truecoppy
MORE
Truecopy Home
Readers
are
Thinkers

Wednesday, 29 March 2023

truecoppy
Truecopy Logo
Readers are Thinkers

Wednesday, 29 March 2023

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
Image
the-fall-of-democracy
Image
the-fall-of-democracy
https://truecopythink.media/t/the-fall-of-democracy
Daivakkaru

Novel

ചിത്രീകരണം: വിപിൻ വടക്കിനിയിൽ

പൊന്നനും അഴകനും 

പൊന്നനും അഴകനും 

"മുറിപ്പെടാതെ ചോര പൊടിയാതെ ഒരു ദൈവജീവിതം ഈ മണ്ണില്‍ സാദ്ധ്യമല്ല. എന്റെ ശരീരത്തില്‍ കാണുന്ന ശോണരേഖകളത്രയും ഞാന്‍ താണ്ടിയ ദൂരങ്ങളാണ്. എന്റെ തന്നെ വഴികള്‍. നൂറ്റിയെട്ട് ഭിന്നങ്ങളായാണ് ഈ ശരീരം ഛേദിക്കപ്പെട്ടത്. ഇന്നോളം ഒരു മനുഷ്യനും അനുഭവിക്കാത്ത മരണമായിരുന്നു എന്റേത്." - എച്ച്& സി ബുക്സ് ഡയമണ്ട് ജൂബിലി സംസ്ഥാന നോവൽ പുരസ്കാരത്തിനർഹമായ വി.കെ. അനില്‍കുമാറിന്റെ 'ദൈവക്കരു' എന്ന നോവലില്‍ നിന്ന് ഒരു അധ്യായം. ദൈവക്കരു പ്രസാധനം എച്ച്& സിബുക്സ് തൃശൂർ

10 Jan 2023, 04:45 PM

വി. കെ. അനില്‍കുമാര്‍

ഇത് ദൈവം മുന്നില്‍നിന്നും നയിക്കുന്ന യാത്രയുടെ വിചാരമാണ്. മനുഷ്യനും മൃഗങ്ങളും എന്നോ തുടങ്ങിയ യാത്ര. അതിന്നും തുടരുകയാണ്. ഒന്നില്‍നിന്നും മറ്റൊന്നിലേക്കുള്ള ജീവിതത്തിന്റെ പെരുക്കം പോലെ. സ്ഥലകാലസീമകള്‍ക്കപ്പുറത്തേക്കാണ് ഈ പ്രയാണം. വഴിത്താരകള്‍ ജന്മാന്തരങ്ങളായി തെറ്റിപ്പോകാത്ത ജനിതകരേഖകളാണ്. ആരും വഴിപറഞ്ഞു തരേണ്ടതില്ല. ഒന്നില്‍നിന്ന് പലതാകുന്ന നൂറുനൂറുവഴികളുടെ സങ്കീര്‍ണ്ണതകള്‍. മൃതിയുടെ വായപിളര്‍ന്ന ഭയാനകമായ കൊല്ലികള്‍. മരണത്തിലേക്കു വലിച്ചുകൊണ്ടുപോകുന്ന ചെങ്കുത്തായ കയറ്റങ്ങള്‍. കാലൊന്ന് പിഴച്ചാല്‍ കാണാതാകുന്ന ആഴങ്ങളുടെ കയങ്ങള്‍. വിഭ്രാന്തിയുടെ വിജനാരണ്യകങ്ങള്‍. ഒരു ഹൃദയത്തില്‍ നിന്നും പുറപ്പെട്ട് പലതായിപ്പടരുന്ന ധമനികള്‍പോലെ ഏത് വഴിയും ലക്ഷ്യത്തിലേക്കു തന്നെയാണ്. അല്ലെങ്കിലും വഴികള്‍ എന്ന ഒന്നില്ലല്ലോ. നടക്കുന്നതാണ് വഴികള്‍. നടക്കുമ്പോഴാണ് വഴികള്‍ രൂപപ്പെടുന്നത്. നടത്തമെന്ന ചോരയോട്ടത്തിലെ ചാലകത്വമാണ് വഴികള്‍. ഇതിലേ ഇതിലേ എന്ന് നടന്നുനടന്ന് കാലുകള്‍ ഭൂമിക്കു മുകളില്‍ വഴികളെ രേഖപ്പെടുത്തുന്നു.

