പരുംഖിലെ ആ ദളിതൻ
അയാളിപ്പോ എന്തു ചെയ്യുകയായിരിക്കും?
ദക്ഷിണേന്ത്യയിൽ എവിടെയെങ്കിലും കൂലിപ്പണിയെടുക്കുകയാവും.
ചെറുതായിട്ട് തമിഴ് അറിയാവുന്നതുകൊണ്ട് തമിഴ്‌നാട്ടിലായിരിക്കാം.
ചിലപ്പോൾ യു.പിയിൽ തന്നെ.
വീട്ടു പ്രാരാബ്ധവും കെടുതികളും ജീവിതം എങ്ങനെയെല്ലാം മാറ്റിയിരിക്കും എന്നറിയില്ല. യു.പിയിലെ മാധ്യമജീവിതം അവസാനിച്ചതോടെ അയാളുമായുള്ള ബന്ധം കട്ടായി. വിളിയും ഇല്ലാതായി.
കാൻപുർ ദെഹാട്ട് ജില്ലയിലെ ഒരു ഗ്രാമ യാത്രയിലാണ് കക്ഷിയെ കണ്ടുകിട്ടിയത്. എവിടേക്കോ പോകാനുള്ള തിരക്കിൽ പല വണ്ടിയ്ക്കും കൈകാണിച്ച് നില്ക്കുകയായിരുന്നു, അങ്ങനെ ഞങ്ങളയാളുടെ മുന്നിൽ ചെന്നുപെട്ടു.
ലഖ്‌നൗ ന്യൂസ് ബ്യൂറോയിലിരിക്കെ ഒരു ദിവസം കോഴിക്കോട് നിന്ന് എക്‌സി. എഡിറ്ററുടെ കോൾ വരുന്നു. സുപ്രീംകോടതി അഭിഭാഷകനായ രാംനാഥ് കോവിന്ദ് എന്നൊരാളാണ് അടുത്ത രാഷ്ട്രപതി. യു.പിക്കാരനാണ്, ഒട്ടും പോപ്പുലറല്ല. ആർക്കും കാര്യമായ ഐഡിയയില്ല. അവിടന്ന് ചില ഗ്രൗണ്ട് സ്റ്റോറീസ് വേണം, അയാളുടെ നാട്ടിലൊന്നു പോയി ചെയ്താൽ നന്നാകും. ഒരു വണ്ടിയെടുത്തോളൂ. അങ്ങനെ, കാറെടുത്ത് രാംനാഥ് കോവിന്ദ് ജനിച്ച പരുംഖ് എന്ന ഗ്രാമത്തിലേക്ക് രാവിലെ ലഖ്‌നൗവിൽ നിന്ന് ടാക്‌സിയിൽ. അവിടെ ചെന്ന് ഗ്രാമം കണ്ടുപിടിക്കണം, ഒരു കമ്പനിയ്ക്ക് ലഖ്‌നൗവിലെ ഒരു സുഹൃത്തിനെ കൂടെ കൂട്ടി. ദെഹാട്ട് ഹൈവേയിൽ നിന്ന് ഫ്‌ളൈ ഓവറിന്റെ ചുവട്ടിലൂടെ വലത്തോട്ട്. അവിടത്തെ പുലർച്ചെ ചന്ത തീരാറായി. അരികിലെ ചെറിയ ടാറിങ് റോഡിലൂടെ ദൂരം കുറെ പോയി. ശേഷം ഗ്രാമപ്രദേശത്തേക്ക് തിരിഞ്ഞു. കാര്യമായ വികസനമൊന്നും എത്താത്ത ഇടങ്ങളിലൂടെ വണ്ടി പിന്നെയും പോയി. വഴി ചോദിച്ചു. രാംനാഥ് കോവിന്ദ് ആരെന്നറിയില്ല. ഗ്രാമത്തിന്റെ പേരുപോലും പലർക്കും പിടിയില്ല. ഒരു പകലെങ്കിലും ഗ്രാമത്തിൽ കറങ്ങിയാലേ വല്ലതും എഴുതാൻ കിട്ടൂ. മുന്നോട്ട് പോയപ്പോൾ സ്ഥലപ്പേര് ചിലർക്കറിയാം എന്ന അവസ്ഥയായി, ഭാഗ്യം. പക്ഷേ രാഷ്ട്രപതിയോ അതെന്താ എന്ന മട്ടിലായിരുന്നു പലരുടേയും നോട്ടം അപ്പോഴും.
യു.പിയിലെ വർഗീയ- കലാപ കഥകൾ കേട്ടവരുടെ ഭാവനയിൽ ഇത്തരം മനുഷ്യരുണ്ടാകില്ല. പക്ഷേ നന്മയുള്ള, ഗതികെട്ട, നിഷ്‌കളങ്കമായി, അലട്ടലുകളോട് പൊരുതി ജീവിതം നയിക്കുന്ന, അവിശ്വസനീയമായ പ്രതീക്ഷ വെച്ചുപുലർത്തുന്ന വലിയൊരു പറ്റം മനുഷ്യരുടെ ദേശം കൂടിയാണത്.
സ്ഥലം കണ്ടുപിടിക്കുക വല്യ പണിയായി.
