ദ്രൗപദി മുർമു രാഷ്ട്രപതിപദവിയേറുമ്പോൾ കെ.ആർ. നാരായണനെ ഓർക്കാതിരിക്കുന്നതെങ്ങനെ?

ദ്രൗപദി മുർമു ഒരു ആദിവാസി സ്ത്രീയായതുകൊണ്ടുമാത്രം, രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമായി രാഷ്ട്രപതിയായതാണെന്നു പറയുന്നവരുണ്ട്; അതുകൊണ്ടുതന്നെ അവർ റബ്ബർ സ്റ്റാമ്പ് ആയിരിക്കുമെന്നും. ആ വാദത്തോട് യോജിക്കാൻ കഴിയില്ല. ഒരുപാടുകാലം ബ്രഹ്മണരും ആഢ്യ മുസ്​ലിംകളും മാത്രമാണ് പ്രസിഡൻറ് പദം അലങ്കരിച്ചിരുന്നത്. ഡോ. രാജേന്ദ്രപ്രസാദ് ആചാരം സംരക്ഷിക്കാൻ നെഹ്രുവിനോട് വിയോജിച്ചതല്ലാതെ, ഇന്ത്യൻ ‘ആഢ്യ' രാഷ്ട്രപതികളിൽ ആരാണ് റബ്ബർ സ്റ്റാമ്പ് അല്ലാതിരുന്നിട്ടുള്ളത്?

ദ്രൗപദി മുർമു, ട്രൈബൽ വിഭാഗത്തിൽ നിന്നുള്ള ആദ്യ ഇന്ത്യൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് യാദൃശ്ചികതയല്ല. രാജ്യത്ത് ആധിപത്യം നേടാൻ ശ്രമിക്കുന്ന രാഷ്ട്രീയപദ്ധതിയുടെ പ്രയോക്താക്കൾക്ക് തങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള മാർഗം എന്താണെന്ന വ്യക്തമായ ധാരണയുണ്ട്. ബ്രാഹ്മണിക്കൽ പ്രത്യയശാസ്ത്രം മുന്നോട്ടുവയ്ക്കുമ്പോഴും, ദലിത് ബഹുജന വിഭാഗങ്ങളുടെ പിന്തുണയില്ലാതെ അധികാരത്തിലേറാൻ കഴിയില്ല എന്നവർക്കറിയാം. കേന്ദ്രമന്ത്രിസഭ തന്നെയെടുക്കുക. 12 മന്ത്രിമാർ പട്ടികജാതി വിഭാഗത്തിൽ നിന്നും, എട്ടു പേർ പട്ടികവർഗവിഭാഗത്തിൽനിന്നും, 27 ​​പേർ മറ്റു പിന്നാക്ക ഹിന്ദു വിഭാഗത്തിൽ നിന്നുള്ളവരുമാണ്. അങ്ങനെ നോക്കിയാൽ, പട്ടികജാതി- വർഗ, പിന്നാക്ക പ്രാതിനിധ്യം മന്ത്രിസഭയുടെ 60 ശതമാനം വരും. ബി.ജെ.പിയുടെ രാഷ്ട്രീയ അടിത്തറ നഗരകേന്ദ്രീകൃത സവർണ വിഭാഗങ്ങളിൽ നിന്ന്​ ഗ്രാമീണ- ദരിദ്ര- ബഹുജൻ- സ്ത്രീ വിഭാഗങ്ങളിലേക്ക് പടർത്താനുള്ള വിജയകരമായ രാഷ്ട്രീയ പരീക്ഷണങ്ങളുടെ ഭാഗമാണിത്.

കർഷകസമരത്തിന്റെ കേന്ദ്രമായി മാറുകയും, കേന്ദ്രമന്ത്രിയുടെ മകൻ കർഷകനെ വണ്ടിയിടിപ്പിച്ച് കൊല്ലുകയും ചെയ്ത ലഖീംപൂർ ഖേരിയിൽ പോലും ബി.ജെ.പി ജയിച്ചു കയറിയത് നമ്മൾ കണ്ടതാണ്. ഹിന്ദുത്വ- ബ്രാഹ്മണിക ആദർശങ്ങളിൽ ഉറച്ചുനിൽക്കുമ്പോഴും, അവർണ വിഭാഗങ്ങളിൽ വിശാലഹിന്ദുസമുദായത്തിന്റെ ഭാഗമാണ് തങ്ങളെന്ന ബോധം ജനിപ്പിക്കാൻ ആവശ്യമായ ശ്രമങ്ങളുണ്ടാവുന്നുണ്ട്. ഭരണപരമായി ഗവണ്മെൻറ്​ സ്വീകരിക്കുന്ന സാമ്പത്തിക നയങ്ങൾ ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം മുമ്പില്ലാത്തവിധം വർദ്ധിക്കുകയും ദാരിദ്ര്യ സൂചികയിലുൾപ്പെടെ രാജ്യം പിന്നാക്കം പോവുകയും ചെയ്തെങ്കിലും, ദരിദ്ര കുടുംബങ്ങളെ, വമ്പിച്ച പ്രചാരണത്തോടുകൂടി നടപ്പിലാക്കുന്ന ക്ഷേമപദ്ധതികളിൽ ഒന്നിന്റെയെങ്കിലും ഉപഭോക്താവാക്കുക വഴി, അവരുടെ വിശ്വാസം നേടുക എന്ന തന്ത്രം ഫലപ്രദമായി നടപ്പിലാക്കിയിട്ടുണ്ട്.

റേഷൻ വിതരണത്തിലൂടെയും തൊഴിലുറപ്പ് പദ്ധതിയിലൂടെയുമെല്ലാം സ്ത്രീജനങ്ങൾക്കിടയിലും നിർണായക സ്വാധീനം ഉറപ്പിക്കാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ രണ്ടുമൂന്നു പതിറ്റാണ്ടുകളായി ബഹുജന വിഭാഗങ്ങളെ കേന്ദ്രീകരിച്ചുള്ള കൃത്യമായ പ്രവർത്തനങ്ങൾ ഇവിടെ നടക്കുന്നുണ്ട്. രാഷ്ട്രപതിമാരുടെ തെരഞ്ഞെടുപ്പിലും ഈ സൂക്ഷ്മത പ്രകടമാണ്.

