ജാതിക്കെതിരെ സംസാരിക്കുകയും എന്നാൽ ജാതിയെ സാമൂഹ്യ- രാഷ്ട്രീയ മണ്ഡലങ്ങളിൽ സ്വകാര്യമായ മൂലധനമായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന വൈരുധ്യം വളരെ കൃത്യമായി ബോധ്യപ്പെടുന്ന ഒരു കാലമാണിത്
കെ. കണ്ണൻ: കോഴിക്കോട് വടകരയിലായിരുന്നു ഹയർ സെക്കൻഡറി വിദ്യാഭ്യാസം, എൺപതുകളുടെ തുടക്കത്തിൽ. അന്ന് ജാതി എന്ന യാഥാർഥ്യവുമായി ബന്ധപ്പെട്ട് പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ ചില തിരിച്ചറിവുകളുണ്ടാകുന്ന കാലം കൂടിയാണല്ലോ. അത്തരം ബോധ്യങ്ങളിലേക്ക് നയിച്ച സ്വാധീനങ്ങൾ എന്തൊക്കെയായിരുന്നു?
കെ. അംബുജാക്ഷൻ: 1983ലാണ് അടൂർ മണക്കാലയിലുള്ള ജൂനിയർ ടെക്‌നിക്കൽ സ്‌കൂളിൽ നിന്ന് ജെ.ടി എസ്.എസ്.എൽ.സി പാസായശഷം വൊക്കേഷനൽ ഹയർസെക്കൻഡറി കോഴ്‌സിന് പഠിക്കാൻ 1983ൽ വടകരയിൽ എത്തുന്നത്. അടൂർ ടെക്‌നിക്കൽ സ്‌കൂളിൽ പഠിച്ച സമയത്ത് ഹൈസ്‌കൂൾ ലെവലിൽ ടെക്‌നിക്കൽ വിഷയങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ടാണല്ലോ പഠിച്ചത്. ഇക്കാലത്ത് ഇലക്‌ട്രോണിക്‌സിൽ എനിക്ക് വലിയ താൽപര്യമുണ്ടായി; പ്രത്യേകിച്ചും ഇലക്ട്രോണിക്സ് ഉപകരണങ്ങൾ സർവീസ് ചെയ്യുന്നതിനും റിപ്പയർ ചെയ്യുന്നതിനും വലിയ ആഗ്രഹമായിരുന്നു. അന്ന് വൊക്കേഷനൽ ഹയർസെക്കൻഡറി കേരളത്തിലങ്ങോളമിങ്ങോളം എടുത്താൽ ഇലക്ട്രോണിക്സ് പഠിക്കാൻ പറ്റുന്ന തരത്തിൽ ഒരു കോഴ്‌സ് ഉണ്ടായിരുന്നത് വടകര ജെ.ടി.എസിൽ മാത്രമാണ്. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ഡൊമസ്റ്റിക് അപ്ലയൻസ് എന്ന ഒരു കോഴ്‌സ് ഉള്ളതായി മനസ്സിലാക്കുകയും വടകരയിലെത്തി കോഴ്‌സിനു ചേരുകയുമായിരുന്നു.
അച്ഛനും അമ്മയും കൂടിയാണ് എന്നെ എന്നെ അന്ന് വടകരയിൽ കൊണ്ടുവന്ന് വി.എച്ച്.എസ്.സി ക്ക് അടക്കാതെരുവിലുള്ള ജെ.ടി.എസിൽ ചേർക്കുന്നത്.
ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിനിൽ വടകരയെത്തി സ്‌കൂളിൽ ചേർന്നു. ഇതേപോലെ ഒരു കോഴ്‌സ് പഠിക്കാൻ എട്ടുമണിക്കൂറിലധികം യാത്ര ചെയ്ത് പന്തളത്തുനിന്ന് മലബാറിലെ വടകരയിൽ എത്തുക എന്നത് എല്ലാവർക്കും അതിശയമായിരുന്നു. അധ്യാപകർക്കും വിദ്യാർഥികൾക്കും അവിടെയുള്ള നാട്ടുകാർക്കിടയിൽ വളരെ അതിശയത്തോടെ കൂടിയാണ് എന്റെ താൽപര്യത്തെ കണ്ടത്. ആഗ്രഹിച്ച് തീരുമാനിച്ചാൽ പലപ്പോഴും അതിനായി സാഹസികമായി പ്രവർത്തിക്കുന്ന ഒരു സ്വഭാവം അന്നേയുണ്ട്.
ജാതിയുടെയും സാമുദായികമായ വേർതിരിവുകളുടെയുമെല്ലാം ഒരു അന്തരീക്ഷത്തിൽനിന്നാണല്ലോ വടകരയിലെത്തിയത്. സ്വന്തം ഗ്രാമമായ കുരമ്പാലയിൽനിന്ന് വടകര എങ്ങനെയാണ് വ്യത്യസ്തമായി തോന്നിയത്?
അന്ന് വൊക്കേഷൻ ഹയർ സെക്കൻഡറിക്ക് ഹോസ്റ്റൽ സംവിധാനം ഉണ്ടായിരുന്നില്ല. വടകര കോടതിക്കു സമീപം അശോക തിയേറ്ററിനോട് ചേർന്നുള്ള ലോഡ്ജിൽ താമസിച്ചാണ് പഠിച്ചത്. ഞാൻ ഞാൻ ജീവിച്ചു വന്ന തിരുവിതാംകൂറിൽ നിന്ന് വ്യത്യസ്തമായി വടകരയിലെ ജീവിതം ഒരു പ്രത്യേക തരം അനുഭവമാണ് എനിക്ക് നൽകിയത്. തികച്ചും വ്യത്യസ്തമായ ഒരു ജീവിതവും സംസ്‌കാരവും ആണ് അന്ന് വടകരയിൽ അനുഭവിക്കാൻ കഴിഞ്ഞത്. വൊക്കേഷനൽ ഹയർസെക്കൻഡറിയുടെ ആദ്യ ബാച്ചായതുകൊണ്ടുതന്നെ ഞങ്ങൾക്കായി പ്രത്യേകം അദ്ധ്യാപകരുണ്ടായിരുന്നില്ല. പല വിഷയങ്ങളും പഠിപ്പിക്കാൻ മടപ്പള്ളി ഗവൺമെൻറ് കോളേജിൽ നിന്ന് അധ്യാപകർ ഗസ്റ്റ് ആയി വരികയായിരുന്നു.
ഇംഗ്ലീഷ് പഠിപ്പിക്കാൻ എത്തിയിരുന്നത് മടപ്പള്ളി ഗവൺമെൻറ് കോളേജിലെ അധ്യാപകരായ ബാലൻ സാറും, കടത്തനാട് നാരായണൻ സാറും ഒക്കെയാണ്. അറിയപ്പെടുന്ന എഴുത്തുകാരനാണ് നാരായണൻ സാർ. കവിത, കഥ, ലേഖനങ്ങൾ എന്നിവയുൾപ്പെടെ ശ്രദ്ധേയമായ സൃഷ്ടികൾ നടത്തിയ ഒരു സാഹിത്യപ്രതിഭ ഞങ്ങളുടെ അദ്ധ്യാപകനായി വന്നത് വലിയ അനുഗ്രഹമായി.
ജാതിയുടെ സ്വാധീനവും മുൻവിധിയും ഇല്ലാത്ത ഒരു സമീപനം വിദ്യാഭ്യാസകാലത്ത് അനുഭവിക്കാൻ കഴിഞ്ഞു എന്നത് എന്റെ ജീവിതത്തെ മാറ്റിമറിച്ച ഒന്നാണ്.
വിഷയങ്ങൾക്കുപുറത്തേക്ക് അദ്ദേഹത്തിന്റെ പല നിലയ്ക്കുള്ള നിരൂപണങ്ങളും വിമർശനങ്ങളും സാഹിത്യവിശകലനങ്ങളും ഒക്കെ ഒരു വലിയ നിലയ്ക്ക് എന്നെ സ്വാധീനിച്ചിട്ടുണ്ട്. ബാലൻ സാറിന്റെ ക്ലാസുകളും വ്യത്യസ്തമായിരുന്നു. അദ്ദേഹം അക്കാലത്തെ സാമൂഹിക പ്രശ്‌നങ്ങളും മറ്റും വിദ്യാർഥികളുമായി പങ്കിടാനും സംവാദം നടത്താനും ശ്രമിച്ചിരുന്നു. വളരെ ക്രിട്ടിക്കലും റാഡിക്കലുമായ ഒരു സമീപനമായിരുന്നു അദ്ദേഹത്തിന്റേത്. സാമൂഹ്യബോധത്തോടെ കാര്യങ്ങളെ കാണാനും ചുറ്റും നടക്കുന്ന സാമൂഹ്യ- രാഷ്ട്രീയ സംഭവവികാസങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കാനുമുള്ള, പ്രത്യേക തരത്തിലുള്ള ഒരു സ്വാധീനമാണ് സാറിനെ പോലുള്ളവരിൽ നിന്ന് ലഭിച്ചത്.
വടകരയുടെ സാമൂഹ്യജീവിതത്തെ സംബന്ധിച്ചും ഒരുപാട് കാര്യങ്ങൾ പോസിറ്റീവായി എനിക്ക് ഓർക്കാനുണ്ട്. നാട്ടിൽ വിദ്യാർഥികളാണെങ്കിലും പൊതുസമൂഹമാണെങ്കിലുമൊക്കെ ബന്ധങ്ങളെല്ലാം കുറച്ചൊക്കെ ജാതിയുടെയും അടിസ്ഥാനത്തിലാണ് നിർണയിച്ചിരുന്നത്. എന്നാൽ ജാതിയുടെ സ്വാധീനവും മുൻവിധിയും ഇല്ലാത്ത ഒരു സമീപനം വിദ്യാഭ്യാസകാലത്ത് അനുഭവിക്കാൻ കഴിഞ്ഞു എന്നത് എന്റെ ജീവിതത്തെ മാറ്റിമറിച്ച ഒന്നാണ്.
വടകരയിലെ നഗരജീവിതത്തിനും ചുറ്റുമുള്ള ഗ്രാമീണ ജീവിതത്തിനും സവിശേഷമായ ഒരു സാംസ്‌കാരിക പരിസരം ഉണ്ടായിരുന്നു. പത്രങ്ങളും പുസ്തകങ്ങളും വായിക്കുക, സാംസ്‌കാരികവും സാമൂഹികവുമായ വിഷയങ്ങളിൽ ചർച്ചകളും സംവാദങ്ങളും നടത്തുക തുടങ്ങിയ കാര്യങ്ങൾ. ഞങ്ങളുടെ സ്‌കൂൾ ലൈബ്രറിയിൽ ധാരാളം പുസ്തകങ്ങളുണ്ടായിരുന്നു. അതിൽ പ്രധാനമായും എന്നെ തൃപ്തിപ്പെടുത്തിയത് സാമൂഹിക വിമർശനപരമായ പുസ്തകങ്ങളായിരുന്നു. ശ്രീനാരായണ ഗുരു, സഹോദരൻ അയ്യപ്പൻ, നവോത്ഥാന നായകന്മാർ എന്നിവരെക്കുറിച്ചുള്ള പുസ്തകങ്ങൾ ധാരാളമായി വായിക്കാൻ താൽപര്യം തോന്നി. വടകരയിലെ സ്‌കൂളിൽ നിന്ന് ഞങ്ങൾ താമസസ്ഥലത്തേക്ക് നടന്നു വരുമ്പോൾ വഴിയിൽ പ്രശസ്തമായ മനീഷാ കോളേജിനോടുചേർന്ന് ലൈബ്രറി ഉണ്ടായിരുന്നു. ഇവിടെനിന്നും പുസ്തകങ്ങൾ വായിക്കും. വടകര ടൗണിലുള്ള നാരായണ നഗരം പബ്ലിക് ലൈബ്രറിയും വായനക്കായി ഉപയോഗിച്ചു.
അതേപോലെ, വടകരയിലെ കോളേജുകളിൽ അന്ന് ഒരുപാട് സംവാദങ്ങൾ നടക്കുമായിരുന്നു. അവ കേൾക്കാൻ പോയിരുന്ന ഞാൻ പിന്നീട് അവയിൽ പങ്കെടുക്കാനും തുടങ്ങി.
അന്ന് എന്നെ സ്വാധീനിച്ച മറ്റൊരു ഘടകം യുക്തിവാദ പ്രസ്ഥാനമാണ്. കാരണം വിമർശനാത്മകമായ സാഹിത്യങ്ങൾ ഏറ്റവും കൂടുതൽ ലഭ്യമായിരുന്നത് യുക്തിവാദി പ്രസ്ഥാനത്തിന്റെ ഭാഗമായിട്ടായിരുന്നു.
വടകരയിലെ ജീവിതമാണ് യുക്തിവാദത്തിന്റെയും അംബേദ്കറിസത്തിന്റെയും ആദ്യകാല വിനിമയങ്ങളിലേക്ക് നയിച്ചത് എന്ന് എഴുതിയിട്ടുണ്ടല്ലോ. ആ അനുഭവം എങ്ങനെയായിരുന്നു?
പിൽക്കാലത്ത് എന്റെ ആത്മസുഹൃത്തും കേരള ദലിത് പാന്തർ പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളിലൊരാളും സംസ്ഥാന പ്രസിഡണ്ടും ഒക്കെയായി പ്രവർത്തിച്ച, വടകരയിലെ അറിയപ്പെടുന്ന ഡോക്ടറായ അനിൽകുമാർ സഹപാഠിയായിരുന്നു. ജാതിയുടെ പേരിൽ സുഹൃത്തുക്കളില്ലാത്ത ഒറ്റപ്പെട്ട ഒരു കാലത്തുനിന്ന് വടകരയിലെത്തിയപ്പോൾ ക്ലാസിലെ നാൽപതോളം പേരും ഏതാണ്ട് ഒരേപോലെ സുഹൃത്തുക്കളായി മാറി.
അന്ന് എന്നെ സ്വാധീനിച്ച മറ്റൊരു ഘടകം യുക്തിവാദ പ്രസ്ഥാനമാണ്. കാരണം വിമർശനാത്മകമായ സാഹിത്യങ്ങൾ ഏറ്റവും കൂടുതൽ ലഭ്യമായിരുന്നത് യുക്തിവാദി പ്രസ്ഥാനത്തിന്റെ ഭാഗമായിട്ടായിരുന്നു. അക്കാലത്ത് തൃശൂരിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ഉണ്ണി കാക്കനാട് എഡിറ്ററായ യുക്തിവാദി മാസിക കാണാനും വായിക്കാനും അവസരം ലഭിച്ചു. മാത്രമല്ല, ബുക്ക് സ്റ്റാളുകളിൽ പോയി പുസ്തകങ്ങൾ വായിക്കുന്നത് അന്നത്തെ ഒരു പ്രത്യേക വിനോദമായിരുന്നു. അങ്ങനെ വടകര കോട്ടപ്പുറം ബസ്റ്റാൻഡിൽ സ്റ്റാളുകളിൽ നിന്ന് ആനുകാലികങ്ങൾ പരിചയപ്പെട്ടു, പലതും വാങ്ങും. ബസ് സ്റ്റാന്റിലെ കടയിലാണ് ഞാൻ ദലിത് വോയ്‌സ് ആദ്യം കാണുന്നത്. ബാംഗ്ലൂരിൽ നിന്ന് വി.ടി. രാജശേഖർ എഡിറ്ററായി പ്രസിദ്ധീകരിച്ചിരുന്ന ദലിത് വോയ്‌സ് എന്നെ ഏറെ ആകർഷിച്ചു.
ഡോ. അംബേദ്കറെക്കുറിച്ചും പെരിയാറിനെക്കുറിച്ചും ഒക്കെ ഉള്ള ലേഖനങ്ങൾ, എഡിറ്റോറിയലുകൾ, ബ്രാഹ്മണിസത്തേയും ജാതിവ്യവസ്ഥയേയും ഒക്കെ അതിശക്തമായി വിമർശിക്കുന്ന ലേഖനങ്ങൾ എന്നിവ ദലിത് വോയ്‌സിൽ വന്നിരുന്നു. കൂടാതെ, ബാംഗ്ലൂരിലെ ദലിത് സാഹിത്യ അക്കാദമി ധാരാളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ദലിത് സാഹിത്യം പ്രചരിപ്പിക്കുന്ന ഗോപിനാഥ് മേപ്പയിലിനെ പരിചയപ്പെട്ടു. വടകരയ്ക്കടുത്തുള്ള മേപ്പയിലാണ് അദ്ദേഹത്തിന്റെ വീട്. ഗോപിനാഥിനെ പരിചയപ്പെടാൻ കഴിഞ്ഞത് ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കിയ സംഭവമാണ്. ആ സൗഹൃദം ശക്തമായ ബന്ധമായി പിന്നീട് മാറി.
വൈകുന്നേരങ്ങളിൽ ക്ലാസ് കഴിഞ്ഞുള്ള സമയങ്ങളിൽ ചിലപ്പോഴൊക്കെ ഞാനും അനിൽകുമാറും മറ്റു സുഹൃത്തുക്കളുമായി അദ്ദേഹത്തിന്റെ വീട്ടിലെത്തി കുറെ സമയം ചെലവഴിക്കും.
ചരിത്രപരവും, ആശയപരവുമായ കാര്യങ്ങൾ ഞങ്ങൾക്ക് ലളിതമായി അദ്ദേഹം
വിശദീകരിച്ചു തരും. അംബേദ്കർ സാഹിത്യങ്ങളുടെയും അതേപോലെ പുരോഗമന യുക്തിവാദ സ്വഭാവത്തിലുള്ള സാഹിത്യങ്ങളുടെയും വലിയ ശേഖരം അദ്ദേഹത്തിനുണ്ടായിരുന്നു. ഒരുപക്ഷേ ഞാൻ പരിചയപ്പെട്ട സ്വകാര്യ ലൈബ്രറികളിൽ ഏറ്റവും വലിയ ഒന്നിന് സാക്ഷ്യം വഹിച്ചത് ഗോപിനാഥിന്റെ വീട്ടിലാണ്. വളരെ വിപുലമായ ഒരു ലൈബ്രറിയായിരുന്നു അദ്ദേഹത്തിന്റെ വീട്ടിലുണ്ടായിരുന്നത്. ഗോപിനാഥിന്റെ വീട്ടിൽനിന്നാണ് ഡോ. അംബേദ്കറെക്കുറിച്ചുള്ള പുസ്തകങ്ങൾ പലതും കാണാൻ സാധിച്ചത്. അന്ന് അംബേദ്ക്കറുടെ പുസ്തകങ്ങൾ മഹാരാഷ്ട്ര ഗവൺമെൻറ് പുറത്തിറക്കിയിരുന്നില്ല. പല രചനകളും അന്ന് പ്രസിദ്ധീകരിച്ചിരുന്നത് ഡൽഹിയിൽ സുപ്രീംകോടതി അഭിഭാഷകനായിരുന്ന അഡ്വ.ഭഗവാൻ ദാസാണ്.
ഇടതുപക്ഷ / കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ വേണ്ടവിധം അഭിസംബോധന ചെയ്യാത്ത ഇന്ത്യയുടെ സാമൂഹിക യാഥാർഥ്യങ്ങളെ കുറിച്ച് വലിയ ഉൾക്കാഴ്ച ലഭിക്കുന്ന ഒരു കാലഘട്ടമാണത്. സമൂഹത്തെ നിർണയിക്കുന്നതും മാറ്റുന്നതും വർഗസമരം ആണെന്ന വീക്ഷണമാണ് ഇടതുപക്ഷക്കാർ പ്രചരിപ്പിച്ചിരുന്നത്.
അന്ന് കോഴിക്കോട് കേന്ദ്രീകരിച്ച് ദലിത് സാഹിത്യം വിപുലമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. 1985 ആയപ്പോൾ, എനിക്കറിയാവുന്ന കേരള യുക്തിവാദ പ്രസ്ഥാനത്തിന്റെ ഭാഗമായി നിലകൊണ്ടിരുന്ന നിരവധി വ്യക്തികൾ അംബേദ്ക്കറൈറ്റ് ദലിത് ആശയങ്ങളുടെ പ്രചാരകരാവുന്നതായി മനസ്സിലാക്കാൻ കഴിഞ്ഞു. വി.ടി. രാജശേഖർ കർണാടക റാഷണലിസ്റ്റ് അസോസിയേഷൻ പ്രസിഡൻറ് ആയി പ്രവർത്തിച്ചിരുന്നു. അക്കാലത്താണ് കോഴിക്കോടുള്ള വി. പ്രഭാകരനുമായി പരിചയപ്പെടുന്നത്. പ്രഭാകരൻ ദലിത് വോയിസിന്റെയും ദലിത് സാഹിത്യ അക്കാദമിയുടെയും വക്താവും പ്രചാരകനുമായിരുന്നു. സാഹിത്യ അക്കാദമിയുടെ സാഹിത്യങ്ങളൊക്കെ അദ്ദേഹം മലയാളത്തിലേക്ക് വിവർത്തനം ചെയ്ത് പ്രസിദ്ധീകരിച്ചിരുന്നു.
അന്ന് പുറത്തിറങ്ങിയ ചില കൃതികൾ ഒരു ദലിത് ആശയ രൂപീകരണത്തിന് അടിസ്ഥാനങ്ങളായി വർത്തിച്ചു. ഹിന്ദു ഇന്ത്യയിൽ മാർക്‌സ് എന്തുകൊണ്ട് പരാജയപ്പെട്ടു?, ഗോഡ്‌സെ ഗാന്ധിയെ കൊന്നത് എന്തുകൊണ്ട്? ബ്രാഹ്മണിസം തുടങ്ങിയ പുസ്തകങ്ങൾ അടിസ്ഥാനപരമായ ഒരു ദലിത് വീക്ഷണം രൂപപ്പെടുത്താൻ സഹായിച്ചു.
1985 ൽ കോഴിക്കോട് ടൗൺഹാളിൽ വച്ച് കേരള യുക്തിവാദി സംഘത്തിന്റെ കോഴിക്കോട് ജില്ലാ സമ്മേളനം നടക്കുമ്പോൾ അതിൽ പ്രധാനപ്പെട്ട അതിഥിയായിരുന്നു വി.ടി.രാജശേഖർ. അദ്ദേഹത്തെ നേരിട്ട് കാണാനും സമ്മേളനത്തിൽ പങ്കെടുക്കുവാനും വടകരയിൽനിന്ന് ഞാനും അനിൽ കുമാർ വടകരയും എത്തി.
ആ സമ്മേളനത്തിൽ വി. ടി. രാജശേഖർ, വി.പ്രഭാകരൻ, ഗോപിനാഥ് മേപ്പയിൽ എന്നിവരെയെല്ലാം ഒന്നിച്ചുകാണാൻ അവസരമുണ്ടായി. മതേതരത്വത്തെ കുറിച്ചുള്ള സെമിനാറിൽ ടി.കെ. നാരായണൻ സാറും പങ്കെടുത്തിരുന്നു. ഒരുപക്ഷെ ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തരായ അംബേദ്ക്കറൈറ്റുകളിൽ ഒരാളായിരുന്നു അദ്ദേഹം. ഡൽഹി സെൻട്രൽ സെക്രട്ടറിയേറ്റിൽ ഉദ്യോഗസ്ഥനായിരുന്ന കാലത്ത് ഡോ.അംബേദ്ക്കകറെ അടുത്തുകണ്ട് പരിചയപ്പെടാനും അദ്ദേഹത്തെ ശ്രവിക്കാനുമൊക്കെ അവസരം ലഭിച്ച വ്യക്തി. ദലിത് കൾച്ചറൽ മൂവ്‌മെൻറ് എന്ന പേരിൽ തിരുവനന്തപുരത്തു നിന്ന് ചില പുസ്തകങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു. ഗാന്ധിസം അധഃസ്ഥിതന്റെ അടിമച്ചങ്ങല, ദലിത് പ്രസ്ഥാനം ഇന്ത്യയിൽ തുടങ്ങിയവ അദ്ദേഹത്തിന്റെ കൃതികളാണ്. അദ്ദേഹത്തെ പരിചയപ്പെട്ടു തുടങ്ങിയ ബന്ധം പിന്നീട് അംബേദ്കർ ചിന്തകളെ സമഗ്രമായി മനസ്റ്റിലാക്കുന്നതിലേക്കാണ് നയിച്ചത്. ഇതൊക്കെയാണ് വടകരയിലെ ജീവിതകാലഘട്ടത്തിൽ ഒരു പ്രത്യയശാസ്ത്ര അടിത്തറ നിർമിക്കുവാൻ സഹായകരമായ സാഹചര്യങ്ങൾ.
ഒരു വ്യക്തി സമ്പന്നൻ ആകുന്നതും മറ്റൊരു വ്യക്തി ദരിദ്രൻ ആകുന്നതും ജാതിയുടെ അടിസ്ഥാനത്തിലാണ്. വിഭവങ്ങൾ ഒരു വ്യക്തിയിലേക്ക്, സമൂഹങ്ങളിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നതിന്റെ അടിസ്ഥാനം വർണ- ജാതി വ്യവസ്ഥയാണ്.
പ്രധാനമായി എടുത്തു പറയേണ്ടത് ഇന്ത്യൻ സാമൂഹിക ഘടനയെ കുറിച്ചുള്ള
ഡോ. അംബേദ്ക്കറുടെ കാസ്റ്റ് ഇൻ ഇന്ത്യ, ജാതി നിർമൂലനം എന്നീ കൃതികളെക്കുറിച്ച് അന്ന് മനസ്സിലാക്കാൻ കഴിഞ്ഞു എന്നതാണ്.
ഇന്ത്യൻ സമൂഹം ജാതിസമൂഹമാണ്. അതുകൊണ്ടുതന്നെ ബ്രാഹ്മണിസം, ചാതുർവർണ്യ വ്യവസ്ഥ, ജാതിവ്യവസ്ഥ, അതിന്റെ ഗ്രേയ്ഡഡ് ഇൻഇക്വാലിറ്റി എന്നുപറയുന്ന തരംതിരിക്കപ്പെട്ട അസമത്വം എന്നിവയെക്കുറിച്ച് മനസ്സിലാക്കേണ്ടതയുണ്ട്. ഈ തിരിച്ചറിവുണ്ടായ കാലം കൂടിയായിരുന്നു അത്.
ജാതിവ്യവസ്ഥയുടെ ബലിയാടുകളായ ഇന്ത്യയിലെ 85 ശതമാനം അവർണ ജനതയേക്കുറിച്ചും 15 ശതമാനം ബ്രാഹ്മണ -ക്ഷത്രിയ -വൈശ്യ -ശൂദ്രർ വിഭാഗങ്ങളെക്കുറിച്ചുമുള്ള സാമൂഹ്യ ശാസ്ത്രപരമായ ധാരണകൾ, മഹാത്മ ജ്യോതിറാവു ഫൂലെ, പെരിയോർ രാമസ്വാമി നായ്ക്കർ, മഹാത്മ അയ്യങ്കാളി തുടങ്ങി ബ്രാഹ്മണ ജാതി മേൽക്കോയ്മക്കെതിരെ രൂപപ്പെട്ടുവന്ന നവോത്ഥാന നായകരെക്കുറിച്ചുള്ള / വിപ്ലവകാരികളെക്കുറിച്ചുള്ള അവബോധം എന്നിവ രൂപപ്പെട്ടുവരുന്നുണ്ട്. അങ്ങനെയാണ് പൊതുവിൽ ഇന്ത്യയെ ഒരു ജനാധിപത്യ വിപ്ലവത്തിലേക്ക് നയിക്കാൻ സ്വാഭാവികമായിട്ടും ആശ്രയിക്കാൻ കഴിയുന്ന ഒരു ബദൽ ദാർശനിക അടിത്തറ വികസിച്ചുവരുന്നത്.
അന്ന് താങ്കൾ അടക്കമുള്ള ചെറുപ്പക്കാരിൽ ഇടതുപക്ഷം എങ്ങനെയാണ് ഇടപെട്ടത്?
മാറ്റം ആഗ്രഹിക്കുന്ന ചെറുപ്പക്കാരുടെ മുന്നിൽ അന്നുണ്ടായിരുന്നത് മാർക്‌സിസം ആണ്- ഒരു പ്രത്യയശാസ്ത്രം എന്ന നിലയിൽ. കമ്യൂണിസ്റ്റ് പ്രസ്ഥാനം അവരുടെ മുമ്പിൽ ഒരു പരിഹാരമെന്ന നിലയിലും ഉണ്ടായിരുന്നു. ഇടതുപക്ഷ / കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ വേണ്ടവിധം അഭിസംബോധന ചെയ്യാത്ത ഇന്ത്യയുടെ സാമൂഹിക യാഥാർഥ്യങ്ങളെ കുറിച്ച് വലിയ ഉൾക്കാഴ്ച ലഭിക്കുന്ന ഒരു കാലഘട്ടമാണത്. സമൂഹത്തെ നിർണയിക്കുന്നതും മാറ്റുന്നതും വർഗസമരം ആണെന്ന വീക്ഷണമാണ് ഇടതുപക്ഷക്കാർ പ്രചരിപ്പിച്ചിരുന്നത്.
സമൂഹം ക്ലാസുകളായിട്ടാണ് വിഭജിച്ചിരിക്കുന്നത്. ഉള്ളവനും ഇല്ലാത്തവനും എന്ന അന്തരമാണ് സമൂഹത്തിലെ ഏറ്റവും വലിയ വൈരുദ്ധ്യം. അതുകൊണ്ട് ഉള്ളവനെതിരെ ഇല്ലാത്തവന്റെ സമരം എന്ന സ്വഭാവത്തിൽ തൊഴിലാളി വർഗം സംഘടിച്ച് മുതലാളി വർഗത്തിനെതിരെ നടത്തുന്ന സമരങ്ങളിലൂടെയാണ് സാമൂഹ്യ-രാഷ്ടീയ മാറ്റം സംഭവിക്കുന്നത് എന്നാണ് ഇടതുപക്ഷം പഠിപ്പിച്ചത്.
വർഗസമരങ്ങളിലൂടെയാണ് സാമൂഹ്യമാറ്റം നടക്കുന്നത്.
അധോഘടന തകർന്നാൽ സ്വാഭാവികമായും സാമൂഹ്യമായ ഉപരിഘടന തകരുകയും അങ്ങനെ സാമൂഹ്യ വൈരുദ്ധ്യങ്ങൾ ഇല്ലാതാകുകയും ചെയ്യും എന്നൊക്കെ പറയുന്ന വൈരുധ്യാത്മക ഭൗതികവാദത്തിന്റെ സ്‌കൂളിലൂടെയാണ് മാറ്റം കൊതിക്കുന്ന പുതിയ തലമുറ അന്ന് സഞ്ചരിച്ചിരുന്നത്.
വർഗസമരം ഉള്ളവനെതിരെയുള്ള ഇല്ലാത്തവരുടെ സമരമാണ്, സ്വകാര്യസ്വത്താണ് അസമത്വം സൃഷ്ടിക്കുന്നത്. അതുകൊണ്ടുതന്നെ ചൂഷണവും സാമ്പത്തിക അസമത്വവും അനുഭവിക്കുന്ന തൊഴിലാളി വർഗം ഒരു പൊതുവർഗബോധത്തിന്റെ അടിസ്ഥാനത്തിൽ ഉണർന്നെണീക്കണം, അവരുടെ പോരാട്ടത്തിലൂടെയാണ് വർഗസമരം വികസിക്കുന്നത്- ഈ ആശയമാണ് വ്യാപകമായി പ്രചരിപ്പിച്ചത്.
അടിസ്ഥാനപരമായ വൈരുദ്ധ്യം എന്നത് സാമ്പത്തിക വൈരുദ്ധ്യമാണ്. അതുകൊണ്ട് സാമ്പത്തിക അസമത്വങ്ങൾ പരിഹരിക്കുന്നത് വർഗ സമരത്തിലൂടെയാകണം. അധോഘടന തകർന്നാൽ സ്വാഭാവികമായും സാമൂഹ്യമായ ഉപരിഘടന തകരുകയും അങ്ങനെ സാമൂഹ്യ വൈരുദ്ധ്യങ്ങൾ ഇല്ലാതാകുകയും ചെയ്യും എന്നൊക്കെ പറയുന്ന വൈരുധ്യാത്മക ഭൗതികവാദത്തിന്റെ സ്‌കൂളിലൂടെയാണ് മാറ്റം കൊതിക്കുന്ന പുതിയ തലമുറ അന്ന് സഞ്ചരിച്ചിരുന്നത്. എന്നാൽ സവിശേഷമായ ജാതികേന്ദ്രീകൃതമായ ഒരു സാമൂഹ്യഘടന നിലവിലിരിക്കുന്ന ഇന്ത്യൻ സമൂഹത്തിൽ നേർക്കുനേരെ അത്തരമൊരു വർഗസമരത്തിന് പ്രസക്തിയില്ല എന്നും വർഗപരമായ വൈരുദ്ധ്യം ഇന്ത്യയെ സംബന്ധിച്ച് അടിസ്ഥാനപരമായ ഒരു യാഥാർത്ഥ്യം അല്ല എന്നും ഗോപിനാഥ് മേപ്പയിൽ വിശദീകരിച്ചുതരുന്നുണ്ട്.
ഇന്ത്യൻ സമൂഹത്തിൽ സ്വത്ത് ആർജ്ജിക്കുന്നത് ജാതിയുടെ അടിസ്ഥാനത്തിലാണ്. ഒരു വ്യക്തി സമ്പന്നൻ ആകുന്നതും മറ്റൊരു വ്യക്തി ദരിദ്രൻ ആകുന്നതും ജാതിയുടെ അടിസ്ഥാനത്തിലാണ്. മൂലധനവും അതുപോലെ വിഭവങ്ങൾ, ഭൂമി തുടങ്ങിയ സാമ്പത്തിക വിഭവങ്ങളുമെല്ലാം ഒരു വ്യക്തിയിലേക്ക്, സമൂഹങ്ങളിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നതിന്റെ അടിസ്ഥാനം വർണ- ജാതി വ്യവസ്ഥയാണ്. അതിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ മൂലധനവും വിഭവങ്ങളും യഥാർത്ഥത്തിൽ വിതരണം ചെയ്യപ്പെടുന്നത്. സ്വാഭാവികമായും ഇന്ത്യയിൽ ഉള്ളവർ എന്നുപറയുന്നത് സവർണരും ഇല്ലാത്തവർ എന്നു പറയുന്നത് അവർണരുമാണ്. ഇന്ത്യൻ പശ്ചാത്തലത്തിൽ ഒരു വർഗസമരത്തെക്കാൾ അധികം വർണ സമരമാണ് - ജാതി സമരമാണ്- നടക്കേണ്ടത് എന്ന കൃത്യമായ ബോധ്യം ഗോപിനാഥ് പങ്കുവെക്കുന്നുണ്ട്. വർഗ-ജാതി സമരം മൂന്നാം ശക്തി പ്രാപിക്കുന്നു എന്ന ഒരു പുസ്തകം തന്നെ അക്കാലത്ത് വി. ടി. രാജശേഖർ പ്രസിദ്ധീകരിച്ചിരുന്നു.
ഇടതുപക്ഷവുമായി ബന്ധപ്പെട്ട് ഉയരേണ്ട ഏറ്റവും പ്രാഥമികമായ ചോദ്യം ജാതിയുടേതാണല്ലോ, അന്നും ഇന്നും
നിലവിലിരുന്ന ഒരു രാഷ്ട്രീയത്തിൽ നിന്ന് വ്യത്യസ്തമായ രാഷ്ട്രീയചിന്തകൾ, പുതിയ യുക്തികൾ ഉന്നയിക്കപ്പെടുന്ന ഒരു കാലഘട്ടമാണിത്. എല്ലാവരും മനുഷ്യരാണ് എന്നുപറയുന്നു, വർഗമാണ് യാഥാർത്ഥ്യമെന്ന് പറയുന്നു, അങ്ങനെ പറയുന്ന പുരോഗമന ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ മുൻനിര നേതാക്കൾ പോലും അവരുടെ ജാതിവാലുകളാൽ കൊണ്ടാടുന്നതെന്തുകൊണ്ട് എന്ന് ഗോപിനാഥ് മേപ്പയിൽ ചോദിക്കാറുണ്ടായിരുന്നു. ഇ. എം. ശങ്കരൻ നമ്പൂതിരിപ്പാട്, സി. അച്യുതമേനോൻ, ഇ.കെ. നായനാർ, പി.കെ. വാസുദേവൻ നായർ എന്നിങ്ങനെ. സമത്വത്തിൽ വിശ്വസിക്കുന്നവരാണെങ്കിൽ എന്തിനാണ് പാരമ്പര്യമായി കൊണ്ടുനടന്ന ഈ ജാതിവാലുകൾ ആഭരണങ്ങൾ പോലെ കൊണ്ടുനടക്കുന്നത്?
മാനവികതയും തൊഴിലാളി വർഗ സർവ്വാധിപത്യവും സാഹോദര്യവും പറയുന്നവർ തന്നെ അത്തരം പ്രസ്ഥാനങ്ങളുടെ ബുദ്ധിജീവികളും നായകരായും നിന്നുകൊണ്ട് എങ്ങനെയാണ് ഈ ജാതിവാലുകൾ ആഘോഷിക്കുന്നത്?
ഒരേസമയം മാനവികതയും തൊഴിലാളി വർഗ സർവ്വാധിപത്യവും സാഹോദര്യവും പറയുന്നവർ തന്നെ അത്തരം പ്രസ്ഥാനങ്ങളുടെ ബുദ്ധിജീവികളും നായകരായും നിന്നുകൊണ്ട് എങ്ങനെയാണ് ഈ ജാതിവാലുകൾ ആഘോഷിക്കുന്നത്? തങ്ങൾക്ക് കിട്ടിയ ജാതിയുടെ അത്തരം പ്രിവിലേജുകൾ എന്തുകൊണ്ട് ഉപേക്ഷിക്കാൻ കഴിയുന്നില്ല? ഇത് ഒരു വൈരുദ്ധ്യമാണ്. ഇതുതന്നെയാണ് ഇവിടെയുള്ള യഥാർത്ഥ പ്രശ്‌നമെന്ന നിലയിൽ ചില കാര്യങ്ങൾ വിശദീകരിക്കാൻ കഴിയുന്നുണ്ട്. രാഷ്ട്രീയരംഗത്തെ സോഷ്യലിസ്റ്റുകളും / മതേതരവാദികളും ഇത്തരത്തിൽ ജാതിക്കെതിരെ സംസാരിക്കുകയും എന്നാൽ ജാതിയെ സാമൂഹ്യ- രാഷ്ട്രീയ മണ്ഡലങ്ങളിൽ സ്വകാര്യമായ മൂലധനമായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന വൈരുധ്യം വളരെ കൃത്യമായി ബോധ്യപ്പെടുന്ന ഒരു കാലമാണിത്. ▮
(തുടരും)