എൻ.ഇ. സുധീർ

വിധേയർ എന്ന്​ വിവർത്തനം ചെയ്യാവുന്ന
​കർത്താവും ക്രിയയും

നമ്മുടെ എഴുത്തുകാരിൽ ഭൂരിഭാഗവും അടുത്തകാലത്തായി അരാഷ്​ട്രീയ നിലപാടിലേക്ക് പോകുന്നു എന്നത് ദുഃഖത്തോടെയും രോഷത്തോടെയും തിരിച്ചറിയുകയാണ്. അതും ഈ ഇരുണ്ട കാലത്ത്.

‘ആകെ ഒരു മടുപ്പാണ്. കേൾക്കുന്നതെല്ലാം ഹീനമായ കാര്യങ്ങൾ മാത്രമായിരിക്കുന്നു. പ്രത്യാശ തരുന്ന ഒന്നും എവിടെയുമില്ലല്ലോ ... '
എം.ടി. ആകെ അസ്വസ്ഥനായിരുന്നു.
വളരെക്കാലത്തിനുശേഷമാണ് ഞാൻ എം.ടി.യെ കാണാൻ പോയത്.
ആരോഗ്യപ്രശ്‌നങ്ങളെക്കാൾ അദ്ദേഹത്തെ അലട്ടുന്നത് ഇപ്പോഴത്തെ സമൂഹത്തിൽ നിരന്തരം നടന്നുകൊണ്ടിരിക്കുന്ന നിരവധി പ്രശ്‌നങ്ങളാണെന്ന് വ്യക്തം. മൊത്തത്തിൽ സംഭവിച്ച മൂല്യച്യുതിയെപ്പറ്റിയാണ് പിന്നെയും ഞങ്ങൾ സംസാരിച്ചുകൊണ്ടിരുന്നത്. വാർധക്യവും രോഗപീഡകളും കാരണം എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയുമുള്ള ഇടപെടലുകൾ സാധിക്കാതായിരിക്കുന്നു. മനുഷ്യന്റെ വിധിയെക്കുറിച്ച് പൊതുവിലും ജീവിതകാലത്തിലെ പ്രതിസന്ധികളെ കുറിച്ച് പ്രത്യേകിച്ചും ചിന്തിക്കുകയും എഴുതുകയും ചെയ്ത മനുഷ്യനാണ്. ഇപ്പോഴും തന്നാലാവുംവിധം അത്തരം പ്രവർത്തനങ്ങളിലേർപ്പെടുന്നുമുണ്ട്. തുഞ്ചൻപറമ്പിൽ മേയിൽ നടന്ന ഈ വർഷത്തെ തുഞ്ചൻ ഉത്സവം ഉദ്ഘാടനം ചെയ്യാൻ അദ്ദേഹം കണ്ടെത്തിയത് പ്രശസ്ത ചരിത്രകാരി റോമീലാ ഥാപ്പറിനെയാണ്. അതൊരു രാഷ്ട്രീയബോധ്യത്തിൽ നിന്നുണ്ടായതാണ്. ചുറ്റും നടക്കുന്ന അസംബന്ധ നാടകങ്ങളോടുള്ള ഒരു പ്രതിഷേധവുമാണ്.

ഇതാ, ഇവിടെ ഒരു എഴുത്തുകാരൻ എന്ന് നമുക്കെല്ലാം അന്തസ്സോടെ ചൂണ്ടിക്കാണിക്കാവുന്ന ഒരാളായാണ് ഞാനെപ്പോഴും എം.ടി. വാസുദേവൻ നായരെ നോക്കിക്കണ്ടിരുന്നത്. എഴുതിയ പാഠങ്ങൾക്കപ്പുറം എഴുത്തുകാർക്കൊരു പൊതുജീവിതമുണ്ട്. അവിടെ അവർക്കൊരു ശബ്ദമുണ്ട്. അതാണ് അവർ നിർമിച്ച പാഠങ്ങളുടെ അടിത്തറ. അതിന്റെ വെളിച്ചത്തിലാണ് അവരുടെ രചനകളെ സമൂഹം നോക്കിക്കാണുന്നത്. ചുരുക്കിപ്പറഞ്ഞാൽ എഴുത്തുകാരൻ / എഴുത്തുകാരി എന്നത് ഉത്തരവാദിത്തമുള്ള സ്ഥാനമാണ്. പ്രത്യേകിച്ചും ഒരു ജനാധിപത്യവ്യവസ്ഥയിൽ. അതുകൊണ്ടാണ് അവരുടെ ആവിഷ്‌കാരത്തിന് പരിധി നിശ്ചയിക്കരുത് എന്ന് നിയമം അടിവരയിട്ട് പറയുന്നത്. പരിധിയില്ലാത്ത സ്വാതന്ത്ര്യത്തോടെ എഴുതാൻ അവരെ അനുവദിച്ചത്. ആധുനികസമൂഹം അനുവദിച്ചുകൊടുക്കുന്ന ഈ സ്ഥാനത്തിന്റെ അർഥവും സ്വാതന്ത്ര്യത്തിന്റെ വിലയും എഴുത്തുകാർ ഉൾക്കൊള്ളുന്നുണ്ടോ എന്നത് മറ്റൊരു ചോദ്യമാണ്. എം.ടി. തന്നെ മുമ്പൊരിക്കൽ പറഞ്ഞതുകൂടി ഇതോടൊപ്പം വായിക്കുക, ‘എന്തുചെയ്യുന്നു എന്നുചോദിച്ചാൽ എഴുത്തുകാരനാണ് എന്ന് പറയാൻ എനിക്ക് ഇപ്പോഴും മടിയാണ്. പത്രപ്രവർത്തകനാണ് എന്നേ പറയാറുള്ളൂ.'
ജ്ഞാനപീഠമൊക്കെ ലഭിച്ച ഒരാളാണ് ഇതു പറയുന്നത് എന്നോർക്കണം. എഴുത്തുകാരൻ എന്ന ഉത്തരവാദിത്തത്തെപ്പറ്റിയുള്ള തികഞ്ഞ ബോധ്യമാണ് അദ്ദേഹത്തെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചത്.

