മഹാരാഷ്ട്രയിലെ കൊങ്കൺ തീരദേശമായ മഹദ് എന്ന ചെറുപട്ടണത്തിൽ വെച്ച് അംബേദ്ക്കറുടെ നേതൃത്വത്തിൽ ദളിതർ, ബ്രാഹ്മണമതത്തിലെ ജാതിവ്യവസ്ഥയുടെ ആധാരരേഖയായ
മനുസ്മൃതിയുടെ ശവദാഹം നടത്തിയിട്ട് ഇപ്പോൾ 93 വർഷം കഴിഞ്ഞു (1927 ഡിസംബർ 25). അന്ന് അംബേദ്കർ ചൊല്ലിക്കൊടുത്ത പ്രതിജ്ഞ ഇങ്ങനെയായിരുന്നു.
ജന്മത്തെ അടിസ്ഥാനമാക്കിയ ചാതുർവർണ്യം ഞാൻ വിശ്വസിക്കുന്നില്ല. ജാതിവ്യവസ്ഥയിൽ ഞാൻ വിശ്വസിക്കുന്നില്ല. തൊട്ടുകൂടായ്മയിലും ഞാൻ വിശ്വസിക്കുന്നില്ല. ഭക്ഷണം, കുടിവെള്ളം തുടങ്ങിയവയിലുള്ള വിലക്കുകളും ഞാൻ അനുസരിക്കില്ല. തൊട്ടുകൂടാത്തവർക്ക് ക്ഷേത്രം, ജലസ്രോതസ്സുകൾ, വിദ്യാലയങ്ങൾ എന്നിവയിൽ തുല്യമായ അവകാശമുണ്ട്.
ആ പന്തലിൽ വലിച്ചു കെട്ടിയിരുന്ന ബാനറുകളിൽ ‘മനുസ്മൃതിയുടെ ദഹന ഭൂമി', ‘തൊട്ടുകൂടായ്മ അവസാനിപ്പിക്കുക', ‘ബ്രാഹ്മണ മതത്തെ കുഴിച്ചുമൂടുക' എന്നിങ്ങനെ എഴുതിയിരുന്നു.
കുറച്ചുനാൾ മുമ്പാണ് യു.പി.യിൽ ഹർദോയ് ജില്ലയിൽ മോനു എന്നു ചെല്ലപ്പേരുള്ള അഭിഷേക് എന്ന ദളിത് യുവാവിനെ, അയാൾ തന്റെ അറുപതുകാരിയായ മാതാവിനെ ചികിത്സിക്കുന്നതിന് 25,000 രൂപ സംഘടിപ്പിച്ച് വീട്ടിലേക്ക് വരുന്ന വഴി, ഉയർന്ന ജാതിക്കാർ പിടിച്ചുകൊണ്ടുപോയി, പണം തട്ടിയെടുത്ത്, ജീവനോടെ തീ കൊളുത്തി കൊന്നുകളഞ്ഞത്. ഈ വാർത്തയറിഞ്ഞ് അഭിഷേകിന്റെ അമ്മ രാം ബേട്ടിയും തൽക്ഷണം മരിച്ചു. ഉയർന്ന ജാതിയിലെ പെൺകുട്ടിയെ പ്രേമിച്ചു എന്നതായിരുന്നു ആ 20 വയസ്സുകാരന്റെ കുറ്റം. ഹത്‌റാസിൽ ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്തു ചുട്ടുകരിച്ചത് ആഴ്ചകൾക്ക് മുമ്പാണ്.