എന്റെ പേര് പൊന്നന്‍, എന്റെ പേര് അഴകന്‍. എരുതുകള്‍ ദൈവത്തിന് തങ്ങളെ പരിചയപ്പെടുത്തി. പൊന്നും അഴകുമില്ലെങ്കിലും മനുഷ്യര്‍ ഞങ്ങള്‍ക്ക് പേരിടുന്നതങ്ങനെയാണ്. എല്ലാമറിയുന്ന നിനക്ക് ഞങ്ങളുടെ പേരും അറിയാതിരിക്കില്ല. പൊന്നന്‍ ചിരിച്ച് മണികിലുക്കി. കാളക്കുട്ടികളേ നിങ്ങള്‍ക്ക് തെറ്റി. എല്ലാമറിയുവാന്‍ ദൈവത്തിന് കഴിയില്ല. പരിമിതപ്പെട്ട അറിവുതന്നെയാണ് ദൈവം. നീ വരുമെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. എത്രയോ കാലങ്ങളായി ഈ ചുമടുംതാങ്ങി ഞങ്ങള്‍ മലകയറുകയും ഇറങ്ങുകയും ചെയ്യുന്നു. എത്രയോ മനുഷ്യരിലൂടെ ഞങ്ങള്‍ കടന്നുപോയി. എല്ലാവരും ഞങ്ങളെ സ്നേഹിച്ചു, ചിലര്‍ മാത്രം കൂടുതല്‍ സ്നേഹിച്ചു. പക്ഷേ എല്ലാവരും ഒരുപോലെ ചെയ്ത കാര്യമുണ്ട്. ദൈവത്തിന് അതറിയുമോ...? അഴകന്‍ ദൈവത്തിന്റെ ഉള്ളിലേക്കു നോക്കി. ഞങ്ങളെ മനുഷ്യന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടി നിര്‍ദ്ദയം മര്‍ദ്ദിച്ചു. ഞങ്ങളെ ശിക്ഷിക്കുന്നതിന് യാതൊരു കാരണവുമുണ്ടായിരുന്നില്ല.  

daivakkaru

കണ്ടിയില്‍ ചുങ്കസ്ഥാനം, കപ്പയന്‍കുന്ന്, പാറയംതാമളം, പടുത്തപാറക്കൊല്ലിയേറ്റം, കൊല്ലിപ്പുഴ, മുതലക്കല്ല്, ഞെട്ടിയോട്പുതുച്ചൊരം... പൊന്നനും അഴകനും ദൈവവും മലയടിവാരത്തൂടെ കാറ്റുകൊണ്ട് നടന്നു. ഈ വഴികളൊക്കെ സങ്കടങ്ങളിലേക്കാണ്. കൊല്ലിയും ചൊരവും താമളവും നിരവും ചാലും തോടും പുഴയും സങ്കടങ്ങളില്‍നിന്നു തുടങ്ങുകയും സങ്കടങ്ങളില്‍ച്ചെന്നവസാനിക്കുകയും ചെയ്യുന്നു. യാത്രകളുടെയും പെരിയകളുടെയും ഉടയോനായ ചങ്ങാതീ നീയിതു കണ്ടോ. പൊന്നനും അഴകനും ഒരുപോലെ ദൈവത്തിനോട് ചോദിച്ചു. എന്താണ് കാണേണ്ടത്? അലച്ചിലുകളുടെ ദൈവം തിരിഞ്ഞുനിന്നു. നീ ഞങ്ങളുടെ തൊലിപ്പുറത്തേക്കുനോക്കൂ. ദൈവങ്ങളും മനുഷ്യരും  അനുഭവിച്ച ആനന്ദങ്ങളാണ് ഞങ്ങളുടെ തൊലിപ്പുറത്ത് ഈ തിണര്‍ത്തുകിടക്കുന്നത്.

