ഷാജഹാൻ മാടമ്പാട്ട്​

ഈ കാലത്തും മൗനം പാലിക്കുന്ന
​എഴുത്തുകാരെ നാം എങ്ങനെ കാണണം?

രാജ്യം ഫാസിസത്തിന്റെ കരാളഘട്ടത്തിലേക്ക് അതിവേഗം ബഹുദൂരം കൂപ്പുകുത്തിക്കൊണ്ടിരിക്കുമ്പോൾ മൗനം പാലിക്കുന്ന, അല്ലെങ്കിൽ പ്രതിലോമപക്ഷത്ത് നിലയുറപ്പിക്കുന്ന എഴുത്തുകാരെ നാമെങ്ങനെ കാണണം? അക്കാര്യത്തിൽ എഴുത്തുകാർക്കു മാത്രമായി ഒരു മാനദണ്ഡം ആവശ്യമുണ്ടോ?

ഴുത്തും രാഷ്ട്രീയവും തമ്മിലുള്ള പാരസ്പര്യം പതിനെട്ടാം നൂറ്റാണ്ടുമുതലെങ്കിലും തുടരുന്ന സംവാദവിഷയമാണ്. ഒരെഴുത്തുകാരനോ എഴുത്തുകാരിയോ രാഷ്ട്രീയകാര്യങ്ങളിൽ, പ്രത്യേകിച്ച് കലുഷവും അപായകരവുമായ ദശാസന്ധികളിൽ, നിലപാട് വ്യക്തമാക്കേണ്ടത് എഴുത്തിന്റെ ധാർമികത പരിരക്ഷിക്കാൻ ആവശ്യമല്ലേ എന്നതാണ് ഇവിടെ മൗലികമായ ചോദ്യം. അതെ എന്ന ഉത്തരം കാര്യങ്ങൾ എളുപ്പമാക്കും, പക്ഷെ പ്രശ്‌നം അതിനേക്കാൾ സങ്കീർണമാണ്.

കക്ഷിരാഷ്ട്രീയം എന്ന പരിമിത അർത്ഥത്തിലല്ല രാഷ്ട്രീയം ഇവിടെ വിവക്ഷിക്കുന്നത്. നിങ്ങൾ രാഷ്ട്രീയത്തിൽനിന്ന് എത്ര അകന്നുനിന്നാലും രാഷ്ട്രീയം നിങ്ങളെ തേടി വന്നുകൊണ്ടേയിരിക്കും എന്നതും ഈ സന്ദർഭത്തിൽ ഓർക്കാവുന്നതാണ്. അതെന്തായാലും എഴുത്തുകാർ രാഷ്ട്രീയം പറയാൻ ബാധ്യസ്ഥരാണോ എന്ന ചോദ്യത്തിന് വസ്തുനിഷ്ഠമായ ഉത്തരം നൽകുക അത്ര എളുപ്പമല്ല. എഴുത്ത് അതിന്റെ സമഗ്രതയിൽ അത്ര ധാർമികമോ കാല്പനികമോ ആയ ഒരു വ്യവഹാരമല്ല എന്നതുതന്നെയാണ് അതിന്റെ അടിസ്ഥാനകാരണം. അതേസമയം, വ്യക്തിപരമായി നമ്മുടെ കാലത്തോട് കലഹികളായി തുടരുകയും പ്രതിലോമതയുടെ സകലശക്തികളോടും എഴുത്തുകൊണ്ടും പ്രസംഗം കൊണ്ടും പോരാടുകയും ചെയ്യുന്ന എഴുത്തുകാരെയാണ് ഞാനേറ്റവും ആരാധിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നത്. അരുന്ധതി റോയ് മുതൽ സക്കറിയ വരെ അത്തരം എഴുത്തുകാരുടെ നീണ്ടനിര നമുക്കിടയിലുണ്ട് എന്നത് ജീവിക്കുന്ന കാലത്തിന്റെ സൗഭാഗ്യമായിത്തന്നെയാണ് ഞാൻ കരുതുന്നത്.

