സിദ്ധാർത്ഥാ, പുഴുവരിച്ച നിന്റെ വംശ ചരിത്രം ഇനിയുറങ്ങട്ടെ, നീയും!

സിദ്ധാർഥൻ എന്ന തീർത്തും നിസ്വനായ ഒരു മനുഷ്യനെക്കുറിച്ച് പി.എസ്. റഫീക്ക് 'തിങ്കി'ൽ എഴുതിയിരുന്നു. ഒരേ സ്‌കൂളിൽ പഠിച്ചിറങ്ങിയവർ. ഹൈസ്‌കൂൾ ക്ലാസിൽ പഠനം നിർത്തിയ അയാൾ നിർമാണതൊഴിലാളിയായി. പിന്നീട് അയാൾ പതുക്കെപ്പതുക്കെ മൗനിയായി. കുറച്ചു പട്ടികൾ മാത്രമായി സിദ്ധാർഥന് സ്വന്തം. സിദ്ധാർഥനും അമ്മയും മാത്രമുള്ള ജീവിതം അതീവ സംഘർഷഭരിതമായിരുന്നു. ഒടുവിൽ അമ്മ മരിച്ചു. അയാളും പട്ടികളും തനിച്ചായി. തെണ്ടിയും കച്ചറ പെറുക്കിയും ജീവിക്കുന്ന അയാൾക്ക് ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടിയും റഫീക്ക് എഴുതിയിരുന്നു. ഇപ്പോൾ, സിദ്ധാർഥനും മരിച്ചുപോയിരിക്കുന്നു. ആ മരണത്തെക്കുറിച്ചാണ്​ ഈ എഴുത്ത്​

ഭിക്ഷാടനത്തെ ഇന്ത്യൻ ആത്മാവുമായി ബന്ധിപ്പിക്കുന്ന ഒരു പ്രസ്താവനയുണ്ട് ഗുരു നിത്യയുടേതായി. ഇന്ത്യ പിച്ചക്കാരുടെ നാടായതുകൊണ്ടാണ് പുരോഗതി നേടാത്തതെന്ന് ഒരാൾ അദ്ദേഹത്തോട് വാദിക്കുന്നു. വികസിത രാജ്യങ്ങളിൽ ഭിക്ഷാടനം കുറവായതുകൊണ്ട്, ഉദാഹരണത്തിന് അമേരിക്ക പോലുള്ള രാജ്യങ്ങളിലൊക്കെ എന്തു മാത്രം പുരോഗതി ഭിക്ഷാടനമില്ലാത്തതു കൊണ്ടുണ്ടായി എന്നും സമർത്ഥിക്കുന്നു.

ഗുരു നിത്യ അതിനെ നേരിട്ടത് ശരിക്കും ബുദ്ധനെ തൊട്ടു കൊണ്ടായിരുന്നു. അദ്ദേഹത്തോടുകൂടെ ഭിക്ഷാപാത്രവും ഭിക്ഷു എന്ന വിശേഷണവും ഉണ്ട്. കൊടുക്കാൻ ചുരുട്ടിപ്പിടിച്ച കയ്യിന്റെ നേരെയേ വാങ്ങാൻ നിവർത്തിപ്പിടിച്ച കൈ ഉണ്ടാവാറുള്ളൂ. ആരെങ്കിലും എന്തെങ്കിലും കൊടുത്താലല്ലേ വാങ്ങാനാളുണ്ടാവൂ. ഇന്ത്യ എന്ന സങ്കൽപം നിലനിൽക്കുന്നത് കൊടുക്കലിന്റെ, പങ്കു വയ്ക്കലിന്റെ, സഹകരണത്തിന്റെ ആന്തരതാളത്തിലാണ്. യാഥാർത്ഥ്യം അതല്ലെങ്കിൽ തന്നെയും. യഥാർത്ഥത്തിൽ ബുദ്ധൻ രാജ്യമുപേക്ഷിച്ച് കയ്യിലൊരു ഭിക്ഷാപാത്രവുമായി നടന്നത് മനുഷ്യരുടെ കരുണയെ വെളിയിൽ കൊണ്ടുവരാനാണെന്നും ഇന്ത്യയുടെ പാരമ്പര്യം എന്തായിരുന്നുവെന്നും വിശദീകരിക്കുകയായിരുന്നു യതി.

