പുതിയ തെയ്യക്കാലം വന്നു. പുത്തരി അടിയന്തരം കുറിച്ചു. കാവുകളും കോട്ടകളും പള്ളിയറകളും ചെണ്ടമേളത്തിന്റെ കൊഴുപ്പിൽ ഉണർന്നു. അന്തിത്തിരിയന്മാർ കാവിന്റെ തിരി കൊളുത്തുന്നതോടൊപ്പം കാവ് പരിസരവും കളിയാട്ടത്തിനായി ഒരുങ്ങുന്നത് കാലചക്രം തിരിയുന്നതിന് സാക്ഷിയായി.
അച്ഛൻ, അപ്പൂപ്പൻ, മുത്തച്ഛൻ, അമ്മ, അമ്മൂമ്മമാരുടെ ഓർമ്മകളിലെ ചെണ്ടയും ചിലമ്പൊച്ചയും മഞ്ഞൾക്കുറിയുടെ മണവും കത്തിത്തീരുന്ന മേലേരിയുടെ ശോഭയും കത്തിയെരിയുന്ന പന്തത്തിന്റെ മണവും ഒന്നുൂകൂടി മനസിലും ശരീരത്തിലും അറിയുന്ന കാലം വരവായി. വീണ്ടുമൊരു തെയ്യക്കാലം. പുതിയ തലമുറയിലെ തെയ്യക്കാരന്റെ ശരീരത്തിലൂടെ പഴയ തലമുറയിലെ തെയ്യക്കാരന്റെ തെയ്യക്കോലം മനസ്സിൽ വിരിയുന്ന കാലം. നമ്മുടെ ജീവിതത്തിൽ കൂടെയുണ്ടായിരുന്നവരുടെ മുഖവും സാന്നിധ്യവും ഓർക്കുകയും ഒരു നെടുവീർപ്പോടെ ഓർമ്മയിൽ നിന്നും നിർബന്ധപൂർവ്വം മറക്കുകയും ചെയ്യുന്ന കാലം. അത് തെയ്യക്കോലത്തിന്റെ വരവിന്റെ കാലമാണ്.
വീണ്ടെടുക്കപ്പെടുന്ന
ഓർമക്കാലം
തെയ്യം ഉത്തര കേരളത്തിലുള്ളവർക്ക് ഓർമ്മയും ചരിത്രവും വർത്തമാനവുമാണ്. വർത്തമാനത്തിലെ തണുപ്പിലും ചൂടിലും പഴയമയുടെ മണം പരത്തുന്ന നിമിഷങ്ങളാണ് തെയ്യങ്ങൾ. ഓർമ്മകൾ വീണ്ടെടുക്കാനുള്ള സാമൂഹിക ഇടമാണ് തെയ്യക്കാലം. വർത്തമാനത്തിലും ചരിത്രം ഓർമ്മിക്കുന്ന, ചരിത്രത്തിന്റെ നിയോഗം കൂടിയാണ് തെയ്യങ്ങൾ. നിറവും നൃത്തവും കലശവും കലാശവും മാത്രമല്ല തെയ്യങ്ങൾ. പഴമക്കാർ പുതുമക്കാരെയും പുതുമക്കാർ പഴമക്കാരെയും അവരുടെ അവസ്ഥയിലൂടെ യാതൊരു കുറ്റപ്പെടുത്തലുമില്ലാതെ നേരിൽ കാണുന്ന ഇടങ്ങളാണ് തെയ്യങ്ങൾ വർത്തമാനത്തിൽ ഒരുക്കുന്നത്. യുക്തിയുടെ യാന്ത്രികതയ്ക്ക് യാഥാർത്ഥ്യത്തെ വിട്ടുകൊടുക്കാതെ മിത്തുകളും ഐതിഹ്യങ്ങളും ചടങ്ങുകളും ചിട്ടവട്ടങ്ങളും സൗന്ദര്യത്തോടെ മനുഷ്യരുടെ മുന്നിൽ അനാവരണം ചെയ്യപ്പെടുന്ന സാമൂഹ്യ സന്ദർഭങ്ങളാണ് തെയ്യങ്ങൾ. വർത്തമാന കാലത്തും തെയ്യങ്ങൾ മണ്ണിൽ ചവിട്ടിനടക്കുന്നതിന്റെ കാരണം പഴമ വർത്തമാനകാലത്ത് ഉറഞ്ഞുതുള്ളുന്നതു കൊണ്ടാണ്.
വടക്കേ മലബാറിലെ മനുഷ്യർക്ക് തെയ്യത്തെ പൂർണമായും മറന്നുകൊണ്ടുള്ള ജീവിതം തെയ്യക്കാലം പിറന്നാലും അല്ലെങ്കിലും അസാധ്യമാണ്. മലയാള മാസങ്ങളുടെ പ്രയാണത്തിൽ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് കടക്കുമ്പോൾ തെയ്യോർമ്മ പൂവണിയും. കാവുകളുടെയും കോട്ടകളുടെയും പള്ളിയറകളുടെയും വാതിലുകൾ തുറക്കപ്പെടുന്ന സന്ദർഭങ്ങൾ മാസങ്ങളുടെ പിറവിയിലും അവസാനത്തിലുമുണ്ടാകും. വലിയ ചെണ്ടമേളങ്ങളില്ലെങ്കിലും ചെറിയ ചെണ്ടകൾ ശബ്ദിക്കും. ദേശം മുഴുവൻ ചെണ്ടശബ്ദം മുഴങ്ങിയില്ലെങ്കിലും കഴകക്കാർമാരും ചെറുജന്മാവകാശികളും ആ ചെണ്ടക്കൂറ്റ് കേൾക്കും. അങ്ങനെ വരുമ്പോൾ ഉത്തര കേരളത്തിൽ തെയ്യങ്ങൾ ഒരിക്കലും അവസാനിക്കുന്നില്ല. അതുകൊണ്ട് ഒരു തെയ്യക്കാലം പുതുതായി പിറക്കുന്നുമില്ല.

