിച്ച് ചിറക്കൽകോവിലകത്ത് രാജകീയപ്രൗഢിയോടെ കഴിയാമായിരുന്നു. രാമൻ കുത്തിക്കീറിയ ബാലിയുടെ നെഞ്ച് ചായില്ല്യവും മനേലയും തേച്ച് തുന്നിക്കെട്ടിയത് ഉത്തരകേരളത്തിലെ കീഴാളരായ വണ്ണാന്മാരാണ്, അത് തുറന്നു നോക്കിയാൽ കാണുന്നത് ഹനുമാന്റെ നെഞ്ചുപോലെ ആര്യദൈവങ്ങളേയല്ല. ആലയിലെ കരിയിൽ കഠിനാധ്വാനം ചെയ്യുന്ന കൊല്ലനെ, വെങ്കലമൂശയിൽ ഉരുകുന്ന മൂശാരിയെ ഉമിത്തീയിൽ നീറുന്ന തട്ടാനെ അങ്ങനെ വിയർപ്പ്പൊട്ടി അധ്വാനിക്കുന്ന തൊഴിലാളികളെ ബാലിയുടെ രക്തമിറ്റുന്ന നെഞ്ചകത്ത് കാണാം.

ഉത്തരകേരളത്തിലെ തൊഴിൽകുലങ്ങളായ ആശാരി, മൂശാരി, കൊല്ലൻ, തട്ടാൻ എന്നിങ്ങനെയുള്ള നാങ്കുവർണ്ണത്തിന്റെ പണിയാലയിലേക്കും കല്ലാശാരിയുമുൾപ്പെടുന്ന ഐങ്കുടി കമ്മാളരുടെ അടുത്തേക്കുമാണ് ബാലി വരുന്നത്. ബാലി ഉത്തരകേരളത്തിലെ തൊഴിലാളികളുടെ അതിനായകനാണെന്ന് കയ്യടി കിട്ടാനായി വെറുതെ ഒരാവേശത്തിന് പറഞ്ഞുപോകുന്നതല്ല. മണ്ണുമ്മൽ പടിഞ്ഞാറ്റയിൽ ഒന്നാമതായി ശേഷിപ്പെട്ട ബാലിയുടെ പാട്ടുകൾ പിന്നീട് ഉയർന്നു കേട്ടത് വെങ്കലത്തൊഴിലാളികൾ വെന്തുപൊള്ളുന്ന കുഞ്ഞിമംഗലത്തെ മൂശാരിക്കാവ്വലിനടുത്തുള്ള വടക്കൻ കൊവ്വലിലാണ്. കുഞ്ഞിമംഗലത്തെ കുറുവാട്ട് പെരുവണ്ണാന്മാരാണ് രാമയാണപ്പാട്ടുകൾ കെട്ടിയുണ്ടാക്കിയത് എന്ന് വിശ്വസിക്കുന്നു. മണ്ണുമ്മൽ കഴിഞ്ഞാൽ ബാലിയുടെ മൊഴിപ്രകാരം മൊറാഴയും കുറുന്താഴയുമാണ് തെയ്യസ്ഥാനങ്ങളായി വരുന്നത്. പക്ഷേ വടക്കൻ കൊവ്വലിന് ബാലിയുടെ ചരിത്രവുവുമായി ആഴത്തിലുള്ള ബന്ധമുണ്ട്. തൊഴിൽ കുലനായകനായി ഒരു രാമായണകഥാപാത്രത്തെ സൃഷ്ടിച്ചുകൊണ്ട് നാളിന്നേക്കുവരെയുള്ള എല്ലാ രാമായണ പാരായണത്തിന്റേയും സവർണ്ണ അധികാര ഘടനയെ കീഴളരായ പെരുവണ്ണാന്മാർ നിലംപരിശാക്കുകയാണ്. ലോകത്തിലെവിടേയും

രാമൻ കുത്തിക്കീറിയ ബാലിയുടെ നെഞ്ച് തുന്നിക്കെട്ടിയത് കീഴാളരായ വണ്ണാന്മാരാണ്, അത് തുറന്നു നോക്കിയാൽ കാണുന്നത് ഹനുമാന്റെ നെഞ്ചുപോലെ ആര്യദൈവങ്ങളേയല്ല. കൊല്ലനെ, മൂശാരിയെ, തട്ടാനെ...

തൊഴിലാളികൾക്കു വേണ്ടി മാത്രം ബാലി ദൈവമായി ഒരു രാമായണപാഠം നിർമ്മിച്ചതായി അറിവില്ല. ആ അസാധ്യതയാണ് തെയ്യം സാധ്യമാക്കുന്നത്.
അത്യധികം ശാരീരികശേഷി വേണ്ടുന്ന തൊഴിലാളികളുടെ കുലനായകനാണ് തെയ്യത്തിലെ ബാലി. തൊഴിലാളിക്ക് എഴുത്തും വായനയുമൊന്നുമറിയാത്തതിനാൽ അവൻ പണിയെടുത്ത് മരിക്കുന്ന ആലയിൽ ജഗദാനന്ദകാരകനായ രാമനെക്കൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല. തൊഴിൽ അധ്വാനമാണ്, കരുത്താണ്. വെങ്കലം ഉരുകിത്തിളക്കുന്നേടത്ത് തത്വമല്ല കരുത്താണ് വേണ്ടത്. അതുകൊണ്ടാണ് കരുത്തിന്റെ പര്യായമായ, നേർക്കുനേർ എതിരിട്ട് ആർക്കും കീഴ്പ്പെടുത്താനാകാത്ത ബാലിയെ തൊഴിലാളികൾ പണിയാലയിൽ കുടിയിരുത്തിയത്. സംസ്‌കൃതത്തിൽ തത്വം പറയുന്ന രാമനെ കൊണ്ട് ജീവിതത്തിൽ എന്തു പ്രയോജനം എന്ന് തൊഴിലാളികൾ ചിന്തിക്കുന്നിടത്താണ് ഉത്തരമലബാർ രാമായണചിന്ത ആരംഭിക്കുന്നത് തന്നെ. തെയ്യത്തിലെ രാമായണം എന്നത് ചീരാമന്റെ രാമചരിതം പോലെ സ്വതന്ത്ര കൃതിയില്ല. അതൊരവതരണത്തിന്റെ ഭാഗമായി പാടുന്നതാണ്. തെയ്യത്തിൽ പിന്നണി എന്ന ഒരു സമ്പ്രദായമില്ലാത്തതിനാൽ തോറ്റംപാട്ടുകൾ പിന്നണി സംഗീതമല്ല. തെയ്യത്തെ മുൻനിർത്തിയാണ് പെരുവണ്ണാൻമാർ തങ്ങളുടെ തന്നെ ജീവിതം പാടിപ്പൊലിപ്പിക്കുന്നത്. തെയ്യത്തിലെ രാമായണം അനുഷ്ഠാനസന്ദർഭത്തിൽ മാത്രം പാടുന്നതാണ്.

തോറ്റം പാട്ട്
തോറ്റം പാട്ട്

അതുകൊണ്ടുതന്നെ തെയ്യം കെട്ടുന്നവർ മാത്രമാണിതുവരെ ആ കൃതി കൈകാര്യം ചെയ്തിരുന്നത്. നാട്ടുകാരെ സംബന്ധിച്ച് ബാലി കുറേ തെയ്യങ്ങളിൽ ഒരവും അർക്കത്തുമുള്ള ഒരു തെയ്യം മാത്രം. കുഞ്ഞിമംഗലത്തെ വെങ്കലച്ചൂളയിൽ പൊള്ളിനീറുന്ന തൊഴിലാളികൾക്ക് നാട്ടിലെ തന്നെ തെയ്യക്കാരായ പെരുവണ്ണാന്മാർ സ്വയം ദൈവമായി കെട്ടിയുണ്ടാക്കിയ രാമായണപാഠമുണ്ടെന്നു പറഞ്ഞാൽ ഇവിടുത്തെ പൺഡിത കേസരികളും ചരിത്രകാരന്മാരും അംഗീകരിക്കില്ല. സ്‌ക്കൂൾ വിദ്യാഭ്യാസം പോലുമില്ലാത്ത പെരുവണ്ണാന്മാരെ രാമായണകർത്താക്കളായി കാണാനുള്ള ഹൃദയവിശാലതയൊന്നും ഫോക്ക്ലോറിസ്റ്റുകൾക്കോ ഇവിടുത്തെ അക്കാദമിക ചരിത്രത്തിന്റെ മൊത്തക്കച്ചവടക്കാർക്കോ ഇല്ല.

ബാലിയുടെ മരണാനന്തരയാത്രകൾ

പെരുവണ്ണാന്മാർ കെട്ടിയുണ്ടാക്കിയ നെടുബാലിയനെ പോലൊരു ബാലിയെ മറ്റൊരു രാമായണത്തിലും കാണാൻ കഴിയില്ല. ബാലിയെ മറപറ്റി രാമൻ അമ്പെയ്തു കൊല്ലുന്നതും രാമനെ ബാലി നിശിതമായി ചോദ്യം ചെയ്യുന്നതും എല്ലാ രാമായണത്തിലും കാണും. പക്ഷേ തെയ്യത്തിന് മാത്രം സാധ്യമാകുന്ന ചിലതുണ്ട്. ആ ചരിത്രദൗത്യമാണ് മരണാനന്തരജീവിതത്തിലൂടെ ബാലി നിർവ്വഹിക്കുന്നത്. മറ്റെല്ലാ രാമായണത്തിൽ നിന്നും ബാലിത്തെയ്യം വ്യത്യസ്തമാകുന്നതും ആ ഉത്തരവാദിത്വത്തിലൂടെയാണ്. രാമൻ ഒരാളെ കൊല്ലുന്നതിന് രാമായണം നൽകുന്ന വിശദീകരണത്തിന്റെ പേരാണ് മോക്ഷം. ബാലിയുടെ നെഞ്ചു പിളർന്ന ചതിയമ്പ് രാമന് മോക്ഷമാണ്.

സ്‌ക്കൂൾ വിദ്യാഭ്യാസം പോലുമില്ലാത്ത പെരുവണ്ണാന്മാരെ രാമായണകർത്താക്കളായി കാണാനുള്ള ഹൃദയവിശാലതയൊന്നും ഇവിടുത്തെ അക്കാദമിക ചരിത്രത്തിന്റെ മൊത്തക്കച്ചവടക്കാർക്കില്ല

