'ആന്റൺ ചെക്കോവ് ബിരുദം കൊണ്ട് ഡോക്ടറായിരുന്നു. അദ്ദേഹത്തിന്റെ രചനകളിൽ കടന്നുവരാറുള്ള ഡോക്ടർമാർക്കും രോഗികൾക്കുമൊക്കെ മിഴിവ് കൂടുതലാണെന്ന് വായനക്കാർ നിരീക്ഷിച്ചിട്ടുണ്ട്.' / Photo: Fine Art Images, Heritage Images

ഷെർലക്​ ഹോംസിനുമുണ്ട്​
ക്ലിനിക്കൽ മെഡിസിനിൽ ഒരിടം

പൊതുലോകത്തിന് അപ്രാപ്യമായ വൈദ്യശാസ്ത്രസത്യങ്ങളും ആരോഗ്യമേഖലയിലെ പ്രവർത്തനങ്ങളുമെല്ലാം കൂടുതൽ വ്യക്തമായി ഒരു ഡോക്ടർക്ക് എഴുതാൻ കഴിയും. വൈദ്യത്തിന്റെ പേരിൽ നടക്കുന്ന അധാർമിക പ്രവണതകൾക്കെതിരെയും ആധികാരികമായി എതിർപ്പുയർത്താൻ കഴിയുക ഡോക്ടർമാർക്കാണ്. ഇത്തരം എഴുത്തുകൾ വായനക്കാരും കാത്തിരിക്കുന്നുണ്ട്.

“Literature can enthuse medicine and medicine can inspire literature.They are complimentary treatments for being human” - Gavin Francis

രോഗികളോടുള്ള പെരുമാറ്റദൂഷ്യത്തിന്റെയും അശ്രദ്ധയുടെയും മരുന്നുകമ്പനികളുമായും അവയവ കച്ചവടക്കാരുമായുമുള്ള രഹസ്യ ഇടപാടുകളുടെയുമൊക്കെ പേരിൽ ഡോക്​ടർമാർ പഴികേൾക്കുന്ന കാലമാണിത്. ഡോക്ടർമാർക്കും മരുന്നുകമ്പനികൾക്കും ലാബുകൾക്കും ആശുപത്രികൾക്കുമെതിരെയുള്ള കേസുകൾ ഉപഭോക്​തൃ കോടതികളിൽ കുന്നുകൂടുന്നു. സമൂഹത്തിന്റെ പ്രതികരണശേഷിയിൽ വന്ന ജാഗ്രതയെക്കാളുപരി ഡോക്ടർമാരുടെ ഉൾപ്രേരണയിലും അടിസ്ഥാന സ്വഭാവത്തിലും വന്ന തകർച്ച സഗൗരവം ചർച്ച ചെയ്യപ്പെടുകയാണ്. വൈദ്യനൈതികതയും മാനവികമൂല്യങ്ങളും പടിയിറങ്ങിയ മെഡിക്കൽ കോളേജുകളും ആശുപത്രികളും തിരിച്ചുപിടിക്കാൻ എന്തൊക്കെ ചെയ്യാമെന്ന് പല തലങ്ങളിലായി ആലോചന നടക്കുന്നു.

രോഗിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്നത് വൈദ്യധാർമികതയുടെ ഭാഗമാണെങ്കിലും പൊതുനന്മയെ കരുതി രോഗിയുടെ വ്യകതിത്വം വെളിപ്പെടുത്താതെ ഇത്തരം ജീവിതസത്യങ്ങൾ പങ്കുവെക്കുന്നതിൽ തെറ്റുണ്ടെന്നുതോന്നുന്നില്ല.

ഇതേ ആലോചനകളുടെ ഭാഗമായാണ് പത്തിരുപത് വർഷങ്ങൾക്കുമുമ്പ് ചില പ്രശസ്ത വിദേശ യൂണിവേഴ്‌സിറ്റികളിൽ ഡോക്ടർമാരെ സർഗാത്മക സാഹിത്യത്തിൽ തത്പരരാക്കുവാനുള്ള ചുവടുകളെടുത്തത്. ഫലം ആശാവഹമായിരുന്നു.
ഇതിനർഥം സാഹിത്യം വായിക്കാത്തതുകൊണ്ടാണ് ഡോക്ടർമാർ മോശക്കാരാകുന്നതെന്നോ സാഹിത്യം വായിക്കുന്ന ഡോക്ടർമാരെല്ലാം നല്ലവരാണെന്നോ അല്ല. ദീനാനുകമ്പയും അന്യരുടെ വേദന തന്റേതായി ഉൾക്കൊണ്ട് സഹായിക്കാനുള്ള സന്നദ്ധതയുമൊക്കെ ജന്മസിദ്ധമായുള്ളവരാണ് ഈ തൊഴിലിലേക്ക് വരേണ്ടത്. അത്തരക്കാർ ബാഹ്യപ്രേരണകളില്ലാതെ തന്നെ അങ്ങനെ പ്രവർത്തിക്കും. അങ്ങനെയല്ലാത്ത ബഹുഭൂരിപക്ഷം ഡോക്ടർമാരുടെ കാര്യത്തിൽ വൈദ്യനൈതികതയുടെ സന്ദേശങ്ങൾ കൃത്യമായി ബോധവത്കരിച്ചേ മതിയാകൂ. അതിന് പല മാർഗങ്ങളുള്ളതിൽ പ്രധാനപ്പെട്ട ഒന്ന് സാഹിത്യമാണ്.