എങ്കിലും തെയ്യങ്ങൾ എല്ലാവരെയും ഒരുപോലെയല്ല അവരവരുടെ ജീവിതത്തെ സ്വാധീനിക്കുന്നത്. മനുഷ്യരുടെ ജീവിതത്തിൽ സമഗ്രമായി അത് സ്വാധീനിച്ചിരുന്നതുകൊണ്ട് തെയ്യം ഓരോരുത്തർക്കും ഓരോ സാമൂഹ്യക്കൂട്ടങ്ങൾക്കും ഓരോന്നാണ്. മനുഷ്യരുടെ കുടിയേറ്റാനുഭവങ്ങൾ പോലെ അത് വ്യത്യസ്തമാണ്. മനുഷ്യ പാലായനത്തിന്റെ ചരിത്രത്തിന് ചില സാമ്യതകൾ ലോകത്തെമ്പാടുമുണ്ടെങ്കിലും ഓരോ മനുഷ്യർക്കും മനുഷ്യകുലത്തിനും അത് വ്യത്യസ്തമാകുന്നതുപോലെ, തെയ്യങ്ങളുടെ ഓർമ്മകളും അനുഭവങ്ങളും ബഹുസ്വരവും ബഹുമുഖവുമാണ്. ആഗോളവൽക്കരണം നമുക്കിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അതിനെ എതിർത്താലും ചേർത്തുപിടിച്ചാലും ആഗോളവൽക്കരണ പ്രക്രിയയിൽ നിന്ന് നമുക്ക് മോചനമില്ലെന്നതുപോലെ, തെയ്യത്തിന്റെ സാമൂഹിക സാന്നിധ്യത്തിൽ നിന്ന് വടക്കേ മലബാറിലെ മനുഷ്യർക്ക് വിടുതലില്ല.
വിശ്വസിച്ചാലും ഇല്ലെങ്കിലും മിത്താണെങ്കിലും അല്ലെങ്കിലും ശരിയാണെങ്കിലും തെറ്റാണെങ്കിലും വിവേചനപരമോ വിമോചനപരമോ ആണെങ്കിലും തെയ്യത്തെ മാറ്റിനിർത്താൻ ഉത്തരകേരളത്തിലെ സമൂഹത്തിന് കഴിയില്ല. ഈ സത്യാനന്തര കാലത്തും തെയ്യക്കോലങ്ങൾക്ക് പ്രചുരപ്രചാരം ലഭിക്കുന്നത് ഈ കാരണങ്ങൾ കൊണ്ടുകൂടിയാണ്.
ഇന്നത്തെ മനുഷ്യർ തെയ്യത്തെ കാണുന്നതും അനുഭവിക്കുന്നതും രണ്ട് കാഴ്ചാനുഭവങ്ങളിലൂടെയാണ്.
ഒന്ന്, സ്വന്തം നേത്രം കൊണ്ട്. അത്ഭുതത്തോടെ നോക്കുന്ന നോട്ടം. ചിലപ്പോൾ വിഷമത്തോടെയും സങ്കടത്തോടെയും.
രണ്ട്, സ്വന്തം കൈയ്യിലുള്ള മൊബൈലിലൂടെ. മറ്റുള്ളവരുടെ റീലുകളായോ സ്വന്തം മൊബൈലിലൂടെയോ ഏത് പാതിരാത്രിയിലും കാണുന്ന അഥവാ പ്രത്യക്ഷപ്പെടുന്ന തെയ്യങ്ങൾ.
സ്വന്തം കണ്ണിലൂടെയും അതേസമയം മറ്റുള്ളവരുടെ കണ്ണിലൂടെയും കാമറയിലൂടെയും ഉണ്ടായിവരുന്ന തെയ്യങ്ങൾ ഒരേസമയം ദേശാനുഭവവും ദേശാനന്തരാനുഭവവുമായി മാറുന്നു. ഒരു ദേശത്തിന്റെ കാഴ്ചകൾ മറ്റു ദേശക്കാർക്കും ആ ദേശത്തിലെ കാഴ്ച ഇതര ദേശക്കാർക്കും കാണാവുന്ന കാഴ്ചയായി തെയ്യങ്ങൾ നിറഞ്ഞാടുന്നുണ്ട്. സമകാലിക ലോകത്ത് തെയ്യങ്ങളെ മറക്കാൻ കഴിയാത്ത തരത്തിൽ തെയ്യങ്ങൾ (virtual) ഇടങ്ങളെ കൈയ്യേറിയിരിക്കുന്നു.
തെയ്യങ്ങൾ,
വ്യക്തികൾ,
ജാതികൾ.
400 വിവിധതരം തെയ്യങ്ങൾ നമുക്കുണ്ടെങ്കിലും ഓരോരുത്തർക്കും അവരുടേതായ തെയ്യങ്ങളുണ്ട്. ദേശത്തിനും ജാതികൾക്കും അവരുടെ കുലത്തെയ്യങ്ങളുമുണ്ട്. കുലത്തെയ്യങ്ങൾ എന്നതിനേക്കാൾ ജാതിത്തെയ്യങ്ങൾ എന്നു പറയുന്നതാവും ശരി. ദേശത്തിന്റെ തെയ്യങ്ങൾ എന്നും ദേശാധികാരവും സാമൂഹിക ആധിപത്യവുമുള്ള ജാതികുടുംബങ്ങളുടെ തറവാട്ടിലെ തെയ്യങ്ങളാണ്. തെയ്യത്തിന്റെ ദേശബോധം നിർണയിക്കുന്നത് തറവാട്ട് മഹിമയുടെ ഓർമ്മകളിലൂടെയാണ്. പഴയങ്ങാടിയിൽ അനേകം തെയ്യക്കാവുകളും തെയ്യങ്ങളും കെട്ടിയാടുന്നുണ്ടെങ്കിലും മാടായിക്കാവിലച്ചി അഥവാ തിരുവാർക്കാട്ട് ഭഗവതിയുടെ മുടി നിവരുന്ന നിമിഷത്തിൽ അത് ദേശത്തിന്റെ ഏറ്റവും ഉയരമുള്ള മുടിയായി വർത്തിക്കുന്നുണ്ട്. കൂടാളി ദേശത്ത് അനേകം തെയ്യക്കാവുകൾ ചെറുതും വലുതുമായി കെട്ടിയാടുകയും പൊലിമയോടെ പരിപാലിക്കപ്പെടുന്നുണ്ടെങ്കിലും കൂടാളി താഴത്തെ വീട്ടിലെ തറവാട്ട് തെയ്യങ്ങൾക്ക് ഒരു ദേശപ്പൊലിമ ലഭിക്കുന്നുണ്ട്. പെരുമലയൻ കെട്ടിയാടുന്ന കണ്ഠാകർണനെന്ന തെയ്യത്തിന് കൂടാളി താഴത്തെ വീട്ടിലെ തെയ്യത്തിന് ലഭിക്കുന്ന പ്രാധാന്യം പല കാവുകളിലും ലഭിക്കുന്നില്ല.