രാമസായകത്തിലൂടെ മോക്ഷം നേടിയ ബാലി രാമനെ സ്തുതിച്ച് ഉടലോടെ സ്വർഗ്ഗത്തിലെത്തി സുഖമായി ജീവിച്ചു എന്നാണ് എഴുത്തച്ഛനും വാൽമകിയുമൊക്കെ പറയുന്നത്. ഇവിടെയാണ് രാമായണത്തെ ഒരു ചരിത്രമാക്കി ജീവിതത്തോടൊപ്പമുള്ള ഒരു തുടർച്ചയായി പെരുവണ്ണാന്മാർ പുനർവായിക്കുന്നത്. തെയ്യത്തിലെ ബാലി സ്വർഗ്ഗസൗഭാഗ്യങ്ങൾ നിരാകരിച്ച് വെറുമൊരാശാരിയുടെ കൂടെ വടക്കൻകേരളത്തിന്റെ ഉള്ളുരുക്കങ്ങളിലേക്ക് ഉലകീയുകയാണ് ചെയ്യുന്നത്. മരണാനന്തരം ബാലിയെ ഏറ്റെടുത്ത് സംരക്ഷിക്കുകയും കൊണ്ടാടുകയും ചെയ്യുന്നത് ഉത്തരമലബാറിലെ തൊഴിലാളികളാണ്. ഇത് നിലവിലുള്ള എല്ലാ രാമായണ സങ്കൽപങ്ങൾക്കും അസാധ്യമായതും അപ്രാപ്യമായതും രാമായണത്തിനു തന്നെ കൃത്യമായ ഒരുബദലുമാണ്. ബാലിപ്പാട്ടുകൾ വെറും നാടോടിപ്പാട്ടുകളല്ല. അത് പരാജയപ്പെട്ട ഒരു ജനത വിജയികളുടെ നേർക്കു തൊടുക്കുന്ന ഒരു കാലത്തും ഉത്തരം കണ്ടെത്താനാകാത്ത ചോദ്യങ്ങളുടെ തുരുമ്പെടുക്കാത്ത ശരമൂർച്ചകളാണ്.
ജീവിച്ചിരുന്നവൻ മരണാനന്തരം കൂടുതൽ അപടകരിയായി ഉയിർക്കുന്നതാണ് തെയ്യം. വേറൊരുകാലത്ത് വേറൊരുേേ ദശത്ത് ഒരു ജീവിതം ആടിത്തീർക്കുമ്പോൾ ഇടക്ക് വെച്ച് മുറിഞ്ഞുപോകുന്ന ഒഴുക്കാണ് പിന്നീട് തെയ്യമെന്ന സമ്പൂർണ ജീവിതത്തിലൂടെ പലകാലങ്ങളിലായി പല ദേശങ്ങളിലായി ഒഴുകുന്നത്. ആദ്യത്തെ ജീവിതവും രണ്ടാമത്തെ ജീവിതവും രണ്ടും രണ്ടനുഭവങ്ങളാണ്. തെയ്യത്തിൽ ബാലിയുടെ ആദ്യജീവിതം കിഷ്‌കിന്ധയിലും രണ്ടാമത്തെ ജീവിതം ഉത്തരകേരളത്തിലുമാണ്. ഏറ്റവും അതിയശയകരമായ കാര്യം രണ്ടാമത്തെ ജീവിതത്തെ സംബന്ധിച്ചുള്ള ബാലിയുടെ തെരഞ്ഞെടുപ്പാണ്. അത് സഹജീവികളോട് അങ്ങേയറ്റം കാരുണ്യവും പരിഗണനയുമുള്ള ഒരു മനുഷ്യന് മാത്രം സാധ്യമാകുന്നതാണ്. ആ സാമൂഹികമായ ഉത്തരവാദിത്വമാണ് പെരുവണ്ണാന്മാർ തെയ്യംമുഖേന ബാലിയെ ഏൽപിക്കുന്നത്.
എഴുത്തച്ഛൻ അവസാനിപ്പിച്ചേടത്തുവെച്ചാണ് പെരുവണ്ണാന്മാർ തുടങ്ങുന്നത്. കിഷ്‌കിന്ധയിലെ വടുവരാജന്റെ വടുവക്കോട്ടയിലെ ഗോപ്യസാന്നിദ്ധ്യമായ ബാലി മലനാട്ടിൽ കണ്ണിനുമുന്നിലെ ജ്വലിക്കുന്ന കാഴ്ച്ചാനുഭവമായി. ആര്യരാമന്റെ കൊടുംചതിയുടെ ചിഹ്നം നെഞ്ചിൽ വരച്ചു ചേർത്താണ് തെയ്യമായി ഉറഞ്ഞാടി പെരുവണ്ണാന്മർ ഒരു വ്യവസ്ഥയുടെ നെഞ്ചത്തേക്ക് അമ്പെയ്യുന്നത്. ഉത്തരമലബാറിൽ നിന്നും കൊടകിലേക്കും വടക്കൻ കർണ്ണാടകയിലേക്കും തൊഴിൽ തേടി പോയവരുടെ കൂടെ എന്തു കൊണ്ടാണ് രാമൻ വരാതിരുന്നത്. ആശാരിപ്പണിക്കുപോയ മേലാശാരിയോട് ബാലിക്ക് മാത്രം പ്രിയം തോന്നാനെന്താ കാരണം. രാമായണം വായിക്കാനറിയാതെ അന്നന്നത്തെ അന്നത്തിനായി കഷ്ടപ്പെടുന്നവർക്കെന്ത് രാമൻ. അവരുടെ മുന്നിൽ കഠിനമായ ജീവിതം മാത്രമേയുള്ളു. അധ്വാനിക്കുന്നവൻ അധ്വാനിക്കുന്നവനെ മാത്രമേ ആരാധിക്കൂ. അവരേ തമ്മാമിൽ കൂടിക്കാണൂ.
ബാലിയുടെ മരണാനന്തര ജീവിതം വിചിത്രമായിരുന്നു. എരമം ദേശത്തുനിന്നും ഇന്നത്തെ ഹമ്പിയിലേക്ക് ആശാരിപ്പണിക്കു പോയ മണ്ണുമ്മൽമേലാശാരി പണിക്കു വേണ്ടുന്ന വൻമരം മുറിക്കുന്നതിനിടയിലാണ് ബാലിയ കണ്ടുമുട്ടുന്നത്. ആശാരിയുടെ കെട്ടും ചുറ്റും ഞൊറിയും കുറിയും അടക്കവും ആചാരവും കണ്ട് മണ്ണുമ്മൽ വിശ്വകർമ്മന്റെ വെള്ളോലമെയ്ക്കുടയാധാരമായി മണ്ണുമ്മൽ പടിഞ്ഞാറ്റയിൽ ശേഷിപ്പെട്ടു.

രാമായണയത്തിന്റെ പൗരാണിക ഗരിമയിൽ നിന്നും സാധാരണ ജീവിതത്തിലേക്ക് ബാലി കീഞ്ഞുവരുന്നതങ്ങനെയാണ്. ഉത്തരകേരളത്തിലെ നാങ്കുവർണ്ണത്തിന്റേയും ഐങ്കുടിക്കമ്മാളരുടേയും തൊഴിൽൽകുല നായകനായ ബാലിയുടെ മരണാനന്തര യാത്രകൾ തെയ്യത്തിന്റെ സാംസ്‌ക്കാരിക ചരിത്രത്തിലെ ചോരയിൽ കുതിർന്ന ഏറ്റവും തീക്ഷ്ണമായ അദ്ധ്യായമാണ്. എരമം മണ്ണുമ്മലിൽ നിന്നും മൊറാഴ, കുറുന്താഴ, കുഞ്ഞിമംഗലം, വടക്കൻകൊവ്വൽ എന്നീ സ്ഥാനങ്ങളിലാണ് ബാലിയുടെ ദൈവനിയോഗങ്ങൾ സാന്നിദ്ധ്യപ്പെട്ടത്. ആ നാല് സ്ഥാനങ്ങൾ കൊണ്ടും താരാകാന്തന് മതി വന്നില്ല.

വടക്കൻ കൊവ്വൽ
വടക്കൻ കൊവ്വൽ

തോറ്റവൻ തോറ്റിയ തോറ്റമായി തൊഴിലാളി ജീവിതങ്ങളിലൂടെ ബാലിയുടെ മരണാനന്തരയാത്രകൾ പിന്നെയും പിന്നെയും തുടർന്നു. ആശാരി, മൂശാരി, കൊല്ലൻ, തട്ടാൻ എന്നീ തൊഴിൽ കുലങ്ങൾ തിങ്ങിപ്പാർക്കുന്ന ഗ്രാമങ്ങളിൽ പട്ടിണിപ്പാവങ്ങളുടെ പതിയൊ പടിഞ്ഞാറ്റയോ കൊട്ടാരമാക്കി ബലിയായ ബാലി അവരുടെ ഗോത്രനായകനായി. മണ്ണിൽപണിയെടുക്കുന്ന മനുഷ്യന്റെ സങ്കടങ്ങളാറ്റുന്നതിനായി മീനപ്പൊരിവെയിലിൽ തെയ്യത്തിന്റെ മുൾക്കിരീടം ചൂടി. വരവിളിച്ചുറഞ്ഞ ബാലി മേലേരിക്കനലിൽ വെന്തുവിയർത്തു. ചോദ്യം ചെയ്യുവനാരുമില്ലാത്ത സാമ്രാജ്യത്വാഹങ്കാരത്തെ കളിയട്ടക്കാവുകളിലെ വിശുദ്ധവൃക്ഷങ്ങൾ സാക്ഷിയാക്കി നിശിതമായി ചോദ്യം ചെയ്തുകൊണ്ടിരുന്നു. ഉത്തരമലബാർ ഗ്രാമങ്ങളിൽ കളിയാട്ടരാവുകളിൽ രണഭേരയിയായി മുഴങ്ങുന്ന മലയച്ചെണ്ടകൾക്കുമീതെ ഉയർന്നുകേൾക്കുന്ന രാമായപ്പാപാട്ടുകൾ ഇന്നുവരെ രാമനോ രാമന്റെ പിൻമുറക്കാർക്കോ ഉത്തരം പറയാനാകാതെ പോയ ചോദ്യങ്ങളുടെ പടവിളികളാണ്.

ഉത്തരകേരളത്തിലെ ഒട്ടനവധി മനുഷ്യരുടെ വിധി തന്നെയാണ് ബാലിക്കും സംഭവിച്ചത്. സ്വന്തം ജാതി, കുലം, കഴിവ്, സമ്പത്ത്, ശക്തി, മനുഷ്യസ്നേഹം ഇവയൊക്കെ കാരണമായി ഭരണകൂടം കൊലപ്പെടുത്തിയ മനുഷ്യരാണ് പിന്നീട് തെയ്യമായി പുനർജനിക്കുന്നത്. അധികാരികൾ നോട്ടമിട്ട രക്തസാക്ഷികൾ തലയില്ലാത്ത ഉടലുമായി താണ്ടിയ വഴികളിലൊക്കെയും സ്വന്തം ചോര വീഴ്ത്തി സ്വചരിത്രം രേഖപ്പെടുത്തി. പലവിധ കാരണങ്ങളുണ്ടാക്കി ചതിയിൽ പെടുത്തി അധികാരവർഗ്ഗം കൊന്നുകളഞ്ഞ മുഷ്യരുടെ ചോരയാണ് ഒഴുകിവന്ന് തെയ്യമായി നമ്മുടെ കാലുകളെയും ചരിത്രത്തേയും കുതിർക്കുന്നത്.

ചത്തവന്റെ ഉടലുത്സവം

തെയ്യം ചത്തവന്റെ ഉടലുത്സവങ്ങളാണ്. കൊന്നവന് അതുകൊണ്ട്തന്നെ തെയ്യത്തിൽ കാര്യമായിട്ടൊന്നും ചെയ്യാനില്ല. കൊന്നവൻ മരണമില്ലാത്ത അധികാരവും ഭരണകൂട ശക്തിയുമാണല്ലോ. കൊലയാളികളുടേതല്ല, കൊല്ലപ്പെട്ടവന്റെ ഉയിർപ്പാണ് തെയ്യം. ചത്തുപോയവന് പറയാനുള്ളത് പറയാൻ വേണ്ടിയാണ് തെയ്യം അതിന്റെ ഘടനകൾ രൂപപ്പെടുത്തുന്നത്. രാമൻ ലോകത്താകമാനം ജീവിച്ചിരിക്കുമ്പോൾ ബാലി ഇന്ന് തെയ്യക്കാവുകളിൽ മാത്രമാണ് ജീവിച്ചിരിക്കുന്നത്. രാമൻ ഒളിയമ്പെയ്തു കൊന്ന ബാലിക്ക് പറയാനുള്ളതാണ് തെയ്യം പറയുന്നത്. അനുഷ്ഠാനത്തിനായി പാടുന്ന തോറ്റംപാട്ടുകളായതു കൊണ്ടാണ് രാമശിഷ്യന്മാരായ രാമായണ പൺഡിതന്മാർ ഈ പടപ്പാട്ടുകളെയൊന്നും രാമായണ ഗണത്തിൽ പെടുത്താതിരുന്നത്. നിലവിൽ തെയ്യത്തിൽ പാടിവരുന്ന ഏറ്റവും ദൈർഘ്യമേറിയ ആഖ്യാനങ്ങളാണ് ബാലിക്ക് വേണ്ടി പെരുവണ്ണാനന്മാർ പാടുന്ന രാമായണവും കടവാങ്കോട്ട് മാക്കത്തിനും കതിവനൂർവീരനും വേണ്ടി പാടുന്ന തോറ്റം പാട്ടുകളും. വിപുലമായ വിശദാംശങ്ങളും നാട്ടുപുരാവൃത്തങ്ങളും ഉൾപ്പെടുന്ന ബൃഹദാഖ്യാനങ്ങളാണിവ. ബാലിയിൽ രണ്ടനുഷ്ഠാന സന്ദർഭങ്ങളിലാണ് ഈ രാമായണാവിഷ്‌ക്കാരം നമുക്ക് കേൾക്കാനാവുക. തലേന്നാൾ രാത്രിയിലെ ബാലി വെള്ളാട്ടത്തിലും പിറ്റെന്നാൾ ഭാനുലോകം പുലരുന്നേരത്തുള്ള തെയ്യത്തിലും.