ഡോക്​ടർമാർ എന്തിന്​ വായിക്കണം?

ഏറിയ കൂറും ധാർമികതയുടെ പക്ഷത്താണ് സാഹിത്യം എന്നു പറയാം. ആത്യന്തികമായി മനുഷ്യചെയ്തികളും അങ്ങനെയായിരിക്കണം. ഒരേ വഴിയിൽ സഞ്ചരിക്കുന്നവർ തമ്മിൽ അപരിചിതരായി തുടരേണ്ട കാര്യമില്ലല്ലോ. കവിതയായും, നോവലായും, കഥയായും, ആത്മകഥയായും അനുഭവക്കുറിപ്പായുമൊക്കെ അവതരിപ്പിക്കപ്പെടുന്ന സാഹിത്യസൃഷ്ടികൾ പല മാതിരിയായ ജനങ്ങളുടെ ജീവിതസത്യങ്ങൾ തുറന്നുകാട്ടുന്നതുവഴി പലപ്പോഴും മഹത്തായ ജീവിതദർശനങ്ങളും സാമൂഹ്യയാഥാർഥ്യങ്ങളും പങ്കുവെയ്ക്കാറുണ്ട്.
തീരെ ഇടുങ്ങിയ ഒരു ലോകത്ത് അതിലേറെ ഇടുങ്ങിയ ജീവിതലക്ഷ്യങ്ങൾ വെച്ചു പുലർത്തുന്നവർക്ക് വിശാലലോകത്തേക്ക് സഞ്ചരിക്കാനും പല പല ജീവിതങ്ങൾ അനുഭവിക്കാനുമുള്ള സാഹചര്യം സൃഷ്ടിക്കാറുണ്ട് വായന. മനുഷ്യ സങ്കടങ്ങളുമായി ഏറെ അടുത്തുനിൽക്കേണ്ടവരെന്ന നിലയിൽ ഡോക്ടർമാർക്ക് ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോകാനുള്ള പരിശീലനമാണ് വായന നൽകുന്നത്.

അമേരിക്കൻ കവിയും, ഫിസിഷ്യനുമായ വില്യം കാർലോസ് വില്യംസൺ 'എ ഡ്രീം ഓഫ് ലവ്' എന്ന തന്റെ നാടകം വിവരിക്കുന്നു.
അമേരിക്കൻ കവിയും, ഫിസിഷ്യനുമായ വില്യം കാർലോസ് വില്യംസൺ 'എ ഡ്രീം ഓഫ് ലവ്' എന്ന തന്റെ നാടകം വിവരിക്കുന്നു.

രോഗികൾ പല തരക്കാരാണ്. അവരുടെ ചെറിയ രോഗത്തെക്കുറിച്ച് വലുതായി വിവരിക്കുന്നവരും വലിയ രോഗത്തെക്കുറിച്ച് നിസ്സാരമായി പറയുന്നവരുമുണ്ടാകാം. വാക്കുകൾ, ശരീരഭാഷ ഓർമിച്ചെടുക്കാനുള്ള കഴിവ്, ഇതിലെല്ലാമുള്ള കൃത്യതയിലും സമഗ്രതയിലും വ്യത്യാസമുണ്ടായിരിക്കാം. എങ്കിലും രോഗി പറയുന്നത് മുഴുവനായും കേൾക്കാനുള്ള ക്ഷമയാണ് ഒരു ഡോക്ടർക്ക് ആദ്യം വേണ്ടത്. രോഗിയിൽ നിന്ന്​ ചികഞ്ഞെടുത്ത വിവരങ്ങളെ കൃത്യമായ ചട്ടക്കൂടിലൊതുക്കുന്നത് അടുത്ത പടിയേ ആകുന്നുള്ളു. വൈവിദ്ധ്യമാർന്ന കഥകൾ കേൾക്കാൻ തയ്യാറാകുന്ന ഡോക്ടർക്ക് മുന്നിലേ സത്യത്തിന്റെ വാതിൽ തുറക്കപ്പെടുന്നുള്ളു. അതുകൊണ്ടാണ് വിവരണം (Narration) വൈദ്യമാനവികതയുടെ അടിസ്ഥാന സംജ്ഞകളിലൊന്നാകുന്നത്.
സർഗാത്മക സാഹിത്യത്തിന്റെ ഏടുകളിൽ നിന്ന് വൈദ്യശാസ്ത്രത്തിലേക്ക് കടംകൊണ്ട വിവരണാത്മക പഠനങ്ങളാണ് (Narrative study) യഥാർത്ഥത്തിൽ വിവരണാത്മക വിജ്ഞാനത്തിനുള്ള (Narrative Knowledge) സ്രോതസ്സാകുന്നതും പിന്നീട് അത് വിവരണാത്മക നൈതികതയ്ക്കും (Narrative ethics) വൈദ്യനൈതികതയ്ക്കും (Medical Ethics) ചൂണ്ടുപലകയാകുന്നതും. ഡോക്ടർമാർ ഈ ദിശയിൽ നിന്ന് മാറി യാത്ര ചെയ്യുമ്പോഴാണ് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളുടെയും കുത്തക മരുന്നുകമ്പനികളുടെയും പ്രലോഭനങ്ങളിൽ വീണു പോകുന്നത്.