കലാം എന്ന ‘ദേശീയ മുസ്​ലിം’

ലോകത്തിനുമുൻപിൽ ഇന്ത്യയുടെ ജനാധിപത്യ മതേതര മൂല്യങ്ങൾക്ക് തീരാ കളങ്കമായി മാറിയ, 2002-ലെ ഗുജറാത്ത് വംശഹത്യക്കുശേഷം, വാജ്‌പേയി ഗവൺമെന്റിന്റെ കാലത്ത് രാഷ്ട്രപതി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത് എ.പി.ജെ. അബ്ദുൽ കലാമാണ്. ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള ഒരാൾ, അതിലുപരിയായി തങ്ങൾ ആഗ്രഹിക്കുന്ന രീതിയിലുള്ള ‘ദേശീയ മുസ്​ലിം'. മധ്യവർഗത്തിന് ഏറെ സ്വീകാര്യൻ. യുവജനങ്ങൾക്കിടയിലും മധ്യവർഗ്ഗത്തിനിടയിലും വളരെ മനോഹരമായി ആ നിയമനത്തെ മാർക്കറ്റ് ചെയ്യാൻ അന്നത്തെ രാഷ്ട്രീയ നേതൃത്വത്തിന് സാധിച്ചു. എൻ.ഡി.എയ്ക്ക് മധ്യവർഗത്തിനിടയിൽ വ്യാപക സ്വീകാര്യത ലഭിക്കാൻ ആ നിയമനം സഹായിച്ചിട്ടുണ്ട്.

എ.പി.ജെ. അബ്ദുൽ കലാം
എ.പി.ജെ. അബ്ദുൽ കലാം

ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റിയിൽ, രോഹിത് വെമുലയുടെ മരണത്തിനുശേഷം, രാഷ്ട്രപതി സ്ഥാനത്തേക്ക് ദലിത് വിഭാഗത്തിൽ നിന്നുമുള്ള രാംനാഥ് കോവിന്ദ് എത്തി. ഇപ്പോഴിതാ ദ്രൗപതി മുർമു രാഷ്ട്രപതിയായിരിക്കുന്നു. ഒഡീഷയിലെ സന്താൾ സമൂഹത്തിൽ നിന്നുമുള്ള രാഷ്ട്രീയ നേതാവ്. ആദിവാസി വിഭാഗത്തിൽ നിന്നുള്ള ആദ്യ രാഷ്ട്രപതി. രാംനാഥ് കോവിന്ദും ദ്രൗപതി മുർമുവും ദലിത്- ആദിവാസി വിഭാഗങ്ങൾക്കിടയിൽ എത്രമാത്രം സ്വാധീനം ഉറപ്പിക്കാൻ ഭരണപക്ഷ രാഷ്ട്രീയത്തിന് സഹായകമാകും എന്ന് നിശ്ചയമില്ല, എന്നിരുന്നാലും രാഷ്ട്രപതി തെരഞ്ഞെടുപ്പുകളെ, കൃത്യമായ ലക്ഷ്യബോധത്തോടെയാണ് അവർ സമീപിക്കുന്നത് എന്ന കാര്യത്തിൽ തർക്കമില്ല.

രാഷ്​ട്രപതിമാരുടെ രാഷ്​ട്രീയ നീക്കങ്ങൾ

കോൺഗ്രസ് ഭരണകാലത്ത് രാഷ്ട്രപതി പദവി ഇങ്ങനെയൊരു രാഷ്ട്രീയ പദ്ധതിയുടെ ഭാഗമായിരുന്നില്ല. രാഷ്ട്രീയ നേതൃത്വത്തിന് പ്രിയമുള്ള ആളുകളെ നിയമിക്കുക എന്നതായിരുന്നു രീതി, പ്രത്യേകിച്ചും കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയായിരുന്ന നീലം സഞ്​ജീവ റെഡ്ഡിക്കെതിരെ ഇന്ദിരാഗാന്ധി തന്റെ വ്യക്തിപരമായ താല്പര്യപ്രകാരം വി. വി. ഗിരിയെ രാഷ്ട്രപതി സ്ഥാനത്തേക്ക് നിർദ്ദേശിച്ചതുമുതലിങ്ങോട്ട്.

ഫക്രുദീൻ അലി അഹമ്മദ്
ഫക്രുദീൻ അലി അഹമ്മദ്

1974-ൽ, ഒരു ക്യാബിനറ്റ് തീരുമാനം പോലും ഇല്ലാതെ, ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥ പ്രഖ്യാപനത്തിൽ ഒപ്പിട്ടത്​ ഫക്രുദീൻ അലി അഹമ്മദാണ്​. പിന്നീടുവന്ന സെയിൽ സിംഗ്, കോൺഗ്രസ് പാർലമെന്ററി പാർട്ടിയുടെയോ ക്യാബിനറ്റിന്റെയോ തീരുമാനം വരുന്നതിനു മുൻപേ, രാജീവ് ഗാന്ധിയെ പ്രധാനമന്ത്രിയായി നിയമിച്ചു. പിന്നീട് രാജീവ് ഗാന്ധിയുമായുള്ള വ്യക്തിപരമായ അകൽച്ചയുടെ പശ്ചാത്തലത്തിൽ രാഷ്ട്രപതിസ്ഥാനത്തിരുന്ന്​നടത്തിയ രാഷ്ട്രീയ നീക്കങ്ങൾ പ്രസിദ്ധമാണ്.

