ദലിത്​ വിവേചനത്തിന്റെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, അതും കെ.ആർ. നാരായണന്റെ പേരിൽ

ദലിത്​ വിദ്യാർഥികൾക്ക്​ ആത്മാഭിമാനത്തോടെ പഠിച്ചിറങ്ങാൻ പറ്റാത്ത സ്​ഥാപനമായി കെ.ആർ. നാരായണന്റെ പേരിലുള്ള ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് മാറിയിരിക്കുന്നു എന്നത്​ ചരിത്രത്തിലെ ഒരു ദുരന്തമായിരിക്കാം. ഗ്രാൻറ്​ അനിശ്​ചിതമായി വൈകുന്നതുമുതൽ സംവരണതത്വം അട്ടിമറിക്കപ്പെടുന്നതുവരെയുള്ള വിഷയങ്ങൾ മുൻനിർത്തി ഇവിടുത്തെ വിദ്യാർഥികൾ കോടതിയിൽ നിയമപോരാട്ടം നടത്തുകയാണ്​. ഇന്ത്യയിലെ മൂന്ന് മികച്ച ഫിലിം സ്‌കൂളുകളിൽ ഒന്നായ ഇവിടുത്തെ ദലിത്​ വിവേചന സംഭവങ്ങളെക്കുറിച്ച്​ അന്വേഷണം.

മ്മുടെ ഉന്നത വിദ്യാഭ്യാസ സ്​ഥാപനങ്ങൾ ജാതിവിവേചനത്തിന്റെ പാഠശാലകളാണോ? ആണ്​ എന്നാണ്​, ഇത്തരം സ്​ഥാപനങ്ങളിൽനിന്ന്​ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ദലിത്​- പിന്നാക്ക വിഭാഗങ്ങളിൽ സമീപകാലത്ത്​ സംഭവിച്ചുകൊണ്ടിരിക്കുന്ന വൈജ്​ഞാനികമായ ഉണർവിനെതുടർന്ന്​, ധാരാളം വിദ്യാർഥികൾ ഉന്നത വിദ്യാഭ്യാസ സ്​ഥാപനങ്ങളിൽ, പഠനത്തിനും ഗവേഷണത്തിനുമെല്ലാം എത്തുന്നുണ്ട്​. പ്രത്യേകിച്ച്​, ഫിലിം ഇൻസ്​റ്റിറ്റ്യൂ​ട്ട്​ പോലെ സർഗാത്മകമായ വിനിമയങ്ങൾക്കും ആവിഷ്​കാരങ്ങൾക്കും ഏറെ സാധ്യതകളുള്ള കാമ്പസുകളിൽ, ഈ വിഭാഗങ്ങളിൽനിന്ന്​ നിരവധി വിദ്യാർഥികളെത്തുന്നുണ്ട്​. എന്നാൽ, ഇത്തരം സ്​ഥാപനങ്ങളെ ഭരിച്ചുകൊണ്ടിരിക്കുന്ന ‘മെരിറ്റോക്രസി’, ഈ വിദ്യാർഥികളെ അതിക്രൂരമായാണ്​ ആക്രമിക്കുന്നത്​.

കേരളത്തിലും സ്​ഥിതി വ്യത്യസ്​തമല്ല എന്നു തെളിയിക്കുന്ന ഒരു ഉദാഹരണമാണ്​ കോട്ടയത്ത്​ പ്രവർത്തിക്കുന്ന കെ.ആർ. നാരായണൻ നാഷനൽ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ വിഷ്വൽ സയൻസ്​ ആൻറ്​ ആർട്​സ്​. ഇന്ത്യയുടെ ആദ്യ ദലിത് രാഷ്ട്രപതി എന്ന ചരിത്രം കുറിച്ച കെ.ആർ. നാരായണന്റെ പേരിൽ അദ്ദേഹത്തിന്റെ നാട്ടിലുള്ള സ്​ഥാപനമാണിത്​. സിനിമ പഠിക്കുക എന്ന ജീവിതത്തിലെ സ്വപ്​നസദൃശമായ ലക്ഷ്യത്തോടെ എത്തുന്ന ദലിത്​ വിദ്യാർഥികൾക്ക്​ ആത്മാഭിമാനത്തോടെ പഠിച്ചിറങ്ങാൻ പറ്റാത്ത സ്ഥാപനമായി, കെ.ആർ. നാരായണന്റെ പേരിലുള്ള സ്​ഥാപനം​ മാറിയിരിക്കുന്നു എന്നത്​ ചരിത്രത്തിലെ ഒരു ദുരന്തമായിരിക്കാം.

ഈ സ്​ഥാപനത്തിൽ ആവർത്തിക്കുന്ന ജാതീയവിവേചനത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്, 2021 - 2022 ലെ പ്രവേശനത്തിൽ സംവരണം അട്ടിമറിച്ചുവെന്ന ദലിത് അപേക്ഷകന്റെ പരാതി. എഡിറ്റിങ്ങ് കോഴ്‌സിലേക്ക് അപേക്ഷിച്ച ശരത്ത് എന്ന വിദ്യാർത്ഥിയാണ് അവസരം നഷ്ടപ്പെട്ടതിനെ തുടർന്ന് കോടതിയിൽ കോവാറന്റോ റിട്ട് ഫയൽ ചെയ്​തത്​. സ്ഥാപനം തുടരുന്ന കടുത്ത ജാതീയതയ്ക്കെതിരെ കോടതയിൽ, മറ്റു ചില വിദ്യാർത്ഥികൾ നിയമപോരാട്ടം നടത്തുന്നതിനിടെയാണ് ശരത്തിന്റെ സംവരണ അട്ടിമറിയെന്ന പുതിയ പരാതി.

