കൗൺസിൽ ഓഫ് ദലിത് ക്രിസ്ത്യൻസിന്റെ നേതൃത്വത്തിൽ ദലിത് ക്രെെസ്തവർ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ സംവരണ സംരക്ഷണ മഹാറാലി (2017). / Photo: Kanakaraj Muthaiah, Fb

ദലിത് ക്രൈസ്തവരും സഭയും മുഖാമുഖം നിൽക്കുമ്പോൾ റദ്ദാവുന്ന സവർണ നവോത്ഥാന ചരിത്രം

ഒരുപക്ഷേ കേരളത്തിൽ ഏറ്റവും വലിയ സ്വത്വപ്രതിസന്ധി അനുഭവിക്കുന്ന സമുദായം കൂടിയാണ് ദലിത് ക്രൈസ്തവർ. ഈ കാരണത്താൽ ഇന്ന് അവരിൽ ഒരു വലിയ വിഭാഗം ജനറൽ ക്രിസ്ത്യൻ എന്ന നിലയിൽ കുട്ടികളെ സ്‌കൂളുകളിൽ ചേർക്കുകയാണ്. അതോടൊപ്പം, ലത്തീൻ സഭയിൽ ഉൾപ്പെട്ടിരിക്കുന്ന ചില ദലിത് ക്രിസ്ത്യാനികൾ ലത്തീൻ സമുദായമെന്ന നിലയിൽ ജാതി കോളം പൂരിപ്പിക്കുന്നു. കേരളത്തിലെ ദലിത്​ ക്രിസ്​ത്യൻ സമൂഹം അഭിമുഖീകരിക്കുന്ന വിവേചനങ്ങളെക്കുറിച്ചാണ്​ ഈ സംഭാഷണം.

മുഹമ്മദ് ഫാസിൽ: കേരളത്തിൽ, നവോത്ഥാനകാലത്ത് മിഷനറി പ്രസ്ഥാനങ്ങളുടെ സംഭാവനകൾ മാറ്റിനിർത്തിയാൽ നൂറ്റാണ്ടുകളുടെ പാരമ്പര്യം അവകാശപ്പെടുന്ന തദ്ദേശീയ ക്രൈസ്തവ പ്രസ്ഥാനങ്ങൾ കേരള പൊതുസമൂഹത്തിനു നൽകിയ സംഭാവനകൾ എന്തെല്ലാമാണ്? പ്രത്യേകിച്ച് നവോത്ഥാന ചർച്ചകളിൽ സമീപകാലത്ത് ഇടംപിടിച്ച കുര്യാക്കോസ് ഏലിയാസ് ചാവറയച്ചന്റെ സാമൂഹിക സംഭാവനകളെ എങ്ങനെ നോക്കിക്കാണുന്നു?

വിനിൽ പോൾ: പൊതുസമൂഹത്തിന് സംഭാവന നൽകാൻ ശേഷിയുള്ള വിഭാഗമല്ലായിരുന്നു കേരളത്തിലെ ക്രിസ്ത്യാനികൾ എന്നത് കേരള ചരിത്രം പരിശോധിച്ചാൽ വളരെ വേഗം മനസിലാകും. അതായത്, കേരളത്തിന്റെ സാമൂഹിക നവോത്ഥാന കാലത്ത് പരിഷ്‌ക്കരിക്കപ്പെട്ട ഒരു സമുദായമാണ് കേരളത്തിലെ ക്രിസ്ത്യാനികൾ. നൂറ്റാണ്ടുകളുടെ പഴക്കം പറയാൻ സാധിക്കുന്ന പള്ളികൾ- പ്രത്യേകിച്ച് പോർച്ചുഗീസ് പുരോഹിതരുടെ കടന്നുവരവിനുമുൻപ് സ്ഥാപിതമായ പള്ളിയോ പള്ളിയുടെ പുരാവസ്തുപരമായ തെളിവോ, ഒരു ചരിത്ര പുരുഷന്റെയോ സ്ത്രീയുടെയോ പേരോ പോലും പറയാൻ സാധിക്കാത്ത ഒരു സമുദായം മാത്രമായിരുന്നു കേരളത്തിലെ ക്രിസ്ത്യാനികൾ.

നവോത്ഥാനം എന്ന് വിളിക്കപ്പെടുന്ന കാലത്ത് യാതൊരു സാമൂഹിക സംഭാവനയും ചെയ്തിട്ടില്ലാത്ത ക്രിസ്ത്യൻ സമുദായത്തെ രക്ഷിക്കുന്നതിന്​ സമീപകാലത്തായി ക്രിസ്ത്യൻ സഭാചരിത്രകാരന്മാർ കള്ളങ്ങൾ പ്രചരിപ്പിക്കുകയാണ്​

യൂറോപ്യൻ അധിനിവേശത്തിനുശേഷം അവരുടെ മേൽനോട്ടത്തിനുകീഴിൽ വികസിച്ചുവരുന്ന ഒരു വിഭാഗം മാത്രമായിരുന്നു കേരളത്തിലെ ക്രിസ്ത്യാനികൾ. കച്ചവടത്തിൽ ഏർപ്പെട്ടിരുന്നു എന്നതിനപ്പുറം, മറ്റൊരു തെളിവും മുൻപോട്ട് വെക്കാനില്ലാത്ത, അതായത് കേരളത്തിന്റെ ജ്ഞാനവ്യവഹാരത്തിൽ ഏർപ്പെടാൻ ശേഷിയില്ലാതിരുന്ന ക്രിസ്ത്യൻ സമൂഹം പരിവർത്തനപ്പെടുന്നത് 19ാം നൂറ്റാണ്ടിൽ മാത്രമാണ്. മറ്റൊരു രീതിയിൽ, പറഞ്ഞാൽ ബ്രിട്ടീഷ് ഭരണത്തിന്റയും മിഷനറി പ്രസ്ഥാനങ്ങളുടെയും വലിയ ഗുണഭോക്താക്കളായി തീരുന്ന നിമിഷത്തിലാണ് കേരളത്തിലെ ക്രിസ്ത്യാനികൾ ഒരു സമുദായമെന്ന നിലയിലേക്കും, ഊഴിയ വേലയിൽ നിന്നും പുറത്തുംകടക്കുന്നത്.

നവോത്ഥാനം എന്ന് വിളിക്കപ്പെടുന്ന കാലത്ത് യാതൊരു സാമൂഹിക സംഭാവനയും ചെയ്തിട്ടില്ലാത്ത ക്രിസ്ത്യൻ സമുദായത്തെ രക്ഷിക്കുന്നതിന്​ സമീപകാലത്തായി ക്രിസ്ത്യൻ സഭാചരിത്രകാരന്മാർ പ്രധാനമായും രണ്ടു കള്ളങ്ങളാണ് പ്രചരിപ്പിക്കുന്നത്. ഒന്നാമത്തേത്, ക്രിസ്ത്യാനികളുടെ മാത്രമല്ല, മൊത്തം മലയാളികളുടെയും നവോത്ഥാനം തുടങ്ങുന്നത് ഉദയംപേരൂർ സുന്നഹദോസിൽ നിന്നാണെന്നും, കേരളത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വിത്തുപാകിയ സംഭവമാണതെന്നും ഒരു വിഭാഗം സഭാചരിത്രകാരന്മാർ വാദിക്കുന്നു.
എന്നാൽ ഉദയംപേരൂർ സുന്നഹദോസിനു (1599) ശേഷമുണ്ടായ സാമൂഹിക പുരോഗതി എന്താണെന്നു ചൂണ്ടിക്കാണിക്കാൻ യാതൊരു തെളിവും ഇവർക്കില്ല എന്നതാണ് രസകരം. പ്രത്യേകിച്ച്, ഡച്ച് കമ്പനി വരുന്ന സാഹചര്യത്തിൽ അടിമക്കച്ചവടത്തിന്​ പള്ളികൾ തുറന്നുകൊടുക്കുകയും അടിമകളെ വ്യാപകമായി ഉപയോഗിക്കുകയും ചെയ്തിരുന്ന കാലത്തെയാണ് സഭാ ചരിത്രകാരന്മാർ നവോത്ഥാന കാലമെന്നും നവോത്ഥാനത്തിന്റെ ആരംഭമെന്നും വിളിക്കാൻ ശ്രമിക്കുന്നത്.

കുര്യാക്കോസ് ഏലിയാസ് ചാവറയച്ചൻ

തെളിവില്ലാത്ത രണ്ടാമത്തെ ചരിത്രം വികസിക്കപ്പെടുന്നത് ചാവറ കുര്യാക്കോസ് അച്ചനെ കേന്ദ്രസ്ഥാനത്ത് നിർത്തിക്കൊണ്ടാണ്. 1850-കളിൽ ദലിത് വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചതും പള്ളിയോടു ചേർന്ന് പള്ളിക്കൂടം ആരംഭിച്ചതും ചാവറ അച്ചനാണെന്നും അദ്ദേഹമാണ് ദലിതരുടെ അപ്പോസ്തലൻ എന്നുമെല്ലാമാണ് സമീപകാലത്ത് ഉയർത്തിക്കൊണ്ടു വരുന്ന ചരിത്രങ്ങൾ. പ്രൊഫ. പി. കെ. മൈക്കിൾ തരകൻപോലുള്ള സാമൂഹ്യശാസ്ത്രജ്ഞർ ചാവറ അച്ചനെ മുൻനിർത്തി നടത്തുന്ന കപട ചരിത്ര രചനയെ പൊതുസമൂഹത്തിനു മുൻപിൽ തുറന്നുകാണിച്ചിട്ടുള്ളതാണ്. മലയാളികളുടെ ആധുനിക വിദ്യാഭ്യാസ ചരിത്രത്തിനെ കുറിച്ചുള്ള അക്കാദമിക അന്വേഷണങ്ങളിൽ കടന്നുവന്നിട്ടില്ലാത്ത ചാവറ കുര്യാക്കോസ് എന്ന പേര് അദ്ദേഹം വിശുദ്ധ പദവിയിലേക്ക് എത്തപ്പെടുന്നതിന് അല്പം മുൻപാണ് പൊതുസമൂഹത്തിൽ ഉയർത്തപ്പെട്ടത്. എന്നാൽ മാന്നാനം ആർകെവ്സ് ഉപയോഗിച്ച് ഗവേഷണം നടത്തിയ റോബിൻ ജെഫ്രിപോലെ നിലവാരമുള്ള ചരിത്രകാരന്മാർ ഒന്നുംതന്നെ വിദ്യാഭ്യാസ മേഖലയിൽ ചാവറ അച്ചൻ നൽകിയ സംഭവനയെ കുറിച്ച് ഒരക്ഷരം പറഞ്ഞിട്ടില്ല എന്നതുകൂടി നാം തിരിച്ചറിയണം. സ്‌കൂളുകളുടെ സ്ഥാപനത്തിന്റെ തെളിവോ, സ്‌കൂളുകളിൽ പുലയരുടെ സാന്നിധ്യത്തിനുള്ള തെളിവോ, ആദ്യമായി കത്തോലിക്കാ സഭയിലേക്ക്​ പുലയരെ പരിവർത്തനം നടത്തിയതിന്റെ തെളിവോ മാന്നാനത്തിനോ, ചാവറ ചരിത്രത്തിനോ നല്കാൻ കഴിഞ്ഞിട്ടില്ല. ആ നാട്ടിലെ കീഴാള ജനതയുടെ ഓർമകളിലും വാമൊഴികളിലും ഇങ്ങനെയൊരു സംസ്‌കൃത പള്ളിക്കൂട ചരിത്രമില്ല. എന്നാൽ കത്തോലിക്കാ സഭയിലേക്ക് ആദ്യമായി പുലയർ കടന്നുവരുന്നതിന്റെ ആധികാരിക തെളിവു നല്കുന്നതാകട്ടെ, ചാവറ കുര്യാക്കോസ് അച്ചന്റെ സമകാലികനായ പാലക്കുന്നേൽ മത്തായി മറിയം കത്തനാരാണ്. പാലക്കുന്നേൽ അച്ചന്റെ മേൽനോട്ടത്തിലാണ് ഈഴവരെയും പുലയരെയും കത്തോലിക്കാ സഭയിലേക്ക് പ്രവേശിപ്പിക്കുന്നത്.

സാമൂഹിക സേവന രംഗത്തും ഒന്നും കാണാൻ സാധിക്കുന്നില്ല. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും, ആശുപത്രികളും ഒരു കച്ചവട ചരക്കായി മാറുന്ന സാഹചര്യത്തിൽ മാത്രമാണ് കേരളത്തിലെ തദ്ദേശീയ ക്രിസ്ത്യാനികൾ ആ മേഖലകളിലേക്ക് കടന്നുവരുന്നത്. അതായത്, സാമൂഹിക സേവനത്തിന്റെ യാതൊരു അംശവും ഇവരുടെ പരിണാമദിശകളിൽ കാണാൻ കഴിയുന്നില്ല എന്നതാണ് സത്യം. എന്നാൽ സെൻറ്​ തോമസ് മിത്ത്‌ പോലെ പല വാദങ്ങളും നവോത്ഥാനവുമായി ബന്ധപ്പെട്ട് ഇവർ വ്യാപകമായി പ്രചരിപ്പിക്കുകയാണ്.

1892-ൽ എ.എഫ്. പെയിന്റർ എന്ന മിഷനറി പറയുന്നത്, "കോട്ടയത്തെ നമ്മുടെ പ്രധാനപ്പെട്ട ഒരു സ്‌കൂളിലും ഒരൊറ്റ പുലയ കുട്ടിയെപോലും പഠിപ്പിച്ചിട്ടില്ല. അതിന്റെ കാരണം പുലയരുടെ താല്പര്യമില്ലായ്മയല്ല, മറിച്ച്​ സുറിയാനി ക്രിസ്ത്യാനി സമൂഹത്തിന്​ പുലയരോടുള്ള ജാതിപ്പകയാണ്’ എന്നാണ്.

ഹിന്ദുമതം ഉപേക്ഷിച്ചതിലുള്ള പ്രതികാരമെന്നോണമാണ് തിരുവിതാംകൂർ രാജഭരണകാലം മുതൽ ദലിത് ക്രൈസ്തവർ സർക്കാർ തലത്തിൽ വിവേചനം നേരിട്ടത്. ദലിത് ക്രൈസ്തവരെ തിരികെ ഹിന്ദുമതത്തിലെത്തിക്കാൻ ഭരണകൂടം വിദ്യാഭ്യാസത്തെ നിരന്തരം സമ്മർദ്ദ തന്ത്രമായി ഉപയോഗിച്ചപ്പോൾ ക്രിസ്ത്യൻ സഭയ്ക്കകത്തും ദലിത് ക്രൈസ്തവർക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ടായി. അതായത് നവോത്ഥാനകാലത്ത് മറ്റു പിന്നാക്കവിഭാഗങ്ങളെക്കാൾ ദലിത് ക്രൈസ്തവർക്ക് ഈയൊരു പ്രതിസന്ധി കൂടുതലായിരുന്നു. സ്വാതന്ത്ര്യാനന്തര കേരളത്തിൽ ഈ പ്രതിസന്ധി പരിഹരിക്കുന്നതിൽ മുൻപന്തിയിലുണ്ടായിരുന്ന വി.ഡി. ജോണിനെക്കാളും, റവ.എൻ. സ്റ്റീഫനെക്കാളും ദലിത് ക്രൈസ്തവരെ വിദ്യാഭ്യാസരംഗത്ത് സഹായിച്ചത് ഇതര ക്രൈസ്തവ നേതൃത്വമാണ് എന്ന ആഖ്യാനത്തിനാണ് കൂടുതൽ സ്വീകാര്യത. ഈയൊരു വൈരുദ്ധ്യം എങ്ങനെ സംഭവിച്ചു.?

തിരുവിതാംകൂർ എന്ന സ്വയം പ്രഖ്യാപിത ഹിന്ദു രാജ്യത്തിന് തന്റെ പ്രജകൾ മറ്റൊരു മതം സ്വീകരിക്കുന്നതിനെ ഒരിക്കലും അംഗീകരിക്കാൻ സാധിച്ചിരുന്നില്ല എന്നതാണ് വാസ്തവം. തിരുവിതാംകൂറിൽ ക്രിസ്തുമതം സ്വീകരിക്കുന്ന ബ്രാഹ്‌മണർ പോലും വിചാരണചെയ്യപ്പെടുന്നുണ്ട്. മതപരിവർത്തനമെന്നത് കേവലം തിരുവിതാംകൂർ എന്ന ചെറിയ രാജ്യത്തിൽ മാത്രമല്ല, ഇന്ത്യയിലെവിടെയും ഹൈന്ദവ നിയമനിഷേധവും ജാതിവിരുദ്ധവുമായ ഒരു പ്രക്രിയ തന്നെയായിരുന്നു. ഡോ. ബി.ആർ. അംബേദ്ക്കർ ഇത് വിശദമാക്കിയിട്ടുണ്ട്. 1910-നു ശേഷം പൊതുവിദ്യാലയങ്ങൾ എല്ലാവർക്കുമായി തുറന്നുകൊടുക്കുന്ന സാഹചര്യത്തിലാണ് തിരുവിതാംകൂറിലെ ദലിത് ക്രൈസ്തവർക്ക്​വിദ്യാഭ്യാസത്തിന്​ അവസരം ലഭിക്കുന്നത്. അതിനുമുൻപ് മിഷനറി പ്രവർത്തകരുടെ ഗ്രാമീണ പള്ളിക്കൂടങ്ങളിൽ രണ്ടാം ക്ലാസ് വരെയുള്ള പഠനം മാത്രമാണ് ദലിത് ക്രിസ്ത്യാനികൾക്ക് ലഭിച്ചത്. മിഷനറി പള്ളിക്കൂടങ്ങളിൽ തുടർവിദ്യാഭ്യാസമോ, ഇംഗ്ലീഷ് വിദ്യാഭ്യാസമോ അനുവദിച്ചിരുന്നില്ല.

1892-ൽ എ.എഫ്. പെയിന്റർ എന്ന മിഷനറി പറയുന്നത്, "കോട്ടയത്തെ നമ്മുടെ പ്രധാനപ്പെട്ട ഒരു സ്‌കൂളിലും ഒരൊറ്റ പുലയ കുട്ടിയെപോലും പഠിപ്പിച്ചിട്ടില്ല. അതിന്റെ കാരണം പുലയരുടെ താല്പര്യമില്ലായ്മയല്ല, മറിച്ച്​ സുറിയാനി ക്രിസ്ത്യാനി സമൂഹത്തിന്​ പുലയരോടുള്ള ജാതിപ്പകയാണ്’ എന്നാണ്. മധ്യ കേരളത്തിലെ ദലിതർ ആദ്യമായി സംഘം ചേർന്ന് മിഷനറിമാർക്ക് നൽകുന്ന നിവേദനം, തങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നുനൽകണെമന്നും, ഇംഗ്ലീഷ് വിദ്യാഭ്യാസം അനുവദിക്കണമെന്നുമാണ്. അതായത്, പറഞ്ഞു വരുന്നത്, സർക്കാർ സ്‌കൂളുകൾ തുറന്നുകൊടുക്കുന്ന സാഹചര്യത്തിലും രക്ഷാസൈന്യം പോലുള്ള ഇതര മിഷനറി പ്രവർത്തകർ സ്‌കൂളുകൾ തുടങ്ങുമ്പോഴുമാണ് ദലിത് ക്രിസ്ത്യാനികൾക്ക് മൂന്നാം ക്ളാസ് മുതലുള്ള വിദ്യാഭ്യാസം ലഭ്യമായി തുടങ്ങുന്നത്.

എന്നാൽ തെക്കൻ തിരുവിതാംകൂറിലെ മിഷനറി പ്രസ്ഥാനത്തിൽ എത്തിച്ചേർന്ന ദളിതരുടെ വിദ്യാഭ്യാസാവസ്ഥ താരതമേന്യ അല്പം മെച്ചപ്പെട്ടതായിരുന്നു എന്നത് എടുത്തുപറയേണ്ട കാര്യം തന്നെയാണ്. ഇരുപതാം നൂറ്റാണ്ടിൽ തിരുവിതാംകൂറിൽ വ്യാപകമായി സ്‌കൂളുകൾ ആരംഭിക്കുന്നതിനുപിന്നിൽ നിരവധി കാരണങ്ങൾ ഉണ്ടെങ്കിലും മതപരിവർത്തനത്തിന്റെ എണ്ണം കുറയ്ക്കുന്നതിനാണ് സർക്കാർ സ്‌കൂളുകൾ ആരംഭിക്കുന്നത്. എന്നാൽ ഈ പ്രവർത്തനങ്ങളൊന്നും സർക്കാരിന് അനുകൂലമായ റിസൾട്ട്​ ഉണ്ടാക്കികൊടുത്തില്ല. മാത്രമല്ല, ക്രിസ്തുമതം സ്വീകരിച്ച ദലിതരുടെ സാക്ഷരതാ നിരക്ക് വളരെ വേഗം വർധിക്കുകയും ചെയ്തു.

വി.ഡി. ജോൺ

1931-ലെ സെൻസസ് റിപ്പോർട്ട് സർക്കാരിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. അതനുസരിച്ച്​, തിരുവിതാംകൂറിൽ ക്രിസ്തുമതം സ്വീകരിച്ച പറയ ജാതിയുടെ (71,680) എണ്ണത്തേക്കാൾ കുറവായിരുന്നു ഹിന്ദുക്കളായി സർക്കാർ കണക്കാക്കിയിരുന്ന പറയ ജാതിക്കാർ (70,684). തന്നെയുമല്ല, ക്രിസ്തുമതം സ്വീകരിച്ച പറയർ 15.7% സാക്ഷരത കൈവരിച്ചപ്പോൾ ഹിന്ദുക്കൾ എന്ന നിലയിൽ ജീവിക്കുന്ന പറയരുടെ സാക്ഷരത 4.9% മാത്രമായിരുന്നു. അതായത്, പ്രജാസഭകൾ വഴി സ്‌കൂളുകൾ അനുവദിച്ചിട്ടും ഹിന്ദു വിശ്വാസികളായ ദലിതരുടെ സാക്ഷരത അഞ്ച് ശതമാനം പോലും എത്തിച്ചേർന്നില്ല. ഈ കാരണത്താൽ ദലിത് ക്രൈസ്തവർക്ക് സ്‌കൂൾ മേഖലയിൽ അനുവദിച്ചിരുന്ന എല്ലാവിധ ആനുകൂല്യങ്ങളും നിർത്തലാക്കുകയും ഫീസ് വർദ്ധിപ്പിക്കുകയും ചെയിതു. പ്രത്യേകിച്ച് സി.പി. രാമസ്വാമി ക്ഷേത്ര പ്രവേശനത്തിനോടനുബന്ധമായി ദലിത് ക്രിസ്ത്യാനികൾക്ക് അനുവദിച്ച പ്രജാ സഭയിലെ സംവരണ സീറ്റും, സർക്കാർഇതര മേഖലയിലെ സകല ആനുകൂല്യങ്ങളും നിർത്തലാക്കി. നിരവധി ദലിത് ക്രിസ്ത്യൻ നേതാക്കളും സംഘടനകളും സമരങ്ങൾ നടത്തിയെങ്കിയിലും ഒന്നും വിജയത്തിലെത്തിയില്ല. ദലിത് ക്രൈസ്തവർ നേരിടുന്ന ഈ സാമൂഹികാനീതി ചോദ്യം ചെയ്യുന്നതിനോ, ദലിത് ക്രൈസ്തവ സമരങ്ങളെ പിന്തുണയ്ക്കുന്നതിനോ ഒരു പ്രബല ക്രൈസ്തവ സഭയും ശ്രമിച്ചില്ല എന്നതാണ് വാസ്തവം. കേരളത്തിൽ ക്രൈസ്തവ സഭകൾ ദലിത് ക്രൈസ്തവരുടെ വിഷയത്തിൽ നിശ്ശബ്ദത പാലിക്കുകയായിരുന്നു. കൊളോണിയൽ വിദ്യാഭ്യാസ വ്യവഹാരത്തിൽ ദലിത് ക്രൈസ്തവരാണ് തുടർച്ചയായി സമരങ്ങൾ ചെയ്യാൻ വിധിക്കപ്പെട്ടവർ.

നിരവധി ജാതി വിഭാഗങ്ങൾ ക്രിസ്തുമതത്തിലേക്ക് എത്തിച്ചേർന്നെങ്കിലും നാടാർ, പുലയർ, പറയർ, കുറവർ, ഐനവർ എന്നീ ജാതികളൊഴികെ ഏത് പിന്നാക്ക- പട്ടിക ജാതിക്കാർ ക്രിസ്തുമതം സ്വീകരിച്ചാലും അടുത്ത തലമുറ മുതൽ അവർ സുറിയാനി ക്രിസ്ത്യാനിയായി മാറ്റപ്പെടുകയാണ്

ഹിന്ദുരാജ്യം കൈക്കൊണ്ട അതേ മാതൃകയിലാണ് സ്വന്തന്ത്ര ഇന്ത്യയിലും ദലിത് ക്രൈസ്തവർ അടയാളപ്പെടുത്തപ്പെട്ടത്. ഐക്യ കേരളസംസ്ഥാനത്ത് നിലനിന്നിരുന്ന വിദ്യാഭ്യാസ അനീതിയെ ശക്തമായി നേരിട്ട് പരാജയപ്പെടുത്താൻ സാധിച്ചയിടത്തിലാണ് ദലിത് ക്രൈസ്തവ നേതാക്കളായ വി.ഡി.ജോൺ, റവ. എൻ. സ്റ്റീഫൻ എന്നിവർ ശ്രദ്ധേയരായും യഥാർത്ഥ സാമൂഹിക പരിഷ്‌ക്കർത്തകളായും മാറുന്നത്. അഡ്മിഷനിൽ ഒഴികെ പട്ടിക ജാതി വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ നേടിയെടുക്കാൻ സാധിച്ചു എന്നതാണ് ഇവരുടെ ഏറ്റവും വലിയ സാമൂഹിക സംഭാവന.

ഇന്ന് പൊതുസമൂഹത്തിൽ ആർ.എസ്.എസ്. മുന്നോട്ടു വെക്കുന്ന മുസ്​ലിം വിരുദ്ധ നരേറ്റീവിന് ക്രൈസ്തവ സഭയിൽ നിന്നുള്ള ഉത്തരവാദിത്തപ്പെട്ടവരുടെ സഹായമുണ്ട്. ജോസഫ് കല്ലറങ്ങാട്ടിന്റെ ‘നാർക്കോട്ടിക്ക് ജിഹാദ്’ പരാമർശം മുതൽ മുസ്​ലിം വിരുദ്ധ പ്രസ്താവനയുടെ പേരിൽ ക്രിസ്ത്യൻ സഭകൾ പി.സി. ജോർജ്ജിന് സ്വീകരണം നൽകുന്നതുവരെ അതിന്റെ ഉദാഹരണങ്ങളാണ്. ഇന്ത്യയിലുടനീളം ക്രൈസ്തവർ ഹിന്ദുത്വവാദികളുടെ വെറുപ്പിനിരയാകുമ്പോഴും കേരളത്തിലെ ക്രൈസ്തവരിലെ പ്രബലവിഭാഗം ഈയൊരു മനോഭാവം വെച്ചു പുലർത്തുന്നതിനുപിന്നിലെ കാരണം എന്താണ്? സീറോ മലബാർ സഭയിലും, ‘കാസ’ പോലുള്ള ചെറിയ കൂട്ടങ്ങൾക്കിടയിലും മാത്രം ചുരുങ്ങുന്നതാണോ ഈയൊരു ഹിന്ദുത്വസ്വാധീനം?.

ഇതിന്​ ചരിത്രപരമായി മറ്റു ചില കാരണങ്ങൾ കൂടിയുണ്ടെന്നാണ് തോന്നുന്നത്. കേരളത്തിൽ ആദ്യം ക്രിസ്തുമത വിശ്വാസികളായവർ ആരെന്നതിനെ സംബന്ധിച്ച്​കൃത്യമായ തെളിവ്​ ലഭ്യമല്ലെങ്കിലും പിന്നീട് പോർച്ചുഗീസ്, ബ്രിട്ടീഷ് കാലത്ത് ക്രിസ്തുമതത്തിലേക്ക് വ്യാപകമായി ദലിതരും പിന്നാക്ക ജാതികളും എത്തിചേരുകയും ക്രൈസ്തവ വിശ്വാസികൾക്കിടയിൽ കൃത്യമായ ഒരു ജാതി ശ്രേണി രൂപപ്പെടുകയും ചെയ്തിട്ടുണ്ട്.

നിരവധി ജാതി വിഭാഗങ്ങൾ ക്രിസ്തുമതത്തിലേക്ക് എത്തിച്ചേർന്നെങ്കിലും നാടാർ, പുലയർ, പറയർ, കുറവർ, ഐനവർ എന്നീ ജാതികളൊഴികെ ഏത് പിന്നാക്ക- പട്ടിക ജാതിക്കാർ ക്രിസ്തുമതം സ്വീകരിച്ചാലും അടുത്ത തലമുറ മുതൽ അവർ സുറിയാനി ക്രിസ്ത്യാനിയായി മാറ്റപ്പെടുകയാണ്. അതായത്, വ്യത്യസ്ത ജാതികൾ കൂടിച്ചേർന്ന്​ സുറിയാനി ക്രിസ്ത്യാനി എന്ന വിഭാഗം ഒരു വശത്ത്​ മേൽക്കോയ്​മ നേടിയപ്പോൾ മറുഭാഗത്ത് കീഴേക്കിടയിലാക്കപ്പെട്ട ദലിത് ക്രൈസ്തവ ജീവിതങ്ങൾ എന്നതാണ് കേരളത്തിലെ ക്രിസ്തുമതത്തിലെ പ്രധാന സംഘർഷം.

''ഹിന്ദുമഹാ സമ്മേളനത്തിൽ കടുത്ത മുസ്​ലിം- സ്ത്രീ വിരുദ്ധ പരാമർശങ്ങൾ നടത്തിയ പി.സി. ജോർജിന് കോട്ടയത്ത് കഴിഞ്ഞ ദിവസം വിവിധ സഭാനേതൃത്വങ്ങൾ വലിയ സ്വീകരണം കൊടുക്കുകയുണ്ടായി. ഇതേ പി.സി. ജോർജ്ജ് പുലയ ക്രിസ്ത്യാനികളെ അവഹേളിച്ച്​ ചില പ്രസ്താവനകൾ നടത്തിയപ്പോൾ അതിനെതിരെ ഒരു സഭയും പ്രതികരിച്ചുകണ്ടില്ല.''

ഹിന്ദു മതത്തിലെ ജാതിഘടനയിൽ തന്നെ പ്രവർത്തിക്കുന്ന ഒരു സമൂഹമാണ് കേരളത്തിലെ ക്രിസ്ത്യാനികൾ എന്നാണ്​ പറഞ്ഞുവരുന്നത്​. ദലിത് ക്രൈസ്തവർക്കൊഴികെ, ബാക്കി എല്ലാ ക്രിസ്ത്യാനികൾക്കും അവർ ഉയർന്ന ജാതി ഹിന്ദുക്കളായിരുന്നു എന്ന കാര്യം നിരന്തരം പറഞ്ഞുകൊണ്ടിരിക്കണം എന്നതാണ് കേരളത്തിലെ ക്രിസ്ത്യാനിയുടെ അവസ്ഥ. ഈ കാരണത്താൽ ബ്രാഹ്‌മണപാരമ്പര്യവും കപട കുടുംബ ചരിത്രവും ഇവർക്ക് എഴുതി പ്രസിദ്ധീകരിക്കേണ്ടി വരുന്നു. മാത്രമല്ല, സവർണ ഹിന്ദു പദ്ധതികളുമായി ഇവർ വേഗത്തിൽ ഐക്യപ്പെടുകയും ചെയ്യുന്നു.

തീവ്ര ഹിന്ദുത്വ വാദികൾക്ക് പലപ്പോഴും വേദിയൊരുക്കിയ ചരിത്രമാണ് കേരളത്തിലെ ഒരു വിഭാഗം ക്രിസ്ത്യാനികൾക്കുള്ളത്. കേരളത്തിൽ കത്തോലിക്കാസഭയിലെ പരിഷ്‌കരണവാദിയും സഭയിലെ പുരോഹിത നേതൃത്വത്തിന്റെ തീവ്രവിമർശകനുമായ ജോസഫ് പുലിക്കുന്നേലാണ് അരുൺ ഷൂറിയുടെ ക്രൈസ്തവവത്ക്കരണം ഭാരതത്തിൽ എന്ന, കുരുക്ഷേത്ര ബുക്‌സ് പ്രസിദ്ധീകരിച്ച മലയാള പുസ്തകത്തിന് അവതാരിക എഴുതിയത് എന്നത് ഇവിടെ ഓർക്കേണ്ടതാണ്. അതോടൊപ്പം, വലിയ പാരമ്പര്യം പറയുകയും പരസ്യമായി റോഡിലും പള്ളികളിലും തല്ലുകൂടുകയും ചെയ്യുന്ന രണ്ടു പ്രബല സഭകളുടെ തർക്കം പരിഹരിക്കാൻ അവർ കണ്ടെത്തിയ മധ്യസ്ഥൻ അമിത്ഷായും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമാകുന്നത് യാദൃച്​ഛികമായല്ല എന്നതുകൂടി നാം തിരിച്ചറിയണം.

നിരന്തരമായി ഹിന്ദുത്വവാദികൾ ഉന്നയിക്കുന്ന അതേ അളവിലും തോതിലുമാണ് പല പുരോഹിതരും മുസ്​ലിം വിരുദ്ധത പ്രചരിപ്പിക്കുന്നത്. ഹിന്ദുമഹാ സമ്മേളനത്തിൽ കടുത്ത മുസ്​ലിം- സ്ത്രീ വിരുദ്ധ പരാമർശങ്ങൾ നടത്തിയ പി.സി. ജോർജിന് കോട്ടയത്ത് കഴിഞ്ഞ ദിവസം വലിയ സ്വീകരണം കൊടുക്കുകയുണ്ടായി. ഇതേ പി.സി. ജോർജ്ജ് പുലയ ക്രിസ്ത്യാനികളെ അവഹേളിച്ച്​ ചില പ്രസ്താവനകൾ നടത്തിയപ്പോൾ അതിനെതിരെ ഒരു സഭയും പ്രതികരിച്ചുകണ്ടില്ല. എന്നാൽ, എല്ലാവരെയും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചത് ദലിത് ക്രൈസ്തവരും രാഷ്ട്രീയ നിലപാടുകൾ ഇന്നുവരെ വെളിപ്പെടുത്താതെ ഇരുന്നതുമായ ഒരു വിഭാഗം പെന്തകോസ്ത് ക്രിസ്ത്യാനികൾ പി.സി. ജോർജിന് നൽകിയ സ്വീകരണത്തിൽ പങ്കാളികളായത് കണ്ടപ്പോഴാണ്.

തിരുവിതാംകൂർ -കൊച്ചി കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ സെക്രട്ടറിയായിരുന്ന കെ.വി. പത്രോസ് എന്ന ദലിത് ക്രിസ്ത്യാനിയുടെ ചരിത്രം മായ്​ച്ചുകളയപ്പെട്ടിരിക്കുകയാണെങ്കിൽ സഖാവ് കെ.പി. ജോസഫ്, എം.എം. ആന്റണി തുടങ്ങിയ നേതാക്കൾ കൃത്യമായി അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്

അതോടൊപ്പം, മുസ്​ലിം വിരുദ്ധതയ്ക്ക് മറ്റൊരു കാരണമായി ഒരു വിഭാഗം ക്രിസ്ത്യാനികൾ ഉന്നയിക്കുന്നത് സർക്കാർ സംവിധാനത്തിൽ ന്യൂനപക്ഷ അവകാശങ്ങളെല്ലാം മുസ്​ലിംകൾ കൊണ്ടുപോകുന്നു എന്നതാണ്. എന്തായാലും വളരെ വേഗത്തിലാണ് മതനിരപേക്ഷയുടെ എതിർചേരിയിലേക്ക് ഒരു വിഭാഗം ക്രിസ്ത്യാനികൾ എത്തിച്ചേരുന്നത്. എന്നാൽ, കഴിഞ്ഞ വർഷം പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ വിവാദ പ്രസ്താവനയ്ക്കുശേഷം സി എസ്‌ ഐ മധ്യകേരള മഹായിടവക ബിഷപ്പ് ഡോ. സാബു കോശി ചെറിയാനും, താഴത്തങ്ങാടി ഇമാം ഷംസുദ്ദീൻ മന്നാനി ഇലവുപാലവും ചേർന്ന് നടത്തിയ വാർത്താസമ്മേളനങ്ങളും ക്രൈസ്തവർക്കിടയിൽ നടക്കുന്നുണ്ട് എന്നത് ചെറിയ പ്രതീക്ഷ നൽകുന്ന കാര്യമാണ്.

ഇടതുപക്ഷ പ്രസ്ഥാനത്തിലൂടെയാണ് വി. ഡി. ജോൺ രാഷ്ട്രീയത്തിലെത്തുന്നത്. പുന്നപ്ര വയലാർ സമരത്തിൽ പങ്കെടുക്കുകയും പാർട്ടി പ്രവർത്തനത്തിന്റെ പേരിൽ ജയിലിൽ പോകുക പോലും ചെയ്തു. എന്നാൽ അദ്ദേഹത്തിന്റെ കമ്യൂണിസ്​റ്റ്​അടിത്തറ ഇന്ന് പാടെ വിസ്മരിക്കപ്പെട്ടിരിക്കുകയാണ്. പാർട്ടിയിൽ നിന്ന് പുറത്തു പോന്നെങ്കിലും, രാഷ്ട്രീയമായി ദലിത് ക്രൈസ്തവ അവകാശങ്ങൾക്കായി സർക്കാരിൽ നിരന്തരം സമ്മർദം ഉയർത്തിയിരുന്ന വി.ഡി. ജോണിനെ രാഷ്ട്രീയപ്രവർത്തകനെന്ന നിലയിലും, സാമൂഹിക പരിഷ്‌കർത്താവെന്ന നിലയിലും ഇടതുപക്ഷം ഉൾപ്പടെ അടയാളപ്പെടുത്താതെ പോകുന്നത് എന്തുകൊണ്ടാണ്?

എനിക്ക് തോന്നുന്നു, ആലപ്പുഴയുടെ സാഹചര്യത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ ദലിത് ക്രൈസ്തവ നിലപാടുകൾ വൈരുദ്ധ്യം നിറഞ്ഞതാണെന്ന്. തിരുവിതാംകൂർ -കൊച്ചി കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ സെക്രട്ടറിയായിരുന്ന കെ.വി. പത്രോസ് എന്ന ദലിത് ക്രിസ്ത്യാനിയുടെ ചരിത്രം മായ്​ച്ചുകളയപ്പെട്ടിരിക്കുകയാണെങ്കിൽ സഖാവ് കെ.പി. ജോസഫ്, എം.എം. ആന്റണി തുടങ്ങിയ നേതാക്കൾ കൃത്യമായി അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഇതിൽ വി.ഡി.ജോണിന്റെ ചരിത്രത്തിന് അല്പം വ്യത്യാസമുണ്ട്, അതിന്റെ കാരണം, അദ്ദേഹം പാർട്ടിയിൽ നിന്ന്​ സ്വയം പുറത്തുപോയ വ്യക്തിയാണ് എന്നതാണ്.

കെ.വി. പത്രോസ്‌

വി.ഡി. ജോൺ, ഇരുപത്തിയൊന്നാം വയസ്സിൽ മലയാളം ഹയറിനു പഠിക്കുന്ന കാലത്തുതന്നെ കർഷകത്തൊഴിലാളി യൂണിയന്റെ മാനേജിങ് കമ്മിറ്റിയിൽ അംഗമായ സഖാവാണ്. ഇതിനിടയിൽ അധ്യാപകനായി ജോലി കിട്ടിയെങ്കിലും ജോലി ഉപേക്ഷിക്കുകയാണുണ്ടായത്. കുട്ടനാട്ടിലെ ആദ്യ മുഴുവൻ സമയ കർഷകത്തൊഴിലാളി പ്രവർത്തകരിൽ ഒരാളായിരുന്നു വി.ഡി. ജോൺ. അതോടൊപ്പം, ആലപ്പുഴയിലും കോട്ടയത്തും വ്യത്യസ്തങ്ങളായ തൊഴിലാളി സംഘടിപ്പിക്കുന്നതിനും അവർക്കിടയിൽ ശക്തമായി പ്രവർത്തിക്കുന്നതിനും വി.ഡി. ജോണിന് സാധിച്ചിരുന്നു. പുന്നപ്ര വയലാർ സമരത്തിലെ തന്റെ ക്യാമ്പ് അനുഭവം വി.ഡി.ജോൺ ആത്മകഥയിൽ പറയുന്നുണ്ട്. പുന്നപ്ര സമരത്തിനുശേഷം സംഘടനാ പ്രവർത്തനം നടത്തുന്ന ആളുകളെ ഒറ്റിക്കൊടുത്തിരുന്ന നാട്ടുകാരിൽ ഒരാളുടെ വീട് തീവെച്ച കേസിൽ ഒന്നാം പ്രതിയാക്കി വി .ഡി. ജോൺ അറസ്റ്റ് ചെയ്യപ്പെട്ടു, 1951-ലാണ് മോചിതനാകുന്നത്.

ജയിൽവാസ സമയത്താണ് അദ്ദേഹം ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങളെ പുനഃപരിശോധിക്കുന്നത്. അങ്ങനെ വലിയ ആശയക്കുഴപ്പത്തിൽ എത്തപ്പെടുകയും പാർട്ടിക്ക് ഒരുകാലത്തും ജാതി എന്ന വിഷയം അഡ്രസ് ​ചെയ്യാൻ സാധിക്കില്ല എന്ന് തിരിച്ചറിയുകയും​ ചെയ്​തു. ജയിൽമോചിതനായശേഷം ഏറ്റവും ദുരിതം അനുഭവിക്കുന്നവരും സർക്കാർ സംവിധാനങ്ങളുടെ പരിരക്ഷ ലഭിക്കാത്തവരുമായ ദലിത് ക്രൈസ്തവരുടെ സാമൂഹിക ഉന്നമനത്തിന്​ പ്രവർത്തിക്കണം എന്ന തീരുമാനത്തിലാണ് അദ്ദേഹം എത്തിച്ചേരുന്നത്. 1952-ൽ ജാതി സംഘടനകളെ ഒരുമിച്ചു നിർത്തി ‘ബാക് വേർഡ് ക്ളാസ് ക്രിസ്ത്യൻ ഫെഡറേഷൻ’ (BCCF) എന്ന സാമുദായിക സംഘടനയുണ്ടാക്കി. ചാത്തൻ മാസ്റ്റർ ആയിരുന്നു മുഖ്യാഥിതി. വളരെ വേഗം നിരവധി അനുയായികളെ കണ്ടെത്തുവാൻ വി.ഡി. ജോണിന് സാധിച്ചു. 1957-ലെ ആദ്യ ഇലക്ഷന് കമ്യൂണിസ്റ്റ് പാർട്ടിയെ പിന്തുണയ്ക്കണമെന്ന കത്ത് ബി.സി.സി.എഫിന് ലഭിച്ചു. എറണാകുളത്ത് 1956-ഡിസംബറിൽ നടന്ന ആലോചനാ യോഗത്തിൽ പാർട്ടിയെ പ്രതിനിധീകരിച്ച്​ സി. ഉണ്ണിരാജ, നാരായണൻ നമ്പ്യാർ, ടി.സി. നാരായണൻ തുടങ്ങിയവരും വി.ഡി.ജോണും, എൻ. സ്റ്റീഫനും പങ്കെടുത്തു.

കമ്യൂണിസ്റ്റ് പാർട്ടിയിൽ ദലിത് ക്രൈസ്തവർ ആകൃഷ്ടരായതിനുപിന്നിൽ വലിയൊരു വിമോചന സങ്കൽപ്പമുണ്ടെന്നും ബഹുഭൂരിപക്ഷം ദലിത് ക്രൈസ്തവർ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലാണ് അണിനിരന്നതെന്നുമാണ് പഠനങ്ങൾ ചുണ്ടിക്കാണിക്കുന്നത്.

പാർട്ടി അധികാരത്തിൽ വന്നാൽ പട്ടിക ജാതിക്കാർക്ക് നൽകുന്ന എല്ലാ അവകാശങ്ങളും ദലിത് ക്രൈസ്തവർക്കും നൽകാമെന്നും പ്രകടന പത്രികയിൽ ഈ വിഷയം രേഖപ്പെടുത്തുമെന്നും ഉറപ്പുനൽകി. അതനുസരിച്ച്​, ഇക്കാര്യം പ്രകടന പത്രികയിൽ ഉൾപ്പെടുത്തുകയും ബി.സി.സി.എഫ്. വ്യാപകമായി ഇടതുപക്ഷത്തെ പിന്തുണക്കുകയും ചെയ്തു. എന്നാൽ ഭരണത്തിൽ കയറിയ ഇടതുപക്ഷം ദലിത് ക്രൈസ്തവർക്ക് ഉറപ്പുനൽകിയ വാഗ്ദാനങ്ങൾ ചെയ്തുകൊടുത്തില്ല. ബി.സി.സി.എഫ്. ഇടതുപക്ഷവുമായി തെറ്റുകയും വലിയ സമരങ്ങൾ ആരംഭിക്കുകയും ചെയ്തു. ക്രമേണ പാർട്ടിയുമായി ശത്രുതയിലുമായി. 1960-കളിൽ, ബി.സി.സി.എഫ്. ഇന്ത്യൻ ലേബർ പാർട്ടി രൂപീകരിച്ചെങ്കിലും ഈഴവരുടെ പിന്തുണ കുറഞ്ഞ സാഹചര്യത്തിൽ പാർട്ടി വേഗം പൊളിഞ്ഞുപോയി. 1965-ലെ നിയമസഭാ ഇലക്ഷന് ഇടതുപക്ഷ സ്വതന്ത്രനായി വി.ഡി.ജോൺ കടുത്തുരുത്തി നിയോജകമണ്ഡലത്തിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പാർട്ടി ബോധപൂർവം തോൽപ്പിച്ചതാണെന്നും ദലിത് ക്രൈസ്തവർ സാമുദായിക ശക്തിയാകാതിരിക്കാൻ പാർട്ടി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണിതെന്നും വി.ഡി.ജോൺ ആത്മകഥയിൽ എഴുതുന്നുണ്ട്. രാഷ്ട്രീയാവകാശം ഉന്നയിക്കുന്നു എന്ന കാരണത്താലാണ് വി.ഡി. ജോൺ ഇടതുപക്ഷത്തിന് അപ്രിയ കഥാപാത്രമായി തീരുന്നത്.

ദലിത് ക്രൈസ്തവരുടെ അവകാശപ്പോരാട്ടങ്ങളോടുള്ള ഇടതുപ്രസ്ഥാനങ്ങളുടെ സമീപനം അന്നും ഇന്നും ഏതുതരത്തിലാണ്?

കമ്യൂണിസ്റ്റ് പാർട്ടിയിൽ ദലിത് ക്രൈസ്തവർ ആകൃഷ്ടരായതിനുപിന്നിൽ വലിയൊരു വിമോചന സങ്കൽപ്പമുണ്ടെന്നും ബഹുഭൂരിപക്ഷം ദലിത് ക്രൈസ്തവർ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലാണ് അണിനിരന്നതെന്നുമാണ് പ്രൊഫ. ജോർജ്ജ് ഉമ്മൻ പോലുള്ളവരുടെ പഠനങ്ങൾ ചുണ്ടിക്കാണിക്കുന്നത്. അടിസ്ഥാനപരമായി ജാതിസ്വത്വത്തെ നിഷേധിക്കുന്ന പ്രസ്ഥാനമാണല്ലോ ഇടതുപക്ഷ പാർട്ടികൾ. എങ്കിലും, ഐക്യ കേരളത്തിൽ നടന്ന ഇലക്ഷനുകളുടെ ചരിത്രം പരിശോധിച്ചാൽ സി.പി.എം. ആണ് ദലിത് ക്രൈസ്തവരെ ചിലയിടങ്ങളിലെങ്കിലും സ്ഥാനാർത്ഥികളാക്കിയത്. എന്നാൽ ഇവരിലാരും വിജയിച്ചിട്ടില്ല എന്നത് മറ്റൊരു കാര്യം.

പി. ചാക്കോ / Photo: niyamasabha.org

കേരളാ നിയമസഭയുടെ ചരിത്രത്തിൽ ആകെ പി. ചാക്കോ എന്ന ഒരു ദലിത് ക്രിസ്ത്യാനി മാത്രമാണ് നിയമസഭാംഗമായിരുന്നത്. രണ്ടാം (1960-64) കേരള നിയമസഭയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായാണ് പി. ചാക്കോ വിജയിച്ചത്. അദ്ദേഹം തിരുവിതാംകൂർ നിയമസഭയിലും, തിരുകൊച്ചി നിയമസഭയിലും അംഗമായിട്ടുണ്ട്​. 1965-ലെ ഇലക്ഷന് സി.പി.എം വി.ഡി. ജോണിനെ സ്വതന്ത്രനാക്കി നിർത്തിയതിനുശേഷം 1970-ലെ ഇലക്ഷന് കല്ലൂപ്പാറ മണ്ഡലത്തിൽ എൻ.ടി. ജോർജ്ജ് മത്സരിക്കുന്നുണ്ടെങ്കിലും 2400- വോട്ടുകൾക്ക് പരാജയപ്പെടുകയായിരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയിൽ അംഗമായിരുന്ന കെ.പി. ജോസഫിനെ പോലുള്ള ദലിത് ക്രൈസ്തവ സഖാക്കളേളെ പാർട്ടിയുടെ ചരിത്രത്തിൽ കാണാൻ സാധിക്കുന്നുണ്ട്. കെ.പി. ജോസഫ് അദ്ദേഹത്തിന്റെ സ്വന്തം മണ്ഡലമായ കുട്ടനാട്ടിൽ 1977-, 1980 വർഷങ്ങളിൽ ഇലക്ഷന് നിൽക്കുന്നുണ്ട്. രണ്ട് വട്ടവും പരാജയപ്പെട്ടു. 1987-ൽ കുട്ടനാട് മണ്ഡലത്തിൽ മുതിർന്ന പാർട്ടി നേതാവായ എം.എം. ആന്റണി മത്സരിച്ചെങ്കിലും അദ്ദേഹവും പരാജയപ്പെട്ടു. നിരവധി ഏരിയ കമ്മിറ്റികളുടെ സെക്രട്ടറിമാരായി ദലിത് ക്രൈസ്തവർ പ്രവർത്തിക്കുന്നുണ്ടെങ്കിലും കേരള ചരിത്രത്തിൽ ഒരു നിയമസഭാ അംഗത്തെ നിർമിക്കുവാൻ പാർട്ടിക്ക് ഇതുവരെ സാധിച്ചിട്ടില്ല.

ആദ്യ ഇലക്ഷൻ മുതൽ ഇന്നുവരെയുള്ള പ്രകടന പത്രികകളിൽ വളരെ കൃത്യമായി ദലിത് ക്രൈസ്തവ വിഷയങ്ങൾ പരിഹരിക്കുമെന്ന് എഴുതിവെയ്ക്കുമെന്നല്ലാതെ സർക്കാർ നിയമസംവിധാനങ്ങളിൽ അവർ നേരിടുന്ന വിഷയങ്ങൾ പരിഹരിക്കാൻ പാർട്ടി ഒരിക്കലും തയ്യാറായിട്ടില്ല എന്നതാണ് വാസ്തവം. അതേപോലെ, ദുർബല വിഭാഗങ്ങൾക്ക് പ്രത്യേക പരിഗണന നൽകാൻ പി.കെ.എസ് എന്ന ആശയം പാർട്ടി ഉയർത്തുന്നുണ്ടെങ്കിലും ഹൈന്ദവ ബോധത്തിൽ നിർവ്വചിക്കപ്പെട്ട ദുർബല വിഭാഗങ്ങളെ തന്നെയാണ് ഇടതുപക്ഷവും ഏറ്റെടുക്കുന്നത്.

വി.ഡി. ജോണിന്റെ നേതൃത്വത്തിൽ രൂപം നൽകിയ ബാക്ക്​വേഡ്​ ക്ലാസ് ക്രിസ്ത്യൻ ഫെഡറേഷൻ (ബി.സി.സി.എഫ്.) ദലിത് ക്രൈസ്തവരിൽ സാമുദായിക ബോധം രൂപപ്പെടുത്തുന്നതിലും, അവരെ രാഷ്ട്രീയ ശക്തിയായി പരിവർത്തിപ്പിക്കുന്നതിലും നിർണായക പങ്കുവഹിച്ചു. എന്നാൽ, ഇതിന് പിന്നീട് തുടർച്ചയുണ്ടായില്ല. ഇത്തരം മുന്നേറ്റങ്ങളെ തടയാൻ പ്രബല ക്രിസ്ത്യൻ സഭകളുടെ ഇടപെടലുകൾ ഉണ്ടായിരുന്നോ? ദലിത് ക്രൈസ്തവർ രാഷ്ട്രീയ പ്രാതിനിധ്യമുള്ള സമുദായമായി ഒരുമിക്കുന്നതിനെ തടയാൻ ബോധപൂർവമായ ശ്രമങ്ങൾ ഉണ്ടായിരുന്നോ?

വി.ഡി. ജോൺ നേതൃത്വം കൊടുത്ത പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അവർ ദലിത് ക്രൈസ്തവരുടെ ജാതിസംഘടനകളെ പിരിച്ചുവിടാൻ നിർബന്ധിക്കുകയും ഒരു സാമുദായിക സംഘടന എന്ന നിലയിൽ ബി.സി.സി. എഫ്​ രൂപീകരിക്കുകയും ചെയ്​തു എന്നതാണ്. വളരെ വേഗത്തിൽ ജനകീയമായ ഈ പ്രസ്ഥാനത്തിന് ആദ്യം വിള്ളലുണ്ടാക്കുന്നത് കത്തോലിക്ക സഭയാണ്. ബി.സി.സി. എഫിൽ കത്തോലിക്കാ വിശ്വാസികൾക്ക് നേതൃത്വ പദവികൾ ഒന്നും ലഭിച്ചില്ലെന്നും സഭയുടെയുള്ളിൽ ഒരു സമുദായമെന്ന നിലയിൽ പ്രവർത്തിക്കുന്നതാണ് നല്ലതെന്നും പറഞ്ഞ്​ കത്തോലിക്കാ സഭ ഔദ്യോഗികമായി ഹരിജൻ കാത്തലിക് മഹാസഭ തുടങ്ങി, ഇപ്പോൾ അത് ദലിത് കാത്തലിക് മഹാജന സഭ (DCMS) എന്ന പേരിലാണ് അറിയപ്പെടുന്നത്.

അതായത്, ശക്തമായ ഒരു ദലിത് ക്രൈസ്തവ പ്രസ്ഥാനം കേരളത്തിൽ രൂപം കൊണ്ടപ്പോൾ അവയെ പിളർത്തിക്കൊണ്ടാണ് കത്തോലിക്കാ സഭ അതിൽ ഇടപെട്ടത്. ഡി.സി.എം.എസിനാകട്ടെ കത്തോലിക്കാ സഭക്കുള്ളിലും സർക്കാർ സംവിധാനത്തിലും ഒരു ഇലപോലും നീക്കി വെയ്ക്കാൻ ഇതുവരെ സാധിച്ചിട്ടുമില്ല. കേരളത്തിലെ ദലിത് ക്രിസ്ത്യാനികളിൽ ഭൂരിപക്ഷവും കത്തോലിക്കാ സഭയിലാണ് എന്നതുകൂടി ഓർക്കേണ്ടതാണ്. എന്നാൽ, കണ്ണൂർ കരിക്കോട്ടക്കരി പോലുള്ള കുടിയേറ്റ സ്ഥലങ്ങളിലെ ദലിത് കത്തോലിക്കർ വി.ഡി.ജോണിന്റെ പ്രസ്ഥാനത്തിനാണ് പിന്തുണയേകിയത്. ക്രമേണ മറ്റ് ചില പ്രസ്ഥാനങ്ങൾ ദലിത് ക്രൈസ്തവർക്കിടയിൽ നിന്ന്​ ഉടലെടുക്കുകയുണ്ടായി. എന്നാൽ അവക്കൊന്നിനും ദലിത് ക്രൈസ്തവരുടെ ഏറ്റവും വലിയ പ്രശ്നമായ വിദ്യാഭ്യാസ മേഖലയിലെ സംവരണമില്ലായ്​മയെ സർക്കാർ ശ്രദ്ധയിൽ കൊണ്ടുവരാനോ, പരിഹരിക്കാനോ സാധിച്ചിരുന്നില്ല.

സ്വത്വ പ്രതിസന്ധിയിൽ ജീവിക്കുന്ന ദലിത് ക്രൈസ്തവർക്കിടയിൽ ഇനി സംഘടനാപരമായ ഒരു ഒന്നിപ്പ് എന്നത് സാഹസികമായ കാര്യമാണ്. അത്രത്തോളം ജനം മാറിക്കഴിഞ്ഞിരിക്കുന്നു

ദലിത് ക്രൈസ്തവർ ഇന്നും നേരിടുന്ന ബോധപൂർവമായ മാറ്റിനിർത്തലുകളെ (വിദ്യാഭ്യാസ-തൊഴിൽ രംഗത്ത് പ്രത്യേകിച്ച്) കൃത്യമായ ഡാറ്റയെ അടിസ്ഥാനമാക്കി വിനിൽ അടക്കമുള്ളവർ പുറത്തുകൊണ്ടു വന്നിരുന്നല്ലോ. എന്നാൽ അതിൽ നിന്ന് പ്രചോദനമുൾക്കൊള്ളുന്നതായോ രാഷ്ട്രീയമണ്ഡലത്തിൽ ഇതിനെ സംഘടനാപരമായി അവതരിപ്പിക്കുന്നതായോ കാണുന്നില്ല. ഇതിനെ മറികടക്കാനുള്ള ഉപാധിയെന്താണ്?

കേരളത്തിലെ ക്രിസ്ത്യാനികളെ സർക്കാരും പൊതുസമൂഹവും സുറിയാനി, ലത്തീൻ, ആംഗ്ലോ ഇന്ത്യൻ, ക്‌നാനായ, നാടാർ, ദലിത് ക്രിസ്ത്യൻ എന്നിങ്ങനെ വിഭജിച്ചിട്ടുണ്ടെങ്കിലും ഇതിൽ വ്രണിത ബോധത്തിൽ ജീവിക്കുന്നവർ ദലിത് ക്രിസ്ത്യാനികളാണ്. ഒരുപക്ഷേ കേരളത്തിൽ ഏറ്റവും വലിയ സ്വത്വപ്രതിസന്ധി അനുഭവിക്കുന്ന സമുദായം കൂടിയാണ് ദലിത് ക്രൈസ്തവർ. ഈ കാരണത്താൽ ഇന്ന് അവരിൽ ഒരു വലിയ വിഭാഗം ജനറൽ ക്രിസ്ത്യൻ എന്ന നിലയിൽ കുട്ടികളെ സ്‌കൂളുകളിൽ ചേർക്കുകയാണ്. അതോടൊപ്പം, ലത്തീൻ സഭയിൽ ഉൾപ്പെട്ടിരിക്കുന്ന ചില ദലിത് ക്രിസ്ത്യാനികൾ ലത്തീൻ സമുദായമെന്ന നിലയിൽ ജാതി കോളം പൂരിപ്പിക്കുന്നു. അതായത് യുക്തിവാദികളും, സാമൂഹിക കാഴ്ചപ്പാടുള്ളവരും ചെയ്യുന്ന ജാതിവിരുദ്ധ പ്രവർത്തനമല്ല ഇത് കെട്ടോ. അങ്ങനെ ഇതിനെ കാണരുത്. യഥാർത്ഥത്തിൽ അവിടെ സംഭവിക്കുന്നത്, കുട്ടികൾ മുന്നാക്ക സംവരണത്തിലും, പിന്നാക്ക സംവരണത്തിലും ഉൾപ്പെടുന്നില്ല എന്നതാണ്. മാത്രമല്ല, അവരുടെ സാമൂഹിക പദവിയിൽ യാതൊരു മാറ്റവും ഉണ്ടാകുന്നില്ല.

കേരളത്തിൽ എസ്.എസ്.എൽ.സി. ബുക്കിലെ ജാതി നോക്കിയല്ലല്ലോ വിവാഹങ്ങൾ നടക്കുന്നത്. തന്നെയുമല്ല, ജാതി സ്വയം തിരുത്താൻ സാധിക്കുന്ന സംഗതിയുമല്ല. അതായത്, സ്വത്വ പ്രതിസന്ധിയിൽ ജീവിക്കുന്ന ദലിത് ക്രൈസ്തവർക്കിടയിൽ ഇനി സംഘടനാപരമായ ഒരു ഒന്നിപ്പ് എന്നത് സാഹസികമായ കാര്യമാണ്. അത്രത്തോളം ജനം മാറിക്കഴിഞ്ഞിരിക്കുന്നു എന്നാണ് മനസിലാക്കാൻ കഴിയുന്നത്. രണ്ടാമത്തെ പ്രധാന പ്രശ്നം, സഭകൾ ഔദ്യോഗികമായി നടത്തുന്ന ദലിത് സംഘടനകളാണ്. കേരളത്തിലെ എല്ലാ പ്രബല സഭകൾക്കും ഔദ്യോഗികമായ ദലിത് പ്രസ്ഥാനങ്ങളുണ്ട്, മാത്രമല്ല സഭയുടെ ഭരണഘടനയിൽ ദലിത് ക്രിസ്ത്യാനികൾക് സഭയുടെ ഉദ്യോഗസ്ഥ- വിദ്യാഭ്യാസ മേഖലയിൽ നിശ്ചിത സംവരണം അനുവദിച്ചിട്ടുണ്ട് എന്ന് എഴുതിയും വെച്ചിട്ടുണ്ട്. എന്നാൽ ഈ സംവരണ തോത് നടപ്പിലാക്കാത്തതിനെ കുറിച്ച്, അതായത് സ്വന്തം സഭയിലെ അനീതിയെ ചൂണ്ടിക്കാണിക്കാൻ ശേഷിയുള്ള ഒരു ദലിത് ക്രിസ്ത്യൻ സംഘടനയും കേരളത്തിലില്ല എന്നതാണ് ഇന്നത്തെ പ്രശ്‌നം.

''കേരളത്തിലെ മൊത്തം കാത്തലിക്ക് കോളേജുകളിൽ അഞ്ച് ദലിത് ക്രൈസ്തവ അധ്യാപകർ പോലും ഉണ്ടാകില്ല എന്നതാണ് യാഥാർഥ്യം. ഈ അനീതിക്ക് യാതൊരു മാറ്റവും ഉണ്ടാകില്ല. ജാതി പോലെ ആർക്കും ഒരിക്കലും തകർക്കാൻ സാധിക്കാത്ത ക്രമീകരണമാണ് സഭകളുടേതും.''

ഞാനും ചില സുഹൃത്തുക്കളും ചേർന്ന് ക്രിസ്ത്യൻ സഭകൾ നടത്തുന്ന എയിഡഡ് സ്ഥാപനങ്ങളിലെ അനീതിയെ കുറിച്ചാണ് വിവരങ്ങൾ ശേഖരിച്ചത്. കേരളത്തിലെ ക്രിസ്ത്യൻ എയ്​ഡഡ് കോളേജുകളിൽ ജോലി ചെയ്യുന്ന പട്ടികജാതിക്കാരുടെ എണ്ണത്തേക്കാൾ കുറവാണ് ദലിത് ക്രിസ്ത്യാനികളുടെ എണ്ണമെന്നതായിരുന്നു കിട്ടിയ വിവരം. എന്നാൽ എല്ലാ ക്രൈസ്തവ സഭകളും സഭയുടെ ഫണ്ടുപയോഗിച്ച് നടത്തുന്ന മറ്റ് ചില ഉദ്യോഗങ്ങളുണ്ട്. അത് പൂന്തോട്ട പണി മുതൽ സഭയുടെ കണക്കുനോക്കുന്നതുവരെ നീളുന്ന ഉദ്യോഗ ശൃംഖലയാണ്. നമ്മുടെ ഒരു പൊതുബോധമനുസരിച്ച്​, ഏറ്റവും ചെറിയ ജോലികൾ ദലിതർക്കു കൊടുക്കും, ബാക്കി എല്ലാ ജോലിയും ഇതര ക്രിസ്ത്യാനികൾ ചെയ്യും. എന്നാൽ നാം തിരിച്ചറിയേണ്ട പ്രധാന സംഗതി, സ്ഥിരവരുമാനമുള്ള ഏതൊരു ജോലിയും, അത് ചാണകം വാരുന്ന ജോലിയാണെങ്കിൽ പോലും അത് ദലിത് ക്രിസ്ത്യാനിക്ക് കൊടുക്കില്ല എന്നതാണ്. അപ്പോൾ പിന്നെ ഉയർന്ന ജോലിയുടെ കാര്യം പറയണ്ടല്ലോ. വർഷങ്ങളായി സഭകൾ നടത്തുന്ന ഈ അനീതിയെ ചോദ്യം ചെയ്യാനോ, ദലിത് ക്രൈസ്തവർക്ക് അനുവദിച്ചിരിക്കുന്ന സംവരണ തോത് നടപ്പിലാക്കണെമെന്ന ആവശ്യം പോലും ഉന്നയിക്കാനോ ഒരു സംഘടനക്കുംമ കഴിഞ്ഞിട്ടില്ല എന്നതാണ് ഏറ്റവും അത്ഭുതം.

അടുത്ത പ്രധാന പ്രശ്നം, രാഷ്ട്രീയ- സാമൂഹിക വീക്ഷണത്തിൽ നിന്ന്​ അകന്നു ജീവിക്കുന്ന പെന്തകോസ്ത് വിശ്വാസികളായ ദലിത് ക്രിസ്ത്യാനികളുമായി ബന്ധപ്പെട്ടതാണ്​. ദലിത് ക്രിസ്ത്യാനികളും ഇതര ക്രിസ്ത്യാനികളും ഒരേപോലെയാണ് പെന്തകോസ്ത് വിശ്വാസത്തിലേക്ക് എത്തിച്ചേർന്നത്. എന്നാൽ അവിടെ സംഭവിച്ചതാകട്ടെ ഇതര ക്രിസ്ത്യാനികൾ സാമ്പത്തിക ശേഷിയുള്ളവരും വിദേശ അക്കൗണ്ടുകൾ ഉള്ളവരുമായി മാറി, എന്നാൽ ദലിത് ക്രിസ്ത്യാനികളിൽ ഭൂരിഭാഗവും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരായി തുടരുന്നു. ഇവരാകട്ടെ ദലിത് ക്രൈസ്തവർ എന്ന സാമുദായിക സങ്കല്പത്തിലേക്ക് കടന്നുവരുന്നില്ല. സമീപകാലത്താണ് ഇതിന് അല്പമെങ്കിലും മാറ്റമുണ്ടായത്. ഇത്തരത്തിൽ പിന്നോട്ടടിക്കുന്ന നിരവധി കാരണങ്ങളാൽ ദലിത് ക്രൈസ്തവ വിഷയങ്ങൾ പൊതുജന ശ്രദ്ധ നേടുന്നതിൽ പരാജയപ്പെടുകയാണ്.


വിവരാവകാശ രേഖാപ്രകാരം മറുപടി ലഭിച്ചതിൽ 34-കോളേജുകൾ മാത്രമാണ് അനധ്യാപകരുടെ വിദ്യാഭ്യാസ യോഗ്യത നൽകാൻ തയ്യാറായത്. ഈ കാരണത്താൽ ഈ പട്ടികയിൽ 34-കോളേജിലെ കണക്ക് മാത്രമാണ് സൂചിപ്പിക്കുന്നത്.

കേരളത്തിൽ ആധുനിക വിദ്യാഭ്യാസത്തിന്റെ വക്താക്കളായി അറിയപ്പെടുന്ന ക്രൈസ്തവ മതനേതൃത്വമാണ് 1957-ലെ കമ്യൂണിസ്റ്റ് സർക്കാറിന്റെ വിദ്യാഭ്യാസ ബില്ലിനെതിരെ ശക്തമായി മുന്നോട്ടു വരികയും വിമോചന സമരത്തിന് ചുക്കാൻ പിടിക്കുകയും ചെയ്തത്. വർത്തമാനകാലത്ത് എയ്ഡഡ് കോളേജ് നിയമനങ്ങൾ സർക്കാറിന് വിടുന്ന ചർച്ചകൾ പുരോഗമിക്കെ ക്രൈസ്തവസഭകളിൽ നിന്ന് പണ്ടത്തേതിൽ നിന്ന് വ്യത്യസ്തമായ ഒരു നിലപാട് ഇക്കാര്യത്തിൽ പ്രതീക്ഷിക്കാമോ?

മുമ്പ്​ പറഞ്ഞതുപോലെ, സഭകൾ, പ്രത്യേകിച്ച് കാത്തലിക് ബിഷപ്പ് കൗൺസിലൊക്കെ പറയുന്ന 30 ശതമാനം സംവരണം ദലിത് ക്രിസ്ത്യാനികക്ക്​കൊടുക്കണം. കേരളത്തിലെ മൊത്തം കാത്തലിക്ക് കോളേജുകളിൽ അഞ്ച് ദലിത് ക്രൈസ്തവ അധ്യാപകർ പോലും ഉണ്ടാകില്ല എന്നതാണ് യാഥാർഥ്യം. അത്രത്തോളം ജാതി കാണിക്കുന്നവരാണ് കേരളത്തിൽ പ്രബല സഭകൾ. അതേപോലെ ലത്തീൻ സഭയും, നാടാർ ആധിപത്യമുള്ള തെക്കൻ കേരള സി.എസ്.ഐ. സഭയും ദലിതർക്ക് അയിത്തം കല്പിച്ചിരിക്കുന്ന പിന്നാക്ക ക്രിസ്ത്യൻ സഭകളാണ്. വ്യക്തിപരമായ നിരീക്ഷണത്തിൽ, ഈ അനീതിക്ക് യാതൊരു മാറ്റവും ഉണ്ടാകില്ല. ജാതി പോലെ ആർക്കും ഒരിക്കലും തകർക്കാൻ സാധിക്കാത്ത ക്രമീകരണമാണ് സഭകളുടേതും.

ഇന്ന് ദലിത് രാഷ്ട്രീയം പ്രചരിപ്പിക്കാനും, വിദ്യാഭ്യാസമേഖലയിൽ അടക്കമുള്ള പ്രശ്നങ്ങളിലേക്ക് സർക്കാരിന്റെയും പൊതുജനങ്ങളുടെയും ശ്രദ്ധയെത്തിക്കാനുമുള്ള ഒരുപാധിയാണല്ലോ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ. ആർ.എസ്.എസിന്റെ സ്വാധീനം രാജ്യത്തെ സർവകലാശാലകളിൽ ശക്തിയാർജ്ജിക്കുന്ന ഈ കാലത്ത് ദലിത് വിദ്യാർത്ഥി പ്രസ്ഥാനങ്ങളും ഇടതു വിദ്യാർത്ഥി പ്രസ്ഥാനങ്ങളും ചേർന്ന് പ്രവർത്തിക്കുന്ന സാഹചര്യവും നമുക്ക് കാണാം. രാജ്യത്തെ ഭൂരിപക്ഷ വർഗീയതയ്ക്ക് തടയിടാനും, ദലിത് രാഷ്ട്രീയത്തെ പൊതുമണ്ഡലത്തിൽ ഏകോപിപ്പിച്ച് ശക്തിപ്പെടുത്താനും ഇതുപോലുള്ള വിദ്യാർത്ഥി മുന്നേറ്റത്തിന് കഴിയുമെന്ന് കരുതുന്നുണ്ടോ?

തീർച്ചയായും മതാധിഷ്ടിത വിദ്യാർത്ഥി പ്രസ്ഥാനങ്ങളെ എതിർക്കുവാൻ ഇത്തരം ബന്ധങ്ങൾ അനിവാര്യമാണ്. എന്നിരുന്നാൽ തന്നെയും ഐക്യ കേരളത്തിന് മുൻപും പിൻപും പല ദലിത് വിദ്യാർത്ഥി സംഘടനകളും ഐക്യ കേരളത്തിൽ രൂപംകൊണ്ടെങ്കിലും വലിയതും വേറിട്ടതുമായ ഒരു വിദ്യാർത്ഥി രാഷ്ട്രീയം മുൻപോട്ട് വെയ്ക്കപ്പെടുന്നത് സമീപകാലത്താണ്. അവയ്ക്ക് പുതുമയാർന്ന ചോദ്യങ്ങൾ ഉന്നയിക്കാൻ സാധിച്ചത് അംബേദ്ക്കർ ആശയം ഒന്നുകൊണ്ടു മാത്രമാണ്. എന്നാൽ ഇന്നും വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ ഒരുമിച്ചുനിന്ന് പ്രവർത്തിക്കുന്നത് ചുരുക്കം ചില സർവകലാശാലകളിൽ മാത്രമാണ്. കേരളത്തിലെ കാമ്പസുകളിലേക്ക് നോക്കിയാൽ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾക്കിടയിൽ ഐക്യതയോടെയുള്ള പ്രവർത്തനം എന്ന, ഒരു ചർച്ചക്ക് ഇടം തന്നെ ഇല്ലെന്നു തോന്നുന്നു. മാത്രമല്ല ദലിത് വിദ്യാർത്ഥികളുടെ ഗ്രാൻഡ്, ഫെലോഷിപ്പ് വിഷയങ്ങളും സംവരണ അട്ടിമറികളും ഒന്നും വിദ്യാർത്ഥി പ്രശ്നമായി പരിഗണിക്കപ്പെടുന്നില്ല എന്നതാണ് ഇവിടത്തെ ഒരു പോരായ്​മ. അതിലുപരി, എയ്​ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങളിലെ അനീതിക്കെതിരെ ഒരു വിദ്യാർത്ഥി പ്രസ്ഥാനവും സമരം നടത്തിയതായി അറിവില്ല. എയ്​ഡഡ് സ്ഥാപനത്തിലെ നിയമനം ഒരിക്കലും വിദ്യാർത്ഥി വിഷയമായി തീരുന്നില്ല എന്നതാണ് കേരളത്തിന്റെ കാമ്പസ്​ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ പോരായ്​മ. ബഹുസ്വരതയെ അംഗീകരിക്കുകയും സംഘടനാ പ്രവർത്തനം ജനാധിപത്യത്തിലേക്ക് എത്തിച്ചേരുകയും ചെയ്യുന്ന നിമിഷത്തിൽ മാത്രമേ വിദ്യാർത്ഥി കൂട്ടുകെട്ട് വിജയിക്കുകയുള്ളൂ. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


മുഹമ്മദ് ഫാസിൽ

ട്രൂകോപ്പി സീനിയർ ഔട്ട്പുട്ട് എഡിറ്റർ.

വിനിൽ പോൾ

എഴുത്തുകാരൻ, ഗവേഷകൻ. ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ സെന്റർ ഫോർ ഹിസ്‌റ്റോറിക്കൽ സ്റ്റഡീസിലെ ആധുനിക ചരിത്രവിഭാഗത്തിൽനിന്ന് കേരളത്തിലെ അടിമജീവിതവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഗവേഷണ ബിരുദം നേടി. ഇത് ‘അടിമകേരളത്തിന്റെ അദൃശ്യചരിത്രം' എന്ന പേരിൽ പുസ്തകമായിട്ടുണ്ട്.

Comments