ബുറവി കടലിൽ ആഘാതമുണ്ടാക്കില്ല,
ഓഖിയെപ്പോലെ പേടിക്കേണ്ടതില്ല
ബുറവി കടലിൽ ആഘാതമുണ്ടാക്കില്ല, ഓഖിയെപ്പോലെ പേടിക്കേണ്ടതില്ല
ബുറവി ചുഴലിക്കാറ്റ് ഡിസംബർ മൂന്നോടെ കേരളതീരത്തോടടുത്തുവരുമ്പോൾ ഓഖിയുടെ സമയത്തുണ്ടായതുപോലുള്ള ആശങ്കകൾക്കും അനിശ്ചിതത്വത്തിനും വകയില്ല എന്നുവേണം കരുതാൻ. എന്നാൽ തെക്കൻ കേരളത്തിൽ ശക്തമായ കാറ്റും അതിശക്തമായ മഴയും പ്രതീക്ഷിക്കാം
1 Dec 2020, 05:04 PM
കേരളത്തെ സംബന്ധിച്ച് "ഓഖി’ എന്നത് ചുഴലിക്കാറ്റിന്റെ പര്യായ പദമായി മാറിക്കഴിഞ്ഞു. 2017 നവംബർ 3ന് ഇന്ത്യയുടെ തെക്കൻ തീരദേശ ഗ്രാമങ്ങളിൽ ഭീതിയും ദുരന്തവും പരത്തി കടന്നുപോയ ഓഖിയുടെ മൂന്നാം ഓർമദിനത്തിൽ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ചുഴലിക്കാറ്റ് രൂപമെടുക്കുന്നതും അതിന്റെ സഞ്ചാര പാത കേരള തീരത്തിനോട് അടുത്തുവരുന്നതും, യാദൃശ്ചികമായിരിക്കാം.
ബുറവി എന്ന ചുഴലിക്കാറ്റ് ഇപ്പോൾ ശ്രീലങ്കയുടെ കിഴക്കു ഭാഗത്തുനിന്ന്വടക്കൻ തീരം ലക്ഷ്യമാക്കി നീങ്ങുകയാണ്. നവംബർ 28ന് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദമായി രൂപപ്പെട്ട ഈ ചുഴലിക്കാറ്റ് ഡിസംബർ രണ്ടോടെ വടക്കൻ ശ്രീലങ്കയുടെ മുകളിൽക്കൂടി കടന്ന് തെക്കൻ തമിഴ്‌നാട് തീരത്തോട് അടുത്തുവരികയും ഡിസംബർ മൂന്നോടെ കേരളത്തിന്റെയും തമിഴ്‌നാടിന്റെയും തെക്കൻ തീരപ്രദേശത്തിനടുത്തുകൂടി ശ്രീലങ്കയുടെ പടിഞ്ഞാറുഭാഗത്തും ഇന്ത്യയുടെ തെക്കൻ തീരത്തിന് തെക്കുഭാഗത്തുമുള്ള കോമോറിന് ഭാഗത്ത് മണിക്കൂറിൽ 60- 70 കിലോമീറ്റർ വരെ വേഗതയുള്ള ചുഴലിക്കാറ്റായി പ്രവേശിക്കാനാണ് സാധ്യത.
ഈ അവസരത്തിൽ ഓഖി വന്ന സമയത്തേതുപോലുള്ള വലിയ ഭീതിയുടെ ആവശ്യമില്ല. അതിന് മൂന്നു കാരണങ്ങളുണ്ട്. ഒന്ന്, ഓഖിയിൽ മുന്നൂറിലധികം ജീവൻ നഷ്ടപ്പെട്ടതും നൂറിലധികം മത്സ്യത്തൊഴിലാളികളെ കാണാതായതും കടലിലാലായിരുന്നു. കരയിൽ ഇതിനോടനുബന്ധിച്ച് ഒരു മരണം പോലും ഉണ്ടായില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. രണ്ട്, 2017 നവംബർ 29 ന് ഓഖി ന്യുനമർദ്ദമായി രൂപപ്പെടുകയും അതേദിവസം അതിതീവ്ര ന്യുനമർദ്ദമാകുകയും അന്ന് അർദ്ധ രാത്രിയോടെ ചുഴലിക്കാറ്റാകുകയും ചെയ്തു. അതായത്, ഓഖിയുടെ സമയത്ത് ചുഴലിക്കാറ്റിന്റെ തീവ്രമാക്കൽ പ്രക്രിയ നടന്നത് ദ്രുതഗതിയിലായിരുന്നു. മൂന്ന്, ഒറ്റ ദിവസം കൊണ്ട് കേരളതീരത്തിനടുത്തുവച്ച് ദ്രുതഗതിയിൽ ഓഖി രൂപം കൊണ്ടപ്പോൾ മുൻകരുതലെടുക്കാൻ സമയം തീരെ കുറവായിരുന്നു. ഇതുമൂലം, കടലിൽ കൂടുതൽ ജീവനുകൾ നഷ്ടപ്പെടാൻ കാരണമായി.