ശരത്​; സംവരണ അട്ടിമറിയുടെ ഇര

നാല് പി.ജി ഡിപ്ലോമ കോഴ്‌സുകളുള്ള കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരോ കോഴ്‌സിലും പ്രത്യേകം സംവരണം നൽകണമെന്നിരിക്കെ, മുഴുവൻ പി.ജി ഡിപ്ലോമ കോഴ്സിലേക്കുമായാണ് സ്ഥാപനം ദലിത് വിദ്യാർത്ഥികൾക്ക് സംവരണം നടപ്പാക്കിയിരിക്കുന്നത്. എല്ലാ വിഭാഗത്തിൽ പെട്ടവർക്കും ഒരേ കട്ട് ഓഫ് എന്നുപറയുന്നത് സംവരണ തത്വങ്ങളുടെ ലംഘനമാണെന്നും ഓരോ കാറ്റഗറിയും അടിസ്ഥാനപ്പെടുത്തി മെറിറ്റ് ലിസ്റ്റും വെയ്റ്റിംഗ് ലിസ്റ്റും തയാറാക്കണമെന്നുമാണ്​ ശരത്​ കോടതിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്.

പ്രവേശന പരീക്ഷയും ഇന്റർവ്യൂവും ശരത്​ നല്ല നല്ല രീതിയിൽ തന്നെ ചെയ്​തു. എന്നാൽ റിസൾട്ട് വന്നപ്പോൾ എസ്.സി / എസ്.ടി വിഭാഗത്തിൽ സീറ്റ് ഒഴിഞ്ഞുകിടന്നിട്ടും തനിക്ക് പ്രവേശനം ലഭിച്ചില്ലെന്ന് ശരത്​ ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു: ‘‘സ്‌ക്രിപ്റ്റ് ആൻഡ് ഡയറക്ഷൻ, സിനിമാറ്റോഗ്രഫി, ഓഡിയോഗ്രഫി, എഡിറ്റിംഗ് എന്നിങ്ങനെ നാല് പി.ജി ഡിപ്ലോമ കോഴ്‌സുകളാണ് ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്നത്.

ശരത്

ഓരോ കോഴ്‌സിലും കൃത്യമായി സംവരണം പിന്തുടരണം എന്നിരിക്കെ, മുഴുവൻ പി.ജി ഡിപ്ലോമ കോഴ്‌സിലേക്കുമായാണ് സംവരണാടിസ്ഥാനത്തിൽ ദലിത് വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകുന്നത്. ഇതുവഴി സംവരണം അട്ടിമറിക്കുകയാണ്.’’

സ്വഭാവിക നീതി ലഭിക്കാത്ത മനുഷ്യർക്ക് നീതി ഉറപ്പാക്കുന്ന, ആധുനിക സ്റ്റേറ്റിലെ എല്ലാ ജനവിഭാഗങ്ങളുടെയും പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുള്ള ഭരണഘടനാപരമായ സംവിധാനമാണ് സംവരണം. ഇത്തരമൊരു നിയമമില്ലെങ്കിൽ പാർശ്വവൽകൃത വിഭാഗങ്ങൾക്ക്​ അവസരം നിഷേധിക്കപ്പെടുമെന്നതിനാലാണ്​, ഇത്തരമൊരു സംവിധാനം കൊണ്ടുവന്നത്. എന്നാൽ, സംവരണമെന്നത് അനർഹർക്ക് കിട്ടുന്ന വഴിവിട്ട സഹായമാണെന്ന ​വരേണ്യ പൊതുബോധമാണ്​, എല്ലാ യോഗ്യതയും ഉണ്ടായിട്ടും ശരതിനെപ്പോലുള്ളവർക്ക്​ അവസരം നിഷേധിക്കുന്നത്.

കേരളത്തിലെ ഏക സർക്കാർ ഫിലിം ഇൻസ്​റ്റിറ്റ്യൂട്ടായ ഇവിടെ വർഷങ്ങളായി ഇത്തരം നീതിനിഷേധം ആവർത്തിക്കപ്പെടുന്നു. ചോദിക്കാൻ ആരുമില്ലാത്തത് കൊണ്ടാണ് ഇത്​ ആവർത്തിക്കുന്നതെന്നാണ്​ ശരത്​ പറയുന്നത്​: ‘‘ഈ അനീതി ചൂണ്ടിക്കാണിച്ച്​ വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നൽകിയെങ്കിലും മറുപടി ലഭിച്ചില്ല. സമാനമായ നിരവധി പരാതികൾ നേരത്തെയും ഉയർന്നിട്ടുണ്ട്. അത് കൊണ്ട് ഈ പോരാട്ടം എല്ലാവർക്കും വേണ്ടിയാണ്, ഇപ്പോൾ ഞാൻ ഒറ്റക്കാണെങ്കിലും''

കഴിഞ്ഞവർഷം ഇതുപോലെ ഒമ്പതു പേർ അഡ്​മിഷനെത്തിയിട്ട്​ ആറു പേരെ മാത്രമാണ് എടുത്തതെന്നും ദലിത് വിദ്യാർത്ഥികൾക്കുള്ള ഇ- ഗ്രാൻറ്​ ലഭിക്കാത്ത പ്രശ്‌നങ്ങൾ പലതവണ ഉണ്ടായിട്ടുണ്ടെന്നും ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളും സാക്ഷ്യപ്പെടുത്തുന്നു.

നിലവിലെ ലിസ്റ്റ് പിൻവലിച്ച് ശരതിനെ ഉൾപ്പെടുത്തി പുതിയ ലിസ്റ്റ് ഇറക്കണമെന്നാണ് കോടതിയിൽ ആവശ്യപ്പെട്ടിട്ടുള്ളതെന്ന് ശരതിന്റെ അഭിഭാഷക അഡ്വ. ഷിബി കെ.പി. ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു: ‘‘കമ്യൂണിറ്റി ലിസ്റ്റും കാറ്റഗറി ലിസ്റ്റും വേർതിരിച്ച് പ്രസിദ്ധീകരിക്കണം. ഈ കേസിൽ കട്ട് ഓഫ് മാർക്കിൽ എത്തിയില്ല എന്നാണല്ലോ അവരുടെ വാദം, അങ്ങനെയെങ്കിൽ സംവരണീയ വിഭാഗത്തിലെയും ജനറൽ വിഭാഗത്തിലെയും കട്ട് ഓഫ് മാർക്ക് എത്രയാണ് എന്ന് വ്യക്തമാക്കുന്ന പുതിയ ലിസ്റ്റ് പ്രസിദ്ധീകരിക്കണം. കോടതിയിൽ ഇതിനുള്ള മറുപടിയാണ് അവർ നൽകേണ്ടത്. കോടതിയിൽ നിന്ന് അനുകൂല വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷ.’’