ALSO READ

ബാങ്ക് വിളിക്കുന്ന മണവാട്ടിത്തെയ്യം ഒരു സമയകാഹളം കൂടിയാണ്​

ഞെട്ടിയോട്പുതുച്ചൊരം കേറി പൊന്നനും അഴകനും നിന്നു. ദൈവം എരുതുകളുടെ പുറത്തേക്ക് നോക്കി. മര്‍ദ്ദനത്തിന്റെ അടയാളങ്ങളില്ലാത്ത ഒരു സ്ഥലം പോലുമില്ല കാളകളുടെ ശരീരത്തില്‍. അനന്തകാലമായുള്ള പീഢകള്‍ വെളുത്ത തൊലിപ്പുറത്ത് പകര്‍ത്തിവെച്ചിട്ടുണ്ട്. ദൈവം ഒന്നും പറഞ്ഞില്ല. കരുണാര്‍ദ്രമായ കണ്ണുകളോടെ പൊന്നനെയും അഴകനെയും നോക്കി പുഞ്ചിരിച്ചു. ഗദ്ഗദത്തോടെ ദൈവം പ്രതിവചിച്ചു. ഉറ്റവരായ മൃഗജാതികളേ നിങ്ങള്‍ എന്റെ ശരീരത്തിലേക്കുനോക്കൂ. ദൈവം പൊന്നന്റെയും അഴകന്റെയും മുന്നില്‍ നെഞ്ചുവിരിച്ചു. ഇത്രയും മുറിവുകള്‍ നിനക്കെവിടെ നിന്നും കിട്ടി. കൊത്തിക്കീറിക്കോറിവരഞ്ഞ ദൈവശരീരം കണ്ട് കാളകള്‍ അതിശയിച്ചു. ഞങ്ങളുടെ മുറിവുകള്‍ എത്രയോ നിസ്സാരം. ഇത്രയും മുറിവുകള്‍ ഒരുശരീരത്തില്‍ കാണുന്നത് ആദ്യമായിട്ടായിരുന്നു. ഭൂമിയില്‍ ഏറ്റവും വലിയ പീഡയനുഭവിക്കുന്നത് ഞങ്ങള്‍ മൃഗജാതികളാണെന്നാണ് വിചാരിച്ചത്. പക്ഷേ ഇതങ്ങനെയല്ലല്ലോ. കൊത്തിനുറുക്കാത്തതായി ഒരിടംപോലുമുണ്ടായിരുന്നില്ല. പൊന്നനും അഴകനും നോക്കിക്കൊണ്ടിരിക്കെ ദൈവശരീരത്തില്‍ തലങ്ങും വിലങ്ങും പടര്‍ന്ന മുറിവടയാളങ്ങള്‍ മെല്ലമെല്ലെ ചോന്നു. സഹനത്തിന്റെ പൂര്‍വ്വകാലത്തേക്കുള്ള വഴിത്താരകളായി ദൈവശരീരത്തില്‍ ചോരച്ചാലുകള്‍ തെളിഞ്ഞു. 

എരുതുകളുടെയും ദൈവത്തിന്റെയും കണ്ണുകള്‍ നിറഞ്ഞു. ഇത് എന്തിനു വേണ്ടിയുള്ള ശിക്ഷയായിരുന്നു. മൃഗം ദൈവത്തിനോട് ചോദിച്ചു. ഇത് സ്നേഹത്തിന് വേണ്ടി. ഒരാള്‍ മറ്റൊരാള്‍ക്ക് വേണ്ടി ബാക്കിവെക്കുന്നത് ഈ മര്‍ദ്ദിതശരീരം കൂടിയാണ്. സ്നേഹത്തിന് വേണ്ടി മുറിപ്പെട്ട് ദൈവമായവനാണ് ഞാന്‍. ഈ മുറിവുകളിലൂടെ മാത്രമേ ദൈവത്തിന് മണ്ണിലേക്ക് നടക്കാനാകൂ. ഈ മുറിവുകള്‍ സ്നേഹത്തിലേക്കും നീതിയിലേക്കുമുള്ള വഴികളാണ്. മുറിപ്പെടാതെ ചോര പൊടിയാതെ ഒരു ദൈവജീവിതം ഈ മണ്ണില്‍ സാദ്ധ്യമല്ല. എന്റെ ശരീരത്തില്‍ കാണുന്ന ശോണരേഖകളത്രയും ഞാന്‍ താണ്ടിയ ദൂരങ്ങളാണ്. എന്റെ തന്നെ വഴികള്‍. നൂറ്റിയെട്ട് ഭിന്നങ്ങളായാണ് ഈ ശരീരം ഛേദിക്കപ്പെട്ടത്. ഇന്നോളം ഒരു മനുഷ്യനും അനുഭവിക്കാത്ത മരണമായിരുന്നു എന്റേത്. നൂറ്റിയെട്ടേഴ് കഷണങ്ങളാക്കി എന്റെ ശരീരത്തെ ഈ മണ്ണില്‍ത്തന്നെയെറിഞ്ഞു. പശിമയുള്ള മണ്ണില്‍ എറിയുന്ന വിത്തുകള്‍ പോലെ. എനിക്ക് മുളച്ചുപൊന്താതിരിക്കാനാകില്ല. ഞാന്‍ ദൈവമാണ്. എല്ലാ നന്മകളുടെയും അപ്പുറമുള്ള പീഡകളുടെ, സഹനത്തിന്റെ, തിരസ്‌കാരത്തിന്റെ എരിഞ്ഞുതീരലിന്റെ ദൈവം...

