നല്ല ശരീരം എന്ന സമൂഹത്തിന്റെ സൗന്ദര്യശാസ്ത്ര കള്ളികളിൽ പെടാത്തതിനാൽ ചെറുപ്പത്തിൽ, മാനസികവും ശാരീരികവുമായ വളർച്ചയുടെയും വികാസത്തിന്റെയും ഘട്ടത്തിൽ ദിവസേന അധിക്ഷേപങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ആ ദുരനുഭവങ്ങൾ സ്വന്തം ശരീരത്തെക്കുറിച്ചുള്ള എന്റെ അഭിപ്രായ രൂപീകരണത്തെ വളരെയധികം സ്വാധീനിച്ചിട്ടുമുണ്ട്. എന്നെപ്പോലെ കറുത്ത നിറമുള്ള ഒരാളെയും സൗന്ദര്യത്തിന്റെയോ ആത്മവിശ്വാസത്തിന്റെയോ പ്രതീകമായി ദൃശ്യമാധ്യമങ്ങളിൽ ഒരിടത്തും ഞാൻ കണ്ടിട്ടുണ്ടായിരുന്നില്ല. പകരം കറുപ്പുമായി ദുഷ്ടതയെയും പൈശാചികതയെയും ബന്ധിപ്പിക്കുന്ന പ്രതീകങ്ങളായിരുന്നു എല്ലായിടത്തും- ട്രൂ കോപ്പി വെബ്‌സീനിൽ അലീന എഴുതുന്നു.
എന്നെപ്പോലത്തെ സ്ത്രീകൾ മോഷ്ടിക്കുന്നവരോ, കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടു പോകുന്നവരോ, കുടുംബ നാഥന്മാരായ സല്പുരുഷന്മാരെ വശീകരിക്കാൻ വൃഥാ ശ്രമിക്കുന്ന അമിത ലൈംഗികാവേശമുള്ള ശൂർപ്പണഖമാരായോ മാത്രം സ്ഥിരമായി കണ്ട് ഞാൻ ലജ്ജിച്ചു. ഇതിന്റെയെല്ലാം ഫലമായി ഉണ്ടായ ആത്മവിശ്വാസക്കുറവ് വളരെ വൈകിയാണ് പരിഹരിക്കപ്പെട്ടതും. ഈ നിറം കൊണ്ടും ശരീരപ്രകൃതി കൊണ്ടും പല അവസരങ്ങളും നഷ്ടമായിട്ടുണ്ട്. ഇപ്പോഴും ഇന്ത്യൻ കോസ്മെറ്റിക് മാർക്കറ്റിൽ എന്റെ നിറത്തിനു ചേരുന്ന പ്രോഡക്റ്റുകൾ വളരെ കുറവാണ്. ഇന്ത്യൻ നിറമായി എന്റെ നിറത്തെ കോർപ്പറേറ്റുകൾ പൊതുവെ പരിഗണിക്കാറില്ല. കളറിസത്തെ എതിർത്തു നില കൊള്ളുന്നതിനെക്കാൾ അതിന് വളം വെച്ചു കൊടുക്കുന്നതാണ് ഇന്ത്യൻ സാഹചര്യത്തിൽ ലാഭകരം എന്ന് അവർ മനസിലാക്കുന്നു.
എന്ത് വസ്ത്രം ധരിക്കണം എന്നതിൽ തുടങ്ങി ജീവൻ നിലനിർത്താൻ എന്ത് ചികിത്സ തേടണം എന്നതിൽ വരെ ഒരു വ്യക്തിയെക്കാൾ അയാളുടെ ശരീരത്തിൽ അധികാരം കയ്യാളുന്നത് സമൂഹമാണ്. ഈ സമൂഹത്തിന് ചാലകശക്തിയാകുന്നത് പിതൃമേധാവിത്വ - മുതലാളിത്ത-ചാതുർവർണ്യ വ്യവസ്ഥ പ്രകാരമുള്ള അടിച്ചമർത്തൽ പ്രക്രിയകളാണ്. വിവാഹബന്ധങ്ങൾ, കുടുംബം, മതം എന്നിങ്ങനെയുള്ള സ്ഥാപനങ്ങൾ വഴിയാണ് ഈ ശക്തികൾ നേരിട്ടും അല്ലാതെയും അവരുടെ അധികാരം നിലനിർത്തുകയും അനുഷ്ഠിക്കുകയും ചെയ്യുന്നത്. സമൂഹത്തിലെ ഓരോ അംഗവും അറിഞ്ഞോ അറിയാതെയോ ഈ പ്രക്രിയയിൽ ദിനംപ്രതി ഭാഗഭാക്കാകുന്നു. ഒരു കുടുംബത്തിലെ രക്തബന്ധമുള്ള അംഗങ്ങൾ തമ്മിൽ നിലനിൽക്കുന്ന അധികാര അസന്തുലിതാവസ്ഥയുടെ പ്രകടനങ്ങളായ നിയന്ത്രണങ്ങൾ മുതൽ സോഷ്യൽ മീഡിയയിലെ അവഹേളനപരമായ അഭിപ്രായ പ്രദർശനങ്ങൾ വരെ നീണ്ടുനിൽക്കുന്നതാണ് ഈ പ്രക്രിയ. ഈ അധികാരവ്യവസ്ഥകളുടെ മർദ്ദകശക്തി വ്യക്തികളുടെ ലിംഗപദവി, ജാതി, നിറം, വർഗ്ഗം, ലൈംഗികത്വം