വെള്ളാട്ടം
വെള്ളാട്ടം

നെഞ്ചിൽ തറച്ച രാമൻ പേരെഴുതി ഒപ്പിട്ട ചതിയമ്പ് കൈകൊണ്ട് പിടിച്ച് രാമനെ ചോദ്യം ചെയ്യുന്ന വിധത്തിലാണ് പൂർവ്വാചാര്യന്മാരായ പെരുവണ്ണാന്മാർ നെടുബാലിയനെ രൂപകൽപ്പന ചെയ്തിരിക്കുന്നത്. വേറൊരു രാമായണാഖ്യാനത്തിലും ഇങ്ങനെയൊരു ബാലിയെ കാണാനാകില്ല. മല്ലയുദ്ധത്തിൽ സുഗ്രീവനെ കാലിൽ ചുഴറ്റി ആകാശത്തേക്കുയർത്തി നിലത്തടിക്കാൻ ശ്രമിക്കുമ്പോഴാണ് ചതിയുടെ ദൈവം ഒളിയമ്പെയ്യുന്നത്. നെഞ്ചിൽ തറച്ച അസ്ത്രം ബാലി കൈകൊണ്ട് പിടിച്ചു. രാമനാമം മുദ്രണം ചെയ്ത മാഹേന്ദ്രം എന്ന അസ്ത്രം കൈകൊണ്ട് പിടിച്ചു നിർത്തിയ ഒരയൊരുവനേയുള്ളു. അത് ബാലിതെയ്യമാണ്. അമ്പ് തറച്ച് രാമനെ ബാലി ചോദ്യശരങ്ങൾ കൊണ്ട് മൂടുകയണ്. രാമായണത്തിലെ രാമൻ ബാലിക്കെതിരെ ഉന്നയിക്കുന്ന

രാമൻ ലോകത്താകമാനം ജീവിച്ചിരിക്കുമ്പോൾ ബാലി ഇന്ന് തെയ്യക്കാവുകളിൽ മാത്രമാണ് ജീവിച്ചിരിക്കുന്നത്. രാമൻ ഒളിയമ്പെയ്തു കൊന്ന ബാലിക്ക് പറയാനുള്ളതാണ് തെയ്യം പറയുന്നത്

വാദങ്ങളൊക്കെ അങ്ങേയറ്റം മനുഷ്യത്വവിരുദ്ധമായ ഒരേകാധിപതിയുടെ ജൽപനങ്ങൾ ാത്രമാണ്. ലോകത്തിലുള്ള എല്ലാ രാമൻമാരും ബാലിയോട് പറയുന്നത് നീചഗോത്രത്തിൽ പിറന്ന നിന്നെ ലോക സാമ്രാജ്യത്വശക്തിയായ എനിക്കു കൊല്ലാനുള്ള അധികാരമുണ്ട് എന്നാണ്. കാട്ടുവാസികളെ കൊല്ലാൻ ലോകാഭിരാമനായ ജാനകീരമണന് ആരുടേയും അനുവാദത്തിന്റെ ആവശ്യമില്ല. കാട്ടിൽ പരിമിതമായ സൗകര്യത്തിൽ കഴിയേണ്ട നീ മണിമന്ദിരങ്ങളുണ്ടാക്കി സുന്ദരിയായ ഭര്യയുടെ കൂടടെ കഴിയുന്നു. നീ സ്ത്രീജിതനും കാമനകൾക്കടിമപ്പെട്ടവനുമാകുന്നു. നിന്നെ പോലുള്ളവരെ കൊന്ന് ഈ ഭൂമിയിൽ ക്ഷേമം നടപ്പാക്കാനാണ് ഞങ്ങൾ ഇക്ഷ്വാകു രാജാക്കന്മാർ ഭൂമി ഭരിക്കുന്നത്. ഇതാണ് രാമായണരാമന്റെ ഹത്യാവാദം.

ബാലിത്തെയ്യത്തിന്റെ ഏറ്റവും വലിയ സവിശേഷത അത് രാമന് ബാലിയുടെ ചോദ്യങ്ങൾക്ക് മറുപടി പറയാനോ രാമതത്വം ഉപദേശിക്കുന്നതിനോ അവസരം നൽകുന്നില്ല എന്നതാണ്. കിട്ടിയ അവസരത്തിൽ രാമൻ പറയുന്നതാകട്ടെ അങ്ങേയറ്റം ഹീനമായ അവസരവാദവുമാണ്. രാമൻ ഏത് ദുഷ്ടകഥാപാത്രത്തെ നിഗ്രഹിച്ചാലും ഉടൻ രാമതത്വം ഉപദേശിക്കും. തെയ്യത്തിലെ ബാലി പക്ഷേ അതിനും സമ്മതിക്കുന്നില്ല. രാമൻ ചെയ്ത ചെറുപ്പക്രിയയിൽ ക്രൂദ്ധനായി തന്തയായ ദശരഥനേയും ഗുരുവായ വസിഷ്ഠനേയും വരെ ബാലി ചീത്ത വിളിക്കുന്നുണ്ട്. നിന്നെ ഉണ്ടാക്കാൻ വേണ്ടി ജ്വലിപ്പിച്ച പുത്രകാമേഷ്ടി യാഗത്തിന്റെ തീ പോലും നിന്റെ ചതിക്രിയയിൽ കെട്ടുപോയി എന്നുവരെ രാമന്റെ മോത്തുനോക്കി ചോദിക്കാനുള്ള ധൈര്യം തെയ്യത്തിനുണ്ട്. നിന്റെ തന്തയായ ദശരഥൻപോലും നീ ചെയ്ത ചെറുപ്പക്രിയ പൊറുക്കില്ല എന്നാണ് ബാലി രാമന്റെ തന്തക്ക് വിളിക്കുന്നത്. ഞങ്ങളുടെ ഗോത്രത്തിലേക്ക് നീ എന്തിനാണ് അതിക്രമിച്ചു വന്നിരിക്കുന്നത്. ഞങ്ങളും നിങ്ങളും സംസ്‌ക്കാരത്തിന്റെ, ജീവിതത്തിന്റെ രണ്ട് വഴികളിലുള്ള മനുഷ്യരാണ്. ഞങ്ങൾ നല്ല തളിരിലയും കായ്കനികളും തിന്ന് കാട്ടിൽ വസിക്കുന്നവരാണ്. നിങ്ങൾ പരിഷ്‌ക്കാരികളായ നാഗരികരാണ്. നിങ്ങൾക്ക് രമ്യഹർമ്യങ്ങളും സുന്ദരികളായ ഭാര്യമാരുണ്ട്. ഞങ്ങൾ കാനന വാസികളാണ്. ഞങ്ങളുടെ ഭാര്യമാർ നിങ്ങളുടെ ഭാര്യമാരെ പോലെ സുന്ദരിമാരല്ല. പിന്നെന്തിന് ഞങ്ങളുടെ കുലം നീ മുടിക്കുന്നു.
ശ്രീരാമൻ തെയ്യത്തിൽ പൊന്നുരുക്കുന്നേടത്തു പെട്ടുപോയ പൂച്ചയണ്. രാമന് തെയ്യത്തിലൊന്നും ചെയ്യാനില്ല. ഉത്തരമില്ലാതെ ബാലിയുടെ ചോദ്യശരങ്ങളിൽ രാമൻ കീറിമുറിഞ്ഞുകൊണ്ടിരുന്നു. ബാലി ചോദിക്കുകയാണ്. ഞങ്ങളും നിങ്ങളും തമ്മിൽ മുൻപരിചയമില്ല. ബന്ധുത്വുവും ശത്രുത്വവുമില്ല. നാടു വാഴുന്ന നിങ്ങൾ കാടു വാഴുന്ന ഞങ്ങളെ കൊല്ലുന്നതെന്തിനാണ്. തിന്നുവാനയി കൊല്ലാറുണ്ട്. ഞങ്ങൾ കാട്ടിൽ വസിക്കുന്നവരുടെ ഇറച്ചി ഭക്ഷ്യയോഗ്യവുമല്ല പിന്നെന്തിനാണ് നിങ്ങൾക്ക് ഒരുപദ്രവവും ഇല്ലാത്ത ഞങ്ങളെ കൊല്ലുന്നത്. രാമന്റെ പെണ്ണിനെ രാവണൻ കട്ടാൽ ബാലിയെ കൊല്ലുന്നതിന്റെ യുക്തി എന്താണ്.

ബാലിയുടെ അനുഗ്രഹം
ബാലിയുടെ അനുഗ്രഹം

ബലിക്കല്ലിൽ ചോരവാർന്ന് പിടഞ്ഞുകൊണ്ട് ബാലി കൃത്യമായ, കാതലായ ഏതുകാലത്തും ഏതുലോകത്തും പ്രസക്തമായ അടിസ്ഥാന പ്രശ്നങ്ങളാണ് രാമനോട് ഉന്നയിച്ചത്. ഇതു കേവലം മരണാസന്നനായ ബാലി ആര്യസാമ്രാജ്യത്വത്തിനോട് മാത്രം ചോദിക്കുന്ന ചോദ്യമല്ല. ജാതിയിൽ താഴ്ന്നവനായ തെയ്യക്കാരനും അവനു ചുറ്റുമുള്ള അടിസ്ഥാനവർഗ്ഗവും

നിന്നെ ഉണ്ടാക്കാൻ വേണ്ടി ജ്വലിപ്പിച്ച പുത്രകാമേഷ്ടി യാഗത്തിന്റെ തീ പോലും നിന്റെ ചതിക്രിയയിൽ കെട്ടുപോയി എന്നുവരെ രാമന്റെ മോത്തുനോക്കി ചോദിക്കാനുള്ള ധൈര്യം തെയ്യത്തിനുണ്ട്

കഷ്ടജീവിതത്തിൽ അവർ നേരിട്ട കൊടും ചൂഷണത്തിനെതിരെ ഇന്നോളം ചോദിച്ച ചോദ്യങ്ങൾ തന്നെയാണ്. വൈനാടോൻ പുഞ്ചക്കണ്ടത്തിൽ തണുത്ത് വിറച്ച പുലയനും ഇതേ ചോദ്യങ്ങളുടെ തീ കായുന്നുണ്ട്. എന്റെ പുഞ്ചപ്പാടത്ത് പാൺഡിത്യവും ചാതുർവർണ്യവുമായി കടന്നുവന്ന് എന്നോട് വഴി തിരിയാൻ പറയാൻ ബ്രഹ്മണശ്രേഷ്ഠാ നിനക്കെന്തവകാശം. മനുഷ്യൻ എന്ന നിലയിൽ നീ എന്നിൽ നിന്നും വ്ത്യസ്തനാകുന്നതിന്റെ മാനദൺഡമെന്ത്. പുഞ്ചക്കണ്ടത്തിൽ വെച്ച് ബ്രാഹ്മണന് പുലയൻ രക്തശുദ്ധീകരണം നടത്തിക്കൊടുക്കുന്നതാണ് പൊട്ടൻതെയ്യത്തിന്റെ കഥ. ചോരയുടെ നിറവ്യത്യാസത്തെ കുറിച്ചുള്ള ശ്രീരാമന്റേയും ശങ്കരാചാര്യരുടേയും മിത്ഥ്യാധാരണകൾ തിരുത്തിക്കൊടുത്ത സ്പെഷ്യൽ ക്ലാസ്സുകളാണ് പുലയനും വണ്ണാനും തൊണ്ട പൊട്ടിപ്പാടിയ തോറ്റംപാട്ടുകൾ.
രാമൻ പ്രവേശിക്കാത്ത തെയ്യശരീരങ്ങൾ
മലയാളഭാഷയുടെ ചരിത്രത്തിലും സാഹിത്യത്തിന്റെ വളർച്ചയിലും തെയ്യം അനുഷ്ഠാനത്തിന്റെ സ്വാധീനം ഭാഷാ പണ്ഡിതന്മാർ നേരത്തേ മനസ്സിലാക്കീട്ടുള്ളതാണ്. അതിപ്രാചീനകൃതികളായ തിരുനിഴൽമാലയുടേയും പയ്യന്നൂർപാട്ടിന്റേയും കണ്ടെത്തൽ മലയാള ഭാഷാ ചരിത്രത്തിലെ നിർണ്ണായകമായ സംഭവങ്ങളായിരുന്നു. മലയാള ഭാഷയുടെ ശൈശവദശ കൃത്യമായും അടയാളപ്പെടുത്തിയ രചനകളായിരുന്നു തിരുനിഴൽമാലയും പയ്യന്നൂർപാട്ടും. ഉത്തരകേരളത്തിലെ വലിയ വിദ്യാഭ്യാസമൊന്നുമില്ലാത്ത തെയ്യക്കാർ പാടിയിരുന്ന രണ്ട് പാട്ടുകളും ഗവേഷകർ കണ്ടെത്തി അവതിരിപ്പിക്കുകയായിരുന്നു. തലമുറകളിലേക്കുള്ള തുടർച്ചകളില്ലാതെ പലപാട്ടുകളും വാമൊഴിവഴക്കങ്ങളും തെയ്യത്തിൽ നിന്നും കാലഹരണപ്പെട്ടു പോയിട്ടുണ്ട്. ജർമ്മനിയിലെ ട്യുബിങ്ങൽ സർവകലാശാലയിൽവെച്ച് ഡോ. സ്‌ക്കറിയസക്കറിയയാണ് പയ്യന്നൂർപാട്ട് കണ്ടെത്തുന്നത്. ഗുണ്ടർട്ട് എഴുതി സൂക്ഷിച്ചുവെച്ച ഈ കൃതി പക്ഷേ തെയ്യക്കാർ അനുഷ്ഠാന സന്ദർഭങ്ങളിൽ പാടുന്നതായിരുന്നു. തെയ്യക്കാരന്റെ ജ്ഞനാധികാരത്തിനു മുകളിൽ അത് പകർത്തി വെച്ച ഗവേഷകർക്കെങ്ങിനെയാണധികാരമുണ്ടാകുന്നത്. പയ്യന്നൂർ പാട്ടുപോലെ തന്നെ തെയ്യം അനുഷ്ഠാനത്തിൽ ഏതാണ്ട് പൂർണ്ണമായും അന്യമായ പാട്ടുകളാണ് കെന്ത്രോൻപാട്ടും കുറുന്തിനിപാട്ടും. മലയാള പാട്ടുസാഹിത്യത്തിലെ വിസ്മയങ്ങളാണീ പാട്ടുകൾ. കെന്ത്രോൻ പാട്ട് പയ്യന്നൂർ പാട്ടിന്റെ തുടർച്ചയാണ്. ബാലിതെയ്യത്തിലെ രാമായണതോറ്റം പോലെ ബൃഹത്തായ ഘടനയോടു കൂടിയ പാട്ടുകളാണ് മാക്കത്തിന്റെ തോറ്റം പാട്ടുകൾ. ഇതിന്റ മൂലസ്രോതസ്സ് കെന്ത്രോൻ പാട്ടാണ്. കെന്ത്രോൻപാട്ടിലെ പല കഥാ സന്ദർഭങ്ങളും മാക്കത്തിൽ കാണാനാകും. ഗവേഷകനും സമ്പാദകനുമായ എം. വി. വിഷ്ണു നമ്പൂതിരി ശേഖരിച്ചുവെച്ചത് കൊണ്ടാണ് അപൂർണമായെങ്കിലും ഇത് നിലനിൽക്കുന്നത്. ഈ പാട്ടുകളൊക്കെ ഭൂമിയിൽ നിന്നും നഷ്ടപ്പെട്ടുപോയാൽ ഒന്നും പേടിക്കാനില്ല അതിയടം കുഞ്ഞിരാമൻ പെരുവണ്ണാൻ വളളിപുള്ളി വില്ലിവിസർഗ്ഗം തെറ്റാതെ അതുമുഴുവൻ പാടിത്തരും. പക്ഷേ അതിയടവും ഈ മണ്ണിൽ നിന്നു മറഞ്ഞാലെന്തുചെയ്യും.