അരുന്ധതി റോയ്, സക്കറിയ
അരുന്ധതി റോയ്, സക്കറിയ

പക്ഷെ, ആ പ്രവണതയുടെ നേരെതിർവശത്തുള്ള, പ്രാതിലോമ്യത്തിന്റെ കുഴലൂത്തുകാരായ പല എഴുത്തുകാരെയും ഞാൻ ഇഷ്ടപ്പെടുന്നുണ്ട് - അവരുടെ എഴുത്തിന്റെ കലാമൂല്യം കൊണ്ടും സൗന്ദര്യമൂല്യം കൊണ്ടും. അവരോട്​രാഷ്ട്രീയമായും നൈതികമായും ഇടഞ്ഞുനിൽക്കുമ്പോൾ തന്നെ അവരുടെ സാഹിത്യത്തെ അക്കാരണത്താൽ തിരസ്‌കരിക്കുന്നത് അഭിലഷണീയമല്ലെന്ന് മാത്രമല്ല ഗാർഹണീയമാണെന്ന് പോലും ഞാൻ കരുതുന്നു. കേരളത്തിൽനിന്നുതന്നെയുള്ള ഉദാഹരണങ്ങൾ നമുക്കാദ്യമെടുക്കാം. അക്കിത്തവും സുഗതകുമാരിയും മുതൽ വിഷ്ണുനാരായണൻ നമ്പൂതിരിയും മാടമ്പും വരെ എനിക്കിഷ്ടപ്പെട്ട എത്രയോ എഴുത്തുകാർ നമ്മുടെ കാലത്തിന്റെ ഏറ്റവും വലിയ ഭീഷണിയുടെ കൂടെ പ്രത്യക്ഷമായോ പരോക്ഷമായോ നിലകൊണ്ടവരാണ്. അതിന്റെ പേരിൽ ഞാനടക്കം അവരെ വിമർശിച്ചുപോന്നിട്ടുമുണ്ട്. പക്ഷെ അവരുടെ സാഹിത്യത്തെ തിരസ്‌കരിക്കാൻ അത് ന്യായമാണോ? അല്ല എന്നാണ് എനിക്ക് തോന്നുന്നത്.

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹാന്മാരായ എഴുത്തുകാരിൽ ഒരാളായിരുന്നു നൈപോൾ എന്ന് വിചാരിക്കുന്ന ഒരാളാണ് ഞാൻ. അദ്ദേഹത്തെ വായിച്ചില്ലായിരുന്നെങ്കിൽ എന്റെ ആന്തരജീവിതം എന്തുമാത്രം ദാരിദ്രമായേനെ എന്നുകരുതുന്ന ഒരാൾ

ലോകസാഹിത്യത്തിലും ഇതേ വൈരുധ്യം നാം അഭിമുഖീകരിക്കേണ്ടി വരും. എസ്രാ പൗണ്ട് മുതൽ വി. എസ്.നയ്‌പോൾ വരെ എത്രയോ എഴുത്തുകാർ. മറ്റു പലരും കരുതുന്ന പോലെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹാന്മാരായ എഴുത്തുകാരിൽ ഒരാളായിരുന്നു നയ്‌പോൾ എന്ന് വിചാരിക്കുന്ന ഒരാളാണ് ഞാൻ. അദ്ദേഹത്തെ വായിച്ചില്ലായിരുന്നെങ്കിൽ എന്റെ ആന്തരജീവിതം എന്തുമാത്രം ദാരിദ്രമായേനെ എന്നുകരുതുന്ന ഒരാൾ. അതേസമയം, തന്റെ സാഹിത്യത്തിന് പുറത്തുള്ള നയ്‌പോൾ പിന്തിരിപ്പനും വംശീയവാദിയും മാനവവിരുദ്ധനും ഒക്കെ ആയ ഒരു ‘കൊസ്രാക്കൊള്ളി'യായിരുന്നു. ആ നയ്‌പോളിൽ ഒരു പുരോഗമനവാദിക്ക് ഇഷ്ടപ്പെടാവുന്ന ഒന്നുമില്ല. പക്ഷെ അദ്ദേഹത്തിന്റെ പ്രാതിലോമ്യം മുഴുവനും സ്ഫുരിക്കുന്ന യാത്രാവിവരണ നോവലിതര കൃതികളെ അവയുടെ ഭാഷാശൈലിയും അവതരണമനോഹാരിതയും മൂലം നാമിഷ്ടപ്പെടുന്നു. അതിന്റെ ഉള്ളടക്കത്തോട് കടുത്ത വിപ്രതിപത്തി പുലർത്തുമ്പോൾ തന്നെ. ഈ സൂക്ഷ്മതലബോധവും ദ്വന്ദ്വമാനവും എഴുത്തിനേയും എഴുത്തുകാരെയും സമീപിക്കുമ്പോൾ അനിവാര്യമാണ്.