എന്നിവയനുസരിച്ച് ഏറിയും കുറഞ്ഞുമിരിക്കും. എന്തുതന്നെയായാലും ആത്യന്തികമായി ഇവയെല്ലാം ലക്ഷ്യം വെക്കുന്നത് ശരീരങ്ങളുടെ നിയന്ത്രണത്തെയും തത്ഫലമായി സമൂഹത്തിന്റെ നിലനിൽപ്പിനെയുമാണ്. പല തലങ്ങളിലായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ശരീരങ്ങൾ അവയിൽ നിന്നും പ്രതീക്ഷിക്കപ്പെടുന്നതുപോലെ പെരുമാറിയാൽ മാത്രമേ സമൂഹത്തിന് നമ്മളിന്ന് കാണുന്നതുപോലെ സ്ഥിതി ചെയ്യാൻ കഴിയൂ. പല അടുക്കുകളിലായി അടിച്ചമർത്തൽ നേരിടുന്ന എന്റേതുപോലെയുള്ള ഒരു ശരീരത്തിന് ഈ വ്യവസ്ഥകളുടെ നടുവിൽ സ്വയം പരമാധികാരം പ്രയോഗിക്കാൻ നേരിടേണ്ടി വരുന്ന പ്രതിബന്ധങ്ങൾ സ്വാഭാവികമായും കഠിനമായിരിക്കും. അതിനെ പൂർണ്ണ അർത്ഥത്തിൽ മനസ്സിലാക്കിയും ഉൾക്കൊണ്ടുമാണ് സ്വന്തം ശരീരത്തെയും അതിന്റെ അസ്തിത്വത്തെയും ഒരു സമരമായി ഞാൻ കാണുന്നത്.
ഇത്തരം ദുഷിച്ച യാഥാർത്ഥ്യങ്ങളുടെ നടുവിലും എന്റെ ശരീരം എനിക്ക് വിലപ്പെട്ടതാണ്. എന്റെ പൂർവ്വികരുടെ സവിശേഷതകളാണ് തലമുറകളായി ജീനുകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട് എനിക്ക് കിട്ടിയിരിക്കുന്നത്. ഇന്ത്യയെ ജീവൻ പോലും വെടിഞ്ഞ് ഈ രീതിയിൽ പണിതുയർത്തിയവരുടെ കണ്ണ്, മൂക്ക്, പല്ല്, മുടി, നിറം. എന്റെ കറുത്ത മുതുമുത്തശ്ശിമാരുടെ ബലിഷ്ഠമായ ചുമലുകളാണ് ഈ നാട്ടിലെ ഭാരമുള്ള കഥകളെയൊക്കെ താങ്ങി നിർത്തിയത്. അവരുടെ ശക്തിയുടെ പാരമ്പര്യം കുടികൊള്ളുന്ന എന്റെ ശരീരത്തിൽ ഞാൻ ആത്യന്തികമായ ആത്മീയതയുടെ ആനന്ദം അനുഭവിക്കുന്നു
കീഴ്ജാതിക്കാരായ സ്ത്രീകളെ ഖാപ് പഞ്ചായത്തുകൾ നഗ്നരാക്കി നടത്തുന്നതും അവരുടെ ശരീരത്തിനുമേൽ കർതൃത്വം നടത്തുന്നതുമായ ആധുനിക ഇന്ത്യയിലാണ് കീഴ്ജാതിക്കാരിയായ ഞാൻ എന്റെ ശരീരത്തിന്റെ അസ്തിത്വത്തെ സാധൂകരിക്കാനുള്ള ശ്രമങ്ങളിൽ ഏർപ്പെടുന്നത്. കീഴാള സ്ത്രീയെ ഏറ്റവും സമീപ കാലത്തുള്ള നോവലുകളിലും സിനിമകളിലും പോലും അമിത ലൈംഗികാവേശമുള്ള ശരീരങ്ങളാക്കി പ്രതിഷ്ഠിക്കുന്നു. അങ്ങനെ അവളുടെ ശരീരത്തിനു നേരേ ഉണ്ടാവുന്ന അതിക്രമങ്ങൾ നീതീകരിക്കപ്പെടുന്നു. ഇതിനെ പ്രതിരോധിക്കാൻ ദലിത് സ്ത്രീകൾ ‘കുലസ്ത്രീകൾ' ആയി അഭിനയിക്കണം എന്ന അഭിപ്രായമുള്ളവരുണ്ട്. എന്നാൽ അത് ശരിയായ ഒരു നടപടി ആണെന്ന് എനിക്ക് തോന്നിയിട്ടില്ല. കാരണം എത്ര കുലസ്ത്രീ ആയി അഭിനയിച്ചാലും നമ്മളുടെ കുലം ഇന്നതാണ് എന്ന് സമൂഹം അറിയുന്നിടത്തോളം കാലം അവരുടെ മാനദണ്ഡം അനുസരിച്ചുള്ള ഒരു കുലസ്ത്രീ ആകാൻ നമുക്ക് കഴിയുകയില്ല.
എന്റെ ശരീരം ശരിക്കും എന്റേതാണോ?
അലീന എഴുതിയ ലേഖനത്തിന്റെ പൂർണരൂപം വായിക്കാം, കേൾക്കാം
ട്രൂ കോപ്പി വെബ്‌സീൻ പാക്കറ്റ് 72