ഇതുപോലൊരുത്തിക്ക് ജന്മം കൊടുക്കാതിരിക്കാൻ ഫൂലന്റെ ഗർഭപാത്രം നീക്കം ചെയ്ത ജാതി ഇന്ത്യ

രാഷ്ട്രീയ പരീക്ഷണങ്ങൾ ഒട്ടേറെ കണ്ട നാടുകൂടിയാണ് ഉത്തർപ്രദേശ്. ഇന്ത്യ ഭരിച്ച 14 പ്രധാനമന്ത്രിമാരിൽ ഒൻപത് പേരും വിജയിച്ച മണ്ണുകൂടെയാണത്. അവിടെയാണ് ഇപ്പോഴും ജനാധിപത്യവിരുദ്ധമായ ജാതി രാഷ്ട്രീയം കൊടികുത്തി വാഴുന്നത്. എന്നാൽ രണ്ടു പതിറ്റാണ്ടുകൾക്ക് മുൻപ് ദളിതന്റെ ജാതകം മാറ്റിയ ഒരു പേരുണ്ട്. ദളിതൻ മനുഷ്യനാണെന്നും അവന് നീതിവേണമെന്നും ജീവിതം കൊണ്ട് സ്ഥാപിക്കാൻ ശ്രമിച്ച വിപ്ലവകാരി. ജാതി രാഷ്ട്രീയത്തിനേറ്റ എക്കാലത്തെയും വലിയ പ്രഹരമാണ് ആ സ്ത്രീജീവിതം. ഫൂലൻ ദേവി. ഫൂലന്റെ ജീവിതം ദളിത് സ്ത്രീയുടെ പച്ചയായ പരിച്ഛേദമായതെങ്ങനെ. 'ഡൽഹി ലെൻസ്' പരമ്പര തുടരുന്നു.

Delhi Lens

2020 സെപ്തംബർ 16. അവളുടെ ശരീരം കത്തിച്ച ഗോതമ്പു പാടത്ത് എത്തിയപ്പോഴേക്കും സന്ധ്യയായി. നോക്കെത്താ ദൂരം പരന്നു കിടക്കുന്ന പാടങ്ങൾക്ക് നടുവിൽ ചെറിയൊരു ചാരക്കൂന. രണ്ടു ദിവസം മുൻപ് പൊലീസ് കത്തിച്ചു കളഞ്ഞതാണ്. അതിവേഗം കത്തിച്ചു തീർക്കാൻ പ്ലാസ്റ്റിക്ക് ഉൾപ്പെടെ പലതും ഉപയോഗിച്ചെന്ന് ഗ്രാമവാസികൾ ഭീതിയോടെ പറഞ്ഞു. പ്രാണനറ്റ ആ ശരീരത്തെ ഭരണകൂടം എത്രമാത്രം ഭയപ്പെട്ടിരുന്നു എന്നത് വ്യക്തം.

ഏതാനും ദിവസങ്ങൾക്ക് മുൻപ് അവളെ ഠാക്കൂറുകൾ ബലാത്സംഗം ചെയ്ത് മൃതപ്രായമാക്കിയതും അതേ പാടത്താണ്. അവൾ ചെയ്ത കുറ്റം ദളിത് ആയി ജനിച്ചു എന്നതാണ്. ഒരു സ്ത്രീ ആയത് മറ്റൊരു തെറ്റായി. ലൈംഗികാതിക്രമത്തിനും ഭരണകൂട ക്രൂരതയ്ക്കും ഇരയാകാൻ ഉത്തർ പ്രദേശിൽ ഈ വിശേഷണങ്ങൾ ധാരാളം. എല്ലാത്തിനും സാക്ഷിയായ ഹത്രാസിലെ ആകാശത്തിനപ്പോൾ ചുവന്ന നിറമായിരുന്നു. രോഷത്തിന്റെ ആ നിറം മണ്ണിലും പ്രതിഫലിച്ചു.

