ബാങ്ക് വിളിക്കുന്ന മണവാട്ടിത്തെയ്യം ഒരു സമയകാഹളം കൂടിയാണ്​

ബാങ്കുവിളിക്കുന്ന മാണിച്ചിയെന്ന മുസ്‍ലിം പെണ്ണ് ഇന്നത്തെ സാമൂഹിക യാഥാർത്ഥ്യത്തിൽ വാട്സാപ്പിൽ പ്രചരിക്കുന്ന കേവലമൊരു തെയ്യം വിഡിയോ മാത്രമല്ല. നമ്മുടെ ആചാരാനുഷ്ഠാനങ്ങൾ സ്ത്രീകളെ പല നിലയ്ക്കും അകറ്റി നിർത്തുമ്പോഴാണ് മാപ്പിളയുടെ മണവാട്ടിപ്പെണ്ണ് തെയ്യമായി വന്ന് നിർഭയം ബാങ്കുവിളിക്കുന്നത്. തെയ്യത്തിലെ ബാങ്കുവിളിയുടെ അർഥങ്ങളും നാനാർഥങ്ങളും ആന്തരികാർഥങ്ങളും പലതാണ്.

തൃശൂരിൽ നിന്ന്​ കാഞ്ഞങ്ങാട്ടേക്കുള്ള ട്രെയിൻ യാത്ര.
പല സ്ഥലത്തും നിർത്തിയും വേഗത കുറഞ്ഞുമാണ് വണ്ടി ഓടിക്കൊണ്ടിരുന്നത്.

കയ്യിലുണ്ടായിരുന്ന പുസ്തകത്തിലും ഫോണിലുമായി യാത്രയിലെ വിരസതയകറ്റി. വാട്സ് ആപ്പ് മെസേജുകളിലൂടെ കണ്ണോടിച്ചപ്പോഴാണ് കൂടെ പഠിച്ച റഫീഖ് അയച്ചു തന്ന വീഡിയോ ശ്രദ്ധയിൽ പെട്ടത്, ബാങ്കുവിളിക്കുന്ന മാപ്പിള തെയ്യം.

നേരിട്ടു കണ്ടിട്ടില്ലാത്ത തെയ്യമാണെങ്കിലും ഈ തെയ്യത്തെക്കുറിച്ച് കേട്ടിട്ടുണ്ട്.
അറിയാം. വാട്സ് ആപ്പിൽ അയച്ച തെയ്യത്തെ കൂടുതലറിയണമെന്ന് റഫീഖിന്റെ അടുത്ത സന്ദേശവുമെത്തി. കണ്ണൂർ ജില്ലയിലെ കുറ്റ്യാട്ടൂരിനടുത്തുള്ള പള്ളിയുമായി ബന്ധപ്പെട്ട ഗ്രൂപ്പിൽ നിന്നുമാണ് ഈ വീഡിയോ കിട്ടിയതെന്ന് റഫീഖ് പറഞ്ഞു. പഠിക്കുന്ന സമയത്ത് വെളുത്ത മുണ്ടും കുപ്പായവും തൊപ്പിയുമായി വരുന്ന, അഞ്ച് നിസ്കാരം തെറ്റിക്കാത്ത ഉത്തമ വിശ്വാസിയായിരുന്നു റഫീഖ്. ഈ വീഡിയോ കണ്ടപ്പോഴുണ്ടായ വല്ലാത്ത സന്തോഷവും കൗതുകവും റഫീഖ് പങ്കുവെച്ചു.

തെയ്യത്തെ കുറിച്ച് എത്രയോ എഴുതി. തെയ്യാന്വേഷണങ്ങളൊക്കെ ജീവിതാ ന്വേഷണങ്ങളാണ്. എന്തെങ്കിലും എഴുതാൻ മാത്രമായി തെയ്യക്കാരുടെ അടുത്തേക്ക് പോകാറില്ല. യാത്രയിലുടനീളം ചങ്ങാതി അയച്ചു തന്ന തെയ്യം വിഡിയോ ചിലമ്പനക്കിക്കൊണ്ടിരുന്നു..