രാമായണത്തോറ്റം ബൃഹത്താണെങ്കിലും കുറച്ച് ഭാഗങ്ങൾ മാത്രമേ ഇന്നു പാടുന്നുള്ളു. ബാലിയുടെ പ്രകടനത്തിൽ മാത്രം പുതുതലമുറയിൽ പെട്ടവർ ശ്രദ്ധ കേന്ദീകരിക്കുമ്പോൾ ഇത്രയും ദൈർഘ്യമേറിയ പാട്ടുകൾ പഠിച്ചെടുക്കാൻ പുതിയ തലമുറയിൽ പെട്ടവർ തയ്യാറാകുന്നില്ല. ബാലിയുടെ മുഴുവൻ പാട്ടുകളും അറിയുന്നവർ ഇന്ന് വിരലിലെണ്ണാവുന്നവരേയുള്ളു.

മുഖ്യധാരസമൂഹം ഒരു വിലയും കൽപിച്ചിട്ടില്ലാത്ത തെയ്യക്കാരുടെ രാമായണമായതുകൊണ്ടാണ് ഇത് ചരിത്രത്തിന്റെ ഇരുളിലേക്കാണ്ടു പോയത്. മാത്രവുമല്ല അത് തൊഴിലാളികളുടെ രാമായണാഖ്യാനം കൂടിയാണ്.

ബാലിയുടെ ജീവിതത്തിലെ പല സന്ദർഭങ്ങൾ കോർത്തിണക്കി തയ്യാറാക്കിയ വിപുലവും സങ്കീർണ്ണമായ ഈ പാട്ടുകൾ മുഴുവനായി ഹൃദിസ്ഥമാക്കുക എളുപ്പവുമല്ല. പാടുന്നത് രാമായണമാണെങ്കിലും പാട്ടുകളുടെ അനുഷ്ഠാന ഘടനകൾ മറ്റ് തെയ്യങ്ങളുടേതു പോലെ തന്നെയാണ്. വരവിളി, വലിയഅഞ്ചടി, ചെറിയ അഞ്ചടി, പൊലിച്ചുപാടൽ. ഉറച്ചിൽ തോറ്റം, അണിയറക്കവി, കൈതാങ്ങിത്തോറ്റം എന്നിങ്ങനെ തോറ്റം പാട്ടുകളുടെ സാങ്കേതികത്വം ഇവിടെയുമുണ്ട്. ഇതാണ് സാധാരണ തോറ്റം പാട്ടിന്റെ ഘടന. പക്ഷേ ബാലിയിലാകുമ്പോൾ അത് രാമയണമാകുന്നുവെന്നുമാത്രം. തോറ്റത്തിലെ ഏതാണ്ടെല്ലാ പാട്ടുകളും ബാലികേന്ദ്രീകൃതമാകുമ്പോൾ ചില പാട്ടുകൾ രാമനേയും സീതയേയും കുറിച്ചുള്ളതാണ്. രാവണനും വിഭീഷണനും തമ്മിലുള്ള വാക്ക്പോര് മറ്റ് രാമായണാഖ്യാനങ്ങളിലൊന്നും പ്രത്യേക അദ്ധ്യയമായി കാണാത്തതാണ്. ലങ്കപ്പതി എന്നാണീ ഭാഗത്തിന്റെ പേര്. താരാദുഃഖം, സീതാദുഃഖം എന്നിങ്ങനെ രണ്ട് പെൺവിലാപങ്ങളുമുണ്ട്. അരുണൻ കഥയിലാണ് ബാലിയുടെ ഉത്പത്തിയെപ്പറ്റി പറയുന്നത്. ഏറ്റവും ദീർഘമായ ആഖ്യാനം ബാലിവധമാണ്. ബാലി വധത്തിന്റെ പല നിരീക്ഷണങ്ങൾ ഈ ഭാഗത്ത് പെരുവണ്ണാന്മാർ ആവിഷ്‌ക്കരിക്കുന്നുണ്ട്. പുത്തൻചൊൽതോറ്റം, സീതവൃത്താന്ത കഥനം, ബാലിവിജയം എന്നിങ്ങനെ പല രാമായണ സന്ദർഭങ്ങളും തോറ്റത്തിലൂടെ ആവിഷ്‌ക്കരിക്കുന്നു.
മുഖ്യധാരസമൂഹം ഒരു വിലയും കൽപിച്ചിട്ടില്ലാത്ത തെയ്യക്കാരുടെ രാമായണമായതുകൊണ്ടാണ് ഇത് ചരിത്രത്തിന്റെ ഇരുളിലേക്കാണ്ടു പോയത്. മാത്രവുമല്ല അത് തൊഴിലാളികളുടെ രാമായണാഖ്യാനം കൂടിയാണ്. പാടുന്നതും ആടുന്നതും അതിന്റെ കാഴ്ച്ചക്കാരാകുന്നതും തൊഴിലാളികളാണ്. തെയ്യം ശ്രീരാമൻമാരുടെ ലോകത്തല്ല സംഭവിക്കുന്നത്. അതു ബാലിയെ പോലെ പാതിവഴിക്ക് ഒഴുക്കുനിലച്ചു പോയ പുഴയിലാണ് തെയ്യങ്ങൾ കാരുണ്യം ചൊരിയുന്നത്. അയോമുഖിയും ശൂർപ്പണഖയും താടകയും അതേ രൂപത്തിലല്ലെങ്കിലും മറ്റുപല രൂപങ്ങളിൽ തെയ്യങ്ങളിൽ കടന്നു വരുന്നുണ്ട്. മലയനും പുലയനും ജ്ഞാനത്തിന്റെ പുഞ്ചപ്പാടത്തുനിന്നും മാറിപ്പോകണമെന്നാണ് ബ്രാഹ്മണ്യം പറയുന്നത്. ശങ്കാരാചാര്യരെ ചോദ്യം ചെയ്ത പുലയനെ പുളിങ്ങോത്ത് വയലിൽ ചുട്ടുകൊല്ലുകയാണുണ്ടായത്. അറിവുനേടാൻ പുലയനെന്തധികാരം. കണ്ടത്തിൽ വെച്ച് പുലയനെ നേരിട്ട അതേ വേദാധികാരത്തിന്റെ അധികബലം തന്നെയാണ് പുഷ്പകവിമാനമേറി വന്ന് താണ ജാതിക്കാരനായ ശംഭുകനേയും കുറ്റവിചാരണ ചെയ്യുന്നത്. കീഴ്ജാതിക്കാരനായി അറിവുനേടിയ ശംഭൂകനും വൈനോടോൻ പുഞ്ചപ്പാടത്തെ പൊലയനും ബ്രാഹ്മണ്യത്തിന്റെ ബലിക്കല്ലിൽ ബലിയാവുകയാണ് ചെയ്യുന്നത്.
തിരിച്ചുവരവില്ലാത്ത മനുഷ്യരുടെ തിരിച്ചു വരവാണ് തെയ്യം. ശിരസ്സറുത്ത് ഭൂമിയിൽ നിന്നും ഇല്ലാതാക്കിയ ശബ്ദങ്ങളാണ് വണ്ണാനിലൂടെ മലയനിലൂടെ പുലയനിലൂടെ മാവിലനിലൂടെ, കോപ്പാളനിലൂടെ കളിയാട്ടക്കാവുകളിൽ മുഴങ്ങുന്നത്. രാമായണത്തെകുറിച്ചുള്ള ഇന്നോളമുള്ള ഒരു ചർച്ചയിലും തെയ്യക്കാർ പങ്കെടുത്തില്ല. ആഢ്യന്മാരിരിക്കുന്ന ഒരു വേദയിയിലും രാമനെ നിർത്തിപ്പൊരിക്കുന്ന ബാലിക്ക് സംസാരിക്കാനവസരം കൊടുത്തില്ല. രാമനല്ലാതെ ബാലിയായി ഉറഞ്ഞാടി നമ്മെ സംസ്‌ക്കാരചരിത്രത്തിന്റെ ജനിതകശാസ്ത്രം പഠിപ്പിക്കുന്ന ഒളിപ്പോരാളികളായ തെയ്യക്കാരെ എല്ലാ കാലത്തേക്കുമായി തമസ്‌ക്കരിച്ചു. രാമായണ നിർമ്മാതാക്കളെ

കണ്ടത്തിൽ വെച്ച് പുലയനെ നേരിട്ട അതേ വേദാധികാരത്തിന്റെ അധികബലം തന്നെയാണ് പുഷ്പകവിമാനമേറി വന്ന് താണ ജാതിക്കാരനായ ശംഭുകനേയും കുറ്റവിചാരണ ചെയ്യുന്നത്

സംസ്‌ക്കാരത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് വലിച്ചെറിഞ്ഞു. തെറവും ഒരവും വീര്യവും അർക്കത്തുമുള്ള ബാലിപ്പെരുമാളുടെ ജീവിച്ചിരിക്കുന്ന ഫോസിലുകളായ തെയ്യക്കാരെ ജീവിക്കനറിയാത്തവരും കള്ളുകുടിയന്മാരുമാക്കി അപമാനിച്ചു. രാമായണത്തിന്റെ അന്തസ്സു കെട്ടു പോകാതെ അതിന്റെ ആര്യമൂല്യം സൂക്ഷിക്കുന്നതിന് വേണ്ടി. സമാനതകളില്ലാത്ത ജ്ഞാനത്തിന്റെ നാട്ടുസംസ്‌കൃതിയുടെ ഉടസ്ഥർ പുറമ്പോക്കിൽ ഭൂരഹിതരായി.
കർക്കടകത്തിന്റെ കണ്ണുനീർ
കണ്ണുനീരിലാണല്ലോ രാമായണ കാണ്ഡങ്ങൾ തഴച്ചുവളർന്നത്. അമ്പേറ്റ വയൽപക്ഷിയുടെ കണ്ണീരൊലിച്ചാണ് രാമായണക്കടൽ നിറഞ്ഞത്. രാമായണത്തിലുടനീളം കണ്ണീർക്കടലിരമ്പുന്നത് കേൾക്കാം. ഇവിടെ തെയ്യത്തിലും ഒരു പെൺപക്ഷിയുടെ നിലയ്ക്കാത്ത കണ്ണീരൊഴുകുന്നുണ്ട്. വാത്മീകിയുടെ ഹൃദയത്തിൽ കാവ്യം നിറച്ചത് അമ്പുകൊണ്ട കിളിയാണെങ്കിൽ പെരുവണ്ണാന്മാണാന്മാരുടെ ഹൃദയത്തിൽ താരാദുഃഖമാണ് കവിത നിറച്ചത്. താരയുടെ കൂടെടെക്കിടന്ന ബാലിയാണ് നേരെ പോയി രമാന്റെ അമ്പുകൊണ്ട് ചാകുന്നത്. രാമായണത്തിലെ അതേ പശ്ചാത്തലം തന്നെയാണ് തെയ്യത്തിലും. ചോരയിറ്റിയ അമ്പുമായി കൊലയാളി മുന്നിലുണ്ട്. പുരുവന്റെ വെട്ടിപ്പിളർന്ന ശരീരം കെട്ടിപ്പിടിച്ചുകരയുന്ന രണ്ട് ഭാര്യമാരെ തെയ്യത്തിൽ കാണാം. താരയും ചെമ്മരത്തിയും അടർക്കളത്തിലേക്കോടിയ പെണ്ണുങ്ങളാണ്. രണ്ടുപേർക്കും ഭർത്താവിനോട് അനൽപമായ സ്നേഹമുണ്ട്. പക്ഷേ രണ്ട് പുരുഷന്മാരും പോരിനെത്തുന്നത് വ്യത്യസ്ത സാഹചര്യത്തിലാണ്. മാങ്ങാട്ട് മന്നപ്പൻ ചെമ്മരത്തിയോട് കലഹിച്ചാണ് പൊയ്ത്തിന് പോകുന്നത്. പക്ഷേ താരയുമൊത്തുള്ള രതിക്രീഡയിലാണ് ബാലി പടവിളി കേൾക്കുന്നത്.
മന്നപ്പന്റെയും ബാലിയുടേയും മരണങ്ങൾ തമ്മിൽ സാമ്യങ്ങളുണ്ട്. രണ്ടു പേരുടേയും മരണം സ്വയം തെരഞ്ഞെടുപ്പാണ്. കാരണം അഭിമാനഭംഗത്തോടെ അന്തസ്സ് കെട്ട് ജീവിക്കാൻ രണ്ടുപേരും തയ്യാറാകുന്നില്ല. ബാലിയുടെയും മന്നപ്പന്റെയും വീരമൃത്യുവിലൂടെ വടക്കരുടെ ആർക്കുമുന്നിലും കീഴ്പ്പെടാത്ത അഭിമാന്യത്തെ ഏറ്റവും ശക്തമായി അടയാളപ്പെടുത്തുകയാണ് ചെയ്യുന്നത്. ബാലിയുടൈ വീര്യം മനസ്സിലാക്കിയ രാമൻ ശരം പൊരിച്ച് ഭൂമിയിൽ വാഴാൻ അവസരം നൽകാമെന്നുവരെ പറയുന്നുണ്ട്. വർധിച്ച പുച്ഛത്തോടെ രാമന്റെ ഔദാര്യത്തെ നിരാകരിക്കുകയാണ് ബാലി. രാമന്റെ അമ്പ് തറച്ച മായാത്ത വടുവും പേറി ഈ ഭൂമിയിൽ ജീവിക്കാൻ ഞാനില്ല. നെടുബാലിയനെന്ന പേരിലറിയപ്പെട്ട ഞാൻ വടുബാവലിയനെന്ന പേരിൽ അറിയപ്പെടാനാഗ്രഹിക്കുന്നില്ല. ആര്യസാമ്രാജ്യത്വത്തിനടിയറ വെക്കാനുള്ളതല്ല വാനരകുലമഹിമ എന്നാണ് തെയ്യത്തിലെ ബാലി പറയുന്നത്. ഇതേ അഭിമാനപ്രശ്നം തന്നെയാണ് മാങ്ങാട്ട് മന്നപ്പനും നേരിട്ടത്. വടുബാലിയൻ എന്ന അംഗപരിമിതത്വമാണ് ബാലിയുടെ അഭിമാന പ്രശ്നമെങ്കിൽ ചെറുവിരൽ നഷ്​ടപ്പെട്ട തന്നെ കൂവേൻ എന്നു വിളിച്ച് ചെമ്മരത്തി അധിക്ഷേപിക്കും എന്നാണ് മന്നപ്പൻ പറയുന്നത്. അഭിമാനിയും പോരാളിയുമായ താൻ വികലാംഗനെന്ന രണ്ടാം പേരിൽ അറിയപ്പെടാനാഗ്രഹിക്കുന്നില്ല എന്നാണ് മന്നപ്പൻ പറയുന്നത്. മന്നപ്പൻ കൊടകറുടെ കള്ളപ്പടയ്ക്ക് കൊല്ലാനായി നിന്നു കൊടുക്കുകയാണ് ചെയ്യുന്നത്. വീരന്മാരായ രണ്ടു പോരാളികളുടേയും മരണം സ്വയം തെരഞ്ഞെടുപ്പാണ്. നെഞ്ചു പിളർന്ന കാന്തനെ കെട്ടിപ്പിടിച്ച താരയുടെ വിലാപം തന്നെയാണ് മുണ്ടമുള്ളിലും കൈതമുള്ളിലും ചിതറിക്കിടന്ന മന്നപ്പന്റെ ശരീരഭാഗങ്ങൾ ചേർത്തുവെച്ച് ചെമ്മരത്തിയുടേയും വിലാപം. ഭർത്താവിന്റെ മരണവിവരം കേട്ടാണ് താരയും ചെമ്മരത്തിയും പടക്കളത്തിലെത്തുന്നത്.