108 മുച്ചിലോട്ടു കാവുകൾ ഉത്തര കേരളത്തിലുണ്ടെങ്കിലും കരിവെള്ളൂരിലെ ആദിമുച്ചിലോട്ടിന് ലഭിക്കുന്ന ദേശമഹിമ മറ്റ് മുച്ചിലോട്ട് തെയ്യാട്ടത്തിന് ലഭിക്കുന്നില്ല. എന്നാൽ തെയ്യങ്ങളും തെയ്യാട്ടക്കാരും ഒന്നുതന്നെ. തെയ്യങ്ങൾ ദേശപ്പെരുമയും തറവാട്ടു പെരുമയും മദ്ധ്യകാല ജാതിബോധത്തെയും പുനർനിർമ്മിക്കുന്നുണ്ടെന്ന് സാരം. ജാത്യാധിപത്യം കെട്ടിയാടുന്ന തെയ്യങ്ങളായി തെയ്യരൂപങ്ങൾ പരിണമിച്ചില്ലെങ്കിലും കാലാന്തരത്തിൽ പിന്നാക്ക ജാതി വിഭാഗങ്ങളും തെയ്യത്തെ അവരുടെ സ്വത്വ നിർമ്മിതിയുടെ ഭാഗമാക്കിയിട്ടുണ്ട്.
മുച്ചിലോട്ട് ഭഗവതി ഐതിഹ്യപരമായി ബ്രാഹ്മണ സ്ത്രീയാണ്. ബ്രാഹ്മണസ്ത്രീ ഭഗവതിയായി മാറിയ മിത്താണ് ഇതിനു പിറകിലുള്ളത്. എന്നാൽ ഈ തെയ്യത്തെ കെട്ടിയാടിക്കുന്നതും തെയ്യത്തിന്റെ കോമരവും മറ്റ് അനുഷ്ഠാന കർമ്മങ്ങൾ ചെയ്യുന്നവരും ഇന്നും വാണിയ ജാതി വിഭാഗക്കാരാണ്. വാണിയർ ചക്കിൽ നെയ്യ് നിർമ്മിച്ച് മറ്റ് ഭവനങ്ങളിൽ നെയ്യ് വിൽക്കുന്നവരാണ്. ജാതിശ്രേണിയിൽ നായർ, നമ്പ്യാർ വിഭാഗത്തിന് കീഴിലും. പിന്നാക്ക ജാതി വിഭാഗത്തിലാണ് അവർ ഭരണകൂടത്തിന്റെ കണക്കിൽ പെടുന്നത്. വാണിഭം അഥവാ കച്ചവടം നടത്തുന്ന വിഭാഗമായതുകൊണ്ടായിരിക്കാം വാണിയർ എന്ന പേര് ഈ ജാതിവിഭാഗങ്ങൾക്ക് വന്നത്. വണിക, വൈശ്യ വിഭാഗങ്ങൾ കേരളത്തിൽ മറ്റ് ദേശങ്ങളിലും കാണാം. പൊതുവിൽ പിന്നാക്ക ജാതിവിഭാഗങ്ങളായാണ് ഇവരെ കണക്കാക്കുന്നത്.

മദ്ധ്യകാല ജാതിതിരിവുകളിൽ നമ്പൂതിരി - ബ്രാഹ്മണ- നമ്പ്യാർ നാടുവാഴി കുടുംബങ്ങൾക്ക് നെയ്യും മറ്റു വിഭവങ്ങളും എത്തിക്കുന്ന തൊഴിലിൽ വ്യാപൃതരായ ഈ തൊഴിൽക്കൂട്ടം ബ്രാഹ്മണ അമ്പലങ്ങളിൽ പ്രത്യേക പങ്കുള്ളവരായി കാണുന്നില്ല. അമ്പലജീവിതത്തിലോ അമ്പലവിശ്വാസരൂപങ്ങളിലോ പ്രത്യേക പങ്കുവഹിക്കുന്നവരായി ഈ തൊഴിൽക്കൂട്ടങ്ങളെ കാണുന്നില്ല. അതുകൊണ്ടുതന്നെ മുന്നാക്ക സവർണ ജാതിവിഭാഗങ്ങൾക്ക് വിധേയപ്പെട്ട് ജീവിച്ചിരുന്ന ജാതിശ്രേണിനിബന്ധമായ തൊട്ടുകൂടായ്മയുടെ വിവേചനം ഈ ജനവിഭാഗം അനുഭവിച്ചിട്ടുമുണ്ട്. ബ്രാഹ്മണ ഇല്ലത്തുനിന്ന് പടിയിറക്കിവിട്ട സ്ത്രീയെ മുച്ചിലോട്ടിന്റെ ദേവതയായി ആരാധിക്കുന്നതിലെ ചരിത്ര- ഐതിഹ്യ വിശകലനം ഇതുവരെയും ആരും നടത്തിയിട്ടില്ല. അതിന് ചില അനുമാനങ്ങൾ മുന്നോട്ടുവെക്കാൻ നമുക്ക് കഴിയും.