ഇപ്പോൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മൂല്യങ്ങളുടെയെല്ലാം നിർമാണത്തിൽ സാഹിത്യവും സംസ്‌കാരവും വലിയ പങ്കുവഹിച്ചിട്ടുണ്ട്. ആ നിർമിതിയിൽ പങ്കുചേർന്ന എഴുത്തുകാർക്ക് കൃത്യമായ രാഷ്ട്രീയധാരണകളുണ്ടായിരുന്നു.

നമ്മൾ ജീവിക്കാനിടയായ കാലത്തിന്റെ പ്രശ്‌നങ്ങളെപ്പറ്റി ആകുലതകളുണ്ടാവുക എന്നത് എഴുത്തുകാരെ സംബന്ധിച്ച്​ പരമപ്രധാനമാണ്. തദ്സമയ പരിഹാരം കണ്ടെത്തേണ്ടത് എഴുത്തുകാരുടെ ജോലിയല്ല. എന്നാൽ, തനിക്കുചുറ്റും നടക്കുന്ന കാര്യങ്ങളെ അറിയുക, അതേപ്പറ്റി സമൂഹത്തോട് വ്യക്തതയോടെ പറയുക എന്നത് അവരുടെ ചുമതലയാണ്. സമൂഹവും കലാ- സാഹിത്യ മണ്ഡലങ്ങളും തമ്മിലുള്ള ഒരലിഖിത കരാറാണത്. സൗന്ദര്യാവിഷ്‌കാരത്തോടെ അവസാനിക്കുന്ന ഒന്നല്ല ആ ബന്ധം. പ്രത്യേകിച്ചും പൗരസമൂഹം അസാധാരണമായ വിഷമഘട്ടങ്ങളിലൂടെ കടന്നുപോവുമ്പോൾ. വർത്തമാനകാല ഇന്ത്യ ഇത്തരമൊരു പ്രതിസന്ധിയെ നേരിടുകയാണ്. നമ്മുടെ ജനാധിപത്യം അനിതരസാധാരാണമായ ഭീഷണി നേരിടുകയാണ് എന്ന് നമുക്കറിയാം. ജനാധിപത്യത്തിന്റെ അടിസ്ഥാനപരമായ വിശ്വാസപ്രമാണങ്ങളെല്ലാം ഭരണകൂടപ്രഹരമേറ്റ് നശിച്ചുകഴിഞ്ഞു. ജനങ്ങൾക്കിടയിൽ നിലനിന്നിരുന്ന പരസ്പരവിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. വെറുപ്പിന്റെ രാഷ്ട്രീയം ഇന്ത്യയിലാകെ അരങ്ങുതകർക്കുന്നുണ്ട്. വർഗീയതയുടെ നഗ്‌നമായ തേരോട്ടം രാജ്യത്താകമാനം നടന്നുകൊണ്ടിരിക്കുന്നു. സ്വതന്ത്ര ഇന്ത്യ നിലവിൽവന്നതുമുതലുള്ള സമസ്ത ധാരണകളെയും തകിടംമറിച്ച്​ മതരാഷ്ട്രീയം ഇന്ത്യൻ രാഷ്ട്രീയത്തിൽ മേൽക്കോയ്മ നേടിയിരിക്കുന്നു. അധികാരം പിടിച്ചുപറ്റാനും നിലനിർത്താനുമായി സാധ്യമായ ഏതുവഴിയും സ്വീകരിക്കാം എന്ന നിലപാടിലേക്ക് ഭരണകൂടരാഷ്ട്രീയം തരംതാണുപോയിരിക്കുന്നു. അതിന്റെ മുന്നോടിയായി അവർ ചെയ്ത കൊടുംചതിയായിരുന്നു സമൂഹത്തിന്റെ വർഗീയവത്കരണം. നമ്മളിന്ന് ചിന്തിക്കുന്നത് മതാധിഷ്ഠിതമായാണ്. ഇതിന്റെ കാരണക്കാരായവരെ ചെറുത്തുതോല്പിക്കുവാൻ ജനങ്ങളോടൊപ്പം നിൽക്കേണ്ട പ്രതിപക്ഷത്തെ നിശ്ശബ്ദരാക്കുക എന്നത് ഇതോടൊപ്പം കൃത്യമായി നടക്കുന്നുമുണ്ട്.

