ഷാജഹാൻ മാടമ്പാട്ട് എഴുതുന്നു:
‘‘എഴുത്തുകാർ രാഷ്ട്രീയം പറയാൻ ബാധ്യസ്ഥരാണോ എന്ന ചോദ്യത്തിന് വസ്തുനിഷ്ഠമായ ഉത്തരം നൽകുക അത്ര എളുപ്പമല്ല. എഴുത്ത് അതിന്റെ സമഗ്രതയിൽ അത്ര ധാർമികമോ കാല്പനികമോ ആയ ഒരു വ്യവഹാരമല്ല എന്നതുതന്നെയാണ് അതിന്റെ അടിസ്ഥാനകാരണം. അതേസമയം, വ്യക്തിപരമായി നമ്മുടെ കാലത്തോട് കലഹികളായി തുടരുകയും പ്രതിലോമതയുടെ സകലശക്തികളോടും എഴുത്തുകൊണ്ടും പ്രസംഗം കൊണ്ടും പോരാടുകയും ചെയ്യുന്ന എഴുത്തുകാരെയാണ് ഞാനേറ്റവും ആരാധിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നത്. അരുന്ധതി റോയ് മുതൽ സക്കറിയ വരെ അത്തരം എഴുത്തുകാരുടെ നീണ്ടനിര നമുക്കിടയിലുണ്ട് എന്നത് ജീവിക്കുന്ന കാലത്തിന്റെ സൗഭാഗ്യമായിത്തന്നെയാണ് ഞാൻ കരുതുന്നത്.’’
‘‘പക്ഷെ, ആ പ്രവണതയുടെ നേരെതിർവശത്തുള്ള, പ്രാതിലോമ്യത്തിന്റെ കുഴലൂത്തുകാരായ പല എഴുത്തുകാരെയും ഞാൻ ഇഷ്ടപ്പെടുന്നുണ്ട് - അവരുടെ എഴുത്തിന്റെ കലാമൂല്യം കൊണ്ടും സൗന്ദര്യമൂല്യം കൊണ്ടും. അവരോട് രാഷ്ട്രീയമായും നൈതികമായും ഇടഞ്ഞുനിൽക്കുമ്പോൾ തന്നെ അവരുടെ സാഹിത്യത്തെ അക്കാരണത്താൽ തിരസ്‌കരിക്കുന്നത് അഭിലഷണീയമല്ലെന്ന് മാത്രമല്ല ഗാർഹണീയമാണെന്ന് പോലും ഞാൻ കരുതുന്നു. കേരളത്തിൽനിന്നുതന്നെയുള്ള ഉദാഹരണങ്ങൾ നമുക്കാദ്യമെടുക്കാം. അക്കിത്തവും സുഗതകുമാരിയും മുതൽ വിഷ്ണുനാരായണൻ നമ്പൂതിരിയും മാടമ്പും വരെ എനിക്കിഷ്ടപ്പെട്ട എത്രയോ എഴുത്തുകാർ നമ്മുടെ കാലത്തിന്റെ ഏറ്റവും വലിയ ഭീഷണിയുടെ കൂടെ പ്രത്യക്ഷമായോ പരോക്ഷമായോ നിലകൊണ്ടവരാണ്. അതിന്റെ പേരിൽ ഞാനടക്കം അവരെ വിമർശിച്ചുപോന്നിട്ടുമുണ്ട്. പക്ഷെ അവരുടെ സാഹിത്യത്തെ തിരസ്‌കരിക്കാൻ അത് ന്യായമാണോ? അല്ല എന്നാണ് എനിക്ക് തോന്നുന്നത്.’’
‘‘ഒരുനിലയ്ക്ക് നോക്കിയാൽ പൊതുകാര്യങ്ങളിലൊന്നും ഇടപെടാതിരിക്കുകയും അതേസമയം നല്ല സാഹിത്യം രചിക്കുകയും ചെയ്യുന്ന എഴുത്തുകാരേക്കാൾ സാമൂഹികമായി ഉപദ്രവം ചെയ്യുന്നവർ പുരോഗമനത്തിന്റെ പേരിൽ ചില രാഷ്ട്രീയകക്ഷികളുടെ മൂടുതാങ്ങി പദവികളും സ്ഥാനമാനങ്ങളും സംഘടിപ്പിച്ച് നിരന്തരമായി ശബ്ദമലിനീകരണം നടത്തുന്ന എഴുത്തുകാരാണ്. കേരളത്തെ സംബന്ധിച്ച് ഈ വർഗം വലിയൊരു ഇത്തിക്കണ്ണി വിഭാഗമാണ്. നാം അങ്ങേയറ്റം ആദരിക്കുന്ന വലിയ എഴുത്തുകാർ പോലും ഈ കൂട്ടത്തിലുണ്ട്. പറശ്ശിനിക്കടവ് പാമ്പുവളർത്തൽ കേന്ദ്രം തീയിട്ടു നശിപ്പിച്ചപ്പോൾ സി.പി.എമ്മിനെ ന്യായീകരിച്ച് എം. എൻ. വിജയൻ രംഗത്തുവന്നത് ഈ അശ്ലീലതയുടെ ഒരുദാഹരണമാണ്. അതേ വിജയൻ മാഷ് പിന്നീട് അതിന്റെ വിപരീതദിശയിലേക്ക് യാത്ര ചെയ്തതും അതിന്റെ പേരിൽ ശകാരങ്ങളേറ്റുവാങ്ങിയതും നമ്മുടെ സാംസ്‌കാരിക ചരിത്രത്തിന്റെ ഭാഗമാണ്.’’
ഈ കാലത്തും മൗനം പാലിക്കുന്ന
എഴുത്തുകാരെ നാം എങ്ങനെ കാണണം?
ട്രൂ കോപ്പി വെബ്സീൻ പാക്കറ്റ് 84 ൽ വായിക്കാം, കേൾക്കാം