വിദ്യാർഥികൾക്ക്​ ആശ്രയം കോടതി

ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ വ്യാപകമായി സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യമാണ് സംവരണീയരെ പുറത്തുനിർത്തുക എന്നത് എന്നും അതിന്റെ തുടർച്ചയാണ് കെ.ആർ.നാരായണൻ ഇൻസ്​റ്റിറ്റ്യൂട്ടിലും നടക്കുന്നത്​ എന്നും ദലിത് ചിന്തകൻ സണ്ണി എം. കപിക്കാട് ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു:

സണ്ണി എം. കപിക്കാട്

‘‘ചാതൂർവർണ്യത്തിന്റെ പുതിയൊരു ബോധ്യമാണിത്​. ഇതെങ്ങനെ വിജയിപ്പിച്ചെടുക്കാമെന്നും വർഷങ്ങൾക്കു മുമ്പ് തന്നെ ഗവേഷണം ചെയ്തു കണ്ടുപിടിച്ച കാര്യമാണ്. അതായത് ന്യായമായും കൊടുക്കേണ്ട അഡ്മിഷൻ നിഷേധിക്കുക. അവർക്ക് പഠിക്കാനുള്ള അവസരം നിഷേധിക്കുക. എന്നിട്ട് അവർക്കിടയിൽ യോഗ്യരായ ആരും ഇല്ലെന്ന് പറയുക. അത് ജാതിയുടെ ഏറ്റവും പുതിയ പ്രവർത്തന രീതിയാണ്. തനി ജാതിവാദികളും സവർണ അഭിരുചിയുള്ളവരുമാണ് കെ.ആർ. നാരായണൻ ഇൻസ്​റ്റിറ്റ്യൂട്ട്​ഭരിക്കുന്നത് എന്നതിന്റെ വ്യക്തമായ തെളിവാണ് ഈ സംഭവം. ഇവരൊക്കെ പുറത്തിറങ്ങുമ്പോൾ വലിയ പുരോഗമനവാദികളായിരിക്കും. പക്ഷെ അവരുടെ ഉള്ളിൽ വളരെ ഹിംസാത്മകമായ, വിവേചനപരമായ ജാതിബോധം സൂക്ഷിക്കുന്നതുകൊണ്ടാണ് ഒരു വിദ്യാർത്ഥിക്ക്​ അവസരം നിഷേധിക്കുന്നത്. വിദ്യാർത്ഥികൾ അഡ്മിഷൻ കിട്ടാൻ കോടതിയിൽ പോകേണ്ടിവരുന്നു എന്നത് ഒരു ഗതികേടായി മനസിലാക്കണം. ഭരണഘടനാ മൂല്യങ്ങളെ മാനിക്കാത്ത അധ്യാപകരും ഭരണാധികാരികളും വിദ്യാഭ്യാസ സ്ഥപനങ്ങൾ ഭരിക്കുമ്പോൾ പൗരന്മാരെന്ന നിലയിൽ വിദ്യാർത്ഥകൾക്ക്​ ആശ്രയിക്കാൻ കോടതിയേയുള്ളൂ. ഫലത്തിൽ, സംവരണ വിഭാഗത്തിൽ പെട്ട മുഴുവൻ വിദ്യാർത്ഥികളും കോടതിയിൽ പോയാൽ മാത്രമേ നീതി കിട്ടുകയുള്ളൂ എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തുകയാണ്.’’

ഓ​ട്ടോണോമസ്​ പദവിയുടെ ദുരുപയോഗം

ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഓട്ടോണമസ് പദവി ദുരുപയോഗപ്പെടുത്തുകയാണെന്നും ഇതിന്റെ പ്രശ്നം അനുഭവിക്കുന്നത് പാർശ്വവൽകൃത വിദ്യാർത്ഥികളാണെന്നും ശരത്​ പറയുന്നു: ‘‘ഞാൻ എഡിറ്റിംഗിലേക്കാണ് അപേക്ഷിച്ചത്. ഈ വർഷം എഡിറ്റിംഗിൽ അവർ ഒരു ദലിത് വിദ്യാർത്ഥിയെ പോലും എടുത്തിട്ടില്ല. പ്രവേശനപരീക്ഷക്കുശേഷം ഇന്റർവ്യൂവിന്​ വിളിച്ചപ്പോൾ പത്ത് പേർ പങ്കെടുത്തു. അതിൽ ഒരാൾ പുറത്തുപോയി. ബാക്കിയുള്ള ഒമ്പത് സീറ്റിൽ ആറുപേരെയാണ് എടുത്തത്. ഞാനുൾപ്പടെ മൂന്നുപേരെ ഒഴിവാക്കി. അതിന്റെ കാരണം അവർ വ്യക്തമാക്കിയില്ല. 45 മാർക്കാണ് കട്ട് ഓഫ് ആയി നിശ്ചയിച്ചിരിക്കുന്നതെന്നും അതിനുമുകളിലെത്തിയവരെ മാത്രമേ അഡ്മിഷനിൽ പരിഗണിക്കാൻ സാധിക്കുകയുള്ളൂ, അതുകൊണ്ടാണ് ആറുപേരെ മാത്രം തെരഞ്ഞെടുത്തത്​ എന്നുമാണ്​ പറഞ്ഞത്​. എന്റെ മാർക്കെത്രയാണെന്ന് ചോദിച്ചപ്പോൾ, അതറിയണമെങ്കിൽ ഡയറക്ടർ വരണം, ഡയറക്ടർ ലീവിലാണ് പോലുള്ള വ്യക്തതയില്ലാത്ത മറുപടികളാണ് ലഭിച്ചത്. എന്നാൽ നമ്മൾ പെർഫോമൻസ് നോക്കുമ്പോൾ അതിന്റെ മുകളിൽ മാർക്കുണ്ടെന്ന് മനസിലാകും. അപ്പോൾ സ്‌കോർ ചെയ്തില്ല എന്ന് പറയുന്നതിന്റെ ന്യായം എന്താണ്. ഞാൻ ഓൾ ഇന്ത്യ തലത്തിൽ എസ്.ആർ.എഫ്.ടി.ഐ യുടെ വെയ്റ്റിംഗ് ലിസ്റ്റിൽ ഒന്നാമതുള്ള ആളാണ്. ഇന്റർവ്യൂവിലും പരീക്ഷയിലും നന്നായി പെർഫോം ചെയ്യാൻ കഴിഞ്ഞിട്ടുണ്ട് എന്ന ഉറപ്പും എനിക്കുണ്ട്.''