കാസർഗോഡ് ജില്ലയിലെ കാഞ്ഞിരപ്പൊയിൽ മടിക്കൈ കോമറായ ദേവസ്ഥാനത്ത് കെട്ടിയാടിയ മാപ്പിളത്തെയ്യങ്ങളുടെ ദൃശ്യങ്ങളായിരുന്നു അത്. പുതിയാപ്ലയും ബീവിയുമായ, ഓളും പുരുവനുമായ രണ്ട് മാപ്പിള തെയ്യങ്ങൾ. ബപ്പൂരാനും മാണിച്ചിയും എന്നാണ് നോട്ടീസിൽ തെയ്യത്തിന്റെ പേരുകൾ അച്ചടിച്ചുവന്നത്. ബാങ്കുവിളിയുടെ കാരുണ്യത്തിൽ സ്വയമലിഞ്ഞ രണ്ട് തെയ്യങ്ങൾ വല്ലാതെ, വല്ലാതെ മനസ്സിലുടക്കി.

കാഞ്ഞിരപ്പൊയിലിൽ തെയ്യം കാണാൻ പോയ കടന്നപ്പള്ളിയിലെ ചങ്ങാതി പ്രിയേഷിനെ വിളിച്ചു. കൂടുതൽ വിശദാംശങ്ങൾ അന്വേഷിച്ചു.
തെയ്യത്തിന്റെ പടങ്ങളൊന്നും എടുക്കാൻ പറ്റിയില്ലെന്ന് അവൻ പറഞ്ഞു.

ബാങ്കുവിളിക്കുന്ന മാണിച്ചിയെന്ന മുസ്‍ലിം പെണ്ണ് ഇന്നത്തെ സാമൂഹിക യാഥാർത്ഥ്യത്തിൽ വാട്സാപ്പിൽ പ്രചരിക്കുന്ന കേവലമൊരു തെയ്യം വിഡിയോ മാത്രമല്ല. നമ്മുടെ ആചാരാനുഷ്ഠാനങ്ങൾ സ്ത്രീകളെ പല നിലയ്ക്കും അകറ്റി നിർത്തുമ്പോഴാണ് മാപ്പിളയുടെ മണവാട്ടിപ്പെണ്ണ് തെയ്യമായി വന്ന് നിർഭയം ബാങ്കുവിളിക്കുന്നത്. തെയ്യത്തിലെ ബാങ്കുവിളിയുടെ അർത്ഥങ്ങളും നാനാർത്ഥങ്ങളും ആന്തരികാർത്ഥങ്ങളും പലതാണ്.

മധു കലൈപ്പാടി

കാസർഗോഡ് ജില്ലയിലെ നലിക്കത്തായ സമുദായം കെട്ടിയാടുന്ന ഏറെ സവിശേഷതകളുള്ള മാപ്പിള തെയ്യങ്ങളാണിത്. തുളുനാട്ടിലെത്തി അപമൃത്യുവിനിരയായ എത്രയോ മാപ്പിളമാർ തെയ്യത്തിന്റെ തലപ്പാളി കെട്ടി കാണിമുണ്ടുടുത്ത് ചൊല്ലി വരവിളിക്കുന്നുണ്ട്. തെയ്യം മാപ്പിളയെ മറ്റൊരാളായി കണ്ടിട്ടേയില്ല. അങ്ങനെ കാണാൻ തെയ്യത്തിനൊരിക്കലും കഴിയില്ല.
മാപ്പിള തെയ്യത്തെ കുറിച്ച് കൂടുതലറിയാൻ എഴുത്തുകാരനും തെയ്യത്തിലെ നിരവധി മനുഷ്യാവകാശപ്രശ്നങ്ങൾ സമൂഹ ശ്രദ്ധയിൽ കൊണ്ടുവന്നയാളുമായ സുധീഷ് ചട്ടഞ്ചാലിനെ വിളിച്ചു. നലിക്കത്തായ സമുദായത്തിൽ പെട്ട തെയ്യക്കാരൻ കൂടിയായ സുധീഷുമായി ദീർഘനേരം സംസാരിച്ചു.

