Photo : Shafeeq Thamarassery

വരാനിരിക്കുന്നു,
ഭൂമിക്കുവേണ്ടിയുള്ള സമരങ്ങൾ

ആദിവാസികളുടെയും ദലിതരുടെയും മത്സ്യത്തൊഴിലാളികളുടെയും തോട്ടം തൊഴിലാളികളുടെയും ഭൂമിക്കുവേണ്ടിയുള്ള അവകാശ സമരങ്ങളുടെ ഭാവിയെക്കുറിച്ച്​ അന്വേഷണം

ഭൂമിക്കുവേണ്ടി ഇനിയൊരു പ്രക്ഷോഭം ജനങ്ങളും സർക്കാറും ആഗ്രഹിക്കുന്നില്ല എന്ന് ഹൈകോടതി അഭിപ്രായപ്പെട്ടത് ഈയിടെയാണ്. ‘ഭൂരഹിതർക്ക് ഭൂമി നൽകാനുള്ള മുൻ വാഗ്ദാനങ്ങൾ നടപ്പാക്കാൻ സർക്കാറിന് ബാധ്യതയുണ്ട്. ആവശ്യത്തിന് ഭൂമി ലഭ്യമല്ല എന്നതിന്റെ പേരിൽ ഉറപ്പ് ലംഘിക്കുന്നത് വരാനിരിക്കുന്ന വൻകിട പദ്ധതികളുമായി ബന്ധപ്പെട്ട് വലിയ ആശങ്കയുണ്ടാക്കും'- ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഒരു മുന്നറിയിപ്പിന്റെ സ്വരത്തിലാണിത്​ പറഞ്ഞത്.
ചെങ്ങറ ഭൂസമരവുമായി ബന്ധപ്പെട്ട് തയാറാക്കിയ പാക്കേജ് നടപ്പാക്കാത്തതിനെതിരായ ഹർജികളിൽ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിലായിരുന്നു ഈ പരാമർശം.

സർക്കാർ ഉറപ്പും കാത്ത് മൂവായിരത്തിലേറെ പേർ

പത്തനംതിട്ടയിലെ ചെങ്ങറയിൽ ഭൂരഹിത കുടുംബങ്ങൾ കുടിൽ കെട്ടി സമരമാരംഭിച്ചിട്ട് 2022 ആഗസ്റ്റ് നാലിന് 15 വർഷമാകുന്നു. 598 കുടുംബങ്ങളിലായി മൂവായിരത്തിലേറെ പേരാണ് സർക്കാർ ഉറപ്പുനൽകിയ ചെങ്ങറ പാക്കേജും പ്രതീക്ഷിച്ച് ഇവിടെ കുടിൽ കെട്ടി താമസിക്കുന്നത്. മലയാലപ്പുഴ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ പെടുന്ന കുമ്പഴ എസ്റ്റേറ്റിലാണ് ചെങ്ങറ സമരഭൂമി. ഹാരിസൺസ് മലയാളം കമ്പനിയുടെ പേരിലുള്ള ഭൂമിയാണിത്. എന്നാൽ വ്യാജ ആധാരത്തിലൂടെയും നിയമവിരുദ്ധമായും കൈവശം വച്ചിരിക്കുന്ന തോട്ടം ഭൂമികളിലൊന്നാണ് ഇതെന്ന് സർക്കാർ പ്ലീഡർ തന്നെ കോടതിയിൽ വ്യക്തമാക്കിയതിനെ തുടർന്നാണ് സമരക്കാർ ഇവിടെ തന്നെ കുടിലുകൾ കെട്ടിയത്.

ചെങ്ങറ ഭൂസമരം. / Photo : Dalithakam, Fb Page

2007 ആഗസ്റ്റ് നാലിന് ളാഹ ഗോപാലന്റെ നേതൃത്വത്തിൽ സാധുജന വിമോചന സംയുക്തവേദി 300 കുടുംബങ്ങളുമായി ആരംഭിച്ച സമരത്തിൽ രണ്ടുമാസം കഴിഞ്ഞപ്പോൾ ഏഴായിരം കുടുംബങ്ങളായി. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ, പ്രത്യേകിച്ച്​ അന്നത്തെ സർക്കാരിന് നേതൃത്വം കൊടുത്തിരുന്ന സി.പി.എം പ്രവർത്തകരും സമരക്കാരും തമ്മിൽ ആദ്യകാലം മുതൽ വലിയ തോതിലുള്ള സംഘർഷങ്ങളാണ് നടന്നിരുന്നത്. സമരക്കാർക്ക് ഭൂമിക്കുപുറത്ത് പോകാനാകാത്ത വിധം ഉപരോധവും ഏർപ്പെടുത്തിയിരുന്നു. സമരഭൂമിയിലേക്ക് അരിയും ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളുമായെത്തിയ സാമൂഹ്യ പ്രവർത്തകർ വരെ ആക്രമണം നേരിടുന്ന അവസ്ഥയുമുണ്ടായി.

ഹാരിസൺ മലയാളം ഹൈക്കോടതിയിൽ നിന്ന് നേടിയെടുത്ത ഉത്തരവിന്റെ അടിസ്ഥാനത്തിൽ സമരപ്രവർത്തകരെ തോട്ടംഭൂമിയിൽനിന്ന് ഒഴിപ്പിക്കാൻ 2008 മാർച്ചിൽ വൻ പൊലീസ് സന്നാഹം സമരഭൂമിയിലെത്തി. ഒരു കയ്യിൽ മണ്ണെണ്ണ പാത്രങ്ങളും മറ്റേ കയ്യിൽ തീപ്പെട്ടിയുമായി സ്ത്രീകളും കുട്ടികളും നിലയുറപ്പിച്ചപ്പോൾ പുരുഷന്മാർ കഴുത്തിൽ കുരുക്കിട്ട് മരത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യാൻ തയ്യാറായി നിന്നാണ് പൊലീസിനെ പ്രതിരോധിച്ചത്. ഇത് വലിയ തോതിൽ വാർത്തയായതോടെ സർക്കാരിനുമേൽ വലിയ സമ്മർദ്ദമുണ്ടായി. തുടർന്ന് സർക്കാർ നടത്തിയ സർവ്വേ പ്രകാരം ചെങ്ങറയിൽ സമരം ചെയ്യുന്ന 1738 കുടുംബങ്ങളുണ്ടെന്ന് കണ്ടെത്തുകയും കേരളത്തിലെ പത്ത് ജില്ലകളിലായി 831 ഏക്കർ ഭൂമി ഇവർക്കായി കണ്ടെത്തി നൽകാമെന്ന് വാഗ്ദാനം ചെയ്യുകയുമായിരുന്നു.

ആത്മഹത്യാ ഭീഷണി മുഴക്കുന്ന സമരക്കാർ

ലംഘിക്കപ്പെട്ട ഉറപ്പുകൾ

27 ആദിവാസി കുടുംബങ്ങൾക്ക് ഒരേക്കർ ഭൂമിയും വീടുപണിയുന്നതിന് 1.25 ലക്ഷം രൂപയും ഭൂരഹിതരായ 832 പട്ടികജാതി കുടുംബങ്ങൾക്ക് അരയേക്കർ ഭൂമിയും ഒരു ലക്ഷം രൂപയും അഞ്ച് സെൻറിൽ താഴെ ഭൂമിയുള്ള 573 കുടുംബങ്ങൾക്ക് പത്ത് മുതൽ 25 സെൻറ്​ വരെ ഭൂമിയും 75,000 രൂപയും മരിച്ച 12 പേർക്ക് സഹായവും സമരക്കാർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കുമെന്നുമുള്ള വ്യവസ്ഥയിലാണ് സമരം ഭാഗികമായി പിൻവലിച്ചത്. എന്നാൽ, ചെങ്ങറ പാക്കേജ് നടപ്പാക്കുന്നതിൽ ഗുരുതര അനാസ്ഥയാണ് സർക്കാർ ഭാഗത്തുനിന്നുണ്ടായത്. പട്ടയം ലഭിച്ചെങ്കിലും വളരെ കുറച്ചുപേർക്കു മാത്രമാണ് ഭൂമി ലഭിച്ചത്. ലഭിച്ചതാകട്ടെ മൂന്നാറിലെ ചില മൊട്ടക്കുന്നുകളും കാസർകോട്ടെ തരിശുനിലങ്ങളും കണ്ണൂരിലെ പെരിങ്ങോത്ത് പാറ പ്രദേശവുമൊക്കെയായിരുന്നു. പട്ടയം കിട്ടിയെങ്കിലും തങ്ങൾ കബളിപ്പിക്കപ്പെട്ടുവെന്ന് മനസ്സിലായ സമരക്കാർ വീണ്ടും സംഘടിച്ചു. കൊല്ലം ജില്ലയിലെ അരിപ്പയിലും സെക്രട്ടേറിയറ്റിനു മുന്നിലുമായി അവർ സമരം തുടർന്നു.

ഇതേതുടർന്നാണ് ഭൂസമരത്തിൽ പങ്കെടുത്ത 1495 കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ സംസ്ഥാന സർക്കാർ 2010 ജനുവരി രണ്ടിന് ഉത്തരവിട്ടത്. ഇതിനായി തയ്യാറാക്കിയ ചെങ്ങറ പാക്കേജ് അനുസരിച്ച് 831 ഏക്കർ ഭൂമി ഫ്ളോട്ടുകളായി തിരിച്ച് നൽകാനായിരുന്നു തീരുമാനിച്ചത്. തിരുവനന്തപുരത്ത് 225, കൊല്ലത്ത് 20, ഇടുക്കിയിൽ 657, എറണാകുളത്ത് 30, പാലക്കാട്ട് 55, വയനാട്ടിൽ 30, മലപ്പുറത്ത് 18, കണ്ണൂരിൽ 100, കാസർകോട്ട് 360 വീതം കുടുംബങ്ങളെ പുനരധിവസിപ്പിക്കാനായിരുന്നു പദ്ധതി.

കെ റെയിലിനുവേണ്ടി കല്ലിടൽ നടക്കുമ്പോൾ തന്നെയാണ് സർക്കാർ വാഗ്ദാനം ചെയ്ത ഭൂമി ലഭിക്കാത്തതിന്റെ പേരിൽ ഒരു കൂട്ടം മനുഷ്യർ സമരം ചെയ്യുന്നതെന്ന് ഓർക്കണം. / Photo : Shafeeq Thamarassery

എന്നാൽ സർക്കാർ കണക്കനുസരിച്ച് ഇതുവരെ പുനരധിവസിപ്പിച്ചത് 180 കുടുംബങ്ങളെ മാത്രമാണെന്ന് റവന്യൂ വിഭാഗം അടുത്തകാലത്ത് പുറത്തുവിട്ട രേഖകളിൽ പറയുന്നു. അനുയോജ്യമായ ഭൂമി ലഭിക്കാത്തതാണ് പത്ത് വർഷത്തിലേറെയായിട്ടും ചെങ്ങറ പാക്കേജ് നടപ്പാക്കാത്തതിന് കാരണമായി റവന്യൂ വകുപ്പ് പറയുന്നത്. വീടുപണിയാനോ കൃഷിക്കോ ഉപയോഗിക്കാനാകാത്ത ഭൂമി ലഭിച്ചവർ ചെങ്ങറ സമരപ്പന്തലിലേക്കോ ബന്ധുവീടുകളിലേക്കോ മടങ്ങി.
കെ റെയിലിനുവേണ്ടി കല്ലിടൽ നടക്കുമ്പോൾ തന്നെയാണ് സർക്കാർ വാഗ്ദാനം ചെയ്ത ഭൂമി ലഭിക്കാത്തതിന്റെ പേരിൽ ഒരു കൂട്ടം മനുഷ്യർ സമരം ചെയ്യുന്നതെന്ന് ഓർക്കണം.

വരാനിരിക്കുന്നത് ശക്തമായ ഭൂസമരങ്ങൾ

ഭൂമിക്കുവേണ്ടിയുള്ള നിലവിളികൾ നിശബ്ദമാക്കപ്പെട്ട ചരിത്രമാണ് സമകാലിക കേരളത്തിന്റേത്. കേരളത്തിൽ എണ്ണിയാലൊടുങ്ങാത്തവർ ഭൂമിയില്ലാതെ ജീവിക്കുന്നുണ്ട്. ഒരു രാഷ്ട്രീയ പാർട്ടിയുടെയും ജാതിമത സംഘടനകളുടെയും ഒരു അയൽക്കൂട്ടത്തിന്റെയോ പോലും പിൻബലമില്ലാത്തവർ. ഭൂമിക്കുവേണ്ടി ഇനിയൊരു പ്രക്ഷോഭം ജനങ്ങളും സർക്കാറും ആഗ്രഹിക്കുന്നില്ല എന്ന ഹൈക്കോടതി പരാമർശം പരിശോധിക്കേണ്ടത് ഈയൊരു സാഹചര്യത്തിലാണ്.
ചെങ്ങറ പാക്കേജുമായി ബന്ധപ്പെട്ട് ആറുമാസം മുമ്പത്തെ വിധിയുടെ തുടർച്ചയാണ് ഇപ്പോഴത്തെ കോടതി നിരീക്ഷണമെന്ന് മുത്തങ്ങ സമരനായകൻ എം. ഗീതാനന്ദൻ പറയുന്നു. ഭൂമി കയ്യേറി ആളുകൾ സമരം ചെയ്യുന്നത് തെറ്റാണെന്ന് പറയാനാകില്ലെന്നാണ് അന്ന് കോടതി പറഞ്ഞത്.

എം. ഗീതാനന്ദൻ / Photo : Shafeeq Thamarassery

ഈ വാഗ്ദാനങ്ങൾ നിലനിൽക്കെ വലിയതോതിൽ ഭൂമി ഏറ്റെടുത്തുള്ള വികസന പ്രവർത്തനങ്ങളെക്കുറിച്ച് സർക്കാർ എന്തർത്ഥത്തിലാണ് സംസാരിക്കുന്നതെന്നും അന്ന് കോടതി ചോദിച്ചിരുന്നു. ഇപ്പോഴും അത്തരം പരാമർശമുണ്ട്. എന്നാൽ ഈ മേഖലയിലുള്ളവരുടെയെല്ലാം അഭിപ്രായം ശക്തമായ സമരങ്ങൾ തന്നെ ഭൂമിക്കുവേണ്ടി ഇനിയും വേണ്ടിവരുമെന്നാണ്. എല്ലാവരും ഐക്യപ്പെട്ടാണ് ഇപ്പോൾ പോകുന്നത്. അതിൽ ചെങ്ങറ സമരത്തിലുണ്ടായിരുന്ന ശ്രീരാമൻ കൊയ്യോനെ പോലെയുള്ളവരും ഞങ്ങളുമൊക്കെ ശക്തമായ നീക്കം നടത്തുന്നുണ്ട്. ഭൂസമരങ്ങളിൽ കോടതി ഇടപെടില്ലെന്നാണ് ഇപ്പോഴത്തെ നിരീക്ഷണത്തിന്റെ പൊരുൾ. അത് സമരം ചെയ്യുന്നവർക്ക് അനുകൂലമായ നിലപാടാണെന്നും അദ്ദേഹം പറയുന്നു. സമരം എന്തായാലും ശക്തിപ്പെടും- ഗീതാനന്ദൻ പറഞ്ഞു.

അടിസ്ഥാന വർഗത്തിനുവേണ്ടി സംസാരിക്കേണ്ടവരെല്ലാം പല ചേരികളിൽ

ഒരുപാടാളുകളാണ് തോട്ടം തൊഴിലാളികൾക്കിടയിൽ ഉൾപ്പെടെ ഭൂമിയില്ലാത്തതായി ഉള്ളതെന്നും അതിനാൽ, ഭൂസമരങ്ങൾ ഇനിയും ഉണ്ടാകുമെന്നും മൂന്നാർ പൊമ്പിളൈ ഒരുമൈ നേതാവ് പി. ഗോമതി പറയുന്നു. ഭൂമിയില്ലാതെ എന്തെങ്കിലും ചെയ്യാനാകുമോയെന്ന് പലരും ചോദിക്കുന്നുണ്ട്. എന്നാൽ അവരും സമരത്തിന്​ ഇറങ്ങുന്നില്ല. ആർക്കെങ്കിലും ഒറ്റയ്ക്ക് സമരം ചെയ്യാനാകുമോ? ആദിവാസികളായാലും ദലിതരായാലും മത്സ്യത്തൊഴിലാളികളായാലും തോട്ടം തൊഴിലാളികളായാലും സമരത്തിനിറങ്ങേണ്ടി വരും. ഇപ്പോൾ ഇവിടെ കുടിയൊഴിപ്പിക്കലല്ലേ പ്രധാനമായും നടക്കുന്നത്. കുടിയൊഴിപ്പിച്ച് വികസനം നടത്തുകയല്ലേ? പുനരധിവാസ പാക്കേജുകളെക്കുറിച്ച് സംസാരിക്കുമ്പോൾ ഭൂമി കണ്ടെത്താനാകുന്നില്ലെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ വികസന പ്രവർത്തനങ്ങൾക്കായി ഭൂമി പിടിച്ചെടുക്കുമ്പോൾ ഈ തടസ്സവാദങ്ങളൊന്നും പറഞ്ഞുകേൾക്കാറില്ല. ഇനിയിപ്പോൾ ഭൂമിയില്ലാത്തവരുടെ മാത്രമല്ല, ഭൂമി നഷ്ടമായവരുടെ സമരങ്ങൾ കൂടിയാണ് വരാനിരിക്കുന്നത്. കേരളത്തിൽ ഇപ്പോൾത്തന്നെ അതിനായി സമരങ്ങൾ നടക്കുന്നുണ്ട്.

പി. ഗോമതി

തോട്ടം മേഖലയിൽ ലൈൻ വീടുകൾക്കായി ഈ സംസ്ഥാന ബജറ്റിൽ പത്ത് കോടി രൂപ മാറ്റിവച്ചതായി കണ്ടു. എന്നാൽ ആ പത്ത് കോടി ആരുടെ കയ്യിലേക്കാണ്​പോകാനിരിക്കുന്നത്. പഞ്ചായത്ത്​- ബ്ലോക്ക്​ പ്രതിനിധികളുടെയും എം.എൽ.എയുടെയും കൈകളിൽ മാത്രമാകും ഈ തുക എത്തിച്ചേരുക. അല്ലെങ്കിൽ കമ്പനി ഉടമകളിലെത്തും. ഈ പത്ത് കോടി എന്തുചെയ്തുവെന്ന് ജനങ്ങൾക്കുമുന്നിൽ നിന്ന് എന്തായാലും ഞങ്ങൾ ചോദിക്കും. അതിന് ഇവർ മറുപടി പറയേണ്ടി വരും.

എല്ലാവർക്കും ഭൂമി ലഭിച്ചു, എല്ലാവർക്കും വേണ്ട എല്ലാം ഈ സർക്കാർ ചെയ്തു കൊടുത്തു എന്നൊരു പ്രചാരണം നടക്കുന്നുണ്ട്. ഭൂമിയില്ലാത്ത ഒരാളും കേരളത്തിലില്ലെന്നും എല്ലാവർക്കും ഭൂമിയുണ്ടെന്നുമാണ് ഇതിലൂടെ സ്ഥാപിക്കാൻ നോക്കുന്നത്. ലൈൻ വീടുകൾ കെട്ടിക്കൊടുക്കുന്നതുകൊണ്ടുമാത്രം ഭൂമിയുടെ ആവശ്യം ഇല്ലാതാകുന്നില്ല. പാവങ്ങളെ എങ്ങനെ അടിച്ചമർത്തണമെന്ന് ഈ സർക്കാരിന് നന്നായി അറിയാം. ദലിത്- മുസ്‌ലിം സംഘടനകൾ ഒന്നിച്ചുനിന്നാൽ വലിയൊരു ഭൂസമരം കേരളത്തിൽ ഉണ്ടാക്കാൻ സാധിക്കും. എന്നാൽ പലപ്പോഴും അവരൊന്നിച്ച് നിൽക്കില്ലല്ലോ? നേതാക്കളെല്ലാം ഓരോ ധ്രുവങ്ങളിലല്ലേ? ഒരുപക്ഷെ ഭൂസമരങ്ങൾക്ക് ശക്തമായ നേതൃത്വം ഇല്ലെന്നതാകാം, സർക്കാറിന് ആത്മവിശ്വാസം നൽകുന്നത്. എതിർക്കുന്നവർക്കു നേരെ ഭീഷണിയും ഉണ്ടാകുന്നുണ്ട്. സംസ്ഥാന സർക്കാരിന്റെ അഴിമതികളും ക്രമക്കേടുകളും തെളിവുസഹിതം അറിയാവുന്ന പലരും അതിൽ നിന്നൊക്കെ ഭീഷണി പേടിച്ച് പിൻമാറിയിരിക്കുകയാണ്. ഇത് നമ്മൾ കാണുന്നുണ്ട്. ആ സാഹചര്യത്തിൽ കേരളത്തിൽ ഭൂസമരം നടത്താൻ ആളില്ലാത്ത അവസ്ഥയുണ്ടെന്നുമാകാം സർക്കാർ കരുതുന്നത്.

ഭൂസമരങ്ങളെയൊക്കെ ഒതുക്കിയെന്നും ഇനിയും ഒതുക്കുമെന്നുമാകാം സർക്കാർ ഉദ്ദേശിക്കുന്നത്. ആര് ഭൂസമരം നടത്തിയാലും ഒതുക്കുന്നതാണ് ഇടതുപക്ഷ സർക്കാരിന്റെ ശീലം. എന്നാൽ ഒരു സമരത്തിനും പരിഹാരമുണ്ടാകുന്നുമില്ല. പലപ്പോഴും സമരത്തെ അവഗണിച്ച് പരാജയപ്പെടുത്തുന്നതും നമ്മൾ കാണാറുണ്ട്. അവഗണിക്കുമ്പോൾ ആത്മവിശ്വാസം നഷ്ടപ്പെട്ട് സമരക്കാർ മടങ്ങിപ്പോകുമെന്നാണ് സർക്കാർ കരുതുന്നത്. കഴിഞ്ഞയാഴ്ച മൂന്നാറിൽ സി.പി.ഐ ഒരു സമരം നടത്തി. പട്ടയം മാത്രം കൈവശമുള്ളവർക്ക് ഭൂമി നൽകണമെന്നാണ് അവർ ആവശ്യപ്പെട്ടത്. പലർക്കും പല വർഷങ്ങളായി ഭൂമി കാണിച്ചുകൊടുത്തിട്ടില്ല. ഇതൊക്കെ പാവപ്പെട്ട ജനങ്ങളെ പറ്റിക്കാനാണ്. നമ്മളൊക്കെ അവർക്ക് വെറും വോട്ടുബാങ്ക്​ മാത്രമാണ്. പാർട്ടി വളർത്താൻ മാത്രമാണ് ഇവരുടെ ശ്രമം. അടിസ്ഥാന വർഗത്തിനുവേണ്ടി സംസാരിക്കേണ്ടവരെല്ലാം പല ചേരികളിലായതിനാൽ നമുക്കുമാത്രം ആരുമില്ല- ഗോമതി പറയുന്നു.

തീരപ്രദേശങ്ങളിൽ 24,000 ത്തോളം കുടുംബങ്ങൾക്ക് വീടില്ല

ആദിവാസി വിഭാഗങ്ങൾ മാത്രമല്ല, കേരളത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട മറ്റൊരു വിഭാഗമായ തീരദേശവാസികളും ഭൂമിക്കുവേണ്ടി പ്രക്ഷോഭത്തിലാണ്. തീരദേശ ഭൂസംരക്ഷണ വേദി ഒരു വർഷമായി ഇതിനുള്ള പ്രവർത്തനങ്ങൾ നടത്തിവരികയാണെന്ന്​ സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ നേതാവ് മാഗ്ലിൻ ഫിലോമിന യോഹന്നാൻ അറിയിച്ചു. കഴിഞ്ഞ ഒക്ടോബറിൽ, കോവിഡ് കാലത്ത് പോലും ഇരുന്നൂറിലേറെ ആളുകൾ കാസർകോഡ് മുതൽ തിരുവനന്തപുരം വരെയുള്ള തീരദേശങ്ങളിലെ മുഴുവൻ എം.എൽ.എമാരെയും പങ്കെടുപ്പിച്ച് 24 മണിക്കൂർ ‘കടൽ കോടതി' സംഘടിപ്പിച്ചിരുന്നു. ഭൂമിക്കുവേണ്ടിയുള്ള തീരദേശവാസികളുടെ പോരാട്ടത്തിന്റെ തുടക്കമാണിത്. ഇപ്പോൾ ഞങ്ങൾ രാഷ്ട്രീയത്തിനതീതമായ വലിയൊരു കൂട്ടായ്മയുണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഈ മാസം 25ന് താനൂരിൽ ഒരു പൊതുസമ്മേളനം നടത്തുന്നുണ്ട്. തീരദേശങ്ങളിൽ ബോധവൽക്കരണ പരിപാടികൾ തുടങ്ങിക്കഴിഞ്ഞു.

മാഗ്ലിൻ ഫിലോമിന യോഹന്നാൻ

കടലിന്റെ ആവാസവ്യവസ്ഥയും തീരദേശത്തെ ജീവിതവുമായും ബന്ധപ്പെട്ട സമരങ്ങളായിരുന്നു ഇത്രയും കാലം കൂടുതലായുമുണ്ടായിരുന്നത്. അത് വിട്ട് കേരളത്തിലെ തീരദേശങ്ങളിൽ ഇത്രയും കാലമില്ലാതിരുന്ന ഭൂമി എന്ന ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള ശ്രമങ്ങൾ ആരംഭിച്ചിരിക്കുകയാണ്. വനാവകാശം പോലെ തീരദേശ ഭൂ അവകാശ നിയമം ഉണ്ടാകണമെന്ന ആവശ്യമുയർത്തുകയാണ് തങ്ങളെന്ന് മാഗ്ലിൻ ഫിലോമിന പറയുന്നു. അതിന്റെ കരട് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. മൂന്നാംഘട്ട കോവിഡ് രൂക്ഷമായതുകൊണ്ട് വലിയൊരു ഇടവേളയുണ്ടായതിനാൽ ഞങ്ങൾക്ക് അധികം മുന്നോട്ടുപോകാനായിട്ടില്ല. പക്ഷെ, ഞായറാഴ്ചകളിൽ കൂടി അധികം ജോലിയെടുത്ത് അതിന്റെ കരട് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്.

നാഷണൽ റൂറൽ ഡെവലപ്പ്മെൻറ്​ 2021ൽ നടത്തിയ പഠന പ്രകാരം കേരളത്തിന്റെ തീരപ്രദേശങ്ങളിൽ 24,000 ത്തോളം കുടുംബങ്ങൾ വീടില്ലാത്തവരായി ഉണ്ട്. ഭൂമിയില്ലാത്ത ആളുകളുടെ എണ്ണം ഇപ്പോഴും ഇത്രയേറെയുണ്ട്. മറ്റു ഭാഗങ്ങളിലേതുപോലെ അല്ല, തീരദേശത്ത്​ ഏഴുമുതൽ ഒമ്പത് വരെയൊക്കെയാണ് ഒരു കുടുംബത്തിലെ അംഗങ്ങളുടെ എണ്ണം. കടലാക്രമണവും മറ്റും മൂലം ഇപ്പോഴും ഗോഡൗണുകളിലൊക്കെയാണ് മത്സ്യത്തൊഴിലാളികൾ താമസിക്കുന്നത്. തിരുവനന്തപുരത്തൊക്കെ ഗോഡൗണാണ് എന്നെങ്കിലും പറയാം. കാസർകോട്ടൊക്കെ കടൽ കയറി വീടു നഷ്ടപ്പെട്ടവർ ഇപ്പോൾ എവിടെയാണെന്നുപോലും അറിയില്ല. കഴിഞ്ഞ പിണറായി സർക്കാരിന്റെ അവസാന കാലത്ത് ഉദ്ഘാടനം ചെയ്ത മഞ്ചേശ്വരം ഹാർബർ 300 കോടി രൂപ ചെലവാക്കി നിർമിച്ചതാണ്. ഭരണത്തുടർച്ചയുണ്ടാകുമോയെന്ന പ്രതീക്ഷയില്ലാതെ ധൃതിയിലാണ് അത് നിർമിച്ചത്. വളരെ അശാസ്ത്രീയമായാണ് നിർമാണം. അവിടെ കൂടുതലും മുസ്‌ലിം സമുദായത്തിലുള്ളവരാണ് താമസിക്കുന്നത്. കൂട്ടുകുടുംബ സമ്പ്രദായം ശക്തമായി നിലനിൽക്കുന്ന ആ ഭാഗത്തെ നാലോ അഞ്ചോ കുടുംബങ്ങളാണ് കടലേറ്റം മൂലം അനാഥമായത്. സർക്കാരിന്റെ വികസന പ്രവർത്തനം മൂലം ഇടം നഷ്ടമായ അവർ എവിടെയാണെന്ന് പറയാൻ പോലും സർക്കാരിനോ കോടതിക്കോ സാധിക്കുന്നില്ല. അവർക്കുവേണ്ടി ഒരു പുനരധിവാസ പാക്കേജും നടപ്പാക്കിയിട്ടില്ലെന്ന് മാഗ്ലിൻ പറയുന്നു.

കടലാക്രമണ ഭീഷണിയിലായ ചെല്ലാനം

ഇപ്പോൾ നടക്കുന്ന കെ-റെയിൽ വിരുദ്ധ സമരവും ഭൂസമരമാണെന്ന് അവർ ചൂണ്ടിക്കാട്ടി. കെ-റെയിൽ വരുമ്പോൾ ഭൂമി ആവശ്യമുള്ളവർ മാത്രമല്ല, ഭൂമി നഷ്ടപ്പെടുന്നവർ കൂടി സമരത്തിനിറങ്ങേണ്ടി വരികയാണ്. അതിനെ ഇവിടുത്തെ മുതലാളിത്ത വ്യവസ്ഥയിലുള്ള ഭരണകൂടം അടിച്ചമർത്തുന്നുവെന്ന വാസ്തവം കൂടിയുണ്ട്. മുതലാളിത്ത ഭരണകൂടമെന്ന് മാത്രമല്ല, ദല്ലാൾ ഭരണകൂടം എന്നുകൂടിയാണ് ഇതിനെ വിളിക്കേണ്ടത്. മുമ്പ് തൊഴിലാളി സംരക്ഷണമെന്ന പേരിലുള്ള വർഗസമരമായിരുന്നു അവരുടേത്. ഇന്നും വർഗസമരം തന്നെയാണ് ചെയ്യുന്നത്, പക്ഷെ ആ വർഗം മുതലാളി വർഗമാണെന്നുമാത്രം. ഭൂമിയും വീടും ഇല്ലാത്തതിനാൽ ഏറ്റവും ദുരിതം അനുഭവിക്കുന്നത് സ്ത്രീകളാണ്. സ്ത്രീകൾക്കും കുട്ടികൾക്കും പാവപ്പെട്ടവർക്കും അസംഘടിതർക്കും രക്ഷയില്ലാത്ത സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്- മാഗ്ലിൻ ഫിലോമിന പറഞ്ഞു.

നമ്മുടെ തൊഴിലിനോടുചേർന്നാണ് ഭൂമി അല്ലെങ്കിൽ ഇടം കണ്ടെത്തുന്നത്. അതിനാൽ, ഇതിനെ ഭൂമിയുടെയോ കിടപ്പാടത്തിന്റെയോ മാത്രം പ്രശ്‌നമായി കാണരുത്. ജീവിതത്തിന്റെ ഭാഗം കൂടിയാണത്. അതുകൊണ്ടാണ് സെക്രട്ടേറിയറ്റിൽ ജോലി ചെയ്യുന്നവർ സെക്രട്ടേറിയറ്റിന്റെ പരിസരത്ത് വന്ന് താമസിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ പോലും താമസിക്കുന്നത് സെക്രട്ടറിയേറ്റിന്റെ അടുത്തല്ലേ? മത്സ്യത്തൊഴിലാളി കടൽത്തീരത്തുതന്നെ താമസിക്കാനാഗ്രഹിക്കുന്നത് അവരുടെ ഉപജീവനവുമായി ബന്ധപ്പെട്ടാണ്. ആദിവാസി വനഭൂമിയിൽ തന്നെ താമസിക്കുന്നതും അതിനാലാണ്.
മത്സ്യത്തൊഴിലാളികൾക്ക് രണ്ട് തരത്തിലുള്ള ഭൂമിയാണ് വേണ്ടത്. അതിലൊന്ന് വീടുകൾ വയ്ക്കുന്നതിനാണ്. മറ്റൊന്ന് അവരുടെ തൊഴിലിടമായുള്ള കരഭൂമിയുടെ ആവശ്യമാണ്. വല ഉണക്കാനും നന്നാക്കാനും മത്സ്യം സംസ്‌കരിച്ച് സൂക്ഷിക്കുന്നതിനും എല്ലാം ഭൂമി വേണം. പണ്ട് പുറമ്പോക്ക് ഭൂമിയായി വിശാലമായ കടൽത്തീരമുണ്ടായിരുന്നു. ആ കടൽത്തീരം മൊത്തം നഷ്ടപ്പെട്ടു. ഇപ്പോൾ നമ്മൾ ആവശ്യപ്പെടുന്നത് കടലിനോടുചേർന്നുകിടക്കുന്ന ഭൂമിയും വാസസ്ഥലങ്ങളും മത്സ്യത്തൊഴിലാളികളുടെ കീഴിലായിരിക്കണമെന്നാണ്. തീരദേശ പഞ്ചായത്തുകളാണ് ഞങ്ങളുടെ മറ്റൊരു ആവശ്യം. നിലവിലെ പഞ്ചായത്ത് സംവിധാനത്തിൽ 15 വാർഡ് അപ്പുറത്തും പത്ത് വാർഡ് ഇപ്പുറത്തും ആയിരിക്കും. അതിനിടയിൽ മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ പോകും. ഒരു ഗ്രാമത്തിൽ തന്നെ തീരദേശവാസികളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനാകുന്ന സംവിധാനമുണ്ടാകണം.

ഒരു കുടുംബത്തിന് അഞ്ച് സെൻറ്​ സ്ഥലമെങ്കിലും എന്നതാണ് ഞങ്ങളുടെ ആവശ്യം. പിന്നെ തൊഴിലുമായി ബന്ധപ്പെട്ട പൊതുഇടമാണ് വേണ്ടത്. ഞങ്ങളുടെ ഭൂമി ആവശ്യത്തെക്കുറിച്ച് കേരളത്തിന്റെ പൊതുസമൂഹത്തിൽ രാഷ്ട്രീയ ഇടപെടൽ നടത്താൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്. ആ രീതിയിൽ മുന്നോട്ട് പോകുകയാണെന്നും മാഗ്ലിൻ ഫിലോമിന വ്യക്താക്കി.

ആ നിയമനിർമാണത്തിന്​ പേടി!

ഭൂപരിഷ്‌കരണം നടപ്പാക്കി അരനൂറ്റാണ്ട് പിന്നിട്ടിട്ടും, അടിസ്ഥാന വർഗത്തിന്റെ ഭൂമിക്കുവേണ്ടിയുള്ള നിലവിളികൾ ഇപ്പോഴും ഉയരുന്നുവെന്നത്, ഭാവിയിലേക്കുവേണ്ടി ചമയ്ക്കപ്പെടുന്ന നയരേഖകളുടെയും നവകേരള മാതൃകയുടെയും പൊള്ളത്തരം കാണിച്ചുതരുന്നു. ദലിതരെയും ആദിവാസികളെയും എന്നും ഭൂരഹിതരായി നിലനിർത്താനുള്ള ഗൂഢാലോചനയാണ്, ഭൂപരിഷ്‌കരത്തിലടക്കമുണ്ടായത്. ഭൂപരിഷ്​കരണം പുതിയ മനുഷ്യനെയും പുതിയ കുടുംബത്തെയും സൃഷ്​ടിച്ചു എന്നാണ്​, ഭൂപരിഷ്​കരണത്തിന്റെ അമ്പതാം വാർഷികം ഉദ്​ഘാടനം ചെയ്​ത്​ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്​. എന്നാൽ, ഇവിടുത്തെ പാർശ്വവൽക്കരിക്കപ്പെട്ട സമൂഹം എങ്ങനെയാണ്​ ഈ പുതിയ മനുഷ്യനിൽനിന്നും കുടുംബത്തിൽനിന്നും ഒഴിവാക്കപ്പെട്ടത്​ എന്നതിന്​ ഇനിയും തൃപ്​തികരമായ വിശദീകരണമുണ്ടായിട്ടില്ല.

Photo: Wikimedia Commons

ഇനി കേരളത്തിൽ വിതരണം ചെയ്യാൻ ഭൂമിയില്ല എന്ന് തോമസ് ഐസക്കിനെപ്പോലുള്ളവർ പറയുന്നു. അതായത്, ഭൂമി എന്ന അടിസ്ഥാന വർഗത്തിന്റെ ആവശ്യം കൈയൊഴിയുകയാണ് ഇടതുപക്ഷം അടക്കം ചെയ്യുന്നത്. അതിനു പകരമാണ്, ‘ആധുനിക കോളനികൾ' എന്ന് വിശേഷിപ്പിക്കാവുന്ന ഫ്‌ളാറ്റ് പദ്ധതി വരുന്നത്. സ്വന്തമായി വീട് എന്ന പുകമറയിലൂടെ ഭൂമി എന്ന അവകാശം ഉന്നയിക്കപ്പെടുന്നത് എന്നന്നേക്കുമായി റദ്ദാക്കപ്പെടുമെന്നാണ് സർക്കാർ കരുതുന്നത്.

കുത്തകകൾ അനധികൃതമായി കൈവശം വച്ചുകൊണ്ടിരിക്കുന്ന തോട്ടം ഭൂമി നിയമനിർമാണത്തിലൂടെ ഏറ്റെടുത്ത് വിതരണം ചെയ്യണമെന്ന കമീഷൻ റിപ്പോർട്ടുകൾ തന്നെ സർക്കാറിനുമുന്നിലുണ്ട്. ഭൂപരിഷ്‌കരണത്തിൽനിന്ന് ഒഴിവാക്കപ്പെട്ട തോട്ടം മേഖലയിൽ കുത്തക കമ്പനികൾ കൈവശം വച്ചിരിക്കുന്നത് അഞ്ചുലക്ഷത്തോളം ഏക്കർ ഭൂമിയാണ്. 200ഓളം കമ്പനികളാണ് സംസ്ഥാനത്തെ തോട്ടം മേഖലയിലുള്ളത്. അവയിൽ 95 ശതമാനവും ഭൂമി കൈവശം വച്ചിരിക്കുന്നത് അനധികൃതമായാണ് എന്നാണ് കമീഷനുകളുടെ കണ്ടെത്തൽ. സർക്കാറിന് അവകാശപ്പെട്ട ഭൂമി ഏറ്റെടുക്കുന്നതിനാണ് 2015 ഡിസംബർ 30ന് സ്‌പെഷൽ ഓഫീസറായി എം.ജി. രാജമാണിക്യത്തെ നിയോഗിച്ചത്. സർക്കാറിന് അവകാശപ്പെട്ട ഏഴു ലക്ഷം ഏക്കർ ഭൂമി കമ്പനികൾ കൈവശം വച്ചതിന്റെ തെളിവുകൾ അദ്ദേഹത്തിന്റെ റിപ്പോർട്ടിലുണ്ടായിരുന്നു. 1947ലെ ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്റ്റിനുശേഷം വിദേശ കമ്പനികൾക്ക് ഇന്ത്യയിൽ ഭൂമിക്കുമേൽ യാതൊരു അവകാശവാദവും ഉന്നയിക്കാനാകില്ലെന്നും 1953ലെ കമ്പനി രജിസ്‌ട്രേഷൻ ആക്റ്റ് പ്രകാരം ഇന്ത്യയിൽ രജിസ്റ്റർ ചെയ്യാത്ത കമ്പനികൾക്ക് ഒരു സെൻറ്​ ഭൂമി പോലും കൈവശം വെക്കാൻ അധികാരമില്ലെന്നുമായിരുന്നു രാജമാണിക്യം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയത്. ഹാരിസൺസ് മലയാളം കമ്പനിയുടെ തെക്കൻ ജില്ലകളിലുള്ള 30,000 ഏക്കർ ഭൂമി സർക്കാറിലേക്ക് ഏറ്റെടുത്ത് അദ്ദേഹം ഉത്തരവിടുകയും ചെയ്തു.

എന്നാൽ, രാജമാണിക്യം റിപ്പോർട്ട് സർക്കാർ വകുപ്പുകളിൽ തന്നെ ഭിന്നതയുണ്ടാക്കി. റിപ്പോർട്ടിനെതിരെ നിയമവകുപ്പ് പരസ്യമായി രംഗത്തുവന്നു.
ഫെറാ ആക്ട്, ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്റ്റ് എന്നിവയുടെ അടിസ്ഥാനത്തിൽ കമ്പനികൾ കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ചുപിടക്കാൻ നിയമത്തിൽ വ്യവസ്ഥയില്ലെന്നായിരുന്നു അവരുടെ വാദം. എന്നാൽ, വൻകിടക്കാരുടെ കൈവശമുള്ള 5.25 ലക്ഷം ഏക്കർ ഭൂമി തിരിച്ചുപിടിച്ച് ഭൂരഹിതർക്ക് നൽകുമെന്ന എൽ.ഡി.എഫ് പ്രകടനപത്രികയിലെ വാഗ്ദാനം അനുസരിച്ച് മുന്നോട്ടുപോകാൻ റവന്യൂവകുപ്പും തീരുമാനിച്ചു. ഇതിനിടെ, റിപ്പോർട്ട്​ ചോദ്യം ചെയ്ത് ഹാരിസൺസ് നൽകിയ ഹർജിയിൽ, ഭൂമിയുടെ ഉടസ്ഥാവകാശത്തർക്കത്തിൽ തീർപ്പുകൽപ്പിക്കാൻ സർക്കാർ ഉദ്യോഗസ്ഥന് അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടി, ഭൂമി ഏറ്റെടുക്കൽ ഹൈകോടതി റദ്ദാക്കുകയായിരുന്നു. ഭൂമി ഏറ്റെടുക്കാൻ നിയമനിർമാണമാണ് സർക്കാറിനുമുന്നിലുള്ള വഴി. എന്നാൽ, അത്തരമൊരു നിയമനിർമാണം ഒരു രാഷ്ട്രീയപാർട്ടിയുടെയും അജണ്ടയിൽ ഇന്നില്ല.

പിണറായി വിജയൻ, തോമസ് ഐസക്ക്

ഭരണഘടന മുന്നോട്ടുവയ്ക്കുന്ന ജീവിക്കാനുള്ള അവകാശവുമായി ബന്ധപ്പെട്ടാണ് ഭൂസമരങ്ങളുണ്ടാകുന്നത്. ദലിത്- ആദിവാസി വിഭാഗങ്ങൾ, തോട്ടം തൊഴിലാളികൾ, ഭൂരഹിത കർഷകർ, കർഷക തൊഴിലാളികൾ തുടങ്ങിയ വലിയൊരു വിഭാഗം ഇപ്പോഴും ഭൂരഹിതരാണ്. ഇവരെല്ലാം നാലുസെൻറ്​, രണ്ടു സെൻറ്​ കോളനികളിലും പുറമ്പോക്കിലുമൊക്കെയാണ് കഴിയുന്നത്. ഇവർക്ക് അവകാശപ്പെട്ട ഭൂമിയാണ് ഹാരിസൺസ്, കണ്ണൻ ദേവൻ പോലുള്ള കമ്പനികൾ കൈവശം വച്ചുകൊണ്ടിരിക്കുന്നത്. ഭൂമിക്കുവേണ്ടിയുള്ള ദലിതരുടെയും ആദിവാസികളുടെയും ദരിദ്രരുടെയുമെല്ലാം ആവശ്യങ്ങൾ നിർവീര്യമാക്കാൻ ജീവകാരുണ്യപദ്ധതികളാണ് സർക്കാർ മുന്നോട്ടുവക്കുന്നത്. ഭൂമിയടക്കമുള്ള വിഭവങ്ങളുടെമേലുള്ള അവകാശം നിഷേധിക്കപ്പെടുന്നതിനെതിരെ, വികസനത്തിന്റെ പേരിൽ കുടിയിറക്കപ്പെടുന്നവരുടെ പക്ഷത്തുനിന്ന് കേരളം രംഗത്തിറങ്ങേണ്ട സമയമാണിത്.▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.

Comments