ആ പെൺകുട്ടിയുടെ ജാതിയെയും വർഗത്തെയും നാം അഡ്രസ് ചെയ്‌തേ മതിയാകൂ

യു.പിയിലെ ഹാഥറസിൽ ലൈംഗികാക്രമണത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടുകാർക്കെതിരെ കൗണ്ടർ കേസ് കൊടുക്കുമെന്ന് പൊലീസ് ഭീഷണിയുണ്ട്. ഗ്രാമത്തിൽ ഒരാളെ പോലും കടത്തിവിടാതിരുന്ന സമയത്ത് അൻപത് ഗ്രാമങ്ങളിൽ ഠാക്കൂർമാരുടെ ഖാപ്പ് പഞ്ചായത്തുകൾ വിളിച്ച് അക്രമികളെ പിന്തുണയ്ക്കാൻ തീരുമാനം എടുപ്പിച്ചു. തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും വർധിക്കുന്ന സാഹചര്യത്തിൽ അതിൽ നിന്ന് ശ്രദ്ധതിരിക്കാൻ ബി.ജെ.പിയും ആർ.എസ്.എസും വലിയ തോതിൽ ജാതി ധ്രുവീകരണം നടത്തുകയാണ്. പെൺകുട്ടിയുടെ വീട്ടിലെത്തി അമ്മയും അച്ഛനുമുൾപ്പെടെയുള്ളവരുമായി സംസാരിച്ച വിവിധ രാഷ്​ട്രീയ സംഘടനകളുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തിലുണ്ടായിരുന്ന ലേഖിക, അവിടുത്തെ സാഹചര്യം എഴുതുന്നു

ളിതരിൽ തന്നെ ഏറ്റവും പിന്നാക്കം നിൽക്കുന്ന മഹാദളിത് വിഭാഗത്തിൽപ്പെട്ടവരാണ് ഹാഥറസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബം.
ഈ കുട്ടി കുറേ നാളുകളായി ഠാക്കൂർ വിഭാഗത്തിൽപ്പെട്ട, ഇപ്പോൾ അറസ്റ്റ് ചെയ്യപ്പെട്ട പ്രതികളാൽ ഹരാസ് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് അവരുടെ വീട്ടിൽ പോയി അമ്മയും അച്ഛനുമുൾപ്പെടെയുള്ളവരുമായി നേരിട്ട് സംസാരിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്.

ഈ കുട്ടിക്ക് സ്‌കൂളിൽ പോലും പോകാൻ കഴിയാത്ത സ്ഥിതിയായിരുന്നു. പ്രാകൃതമായ ലൈംഗികാക്രമണത്തിൽ മകൾ കൊല്ലപ്പെട്ടതിന്റെ ആഘാതത്തിലാണ് അവർ. അങ്ങേയറ്റം മനുഷ്യത്വരഹിതമായ രീതിയിൽ, കൊല്ലപ്പെട്ട മകളെ ഒന്ന് കാണാൻ പോലും അനുവദിക്കാതെ പൊലീസ് കുട്ടിയുടെ മൃതദേഹം കത്തിച്ചതിനെക്കുറിച്ച് ആ അമ്മ ഞങ്ങളോട് വിവരിച്ചു.

മരണത്തിനുമുൻപ് ആക്രമിച്ചവരുടെ പേരുകൾ അവൾ വെളിപ്പെടുത്തിയിരുന്നു. ഓരോ ഘട്ടത്തിലും പൊലീസ് നടത്തിയ ഇടപെടലുകളെക്കുറിച്ച് അവർ പറഞ്ഞു. അടുത്ത ബന്ധുവിനെ പൊലീസ് ഉപദ്രവിച്ചതിനെക്കുറിച്ചും പറഞ്ഞു. ഇവർക്ക് പൊലീസിന്റെ ഭീഷണിയുണ്ട്. പെൺകുട്ടിയുടെ വീട്ടുകാർക്കെതിരെ കൗണ്ടർ കേസ് കൊടുക്കുമെന്നൊക്കെ ഭീഷണിപ്പെടുത്തുന്നുണ്ട് അവരെ.