daivakkaru
ചിത്രീകരണം : വിപിൻ വടക്കിനിയിൽ

ദൈവവും കാളകളും കണ്ണില്‍ക്കണ്ണില്‍ നോക്കി. സങ്കടം സങ്കടത്തെ കണ്ടു. മൃഗവും ദൈവവും ഒരുപോലെ കരഞ്ഞു. കണ്ണീര്‍ ധാരധാരയായൊഴുകി. തങ്ങളെക്കാള്‍ സഹിക്കുന്നവര്‍ ഈ ഭൂമിയിലുണ്ടെന്നത് കാളകള്‍ക്ക് പുതിയ അറിവായിരുന്നു. സഹനത്തിന് വേണ്ടി മാത്രമാണ് ഞങ്ങളുടെ ജീവിതമെന്നാണ് ഇതുവരെ വിചാരിച്ചത്. ഈ ഭൂമിയില്‍ എത്രതരം സഹനങ്ങളാണ്. അറ്റമില്ലാത്ത പീഡാനുഭവങ്ങള്‍. മണ്ണുനഷ്ടപ്പെട്ടവര്‍, മാനം നഷ്ടപ്പെട്ടവര്‍, കുടിയിറക്കപ്പെട്ടവര്‍. തങ്ങളെക്കാള്‍ ദു:ഖങ്ങളനുഭവിക്കുന്നവരുടെ ഭൂമി. പലായനത്തിന്റെയും അലച്ചിലിന്റെയും അനന്തമായ ദു;ഖങ്ങള്‍. അശാന്തിയുടെ വാഗ്ദത്തഭൂമികള്‍...

പൊന്നനും അഴകനും ഇതില്‍ക്കൂടുതല്‍ സന്തോഷമില്ല. മനുഷ്യന്‍ എന്നെങ്കിലുമാലോചിച്ചിട്ടുണ്ടോ ഞങ്ങള്‍ മൃഗങ്ങളുടെ സങ്കടങ്ങളെക്കുറിച്ച്. മലനാട്ടില്‍നിന്നും കൊടകുമലയിലേക്കുള്ള ഈ യാത്ര എന്നു തുടങ്ങിയതാണെന്നറിയില്ല. മണ്ണില്‍ പിറന്നുവീഴുന്ന ഓരോ എരുതിന്റെ പുറത്തും സഹനത്തിന്റെ  അടയാളങ്ങളുണ്ടായിരുന്നു. ക്രൂരമായി മര്‍ദ്ദിക്കപ്പെടുന്നതിന് മുമ്പേതന്നെ അതിന്റെ അടയാളങ്ങളുമായി മണ്ണില്‍ പിറന്നവരാണ് ഞങ്ങള്‍. എരുതുകള്‍ ദൈവത്തോട് പറഞ്ഞു. നീ സങ്കടങ്ങളിലേക്ക് സാന്നിദ്ധ്യപ്പെടുമ്പോള്‍ ഞങ്ങളെയും കൂടെക്കൊണ്ടുപോകണം. സങ്കടങ്ങളോടൊപ്പം ചേര്‍ന്നുനില്ക്കാനും സങ്കടങ്ങളെപ്പകുക്കാനും ഞങ്ങള്‍ക്കും കഴിയും. ചാണകം കെട്ടിക്കിടക്കുന്ന യജമാനന്മാരുടെ കരക്കയില്‍ ഞങ്ങളെ തളച്ചിടരുത്. ദൈവം നനവൂറുന്ന ചിരിയിലൂടെ പ്രതിവചിച്ചു.  പൊന്നാ... അഴകാ.. നിങ്ങള്‍ മുങ്ങിനിവര്‍ന്നത് പുതിയ സ്നേഹത്തിലാണ്. നിങ്ങള്‍ നടക്കുന്നത് പുതുചരിത്രത്തിലേക്കാണ്. നിങ്ങള്‍ ചുരംകീയുന്നത് പുതുജീവിതത്തിലേക്കാണ്. 