കൺസൾട്ടേഷൻ റൂമിലോ, ആശുപത്രി കിടക്കയിലോ കണ്ടുമുട്ടുന്ന ഒരു രോഗിയോട് ഏതാനും നിമിഷത്തെ യാന്ത്രികമായ ആശയവിനിമയത്തിനപ്പുറം വൈദ്യശാസ്ത്രം ആവശ്യപ്പെടുംവിധം ഉള്ളറിഞ്ഞ് ഇഴുകിച്ചേരാനും അവരുടെ യഥാർത്ഥ പ്രശ്‌നങ്ങളെ സൂക്ഷ്മമായും കൃത്യമായും തിരിച്ചറിയാനുമുള്ള സംസ്കാരം വൈവിധ്യമാർന്ന ജീവിതാനുഭവങ്ങൾ കോറി വരച്ച രചനകൾ വായിക്കുന്നതുവഴി ഒരു ഡോക്ടർക്ക് ലഭിയ്ക്കും. ഇതു സംഭവിക്കുന്നതാകട്ടെ പല മാനങ്ങളിലൂടെയാണ്.

ഹോംസ്​ കഥകളുടെ ചുവടുപിടിച്ച് കൃത്യമായ രോഗനിർണയത്തെ സഹായിക്കുന്ന വ്യത്യസ്ത ഘട്ടങ്ങളും, സാധ്യതകളും കാര്യകാരണസഹിതം ആശുപത്രി വാർഡുകളിൽ ചർച്ച ചെയ്യപ്പെട്ടു.

രോഗികൾ അവരവരുടെ രോഗാവസ്ഥകളെക്കുറിച്ച് എഴുതുന്ന വിവരണങ്ങൾ പാത്തോഗ്രാഫി എന്നാണ് അറിയപ്പെടുന്നത്. രോഗനിർണയത്തിന്റെയും ചികിത്സയുടെയും വ്യത്യസ്ത ഘട്ടങ്ങളിൽ ശാരീരികമായും മാനസികമായും അവർക്കുണ്ടാകുന്ന വിഷമതകൾ, കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നുമുള്ള പ്രതികരണങ്ങൾ, ആശങ്കകൾ, പ്രത്യാശകൾ എല്ലാം ഇതിൽ വരാം. രോഗിയുടെ ഭാഗത്തുനിന്ന് ആ അവസ്ഥ തിരിച്ചറിയുകയെന്ന തന്മയീഭാവത്തിലേക്ക് വായനക്കാരെ ഉയർത്തുന്നവയാണ് ഇത്തരം രചനകൾ. മെഡിക്കൽ ടെക്​സ്​റ്റിൽ വിവരിച്ചതും കോളേജ് വാർഡിൽ പരിചയപ്പെട്ടതുമായ പരിമിത രോഗങ്ങൾക്കപ്പുറം പല നാടുകളിലുമുള്ള പല തരക്കാരായ ജനങ്ങൾക്കുണ്ടാകുന്ന വൈവിദ്ധ്യമാർന്ന രോഗചിത്രങ്ങൾ വിവരിക്കുന്ന പുസ്തകങ്ങളുമുണ്ട്. രോഗനിർണയം കൂടുതൽ സൂക്ഷ്മമാക്കാനും അതേസമയം രോഗത്തെക്കുറിച്ചുള്ള കാഴ്ചപ്പാട്​ കൂടുതൽ വിശാലമാക്കാനും ഡോക്ടറെ സഹായിക്കുന്നവ.

ദി മെറ്റമോർഫോസിസ് ഓഫ് മി. സാംസ എന്ന കനേഡിയൻ ഷോർട്ട് ഫിലിമിലെ രംഗം (1977). 'ഗ്രിഗർ സാംസ പുലർച്ചെ ഉണർന്നെഴുന്നേൽക്കുന്നതു മുതൽ അയാളുടെ ശരീരത്തിനുസംഭവിച്ച, രൂപപരിണാമങ്ങൾ സൂക്ഷ്മമായി അനുഭവിക്കപ്പെടുന്നത്, രോഗം ഒരാളുടെ ശരീരത്തിൽ പതിയെ പിടിമുറുക്കുന്നതിനനുസരിച്ച് അയാളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന പരിണാമങ്ങളുടെ രൂപകമായി കൂടിയാണ്.'
ദി മെറ്റമോർഫോസിസ് ഓഫ് മി. സാംസ എന്ന കനേഡിയൻ ഷോർട്ട് ഫിലിമിലെ രംഗം (1977). 'ഗ്രിഗർ സാംസ പുലർച്ചെ ഉണർന്നെഴുന്നേൽക്കുന്നതു മുതൽ അയാളുടെ ശരീരത്തിനുസംഭവിച്ച, രൂപപരിണാമങ്ങൾ സൂക്ഷ്മമായി അനുഭവിക്കപ്പെടുന്നത്, രോഗം ഒരാളുടെ ശരീരത്തിൽ പതിയെ പിടിമുറുക്കുന്നതിനനുസരിച്ച് അയാളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന പരിണാമങ്ങളുടെ രൂപകമായി കൂടിയാണ്.'

