‘പത്തൊമ്പതാം നൂറ്റാണ്ടി’ലെ നായകൻ നടത്തിയ ഒറ്റയാൾ സമരങ്ങൾ

അവർണരുടെ ആരാധനാസ്വാതന്ത്ര്യത്തിന്​ ആദ്യത്തെ ക്ഷേത്രനിർമാണവും ശിവപ്രതിഷ്ഠയും നടത്തുകയും നാടുവാഴിത്തത്തിനും ജാതിമേധാവിത്വത്തിനുമെതിരെ ഒറ്റയാൾ പോരാട്ടം നടത്തുകയും ചെയ്​ത ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതം മലയാള സിനിമയിൽ പ്രമേയമായി വരുമ്പോൾ, ആ സമരജീവിതം വിശകലനം ചെയ്യുന്നു ട്രൂ കോപ്പി വെബ്​സീനിലെ ‘ജാതിയും സമകാലിക കേരളവും’ എന്ന ചരിത്രപഠന പരമ്പര.

Truecopy Webzine

റാട്ടുപുഴ വേലായുധപണിക്കർ ജാതിയെ വിവേചനത്തിന്റെയും അനീതിയുടെയും പ്രതീകമായി കണ്ട്​ അയിത്തോച്ചാടനത്തിനും സമത്വത്തിനും വേണ്ടി നയിച്ച സമരങ്ങൾ പ്രാദേശികമായ സ്വാതന്ത്ര്യസമരങ്ങളാണ്. സർക്കാർ പിൻബലത്തോടെ സവർണഹിന്ദുക്കൾ നടപ്പിലാക്കിയ അവർണവിരുദ്ധതക്കെതിരെ കരബലം ഉപയോഗിച്ചുതന്നെ അവകാശങ്ങൾ സ്ഥാപിക്കാൻ വേലായുധപണിക്കരും സംഘവും ശ്രമിച്ചു. അനീതിക്കെതിരെ കായികപോരാട്ടം നടത്തി അവകാശസ്ഥാപനം ഉറപ്പിക്കാനാണ് പണിക്കർ ശ്രമിച്ചത്.

അവർണരുടെ ആരാധനാസ്വാതന്ത്ര്യത്തിന്​ ആദ്യത്തെ ക്ഷേത്രനിർമാണവും ശിവപ്രതിഷ്ഠയും 1852 ൽ പണിക്കരുടെ നേതൃത്വത്തിൽ നടന്നു. 1860 ൽ അവർണരുടെ ആദ്യത്തെ കഥകളിയോഗം സ്ഥാപിച്ചു. 1867 ൽ സഞ്ചാരസ്വാതന്ത്ര്യസമരം നടത്തി. മൂക്കുത്തി സമരം, അച്ചിപ്പുടവ ധരിക്കൽ അവകാശമാക്കാൻ നടത്തിയ ആദ്യത്തെ കർഷകത്തൊഴിലാളിസമരം, മേൽമുണ്ട് സമരം, കുടിയൊഴിപ്പിക്കലിനെതിരെയും അധികാരികളുടെ ദുർഭരണത്തിനെതിരെയുമുള്ള പ്രതിഷേധങ്ങൾ, നിക്ഷ്പക്ഷമായി നീതിനടപ്പാക്കൽ എന്നിങ്ങനെ വിവിധ തരത്തിൽ അനീതിക്കും സവർണമേധാവിത്വത്തിനും എതിരെയുള്ള ഇടപെടലുകൾ പണിക്കർ നടത്തി. ഒറ്റപ്പെട്ടു നടന്നിരുന്ന ഇത്തരം ചെറുത്തുനില്പുകൾ ജാതിയുടെ പേരിൽ നിഷേധിക്കപ്പെട്ടിരുന്ന അവകാശങ്ങൾ സ്ഥാപിച്ചെടുക്കാനുള്ള ശ്രമങ്ങളായിരുന്നെങ്കിലും അവക്ക്​ ജനകീയമായൊരു പ്രതിരോധ രാഷ്ട്രീയഭാഷ നിർമിച്ചെടുക്കാൻ കഴിഞ്ഞില്ല. അധമബോധത്തിലാണ്ടിരുന്നവരിൽ സ്വത്വബോധം രൂപീകരിച്ചുകൊണ്ട് പ്രതിരോധത്തിന്റെ ജനകീയധാരയായി വളർന്നുയരാൻ കഴിഞ്ഞില്ല എന്നുറപ്പിക്കാം. പലതും വൈകാരികവും സംഘർഷഭരിതവും തദ്ദേശീയവും ആയിരുന്നു.

നാടുവാഴിത്വത്തിനും ജാതിമേധാവിത്വത്തിനുമെതിരെ നടത്തിയ ഒറ്റയാൾ പോരാട്ടമാണ് ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ പ്രതിഷേധജീവിതം പങ്കിടുന്നത്. വേലായുധപ്പണിക്കരുടെ പ്രതിരോധം ഏതെങ്കിലും ഒരു ജാതിയുടെ സ്വത്വവൽക്കരണമോ അവകാശങ്ങളുടെ സ്ഥാപനമോ ലക്ഷ്യം വച്ചുള്ളതായിരുന്നില്ല. അവർണവിഭാഗത്തിനുവേണ്ടി അഥവാ അവകാശങ്ങൾ നിഷേധിക്കപ്പെട്ടവരുടെ രക്ഷകരായിരിക്കുക എന്നല്ലാതെ സ്വസമുദായ സംരക്ഷകരാവുക എന്നതായിരുന്നില്ല പണിക്കരുടെ നയം. കൃത്യമായ സവർണനിഷേധം ഉൾകൊണ്ടിരുന്നുവെന്നു മാത്രം. അതായത് അനീതികാട്ടുന്നവർക്കെതിരെയുള്ള പ്രത്യക്ഷ പ്രതിഷേധമായിരുന്നു ലക്ഷ്യംവെച്ചത്.

ആറാട്ടുപുഴ വേലായുധപണിക്കർ

വേലായുധപ്പണിക്കരുടെ സമരമുറയല്ല ശ്രീനാരായണഗുരു പിന്തുടർന്നത്. ഒന്നിനെയും പ്രത്യക്ഷമായി എതിർക്കാതെ, എന്നാൽ സാമൂഹ്യഘടനയെ തന്നെ മാറ്റിമറിച്ച അഹിംസാ സമരമുറകളായിരുന്നു ഗുരുവിന്റേത്. പ്രതിരോധത്തിന്റെ അദ്വൈതഭാഷ അഹിംസാരീതിയിലൂടെ പ്രാവർത്തികമാക്കാനായിരുന്നു ഗുരു ശ്രമിച്ചത്. അരുവിപ്പുറം പ്രതിഷ്ഠയിലൂടെയാണിത് ആരംഭിച്ചത്. ഗുരുവിന്റെ ശ്രമങ്ങൾ ഈഴവ സംഘാടനമായിരുന്നില്ല. വ്യവസ്ഥാപരമായി അരികുവൽക്കരിക്കപ്പെട്ട, അവകാശങ്ങൾ തിരിച്ചറിയാൻ കഴിയാത്ത, അധമബോധത്തിന്നടിമപ്പെട്ടു ജീവിക്കുന്ന ജനവിഭാഗങ്ങളെ ജാതിബോധം വെടിഞ്ഞ്​ ധർമബോധമുള്ള മനുഷ്യകർത്തൃത്വങ്ങളാക്കി ഉയർത്തുക എന്നതായിരുന്നു ഗുരുവിന്റെ ഉദ്ദേശ്യം. വിവേചന ഉപാധിയാക്കിയിരിക്കുന്ന ജാതി എന്ന സങ്കല്പത്തെയും ബോധത്തെയും ഇല്ലായ്മ ചെയ്ത് വിവേചിതരായി ജീവിക്കേണ്ടിവരുന്ന സാമൂഹിക മൂലധനക്കുറവ് നികത്തുക എന്നതായിരുന്നു കർമപദ്ധതി. ജാതിയില്ലായെന്ന ബോധം ആർജിക്കണമെങ്കിൽ ശുദ്ധിയും ധനവും കൈവരണം. അതിലേക്കായി വിദ്യാഭ്യാസം, കൃഷി, വ്യവസായം എന്നിവ പ്രോത്സാഹിപ്പിക്കാനും ധർമബോധത്തോടെ ജീവിക്കാനും അനുശീലിപ്പിക്കണം. ദുരാചാരങ്ങൾ വെടിഞ്ഞ്​ ആധുനിക മനുഷ്യരാകുന്നതോടെ വിവേചനം മാഞ്ഞുപോകും, സമത്വം കൈവരും എന്നിങ്ങനെയുള്ള ഭാവനക്കനുസൃതമായ കർമപദ്ധതികളാണ് പ്രയോഗത്തിൽ വരുത്താൻ ശ്രമിച്ചത്.

ഗുരുഭാവനയെയും കടന്ന്​ വളർന്ന പുതിയ ജാതി കേരളം
ജാതിയും സമകാലിക കേരളവും എന്ന പരമ്പരയിൽ എം. ശ്രീനാഥൻ എഴുതിയ ലേഖനം വായിക്കാം, കേൾക്കാം
ട്രൂ കോപ്പി വെബ്​സീൻ പാക്കറ്റ്​ 93

Comments