വലിയ വൈക്കോൽ കൂനകളും തൊഴുത്തുകളും നിറഞ്ഞ കുറച്ചു വീടുകൾ കടന്നുപോയി. അപ്പുറത്ത് ഒരു പീടിക, ബസ് സ്റ്റോപ്പ് പോലൊരു ഷീറ്റ് മേഞ്ഞ ഇടം. അതിൻ മുന്നിൽ ഒരാളെ കണ്ടു, 40-42 വയസ്സ് കാണും. വഴി ചോദിച്ചു. അറിയാം, കുറച്ചുദൂരമുണ്ട്, ആ ഭാഗത്തേക്കാണ് താനും, വണ്ടിയിൽ വന്നോട്ടെ- അയാൾ ചോദിച്ചു. ഇത് വയ്യാവേലിയാകുമോ എന്നറിയില്ല, മനസ്സില്ലാമനസ്സോടെ ഓകെ പറഞ്ഞു. വണ്ടിയിൽ കേറി പിന്നെയും മുന്നോട്ട്. കാര്യം എന്താണെന്ന് പുള്ളി ചോദിച്ചു. രാഷ്ട്രപതിയുടെ കാര്യം പറഞ്ഞു. ഒന്നും മനസ്സിലായിട്ടില്ല. മീഡിയ ആണെന്നു പറഞ്ഞപ്പോ ശരി വേണേൽ കൂടെ വരാം, തിരിച്ച് പോകുമ്പോൾ ഇറക്കിത്തന്നാൽ മതിയെന്ന് പറഞ്ഞു. കുറച്ച് മുറിത്തമിഴൊക്കെ അറിയാം. തിരുപ്പൂരിൽ കുറെനാൾ പണിയെടുത്തു, തമിഴ്‌നാട്ടിൽ പലയിടത്തുമായി കുറച്ചുവർഷം ജോലി ചെയ്തു. വിവാഹം കഴിഞ്ഞത് ഇപ്പോഴാണ്. കുറച്ചുദിവസമേ ആയുള്ളൂ. തത്ക്കാലം നാട്ടിൽ പണികളുമായി കൂടാനാണ് തീരുമാനം. ഭാര്യവീട്ടിലേക്ക് പോകാനായി ഇറങ്ങിയതാണ്. തിളങ്ങുന്ന സ്വർണക്കളറുള്ള കോട്ട് പോലത്തെ ഷർട്ടും പാന്റുമിട്ട അയാൾ വിശദമായ റിപ്പോർട്ട് അവതരിപ്പിച്ചു. പരുംഖിലേക്ക് വണ്ടി നീങ്ങി. കൃഷിയിടങ്ങളും ചെറിയ വീടുകളും പിന്നിട്ട് രാഷ്ട്രപതിയുടെ ഗ്രാമമെത്തി ഒടുവിൽ. മാധ്യമങ്ങൾ പലതും വന്നുകൊണ്ടിരിക്കുന്നു. നാട്ടുകാർക്ക് വലിയ ആവേശം. രാംനാഥ് കോവിന്ദിന്റെ ജ്യേഷ്ഠനേയും കുടുംബത്തേയും മറ്റ് ബന്ധുക്കളേയുമെല്ലാം കണ്ടു. മധുരവും ചായയും തന്നു. ലഡു വിതരണവും പടക്കം പൊട്ടിക്കലും തകൃതിയായി നടക്കുന്നുണ്ട്.
കുട്ടിക്കാലത്ത് രാംനാഥ് കോവിന്ദിനെ പഠിപ്പിച്ച ഒരു മാഷിനേയും ചില സുഹൃത്തുക്കളേയും കണ്ടു. ഏകാധ്യാപക വിദ്യാലയമായിരുന്ന അന്നത്. ഇപ്പോൾ ചെറിയൊരു ഗോശാലയാണത്. പണ്ടൊരു കുടിപ്പള്ളിക്കൂടം ആയിരുന്നു. അവിടെ കുറെ പശുക്കളെ കണ്ടു. കുട്ടിക്കാലത്ത് രാംനാഥ് പോയിരുന്ന കൊച്ചു ക്ഷേത്രവും നാട്ടുകാർ കാണിച്ചുതന്നു. ക്ഷേത്രത്തിലെ പൂജാരിയായിരുന്നു പിതാവ്. അദ്ദേഹം നാട്ടുവൈദ്യനുമായിരുന്നു. കോലി സമാജ് നേതാവായിരുന്ന രാംനാഥിന്റെ കുട്ടിക്കാലം പരുംഖിലാണെങ്കിലും പഠനത്തിനും മറ്റുമായി അവിടെ നിന്നും പിന്നീട് ബന്ധുവിന്റെ വീട്ടിലേക്ക് താമസം മാറി. വലുതായപ്പോൾ പഠനാർത്ഥം അലഹബാദും ഡൽഹിയുമായി പ്രവർത്തന മേഖല. ഓരോരുത്തരും പറഞ്ഞ കഥകൾ എഴുതിയെടുത്തു.
പൊതുവേ രാഷ്ട്രീയ നേതാക്കളുടെ വീടാണെങ്കിൽ കേറിച്ചെല്ലാനുള്ള ഒരു ഉത്തരേന്ത്യൻ ഗ്രാമീണന്റെ സങ്കോചം ആ പെരുമാറ്റത്തിൽ കണ്ടു. സാധാരണമായ വീടും അന്തരീക്ഷമായിട്ടും അയാളവിടെ പരിസരത്ത് നിന്നു.
പ്യാരേലാലിന്റെ മകളുടെ ഭർത്താവ് ദീപക്, രാംനാഥ് കോവിന്ദ് സത്യപ്രതിജ്ഞയ്ക്ക് മുൻപ് ചിലപ്പോൾ ഗ്രാമത്തിൽ എത്താനിടയുണ്ടെന്നും വീട്ടിലെത്തിയാൽ അറിയിക്കാമെന്നും പറഞ്ഞു. അവിടത്തെ പടങ്ങൾ വാട്‌സാപ് ചെയ്യാമെന്നും അയാൾ ഉറപ്പുതന്നു. അവിടത്തെ ചില ഫോട്ടോകൾ കൂടിയെടുത്തു. സംഗതി തരക്കേടില്ലല്ലോ എന്ന ഭാവത്തിലേക്ക് അപ്പോഴേക്കും വഴി കാണിക്കാൻ വന്നയാളിന് ബോധ്യമായി. നാട്ടുകാരോട് സംസാരിക്കാനും മറ്റും പുള്ളി ഉഷാറായി. ഭാര്യവീട്ടിലേക്ക് വൈകീട്ടായാലും പോകാം സമയമുണ്ടല്ലോ എന്ന ലൈനിലായി. രാംനാഥ് കോവിന്ദിന്റെ സഹോദരന്റെ വീടിനുള്ളിലേക്ക് പക്ഷേ അയാൾ വന്നില്ല. കാരണം അതാരാണെന്ന് അയാൾക്ക് വല്യ പിടിയില്ല. ചായ കുടിക്കാനായി വിളിച്ചെങ്കിലും ഡ്രൈവറും അയാളും എന്തോ വന്നില്ല. പൊതുവേ രാഷ്ട്രീയ നേതാക്കളുടെ വീടാണെങ്കിൽ കേറിച്ചെല്ലാനുള്ള ഒരു ഉത്തരേന്ത്യൻ ഗ്രാമീണന്റെ സങ്കോചം ആ പെരുമാറ്റത്തിൽ കണ്ടു. സാധാരണമായ വീടും അന്തരീക്ഷമായിട്ടും അയാളവിടെ പരിസരത്ത് നിന്നു. രാംനാഥ് കോവിന്ദിന്റെ ജ്യേഷ്ഠൻ പ്യാരേലാൽ സാധാരണ മനുഷ്യനാണ്. സമീപത്ത് ചെറിയ കടയുണ്ട്. മക്കളെല്ലാം മുതിർന്നു, വിവാഹം കഴിഞ്ഞു, കട അവരെ ഏല്പിച്ചു, ഇടയ്ക്ക് മാത്രം കടയിൽ പോയിരിക്കും, ബാക്കി സമയം വീട്ടിലാണ്. ദീപക് കോവിന്ദ് മൊബൈൽ നമ്പർ സേവ് ചെയ്തു. ഇതെല്ലാം കണ്ട് അയാളവിടെ നില്പുണ്ട്. തിരിച്ചുപോവേണ്ടി സമയമായി, യാത്ര പറഞ്ഞു, വണ്ടിവിട്ടു.
ലഖ്‌നൗവിൽ വേഗം എത്തണം, അതിന് മുൻപ് അവിടെ തന്നെ രണ്ടിടത്തുകൂടി പോകണം. പിറ്റേന്ന് എഡിറ്റ് പേജിലേക്ക് വിശദമായ സ്റ്റോറി കൊടുക്കണം. ഒന്നോ രണ്ടോ ന്യൂസ് ഐറ്റവും. വണ്ടി വേഗം വിടാനായി പറഞ്ഞു. എവിടെയാണ് ഇറങ്ങേണ്ടത് എന്ന് പറഞ്ഞാൽ ഇറക്കാം, എന്ന് അയാളോടും. വഴി പറഞ്ഞുകൊടുത്ത് ഡ്രൈവറുടെ അടുത്ത് അയാളിരുന്നു. ഹൈവേയിലേക്ക് എത്താനെളുപ്പം ആ റോഡാണ് - കൈചൂണ്ടി. അതിനുമുൻപ് ഞാനിറങ്ങും - അയാൾ പറഞ്ഞു. കുറച്ചുദൂരം പോയിക്കഴിഞ്ഞപ്പോൾ ഒരു ചെറിയ കവല. വണ്ടി നിർത്താൻ പറഞ്ഞു. കൊച്ചുകടയും നരച്ച് ദ്രവിച്ചു പഴകിയ പാട്ടകളും ചാക്കുകൾ കൂട്ടിവെച്ച ഒരു ഗോഡൗണും വളം സൂക്ഷിക്കുന്ന സ്ഥലവുമെത്തി. ചിലർ അവിടെ കുത്തിയിരിക്കുന്നുണ്ട്. കക്ഷി പുറത്തിറങ്ങി ഉച്ചത്തിൽ ആവേശത്തോടെ ആരോടോ എന്തോ പറഞ്ഞ്, ചിരിച്ച് ഒരു കടയിലേക്ക്. അയാളുടെ ഏരിയ ആണെന്ന് തോന്നി. അരലിറ്റർ സെവൻ അപ്പും കുറച്ച് ആഗ്ര പേടയും പൊതിഞ്ഞുമേടിച്ച് വീണ്ടും കാറിലേക്ക് ചാടിക്കയറി. ഇയാളെ എത്രയുംവേഗം ഒഴിവാക്കണം, നമ്മൾക്ക് ടൈമില്ല- സുഹൃത്തിനോട് ഞാനും തിരക്കുകൂട്ടി. വണ്ടി ഒരു പാടത്തിന് നടുവിലെ പാതയിലൂടെ നീങ്ങി. അതിനിടെ തിരിഞ്ഞിരുന്ന് വിനയത്തോടെ അയാൾ പറഞ്ഞു. സോറി സാർ, ഇവിടന്ന് ദാ ആ വഴി നേരെ രണ്ട് കിലോമീറ്റർ കൂടി പോയാൽ ഹൈവേയാണ്. അടുത്ത വളവിൽ ഞാനിറങ്ങും. അതിന്റെ തൊട്ടടുത്താണ് വീടും. രണ്ടുമിനിറ്റ് സമയം അവിടെയൊന്ന് വരാമോ. വന്നാൽ വലിയ സന്തോഷമാകും. വീട്ടുകാരോടും പറഞ്ഞിട്ടുണ്ട്. എന്റെ ഭാവത്തിൽ നിന്ന് അത് പറ്റില്ലെന്ന് ഉറപ്പിച്ചതുകൊണ്ടാകാം കൂടെയുള്ള സുഹൃത്തിനോടായി. അവൻ പറഞ്ഞു- സമയമില്ല ഭായ്, പറ്റില്ല. ഞങ്ങൾക്ക് വേഗം എത്താനുള്ളതാണ്. അയാൾ പക്ഷേ പിന്നെയും ഭയങ്കര റിക്വസ്റ്റാണ്. സുഹൃത്ത് എന്നെ നോക്കി. ഇതൊരു പൊല്ലാപ്പായല്ലോ എന്ന അവസ്ഥ.
നമുക്കൊരു അഞ്ചു മിനിറ്റിൽ തീർക്കാം ഭായ്, അയാളെ അവിടെ വിട്ട് നേരെ പോകാം - ഞാൻ ഡീൽ ചെയ്‌തോളാം- അയാളോട് സോഫ്റ്റ് കോർണർ വന്ന ഭാവത്തിലായി അവനും. മനസ്സില്ലാമനസ്സോടെ സമ്മതിച്ചു. അയാൾ ഹാപ്പി. കാറിൽ തിരിഞ്ഞിരുന്നു കക്ഷി. സമയം മെനക്കേടാണെന്ന് ഞാനുറപ്പിച്ചു, അതോടെ. ആരെയോ ഫോണിൽ വിളിക്കാനായി ശ്രമിക്കുന്നുണ്ട് അയാൾ, കട്ട് ആവുന്നുണ്ട്. മൊബൈൽ റേഞ്ച് വളരെ കുറവ്. വലിയ വഴിയിൽ നിന്ന് വയലിലൂടെ ഇടുങ്ങിയ വഴിയിലേക്കിറങ്ങി. വണ്ടി പോകുമോ എന്ന് ഡ്രൈവർക്ക് സംശയമായി. പ്രശ്‌നമില്ലെന്ന് അയാൾ. കുറച്ചുപോയി ആറോ ഏഴോ വീടുകൾ ചേർന്ന ഗ്രാമത്തിലേക്കെത്തി. പാടത്തിന്റെ അറ്റത്താണ്. ചില മരങ്ങളും തൊഴുത്തും അതുപോലെ ചില വീടുകളും. മാലിന്യകുപ്പയായി പാതി നികന്ന പഴയൊരു കുളം, മെലിഞ്ഞ പശുക്കളും പന്നികളും. വീട്ടിലേക്ക് ഇറങ്ങിച്ചെല്ലാൻ അയാൾ ക്ഷണിച്ചു. കുറച്ച് കുട്ടികൾ പലയിടത്ത് കളിക്കുന്നു. ട്രൗസറ് മാത്രമിട്ട അവരുടെ മേലാകെ പൊടി തൊഴുത്തും വീടും ഒരുമിച്ചാണ്. ഉച്ചയാണ്. നല്ല വെയിലാണ്. ചൂടുകാരണം മരച്ചുവട്ടിൽ കയർ കൊണ്ടുള്ള കട്ടിലുകൾ ഇട്ട് പ്രായമായ ചിലർ കിടപ്പുമുണ്ട്. പൊട്ടിപ്പൊളിഞ്ഞ മരബഞ്ച് ഉമ്മറത്തിട്ട ഒരു വീട്ടിലേക്ക് അയാൾ ഞങ്ങളെ കൂട്ടി. കാർ വന്നപ്പോൾ കുട്ടികൾ ഓടിയെത്തി. ഉമ്മറത്തേക്ക് ചെന്നു. പൊടിപിടിച്ച രണ്ട് ഫൈബർ കസേരകള് വേഗം തുണിയെടുത്ത് തുടച്ച് കൊണ്ടുവന്നിട്ട് അയാൾ ഇരിക്കാനായി പറഞ്ഞു. കുപ്പിയും സ്വീറ്റ്‌സും കുട്ടികളെ ഏല്പിച്ചു. ഡിസ്‌പോസിബിൾ ഗ്ലാസും രണ്ട് കടലാസ് പ്ലേറ്റുകളും അയാൾ ആ കടയിൽ നിന്ന് മേടിച്ചിരുന്നു. ദാരിദ്ര്യം എല്ലാ രൂപങ്ങളും എടുത്തണിഞ്ഞ സ്ഥലം. കുട്ടികൾ അയാൾ പറഞ്ഞപടി ഗ്ലാസുകളിൽ വെള്ളം നിറച്ചു. പ്ലേറ്റിൽ മധുരം കൊണ്ടുവന്നു. ഞങ്ങൾക്കും ഡ്രൈവർക്കും തന്നു. വളരെ ചെറിയ കുട്ടികളാണ്. തികഞ്ഞ അനുസരണയോടെ ഇതെല്ലാം ചെയ്തത്. പൊട്ടിപ്പൊളിഞ്ഞ വീട്. പഴയ മരത്തടികൾ കൂട്ടിയിട്ട മേൽക്കൂര. മുകളിൽ കൈതോലയോ വൈക്കോലോ.