ഇതിനൊരു മറുവശവുമുണ്ട്. രാഷ്ട്രീയവും നൈതികവുമായ കാരണങ്ങളാൽ നാമേറെ ഇഷ്ടപ്പെടുന്ന ചില എഴുത്തുകാരുടെ എഴുത്ത് തല്ലിപ്പൊളിയാണെന്ന് നമുക്കഭിപ്രായമുണ്ടാവാം. അവരുടെ രാഷ്ട്രീയത്തെ പുല്കുമ്പോൾ തന്നെ വസ്തുനിഷ്ഠമായി അവരുടെ സാഹിത്യത്തെ സമീപിക്കുകയാണ് ഇക്കാര്യത്തിൽ ബൗദ്ധികസത്യസന്ധതയുള്ള മാർഗം.

വി. എസ്. നയ്‌പോൾ
വി. എസ്. നയ്‌പോൾ

രാഷ്ട്രീയവുമായി ബന്ധപ്പെട്ടു വിലയിലുത്തുമ്പോൾ എഴുത്തുകാരെ നാലായി തരാം തിരിക്കാമെന്ന് തോന്നുന്നു.

തങ്ങളുടെ സാഹിത്യം കൂടാതെ, അത് ചിലപ്പോൾ രാഷ്ട്രീയമാനമുള്ളതാകാം അല്ലാതിരിക്കാം, നിരന്തരം തങ്ങളുടെ കാലത്തെ പ്രശ്ന​ങ്ങളോടും വൃത്തികേടുകളോടും എഴുത്തിലൂടെയും പ്രസംഗത്തിലൂടെയും മറ്റും പ്രതികരിച്ചുകൊണ്ടിരിക്കുന്ന എഴുത്തുകാരാണ് ഇതിൽ ഒരു ന്യൂനപക്ഷം.

രണ്ടാമത്തെ കൂട്ടരും ഇതേകാര്യം ചെയ്യുന്നവരാണ്. പക്ഷെ, തങ്ങളുടെ കാലത്തെ മനുഷ്യവിരുദ്ധ- അനൈതിക പ്രവണതകളുടെ കൂടെ നിൽക്കുന്നവരാണവർ. സംഘപരിവാറിനെ പിന്തുണക്കുന്ന എത്രയോ മലയാളി എഴുത്തുകാർ ഇന്ന് നമുക്കിടയിലുണ്ടല്ലോ. രാഷ്ട്രീയം മാറ്റിനിർത്തുന്നവരല്ല അവർ. രാഷ്ട്രീയത്തെ ആശ്ലേഷിക്കുന്നവർ തന്നെയാണ്.