ബ്രാഹ്മണമതവും മനുസ്മൃതിയും ചാതുർവർണ്യവും ഒഴിയാബാധപോലെ കൂടുതൽ കരുത്താർജ്ജിച്ച് , പുതിയ പുതിയ രൂപങ്ങളിൽ ദളിത് ജീവിതത്തെ മാത്രമല്ല ഇന്ത്യൻ സമൂഹത്തെയാകെ ഭീതിയുടെ നിഴലിൽ നിർത്തിയിരിക്കുന്നു. നൂറ്റാണ്ടുകളായി അനുഭവിക്കുന്ന ഈ ഇന്ത്യൻ ഭയത്തിൽ നിന്ന് പുറത്തുകടക്കാനാകണം ഗത്യന്തരമില്ലാതെ, ഉത്തർപ്രദേശിൽ ദളിതുകൾ ഒത്തുചേർന്ന് അവരുടെ വീടുകളിലെ ദൈവങ്ങളുടെ ചിത്രങ്ങൾ എടുത്ത് തെരുവിലൂടെ ജാഥയായി നടന്നു ഉപേക്ഷിച്ചു പോന്നത്.
ഇതേ പ്രതിഷേധം തമിഴ്‌നാട്ടിലും നടന്നിട്ടുണ്ട്. കാരണം ജാതിഹിന്ദുത്വത്തിൽ നിന്ന് രക്ഷപ്പെടാൻ ഇസ്‌ലാമിലേക്കും ക്രിസ്ത്യാനിറ്റിയിലേക്കും ബുദ്ധമതത്തിലേക്കും ചേക്കേറുന്ന പഴയ പരിപാടികൊണ്ട് ബ്രാഹ്മണ ഹിന്ദുത്വക്രൂരതകളെ നേരിടാനാവില്ലിനി. അപ്പോൾ അന്യമതങ്ങളെ ശത്രുക്കളാക്കി പ്രഖ്യാപിച്ച് ഹിന്ദുത്വം കൂടുതൽ ശക്തിയാർജ്ജിച്ച് ദളിത്‌വേട്ട നിർവിഘ്‌നം തുടരുകയേയുള്ളൂ. ഇത് അവസാനിപ്പിക്കണമെങ്കിൽ വേണ്ടത് ദളിതുകൾ മാത്രമല്ല, ഒ.ബി.സി ജാതികളും ചാതുർവർണ്യത്തിന്റെ ആധുനിക കുരുക്കിൽനിന്ന് സ്വയരക്ഷ നേടി സ്വതന്ത്രരായി നിൽക്കണം.
തമിഴ്‌നാട്ടിൽ ചിദംബരത്തിനടുത്ത് തേർക്കുതിട്ടൈയിൽ ദളിത് സ്ത്രീയായ പഞ്ചായത്ത് പ്രസിഡണ്ടിനെ, ഗ്രാമപഞ്ചായത്ത് യോഗത്തിൽ തറയിൽ ഇരുത്തിയ സംഭവം നോക്കുക. നൂറ്റാണ്ടുകളായി തുടരുന്ന ദളിത് പീഡനത്തിൽ നിന്നും രക്ഷനേടണമെങ്കിൽ സംഘടിത ബ്രാഹ്മണമതത്തിൽ നിന്ന് വിഭിന്നമായ ഗോത്രാഭിമാനത്തിലേക്ക് എല്ലാ ചാതുർവർണ്യേതര ജാതികളും മടങ്ങിപ്പോയി ഊർജ്ജം സംഭരിക്കേണ്ടതുണ്ട്. താൻ , ഡോ. ആർ.എൽ.വി. രാമകൃഷ്ണൻ പറയൻ ആണെന്ന് ചാനൽ ചോദ്യത്തിന് പരസ്യമായി കലാഭവൻ മണിയുടെ അനുജൻ പ്രതികരിക്കുമ്പോൾ,
‘പാതാളപ്പടവുകൾ കയറി
പറയപ്പടതുള്ളി വരുന്നു ,
പറയറയും താളംതുള്ളി
പറയപ്പട പാടിവരുന്നു'
എന്ന വരികളാണ് നാം ഓർക്കേണ്ടത്. പറയഭാഷയായ പളുവ ഭാഷയിൽ മൃദുലാദേവി കവിത എഴുതുമ്പോഴും ഗോത്രാഭിമാനത്തിന്റെ നവത്വത്തിലേക്ക് ദളിതുകൾ ബ്രാഹ്മണ്യ ചവിട്ടടിയിൽ നിന്ന് പുനർജനിക്കുകയാണ്.