ശ്രീരാമൻ ആഗോളദൈവമായി വിരാജിക്കുന്ന ഇന്നാണെങ്കിൽ സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ള നിസ്വരായ മനുഷ്യർക്ക് ഇങ്ങനെ രാമവിരുദ്ധമായ ഒരാഖ്യാനം സാധ്യമാകുമോ

കീഴ്പ്പെടാത്ത അഭിമാന്യവും തോരാത്ത കണ്ണുനീരുമാണ് പെരുവണ്ണാന്മാരുടെ രാമായണത്തെ നിർമ്മിച്ചെടുത്തിട്ടുള്ളത്.
എത്രയെത്ര പ്രതിസന്ധികളും കഷ്ടതകളും താണ്ടിയാണ് വണ്ണാൻമാർ ഇങ്ങനെയൊരു തെയ്യത്തെ രൂപകൽപ്പന ചെയ്തത്. ശ്രീരാമൻ ആഗോളദൈവമായി വിരാജിക്കുന്ന ഇന്നാണെങ്കിൽ സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ള നിസ്വരായ മനുഷ്യർക്ക് ഇങ്ങനെ രാമവിരുദ്ധമായ ഒരാഖ്യാനം സാധ്യമാകുമോ. രാമന്റെ അധികാരത്തെ ചോദ്യം ചെയ്​ത്​, ദൈവികതയെ നിരാകരിച്ച്​, എന്ത് രാമായണമാണ് ജനങ്ങളെ സ്വാധീനിക്കുക. കണ്ണീരിന്റെയും മരണത്തിന്റെയും ജീവിതാഖ്യാനത്തിനായി ബാലിയോളം ശക്തമായ മറ്റൊരു ജീവിതമില്ലെന്ന് അവർക്കറിയാമിയരുന്നു. കഠിനമായി തൊഴിലെടുക്കുന്ന ആറ് ജാതി സമൂഹത്തിന്റെ സൃഷ്ടിയാണ് ബാലി. രാമായണത്തിന്റെ വിശാലമായ കാനനച്ഛയായിൽ നിന്നും വിളിച്ചിറക്കി സ്വശരീരത്തിലെ ആരണ്യകങ്ങളിൽ പ്രതിഷ്ഠിക്കുന്ന അവർക്ക് സമൂഹം എന്താണ് തിരികെ നൽകുന്നത്. തെയ്യംകെട്ടൽ കുലത്തൊഴിലായി സ്വീകരിച്ചവർക്ക് കർക്കടകം രാമായണത്തിന്റേതല്ല, കണ്ണീരിന്റെ മാസമാണ്. ബാലിദൈവത്തിന്റെ നഖങ്ങളും കിരീടവും ബാലിത്തണ്ടയും കാൽച്ചിലമ്പുകളും കൂട്ടുപുരികവും വനഗർജ്ജനങ്ങളും കരിമ്പാറക്കരുത്തും പെരുവണ്ണാന്മാർ ഊരിവെക്കുന്ന മാസമാണ് കർക്കടകം. തെയ്യത്തിന്റെ ഫണമഴിച്ചുവെച്ച കനലാടിശരീരം സർപ്പം ഉറപൊഴിച്ചുപേക്ഷിച്ച ഉപ്പ്ളി പോലെ ശൂന്യവും വ്യർത്ഥമാണ്. ഇടവപ്പാതിയോടെ തെയ്യം മുടിയെടുത്താൽ പിന്നെ തുലാമാസം വരെ തെയ്യമുണ്ടാകില്ല. ഈ സമയങ്ങളിൽ തെയ്യത്തെ സംബന്ധിച്ച്​ കഷ്ടതകളുടെ മാസമാണ്. തുലാപ്പത്താകുന്നതുവരെ തെയ്യക്കാരുടെ ജീവിതം അത്ര സുഖമുള്ളതായിരിക്കില്ല. തുലാപ്പത്തിന് തുടങ്ങുന്ന കളിയാട്ടത്തിനായി അണിയലങ്ങളും ചമയങ്ങളും പുതുക്കി തയ്യാറാക്കി വെക്കുന്ന പണികളാണിവർ ചെയ്യുന്നത്. പക്ഷേ ഇത്തവണത്തെ കർക്കടമാസം ബാലിയെ സംബന്ധിച്ച് സമാനതകളില്ലാത്താതാണ്. കഴിഞ്ഞ കുംഭമാസത്തിൽ നിലച്ചുപോയ വരവിളികൾ ഇനി എന്നു തുടങ്ങാനാകുമെന്നതിനെ കുറിച്ച് ഒരു നിശ്ചയവുമില്ല. തെയ്യത്തിന്റെ ഇന്നുവരെയുള്ള ചരിത്രത്തിൽ ഇതുപോലൊരു കണ്ണീർക്കർക്കടകത്തിലൂടെ ബാലി കടന്നുപോയിട്ടില്ല. രണ്ട് കളിയാട്ടക്കാലങ്ങൾ നഷ്ടപ്പെട്ട് ജീവിതത്തിന് മുന്നിൽ പകച്ചുനിൽക്കുന്ന തെയ്യക്കാർ ഈ മഹാമാരി വിതച്ച ഇരുട്ടിനെ എങ്ങനെ അതിജീവിക്കും.

ബാലിവധം എന്ന പാരിസ്ഥിതികാക്രമണം

ഒരു മനുഷ്യനെ കുരങ്ങനെന്ന തെറി ആദ്യമായി മോത്ത് നോക്കി വിളിച്ച മറ്റൈാരു മനുഷ്യൻ ശ്രീരാമനായിരിക്കും. രാമന്റെ കണ്ണിൽ വാനരകുലവും അതിന്റെ നായകനും കുരങ്ങൻ തന്നെയായിരിക്കാം. ഈ ഭൂമി അടക്കിഭരിക്കാൻ അധികാരമുള്ള ഐക്ഷ്വാകുവിനെ സംബന്ധിച്ച് ദക്ഷിണേന്ത്യയിലെ മലമുകളിലെ ഗോത്രരാജന്റെ ജീവിതം കേവലം കുരങ്ങുകളി മാത്രമാണ്. രാമൻ പറയുന്നത്, തങ്ങൾക്ക് വിനോദത്തിനായി കൊല്ലാനും വലവെച്ചു പിടിക്കാനുമുള്ള മൃഗങ്ങൾ മാത്രമാണ് നിങ്ങൾ എന്നാണ്.

കുരങ്ങുകളിക്കാരുടെ കെണിയിൽ അറിയാതെ പെട്ടുപോകുന്ന നിസ്സഹായ ജീവിതങ്ങൾ. ഗോത്രനായകനെ കുരങ്ങനെന്ന് തെറി വിളിച്ച് വംശീയധിക്ഷേപം നടത്തിയ അധികാരവർഗ്ഗത്തിന്റെ കാലം അവസാനിച്ചിട്ടില്ലെന്ന് ഈയിടക്കാണ് മനസ്സിലായത്. ഈയടുത്ത് സമൂഹമാധ്യമത്തിൽ പ്രചരിച്ച ഒരു ബാലിചിത്രവും ബാലി ദൃശ്യവും കാണാനിടയായി. കുരങ്ങുകളിക്കാരുടെ പുതിയ പുതിയ കളികളിലൂടെ ഒളിയമ്പേറ്റ് ചത്ത കുലനായകന്റെ എടമാർവ്വിലേക്ക് എത്ര

പുതിയ രാമക്ഷേത്രം പണിയുന്നതിനുള്ള കല്ലുകൾ പൂജിച്ചു കൊണ്ടു പോവുക ഇനി മുതൽ ബാലിക്കാവുകളിൽ വെച്ചായിരിക്കും. ഇത് രാമൻമാരടെ മാത്രം കാലമാണ്

ആസൂത്രിതമായണ് അമ്പ് തൊടുക്കുന്നത്. ഏഴുമരങ്ങളുടേത് പോയിട്ട് ഒരു പുൽക്കൊടിയുടെ പോലും മറയില്ലാതെ ചത്തവനെ വീണ്ടും വീണ്ടും ചതിയമ്പെയ്തു കൊല്ലുന്നത്. കണ്ണൂർ ജില്ലയിൽ കോടികൾ ചെലവിട്ടു നടത്താനുദ്ദേശിക്കുന്ന മലബാർ റിവർ ക്രൂയിസ് ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ടാണ് നവമാധ്യമങ്ങളിൽ നെടുബാലിയന്റെ ചിത്രവും ദൃശ്യവും പ്രചരിക്കുന്നത്. സമൂഹത്തിൽ ഉന്നത സ്ഥാനത്തുള്ളവരെ കൈകൊടുത്ത് സ്വീകരിക്കാനും അതിഥികൾക്കുമുന്നിൽ കൊച്ചുരമാനായി ചാടിക്കളിച്ച് രസിപ്പിക്കാനും ഋശ്യമൂകാചലശൃംഗങ്ങളെ വനഗർജനങ്ങൾ കൊണ്ട് പ്രകമ്പനം കൊള്ളിച്ച കിഷ്‌കിന്ധാ ചക്രവർത്തിയെയാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നിയോഗിച്ചത്. നവകാലം ബാലിക്ക് കൊടുക്കുന്ന പണികൾ എങ്ങനെയുണ്ട്. പുതിയ രാമന്മാരുണ്ടാകുമ്പോൾ സ്വന്തം അധീശത്വും ഉറപ്പിക്കുന്നതിനായി പുതിയ ബാലിയേയും ഉണ്ടാക്കിക്കൊടുക്കുകയാണ് അധികാരവും സമ്പത്തും ഉള്ളവർ ചെയ്യുന്നത്.
വലിയ വലിയ പദ്ധകതികൾനടപ്പാക്കാൻ ഒട്ടേറെ ചതികളും ഒളിയമ്പുകളും വേണമെന്നത് ചരിത്രവും പുരാണവും അടിവരയിടുന്നുണ്ട്. അതിവിപുലമായ ടൂറിസം പദ്ധതികളാണ് കണ്ണൂർ ജില്ലയിൽ വരാൻ പോകുന്നത്. കേരളത്തിലെ ഒരേയൊരു കണ്ടൽക്കാവും തെക്കുമ്പാട് ദ്വീപിൽ പെണ്ണ് തെയ്യം കെട്ടിയാടുന്ന ഒരേയൊരു കളിയാട്ടവുമാണ് പദ്ധതിയുടെ മുഖ്യാകർഷണം. പദ്ധതിയുമായി ബന്ധപ്പെട്ട ചിത്രവും ദൃശ്യവുമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

