Photo : Wikimedia Commons

ഗണേശമൂർത്തിയുമായി മാട്ടുംഗയിലൂടെ ഒരു ഘോഷയാത്ര,
മുന്നിൽ മറ്റൊരു ‘മൂർത്തി’യായി വരദരാജൻ മുതലിയാർ

ബോബെ മഹാനഗരം ഒട്ടാകെ വിറപ്പിച്ച വരദാഭായി മുതലിയാർ എന്ന ഡോൺ, ഗാങ്ങുകൾക്കൊപ്പം ഒരു പൊല്ലാപ്പുമുണ്ടാക്കാതെ സമാധാന പൂർവ്വമായാണ് നിമജ്ജനയാത്ര നിയന്ത്രിച്ചിരുന്നത്. സാധാരണക്കാരെ കൈയ്യിലെടുക്കാനുള്ള ഡോണുകളുടെ ഒരു ‘ഷോർട്ട്കട്ട്' പരിപാടിയായി ഇതിനെ കരുതേണ്ടിയിരിക്കുന്നു.

വിഘ്‌നേശ്വര ഉത്സവത്തിന്റെ തിരക്കിലാണ് മഹാനഗരം. ജാതി- മത വ്യത്യാസമില്ലാതെ മുംബൈയിലെ ഭൂരിഭാഗം ജനങ്ങളും ഈ ഉത്സവം കൊണ്ടാടുന്നു എന്ന സവിശേഷത കൂടി ഇതിലുണ്ട്. കാരണം, അതിന്റെ ചരിത്രപരമായ പശ്ചാത്തലം തന്നെ.

ഗണേശോത്സവം എന്നാരംഭിച്ചുവെന്ന് കൃത്യമായി തെളിയിക്കുന്ന രേഖകളില്ലെങ്കിലും ഛത്രപതി ശിവജിയുടെ കാലത്ത് (1630 - 1680) മറാത്ത സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന പൂനയിലാണ് തുടക്കം കുറിച്ചതെന്ന് കണക്കാക്കപ്പെടുന്നു. ശിവജിയ്ക്കുശേഷം 18-ാം നൂറ്റാണ്ടിൽ പേഷ്വാ സാമ്രാജ്യകാലത്തും പൂനയിൽ ഗണേശോത്സവം കൊണ്ടാടിയിരുന്നു. എന്നാൽ ബ്രിട്ടീഷുകാർ ഇന്ത്യക്കാരുടെ സാമൂഹികാചാരങ്ങളിൽ കൈകടത്താൻ തുടങ്ങിയതോടെ ഈ ഉത്സവം ‘ഫാമലി ഗാതറിങ്ങി'ൽ മാത്രമായി ഒതുങ്ങി. പിന്നീടും വർഷങ്ങളായി ഇതേനില തുടർന്നതായി ചില ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.

ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 9 വരെ നീളുന്ന ഗണപതിയുത്സവത്തിന്റെ ആഹ്ലാദം മഹാനഗരത്തെ ത്രസിപ്പിച്ചുകൊണ്ടിരിക്കുന്നു. തിരക്കുപിടിച്ച, യാന്ത്രികമായ മഹാനഗരജീവിതത്തിൽ 11 ദിവസം ഉത്സവമാഘോഷിക്കുന്നത് ആരെ സംബന്ധിച്ചും പ്രായോഗികമല്ല. അതുകൊണ്ട് ഈ ആഘോഷം മുംബൈക്കാർ മിനിമൈസ് ചെയ്തിരിക്കുന്നു.

1870-ൽ ഇരുപതിൽ കൂടുതൽ പേർ ഒരു സ്ഥലത്ത് തടിച്ചു കൂടുന്നത് വിലക്കി ബ്രിട്ടീഷ് ഭരണകൂടം ഓർഡിനൻസ് പാസാക്കി. ഇപ്പോഴുള്ള ഇന്ത്യൻ പീനൽകോഡിലെ 144-ാം ചട്ടത്തിന് തത്തുല്യമായ ബ്രിട്ടീഷ് കല്പന. സംഘടിതശക്തിയെ ഭയത്തോടെ നോക്കിക്കാണുന്ന ഭരണകൂടം, ജനം തടിച്ചുകൂടുന്നത് ഒരിക്കലും തങ്ങൾക്ക് അനുകൂലമാകില്ല എന്ന് മനസ്സിലാക്കിയിരിക്കണം. മുസ്​ലിം സമുദായത്തിന്റെ നിരന്തരസമ്മർദ്ദം മൂലം വെള്ളിയാഴ്ചകളിൽ പള്ളികളിൽ നമാസ് നടത്താനുള്ള അനുവാദം ബ്രിട്ടീഷ് ഭരണകൂടത്തിന് നൽകേണ്ടിവന്നു. അങ്ങനെ ഹിന്ദുക്കളും പാഴ്‌സികളുമായ സ്വാതന്ത്ര്യസമരസേനാനികൾ തങ്ങളുടെ ഉത്സവങ്ങളും കൊണ്ടാടാൻ ​ബ്രിട്ടീഷ്​ ഭരണകൂടത്തിൽ സമ്മർദ്ദം ചെലുത്തിയെന്ന് ചില ചരിത്രരേഖകളിൽ പറയുന്നുണ്ട്.

ഗണേശോത്സവത്തിൻറെ അവസാന ദിനമായ ആനന്ദ് ചതുർദശി ദിനത്തിൽ കടലിൽ നിമജ്ജനം ചെയ്യാനായി കൊണ്ടുപോവുന്ന ഗണേശ വിഗ്രഹം. 1946 ൽ ബോംബെയിൽ നിന്നുള്ള കാഴ്ച. / Photo : Wikimedia Commons

പട്ടിണി മാറ്റിയ ഗണപതി പ്രതിമകൾ

ഇന്ത്യൻ സ്വാതന്ത്ര്യസമരപോരാട്ടങ്ങളിൽ ഗണ്യമായ പങ്കുവഹിച്ച വ്യക്തിയാണ് ലോക്മാന്യ തിലക്. അന്നത്തെ​ കാലത്ത്​ നിലനിന്നുപോന്ന ബ്രാഹ്​മണരും അബ്രാഹ്​മണരും തമ്മിലുള്ള സാമൂഹിക വിവേചനം പരിപൂർണമായി ഉൾക്കൊണ്ട് അതിനറുതി വരുത്താനും മതസൗഹാർദ്ദം ഊട്ടിയുറപ്പിക്കാനും അത് ബ്രിട്ടീഷ് ഭരണത്തിനെതിരെ തിരിച്ചുവിടാനും തിലകൻ ശ്രമിച്ചു. അതിന്റെ കൗതുകകരമായ പിന്നാമ്പുറക്കഥയുടെ ചുരുൾ നിവർത്തുമ്പോൾ ഒരു പ്രദേശത്തെ ജനതയുടെ കഠിനാധ്വാനം എങ്ങനെ പിൻതലമുറക്ക് സുസ്ഥിരമായ വരുമാന മാർഗ്ഗമായിത്തീർന്നുവെന്ന് കണ്ടെത്താനാകും.

മഹാരാഷ്ട്രയിലെ പിന്നാക്ക ജില്ലയായ റായ്ഗഡിലുള്ള ‘പെൻ' (PEN) ഗ്രാമത്തിൽ പ്രതിമാനിർമാണത്തിനനുയോജ്യമായ കളിമണ്ണ് സുലഭമാണ്. അന്ന് വെറും കുഗ്രാമമായിരുന്ന ഈ സ്ഥലത്തിന്റെ മുഖച്ഛാ​യ അപ്പാടെ മാറ്റിമറിക്കുന്ന സംഭവങ്ങളാണ് പിന്നീട് അരങ്ങേറിയത്. പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞുപോന്നിരുന്ന തദ്ദേശവാസികളോട് വിനായകചതുർത്ഥി ആഘോഷവേളയിൽ ഗണപതി പ്രതിമകൾ നിർമിക്കാൻ തിലകൻ ആഹ്വാനം ചെയ്തു.

ബോംബെയിലെത്തിയശേഷം 1976-ലാണ് ഞാൻ ആദ്യമായി ഗണപതിയുത്സവ ഘോഷയാത്രയിൽ പങ്കെടുക്കുന്നത്. അത് അധോലോക നായകൻ സാക്ഷാൽ വരദരാജൻ മുതലിയാർ നയിച്ചതായിരുന്നു.

വളരെ പണ്ട് ഞാൻ ആദ്യമായി ചെന്നപ്പോൾ ചെറിയ ഇടവഴികളും ഇരുവശങ്ങളിലും ഓടുമേഞ്ഞ വീടുകളും മാത്രമുള്ള ഒരു ഇടമായിരുന്നു പെൻ ഗ്രാമം. കുറേ വീടുകൾ, അതിനുശേഷം ശൂന്യമായ സ്ഥലങ്ങൾ, കോറപ്പുല്ല് തിങ്ങിനിറഞ്ഞ പ്രദേശങ്ങൾ, വീണ്ടും വീടുകൾ എന്നീ ക്രമത്തിലുള്ള ചുറ്റുപാടുകൾ. കന്നുകാലികളെ വളർത്തിയും ചില്ലറ പച്ചക്കറി കൃഷിയിലേർപ്പെട്ടും ജീവിച്ചുപോന്ന പാവം ഗ്രാമവാസികൾ. കിണറ്റിൽനിന്ന് വെള്ളം കോരുന്ന സ്ത്രീകൾ, കോഴികളുടെ ‘കൊക്കരക്കോ' വിളികൾ, അലഞ്ഞുതിരിയുന്ന ചാവാലി പട്ടികൾ തുടങ്ങിയവ കണ്ടാൽ പ്രസിദ്ധ ചിത്രകാരനായ സി.എച്ച്. ആരെയുടെ ജലച്ഛായ ചിത്രമാണ് ഓർമ വരിക. അന്നത്തെ പെൻ ഗ്രാമം ഇന്ന് ചെറുപട്ടണമായി രൂപാന്തരപ്പെട്ടിരിക്കുന്നു. അവിടെ ചില ബഹുനില കെട്ടിടങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. ബാർ റെസ്റ്റോറന്റുകളിൽ ബിസിനസ്​ പൊടിപൊടിക്കുന്നു. പലചരക്കുകടകൾ, സെൽഫോൺ കടകൾ, ഒന്നുരണ്ട് ജ്വല്ലറികൾ, തുണിക്കടകൾ തുടങ്ങിയവ സ്ഥാനം പിടിച്ചിരിക്കുന്നു.

വിനായകചതുർത്ഥി ആഘോഷവേളയിലേയ്ക്കുള്ള ഗണപതി പ്രതിമകൾ നിർമ്മിയ്ക്കുന്ന ശിൽപി. / Photo : Wikimedia Commons

എന്റെ സുഹൃത്ത് കാഞ്ചൻ പുരോഹിതന്റെ ഇളയ സഹോദരി ശുഭാംഗിയെ വിവാഹം ചെയ്ത അമോൽ ഷിൻഡെ (മാമ) പെൻ നിവാസിയാണ്. ഇപ്പോൾ അദ്ദേഹം ന്യൂ ബോംബെയിൽ സ്ഥിരതാമസം. ആ പഴയ കാലം അമോൽ ഷിൻഡെയുടെ ഓർമിയിലുണ്ട്​: ‘‘ഞങ്ങളുടെ പൂർവികരും പൂർവികരുടെ പൂർവ്വികരും ഗ്രാമപഞ്ചായത്ത് മുഖ്യന്റെ വേലക്കാരായിരുന്നു. റായ്ഗഡിലും ഇതര പ്രദേശങ്ങളിലുമുള്ള അവരുടെ കൃഷിയിടങ്ങളിൽ പണിയെടുക്കുക, മുഖ്യന്റെ കന്നുകാലികളെ തീറ്റുക, കുളിപ്പിക്കുക, അവയുടെ ചാണകം വാരുക തുടങ്ങിയ ജോലികളാണ് പുരുഷന്മാർ ചെയ്​തിരുന്നത്. ഞങ്ങളുടെ സ്ത്രീകളാകട്ടെ മുഖ്യന്റെ വീട്ടിലെ പാത്രം കഴുകുക, വസ്ത്രം അലക്കുക, നിലം തുടയ്ക്കു​ക തുടങ്ങിയവ കൂടാതെ സേഠാണി (മുഖ്യന്റെ ഭാര്യ) വിശ്രമിക്കുമ്പോൾ അവരുടെ കാല് തടവുകയും ചെയ്​തിരുന്നു.’’

അമോൽ മാമ ഒരു സംബാജി ബീഡിക്ക് തീപ്പറ്റിച്ച് തുടർന്നു:‘‘നെല്ല് ഈ പ്രദേശത്ത് കൃഷി ചെയ്തിരുന്നെങ്കിലും അത് ധാന്യവിളയായി കണക്കാക്കപ്പെട്ടിട്ടില്ല. കരിമ്പ്, പച്ചക്കറി തുടങ്ങിയവയുടെ കൃഷി പെൻ പ്രദേശത്ത്​ പരിമിതമാണ്.’’

