ഇന്ന് പൊതുസമൂഹത്തിൽ ആർ.എസ്.എസ്. മുന്നോട്ടു വെക്കുന്ന മുസ്‌ലിം വിരുദ്ധ നരേറ്റീവിന് ക്രൈസ്തവ സഭയിൽ നിന്നുള്ള ഉത്തരവാദിത്തപ്പെട്ടവരുടെ സഹായമുണ്ട്. ജോസഫ് കല്ലറങ്ങാട്ടിന്റെ 'നാർക്കോട്ടിക്ക് ജിഹാദ്' പരാമർശം മുതൽ മുസ്‌ലിം വിരുദ്ധ പ്രസ്താവനയുടെ പേരിൽ ക്രിസ്ത്യൻ സഭകൾ പി.സി. ജോർജ്ജിന് സ്വീകരണം നൽകുന്നതുവരെ അതിന്റെ ഉദാഹരണങ്ങളാണ്. ഇന്ത്യയിലുടനീളം ക്രൈസ്തവർ ഹിന്ദുത്വവാദികളുടെ വെറുപ്പിനിരയാകുമ്പോഴും കേരളത്തിലെ ക്രൈസ്തവരിലെ പ്രബലവിഭാഗം ഈയൊരു മനോഭാവം വെച്ചു പുലർത്തുന്നതിനുപിന്നിലെ കാരണം എന്താണ്? സീറോ മലബാർ സഭയിലും, "കാസ' പോലുള്ള ചെറിയ കൂട്ടങ്ങൾക്കിടയിലും മാത്രം ചുരുങ്ങുന്നതാണോ ഈയൊരു ഹിന്ദുത്വസ്വാധീനം?.
വിനിൽ പോൾ: ഇതിന് ചരിത്രപരമായി മറ്റു ചില കാരണങ്ങൾ കൂടിയുണ്ടെന്നാണ് തോന്നുന്നത്. കേരളത്തിൽ ആദ്യം ക്രിസ്തുമത വിശ്വാസികളായവർ ആരെന്നതിനെ സംബന്ധിച്ച് കൃത്യമായ തെളിവ് ലഭ്യമല്ലെങ്കിലും പിന്നീട് പോർച്ചുഗീസ്, ബ്രിട്ടീഷ് കാലത്ത് ക്രിസ്തുമതത്തിലേക്ക് വ്യാപകമായി ദലിതരും പിന്നാക്ക ജാതികളും എത്തിചേരുകയും ക്രൈസ്തവ വിശ്വാസികൾക്കിടയിൽ കൃത്യമായ ഒരു ജാതി ശ്രേണി രൂപപ്പെടുകയും ചെയ്തിട്ടുണ്ട്.
നിരവധി ജാതി വിഭാഗങ്ങൾ ക്രിസ്തുമതത്തിലേക്ക് എത്തിച്ചേർന്നെങ്കിലും നാടാർ, പുലയർ, പറയർ, കുറവർ, ഐനവർ എന്നീ ജാതികളൊഴികെ ഏത് പിന്നാക്ക- പട്ടിക ജാതിക്കാർ ക്രിസ്തുമതം സ്വീകരിച്ചാലും അടുത്ത തലമുറ മുതൽ അവർ സുറിയാനി ക്രിസ്ത്യാനിയായി മാറ്റപ്പെടുകയാണ്. അതായത്, വ്യത്യസ്ത ജാതികൾ കൂടിച്ചേർന്ന് സുറിയാനി ക്രിസ്ത്യാനി എന്ന വിഭാഗം ഒരു വശത്ത് മേൽക്കോയ്മ നേടിയപ്പോൾ മറുഭാഗത്ത് കീഴേക്കിടയിലാക്കപ്പെട്ട ദലിത് ക്രൈസ്തവ ജീവിതങ്ങൾ എന്നതാണ് കേരളത്തിലെ ക്രിസ്തുമതത്തിലെ പ്രധാന സംഘർഷം.
ഹിന്ദു മതത്തിലെ ജാതിഘടനയിൽ തന്നെ പ്രവർത്തിക്കുന്ന ഒരു സമൂഹമാണ് കേരളത്തിലെ ക്രിസ്ത്യാനികൾ എന്നാണ് പറഞ്ഞുവരുന്നത്. ദലിത് ക്രൈസ്തവർക്കൊഴികെ, ബാക്കി എല്ലാ ക്രിസ്ത്യാനികൾക്കും അവർ ഉയർന്ന ജാതി ഹിന്ദുക്കളായിരുന്നു എന്ന കാര്യം നിരന്തരം പറഞ്ഞുകൊണ്ടിരിക്കണം എന്നതാണ് കേരളത്തിലെ ക്രിസ്ത്യാനിയുടെ അവസ്ഥ. ഈ കാരണത്താൽ ബ്രാഹ്‌മണപാരമ്പര്യവും കപട കുടുംബ ചരിത്രവും ഇവർക്ക് എഴുതി പ്രസിദ്ധീകരിക്കേണ്ടി വരുന്നു. മാത്രമല്ല, സവർണ ഹിന്ദു പദ്ധതികളുമായി ഇവർ വേഗത്തിൽ ഐക്യപ്പെടുകയും ചെയ്യുന്നു.
തീവ്ര ഹിന്ദുത്വ വാദികൾക്ക് പലപ്പോഴും വേദിയൊരുക്കിയ ചരിത്രമാണ് കേരളത്തിലെ ഒരു വിഭാഗം ക്രിസ്ത്യാനികൾക്കുള്ളത്. കേരളത്തിൽ കത്തോലിക്കാസഭയിലെ പരിഷ്‌കരണവാദിയും സഭയിലെ പുരോഹിത നേതൃത്വത്തിന്റെ തീവ്രവിമർശകനുമായ ജോസഫ് പുലിക്കുന്നേലാണ് അരുൺ ഷൂറിയുടെ ക്രൈസ്തവവത്ക്കരണം ഭാരതത്തിൽ എന്ന, കുരുക്ഷേത്ര ബുക്സ് പ്രസിദ്ധീകരിച്ച മലയാള പുസ്തകത്തിന് അവതാരിക എഴുതിയത് എന്നത് ഇവിടെ ഓർക്കേണ്ടതാണ്. അതോടൊപ്പം, വലിയ പാരമ്പര്യം പറയുകയും പരസ്യമായി റോഡിലും പള്ളികളിലും തല്ലുകൂടുകയും ചെയ്യുന്ന രണ്ടു പ്രബല സഭകളുടെ തർക്കം പരിഹരിക്കാൻ അവർ കണ്ടെത്തിയ മധ്യസ്ഥൻ അമിത്ഷായും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമാകുന്നത് യാദൃച്ഛികമായല്ല എന്നതുകൂടി നാം തിരിച്ചറിയണം.
നിരന്തരമായി ഹിന്ദുത്വവാദികൾ ഉന്നയിക്കുന്ന അതേ അളവിലും തോതിലുമാണ് പല പുരോഹിതരും മുസ്ലിം വിരുദ്ധത പ്രചരിപ്പിക്കുന്നത്. ഹിന്ദുമഹാ സമ്മേളനത്തിൽ കടുത്ത മുസ്‌ലിം- സ്ത്രീ വിരുദ്ധ പരാമർശങ്ങൾ നടത്തിയ പി.സി. ജോർജിന് കോട്ടയത്ത് കഴിഞ്ഞ ദിവസം വലിയ സ്വീകരണം കൊടുക്കുകയുണ്ടായി. ഇതേ പി.സി. ജോർജ്ജ് പുലയ ക്രിസ്ത്യാനികളെ അവഹേളിച്ച് ചില പ്രസ്താവനകൾ നടത്തിയപ്പോൾ അതിനെതിരെ ഒരു സഭയും പ്രതികരിച്ചുകണ്ടില്ല. എന്നാൽ, എല്ലാവരെയും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചത് ദലിത് ക്രൈസ്തവരും രാഷ്ട്രീയ നിലപാടുകൾ ഇന്നുവരെ വെളിപ്പെടുത്താതെ ഇരുന്നതുമായ ഒരു വിഭാഗം പെന്തകോസ്ത് ക്രിസ്ത്യാനികൾ പി.സി. ജോർജിന് നൽകിയ സ്വീകരണത്തിൽ പങ്കാളികളായത് കണ്ടപ്പോഴാണ്.
അതോടൊപ്പം, മുസ്‌ലിം വിരുദ്ധതയ്ക്ക് മറ്റൊരു കാരണമായി ഒരു വിഭാഗം ക്രിസ്ത്യാനികൾ ഉന്നയിക്കുന്നത് സർക്കാർ സംവിധാനത്തിൽ ന്യൂനപക്ഷ അവകാശങ്ങളെല്ലാം മുസ്‌ലിംകൾ കൊണ്ടുപോകുന്നു എന്നതാണ്. എന്തായാലും വളരെ വേഗത്തിലാണ് മതനിരപേക്ഷയുടെ എതിർചേരിയിലേക്ക് ഒരു വിഭാഗം ക്രിസ്ത്യാനികൾ എത്തിച്ചേരുന്നത്. എന്നാൽ, കഴിഞ്ഞ വർഷം പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ വിവാദ പ്രസ്താവനയ്ക്കുശേഷം സി എസ് ഐ മധ്യകേരള മഹായിടവക ബിഷപ്പ് ഡോ. സാബു കോശി ചെറിയാനും, താഴത്തങ്ങാടി ഇമാം ഷംസുദ്ദീൻ മന്നാനി ഇലവുപാലവും ചേർന്ന് നടത്തിയ വാർത്താസമ്മേളനങ്ങളും ക്രൈസ്തവർക്കിടയിൽ നടക്കുന്നുണ്ട് എന്നത് ചെറിയ പ്രതീക്ഷ നൽകുന്ന കാര്യമാണ്.