ബപ്പൂരാൻ, ബപ്പിരിയൻ എന്നിവ ഉത്തരമലബാറിലെ നിരവധി കാവുകളിൽ കെട്ടിയാടുന്ന തെയ്യമാണ്. ബാങ്ക് വിളിക്കുന്ന ഉമ്മയെയും പുത്യാപ്ലയെയും കാസർഗോഡിന്റെ ചില പ്രദേശങ്ങളിൽ മാത്രം തികച്ചും വ്യത്യസ്തങ്ങളായ അനുഷ്ഠാനങ്ങളോടെ കെട്ടിയാടിക്കുന്നുണ്ട്. നീലേശ്വരത്തിനപ്പുറം പെൺബാങ്കുവിളി കേൾക്കാനാകില്ല. ബപ്പുരാൻ എന്നല്ല, ബമ്പേര്യൻ, ബബ്ബരിയൻ എന്നാണ് തെയ്യത്തിന്റെ ശരിയായ പേര്. ബബ്ബു ബ്യാരിയെന്ന കച്ചവടക്കാരനായ മാപ്പിളയാണ് ബബ്ബരിയൻ. ഇപ്പോൾ സംസാരിക്കുന്നത് എത്രയോ തവണ ബബ്ബരിയനായി കൂറ്റുകാട്ടിയ മണവാട്ടിത്തെയ്യമായി ബാങ്കുവിളിച്ച കാനത്തൂരിലെ ആചാരക്കാരനായ മധു കലൈപ്പാടിയാണ്.
തുളുവിന്റെ വെത്തിലച്ചാറിൽ മധുവേട്ടന്റെ വാക്കുകൾ തുളുമ്പി. ചുറ്റിലും ചോപ്പ് പടർന്നു.

സുധീഷ് ചട്ടഞ്ചാൽ

അറേബ്യൻനാട്ടിൽ നിന്ന്​ കച്ചവടത്തിനായി തുളുനാടിന്റെ തീരം തേടി മാപ്പിളവീരന്മാർ മരക്കലം തുഴഞ്ഞു. നടുക്കടലിൽ ഉരു തകർന്നു.
ഉരുവിലുണ്ടായ ആലിമാപ്പിള രക്ഷപ്പെട്ട് കരയിലെത്തി. തുളുനാട്ടിൽ മരക്കച്ചവടം ചെയ്ത് ജീവിച്ചു. തുളുനാട്ടിൽ നിന്നും ഹിന്ദു സ്ത്രീയെ നിക്കാഹ് കഴിച്ച് ബീവിയാക്കി കൂടെ കൂട്ടി. തുളുനാട്ടിലും അയൽനാടുകളിലും ആലിയുടെ മരക്കച്ചവടം പുരോഗമിച്ചു. നിക്കാഹ് കഴിഞ്ഞിട്ടും ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിലാണ് അവർക്ക് ബമ്പേരിയൻ എന്ന മകൻ പിറക്കുന്നത്.
ആലിമാപ്പിളയുടെ വളർച്ചയിൽ അസൂയാലുക്കളായ ശത്രുക്കൾ അയാളെ കൊന്നുകളഞ്ഞു. മകനായ ബബ്ബരിയൻ ഉപ്പയെക്കാൾ വീരശൂര പരാക്രമിയായിരുന്നു. ബ്യാരിക്കാരായ കച്ചവടക്കാരെ ചേർത്ത് കരയിലും കടലിലും മാപ്പിളച്ചേകോൻ ആധിപത്യമുറപ്പിച്ചു. ബമ്പേരിയന്റെ ആധിപത്യം തുളു രാജാക്കന്മാരുടെ ഉറക്കം കെടുത്തി. കടലിൽ ഒരു കാലും മലയിൽ മറ്റേ കാലും അമർത്തിച്ചവുട്ടി ബമ്പേരിയൻ തന്റെ വമ്പിൽ ലോകത്തെ വിറപ്പിച്ചു. അതിബലവാനായ ബബ്ബരിയനെ ഇല്ലാതാക്കാൻ തമ്പുരാക്കന്മാർ ഗൂഢപദ്ധതികൾ തയ്യാറാക്കി. കുളിയന്റെ സഹായത്തോടെ ബബ്ബരിയന്റെ കാലുകൾ അറുത്ത് മാറ്റി.

Photo: Sreeyesh

കാലുകളറ്റ ബബ്ബരിയനെ കടലിൽ മീൻ പിടിക്കാൻ പോകുന്നവർ അവരുടെ രക്ഷകനായി കണ്ടെടുത്തു. ബബ്ബരിയനും മണവാട്ടിയും മാപ്പിള തെയ്യങ്ങളായി തങ്ങളുടെ ചരിത്രങ്ങൾ മാലോകരോട് ചൊല്ലിക്കെട്ടി വിശേഷിച്ചു.