ആചാരസംരക്ഷകനായ രാജേന്ദ്രപ്രസാദ്​

ഇന്ത്യയുടെ ചരിത്രത്തിൽ സ്വന്തം വ്യക്തിത്വം അടയാളപ്പെടുത്തിയ രാഷ്ട്രപതിമാർ ചുരുക്കമാണ്. എല്ലാവരും തന്നെ, ഭരണപക്ഷ രാഷ്ട്രീയ നേതൃത്വത്തിന്റെ താൽപര്യങ്ങളോട് ചേർന്നുനിൽക്കുന്ന, എക്‌സിക്യൂട്ടീവ് പ്രസിഡണ്ടുമാരായിരുന്നു. ആദ്യ രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദ്, പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുമായി അഭിപ്രായ വ്യത്യാസം പ്രകടിപ്പിച്ചിരുന്നുവെങ്കിലും, അത് താൻ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമായ ഭരണഘടനാധാർമികതയുടെ സംരക്ഷണത്തിനുവേണ്ടിയായിരുന്നില്ല. ഇന്ത്യയിൽ, സ്ത്രീ സമൂഹത്തിന്റെ സമത്വത്തിലേക്കുള്ള ആദ്യ ചുവടുകളിലൊന്നായിരുന്ന ഹിന്ദു കോഡ് ബില്ലിനെതിരെയാണ് അദ്ദേഹം കടുത്ത നിലപാട് സ്വീകരിച്ചത്.

ഡോ. രാജേന്ദ്രപ്രസാദ്
ഡോ. രാജേന്ദ്രപ്രസാദ്

നെഹ്‌റുവിന്റെ താല്പര്യങ്ങൾക്ക് വിരുദ്ധമായി ഒരു ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനുപോയ ചരിത്രവുമുണ്ട്. ബനാറസിൽ 200 ബ്രാഹ്മണരുടെ കാലു കഴുകുന്ന ചടങ്ങ് നടത്തിയ പാരമ്പര്യവും അദ്ദേഹത്തിനവകാശപ്പെട്ടതാണ്. രാജേന്ദ്ര പ്രസാദിന്റേതുപോലെയുള്ള, ആചാര സംരക്ഷണ പാരമ്പര്യമല്ല, ഭരണഘടനയെ സംരക്ഷിക്കാൻ ബാധ്യതപ്പെട്ട പദവി വഹിക്കുന്നയാൾ എന്ന നിലയിലുള്ളത്​, ഇന്ത്യാ ചരിത്രത്തിൽ രാഷ്ട്രപതിമാർ എങ്ങനെയാണ് ഇടപെട്ടിട്ടുള്ളത് എന്നതിലാണ് കാര്യം. രാജ്യത്തിലെ അടിസ്ഥാന വർഗത്തിൽ നിന്ന് വീണ്ടുമൊരാൾ കൂടി ഇന്ത്യയിലെ പരമോന്നത രാഷ്ട്രീയ പദവിയിലേക്കെത്തുമ്പോൾ, അത്തരമൊരു ആലോചന അനിവാര്യമാണ്.

കെ.ആർ. നാരായണന്റെ ഇടപെടലുകൾ

സ്ഥാനമൊഴിയുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലം സംഭവ രഹിതമായിരുന്നു. എന്നാൽ, ദലിത് വിഭാഗത്തിൽനിന്ന് ആദ്യമായി രാഷ്ട്രപതി സ്ഥാനത്തേക്കെത്തിയ കെ. ആർ. നാരായണൻ അങ്ങനെയായിരുന്നില്ല. ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച രാഷ്ട്രപതി ആരെന്ന ചോദ്യത്തിന് തന്റെ പ്രവർത്തികളിലൂടെ ഉത്തരം നൽകിയാണ് അദ്ദേഹം പടിയിറങ്ങിയത്. രാം നാഥ് കോവിന്ദ് സ്ഥാനമേറ്റെടുത്ത്​ നടത്തിയ ആദ്യ പ്രസംഗത്തിൽ അദ്ദേഹം ഓർത്തെടുത്ത രാഷ്ട്രപതിമാരുടെ ലിസ്റ്റിൽ കെ.ആർ. നാരായണൻ ഉണ്ടായിരുന്നില്ല എന്നത് യാദൃശ്ചികമാണോ എന്നറിയില്ല, ഗാന്ധിയും അംബേദ്കറും ദീൻ ദയാൽ ഉപാധ്യായയും കടന്നുവന്ന പ്രസംഗത്തിൽ നെഹ്രുവിന്റെ പേരും ഉണ്ടായിരുന്നില്ല.

കെ.ആർ. നാരായണൻ
കെ.ആർ. നാരായണൻ

രാഷ്ട്രപതി എന്ന നിലയിൽ ഗവണ്മെന്റിന്റെ റബ്ബർ സ്റ്റാമ്പ് ആവാതിരിക്കാൻ ബദ്ധശ്രദ്ധനായിരുന്നു, നെഹ്റു ‘നമ്മുടെ ഏറ്റവും മികച്ച ഡിപ്ലോമാറ്റ്' എന്ന് ഒരിക്കൽ വിശേഷിപ്പിച്ച കെ.ആർ. നാരായണൻ. ഭരണഘടനയോട് നീതിപുലർത്തുക എന്നതാണ് പ്രഥമ പൗരന്റെ പ്രാഥമിക കർത്തവ്യം എന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചിരുന്നു. ദി ഹിന്ദു പത്രാധിപർ എൻ.റാമിന് അനുവദിച്ച അഭിമുഖത്തിൽ, രാഷ്ട്രപതി സ്ഥാനത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായം പറയുന്നുണ്ട്: ‘‘എന്റെ പ്രതിച്ഛായ ഒരു ‘എക്‌സിക്യൂട്ടീവ്' പ്രസിഡൻറ്​ എന്ന തരത്തിലല്ല, മറിച്ച് ഒരു ‘വർക്കിംഗ് പ്രസിഡൻറ്​’ എന്ന നിലയ്ക്കാണ്. എന്നിരുന്നാലും ഭരണഘടനയുടെ നാല് ചുമരുകൾക്കുള്ളിൽനിന്ന്​ പ്രവർത്തിക്കുന്ന പ്രസിഡന്റാണ് ഞാൻ''.‘‘സംഭവഗതികളെ സ്വാധീനിക്കാൻ പോന്ന നേരിട്ടുള്ള അധികാരങ്ങൾ പ്രസിഡന്റിനില്ല. എന്നാൽ പ്രസിഡൻറിന്റെ ഓഫീസിന് ഗവണ്മെന്റിലും എക്‌സിക്യൂട്ടീവിലും പാർലമെൻറിലും ചില സൂക്ഷ്മസ്വാധീനങ്ങൾ ചെലുത്താനാകും. പരോക്ഷ സമീപനം എന്ന ആശയമാണ് അതിനുതകുന്നത്.'' അദ്ദേഹം വ്യക്തമാക്കുന്നു. ഈ ആശയം തന്റെ കാലത്തുടനീളം അദ്ദേഹം പ്രാവർത്തികമാക്കിയിരുന്നു.

