എന്തുകൊണ്ടാണ് തെയ്യത്തെക്കുറിച്ച് നിരന്തരം സംസാരിക്കേണ്ടിവരുന്നത്? കലയും വ്യത്യസ്തമായ ആവിഷ്കാരങ്ങളും നമ്മുടെ ജീവിതത്തിൽ പ്രസക്തമാകുന്നിടത്തോളം തെയ്യത്തിനും പ്രാധാന്യമുണ്ട്. തെയ്യത്തെക്കുറിച്ചും കൂടുതൽക്കൂടുതൽ ഉച്ചത്തിലുച്ചത്തിൽ പറയേണ്ടതുണ്ട് എന്നുതന്നെയാണ് എൻ്റെ നിശ്ചയം.
നമ്മുടെ രംഗകലപാരമ്പര്യത്തിൽ, അനുഷ്ഠാനങ്ങളിൽ, ആഖ്യാനങ്ങളിൽ തെയ്യത്തോളം വിസ്ഫോടനശേഷിയുള്ള നാട്ടു ശരീരങ്ങൾ കാണാൻ കഴിയില്ല. തെയ്യം പോലെ തീവ്രമായി രാഷ്ട്രീയം സംസാരിക്കുന്ന ആവിഷ്കാരങ്ങളെ നമ്മുടെ രംഗകലാബോധ്യങ്ങൾക്ക് ഉൾക്കൊള്ളാൻ സാധിക്കണമെന്നില്ല.
പുതുകാലത്തെ പരിഷ്കരണങ്ങളും കൂട്ടിച്ചേർക്കലുകളും വ്യാഖ്യാനങ്ങളും തെയ്യത്തിൻ്റെ വിസ്ഫോടനശേഷിയെ, പ്രഹരശേഷിയെ നിർവീര്യമാക്കുന്നതിനുള്ള ശ്രമമായിട്ടേ കാണാൻ സാധിക്കുകയുള്ളൂ. വീര്യമേറിയ ആസിഡുകൾ തീവ്രത കുറച്ച് ഡൈല്യൂട്ട് ചെയ്ത് ഉപയോഗിക്കുന്നതുപോലെ, ശക്തമായ പോരാട്ടവീര്യമുള്ള തെയ്യങ്ങളെ പുണ്യാഹം തളിച്ച് വീര്യം കുറച്ചാണ് നിലനിർത്തുന്നത്. തെയ്യത്തിന്റെ പ്രഹരശേഷിയെ, പ്രസാരണശേഷിയെ എങ്ങനെയൊക്കെ നിർവീര്യമാക്കാൻ പറ്റുമോ അങ്ങനെയൊക്കെ നിർവീര്യമാക്കുന്നതിനുള്ള ശ്രമമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.
ജാതിക്കൂട്ടായ്മകളെ ശാക്തീകരിക്കുന്ന മതം, വിശ്വാസം, അന്ധവിശ്വാസം എന്നിവയിലധിഷ്ഠിതമായ പാരമ്പര്യരൂപം എന്ന നിലയിൽ തെയ്യം പുരോഗമന സമൂഹത്തിന് യോജിച്ചതല്ല എന്ന വാദമാണ് ഒരു വിഭാഗം ഉയർത്തിക്കൊണ്ടുവരുന്നത്. ഇതെല്ലാം പ്രത്യക്ഷത്തിൽ ശരിയായ വാദങ്ങൾ കൂടിയാണ്.
തെയ്യം മുന്നോട്ടുവെക്കുന്ന രാഷ്ട്രീയ സമസ്യകൾക്ക് ഉത്തരം കണ്ടെത്തുക അത്ര എളുപ്പമല്ല. അധിനിവേശവും വിവേചനവും അധികാരപ്രയോഗവും അതിൻ്റെ ഇരകളെ ലോകത്തിൽ എവിടെയൊക്കെ സൃഷ്ടിക്കുന്നുണ്ടോ അവിടെയൊക്കെ തെയ്യം പ്രസക്തമാകുന്നു. ഉത്തരകേരളത്തിന് പുറത്തുള്ളവർക്ക് ചിന്തിക്കാൻ പറ്റാത്ത വിധമാണ് തെയ്യത്തിൻ്റെ നിർമ്മിതികൾ ഉണ്ടായിട്ടുള്ളത്. രംഗകലാസംബന്ധിയായ എല്ലാ സങ്കൽപ്പങ്ങളുടെയും ചരിത്ര ബോധ്യങ്ങളുടെയും അപ്പുറമാണ് തെയ്യസ്വത്വം നിലനില്ക്കുന്നത്. തീയിൽ വെന്തുപൊള്ളിയും കത്തുന്ന രാഷ്ട്രീയ സമസ്യയായി ഉയിർത്തും സ്വയം ഹോമിക്കപ്പെട്ടുമാണ് ഒളിപ്പോരാളികളായ തെയ്യങ്ങൾ ആചരിത്രദൗത്യം നിർവ്വഹിക്കുന്നത്.
ഒരുതരത്തിലും ചോദ്യം ചെയ്യപ്പെടാത്ത അധികാരശക്തിയെ ഹിംസാത്മകമായ അധിനിവേശങ്ങളെ നേരിടാനുള്ള കരുത്ത് തെയ്യം സ്വന്തം കഠിനജീവിതത്തിൽ നിന്നുതന്നെയാണ് ആർജ്ജിച്ചിട്ടുള്ളത്. പല രൂപഭാവങ്ങളിലുള്ള രക്തരൂക്ഷിതമായ പകർന്നാട്ടങ്ങളിലൂടെ ഈ പുതിയ കാലത്തും ചുറ്റിലുമുള്ള മനുഷ്യരുടെ സാമൂഹിക സാംസ്കാരിക വ്യവഹാരങ്ങളുമായി ഇരയാക്കപ്പെട്ടുപോയ സ്വന്തം ജീവിതത്തെ ചേർത്തുവെക്കുന്നു എന്നുള്ളതാണ് തെയ്യത്തിൻ്റെ എക്കാലത്തെയും രാഷ്ട്രീയപ്രസക്തി.

തെയ്യമെന്ന ചാവേറുകൾ
എല്ലാ അധികാരവും തങ്ങൾക്ക് എതിരാകുമ്പോൾ തങ്ങളുടെ ജീവിതത്തെ ഈ മണ്ണിൽ നിന്ന് എന്നെന്നേക്കുമായി തുടച്ചു മാറ്റുമ്പോൾ സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ള നിസ്സ്വരായ മനുഷ്യർ സ്വയം പ്രതിരോധമായി മാറുന്നതാണ് തെയ്യം. അതിജീവനത്തിന്റെ പ്രതിരോധത്തിൻ്റെ പുതിയ പന്ഥാവിലേക്ക് തങ്ങളെത്തന്നെ രൂപാന്തരപ്പെടുത്തുന്ന രാസപരിണാമ പ്രക്രിയയാണത്. തങ്ങളെ രക്ഷിക്കാൻ മറ്റൊരു മാർഗ്ഗവും ഇല്ലാതിടത്താണ് സ്വയം ഹത്യയ്ക്ക് വിധേയമായി തെയ്യമൊരു ചാവേറായി പൊട്ടിത്തെറിക്കുന്നത്.