കണ്ടൽവന നശീകരണമുണ്ടാക്കുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളെകുറിച്ച് പരിസ്ഥിതി പ്രവർത്തകരും സാമൂഹ്യ നിരീക്ഷകരും പ്രതിരോധപ്രവ്രർത്തനങ്ങൾ നടത്തുന്നുണ്ട്. തെയ്യത്തിന്റെ അനുഷ്ഠാന സ്വഭാവത്തെ, കീഴാളരുടെ രാഷ്ട്രീയസ്വത്വത്തെ ഇല്ലാതാക്കുന്നതായിരിക്കും പദ്ധതിയെന്ന് സ്ഥാപിച്ചു കൊണ്ട് തെയ്യക്കാരും സമരമാർഗ്ഗത്തിലാണ്. ബന്ധപ്പെട്ട അധികാരികളും വിശദീകരണങ്ങളുമായി രംഗത്തുണ്ട്. ഈയൊരു കർക്കടക രാമായണ സന്ദർഭത്തിൽ പ്രചരിക്കുന്ന ബാലിയുടെ ചിത്രത്തിനും ദൃശ്യത്തിനും വലിയ പ്രസക്തി​യുണ്ട്. ആര്യാധികാരത്തിന്റെ ഒന്നാമത്തെ ആയുധമാണ് ചതി. ലങ്കയും കിഷ്‌കിന്ധയും മാത്രമല്ല ലക്ഷ്യസ്ഥാനങ്ങൾ. ഏത് ദേശത്തും ഏത് കാലത്തും ആവശ്യത്തിനെടുത്തുപയോഗിക്കുന്നു. ചതിയുടേയും ഒളിയമ്പുകളുടേയും വഴികൾ ഇന്നും വ്യത്യസ്തമല്ല. സ്വന്തം ആർത്തിയടക്കാൻ എന്ത് നീചത്തരവും അവർ പ്രവർത്തിക്കും. എത്ര മനോഹരമായ വനഭൂമിയും ചുട്ടുചാമ്പലാക്കും. എത്ര ദുർബ്ബലമായ ആവാസവ്യവസ്ഥയിലൂടേയും അഹങ്കാരത്തിന്റെ തേരുരുൾ പായിക്കും. സ്വന്തം ദേശക്കാരെ പണം കൊടുത്ത് സ്വാധീനിച്ച് ആ നാടിനെത്തന്നെ ഒറ്റുകൊടുക്കും. വിജയിക്കണം, ലാഭം കൊയ്യണം എന്നതിനപ്പുറം ഒരു ലക്ഷ്യവും അധികാരവർഗത്തിനില്ല. ഗോത്രമൂപ്പനായ ബാലിയുടെ ബലി ഏത് കാലത്തും ഏത് ദേശത്തും പ്രസക്തമാകുന്നതങ്ങനെയാണ്. കാവുകളുടെ സ്വാഭാവിക പ്രകൃതിയെ അടിമുടി നശിപ്പിച്ചുകൊണ്ടുള്ള പുതിയ പുതിയ തെയ്യം പരിഷ്‌ക്കരണ പദ്ധതികൾ അങ്ങേയറ്റം അനുഷ്ഠാനവിരുദ്ധവും പാരിസ്ഥിതിക വിരുദ്ധവുമാണ്.

ബാലിവധം എന്നത് ഒരു പാരിസ്ഥിതികാക്രമണം തന്നെയാണ്. കിഷ്‌കിന്ധയുടെ വന്യഭംഗി രാമായണത്തിലും ബാലിത്തോറ്റത്തിലും ആവശ്യത്തിലധികം വർണ്ണിക്കുന്നുണ്ട്. രാമൻ ബാലിയെ കൊല്ലാൻ ഏഴു വൻമരങ്ങൾ കൂടി അമ്പെയ്തു മുറിക്കുന്നുണ്ട്. സ്വന്തം പേരെഴുതി മുദ്രവെച്ച ബാണമാണ് കൊടുംചതിയിലൂടെ ബാലിയുടെ നേർക്ക് പ്രയോഗിക്കുന്നത്. എഴു വിശുദ്ധവൃക്ഷങ്ങൾക്ക് പിന്നിൽ

പുതിയ രാമന്മാരുണ്ടാകുമ്പോൾ സ്വന്തം അധീശത്വും ഉറപ്പിക്കുന്നതിനായി പുതിയ ബാലിയേയും ഉണ്ടാക്കിക്കൊടുക്കുകയാണ് അധികാരവും സമ്പത്തും ഉള്ളവർ ചെയ്യുന്നത്

മറഞ്ഞിരുന്ന ദൈവം ആദ്യം മരങ്ങളെ മലിനമാക്കി. പിന്നെ സപ്തസാലങ്ങളേയും എയ്തുവീഴ്ത്തി. ബാലിയെ ചതിച്ച രാമനെന്തിനാണ് എഴുമരങ്ങളുടെ കുരലറുത്തത്. ഒരു ദേശത്തെ പ്രകൃതിയെ തകർക്കാതെ ആ നാട്ടുസംസ്കൃതിയെ തകർക്കാനാകില്ലെന്ന് മറ്റാരേക്കാളും നന്നായി രാമനും രാമന്റെ പിൻമുറക്കാർക്കും അറിയാം. കാവിൽനിന്നും തലയറുത്ത് മാറ്റപ്പെടുന്ന വിശുദ്ധവൃക്ഷങ്ങൾ, വൻമരങ്ങൾ, കണ്ടൽക്കാടുകൾ. തിരുമുറ്റം തീർത്ഥം തളിച്ച് വേദമന്ത്രങ്ങളുരുവിട്ട് നവീകരിക്കാനായി മുറിച്ചുമാറ്റുന്ന കാട്ടുവള്ളിപ്പടർപ്പുകളും എന്നെന്നേയ്ക്കുമായി ഭൂമുഖത്തുനിന്ന്​കുടിയിറക്കപ്പെടുന്ന ജീവജാതികളുടെ വിലാപങ്ങൾ. എരമം മണ്ണുമ്മൽ പടിഞ്ഞാറ്റയിലെ നെടുബാലിയനേയും മാങ്ങാട്ട് മന്നപ്പനേയും പോലുള്ള തെയ്യങ്ങൾ അധിവസിക്കുന്ന കാവുകളുടെ അസ്ഥയാണിത്.
കാവമുറ്റം ഇന്റർലോക്ക് പാകിയും പുനഃപ്രതിഷ്​ഠാ ബ്രഹ്മകലശത്തിലൂടെ ആര്യദൈവങ്ങളെ അഷ്ടബന്ധമുറപ്പിച്ചും കൊലയന്ത്രം ചൂടിയ അധികാര വർഗ്ഗത്തിന്റെ കാൽക്കൽ പകരംവെക്കാനില്ലാത്ത, ആരുമാരും എതിർപ്പോരില്ലാത്ത പ്രാചീനമായ കാവുസംസ്‌കൃതിയെ നാം അടിയറവെച്ചു കഴിഞ്ഞു, പുതിയ രാമക്ഷേത്രം പണിയുന്നതിനുള്ള കല്ലുകൾ പൂജിച്ചു കൊണ്ടു പോവുക ഇനി മുതൽ ബാലിക്കാവുകളിൽ വെച്ചായിരിക്കും. ഇത് രാമൻമാരടെ മാത്രം കാലമാണ്. രാമനെ ദേശീയബിംബമാക്കി വീണ്ടും വീണ്ടും നമുക്ക് മുകളിൽ അടിച്ചേൽപിക്കപ്പെടുന്നിടത്ത് ബാലിയുടെ ഭാവി എന്താകും. ബാലിയുടെ കിരീടം അഴിച്ചെടുത്ത് പട്ടാഭിഷേകം നടത്തി രാമനെ ദൈവാക്കി അവരോധിക്കുമ്പോൾ അതേ ബാലി വെറും കുരങ്ങനായി മാറും. മൂലധനത്തിന്റെ പുളപ്പിൽ കണ്ണു മഞ്ഞളിച്ചുപോയ കച്ചവടക്കാർ ചെണ്ടകൊട്ടി കിരീടമില്ലാത്ത നെടുബാലിയനെക്കൊണ്ട് കുരങ്ങുകളി കളിപ്പിക്കും. മലയുടെ, മരത്തിന്റെ, ലോഹത്തിന്റെ ദൈവത്തെ ചതിയുടെ കുരങ്ങുകളിക്കാർ ഒളിയമ്പെയ്ത് വീണ്ടും വീണ്ടും കൊല്ലും. ഭരണകൂടം വിഷം പുരട്ടിയും രാകിമൂർച്ചപ്പെടുത്തിയും തീർത്ഥാടന ടൂറിസത്തിന്റേയും പുനപ്രതിഷ്ഠബ്രഹഹ്മകലശത്തിന്റേയും ആവനാഴിയിൽ വെച്ചുകൊടുക്കുന്ന ഒളിയമ്പുകളെ ചെറുക്കുക എളുപ്പമല്ലല്ലോ.

ബാലി ഒരു സൂക്ഷ്മ രാഷ്ട്രീയശരീരം

ജീവിതത്തിൽ തോറ്റുപോയ മനുഷ്യരാണ് തോറ്റുപോയ ദൈവത്തിനെ തോറ്റംപാട്ടുകെട്ടി പടുക്കുന്നത്. ഇത്തരം സങ്കീർണ അനുഷ്ഠാനങ്ങളും രാമായണത്തോറ്റങ്ങളും പാടിയാടിയ ഒരു തെയ്യക്കാരന്റെ ജീവിതത്തിൽ ബാക്കിയാകുന്നതെന്താണ്? ചരിത്രത്തിലിന്നോളം കടന്നുപോയിട്ടില്ലാത്ത പ്രതിസന്ധിയിലൂടെയാണ് തെയ്യക്കാർ കടന്നുപോകുന്നത്. കഴിഞ്ഞ മാർച്ചിൽ നിർത്തിവെച്ച കളിയാട്ടം ഇനിയെന്നു തുടങ്ങുമെന്ന് പറയാനാകില്ല. ഏറ്റവും കൂടുതൽ തെയ്യങ്ങൾ കെട്ടി കോലധാരികൾക്ക് കൂടുതൽ വരുമാനം കിട്ടുന്ന കുംഭം, മീനം, മേടം മാസങ്ങളാണ് കൊറോണ വൈറസ്​ തകർത്തുകളഞ്ഞത്. ഇനി അടുത്ത തുലാമാസത്തിലാണ് കളിയാട്ടം തുടങ്ങേണ്ടത്. കൂടുതൽ

തെയ്യക്കാരുടെ നിലനിൽപ് അങ്ങേയറ്റം അപകടാവസ്ഥയിലായിരിക്കുകയാണ്. മനുഷ്യർക്കിടയിൽ കൊടിയ വിപത്തുവിതച്ച് നിലനിന്ന സാമൂഹികാകലം ഇല്ലാതാക്കാൻ പടപൊരുതിയവർ മറ്റൊരു സാമൂഹികാകലത്തിന്റെ ഇരയാവുകയാണ്