ശങ്കർ ദയാൽ ശർമക്കുശേഷം അടുത്ത പ്രസിഡന്റിനെ തേടുന്ന വേളയിൽ, വി.പി. സിംഗാണ് അദ്ദേഹത്തിന്റെ പേര് മുന്നോട്ട് വയ്ക്കുന്നത്. ‘ഇടതുപക്ഷ കാഴ്ചപ്പാടു’ള്ളതുകൊണ്ട് നരസിംഹ റാവു ഗവൺമെന്റിൽ നിന്ന് മാറ്റി നിർത്തപ്പെട്ടയാളാണ്. അങ്ങനെ ഐക്യമുന്നണിയുടെ സ്ഥാനാർത്ഥിയായാണ് അദ്ദേഹം രാഷ്ട്രപതിയാവുന്നത്. എന്നാൽ അധികാരമേറ്റെടുത്തയുടൻ കക്ഷിരാഷ്ട്രീയ പരിഗണനകൾക്കതീതനായ രാഷ്ട്രപതിയായിരിക്കും അദ്ദേഹമെന്ന് ഐക്യമുന്നണിക്ക് ബോധ്യപ്പെട്ടു. 1997 ഒക്ടോബറിൽ, ഉത്തർപ്രദേശിലെ കല്യാൺ സിംഗ് ഗവണ്മെൻറിനെ ഭരണഘടനയുടെ അനുച്ഛേദം 356 ഉപയോഗിച്ച് പിരിച്ചുവിട്ട്, രാഷ്ട്രപതി ഭരണം സ്ഥാപിക്കാനുള്ള നിർദേശം അദ്ദേഹം തിരിച്ചയച്ചപ്പോഴായിരുന്നു അത്. സി.പി.എം, കോൺഗ്രസ്​, ബി.എസ്.പി., എസ്.പി. തുടങ്ങിയ കക്ഷികളെല്ലാം യു.പി. ഗവണ്മെന്റിനെ പിരിച്ചുവിടണമെന്ന ആവശ്യമുന്നയിച്ചിരുന്നു. നിയമസഭയിൽ വിശ്വാസവോട്ടെടുപ്പ് നടത്താതെ തന്നെ ഗവണ്മെന്റിനെ പിരിച്ചുവിടാനുള്ള തീരുമാനം ഐ.കെ. ഗുജ്‌റാൾ ഗവണ്മെൻറ്​ കൈക്കൊണ്ടു. എന്നാൽ രാഷ്ട്രപതി ആ നിർദ്ദേശം ഗവണ്മെന്റിനു തിരിച്ചയച്ചു. എസ്. ആർ. ബൊമ്മെ കേസിലെ സുപ്രീംകോടതി ഉത്തരവും സർക്കാരിയാ കമ്മീഷൻ നിർദ്ദേശങ്ങളും ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു പ്രസിഡന്റിന്റെ നടപടി.

പിന്നീട് 1998-ൽ ബിഹാർ ഗവണ്മെന്റിനെ പിരിച്ചുവിടാനുള്ള വാജ്‌പേയീ ഗവണ്മെന്റിന്റെ ശ്രമത്തെയും അദ്ദേഹം തടഞ്ഞു. ജനാധിപത്യ മര്യാദകളും ഭരണഘടനാപരമായ സംരക്ഷണങ്ങളും പരമപ്രധാനമാണെന്ന് അദ്ദേഹം കരുതിയിരുന്നു. ഇതിനായി രാത്രി ഉറക്കമൊഴിഞ്ഞിരുന്ന് ബൊമ്മെ കേസിലെ സുപ്രീംകോടതി വിധി വായിക്കുകയും, നിയമവിദഗ്ധരിൽ നിന്ന് അതിന്റെ സംഗ്രഹം തയ്യാറാക്കി നിയമയുക്തികൾ കൃത്യമായി മനസിലാക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ വളരെ വ്യക്തമായ കുറിപ്പ് സഹിതമാണ് അനുച്ഛേദം 356 സംബന്ധിച്ച ഫയലുകൾ തിരിച്ചയച്ചത്. 1999-ൽ വാജ്പേയ് ഗവണ്മെൻറ്​ ഒറ്റ വോട്ടിന് അവിശ്വാസപ്രമേയത്തിൽ പരാജയപ്പെട്ടപ്പോൾ, പ്രതിപക്ഷത്തിന്റെ സമന്വയ സ്ഥാനാർത്ഥിയായി പ്രധാനമന്ത്രിസ്ഥാനത്തേക്ക് സി.പി.എം. നേതാവ് ജ്യോതി ബസുവിന് അവസരം നല്കണമെന്ന പരോക്ഷ സൂചന നൽകാനും അദ്ദേഹം തുനിഞ്ഞിരുന്നു. പക്ഷേ, ആ രാഷ്ട്രീയ അവസരം ക്രിയാത്മകമായി വിനിയോഗിക്കാൻ സി.പി.എമ്മിനോ, കോൺഗ്രസിനോ കഴിഞ്ഞില്ല.

എ.ബി. വാജ്‌പേയി
എ.ബി. വാജ്‌പേയി

വാജ്‌പേയി ഗവണ്മെൻറ്​ അധികാരത്തിൽ വന്നശേഷം ഇന്ത്യയുടെ മതേതര സ്വഭാവത്തിനും ഭരണഘടനയ്ക്കും മേൽ സംഘടിത ആക്രമണമുണ്ടാകാൻ തുടങ്ങിയതിൽ അത്യന്തം അസ്വസ്ഥനായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയുടെ അനുഗ്രഹാശിസ്സുകളോടെ ഭരണഘടന മാറ്റിയെഴുതാനുള്ള ഗൗരവതരമായ ശ്രമം നടത്തുകയുണ്ടായി. പ്രസിഡന്റിന്റെ നയപ്രഖ്യാപനപ്രസംഗത്തിൽ ഭരണഘടന പുനഃപരിശോധിക്കുന്നതിനെക്കുറിച്ച് പരാമർശം കടന്നുവന്നു. പ്രസ്തുത പ്രസംഗം ഗവണ്മെൻറ്​ തയ്യാറാക്കി നൽകുന്നതാണ്. അതിൽ തിരുത്തൽ വരുത്താനോ, വിയോജിക്കാനോ ഉള്ള അധികാരം രാഷ്ട്രപതിക്കില്ല. അതുകൊണ്ടുതന്നെ അത് വായിക്കാൻ അദ്ദേഹം നിർബന്ധിതനായി. എന്നാൽ പിന്നീട് ഒരവസരം ലഭിച്ചപ്പോൾ അദ്ദേഹം പ്രതികരിച്ചു. റിപ്പബ്ലിക്കിന്റെ അമ്പതാം വാർഷിക വേളയിൽ അദ്ദേഹം പറഞ്ഞ വാക്കുകൾ സംഘപരിവാരത്തിന്റെ ഭരണഘടനാ മാറ്റിയെഴുതൽ ശ്രമങ്ങളെ അവതാളത്തിലാക്കി: ‘‘ഇന്ന് ഭരണഘടന പുനഃപരിശോധിക്കുന്നതിനെക്കുറിച്ചോ, പുതിയതൊരെണ്ണം എഴുതുക തന്നെ ചെയ്യുന്നതിനെക്കുറിച്ചോ ഒരുപാട് ചർച്ചകളുണ്ടാവുന്നുണ്ട്. ഭരണഘടനയാണോ നമ്മളെ പരാജയപ്പെടുത്തിയത് അതോ നമ്മൾ ഭരണഘടനയെ പരാജയപ്പെടുത്തുകയാണോ ചെയ്തതെന്ന് നമ്മൾ ആലോചിക്കേണ്ടതുണ്ട്.''
കെ. ആർ. നാരായണന്റെ വാക്കുകൾ വലിയ മാധ്യമശ്രദ്ധനേടി, ദേശീയ അന്തർദേശീയ തലത്തിൽ ചർച്ചയായി. ഒടുവിൽ സമ്മർദ്ദങ്ങൾക്ക് വഴങ്ങി, ഭരണഘടനാ പുനഃപരിശോധനാ സമിതി രൂപീകരിക്കാൻ തീരുമാനിച്ചിരുന്ന കേന്ദ്ര ഗവണ്മെൻറ്​, അത് മാറ്റി ഭരണഘടന പ്രവർത്തിക്കുന്നതെങ്ങനെയെന്നു പരിശോധിക്കാൻ (Review of working of the Constitution) ജസ്റ്റിസ് വെങ്കിടാചലയ്യ കമ്മീഷനെ നിയോഗിച്ചു തലയൂരി.

തന്റെ പ്രസംഗങ്ങളെല്ലാം സ്വയം തയ്യാറാക്കണം എന്ന നിർബന്ധമുണ്ടായിരുന്ന കെ. ആർ. നാരായണൻ ഗാന്ധിയും നെഹ്രുവും അംബേദ്കറും മുന്നോട്ടു വച്ച ധാർമിക- സാമ്പത്തിക- മാനവിക ദർശനങ്ങളെക്കുറിച്ച് എപ്പോഴും വാചാലനാകുമായിരുന്നു. Reform, Perform and Transform എന്ന ആപ്തവാക്യം സാമ്പത്തിക നയത്തിന്റെ നെടുംതൂണായിരുന്ന കാലത്ത് ഉദാരവത്കരണ-ആഗോളവത്കരണ നയങ്ങൾ രാജ്യത്തെ അവശ വിഭാഗങ്ങളെ കൈവെടിയുന്നതാകരുത് എന്ന് ഗവൺമെന്റുകളെ ഓർമിപ്പിച്ചു: ‘‘പുതുപ്പണക്കാരുടെ അശ്ലീലകരമായ ഉപഭോഗ സംസ്‌കാരം അധഃസ്ഥിത വർഗത്തെ കടുത്ത നൈരാശ്യത്തിലേക്ക് തള്ളിവിട്ടിരിക്കുന്നു. നമ്മുടെ സമൂഹത്തിലെ ഒരു വിഭാഗം കോള കുടിക്കുമ്പോൾ, മറ്റൊരു വിഭാഗം കൈക്കുമ്പിളിൽ ചെളിവെള്ളം കോരി കുടിച്ച് ദാഹമകറ്റുന്നു. ഉദാരവത്കരണം, സ്വകാര്യവത്കരണം, ആഗോളവത്കരണം എന്നിവയുടെ അതിവേഗ മൂന്നുവരിപ്പാതയിൽ, ദുർബല വിഭാഗങ്ങൾക്ക് തുല്യതയിലേക്ക് നീങ്ങാനുള്ള നടപ്പാതകൾ കൂടി ഒരുക്കേണ്ടതുണ്ട്’’- അദ്ദേഹം പറഞ്ഞു.

1998-ൽ ജഡ്ജിമാരുടെ നിയമനം അംഗീകരിക്കുന്നതിനൊപ്പം, നാമനിർദ്ദേശങ്ങളിൽ ദുർബലവിഭാഗങ്ങളുടെ പ്രാതിനിധ്യമില്ലായ്മയെക്കുറിച്ച് നോട്ടെഴുതി. ജനതയുടെ 25 ശതമാനം വരുന്ന പട്ടികജാതി/പട്ടികവർഗ്ഗങ്ങളുടെ പ്രാതിനിധ്യം ജുഡീഷ്യറിയിൽ എത്രമാത്രമുണ്ടെന്ന വളരെ പ്രസക്തമായ ചോദ്യം ഉന്നയിച്ചു. തുടർന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പ്രാതിനിധ്യം ഉറപ്പുവരുത്താനുള്ള ശ്രമങ്ങളുണ്ടാവുമെന്ന് വിശദീകരിച്ചു. സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും കൃത്യമായ കാഴ്ചപ്പാടുണ്ടായിരുന്ന അദ്ദേഹം സ്ത്രീ സംവരണ ബില്ലിനെ പരസ്യമായി പിന്തുണച്ചു. സ്ത്രീകൾക്ക് തുല്യതയിലേക്കുള്ള വാതിൽ തുറക്കുന്ന ‘ഹിന്ദു കോഡ് ബില്ല്' പാസാക്കാൻ അനുവദിക്കില്ല എന്ന പരസ്യ നിലപാടെടുത്ത ആചാരസംരക്ഷകനായ പ്രഥമ രാഷ്ട്രപതിയിൽ നിന്ന്​കെ.ആർ. നാരായണനിലേക്കുള്ള ദൂരം ചെറുതല്ല. ഭരണഘടനയുടെ കാതൽ, സാമൂഹ്യനീതിയും സാമൂഹ്യ ജനാധിപത്യവുമാണ് എന്ന് അദ്ദേഹം നിരന്തരം ഓർമിപ്പിച്ചുകൊണ്ടിരുന്നു. അതിനായി രാഷ്ട്രപതിയുടെ പരിമിതമായ അധികാരങ്ങൾ കഴിയുന്ന അവസരങ്ങളിലൊക്കെ വിനിയോഗിച്ചു.

ഭരണഘടനയുടെ അടിസ്ഥാന സ്വഭാവങ്ങളിലൊന്നായ മതേതരത്വത്തിന് കളങ്കമേൽക്കുന്ന അവസരങ്ങളിൽ നിശ്ശബ്ദത പാലിക്കാൻ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. ആസ്‌ട്രേലിയൻ മിഷനറി ഗ്രഹാം സ്റ്റെയിന്‌സിനെയും കുഞ്ഞുങ്ങളെയും ചുട്ടുകൊന്ന നടപടിയോട് ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. സംഭവം ‘ലോകത്തിലെ കിരാത ചെയ്തികളുടെ പട്ടിക'യിൽ പെടുന്നതാണെന്ന് പ്രസ്താവിച്ചു അദ്ദേഹം. 2002-ലെ ഗുജറാത്ത് വംശഹത്യ തന്റെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും ദുഃഖകരവും നിരാശാജനകവുമായ സംഭവമാണെന്ന് പിന്നീട് അദ്ദേഹം ഓർത്തെടുത്തിട്ടുണ്ട്. പ്രസിഡൻറ്​ എന്ന നിലയിൽ, നേരിട്ട് എന്തെങ്കിലും ചെയ്യുവാനുള്ള അധികാരം അദ്ദേഹത്തിനുണ്ടായിരുന്നില്ല. എന്നാൽ, സത്വര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി വാജ്പേയിക്ക് നിരന്തരം കത്തുകൾ നൽകിയിരുന്നു രാഷ്ട്രപതി ഭവൻ. ഗുജറാത്തിലേക്ക് എത്രയും പെട്ടെന്ന് സൈന്യത്തെ അയയ്ക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. ആദ്യമത് പരിഗണിക്കാതിരുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, പിന്നീട് സേനയെ അയച്ചപ്പോഴോ, വെടിവയ്ക്കാനുള്ള അനുമതി നൽകിയതുമില്ല. സേനയുടെ ഫലപ്രദമായ ഇടപെടലുണ്ടായിരുന്നുവെങ്കിൽ ഇത്രയേറെ കൂട്ടക്കൊലകൾ അരങ്ങേറുകയില്ലായിരുന്നുവെന്ന് അദ്ദേഹം കരുതി. പ്രസിഡന്റും പ്രധാനമന്ത്രിയും തമ്മിലുള്ള അക്കാലത്തെ കത്തിടപാടുകൾ ഇന്നും ഔദ്യോഗിക രഹസ്യമായിരിക്കുന്നു. വിവരാവകാശ നിയമപ്രകാരം അവ പുറത്തുവിടാൻ കേന്ദ്ര വിവരാവകാശ കമീഷന്റെ ഉത്തരവുണ്ടായിരുന്നുവെങ്കിലും ഡൽഹി ഹൈക്കോടതി അത് തടഞ്ഞു. ഗുജറാത്ത് കലാപം അന്വേഷിച്ച നാനാവതി കമ്മീഷനുപോലും അത് ലഭ്യമാക്കിയിരുന്നില്ല. ഇതിൽനിന്ന് തന്നെ അദ്ദേഹത്തിന്റെ ഇടപെടലുകളിൽ ഗവൺമെന്റിന് അപ്രിയമായതെന്തൊക്കെയോ ഉണ്ടായിരുന്നുവെന്ന് വ്യക്തമാകും. പിന്നീട്, ഗുജറാത്ത് കലാപത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഗൂഢാലോചന ഉണ്ടായിരുന്നുവെന്ന് അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്. കലാപകാലത്ത്, ഇരകൾക്കുമുന്നിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഉൾപ്പെടെയുള്ള അധികാരകേന്ദ്രങ്ങളുടെ വാതിലുകൾ അടഞ്ഞുകിടന്നപ്പോൾ, റെയ്‌സിന ഹിൽസിൽ രാഷ്ട്രപതിഭവന്റെ വാതിൽ തുറന്നു കിടന്നു. പ്രഥമ പൗരനും പ്രഥമ വനിതയും നിരാലംബരായ മനുഷ്യരുടെ ആവലാതികൾ കേൾക്കുകയും സമാശ്വസിപ്പിക്കുകയും ചെയ്തു. അത് ചെറുതല്ലാത്ത പ്രത്യാശയാണ് ഇരകൾക്ക് നൽകിയത്.

ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെയും ബ്രിട്ടീഷുകാർക്കുള്ള മാപ്പെഴുത്തു പ്രസ്ഥാനത്തിന്റെയും ഉപജ്ഞാതാവായ ‘വീര'സവർക്കർക്ക് ഭാരതരത്‌ന നൽകാനുള്ള വാജ്‌പേയി ഗവണ്മെന്റിന്റെ നീക്കത്തിന് തടയിട്ടതും കെ.ആർ. നാരായണനാണ്, 2001-ൽ. ബിസ്​മില്ലാഖാന് ഭാരതരത്‌ന നൽകുവാൻ അദ്ദേഹം നിർദ്ദേശിച്ചിരുന്നു. അതിനുപകരം, വാജ്‌പേയി നാമനിർദ്ദേശം ചെയ്തത് സവർക്കറെയാണ്. എന്നാൽ കെ. ആർ. നാരായണൻ അതിന്​ അംഗീകാരം നൽകാൻ തയ്യാറായില്ല. ഒടുവിൽ, മാസങ്ങൾക്കുശേഷം വാജ്‌പേയി, നാമനിർദ്ദേശം പിൻവലിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ പിൻഗാമിയായി വന്ന ‘ദേശീയ മുസ്​ലിം' എ.പി.ജെ. അബ്ദുൾകലാം, പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ സവർക്കറുടെ ഛായാചിത്രം അനാച്ഛാദനം ചെയ്തു.

വാജ്‌പേയി ഗവണ്മെന്റിന്റെ അമേരിക്കൻ പക്ഷപാതിത്വത്തിനും തക്കതായ മറുപടി നൽകിയിട്ടുണ്ട് കെ.ആർ. നാരായണൻ. അമേരിക്കൻ പ്രസിഡൻറ്​ ബിൽ ക്ലിന്റന്റെ ഇന്ത്യാ സന്ദർശനവേളയിൽ, രാഷ്ട്രപതി നൽകിയ അത്താഴവിരുന്നിൽ വച്ച്. അന്ന് നടത്തിയ പ്രസംഗത്തിൽ അദ്ദേഹം ദക്ഷിണേഷ്യൻ മേഖലയെ ‘‘ഏറ്റവും അപകടകരമായ മേഖല'' എന്ന് വിശേഷിപ്പിച്ച അമേരിക്കൻ നയത്തെ തുറന്നെതിർത്തത് അന്താരാഷ്ട്ര ശ്രദ്ധനേടിയിരുന്നു. രാജ്യത്തെ അമേരിക്കൻ പക്ഷത്തേക്ക് നയിക്കാൻ ഗവണ്മെൻറ്​ ശ്രമിച്ചുകൊണ്ടിരിക്കുന്ന സമയത്തു നടത്തിയ ആ പ്രസംഗത്തിൽ അദ്ദേഹം ഊന്നിപ്പറഞ്ഞത് ചേരിചേരാ പ്രസ്ഥാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും, ലോകത്ത് ഉയർന്നുവരുന്ന വിവിധ രാഷ്ട്രങ്ങളെയും വൈവിധ്യത്തെയും അംഗീകരിക്കുന്നതിനെക്കുറിച്ചുമാണ്: ‘‘ഞങ്ങളെ സംബന്ധിച്ച്​, ആഗോളവത്കരണം, ചരിത്രത്തിന്റെയും, ഭൂമിശാസ്ത്രത്തിന്റെയും, ലോകത്തിലെ ജൈവവും ആവേശകരവുമായ വൈവിധ്യങ്ങളുടെയും അന്ത്യമല്ല. ഒരിക്കൽ ഒരാഫ്രിക്കൻ രാഷ്ട്രീയനേതാവ് ഞങ്ങളോട് പറഞ്ഞതുപോലെ, ആഗോളഗ്രാമം എന്നുപറഞ്ഞാൽ അതിനെ ഭരിക്കുന്നത് ഒരൊറ്റ ഗ്രാമത്തലവൻ മാത്രമാകുമെന്ന് അർത്ഥമില്ല.’’
ഈ പ്രസംഗം ഗവൺമെന്റിന് വലിയ ക്ഷീണമുണ്ടാക്കിയിരുന്നു. ആഗോളതലത്തിൽ അത് ചർച്ചയായി. ‘‘അത്താഴ വേളയിൽ, പ്രസിഡൻറ്​ കെ. ആർ. നാരായണൻ, ബിൽ ക്ലിന്റനെ നിശിതമായി വിർശിച്ചതിലൂടെ, ഇന്തോ-അമേരിക്കൻ സൗഹൃദം കെട്ടിപ്പടുക്കുന്നതിലെ ആന്തരിക വിയോജിപ്പുകൾ വെളിയിൽ വന്നു'' എന്ന് ന്യൂയോർക്ക് ടൈംസ് എഴുതി.

അങ്ങനെ, ഏതു മേഖലയിലും, ഗവണ്മെൻറ്​ ദിശ മാറി സഞ്ചരിക്കുന്നുവെന്ന തോന്നലുണ്ടായപ്പോഴൊക്കെ, അഭിപ്രായം തുറന്നുപറയുകയും, പരോക്ഷ മാർഗങ്ങളിലൂടെ തിരുത്തലുകൾ വരുത്താനുള്ള സൂചനകൾ കൈമാറുകയും ചെയ്തിരുന്ന രാഷ്ട്രപതിയായിരുന്നു കെ.ആർ. നാരായണൻ. ഏതു രാഷ്ട്രീയ കക്ഷികൾ അധികാരത്തിലിരുന്നാലും ഒരു റബ്ബർ സ്റ്റാമ്പ് ആകാൻ തനിക്ക് ഉദ്ദേശ്യമില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച മനുഷ്യൻ. ഭരണഘടനാമൂല്യങ്ങളെ നെഞ്ചോടുചേർത്തുപിടിച്ച രാഷ്ട്രപതി. അദ്ദേഹത്തിന്റെ കാലത്താണ് ആദ്യമായി, ഒരു ഇന്ത്യൻ രാഷ്ട്രപതി, സാധാരണക്കാർക്കൊപ്പം ഒരു പൊതു തെരഞ്ഞെടുപ്പിൽ വോട്ടു രേഖപ്പെടുത്താൻ പോകുന്നത് നമ്മൾ കാണുന്നത്. സ്വകാര്യ ടെലിവിഷൻ ചാനലുകൾക്ക് ഇന്റർവ്യൂ നൽകുന്നത്. ആദ്യമായി ഒരു ഉന്നത രാഷ്ട്രീയ നേതാവ് എച്ച്. ഐ. വി ബാധിതർക്ക് കൈകൊടുക്കുന്നതിന് നമ്മൾ സാക്ഷ്യം വഹിക്കുന്നത്. ആ നിലയ്‌ക്കെല്ലാം സ്വന്തം വ്യക്തിത്വവും ഭരണഘടനയോടുള്ള കൂറും കാത്തുസൂക്ഷിച്ചിരുന്നു അദ്ദേഹം.

ഇനി ദ്രൗപതി മുർമു?

അദ്ദേഹത്തിന്റെ പിൻഗാമികളായി വന്നവരാരും ആ നിരയിലേക്കുയർന്നില്ല എന്ന് കാണാം. ഇപ്പോഴിതാ സന്താൾ വിഭാഗത്തിൽ നിന്നുമൊരു പ്രസിഡൻറ്​ ഉണ്ടായിരിക്കുന്നു. പ്രസിഡൻറ്​ സ്ഥാനത്തെത്തിയ ആദ്യ ദലിതൻ ആ പദവിക്കൊരു മാതൃകയായി മാറിയെങ്കിൽ, അതേ സ്ഥാനത്തേക്ക് ഇപ്പോൾ ആദ്യമായി ഒരു ആദിവാസി കടന്നുവരുമ്പോൾ നമ്മളെന്താണ് പ്രതീക്ഷിക്കേണ്ടത്?

ദ്രൗപതി മുർമു
ദ്രൗപതി മുർമു

ദ്രൗപദി മുർമു ഒരു ആദിവാസി സ്ത്രീയായതുകൊണ്ടുമാത്രം, രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമായി രാഷ്ട്രപതിയായതാണെന്നു പറയുന്നവരുണ്ട്; അതുകൊണ്ടുതന്നെ അവർ റബ്ബർ സ്റ്റാമ്പ് ആയിരിക്കുമെന്നും. ആ വാദത്തോട് യോജിക്കാൻ കഴിയില്ല. ഒരുപാടുകാലം ബ്രഹ്മണരും ആഢ്യ മുസ്​ലിംകളും മാത്രമാണ് പ്രസിഡൻറ് പദം അലങ്കരിച്ചിരുന്നത്. ഡോ. രാജേന്ദ്രപ്രസാദ് ആചാരം സംരക്ഷിക്കാൻ നെഹ്രുവിനോട് വിയോജിച്ചതല്ലാതെ, ഇന്ത്യൻ ‘ആഢ്യ' രാഷ്ട്രപതികളിൽ ആരാണ് റബ്ബർ സ്റ്റാമ്പ് അല്ലാതിരുന്നിട്ടുള്ളത്? ഇന്ത്യൻ ജനാധിപത്യവും ജനാധിപത്യ സ്ഥാപനങ്ങളും പൗരാവകാശങ്ങളും തീർത്തും അപരിചിതമായ തരത്തിൽ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന കാലത്താണ് ദ്രൗപതി മുർമു അധികാരമേറുന്നത്.

ഒരു ആദിവാസി വനിതയെ രാഷ്ട്രപതി സ്ഥാനത്തേക്ക് നിർദ്ദേശിക്കുന്നതിനൊപ്പം, ആദിവാസികളുടെ അടിസ്ഥാന അവകാശങ്ങൾ എടുത്തു കളയുന്ന നിയമനിർമാണങ്ങളും നടത്തുകയാണ്. ഈ സങ്കീർണമായ രാഷ്ട്രീയ സാഹചര്യത്തിൽ, രാഷ്ട്രീയാധികാരം കയ്യാളുന്നവരുടെ അധികാര- പ്രത്യയ ശാസ്ത്ര കാഴ്ചപ്പാടുകൾക്കപ്പുറം, ഭരണഘടനയെ മുറുകെപ്പിടിക്കാൻ അവർക്കു കഴിയുമോ എന്ന് കാത്തിരുന്നു കാണാം. രാഷ്ട്രപതിക്കും ചിലതൊക്കെ ചെയ്യാൻ കഴിയുമെന്ന്, കെ.ആർ. നാരായണൻ നമ്മെ ബോധ്യപ്പെടുത്തിയിട്ടുള്ളതാണ്.


Summary: ദ്രൗപദി മുർമു ഒരു ആദിവാസി സ്ത്രീയായതുകൊണ്ടുമാത്രം, രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമായി രാഷ്ട്രപതിയായതാണെന്നു പറയുന്നവരുണ്ട്; അതുകൊണ്ടുതന്നെ അവർ റബ്ബർ സ്റ്റാമ്പ് ആയിരിക്കുമെന്നും. ആ വാദത്തോട് യോജിക്കാൻ കഴിയില്ല. ഒരുപാടുകാലം ബ്രഹ്മണരും ആഢ്യ മുസ്​ലിംകളും മാത്രമാണ് പ്രസിഡൻറ് പദം അലങ്കരിച്ചിരുന്നത്. ഡോ. രാജേന്ദ്രപ്രസാദ് ആചാരം സംരക്ഷിക്കാൻ നെഹ്രുവിനോട് വിയോജിച്ചതല്ലാതെ, ഇന്ത്യൻ ‘ആഢ്യ' രാഷ്ട്രപതികളിൽ ആരാണ് റബ്ബർ സ്റ്റാമ്പ് അല്ലാതിരുന്നിട്ടുള്ളത്?


പി.ബി. ജിജീഷ്​

പ്രൈവസിയുമായി ബന്ധപ്പെട്ട നിയമ- ധാർമിക വിഷയങ്ങൾ, ടെക്‌നോളജി, ഭരണഘടനാ ജനാധിപത്യം തുടങ്ങിയ മേഖലകളിൽ അന്വേഷണം നടത്തുന്നു. Aadhaar: How a Nation is Deceived, ജനാധിപത്യം നീതി തേടുന്നു തുടങ്ങിയ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments