കെ. അംബുജാക്ഷൻ

കുരമ്പാലയിൽനിന്നൊരു റെബൽ

നിരന്തരം ആവർത്തിക്കപ്പെടുന്ന അവഗണനയുടെയും അപഹാസ്യങ്ങളുടെയും അനുഭവങ്ങളും സംഭവങ്ങളുമാണ് എന്റെയുള്ളിൽ ജാതിവ്യവസ്ഥയ്‌ക്കെതിരെ ഒരു സമരബോധമായി പിൽക്കാലത്ത് വികസിക്കുന്നത്.

1980കളുടെ തുടക്കത്തിൽ ഇന്ത്യയിൽ ദലിത് ഐഡന്റിറ്റിയുടെയും ദലിത് ഐഡിയോളജിയുടെയും പുതിയ അന്വേഷണങ്ങൾ നടന്ന കാലത്ത്, കോഴിക്കോട്ടെ റീജ്യനൽ എഞ്ചിനീയറിങ് കോളേജും ആ ചലനങ്ങൾ ഏറ്റുവാങ്ങി. വിവിധ സംസ്ഥാനങ്ങളിലെ ദലിത് വിദ്യാർഥികളുടെ മുൻകൈയിൽ ഒരു ബൗദ്ധിക പ്ലാറ്റ്‌ഫോം രൂപം കൊള്ളുന്നു. ഈ ബൗദ്ധികാന്വേഷണങ്ങളുടെ തുടർച്ചയായാണ് 1986ൽ അംബേദ്കറിസ്റ്റ് സ്റ്റുഡൻറ്സ്​ മൂവ്‌മെൻറ്​ ഓഫ് ഇന്ത്യ- ആസ്​മി രൂപം കൊണ്ടത്. അതിന്റെ നേതൃത്വം ആർ.ഇ.സി വിദ്യാർഥിയായ കെ. അംബുജാക്ഷനായിരുന്നു. ദളിതർക്കുവേണ്ടിയുള്ള ഒരു രാഷ്ട്രീയചിന്തയുടെ പ്രായോഗികമായ ഒരന്വേഷണം. തിരുവനന്തപുരം മെഡിക്കൽ കോളേജ് അടക്കമുള്ള കാമ്പസുകളിൽ ‘ആസ്മി’യുടെ നേതൃത്വത്തിൽ ദളിത് ഗ്രൂപ്പുകളുണ്ടായി.

തോറ്റുകൊടുക്കാൻ അനുവദിക്കാത്ത ശുദ്ധമായ ഒരു മനസായിരുന്നു എന്റെ സ്‌കൂൾ ജീവിതത്തിലുണ്ടായിരുന്നത്. അതുകൊണ്ട് എല്ലാതരം അപമാനങ്ങൾക്കെതിരെയും ഞാൻ ശക്തമായി പ്രതികരിക്കും

പിന്നീട് ഈ വിദ്യാർഥികൾ ദലിത് കോളനികളിലേക്ക് പോയി, ആ മനുഷ്യരുടെ ജീവിതം കണ്ടു. അത്​ പ്രായോഗികമായ പ്രവർത്തന പദ്ധതികളെക്കുറിച്ചുള്ള ചിന്തകളിലേക്ക്​ വികസിച്ചു. അങ്ങനെ, ആഫ്രോ- അമേരിക്കൻ ബ്ലാക്ക് പാന്തർ പ്രസ്ഥാനത്തിലേക്ക് ‘ആസ്​മി’യുടെ ശ്രദ്ധ തിരിയുന്നു. ആ ഐഡിയോളജിയുടെ കൂടി ബലത്തിൽ കേരളത്തിനനുയോജ്യമായ ഒരു ദലിത് ആക്റ്റിവിസം രൂപപ്പെടുത്താനാണ് കേരള ദലിത് പാന്തേഴ്‌സ് (കെ.ഡി.പി) പ്രസ്ഥാനം രൂപം കൊള്ളുന്നത്.
‘കൊണ്ടും കൊടുത്തും' കൊണ്ടുള്ള ഒരു യാത്രയായിരുന്നു കെ.ഡി.പിയുടേത്. 1990 മാർച്ച് മൂന്നിന് വടകരയിൽ മനുസ്മൃതിയെ വിമർശിച്ച ഒരു പൊതുപരിപാടിയിൽ ആർ.എസ്.എസ് സായുധസംഘം അംബുജാക്ഷൻ അടക്കമുള്ളവരെ ക്രൂരമായി ആക്രമിച്ചു. നിരവധി വധശ്രമങ്ങൾ. തിരുവിതാംകൂറിൽ ഇടതുപക്ഷവും മലബാറിൽ ആർ.എസ്.എസുമായിരുന്നു കെ.ഡി.പിയെ കായികമായി നേരിട്ടത്. പുതിയൊരു സാമൂഹിക- രാഷ്ട്രീയ പ്രയോഗത്തിനെ ഉൾക്കൊള്ളാൻ തക്കവണ്ണം ജനാധിപത്യപരമായിരുന്നില്ല, കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയം. ഈ ആക്രമണങ്ങൾക്കിടയിലും തൊണ്ണൂറുകളായപ്പോഴേക്കും കേരളത്തിൽ 700 യൂണിറ്റുകൾ സ്ഥാപിക്കാൻ കെ.ഡി.പിക്കുകഴിഞ്ഞു.

അമേരിക്കയിലെ ബ്ലാക് പാന്തർ നേതാവ് ഡിഡോൺ കാമാത്തി കേരളം സന്ദർശിച്ചപ്പോൾ

പിന്നീടുള്ള ദശകങ്ങളിൽ കേരളത്തിലെ ദലിത് സമൂഹം ഭൂമി അടക്കമുള്ള വിഭവാധികാരത്തിനായി ജനാധിപത്യപരമായ പ്രതിഷേധങ്ങളും സമരങ്ങളും നടത്തിയപ്പോൾ, കെ.ഡി.പി അതിന്റെ ഭാഗമായി.
കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെ വെൽഫെയർ പാർട്ടിക്കൊപ്പമായിരുന്നു അംബുജാക്ഷൻ, പാർട്ടി ദേശീയ വൈസ് പ്രസിഡന്റായി. ഒരു കേന്ദ്ര ഭരണകൂടത്തിന്റെ സ്ഥാപനത്തിലൂടെ സംഘപരിവാർ സ്വാധീനമുറപ്പിക്കുകയും അത് ദലിത്, മുസ്‌ലിം, പിന്നാക്ക, ആദിവാസി സമൂഹങ്ങൾക്കുമേലുള്ള വേട്ടയാടൽ രൂക്ഷമാക്കുകയും ചെയ്ത സന്ദർഭം കൂടിയായിരുന്നു ഇത്. എന്നാൽ, കഴിഞ്ഞ ഏപ്രിൽ അഞ്ചിന്, സ്വതന്ത്രമായ ഒരു രാഷ്ട്രീയ ചിന്തയുടെയും സോഷ്യൽ ആക്റ്റിവിസത്തിന്റെയും അന്വേഷണങ്ങളിലേക്കെന്ന സൂചന നൽകി അദ്ദേഹം വെൽഫെയർ പാർട്ടിയിൽനിന്ന് രാജിവെച്ചു.