ഇന്നുകാണുന്ന ഹിന്ദുമതം എന്നത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ബ്രിട്ടീഷ് -ബ്രാഹ്മണ കൂട്ടുകെട്ടിൽ നിർമിച്ചെടുത്ത ഒരു
സാംസ്‌കാരിക സംരംഭം മാത്രമാണ്. അന്നത്തെ ഇന്ത്യൻ സെൻസസ് വഴി ക്രൈസ്തവരും മുസ്‌ലിംകളും അല്ലാത്ത മറ്റെല്ലാവരെയും ചേർത്ത് ക്രൈസ്തവ- ഇസ്‌ലാം സെമിറ്റിക് ശൈലിയിൽ ഹിന്ദുമതത്തെ ചുട്ടെടുക്കുകയായിരുന്നു.
അങ്ങനെയാണ് ഇന്നത്തെ ഹിന്ദുമതത്തിലെ 66 ശതമാനം ഒ.ബി.സി., എസ്.സി- എസ്.ടി ഗോത്രങ്ങൾ എല്ലാം ബ്രാഹ്മണ മതത്തിലേക്ക് സംഭരിക്കപ്പെട്ടത്. അതോടെ ചാതുർവർണ്യാധിഷ്ഠിത ജാതിമർദ്ദനങ്ങൾക്ക് പ്രത്യയശാസ്ത്രപരമായ സാധൂകരണം ലഭിക്കുകയും ചെയ്തു. കാരണം ബ്രാഹ്മണമതത്തിന്റെ മജ്ജയും മാംസവും വെച്ചുപിടിപ്പിച്ചിരിക്കുന്നത് ദളിത് -ഒ.ബി.സി. അധ്വാനത്തെ അസ്ഥികൂടമാക്കി കൊണ്ടാണ്.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം മുതൽ ഇപ്പോഴും തുടരുന്ന ബ്രാഹ്മണ ഹൈന്ദവവൽക്കരണം വിദൂരങ്ങളിലെ ഓരോ ആദിവാസി ഗോത്രത്തിലുമെത്തി ചാതുർവർണ്യത്തിന്റെ ചാട്ടയടി കൊള്ളിക്കുന്നു. ഹൈന്ദവ നവോത്ഥാനമെന്നത് പക്കാ ബ്രാഹ്മണമേധാവിത്വം അല്ലാതെ മറ്റൊന്നുമല്ല ഇന്ത്യയിൽ. വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിനും ഗാന്ധിജിയുടെ രാമരാജ്യത്തിനും നെഹ്‌റുവിന്റെ ഇന്ത്യയെ കണ്ടെത്തലിനും, കോളനി മേധാവിത്വവും സ്വദേശി മേൽക്കോയ്മയും ചേർന്ന് നടത്തിയ ആധുനിക ഹിന്ദുനിർമിതിയിൽ നിന്ന് മോചനം നേടാൻ ആയിട്ടില്ല.
എന്തിന് ഇന്ത്യൻ ഇടതുപക്ഷം പോലും തത്ത്വമസിയുടെ വാഴ്ത്തുകാരാണ്. അതുകൊണ്ടാണ് ജോലിസ്ഥലത്ത് ഇടതുപക്ഷ യൂണിയൻ നേതാവും വീട്ടിൽ കടുത്ത ബ്രാഹ്മണാചാര വാദിയുമാകാൻ പല ഒ.ബി.സി- ദളിത് മനുഷ്യർക്കും ഇന്ന് കഴിയുന്നത്.