ചില കൃതികൾ വൈദ്യശാസ്ത്രത്തിന്റെ സാങ്കേതികത്തികവുകൾ ഉപയോഗപ്പെടുത്തിയ മികച്ച ജീവൻരക്ഷാദൗത്യങ്ങളും സാമൂഹ്യ സേവന പ്രവർത്തനങ്ങളും വിവരിക്കുന്നവയാണ്. വൈദ്യത്തിന്റെ സാധ്യതകളും പുരോഗതിയും ബോധ്യപ്പെടുത്തുന്നതോടൊപ്പം ഡോക്ടർമാർക്ക് തങ്ങൾ ചെയ്യുന്ന ജോലിയുടെ മഹത്വം തിരിച്ചറിയിക്കാൻകൂടി ഇത്തരം കൃതികൾ സഹായിക്കുന്നു. വൈദ്യനൈതികതയെക്കുറിച്ചുള്ള ഉള്ളറിവുകളെ ഈട്ടിയുറപ്പിക്കാനും വൈദ്യശാസ്​ത്രരംഗത്തെ പുത്തൻ പ്രവണതകളെ വേറിട്ട കാഴ്ചപ്പാടിൽ കാണാനും പ്രേരണയേകുന്ന രചനകളുമുണ്ട്.

പ്രശസ്തമായ ചില മെഡിക്കൽ യൂണിവേഴ്‌സിറ്റികളുടെ സിലബസിൽ മെഡിക്കൽ ഹ്യുമാനിറ്റീസും അതിൽ സാഹിത്യ പുസ്തകങ്ങളും പഠനവിഷയങ്ങളായത് 1970കളിലാണ്. കാലിഫോർണിയ, വേക്ക് ഫോറസ്റ്റ്, എമറി, കൊളംബിയ, ജോൺ ഹോപ്കിൻസ് തുടങ്ങിയ മെഡിക്കൽ യൂണിവേഴ്‌സിറ്റികളിൽ വളരെ കാര്യക്ഷമമായിത്തന്നെ ഇതിൽ പഠനം നടക്കുന്നു. റിറ്റഷേൻ, ആൻ ഹഡ്‌സൺ ജോൺസ്, ജെയിംസ് ഷീൽഡ്രസ് തുടങ്ങിയ പ്രശസ്തരായ നിരവധി ഡോക്ടർമാർ ഗവേഷണങ്ങൾക്ക് നേതൃത്വം കൊടുക്കുന്നു. ജോൺഹോപ്കിൻസ് മികച്ച രീതിയിൽ പ്രസിദ്ധീകരിച്ചു വരുന്ന ലിറ്ററേച്ചർ ആൻറ്​ മെഡിസിൻ എന്ന പീർ റിവ്യൂവ്ഡ് ജേർണലിന് ലേകമെമ്പാടും വായനക്കാരുണ്ട്. വൈദ്യത്തിന്റെ ആത്മാവായ മാനവികത മെഡിക്കൽ സ്കൂളുകളിലും അതുവഴി വൈദ്യ സമൂഹത്തിലും പുനഃസ്ഥാപിക്കുകയെന്നതുതന്നെയാണ് ഇതിന്റെയെല്ലാം ആത്യന്തിക ലക്ഷ്യം.

ഇവാൻ ഇല്ലിച്ച്​: മരണത്തിലേക്കുള്ള ചുവടുകൾ

വൈദ്യനൈതികതയുടെ നെടുന്തൂണുകളായി പ്രതിഷ്ഠിച്ച ചരകന്റെയും സുശ്രുതന്റെയും ഹിപ്പോക്രാറ്റസിന്റെയുമൊക്കെ ഗ്രന്ഥങ്ങൾ കഴിഞ്ഞാൽ വിശ്വസാഹിത്യലോകത്തുതന്നെ സ്ഥിരപ്രതിഷ്ഠ നേടിയ നിരവധി ക്ലാസിക് രചനകൾ ഈ പാതയിൽ വഴിവിളക്കായുണ്ട്. രോഗം, പ്രായമാകൽ, അവശതകൾ, മരണം തുടങ്ങി ജീവിതാവസ്ഥകളെ സൂക്ഷ്മമായി നിരീക്ഷിച്ച്​ നിരവധി ബിംബകല്പനകളിലൂടെ അവതരിപ്പിച്ച ദാന്തെയുടെ ഡിവൈൻ കോമഡി മുതൽ മാർകേസിന്റെ കോളറാ കാലത്തെ പ്രണയം വരെ മഹത്തായ ജീവിത ദർശനങ്ങളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നു. രോഗിയാകുന്നവർക്ക്​സംഭവിക്കുന്ന നിസ്സഹായതയും ഏകാന്തതയും വാക്കുകളിലൂടെ വരച്ചു കാണിക്കുന്ന ലിയോ ടോൾസ്റ്റോയിയുടെ ഇവാൻ ഇല്ലിച്ചിന്റെ മരണം വൈദ്യസാഹിത്യചർച്ചകളുടെ മുൻനിരയിൽ വെക്കേണ്ടതാണ്. 1880കളിൽ എഴുതപ്പെട്ട ഈ ലഘുനോവൽ കാലങ്ങൾക്കിപ്പുറത്തും പുതുമയോടെ ചർച്ച ചെയ്യപ്പെടുന്നത്, അത്​ കൈകാര്യം ചെയ്ത ജീവിതമുഹൂർത്തങ്ങൾ എക്കാലത്തും പ്രസക്തമായതുകൊണ്ടാണ്. നന്നായി ജീവിച്ചുവെന്ന് ഉറച്ചുവിശ്വസിച്ചിരുന്ന ഇല്ലിച്ച്, തനിക്ക് മാരകമായ കാൻസർ ബാധിച്ചുവെന്ന് തിരിച്ചറിയുന്ന നിമിഷം തകർന്നുപോകുന്നു. കൊലയ്ക്കു വിധിക്കപ്പെട്ട ഒരാൾ ആരാച്ചാരുമായി മൽപ്പിടിത്തം നടത്തുന്നതുപോലെ അലറിക്കരഞ്ഞുകൊണ്ടിരിക്കുന്ന അയാളുടെ മരണത്തിലേക്കുള്ള സങ്കടകരമായ ചുവടുകൾ ഒരു ഡോക്ടറുടെ വായനയിലൂടെ തിരിച്ചറിയപ്പെടുമ്പോൾ തന്റെ മുന്നിൽ വന്ന ആസന്നമരണനായ ഒരു രോഗിയുടെ ഹൃദയത്തോട് ചേർന്നിരിക്കാൻ അയാൾ ശ്രമിക്കുമെന്നതിൽ സംശയമില്ല.