ALSO READ

ഡിസംബർ രാത്രികൾ പറയുന്നു; കളിയിൽ എതിരാളിയേയുള്ളു, ശത്രുവില്ല

പുതുച്ചൊരമിറങ്ങുന്ന എന്റെ ജീവിതത്തില്‍ എന്നും നിങ്ങളുണ്ടാകും. എന്റെ കഠിനജീവിതം പാടിയാടുന്നവര്‍ക്ക് നിങ്ങളെച്ചേര്‍ത്ത് പാടാതിരിക്കാനാകില്ല. നിങ്ങളുടെ പുറത്തെ ഭാരമേറിയ പേറിലാണ് ഞാനെന്റെ  ദൈവമുദ്രകള്‍ കണ്ടത്. ധനമോഹികളായ നിങ്ങളുടെ ചന്തവാണിഭക്കാരിലല്ല. സഹനം തിണര്‍ത്ത നിങ്ങളുടെ മുതുവത്ത് വര്‍ദ്ധിച്ച ഭാരമേല്പിക്കാന്‍ എനക്കാകുമോ എന്നാണ് നിങ്ങളുടെ യജമാനന്മാര്‍ എന്നെ പരീക്ഷിച്ചത്. അവരുടെ മോഹങ്ങളിലേക്കോ പ്രാര്‍ത്ഥനകളിലേക്കോ അല്ല ഞാന്‍ ഉലകീയുന്നത്. മലനാട് ഇനിമുതല്‍ എന്റെ സഹനത്തിന്റെ ഇടയിലോകമാണ്. എനിക്കിനി മേലുലകമില്ല. പക്ഷേ എനക്കീ തണ്ടയാന്മാര് വേണം. എന്റെ വേദനകള്‍ക്കിനി ഇവരായിരിക്കും കാവക്കാര്‍. എന്റെ തിരുവപ്പനക്കോലം നാളെ പീഡനമേറ്റുവാങ്ങുന്ന മനുഷ്യന്റെ ആവിഷ്‌കാരമായി എന്റെ ജീവിതത്തെ മാറ്റിയെഴുതും. മലനാട്ടിലെ കഷ്ടതയനുഭവിക്കുന്നവര്‍ അവരവരുടെ വീട്ടുമുറ്റത്ത് അംഗുലീപരിമിതനായ എന്നെക്കൂടിക്കാണും. കഥയായും ജീവിതമായും ചരിത്രമായും നേരനുഭവമായും.... അവരവരുടെ ജീവിതത്തോടൊപ്പം കാലാതീതമായി മുറിഞ്ഞുവീണ എന്റെ ദൈവശരീരത്തെ ചേര്‍ത്തുവെക്കും. മനുഷ്യവ്യവഹാരത്തിലെ ഹിംസയും കരുണയും കൊണ്ടാണ് എന്നെ നിര്‍മ്മിച്ചിരിക്കുന്നത്. ഈ ദ്വൈതങ്ങള്‍ ഭൂമിയില്‍ നിലനില്ക്കുന്നിടത്തോളം എന്റെ ജീവിതം പ്രസക്തമാണ്.

പൊന്നനും അഴകനും വലിയ സന്തോഷമായി. അവര്‍ ദൈവത്തിന്റെ വാക്കുകള്‍ ശ്രദ്ധാപൂര്‍വ്വം കേട്ടു. ഈ ഭൂമിയില്‍ ഇങ്ങനെയും ഒരു ദൈവദര്‍ശനം അനിവാര്യമാണ്. സര്‍വ്വപ്രതാപിയായ, ആര്‍ക്കുമാര്‍ക്കും പരാജയപ്പെടുത്താനാകാത്ത വിശുദ്ധ ദൈവങ്ങളും അവരുടെ പുരോഹിതരും നാള്‍ക്കുനാള്‍ ഈ മണ്ണിലെ ജീവിതം ദുസ്സഹമാക്കുമ്പോള്‍ ഇങ്ങനെയും ഒരു രണവീരന്‍, മലദൈവം നമുക്കാവശ്യമാണ്. ചിലതിനെ നിശ്ശബ്ദമാക്കാന്‍ ചിലതിനെ നിര്‍വീര്യമാക്കാന്‍ ഇങ്ങനെ പിടഞ്ഞൊടുങ്ങിയവനേ കഴിയൂ. ഇവന്റെ സഹനങ്ങള്‍ക്കു പകരമില്ല. മൃഗങ്ങളുടെ മനോവ്യാപാരങ്ങള്‍ അതിരുകടന്ന് അവര്‍ക്കുമുന്നേ സഞ്ചരിച്ചു. 