പ്രൊജക്​റ്റിൽനിന്ന്​ ഒഴിവാക്കപ്പെട്ട അനന്തപത്​മനാഭൻ

അഞ്ചുവർഷത്തെ പഠനശേഷം ചെയ്യേണ്ടിയിരുന്ന പ്രധാനപ്പെട്ട പ്രൊജക്ടിൽ നിന്ന്​ ഒരു അറിയിപ്പുപോലും കൂടാതെ ഒഴിവാക്കപ്പെട്ട ഇൻസ്റ്റിറ്റ്യൂട്ടിലെ മറ്റൊരു വിദ്യാർത്ഥിയാണ് അനന്തപത്മനാഭൻ. സിനിമ പഠിക്കാനുള്ള അതിയായ മോഹവുമായി കാമ്പസിലെത്തിയെ മത്സ്യത്തൊഴിലാളി കുടുംബത്തിൽ ജനിച്ച ഈ ദലിത്​ വിദ്യാർഥി ഒന്നര വർഷമായി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന്​ നേരിടുന്ന കൊടിയ ജാതിപീഡനത്തിനെതിരെ നിയമപോരാട്ടം നടത്തുകയാണ്.

അനന്തപത്മനാഭൻ

വർഷങ്ങളോളം മുടങ്ങിക്കിടന്ന ഇൻസ്റ്റിറ്റ്യൂട്ടിലെ ഈ ഗ്രാൻറ്സ്​ നേടിയെടുക്കാൻ വേണ്ടി അനന്തപത്മനാഭൻ അടക്കമുള്ള വിദ്യാർത്ഥികൾ നടത്തിയ സമരമാണ് ഡയറക്ടറെ ചൊടിപ്പിച്ചതും, പ്രതികാര നടപടിയിലേക്കടക്കം നയിച്ചതെന്നുമാണ് ആരോപണം.

‘‘ഇ- ഗ്രാൻറ്​​ സമരത്തിൽ പ​ങ്കെടുത്തതിന്റെ പ്രതികാര നടപടിയായാണ്, പ്രൊജക്ടിൽ നിന്ന്​ എന്നെ ഒഴിവാക്കി, ആ സ്ഥാനത്തു അവിടത്തെ വിദ്യാർത്ഥിയല്ലാത്ത ഒരാളെ ഉൾക്കൊള്ളിച്ച്​ മുന്നോട്ടു പോകാൻ ഡയറക്ടർ ശങ്കർ മോഹൻ തീരുമാനിച്ചത്. ഇതിലെ നീതികേട്​ ചൂണ്ടിക്കാട്ടി ഞാനും ഷൂട്ട് ചെയ്യാനുണ്ടായിരുന്ന മറ്റു രണ്ട് ക്രൂ അംഗങ്ങളും അക്കാദമിക് കൗൺസിലിന് പരാതി നൽകിയിരുന്നു. എന്നാൽ, മറുപടിയുണ്ടായില്ല. 2021 ആഗസ്റ്റിൽ അധികൃതർക്ക്​ അയച്ച കത്തിൽ, ജൂനിയർ ബാച്ചിന്റെ ആക്ടിംഗ് ഡിപ്പാർട്ടുമെൻറ്​ ഡിപ്ലോമ എന്നെക്കൊണ്ട് ഛായാഗ്രഹണം ചെയ്യിക്കണമെന്നും, അതിലെ എന്റെ പ്രകടനം വിലയിരുത്തി മൂല്യനിർണയും നടത്തണമെന്നുമാണ് അപേക്ഷിച്ചിട്ടുള്ളത്. സാധാരണ ആക്ടിങ് ഡിപ്ലോമക്ക്​ ഇൻസ്റ്റിറ്റ്യൂട്ടിന് പുറത്തുനിന്നോ, പൂർവ വിദ്യാർത്ഥികളിൽ നിന്നോ ആണ്​ ഛായാഗ്രാഹകരെ കണ്ടത്താറ്​. ഈ വർഷത്തെ ആക്ടിങ് ഡിപ്ലോമ ഫിലിം സംവിധാനം ചെയതത് സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവായ ജിയോ ബേബി ആയിരുന്നു. എന്നാൽ, ഈ കത്തിനും മറുപടിയുണ്ടായില്ല. തുടർന്ന് ഞാൻ നേരിട്ട് ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിലെത്തി പരാതി നൽകി. ഇതിന്മേലും നടപടിയുണ്ടായില്ല. ഇത്തരം അനവധി അവഗണനകൾക്കൊടുവിലാണ്​ കോടതിയെ സമീപിക്കാൻ നിർബന്ധിതനായത്'' - അനന്തപത്​മനാഭൻ പറയുന്നു.

വിദ്യാർഥിയോട്​ ഡയറക്​ടർക്ക്​ വ്യക്തിവിരോധമോ എന്ന്​ കോടതി

2016 ബാച്ചിന്റെ ആക്റ്റിംഗ് ഡിപ്ലോമ ഫിലിമിൽ തന്നെ ഉൾപ്പെടുത്തണമെന്നതായിരുന്നു അനന്തപത്മനാഭൻ നൽകിയ പരാതിയിലെ ആവശ്യം. എന്നാൽ മറ്റൊരു ഡിപ്ലോമ പ്രൊജക്ട് ചെയ്തിരുന്ന വിദ്യാർത്ഥിയെ ഉൾപ്പെടുത്തി ഇൻസ്റ്റിറ്റ്യൂട്ട് തിടുക്കത്തിൽ പ്രൊജക്ടുമായി മുന്നോട്ടുപോവുകയായിരുന്നെന്നാണ് അനന്തപത്മനാഭൻ പറയുന്നത്: ‘‘ഈ പ്രൊജക്ടിന്റെ ഷൂട്ടിങ്ങിന്​ സ്റ്റേ ആവശ്യപ്പെട്ട്​ കോടതിയെ സമീപിച്ചപ്പോൾ, ഒട്ടേറെ അസത്യങ്ങൾ നിരത്തി സത്യവാങ്മൂലം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ ഗവണ്മെൻറ്​ സ്റ്റാന്റിംഗ് കൗൺസിലിനെ കൊണ്ട് കോടതിക്ക് മുൻപാകെ സമർപ്പിക്കുകയും, കോടതി അത്​ നിഷേധിക്കുകയും ചെയ്തു. ഇതിനു ശേഷമുള്ള ഹിയറിങ്ങിൽ, രേഖകൾ വച്ചുകൊണ്ട്​ സത്യവാങ്മൂലത്തിലെ വാദങ്ങൾ പച്ചക്കള്ളമായിരുന്നുവെന്ന്​ കോടതിയെ ബോധ്യപ്പെടുത്താനായി. ‘ഈ വിദ്യാർത്ഥിയോട് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർക്കു എന്തെങ്കിലും വ്യക്തിവിരോധമുണ്ടോ? ' എന്ന് ജഡ്ജി വാക്കാൽ സ്റ്റാൻഡിങ് കൗൺസിലിനോട് ചോദിക്കുക വരെ ഉണ്ടായി''