കാഫ്ക്ക, മെറ്റമോർഫോസിസിലൂടെ വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നത് ഭാവനാത്മകമായ ഒരു ലോകത്തേക്കാണെങ്കിലും ഓരോരുത്തരും തങ്ങളുടെ സ്വകാര്യജീവിതത്തിൽ സ്വാഭാവികമായും അസ്വഭാവികമായും അനുഭവിക്കുന്ന പരിണാമങ്ങളെ എങ്ങനെയൊക്കെ ഉൾക്കൊള്ളാൻ ശ്രമിക്കുന്നുവെന്ന് കാണിച്ചുതരുന്നുണ്ട്. ഗ്രിഗർ സാംസ പുലർച്ചെ ഉണർന്നെഴുന്നേൽക്കുന്നതു മുതൽ അയാളുടെ ശരീരത്തിനുസംഭവിച്ച, രൂപപരിണാമങ്ങൾ സൂക്ഷ്മമായി അനുഭവിക്കപ്പെടുന്നത്, രോഗം ഒരാളുടെ ശരീരത്തിൽ പതിയെ പിടിമുറുക്കുന്നതിനനുസരിച്ച് അയാളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന പരിണാമങ്ങളുടെ രൂപകമായി കൂടിയാണ്. രോഗാവസ്ഥ ക്രമേണ വർദ്ധിച്ച് ഭയാനക രൂപത്തിലേക്ക് വളരുമ്പോൾ രോഗിയുടെ ഭാഗത്തുനിന്ന് അതിനെ കാണാൻ മെറ്റമോർഫോസിസ്​ വായന സഹായിക്കും.

രോഗം എന്ന ബിംബത്തെ, രാഷ്ട്രത്തെത്തന്നെ ഗ്രസിച്ച ദുഷ്പ്രവണതകളുടെ മെറ്റഫെറാക്കിയ ആർബർട്ട് കാമുവിന്റെ ദ പ്ലേഗ് ബർഗ്​മാന്റെ സെവൻത് സീലിന് പശ്ചാത്തലമായ ബ്ലാക്ക് ഡത്തിന്റെ ചുവടുപിടിച്ചാണ് പുറത്തുവന്നത്. രോഗത്തെ ഒരു രൂപകമാക്കി രചിക്കപ്പെട്ട കഥകളുടെ മികച്ച മാതൃകയാണിത്. പക്ഷെ, വൈദ്യവായനയിൽ അതിന്റെ യഥാതഥ ചിത്രം തന്നെയാണ് മനസ്സിൽ ഇടംനേടുക. അതിതീവ്രമായി ആളിപ്പടരുന്ന ഒരു പകർച്ചവ്യാധി മനുഷ്യനെയും സമൂഹത്തെയും എന്തൊക്കെ തരത്തിൽ മാറ്റിമറിക്കുമെന്ന് വൈദ്യസമൂഹം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. അക്കാലത്ത് പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത പാലിക്കാനും മുൻകരുതലെടുക്കാനുമൊക്കെ ആരോഗ്യ പ്രവർത്തകർക്ക് ദ പ്ലേഗ്‌ പ്രേരണയായിട്ടുണ്ട്.

വൈദ്യത്തിന്റെ ചട്ടക്കൂടിനുപുറത്ത് ഡോക്ടർമാരുടെ വ്യക്തിപരവും തൊഴിൽ പരവും രാഷ്ട്രീയപരവുമായ ലോകങ്ങളെക്കുറിച്ച് ജോർജ്ജ് ഇലിയട്ടിന്റെ മിഡിൽ മാർച്ചും തോമസ് മാന്റെ മാജിക് മൗണ്ടനും വ്യക്തമാക്കുന്നുണ്ട്. കാലത്തിന് ഏറെ മുമ്പേ കുതിച്ച സർഗാത്മകത കൊണ്ടാണ് ഈ രചനകൾ വിശ്വസാഹിത്യലോകത്ത് അടയാളപ്പെടുത്തിയിട്ടുള്ളത്.