വരുമാനം കിട്ടുന്ന ഒരു കളിയാട്ടക്കാലം പൂർണമായും നഷ്ടമായി. വരാനിരിക്കുന്ന തെയ്യംകെട്ടുത്സവങ്ങൾക്കും വിലങ്ങുവീഴുമ്പോൾ ബാലിയും കതിവനൂർവീരനും വൈരജാതനും മടിയൻക്ഷേത്രപാലകനും എന്തുചെയ്യും. തെയ്യക്കാരുടെ നിലനിൽപ് അങ്ങേയറ്റം അപകടാവസ്ഥയിലായിരിക്കുകയാണ്. കോവിഡ് വിലക്കുകൾക്കിടയിലും എല്ലാവരും അവരവരുടെ തൊഴിൽമേഖലയിലേക്ക് തിരിച്ചു പോകുമ്പോൾ തെയ്യക്കാരനൊരു തൊഴിൽ മേഖലപോലുമില്ല എന്നാണ് യാഥാർത്ഥ്യം. മനുഷ്യർക്കിടയിൽ കൊടിയ വിപത്തുവിതച്ച് നിലനിന്ന സാമൂഹികാകലം ഇല്ലാതാക്കാൻ പടപൊരുതിയവർ മറ്റൊരു സാമൂഹികാകലത്തിന്റെ ഇരയാവുകയാണ്.
തെയ്യക്കരാന്റെ തൊഴിലിടമാണ് കളിയാട്ടക്കാവുകൾ. വൈറസ്​ കാവുകളെയാണ് ഏറ്റവും ക്രൂരമായി ബാധിച്ചിരിക്കുന്നത്. പല തെയ്യക്കാരും കടുത്ത നിരാശയിലാണ്. വരുന്ന തുലാമാസത്തിലാണ് തെയ്യം തുടങ്ങേണ്ടത്. രോഗത്തെ സംബന്ധിച്ച ഓരോ ദിവസത്തെ വാർത്തയും തെയ്യക്കാരുടെ കുടുംബത്തിന്റെ പ്രതീക്ഷളാണ് ഇല്ലാതാക്കുന്നത്. ചിങ്ങം, കന്നി... രണ്ടുമാസം കഴിഞ്ഞാൽ തെയ്യം തുടങ്ങാമെന്ന് ആരും കരുതുന്നില്ല. ഈ കളിയാട്ടക്കാലം രോഗത്തിന്റെ വിളയാട്ടകാലമായിരിക്കും. അങ്ങനെ വന്നാൽ തെയ്യം കുടുംബങ്ങളെങ്ങനെ ജീവിക്കും?. അവരുടെ അതിജീവനം സംബന്ധിച്ച് തെയ്യങ്ങളെക്കൊണ്ട് ലാഭമുണ്ടാക്കുന്ന ക്ഷേത്രങ്ങൾ രാമായണം വായിച്ച് സായൂജ്യമടയുന്ന കർക്കടകത്തിൽ എന്തു ജാഗ്രതയാണ് സ്വീകരിച്ചിട്ടുള്ളത്. തെയ്യത്തെവെച്ച് ലക്ഷങ്ങൾ കൊയ്യുന്ന കാവുകളും ക്ഷേത്രങ്ങളും തെയ്യക്കാരുടെ നിലനിൽപ് സംബന്ധിച്ച് മൗനം തന്നെയാണ്. ആത്മഹത്യചെയ്യാനൊരുങ്ങിയവരെ രക്ഷിച്ച് തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരുന്നവരാണ് തെയ്യങ്ങൾ. ഇവിടെ തെയ്യംതന്നെ ആത്മഹത്യ ചെയ്യുമ്പോൾ ആര് രക്ഷിക്കും ഈ നാട്ടുദൈവസമൃദ്ധിയെ?. വാർപ്പുപണി, തേപ്പ്പണി, കെട്ട് കടത്തൽ, കൈക്കോട്ട് പണി, ഓട്ടോറിക്ഷ ഓടിക്കൽ, തുടങ്ങിയ തൊഴിൽമേഖലയിലേക്ക് ദൈവഭാരങ്ങളഴിച്ചുവെച്ച് തെയ്യക്കാരിറങ്ങിക്കഴിഞ്ഞു.
ആത്മഹത്യയിലേക്ക് തെയ്യക്കാർ ഒട്ടോറിക്ഷ ഓടിച്ചുപോകുമ്പോഴാണ് കോടികൾ മുടക്കിയുള്ള തെയ്യം നവീകരണവും ക്രൂയിസ്പദ്ധതികളുമായി അധികാരികൾ വരുന്നത്. ഒരു ഗതിയുമില്ലാതെ നാടിന്റെ സംസ്‌ക്കാരത്തിനായി സ്വജീവിതം ഹോമിച്ച തെയ്യക്കാരുടെ മുന്നിലൂടെയാണ് പദ്ധതി വാഹനങ്ങൾ കൊടി പറത്തിപ്പായുന്നത്. തെയ്യം പെർഫോമിങ് യാർഡൊരുക്കി തിരുമുറ്റം കോൺക്രീറ്റ് പതിച്ച് പുണ്യാഹം തളിച്ച് വോദമന്ത്രങ്ങളുടെ പശ്ചാത്തലസംഗീതത്തിൽ സഞ്ചാരികളെ കാത്തിരിക്കുന്നവരുടെ തെയ്യം സാക്ഷരത എന്താണെന്ന് രാമായണനായകന്റെ ആ ഒരൊറ്റചിത്രം വ്യക്തമാക്കുന്നു. തൊഴിലിടങ്ങാളായ കാവുകൾ മഹാമാരി കവർന്നപ്പോൾ തൊഴിലാളുടെ ദൈവമായ നെടുബാലിയൻ തൊഴിൽ നഷ്ടപ്പെട്ട് കൈക്കോട്ടുമായി പണിക്കു പോകുമ്പോഴാണ് എന്തുതരം രാമയാണമാണീ കർക്കടകമാസത്തിൽ നാം വായിക്കുന്നതെന്ന് ചിന്തിച്ചുപോകുന്നത്.

ബാലിയുടെ മുഖമെഴുത്ത് - രാജേഷ്
ബാലിയുടെ മുഖമെഴുത്ത് - രാജേഷ്

മലബാർ റിവർക്രൂയസിനെകുറിച്ചോ തെക്കുമ്പാട് നടപ്പാക്കാൻ പോകുന്ന തെയ്യം പെർഫോർമിങ് യാർഡിനെ കുറിച്ചോ എന്തെങ്കിലും വിവരമുണ്ടോ എന്നറിയാൻ വേണ്ടിയാണ് കുഞ്ഞിമഗംലത്തെ കിഷ്‌കിന്ധാരാജനായ സജീവ് കുറുവാട്ടിനെ വിളിച്ചത്. ഇന്ന് ബാലിത്തെയ്യം കെട്ടിയാടുന്നതിലെ മുടിചൂടാമന്നന്മാരാണ് കുഞ്ഞിമംഗലത്തെ സജീവ്കുറുവാട്ടും ഏട്ടനായ രാജേഷ് പെരുവണ്ണാനും. ബാലിയതെയ്യത്തിന്റെ കൃത്യമായ പാരമ്പര്യവിധി പ്രകാരമുള്ള അനുഷ്ഠാനങ്ങളും രാമായണപാട്ടുകളും ഈ സഹോദരന്മാർക്ക് ഹൃദിസ്ഥമാണ്. കുറുവാട്ട് പെരുവണ്ണാനുമായുള്ള അടുത്ത സൗഹൃദമാണ് ബാലി രാമായണത്തിലേക്കുള്ള യാത്രയ്ക്ക് അടിസ്ഥാനം.

ബാലി - സജീവ്കുറുവാട്ടും
ബാലി - സജീവ്കുറുവാട്ടും

കുറുവാട്ട്​ പെരുവണ്ണാന്റെ വീട്ടിൽ പോയപ്പോ ഒരു സാധനം കാണിച്ചുതരാം എന്നു പറഞ്ഞ് പട്ടിൽ ഭദ്രമായി കെട്ടിസൂക്ഷിച്ച ഒരു പൊതി കൊണ്ടുവന്നു. തുറന്നുനോക്കിയപ്പോഴാണ് അതിശയപ്പെട്ടത്. പലഭാഗവും പൊടിഞ്ഞ് ദ്രവിച്ചുപോയ ഓലയിലെഴുതിയ ഗ്രന്ഥക്കെട്ടായിരുന്നു അത്. അങ്ങേറ്റത്തെ കൗതുകത്തോടെ സൂക്ഷ്മതയോടെ തുറന്നു. സജീവ് കുറുവാട്ടുമൊന്നിച്ച് ഓല വായിച്ചപ്പോഴാണ് പഴയ മലയാളം ലിപിയിലെഴുതിയ തെയ്യത്തിലെ രാമായണമായിരുന്നു അതെന്ന് മനസ്സിലായത്. അന്ന് വളരെ ബുദ്ധിമുട്ടി ലങ്കപ്പതി വായിച്ചു. വീട്ടിൽ വർഷങ്ങളായി സൂക്ഷിച്ചുപോരുന്ന ഈ ഓലക്കെട്ടിന്റെ പ്രാധാന്യവും ഗൗരവവും അന്ന് തീരെ ചെറുപ്പമായിരുന്ന പെരുവണ്ണാന് മനസ്സിലായിരുന്നില്ല. അച്ഛനച്ഛാച്ഛന്മാരുടെ കാലം മുതൽക്കേ ഇത് പട്ടിൽ പൊതിഞ്ഞ് പറത്തിന്മുകകളിൽ വെച്ചതായിരുന്നു. ‘കുറേഭാഗം നഷ്ടമായി, ഇപ്പോ ഇതേ ബാക്കിയുള്ളു’; ഓല വായിക്കുന്നതിനിടയിൽ പെരുവണ്ണാൻ പറഞ്ഞു. കുറുവാട്ട് പരമ്പരയിലെ ഇപ്പോഴത്തെ പെരുവണ്ണാനാണ് സജീവ് കുറുവാട്ട് എന്ന ബാബുപെരുവണ്ണാൻ.

സജീവ് കുറുവാട്ട്
സജീവ് കുറുവാട്ട്

ഫോണിൽ വിളിച്ചപ്പോ കുറച്ച് തിരക്കാണ് പിന്നെ വിളിക്കാമെന്ന് പെരുവണ്ണാൻ പറഞ്ഞു. ഒരോ കളിയാട്ടക്കാലത്തും അത്രയധികം തെയ്യങ്ങൾ കെട്ടുകയും തെയ്യം കൊണ്ടുമാത്രം കുടുംബം പുലർത്തുകയും ചെയ്യുന്ന കൊലധാരിയാണ് കുറുവാട്ട്. എന്താണ് തിരക്കെന്ന് ചോദിച്ചപ്പോ പണിക്കുപോകുകയാണെന്ന് പറഞ്ഞു. പണിയോ? ബാലിരാജാവകലല്ലെ ന്ങ്ങളെ പണിയെന്ന് തിരിച്ച് അത്ഭുതപ്പെട്ടു. ‘ബാലിരാജാവൊക്കെ ശെരി തന്നെ. കുടംബം പോറ്റണമെങ്കിൽ പണിയെടുക്കണം. ഇത്രയും കാലം ബാലി ചോറ് തന്നു. ഇനി തെയ്യം ചോറ് തരുമെന്ന പ്രതീക്ഷയില്ല. പണിക്കു പോവുകയാണ്. വീടിനടുത്തുള്ള മേസ്ത്തിരിയുടെ കൂടെ ടൈൽസിന്റെ പണിക്കു പോവുകയാണ്. അറുനൂറ് രൂപ കൂലി കിട്ടും. കുടുംബം പോറ്റാൻ അത് ധാരാളം’... കളിയാട്ടപ്പറമ്പുകളിലെ കാണികളെ അട്ടഹാസം കൊണ്ട് വിറപ്പിക്കുന്ന, ശ്രീരാമചന്ദ്രനെ വെള്ളം കുടിപ്പിക്കുന്ന കിഷ്‌കിന്ധാധിപന്റെ മറുപടി. കുഞ്ഞിമംഗലത്തെ കാട്ടുവള്ളിപടർപ്പുകളേയും കാവകങ്ങളേയും നാട്ടിടവഴികളേയും തന്റെ പാദസ്പർശത്താൽ പുളകിതമാക്കിയ അഭിമാന്യപ്രഭു ഇപ്പോ സിമന്റ് കുഴക്കുകയാണ്.

സജീവ് കുറുവാട്ട് എന്ന ബാബുപെരുവണ്ണാൻ.
സജീവ് കുറുവാട്ട് എന്ന ബാബുപെരുവണ്ണാൻ.

ആരുടെ രാമരാജ്യത്തെയാണ് അടിച്ചേൽപിക്കുന്നത്?

തെയ്യം എന്ന പൊൻമുട്ടയിടുന്ന താറാവിനെ ലക്ഷ്യം വെച്ച് ലാഭം കൊയ്യുന്നതിനായി നവമുതളാളിത്തവും ഭരണകൂടവും എക്കാലവും പലവിധത്തിലുള്ള ചൂഷണ തന്ത്രങ്ങൾ ആസൂത്രണം ചെയ്യാറുണ്ട്. കുഞ്ഞിമംഗലത്തെ കുലനായകനെ ഫോണിൽ വിളിച്ചതിനുശേഷം മടിയൻ ക്ഷേത്രപാലകനേയും കമ്പിക്കാനത്ത് നായരേയും പാലന്തായികണ്ണനേയും പൊലപൊട്ടനേയും ഐവർപുലിദേവതമാരേയും മുച്ചിലോട്ട് പോതിയേയും മാക്കത്തേയും അങ്ങനെ പലപലദൈവങ്ങളെയും വിളിച്ചു. തമ്പുരാന്റെ കയ്യിൽ നിന്ന്​ പട്ടും വളയും കച്ചും ചിരികയും വാങ്ങിയ ആചാരക്കാരോട് സംസാരിച്ചു. തേപ്പ്പണി, വാർപ്പ്പണി, കൽപ്പണി, കെട്ട്കടത്തൽ, കൈക്കോട്ട്പണി എന്നിങ്ങനെയുള്ള തൊഴിൽ മേഖലയിലാണ് പലരും. കുഞ്ഞിമംഗലത്തിന്റെ കിരീടം ചൂടിയ ഇന്ദ്രപുത്രൻ രാജേഷ് പെരുവണ്ണാൻ വണ്ടി ഓടിക്കുകയാണ്. ബാലിത്തണ്ടയും ഋഷിതസ്സും ആര്യരാമന്റെ അസ്ത്രമേറ്റിട്ടും കീഴ്പ്പെടാത്ത പോരാട്ടവീര്യവുമായിായി കളിയാട്ടമുറ്റം ചവിട്ടിച്ചേറാക്കിയ രാജേഷ് പെരുവണ്ണാൻ വളയം പിടിക്കുമ്പോഴും രാമരാജ്യത്തെ പ്രകമ്പനം കൊള്ളിക്കുന്ന ഗോത്രനായകന്റെ അലർച്ച കാതിൽ മുഴങ്ങുന്നുണ്ട്.