ജാതിശ്രേണീബന്ധം പൊട്ടിക്കാവുന്ന ഒരു പ്രാദേശിക സന്ദർഭം വാണിയന്മാരെ ആരാധനാ രീതിയുടെ അനിവാര്യതയെ ഓർമ്മിപ്പിച്ചിട്ടുണ്ടാവും. ആത്മാഹൂതി നടത്തുന്ന ഒരു ബ്രാഹ്മണസ്ത്രീയുടെ ആഗ്രഹം സാധിച്ചുകൊടുക്കാൻ കഴിയാതെ പോകുന്ന അവസ്ഥ ഐതിഹ്യത്തിൽ തെളിയുന്നുണ്ട്. മേലേരിയിൽ നെയ്യ് ഒഴിക്കാൻ ആവശ്യപ്പെട്ടപ്പോൾ അതിൽ നെയ്യ് ഒഴിക്കുകയും ആ അഗ്നികുണ്ഠത്തിൽ അലിഞ്ഞില്ലാതായ സ്ത്രീ ദൈവികരൂപത്തിൽ മുച്ചിലോട്ട് ഭഗവതിയായി പരിണമിക്കുകയും ചെയ്യുന്നു. ഒഴിഞ്ഞ നെയ്യ് പാത്രം നിറഞ്ഞ കുംഭമായി മാറുന്നതും വാണിയരുടെ സ്വന്തം ആരാധനാകേന്ദ്രമായി മുച്ചിലോട്ടുകൾ ഉണ്ടായിവരുന്നതും അവരുടെ സ്വത്വനിർമ്മിതിയുടെ ഭാഗമായേ നമുക്ക് കാണാൻ കഴിയൂ.
അമ്പലവ്യവസ്ഥയിൽനിന്ന് പുറത്തായ വാണിയർ പോലുള്ള പിന്നാക്കവിഭാഗങ്ങൾ സ്വമേധയാ ഒരു ആരാധനാകേന്ദ്രം നിർമ്മിച്ചെടുക്കുന്ന അനുഷ്ഠാന നിർമ്മിതിയും മുച്ചിലോട്ടിന്റെ പ്രചുരപ്രചാരവും വാണിയത്തറവാടുകൾ തമ്മിലുള്ള അടുപ്പവും ജാതി കേന്ദ്രിത സമൂഹവ്യവസ്ഥയും ഈ പ്രതിഭാസത്തോടെ ഉണ്ടായിവന്നിട്ടുണ്ട്. മുച്ചിലോട്ട് ഭഗവതി കെട്ടിയാടുന്നത് പെരുവണ്ണാൻ വിഭാഗക്കാരും അതിന്റെ താളക്രമങ്ങൾ ചിട്ടപ്പെടുത്തുന്നത് മലയരും കലശവും അനുബന്ധ പ്രവർത്തനവും വിവിധ ജാതിവിഭാഗങ്ങളാണ് നിർവഹിക്കുന്നതെങ്കിലും മുച്ചിലോട്ട് ഭഗവതി വാണിയരുടെ കുലദൈവമായാണ് ഇന്നും കെട്ടിയാടുന്നത്.
വടക്കേ മലബാറിലെ മുച്ചിലോട്ട് ഭഗവതിയുടെ ആദ്യ തിരുമുടി ഉയരുന്നത് പറശ്ശിനിക്കടവിനടുത്തുള്ള നമ്പ്രം മുച്ചിലോട്ടിലാണ്. സമൂഹസദ്യ മുച്ചിലോട്ട് ഭഗവതിയുടെ അനുഷ്ഠാനപരമായ അനിവാര്യ ഘടകമായതുകൊണ്ട് ആ ദേശത്തിനെ കളിയാട്ട ദിവസങ്ങളിൽ ഊട്ടുന്നത് നമ്പ്രം മുച്ചിലോട്ടാണ്. മുൻകാലങ്ങളിൽ വാണിയ തറവാട്ടുകാരുടെ കൂടിച്ചേരലുകളായി തുടങ്ങിയ ചടങ്ങായിരിക്കണം അന്നദാനം. ജാതികളിലെ കല്യാണത്തെക്കുറിച്ചും പറ്റിയ ബന്ധങ്ങൾ കണ്ടുപിടിക്കുന്നതിനെക്കുറിച്ചും ആലോചിക്കാൻ ഇത്തരം കൂടിച്ചേരലുകൾ ഒരു കാലത്ത് നടന്നിട്ടുണ്ടാവണം.
സമുദായത്തിലെ പുതിയ തലമുറയെ പഴയ തലമുറ പരിചയപ്പെടുന്നതിനും വിവിധ തറവാടുകളിലെ അംഗങ്ങൾ തമ്മിൽ അടുത്തിടപെടുന്നതിനുമുള്ള സന്ദർഭവും മുച്ചിലോട്ടിലെ കളിയാട്ടം ഒരുക്കിയിട്ടുണ്ട്. പഴയ തലമുറയിലെ അന്തിത്തിരിയൻ അഥവാ കോമരങ്ങൾ പുതിയ തലമുറയിലെ കുട്ടികളെയും അവരുടെ പ്രായത്തിലുള്ള മറ്റുള്ളവരെയും നേരിൽ കാണുന്നതിനും പുതിയ തലമുറ പഴയ തലമുറയിലെ മനുഷ്യരുടെ ജീവിതാവസ്ഥ കാണുന്നതിനുമുള്ള സന്ദർഭങ്ങൾ ഇതുവഴി ഒരുങ്ങുന്നു. മുച്ചിലോട്ടിന്റെ മുന്നിലായി നിൽക്കുന്ന കോമരം അനേകം തലമുറയിൽ പെട്ട കോലധാരിയെയും അവൻ വഴി വെളിപ്പെടുന്ന ഭഗവതിയുടെ മുഖവും ആട്ടവും കൊല്ലാകൊല്ലം കാണുന്നത് ഒരു കളിയാട്ടമായല്ല, മറിച്ച് ഒരു കാലഘട്ടത്തിന്റെ തലമുറയാട്ടമായാണ്.