daivakkaru
ചിത്രീകരണം : വിപിൻ. ടി. പലോത്ത്

യാത്ര പിന്നെയും തുടര്‍ന്നു. മണ്ണിലെ മനുഷ്യരൊക്കെ ജയിച്ച ദൈവങ്ങളെയാണ് പൂജിക്കുന്നത്. വിജയിച്ചുകഴിഞ്ഞ ദൈവങ്ങള്‍ക്ക് ഭൂമിയില്‍ എന്താണ് ചെയ്യാനുള്ളത്. പൊന്നന്‍ ചോദിച്ചു. ഈ മണ്ണിലെ അസംഖ്യം ജനങ്ങളുടെ നിലവിളി കേള്‍ക്കുന്നില്ലേ. അജയ്യരായ ദൈവങ്ങളുടെ പിടിയില്‍നിന്നും പരാജയപ്പെട്ട മനുഷ്യരുടെ സങ്കടങ്ങളെ സ്വതന്ത്രമാക്കണം. അത് നിന്നെപ്പോലെ വാള്‍ത്തലയാല്‍ അരിഞ്ഞുവീഴ്ത്തപ്പെട്ടവനു മാത്രമേ സാദ്ധ്യമാകൂ. അഴകന്‍ മണികിലുക്കിയാട്ടി. ഭൂമിയില്‍ പരാജയപ്പെട്ടവര്‍ക്കു വേണ്ടിയാണ് പീഡകളനുഭവിക്കുന്ന മൃഗങ്ങള്‍ ആധാരമായി ഞാന്‍ ശേഷിപെട്ടിരിക്കുന്നത്. എന്റെ വ്യക്തിജീവിതത്തില്‍ നേരിടാത്ത പരീക്ഷണങ്ങളില്ല. എല്ലായിടത്തുനിന്നും നിഷ്‌കാസിതനായ മനുഷ്യനാണ് ഞാന്‍. എനിക്കിഷ്ടപ്പെട്ടിടത്തൊന്നും എനിക്ക് നിലനില്ക്കാനായില്ല. എല്ലാ സന്തോഷങ്ങളില്‍ നിന്നും നിര്‍ദ്ദയം പുറന്തള്ളപ്പെട്ടു. എന്റെ ദൈവജീവിതം ഭൂമിയിലെ പരാജയപ്പെട്ട മാനവരുടെ തത്ത്വശാസ്ത്രമാണ്. ഞാന്‍ പരാജയത്തിന്റെ അങ്ങേത്തലയിലെ മരണം അനുഭവിച്ചവനാണ്. അതിനപ്പുറമില്ലല്ലോ മറ്റൊന്നും. 

അഴകന്‍ വാചാലനായി. നിന്റെ ദൈവമുദ്രകള്‍, നിന്റെ ജീവിതം നാളെ ലോകത്തോട് സംസാരിക്കും. നീ അശരീരിയായല്ല, അമാനുഷ ശക്തിയായല്ല നിന്റെ സാന്നിദ്ധ്യമറിയിച്ചത്. അതിന്റെ വഴികള്‍ വിചിത്രമായിരുന്നു. ലോകത്തിന്നുവരെ ഒരു ദൈവവും സഞ്ചരിക്കാത്ത വഴികളിലാണ് നിന്റെ കരുവിന്റെ വിത്തുകള്‍ പാകിയത്. ദൈവം സ്വജീവിതം ആവിഷ്‌കരിക്കാന്‍ തെരഞ്ഞെടുത്ത മനുഷ്യന്‍ ഭൂമിയില്‍ ഏറ്റവും കൂടുതല്‍ പീഢയേറ്റുവാങ്ങിയവനായിരുന്നു. ആ മനുഷ്യന്റെ  സാന്നിദ്ധ്യം ലോകമറിഞ്ഞ വഴികള്‍ തികച്ചും വ്യത്യസ്തമായിരുന്നു. കദളിവാഴകള്‍, ഭാരമെടുക്കാനാകാത്ത അടികൊണ്ടുപിടയുന്ന എരുതുകള്‍, തൊട്ടുകൂടാത്തവനും തീണ്ടിക്കൂടാത്തവനുമായ കനലാടി എല്ലാം ലോകത്തിന് പുതിയ ദര്‍ശനങ്ങളായിരുന്നു. നീ ദര്‍ശനപ്പെട്ട ശരീരമാണ് ഏറ്റവും അതിശയമുണ്ടാക്കുന്നത്. ദുര്‍ബ്ബലനും ആരോടും മിണ്ടാത്തവനും പച്ചപ്പാവവുമായ കൃഷിക്കാരന്‍. കൈക്കോട്ടുമായി കണ്ടത്തില്‍ പണിയെടുക്കുന്ന അണ്ണുക്കന്റെ ദിരിശനശീരരമാണ് ലോകത്തിനുമുന്നിലെ പുതിയ ദൈവദര്‍ശനം.