ഈ സാഹചര്യത്തിൽ താൻ കടന്നുവന്ന വഴികളെക്കുറിച്ച്, തന്നെ രൂപപ്പെടുത്തിയ ബൗദ്ധിക ഇടപെടലുകളെക്കുറിച്ച്, ദലിത് രാഷ്ട്രീയത്തിനുവേണ്ടിയുള്ള ഇടപെടലുകളെക്കുറിച്ച്, ദലിത്- മുസ്‌ലിം ഐക്യ രാഷ്ട്രീയത്തിന്റെ ഭാവിയെക്കുറിച്ച്, അംബേദ്കറിസ്റ്റ് പ്രയോഗങ്ങളുടെ സമകാലികതകളെക്കുറിച്ച്, കേരളത്തിലെ ദലിത് മൂവ്‌മെന്റുകളുടെ ഭാവിയെക്കുറിച്ച്, ഭാവനാത്മകമായ ഭാവി സംഘാടനത്തെക്കുറിച്ച് കെ. അംബുജാക്ഷൻ സംസാരിക്കുന്നു. അഭിമുഖത്തിന്റെ ആദ്യ ഭാഗമാണിത്.

പൊതുപ്രവർത്തകൻ എന്ന നിലയിൽ അച്ഛന്റെ പൊതുസ്വീകാര്യത, ഉദ്യോഗസ്ഥ എന്ന നിലയിൽ സമൂഹത്തിൽ അമ്മയ്ക്കുള്ള സ്ഥാനം- ഇത് രണ്ടും തരുന്ന സോഷ്യൽ സ്റ്റാറ്റസ് അനുഭവിച്ചാണ് ഞാൻ വളർന്നുവന്നത്.

കെ. കണ്ണൻ: താങ്കളുടെ അച്ഛൻ കോൺഗ്രസ് പ്രവർത്തകനും അമ്മ ഡെപ്യൂട്ടി തഹസീൽദാരായി റിട്ടയർ ചെയ്ത സർക്കാർ ഉദ്യോഗസ്ഥയുമായിരുന്നു. അന്നത്തെ കാലത്ത്, ഒരു ദലിത് കുടുംബത്തെ സംബന്ധിച്ച് വ്യത്യസ്തമായൊരു സാഹചര്യമാണിതെന്നു പറയാം. ഏറ്റവും അടിസ്ഥാനപരമായി, അമ്മയുടെ ജോലി കൊണ്ട് പട്ടിണിയിൽനിന്നെങ്കിലും ഒഴിവാകാൻ കഴിയുമല്ലോ. അതേസമയം, അത് ദലിതത്വം എന്ന പിന്നാക്കാവസ്ഥയെ ഒരിക്കലും ഇല്ലാതാക്കുകയുമില്ല. കുരമ്പാല എന്ന ഗ്രാമം പിന്നീടുള്ള അംബുജാക്ഷൻ രാഷ്ട്രീയവ്യക്തിയെ രൂപപ്പെടുത്തുന്നതിൽ എങ്ങനെയാണ് പ്രവർത്തിച്ചത്?

കെ. അംബുജാക്ഷൻ: പത്തനംതിട്ട ജില്ലയിൽ പന്തളത്തുനിന്ന് നാല് കിലോമീറ്റർ ദൂരെയാണ് കുരമ്പാല തെക്കേക്കര എന്ന, ഞാൻ ജനിച്ച ഗ്രാമം. പാറയ്ക്കൽ തെക്കേക്കര എന്ന ഞങ്ങളുടെ കുടുംബവീട് ഇവിടെയാണ്. വീടിന്റെ കിഴക്കുഭാഗം ഉയർന്നുനിൽക്കുന്ന ആതിരമല, പടിഞ്ഞാറു ഭാഗത്ത് വിവിധ ജാതിസമൂഹങ്ങൾ തിങ്ങിപ്പാർക്കുന്നു. പ്രത്യേകിച്ച് സവർണ കുടുംബങ്ങൾ കൂട്ടത്തോടെ അധിവസിക്കുന്നു. എന്നാൽ ആതിരമലയുടെ താഴ്‌വാരത്തിൽ ഞങ്ങളുടെ കുടുംബത്തെ പോലെ ചില ഒറ്റപ്പെട്ട വീടുകളാണുള്ളത്.

മുതിർന്ന കോൺഗ്രസ് നേതാവും പൊതുപ്രവർത്തകനുമായിരുന്നു മണ്ണിൽ കുഞ്ഞുകുഞ്ഞ് എന്ന എന്റെ അച്ഛൻ, ആ കാലഘട്ടത്തിൽ തന്നെ മെട്രിക്കുലേഷൻ വരെ പഠിച്ച വ്യക്തിയാണ്. കേരളത്തിൽ വിദ്യാഭ്യാസം ലഭിച്ച ദലിതരുടെ ഒന്നാം തലമുറയിൽപ്പെട്ട ആളുകളായിരുന്നു അച്ഛനും അമ്മയും. ഇതിന്റെ മറ്റൊരു വശം, അച്ഛനമ്മമാരുടെ അച്ഛൻമാർ സ്വന്തമായി ഭൂമിയുടെ ഉടസ്ഥാവകാശം ഉള്ളവരായിരുന്നു എന്നതാണ്. അതൊരു ദലിത് കുടുംബത്തിന്റെ / തലമുറയുടെ കാപ്പിറ്റലും പ്രിവിലേജുമായിരുന്നു എന്ന് മനസിലാക്കാൻ ബുദ്ധിമുട്ടില്ല. കാരണം അച്ഛന്റെ അനിയൻ ഡോ. എം.വി. പ്രസാദ് അക്കാലത്ത് തന്നെ ബി.എസ്.സി- എം.ബി.ബി.എസ് എടുക്കുകയും സഹോദരി ഭാരതി തിരുവനന്തപുരം ആയൂർവേദ കോളേജിൽ ബി.എം.എം.എസ് പഠനം പൂർത്തിയാക്കുകയും ചെയ്തിരുന്നു.
അച്ഛന്റെ സാമൂഹ്യ-രാഷ്ട്രീയ ബന്ധങ്ങളും സംഘടനാ പ്രവർത്തനങ്ങളും ഒക്കെ കണ്ടാണ് ഞാൻ വളരുന്നത്. ആലപ്പുഴ ജില്ലയിലെ (അന്ന് വീട് നിൽക്കുന്ന സ്ഥലം ആലപ്പുഴ ജില്ലയുടെ ഭാഗം ആയിരുന്നു. ഇന്ന് ഇവിടം പത്തനംതിട്ട ജില്ലയാണ്) മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന അച്ഛൻ കേരളത്തിലെ പ്രശസ്ത നേതാക്കളായ കെ.കരുണാകരൻ, എ.കെ. ആന്റണി, തച്ചടി പ്രഭാകരൻ തുടങ്ങിയ പ്രമുഖ നേതാക്കളുമായിട്ടെല്ലാം ആത്മബന്ധം പുലർത്തിയിരുന്നു.