എന്നാൽ, ഓഖിയിൽനിന്ന് വിപരീതമായി ബുറവി ചുഴലിക്കാറ്റ് ന്യൂനമർദ്ദമായി രൂപംകൊണ്ടത് നവംബർ 28 നും അത് ചുഴലിക്കാറ്റായി മാറുന്നത് ഡിസംബർ ഒന്നിനുമാണ് . അതായത്, ഓഖിയുടെ സമയത്ത് ഒരു ദിവസം കൊണ്ട് കൈവരിച്ച വേഗതാ വർധന ബുറവിയിൽ നടന്നത് മൂന്നു ദിവസം കൊണ്ടാണ് എന്നത് ഓഖിയെയും ബുറവിയെയും വ്യത്യസ്തമാക്കുന്നു. ചുഴലിക്കാറ്റായി രൂപം പ്രാപിച്ചശേഷം രണ്ടു ദിവസം കൂടി കഴിഞ്ഞാണ് അത് കേരള തീരത്തേക്ക് അടുക്കുന്നതും എന്നതും പ്രധാനമാണ്. ഈ സമയത്തിനുള്ളിൽ ആഴക്കടൽ മത്സ്യബന്ധനത്തിലേർപ്പെട്ടിരുന്നവർക്ക് ഡിസംബർ ഒന്നിനുമുൻപായി തിരികെ തീരത്ത് എത്താൻ കർശന നിർദ്ദേശം കൊടുക്കുവാൻ സാധിച്ചു എന്നതും പ്രധാനമാണ്. അതുകൊണ്ട്, ഓഖി സമയത്ത് ഉണ്ടായതുപോലെ വലിയ ആഘാതം കടലിൽ പ്രതീക്ഷിക്കുന്നില്ല. കടലിൽ ഒരു ജീവൻ പോലും നഷ്ടപ്പെടില്ല എന്ന് കരുതാം. ബുറവി ഇന്ത്യയുടെ തെക്കൻ കടലിൽ കോമോറിന് ഭാഗത്തേക്ക് പ്രവേശിക്കുമ്പോൾ ചുഴലിക്കാറ്റിന്റെ തീവ്രത അല്പം കുറയാൻ സാധ്യതയുള്ളതിനാൽ, ഓഖി ഉണ്ടാക്കിയതുപോലുള്ള വലിയ നാശനഷ്ടങ്ങൾക്കും വഴിയില്ല.

ഓഖിയുടെ സമയത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചന സംവിധാനങ്ങളെ പറ്റി ആക്ഷേപമുയരുകയും മറ്റു അന്താരാഷ്ട്ര ഏജൻസികൾ ഓഖി വളരെ മുന്നേ പ്രവചിച്ചിരുന്നു എന്ന തരത്തിൽ തെറ്റിദ്ധാരണകൾ ഉയരുകയും ചെയ്തിരുന്നു. അതിനാൽ, പ്രവചനങ്ങളെ പറ്റി കൂടി സൂചിപ്പിക്കാം. മറ്റ് അന്താരാഷ്ട്ര ഏജൻസികൾ ബുറവിയുടെ സാധ്യതകൾ പ്രവചിക്കുന്നതിന് രണ്ടു ദിവസം മുൻപേ കേന്ദ്ര കാലാവസ്ഥാവകുപ്പ് ഇതിനെ പറ്റി സൂചന നൽകിയിരുന്നു. ഓഖിയുടെ സമയത്തും കേന്ദ്ര കാലാവസ്ഥാ വകുപ്പും മറ്റു അന്താരാഷ്ട്ര ഏജൻസികളും രണ്ടു ദിവസം മുൻപാണ് സൂചന നൽകിത്തുടങ്ങിയത് എന്നുമാത്രം ഈ അവസരത്തിൽ സൂചിപ്പിക്കുകയാണ്.

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ചുഴലിക്കാറ്റ് മുന്നറിയിപ്പുകൾ മറ്റു അന്താരാഷ്ട്ര ഏജൻസികളേക്കാൾ മെച്ചപ്പെട്ടതാണെന്ന് ലോക കാലാവസ്ഥ സംഘടനയായ World Metrological Agency തന്നെ വ്യക്താക്കിയിട്ടുള്ളതാണ്. കഴിഞ്ഞ പത്തു വർഷത്തെ ചുഴലിക്കാറ്റുകൾ പരിശോധിച്ചാൽ ജീവനാശം കുറച്ചു നിർത്തുവാൻ സാധിച്ചത് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകുന്ന കൃത്യതയാർന്ന പ്രവചനങ്ങളിലൂടെയാണെന്നും മനസിലാക്കാൻ കഴിയും.

ബുറവി ചുഴലിക്കാറ്റ് ഡിസംബർ മൂന്നോടെ കേരളതീരത്തോടടുത്തുവരുമ്പോൾ ഓഖിയുടെ സമയത്തുണ്ടായതുപോലുള്ള ആശങ്കകൾക്കും അനിശ്ചിതത്വത്തിനും വകയില്ല എന്നുവേണം കരുതാൻ. എന്നാൽ തെക്കൻ കേരളത്തിൽ ശക്തമായ കാറ്റും അതിശക്തമായ മഴയും പ്രതീക്ഷിക്കാം. അതിനുള്ള മുൻകരുതലുകൾ സർക്കാർ സംവിധാനം ഒരുക്കിയിട്ടുണ്ട്. എന്നാൽ, ഡിസംബർ രണ്ടു മുതൽ നാലുവരെ തെക്കൻ കേരളത്തിലും ഇടുക്കി, പത്തനംതിട്ട ജില്ലകളിലും ജാഗ്രത പുലർത്തേണ്ടതാണ്.
കാലാവസ്ഥാ ശാസ്ത്രജ്ഞന്‍, കുസാറ്റ്.
ഡോ.എസ്. അഭിലാഷ്
Mar 16, 2023
8 Minutes Watch
Truecopy Webzine
Aug 01, 2022
5 Minutes Read
കെ.വി. ദിവ്യശ്രീ
May 18, 2022
6 Minutes Watch
ഡോ.എസ്. അഭിലാഷ് / ടി.എം. ഹർഷന്‍
Oct 19, 2021
40 Minutes Watch
ഡോ.എസ്. അഭിലാഷ്
Jul 09, 2021
4 Minutes Read
Truecopy Webzine
May 24, 2021
2 Minutes Read
ഡോ.എസ്. അഭിലാഷ്
May 14, 2021
1 Minutes Read