ആത്മവിസ്ഫോടനങ്ങളിലൂടെ ഈ ലോകത്തെ അധികാരത്തിന്റെ കോട്ടകൊത്തളങ്ങളെ കത്തിച്ചു ചാമ്പലാക്കി കളയുകയായിരുന്നു ചാവേറുകളായ ഒളിപ്പോരാളികൾ ചെയ്തത്. സ്വയം തകർന്ന് മറ്റുള്ളതിനെ തകർക്കുന്ന ഗറില്ലകൾ പക്ഷേ വിജയിക്കാറില്ലല്ലോ.
പുളിങ്ങോത്തെ പൈനാടോൻപുഞ്ചക്കണ്ടത്തിലെ എടവരമ്പിൽ മനുഷ്യ ബോംബായി പൊട്ടിത്തെറിച്ച് ബ്രാഹ്മണ്യത്തിന്റെ, ചാതുർവർണ്യത്തിന്റെ സാമ്രാജ്യത്വങ്ങളെ ചിന്നഭിന്നമാക്കിയ അലങ്കാരൻ എന്ന പുലയനോളം ചോരത്തിളപ്പുള്ള ചാവേർ പോരാളി ആരുണ്ട്?.
മാടായി കാവിലെ അടിമകളുടെ മകനായി പിറന്ന ഒരു പുലയന് അല്ലെങ്കിൽ ഒരു മനുഷ്യന് സഞ്ചരിക്കാവുന്ന എല്ലാ ദൂരങ്ങൾക്കുമപ്പുറത്തേക്ക് സഞ്ചരിച്ച കാരിയെന്ന പൊലയച്ചെക്കൻ.
നാട്ടിന്നുടയോനായ തമ്പുരാൻ്റെ ആധിയും പ്രാന്തും മാറ്റി ഒടുവിൽ അതേ തമ്പുരാന്റെ ചതിയാൽ പുലിപാതാളത്തിൽ തലതകർന്നു മരിച്ചു പോയ മാടായിക്കാരിക്കുരിക്കളോളം വീര്യമുള്ള ഗൊറില്ല ആരുണ്ട്?.
ജാതിബോധത്തെ ഊട്ടിയുറപ്പിക്കാൻ നമ്മുടെ ജാതികൂട്ടായ്മകളെ സംഘടിപ്പിക്കാൻ തെയ്യത്തെ ഉപയോഗിക്കുന്നുണ്ട് എന്നതാണ് വാസ്തവം.
ആണധികാരത്തിന്റെ എല്ലാ ഹിംസകൾക്കും മുകളിലും വിജയിച്ച് ഒരു നാടിനെ സമൃദ്ധിയിലേക്കുയർത്തി ഒടുവിൽ തീക്കുഴിച്ചാലിൽ വെന്തെരിഞ്ഞ മൂച്ചിലോട്ടമ്മയോളം വലിയ മറ്റെന്ത് സമരമാർഗ്ഗമുണ്ട്?.
പന്തിരുവര് ആങ്ങളച്ചോകോന്മാരുടെ ചുരികത്തലപ്പിൽ മുറിഞ്ഞുവീണ മാക്കത്തിനോളം മറ്റെന്ത് പെൺസഹനമുണ്ട്?.
ഏഴുമരങ്ങൾക്ക് പിറകിൽ ഒളിഞ്ഞ ആര്യനീതിയുടെ ദൈവത്തിൻ്റെ കൊടും ചതിയിൽ ഉരസ്സു പിളർന്നു മണ്ണിലേക്ക് കടപുഴകിയ നെടുബാലിയൻ്റെ ആത്മബലിയോളം മറ്റെന്തുണ്ട്?
തെയ്യത്തിന്റെ ചാവേർപ്പോരാട്ടങ്ങൾക്ക് പകരമായി നമ്മുടെ കലയിൽ ആവിഷ്കാരങ്ങളിൽ നാടോടി വഴക്കങ്ങളിൽ പാരമ്പര്യ രൂപങ്ങളിൽ മറ്റെന്ത് രംഗകലാവിചാരങ്ങളുണ്ട്?.
കലാന്തരങ്ങളായി ചരിത്രാതീതമായി മനുഷ്യദുഃഖങ്ങളെ, മനുഷ്യൻ്റെ അതിജീവനങ്ങളെ പോരാട്ടങ്ങളെ ആട്ടത്തിലും പാട്ടിലും അനുഷ്ഠാന നിഷ്ഠകളിലും ഒളിപ്പിച്ച് കടത്തിക്കൊണ്ടുവന്ന ഒളിപ്പോരാളികളായ ഗൊറില്ലകളായ തെയ്യങ്ങളുടെ വിസ്ഫോടനശേഷി അളക്കുന്നതിനുള്ള മാപിനികൾ നിലവിലില്ല. കലാവിഷ്കാരങ്ങളിൽ പാരമ്പര്യ അനുഷ്ഠാനാഖ്യാനങ്ങളിൽ തെയ്യ ശരീരമെന്നത് ഓജസ്സൊടുങ്ങാത്ത രാഷ്ട്രീയ ജാഗ്രതയാണ്.

തെയ്യമെങ്ങനെയാണ് ജാതി ഉണ്ടാക്കുന്നത്
തന്നിലൂടെ ജാതി പുലരണമെന്ന് തെയ്യം ഒരിടത്തും ഒരിക്കലും പറഞ്ഞിട്ടില്ല. പുരോഗമനവാദികളും ഇടതുപക്ഷ അനുകൂലികളുമായ ചിലർ തെയ്യത്തെ ശക്തമായി എതിർക്കുന്നതിനുള്ള പ്രധാന കാരണം തെയ്യം ജാതിയെ നിലനിർത്തുന്നുവെന്നും ജാതിപരമായ വിവേചനത്തിലാണ് തെയ്യാനുഷ്ഠാനം ശക്തിപ്പെടുന്നത് എന്നുമാണ്. ജാതിക്കൂട്ടായ്മകളെ ശാക്തീകരിക്കുന്ന മതം, വിശ്വാസം, അന്ധവിശ്വാസം എന്നിവയിൽ അധിഷ്ഠിതമായ ഒരു പാരമ്പര്യരൂപം എന്ന നിലയിൽ തെയ്യം ഒരു പുരോഗമന സമൂഹത്തിന് യോജിച്ചതല്ല എന്ന വാദമാണ് ഒരു വിഭാഗം ആൾക്കാർ ഉയർത്തിക്കൊണ്ടുവരുന്നത്. ഇതെല്ലാം പ്രത്യക്ഷത്തിൽ ശരിയായ വാദങ്ങൾ കൂടിയാണ്.