എം.ടി. വാസുദേവൻ നായർ

ജനാധിപത്യത്തിന്റെ ഉപകരണങ്ങൾ കൊണ്ടുതന്നെ ജനാധിപത്യത്തെ ഇല്ലായ്മ ചെയ്യുക എന്ന തന്ത്രമാണ് ഇന്ത്യയിലെ ഭരണകൂട കൂട്ടായ്മയായ സംഘപരിവാർ ശക്തികൾ പയറ്റിക്കൊണ്ടിരിക്കുന്നത്. സർവാധിപത്യ സ്വഭാവത്തോടെയാണ് തിരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികൾ ഇന്നിപ്പോൾ പെരുമാറുന്നത്. ബഹുസ്വര സമൂഹമായ ഇന്ത്യയിലിന്നിപ്പോൾ മതന്യൂനപക്ഷങ്ങളെ വേട്ടയാടുന്നത് വാർത്തയല്ലാതായിരിക്കുന്നു. സ്വതന്ത്ര മാധ്യമപ്രവർത്തനം അസാധ്യമാക്കിയിരിക്കുന്നു. സ്വതന്ത്ര ഇന്ത്യയുടെ നിർമാതാക്കൾ വിഭാവനംചെയ്ത ശാസ്ത്രസംസ്‌കാരം ഇന്ത്യൻ സമൂഹത്തിൽനിന്ന് പാടേ പുറന്തള്ളപ്പെട്ടുകഴിഞ്ഞു. പകരം പ്രോത്സാഹിപ്പിച്ചതാകട്ടെ, അസംബന്ധജടിലമായ അന്ധവിശ്വാസങ്ങളെയും. അതിരുകടന്ന പാരമ്പര്യവാദവും യുക്തിഹീനമായ അന്വേഷണങ്ങളും ഒരുഭാഗത്ത്. സമ്പദ്​വ്യവസ്ഥയിൽ പൊതുജനത്തിന് ഇടമില്ലാതായി. ധനികരെ മാത്രം മുന്നിൽകണ്ടുള്ള സാമ്പത്തികപരിഷ്‌കാരങ്ങൾക്കാണ് മുൻഗണന.

ബഹുസ്വരവീക്ഷണങ്ങളെ പാടേ അവഗണിച്ചു. ഹിന്ദുക്കൾ അതിഹൈന്ദവരായി മാറുന്നു. ഹിന്ദുത്വ സാംസ്‌കാരിക അജണ്ട കെട്ടിപ്പടുക്കപ്പെടുന്നതിൽ സംഘപരിവാർ വിജയം കൈവരിച്ചുകൊണ്ടിരിക്കുന്നു. ഇതിനെല്ലാമായി ചരിത്രനിരാകരണം ദ്രുതഗതിയിൽ മറ്റൊരുഭാഗത്ത് നടന്നുകൊണ്ടിരിക്കുന്നു. ഇന്നത്തെ ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങളുടെ ഒരേകദേശ ചിത്രം രേഖപ്പെടുത്താനാണ് ശ്രമിച്ചത്. ഇതൊക്കെ മനസ്സിലാക്കി അരുതേ എന്ന് വിലക്കേണ്ട നാവുകൾ എവിടെപ്പോയി? ഇത്തരമൊരു സാഹചര്യത്തിൽ ജീവിക്കാൻ വിധിക്കപ്പെട്ട എഴുത്തുകാരന്റെ രാഷ്ട്രീയം എന്തായിരിക്കണം? അവർ ആരുടെ പക്ഷത്ത് നിലകൊള്ളണം?

എല്ലാതരം വിഭാഗീയചിന്തകളെയും അതിജീവിച്ചുകൊണ്ട് ഒരു മതേതര സമൂഹം നിലവിൽ വരണം എന്ന കാഴ്ചപ്പാട് സൃഷ്ടിച്ചത് എഴുത്തുകാരും ചിന്തിക്കുന്ന മനുഷ്യരും ചേർന്നാണ്. അതൊക്കെ പാതിവഴിയിൽ ഉപേക്ഷിച്ചുകൊണ്ടാണ് നമ്മളിപ്പോൾ പുറകോട്ടു നടക്കുന്നത്.