ഗണപതിപ്രതിമാ നിർമാണത്തെക്കുറിച്ച് അമോൽമാമ പറഞ്ഞതിങ്ങനെ:‘‘ലോക്മാന്യ തിലകിന്റെ ആഹ്വാനം ഞങ്ങൾ അക്ഷരാർത്ഥത്തിൽ അനുസരിച്ചു. മാനനീയ തിലകിന്റെ സ്വാതന്ത്ര്യസമരാഹ്വാനം നിരക്ഷരകുക്ഷികളും അംഗുഠാചാപ്പുകളുമായ അന്നത്തെ ഗ്രാമീണർക്ക് കാര്യമായി തിരിച്ചറിയാൻ സാധ്യത കുറവാണെങ്കിലും പ്രതിമാനിർമാണം വഴി ഗ്രാമവാസികൾക്ക് ‘ചാർ അണ' (നാലുമുക്കാൽ) കിട്ടുന്ന വഴി തുറക്കുന്നുവെന്ന് അവർ മനസ്സിലാക്കി. വൈകാതെ പെൻ നിവാസികൾ ഈ രംഗത്തേക്ക് ശ്രദ്ധ തിരിച്ചു. അക്കൊല്ലത്തെ ഗണേശോത്സവം വന്നെത്തുന്നതിനുമുമ്പുതന്നെ ഗ്രാമവാസികൾ ഗണേശപ്രതിമാ നിർമാണം ആരംഭിച്ചുവെന്ന് മുതുമുത്തച്ഛൻമാർ പറഞ്ഞുകേട്ടിട്ടുണ്ട്. തുടക്കം കുറിച്ചത് പ്രാദേശികാടിസ്ഥാനത്തിലായിരുന്നു. പിന്നീടുള്ള വർഷങ്ങളിൽ പൂന, ബോംബെ തുടങ്ങിയ സ്ഥലങ്ങളിലേക്ക് വിൽപ്പന വ്യാപിപ്പിച്ചു. അവിടെനിന്ന് ഓർഡറുകൾ ശേഖരിക്കാൻ ഞങ്ങൾക്ക് ആദ്യകാലങ്ങളിൽ ഏജന്റുമാർ ഉണ്ടായിരുന്നു. ഇന്നിപ്പോൾ അവരുടെ ആവശ്യമില്ലാതായി. ഉത്സവത്തിന്റെ അഞ്ചാറ് മാസങ്ങൾക്കുമുമ്പുതന്നെ ഞങ്ങളെത്തേടി പട്ടണങ്ങളിൽ നിന്ന് ആളുകളെത്തുകയായി. ഗണപതിവിഗ്രഹം ഒഴികെ ഭഗവാന്റെ വാഹനമായ മൂഷികനുമാണ് അധികം ഞങ്ങൾ നിർമിക്കുക. മൂഷികൻ ഗണപതിയുടെ കാല്പാദങ്ങളിൽ നമസ്കരിക്കുന്ന രീതിയിലുള്ളവയും കൈയ്യിൽ നേർച്ചയുമായുള്ള പ്രതിമകളും നിർമിക്കാറുണ്ട്.''

ബാല ഗംഗാധര തിലകൻ. / Photo : sahisamay.com

അമോൽമാമ സംസാരം ഒന്ന് നിറുത്തി വീണ്ടും തുടർന്നു: ‘‘ഞങ്ങൾ നിർമിക്കുന്നതിൽ ഒരടി മുതൽ രണ്ടടി വരെയുള്ള ഗണപതിമൂർത്തികളാണ് അധികവും വിറ്റഴിയുക. ബോംബെയിലെയും പൂനെയിലെയും ഫാക്ടറികളിലും ഷോപ്പിങ്ങ് മാളുകൾ, കവലകൾ, ഹൗസിങ്ങ് സൊസൈറ്റികൾ തുടങ്ങിയ ഇടങ്ങളിലും അഞ്ചു മുതൽ പത്തടി വരെയുള്ള ഗണേശമൂർത്തികൾ ഓർഡർ അനുസരിച്ച് നിർമിച്ചുനൽകുന്നു. ഗണപതിയുത്സവം കഴിഞ്ഞ ബുധനാഴ്​ച തുടങ്ങി. അതിനുവേണ്ടിയുള്ള മൂർത്തികൾ തയ്യാറാക്കി അയച്ചുതുടങ്ങി. ഗണേശ് മൂർത്തികളുടെ വലുപ്പവും ഭംഗിയും അനുസരിച്ച് ആയിരം മുതൽ തുടങ്ങുന്ന അതിന്റെ വില ലക്ഷങ്ങൾ കടക്കും. ഈ വർഷത്തെ ഉത്സവം കഴിഞ്ഞാൽ അടുത്ത വർഷത്തേക്കുള്ള ഗണപതി പ്രതിമാ നിർമാണം വൈകാതെ ആരംഭിക്കുകയായി. പുരുഷന്മാരാണ് പ്രധാനമായും പ്രതിമകൾ നിർമിക്കുന്നതെങ്കിലും അതിന്റെ അലങ്കാരപ്പണികളിൽ സ്ത്രീകളും കുട്ടികളും പങ്കുചേരുന്നു. ഒരു ഗ്രാമം തന്നെ ജീവിക്കുന്നത് ഗണേശപ്രതിമാ നിർമാണത്തിലൂടെയെന്ന് പറയുമ്പോൾ അതിന്റെ പ്രാധാന്യം എന്തെന്ന് നമുക്കൂഹിക്കാം.’’

ഈ വരുന്ന ഗണേശോത്സവത്തിന് 35 മീറ്റർ ഉയരമുള്ള ഗണപതിപ്രതിമ തയ്യാറാക്കിയിട്ടുണ്ടെന്ന് അമോൽമാമ പറഞ്ഞു. ഈ വിഗ്രഹം ബോംബെയിലെ വിലെ പാർലെയിലേക്കാണെന്നും വാഴനാര്, പേപ്പർ പൾപ്പ് തുടങ്ങിയവ ഉപയോഗിച്ചുള്ള ഇത് ഇക്കോ ഫ്രൻറ്​ലിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 9 വരെ നീളുന്ന ഗണപതിയുത്സവത്തിന്റെ ആഹ്ലാദം മഹാനഗരത്തെ ത്രസിപ്പിച്ചുകൊണ്ടിരിക്കുന്നു. തിരക്കുപിടിച്ച, യാന്ത്രികമായ മഹാനഗരജീവിതത്തിൽ 11 ദിവസം ഉത്സവമാഘോഷിക്കുന്നത് ആരെ സംബന്ധിച്ചും പ്രായോഗികമല്ല. അതുകൊണ്ട് ഈ ആഘോഷം മുംബൈക്കാർ മിനിമൈസ് ചെയ്തിരിക്കുന്നു.

പുരുഷന്മാരാണ് പ്രധാനമായും പ്രതിമകൾ നിർമിക്കുന്നതെങ്കിലും അതിന്റെ അലങ്കാരപ്പണികളിൽ സ്ത്രീകളും കുട്ടികളും പങ്കുചേരുന്നു.