തെയ്യത്തിന്റെ പൂർവ്വ ജീവിതത്തെയും അനുഷ്ഠാനഘടനകളെയും സൂക്ഷ്മമായി വിശകലനം ചെയ്യുമ്പോൾ ജാതീയതയെ നിലനിർത്തുകയല്ല, എല്ലാ ജാതികളെയും കൂട്ടിച്ചേർത്തുകൊണ്ട് ജാതീയതയെ നിഷ്പ്രഭമാക്കി അപ്രസക്തമാക്കുകയാണ് തെയ്യം ചെയ്യുന്നത്. ഒരു കാവിന് ചുറ്റുമുള്ള എല്ലാ ജാതിസമൂഹവും മതസമൂഹവും കൂടിച്ചേർന്നാൽ മാത്രമേ തെയ്യാനുഷ്ഠാനം പൂർണതയിൽ എത്തുകയുള്ളൂ. ഏതെങ്കിലും ജാതിക്കാരുടെ തറവാട്ടിലെ വീട്ടിലോ ക്ഷേത്രത്തിലോ തെയ്യം നടക്കുമ്പോൾ ആ ജാതിസമൂഹത്തിൻ്റെ നേതൃത്വത്തിൽ അവരെ മാത്രം പങ്കെടുപ്പിച്ചുകൊണ്ടല്ല തെയ്യാനുഷ്ഠാനം നടക്കുന്നത്. തെയ്യത്തിൻ്റെ അനുഷ്ഠാനഘടനകൾ പൂർണ്ണതയിൽ എത്തിക്കുന്നതിനുവേണ്ടി എല്ലാ ജാതിസമൂഹങ്ങൾക്കും കൃത്യമായ സ്ഥാനങ്ങളുണ്ട്. ഓരോ ജാതിസമൂഹവും തെയ്യത്തിൽ നിർവഹിക്കേണ്ട കടമകളും ഉത്തരവാദിത്വങ്ങളുമുണ്ട്.
മതനിരപേക്ഷമായി തെയ്യം സൂക്ഷിക്കുന്ന സാഹോദര്യത്തെ- മനുഷ്യസ്നേഹത്തെയൊന്നാകെ നിഷേധിച്ചുകൊണ്ടാണ് തെയ്യത്തിൽ പലവിധത്തിലുള്ള പരിഷ്കരണശ്രമങ്ങളും നടന്നുകൊണ്ടിരിക്കുന്നത്.
എല്ലാ ജാതികളെയും കൂട്ടിക്കലർത്തി ജാതിരഹിതമായ ഒരു അന്തരീക്ഷമാണ് തെയ്യം അതിൻ്റെ ആന്തരികതലത്തിലും സൂക്ഷ്മതലത്തിലും സൃഷ്ടിക്കുന്നത്. പക്ഷേ ജാതീയതയുടെ ശക്തമായ ആഘോഷങ്ങളിലൂടെ ഓരോ ജാതിക്കാരും അവരവരുടെ ജാതി കൂട്ടായ്മകളെ തെയ്യത്തിലൂടെ നിലനിർത്താൻ ശ്രമിക്കുന്നുമുണ്ട്. തെയ്യം അതിൻ്റെ ആന്തരികഘടനയിൽ തകർക്കുന്ന ജാതിസ്വത്വം പക്ഷേ പുറത്തുകാണാതെ പോകുന്നു.
മറ്റെല്ലായിടത്തുമുള്ള അത്രയൊന്നും ജാതി സൂക്ഷിച്ചുനോക്കിയാൽ തെയ്യത്തിൽ കാണാൻ സാധിക്കുകയില്ല. സമസ്ത മേഖലയിലും ജാതി ഒരു പ്രധാന ഘടകമാണല്ലോ. തെയ്യത്തിൽ മറ്റു മേഖലകളിലുള്ളതിനെ അപേക്ഷിച്ച് ജാതിസ്വാധീനം തെയ്യത്തിൽ വളരെ കുറവാണ് എന്നതാണ് യാഥാർത്ഥ്യം. പക്ഷേ ഇത് അനുഷ്ഠാനത്തിന്റെ പുറമേ ദൃശ്യമാകുന്നതല്ല. അകമേ കാണുന്ന കാഴ്ചയാണ്.
തെയ്യം സ്വയം ജാതി ഉണ്ടാക്കുന്നില്ല. മറിച്ച് തെയ്യത്തെ ഉപയോഗിച്ച് നമ്മളാണ് വിവിധ ജാതികളായി വേർതിരിയുന്നത്. ജാതിബോധത്തെ ഊട്ടിയുറപ്പിക്കാൻ നമ്മുടെ ജാതികൂട്ടായ്മകളെ സംഘടിപ്പിക്കാൻ തെയ്യത്തെ ഉപയോഗിക്കുന്നുണ്ട് എന്നുള്ളതാണ് വാസ്തവം.

തെയ്യം സ്വയമൊരു ജാതിധികാരമായി എവിടെയും നിലനിൽക്കുന്നില്ല. ഒരു പ്രത്യേക ജാതിക്കാരന്റെ തറവാട്ടിലോ വീട്ടിലോ കാവിലോ തെയ്യം നടക്കുമ്പോൾ ഏത് ജാതിക്കാരൻ തെയ്യത്തിന് മുന്നിലേക്ക് വന്നാലും എല്ലാവരോടും ഒരുപോലെയാണ് തെയ്യം പെരുമാറുന്നത്. തെയ്യം മനുഷ്യനെ കാണുന്നതിലും അവരെ സമീപിക്കുന്നതിലും സംവദിക്കുന്നതിലും ജാതിപരമായ യാതൊരു വിവേചനവും പുലർത്തുന്നില്ല.
പുലയരുടെയും മലയരുടെയും ആരാധനാമൂർത്തിയാണ് പൊട്ടൻ തെയ്യം. പുലപ്പൊട്ടനെ പുലയരുടെ വീട്ടിലും ബ്രാഹ്മണരുടെ ഇല്ലത്തും കെട്ടിയാടിക്കുമ്പോഴും അത് പൗരോഹിത്യത്തെ എല്ലാ കാലത്തുമുള്ള മനുഷ്യനെതിരെയുള്ള അധികാരപ്രയോഗത്തെ ചോദ്യം ചെയ്യുക തന്നെയാണ് ചെയ്യുന്നത്. പുലയരുടെ വീട്ടിൽ കെട്ടുന്ന പൊട്ടൻ തെയ്യം നമ്പൂതിരിമാരുടെ ഇല്ലങ്ങളിൽ കെട്ടുമ്പോൾ മറിച്ചാകാറില്ല. അത് തന്നെയാണ് തെയ്യത്തിന്റെ ഏറ്റവും ശക്തമായ കരുത്തും. തെയ്യം എല്ലായിടത്തും ജാതീയതക്കെതിരെ നിൽക്കുന്നു എന്ന് പറയുന്നതിന്റെ അടിസ്ഥാനവും. പക്ഷേ തെയ്യത്തെ ഉപയോഗിച്ച് ജാതികൂട്ടായ്മകളും ജാതിസംഘടനകളും ജാതിബോധവും വളർത്തുന്നതിൽ ഇന്ന് പല ജാതി കൂട്ടായ്മകളും മത്സരിക്കുന്ന കാഴ്ചയാണുള്ളത്.