ഒന്നര വർഷമായി നടത്തുന്ന നിയമപോരാട്ടം അനന്തപത്മനാഭനെ തളർത്തിയിട്ടുണ്ട്. ഇത്രയൊക്കെ വിവരങ്ങൾ കോടതിക്ക് കൈമാറിയിട്ടും കേസ് നീണ്ടുപോവുകയാണ്. നാല് ജഡ്ജിമാർ മാറി, രണ്ട് മാസത്തിലേറെയായി ഹിയറിംഗും നടക്കുന്നില്ലെന്നും അനന്തപത്മനാഭൻ പറയുന്നു: ‘‘എന്നോട് പലരും ഒത്തുതീർപ്പാക്കാൻ പറയുന്നുണ്ട്. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന്​കുട്ടികളെ പുറത്താക്കിയ കാര്യം പറഞ്ഞാണ് അവർ എന്നെ ഭീഷണിപ്പെടുത്തിയത്. മാപ്പുപറഞ്ഞാൽ പ്രശ്നം തീരുമെന്നാണ് പറയുന്നത്. എനിക്ക് കരിയർ നഷ്ടപ്പെട്ടു, തെറ്റ്​ ചെയ്യാത്തിടത്തോളം മാപ്പ് പറയില്ലെന്നാണ് അവരോട് പറഞ്ഞത്. പ്രൊജക്ട് പൂർത്തിയാക്കി ഇറങ്ങുക എന്നതാണ് എന്റെ ലക്ഷ്യം. തങ്ങൾക്കെതിരെ കേസ് കൊടുക്കാനും എതിർത്ത് സംസാരിക്കാനും താനൊക്കെ ഏതാ എന്ന ബോധമാണ് അവരെ നയിക്കുന്നത്.''

നിയമപോരാട്ടം എന്ന ഭൗതികാധ്വാനം

പാർശ്വവൽകൃത വിഭാഗങ്ങൾക്ക്​ അനുകൂലമായി കോടതിവിധിയുണ്ടാകുക എന്നത്​ അവർക്ക് വലിയ ആത്മവിശ്വാസം നൽകുന്ന കാര്യമാണ്. എന്നാൽ, അനുകൂല വിധി നേടി നമ്മൾ ചെന്നുപെടുന്നത്, നമ്മെ ആരാണ് ഒഴിവാക്കാൻ ശ്രമിച്ചത് അവരുടെ മുന്നിലേക്കാണ്. അങ്ങനെ വരുമ്പോൾ അവർ പരമാവധി ഉപദ്രവിക്കുകയും അവഗണിക്കുകയും വിരോധത്തോടെ വിദ്യാർത്ഥികളോട് പെരുമാറുകയും ചെയ്യും എന്നതാണ് കോടതി വ്യവഹാരം കഴിഞ്ഞുവരുന്ന വിദ്യാർത്ഥികൾ നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന്​ സണ്ണി എം. കപിക്കാട് പറഞ്ഞു.

സംവരണം അട്ടിമറിക്കപ്പെടുന്നതുമൂലം പ്രവേശനവും ഗ്രാന്റുകളും ഫെലോഷിപ്പുകളും നിഷേധിക്കപ്പെടുന്നതും കോഴ്‌സ് പൂർത്തിയാക്കാനാകാതെ കോടതി കയറേണ്ടി വരുന്നതുമൊക്കെ ദലിത് വിദ്യാർത്ഥികളുടെ പഠനം ദുഷ്‌ക്കരമാക്കുന്നുണ്ട്. പഠനത്തോടൊപ്പം, നിയമപോരാട്ടത്തിനുകൂടി ചെലവഴിക്കേണ്ടി വരുന്നത് വലിയൊരു ഭൗതികാധ്വാനമാണ്​, അതിന് ഇൻവെസ്റ്റ് ചെയ്യുന്ന സമയം ദീർഘവും അനിശ്​ചിതവും, നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ തകർന്നുപോയ നിരവധി വിദ്യാർഥികൾ ഈ കാമ്പസിലുണ്ട്​.

ബിബിൻ സി.ജെ.

സാമ്പത്തിക പ്രതിസന്ധി കാരണം സിനിമോറ്റോഗ്രഫി പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്ന വിദ്യാർഥിയാണ്​ തിരുവനന്തപുരം സ്വദേശി ബിബിൻ സി.ജെ.: ‘‘വീട്ടിൽ നിന്ന്​ കാര്യമായ സാമ്പത്തിക പിന്തുണയില്ലാത്ത എന്നെ പോലുള്ളവർ ഇത്തരം സർക്കാർ സ്ഥാപനങ്ങളെ തെരഞ്ഞെടുക്കുന്നത് ധനസഹായം പ്രതീക്ഷിച്ചാണ്. ഞാൻ ഒ.ഇ.സി കാറ്റഗറിയിലാണ് വരുന്നത്. ഒ.ഇ.സിയിൽ ഫീസിളവുണ്ടെന്നാണ് നിയമം. എന്നാൽ, എനിക്ക് ഇളവ് തരാൻ തയ്യാറായില്ല. ഞങ്ങൾക്ക്​ ഹോസ്റ്റൽ ഫീസ് അടയ്ക്കേണ്ടതില്ല, എന്നാൽ എസ്.സി, എസ്.ടി വിദ്യാർത്ഥികളുടെ കയ്യിൽ നിന്ന് അവർ ഫീസ് വാങ്ങിയിട്ടുണ്ട്. സർക്കാർ തരുന്ന മുറക്ക് ആ പണം തിരിച്ചു തരാം എന്നു പറഞ്ഞാണ്​ വാങ്ങിയത്, എന്നാൽ പിന്നീട് അത് കിട്ടിയില്ല. ഇ ഗ്രാൻറ്​ കിട്ടാതായപ്പോൾ എല്ലാവരും ചേർന്ന് പരാതി കൊടുത്തിരുന്നെങ്കിലും കാര്യമുണ്ടായില്ല.’’