അധോലോക ക്രിമിനലുകളുടെ ഉത്സവം

ഗണപതിപൂജ നടത്തുന്നവർ ആചാരങ്ങളും അനുഷ്ഠാനങ്ങളും അനുസരിച്ച് ഈ ദിവസങ്ങളിലെല്ലാം ഗണേശവിഗ്രഹത്തിനുമുമ്പിൽ വിളക്കു കൊളുത്തുകയും ആരതി ഉഴിയുകയും ഗണപതി ഭഗവാനെ പ്രകീർത്തിച്ച്​ സ്തോത്രം ചൊല്ലുകയും വേണം. അത് മുറപ്രകാരം നിർവ്വഹിക്കുന്നില്ലെങ്കിൽ ഭഗവാൻ കോപിക്കുമെന്ന വിശ്വാസവും ഭകതർക്കുണ്ട്​. ഇത്തരം നീണ്ട ആചാരാനുഷ്ഠാനങ്ങൾക്ക് സമയമില്ലാത്ത മുംബൈക്കാർ ഉത്സവത്തിന്റെ ആദ്യനാളിൽതന്നെ വിഗ്രഹം വാങ്ങി ആർഭാടപൂർവ്വം കൊണ്ടുവന്ന് പൂജിച്ച് പിറ്റേന്ന്​ വൈകുന്നേരം തന്നെ സമീപത്തുള്ള തടാകത്തിലോ പുഴയിലോ കടലിലോ നിമജ്ജനം ചെയ്യുകയായി. (വിസർജ്ജൻ എന്നാണ് ഇതിന്റെ മറാഠി പദം). ബാന്റുവാദ്യത്തിന്റെ അകമ്പടിയോടെയും വർണ്ണപ്പൊടി വാരിവിതറിയുമുള്ള ആ ഘോഷയാത്രയിൽ ഒരിക്കലെങ്കിലും പങ്കെടുക്കാത്തവർ മുംബൈയിൽ ആരുമുണ്ടാകില്ല എന്നുതോന്നുന്നു. ഗണപതി ഭഗവാന്റെ കൂറ്റൻ പ്രതിമകൾ പ്രധാനമായും സ്ഥാപിക്കാറ്​ നാൽക്കവലകളിലാണ്. ലാൽബാഗിലുള്ള ഗണേശവിഗ്രഹങ്ങളാണ് ഒരുകാലത്ത് ഏറ്റവും ഉയരമുള്ള ശ്രദ്ധേയമായ ഗണേശമൂർത്തിയായി കണക്കാക്കപ്പെട്ടിരുന്നത്. ബോംബെയുടെ പിന്നാമ്പുറങ്ങളിലുള്ള ‘ഗണേഷ് മിത്ര്​ മണ്ഡൽ' എന്ന യുവാക്കളുടെ കൂട്ടായ്മകൾ പ്രാദേശികതലത്തിൽ ഈ ഉത്സവം സംഘടിപ്പിക്കും. ഇല്യുമിനേറ്റ് ചെയ്ത പന്തലിൽ ഗണേശപ്രതിമക്കുമുമ്പിലിരുന്ന് പൂജാകർമാദികൾ നിർവ്വഹിക്കുന്ന ഭട്ട് (പുരോഹിതർ) ആരതി ഉഴിയുന്നു. ഗണേശഭഗവാനെ പ്രീതിപ്പെടുത്താൻ ‘ദേവാരേ ദേവാ/ ഗണപതിദേവാ/സ്വാമി തുംസെ ബഡ്കർ കോൻ' എന്നു തുടങ്ങുന്ന സിനിമാഗാനങ്ങളും ഗലികളിൽ അലയടിച്ചുയരും. മോദക്കും മധുരപലഹാരങ്ങളുമാണ് പ്രധാനമായും ഭക്തർ ഗണപതിക്കുമുമ്പിൽ കാഴ്ചവെക്കുക. ആ മണ്ഡപത്തിൽ കാണുന്ന സ്റ്റീൽ തളികയിൽ നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ മാത്രം ചില്ലറ, നോട്ട് തുടങ്ങിയവ കാണിക്കയിടാം. കളഭം, ചന്ദനം തുടങ്ങിയവ നെറ്റിയിൽ തൊട്ട് സായൂജ്യമടയാനും സൗകര്യമുണ്ട്.

Photo : Unsplash.com

ബോംബെയിലെത്തിയശേഷം 1976-ലാണ് ഞാൻ ആദ്യമായി ഗണപതിയുത്സവ ഘോഷയാത്രയിൽ പങ്കെടുക്കുന്നത്. അത് അധോലോക നായകൻ സാക്ഷാൽ വരദരാജൻ മുതലിയാർ നയിച്ചതായിരുന്നു. വലിയ ഗണേശമൂർത്തിയെ ആർഭാടമായി അലങ്കരിച്ച ലോറി മാട്ടുംഗ വീഥികളിലൂടെ നീങ്ങുന്നു. ബാൻറ്​ വാദനത്തിന്റെ മാസ്മരിക ശബ്ദത്തോടൊപ്പം‘ഗണപതി പാപ്പാ മോറെയാ, മംഗൾ മൂർത്തെ മോറെയാ, പുഡ്ച്ച്യാ വർഷി ലൗക്കരിയാ’ (ഗണപതി ജയിക്കട്ടെ, അടുത്തവർഷം വേഗം വരുക) എന്ന പ്രാർത്ഥന ഉയരുന്നുണ്ട്. ആയിരക്കണക്കിന് ഭക്തർ ദാദർ ചൗപാട്ടി ബീച്ചിലേക്ക് ഗണപതിപ്രതിമ നിമജ്ജനം ചെയ്യാനുള്ള ആഘോഷയാത്രയിലുണ്ട്. അതിന് നേതൃത്വം നൽകിയിരുന്നത് സാക്ഷാൽ വരദാഭായ് തന്നെയായിരുന്നു എന്നത് രസകരമായി തോന്നാം. പലകുറി അയാൾ പൊലീസ്​ വലയിൽ പെട്ടുവെങ്കിലും ഒരൊറ്റ ദിവസം, ഏറിയാൽ രണ്ടു ദിവസം മാത്രം ലോക്കപ്പിൽക്കിടന്ന് പുറത്തുവന്നിരുന്ന ഈ സെലിബ്രിറ്റി ക്രിമിനലിനെ ആദ്യമായി ഞാൻ കാണുന്നതും അന്നുതന്നെ. ബോബെ മഹാനഗരം ഒട്ടാകെ വിറപ്പിച്ച വരദാഭായി മുതലിയാർ എന്ന ഡോൺ, ഗാങ്ങുകൾക്കൊപ്പം ഒരു പൊല്ലാപ്പുമുണ്ടാക്കാതെ സമാധാന പൂർവ്വമായാണ് നിമജ്ജനയാത്ര നിയന്ത്രിച്ചിരുന്നത് എന്ന് അടിവരയിട്ട് പറയുന്നു. സാധാരണക്കാരെ കൈയ്യിലെടുക്കാനുള്ള ഡോണുകളുടെ ഒരു ‘ഷോർട്ട്കട്ട്' പരിപാടിയായി ഇതിനെ കരുതേണ്ടിയിരിക്കുന്നു. പൊലീസിന് പിടികൊടുക്കാതെ, അവരുടെ ലുക്കൗട്ട് നോട്ടീസുകൾ അവഗണിച്ച വരദരാജമുതലിയാർ നെറ്റിയിലും, കൈത്തണ്ടയിലും, കഴുത്തിലും ഭസ്മം പൂശി വെള്ള മുറിക്കൈയ്യൻ ഷർട്ടും തോളിൽ മടക്കിയിട്ട രണ്ടാംമുണ്ടും കസവ് വേഷ്ഠിയുമണിഞ്ഞാണ് അന്ന് ഗണേശോത്സവത്തിൽ പങ്കെടുത്തതെന്ന് നല്ല ഓർമയുണ്ട്. ഗണേശവിഗ്രഹ നിമജ്ജന യാത്ര കാണാൻ വഴിവക്കിൽ തിങ്ങിക്കൂടിയവരെ നിയന്ത്രിച്ചിരുന്നത് പൊലീസ് ആയിരുന്നില്ല; വരദാഭായിയുടെ കൈയ്യാളന്മാരായിരുന്നു. അറസ്റ്റ് ഭയപ്പെട്ട് ഒളിവിൽ പോയ ആ ഡോൺ മദ്രാസിലെ ഏതോ അജ്​ഞാതകേന്ദ്രത്തിൽ വെച്ച് കാൻസർ മൂലം മരിച്ചു. പിന്നീടുള്ള കുറെക്കാലം അയാളുടെ വലിയ ഫോട്ടോ ഗണപതി വിഗ്രഹത്തോടൊപ്പം മാട്ടുംഗയിൽ നിന്നുള്ള ആഘോഷയാത്രയിൽ പ്രദർശിപ്പിച്ചിരുന്നു.