ഇപ്പോൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മൂല്യങ്ങളുടെയെല്ലാം നിർമാണത്തിൽ സാഹിത്യവും സംസ്‌കാരവും വലിയ പങ്കുവഹിച്ചിട്ടുണ്ട്. ആ നിർമിതിയിൽ പങ്കുചേർന്ന എഴുത്തുകാർക്ക് കൃത്യമായ രാഷ്ട്രീയധാരണകളുണ്ടായിരുന്നു. അവരെ നയിച്ചത് അകമഴിഞ്ഞ രാജ്യസ്‌നേഹമായിരുന്നു. അവരുടെ നീതിബോധമാണ് നമ്മുടെ ജനാധിപത്യത്തെ വളർത്തിയത്. അവരുടെ സാമൂഹ്യാനുഭവങ്ങളാണ് നമ്മുടെ സംസ്‌കാരത്തെ മാലിന്യമുക്തമാക്കിയത്. അവർ ചുറ്റും നടക്കുന്ന സംഭവങ്ങളോട് സത്യസന്ധമായി പ്രതികരിച്ചിരുന്നു. അവർ ജനങ്ങളെ ബോധവത്കരിച്ചിരുന്നു. തിരുത്തിയിരുന്നു. എഴുതിയും വായിച്ചും ചർച്ചചെയ്തുമാണ് നമ്മൾ നാളിതുവരെ മുന്നേറിയത്. എല്ലാതരം വിഭാഗീയചിന്തകളെയും അതിജീവിച്ചുകൊണ്ട് ഒരു മതേതര സമൂഹം നിലവിൽ വരണം എന്ന കാഴ്ചപ്പാട് സൃഷ്ടിച്ചത് എഴുത്തുകാരും ചിന്തിക്കുന്ന മനുഷ്യരും ചേർന്നാണ്. അതൊക്കെ പാതിവഴിയിൽ ഉപേക്ഷിച്ചുകൊണ്ടാണ് നമ്മളിപ്പോൾ പുറകോട്ടു നടക്കുന്നത്. അത്തരമൊരു സാഹചര്യം നിലനിൽക്കുമ്പോൾ നമ്മുടെ എഴുത്തുകാർ എന്തുചെയ്യുകയാണ്? ആരാണ് ഇപ്പോൾ സമൂഹത്തിലെ തിരുത്തൽ ശക്തികൾ? സമൂഹത്തെ ഭരിക്കുന്നത് രാഷ്ട്രീയക്കാർ മാത്രമാവരുതല്ലോ.

സമൂഹത്തിൽ സ്വാതന്ത്ര്യം നിലനിൽക്കുക എന്നത് എഴുത്തുകാരുടെ കൂടി ആവശ്യമാണ്. സാഹിത്യകാരന്മാരെയും കലാകാരന്മാരെയും ആദരിച്ചിരുന്ന ഒരു സമൂഹമാണ് നമ്മുടേത്. കാരണം, അവർ നാടിന്റെ സ്പന്ദനങ്ങളെ ഉൾക്കൊണ്ടിരുന്നു. അവർക്ക് ജനങ്ങൾക്ക് വഴികാട്ടികളാവാനുള്ള കരുത്തും സന്മനസ്സുമുണ്ടായിരുന്നു. കൂടാതെ അവർ ധീരരുമായിരുന്നു. അവർക്കൊക്കെ ആധുനികമായ ഒരു ലോകവീക്ഷണമുണ്ടായിരുന്നു. അതിലെ പഴുതുകളും പിശകുകളും സ്വയം കണ്ടെത്തി തിരുത്താൻ അവർ തയ്യാറായിരുന്നു. അവർ അധികാരികളോട് തർക്കത്തിന്​ സമയം കണ്ടെത്തി. ഭരണകൂടത്തിന്റെ നെറികേടുകളെ ചോദ്യംചെയ്തു. അധികാരികൾ അവരോടൊക്കെ ബഹുമാനത്തോടെ പെരുമാറി. ആദരവോടെ അംഗീകരിച്ചു. യോജിച്ചതും വിയോജിച്ചതും പരസ്പര ബഹുമാനത്തോടെയായിരുന്നു.

ഗോവിന്ദ് പൻസാരെ, എം.എം. കൽബുർഗി, നരേന്ദ്ര ധാബോൽക്കർ, ഗൗരി ലങ്കേഷ്

ഇന്നോ? ഭരണകൂടം എഴുത്തുകാരെ പൂർണമായും അവഗണിച്ചുകഴിഞ്ഞു. ആദ്യം അവരെയെല്ലാം ഭയപ്പെടുത്തി നിശ്ശബ്ദരാക്കിമാറ്റി. നരേന്ദ്ര ധാബോൽകർ, ഗോവിന്ദ് പൻസാരെ, എം.എം. കൽബുർഗി, ഗൗരി ലങ്കേഷ് എന്നിവരുടെ അനുഭവങ്ങൾ നമുക്ക് മുന്നിലുണ്ട്. ഹിന്ദുത്വവാദികളുടെ ഇരകളാവാതെ കഴിയുക എന്നാൽ നിശബ്ദരാവുക എന്നായി. അതംഗീകരിച്ചുകൊടുക്കാമോ? ഈ കാലത്ത് നിങ്ങൾക്കെങ്ങനെ നിശബ്ദരായിരിക്കാൻ കഴിയും?