സർക്കാറിനാണ്​ ബാധ്യത

2014 മുതൽ 2018 വരെ സ്‌ക്രിപ്റ്റ് ആൻഡ് ഡയറക്ഷൻ വിഭാഗത്തിന്റെ തലവൻ ആയിരുന്ന സംവിധായകൻ കമൽ കെ.എം. പറയുന്നു: ‘‘പുതിയ വിദ്യഭ്യാസ സ്ഥാപനം എന്ന നിലയിൽ വിദ്യാർത്ഥികൾ നേരിടുന്ന നിരവധി പ്രശ്നങ്ങൾ കണ്ട ഒരാളാണ്​ ഞാൻ. അവയിൽ ക്രിയാത്മകമായി ഇടപെടാനും പരിഹരിക്കാനും ശ്രമിച്ചിട്ടുണ്ട്. വിദ്യാർത്ഥികളെ വിശ്വാസത്തിലെടുത്തുകൊണ്ടായിരുന്ന കാമ്പസ്​ അന്തരീക്ഷം ശരിയായ രീതിയിൽ കൊണ്ടുപോകാൻ ശ്രമിച്ചിരുന്നത്. സംവരണം അടക്കമുള്ള വിഷയങ്ങളിൽ തുടർന്നും അതുണ്ടാവണം. വിദ്യാർത്ഥികൾക്കനുഗുണമായ അന്തരീക്ഷം അവിടെയുണ്ടാകണം. ഇന്ത്യയിലെ മൂന്ന് മികച്ച ഫിലിം സ്‌കൂളുകളിൽ ഒന്നാണ് കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട്, 100 കോടിയോളം രൂപയുടെ സർക്കാർ ഇൻവെസ്റ്റ്മെൻറ്​ അതിലുണ്ട്. അതുകൊണ്ടുതന്നെ മികച്ച അധ്യയന അന്തരീക്ഷം ഒരുക്കേണ്ട ബാധ്യത സർക്കാറിനുണ്ട്.’’

കമൽ കെ.എം.

സംവരണ അട്ടിമറിയില്ലെന്ന്​ ഡയറക്​ടർ

അഡ്മിഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ കഴിഞ്ഞ കുറെ വർഷങ്ങളായി എൽ.ബി.എസാണ് നോക്കുന്നതെന്നും ഇത്തവണയും അവരാണ് അത് കൈകാര്യം ചെയ്​തത്​ എന്നും അതുകൊണ്ടുതന്നെ സംവരണം അട്ടിമറിച്ചു എന്നത് ശരിയല്ല എന്നുമാണ്​ ഇൻസ്​റ്റിറ്റ്യൂട്ട്​ ഡയറക്​ടർ ശങ്കർ മോഹനൻ ട്രൂകോപ്പി തിങ്കിനോട്​ പറഞ്ഞത്​: ‘‘ഒരു അലോട്ട്‌മെന്റാണ് ഇറങ്ങിയത്. സെക്കൻറ്​ അലോട്ട്‌മെൻറ്​ വരാനുണ്ട്. ഏതായാലും കേസ് കോടതിയിൽ നടക്കുകയാണല്ലോ. വിധി വരട്ടെ. അതനസുരിച്ച് ചെയ്യാം. തിരുത്തേണ്ടതായി എന്തെങ്കിലും ഉണ്ടെങ്കിൽ തിരുത്താൻ ഞങ്ങൾ തയ്യാറാണ്.’’

‘‘അനന്തപത്മനാഭന്റെ വിഷയത്തിൽ സ്ഥാപനം എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അത് നിയമപ്രകാരമാണ്. ഒരു സ്ഥാപനത്തിന്​ അതിന്റേതായ നിയമങ്ങൾ കാണുമല്ലോ. ആ നിയമം എല്ലാവർക്കും ബാധകമാണ്. ഒരു വ്യക്തിക്കുവേണ്ടി നിയമമുണ്ടാക്കാൻ പറ്റില്ലല്ലോ. എല്ലാവരെയും വിളിക്കുന്ന കൂട്ടത്തിൽ ഇദ്ദേഹത്തെയും വിളിച്ചിരുന്നു. അല്ലാതെ വ്യക്തിവിരോധമുണ്ടായിട്ടില്ല. ഇൻസ്റ്റിറ്റ്യൂട്ടിൽ ജാതിപീഡനം ഉണ്ടെന്ന പരാതി ഇതുവരെ മാനേജ്‌മെന്റിന്റെ ശ്രദ്ധയിൽ വന്നിട്ടില്ല. ഇത് സർക്കാറിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനമാണ്. അതുകൊണ്ട് ജാതിവിരുദ്ധതയുണ്ടെന്നത് വാസ്തവിരുദ്ധമാണ്. ഈ കേസിലും കോടതി ഉത്തരവനുസരിച്ച് മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്.’’