അങ്ങനെ പലപല കാഴ്ചകള്‍ കണ്ട് കിസകള്‍പറഞ്ഞ് അവര്‍ മുമ്പോട്ട് മുമ്പോട്ട് നടന്നു. നമ്പിടിക്കല്ല്, പേരട്ടപ്പാലം, കരുമകന്‍കൂലോം, മാനാടിവളവ് കഴിഞ്ഞ് മട്ടുണ്ണിപ്പറമ്പിലെത്തി. ഇത്രയും കഠിനജീവിതം അനുഭവിച്ച് പാതിയില്‍ മരണപ്പെട്ട് വീണ്ടും ഉയിര്‍ത്ത് നീയിലോകത്തോട് എന്താണ് പറയാന്‍ പോകുന്നത്. ശിഷ്ടജീവിതം കൊണ്ട് നീയെന്തുനേടും. ചന്തവാണിഭക്കാരായ മനുഷ്യരോടൊത്താണ് നീ മറ്റൊരു നാടുറയാനിറങ്ങുന്നത്. മനുഷ്യന്‍ എല്ലാ നിലയ്ക്കും കഷ്ടതയനുഭവിക്കുന്ന ലോകമാണിത്. അവിടെ മുറിവേറ്റ ശരീരവുമായി വിരലുകള്‍ മുഴുമിക്കാത്ത കൈകളുമായി നീ എന്തുചെയ്യും. 

ALSO READ

വിറപ്പിക്കുന്ന കാന്താര അലർച്ച

അഴകന്റെ ഈ ചോദ്യം ഏത് നിമിഷവും വരുമെന്ന് ദൈവം പ്രതീക്ഷിച്ചിട്ടുള്ളതാണ്. ദൈവശബ്ദത്തിന് നല്ല തെളിച്ചമുണ്ടായിരുന്നു. ഈ മനുഷ്യരെ എന്തെങ്കിലും പഠിപ്പിക്കാനോ ലോകം മാറ്റിമറിക്കാനോ അല്ല ഞാനീ മലയിറങ്ങുന്നത്. മനുഷ്യന്‍ പ്രവചനാതീതനാണ്. അവന്റെ സാദ്ധ്യതകള്‍ അനന്തമാണ്. ഒരു ദൈവത്തിനും മനുഷ്യന്റെ മനസ്സിനെ ശുദ്ധീകരിക്കാനാകില്ല. ഓരോ മനുഷ്യന്റെയും ജീവിതാവബോധമാണ് സ്വയം ശുദ്ധപ്പെടുക എന്നത്. അതൊരാള്‍ക്കൊരാളെ പഠിപ്പിക്കാനാകുന്നതല്ല. ഈ പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങളിലും തുടിക്കുന്നത് സ്വന്തം ജീവിതമാണെന്നു പറയാനോ പഠിപ്പിക്കാനോ കാണിച്ചുകൊടുക്കാനോ ആര്‍ക്കും പറ്റുന്നതല്ല. കാരുണ്യവും ഹിംസയും ഓരോ മനുഷ്യന്റെയും സ്വയം തെരഞ്ഞെടുപ്പാണ്. 
ഇവിടെ എല്ലാമുണ്ട്. ഹിംസയും കാരുണ്യവും ഒരുപോലെയാണ്. അത് ഓരോ മനുഷ്യന്റെയും വിവേകമാണ്, തീരുമാനമാണ്, ഞാന്‍ ഇതില്‍ ഏത് സ്വീകരിക്കുന്നു എന്നത്. ദൈവങ്ങള്‍ക്കതില്‍ ഒന്നും ചെയ്യാനില്ല ഒന്നും...