ബ്രാഹ്മണാധിപത്യത്തിലൂടെ നാനാവിധ ഗോത്ര സംസ്‌കാരങ്ങൾ ഉൾക്കൊള്ളുന്ന ഇന്ത്യൻ സമൂഹത്തിലേക്ക് ജാതിശ്രേണിയുടെ ദൈവികമായ മഹത്വം സർവസമ്മതമായി സ്ഥാപിച്ചെടുക്കുന്നതിലൂടെയാണ് ആധുനിക ഹൈന്ദവ മേധാവിത്വം സാമൂഹ്യമായും രാഷ്ട്രീയമായും അതിമാരകമായി തീരുന്നത്. അതായത് ‘ജയ് ശ്രീറാം 'എന്ന ഒരൊറ്റ തെരുവ് പോർവിളിയോടെ മതത്തെ ശരീരത്തിലേക്ക് ആവേശിപ്പിച്ച് ദളിത് -ഒ.ബി.സി. അവർണ സമൂഹങ്ങളെയെല്ലാം അനുചര വൃന്ദങ്ങളാക്കി, അടിമത്തം സ്വയം വരിപ്പിക്കുന്നവരാക്കുന്നതിൽ ബ്രാഹ്മണ്യ ഹിന്ദുത്വം വിജയിച്ചരുളുന്നു.
ആദ്യം സാമൂഹ്യമായും അതുവഴി രാഷ്ട്രീയമായും വന്നുചേർന്ന ഈ അടിമത്തത്തിൽനിന്നും രക്ഷപ്പെടണമെങ്കിൽ ഒബിസി -ദളിത് വിഭാഗങ്ങൾക്കുമേൽ കഴുത്തിൽ ചാർത്തിയിരിക്കുന്ന സനാതനത്വം എന്ന പുതിയ ബോർഡ് പുനഃപരിശോധിക്കപ്പെടണം. അതിലൂടെ മാത്രമേ ഇന്ത്യ ഇന്ന് നേരിടുന്ന ജനാധിപത്യ വിമുഖ ഭരണാസക്തിയെയും അതിനെ അരിയിട്ടു വാഴിക്കുന്ന സ്വദേശി-വിദേശി കോർപറേറ്റുകളെയും തുരത്താൻ പറ്റൂ. അങ്ങനെ ചാതുർവർണ്യ വിമോചനം എന്നത് ആധുനികോത്തരമായ സാമൂഹ്യ രാഷ്ട്രീയ മുന്നേറ്റമാണ് ഇന്ത്യയിൽ.
ബ്രാഹ്മണ ലിഖിതാഖ്യാനങ്ങൾക്കും പൂണൂൽ ധരിച്ച ദൈവചിത്രങ്ങൾക്കും സംഘടിത മിത്തുകൾക്കുമപ്പുറം തങ്ങളുടെ പ്രാകൃതമായ ഗോത്ര ആത്മീയതയാണ് ദളിത് സമൂഹങ്ങൾ ഇനി പ്രസരിപ്പിക്കേണ്ടത്. ബ്രാഹ്മണവൽക്കരണത്താൽ കുടുംബത്തിലേക്ക് കയറിവന്ന എല്ലാ അധീശ തറ്റുടുക്കലുകളെയും തനതു നാട്ടുദൈവങ്ങളെക്കൊണ്ടു പകരം വെയ്‌ക്കേണ്ടതുണ്ട്. പ്രകൃതിസിദ്ധവും സ്വയംപര്യാപ്തവും വൈവിധ്യ സമ്പന്നവുമായിരുന്ന നിരവധി കുടുംബ - നാട്ടുദൈവങ്ങൾ ആധുനിക ഹൈന്ദവവൽക്കരണത്താൽ ആശ്രയമറ്റ് അധഃകൃതരായി വിസ്മരിക്കപ്പെട്ടുപോയിട്ടുണ്ട്. ആ കുടുംബം ദേവതകൾ മതി നാട്ടുമനുഷ്യർക്ക് ഒത്തുകൂടാനും സ്വയം മറക്കാനും.