മുച്ചിലോട്ട് ഭഗവതിയുടെ പള്ളിയറയ്ക്കടുത്തായി കണ്ണങ്കാട്ട് ഭഗവതിയുടെ സ്ഥാനവും ഉൾച്ചേർത്തിട്ടുണ്ട്. കണ്ണങ്കാട്ട് ഭഗവതിയെ കെട്ടിയാടിച്ചതിനുശേഷമാണ് മുച്ചിലോട്ട് ഭഗവതി അന്തിമമായി ഉണ്ടായിവരുന്നത്. കണ്ണങ്കാട്ട് ഭഗവതിക്ക് തന്റെയടുത്ത് സ്ഥാനം കൊടുക്കുന്നത് മുച്ചിലോട്ട് ഭഗവതി തന്നെയാണ്. കണ്ണങ്കോട്ട് ഭഗവതിയുടെ രൂപവും മുച്ചിലോട്ട് ഭഗവതിയുടെ രൂപവുമായി സാമ്യമുണ്ടെങ്കിലും മുഖത്തെഴുത്തിൽ മുച്ചിലോട്ട് ഭഗവതി സൗമ്യസ്വരൂപിണിയാണ്. എന്നാൽ കണ്ണങ്കാട്ട് ഭഗവതി ഉഗ്രരൂപിണിയുടെ ഭാവമാണ് അണിയുന്നത്. ഈ രണ്ട് ഭഗവതിമാരുടെയും കുലജാതികൾ പിന്നാക്ക വിഭാഗക്കാരാണ്. കണ്ണങ്കാട്ട് ഭഗവതിയുടെ സ്ഥാനങ്ങൾ പരിപാലിച്ചുപോരുന്നത് വടക്കേ മലബാറിലെ മണിയാണി ജാതിവിഭാഗങ്ങളാണ്. യാദവകുലവുമായി ഈ വിഭാഗത്തെ ബന്ധപ്പെടുത്താറുണ്ട്. എങ്കിലും വാണിയ ജാതി വിഭാഗങ്ങളെപ്പോലെ സമാനമായ ജാതി ശ്രേണിയിലാണ് ഈ വിഭാഗവും വരുന്നത്. താരതമ്യേന ചെറിയ ജാതിക്കൂട്ടങ്ങൾ. നമ്പ്യാർ - നായർ - നമ്പൂതിരി വിഭാഗങ്ങൾക്ക് താഴെ പ്രത്യേക തൊഴിൽക്കൂട്ടമായി പ്രവർത്തിക്കുന്നവർ. ബ്രാഹ്മണ- വേദിക് അമ്പലരൂപങ്ങളിൽ പങ്കാളിത്തമില്ലാത്തവർ. ജാതികളുടെ ബലാബലതന്ത്രത്തിനുള്ളിൽ സ്വയം ആരാധനാരൂപങ്ങൾ സ്വത്വനിർമ്മിതിയുടെ ഭാഗമായി ഉണ്ടാക്കിവന്നതുകൊണ്ടാവാം, ഇവരുടെ ഭഗവതിമാരും കോമരങ്ങളും ഉറ്റ ചങ്ങാതിമാരായി വർത്തിക്കുന്നത്.
വടക്കേ മലബാറിലെ തെയ്യക്കാവുകൾ ദൈവസന്നിധിയാവുമ്പോഴും അതൊരു ജാതി സന്നിധി കൂടിയാണ്. എല്ലാ തെയ്യങ്ങൾക്കും ജാതി - ദേശ ബന്ധമുണ്ട്. തെയ്യക്കാവുകൾ അവരുടെ തെയ്യങ്ങളുടെ കളിയാട്ടമാണ്. വയനാട്ട് കുലവൻ തിയ്യ തൊണ്ടച്ഛനാണ്. കണ്ടനാർ കേളൻ, കാരണവർ തെയ്യങ്ങൾ, കതിവന്നൂർ വീരൻ പോലുള്ള കുടിവീരന്മാർ തുടങ്ങിയവർ കളരി അഭ്യാസികളായി നൃത്തം ചവിട്ടുന്നത് ഇത്തരം കാവുകളിലാണ്.
തിയ്യക്കാവുകളിൽ ഏറിയ തെയ്യങ്ങളും വീരരൂപങ്ങളാണ്. കടുത്ത യാതനകളോട് പടപൊരുതിയ ചരിത്രത്തെ അത് അടയാളപ്പെടുത്തുന്നുണ്ട്. അങ്കക്കാരന്മാർ തിയ്യക്കാവുകളിലാണ് കാണുന്നത്. ജാതി ശ്രേണിയിൽ വാണിയർ- മണിയാണിമാർക്ക് താഴെയും, എന്നാൽ ആ ദേശത്തിലെ എല്ലാ തൊഴിലുകളും ചെയ്യാൻ നിർബന്ധിക്കപ്പെടുകയും ചെയ്ത തൊഴിലാളി ജാതിയാണ് തിയ്യർ. കള്ള് ചെത്ത്, തെങ്ങ് കയറ്റം എന്നിവ മാത്രമല്ല ഈ വിഭാഗം മനുഷ്യർ ചെയ്തത്. കന്നുകാലിവളർത്തൽ, പശുവിനെ മേക്കൽ, കറക്കൽ, നെല്ല് കൊയ്യൽ, വിതയ്ക്കൽ തുടങ്ങി എല്ലാ തൊഴിലുകളിലും വ്യാപൃതരായ, ജനസംഖ്യയിൽ സാമാന്യം കൂടുതലുള്ള പിന്നാക്ക ജാതിയാണ് തിയ്യർ. തൊട്ടുകൂടായ്മയുടെ ക്രൂരത അനുഭവിച്ചവർ. സ്വന്തം അദ്ധ്വാനം മറ്റ് മേൽജാതി വിഭാഗങ്ങൾക്കായി വിനിയോഗിച്ചവർ. മേലാളത്തത്തിനും നാടുവാഴിത്തത്തിനും ജാതിമേൽക്കോയ്മയ്ക്കും പ്രതിരോധം സൃഷ്ടിക്കപ്പെടേണ്ടത് അവരുടെ ജാതി അനുഭവമായിരുന്നു. അതുകൊണ്ടാകാം ആയോധനവിദ്യകൾ പ്രദർശിപ്പിക്കുന്ന തെയ്യങ്ങൾക്ക് എപ്പോഴും ഒരു തിയ്യബന്ധമുള്ളത്. മുത്തപ്പൻ തെയ്യത്തെ കെട്ടിയാടുന്ന മഠപ്പുരകൾ എന്നും തിയ്യവിഭാഗത്തിന്റെ നിയന്ത്രണത്തിലാണ്. ചെറുത്തുനിൽപ്പിന്റെയും പ്രതിരോധത്തിന്റെയും അടയാളങ്ങൾ കൂടുതലും കാണുന്നത് ഇത്തരം തെയ്യങ്ങളിലാണ്.