ഇഗ്മാർ ബെർഗ്മാൻറെ 'ദ സെവൻത് സീൽ' സിനിമയിലെ ദൃശ്യം
ഇഗ്മാർ ബെർഗ്മാൻറെ 'ദ സെവൻത് സീൽ' സിനിമയിലെ ദൃശ്യം

ലോകനാടകരംഗത്ത് ഇബ്‌സണ് തൊട്ടുപിന്നിൽ ഇടം നേടിയ ആന്റൺ ചെക്കോവ് ബിരുദം കൊണ്ട് ഡോക്ടറായിരുന്നു. അദ്ദേഹത്തിന്റെ രചനകളിൽ കടന്നുവരാറുള്ള ഡോക്ടർമാർക്കും രോഗികൾക്കുമൊക്കെ മിഴിവ് കൂടുതലാണെന്ന് വായനക്കാർ നിരീക്ഷിച്ചിട്ടുണ്ട്. എല്ലാവരും മാനവിക മൂല്യങ്ങളെ ഉയർത്തിക്കാട്ടുന്നവരുമാണ്. ചെക്കോവിന്റെ രചനകളിൽ വാർഡ് നമ്പർ സിക്‌സ് ആണ്‌ ശ്രേണിയിൽ ആദ്യം ഇടം നേടിയിട്ടുള്ളത്. ഡോ. റാഗിൻ എന്ന കേന്ദ്ര കഥാപാത്രത്തെ മുൻനിർത്തി മനോരോഗചികിത്സയിലെ ധാർമിക പ്രതിസന്ധികളാണ് നോവൽ വരച്ചു കാട്ടുന്നതെങ്കിലും ആതുരശുശ്രൂഷാരംഗത്ത് ഡോക്ടർമാരുടെ പങ്കിനെക്കുറിച്ചുള്ള സമൂഹത്തിന്റെ പ്രതീക്ഷകൾ മുഴുവൻ ഇതിൽ ചർച്ച ചെയ്യുന്നുണ്ട്. മറ്റൊരു തലത്തിൽ, രോഗവും മരണവുമായി ബന്ധപ്പെട്ട നൈതികപ്രശ്‌നങ്ങളുടെ വിചാരണ കൂടി കഥാപാത്രങ്ങളുടെ സംഭാഷണത്തിലൂടെ നടത്തപ്പെടുന്നു.

ഡോക്ടർ വായിക്കുന്നത് ഏതു സാഹിത്യകൃതിയാണെങ്കിലും അതിലൂടെ ജീവിതത്തിന്റെ പച്ചയായ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാനും കൂടുതൽ അനുകമ്പയോടും തന്മയീഭാവത്തോടും കൂടി രോഗിയോട് പെരുമാറാനും കഴിയുന്നുണ്ടെങ്കിൽ അത് വൈദ്യവായനക്ക് നിർദ്ദേശിക്കപ്പെടേണ്ടതുണ്ട്.

ഷെർലക് ഹോംസിലൂടെ ആർതർ കോനൻ ഡോയൽ അവതരിപ്പിച്ച കുറ്റാന്വേഷണ കഥകൾ ഒരു കാലത്ത് ക്ലിനിക്കൽ മെഡിസിൻ വിദ്യാർത്ഥികളുടെ ഹരമായിരുന്നു. ഹോംസ്​ കഥകളുടെ ചുവടുപിടിച്ച് കൃത്യമായ രോഗനിർണയത്തെ സഹായിക്കുന്ന വ്യത്യസ്ത ഘട്ടങ്ങളും, സാധ്യതകളും കാര്യകാരണസഹിതം ആശുപത്രി വാർഡുകളിൽ ചർച്ച ചെയ്യപ്പെട്ടു. സൂക്ഷ്​മനിരീക്ഷണപാടവം, വിശകലനം, തീരുമാനമെടുക്കൽ തുടങ്ങിയ വൈദ്യഗുണങ്ങൾ രൂപപ്പെടുത്തുന്നതിൽ ഡിറ്റക്​ടീവ്​കഥകളും ഏറെ പ്രധാനമാണെന്ന് ഹോംസ് തെളിയിച്ചു.

ആരോഗ്യ നികേതനം: യുക്തികൾക്കപ്പുറം

വൈദ്യവായനയ്ക്ക് നിർദ്ദേശിക്കപ്പെടാറുള്ള പ്രധാനപ്പെട്ട ഇന്ത്യൻ സാഹിത്യ ക്ലാസിക്, താരാശങ്കർ ബാനർജിയുടെ ആരോഗ്യനികേതനമാണ്. നാഡി പിടിച്ച് മരണം പ്രവചിക്കാൻ കഴിവുള്ള മശായിയുടെ കഥയിലൂടെ പാശ്ചാത്യ അധിനിവേശകാലത്ത് ഇന്ത്യയുടെ തനത് വൈദ്യത്തിനുമീതെ അലോപ്പതി അധികാരം സ്ഥാപിക്കുന്നതിന്റെ സാമൂഹികവും രാഷ്ട്രീയവുമായ ചിത്രങ്ങളാണ് ഇത് അവതരിപ്പിക്കുന്നത്. തനത് വൈദ്യം ക്ഷയിച്ചുവരുന്ന കാഴ്ചകളാണുള്ളതെങ്കിലും ദീർഘകാലത്തെ അനുഭവങ്ങളുടെ പിൻബലമുള്ള അതിലെ പല പ്രായോഗികരീതികൾക്കും മുന്നിൽ പലപ്പോഴും പാശ്ചാത്യ വൈദ്യത്തിന്റെ പ്രചാരകർ അതിശയിക്കുന്നുണ്ട്. അവരുടെ ശാസ്ത്രയുക്തി കൊണ്ട് വിശദീകരിക്കാനാകാത്ത എന്തൊക്കെയോ ഭാരതീയ വൈദ്യത്തിലുണ്ടെന്ന് അവർക്ക് സമ്മതിക്കേണ്ടതായും വരുന്നു. വ്യത്യസ്ത വൈദ്യസംസ്കാരങ്ങൾ ഇടപഴകുമ്പോഴുള്ള അന്തഃസംഘർഷങ്ങൾ ആരോഗ്യനികേതനത്തിന്റെ വായനയിലൂടെ തെളിയുന്നു.

മനുഷ്യമനസ്സിന്റെ കുടുസ്സുമുറികൾ പോലും തുറന്നുകാട്ടുന്ന സാഹിത്യകൃതികൾ വായനക്കാരുടെ ജീവിതത്തെ ഭാവനയിലെങ്കിലും അത്രത്തോളം കൂട്ടിക്കൊണ്ടു പോകുന്നുണ്ട്. ഡോക്ടർ വായിക്കുന്നത് ഏതു സാഹിത്യകൃതിയാണെങ്കിലും അതിലൂടെ ജീവിതത്തിന്റെ പച്ചയായ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാനും കൂടുതൽ അനുകമ്പയോടും തന്മയീഭാവത്തോടും കൂടി രോഗിയോട് പെരുമാറാനും കഴിയുന്നുണ്ടെങ്കിൽ അത് വൈദ്യവായനക്ക് നിർദ്ദേശിക്കപ്പെടേണ്ടതുണ്ട്. ഈ അർത്ഥത്തിൽ വൈദ്യം മുഖ്യ പ്രമേയമല്ലാത്ത കൃതികളും ഇക്കൂട്ടത്തിൽ ചേർത്തുവെക്കാനാകും.

ഒ. ഹെന്റിറിയുടെ ദ ലാസ്​റ്റ്​ലീഫിന്റെ വായനയിലൂടെ രോഗത്തിന്റെ ദുരിത പൂർണമായ കിടക്കയിൽ നിന്ന്​ പ്രത്യാശയുടെ ജാലകത്തിലൂടെ പുറത്തേക്കു നോക്കുന്ന രോഗിയുടെ ഹൃദയത്തിൽ കൊഴിയാതെ നിൽക്കുന്ന അവസാനത്തെ ഒരില വരച്ചു ചേർക്കാൻ ഡോക്ടർക്ക് കഴിയേണ്ടതുണ്ട്.

താരാശങ്കർ ബാനർജി
താരാശങ്കർ ബാനർജി

കാലാതീതമായി നിലനിൽക്കുന്ന തകഴിയുടെയും ചെറുകാടിന്റെയും എം.ടി. യുടെയുമൊക്കെ കഥകൾ മലയാളികളായ ഡോക്ടർമാർ അവശ്യം വായിക്കേണ്ടതുണ്ട്. (മെഡിക്കൽ കോളേജുകളിൽ സാഹിത്യം പഠിപ്പിക്കണമെന്ന് പറഞ്ഞുകൊണ്ടിരുന്ന കഥാകാരനാണ് തകഴി.)

‘കൊല്ലേണ്ടതെങ്ങനെ ചിരിച്ച മുഖത്തുനോക്കി അല്ലിൽ തനിച്ചിവിടെ അമ്മ തപിച്ചിടുന്നു’ എന്ന് സുഗതകുമാരിയെ വായിക്കുമ്പോൾ സെറബ്രൽ പാൾസിയും ഇന്റലക്ച്വൽ ഡിസബിലിറ്റിയും ഓട്ടിസവുമൊക്കെ ബാധിച്ച പെൺകുട്ടികളുടെ അമ്മമാർ അനുഭവിക്കുന്ന തീരാവ്യഥകളിൽ നമ്മുടെ കണ്ണുകൾ ഈറനണിയുന്നു. സാഹിത്യത്തിനു സൃഷ്ടിക്കാൻ കഴിയുന്ന ഈ തീർത്ഥത്തിൽ മുങ്ങിനിവരുമ്പോൾ കൂടുതൽ നല്ല മനുഷ്യരാകാൻ നമുക്ക് സാധിക്കേണ്ടതുണ്ട്.

സ്വന്തം ബന്ധുക്കളോടുപോലും തുറന്നുപറയാത്ത ജീവിതരഹസ്യങ്ങളും വികാരവിചാരങ്ങളും രോഗി പലപ്പോഴും പങ്കുവയ്ക്കുന്നത് ആത്മാർത്ഥമായി വിശ്വസിക്കുന്ന ഡോക്ടർമാരോടാണ്.

‘അമ്മയെ കുളിപ്പിക്കുമ്പോൾ കുഞ്ഞിനെ കുളിപ്പിക്കുമ്പോഴെന്നപോലെ, കരുതൽ വേണം ഒരിക്കൽ നിന്നെ കുളിപ്പിച്ചൊരുക്കിയ അമ്മയുടെ കൈകളിൽ അന്ന് നീ കിലുക്കിക്കളിച്ച വളകൾ കാണില്ല, അവയുടെ ചിരിയൊച്ചയും ...’
​എന്ന് സാവിത്രി രാജീവന്റെ കവിത വായിച്ചുകഴിഞ്ഞ് ജറിയാട്രിക് വാർഡിലെത്തുന്ന ഡോക്ടറുടെ കൈകൾ കിടക്കയിൽ ചുരുണ്ടുകൂടി കിടക്കുന്ന വൃദ്ധയുടെ തോളത്തൊന്നു തട്ടി ആശ്വസിപ്പിക്കാൻ, അറിയാതെയെങ്കിലും നീളാതിരിക്കില്ല.

ഡോക്ടർക്കും മനുഷ്യകഥാനുഗായികളാകാം

ഡോക്ടർക്ക് എഴുതേണ്ടിവരുന്നത് കൂടുതലും മരുന്ന് കുറിപ്പടികളാണ്. സിലബസിനൊത്ത് പുസ്തകങ്ങളെഴുതുന്നവരും ഗവേഷണാത്മക പഠനങ്ങൾ തയ്യാറാക്കുന്നവരുമുണ്ടാകാം. അത്യാവശ്യം ബോധവൽക്കരണക്കുറിപ്പുകളുമെഴുതുന്നവരുമുണ്ട്. ഇതിനുമപ്പുറം, വാക്കിന്റെയും ഭാഷയുടെയും ലോകത്തിൽ കൂടുതൽ സമയം ചെലവഴിക്കാൻ മെനക്കെടുന്നവർ കുറവാണ്. വേറിട്ട വഴികളിൽ സഞ്ചരിച്ച് സർഗാത്മക സാഹിത്യത്തിൽ വ്യാപരിച്ച ചുരുക്കം ചില ഡോക്ടർമാർ എഴുത്തിന്റെ ലോകത്ത് പ്രശസ്തരായിട്ടുണ്ട്. ആന്റൺ ചെക്കോവ്, ജോൺ കീറ്റ്‌സ്, ആക്‌സൽ മുംതേ, മൈക്കേൽ ക്രീക്ടൺ, ഒലിവർ സാക്‌സ്, തസ്​ലിമ നസ്രീൻ, ഖാലിദ് ഹൊസൈനി എന്നുതുടങ്ങി വി.എസ്. രാമചന്ദ്രൻ, സിദ്ധാർത്ഥ മുഖർജി, അതുൽ ഗവാൻഡേ, അലക്‌സാണ്ടർ ജേക്കബ്ബ് തുടങ്ങിയ ഇന്ത്യൻ ഡോക്ടർമാരിലേക്കും പുനത്തിൽ കുഞ്ഞബ്ദുള്ള, ഖദീജ മുംതാസ് തുടങ്ങിയ മലയാളികളിലേക്കും ഈ പട്ടിക നീളുന്നു.

സാവിത്രി രാജീവൻ, സുഗതകുമാരി
സാവിത്രി രാജീവൻ, സുഗതകുമാരി

സ്വന്തം ബന്ധുക്കളോടുപോലും തുറന്നുപറയാത്ത ജീവിതരഹസ്യങ്ങളും വികാരവിചാരങ്ങളും രോഗി പലപ്പോഴും പങ്കുവയ്ക്കുന്നത് ആത്മാർത്ഥമായി വിശ്വസിക്കുന്ന ഡോക്ടർമാരോടാണ്. അതുകൊണ്ടുതന്നെ, മനുഷ്യസങ്കടങ്ങളുടെ അറിയപ്പെടാത്ത ഭൂഖണ്ഡങ്ങളിലേക്ക് യാത്ര ചെയ്യേണ്ടിവരുന്നവരാണ് ഡോക്ടർമാർ. രോഗിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്നത് വൈദ്യധാർമികതയുടെ ഭാഗമാണെങ്കിലും പൊതുനന്മയെ കരുതി രോഗിയുടെ വ്യകതിത്വം വെളിപ്പെടുത്താതെ ഇത്തരം ജീവിതസത്യങ്ങൾ പങ്കുവെക്കുന്നതിൽ തെറ്റുണ്ടെന്നുതോന്നുന്നില്ല. അങ്ങനെ ഡോക്ടർമാർക്കും മനുഷ്യ കഥാനുഗായികളാകാം.

പൊതുലോകത്തിന് അപ്രാപ്യമായ വൈദ്യശാസ്ത്രസത്യങ്ങളും അതിനകത്തെ ഗതിവിഗതികളും ആരോഗ്യമേഖലയിൽ നടക്കുന്ന പ്രവർത്തനങ്ങളുമെല്ലാം കൂടുതൽ വ്യക്തമായി ഒരു ഡോക്ടർക്ക് എഴുതാൻ കഴിയും. വൈദ്യത്തിന്റെ പേരിൽ നടക്കുന്ന അധാർമിക പ്രവണതകൾക്കെതിരെയും ആധികാരികമായി എതിർപ്പുയർത്താൻ കഴിയുക ഡോക്ടർമാർക്കാണ്. ഇത്തരം എഴുത്തുകൾ വായനക്കാരും കാത്തിരിക്കുന്നുണ്ട്. അവർക്കറിയാത്ത ഒരു നിഗൂഢലോകത്തിന്റെ നേർവിവരണങ്ങൾക്കാകാം, രോഗികളായി ജീവിച്ചുമരിച്ചവരുടെ അന്തഃസംഘർഷങ്ങളെ സൂക്ഷ്മമായി തൊട്ടറിയാനാകാം, അതുമല്ലെങ്കിൽ അത്തരമൊരവസ്ഥ തന്റെ ജീവിതത്തിലുണ്ടായില്ലല്ലോ എന്ന് സ്വയം ആശ്വസിക്കാനുമാകാം.​▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


ഡോ. പി.എം. മധു

കണ്ണൂർ ഗവ. ആയുർവേദ കോളേജിൽ അസിസ്​റ്റൻറ്​ പ്രൊഫസർ.

Comments