കാവിൽനിന്ന് പുറത്താക്കപ്പെടുന്ന തെയ്യങ്ങൾ
തെയ്യത്തിന്റെ സ്വാഭാവികമായ കാഴ്ചയും സൗന്ദര്യവും എന്താണ്? തെയ്യത്തിന് അങ്ങനെ നിർവചിക്കാവുന്ന സ്വാഭാവിക സൗന്ദര്യ സങ്കല്പങ്ങളുണ്ടോ? നിലനിൽക്കുന്ന പ്രകൃതിയുമായും പ്രകൃത്യുൽപ്പന്നങ്ങളുമായും മനുഷ്യവ്യവഹാരങ്ങളുമായും ചേർന്ന് നിന്നല്ലാതെ ഏതെങ്കിലും അനുഷ്ഠാനങ്ങൾക്കോ പാരമ്പര്യ രൂപങ്ങൾക്കോ സമൂഹത്തിൽ അതിജീവനം സാധ്യമാണോ?
ക്ഷേത്രത്തിൻ്റെ സവർണ്ണ രൂപഘടനയിലേക്ക് കാവിനെ മതം മാറ്റി വിശുദ്ധവൃക്ഷങ്ങളും കാട്ടുവള്ളിപ്പടർപ്പുകളുമരിയുമ്പോൾ സ്നേഹത്തിൻ്റെ വെളോലക്കുടയേറി മനുഷ്യസങ്കടങ്ങളിലേക്ക് സഞ്ചരിക്കുന്ന തെയ്യങ്ങളുടെ കാലുകൾ കൂടിയാണ് അറുത്ത് മാറ്റുന്നത്.
തെയ്യത്തെക്കുറിച്ചുള്ള സംസാരങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് തെയ്യത്തിന്റെ സ്വാഭാവിക പരിസരങ്ങളുടെയും ആവാസ വ്യവസ്ഥിതികളുടെയും നാശം എന്നത്. കാലത്തിൻ്റെ മാറ്റങ്ങളെ അതിജീവിക്കുക എന്നത് ദൈവങ്ങൾക്ക് പോലും സാധ്യമല്ലാത്ത സ്ഥിതിയാണ്. സ്വാഭാവികമായ പ്രകൃതിയുടെ മാറ്റങ്ങളും സമൂഹ പുരോഗതിയും ഒരു ഭാഗത്ത് നിലനിൽക്കുമ്പോൾ തന്നെ, അസ്വഭാവികമായതും മനുഷ്യനിർമ്മിതവുമായ പുത്തൻ സാമൂഹ്യക്രമത്തിലാണ് തെയ്യസ്ഥാനങ്ങൾ നിലനിൽക്കുന്നത്.
ലാഭകേന്ദ്രീകൃതമായ, ധനാധിഷ്ഠിതമായ മൂലധന താൽപര്യങ്ങൾക്ക് വിധേയമായി തെയ്യത്തിൽ ആസൂത്രിതമായ പല മാറ്റങ്ങളും സംഭവിക്കുന്നുണ്ട്. തെയ്യത്തിന്റെ സ്വാഭാവിക സൗന്ദര്യത്തെ അനുഷ്ഠാനങ്ങളുടെ ശക്തിയെ തെയ്യം മുന്നോട്ടുവെക്കുന്ന മാനവിക ദർശനങ്ങളെ ഈ മാറ്റങ്ങൾ പ്രതികൂലമായാണ് ബാധിക്കുന്നത്. മതനിരപേക്ഷമായി തെയ്യം സൂക്ഷിക്കുന്ന സാഹോദര്യത്തെ മനുഷ്യസ്നേഹത്തെയൊന്നാകെ നിഷേധിച്ചുകൊണ്ടാണ് തെയ്യത്തിൽ പലവിധത്തിലുള്ള പരിഷ്കരണശ്രമങ്ങളും നടന്നുകൊണ്ടിരിക്കുന്നത്. കാവിനെ, കളിയാട്ടങ്ങൾ നടക്കുന്ന വീടുകളെ, തറവാടുകളെ ക്ഷേത്രമാക്കി മാറ്റുക എന്നു പറയുന്നത് നിസ്സാരമായി കാണേണ്ട ഒരു സംഗതിയല്ല.
മതം, ഭക്തി, വിശ്വാസം എന്നിവയിലേക്ക് മാത്രം ചുരുക്കിക്കെട്ടി തെയ്യത്തെ പൗരോഹിത്യവിധികളുടെ ഉപകരണം മാത്രമാക്കി മാറ്റുന്നതിനുള്ള ആസൂത്രിതമായ ശ്രമങ്ങൾ തന്നെയാണിതെല്ലാം. തെയ്യത്തിന്റെ സ്വാഭാവിക പ്രകൃതിയും സൗന്ദര്യവും നഷ്ടമാവുക എന്നു പറഞ്ഞാൽ, സ്വന്തം ആവാസവ്യവസ്ഥയിൽ നിന്നും പരിതസ്ഥിതിയിൽ നിന്നും തെയ്യം പുറത്താക്കപ്പെടുന്നു എന്നത് തന്നെയാണ്.

അഭയാർത്ഥിയാകുന്ന തെയ്യം
പിറന്ന നാടുപേക്ഷിച്ച് മറ്റിടങ്ങളിൽ അഭയാർത്ഥിയായി അലയേണ്ടിവരുന്ന മനുഷ്യരുടെ എണ്ണം നാൾക്കുനാൾ കൂടി വരികയാണല്ലോ. കാവുകൾ നവബ്രാഹ്മണ്യത്തിൻ്റെ അധിനിവേശത്താൽ ക്ഷേത്രങ്ങളായി മാറുന്നതോടുകൂടി സ്വാഭാവികമായ ആവാസവ്യവസ്ഥയും പിറന്ന മണ്ണും തെയ്യത്തിന് നഷ്ടമാവുകയാണ്. കാട് കുത്തിമറിച്ച് കാട്ടാറുകളിൽ നീന്തിത്തിമിർക്കുന്ന കാട്ടാനകളെ വാരിക്കോഴിയിൽ വീഴ്ത്തി മാസങ്ങളോളം പട്ടിണിക്കിട്ട് ചട്ടം പഠിപ്പിച്ച് കൂട്ടിലടക്കുന്നത് പോലെയാണ്, കാട്ടിലും മേട്ടിലും കരിമ്പാറക്കെട്ടുകളിലും ആര്‍ത്തുല്ലസിക്കുന്ന തെയ്യത്തെ രാശിക്കളങ്ങളിൽ കുഴികുത്തി വീഴ്ത്തി അഷ്ടബന്ധങ്ങളിൽ ബന്ധിക്കുന്നത്. ചങ്ങലപ്പൂട്ടിലെ കാട്ടാനയ്ക്കും വിഗ്രഹബന്ധനങ്ങളിലെ തെയ്യത്തിനും ഒരേ സങ്കടമാണ്.