ഓരോ തവണ കാറ്റടിക്കുമ്പോഴും അവശേഷിച്ച ചാരം അവിടമാകെ പരന്നു. വിളഞ്ഞ് മൂപ്പെത്തിയ ഗോതമ്പ് കതിരിലും അവളുടെ നിലച്ചു പോയ സ്വപ്നങ്ങൾ പാറി വീണു കിടക്കുന്നുണ്ട്. നോക്കിനിൽക്കെ പാടങ്ങളിൽ ഇരുട്ട് പടർന്നു. ഭീതിപ്പെടുത്തുന്ന നിശബ്ദതയാണ് എങ്ങും. പിച്ചവച്ച പാടവരമ്പിലാണ് സ്വപ്നങ്ങൾ കരിഞ്ഞ് ചാരമായത്. അവളില്ലാത്ത പ്രകൃതി ജീവനറ്റപോലെ നിശ്ചലമായിരുന്നു. രണ്ടു വർഷങ്ങൾക്കിപ്പുറവും ഹത്രാസിലെ ഓർമ്മകൾ വേദനയാണ്.

ഹത്രാസിൽ കൂട്ട ലൈഗിംകാതിക്രമത്തിനിരയായി കൊല്ലപ്പെട്ട ദലിത് പെൺകുട്ടിയുടെ മൃതദേഹം മാതാപിതാക്കളുടെ സമ്മതമില്ലാതെ പോലീസ് കത്തിക്കുന്നു

രാം ശേഖറിനെ കാണുന്നത് ആ പാടവരമ്പിൽ നിന്നാണ്. മലയാളിയാണെന്ന് അറിഞ്ഞപ്പോൾ ഭയമില്ലാതെ മനസുതുറന്നു. സവർണ്ണ വിഭാഗമായ ഠാക്കൂറുകളുടെ ക്രൂരതകൾ ഒന്നൊന്നായി പറഞ്ഞു. അദ്ദേഹത്തിന്റെ മകൾ പത്താം ക്ലാസ് ജയിച്ചപ്പോൾ അർദ്ധരാത്രി വീട്ടിലേക്ക് കല്ലെറിഞ്ഞാണ് ഠാക്കൂറുകൾ ആഘോഷിച്ചത്. സമാന രീതിയിലാണ് ദളിതന്റെ ഓരോ മുന്നേറ്റത്തെയും സവർണ്ണ ജനത കൈകാര്യം ചെയ്യുന്നത്. കൂലി കൂട്ടിത്തരണമെന്ന് പറഞ്ഞതിന്റെ പേരിൽ സവർണ്ണർ ബഹിഷ്‌ക്കരിച്ച കർഷക കുടുംബങ്ങളും ഗ്രാമത്തിലുണ്ട്. ഠാക്കൂറുകൾ ബഹിഷ്‌ക്കരിച്ചാൽ കടയിൽ നിന്ന് സാധനങ്ങൾപോലും കിട്ടില്ല. ഇത്തരത്തിൽ മനുഷ്യരാശിയെ പതിറ്റാണ്ടുകൾ പുറകോട്ട് വലിച്ചോടുന്ന ജാതി ഗ്രാമങ്ങൾ ഉത്തരേന്ത്യയിൽ സജീവമാണ്.

രാഷ്ട്രീയ പരീക്ഷണങ്ങൾ ഒട്ടേറെ കണ്ട നാടുകൂടിയാണ് ഉത്തർപ്രദേശ്. ഇന്ത്യ ഭരിച്ച 14 പ്രധാനമന്ത്രിമാരിൽ ഒൻപത് പേരും വിജയിച്ച മണ്ണുകൂടെയാണത്. അവിടെയാണ് ഇപ്പോഴും ജനാധിപത്യവിരുദ്ധമായ ജാതി രാഷ്ട്രീയം കൊടികുത്തി വാഴുന്നത്. എന്നാൽ രണ്ടു പതിറ്റാണ്ടുകൾക്ക് മുൻപ് ദളിതന്റെ ജാതകം മാറ്റിയ ഒരു പേരുണ്ട്. ദളിതൻ മനുഷ്യനാണെന്നും അവന് നീതിവേണമെന്നും ജീവിതം കൊണ്ട് സ്ഥാപിക്കാൻ ശ്രമിച്ച വിപ്ലവകാരി. ജാതി രാഷ്ട്രീയത്തിനേറ്റ എക്കാലത്തെയും വലിയ പ്രഹരമാണ് ആ സ്ത്രീജീവിതം. ഫൂലൻ ദേവി. മുട്ടുമടക്കി സവർണ്ണ പുരുഷാധിപത്യം വിറച്ചുനിന്നിട്ടുണ്ടെങ്കിൽ അത് ഫൂലന് മുന്നിൽ മാത്രമാണ്.