മധു കലെപ്പാടി സംസാരിച്ചുകൊണ്ടിരുന്നു. ചരിത്രവും യാഥാർത്ഥ്യവും കഥയും പുരാവൃത്തങ്ങളും ജീവിതവും കൂടിക്കലർന്ന തെയ്യത്തിന്റെ കടൽച്ചുഴിയിൽ അറിയാതെ പെട്ടുപോയി. നലിക്കക്കത്തായ തെയ്യങ്ങൾക്കായി ജീവിതം സമർപ്പിച്ച കലൈപ്പാടി മാപ്പിളത്തെയ്യങ്ങൾ നമ്മുടെ ജീവിത്തിലേക്ക് നടന്നുതീർത്ത ദൂരങ്ങളെ കുറിച്ച് വാചാലനായി.

ഓരോ ദേശങ്ങൾക്കനുസരിച്ച് ബബ്ബരിയനും മാണിച്ചിക്കും വ്യത്യസ്ത വ്യാഖ്യാനങ്ങളുണ്ടാകുന്നു. എല്ലാ തെയ്യങ്ങളും ഈ പ്രാദേശിക വ്യതിയാനങ്ങളിലാണ് കൂടുതൽ കരുത്താർജിക്കുന്നത്. തെയ്യക്കാരനായ മധു കലൈപ്പാടി പറയുന്ന തെയ്യത്തിന്റെ വിശദാംശങ്ങൾ മറ്റൊരു ദേശത്ത് മറ്റൊരു തെയ്യമായി ചൊല്ലിയാടുന്നു. തെയ്യത്തെ നിർമിക്കുന്നത് അതാത് ദേശമാണ്.
അതുകൊണ്ടുതന്നെ ദേശത്തിന്റെ സ്വഭാവമനുസരിച്ച് തെയ്യത്തിന്റെ ജീവിതത്തിലും വ്യത്യാസം സംഭവിക്കുന്നു. മാപ്പിള തെയ്യങ്ങൾ മറ്റ് ദേശങ്ങളിലെത്തുമ്പോൾ അതിന്റേതായ വ്യത്യാസം പ്രകടമാണ്.

എന്തുകൊണ്ടാണ് ബാങ്ക് വിളിക്കുന്ന മാപ്പിള തെയ്യങ്ങളെ കാണുമ്പോൾ ഇത്രയധികം വികാരങ്ങൾ അലയടിക്കുന്നത്, പറഞ്ഞറിക്കാനാകാത്ത ആർദ്ര സ്പർശങ്ങളാൽ ഹൃദയം നിറഞ്ഞു തുളുമ്പുന്നത്? മതാതീതമായി മനുഷ്യ സങ്കടങ്ങളോടൊപ്പം പുലരനാണ് തനിക്കിഷ്ടമെന്ന് പല പ്രകാരത്തിൽ തെയ്യം പറയുന്നുണ്ടെങ്കിലും പ്രത്യക്ഷത്തിൽ ഹിന്ദുക്കളുടെ ആരാധനയായിത്തന്നെയാണ് അനുഷ്ഠാനം നിലനില്ക്കുന്നത്.

പെയിന്റിങ് : വിപിൻ ടി. പലോത്ത്

പൗരോഹിത്യത്തിന്റെ സിമൻറും കമ്പിയും ചേർത്ത് പുതിയ കാലം അതൊന്നുകൂടി ഉറപ്പിച്ചുയർത്തുന്നുണ്ട്. മുസ്‍‌ലിം എന്നത് എതിർപക്ഷമാണെന്നുറപ്പിക്കുന്ന ജീവിതം ഇവിടെ ഉണ്ടായിട്ടേയില്ല. ഹിന്ദു ആരാധനയിലെ പല തെയ്യങ്ങളും കോലത്ത് നാട്ടിലും തുളുനാട്ടിലും ആധിപത്യമുറപ്പിക്കുന്നതിനുമു​ൻപുതന്നെ വലിയ മരക്കലങ്ങളിലും ഉരുകളിലുമായി മാപ്പിളമാർ ഉത്തരമലബാർ തീരത്തണയുന്നുണ്ട്. ഈ മണ്ണിന്റെ
മക്കളായി മാറുന്നുണ്ട്. അത് ചരിത്രമാണ്. അല്പജ്ഞാനികളായ നമുക്ക് ചരിത്രത്തിന്റെ കണ്ണ് കുത്തിപ്പൊട്ടിക്കാം. മാറ്റിയെഴുതി പുതിയ ചരിത്രത്തിന് മറ്റൊരു കാഴ്ചയുടെ കോർണിയ വെച്ച് പിടിപ്പിക്കാം. പക്ഷേ തെയ്യത്തിന് തെയ്യമായി അതിന്റെ ആദിമസ്മൃതിയിൽ പുലരാനേ പറ്റൂ.
സ്വന്തം ചരിത്രവും സ്വത്വവും നിരാകരിക്കാൻ തെയ്യത്തിനാകില്ല.
തെയ്യത്തിന് ജീവിതവും ചരിത്രവും രണ്ടല്ല.