ടി.വിയിൽ കാണുന്ന മാധ്യമപ്രവർത്തകരെ പോലെ പ്രസിദ്ധരായവരൊന്നുമല്ല ഞങ്ങൾ, വെറും അന്യസംസ്ഥാന തൊഴിലാളികളാണ്, നിങ്ങൾ തിരുപ്പൂരിൽ പണിയെടുക്കുന്നതുപോലെയെന്ന് പറഞ്ഞുനോക്കി. ചിരിയോടെ അയാളതിനെ നിരസിച്ചുകൊണ്ട് നേരിട്ടു.
അടുത്തകാലത്തൊന്നും വീട് മേഞ്ഞ ലക്ഷണമില്ല. അതിന്റെ ഉള്ളിലൂടെ ആകാശം വ്യക്തം. മഴ പെയ്താൽ ഒരു തുള്ളി വെള്ളം പുറത്തുപോകില്ല എന്നുള്ള അവസ്ഥ. അടുപ്പിലെ തീയും പുകയും ചേർന്ന് ദ്രവിച്ച് കരിപിടിച്ച ചുവരും മേൽക്കൂര. മഴക്കാലത്ത് പരിസരം വെള്ളത്തിലാകും എന്നുറപ്പാണ്. വല്ലാത്തൊരു തരം ഇല്ലായ്മ അവിടെയാകെ വട്ടംകൂടി നിൽക്കുന്നു. ഞങ്ങൾ ദളിതരാണ്. പുറംപണികൾക്ക് പോകും. മദ്രാസിലും മറ്റും ഞാനേ ഈ ഗ്രാമത്തിൽ നിന്ന് പോയിട്ടുള്ളൂ, ഗ്രാമത്തിലെ ചിലർ ഗാസിയാബാദിലൊക്കെ പണിയ്ക്ക് പോയി. നോട്ടുനിരോധനം വന്നപ്പോൾ തിരിച്ചുവന്നു. അടുത്തുള്ള ചെറിയ സ്‌കൂളിലേക്ക് തന്നെ നല്ല ദൂരമുണ്ട്. മഴക്കാലത്ത് വഴിയെല്ലാം വെള്ളം കയറി അടയും- അയാൾ പറഞ്ഞു. കുട്ടികൾ തന്ന വെള്ളം കുടിച്ചു, മധുരം കഴിച്ചില്ല. കുട്ടികളത് നോക്കി നിൽക്കുന്നു. അവരോടത് കഴിക്കാനായി പറഞ്ഞു. അയാളെ അവർക്ക് പേടിയാണെന്ന് തോന്നി. അയാളും സമ്മതിച്ചില്ല. അതുപറ്റില്ല, നിർബന്ധിച്ചു കൊടുക്കാനായി പറഞ്ഞപ്പോൾ തലയാട്ടി. അയാൾ ചിരിച്ചതോടെ കുട്ടികൾ മധുരമെടുത്തു. സന്തോഷത്തോടെ മേടിച്ച് ഓടിപ്പോയി കളിക്കാനായി. ചില മുതിർന്ന ആളുകളേയും വീട്ടിലെ സ്ത്രീകളെയും പരിചയപ്പെടുത്തി. ചിലർ അവിടെ കൂട്ടംകൂടി നോക്കി നിന്നു. ഇറങ്ങാമെന്ന് സുഹൃത്തിനോട് ആംഗ്യം കാട്ടി. ആദ്യമായാണ് ഒരു മാധ്യമപ്രവർത്തകനെ നേരിട്ട് പരിചയപ്പെടുന്നത്, ഞങ്ങളുടെ ഗ്രാമത്തിലേക്ക് പുറത്തുനിന്നും അധികമാരും വരാറില്ല. അത്തരം പ്രശ്‌നം നിങ്ങൾക്ക് ഉണ്ടാകില്ലെന്ന് തോന്നി. അതാണ് ക്ഷണിച്ചുനോക്കിയത് - അയാൾ പറഞ്ഞു.