ഇന്ന് കേരളത്തിലെ ഹൈന്ദവ ക്ഷേത്രങ്ങളെ താങ്ങിനിർത്തുന്നത് അവിടേക്ക് നടവരവായി ചെല്ലുന്ന ഒ.ബി.സി- ദളിത് വിഭാഗങ്ങളുടെ കൂടി പണമാണ്. തങ്ങളെ മർദ്ദിക്കുന്ന പ്രത്യയശാസ്ത്രങ്ങളുടെ പടക്കോപ്പുകൾ നിർമ്മിക്കുന്നു ഈ ബ്രാഹ്മണ പുരുഷാധിപത്യ സമുച്ചയങ്ങളെ സാമൂഹ്യമായും രാഷ്ട്രീയമായും വിമർശിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കാരണം ചാതുർവർണ്യത്തിന്റെ സാമൂഹ്യ ഗണത്തിൽ, പൗരത്വം ചരിത്രത്തിൽ കിട്ടാത്ത, പൂർണ മനുഷ്യരെന്ന് ഒരിക്കലും ബ്രാഹ്മണ്യത്താൽ പരിഗണിക്കപ്പെടാത്തവരാണ് ഒ.ബി.സി. - ദളിത് ജനസഹസ്രങ്ങൾ.
അതുകൊണ്ടാണ് ബ്രാഹ്മണ ക്ഷേത്രങ്ങൾ അവരെ ചരിത്രപരമായി തന്നെ അകറ്റി നിർത്തിയിരുന്നത്. എന്നാൽ ക്ഷേത്രപ്രവേശന വിളംബരവും ഗുരുവായൂർ സത്യാഗ്രഹവും വഴി ഈ സവർണ കോവിലുകളിലേക്ക് അവർണ സമൂഹങ്ങൾ എത്തപ്പെട്ടപ്പോൾ, ചാതുർവർണ്യത്തോട് സമ്പൂർണ വിധേയത്വവും സംഭവിച്ച് , അവർണ ഗോത്രങ്ങളുടെ തനതു വ്യക്തിത്വം അവരാൽ തന്നെ കഴുകി കളയേണ്ട അധമത്വമായി തോന്നിപ്പിച്ചിരിക്കുന്നു.
അതുകൊണ്ടാണ് ഇന്ന് ഒബിസി- ദളിത് ജാതികളുടെ കുടുംബ വെച്ചാരാധനാലയങ്ങളിൽ സ്വന്തം ജാതിയിൽ പെട്ടവർ പൂജചെയ്താൽ ദൈവത്തിന് തൃപ്തി വരില്ല എന്നും, പകരം നമ്പൂതിരിയെ കൊണ്ടു തന്നെ പൂജാദികർമ്മങ്ങൾ ചെയ്യിക്കണമെന്നും, സ്വന്തം വ്യക്തിത്വം തേഞ്ഞ് ബ്രാഹ്മണാധീശത്വത്തെ മനസ്സാ വരിച്ച അവർണ സമൂഹങ്ങൾക്ക് തോന്നിയിരിക്കുന്നത്. ഇപ്രകാരം ഉപരിവർഗ്ഗാശയങ്ങൾ അവർണ സമൂഹം ആഭരണമായി അണിയുന്നതാണ് സമകാലിക ഇന്ത്യയുടെ ദുരന്തം.
ബ്രിട്ടീഷ് കോളനി ഭരണം അതിന്റെ വിഘടിപ്പിക്കൽ ഭരണ സൗകര്യത്തിനുവേണ്ടിയും പൗരസമൂഹത്തെ സംഘടിതമത ചട്ട കൂട്ടിലാക്കി സുഗമമായി കൈകാര്യം ചെയ്യുന്നതിനു വേണ്ടിയും തദ്ദേശീയ ഉപരിവർഗ്ഗവുമായി കൈകോർത്ത് നിർമ്മിച്ചെടുത്ത സെമിറ്റിക് ഹിന്ദുത്വത്തോട് കണക്കു തീർത്ത് പുറത്തുവരുന്നത് , ഇന്ന് ഇന്ത്യയെ അടിമുടി വിഴുങ്ങിയിരിക്കുന്ന രണ്ടു ശക്തികളോട് (സവർണ്ണമേധാവിത്വവും ആഗോള കോർപ്പറേറ്റ് മൂലധനവും ) നടത്തുന്ന മർമ്മവേധിയായ സമരമാണ്.