കടലരികെ, മലയരികെ, കാടരികെ നിന്നാണ് തെയ്യങ്ങളായ തെയ്യങ്ങളെല്ലാം വരുന്നത്. കൊടുങ്കാറ്റും പെരുങ്കാറ്റും മലങ്കാറ്റുമാണ് കളിത്തോഴർ. എകർന്ന മലപോലെയും പടർന്നവള്ളി പോലെയും പടർന്ന ആകാശം പോലെയും ഭൂമികുഴിഞ്ഞേടം സമുദ്രമെന്നപോലെയും അതിർത്തികളില്ലാത്ത പടർച്ചകളിലെ സ്വാതന്ത്ര്യത്തിലാണ് തെയ്യം വിഹരിക്കുന്നത്. തന്ത്രിപ്രമുഖൻ്റെ കാർമ്മികത്വത്തിൽ അഷ്ടബന്ധമുറപ്പിച്ച് വിഗ്രഹത്തിൽ ബന്ധിക്കുന്നതോടെ തെയ്യം ആവാസഭൂമി നഷ്ടപ്പെട്ട് അഭയാർത്ഥിയായി മാറുകയാണ് ചെയ്യുന്നത്.
പാരമ്പര്യ ഹിന്ദു ദൈവങ്ങളെ അപേക്ഷിച്ച് തെയ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത, അത് ഒരിടത്തും സ്വസ്ഥമായും സ്ഥിരമായും ഇരിക്കുന്ന ഒന്നല്ല എന്നതാണ്. കാവെന്നത് വിശുദ്ധവൃക്ഷങ്ങളും കട്ടുവള്ളിപ്പടർപ്പുകളും പക്ഷിമൃഗജന്തുജാലങ്ങളും സൂക്ഷ്മസൂക്ഷ്മ സ്ഥൂലജീവജാലങ്ങളും ഉൾപ്പെടുന്ന വിശാലമായ ആവാസ വ്യവസ്ഥയാണ്. കാവിലെഏതെങ്കിലും വന്മരമാധാരമായാണ് തെയ്യം ശേഷിപ്പെട്ടിരിക്കുന്നത്. കാവിനകത്ത് സ്ഥിരമായി നിലനിൽക്കുന്ന ദൈവമില്ല. കളിയാട്ടം നടക്കുന്ന സമയങ്ങളിൽ തെയ്യക്കാരന്റെ ശരീരത്തിൽ സാന്നിധ്യപ്പെട്ട് കളിയാട്ടം അവസാനിക്കുന്നതുവരെ നില നില്ക്കുന്ന ഒരു സാങ്കേതികത്വം മാത്രമാണ് കാവിലെ ദൈവം. ഒരു മനുഷ്യൻ തെയ്യമായി ചുറ്റിലുമുള്ള മനുഷ്യർക്ക് അല്പനേരത്തേക്ക് മാത്രം പ്രത്യക്ഷമാകുന്ന അത്യപൂർവമായ ദൈവാനുഭവമാണ് തെയ്യം.
പഴയ കാലത്ത് വിരലിലെണ്ണാവുന്ന ഫോട്ടോഗ്രാഫർമാരും വിദേശികളുമാണ് തെയ്യം കാണാനായി ഉത്തര കേരളത്തിലേക്ക് വന്നത്. എന്നാൽ ഇന്ന് നിയന്ത്രിക്കാൻ പറ്റുന്നതിലും അപ്പുറമാണ് അനുഷ്ഠാന പരിസരത്തിന് പുറത്തുനിന്നും തെയ്യത്തെ കാണാൻ ആൾക്കാർ വരുന്നത്.
കളിയാട്ടം അവസാനിക്കുന്നതോടുകൂടി മലയരികെ നിന്നും കടലരികെ നിന്നും വരുന്ന തെയ്യങ്ങൾ അവിടേക്ക് തന്നെ തിരിച്ചു പോവുന്നു. അതോടുകൂടി കാവ് ശൂന്യമാവുകയും മനുഷ്യൻ ഒഴികെയുള്ള എല്ലാ സൂക്ഷ്മ സ്ഥൂല ജീവജാലങ്ങളും കാവിന്റെ അവകാശികളായി മാറുകയും ചെയ്യുന്നു. അതുകൊണ്ടാണ് ജൈവികമായ പരിതസ്ഥിതിയിലാണ് തെയ്യം പുലരുന്നത് എന്ന് പറയുന്നത്.
കാവിൽ സാന്നിധ്യപ്പെടുന്ന തെയ്യം സദാ ചരരാശിയാണ്. അവിടേക്ക് വരുന്ന ഏറ്റവും ഇഷ്ടപ്പെട്ട ഭക്തന്റെ കൂടെ തെയ്യം യാത്രയാകുന്നു. അങ്ങനെയാണ് ഒരു കാവിലെ തെയ്യം മറ്റു സ്ഥാനങ്ങളിലെത്തുന്നത്.
തെയ്യത്തിൻ്റെ ഏറ്റവും പ്രധാന സവിശേഷത, തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആളുടെ കൂടെ തെയ്യം പോകും എന്നതാണ്. അയാളുടെ വീട്ടിലേക്കും തൊഴിൽസമൂഹത്തിലേക്കും ചുറ്റിലുമുള്ള ജൈവ പ്രകൃതിയിലേക്കും തെയ്യം അയാളറിയാതെ വെള്ളോലമെയ്ക്കുടയാധാരമായി സാന്നിധ്യപ്പെട്ട് സഞ്ചരിക്കുന്നു. ഇത് ദൈവസങ്കൽപ്പങ്ങളിൽ തെയ്യത്തിന് മാത്രം സാധ്യമാകുന്ന ഒന്നാണ്.

രാമനോ ഗുരുവായൂരപ്പനോ പരമശിവനോ ശ്രീകൃഷ്ണനോ ഇങ്ങനെ സാധാരണക്കാരുടെ കുടയിലെ തണൽ പങ്കുവെച്ച് സഞ്ചരിക്കില്ല. ഹിന്ദുമതത്തിലെ നിലയും വിലയുമുള്ള ദൈവങ്ങൾക്ക് ഇങ്ങനെ ആരുടെയും കൂടെ അവരുടെ പടിഞ്ഞാറ്റയിലേക്കോ തറവാട്ടിലേക്കോ സഞ്ചരിക്കാനുള്ള ശേഷിയും വിവേചനവും കാരുണ്യവുമില്ല. അങ്ങനെ സഞ്ചരിക്കാവുന്നവിധമല്ല ആഢ്യദൈവങ്ങളെ വിഗ്രഹങ്ങളിൽ ഉറപ്പിച്ചിരിക്കുന്നത്. അങ്ങനെ സഞ്ചരിക്കേണ്ടുന്ന ഉത്തരവാദിത്വവും പ്രതിജ്ഞാബദ്ധതയും വരേണ്യദൈവങ്ങൾക്ക് ആവശ്യമില്ല.