അംബുജാക്ഷന്റെ അച്​ഛൻ മണ്ണിൽ കുഞ്ഞുകുഞ്ഞ്, അമ്മ തങ്കമ്മ

തെക്കൻ കേരളത്തിലുടനീളവും തന്റെ പ്രവർത്തനമേഖല വ്യാപിപ്പിച്ചുകൊണ്ടാണ് അച്ഛൻ മുന്നോട്ടുപോയത്. കോൺഗ്രസിന്റെ സമുന്നതനായ നേതാവ് എന്ന നിലയിൽ ആലപ്പുഴ- പത്തനംതിട്ട ജില്ലകളിലെ എല്ലാ പ്രമുഖ കോൺഗ്രസ് നേതാക്കളും ഇക്കാലത്ത് വളർന്നുവന്നതിൽ വലിയ പ്രോത്സാഹനവും പിന്തുണയും നൽകിയ ചരിത്രമാണ് അച്ഛന്റേത്. രമേശ് ചെന്നിത്തല, പന്തളം സുധാകരൻ അടക്കമുള്ളവർ പിൽക്കാലത്ത് കേരള രാഷ്ട്രീയത്തിൽ മുഖ്യധാരയിലേക്കെത്തുകയും ചെയ്തുവല്ലോ. ആ നിരയിലുള്ള പലരും പറഞ്ഞിട്ടുള്ളത്, അവരെ വളരെ വലിയ അളവിൽ സ്വാധീനിച്ച വ്യക്തിയാണ് എന്റെ പിതാവ് എന്നാണ്. വീട്ടിൽ പൊതുവേ സാമൂഹ്യ- രാഷ്ട്രീയ പ്രശ്‌നങ്ങൾ പരിഹരിക്കാനും, തീരുമാനങ്ങളെടുക്കാനും പല തരം ആവശ്യങ്ങളുമായി പത്തനംതിട്ട, ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുവരുന്ന ആളുകളുടെ വലിയ കൂട്ടത്തെ ദിവസവും കാണാൻ കഴിയുമായിരുന്നു. അത്തരം പ്രശ്‌നങ്ങളിൽ ഇടപെടുകയും, നേതൃത്വം ഏറ്റെടുക്കുകയും ചെയ്യുന്ന ജനകീയനും സഹൃദയനുമായിരുന്നു അദ്ദേഹം.

അക്കാലത്ത് പന്തളം എൻ.എസ്.എസ് കോളേജിൽ നിന്ന് വിദ്യാഭ്യാസം ലഭിച്ച ഒരു ദലിത് സ്ത്രീ എന്ന നിലയിൽ നാട്ടിൽ ആദരണീയമായ അംഗീകാരം അമ്മയ്ക്ക് ലഭിച്ചിരുന്നു

എല്ലാ ജാതി- മത വിഭാഗങ്ങളിലുമുള്ള നേതാക്കന്മാരുമായും നല്ല ബന്ധമുള്ള വ്യക്തിയായിരുന്നു. അത്തരത്തിൽ സാമൂഹ്യ പ്രശ്‌നങ്ങൾ ചേർത്തുപിടിച്ചു കൊണ്ടുള്ള ഇടപെടലുകളാണ് ചെറുപ്പം തൊട്ട് ഞാൻ കാണുകയും കേൾക്കുകയും ചെയ്തത്. കോൺഗ്രസ് നേതാവായിരിക്കുമ്പോൾത്തന്നെ അദ്ദേഹം ആൾ കേരള പുലയർ മഹാസഭ (എ.കെ.പി.എം.എസ്) സംസ്ഥാന പ്രസിസന്റായി സേവനം അനുഷ്ഠിച്ചിരുന്നു. അന്ന് എ.കെ.പി.എം.എസ് സംസ്ഥാന ജന.സെക്രട്ടറി എം.എൽ.എയായിരുന്ന ടി. കൃഷ്ണൻ സാർ ആയിരുന്നു. കറ്റാനം കുട്ടി സാർ, കണ്ടങ്കാളി മാവേലിക്കര എന്നിവരുൾപ്പെടെയുള്ള നേതാക്കൾ നിരന്തരം വീട്ടിൽ വരുന്നതും സാമുദായിക -സാമൂഹ്യ- രാഷ്ട്രീയ പ്രവർത്തനങ്ങളെ പറ്റിയുള്ള ഗൗരവമേറിയ ചർച്ചകളും പ്രവർത്തനങ്ങളും കണ്ടും നിരീക്ഷിച്ചുമാണ് എന്റെ ബാല്യകാലം മുന്നോട്ടു പോയത്.

വിദ്യാഭ്യാസവും സർക്കാർ ജോലിയും ലഭിച്ച ഒരു ദലിത് സ്ത്രീ എന്ന നിലയ്ക്ക് അമ്മയുടെ ഇടപെടലും സ്വാധീനവും എങ്ങനെയായിരുന്നു?

എന്റെ ഗ്രാമത്തിൽ കോളേജ് വിദ്യാഭ്യാസം ചെയ്യുന്ന ആദ്യ വനിതയാണ് അമ്മ തങ്കമ്മ. അക്കാലത്ത് പന്തളം എൻ.എസ്.എസ് കോളേജിൽ നിന്ന് വിദ്യാഭ്യാസം ലഭിച്ച ഒരു ദലിത് സ്ത്രീ എന്ന നിലയിൽ നാട്ടിൽ വളരെ ആദരണീയമായ അംഗീകാരം അമ്മയ്ക്ക് ലഭിച്ചിരുന്നു. വിദ്യാഭ്യാസം കഴിഞ്ഞപ്പോൾ തന്നെ റവന്യൂ വകുപ്പിൽ ഉദ്യോഗസ്ഥയായി. വരുമാനമുള്ള ഒരു സ്ത്രീയെന്ന നിലയിലും ഗവൺമെന്റ് ഉദ്യോഗസ്ഥ എന്ന നിലയിലുമുള്ള അനുഭവങ്ങൾ കൂടിയായപ്പോൾ വളരെ ഔന്നത്യപൂർണമായ ഒരു ജീവിതം കെട്ടിപ്പടുക്കാൻ അവർക്ക് എളുപ്പം കഴിഞ്ഞു. ദലിത് കുടുംബങ്ങളിലെ സാമൂഹ്യപരമായ പല പരിമിതികളെയും മറികടക്കാൻ വിദ്യാഭ്യാസം വലിയൊരുപാധിയാണെന്ന് അമ്മ സ്വന്തം ജീവിതം കൊണ്ട് കാണിച്ചു തരികയായിരുന്നു.