മാപ്പിളമാർ മാറ്റിനിർത്തപ്പെടേണ്ടവരായിരുന്നില്ല, അവർ നമ്മുടെ സോദരർ തന്നെയാണെന്ന് എത്രയെത്ര സന്ദർഭങ്ങളിലാണ് തെയ്യം ചൊല്ലിക്കെട്ടി വിശേഷിക്കുന്നത്. ആ ചരിത്രത്തിന്റെ തുടർച്ച മാത്രമാണ് മണവാട്ടിയുടെ പെൺ ബാങ്കുവിളി. ബബ്ബരിയന്റെ പാരണ സമയത്ത് കർണ്ണാനന്ദകരമായ ഒരു ബാങ്കുവിളിയാകാമെന്ന മാപ്പിളയുടെ ആവശ്യപ്രകാരമാണ് പെണ്ണ് ബാങ്കുവിളിക്കുന്നത്. മാപ്പിള അത് കേട്ടാസ്വദിക്കുന്നു. അനുഷ്ഠാനത്തിൽ തെയ്യത്തിൽ മാത്രം സംഭവിക്കുന്ന ചിലതുണ്ട്. അങ്ങനെയൊന്നാണിത്. മാണിച്ചിയെന്ന മണവാട്ടിയുടെ പെൺ ബാങ്കുവിളികൾ ഉറക്കത്തിലാണ്ടുപോയ അല്ലെങ്കിൽ ഉറക്കം നടിച്ച് കിടക്കുന്ന ചരിത്രത്തെ ഉണർത്താനുള്ള സൈറൺ വിളിയുടെ സമ(ര)യ കാഹളമാണ്.

Photo : Saneesh T.K

അടിമുടി മതവല്ക്കരിക്കപ്പെട്ട ഒരു സമൂഹത്തിൽ മാപ്പിളയുടെ ബാങ്ക് വിളി ഹിന്ദു ക്ഷേത്രത്തിൽ നിന്ന് കേൾക്കാനാകുന്നത് വിശ്വസിക്കാനാകില്ല. ചരിത്രത്തിന്റെ
അടിവേരറ്റ വിശ്വാസത്തിന്റെ തണലിലായതു കൊണ്ടാണ് ഇന്നിത് കേൾക്കുമ്പോൾ മാപ്പിളയും ഹിന്ദുവും ഒരു പോലെ അതിശയിക്കുന്നത്.
കാലവും ചരിത്രവും മാറിയതും മാറ്റിയതും തെയ്യത്തിന് ബാധകമല്ല.
തെയ്യം നിശ്ശബ്ദമായല്ല ഈ മാറ്റത്തെ കണ്ടുകൊണ്ടിരിക്കുന്നത്.
പറ്റാവുന്നതിലും അപ്പുറം ഉച്ചത്തിലാണ് തെയ്യം സംസാരിക്കുന്നത്. അത് തെയ്യം ഏറ്റെടുത്ത സാമൂഹികമായ ഉത്തരവാദിത്തമായി ഇന്ന് മാറുന്നുണ്ട്. അനുഷ്ഠാനങ്ങൾക്കുമപ്പുറം തെയ്യം പ്രസക്തമാകുന്നത്, തെയ്യത്തെക്കുറിച്ച് നിരന്തരം സംസാരിക്കേണ്ടി വരുന്നത് അതുകൊണ്ടാണ്.

ഒരുപാട് ഭയങ്ങൾ നമുക്ക് ചുറ്റുമുണ്ട്. ബാബറി മസ്ജിദ് തകർക്കുമ്പോഴും ഗുജറാത്ത് കത്തിയെരിയുമ്പോഴും ഇസ്ലാമോഫോബിയയിൽ ഭ്രാന്തെടുക്കുമ്പോഴും ബമ്പേരിയനും മണവാട്ടിയും ബാങ്കുവിളിക്കുന്നുണ്ട്.
ഡിസംബർ ആറ് കാസർഗോഡൻ ജീവിതത്തിൽ പടർത്തിയ കഠിനാന്ധകാരത്തെ കയ്യിലെ ഓലച്ചൂട്ട് വീശി തെയ്യം അകറ്റിക്കളയുന്നുണ്ട്.

Comments