തെയ്യശരീരങ്ങളുടെ ജാതി
തെയ്യങ്ങൾ വിവിധ ജാതികളുടെ കുലദൈവങ്ങളും തറവാട് കാക്കുന്നവരുമാണെങ്കിലും ഈ തെയ്യങ്ങൾ കെട്ടിയാടുന്നത് സ്വജാതിക്കാരല്ല. മലയൻ, വണ്ണാൻ, വേലൻ എന്നീ കീഴാള ജാതിവിഭാഗങ്ങളുടെ ശരീരത്തിലാണ് ഈ തെയ്യങ്ങൾ ഉറയുന്നത്. വടക്കേ മലബാറിലെ ജാതിശ്രേണീബന്ധത്തിൽ ഏറ്റവും കീഴ്ത്തട്ടിലെ തൊട്ടുകൂടാത്തതും തീണ്ടിക്കൂടാത്തതുമായ ജനവിഭാഗങ്ങളാണ് തെയ്യത്തെ ശരീരത്തിൽ കെട്ടിയാടുന്നത്. നായർ - നമ്പ്യാർ, വാണിയ - മണിയാണീ തിയ്യജാതിക്കൂട്ടങ്ങളുടെ കീഴ്നിലയിൽ, ഭൂമിയോ ജാതിമഹിമയോ അംഗബലമോ ഇല്ലാത്ത, ഇന്ന് പട്ടികജാതിവിഭാഗത്തിൽ പെടുന്ന ദലിത് ജാതി വിഭാഗങ്ങളാണ് തെയ്യങ്ങളെ ഒരുക്കുന്നതും അണിയുന്നതും ഉറഞ്ഞുതുള്ളി ജനങ്ങൾക്ക് അനുഗ്രഹം ചൊരിയുന്നതും. മുച്ചിലോട്ട് ഭഗവതിയും കണ്ണങ്കോട്ട് ഭഗവതിയും വയനാട്ടു കുലവനും ബാലിയും അങ്കക്കാരനും പൊട്ടനും ഉമ്മച്ചിത്തെയ്യവും വിഷകണ്ഠനും രൂപമെടുക്കുന്നത് കീഴാള ശരീരത്തിലാണ്.
സ്വന്തം ജാതിതെയ്യങ്ങളെ സ്വന്തമായി കെട്ടിയാടാൻ എന്തുകൊണ്ടായിരിക്കും ഓരോ ജാതികൾക്കും തോന്നാത്തത് എന്നത് ഉത്തരം കിട്ടാത്ത ചോദ്യമാണ്. എന്നാൽ ഈ തെയ്യങ്ങളുടെയൊക്കെ കോമരങ്ങളെ, അതായത് തെയ്യത്തിന്റെ പ്രതിരൂപങ്ങളെ, ദൈവത്തിനും കനലാടിക്കുമിടക്ക് ദൈവത്തിനും ഭക്തന്മാർക്കും ഇടയിൽ വർത്തിക്കുന്ന കോമരങ്ങളെ അതാത് ജാതികളിൽ നിന്നാണ് തെരഞ്ഞെടുക്കുന്നത്. മുച്ചിലോട്ട് തെയ്യത്തിന്റെ കോമരം വാണിയ ജാതിയിൽപ്പെട്ട ഒരാളായിരിക്കും. അതുപോലെ മറ്റനേകം തെയ്യങ്ങളുടേതും.
എന്നാൽ തെയ്യത്തിന്റെ പൂർണരൂപം സ്വശരീരത്തിലേറ്റാൻ ഈ ജാതിവിഭാഗങ്ങൾക്ക് മദ്ധ്യകാല ജാതിസമൂഹത്തിലും പിന്നീട് രൂപപ്പെട്ട പുതിയ കാലത്തും ആഗ്രഹം ജനിക്കപ്പെടാത്തതെന്തുകൊണ്ടായിരിക്കും? ആ ജാതിക്കടമ എന്തുകൊണ്ടായിരിക്കും ദലിത് ശരീരത്തിന്മേൽ പതിച്ചത്? ബ്രാഹ്മണ അമ്പലങ്ങളിലെ അകത്തെ പണിയും പുറത്തെ പണിയും അമ്പലവാസി ജാതികളാണ് ചെയ്യുന്നത്. അക പൊതുവാൾ, പുറ പൊതുവാൾ, വാര്യർ, മാരാർ എന്നിങ്ങനെ ദേവന്റെയും ദേവതയുടെയും അടുത്തിഴപെടുന്നത് ഈ സവർണജാതികളാണ്. ദേവനെ പൂജിക്കുന്നത് ബ്രാഹ്മണരും. ബ്രാഹ്മണ പ്രതിഷ്ഠയിലൂടെ ഉണ്ടായിവരുന്ന ദേവിയുടെ ആരാധനാകേന്ദ്രത്തിന്റെ പൂജാരിയും പ്രതിഷ്ഠാ വാഹകനും നടത്തിപ്പുകാരും സവർണ വിഭാഗങ്ങളാണ്. എന്നാൽ കീഴാള ആരാധനയുടെ ആണിക്കല്ലായ തെയ്യാരാധനയുടെ പ്രയോക്താക്കളും അനുഷ്ഠാനനിർവഹകരും ദലിത് ജാതികൾ ആവുന്നതും അതൊരിക്കലും ചോദ്യം ചെയ്യപ്പെടാതെ തുടരുന്നതും എന്തുകൊണ്ടാണെന്നു ചോദിച്ചാൽ അതിനുള്ള ഉത്തരം ഇതാണ്: ആ ദൈവഭാരം ചുമക്കാൻ ദലിത് ശരീരങ്ങൾക്ക് മാത്രം കഴിയുന്നതുകൊണ്ടല്ല. മറിച്ച്, സമൂഹത്തിൽ ഒരിക്കലും സ്വാഭാവികമായ രീതിയിൽ മനുഷ്യാന്തസ്സ് ലഭിക്കാത്ത, എന്നും ദുർബലരായി സമൂഹാധികാരത്തിനു കീഴിൽ വിധേയപ്പെട്ട് ജീവിക്കേണ്ടിവരുന്നവരുടെ തലയിൽ തങ്ങളുടെ ദൈവത്തെ എടുത്തുവെച്ചാലും, ആ തെയ്യങ്ങളും ആചാരങ്ങളും സുരക്ഷിതമാണെന്നും അത് ഈ ദുർബല ജനവിഭാഗം എടുത്തുകൊണ്ടുപോകില്ലെന്നും ഉറപ്പുള്ളതുകൊണ്ടാണ്, ഈ നിയോഗം ഈ ജാതികളിലേക്ക് പതിഞ്ഞത്.

പൂജാരിമാർ വിഗ്രഹങ്ങൾ അടിച്ചുമാറ്റുന്ന കാലത്തും തെയ്യങ്ങളെ വിൽപ്പനയ്ക്ക് വെക്കാൻ കഴിയാത്ത ‘വിധേയജാതി’കളുടെ കടമയായി തെയ്യം കെട്ട് മാറുന്നതിലെ സാമൂഹ്യബലാബലമതാണ്. മറ്റൊന്ന്, തെയ്യം സ്വന്തം ശരീരത്തിൽ വഹിക്കുക എന്നത് കഠിന ജോലിയാണ്. അനേകം കനമുള്ള നീളൻ മുടികൾ, വട്ടമുടികൾ, മാറിൽ ചട്ടകൾ, തലച്ചമയം നിലനിർത്തുന്ന തലപ്പാളികൾ എന്നിവയുടെ ശരീരക്കെട്ട് ശരീരത്തെ തളർത്തുന്ന ഒന്നാണ്. ദുർബല - ദലിത് വിധേയശരീരങ്ങൾ അതിന്റെ വേദന സഹിച്ചും തെയ്യം സ്വശരീരത്തിൽ പിടിച്ചിരുത്തുമെന്ന കടപ്പാട് മേൽജാതികൾ കീഴ്ജാതികളുടെ മേൽ നൂറ്റാണ്ടുകളായി ഉണ്ടാക്കിയെടുത്തതാണ്. തെയ്യം കെട്ടിക്കുന്ന ജാതികൾക്ക് തെയ്യം കെട്ടുന്ന ജാതികൾ മനുഷ്യരല്ല. വെറും ശരീരങ്ങളാണ്. ഒരു ദേശത്തു നിന്ന് മറ്റൊരു ദേശത്ത് ദായക്രമം വഴിയോ വിവാഹം വഴിയോ ഒരു പുരുഷൻ വന്നു ചേരുന്നുവെങ്കിൽ ആ പുരുഷന്റെ ശരീരത്തിലാണ് തെയ്യം കെട്ടിക്കുന്ന ആളുകളുടെ കണ്ണ്. നമ്മുടെ തെയ്യം കെട്ടാൻ പറ്റിയ ശരീരപുഷ്ടി ഇവനുണ്ടോ എന്ന നോട്ടമാണ് അവരെ നയിക്കുന്നത്. അവന്റെ ശരീരം അസ്വതന്ത്രമാകേണ്ടതും അവരുടെ ആവശ്യമാണ്. അവന് അധികം പഠിപ്പ് വേണ്ട. ആധുനികത അവരെ തീണ്ടാതെ നോക്കിയാലേ അവരുടെ ദൈവങ്ങൾ പാരമ്പര്യരൂപത്തിൽ ഇവരുടെ ശരീരത്തിൽ ചേരുകയുള്ളൂ. പല തെയ്യം കെട്ടിക്കുന്ന ജാതികളുടെയും പരാതി, തെയ്യമൊന്നും ഇപ്പോഴത്തേതല്ല നല്ലത് പഴയതായിരുന്നു എന്നാണ്. ‘കേളു പണിക്കർ ചെയ്ത തെയ്യമാണ് തെയ്യം, പുതിയ കാലത്തെ പണിക്കന്മാരുടെ, വണ്ണാൻമാരുടെ തെയ്യത്തിന് മാറ്റ് പോരാ’ എന്ന പരാതിയിൽ നിഴലിക്കുന്നത് പുതിയ തെയ്യക്കാർ ആധുനിക വിദ്യാഭ്യാസം ലഭിച്ചവരും പുതിയ സമൂഹത്തിന്റെ മാറ്റത്തിൽ സ്വന്തം കർതൃത്വത്തിനായി വാദിക്കുന്നവരുമായി മാറുന്നതുകൊണ്ടാണ്. ഇത്ര പണം തന്നില്ലെങ്കിൽ തെയ്യം ചെയ്യാൻ വേറെ ആളെ നോക്കണമെന്ന് പറയുന്നതോ അങ്ങനെ ഭാവിക്കുന്നവരോയായ ആയ തെയ്യക്കാരെ സഹിക്കാനുള്ള ശേഷി തെയ്യം കെട്ടിക്കുന്ന ജാതിക്കാർക്കില്ല.