ഇൻസ്​റ്റിറ്റ്യൂട്ട്​ പബ്ലിക്ക് റിലേഷൻ ഓഫീസർ അനുരൂപ് നായർ അഡ്​മിഷൻ നടപടികളെക്കുറിച്ച്​ വിശദീകരിച്ചത്​ ഇങ്ങനെ: ‘‘വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത്, അഖിലേന്ത്യ തലത്തിൽ എൻട്രൻസ് പരീക്ഷ നടത്തി അതിൽ നിന്ന്​ ഷോർട്ട്​ ലിസ്റ്റ് ചെയ്ത്, അടുത്ത സെക്ഷൻ റൗണ്ടിലേക്ക് കൊണ്ടു വരികയാണ്​. ഓറിയന്റേഷൻ കം ഇന്റർവ്യു ആണ് ഉദ്ദേശിക്കുന്നത്. മൂന്നുദിവസം കാമ്പസിൽ താമസിപ്പിച്ച്, ആക്ടീവിറ്റീസൊക്കെ നടത്തും. പുറത്തുനിന്നുള്ള അധ്യാപകരടക്കം പങ്കെടുക്കുന്ന ആ സെഷനിൽ അവിടത്തെ പ്രകടനം കണക്കിലെടുത്ത് വിദ്യാർത്ഥികൾക്ക് മാർക്ക് നൽകും. അതിന്റെ അടിസ്ഥാനത്തിലാണ് അലോട്ട്​മെൻറ്​. അലോട്‌മെൻറിന്​ കേരള സർക്കാറിന്റെ പ്രൊഫഷണൽ കോഴ്‌സിന് ബാധകമായ എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ട്. അത് ചെയ്യാൻ എൽ.ബി.എസിനെയാണ് ഏൽപ്പിച്ചിരിക്കുന്നത്. അക്കാദമി തീരുമാനമനുസരിച്ച് മിനിമം മാർക്ക് നേടുന്നവർക്കുമാത്രമേ അവസരം കിട്ടുകയുള്ളൂ എന്നതിനാൽ, ഒരു കട്ട് ഓഫ് മാർക്ക് ഫിക്‌സ് ചെയ്തിരുന്നു. കുട്ടികൾ കുറവായതിനാൽ എഡിറ്റിംഗിൽ 45 ശതമാനം ആയിരുന്നു കട്ട് ഓഫ് മാർക്ക്. 45 ശതമാനത്തിനുമുകളിൽ മാർക്ക് കിട്ടിയ എല്ലാ കുട്ടികളെയും സംവരണ തത്വം പാലിച്ച് പ്രവേശിപ്പിക്കാൻ എൽ.ബി.എസിനോട് ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. എന്നാൽ, ഈ ആറ് കുട്ടികൾ മാത്രമേ കട്ട് ഓഫിന് മുകളിൽ സ്‌കോർ ചെയ്​തിരുന്നുള്ളൂ. ശരത് സ്‌കോർ ചെയ്തിരിക്കുന്നത് 45 ശതമാനത്തിന് താഴെയായിരിക്കണം. അതുകൊണ്ടാണ് ഈ വിഷയം ഉണ്ടായത്. എഡിറ്റിംഗിൽ കുട്ടികൾ കുറവായതുകൊണ്ട് സംവരണവിഭാഗത്തിനും ജനറൽ കാറ്റഗറിക്കും ഒരേ കട്ട് ഓഫാണ് നൽകിയിരുന്നത്. പതിനൊന്ന് വിദ്യാർത്ഥികളാണ് അഭിമുഖത്തിനെത്തിയത്. അതിൽ ഇപ്പോഴെടുത്തിരിക്കുന്ന ആറുപേർ മാത്രമേ മിനിമം മാർക്ക് കടന്നിട്ടുള്ളു. രണ്ടാം അലോട്ട്​മെൻറ്​ കഴിഞ്ഞാൽ മാത്രമേ മാർക്ക്​ ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ സാധിക്കൂ എന്നാണ് മനസിലാക്കാൻ സാധിച്ചിട്ടുള്ളത്. ഇതാണ് നടന്നിട്ടുള്ള അഡ്മിഷൻ പ്രോസസ്.’’

സംവരണ തത്വം ലംഘിക്കപ്പെട്ടു

എന്നാൽ, മാർക്ക് ലിസ്റ്റ് അവരുടെ കയ്യിലുണ്ടെങ്കിൽ എന്തിനാണ് സെക്കൻറ്​അലോട്ട്​മെൻറ്​ വരെ കാത്തിരിക്കുന്നതെന്നും അവർക്ക് ലിസ്റ്റ് പുറത്തുവിടാമല്ലോ എന്നുമാണ്​ ശരത് ചോദിക്കുന്നത്​. കുട്ടികൾ കുറവായതുകൊണ്ട് സംവരണ വിഭാഗത്തിനും ജനറലിനും ഒരേ കട്ട് ഓഫ് എന്ന് പറയുന്നതുതന്നെ സംവരണ തത്വങ്ങളുടെ ലംഘനമാണ്. ഇതാണ് കോടതിയിൽ ചോദ്യം ചെയ്തിട്ടുള്ളത്. അഡ്മിഷൻ പ്രോസസുമായി ബന്ധപ്പെട്ട രേഖകൾ കോടതി ആവശ്യപ്പെട്ടിട്ടും അവർ കൊടുക്കാൻ തയ്യാറാകാത്തത് എന്ത് കൊണ്ടാണ് എന്നും ശരത്ത് ചോദിക്കുന്നു. കോടതി വിധിയിലാണ് ഇനി പ്രതിക്ഷയെന്നും ശരത് പറഞ്ഞു.

ഇടപെടലുണ്ടാകുമെന്ന്​ മന്ത്രി

വിദ്യാർത്ഥികൾക്ക് സിനിമ പഠിക്കാനുള്ള എല്ലാവിധ പശ്ചാത്തല സൗകര്യങ്ങളും ഒരുക്കിയ സ്ഥാപനമാണ് കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടെന്നും അവിടെ വിദ്യാർത്ഥികൾക്ക് മാനസികാരോഗ്യത്തോടെ പഠിക്കാനുള്ള സർഗാത്മക അന്തരീക്ഷം സൃഷ്ടിക്കാനുള്ള ഇടപെടൽ തന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും അതിന്റെ ഭാഗമായി, സപ്​തംബർ 15ന്​ ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിക്കുന്നുണ്ടെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു: ‘‘പ്രഥമദൃഷ്ട്യാ കുട്ടികളുടെ ഭാഗത്ത് ന്യായമുണ്ടെന്നാണ് കരുതുന്നത്. അതുകൊണ്ടുതന്നെ എല്ലാവരെയും നേരിൽ കണ്ട് സംസാരിക്കാനാണ് ആലോചിക്കുന്നത്. കഴിഞ്ഞ നിയമസഭാ സമ്മേളനം നടക്കുന്ന വേളയിൽ അടൂർ ഗോപാലകൃഷ്ണനും ഡയറക്ടർ ശങ്കർ മോഹനും വിദ്യാർത്ഥികളും യോഗം ചേർന്നിരുന്നു. മൂന്ന് മണിക്കൂറോളം നീണ്ട ചർച്ചയിൽ അഭിപ്രായ ഐക്യത്തിലെത്താനായില്ല’’; മന്ത്രി പറഞ്ഞു.

ആർ. ബിന്ദു

ജാതി വിവേചനം എന്ന യാഥാർഥ്യം

കെ.ആർ. നാരായണൻ ഇൻസ്​റ്റിറ്റ്യൂട്ടിലേത്​, ഒറ്റപ്പെട്ട സംഭവമായി കാണാനാകില്ല. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്​ഥാപനങ്ങളിൽ കടുത്ത ജാതിവിവേചനം നടക്കുന്നതായി ഈയിടെ പോലും ഔദ്യോഗികമായി പുറത്തുവരുന്ന റിപ്പോർട്ടുകൾ തെളിയിക്കുന്നുണ്ട്​. ദലിത്​ വിദ്യാർഥികളുടെ സക്രിയ സാന്നിധ്യവും ഇടപെടലും, ഉന്നത വിദ്യാഭ്യാസ സ്​ഥാപനങ്ങളുടെ വരേണ്യമായ അധികാരഘടനയെയും അക്കാദമിക യാഥാസ്​ഥിതികത്വത്തെയും പ്രകോപിപ്പിക്കുന്നതിന്റെ ദൃഷ്​ടാന്തങ്ങൾ സമീപകാലത്ത്​ ഇത്തരം സ്ഥാപനങ്ങളിൽനിന്ന്​ പുറത്തുവരുന്നുണ്ട്​. ഈ യാഥാർഥ്യം വെളിവാക്കുന്ന ഞെട്ടിപ്പിക്കുന്ന ഒരു കണക്ക്​ കഴിഞ്ഞ ഡിസംബറിൽ കേന്ദ്ര സർക്കാർ പാർലമെൻറിൽ സമർപ്പിച്ചു.

കഴിഞ്ഞ എട്ടുവർഷത്തിനിടെ, പ്രധാന സെൻട്രൽ യൂണിവേഴ്‌സിറ്റികളിലും സാങ്കേതിക സ്ഥാപനങ്ങളിലും വിവിധ കാരണങ്ങളാൽ ആത്മഹത്യ ചെയ്ത വിദ്യാർഥികളിൽ 58 ശതമാനവും ദലിത്- പിന്നാക്ക വിഭാഗക്കാരായിരുന്നുവെന്ന് ഈ ഡാറ്റ സൂചിപ്പിക്കുന്നു. ഐ.ഐ.ടികൾ, എൻ.ഐ.ടികൾ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യുക്കേഷൻ ആൻറ്​ റിസർച്ച് തുടങ്ങിയ സ്​ഥാപനങ്ങളിൽ 122 വിദ്യാർഥികളാണ്​ 2014- 2021 കാലത്ത് ആത്മഹത്യ ചെയ്​തത്. ഇവരിൽ 41 പേർ, ഒ.ബി.സി വിഭാഗം വിദ്യാർഥികളാണ്. സെൻട്രൽ യൂണിവേഴ്‌സിറ്റികളിലും ഐ.ഐ.ടികളിലും ആത്മഹത്യ ചെയ്തവരിൽ 14 പേരും എൻ.ഐ.ടികളിൽ ജീവനൊടുക്കിയവരിൽ 11 പേരും ഒ.ബി.സി വിഭാഗക്കാരാണ്.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ദലിത്- പിന്നാക്ക വിദ്യാർഥി പ്രാതിനിധ്യം ഉറപ്പുവരുത്താൻ നിശ്ചിത സംവരണ വ്യവസ്ഥകളുണ്ടെങ്കിലും, ഉയർന്ന ജാതി വിഭാഗങ്ങളുടെ അനർഹമായ പ്രാതിനിധ്യം ഒരു യാഥാർഥ്യമാണ്. ഐ.ഐ.ടികളിലെ സോഷ്യൽ എക്​സ്​ക്ലൂഷന്റെ ഞെട്ടിപ്പിക്കുന്ന കണക്ക്, 2021ൽ വിദ്യാഭ്യാസ മന്ത്രാലയം പാർലമെൻറിൽ സമർപ്പിച്ച ഡാറ്റയിൽ കാണാം. ഖൊരഗ്പുർ, ഇൻഡോർ, ഡൽഹി, ഗാന്ധിനഗർ, തിരുപതി, മാണ്ഡി, ഭുവനേശ്വർ ഐ.ഐ.ടികളിൽ ജനറൽ കാറ്റഗറി വിദ്യാർഥികളിൽ ഏറെയും ഉയർന്ന ജാതിക്കാരാണ്. പിഎച്ച്.ഡിക്ക് പട്ടികജാതി- പട്ടികവർഗ വിദ്യാർഥികളുടെ അപേക്ഷ സ്വീകരിക്കാത്ത ഐ.ഐ.ടികളുണ്ട്. ചില ഡിപ്പാർട്ടുമെന്റുകളിൽ ദലിത്- പിന്നാക്ക വിദ്യാർഥികൾ ‘സീറോ' ആണ്. ഇത്തരം സാഹചര്യങ്ങളിലാണ്​, ജാതിവിവേചനം തടയാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കോളേജുകൾക്കും യൂണിവേഴ്‌സിറ്റികൾക്കും യു.ജി.സിക്ക്​ എഴുതേണ്ടിവന്നത്​. എന്നാൽ, സ്​ഥാപനങ്ങളെ ഭരിക്കുന്ന ഔദ്യോഗിക സംവിധാനങ്ങൾ തന്നെയാണ്​ ഇത്തരം വിവേചനങ്ങൾക്ക്​ ചുക്കാൻ പിടിക്കുന്നത്​ എന്നതിനാൽ, സർക്കാർ തലത്തിലുള്ള കർശന ഇടപെടലില്ലാതെ, ഈ ജാതിക്കോട്ടകളെ തകർക്കാനാകില്ല.

Comments