ഇപ്പോൾ ഭരണകൂടം ചെയ്തുവരുന്നത് അവഗണിക്കുക എന്ന തന്ത്രമാണ്. അടുത്ത കാലത്ത് നടന്ന ഒരു സംഭവം നോക്കുക. 2022-ലെ ബുക്കർ അന്താരാഷ്ട്ര പുരസ്‌കാരം ഗീതാഞ്ജലി ശ്രീ എന്ന ഉത്തർപ്രദേശുകാരിയായ ഒരു ഹിന്ദി എഴുത്തുകാരിക്കാണ് ലഭിച്ചത്. ആദ്യമായാണ് ലോകത്തിലെ സമുന്നത സാഹിത്യ പുരസ്‌കാരങ്ങളിലൊന്നായ ഈ അംഗീകാരം ഇന്ത്യയിലേക്കെത്തുന്നത്. നാളിതുവരെ ഇന്ത്യയിൽ നിന്നുള്ള ആർക്കും ഇത് ലഭിച്ചിരുന്നില്ല. എന്നാൽ ഗീതാഞ്ജലി ശ്രീയെ അനുമോദിക്കാനോ ആദരിക്കാനോ ഇന്ത്യൻ സർക്കാർ മിനക്കെട്ടില്ല. അതിനായി നമ്മുടെ ഭരണകർത്താക്കളൊന്നും സമയം കണ്ടെത്തിയില്ല. കാരണം വ്യക്തമായിരുന്നു. ബാബറി മസ്ജിദ് തകർത്തതിന്റെ പശ്ചാത്തലത്തിൽ അവരൊരു നോവലെഴുതിയിട്ടുണ്ട്. അവർ ഗുജറാത്ത് കലാപം നടന്നയുടനെ അവിടം സന്ദർശിച്ച് അതേപ്പറ്റി എഴുതിയിരുന്നു. അവഗണിക്കപ്പെടാൻ ഇതിൽക്കൂടുതലെന്തു കാരണം വേണം? അതായത് ഭരണകൂട നിലപാടുകൾക്ക് വിരുദ്ധരായവരെ പൂർണമായും അവഗണിക്കും. ഒറ്റപ്പെടുത്തും.

വിധ്വംസകശക്തികളെ തിരിച്ചറിയാനും അതിനെതിരെ പോരാടാനും ജനതയെ പ്രാപ്തരാക്കുക എന്നതാണ് എഴുത്തുകാരോട് ഈ കാലം ആവശ്യപ്പെടുന്നത്.

ഇതൊക്കെ സാധ്യമായതെങ്ങനെ? എവിടെയോ കീഴടങ്ങലിന്റെ നാണംകെട്ട ഒരധ്യായം മറഞ്ഞുകിടപ്പുണ്ട്. എഴുത്തുകാരുടെ അന്തസ്സ് ആരാണ് തീറെഴുതിക്കൊടുത്തത്? അവരുടെ രാഷ്ട്രീയത്തിൽ - അവരുടെ നീതിബോധത്തിൽ എപ്പോഴാണ് വിഷം കലർത്തപ്പെട്ടത്? അരുന്ധതി റോയിയെപ്പോലുള്ള ഒറ്റപ്പെട്ട വേറിട്ട ശബ്ദങ്ങളില്ലെന്നല്ല. ഇവിടെ വല്ലപ്പോഴും ആനന്ദും, സക്കറിയയും അവരുടെ സന്ദേഹങ്ങൾ പങ്കുവെക്കുന്നുണ്ട്. പൊതുവിൽ എഴുത്തുലോകവും സാംസാകാരികലോകവും മൗനത്തിലാണ്. അന്തസ്സുള്ള നിർഭയരായ ഒരു ബൗദ്ധികമണ്ഡലം നമുക്കില്ലാതാവുകയാണോ? സാമൂഹികപ്രതിബദ്ധതയുള്ള എഴുത്തുകാർ ഇല്ലാതാവുകയാണോ? സമൂഹം ഛിദ്രീകൃതമായിക്കൊണ്ടിരിക്കുന്നു. അതിൽ വേദനിക്കാൻ പോലും ഇവിടെയാളില്ലാതായിരിക്കുന്നു. പുതിയ രാഷ്ടീയക്കാർ സാധാരണ പൗരരോടും സമൂഹത്തോടും പരിസരത്തോടും പ്രകൃതിയോടും ക്രൂരത കാട്ടി ചിരിച്ചുകൊണ്ടേയിരിക്കുന്നു. ഇതൊന്നും നമ്മുടെ എഴുത്തുകാരുടെ ഉറക്കം കെടുത്തുന്നില്ല. ജനങ്ങളിലെ ഭയം കുറയ്ക്കാൻ ആരും ശ്രമിക്കുന്നുമില്ല. വർഗീയവാദികളായ രാഷ്ട്രീയക്കാർ വീണ്ടുംവീണ്ടും അധികാരത്തിന്റെ ഭാഗമാവുന്നു. ഓരോ വിജയവും അവരെ കൂടുതൽ ദുഷിപ്പിച്ചുകൊണ്ടേയിരിക്കുന്നു. അങ്ങനെ നമ്മുടെ ജനാധിപത്യം ശുഷ്‌കിച്ച്, ശുഷ്‌കിച്ച് വെറും പുറന്തോടു മാത്രമാവുകയാണ്. സമൂഹം വർഗീയമായി വിഭജിക്കപ്പെടുന്നു. അസ്വസ്ഥരായവർ അക്രമികളാവുന്ന കാഴ്ചയുമുണ്ട്.

ഗീതാഞ്ജലി ശ്രീയെ അനുമോദിക്കാനോ ആദരിക്കാനോ ഇന്ത്യൻ സർക്കാർ മിനക്കെട്ടില്ല. അതിനായി നമ്മുടെ ഭരണകർത്താക്കളൊന്നും സമയം കണ്ടെത്തിയില്ല. കാരണം വ്യക്തമായിരുന്നു. ബാബറി മസ്ജിദ് തകർത്തതിന്റെ പശ്ചാത്തലത്തിൽ അവരൊരു നോവലെഴുതിയിട്ടുണ്ട്. അവർ ഗുജറാത്ത് കലാപം നടന്നയുടനെ അവിടം സന്ദർശിച്ച് അതേപ്പറ്റി എഴുതിയിരുന്നു

വർഗീയത വിതറി നേടിയെടുത്ത അധികാരത്തെ സമാഗ്രാധിപത്യമാക്കിമാറ്റി ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനാണ് സംഘപരിവാർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിനാവശ്യമായ തോതിൽ വീണ്ടും വീണ്ടും വർഗീയവിഷം അവർ സമൂഹത്തിലാകെ പ്രസരിപ്പിച്ചുകൊണ്ടിരിക്കുന്നു. ഈയൊരവസ്ഥയിൽ ജനങ്ങളോട് ആരാണ് സംസാരിക്കുക? അർധസത്യങ്ങളുടെയും നുണകളുടെയും മാലിന്യത്തിൽ നിന്ന്​ ആരാണ് ജനതയെ മോചിപ്പിക്കുക? അവരോട് പലതും ഓർമിപ്പിക്കേണ്ട സമയമാണിത്. പ്രശസ്ത ചെക്ക് സാഹിത്യകാരൻ മിലൻ കുന്ദേര പറഞ്ഞ വാചകം ഓർക്കേണ്ട നിമിഷം: ‘The struggle of man against power is the struggle of memory against forgetting' (Milan Kundera- The Book of Laughter and Forgetting ).

എഴുത്തുകാരുടെ രാഷ്ട്രീയം ഇതായിരിക്കണം. മറവിക്കെതിരായ ഓർമകളുടെ പോരാട്ടം. അതേറ്റെടുക്കേണ്ട രാഷ്ട്രീയമാണ് എഴുത്തുകാരെ എപ്പോഴും നയിക്കുന്നത്. നഷ്ടമാവുന്ന നീതിയെ, കൈവിട്ടുപോവുന്ന പുരോഗമനാശയങ്ങളെ, മറന്നുപോവുന്ന ജനാധിപത്യബോധത്തെ, മുക്കിക്കൊല്ലപ്പെടുന്ന മതേതരമൂല്യങ്ങളെ ഒക്കെ സംരക്ഷിക്കുക. അവയെപ്പറ്റി സമൂഹത്തെ ഓർമിപ്പിച്ചുകൊണ്ടേയിരിക്കുക. വിധ്വംസകശക്തികളെ തിരിച്ചറിയാനും അതിനെതിരെ പോരാടാനും ജനതയെ പ്രാപ്തരാക്കുക എന്നതാണ് എഴുത്തുകാരോട് ഈ കാലം ആവശ്യപ്പെടുന്നത്. അതിനുള്ള രാഷ്ട്രീയബോധം ഇല്ലെന്നുവന്നാൽ മുകളിൽ പറഞ്ഞ എഴുത്തും സമൂഹവും തമ്മിലുള്ള ബന്ധം നഷ്ടമായി എന്നേ അർഥമുള്ളൂ. ചുവരില്ലാതെ ചിത്രം വരയ്ക്കുക എന്ന അസംബന്ധത്തിലേക്ക് നിങ്ങൾ നടന്നടുത്തു എന്നെങ്കിലും മനസ്സിലാക്കുക.