ബോംബെയിലെത്തിയശേഷം 1976-ലാണ് ഞാൻ ആദ്യമായി ഗണപതിയുത്സവ ഘോഷയാത്രയിൽ പങ്കെടുക്കുന്നത്. അത് അധോലോക നായകൻ സാക്ഷാൽ വരദരാജൻ മുതലിയാർ നയിച്ചതായിരുന്നു.

ബോളിവുഡിലെ ഗണോശോത്സവം

മുംബൈ ജനജീവിതത്തിന്റെ അവിഭാജ്യഘടകമായ ഗണേശോത്സവം ബോളിവുഡ് സിനിമകളിൽ കയറിപ്പറ്റിയത് സ്വഭാവികം. ഈ ഗണത്തിൽ ആദ്യം ഓർമ വരുന്നത് മീരാനായരുടെ‘സലാം ബോംബെ'യാണ്. എല്ലാ വിഘ്‌നങ്ങളും തകർക്കുന്ന ഗണപതി ഭഗവാന്റെ പ്രതിമകൾ നിമജ്ജനത്തിന്​ വാഹനങ്ങളിൽ കൊണ്ടുപോകുന്ന ഷോട്ടുകൾ സലാം ബോംബെയുടെ അന്തിമരംഗങ്ങളിൽ കാണാം. ഇതിനിടെ അവിചാരിതമായുണ്ടായ ഒരു സംഭവം ഓർമ വരുന്നു. ബോളിവുഡിൽ മിഥുൻ ചക്രവർത്തി തകർക്കുന്ന കാലം. ചെമ്പൂർ നടരാജിൽ ‘തരാന' എന്ന മിഥുൻ സിനിമയുടെ ഹൗസ്ഫുൾ ഒഴിഞ്ഞ നേരമുണ്ടായിരുന്നില്ല. ഞാൻ ആ സിനിമ കാണാൻ അവിടെ എത്തിയതാണ്. അതേ കെട്ടിടത്തിന്റെ തൊട്ടടുത്താണ് അന്ന് ഗണേശോത്സവത്തിന്റെ ഏഴാം ദിവസം ആഘോഷിക്കുന്ന മണ്ഡപം. ആ ഭാഗത്തുള്ള വ്യാപാരികളുടെ സംഘടനയാണ് പൂജയും ആരതിയും മറ്റും നിയന്ത്രിക്കുന്നത്. ഇതിനിടെ പുകപരത്തി ഒരു പൊലീസ് വാൻ അവിടെയെത്തി. സായുധ പൊലീസിനൊപ്പം ഒരാൾ ചാടിയിറങ്ങി. ‘ഡാർക്ക്​ ഹാൻറ്​സം റഫ്​ ആൻറ്​ ടഫ്​’ കാറ്റഗറിയിൽ പെടുത്താവുന്ന ഒരാൾ വാനിൽനിന്ന് ചാടിയിറങ്ങി. അയാളാണ് സണ്ണി- ദ- ഡാൻസർ. ചെമ്പൂർ ഗാർഡനുസമീപമുള്ള ഒരു പഞ്ചാബിയുടെ ബംഗ്ലാവ്​കൊള്ളയടിച്ച് അവിടെനിന്ന് മുങ്ങിയ സണ്ണിയെ പൊലീസ് പിടികൂടി തെളിവെടുപ്പിന്​ ബംഗ്ലാവിലെത്തിച്ച്​ മടങ്ങുംവഴി നടരാജ് സിനിമയ്ക്ക് സമീപമുള്ള ഗണേശോത്സവം അയാളുടെ ശ്രദ്ധയിൽപ്പെട്ടു. ആളുകൾ അമ്പരന്നു. പൊലീസ് ഇൻസ്പെക്ടർ സണ്ണിയുടെ കൈയ്യാമം ഊരി. അയാൾ ഇരു കൈകളും കുടഞ്ഞും ശരീരം അങ്ങോട്ടുമിങ്ങോട്ടും ചെരിച്ചും പുതിയൊരു ശക്തി കണ്ടെത്തിയെന്ന് തോന്നുന്നു. തുടർന്ന് സണ്ണി എന്ന വീരേന്ദ്രവർമ കൈകൾ കൂപ്പി ഭഗവാനെ നമസ്കരിച്ചു.

'സലാം ബോംബെ'യിൽ നിന്ന്

ഈ കക്ഷി കാഞ്ചൂർമാർഗിലെ ജോപ്ഡകളിൽ ഒന്നിലാണ് ജനിച്ചത്. പഴം പച്ചക്കറി വില്പനക്കാരനായിരുന്ന ജനക് സിംഗ് എന്ന മദ്ധ്യപ്രദേശുകാരന്റെയും മറാഠിയായ രുഗ്​മിണി ദേവിയുടെയും മകനായി ജനിച്ച സണ്ണിയ്ക്ക് എൽവിസ് പ്രെസ്​ലി മുതൽ മൈക്കിൾ ജാക്‌സൺ, ബീറ്റിൽസ്, ബോണിയെം വരെയുള്ള പാശ്ചാത്യ ഗായകരോടും സംഗീതത്തോടും അവരുടെ നൃത്തവിശേഷങ്ങളോടും കെട്ടടങ്ങാത്ത കമ്പമുണ്ടായിരുന്നു. ഇക്കൂട്ടരുടെ ആൽബങ്ങൾ ഡി.വി.ഡിയുടെ സഹായത്തോടെ കണ്ടും കേട്ടും സണ്ണി ദ ഡാൻസർ ചുവടുവെച്ച് നൃത്തം ചെയ്യാനും പാടാനുമൊക്കെ നന്നായി പഠിച്ചു. ഈ ആവശ്യത്തിന് സണ്ണി പണം കണ്ടെത്താൻ ഡി.വി.ഡി. പ്ലെയറുകളും ത്രീ ഇൻ വണ്ണുമൊക്കെ ഇലക്​ട്രോണിക്​ കടകളിൽ നിന്ന് മോഷ്ടിക്കേണ്ടി വന്നു. സണ്ണി ഉത്സഹശീലനായിരുന്നു. ഭാണ്ഡൂപ്പിലെ ഗവൺമെൻറ്​ സ്കൂളിൽനിന്ന് എസ്.എസ്.സി. പാസായ അയാൾ ഘാഠ്‌കോപ്പറിലെ ജുൻജുൻവാല കോളേജിൽ ബി.എക്ക് (ഇംഗ്ലീഷ് സാഹിത്യം) ചേർന്നു. ആകർഷകമായ ആകാരവും പെരുമാറ്റരീതിയും അയാളെ പെൺകുട്ടികളുടെ ആരാധനാപാത്രമാക്കി. സ്ഫുടമായി ഇംഗ്ലീഷ് സംസാരിക്കുകയും ‘എറ്റികെറ്റ്' വെച്ചു പുലർത്തുകയും ചെയ്ത സണ്ണിയോട് ആംഗ്ലോ ഇന്ത്യൻ സമുദായത്തിലുള്ള ജോസഫൈന് വല്ലാതെ പ്രേമം തോന്നിയത് സ്വാഭാവികം. ഇവളെ ഇംപ്രസ് ചെയ്യിപ്പിക്കാനുള്ള പണത്തിന്​ അയാൾ കടകൾ കൊള്ളയടിക്കുകയും ധനികരെ ‘പിപ്പിടി' കാണിച്ച് പണം വസൂലാക്കുകയും ചെയ്​തുതുടങ്ങി. ആ യുവതിയെ ത്രീ സ്റ്റാർ ഹോട്ടലുകളിൽ കൊണ്ടുപോയി ഇഷ്ടഭക്ഷണം വാങ്ങിക്കൊടുക്കുകയും സ്വർണ്ണാഭരണങ്ങൾ സമ്മാനിക്കുകയും ചെയ്തു. പ്രേമികളുടെ ഇത്തരം ചെപ്പടിവിദ്യകൾ നിർവഹിക്കുന്നതിനിടെ ജോസഫെയ്‌ന് സണ്ണി - ദ - ഡാൻസർ ഒരു കള്ളനാണെന്ന തിരിച്ചറിവുണ്ടായി. അങ്ങനെ ആ പ്രേമം പൊളിഞ്ഞ് പാളീസായി. നിരാശനായ സണ്ണി എന്ന വീരേന്ദ്രവർമ രണ്ടു പ്രാവശ്യം ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പിന്നീട് സൈക്യാട്രിക് ട്രീറ്റ്‌മെന്റിന് വിധേയനാകേണ്ടി വന്നു.

ജബ് അന്ധേരാ ഹോത്താഹെ ഏക് ചോർ നിക്കൽതാഹെ കാലീസി സഡക് പർ... പാട്ടുകേട്ട സണ്ണി ആവേശഭരിതനായി ആ ഗാനത്തിനൊത്ത് ചുവടുവെച്ചുകൊണ്ടിരുന്നു. / Photo : Pixabay.com

മഹാനഗരത്തിലെ സമ്പന്ന ഗൃഹങ്ങളിൽ വിവാഹാഘോഷം, ജന്മദിനാഘോഷം തുടങ്ങിയവയ്ക്ക് കൊഴുപ്പുകൂട്ടാൻ ഓർക്കസ്​ട്രയും മിമിക്രിയും ഡാൻസുമൊക്കെ പതിവാണ്. അങ്ങനെ സണ്ണി പാട്ടുപാടിയും നൃത്തം ചെയ്തുമുള്ള ഒരു കല്യാണപാർട്ടി കഴിഞ്ഞ് മടങ്ങുമ്പോൾ അധോലോക നേതാക്കളിലൊരാളായ ഉദയാഷെട്ടിയുമായി പരിചയപ്പെടുന്നു. ചില ചെറുപ്പക്കാർക്കെങ്കിലും അത്യാകർഷകമായി തോന്നാവുന്ന മാഫിയാ സംഘത്തിൽ നമ്മുടെ പാവം സണ്ണി ദ ഡാൻസർ കുടുങ്ങി. ആഭരണക്കടകൾ, വൈരക്കൽ നിർമാണ തൊഴിൽശാലകൾ, മാർവാടികളുടെ പണമിടപാടു സ്ഥാപനങ്ങൾ തുടങ്ങിയവ കൊള്ളയടിച്ച സണ്ണി പലപ്പോഴും പിടിക്കപ്പെട്ടിട്ടുണ്ടെങ്കിലും അധോലോക രാജാവായ വരദരാജനും ഉദയഷെട്ടിയും അയാളുടെ രക്ഷകരായെത്തി ജാമ്യത്തിൽ പുറത്തിറക്കും. അങ്ങനെയൊരു സന്ദർഭത്തിലാണ് ആ ഗണപതിയുത്സവത്തിൽ സണ്ണി എത്തിച്ചേർന്നത്. പൊലീസുകാർ ആവശ്യപ്പെട്ടതനുസരിച്ച് ഗണേശോത്സവ സമിതി ഗ്രാമഫോണിൽ ഒരു പ്രസിദ്ധ ഗാനം സണ്ണിയെ കേൾപ്പിച്ചു. ആ പൊലീസ് ഉദ്യോഗസ്ഥൻ രസികനായിരിക്കണം.ജബ് അന്ധേരാ ഹോത്താഹെ ഏക് ചോർ നിക്കൽതാഹെ കാലീസി സഡക് പർ
ആശാ ബോസ്​ലെ പാടിയ ഈ പാട്ടിന്റെ അർത്ഥം, ഒഴിഞ്ഞ തെരുവിൽ ഇരുട്ടാകുമ്പോൾ ഒരു തസ്കരൻ കടന്നെത്തുകയായി എന്നൊക്കെയാണ്. പാട്ടുകേട്ട സണ്ണി ആവേശഭരിതനായി ആ ഗാനത്തിനൊത്ത് ചുവടുവെച്ചുകൊണ്ടിരുന്നു. ആളുകൾ കൈയ്യടിച്ച്‌ പ്രോത്സാഹിപ്പിച്ചു. പഞ്ചാബിയുടെ ബംഗ്ലാവ്​ കൊള്ളയടിച്ച കേസുൾപ്പെടെ മറ്റനവധി കുറ്റങ്ങളും ചാർത്തി സണ്ണിയെ യർവാദ ജയിലിലടച്ചു.

ഇപ്പോൾ മഹാനഗരത്തിൽ അണ്ടർവേൾഡിന്റെ കലാപരിപാടികളടങ്ങിയ വാർത്തകൾ കാണാറില്ല. പൂർവ്വകാലകഥകൾ വീണ്ടും വീണ്ടും പറഞ്ഞുള്ള സിനിമകളുടെ പ്രവാഹം ഒരർത്ഥത്തിൽ ബോളിവുഡിൽ നിന്ന്​അപ്രത്യക്ഷമായിരിക്കുന്നു.

എട്ടുവർഷങ്ങൾക്കുശേഷം പുറത്തുവന്ന സണ്ണിയെ പറ്റിയുള്ള വാർത്തകൾ പിന്നീട് വന്നത് ബോളിവുഡ് നടൻ അജയ് ദേവ്ഗണിന്റെ ഭവനഭേദനവുമായി ബന്ധപ്പെട്ടാണ്. നടൻ വീട്ടിലില്ലാത്ത ദിവസം സണ്ണി ദ ഡാൻസർ ബാന്ദ്രയിലെ ദേവ്ഗണിന്റെ വീട്ടിൽ കയറിപ്പറ്റി 25 ലക്ഷം രൂപയും അദ്ദേഹത്തിന്റെ റിവോൾവറും കൊള്ളയടിച്ചു. വാഗ്ലേ എസ്റ്റേറ്റ് ചെക്ക്‌നാക്കയിലെത്തവേ തീപാറുന്ന ഘോരസംഘട്ടനത്തിലൂടെ സണ്ണിയെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതി അയാളെ വീണ്ടും നാസിക് കൽത്തുറുങ്കിലടച്ചു. ചടുലതാളങ്ങളുടെ കാമുകനായ സണ്ണി ഡാൻസർ കൽത്തുറുങ്കിന്റെ ഇടനാഴികളിലോ തടവുകാരുടെയും പൊലീസ് ഓഫീസർമാരുടെയും മുന്നിലോ പാശ്ചാത്യനൃത്തച്ചുവടുകൾ ഇപ്പോൾ വയ്ക്കുന്നുണ്ടാകുമോ ആവോ?

ചാർണി റോഡിലെ ഒരു അഡൈർടൈംസിങ്​ ഏജൻസിയിൽ ജോലി നോക്കിയിരുന്ന 1990 കാലത്തുണ്ടായ സംഭവം ഓർമയിലെത്തുന്നു. ഏജൻസി ഉടമ ഗണേശോത്സവം പ്രമാണിച്ച് സ്വന്തം നാടായ സാംഗ്‌ളിയിലേക്ക് പോയിരിക്കുകയാണ്. അന്ന് ഗണേശോത്സവത്തിന്റെ ആരംഭദിനമായിരുന്നു.

ടുലതാളങ്ങളുടെ കാമുകനായ സണ്ണി ഡാൻസർ കൽത്തുറുങ്കിന്റെ ഇടനാഴികളിലോ തടവുകാരുടെയും പൊലീസ് ഓഫീസർമാരുടെയും മുന്നിലോ പാശ്ചാത്യനൃത്തച്ചുവടുകൾ ഇപ്പോൾ വയ്ക്കുന്നുണ്ടാകുമോ ആവോ? / Photo : Wikimedia Commons

എന്നോട് ഗണപതി വിഗ്രഹം വാങ്ങി ഓഫീസിലെത്തിച്ച് പൂജാകർമാദികൾ നടത്താൻ ആദ്ദേഹം ചട്ടംകെട്ടിയിട്ടുണ്ട്. ഞാനും സഹപ്രവർത്തകയായ ഗോവൻ സുന്ദരി ഫിലോമിന ഡിക്കോസ്റ്റയും, കിഷോർ പാട്ടീൽ, ലീന കുൽക്കർണി, സന്തോഷ് പഠ്വർദൻ എന്നിവരും ദാദറിൽ നിന്ന് ഗണേശവിഗ്രഹം വാങ്ങി പട്ടുശീലകൊണ്ട് പൊതിഞ്ഞ് ടാക്‌സിയിൽ ഓഫീസിനുസമീപമിറങ്ങി. മുട്ടിപ്പലക എന്ന് പൊതുവെ നാം വിളിക്കുന്ന, മരംകൊണ്ടുള്ള ചായം പൂശിയ ചെറിയ തട്ടിൽ വിഗ്രഹം വെച്ച് ‘ജയ്‌ദേവ് ജയ്‌ദേവ് ജയ് മംഗള മൂർത്തേ’ എന്ന പ്രാർത്ഥനയോടെ ഓഫീസിലേക്ക് നടന്നു. ഞാൻ വെള്ളമുണ്ടും ജുബ്ബയുമാണ് ധരിച്ചിരിക്കുന്നത്. ഫിലോമിനയാകട്ടെ ഫ്രോക്കും ടോപ്പും. ഞങ്ങൾ നടന്നുനീങ്ങുമ്പോൾ വഴിപോക്കർ ആശ്ചര്യപൂർവ്വം ഈ കാഴ്ച നോക്കി കാണുന്നുണ്ട്. ക്രിസ്ത്യാനികളായ എന്നേയോ, ഫിലോമിനയേയോ വഴിയിൽ ആരും തടഞ്ഞുനിർത്തി ചോദ്യം ചെയ്തില്ല എന്നത് ഈ വർത്തമാനകാലത്തിൽ ശ്രദ്ധേയമെന്ന് തോന്നുന്നു. ഒരു മാന്യവ്യക്തി ഞങ്ങളോട് വളരെ സൗമ്യപൂർവ്വം പിന്നീട് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ ഫിലോമിന തുറന്നടിച്ചു: We have taken this is a spirit of unity, nothing else, because, we are Mumbaikkar! you got my point?.

ദാദർ വെസ്റ്റിൽ ഇപ്പോൾ സൂചികുത്താൻ പോലും സ്ഥലമില്ലാത്തവിധം വൻതിരക്കാണ്​. ചന്ദനത്തിരി, പടക്കം, വസ്ത്രങ്ങൾ തുടങ്ങിയവയുടെ കടകളിൽ ആളുകളുടെ വൻതിരക്കാണ്​.

ഗ്രാൻറ്​ റോഡിലെ മിനർവ തിയേറ്ററിൽ ‘ടോറ ടോറ ടോറ' എന്ന ഇംഗ്ലീഷ് പടം കാണാൻ ഞാൻ ക്യൂ നിൽക്കുന്നു. അന്ന് ഗണേശോത്സവത്തിന്റെ സമാപനദിനമാണ്. ഗണപതി പ്രതിമകൾ ചൗപാത്തി കടപ്പുറത്തേക്ക് നിമജ്ജനത്തിന്​ കൊണ്ടുപോകുന്നു. വലിയൊരു ജനക്കൂട്ടം ഗണപതി സ്​തോത്രമുരുവിട്ട് പിന്നിലുണ്ട്. പെ​ട്ടെന്ന് ഒരാരവത്തോടെ ഒരു ലോറി മിനർവയ്ക്ക് മുമ്പിലുള്ള കൾവർട്ടിലിടിച്ചുതകർന്നു നിന്നു. അടുക്കടുക്കായി വെച്ചിരുന്ന അർക്കപ്പൊടി വിതറിയ ഐസ് കട്ടകൾ നിലത്തുവീണ് ഛിന്നഭിന്നമായി. രക്തമൊലിച്ച ഡ്രൈവറും കിളിയും എങ്ങോ ഓടിരക്ഷപ്പെട്ടു. ഇടതടവില്ലാതെ ഹോണടിച്ച് രണ്ട് വാൻ പൊലീസ് എത്തി. കാണികൾ അമ്പരന്നു. ആ ഐസ് കട്ടകൾക്കുള്ളിൽ പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ സ്വർണബാറുകളുണ്ടായിരുന്നു. പൊലീസ് സ്ഥലം മുദ്രവെച്ച് കാണികളെ വിരട്ടിയോടിച്ചു. ‘ടോറ ടോറ ടോറ' പോയി തുലയട്ടെ എന്നുകരുതി ഞാൻ സ്ഥലം വിട്ടു. പിറ്റേന്ന്​ പത്രങ്ങൾ അരിച്ചുപെറുക്കിയെങ്കിലും ഈ സംഭവത്തിന്റെ ഒരു പൊടി വാർത്ത പോലും കണ്ടില്ല.

ഫിലോമിന തുറന്നടിച്ചു: We have taken this is a spirit of unity, nothing else, because, we are Mumbaikkar! you got my point?.

മഹാരാഷ്ട്രയൊട്ടാകെയുള്ള ഭൂരിഭാഗം ക്ഷേത്രങ്ങളിലും ഗണേശോത്സവം സമുചിതമായി കൊണ്ടാടപ്പെടുന്നു. ബോംബെയിൽ പ്രഭാദേവിയിലുള്ള സിദ്ധിവിനായക് മന്ദിർ ആണ് ഏറ്റവും പ്രധാനപ്പെട്ട ഗണേശക്ഷേത്രം. കൊങ്കൺ പ്രദേശത്തുള്ള ക്ഷേത്രങ്ങളിലും പ്രമാദമായി ഗണേശോത്സവം ആഘോഷിക്കപ്പെടുന്നു.

ബോളിബുഡിലെ ബ്ലോക്ബ്ലസ്റ്റർ സിനിമകളിലെല്ലാം ഗണേശോത്സവം ആഘോഷിക്കപ്പെട്ടിട്ടുണ്ട്​. ഋത്വിക്‌റോഷൻ വേഷമിട്ട അഗ്‌നിപഥ്, മനോജ് ബാജ്‌പേ, സൗരവ് ശുക്ല തുടങ്ങിയവർ അഭിനയിച്ച സത്യ, പ്രഭുദേവയുടെ എബിസിഡി തുടങ്ങിയ ചലച്ചിത്രങ്ങളിൽ ഗണേശോത്സവം ആർഭാടപൂർവ്വം ചിത്രീകരിച്ചിട്ടുണ്ട്. ഇവയെല്ലാം അധോലോക സംബന്ധമായ പ്രമേയങ്ങളുള്ള സിനിമകളാണ്. ഇപ്പോൾ മഹാനഗരത്തിൽ അണ്ടർവേൾഡിന്റെ കലാപരിപാടികളടങ്ങിയ വാർത്തകൾ കാണാറില്ല. പൂർവ്വകാലകഥകൾ വീണ്ടും വീണ്ടും പറഞ്ഞുള്ള സിനിമകളുടെ പ്രവാഹം ഒരർത്ഥത്തിൽ ബോളിവുഡിൽ നിന്ന്​അപ്രത്യക്ഷമായിരിക്കുന്നു.

മറാഠിയിൽ ഗണേശോത്സവം ചിത്രീകരിച്ച ധാരാളം സിനിമകളുണ്ടെങ്കിലും സച്ചിൻ പിൽഗാവ്കർ, രാജാഗോസാവി, വന്ദന തുടങ്ങിയവർ വേഷമിട്ട വിനായകിൽ ഒരു യുക്തിവാദിയുടെയും ദൈവവിശ്വാസിയുടെയും ആശയപരമായ ശൈഥില്യങ്ങൾ ചിത്രീകരിച്ചിട്ടുണ്ട്. ‘മോറിയ' എന്ന സിനിമയിൽ ഗണേശോത്സവത്തിന്റെ ഉദ്ദേശ്യവും നാം ഏതാണ്ടൊക്കെ മറന്നുപോയ ലോക്മാന്യ തിലകിന്റെ ലക്ഷ്യബോധവും ചിത്രീകരിച്ചിരിക്കുന്നു. രാഷ്ട്രീയക്കാർ സ്ഥാപിത താല്പര്യങ്ങൾക്കായി ചെറുപ്പക്കാരെ ഉപയോഗിക്കുന്നതിന്റെ കഥ പറയുന്ന ചലച്ചിത്രമാണ്‘ഗോവിന്ദ'.

കോവിഡിന്റെ പിടിയിൽ നിന്ന് മോചിതമായ ബോംബെ മഹാനഗരം ഇക്കൊല്ലത്തെ ഗണേശോത്സവം കൂടുതൽ കളറാക്കാനുള്ള പുറപ്പാടിലാണ്.

ആസാദ് മൈതാനത്തിനെതിർവശമുള്ള കാമാ ഹോസ്പിറ്റലിലെ സൂപ്രണ്ടായ ദേബ്രിട്ടോയെ പരിചയപ്പെട്ടത് ഔദ്യോഗിക കാര്യത്തിനാണെങ്കിലും രണ്ടിലേറെ പതിറ്റാണ്ടായി ഞങ്ങളുടെ സൗഹൃദം മുന്നോട്ട് പോയ്‌ക്കൊണ്ടിരിക്കുന്നു. നന്ദാഖാൾ ചർച്ചിന് സമീപമുള്ള അദ്ദേഹത്തിന്റെ ബംഗ്ലാവിൽ പലകുറി ഞാൻ പോയിട്ടുണ്ട്. ബംഗ്ലാവിനോടുചേർന്ന് മൂന്ന്​ ഏക്കറോളം മുല്ലപ്പൂവാടിയുടെ ഉടമകളാണവർ. മാസാമാസം ദേബ്രിട്ടോ കുടുംബത്തിന് 20,000 മുതൽ 30,000 രൂപ വരെ മുല്ലപ്പൂ കൃഷിയിൽ നിന്ന് വരുമാനമുണ്ട്. ഗണേശോത്സവനാളുകളിൽ ഈ വിൽപ്പന കുതിച്ചുകയറി 50,000 മുതൽ 70,000 രൂപവരെയാകുമെന്ന് ദേബ്രിട്ടോ ദമ്പതികൾ പറയുന്നു. മഹാരാഷ്ട്രീയരായ സ്ത്രീകൾ തനതടയാളമായി ‘വേണി' തലമുടിയിൽ ചൂടുന്നു. ലില്ലിപൂക്കളും മുല്ലപൂക്കളും ഗിൽറ്റ്‌നാരുകളും ഇടകലർത്തി മെടഞ്ഞതാണ് വേണി.

ദാദർ വെസ്റ്റിൽ ഇപ്പോൾ സൂചികുത്താൻ പോലും സ്ഥലമില്ലാത്തവിധം വൻതിരക്കാണ്​. ചന്ദനത്തിരി, പടക്കം, വസ്ത്രങ്ങൾ തുടങ്ങിയവയുടെ കടകളിൽ ആളുകളുടെ വൻതിരക്കാണ്​. ദാദർ ഓവർബ്രിഡ്ജിനുതാഴെയുള്ള സാമന്ത് സ്വീറ്റ്മാർട്ടിൽ ഗണേശഭഗവാന് കാഴ്ചവെക്കാനുള്ള ലഡു, മോദക് തുടങ്ങിയ വാങ്ങാൻ ജനം തടിച്ചുകൂടിയിരിക്കുന്നു. കോവിഡിന്റെ പിടിയിൽ നിന്ന് മോചിതമായ ബോംബെ മഹാനഗരം ഇക്കൊല്ലത്തെ ഗണേശോത്സവം കൂടുതൽ കളറാക്കാനുള്ള പുറപ്പാടിലാണ്. ▮


കെ.സി. ജോസ്​

തൃശൂർ സ്വദേശി. ദീർഘകാലം മുംബൈയിൽ പരസ്യമേഖലയിൽ ജോലി ചെയ്തു. അക്കാല ബോംബെ ജീവിതങ്ങളെക്കുറിച്ച് ധാരാളം ലേഖനങ്ങൾ എഴുതി. മുംബൈ മേരി ജാൻ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു.

Comments