ലോകസാഹിത്യത്തിലെ കുലപതികളിൽ മഹാഭൂരിഭാഗവും അവരുടെ സാഹിത്യത്തിലും ഏറിക്കഴിഞ്ഞാൽ സാഹിത്യ കലാ സംബന്ധിയായ ഉപന്യാസങ്ങളിലും പ്രസംഗങ്ങളിലും മാത്രം സ്വയം പരിമിതപ്പെടുത്തിയവരാണ്.

മൂന്നാമത്തെ കൂട്ടർ, രാഷ്ട്രീയമായ സകല കാര്യങ്ങളും അവരുടെ സാഹിത്യത്തിൽ പോലും പുറത്തുനിർത്തുന്നവരാണ്. നിക്ഷ്പക്ഷത എന്നവർ കരുതുന്ന പ്രതിലോമപക്ഷത്താണ് അവർ നിലകൊള്ളുന്നത്. കാമുകീകാമുകന്മാർ കടൽത്തീരത്ത് സൂര്യാസ്തമനത്തിലേക്ക് ഹർഷപുളകിതരായി നടന്നു പോകുന്നതോടെ ലോകം സ്‌നിഗ്ദ്ധമധുരമായി എന്നുവിചാരിക്കുന്ന നിഷ്‌കളങ്കർ. വാസ്തവത്തിൽ എല്ലാ നിക്ഷപക്ഷനാട്യങ്ങളും പ്രതിലോമതയുടെ പ്രച്ഛന്നവേഷങ്ങളാണ്.

നാലാമത്തെ കൂട്ടർ തങ്ങളുടെ സാഹിത്യത്തിനുപുറത്ത് പൂർണമൗനം ദീക്ഷിക്കുമ്പോൾത്തന്നെ തങ്ങളുടെ എഴുത്തിലേക്ക് പ്രത്യക്ഷമായോ പരോക്ഷമായോ തങ്ങളുടെ കാലത്തിന്റെ സമസ്യകളെയും വേദനകളെയും ആവാഹിക്കുന്നവരാണ്. ചരിത്രം കണ്ട വലിയ എഴുത്തുകാരിൽ മഹാഭൂരിഭാഗം എഴുത്തുകാരും ഈ വിഭാഗത്തിലാണ്. അവരോട് നിങ്ങൾ മുദ്രാവാക്യം വിളിച്ച് തെരുവിലിറങ്ങണമെന്നോ പ്രസംഗമണ്ഡപത്തിൽ വാചാലരാവണമെന്നോ ആവശ്യപ്പെടുന്നത് ശരിയാകില്ല. എഴുത്ത് മിക്ക എഴുത്തുകാരെ സംബന്ധിച്ചും രതി പോലെ സ്വകാര്യമായ ഒരനുഭൂതിവിശേഷമാണ്. അവരെ അവരുടെ പാട്ടിന് വിടുന്നതാണ് ശരി.

ടോൾസ്റ്റോയ്,ഡോസ്​റ്റോയെവ്​സ്​കി
ടോൾസ്റ്റോയ്,ഡോസ്​റ്റോയെവ്​സ്​കി

ടോൾസ്റ്റോയ് വലിയ നോവലുകളും കഥകളും എഴുതി. അതോടൊപ്പം തന്റെ കാലത്തിന്റെ മുഖ്യസമസ്യകളിലും ഇടപെട്ടു. അതേപോലെ അദ്ദേഹത്തിന്റെ സമകാലികനായ ഡോസ്​റ്റോയെവ്​സ്​കിയും വലിയ നോവലുകളും കഥകളും എഴുതി. രാഷ്ട്രീയവും തത്വചിന്താപരവുമായ ഒട്ടനവധി ലേഖനങ്ങളും കത്തുകളും അദ്ദേഹത്തിന്റേതായി പുറത്തിറങ്ങി. ഇവരെല്ലാം വാസ്തവത്തിൽ ഒരു ന്യൂനപക്ഷമാണ്. ലോകസാഹിത്യത്തിലെ കുലപതികളിൽ മഹാഭൂരിഭാഗവും അവരുടെ സാഹിത്യത്തിലും ഏറിക്കഴിഞ്ഞാൽ സാഹിത്യ കലാ സംബന്ധിയായ ഉപന്യാസങ്ങളിലും പ്രസംഗങ്ങളിലും മാത്രം സ്വയം പരിമിതപ്പെടുത്തിയവരാണ്. അതിന്റെ പേരിൽ അവരെ കുറ്റപ്പെടുത്തുന്നതിൽ കാര്യമില്ല. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഡി. എച്ച്. ലോറൻസ് ജോർജ്ജ് ഓർവെൽ ആവണമെന്ന് വാശി പിടിക്കുന്നത് അനാവശ്യമാണ്. ഓരോ എഴുത്തുകാർക്കും ഒരു നിയോഗമുണ്ട്. ആ നിയോഗത്തിൽ വാചാലതയും ‘ആയിരം നാവുള്ള മൗന'വുമൊക്കെ ഉണ്ടാവാം. അതിന്റെ ഏറ്റക്കുറവുകളുടെ അടിസ്ഥാനത്തിൽ മാത്രം ഒരു എഴുത്തുകാരനെ അല്ലെങ്കിൽ എഴുത്തുകാരിയെ വിലയിരുത്തുന്നത് അനുചിതമാണ്.

തങ്ങളുടെ വാക്കുകൾ സമൂഹത്തിൽ സ്വാധീനം ചെലുത്തുമെന്ന് അറിഞ്ഞിട്ടും മിണ്ടാതിരിക്കുന്ന എഴുത്തുകാരുടെ മൗനം സാധാരണ പൗരന്മാരുടെ മൗനത്തേക്കാൾ അപലപനീയമാണ്

ഈ കാലത്തെ എഴുത്തുകാരെക്കുറിച്ച്​, സവിശേഷമായി

നാം ഈ ചർച്ച നടത്തുന്നത് വളരെ സവിശേഷമായ ഘട്ടത്തിലാണ്. മുകളിൽ പറഞ്ഞ കാര്യങ്ങൾ പൊതുവെ സാഹിത്യത്തെയും എഴുത്തിനെയും വിലയിരുത്തുമ്പോൾ പുലർത്തേണ്ട മാനദണ്ഡങ്ങളെക്കുറിച്ചാണ്. സൗന്ദര്യപരമായി അങ്ങേയറ്റം നിലവാരം പുലർത്തുമ്പോൾ തന്നെ രാഷ്ട്രീയവിമർശനങ്ങൾക്ക് വിധേയമാക്കേണ്ട സൃഷ്ടികൾ ധാരാളമുണ്ട്. മറിച്ചും. പക്ഷെ ഇന്നത്തെ കലുഷമായ കാലത്ത്, രാജ്യം ഫാസിസത്തിന്റെ കരാളഘട്ടത്തിലേക്ക് അതിവേഗം ബഹുദൂരം കൂപ്പുകുത്തിക്കൊണ്ടിരിക്കുമ്പോൾ മൗനം പാലിക്കുന്ന, അല്ലെങ്കിൽ പ്രതിലോമപക്ഷത്ത് നിലയുറപ്പിക്കുന്ന എഴുത്തുകാരെ നാമെങ്ങനെ കാണണം? അക്കാര്യത്തിൽ എഴുത്തുകാർക്കുമാത്രമായി ഒരു മാനദണ്ഡം ആവശ്യമുണ്ടോ?

രണ്ടു തലം ഇതിനുണ്ട്. ഈ ഇരുണ്ട കാലത്ത് മൗനം പാലിക്കുന്ന എല്ലാ പൗരന്മാരും അക്ഷന്തവ്യമായ തെറ്റാണ് ചെയ്യുന്നത്. പൗരസഞ്ചയത്തിലുൾപ്പെട്ട കൂട്ടരായ എഴുത്തുകാർക്കും ഈ നിരീക്ഷണം ബാധകമാണ്. തങ്ങളുടെ വാക്കുകൾ സമൂഹത്തിൽ സ്വാധീനം ചെലുത്തുമെന്ന് അറിഞ്ഞിട്ടും മിണ്ടാതിരിക്കുന്ന എഴുത്തുകാരുടെ മൗനം സാധാരണ പൗരന്മാരുടെ മൗനത്തേക്കാൾ അപലപനീയമാണ് എന്നുകൂടി പറയാം. അതേസമയം, നല്ല എഴുത്തുകാരെ അവർ കടുത്ത രാഷ്ട്രീയനിലപാടുകൾ എടുക്കുന്നില്ല എന്നതിന്റെ പേരിൽ മാത്രം വളഞ്ഞിട്ടാക്രമിക്കുന്നതും അവരുടെ യാഥാർത്ഥത്തിൽ അർഹിക്കുന്ന സാഹിതീയമായ സ്ഥാനം നിഷേധിക്കുന്നതും നിരക്ഷരസ്വഭാവമുള്ള രാഷ്ട്രീയമായി മാറാനാണ് സാധ്യത.

എം. എൻ. വിജയൻ
എം. എൻ. വിജയൻ

ഒരുനിലയ്ക്ക് നോക്കിയാൽ പൊതുകാര്യങ്ങളിലൊന്നും ഇടപെടാതിരിക്കുകയും അതേസമയം നല്ല സാഹിത്യം രചിക്കുകയും ചെയ്യുന്ന എഴുത്തുകാരേക്കാൾ സാമൂഹികമായി ഉപദ്രവം ചെയ്യുന്നവർ പുരോഗമനത്തിന്റെ പേരിൽ ചില രാഷ്ട്രീയകക്ഷികളുടെ മൂടുതാങ്ങി പദവികളും സ്ഥാനമാനങ്ങളും സംഘടിപ്പിച്ച് നിരന്തരമായി ശബ്ദമലിനീകരണം നടത്തുന്ന എഴുത്തുകാരാണ്. കേരളത്തെ സംബന്ധിച്ച്​ ഈ വർഗം വലിയൊരു ഇത്തിക്കണ്ണി വിഭാഗമാണ്. നാം അങ്ങേയറ്റം ആദരിക്കുന്ന വലിയ എഴുത്തുകാർ പോലും ഈ കൂട്ടത്തിലുണ്ട്. പറശ്ശിനിക്കടവ് പാമ്പുവളർത്തൽ കേന്ദ്രം തീയിട്ടു നശിപ്പിച്ചപ്പോൾ സി.പി.എമ്മിനെ ന്യായീകരിച്ച് എം. എൻ. വിജയൻ രംഗത്തുവന്നത് ഈ അശ്ലീലതയുടെ ഒരുദാഹരണമാണ്. അതേ വിജയൻ മാഷ് പിന്നീട് അതിന്റെ വിപരീതദിശയിലേക്ക് യാത്ര ചെയ്തതും അതിന്റെ പേരിൽ ശകാരങ്ങളേറ്റുവാങ്ങിയതും നമ്മുടെ സാംസ്‌കാരിക ചരിത്രത്തിന്റെ ഭാഗമാണ്.

ബുദ്ധിജീവികൾ, ധൈഷണികർ എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ഒരു ‘ഗോത്രം' കേരളത്തിൽ കാര്യമായി നിലവിലില്ല. ഇത്തിക്കണ്ണി ധൈഷണികതയിൽ അഭിരമിക്കുന്ന ഒരു ചെറിയ, സാമൂഹ്യമായും രാഷ്ട്രീയമായും കാര്യമായി യാതൊരു സ്വാധീനശക്തിയുമില്ലാത്ത, ഒരു വിഭാഗമാണവർ.

എഴുത്തുകാർ- ബുദ്ധിജീവികൾ എന്നീ രണ്ടു വിഭാഗങ്ങളെ വേറെവേറെ കാണുന്ന ഒരു കാഴ്ചപ്പാടിലാണ് ഇതുവരെ ഈ ലേഖനത്തിൽ കാര്യങ്ങൾ പറഞ്ഞത്. കേരളത്തിന്റെ പശ്ചാത്തലത്തിൽ ഈ രണ്ടു വിഭാഗങ്ങളെ വേറെ വേറെ തന്നെ കാണണം. സമസ്തജ്ഞാനത്തെയും ഉൾക്കൊള്ളുന്ന പാരാവാരമായി സര്ഗാത്മകരചനകളുടെ സ്രഷ്ടാക്കളെ കാണുന്ന വിചിത്ര സാംസ്‌കാരിക കല്പന ശക്തമായി നിലനിൽക്കുന്ന ഒരു രാജ്യമാണ് കേരളം. സരസ്വതിയുടെ ഒരു മുല മാത്രം കുടിച്ചുചീർത്ത സാംസ്‌കാരിക മേദസ്സാണ് മലയാളിയുടെ സവിശേഷതയെന്ന് തൊണ്ണൂറുകളിൽ സക്കറിയ എഴുതിയിട്ടുണ്ട്. അതുകൊണ്ടു തന്നെ എഴുത്തുകാർ- ബുദ്ധിജീവികൾ എന്ന ഭേദം കുറച്ചുകൊണ്ടു വരേണ്ടതുണ്ടെന്ന എഡ്വേഡ് സഈദിന്റെ വാദം കേരളത്തിന്റെ പശ്ചാത്തലത്തിൽ എത്രമാത്രം സംഗതമാണെന്ന ചോദ്യം ഈ സന്ദർഭത്തിൽ പ്രസക്തമാണ്. ആഗോളീകരണം പ്രബലമായ പുതിയ പൊതുമണ്ഡലത്തിൽ വ്യവഹരിക്കുന്നവരെന്ന നിലയിൽ എഴുത്തുകാരെയും ബുദ്ധിജീവികളെയും ഒരേ മാനദണ്ഡമനുസരിച്ച് വിലയിരുത്തണമെന്നാണ് തന്റെ പ്രസിദ്ധമായ ‘എഴുത്തുകാരുടെയും ബുദ്ധിജീവികളുടെയും പൊതുമണ്ഡലത്തിലെ പങ്ക്' എന്ന ലേഖനത്തിൽ (The Nation, സെപ്റ്റംബർ, 2001) സഈദ് വാദിക്കുന്നത്.

എഡ്വേഡ് സഈദ്
എഡ്വേഡ് സഈദ്

ഒന്നാമതായി, ബുദ്ധിജീവികൾ, ധൈഷണികർ എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ഒരു ‘ഗോത്രം' കേരളത്തിൽ കാര്യമായി നിലവിലില്ല. ഇത്തിക്കണ്ണി ധൈഷണികതയിൽ അഭിരമിക്കുന്ന ഒരു ചെറിയ, സാമൂഹ്യമായും രാഷ്ട്രീയമായും കാര്യമായി യാതൊരു സ്വാധീനശക്തിയുമില്ലാത്ത, ഒരു വിഭാഗമാണവർ. ഇവിടെയുള്ളത് സർഗാസാഹിത്യമെഴുതുന്നവരുടെയും അതിനെ ചുറ്റിപ്പറ്റി മറ്റു രചനകൾ നടത്തുന്നവരുടെയും ഒരു രചനാസമൂഹമാണ്. അവരിൽ തന്നെ പ്രബലമായ ഒരു വിഭാഗം ഭരണകക്ഷിക്ക് പൂർണമായും തലച്ചോറ് പണയം വച്ചവരാണ്. അന്ധമായ പാർട്ടിക്കൂറിനെയാണ് ഇവിടെ പരാമർശിക്കുന്നത്. സംഘ്പരിവാറിനെയടക്കം ഇവർ വിമർശിക്കുന്നതിലുള്ള വലിയൊരു പ്രശ്‌നം അതിന് നൈതികമായ കാമ്പില്ലെന്നതാണ്. തങ്ങളുടെ കക്ഷി ചെയ്ത കൊലയെ (കൊല മാത്രമല്ല ഏത് വൃത്തികേടും) ന്യായീകരിക്കുകയും അത് മറ്റുള്ളവർ ചെയ്യുമ്പോൾ ധാർമികരോഷം കൊള്ളുകയും ചെയ്യുന്നതിന് എന്ത് വിശ്വാസ്യതയുണ്ടാവാനാണ്?