സ്ഥിരവരുമാനമില്ലാത്ത കർഷക തൊഴിലാളി കുടുംബമാണ്. ജന്മിമാരുടെ പാടത്ത് പണിയെടുത്താണ് കഴിഞ്ഞുപോകുന്നത്. ദിവസം 200 രൂപയാണ് കൂലി. താമസിക്കുന്ന വീടല്ലാതെ ഒരു തുണ്ടു ഭൂമിയും അവർക്കില്ല.

ഠാക്കൂർ ഭൂരിപക്ഷ മേഖലയാണ് ഹാഥറസ്. വളരെ കുറച്ച് ദളിതരേ ഇവിടെയുള്ളൂ. പത്തോ പതിനഞ്ചോ കുടുംബങ്ങൾ മാത്രമേ ഗ്രാമത്തിൽ അവശേഷിക്കുന്നുള്ളൂ. ഈ ദളിത് കുടുംബങ്ങൾ ഠാക്കൂർമാരെ പേടിച്ച് പെൺകുട്ടികളെ സ്‌കൂളിൽപോലും വിടുന്നില്ല. ഈ കുട്ടിയുടെ സഹോദരൻ പഠിച്ചിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. അദ്ദേഹമാണ് ഈ വിഷയത്തിൽ ഇടപെടുകയും നിലപാട് എടുക്കുകയുമൊക്കെ ചെയ്യുന്നത്. അതുകൊണ്ടാണ് ഇത് ഇത്രയെങ്കിലും പുറത്തുവന്നത്.

ഠാക്കൂർമാരുടെ സ്വത്താണ് ദളിത് പെൺകുട്ടികൾ എന്ന രീതിയിലാണ് നിസ്സഹായരായ ഈ കുടുംബങ്ങളെ കൈകാര്യം ചെയ്യുന്നത്. സ്ത്രീകളെ സ്വകാര്യസ്വത്തെന്നപോലെ കയ്യടക്കുകയാണ് ഠാക്കൂർമാർ. അഭിമാനം എന്നത് സ്ത്രീകളിലാണ് ഇരിക്കുന്നത് എന്ന ധാരണ കൊണ്ടാണല്ലോ അവരെ അപമാനിക്കുന്നത്. ടിപ്പിക്കൽ ഫ്യൂഡൽ ആശയങ്ങളാണ് ഇക്കാലത്തും ഇവരെ നയിക്കുന്നത്. സ്ത്രീയുടെ ശരീരത്തിനുമുകളിലാണല്ലോ എല്ലാവരുടേയും അഭിമാനം സംരക്ഷിച്ചു നിർത്തിയിരിക്കുന്നത്. ഇതൊരു വിഷയമായി ഉയർത്തിക്കൊണ്ടുവരാൻ കുട്ടിയുടെ സഹോദരൻ ആദ്യഘട്ടത്തിൽ ശ്രമിച്ചിരുന്നു. ട്വിറ്ററിലും മറ്റും വീഡിയോ ഇട്ടിരുന്നു. പക്ഷേ ഈ കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയ സമയത്തൊന്നും ആരും തിരിഞ്ഞുനോക്കിയിരുന്നില്ല. പിന്നീടാണ് നാഷണൽ മീഡിയ വിഷയം ഏറ്റെടുത്തത്.

കഴിഞ്ഞ ദിവസങ്ങളിൽ, ഗ്രാമങ്ങൾ ലോക്ക്ഔട്ട് ചെയ്ത ശേഷം മൂന്നുദിവസം ഈ ഗ്രാമത്തിൽ ഒരാളെ പോലും കടത്തിവിടാതിരുന്ന സമയത്ത് ഏതാണ്ട് അൻപത് ഗ്രാമങ്ങളിൽ ഠാക്കൂർമാരുടെ ഖാപ്പ് പഞ്ചായത്തുകൾ വിളിച്ചു. അവരെക്കൊണ്ടെല്ലാം അക്രമികളെ പിന്തുണയ്ക്കാൻ തീരുമാനം എടുപ്പിച്ചു. തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും വർധിക്കുന്ന സാഹചര്യത്തിൽ അതിൽ നിന്ന് ശ്രദ്ധതിരിക്കാൻ ബി.ജെ.പിയും ആർ.എസ്.എസും വലിയ തോതിൽ ജാതി ധ്രുവീകരണം നടത്തുകയാണ്.

സെന്റർ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻ (സി.ഐ.ടി.യു), ഓൾ ഇന്ത്യ കിസാൻ സഭ (എ.ഐ.കെ.എസ്.), ഓൾ ഇന്ത്യ അഗ്രിക്കൾച്ചറൽ വർക്കേഴ്‌സ് യൂണിയൻ (എ.ഐ.എ.ഡബ്ല്യു.യു), ഓൾ ഇന്ത്യ ഡമോക്രാറ്റിക് വിമൻസ് അസോസിയേഷൻ (എ.ഐ.എ.ഡബ്ല്യു.എ.) തുടങ്ങിയ സംഘടനകളുടെ പ്രതിനിധി സംഘമാണ് ഹാഥറസിലെ കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിൽ പോയത്.

ഞങ്ങൾ അവിടെ ചെല്ലുമ്പോൾ എസ്.ഐ.ടി ടീം രണ്ടാമതും മൊഴിയെടുക്കാൻ വന്നിരിക്കുകയായിരുന്നു. അവർ മൊഴിയെടുക്കുകയും കുട്ടിയുടെ അച്ഛനെ മെഡിക്കൽ സംഘത്തെകൊണ്ടുവന്ന് പരിശോധിക്കുകയും ചെയ്യുകയായിരുന്നു. ആദ്യ ദിവസം അദ്ദേഹത്തിന് സുഖമില്ലായിരുന്നതിനാൽ മൊഴിയെടുക്കാൻ കഴിഞ്ഞിരുന്നില്ല. അതിനാൽ ഞായറാഴ്​ച രാവിലെ മെഡിക്കൽ സംഘത്തിനൊപ്പം എത്തുകയും അദ്ദേഹത്തെ പരിശോധിക്കുകയും ചെയ്ത ശേഷം മൊഴിയെടുത്തു. മാധ്യമങ്ങളും ആളുകളും അവിടേക്ക് വന്നുകൊണ്ടിരിക്കുകയാണ്.

സി.ബി.ഐ അന്വേഷണത്തിൽ വിശ്വാസമില്ലെന്നാണ് വീട്ടുകാർ പറഞ്ഞത്. രാഷ്ട്രീയ സമ്മർദ്ദങ്ങൾ ഉണ്ടാവുകയും വീട്ടുകാർക്ക് മൃതദേഹം വിട്ടുകൊടുക്കാതെ കത്തിച്ചുകളയുകയടക്കം ചെയ്തല്ലോ, അതുകൊണ്ടുതന്നെ ഈ ഗവൺമെന്റിൽ അവർക്ക് വിശ്വാസം നഷ്ടപ്പെട്ടിട്ടുണ്ട്. സുപ്രീംകോടതി മേൽനോട്ടത്തിൽ സമയബന്ധിതമായ അന്വേഷണം എന്ന ആവശ്യമാണ് അവർ മുന്നോട്ടുവെക്കുന്നത്.

കേസ് വരുന്നത് അടുത്ത ഘട്ടത്തിലായിരിക്കുമല്ലോ. ആ ഘട്ടത്തിലാണ് അവർക്ക് കൂടുതൽ പിന്തുണ ആവശ്യം വരിക. അവർക്ക് നിയമപരവും സാമ്പത്തികവുമായ ഏതുതരം സഹായം ചെയ്യുമെന്നും, അവരാഗ്രഹിക്കുന്ന രീതിയിൽ ഒരു അന്വേഷണം കൊണ്ടുപോകാനുമുള്ള പിന്തുണയും ഞങ്ങൾ ഉറപ്പുകൊടുത്തിട്ടുണ്ട്.

ഇത്തരം കേസുകൾ വരുംനാളുകളിൽ വർധിക്കാൻ സാധ്യത കൂടുതലാണ്. കർഷകരും ദളിതരുമൊക്കെ അവകാശങ്ങൾ അടിസ്ഥാനമാക്കിയുള്ള ആവശ്യങ്ങൾ ശക്തമായി ഉന്നയിക്കാൻ തുടങ്ങിയിട്ടുണ്ട്. മറുവശത്ത് സമ്പന്നരും സവർണരുമായ ഗ്രാമീണരുടെ (റൂറൽ റിച്ച്) ചൂഷണവും കൂടി വരുന്നു. അങ്ങനെ വരുമ്പോൾ അത് ദളിതർക്കെതിരെയുള്ള ആക്രമണമായി കൂടുതൽ ശക്തമായി രൂപപ്പെടും. ഇത് കൂടാനാണ് പോകുന്നത്.
ഈ യാഥാർത്ഥ്യത്തെ ഐഡന്റിറ്റിയുടെ മാത്രം അടിസ്ഥാനത്തിലുള്ള ഒരു സമരം കൊണ്ട് പ്രതിരോധിക്കാനോ എതിർക്കാനോ കഴിയില്ല. അടിസ്ഥാന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട സമരങ്ങൾ കൊണ്ട് മാത്രമേ നമുക്കിതിനെ എതിരിടാനാവൂ. ഇത് ഭൂമിയുമായി നേരിട്ട് ബന്ധപ്പെട്ട കാര്യമാണ്.

ഞങ്ങൾ അവിടെ പോകുന്നതിന്റെയും ഈ പ്രശ്നം ഏറ്റെടുക്കുന്നതിന്റെയും പ്രസക്തി അവിടെയാണ്. ഒരു വർഗസമരമെന്ന നിലയിൽ ബഹുജന മുന്നണിയായിത്തന്നെയാണ് അവിടെ പോകുന്നത്​, വിഷയത്തെ അഡ്രസ്സ് ചെയ്യുന്നത്. ഇന്ത്യയിൽ വർഗചൂഷണം പ്രകടമാക്കപ്പെടുന്നതിന്റെ ഏറ്റവും വലിയ രൂപമാണ് ജാതിയും സ്ത്രീകൾക്കെതിരായ അക്രമങ്ങളും. വർഗവിരുദ്ധ പ്രക്ഷോഭങ്ങളുടെ ഭാഗമായിത്തന്നെ ഇതിനെ കണ്ണിചേർക്കാൻ ഈ മൂവ്മെന്റിനും കഴിയണം. വരുംനാളുകളിൽ ഈ വിഷയത്തെ അങ്ങനെയും ഉയർത്തിക്കൊണ്ടുവരാൻ പറ്റണം.

അഞ്ചെട്ട് വർഷങ്ങളായി ദളിതർക്കെതിരെ അതിക്രമം വൻതോതിൽ വർധിച്ചിട്ടുണ്ട്. സവർണ ഹിന്ദുത്വയ്ക്കുകീഴിൽ ദളിത് സമുദായങ്ങൾ അണിനിരക്കാൻ തുടങ്ങിയിട്ടുണ്ട് എന്നതു തന്നെയാണ് അതിനൊരു കാരണം. അപ്പോഴും അടിസ്ഥാന ജാതിപ്രശ്‌നം അവിടെ മാറ്റമില്ലാതെ തുടരുന്നുണ്ട്. ‘നിങ്ങൾ', ദളിതുകൾ പഠിച്ച് ജോലി നേടി ഗ്രാമത്തിൽ ഭൂമി വാങ്ങിക്കുന്നു, അത് ‘ഞങ്ങൾ'ക്ക് (സവർണ ഹിന്ദുത്വ ) എങ്ങനെ സഹിക്കാൻ കഴിയും എന്ന മനോഭാവമാണ് മാറാത്തത്.

ഇന്ത്യൻ സാഹചര്യത്തിൽ, പ്രത്യേകിച്ച് ഗ്രാമീണ ഇന്ത്യയുടെ സാഹചര്യത്തിൽ, വർഗ്ഗത്തെ അഡ്രസ് ചെയ്യുമ്പോൾ ജാതിയെ അഡ്രസ് ചെയ്യാതിരിക്കാനേ കഴിയില്ല. രണ്ടിനെയും ഒന്നിച്ച് അഡ്രസ് ചെയ്‌തേ മതിയാവൂ. അത് നമ്മൾ മനസിലാക്കുന്നുണ്ട്, നമ്മൾ ചർച്ച ചെയ്യുന്നുണ്ട്.
സ്വത്വരാഷ്ട്രീയം മുന്നോട്ടു വെയ്ക്കുന്നവരും ഇത് മനസ്സിലാക്കേണ്ടതുണ്ട്. ജാതിയേയും വർഗ്ഗത്തേയും ഒന്നിച്ച് അഡ്രസ്സ് ചെയ്‌തേ മുന്നോട്ടു പോകാനാവൂ.

ഭൂമിയുടെ അവകാശത്തിനുള്ള എല്ലാ നിയമങ്ങളും എടുത്തുകളയുമ്പോൾ, മിനിമം കൂലിയ്ക്കു വേണ്ടിയുള്ള എല്ലാ നിയമങ്ങളും എടുത്തുകളയുമ്പോൾ അതിന്റെ പ്രത്യാഘാതം നേരിട്ടാണ് അനുഭവിക്കേണ്ടി വരുന്നത്. അപ്പോൾ ഇതിൽ ഏതെങ്കിലും ഒരു മുന്നേറ്റം ആദ്യം ഉണ്ടാവട്ടേ എന്ന് കരുതുന്നത് മണ്ടത്തരമാണ്. ഒന്നിച്ചേ പറ്റുകയുള്ളൂ. ഇതുരണ്ടും തിരിച്ചറിയപ്പെടേണ്ടതുണ്ട്.

പുതിയ കാർഷിക നിയമങ്ങളുടെ പശ്ചാത്തലത്തിൽ ഇപ്പോൾ നടക്കുന്ന സമരങ്ങളുണ്ടല്ലോ, കർഷകരുടെയും കർഷക തൊഴിലാളികളുടെയും. ഇത്തരം പ്രതിഷേധങ്ങൾ സവർണ വിഭാഗങ്ങളെ പ്രകോപിപ്പിക്കുന്നുണ്ട്. കാർഷികമേഖലയുടെ കോർപ്പറേറ്റ്‌വൽകരണത്തിന്റെ ഭാഗമായി ജന്മികളും കോർപ്പറേറ്റുകളും റൂറൽ റിച്ചും ചേർന്നുള്ള ധ്രുവീകരണം നടക്കുന്നുണ്ട്. ചെറുകിട കർഷകർ കൂടുതൽ ഭൂരഹിതരായിക്കൊണ്ടിരിക്കുകയും കൂലി കുറയുകയും കൂലി ഇല്ലാത്ത സ്ഥിതി വരികയും ചെയ്യുന്നു. ഈ പശ്ചാത്തലത്തിൽ കൂടി വേണം ദളിത് നിസ്സഹായതയുടെ മേൽ, സ്ത്രീകൾക്കു മേൽ ഹിന്ദുത്വ നടത്തുന്ന അധികാരപ്രയോഗത്തെയും വയലൻസിനെയും വിലയിരുത്താൻ.

(സി.ഐ.ടി.യു. ദേശീയ സെക്രട്ടറിയാണ് ലേഖിക)


Summary: യു.പിയിലെ ഹാഥറസിൽ ലൈംഗികാക്രമണത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടുകാർക്കെതിരെ കൗണ്ടർ കേസ് കൊടുക്കുമെന്ന് പൊലീസ് ഭീഷണിയുണ്ട്. ഗ്രാമത്തിൽ ഒരാളെ പോലും കടത്തിവിടാതിരുന്ന സമയത്ത് അൻപത് ഗ്രാമങ്ങളിൽ ഠാക്കൂർമാരുടെ ഖാപ്പ് പഞ്ചായത്തുകൾ വിളിച്ച് അക്രമികളെ പിന്തുണയ്ക്കാൻ തീരുമാനം എടുപ്പിച്ചു. തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും വർധിക്കുന്ന സാഹചര്യത്തിൽ അതിൽ നിന്ന് ശ്രദ്ധതിരിക്കാൻ ബി.ജെ.പിയും ആർ.എസ്.എസും വലിയ തോതിൽ ജാതി ധ്രുവീകരണം നടത്തുകയാണ്. പെൺകുട്ടിയുടെ വീട്ടിലെത്തി അമ്മയും അച്ഛനുമുൾപ്പെടെയുള്ളവരുമായി സംസാരിച്ച വിവിധ രാഷ്​ട്രീയ സംഘടനകളുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തിലുണ്ടായിരുന്ന ലേഖിക, അവിടുത്തെ സാഹചര്യം എഴുതുന്നു


Comments