സൃഷ്ടികൾക്ക് സമൂഹവുമായി ഇടപെടലുകൾ നടത്തുവാൻ കഴിയുമ്പോഴാണ് അവ കലയും സാഹിത്യവുമൊക്കെയാവുന്നത്. അത് മറന്നുകൊണ്ട് എഴുത്തുകാരും കലാകാരന്മാരും പ്രവർത്തിക്കുന്നത് തികഞ്ഞ വഞ്ചനയാണ്.

ജനാധിപത്യവിരുദ്ധവും മതേതരവിരുദ്ധവുമായ ഒരു രാഷ്ട്രീയത്തെ നേരിടാൻ ജനതയോടൊപ്പം നിൽക്കുക, ആ പ്രതിരോധത്തിനായി ജനങ്ങളെ ആശയപരമായി സജ്ജമാക്കുക എന്നത് വർത്തമാനകാലത്ത് എഴുത്തുകാരും ബുദ്ധിജീവികളും സാംസ്‌കാരികപ്രവർത്തകരും ഏറ്റെടുക്കേണ്ട കർത്തവ്യമാണ്. സമൂഹത്തിലെ യാഥാർഥ്യങ്ങളെപ്പറ്റി ജനങ്ങളെ അറിയിക്കുക. ജനവിരുദ്ധ, ഭാരതീയവിരുദ്ധ, ജനാധിപത്യവിരുദ്ധ നിലപാടുകളെ തുറന്നുകാട്ടുക എന്നതാവണം അവരുടെ രാഷ്ട്രിയ പ്രവർത്തനം. നീതിയുടെ പക്ഷത്ത്, മനുഷ്യപക്ഷത്ത് നിലയുറപ്പിക്കുക എന്നതാവണം എഴുത്തുകാരുടെ രാഷ്ടീയത്തിന്റെ കാതൽ. മത- രാഷ്ട്രീയ- മാധ്യമ കൂട്ടായ്മകൾ ഇളക്കിവിട്ടുകൊണ്ടിരിക്കുന്ന നുണകളുടെ കുത്തൊഴുക്കിൽ നിന്ന് സാധാരണ പൗരരെ രക്ഷിക്കുക. ഈ ആപത്തിൽ നിന്ന്​ ജനങ്ങളെ ഏതുവിധേനയും രക്ഷിക്കുക. അല്ലാതെ, സ്വകാര്യലാഭത്തിനായി മറുപക്ഷത്തോടൊപ്പം രഹസ്യബാന്ധവത്തിലേർപ്പെടുകയല്ല വേണ്ടത്. നിരുത്തരവാദപരമായ രാഷ്ട്രീയനിലപാടുകൾ ഇന്ത്യൻ പൊതുമണ്ഡലത്തെ വിഷലിപ്തമാക്കുന്നത് കണ്ടു രസിക്കരുത്. കലയും സാഹിത്യവുമൊക്കെ മനുഷ്യന്റെ പ്രശ്‌നങ്ങളെ നേരിടാനുള്ള കരുത്തുപകരുന്ന പ്രക്രിയകൾ കൂടിയാണ്. സൃഷ്ടികൾക്ക് സമൂഹവുമായി ഇടപെടലുകൾ നടത്തുവാൻ കഴിയുമ്പോഴാണ് അവ കലയും സാഹിത്യവുമൊക്കെയാവുന്നത്. അത് മറന്നുകൊണ്ട് എഴുത്തുകാരും കലാകാരന്മാരും പ്രവർത്തിക്കുന്നത് തികഞ്ഞ വഞ്ചനയാണ്.

മിലൻ കുന്ദേര പറഞ്ഞ വാചകം ഓർക്കേണ്ട നിമിഷം: ‘The struggle of man against power is the struggle of memory against forgetting' (Milan Kundera- The Book of Laughter and Forgetting ).

ഇന്ത്യയുടെ ബഹുസ്വര പാരമ്പര്യത്തെ ഉൾക്കൊള്ളാത്ത ഏതൊരു രാഷ്ട്രീയത്തെയും നിർദാക്ഷിണ്യം തള്ളിപ്പറയേണ്ടതുണ്ട്. പുരോഗമനപരമായ പ്രത്യയശാസ്ത്രങ്ങളെ മാത്രമേ എഴുത്തുകാർ പ്രാത്സാഹിപ്പിക്കാവൂ. സഹിഷ്ണുതയിലൂന്നിയ മതേതരത്വം എന്തു വില കൊടുത്തും നിലനിർത്തിയേ മതിയാവൂ. ഇതിനൊന്നും തയ്യാറാവാത്ത രാഷ്ട്രീയത്തെ ജനങ്ങളിൽ നിന്നകറ്റി നിർത്തണം. സമഗ്രാധിപത്യസ്വഭാവം ആരുടെ ഭാഗത്തുനിന്നുണ്ടായാലും അത് എതിർക്കപ്പെടണം. പുരോഗമന രാഷ്ട്രീയകക്ഷികളെയും വിമർശന വിധേയമാക്കുകയും നിരന്തരം തിരുത്തുകയും വേണം. പൂർണശരി എന്ന മുൻ ധാരണയോടെ ഒരു രാഷ്ട്രീയപ്രസ്ഥാനത്തെയും അനുകൂലിച്ച് മൂന്നോട്ടുപോവരുത്. രാഷ്ട്രീയപാർട്ടികളുടേയും നേതാക്കളുടെയും ഭക്തരായി എഴുത്തുകാർ മാറരുത് എന്നു ചുരുക്കം. എല്ലാം വിമർശനബുദ്ധിയോടെ നോക്കിക്കണ്ട് നീതിയുടെ പക്ഷത്ത് നിലകൊള്ളുക എന്നതായിരിക്കണം എഴുത്തുകാരുടെ രാഷ്ട്രീയം. അല്ലാതെ, അതതുകാലത്തെ അധികാരത്തിന് വിധേയപ്പെടുക എന്നത് തികച്ചും അരാഷ്ട്രീയ നിലപാടാണ്.

നമ്മുടെ എഴുത്തുകാരിൽ ഭൂരിഭാഗവും അടുത്ത കാലത്തായി മുകളിൽ സൂചിപ്പിച്ച അരാഷ്​ട്രീയ നിലപാടിലേക്ക് പോകുന്നു എന്നത് ദുഃഖത്തോടെയും രോഷത്തോടെയും തിരിച്ചറിയുകയാണ്. അതും ഈ ഇരുണ്ട കാലത്ത്. കേവലം എഴുത്തുകാർ എന്ന ഒരു ലേബലിൽ ജീവിച്ചാൽ മതിയോ? അതോ എഴുത്തുകാർ എന്ന ഉത്തരവാദിത്തം ഏറ്റെടുത്ത് ആർജത്തോടെ അന്തസ്സായി തലയുയർത്തി ജീവിക്കണോ? ഹീനമായ ഈ കാലത്തെ അതിജീവിക്കാൻ കഴിയണമെങ്കിൽ നമ്മൾ കരുതലോടെ മുന്നേറണം.

മനുഷ്യവംശം തന്നെ വലിയ വെല്ലുവിളികളെ നേരിടുമ്പോൾ എഴുത്തുകാർ അവരുടെ രാഷ്ടീയത്തെ തിരിച്ചുപിടിക്കണം.

ഭരണകൂടത്തിന്റെ മേൽക്കോയ്മ ഭരണമികവിന്റെ അടിസ്ഥാനത്തിൽ മാത്രമേ അംഗീകരിച്ചുകൊടുക്കാനാവൂ. അതും താത്കാലികമായി മാത്രം. അല്ലാതെ അതവർ സ്വയം എടുത്തണിയേണ്ട ഒന്നല്ല എന്ന് ഭരണകർത്താക്കളെ നിരന്തരം ഓർമിപ്പിക്കേണ്ടതുണ്ട്. അത് ജനാധിപത്യത്തിലൂടെ മാത്രമേ സാധിക്കൂ. അതിനാൽ നമുക്ക് ജനാധിപത്യത്തെ നിലനിർത്താൻ വേണ്ടിയുള്ള രാഷ്ട്രീയപ്രവർത്തനത്തിൽ പങ്കാളികളാവാം. ജനാധിപത്യമുണ്ടെങ്കിൽ മാത്രമേ എഴുത്തുണ്ടാവുകയുള്ളൂ. എഴുതാനുള്ള സ്വാതന്ത്ര്യമുണ്ടാവുകയുള്ളൂ. മനുഷ്യവംശം തന്നെ വലിയ വെല്ലുവിളികളെ നേരിടുമ്പോൾ എഴുത്തുകാർ അവരുടെ രാഷ്ടീയത്തെ തിരിച്ചുപിടിക്കണം. സ്വാതന്ത്ര്യത്തിന്റെയും യുക്തിയുടെയും പ്രകാശം നിലനിൽക്കുന്ന ഒരാധുനിക സമൂഹം നമ്മുടെയൊക്കെ സ്വപ്നമാണ്. അതിന് നീതിയുടെ രാഷ്ട്രീയം നിലനിന്നേ മതിയാവൂ. ​▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


എൻ. ഇ. സുധീർ

എഴുത്തുകാരൻ, കോളമിസ്റ്റ്. സാഹിത്യം, സംസ്‌കാരം, മാധ്യമം, രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു.

Comments