മസ്തിഷ്‌കം ഏതെങ്കിലും രാഷ്ട്രീയപാർട്ടികൾക്കോ മതങ്ങൾക്കോ ജാതിക്കൂട്ടായ്മകൾക്കോ പണയം വയ്ക്കാത്ത, അധികാരത്തോട് സത്യം വിളിച്ചുപറയുന്ന എഴുത്തുകാർ ഒരാദർശസ്വപ്നമാണ്. വലിയൊരു സ്വപ്നമാണത്.

ചുരുക്കത്തിൽ, വസ്തുനിഷ്ഠത കൈവിടാതെ, നീതിയുടെയും ന്യായത്തിന്റെയും പക്ഷത്ത്​, മനുഷ്യപക്ഷത്ത്, അടുത്ത തലമുകൾക്കും ഈ പ്രപഞ്ചത്തെ അവശേഷിപ്പിക്കണമെന്ന പക്ഷത്ത്, നിലയുറപ്പിക്കുന്ന, നട്ടെല്ലോടെ, മസ്തിഷ്‌കം ഏതെങ്കിലും രാഷ്ട്രീയപാർട്ടികൾക്കോ മതങ്ങൾക്കോ ജാതിക്കൂട്ടായ്മകൾക്കോ പണയം വയ്ക്കാത്ത, അധികാരത്തോട് സത്യം വിളിച്ചുപറയുന്ന എഴുത്തുകാർ ഒരാദർശസ്വപ്നമാണ്. വലിയൊരു സ്വപ്നമാണത്. ചരിത്രത്തിലുടനീളം മനുഷ്യരാശി ഹൃദയത്തിൽ ചേർത്തുപിടിച്ച പൊൻകിനാവാണത്.

മുമ്പ് പരാമർശിച്ച ലേഖനത്തിൽ സഈദ്, പാസ്‌കൽ കാസനോവയെ ഉദ്ധരിച്ച് ബെക്കറ്റിനെയും ജോയ്സിനേയും ഉദാഹരിച്ച് അത്തരം എഴുത്തുകാരെക്കുറിച്ച് നൽകുന്ന ഒരു വിവരണമുണ്ട്; ‘തങ്ങളുടെ ഭാഷയെയും അക്ഷരവിന്യാസക്രമത്തെയും രാഷ്ട്രത്തിന്റെയോ മറ്റു വ്യവസ്ഥകളുടെയോ നിയമങ്ങൾക്ക് അടിയറ വയ്ക്കാത്ത' എഴുത്തുകാരെയാണ് സഈദ് ആദർശവൽക്കരിക്കുന്നത്.

അത്തരം എത്ര എഴുത്തുകാർ നമുക്കുണ്ട്? ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


ഷാജഹാൻ മാടമ്പാട്ട്​

സാംസ്​കാരിക വിമർശകൻ, കോളമിസ്​റ്റ്​. ഇംഗ്ലീഷിലും മലയാളത്തിലും എഴുതുന്നു. ധിഷണയും വെളിപാടും, ജെ.എൻ.യുവിലെ ചുവർ ചിത്രങ്ങൾ, God is Neither a Khomeini nor a Mohan Bhagwat: Writings against Zealotryഎന്നിവ പ്രധാന കൃതികൾ

Comments