ആയുധമെടുത്ത് കൂട്ടകൊലകൾ വരെ നടത്തിയ ഫൂലൻ ദേവിയെ പൂർണ്ണമായും ശരിവക്കുകയല്ല. ജനാധിപത്യ മതേതര ഇന്ത്യക്ക് അത് മികച്ച മാതൃകയാണെന്ന അഭിപ്രായവുമില്ല. എന്നാൽ ഒന്നുറച്ചു പറയാൻ സാധിക്കും, ഫൂലന്റെ ജീവിതം ദളിത് സ്ത്രീയുടെ പച്ചയായ പരിച്ഛേദമാണ്. ദളിതായി ജനിക്കുന്നതുപോലും കുറ്റകൃത്യമാകുന്ന സമൂഹത്തിൽ ഫൂലനിൽ ശരിയുണ്ടാകുന്നത് അതുകൊണ്ടാണ്. ക്രൂരമായ ജീവിത പരിസരങ്ങളോട് പോരാടാനുറച്ച അപൂർവ്വം സ്ത്രീജീവിതങ്ങളിൽ ഒന്നാണവർ. നടന്നു തീർത്ത വഴികളിലൊക്കെയും സവർണ്ണതയുടെ തീക്ഷ്ണമായ ഗന്ധമുണ്ട്. മനുഷ്യത്വമറ്റ ഉത്തരേന്ത്യൻ ജാതി മാഫിയയുടെ ചെറു ചരിത്രമാണ് ഫൂലന്റെ ജീവിതം. അക്കാലം ഒട്ടും പുറകിലല്ലെന്ന് ഹാത്രസ് ഉൾപ്പെടെ അടിവരയിടുന്നുണ്ട്. അത്തരം ജാതി ഗ്രാമങ്ങളിൽ ജീവനറ്റ് ചാരമാകുന്ന ദളിത് ശരീരത്തെ ഓർമ്മപ്പെടുത്തുകയാണ് ഫൂലനിലൂടെ.

ദളിതിനുള്ളിലെ ദളിതാണ് സ്ത്രീ

ഉത്തർപ്രദേശിലെ ഗുറാ കാ പുർവ്വ എന്ന ഗ്രാമത്തിൽ 1963 ലാണ് ഫൂലൻ ജനിച്ചുവളർന്നത്. അന്ന് ദളിതനെ തൊട്ട കാറ്റിനുപോലും അയിത്തമാണ്. സവർണ്ണ വിഭാഗമായ ഠാക്കൂറുകളായിരുന്നു ഗ്രാമത്തിന്റെ അധികാരികൾ. അവർ തീരുമാനിക്കുന്നതെ ഗ്രാമത്തിൽ നടക്കൂ. കീഴ്‌പ്പെട്ട് ജീവിക്കുക എന്നതല്ലാതെ മറ്റൊരു മാർഗ്ഗവുമില്ല. ഫൂലന് പതിനൊന്നാമത്തെ വയസ്സിൽ മുപ്പതുകാരനെ കല്ല്യാണം കഴിക്കേണ്ടിവന്നതിന് പുറകിലും ആ നിയമങ്ങളാണ്. മുതിർന്ന ഠാക്കൂറുകളുടെ സംഘമാണ് ഗ്രാമത്തിലെ ചെറുതും വലുതുമായ പ്രശ്‌നങ്ങൾക്ക് തീർപ്പ് കൽപ്പിക്കുന്നത്. ഠാക്കൂറുകൾ പ്രതിയായാലും ശിക്ഷ അനുഭവിക്കേണ്ടത് വാദിയായ അവർണ്ണനായിരിക്കും. ഈ രീതിയിലാണ് പഞ്ചായത്ത് ശിക്ഷ വിധിക്കുക.

ഫൂലൻ ദേവി. / Photo : Screengrab From WildFilmsIndia Youtube Channel

പതിനൊന്നുകാരിയായ ഫൂലനെ അതിക്രൂരമായാണ് ഭർത്താവ് ബലാത്സംഗം ചെയ്തത്. പേശികളുറക്കാത്ത പ്രായത്തിൽ ശരീരത്തിനേറ്റ ആക്രമണത്തിൽ നിവർന്നുനിൽക്കാനാവാതെ ദിവസങ്ങളോളം നരകിച്ചു. അവിടം വിട്ടോടി തിരികെ വീട്ടിൽ വന്നെങ്കിലും ഗ്രാമവാസികൾ മോശക്കാരിയായ ഒരുവളായാണ് കണ്ടത്. വീട്ടിലെ മുതിർന്നവരും അത് ആവർത്തിച്ചു. അക്കാലത്ത് വിറകുശേഖരിക്കുന്നതിനിടക്ക് ഠാക്കൂറുകാരനായ ഒരു പയ്യൻ പീഡിപ്പിക്കാൻ ശ്രമിച്ചു. രക്ഷപ്പെട്ട് ആശ്രയം തേടി എത്തിയത് ഗ്രാമത്തിലെ ഖാപ്പ് പഞ്ചായത്തിന് മുന്നിലാണ്. എന്നാൽ ഫൂലനെ തകർക്കുന്നതായിരുന്നു പഞ്ചായത്തിന്റെ തീരുമാനം. വളരെ മോശം സ്വഭാവമുള്ള ഫൂലനെ നാടുകടത്തണമെന്നാണ് ഗ്രാമമുഖ്യൻ പറഞ്ഞത്.

അലഞ്ഞുതിരിഞ്ഞ് മാസങ്ങൾക്കുശേഷം വീണ്ടും ഗ്രാമത്തിലെത്തിയ ഫൂലനെ ഠാക്കൂറുകൾ ശത്രുവായി പ്രഖ്യാപിച്ചു. ഫൂലൻ കൊള്ളക്കാരിയാണെന്ന് ആരോപിച്ചു പൊലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിപ്പിച്ചു. പൊലീസ് സ്റ്റേഷനിൽ ക്രൂരമായ കൂട്ടബലാത്സംഗത്തിനിരയായി. പിന്നിപ്പറഞ്ഞ ശരീരവുമായി ഗ്രാമത്തിലെത്തിയ ഫൂലനെ കാത്തിരുന്നത് മറ്റൊരു ദുരന്തമാണ്. ബാബു ഗുജ്ജർ എന്ന കൊള്ളക്കാരൻ അന്നുരാത്രിതന്നെ ഫൂലനെ തട്ടിക്കൊണ്ടുപോയി. അവരുടെ സങ്കേതങ്ങളിൽ വച്ച് വീണ്ടും വീണ്ടും അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടു. ശരീരം അൽപ്പപ്രാണൻ മാത്രമവശേഷിച്ച പഴംതുണിയായി. എന്നിട്ടും പുരുഷ കാമം അവളുടെ ജീവനെ വെല്ലുവിളിച്ചു.

കാലാകാലങ്ങളായി സ്ത്രീകൾക്ക് മേൽ തുടരുന്ന അധിനിവേശത്തിന്റെ ഒരു പേരുമാത്രമാണ് ഫൂലൻ. എവിടെയും രേഖപ്പെടുത്താത്ത നിശബ്ദരായ സ്ത്രീകൾ എണ്ണമറ്റതാകും. നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോ പുറത്തുവിട്ട കണക്കുകൾ അത്തരം സാധ്യതകളെ കൂടുതൽ ഉറപ്പിക്കുന്നതാണ്. ഓരോ പത്തു മിനുട്ടിലും രാജ്യത്ത് ഒരു ദളിതൻ അക്രമിക്കപ്പെടുന്നുണ്ട്. 9.4% വർദ്ധനയാണ് 2020 ഇൽ മാത്രം ഉണ്ടായത്. 12 പേരെങ്കിലും ജാതി വിവേചനത്തിന്റെ പേരിൽ ദിനം പ്രതി ആക്രമിക്കപ്പെടുന്നുമുണ്ട്. 2020 ഇൽ മാത്രം 3,372 ദളിത് സ്ത്രീകളാണ് ബലാത്സംഗം ചെയ്യപ്പെട്ടത്. 2018 ലെ കണക്കുകൾ പ്രകാരം ബലാത്സംഗം ചെയ്യപ്പെട്ടതിൽ 871 പേർ പതിനെട്ട് വയസ്സിൽ താഴെയുള്ളവരാണ്.

രണ്ടു പതിറ്റാണ്ടുകൾക്ക് മുൻപ് ഫൂലൻ കടന്നുവന്ന ഗ്രാമങ്ങൾ കൂടുതൽ വികൃതമായ ജാതി ബോധത്തിന് അടിമപ്പെട്ടു എന്നതാണ് പുറത്തുവരുന്ന കണക്കുകൾ വ്യക്തമാക്കുന്നത്. ജാതീയമായി ആക്രമിക്കപ്പെടുന്നവരിൽ മഹാഭൂരിഭാഗവും ദളിത് സ്ത്രീകളാണ്. വീട്ടകങ്ങളിൽ പോലും വലിയ പുരുഷാധിപത്യത്തിനും ഇവർ ഇരയാവുന്നുണ്ട്. ഇരട്ട പ്രഹരമാണ് യഥാർത്ഥത്തിലത്.

ജാതി പൂക്കുന്ന മണ്ണ്

വിക്രം മല്ല മസ്തനയാണ് ആദ്യമായി ഫൂലനെ സ്ത്രീയായി ഉൾക്കൊണ്ട മനുഷ്യൻ. കൊള്ളക്കാരുടെ തലവനായ ഗുജ്ജർ ഫൂലനെ ബലാത്സംഗം ചെയ്യുന്നത് നോക്കി നിൽക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. അടുത്ത നിമിഷം ഗുജ്ജറിന്റെ തലയോട്ടി തുളച്ചുകൊണ്ട് വിക്രം മല്ല വെടിയുണ്ട പായിച്ചു. നഗ്‌നമായ ഫൂലന്റെ ശരീരത്തിലേക്ക് തെറിച്ചു വീണ നീതിയായിരുന്നു ആ രക്തം. ഫൂലനെ വിക്രം മല്ല ജീവിതത്തോട് ചേർത്ത് നിർത്തി. ആയുധാഭ്യാസവും ആയോധനകലയും പരിശീലിപ്പിച്ചു. ആദ്യ പ്രതികാരത്തിനുള്ള അവസരമുണ്ടാക്കി കൊടുത്തതും അദ്ദേഹമാണ്. പതിനൊന്നാമത്തെ വയസ്സിൽ വിവാഹം ചെയ്ത് ജീവിതം അനാഥമാക്കിയ നാരദമന്റെ അടുത്തേക്കാണ് ആദ്യം പോയത്. അയാളുടെ ജീവനെടുക്കാതെ മൃത പ്രാണനാക്കിയാണ് ഫൂലൻ നീതി നടപ്പാക്കിയത്.

ഫൂലൻ ദേവി അവരുടെ സംഘത്തോടൊപ്പം

ഠാക്കൂറുകളുടെ നിരന്തര പീഠനങ്ങൾക്ക് ഇരയാകുന്ന ഗ്രാമത്തിലേക്കാണ് പിന്നീടവർ പോയത്. വിക്രം മല്ലക്ക് സ്വാധീനമുള്ള ഗ്രാമമായിരുന്നു അത്. അവരെ കണ്ടതും ഗ്രാമവാസികൾ തടിച്ചു കൂടി. നാടിന്റെ ദൈവമായ ഭവാനി ദേവിയുടെ സന്നിധിയിലേക്ക് ഗ്രാമവാസികൾക്കൊപ്പം ജാഥയായി ചെന്നു. ദുർഖാസന്നിധിയിൽ നിന്നും ചുവന്ന പട്ടെടുത്ത് വിക്രം മല്ല ഫൂലന്റെ നെറ്റിയിൽ കെട്ടി. ഗ്രാമത്തെ രക്ഷിക്കാൻ പിറവിയെടുത്ത ദേവിയുടെ അവതാരമായി ഫൂലനെ വിക്രം മല്ല അവതരിപ്പിച്ചു. ഫൂലന്റെ കൂടെ ദേവിയെന്ന പേരുകൂടി ചേർത്തു, ഫൂലൻ ദേവിയെന്ന് പ്രഖ്യാപിച്ചു. ഗ്രാമവാസികൾ ഒന്നടങ്കം ഫൂലൻ ദേവിക്കുമുന്നിൽ കൈകൂപ്പി ജയ് വിളിച്ചു.

ചെറിയ സമയത്തിനുള്ളിൽ ചമ്പലിനെ വിറപ്പിക്കുന്ന പേരായി ഫൂലൻ ദേവി മാറി. അണുവിട തെറ്റാതെ വെടിയുതിർക്കാനുള്ള കഴിവും സവർണ്ണ ജനതയെ നിരന്തരം ഭീതിയിലാഴ്ത്തി. അടുത്ത പ്രതികാരത്തിനായി കടന്നുചെന്നത് ബെഹ്‌മയി ഗ്രാമത്തിലേക്കാണ്. തന്നെ ബലാത്സംഗം ചെയ്ത് നഗ്നയായി വലിച്ചിഴച്ച് കൊണ്ടുപോയ വഴിയിലൂടെ തോക്കേന്തി നെഞ്ചുവിരിച്ചു നടന്നു. ആ കാഴ്ച്ചയിൽ നടുങ്ങിപ്പോയ സവർണ്ണർ ഓടിയൊളിച്ചു. രക്ത ദാഹിയായ കാളിയെപോലെ ഫൂലൻ ദേവി അന്നവിടെ കലിതുള്ളി ആടി. നഗ്‌നയായി നിൽക്കേണ്ടി വന്ന കിണറ്റിൻ കരയിൽ അപ്പോഴവിടെ ഉണ്ടായിരുന്ന ആണുങ്ങളെ മുഴുവൻ കൊണ്ടുവന്ന് ഏത്തമിടീച്ചു. പ്രതികാരം അടങ്ങാതെ ഓരോരുത്തരെയായി വെടിവച്ചുകൊന്നു. 21 രജ്പുത്ത് വിഭാഗത്തിൽ പെട്ട പുരുഷന്മാരെയാണ് ഇരുട്ടി വെളുക്കും മുൻപ് കൊന്ന് കിണറ്റിൽ തള്ളിയത്.

വി.പി. സിങ്ങ്

അന്നത്തെ കൂട്ടക്കൊല രാജ്യത്തെയാകെ പിടിച്ചുകുലിക്കി. ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വി പി സിങ്ങിന്റെ രാജിവരെ അത് നീണ്ടു. സവർണ്ണർ ഫൂലന്റെ രക്തത്തിനായി ഓടിനടന്നു. ഭരണകൂടവും സർവ്വ സന്നാഹങ്ങളുമായി കാടുകയറി. എന്നാൽ ചമ്പൽ കാടുകളിൽ പതിഞ്ഞ ഫൂലന്റെ അടുത്തെത്താൻപോലും അവർക്കായില്ല. കൊള്ളക്കാരുടെ രാജ്ഞി എന്ന വിളിപ്പേരുകിട്ടുന്നതും അക്കാലത്താണ്. വർഷങ്ങൾക്ക് ശേഷം എല്ലാം മടുത്ത ഫൂലൻ ഇന്ദിരാഗാന്ധിയുടെകൂടി ആവശ്യപ്രകാരം ഉപാധികളോടെ കീഴടങ്ങാൻ തീരുമാനിച്ചു. ഒരു കാലഘട്ടത്തിനാണ് അവിടെ വിരാമമായത്. അത്രമേൽ ചോരചിന്തിയിട്ടും തുടങ്ങിയ ഇടത്തുതന്നെ ജാതി ഉഗ്രരൂപം പൂണ്ട് നിൽക്കുന്നു എന്നതാണ് ഇന്നിന്റെ യാഥാർഥ്യം.

കോൺഗ്രസ്സും, ബി എസ് പിയും, എസ് പിയും ഭരിച്ച സംസഥാനമാണ് ഉത്തർപ്രദേശ്. ജാതി വ്യസ്ഥയിൽ മനം നൊന്ത് ബുദ്ധമതത്തിന്റെ ഭാഗമാവുകയാണെന്ന് പ്രഖ്യാപിച്ച മായാവതിയും ഭരണത്തിൽ കയറിയപ്പോൾ കവാത്തുമറന്ന മനുഷ്യനായി. ദളിത് നേതാക്കളുടെ പ്രതിമ സ്ഥാപിക്കലും മറ്റുമായി തൊലിപ്പുറത്ത് മാത്രമുള്ള ചികിത്സക്കെ അവർക്കും സാധിച്ചൊള്ളു. സവർണ്ണരുടെ ജാതീയമായ അഹന്ത ദിനംപ്രതി കൂടുകയല്ലാതെ കുറഞ്ഞില്ല.

കോൺഗ്രസ്സ് തകർന്നടിഞ്ഞപ്പോൾ മറ്റ് മതേതര സ്വഭാവമുള്ള രാഷ്ട്രീയ പാർട്ടികൾ അധികാരത്തിൽ വന്നിട്ടും മാറ്റമുണ്ടായില്ല. ഹിന്ദുത്വവാദം ഉയർത്തി രണ്ടാം തവണയും അധികാരത്തിൽ വന്ന ബി ജെപിക്കും സവർണ്ണതയുടെ മുന്നിൽ കൈകൂപ്പാനെ സാധിച്ചൊള്ളു. ദളിതൻ അപ്പോഴും അവർ പറയുന്ന ഹിന്ദുവിന് പുറത്തായിരുന്നു. ഭരണഘടന ശക്തമായി പുറന്തള്ളിയ ജാതി വ്യവസ്ഥ ഇപ്പോഴും ഗ്രാമങ്ങളെ ഭരിക്കുന്നു എന്നതാണ് യാഥാർഥ്യം. മാറി മാറി വന്ന ഭരണകൂടത്തിന്റെ സവർണ്ണ താല്പര്യങ്ങൾ അടിവരയിടുന്നതാണ് ഇന്നും ഉത്തർപ്രദേശിൽ നടക്കുന്ന ജാതിയുടെ പേരിലുള്ള ക്രൂരതകൾ.

Photo : Mayawati, Fb Page

ഇനിയൊരുത്തിക്കും ജന്മം കൊടുക്കരുത്

അന്ന് മഹാത്മാഗാന്ധിയെയും ദുർഗാദേവിയെയും സാക്ഷിയാക്കി മധ്യപ്രദേശ് മുഖ്യമന്ത്രി അർജുൻസിങ്ങിന് മുന്നിലാണ് ഫൂലൻ ആയുധം വച്ച് കീഴടങ്ങിയത്. ഉത്തർ പ്രദേശിലെ ഭരണകൂടത്തെ വിശ്വാസമില്ലാത്തതുകൊണ്ടാണ് കീഴടങ്ങുന്നത് മധ്യപ്രദേശിലേക്ക് മാറ്റിയത്. അയ്യായിരത്തിലധികം ഗ്രാമീണരും ഫൂലനെ കാണാൻ അന്നവിടെ തടിച്ചു കൂടിയിട്ടുണ്ട്. നാല്പത്തിയെട്ടു കുറ്റങ്ങളിൽ വിചാരണചെയ്യപ്പെട്ടെങ്കിലും പതിനൊന്നു വർഷം കൊണ്ട് ജയിൽ മോചിതയായി. 1996 ൽ മിർസാപൂരിൽ നിന്നും സമാജ്വാദി പാർട്ടി പിന്തുണയോടെ ഫൂലൻ മത്സരിച്ച് ലോക്സഭയിലെത്തി. 1999 ൽ വീണ്ടും വിജയിച്ച ഫൂലനെ നിനച്ചിരിക്കാതെയാണ് പിന്തുടർന്നെത്തിയ ദുരന്തം കീഴ്‌പ്പെടുത്തിയത്. മൂന്നു പേർ ചേർന്ന് വെടിവച്ചു കൊല്ലുകയാണുണ്ടായത്. കാലം നിരന്തരം വേട്ടയാടിയ ആ ശരീരത്തിൽ നിന്നും 9 വെടിയുണ്ടകളാണ് കണ്ടെത്തിയത്.

ഫൂലന്റെ കൊലപാതകരിൽ ഒരാളായ ഷേർസിംഗ് പറഞ്ഞത്, ഉയർന്ന ജാതിക്കാരെ കൂട്ടക്കൊല ചെയ്തതിനുള്ള പ്രതികാരമാണെന്നാണ്. അക്കാലത്ത് ഖാപ്പ് പഞ്ചായത്തുകൾക്ക് പുറമെ കാൺപൂരിൽ ബ്രാഹ്‌മണരുടെ മാഫിയ സംഘങ്ങൾ വരെയുണ്ട്. ഇന്നും മറ്റു പലമുഖങ്ങളിൽ പഴകിദ്രവിച്ച ജാതിബോധവും പേറി അധികാരം കയ്യാളുന്നവർ കുറവല്ല. ലാൽഗഡിൽ ബലാത്സംഗം ചെയ്ത് ജീവനോടെ കത്തിക്കാൻ സവർണ്ണന് സാധിക്കുന്നതിന് പുറകിലെ പ്രേരണ ഇത്തരം സംഘങ്ങളുടെ പിന്തുണയാണ്. ഉന്നാവിൽ ഇഷ്ടികകൊണ്ട് അടിച്ചുകൊന്ന അമിത് കുമാറിനും എണ്ണമറ്റ ദളിത് മനുഷ്യർക്കും നീതി സ്വപ്നങ്ങളിൽ പോലും സാധ്യമായിട്ടില്ല. ആ കണ്ണികളിൽ ശ്രദ്ധിക്കപ്പെട്ട ചിലത് മാത്രമാണ് ഹാത്രസ്.

കത്തുവ-ഉന്നാവോ പീഡനക്കേസുമായി ബന്ധപ്പെട്ട് ന്യൂ ഡൽഹിയിലെ പാർലമെൻറ് റോഡിൽ നടന്ന പ്രതിഷേധം. / Photo : Wikimedia Commons

കാലം എത്ര മുന്നോട്ടോടിയാലും ഇവിടെ ഇങ്ങനെയൊക്കെ നടക്കുമെന്ന് ആവർത്തിച്ചു പറയുന്ന ദാർഷ്ട്യം ജനാധിപത്യ മതേതര റിപ്പബ്ലിക്കിന് വെല്ലുവിളിയാണ്. എണ്ണമറ്റ നാണിപ്പിക്കുന്ന ഉദാഹരങ്ങളുണ്ട്. അന്ന് ഖുശി നഗറിലെ പോളിയോ വാക്‌സിൻ ഉൽഘാടനം മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ് ആയിരുന്നു. ദളിത് മേഖലയായ അവിടെ തലേ ദിവസം ജില്ലാ ഭരണകൂടം വിതരണം ചെയ്തത് സോപ്പും ഷാംപുവുമാണ്. ഇതാണ് യാഥാർഥ്യം. ജീവിതത്തിന്റെ ഓരോ അണുവിലും ദളിതർ അനുഭവിക്കുന്നത് അങ്ങേയറ്റം വിവേചനമാണ്.

സ്വന്തം അമ്മയെപ്പോലും കാണിക്കാതെ ഹാത്രസിലെ പെൺകുട്ടിയെ ചുട്ടെരിക്കാൻ പൊലീസിന് ധൈര്യം കിട്ടിയതിന് പുറകിലും തലച്ചോറിനുള്ളിലെ ജാതിയാണ്. എല്ലാത്തിലുമുപരി അവർ അത്രെയേ അർഹിക്കുന്നൊള്ളൂ എന്ന സവർണ്ണതയുടെ ദാർഷ്ട്യമാണ്. ഫൂലൻ ദേവി കിടന്നിരുന്ന ജയിലിലെ ഡോക്ടർ നടത്തിയ വെളിപ്പെടുത്തൽ പോലും ആ മനോഭാവം അടിവരയിടുന്നുണ്ട്. "ഇനി ഇതുപോലൊരുത്തിക്ക് ജന്മം കൊടുക്കാതിരിക്കാൻ വേണ്ടിയാണ് ഫൂലന്റെ ഗർഭപാത്രം നീക്കം ചെയ്തത്'. അയാൾ അതുപറഞ്ഞ് ചിരിച്ചു.

ഡൽഹി ലെൻസ്​ പരമ്പരയിലെ മറ്റ് ലേഖനങ്ങൾ വായിക്കാം

Comments