വിഗ്രഹപ്രതിഷ്ഠ എന്ന് പറയുന്നത് എല്ലാ കാലത്തേക്കുമുള്ള ചലനത്തെയും സഞ്ചാരത്തെയും ഇല്ലാതാക്കലാണ്. കാലുകൾ ബന്ധിക്കപ്പെട്ട വിഗ്രഹത്തിലെ പ്രതിഷ്ഠയല്ല തെയ്യം. അത് തന്നെ തേടിവരുന്ന സ്നേഹങ്ങളിലേക്ക് കാരുണ്യങ്ങളിലേക്ക് ആർദ്രതകളിലേക്ക് നിർബാധം സഞ്ചരിക്കലാണ്. പരസ്പരമുള്ള ചേർത്തുപിടിക്കലിലേക്ക് നിർബാധം നിരഹങ്കാരം ഗമിക്കുന്ന പരമമായ കാരുണ്യത്തിന്റെ പരമമായ സ്വാതന്ത്ര്യത്തിന്റെ പേര് കൂടിയാണ് തെയ്യം.
മണ്ണുമ്മൽ വിച്ചോർമ്മൻ്റെ കൂടെ കിഷ്കിന്ധയിലെ ബാലി എരമം പടിഞ്ഞാറ്റയിലേക്ക് വരുന്നതും ഉത്തമന്തിലെ ചിരുകണ്ടപ്പൊതുവാളുടെ വെള്ളോലക്കുടത്തണലിൽ അള്ളട സ്വരൂപത്തിന്റെ പടനായകനായ ക്ഷേത്രപാലകൻ തൃക്കരിപ്പൂർ തങ്കയത്തെത ഉത്തമന്തിൽ തറവാട്ടിലേക്ക് വരുന്നതും ഇതേ കാരുണ്യത്തിന്റെ വെള്ളോലക്കുടയിലെ ഇത്തിരിത്തണൽ ചൂടിയാണ്. അതുകൊണ്ടാണ് തെയ്യം തൻ്റെ മൊഴികളിലൂടെ എൻറെ ഭക്തന്റെ വെള്ളോലമെയ്ക്കുടയാധാരമായി ഞാൻ ശേഷിപെട്ടു എന്നു പറയുന്നത്.
അങ്ങനെ എത്രയെത്ര വെള്ളോലക്കുടക്കുളിരിലാണ് അപാരമായ അലിവിൻ്റെയും കരുണയുടെയും നിത്യസാന്നിദ്ധ്യമായി ഓരോരോ വീടുകളിലും തറവാടുകളിലും ഇത്രയേറെ തെയ്യങ്ങൾ പൂത്ത് തെഴുത്ത്പടർന്ന് പന്തലിച്ചുനിൽക്കുന്നത്.
കാവുകൾ ക്ഷേത്രങ്ങളായി മാറുന്നതോടുകൂടി സദാ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന തെയ്യങ്ങളെ വിഗ്രഹങ്ങളിൽ അഷ്ടബന്ധപ്പൂട്ടിൽ ചങ്ങലക്കിട്ട് ബന്ധിക്കുക കൂടിയാണ് ചെയ്യുന്നത്. ക്ഷേത്രത്തിൻ്റെ സവർണ്ണ രൂപഘടനയിലേക്ക് കാവിനെ മതം മാറ്റി വിശുദ്ധവൃക്ഷങ്ങളും കാട്ടുവള്ളിപ്പടർപ്പുകളുമരിയുമ്പോൾ സ്നേഹത്തിൻ്റെ വെളോലക്കുടയേറി മനുഷ്യസങ്കടങ്ങളിലേക്ക് സഞ്ചരിക്കുന്ന തെയ്യങ്ങളുടെ കാലുകൾ കൂടിയാണ് അറുത്ത് മാറ്റുന്നത്.
പൂക്കളോടും കിളികളോടും പൂമ്പാറ്റകളോടുമൊപ്പമുള്ള സ്വാഭാവികമായ ആവാസവ്യവസ്ഥിതികളാണ് തെയ്യങ്ങൾക്ക് നിഷേധിക്കപ്പെടുന്നത്. പിറന്ന നാടും വീടും നഷ്ടപ്പെട്ട് ക്ഷേത്രങ്ങളായ കാവുകൾക്ക് ചുറ്റും തെയ്യങ്ങളുടെ ആത്മാക്കൾ അഭയാർത്ഥികളെ പോലെ അലയുകയാണ്.

തെയ്യത്തിൽ തുടരുന്ന
ജാതിവിലക്കും ഊരുവിലക്കും
നമ്മുടേത് ജനാധിപത്യ രാഷ്ട്രമാണ്. നമുക്ക് ഭരണഘടനയും ഫെഡറൽ സംവിധാനങ്ങളുമുണ്ട്. എന്നാൽ ഭരണഘടനയോ നീതിന്യായ വ്യവസ്ഥയോ തെയ്യം നടക്കുന്ന ക്ഷേത്രങ്ങളുടെ അധികാരികൾക്ക് ബാധകമല്ല. ഇന്ത്യൻ ഭരണഘടനക്കും പുറത്താണ് ക്ഷേത്രങ്ങൾ കയ്യാളുന്നവരുടെ അവകാശാധികാരങ്ങൾ. തെയ്യം കെട്ടുന്ന ജാതിസമൂഹത്തിൻ്റെ നേർക്കുള്ള ജാതിവിലക്കും തൊഴിൽ വിലക്കും ഇപ്പോഴും ഉത്തരമലബാറിൽ നിലനിൽക്കുന്നു എന്നത് അങ്ങേയറ്റം അപകടകരമായ യാഥാർത്ഥ്യമാണ്.
ഇന്നോളമുള്ള ചരിത്രത്തിൽ തെയ്യത്തിന് ആദ്യമായി പത്മശ്രീ പുരസ്കാരം സമ്മാനിച്ച വയോധികനും തെയ്യത്തിലെ ആചാര്യനുമായ നാരായണ പെരുവണ്ണാനെ കാവധികാരികളും ക്ഷേത്രക്കമ്മിറ്റികളും സ്വീകരിച്ചത് തെയ്യത്തിൽനിന്ന് ഊരുവിലക്കിക്കൊണ്ടാണ്. ഇത്രയും കാലം തെയ്യത്തിനു വേണ്ടി സ്വജീവിതം ഹോമിച്ച നാരായണ പെരുവണ്ണാൻ ചെയ്ത കുറ്റം ഗൾഫിൽ തെയ്യം അവതരിപ്പിച്ചു എന്നതാണ്. അദ്ദേഹത്തോടൊപ്പം പോയ തെയക്കാർക്കും വിലക്ക് നേരിടേണ്ടിവന്നു.
ജീവിച്ചിരിക്കുമ്പോൾ തെയ്യക്കാരോട് എല്ലാ അവജ്ഞയും വിവേചനവും കാണിക്കുകയും മരിച്ചുകഴിഞ്ഞാൽ റീച്ച് കൂട്ടാൻ ആ മരണം പോലും സ്വകാര്യ ലാഭങ്ങൾക്ക് വേണ്ടി ഉപയോഗിക്കുകയും ചെയ്യുന്ന ബ്ലോഗർമാരുടെയും യൂട്യൂബർമാരുടെയും ഫേസ്ബുക്ക് വാട്സ്അപ്പ് എഴുത്തുകാരുടെയും ലോകം കൂടിയാണ് തെയ്യത്തിന്റെ ലോകം. അശ്വന്ത് എന്ന ചെറുപ്പക്കാരനായ തെയ്യക്കാരൻ ഈയിടെ ജീവിതമസാനിപ്പിച്ചപ്പോൾ ആ മരണത്തെപ്പോലും അങ്ങനെയാണ് കണ്ടത്.
ജീവിച്ചിരിക്കുന്ന തെയ്യക്കാരനെയാണ് ചേർത്തുപിടിക്കേണ്ടത്. ഉത്തരകേരളത്തിലെ തെയ്യക്കാർ നേരിടുന്ന കടുത്ത ആരോഗ്യ പ്രശ്നങ്ങളോ തൊഴിൽ പ്രശ്നങ്ങളോ സാമ്പത്തിക പ്രശ്നങ്ങളോ ജീവിതപ്രശ്നങ്ങളോ ഒരു തരത്തിലും അഭിമുഖീകരിക്കാതിരിക്കുകയും ചെയ്യുന്നവരാണ് മരണാനന്തരം സഹതാപവുമായി വരുന്നത്. എന്തെങ്കിലും കാരണങ്ങളുണ്ടാക്കി തെയ്യക്കാരനെ ഊരുവിലക്കുകയും പുറത്താക്കുകയും ചെയ്യുന്ന അതേ അധികാരികൾ തന്നെയാണ് മറ്റൊരു ഭാഗത്ത് തെയ്യക്കാരൻ ജീവിതത്തിൽ നിന്ന് പിൻവാങ്ങുമ്പോൾ ചിത്രങ്ങൾ സ്റ്റാറ്റസ് ആക്കിയും പ്രൊഫൈൽ ആക്കിയും സ്വന്തം വാളുകളിൽ പങ്കുവെച്ചും മുതലക്കണ്ണീർ ഒഴുക്കുന്നത്.
എന്തെങ്കിലും പ്രശ്നമുണ്ടായിക്കഴിഞ്ഞാൽ തെയ്യക്കാരന് വേണ്ടി സംസാരിക്കാനോ തെയ്യക്കാരോടൊപ്പം നിൽക്കാനോ ആരുമുണ്ടാകില്ല. ശക്തമായ സംഘടനയോ ഉന്നതങ്ങളിൽ സ്വാധീനമോ പിടിപാടോ ഒന്നും തെയ്യക്കാരനില്ല.
ഒരു ജനാധിപത്യ സമൂഹത്തിൽ പുരോഗമന ആശയങ്ങൾ നിലനിൽക്കുന്ന പരിഷ്കൃത ജീവിതത്തിൽ ഒരുതരത്തിലും അനുവർത്തിക്കാൻ പാടില്ലാത്തതാണ് ജാതിവിലക്കും തൊഴിൽ വിലക്കും. തെയ്യക്കാർക്കെതിരെയുള്ള നീക്കങ്ങൾ ശക്തമായി തുടരുന്നു എന്നത് ഇവിടെ വലിയ കാര്യമൊന്നുമല്ല. അതിൻ്റെ പ്രധാന കാരണം തെയ്യം കെട്ടുന്നവർ ജാതിശ്രേണിയിൽ താഴെത്തട്ടിൽ നിൽക്കുന്നവരും വലിയ സംഘടനാശേഷിയോ സാംസ്കാരിക ലോകത്ത് പ്രിവിലജോ അധികാരങ്ങളോ ഒന്നുമില്ലാത്ത ഒരു നിസ്വജനതയുമാണ് എന്നത് തന്നെയാണ്.
എന്തെങ്കിലും പ്രശ്നമുണ്ടായിക്കഴിഞ്ഞാൽ തെയ്യക്കാരന് വേണ്ടി സംസാരിക്കാനോ തെയ്യക്കാരോടൊപ്പം നിൽക്കാനോ ആരുമുണ്ടാകില്ല. ശക്തമായ സംഘടനയോ ഉന്നതങ്ങളിൽ സ്വാധീനമോ പിടിപാടോ ഒന്നും തെയ്യക്കാരനില്ല. തെയ്യം കെട്ടുന്ന ജാതിസമൂഹം ഇപ്പോഴും അസംഘടിത വിഭാഗമായി നിലനിൽക്കുകയാണ്. തെയ്യക്കാരന്റെ കൂട്ടായ്മയെ സംഘശക്തിയെ ദുർബലമാക്കുന്ന പല ഘടകങ്ങളുമുണ്ട്. കലാകാലങ്ങളായി തുടരുന്ന അവകാശ തർക്കങ്ങളും ജമ്മത്തർക്കങ്ങളും ഇപ്പോഴും പരിഹരിക്കപ്പെടാതെ കിടക്കുന്നത് സംഘടയെ ദുർബലമാക്കുന്നുണ്ട്. വർഷങ്ങളോളം തെയ്യം കെട്ടിയ ഒരു കാവിൽ നിന്നും ക്ഷേത്രാധികാരികൾ അവിടുത്തെ പ്രായമായ തെയ്യക്കാരനെ വിലക്കുമ്പോൾ പകരം തെയ്യം കെട്ടാൻ വേണ്ടി തയ്യാറായി നിൽക്കുന്ന നിരവധി തെയ്യക്കാരുണ്ട്. വിലക്കിയ തെയ്യക്കാരന്റെ മരുമകനോ സഹോദരനോ ആരുവേണമെങ്കിലും തയ്യാറാണ്. എൻ്റെ സഹോദരനെ അമ്മാമനെ വിലക്കിയ സ്ഥാനത്ത് തെയ്യം കെട്ടാൻ ഞാൻ വരില്ല എന്ന് പറയാവുന്ന സംഘടനബോധം തെയ്യക്കാർക്കില്ലാതെ പോയത് അവരുടെ മാത്രം ന്യൂനതയായി കാണാൻ സാധിക്കുകയില്ല. തെയ്യക്കാരെ ശാക്തീകരിക്കാൻ പല ശ്രമങ്ങൾ നടന്നുവെങ്കിലും അതൊന്നും എവിടെയും എത്താതെ പാതിവഴിയിൽ ഒടുങ്ങിപ്പോവുകയാണുണ്ടായത്.

തെയ്യത്തെ നിശ്ശബ്ദമാക്കുന്ന അക്കാദമിക് സമീപനം,
തെയ്യത്തിലെ സോഷ്യൽ മീഡിയ സ്വാധീനം
ഉത്തര മലബാറിലെ ജനജീവിതവുമായി അത്രയധികം ആഴത്തിൽ ലയിച്ചുചേർന്ന തെയ്യം ഇന്ന് ലോകപ്രശസ്തമാണ്. പ്രത്യേകിച്ച് കാന്താര സിനിമകളുടെ പശ്ചാത്തലത്തിൽ തെയ്യത്തിന്റെ വിപണിമൂല്യവും ജനപ്രിയമൂല്യവും വളരെയധികം ഉയർന്നിട്ടുണ്ട്. സോഷ്യൽ മീഡിയയുടെ കടന്നുവരവോടുകൂടി തെയ്യത്തിന്റെ കാഴ്ച എന്നത് വളരെയേറെ വിശാലമായിട്ടുണ്ട്. തികച്ചും ദേശകേന്ദ്രീകൃതമായ ഒരനുഷ്ഠാനം എന്ന നിലയിൽ നിന്ന് വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ തെയ്യത്തിന്റെ കാഴ്ചയെ സാർവ്വർദേശീയമായി വിപുലപ്പെടുത്താൻ ഇൻ്റർനെറ്റ് സംവിധാനങ്ങൾക്ക് സാധിച്ചിട്ടുണ്ട്. ഏറ്റവും മനോഹരമായ ദൃശ്യപ്പൊലിമ തെയ്യത്തിനുള്ളതിനാൽ അതിൻ്റെ വിഷ്വൽ സാധ്യതകൾ ഏറ്റവും കൂടുതൽ പ്രയോജനപ്പെടുത്തുന്നത് സോഷ്യൽ മീഡിയയാണ്. നിരവധി നിരവധിയായ ഫോട്ടോഗ്രാഫർമാരും വ്ളോഗർമാരും യൂട്യൂബേഴ്സും ഇന്ന് തെയ്യപ്പറമ്പിലേക്ക് ഒഴുകുകയാണ്.
പഴയ കാലത്ത് വിരലിലെണ്ണാവുന്ന ഫോട്ടോഗ്രാഫർമാരും വിദേശികളുമാണ് തെയ്യം കാണാനായി ഉത്തര കേരളത്തിലേക്ക് വന്നത്. എന്നാൽ ഇന്ന് നിയന്ത്രിക്കാൻ പറ്റുന്നതിലും അപ്പുറമാണ് അനുഷ്ഠാന പരിസരത്തിന് പുറത്തുനിന്നും തെയ്യത്തെ കാണാൻ ആൾക്കാർ വരുന്നത്. തെയ്യത്തിന്റെ വിപണിമൂല്യവും ജനപ്രിയ മൂല്യവും മുന്നിൽക്കണ്ടാണ് കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നും തെയ്യം കാണാനായി കാഴ്ചക്കാർ എത്തുന്നത്. ഈയടുത്തായി തെയ്യം എന്നാൽ കാണേണ്ട, അറിഞ്ഞിരിക്കേണ്ട ഒന്നാണെന്ന ധാരണ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്.
തെയ്യത്തിനു മുകളിലുള്ള അക്കാദമിക് ആധിപത്യങ്ങളും മുൻപില്ലാത്ത വിധം ശക്തി പ്രാപിക്കുന്നുണ്ട്. തെയ്യത്തെ കേന്ദ്രീകരിച്ചുള്ള ഗവേഷണപഠനവും, സാഹിത്യമെഴുത്തും ഡോക്യുമെൻ്ററികളും സിനിമകളും നാടകങ്ങളും കൂടിക്കൂടി വരികയുമാണ്.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഇതുകൊണ്ട് തെയ്യത്തിനോ തെയ്യക്കാരനോ പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല. തെയ്യത്തെ കൂടുതൽ ജനകീയമാക്കുന്നതിനും തെയ്യത്തിന്റെ പ്രാധാന്യവും പ്രസക്തിയും പുറംലോകത്ത് എത്തിക്കുന്നതിനും സോഷ്യൽ മീഡിയയുടെ ശക്തമായ സ്വാധീനമുണ്ട്. തെയ്യത്തിലെ പല മനുഷ്യാവകാശപ്രശ്നങ്ങളും ചില പ്രത്യേക തെയ്യങ്ങളുടെ വയലൻസും പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിന് സോഷ്യൽ മീഡിയ വലിയ പങ്കുവഹിച്ചിട്ടുണ്ട്. പക്ഷേ അനുഷ്ഠാനങ്ങളെ തടസ്സപ്പെടുത്തുന്ന വിധത്തിലുള്ള ഫോട്ടോഗ്രാഫർമാരുടെയും റീൽസ് വിദഗ്ധന്മാരുടെയും യൂട്യൂബർമാരുടെയും വ്ളോഗർമാരുടെയും ആധിക്യം ആശങ്കയുളവാക്കുന്നതാണ്.
തെയ്യത്തിന് മാർക്കറ്റിൽ വല്ലാതെ ഡിമാൻ്റ് വർദ്ധിച്ചപ്പോൾ അക്കാദമിക് സമീപനങ്ങളിലും വലിയ മാറ്റങ്ങളുണ്ടായി.
തെയ്യത്തിനു മുകളിലുള്ള അക്കാദമിക് ആധിപത്യങ്ങളും മുൻപില്ലാത്ത വിധം ശക്തി പ്രാപിക്കുന്നുണ്ട്. തെയ്യത്തെ കേന്ദ്രീകരിച്ചുള്ള ഗവേഷണപഠനവും, സാഹിത്യമെഴുത്തും ഡോക്യുമെൻ്ററികളും സിനിമകളും നാടകങ്ങളും കൂടിക്കൂടി വരികയുമാണ്. മുൻനിശ്ചിതമായതും വികലവുമായ കാഴ്ചകളിലൂടെ സൈദ്ധാന്തിക ദാർഢ്യങ്ങൾ തെയ്യം പോലുള്ള അനുഷ്ഠാന രൂപങ്ങളിൽ അടിച്ചേൽപ്പിച്ചാണ് പുതിയ തിസീസുകളും പ്രബന്ധങ്ങളും ഉണ്ടാക്കുന്നത്.
(അവസാനിക്കുന്നില്ല)





