ആധുനിക മനുഷ്യരായി കമ്യൂണിസ്റ്റായും കോൺഗ്രസായും ദേശീയവാദിപാർട്ടികളായും രാഷ്ട്രീയജീവിതം നയിക്കുന്നവരെയും തെയ്യക്കാലത്ത് തെയ്യം കെട്ടുന്ന ജാതിക്കാർ പ്രാചീന പാരമ്പര്യശരീരങ്ങളായി മാത്രം ചുരുക്കുന്ന മനോനില സജീവമാണ്. മദ്ധ്യകാലവൽകൃത മനോനില തെയ്യക്കാലത്ത് തെയ്യം കെട്ടിക്കുന്ന കാവുടമകൾക്കും തറവാട്ട് കുലമഹിമ വാഴ്ത്തി പാടുന്നവർക്കും ഒരേ മാത്രയിൽ രൂപപ്പെടുന്നത് തെയ്യ സമൂഹരൂപീകരണത്തിന്റെ മനോവ്യവസ്ഥയാണ്.
തെയ്യത്തിന്റെ രൂപം തെയ്യക്കാരന്റെ മെയ് വഴക്കത്തിലൂടെ നൂറ്റാണ്ടുകൾക്കുശേഷം തിരയുന്ന മനോനില തെയ്യയിടങ്ങളിൽ സജീവമാണ്. എന്റെ അച്ഛന്റെ മുഖരൂപത്തിൽ ദൃശ്യമായ തെയ്യം അച്ഛന്റെ അച്ഛനിലൂടെയും മുത്തച്ഛനിലൂടെയും രൂപകൽപ്പന നടത്തുന്ന കാവുടമാകോമരങ്ങൾ ആ മുഖസാദൃശ്യം പുതിയ തലമുറയിലെ തെയ്യക്കാരനിലൂടെ ദർശിക്കുവാൻ ആഗ്രഹിക്കുന്നു. തങ്ങളുടെ തെയ്യത്തിന്റെ, ദൈവത്തിന്റെ മുഖം, ദൃശ്യം, കീഴാള ദലിത് ശരീരത്തിന്റെ പിൻതുടർച്ചയിൽ ദർശിക്കാനാഗ്രഹിക്കുന്ന വിധത്തിൽ, തെയ്യത്തിന്റെ ജാതിരൂപം ഉണ്ടാക്കിയെടുക്കുന്നതിലെ ആനന്ദം മേലാള ജാതികാവുടമകളിൽ ഇന്നും അദൃശ്യമായെങ്കിലും കാണുന്നു. അതുകൊണ്ട് കൂടിയാണ് തെയ്യം ദലിത് - കീഴാള ജാതികൾ കെട്ടിയാടുന്നത്.
ഒരു തെയ്യക്കാരന്റെ ശരീരം, അവന്റെ കലാപരമായ വഴക്കം, പാരമ്പര്യ താള- ശബ്ദ പ്രാവീണ്യങ്ങൾ എന്നിവ തെയ്യക്കാവിന്റെ പരിസരത്ത് വന്നുചേരുമ്പോൾ, ആ സ്വത്ത് തെയ്യം കെട്ടിക്കുന്ന ജാതിതറവാട്ടുകാരുടെ മാത്രം സ്വത്തായി പരിഗണിക്കപ്പെടുന്നുണ്ട്. തെയ്യക്കാരൻ വെറും ശരീരവും തെയ്യം കെട്ടിക്കുന്ന ജാതിക്കാർ ആ ശരീരത്തിന്റെ താൽക്കാലിക ഉടമകളായും മാറുന്നുണ്ട്.

തെയ്യത്തിന് അടയാളം സ്വീകരിക്കുക എന്നൊരു ചടങ്ങുണ്ട്. വെത്തില, അടക്ക, അതിൽ പണവും ചേർത്ത് ഇന്ന കാവിൽ ഇത്ര തെയ്യങ്ങളുടെ അടിയന്തരം നിവർത്തിക്കാൻ ഞാൻ ബാധ്യസ്ഥനാണ് എന്ന ഒരു സാക്ഷ്യപ്പെടുത്തലാണ് അടയാളം വാങ്ങൽ ചടങ്ങ്. ഇതോടുകൂടി അടയാളം വാങ്ങിയ തെയ്യക്കാരന്റെ ഉത്തരവാദിത്തമായി ആ കാവിലെ തെയ്യനിർവഹണം. ആൾബലമില്ലാത്ത ജാതികൾ, തൊട്ടുകൂടാത്ത ജാതികൾ, ഭൂമിയിൽ നിന്നും അന്തസ്സായ ജീവിതത്തിൽ നിന്നും നൂറ്റാണ്ടുകളായി പുറത്താക്കപ്പെട്ടവർ- എന്നിവർ പാരമ്പര്യനിയോഗം പോലെ തെയ്യത്തിന്റെ ഭാരം ശരീരത്തിൽ വഹിക്കുന്നു. മറ്റുള്ളവരുടെ ദൈവത്തെ സ്വന്തം ശരീരത്തിൽ കെട്ടിയാടി യൗവനത്തിൽ തന്നെ വാർദ്ധക്യം സ്വീകരിക്കുന്നവർ. ഒരു സമൂഹത്തിലെ പ്രതിരോധിക്കാനും മറുചോദ്യം ചോദിക്കാനും കഴിയാത്ത ദുർബലർ ദൈവമായാലും ആ സമൂഹത്തിന്റെ വരേണ്യസ്വഭാവത്തെ തകിടം മറിക്കില്ലെന്ന ബോധ്യമായിരിക്കാം ദുർബല വിഭാഗക്കാർ വടക്കേ മലബാറിൽ ദൈവമായി, തെയ്യമായി മാറുന്നതിന്റെ സാമൂഹിക രഹസ്യം.