ആ തരത്തിലുള്ള ഒരു പ്രതിവിപ്ലവത്തിനാണ് ചാതുർവർണ്യ ബാഹ്യസമൂഹങ്ങൾ തയ്യാറാകേണ്ടത്. കൈവിട്ടുകളഞ്ഞ തനത് ആത്മീയതയുടെ നാട്ടു മൂർത്തികളെ തിരിച്ചെടുക്കുക എന്നത് രാഷ്ട്രീയ-സാംസ്‌കാരികാവശ്യമായതു കൊണ്ടാണ് കവിതയിലും അത് വിഷയമാകുന്നതിന്ന്. ‘പോയട്രി മാഫിയ' എന്ന ഫെയ്‌സ്ബുക്ക് പേജിൽ വന്ന ഈ കവിത വായിക്കുക:
‘കരി'ങ്കുട്ടി
ഗലിയ
തനിക്കു മീതെ കൂമ്പാരം കൂടിയ കരിയിലകൾ വകഞ്ഞുമാറ്റി
കരിങ്കുട്ടി എഴുന്നേറ്റിരുന്നു.
മൂരിനിവർന്നു.
പെയ്തുതോർന്ന മഴ ഏല്പിച്ചുപോയ നാലിറ്റുവെള്ളം
പറങ്കിമാവിന്റെ ഇലയ്ക്കു മുകളിലൂടെ തലയിലേക്കൂർന്നു വീണു.
അവൻ തല ചെരിച്ചു വാ പിളർത്തി വച്ച്
മേൽപ്പോട്ടു നോക്കിയിരുന്നു.
വല്ലാത്ത ദാഹം.
മുടിഞ്ഞ വിശപ്പും.
തിന്നിട്ട് കൊല്ലം പത്തായെന്നോർത്തപ്പോ
വയറ്റിന്നൊരാന്തൽ.
താഴെ വീട്ടിലെ കാരണോത്തി ചത്തുപോകുന്ന വരെ
ശാപം പേടിച്ചിട്ടാണേലുമിത്തിരിയെന്തെങ്കിലും
നുണക്കാൻ തന്നിരുന്നതാണ്.
പണ്ട് മണ്ഡലകാലമായാൽ
പാടവരമ്പത്തുകൂടി വേലുക്കുട്ടി വരുന്നതും കാത്തു
കണ്ണുംനട്ട് നോക്കിയിരുന്നതോർത്തപ്പോൾ
കറുത്തകല്ലിനുള്ളിലെ
ഉറച്ച ഹൃദയം വല്ലാതങ്ങു തുടിച്ചു.
ഓർമയുള്ള കാലം മുതൽ മണ്ണാൻ തേവു ആയിരുന്നു.
അവൻ ചത്തപ്പോ അവന്റെ ഒറ്റമോളുടെ കെട്ടിയവൻ
മാധവനായി എന്റെ ഊട്ടുകാരൻ .
അവനുശേഷമവന്റെ ചെക്കൻ വേലുക്കുട്ടി.
അവനു ദീനം വന്നു കിടപ്പിലായപ്പോളൊരുകുറി
അവന്റെ അനിയൻ ചെക്കനൊരുത്തൻ വന്നു തന്നുപോയതാണ്.
പിന്നെയാരുമീ വഴി വന്നിട്ടില്ല.
കാരണോത്തി തീയതി കുറിച്ച് ആളെ വിളിക്കും.
ആയമ്മ വച്ചുകൊടുത്ത ഒരു മുറം കൂട്ടവുമായി
തെക്കേതൊടിയുടെ മൂലയിലേക്ക്
ഇരുട്ടുപടരണ നേരത്ത്
കർമ്മിയും ശിങ്കിടിയുമെത്തും.
അടുത്തൊരു വർഷത്തേക്ക് നിത്യം
പല്ലുവെളുപ്പിക്കാനിച്ചിരി ഉമിക്കരി.
ഭക്ഷണമൊക്കെ റേഷനാണ്.
ഒരു കുമ്പിൾ നിറയെ പച്ച മുതിര വേവിച്ചത്.
കൊറിക്കാനിത്തിരി അരി വറുത്തത്.
മുന്നൂറ്ററുപത്തഞ്ചു ദിവസത്തേക്കായി ആകെ കിട്ടുന്നത്
ഇത്തിരി പച്ചരിച്ചോറും
പത്തു കാച്ചിയ പപ്പടവും.
വല്ലാണ്ടങ്ങ് പൂതി കേറുമ്പോ
എടുത്തു നുണക്കാനിച്ചിരി കള്ള്.
പിന്നൊരു കോഴി.
ചുടുചോര മേത്തു വീഴുമ്പോഴൊരു കുളിരുണ്ട്.
നീണ്ട കാത്തിരിപ്പിനൊടുവിൽ കിട്ടുന്നതല്ലേ.
ഒറ്റവലിക്ക് കുടിച്ചിറക്കും.
ചോര മാത്രമേ എനിക്കുള്ളൂ.
കോഴിയെ വെട്ടിയവൻ തന്നെ
എടുത്തോണ്ടുപോയി കറിവച്ചു തിന്നും.
അതെങ്കിലത് .
എന്നാലതുതന്നെ കിട്ടിയിട്ട് വർഷങ്ങളായി.
ഓർത്തപ്പോ കാലിന്നൊരു പെരുപ്പ്കേറി
മണ്ടക്കുവന്നിരുന്നു.
ആഞ്ഞു ശപിച്ചു.
ശപിക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി.
ചപ്പ് അടിച്ചു വാരാൻ വന്ന
വീട്ടിലെ മൂത്ത പെണ്ണൊരിക്കെ
എന്റെ ശാപത്തെ പറ്റിയോർത്തു.
അങ്ങിനെ ഇടയിലെപ്പോഴോ
കവടിനിരത്തി
റേഷൻ വെട്ടിച്ചുരുക്കാനുത്തരവായി.
കൊല്ലത്തിലൊരു ഇളനീര് മാത്രം വെട്ടിക്കുടിച്ചു
ഞാൻ മെലിഞ്ഞു പാതിയായി.
ഞാൻ പിന്നെയുമാഞ്ഞു ശപിച്ചു.
ഏറ്റില്ല.
മണ്ഡലകാലമൊത്തിരി വന്നു പോയി.
തൊണ്ട നനക്കാനിത്തിരി കരിക്കു പോലും കിട്ടാതെയായി.
തൊട്ടടുത്ത പറമ്പിലെ
നാഗത്താന്മാർക്കു ഒരു പഞ്ഞവുമുണ്ടായില്ല.
ഉഗ്രവിഷമുള്ള അവന്റെ ശാപത്തെ പേടിച്ചു
നൂറും പാലും മുറതെറ്റാതെ എത്തിക്കൊണ്ടിരുന്നു.
രണ്ടുകൊല്ലം മുൻപ് പൊട്ടിമുളച്ച
മച്ചിലെ ഭഗവതിക്ക്
ആണ്ടില് എത്രയോ തവണ
വീട്ടുകാർ മത്സരിച്ചൂട്ടി.
എന്നിട്ടും
എന്റെ ശാപം മാത്രം വിലപ്പോയില്ല.
ഞാനെന്നെ ഒന്ന് അടിമുടി നോക്കി.
ഉവ്വ്!
ഒന്നുകൂടി കറുത്തിരുണ്ടിട്ടുണ്ട്!
നേരം ഇരുട്ടി തുടങ്ങി.
വെളുത്ത ദൈവങ്ങൾ
നിലവിളക്കും ചന്ദനത്തിരിയുമെടുത്ത് ഊരുചുറ്റാൻ ഇറങ്ങാറായി.
തീണ്ടൽ ഏൽക്കാതിരിക്കാൻ
ഞാൻ കരിയിലകൾക്കിടയിലേക്കു മുളഞ്ഞു.
അവിടിരുന്നാരും കേൾക്കാതെ മന്ത്രിച്ചു.
എന്റെ പേര് ‘കരി'ങ്കുട്ടി.
ഞാനും ഒരു ദൈവമായിരുന്നത്രെ!