അംബുജാക്ഷന്റെ അമ്മ തങ്കമ്മ

എന്നാൽ ഈ ഔന്നത്യം സ്വന്തം കുടുംബത്തിൽ മാത്രം പരിമിതപ്പെടുത്തുകയായിരുന്നില്ല, പകരം എല്ലാവർക്കും പകർന്നു കൊടുക്കുവാനുള്ള ഒരു നേതൃത്വം അമ്മ ഏറ്റെടുക്കുന്നതാണ് കാണാൻ കഴിഞ്ഞത്. സഹോദരങ്ങൾ, അവരുടെ മക്കൾ, മറ്റ് ബന്ധുക്കൾ, നാട്ടിലെ വിവിധ സമുദായങ്ങളിൽ പെട്ടവർ തുടങ്ങിയവരെ വിദ്യാഭ്യാസം ചെയ്യിപ്പിക്കുവാൻ അമ്മ മുന്നോട്ടുവന്നു. അന്തസും ആത്മാഭിമാനവും ഉയർത്തിപ്പിടിച്ച ഒരു ജീവിതമാണ് അച്ഛന്റെയും അമ്മയുടേയും ആദർശമായി ഞങ്ങൾ മക്കൾ കണ്ടുപഠിച്ചത്. പൊതുപ്രവർത്തകൻ എന്ന നിലയിൽ അച്ഛന്റെ പൊതുസ്വീകാര്യത, ഉദ്യോഗസ്ഥ എന്ന നിലയിൽ സമൂഹത്തിൽ അമ്മയ്ക്കുള്ള സ്ഥാനം- ഇത് രണ്ടും തരുന്ന സോഷ്യൽ സ്റ്റാറ്റസ് അനുഭവിച്ചാണ് ഞാൻ വളർന്നുവന്നത്.

നല്ല വസ്ത്രം, നല്ല ഭക്ഷണം, നോട്ട്ബുക്ക്, പാഠപുസ്തകങ്ങൾ, വായിക്കാൻ മറ്റ് കഥാപുസ്തകങ്ങൾ, ഇന്നത്തെ സ്‌കൂൾ ബാഗിനുപകരം സ്യൂട്ട്‌കേസ് പോലുള്ള അലൂമിനിയം പെട്ടി... ഇതെല്ലാം പിടിച്ച് ബെൽറ്റൊക്കെ കെട്ടി പോകുന്ന വിദ്യാർത്ഥിയായിരുന്നു ഞാൻ

വേറിട്ടൊരു ദലിത് ജീവിതാനുഭവത്തിൽനിന്ന്, അതിന് വിരുദ്ധമായ പുറംലോകത്തെ ദലി​ത് യാഥാർഥ്യങ്ങളുമായി ഇടപെടാൻ തുടങ്ങുന്നത് എപ്പോഴാണ്?

കുടുംബത്തിലെ സ്ത്രീകളുടെ അറിവിന്റെയും സ്വീകാര്യതയുടെയും അതുവഴി അവർക്ക് കൈവരുന്ന അന്തസിന്റെയും അന്തരീക്ഷത്തിലാണ്, അല്ലെങ്കിൽ അത്തരത്തിലുള്ള ഒരു ജീവിതമാണ് എന്റെ വളരെ ചെറിയ പ്രായത്തിൽ കുടുംബത്തിലുണ്ടായിരുന്നത്. നല്ല വസ്ത്രം, നല്ല ഭക്ഷണം, നോട്ട്ബുക്ക്, പാഠപുസ്തകങ്ങൾ, വായിക്കാൻ മറ്റ് കഥാപുസ്തകങ്ങൾ, ഇന്നത്തെ സ്‌കൂൾ ബാഗിനുപകരം സ്യൂട്ട്‌കേസ് പോലുള്ള അലൂമിനിയം പെട്ടി... ഇതെല്ലാം പിടിച്ച് ബെൽറ്റൊക്കെ കെട്ടി പോകുന്ന വിദ്യാർത്ഥിയായിരുന്നു ഞാൻ. എന്നാൽ സ്‌കൂൾ തരുന്നതിനേക്കാൾ അടിസ്ഥാനപരമായ പാഠങ്ങൾ പഠിപ്പിച്ചുതന്നതും എന്റെ വ്യക്തിത്വ രൂപീകരണത്തിലും അമ്മ തന്നെയാണ് വളരെ വലിയ അളവിൽ സ്വാധീനിച്ചിട്ടുള്ളത്. അമ്മ പഠിപ്പിച്ചു തന്ന ഇംഗ്ലീഷ്, ചിട്ടയോടെയുള്ള പഠനരീതി, കഥകൾ, മോറൽ സ്റ്റോറികൾ, കവിതകൾ, പാട്ടുകൾ എന്നിങ്ങനെയുള്ള വിദ്യാഭ്യാസം. പിന്നീട് അച്ഛന്റെ രാഷ്ട്രീയ പ്രവർത്തനങ്ങളും അതുമായി ബന്ധപ്പെട്ട അനുഭവപാഠങ്ങളും നൽകിയ ആത്മവിശ്വാസം; ഈ ഘടകങ്ങൾ അന്തസും, ആത്മവിശ്വാസവും ഒക്കെ ചേർത്തുവച്ചുകൊണ്ടുള്ള ഒരു വ്യക്തിത്വവികാസമാണ് ബാല്യകാലത്ത് എനിക്ക് നേടിത്തന്നത്.

കെ. അംബുജാക്ഷൻ

നിർഭയമായ, സുരക്ഷിതമായ ഒരു വളർച്ചയാണ് ബാല്യത്തിൽ കിട്ടിയത്. അത്തരത്തിൽ വലിയ നിലക്കുള്ള ഒരു മാനസികാവസ്ഥയുമായാണ് സ്‌കൂളിൽ ചെല്ലുന്നത്. എന്നാൽ സ്‌കൂൾ അത്ര പോസിറ്റീവായിരുന്നില്ല; എന്റെ കുടുംബാന്തരീക്ഷത്തിന്റെ നേരെ വിപരീതം. അന്നുവരെ നമ്മൾ മനസിലാക്കിയ ലോകമേ ആയിരുന്നില്ല എന്റെ സ്‌കൂൾ. പരമ്പരാഗതമായി ജാതി മനസിൽ കൊണ്ടു നടക്കുന്ന അദ്ധ്യാപകരും, ജാതിയിൽ താണതെന്ന് കരുതുന്ന വിദ്യാർത്ഥികളോടുള്ള അവഗണനയും അവജ്ഞയുടേയും അപമാനത്തിന്റെയും അനുഭവങ്ങളുമെല്ലാമാണ് എൽ.പി, യു.പി സ്‌ക്കൂളന്തരീക്ഷത്തിൽ എനിക്ക് ലഭിച്ചത്.

താങ്കൾക്കും അത്തരം അനുഭവങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ടോ?

അമ്മ പഠിപ്പിച്ചു തരുന്ന അടിസ്ഥാന ഗണിത പാഠങ്ങളും മലയാളഭാഷ പാഠങ്ങളുമാണ് എന്റെ അപ്പോഴത്തെ അറിവിന്റെ അടിസ്ഥാനം. പലപ്പോഴും ക്ലാസിൽ ഉത്തരം പറയാൻ എഴുന്നേൽക്കുന്ന എന്നോട് നിന്നോടല്ല ചോദിച്ചത് എന്നുപറഞ്ഞ് അപമാനിച്ചിരുത്തുന്ന അധ്യാപകരെയാണ് കാണാൻ കഴിഞ്ഞത്.
ഒപ്പം, ജാതികഥകളും ജാതിയുടെ വിലക്കുകളും നിയന്ത്രണങ്ങളും ഒക്കെയുള്ള വീടുകളിൽ നിന്ന് വരുന്ന കുട്ടികളും അവരോട് അധ്യാപകർക്കുള്ള പ്രത്യേക ശ്രദ്ധയും, കരുതലും, അത്തരം കുട്ടികൾ മറ്റു സമപ്രായക്കാരായ കുട്ടികളോട് ജാതി അകലവും നിസ്സഹകരണവും പാലിക്കുന്നതും ഇതിനെ തിരുത്താൻ ശ്രമിക്കാത്ത അധ്യാപകരും എന്നിൽ അന്നേ സംഘർഷം സൃഷ്ടി​ക്കുന്നുണ്ട്.

നാട്ടിലെ ക്ഷേത്രത്തിൽ കയറാനുള്ള എന്റെ ശ്രമം ആദ്യ ദിനം തന്നെ അപമാനിക്കപ്പെടുകയും ക്ഷേത്രക്കുളത്തിൽ കുളിച്ചതിന് വലിയ പ്രശ്‌നങ്ങളുണ്ടാകുകയും ചെയ്തു. പൂജാരിമാർ കുളിക്കുന്ന സമയത്ത് കുളം തീണ്ടിയെന്നുപറഞ്ഞ് വലിയ പ്രശ്‌നങ്ങളുണ്ടായി.

എനിക്ക് വളരെ പോസിറ്റീവായ ഒരു കുടുംബാന്തരീക്ഷമില്ലായിരുന്നെങ്കിൽ ഇത്തരം സംഘർഷങ്ങളിൽപ്പെട്ട് ഒന്നുമാകാൻ കഴിയാതെ തകർന്ന് പോകുമായിരുന്നു. തോറ്റുകൊടുക്കാൻ അനുവദിക്കാത്ത ശുദ്ധമായ ഒരു മനസായിരുന്നു എന്റെ സ്‌കൂൾ ജീവിതത്തിലുണ്ടായിരുന്നത്. അതുകൊണ്ട് എല്ലാതരം അപമാനങ്ങൾക്കെതിരെയും ഞാൻ ശക്തമായി പ്രതികരിക്കും. എത്ര അപമാനം കൂടുന്നുവോ അത്ര തീവ്രമായി പ്രതികരിക്കുക എന്ന ശീലം 5, 6 ക്ലാസുകളിൽ തന്നെയുണ്ട്. അതായത്, സ്വാഭാവികമായി ഒരു റിബലായിട്ടാണ് എന്നെ വളർത്തുന്നത്. അസമത്വങ്ങളോട് സന്ധി ചെയ്യാത്ത ഒരഗ്‌നി എന്റെ ഉള്ളിലെപ്പോഴും ജ്വലിച്ചുകൊണ്ടിരുന്നു.

വിദ്യാർഥിക്കാലത്തെ ഈ വിമതത്വം, സാമൂഹിക ജീവിതത്തിലെ ചൂഷണങ്ങളോട് എങ്ങനെയാണ് പ്രതികരിച്ചത്?

ജീവിക്കുന്ന സാമൂഹ്യാന്തരീക്ഷത്തോട് കലഹിക്കാൻ സ്വാഭാവികമായി നിർബന്ധിതമാകുന്ന ഒരു കാലഘട്ടമാണത്. ആ കലഹങ്ങൾ സ്‌കൂളിൽ നിന്നുതന്നെ പഠനം നിർത്തി പോകുന്നിടം വരെയെത്തിയിട്ടുണ്ട്. എങ്കിലും അടിസ്ഥാനപരമായി അത്തരം സമരോത്സുകമായ അനുഭവങ്ങൾ പിന്നീടുള്ള എന്റെ വ്യക്തിത്വ രൂപീകരണത്തിലും സാമൂഹ്യ / രാഷ്ട്രീയ ഇടപെടലുകളിലും ഊർജ്ജമായിട്ടുണ്ട്. ചെറുപ്പത്തിൽ എല്ലാവർക്കും ഉള്ളതുപോലെ ദൈവവിശ്വാസമൊക്കെ എന്നിലും ഉണ്ടായിട്ടുണ്ട്. ക്ഷേത്രങ്ങളിൽ പോകുക, പ്രത്യേകിച്ച് വിദ്യാർത്ഥികൾ എന്ന നിലയിൽ പരീക്ഷയുടെ സമയത്താണല്ലോ വിശ്വാസം ഒരാവശ്യമായി വരുന്നത്. അങ്ങനെ നാട്ടിലെ ക്ഷേത്രത്തിൽ കയറാനുള്ള എന്റെ ശ്രമം ആദ്യ ദിനം തന്നെ അപമാനിക്കപ്പെടുകയും ക്ഷേത്രക്കുളത്തിൽ കുളിച്ചതിന് വലിയ പ്രശ്‌നങ്ങളുണ്ടാകുകയും ചെയ്തു. പൂജാരിമാർ കുളിക്കുന്ന സമയത്ത് കുളം തീണ്ടിയെന്നുപറഞ്ഞ് വലിയ പ്രശ്‌നങ്ങളുണ്ടായി. അങ്ങനെ ആറാം ക്ലാസിലെ വർഷാവസാന പരീക്ഷയിൽ ക്ഷേത്രത്തിൽ കുളിച്ച് തൊഴാനുള്ള എന്റെ ആഗ്രഹം തീണ്ടലിന്റെയും ജാതിയുടെയും പേരിൽ മാറ്റിനിർത്തപ്പെട്ടു.

കെ. അംബുജാക്ഷന്റേയും മിനിമോൾ തങ്കച്ചന്റേയും വിവാഹച്ചടങ്ങ്

അപ്പോൾ ക്ഷേത്രങ്ങളോട് വെറുപ്പാണ് എന്റെ മനസിൽ രൂപപ്പെട്ടത്. അന്ന് എന്റെ മനസ് തീരുമാനിച്ചു; അപമാനിക്കുന്ന ഒരു ക്ഷേത്രത്തിലും ആരാധനക്ക് പോകില്ലെന്ന്. ഇന്നെനിക്ക് 55 വയസ്. അന്നത്തെ ആറാം ക്ലാസുകാരൻ എടുത്ത തീരുമാനം 55ാം വയസിലും മുറുകെപ്പിടിച്ച്, ഹൈന്ദവ ക്ഷേത്രങ്ങളിൽ നിന്ന് അകന്നുതന്നെ ജീവിച്ചു. സവർണ ക്ഷേത്രങ്ങളിൽ പോകാൻ പറ്റാതെ വന്നപ്പോൾ എന്റെ ഉള്ളിലുള്ള ഒരു വിശ്വാസത്തിന്റെ ത്വരക്ക് സംതൃപ്തി ലഭിച്ചത് നാട്ടിലെ ആതിരമലയുടെ മുകളിൽ ദലിതരുടെ ഒരു അമ്പലത്തിൽ ആരാധന നടത്തിയാണ്. പരമ്പരാഗത ഗോത്ര ദൈവ സങ്കല്പമാണത്. അവിടെ പോകുമ്പോൾ ആരും തടയാനും വിലക്കാനുമില്ല. വിലക്കുകളില്ലാത്ത ആരാധനക്ക് അവസരം ലഭിച്ചത് മലമുകളിലെ ആ ദൈവത്തിന്റെയരികെയാണ്. താഴെയുള്ള ഹൈന്ദവ ദൈവങ്ങൾക്കാണ് വിലക്ക്. എന്തുകൊണ്ടും താഴെയുള്ള ഹൈന്ദവ ദൈവങ്ങളെക്കാൾ സ്വാതന്ത്ര്യവും ആത്മവിശ്വാസവും തരുന്നത് മുകളിലുള്ള തനിമയുള്ള ഗോത്രദൈവമാണ് എന്ന് ബാല്യത്തിൽ എനിക്ക് തോന്നിയിട്ടുണ്ട്. പിന്നീട് ഹൈ സ്‌കൂൾ കാലഘട്ടത്തിൽ എല്ലാത്തരം വിശ്വാസങ്ങളും അഴിച്ചുവയ്ക്കുന്ന ഒരു ശാസ്ത്രാവബോധവും വിമർശനാത്മകമായ ചിന്തയുമൊക്കെ എന്നിൽ രൂപപ്പെട്ടു.

പ്രിവിലേജ് ക്ലാസിനെ സംബന്ധിച്ചുമാത്രമാണ് ഗ്രാമീണത എന്നൊക്കെ പറയുന്ന ഒരുതരം നൊസ്റ്റാൾജിയയിൽ അഭിരമിക്കാൻ കഴിയുക. What is a village but a sink of localism, a den of ignorance, narrow mindedness, caste and communalism എന്ന് ഡോ. ബി.ആർ. അംബേദ്കർ തന്നെ പറയുന്നുണ്ട്. മനുഷ്യവിരുദ്ധമായ ജാതിക്കോളനികളായിരുന്നു നമ്മുടെ ഗ്രാമങ്ങൾ. സ്വന്തം ഗ്രാമത്തിൽ അത്തരം അനുഭവങ്ങൾ അഭിമുഖീകരിക്കേണ്ടിവന്നിട്ടുണ്ടോ?

എന്റെ ഗ്രാമത്തിന്റെ പ്രത്യേകത, ഹിന്ദുക്കളാണെന്ന് കരുതപ്പെടുന്ന എല്ലാ ജാതിവിഭാഗങ്ങളൂം ഗ്രാമത്തിന്റെ പല ഭാഗത്തും കൂട്ടമായി താമസിക്കുന്നു എന്നതാണ്. ക്ഷേത്രങ്ങൾക്ക് സമീപം ബ്രാഹ്‌മണർ, അതിനടുത്ത് മാരാൻമാർ, നായർ ജാതിയുടെ വിവിധ വിഭാഗങ്ങൾ, ഉണ്ണിത്താൻ, പിള്ള എന്നീ സർനെയിം ഉള്ളവരും താമസിക്കുന്നു. ഒറ്റപ്പെട്ട മറ്റൊരു പ്രദേശത്ത് ആശാരിമാർ, അതിനടുത്ത് മൂശാരിമാരും താമസിക്കുന്നു. അൽപം അകലെയായി കൃഷിസ്ഥലങ്ങളോടുചേർന്ന് പുലയർ, പറയർ സമുദായങ്ങൾ. കുറവ സമുദായങ്ങൾ കൂടുതലായും മലമുകളിലാണ് താമസിച്ചിരുന്നത്. നഗരത്തിന്റെ കേന്ദ്രസ്ഥാനത്ത് നായർ സമുദായമാണ് കൂടുതലും. എന്റെ ഗ്രാമത്തിലെ കേന്ദ്രസ്ഥാനം എന്നുപറയാവുന്ന കടകമ്പോളങ്ങളുള്ള സ്ഥലത്തിനെ പഴമക്കാർ വിളിച്ചിരുന്ന പറയന്റെയ്യത്ത് ജംഗ്ഷൻ എന്നാണ്. പക്ഷെ ഇപ്പോഴവിടെ ഒരു
പറയ കുടുംബം പോലും ഇല്ല എന്നതാണ് വാസ്തവം. ഇതിലൂടെ മനസിലാകുന്ന ഒരു കാര്യം, പണ്ടെങ്ങോ ഇവിടെ പറയരായിരുന്നു താമസിച്ചിരുന്നതെന്നും ഇന്നിത് നായൻമാരുടെ സ്ഥലമായി മാറിയെന്നുമാണ്.

ഞാനേറ്റവും സ്‌നേഹിക്കുന്ന എന്റെ സഹോദരനെ തല്ലിച്ചതയ്ക്കുന്ന കാഴ്ച്ച ദിവസങ്ങളോളം എന്റെ ഉറക്കം കെടുത്തി, ആ കാഴ്ചയുടെ ഭീകരത, എന്റെ നിസ്സഹായത ഒക്കെ ചേർന്ന് എന്റെ ഹൃദയത്തിലത് ആഴത്തിൽ മുറിവുണ്ടാക്കി