എൺപത്തിനാലായിരം ചതുരശ്രഅടിയിൽ ആർഷഭാരതത്തിലെ സന്യാസിമാർ ഭൂമിപൂജചെയ്ത് രാമൻപ്രഭാവത്തെ വിഗ്രഹപ്രതിഷ്ഠയിലൂടെ ഉറപ്പിക്കുന്ന അതേ രാമരാജ്യത്തുതന്നെയാണ് ആര്യാധിനിവേശത്തിന്റെ ബലികുടീരങ്ങളായി ബാലിക്കാവുകൾ ശേഷിക്കുന്നത്

കോവിഡ് കാലവും രാമായണമാസവും ബാലിയുടെ കോലധാരികൾക്ക് തിരിച്ചറിവിന്റെ കാലമാണ്. നെടുബാലിയന്റെ കീറിപ്പിളർന്ന ഇടമാർവ്വിൽപുരട്ടിയ മൃതസഞ്ജീവനിയാണ് പെരുവണ്ണാന്മാരുടെ ചോര. ആ രുധിരസമുദ്രത്തിൽ സ്നാനം ചെയ്താണ് അരുണോദയകിരീടം ഉഷശൃംഗങ്ങളെ ബാലി ചോപ്പിക്കുന്നത്. ഉദയാരംഭത്തിൽ നിന്ന്​ കീഞ്ഞ് നേരെ വരുന്നത് മനുഷ്യരുടെ കണ്ണീരിലേക്കും കഷ്ടതകളിലേക്കുമാണ്. രോഗവും കഷ്ടതയും അകാലവാർധക്യവും മരണവും മാത്രം ബാക്കിയാകുന്ന തെയ്യത്തിൽ സ്വന്തം ചോര കടഞ്ഞുയിർപ്പിച്ച പാട്ടുകളാണ് ബാലിയുടെ ഉറച്ചിൽ തോറ്റങ്ങൾ. കാലാന്തരങ്ങളായി ഈ രാമായണം പാടിക്കൊണ്ടിരിക്കുന്ന തെയ്യക്കാരൻ ഒരു സൂക്ഷ്മ രാഷ്ട്രീയശരീരമാണ്. ചോരയിറ്റുന്ന ചോദ്യങ്ങളുടെ ശരമൂർച്ചകളാണ് വെള്ളാട്ടക്കുറിയും നഖങ്ങളും ബാലിത്തണ്ടയുമണിഞ്ഞ പെരുവണ്ണാന്മാർ. ഒരു നാടിന്റെ സംസ്‌കൃതിയുടെ നെടുംതൂണായ അത്ഭുതപ്രതിഭകളായ കുറേ മനുഷ്യർ ആത്മ​ഹത്യ ചെയ്യാനുള്ള കയറ്​ പരതുമ്പോണ് തെയ്യത്തെ നവീകരിക്കാനുള്ള കോടികളുടെ പദ്ധതികളുമായി അധികാരികൾ വരുന്നത്. രാമായണപ്പാട്ടുകാരന്റെ പകരം വെക്കാനില്ലാത്ത ജ്ഞാനത്തിന്, ത്യാഗപൂർണ്ണമായ ജീവിത്തിന് പുല്ലവില. നാളെ അല്ലെങ്കിൽ ഇന്നുതന്നെ കണ്ടൽക്കാടുകൾക്ക് തീയിട്ട് നീർത്തടങ്ങൾ നികത്തി കരിങ്കൽ മലകളിടിച്ചുനിരത്തി തെയ്യത്തിനായി പെർഫോമിങ് യാർഡൊരുക്കും. ശീതീകരിച്ചലങ്കരിച്ച യാർഡിൽ അരയിൽ ബന്ധിച്ച തുടലുമായി ബാലിപ്പെരുമാൾ കാഴ്ച്ചക്കാർക്കു മുന്നിൽ ആടിത്തിമിർക്കും. കോൺക്രീറ്റ്​തൂണുകൾക്കിടയിൽ മറഞ്ഞിരുന്ന് ബ്രാഹ്മണവിധിപ്രകാരം രാകിമിനുക്കിയ മാഹേന്ദ്രമെടുത്ത് ബല അതിബല മന്ത്രം ജപിച്ച് രാമൻ ചാടിക്കളിക്കുന്ന കൊച്ചുരാമനെ ഒളിയമ്പെയ്തു കൊല്ലും. തിരിച്ചൊരു ചോദ്യവും ചോദിക്കാതെ ബാലിച്ചോരവീണ് പെർഫോമിങ് യാർഡ് കളങ്കപ്പെടുത്താതെ നവരാമായണത്തെയ്യം ചാകും. ശ്രീരാമൻ കൊലയന്ത്രമുയർത്തി പൊട്ടിച്ചിരിക്കും. കാണികൾ കയ്യടിച്ചുപിരിയും.
എത്ര ചതിയമ്പുകളെയ്തു കൊന്നാലും പിന്നേയും ബാക്കിയാകുന്നതാണ് തെയ്യം. എത്രതവണ കൊത്തിക്കളഞ്ഞാലും പിന്നെയും പിന്നെയും തളിർക്കുന്ന കാട്ടുചെടിക്കരുത്തുപോലെ. തെയ്യക്കാരൻ ഒരു കാലത്തും മൂർച്ച കെട്ടുപോകാത്ത സമരായുധമാണ്. ബാലിയുടെ ദേഹം ശുദ്ധമാക്കുന്ന, ഏതിരുളിലും ജ്വലിക്കുന്ന മേലേരിക്കനലിൽ സ്ഫുടം ചെയ്തെടുത്ത സൂക്ഷ്മ രാഷ്ട്രീയശരീരം. സ്വന്തം ചോരയിലാറാടിയ ബാലി തന്റെ കിരീടവും പാതിക്കരുത്തും പകുത്ത് ഇടവിലോകത്തേക്കയച്ചവൻ. ഭരണകൂടത്തിനും കലയുടെ പാരമ്പര്യ വഴക്കങ്ങൾക്കും മതത്തിന്റെ പൗരോഹിത്യ വിധികൾക്കും ഒരുകാലത്തും കീഴ്പ്പെടാത്തവൻ. നവബ്രാഹ്മണ്യവും സവർണ പാണ്ഡിത്യവും മൂലധന താൽപര്യങ്ങളും എങ്ങനെ മൂർച്ച കെടുത്താൻ ശ്രമിച്ചാലും സ്വയം മുറിഞ്ഞ് മൂർച്ചപ്പെട്ട് മുറിവേൽപിക്കുന്നവൻ. എവിടെ തൊട്ടാലും ചോര പൊടിയുന്ന മൂർച്ചയുടെ പേരാണ് തെയ്യക്കാരൻ.

തോറ്റുപോയ തെയ്യക്കാരുടെ പടപ്പുറപ്പാടുകൾ കാവുകൾക്ക് പുറത്തേക്ക് എന്തു കൊണ്ടാണ് വെളിപ്പെടാത്തത്. രാമചരിതം, കണ്ണശ്ശരാമായണം, രാമകഥാപാട്ട്, ഉത്തരരാമചരിതം, ഉദ്യാനപ്രവേശം, പോലുള്ള ജീവിതത്തിൽ ഒരു ഗുണവുമില്ലാത്ത, നമ്മുടെ ജീവിതത്തെ ഒരു വിധത്തിലും സ്വാധീനിക്കാത്ത, പ്രചോദിപ്പിക്കാത്ത രാമായണപാഠങ്ങൾ സംസ്‌ക്കാര പഠനത്തിന്റെ ഒന്നാമത്തെ പടിയിൽ തലയുയർത്തി നിൽക്കുമ്പോൾ തെയ്യത്തിന്റെ കഠിനജീവിതത്തിനിടയിൽ ചുമച്ച് ചോരതുപ്പി ചത്തുപോകുന്ന പെരുവണ്ണാന്മാരുടെ രാമായണത്തെ എവിടെയാണ് കൊന്ന് കുഴിച്ചുമൂടിയിരിക്കുന്നത്?. ശ്രീരാമദൈവത്തിന്റെ അനുകൂലത്താൽ പണവും പ്രതാപവും പ്രശസ്തിയും ഉദ്യോഗക്കയറ്റവും സമ്പാദിക്കുന്നവർ പൊലയനേയും മലയനേയും വണ്ണാനേയും അവജ്ഞയോടെ മാത്രം കാണുന്നതെന്തു കൊണ്ടാണ്. കേരളം മുഴുവൻ കൊണ്ടാടുന്ന രാമായണപ്രാഭാഷണങ്ങളിലും കർക്കടക രാമായണ മാസാചരണങ്ങളിലും ജീവിച്ചിരിക്കുന്ന ബാലിദൈവങ്ങളായ അതിയടംകുഞ്ഞിരാമൻ പെരുവണ്ണാനോ കുഞ്ഞിമംങ്ങലം രാജഷേ് പെരുവണ്ണാനോ ദാസൻ മാങ്ങാടനോ മാറ്റാങ്കീൽ കണ്ണപെരുവണ്ണാനോ കടന്നപ്പള്ളി സന്തോഷ് പെരുവണ്ണാനോ പങ്കെടുക്കാത്തതെന്തേ?. ഇങ്ങനെനെയൊരു ചോദ്യം ചോദിച്ചാൽ ആരുത്തരം പറയും.

ദാസൻ മാങ്ങാടൻ
ദാസൻ മാങ്ങാടൻ

ഭൂമി പൂജചെയ്ത് പുതിയ അവതാരരാമൻ പ്രത്യക്ഷപ്പെടുന്ന വർത്തമാനത്തിൽ ഈ ലോകാഭിരാമനെകൊണ്ട് ആർക്കാണ് പ്രയോജനമില്ലാത്തത്. രാമായണം നല്ലയൊരു ചാകരക്കോളാണ്. ചുറ്റിലും രാമഭക്തന്മാരുടെ രാമായണാഘോഷങ്ങൾ. വെയിലുകൊള്ളാൻ ശേഷിയില്ലാത്ത, വിയർക്കാത്ത കസവു വേഷ്ടി പുതച്ച മാഷമ്മാരുടെ ആര്യഭാഷണങ്ങൾ മാത്രം ഈ സമൂഹം കേട്ടാൽ മതിയോ?. സത്യബോധത്തിന്റേയും നീതിബോധത്തിന്റേയും പേരായ, ഗുണവാനും വീര്യവാനും ധർമ്മം മാത്രം പ്രവർത്തിക്കുന്നവനും ദൃഢവ്രതനുമായ രാമനെ പട്ടാഭിഷേകം നടത്തി വാഴിക്കാൻ നവരാമായണകാരന്മാർ മത്സരിക്കുകയാണല്ലോ. ബാലിയുടെ ചോരതെറിച്ച് കളങ്കപ്പെട്ട രാമന്റെ ക്ഷത്രിയ ശരീരം ഇവർ തുടച്ചു വൃത്തിയാക്കിക്കൊടുക്കുന്നത് ആർക്ക് വേണ്ടിയാണ്. ആരുടെ മര്യാദപുരുഷോത്തമനെയാണ്, ആരുടെ രാമരാജ്യത്തെയാണ് ഈ പൺഡിതന്മാർ നമുക്ക് മുകളിൽ അടിച്ചേൽപിക്കുന്നത്. എൺപത്തിനാലായിരം ചതുരശ്രഅടിയിൽ ആർഷഭാരതത്തിലെ സന്യാസിമാർ ഭൂമിപൂജചെയ്ത് രാമൻപ്രഭാവത്തെ വിഗ്രഹപ്രതിഷ്ഠയിലൂടെ ഉറപ്പിക്കുന്ന അതേ രാമരാജ്യത്തുതന്നെയാണ് ആര്യാധിനിവേശത്തിന്റെ ബലികുടീരങ്ങളായി ബാലിക്കാവുകൾ ശേഷിക്കുന്നത്. തലച്ചോറിൽ കാടോർമ്മകൾ കെട്ടുപോയിട്ടില്ലാത്ത ഒളിപ്പോരാളിയായി വാനരകുലനായകൻ, സങ്കടപ്പെടുന്ന സാധാരണ മനുഷ്യരെ ചോരയിറ്റിയ വക്ഷസ്സിൽ ചേർത്തുപിടിക്കുന്നത്. അഹിംസാരാമന്റെ ചതിയമ്പ് കൊണ്ടുകൊണ്ട് നെഞ്ചത്ത് വടുകെട്ടിത്തഴമ്പിച്ച നെടുബാലിയന്മാരുടെ മൊഴികൾക്ക് എന്നാണ് നാം കാതോർക്കുക. അവരുടെ ശബ്ദങ്ങൾ ഇനിയും പുറത്തു വരാതിരിക്കാൻ ഏത് കൂരിരുട്ടിലാണ് ആ സൂക്ഷ്മ രാഷ്ട്രീയശ(രീ)രികളെ മുക്കിക്കൊന്നത്?

Comments