ടി.വിയിൽ കാണുന്ന മാധ്യമപ്രവർത്തകരെ പോലെ പ്രസിദ്ധരായവരൊന്നുമല്ല ഞങ്ങൾ, വെറും അന്യസംസ്ഥാന തൊഴിലാളികളാണ്, നിങ്ങൾ തിരുപ്പൂരിൽ പണിയെടുക്കുന്നതുപോലെയെന്ന് പറഞ്ഞുനോക്കി. ചിരിയോടെ അയാളതിനെ നിരസിച്ചുകൊണ്ട് നേരിട്ടു. നിങ്ങൾ വന്നത് തന്നെ വലിയ സന്തോഷമാണ്- അയാൾ പറഞ്ഞു. അഞ്ചു മിനിറ്റ് പത്തുമിനിറ്റിൽ കൂടുതലായി. യാത്ര പറഞ്ഞിറങ്ങി. കുട്ടികൾക്ക് വേണ്ടി സുഹൃത്തിന്റെ കയ്യിലുണ്ടായിരുന്ന രണ്ട് നൂറുരൂപാ നോട്ട് അയാൾക്ക് നേരെ നീട്ടി. വാങ്ങിയില്ല. കുട്ടികൾക്ക് മധുരം മേടിക്കാനാണ്, വേണ്ടെന്ന് പറയരുത്. അതൊക്കെ ഞാൻ മേടിച്ചുകൊടുത്തോളാം- അയാൾ സ്‌നേഹത്തോടെ തിരിച്ചു പറഞ്ഞു. നിർബന്ധിച്ചു, കൂട്ടാക്കുന്നില്ല. അത് പറ്റില്ലെന്ന് ഞങ്ങളും തീർത്തുപറഞ്ഞു . അതോടെ അയാൾ കീഴടങ്ങി. പക്ഷേ അതീവ ദരിദ്രനായ ആ മനുഷ്യൻ അതിലെ നൂറ് രൂപ എടുത്ത് ഇതു മതിയെന്ന് പറഞ്ഞ് ബാക്കി തിരിച്ചുതന്നു. പേരും ഫോൺ നമ്പറും ചോദിച്ചു, അതൊരു പേപ്പറിൽ എഴുതി മേടിച്ചു. അയാളുടെ നമ്പർ ചോദിച്ചതുമില്ല. അയാൾ പറഞ്ഞപ്പോൾ സുഹൃത്ത് ഒരു സെൽഫി എടുത്തു. അതിലേക്ക് കുട്ടികൾ വന്നുനിറഞ്ഞു ചിരിച്ചുനിന്നു. തിരിച്ചുപോന്നു. അവിടെ പോയത് നന്നായി എന്നുതോന്നി, ആ സന്തോഷം കണ്ടപ്പോൾ.
രാംനാഥ് കോവിന്ദ് വീട് വെച്ച കാൻപുർ ദെഹാട്ടിലെ മറ്റൊരു പ്രദേശത്തേക്ക് പോയി. ചില ബന്ധുക്കളുടെ വീട്ടിലും പരിസരത്തും. എല്ലാ കഥകളും കേട്ടെഴുതിയെടുത്തു. പടങ്ങളെടുത്തു. വാർത്തയും ഫീച്ചറുമെല്ലാം പത്രത്തിൽ വലിയ പ്രാധാന്യത്തോടെ തന്നെ അച്ചടിച്ചു വന്നു. ഇന്ത്യയുടെ പുതിയ രാഷ്ട്രപതിയായി രാംനാഥ് കോവിന്ദ് ചുമതലയേറ്റു. ചടങ്ങിന് പ്യാരേലാലും കുടുംബവും ഡൽഹിയിൽ പോകുമെന്ന് ദീപക് കോവിന്ദ് വിളിച്ചുപറഞ്ഞു. കുറച്ചുദിവസത്തിന് ശേഷം രാഷ്ട്രപതി ഗ്രാമത്തിലെത്തുമെന്ന് അദ്ദേഹം വാട്‌സാപ് മെസേജ് ചെയ്തു. ജന്മനാട്ടിലെത്തിയപ്പോൾ പടങ്ങളും മറ്റു വിവരങ്ങളും ദീപക് കോവിന്ദ് അയച്ചു. നാളുകൾ കഴിഞ്ഞു. ആ വാർത്ത മറഞ്ഞു. കുറച്ചുനാൾ ഇടയ്ക്ക് ചില മെസേജുകൾ രണ്ടോ മൂന്നോ വിളി. പിന്നീട് അത്തരം ആവശ്യങ്ങളില്ലാതായി. ദീപക് കോവിന്ദിനെ വിളിക്കേണ്ടി കാര്യമില്ലാതായി പരുംഖിലുള്ളവരെ മറന്നു. കൂടെ വന്ന മനുഷ്യനേയും.
മഴ പെയ്താൽ ഇവിടെ മുഴുവനും വെള്ളമാണ് സാർ, കുടിവെള്ളവുമില്ല. റോഡ് കണ്ടതല്ലേ, അല്പം കുടിവെള്ളമെങ്കിലും എത്തിക്കാനായി ഒന്ന് പറയാമോ രാഷ്ട്രപതിയോട് - അടുത്ത ചോദ്യം. ആദ്യം അതൊരു തമാശയായി തോന്നിയെങ്കിലും ചിരിച്ചില്ല.
മറ്റ് തിരക്കുകളും കൊടുംചൂടുമായി മല്ലടിച്ച് ലഖ്‌നൗ ബ്യൂറോയിൽ ജീവിതം തുടർന്നു. മൂന്നാം നിലയിൽ ടെറസ്സിനരികിലെ ബ്യൂറോ എന്ന കൊച്ചു മുറിയിൽ വേനലിൽ, 40- 46 ഡിഗ്രി ചൂടിൽ കഴിയാനാകാതെ പരവേശം കൊണ്ട് ഉഷ്ണിച്ചു. പലവട്ടം പരാതി അയച്ചിട്ടും പരിഹാരമുണ്ടായില്ല. ഗത്യന്തരമില്ലാതെ അന്നത്തെ മാനേജിങ് എഡിറ്ററെ ഫോണിൽ വിളിച്ചു കാര്യം പറഞ്ഞു. കൂളറിന്റെ അരികിലേക്ക് കുറച്ചുകൂടി നീങ്ങി ഇരുന്നോളൂ എന്ന് ഉപദേശവും കിട്ടി. കൊടുംചൂടിൽ പകൽ പ്രത്യേകിച്ചും, കൂളറുകൊണ്ട് യാതൊരു കാര്യമില്ലെന്ന് പറയാൻ ശ്രമിച്ചു പരാജയപ്പെട്ടു. പിന്നീട് അദ്ദേഹത്തെ ഫോണിൽ വിളിച്ചാൽ എടുക്കാതെയുമായി. വലിയ തൃപ്തിയോടെ അങ്ങനെ യു.പി. പത്രജീവിതം തുടർന്നു. ലഖ്‌നൗവിൽ നിന്ന് വാർത്തയ്ക്കു മാത്രം കുറവ് വരുത്തിയില്ല.
ഒരുദിവസം ഓഫീസിലുള്ളപ്പോൾ കോൾ വന്നു. അന്ന് കാറിൽ കേറിക്കൂടിയ കക്ഷിയാണ്. വിശേഷം ചോദിച്ചു. പറഞ്ഞു. രാഷ്ട്രപതിയുടെ വീട്ടിലെ കാര്യങ്ങൾ ചോദിച്ചു. അന്നത്തെ യാത്രയോടെ അത് കഴിഞ്ഞല്ലോ, വാർത്ത വന്നിരുന്നു എന്ന് പറഞ്ഞു. ശരി, ഈ ഭാഗത്ത് ഇനി യാത്രയുണ്ടെങ്കിൽ വിളിക്കണം-അയാൾ വെച്ചു. ഒരാഴ്ച്ചയ്ക്ക് ശേഷം കോൾ, ഒരപേക്ഷയുമായിട്ടായിരുന്നു വിളി.
ഞങ്ങടെ ഗ്രാമത്തിന്റെ അവസ്ഥ സാറ് കണ്ടതല്ലേ. സർക്കാർ സഹായം കിട്ടാൻ സഹായിക്കാമോ?; അയാൾ ചോദിച്ചു.സഹായിക്കണമെന്നുണ്ട്, പക്ഷേ കഴിയുമെന്ന് തോന്നുന്നില്ല. നിങ്ങൾ കരുതുന്നതുപോലെ ഭയങ്കര സ്വാധീനമുള്ള ജേർണലിസ്റ്റൊന്നുമല്ല, എനിക്കിവിടെ വ്യക്തിബന്ധമുള്ള രാഷ്ട്രീയ നേതാക്കളുമില്ല- അവസ്ഥ വിശദീകരിച്ചു.മഴ പെയ്താൽ ഇവിടെ മുഴുവനും വെള്ളമാണ് സാർ, കുടിവെള്ളവുമില്ല. റോഡ് കണ്ടതല്ലേ, അല്പം കുടിവെള്ളമെങ്കിലും എത്തിക്കാനായി ഒന്ന് പറയാമോ രാഷ്ട്രപതിയോട്- അടുത്ത ചോദ്യം.
ആദ്യം അതൊരു തമാശയായി തോന്നിയെങ്കിലും ചിരിച്ചില്ല.
ഒരു ഗ്രാമീണന്റെ നിഷ്‌കളങ്കമായ ചോദ്യമാണ്. ഗതികേട് പറയുകയാണ്, പ്രതീക്ഷയിലാണയാൾ.അതിന് എനിക്ക് രാഷ്ട്രപതിയുടെ വീടുമായി യാതൊരു ബന്ധവുമില്ലല്ലോ ഭായ്- മറുപടി പറഞ്ഞുനോക്കി. രാഷ്ട്രപതിയുടെ വീട്ടുകാരുമായി പരിചയമുണ്ടല്ലോ. അവരുടെ ശ്രദ്ധയിൽ പെടുത്തിയാൽ നടക്കും സാർ. ഒന്ന് സഹായിക്കണം- അയാളുടെ വാക്കുകൾ പിന്നെയും.സുഹൃത്തേ, ന്യൂസ് കവർ ചെയ്യാൻ പോയതല്ലേ. ചായ ചിലപ്പോ കിട്ടും, അത്രേയുള്ളൂ. വിളിച്ചാലൊന്നും മറുപടി കിട്ടില്ല. ഇത് ജോലിയുടെ ഭാഗമാണ്. രാഷ്ട്രപതിയെയോ കുടുംബത്തേയോ എനിക്കറിയില്ല. അവരുമായി നേരിട്ട് ബന്ധവുമില്ല. എം.എൽ.എ. പോലത്തെ പദവിയല്ല അദ്ദേഹത്തിന്റേത്- ബ്യൂറോയിലിരുന്ന് വിശദീകരിക്കാൻ വിഫലമായി ശ്രമിച്ചു.
അവിടന്ന് പടമെടുത്തതും സംസാരിച്ചതും കണ്ടതാണല്ലോ സാർ അയാളുടെ മരുമകന്റെ നമ്പർ സേവ് ചെയ്തല്ലേ. അയാൾ സഹായിച്ചാലോ ചിലപ്പോൾ - അയാൾ പ്രതീക്ഷ വിടുന്നില്ല.
ശ്രമിച്ചുനോക്കാനായി പറഞ്ഞ് അയാൾ ഫോൺ വെച്ചു.
നാലോ അഞ്ചോ കോളുകൾ ഈ ആവശ്യം പറഞ്ഞ് അയാൾ വിളിച്ചുകാണും. ഉത്തരേന്ത്യയിലെ ദളിനായ ഒരു പാവം ഗ്രാമീണന്റെ യുക്തിയിലാണ് അയാൾ ഇതെല്ലാം ചോദിക്കുന്നത്. ഒരു മാധ്യമ തൊഴിലാളിയുടെ നിസ്സഹായവസ്ഥ അയാൾക്കറിയില്ല. കേരളത്തിൽ നിന്ന് 2000 കിലോമീറ്ററിനുമപ്പുറം യു.പി. പോലൊരു ദേശത്ത് മലയാളം പത്രത്തിന്റെ ലേഖകന് റിപ്പോർട്ട് ചെയ്യുക, വാടകമുറിയിൽ പോകുക എന്നതല്ലാതെ ഒരു റോളോ മൂല്യമോ ആ നാട്ടിൽ ഇല്ലെന്ന് പറഞ്ഞാലും അയാൾക്ക് അത് മനസ്സിലാകില്ല.നോക്കാം നമുക്ക് ശ്രമിക്കാം, വിളിച്ചുനോക്കാം എന്ന് കളവുപറഞ്ഞ് ഒരു ദിവസം ഫോൺ വെച്ചു. ദിവസങ്ങളും ആഴ്ച്ചകളും കഴിഞ്ഞു.
പലതരത്തിൽ പെട്ടുകിടക്കുന്ന മനുഷ്യരാണ് നമ്മളെല്ലാവരുമെന്നോ, പണിയെടുത്ത് ഏതോ ദേശത്ത് ചൂട് കൊണ്ട് കിടപ്പാണെന്നോ പറഞ്ഞാൽ മനസ്സിലാകാത്ത അത്രയും നിഷ്‌കളങ്കനായ ഒരു മനുഷ്യനെ അന്ന് കണ്ടു. അയാളെ പരിചയപ്പെട്ടതിൽ തോന്നിയ സന്തോഷം പിന്നീട് നീറ്റലായി അവശേഷിച്ചു.
ഒരു രാത്രി റൂമിലെ ബക്കറ്റ് വെള്ളത്തിൽ പോക്കറ്റിൽ നിന്ന് വീണ് ഫോൺ ചത്തു. പലരുടേയും കോണ്ടാക്ട് നമ്പർ നഷ്ടപ്പെട്ടു. ആ ബന്ധവും. അയാളുടെ പേരുപോലും ഇപ്പോൾ മറന്നു. ഓഫീസിലേക്ക് വിളിച്ചിരിക്കാം. എടുത്ത കോളുകളിലൊന്നും അയാളുണ്ടായില്ല. യു.പി. ബ്യൂറോയിലെ ജോലി രാജിവെച്ചു. ലഖ്‌നൗ ഓഫീസിലേക്കുള്ള അയാളുടെ വിളിയ്ക്ക് പ്രസക്തിയുമില്ലാതായി. പലതരത്തിൽ പെട്ടുകിടക്കുന്ന മനുഷ്യരാണ് നമ്മളെല്ലാവരുമെന്നോ, പണിയെടുത്ത് ഏതോ ദേശത്ത് ചൂട് കൊണ്ട് കിടപ്പാണെന്നോ പറഞ്ഞാൽ മനസ്സിലാകാത്ത അത്രയും നിഷ്‌കളങ്കനായ ഒരു മനുഷ്യനെ അന്ന് കണ്ടു. അയാൾക്ക് വേണ്ടി ഒന്നും ചെയ്യാനായില്ല. അയാളെ പരിചയപ്പെട്ടതിൽ തോന്നിയ സന്തോഷം പിന്നീട് നീറ്റലായി അവശേഷിച്ചു.
അഭിഭാഷകനും ദളിതനുമായ രാംനാഥ് കോവിന്ദ് രാഷ്ട്രപതിയാകുന്ന വാർത്ത ചെയ്യാൻ പരുംഖ് ഗ്രാമത്തിൽ പോയത് മറ്റേതോ ദളിതന്റെ കഥയ്ക്ക് സാക്ഷിയാകാനായിരുന്നു. ഉത്തരേന്ത്യൻ ഗ്രാമത്തിലെ മനുഷ്യരിൽ ഇങ്ങനെയുള്ളവർ ഒരുപാടുണ്ട്. യു.പിയിലെ വർഗീയ- കലാപ കഥകൾ കേട്ടവരുടെ ഭാവനയിൽ ഇത്തരം മനുഷ്യരുണ്ടാകില്ല. പക്ഷേ നന്മയുള്ള, ഗതികെട്ട, നിഷ്‌കളങ്കമായി, അലട്ടലുകളോട് പൊരുതി ജീവിതം നയിക്കുന്ന, അവിശ്വസനീയമായ പ്രതീക്ഷ വെച്ചുപുലർത്തുന്ന വലിയൊരു പറ്റം മനുഷ്യരുടെ ദേശം കൂടിയാണത്. ആ കഥകൾ ആരറിയാനാണ്? ▮
ട്രൂകോപ്പി വെബ്‌സീൻ പാക്കറ്റ് 24-ൽ പ്രസിദ്ധീകരിച്ചത്.