അങ്ങനെയാണ് ജാതികൾ വിന്യസിക്കപ്പെട്ടിരിക്കുന്നത്. ഓരോ ജാതിക്കും അവരവർക്ക് പറഞ്ഞിരിക്കുന്ന പദവിയിലും തൊഴിലിലും സ്ഥാനത്തും നിർത്തിത്തിരിക്കുന്ന വിചിത്രമായ ഹൈന്ദവ സാമൂഹ്യ ക്രമത്തിന്റെ പരിപാലനത്തെ കണ്ടാണ് ഞാൻ വളരുന്നത്. ഓരോ ജാതികളും അവരിൽപ്പെടാത്ത
ഇതര ജാതികളോട് ഭിന്നമായ സാമൂഹ്യഅകലവും സാമൂഹ്യബന്ധവും സൂക്ഷിക്കുകയും, ഇതര ജാതികൾ മറ്റ് ഭിന്ന ജാതികളോട് വ്യത്യസ്ത രീതികളിൽ ജാതിയുടേതായ അകൽച്ചകളും അടുപ്പങ്ങളും പെരുമാറ്റ രീതികളും പ്രകടിപ്പിക്കുന്ന വിചിത്രമായ സാമൂഹ്യബന്ധങ്ങളുടെ ഒരു അനുഭവ ലോകത്താണ് എന്റെ ജീവിതം രൂപപ്പെടുന്നത്. കാര്യങ്ങൾ തീരുമാനിക്കുന്നത് ബ്രാഹ്‌മണരാണ്; പക്ഷെ അവർ പ്രത്യക്ഷത്തിൽ ഇറങ്ങി വരുന്നില്ല. അവർ ആഗ്രഹിക്കുന്നതാണ് അവിടെ നടക്കുന്നത്. ക്ഷേത്രങ്ങൾ, അതിന്റെ പൗരോഹിത്യം, വരുമാനങ്ങൾ എല്ലാം ബ്രാഹ്‌മണരുടെ കൈയ്യിലാണ്. നാടിന്റെ പൊതുഭരണം നായർ, ഫ്യൂഡൽ മേധാവിത്വത്തിന്റെ കൈയ്യിലാണ്.

എന്റെ ബാല്യത്തിൽ ഞാൻ കണ്ട വേദനാജനകമായ കാഴ്ച, ഒരു പട്ടികജാതിക്കാരന്റെ മേൽ കള്ളം (മോഷണം) ആരോപിക്കപ്പെടുന്നു. ആരോപണം ശരിയോ തെറ്റോ എന്ന് പരിശോധിക്കാൻ ഒരു സംവിധാനവും ഇല്ല. ഒരു നായർ പറഞ്ഞാൽ വേറെ തെളിവ് വേണ്ട. എന്റെ അമ്മാവൻ തിരുവഞ്ചന്റെ മകൻ സോമനെ മോഷണകുറ്റം ആരോപിച്ച് നാട്ടുകാർ പിടിച്ചോണ്ട് വരികയാണ്. അദ്ധ്യാപകനായ ഒരു നായർ ശിക്ഷ വിധിച്ചു. തെങ്ങിൽ കെട്ടിയിട്ട് വലിയ വടി കൊണ്ട് മാരകമായി മർദ്ദിക്കുന്നു. സോമന്റെ മാതാവായ എന്റെ അമ്മാവിയും സഹോദരങ്ങളും മറ്റ് ബന്ധുക്കളും നിലവിളിക്കുകയാണ്. പല നായൻമാരും കാഴ്ചക്കാരായി നിൽപ്പുണ്ട്​, ആർക്കും അരുത് എന്ന് പറയാൻ ധൈര്യമില്ല. ഇങ്ങനെ ശിക്ഷിക്കാൻ പൊലീസിനുള്ള അധികാരം നാട്ടിലെ ഒരു നായർ പ്രമാണിക്കുണ്ടോ? സ്വാതന്ത്ര്യം കിട്ടി ഭരണഘടനയും വന്ന് അതനുസരിച്ച് ജനാധിപത്യ സംവിധാനത്തിലുള്ള ഭരണം നടക്കുന്ന 1970 കാലഘട്ടത്തിലാണ് ഇത്തരം സംഭവങ്ങൾ നടക്കുന്നത്.
ദലിതരുടെ മേൽ കുറ്റം ആരോപിച്ച് തെളിവുകളില്ലാതെ ശിക്ഷ നടപ്പിലാക്കുന്ന സമ്പ്രദായം എന്നെ വല്ലാതെ ഉലച്ചു. പിന്നീടാണറിയുന്നത് ആ മോഷണം അവരിൽ തന്നെയുള്ള മറ്റാരോ ആണ് നടത്തിയതെന്ന്. ചെറുപ്പകാലത്ത് എന്റെ മനസിനെ ഏറ്റവും കൂടുതൽ വേദനിപ്പിച്ച സംഭവമാണത്. ഞാനേറ്റവും സ്‌നേഹിക്കുന്ന എന്റെ സഹോദരനെ തല്ലിച്ചതയ്ക്കുന്ന കാ​ഴ്​ച ദിവസങ്ങളോളം എന്റെ ഉറക്കം കെടുത്തി, ആ കാഴ്ചയുടെ ഭീകരത, എന്റെ നിസ്സഹായത ഒക്കെ ചേർന്ന് എന്റെ ഹൃദയത്തിലത് ആഴത്തിൽ മുറിവുണ്ടാക്കി, എപ്പോൾ ഓർത്താലും ചോര കിനിയുന്ന മുറിവായി അതിപ്പോഴും എന്നിലുണ്ട്.

സംഘടനാ കുടുംബങ്ങളിലെ കുട്ടികളെ അക്ഷരം പഠിപ്പിക്കുന്ന അംബുജാക്ഷൻ

മറ്റൊരു സംഭവം: അമ്മാവന്റെ ജേഷ്ഠസഹോദരന്റെ പേര് തേവൻ എന്നാണ്. ദലിതരെ ദേവൻ എന്ന പേര് വിളിക്കാൻ സവർണരുടെ ജാതിബോധം അനുവദിക്കാത്തതുകൊണ്ട് അവരത് അക്ഷരം തെറ്റിച്ച് തേവൻ എന്നേ വിളിക്കൂ, തേവനമ്മാവന്റെ വീട്ടിൽ കാണാൻ അഴകുള്ള നല്ലൊരു നായ്ക്കുട്ടിയുണ്ടായിരുന്നു. ഈ നായ്ക്കുട്ടി നാട്ടിലെ ഒരു നായർ കുട്ടിയെ കടിച്ചു. ഒരു പുലയന്റെ നായയാണ് നായരെ കടിച്ചത്. അത് ഞങ്ങളുടെ നാട്ടിൽ വലിയൊരു കലാപത്തിന് വഴിയൊരുക്കി. കടിച്ച നായയെയല്ല അവർ തേടിയത്, ആരുടെ നായ എന്നതായിരുന്നു അവർ അന്വേഷിച്ചത്. നായന്മാർ സംഘടിച്ച് വലിയ ബഹളം സൃഷ്ടിച്ച കാഴ്ച ഒരു ഒമ്പതുവയസുകാരന്റെ യുക്തിബോധത്തിന് ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിച്ചു. നേരെ മറിച്ചായിരുന്നുവെങ്കിൽ എന്തു സംഭവിക്കുമായിരുന്നു? എന്തുകൊണ്ടാണ് ഇതൊക്കെ സംഭവിക്കുന്നത് എന്ന ചോദ്യം അവശേഷിച്ചു. ഇതുപോലുള്ള അനേകം അനീതികൾ കണ്ടാണ് ഞാൻ വളരുന്നത്. ഇത്തരം ഓരോ സംഭവങ്ങളോടും മനസിൽ രൂപപ്പെടുന്ന അസ്വസ്ഥതകളിൽ നിന്ന് ഞാൻ മനസിലാക്കിയ ഒരു കാര്യം എന്നെപ്പോലുള്ളവരെ അപഹസിക്കുന്നതും, അടിച്ചമർത്തുന്നതും, മാറ്റിനിർത്തുന്നതുമായ ഒരു സമ്പ്രദായം ഇവിടുണ്ട്. അത് പാടില്ലാത്തതാണ്. ആ സമ്പ്രദായത്തോട് അമർഷവും എതിർപ്പും അന്നേ മനസിൽ രൂപപ്പെട്ടിരുന്നു.

കുഞ്ഞോല എന്ന അപ്പൂപ്പനുമായി ഒരു ചടങ്ങിൽ പോകുമ്പോൾ ഞങ്ങൾക്ക് വീടിന് വെളിയിൽ ഒഴിഞ്ഞ ഒരു കോണിലാണ് ആഹാരത്തിന് നിൽക്കേണ്ടി വന്നത്. എന്തുകൊണ്ട് ഇങ്ങനെ മാറ്റി നിർത്തുന്നുവെന്ന് തോന്നി. അതും മനസിന് വല്ലാത്തൊരു നൊമ്പരമായിരുന്നു. അങ്ങനെ നിരന്തരം ആവർത്തിക്കപ്പെടുന്ന അവഗണനയുടെയും അപഹാസ്യങ്ങളുടെയും അനുഭവങ്ങളും
സംഭവങ്ങളുമാണ് എന്റെയുള്ളിൽ ജാതിവ്യവസ്ഥയ്‌ക്കെതിരെ ഒരു സമരബോധമായി പിൽക്കാലത്ത് വികസിക്കുന്നത്.

ആരുടെ മുന്നിലും പണയം വയ്ക്കാതെ തലനിവർത്തി നിൽക്കാനുള്ള എന്റെ ആത്മബോധം അച്ഛനിൽ നിന്നും അമ്മയിൽ നിന്നും ലഭിച്ചതാണ്.

കുറച്ചുകൂടി തിരിച്ചറിവ് നേടുന്നത് പ്രീ-ഡിഗ്രി കാലഘട്ടത്തിലാണ്, വായനകളിലും, പുസ്തകങ്ങളിലും ലൈബ്രറികളിലുമായുള്ള ജീവിതത്തിലാണ്. ഇതിന്റെ കാരണങ്ങളായ വർണ- ജാതി വ്യവസ്ഥ, അതിന്റെ അടിച്ചമർത്തൽ സ്വഭാവം, മനുഷ്യവിരുദ്ധവും നിയമവിരുദ്ധവുമായ അതിന്റെ ഉള്ളടക്കം, അതിന്റെ ദൈവികത എന്നതിനെ സംബന്ധിച്ച് ബോധ്യം ഉണ്ടാകുന്നു. പിന്നീടാണ് മനുഷ്യൻ എന്ന നിലയിലുള്ള എന്റെ അവകാശങ്ങളെ കുറിച്ച് മനസിലാക്കുന്നത്. ആരുടെ മുന്നിലും പണയം വയ്ക്കാതെ തലനിവർത്തി നിൽക്കാനുള്ള എന്റെ ആത്മബോധം അച്ഛനിൽ നിന്നും അമ്മയിൽ നിന്നും ലഭിച്ചതാണ്. ഞങ്ങളുടേത് ഒരു കൂട്ടുകുടുംബമാണ്. വലിയ ബന്ധുവലയം ഞങ്ങൾക്കുണ്ട്. എപ്പോഴും വീട്ടിൽ നിരവധിയാളുകളുണ്ടാകും. ബന്ധുക്കൾ, അച്ഛനെ കാണാനെത്തുന്ന സാമൂഹ്യ- രാഷ്ട്രീയ പ്രവർത്തകർ, ഉദ്യോഗസ്ഥ എന്ന നിലയ്ക്ക് അമ്മയെ കാണാൻ പല സേവനങ്ങൾക്കും ഉപദേശങ്ങൾക്കുമായി എത്തുന്നവർ, അവർ പറയുന്നത് കേട്ടും, അവരോട് സംസാരിച്ചും ഒരു സാമൂഹ്യ വിനിമയ ലോകം (Socialization ) ചെറുപ്പത്തിൽ ധാരാളം അനുഭവിക്കാൻ കഴിഞ്ഞു. സമൂഹത്തിൽ വ്യത്യസ്തരായ മനുഷ്യരോട് വ്യത്യസ്ത സന്ദർഭങ്ങളിൽ ക്രിയാത്മകമായി ഇടപെട്ട് ജീവിക്കാനുള്ള ഒരു വിശാലമനസ്‌ക്കത എന്നിൽ രൂപപ്പെട്ടത് ഇങ്ങനെയാണ് എന്നത് എടുത്തുപറയേണ്ട ഒരു കാര്യമാണ്. ഇതൊക്കെ പിൽക്കാലത്ത് എന്റെ സാമൂഹ്യ- രാഷ്ട്രീയ ജീവിതത്തിൽ കൂടുതൽ അസേർട്ടീവാകാൻ, കൂടുതൽ കോൺഫിഡൻറ്​ ആകാൻ സഹായിച്ചു. മനുഷ്യരോടുള്ള പലതരം ബന്ധങ്ങളെ ക്രിയാത്മകമായി മാനേജ് ചെയ്ത് പോകാനുള്ള അറിവും പരിചയവും മാതൃകയും ഇങ്ങനെയാണ് നേടിയെടുത്തത്. ബാല്യകാല ജീവിതത്തിലെ മധുരം നിറഞ്ഞ കുടുംബാന്തരീക്ഷവും കയ്പും വേദനയും നിറഞ്ഞ സ്‌കൂൾ ജീവിതവും മറ്റു -സാമൂഹ്യാന്തരീക്ഷങ്ങളുമാണ് ഇന്നുള്ള എന്നെ ഉണ്ടാക്കിയെടുത്തത്. ▮

(തുടരും)


കെ. കണ്ണൻ

ട്രൂകോപ്പി എക്സിക്യൂട്ടീവ് എഡിറ്റർ.

കെ. അംബുജാക്ഷൻ

ദലിത്​ ബൗദ്ധിക- രാഷ്​ട്രീയ മൂവ്​മെൻറുകൾക്ക്​ നേതൃത്വം നൽകുന്ന ആക്​റ്റിവിസ്​റ്റും അംബേദ്​കറിസ്​റ്റ്​ ചിന്തകനും. കേരള ദലിത്​ പാന്തേഴ്​സ്​ സ്​ഥാപക നേതാവ്​. വെൽഫെയർ പാർട്ടി ദേശീയ വൈസ്​ പ്രസിഡൻറായിരുന്നു. നാഷനൽ അലയൻസ്​ ഓഫ്​ ദലിത്​ ഓർഗനൈസേഷൻ നാഷനൽ കൺവീനറാണ്​.

Comments