പുതുവർഷം പിറക്കുന്നതിന് തൊട്ടു മുമ്പ് നീണ്ടു പൊയ്ക്കൊണ്ടിരുന്ന സിനിമാ ചർച്ചയ്ക്കായി എറണാകുളത്തേക്ക് പോകാൻ തിടുക്കപ്പെടുകയായിരുന്നു ഞാൻ. സിദ്ധാർത്ഥൻ ഗേറ്റിൽ കിടക്കുന്നുവെന്ന് മകൾ വന്നു പറഞ്ഞു. ഒരഭയ സ്ഥാനം എന്ന നിലയിലാകണം അവനവിടെ വന്നിരിക്കാറുണ്ട്. ഇടയ്ക്ക് കിടക്കുകയും. ചെന്നു ചോദിച്ചപ്പോൾ അൽപം വെള്ളം വേണമെന്ന് പറഞ്ഞു. നാരങ്ങാ വെള്ളം പഞ്ചാരയിട്ടത്. അല്ലെങ്കിൽ ചെറിയ സ്​പ്രിന്റോ, ഫിസ് എന്ന ഡ്രിങ്കോ വേണം. ഏതായാലും നാരങ്ങാവെള്ളം പെട്ടെന്നെത്തി. ചോറു തരട്ടേയെന്ന് ചോദിച്ചപ്പോൾ കഴിക്കാൻ വയ്യ എന്നു മാത്രം പറഞ്ഞു. എറണാകുളത്തെത്തിയതിനു ശേഷം വീട്ടിലേക്കു വിളിച്ചപ്പോൾ കുറച്ചു കഴിഞ്ഞപ്പോൾ എഴുന്നേറ്റു പോയി എന്ന വിവരം കിട്ടി.

പി.എസ്. റഫീഖ് എഴുതിയ 'സിദ്ധാർത്ഥന്റെ പട്ടികൾ' എന്ന കഥയ്ക്ക് ദേവപ്രകാശിന്റെ ചിത്രീകരണം

ഇടയ്ക്കൊരു പ്രതീക്ഷയുണ്ടായിരുന്നു. അമ്മ മരിച്ചതിനു ശേഷം ഒറ്റ ജീവിതത്തോടുള്ള പോരിനെന്നോണം അവൻ കാലുറപ്പിച്ചു നടന്നിരുന്നു. കൂടെ പട്ടികളും. പലയിടത്തു നിന്നും പരാതികളുയർന്നിരുന്നു. പട്ടികൾ കോഴിയെയും താറാവിനെയും പിടിക്കുന്നു. കുട്ടികളെ ഓടിക്കുന്നു എന്നെല്ലാം.. പട്ടികളെ ഓടിച്ചു വിടാൻ പറഞ്ഞവരോടൊക്കെ അവരുള്ളതു കൊണ്ടാണ് ഞാനുറങ്ങുന്നതെന്ന് അവൻ മറുപടി പറഞ്ഞു. അത് ശരിയാണെന്ന് എനിക്കും തോന്നിയിരുന്നു. ആരോ അവനെ ആക്രമിക്കാനോ കൊല്ലാനോ വരുന്നുണ്ടെന്ന് അവൻ ഉറപ്പിച്ചു പറഞ്ഞു. രാത്രിയിലാണതുണ്ടാവാറ്. വരുന്നത് ശരീരിയോ അശരീരിയോ ആയി മാറാറുണ്ട്. ഉച്ചാടനത്തിനിടയിൽ കേട്ടാലറയ്ക്കുന്ന തെറികൾ പറയാറുണ്ട്. തെറി അധികമാകുന്നത് ചോദ്യം ചെയ്തപ്പോൾ അവൻ പറഞ്ഞ മറുപടികൾ ഇതൊക്കെയായിരുന്നു.

അവന്റെ തെറികളും നിലവിളികളും കൂട്ടത്തിലുണ്ടാകുന്ന പട്ടി കുരയുമെല്ലാം ആരുടെയോ നോവലിലെയോ കഥയിലെയോ സിനിമയിലെയോ കഥാപാത്രമാക്കി എന്നെ മാറ്റി. ആഫ്രിക്കൻ കാടുകളിലെവിടെയോ പാതിരയിൽ മൃഗത്തോലിന്റെ പരുക്കൻ താളത്തിനിടയിലെ മന്ത്രോച്ഛാരണം പോലെ അവന്റെ തെറികൾ ഞങ്ങളുടെ ദേശത്തിന്റെ ഇരുട്ടിൽ മുഴങ്ങി..
പക്ഷേ പകൽ വെട്ടത്തിൽ അവൻ ചിലപ്പോഴൊക്കെ ധ്യാനത്തിനിടയിലെ വെളിപാടെന്ന പോലെ പറഞ്ഞു. "എനിക്കാരുമില്ലാത്തതുകൊണ്ടാണ് ഞാൻ തെറി പറയുന്നത്.'

വാസ്തവത്തിൽ അതായിരുന്നു ശരി. ആരുമില്ലായ്മയെ, ഒന്നുമില്ലായ്മയെ, നിറത്തെ ഒക്കെയാണവൻ തെറി വിളിച്ചിരുന്നത്. അതിന് കാരണമായ ജാതിയെ മാത്രമാണവൻ പൊലയാട്ടു പറഞ്ഞിരുന്നത്. പട്ടികൾക്കതറിയാമായിരുന്നു. അതുകൊണ്ടാണ് തെറിക്കകമ്പടിയെന്നോണം അവ ഉഗ്രമായി കുരച്ചിരുന്നത്. അവനെ ഒറ്റയാക്കിയ ഇതേ മാലിന്യം തന്നെയായിരുന്നു അവനെ രാത്രികളിൽ വേട്ടയാടിയിരുന്നതും.

കുറച്ചു നാളായി എല്ലാ ഗേറ്റുകളിലും സിദ്ധാർത്ഥൻ ഇടവിട്ട് എത്തിയിരുന്നു. ചെന്നിടത്തു നിന്നെല്ലാം ആളുകൾ അവനെ ഊട്ടി. പട്ടികളെ അവനും. ആരുടെയും ഗേറ്റിനകത്തേക്ക് അവൻ കയറിയില്ല. പണ്ടേ പുറത്താക്കപ്പെട്ടവനെന്ന ബോധം മറികടക്കാൻ അവനാകുമായിരുന്നില്ല....

പ്രത്യാശയും സ്നേഹവുമായി കടന്നുവന്ന ജനുവരിയിൽ പുതു വർഷം ആശംസിച്ചും സന്തോഷിച്ചും 2022 നെ ഞങ്ങൾ വരവേറ്റു. ചർച്ച പിന്നെയും പാതിയിൽ നിർത്തി മൂന്നാം തിയതി ഞാൻ വീട്ടിലെത്തി. കുറച്ചു കഴിഞ്ഞപ്പോൾ പതിവു പോലെ കവലയിലേക്ക് പോയി.

അന്നു വൈകുന്നേരം ഉദ്ദേശം ആറരയായപ്പോൾ വീട്ടിൽ നിന്നു വിളിക്കുന്നു. രണ്ട് ദിവസമായി സിദ്ധാർത്ഥനെ പുറത്തു കണ്ടിട്ട്. ദാ ഇപ്പോൾ ചുറ്റുമുള്ള രണ്ടു പേർ നോക്കുന്നുണ്ട്. നോക്കുന്നവരുടെ ശബ്ദം ഫോണിന്റെ ഇങ്ങേത്തലയ്ക്കൽ എനിക്കു കേൾക്കാം. "തീർന്നു'........

അതെ തീർന്നു. എത്രയോ പേർ തീരുന്നു. ആരോരുമറിയാതെ.. എന്തെല്ലാമിവിടെ തീർന്നിരിക്കുന്നു. ചരിത്രങ്ങൾ.. സിംഹാസനങ്ങൾ.. രാജ്യങ്ങൾ... രാജാക്കന്മാർ... ഏകാധിപതികൾ....
അവനന്ന് ഞാനിറങ്ങാൻ നേരം ഗേറ്റിൽ വന്നു കിടന്ന് മൗനമായി യാത്ര പറയുകയായിരുന്നു. കത്തിക്കിടക്കുന്ന ബൾബും പട്ടികളുടെ മൂകതയും വീടിന്റെ നിശ്ശബ്ദതയും ആളുകളെ അവിടേക്കൊന്നെത്തി നോക്കാൻ പ്രേരിപ്പിച്ചത് നന്നായി. മൃതദേഹം പുഴുവരിച്ചിരുന്നു. കയറി നോക്കിയ എന്നോട് അവന്റെ തുറന്നു പിടിച്ച കണ്ണുകൾ "റോഡിൽ നിന്ന് പതിവു പോലെ വിളിക്കാതിരുന്നതെന്തെ' ന്ന് ചോദിച്ചു. അതെ ഒരു വിളിച്ചു ചോദ്യത്തിന്റെ കുറവു കൊണ്ട് അവൻ മരിച്ചിട്ട് രണ്ടു ദിവസമായെന്ന് ആരും അറിഞ്ഞില്ല.

ബൈസ്റ്റാൻഡറില്ലാത്ത ലോകമാണിത്. കൂട്ടിരിക്കാൻ, പരിചരിക്കാൻ ഒരാളുണ്ടായിരുന്നെങ്കിൽ അവൻ ഒരു പക്ഷെ.. അല്ലെങ്കിൽ ആർക്കാണിവിടെ ബൈസ്റ്റാൻഡറുള്ളത്...
പ്രിയരേ.. സിദ്ധാർത്ഥനെ സഹായിച്ച എല്ലാവർക്കും നന്ദി. അവനു വേണ്ടി നന്ദി പറയാൻ മറ്റാരുമില്ലാത്തതു കൊണ്ട് ഞാൻ പറയട്ടെ...
നീ ഉറങ്ങുക.. പുഴുവരിച്ച നിന്റെ വംശ ചരിത്രവും ഇനിയുറങ്ങട്ടെ.


പി.എസ് റഫീഖ്

കഥാകൃത്ത്​, തിരക്കഥാകൃത്ത്​, ചലച്ചിത്ര ഗാനരചയിതാവ്​, നടൻ​. സദ്ദാമിന്റെ ബാർബർ, കടുവ എന്നീ കഥാ സമാഹാരങ്ങൾ. നായകൻ, ആമേൻ, ഉട്ടോപ്യയിലെ രാജാവ്, തൊട്ടപ്പൻ എന്നീ സിനിമകളുടെ തിരക്കഥ രചിച്ചു. അങ്കമാലി ഡയറീസ്, ഗോൾഡ് കോയിൻസ്, ആമേൻ, ഉട്ടോപ്യയിലെ രാജാവ് തുടങ്ങി നിരവധി ചിത്രങ്ങളുടെ ഗാനരചയിതാവാണ്.

Comments