ആമേരിയിലെ എരുതുകളേ... ഇത് എന്റെ തിരഞ്ഞെടുപ്പാണ്. എന്റെ തീര്‍പ്പിന്റെ വഴിയിലൂടെയാണ് ഞാന്‍ നടക്കുന്നത്. ഹിംസയെക്കുറിച്ച് മനുഷ്യനോട് ഒന്നും പറയേണ്ടതില്ല. പുതുതായി ഒന്നും പഠിപ്പിക്കേണ്ടതുമില്ല. അവന് എല്ലാം അറിയാം. പക്ഷേ കാരുണ്യത്തെ, അലിവിനെ, മറ്റൊരാളെ ചേര്‍ത്തുപിടിക്കേണ്ടതിനെ... അവന്റെ തിരഞ്ഞെടുപ്പുകളെക്കുറിച്ച് അവനെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടേയിരിക്കണം. കീറിമുറിഞ്ഞ ഈ ശരീരം ഓര്‍മ്മയുടെ പുസ്തകമാണ്... പരുപരുത്ത കല്ലുകളില്‍ തഴമ്പിച്ച കാലുകള്‍ അമര്‍ത്തിച്ചവുട്ടി ദൈവം വേഗത്തില്‍ നടന്നു.

സങ്കടങ്ങളുടെ ഉടയോന്‍ ഇടയിലോകമിറങ്ങുന്ന വിളംബരം പോലെ കോടപൂത്ത താഴ്വരസമൃദ്ധിയില്‍ പൊന്നന്റെയും അഴകന്റെയും മണിക്കൂറ്റുകള്‍ മുഴങ്ങി...

Remote video URL
  • Tags
  • #Daivakkaru
  • #V.K Anilkumar
  • #Novel
  • #Literature
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
 1_3.jpg

Memoir

വി.എം.ദേവദാസ്

എസ്​. ജയേഷ്​ ഒരു കഥയായി ഇവിടെത്തന്നെയുണ്ടാകും

Mar 22, 2023

3 Minutes Read

vishnu-prasad

Literature

വി.അബ്ദുള്‍ ലത്തീഫ്

കവി വിഷ്ണു പ്രസാദിനെക്കുറിച്ച്, കവിതയിലെ ഒരു പ്രതിസന്ധിയെക്കുറിച്ച്

Mar 19, 2023

6 Minutes Read

charithram-adhrisyamakkiya-murivukal-book

Book Review

എന്‍.ഇ. സുധീര്‍

ചരിത്രത്തെ പൂർത്തിയാക്കുന്ന വേദനകൾ

Feb 28, 2023

5 Minutes Read

Jaipur literature Festival

Literature

വി.കെ. ബാബു

ശശി തരൂരിനെതിരെ സുമീത്​ സമോസ്​ ഉയർത്തിയ ചോദ്യങ്ങൾ; സാ​ഹിത്യോത്സവങ്ങളുടെ മാറേണ്ട ഉള്ളടക്കങ്ങൾ

Jan 28, 2023

8 minutes read

emithyias

Literature

രാധിക പദ്​മാവതി

ബ്രോണ്ടി സഹോദരിമാരും ഗിരീഷ് പുത്തഞ്ചേരിയും

Jan 19, 2023

8 minutes read

bali theyyam

Book Review

കലേഷ് മാണിയാടൻ

രാമന്റെയല്ല ബാലിയുടെ കഥ, ഇത് തോറ്റവരുടെ വിജയഗാഥ

Jan 18, 2023

3 Minutes Read

ea salim

Truecopy Webzine

ഇ.എ. സലീം

മലയാളിയുടെ ഗള്‍ഫ് ജീവിതത്തെ കുറിച്ചുള്ള ഒരു സമഗ്രാന്വേഷണം

Jan 12, 2023

9 Minutes Watch

td

Truetalk

ടി.ഡി രാമകൃഷ്ണന്‍

ടിക്കറ്റില്ല, ജോണ്‍ എബ്രഹാമിനെക്കൊണ്ട് ഫൈന്‍ അടപ്പിച്ച കഥ

Jan 07, 2023

27 Minutes Watch

Next Article

ചെറുപ്പകാലത്ത് ഞാനേറ്റവുമധികം പരിഹസിക്കപ്പെട്ടത് യേശുദാസിനോടുള്ള ആരാധനയുടെ പേരിലാണ്

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster