ദൈവത്തിന്​ കിട്ടിയ ഭൂമി, ദളിതന്​ കിട്ടാത്ത ഭൂമി

ഇന്ത്യയിൽ സാമ്പത്തിക- സാമൂഹ്യ വിവേചനത്തിന്റെ സർവ്വാലംബമായ, ഇനിയും പരിഹരിക്കപ്പെടേണ്ട ഭൂനീതിയിൽ നിന്ന്​ കൗശലപൂർവ്വം നമ്മെ അകറ്റി നിർത്തുന്ന സവർണതന്ത്രത്തിൽ നാം അകപ്പെട്ടു പോകുകയാണ്. നീതിപൂർവ്വകമായ ഭൂമി വിതരണത്തിനു വേണ്ടിയുള്ള ജനാധിപത്യപരമായ സമരങ്ങളാണ് കണ്ണിൽ ചോരയില്ലാത്ത ഹൈന്ദവ യാഥാസ്ഥിതികത്വത്തെ അടിയറവു പറയിക്കാൻ അനിവാര്യം.

ടി.വി.ചന്ദ്രന്റെ പൊന്തൻമാട എന്ന സിനിമയിൽ, അക്കൊല്ലം കോൾപ്പാടത്ത് കൃഷിക്കാർ കൃഷിയിറക്കില്ല എന്നറിയുമ്പോൾ "ന്നാലും ഇമ്മടെ കോള് നെലല്ലേ കോയിതമ്പ്രാനേ' എന്നു സങ്കടപ്പെടുന്ന മാട എന്ന ദളിത് വൃദ്ധനോട്, വ്യവസ്ഥാനിഷേധിയായ യുവാവ് ഇങ്ങനെ പറയുന്നു; "ഇമ്മടെ നെലോ? തനിക്കുണ്ടോടോ നെലം? ഇവടെ നെയമങ്ങളൊക്കെ ഇതുവരെയേ വന്നൊള്ളു. വീട്ടിക്കെടന്നൊറങ്ങിക്കഴിഞ്ഞൂടിയവന്റെ നെലെടുത്ത് വരമ്പത്തു നടക്കണവനു കൊടുത്തു. കണ്ടത്തിലെറങ്ങി പണിയെടുത്തോന്​ വല്ലതും കിട്ടിയോ?.’
‘പായലിലും വെള്ളത്തിലുമിഴഞ്ഞ ഈ ജലജീവി പെന്തൻമാടയ്ക്ക് എന്തേ സർക്കാറൊരു പത്തു പറയ്ക്കു നെലം കൊടുക്കാഞ്ഞേ?’ എന്നും യുവാവ്ചോ​ ദിക്കുന്നുണ്ട്​.

ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തും ഇതേവരെ സാധിക്കാത്ത വിധത്തിൽ ഭൂപരിഷ്​കരണം നടപ്പിലാക്കിയ സംസ്ഥാനം കേരളമാണ്. കൃഷിഭൂമി കർഷകനും, കുടികിടപ്പു പത്തുസെൻറ്​ ഭൂരഹിതനും, അഞ്ചു- നാലു സെൻറ്​ കോളനികൾ ദളിതർക്കും ഒരു പരിധി വരെ നടപ്പിലാക്കി, അവശ - മർദ്ദിത ജനവിഭാഗങ്ങൾക്ക്​ കുറച്ചെങ്കിലും നിവർന്നു നിൽക്കാൻ ഭൂമിയുടെ മേലുള്ള അവകാശം സാധ്യമാക്കിയെന്നാലും പാടത്തും പറമ്പിലും പണിയെടുത്തവരുടെ അനന്തര തലമുറ മണ്ണിൽ നിന്ന്​ അന്യവൽക്കരിക്കപ്പെട്ട് കുടുസുമുറികളിൽ, കേരളത്തിൽ പോലും ഒതുക്കപ്പെട്ടു. പുരോഗമന കേരളത്തിന്റെ ചിത്രം ഇതാണെങ്കിൽ, മറ്റു സംസ്ഥാനങ്ങളിലേയ്ക്കു കടന്നാൽ നമ്മുടെ നാലയലത്തു പോലും എത്താൻ പറ്റാത്ത വിധത്തിൽ ഒരു തുണ്ടു മണ്ണു പോലും സ്വന്തമായി ഇല്ലാത്ത കോടിക്കണക്കിന് ദളിത് -ആദിവാസികൾ കഴിഞ്ഞുകൂടുന്ന ആധുനികഭാരതത്തെ കാണാം. 2011 ലെ സെൻസസ് പറയുന്നു: ഇന്ത്യയിലെ ദളിത് ജനങ്ങളിൽ 71% വും ഭൂരഹിത കൃഷിപ്പണിക്കാരാണ്. ഗ്രാമീണ ദളിതുകളിൽ 58% ത്തിനും സ്വന്തമായി ഭൂമിയില്ല. ദളിത് ജനസംഖ്യ കൂടുതലുള്ള ഹരിയാന, പഞ്ചാബ്, ബീഹാർ എന്നിവിടങ്ങളിൽ 85% മർദ്ദിത സമൂഹവും ഭൂപ്രഭുക്കളുടെ കാരുണ്യത്തിൽ കഴിഞ്ഞുകൂടുന്നു. കേരളം, തമിഴനാട്‌, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, ഗുജറാത്ത്, പശ്ചിമ ബംഗാൾ, ഒഡീഷ സംസ്ഥാനങ്ങളിലാകട്ടെ 60% അധഃസ്ഥിതരും ഭൂരഹിതരാണ്.

2015-16ലെ അഗ്രികൾച്ചർ സെൻസസ് പ്രകാരം 157 ദശലക്ഷം ഇന്ത്യൻ കാർ‍ഷിക ഭൂമിയുടെ 9% മാത്രമാണ് ജനസംഖ്യയിൽ 18% വരുന്ന ദളിത് സമൂഹത്തിനുള്ളത്. ഭൂമിയുള്ള ദളിതുകളിൽ 61%വും 1- 2ഹെക്ടറിൽ താഴെ മാത്രം ഭൂമിയുള്ള നാമമാത്ര കൃഷിക്കാരത്രേ. ഇന്ത്യൻ ഗ്രാമങ്ങളിൽ ദളിത്- ആദിവാസി വിഭാഗങ്ങൾ ഉൾപ്പെടുന്ന 40% കൃഷിപ്പണിക്കാരും ഏറ്റവും കുറഞ്ഞ കൂലിക്ക്​ പണിയെടുക്കുന്ന ഭൂരഹിതരത്രേ. ഇന്ത്യയിലെ മുഴുപ്പട്ടിണിക്കാരായ 25% പേർ ഉൾപ്പെടുന്ന ദാരിദ്ര്യരേഖയ്ക്കു കീഴിലുള്ള ജനങ്ങളിൽ (55%) ഏറിയപങ്കും സ്വന്തമായി ഭൂമിയില്ലാത്തതിനാൽ പട്ടിണിയും ദാരിദ്ര്യവും പേറുന്നവരാണ്. ഗ്രാമങ്ങളിലെ 56.41%പേർക്കും (10കോടി കുടുംബങ്ങൾ) സ്വന്തമായി ഒരുതുണ്ടു സ്ഥലം പോലുമില്ല. നാഷണൽ സാമ്പിൾ സർവ്വെയെ അടിസ്ഥാനപ്പെടുത്തി നടത്തിയ ഒരു പഠനം (Wealth Ownership and Inequality in India: A Socio-religious Analysis) പറയുന്നത് 22.28% മാത്രമുള്ള സവർണജാതികളിലാണ് രാജ്യത്തെ സമ്പത്തിന്റെ 41%വും ഉള്ളതെന്നാണ്. എന്നാൽ ജനസംഖ്യയുടെ 27% വരുന്ന എസ്. സി, എസ്.ടി വിഭാഗത്തിന് രാജ്യത്തെ സമ്പത്തിന്റെ 11%മേയുള്ളൂ.

ആധുനിക ലോകത്ത് മനുഷ്യരുടെ അധികാരത്തിന്റെയും പദവിയുടെയും സ്വാതന്ത്ര്യത്തിന്റെയും സാമൂഹ്യ സുരക്ഷയുടെയും ആദ്യ ഉപാധി സ്വന്തമായുള്ള ഭൂമിയാണ്. അതുകൊണ്ട് ഇന്ത്യയിൽ ദളിത്- ആദിവാസി ജനതയെ നൂറ്റാണ്ടുകളുടെ പീഡനത്തിൽ ഇന്നും തളച്ചിട്ടിരിക്കുന്നത് അവരെ നിത്യഭൂരഹിതരാക്കി നിലനിർത്തിക്കൊണ്ടാണ്.

ഭൂമിക്കുമേൽ അവകാശം നേടുന്നതിലൂടെ മാത്രമേ ഈ ജനസമൂഹത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ അവശതകൾ ശമിക്കുന്നതിനൊപ്പം ഇന്ത്യൻ ഭൂപ്രകൃതിയോടുള്ള പാരിസ്ഥിതികമായ നീതിയും പ്രാപ്യമാക്കാൻ കഴിയൂ. ലോകത്തെവിടെയും ഉപരിമധ്യവർഗ്ഗഭോഗലാലസതയല്ല ആദിവാസി - ദളിത് സമൂഹങ്ങളുടെ സുസ്ഥിര ഭൂവിനിയോഗമാണ് കാടും മണ്ണും ജലാശയങ്ങളും അവിടങ്ങളിലെ ജൈവ വൈവിധ്യവും കാത്തു പോരുന്നത്.

ഭൂമിയും ജാതിയും

സ്വന്തമായി ഭൂമിയില്ലാത്തവർ എന്നാൽ ഇന്ത്യയിൽ അതിന്റെ അർത്ഥം അവർ ദിവസം 150 രൂപ പോലും കിട്ടാത്ത കൂലിവേലക്കാർ എന്നു മാത്രമല്ല, സാമ്പത്തിക ചൂഷണത്തിന്റെ മൂന്നുപാധിയെന്ന നിലയിൽ ഭൂരഹിതരായ ഈ ദരിദ്രർ, ജാതിമർദ്ദനത്തിന്റെ ആജന്മ ഇരകളായ ദളിത് - ആദിവാസി- പിന്നോക്ക ജനങ്ങളുമെന്നാണ്. സമൂഹം നിലകൊള്ളുന്നത് വ്യക്തികളുടെ കൂട്ടായ്മ എന്ന രീതിയിലല്ല, പകരം അതിനകത്തുള്ള വർഗ്ഗങ്ങളായിട്ടാണ് എന്ന് മാർക്സിനെ പോലെ അംബേദ്‌ക്കറും ഊന്നിപ്പറയുന്നുണ്ട്. എന്നാൽ അതിനപ്പുറം ഇന്ത്യയിൽ വർഗ്ഗമെന്നാൽ ജാതിയാണെന്നും അംബേദ്ക്കർ തിരിച്ചറിഞ്ഞു. വർഗ്ഗവും ജാതിയും തൊട്ടടുത്ത വാതിലിലെ അയൽക്കാർ മാത്രമാണ്. ("....class and caste are next door neighbours and it is only a span that seperate the two. A Caste is an Enclosed Class.' ) ഹിന്ദു സമൂഹത്തിൽ ഓരോ ജാതിയും സാമൂഹ്യ വിരുദ്ധ ഗ്രൂപ്പുകളായി നിലകൊള്ളുന്നു. അവ മറ്റുള്ളവയ്ക്കു നേരെ സ്വന്തം വാതിലുകൾ കൊട്ടിയടയ്ക്കുന്നു. ജാതിവ്യവസ്ഥയെന്നത് കേവലമായ തൊഴിൽ വിഭജനത്തിന്റെ പ്രത്യേക സംഘങ്ങൾ മാത്രമല്ല. അത് തൊഴിലിനെയെന്നതിനേക്കാൾ തൊഴിലാളികളെ തന്നെ പലതായി കഷണങ്ങളാക്കുന്ന വിചിത്ര ശൈലിയും, തുടർന്ന് അവരെ ജനിക്കുന്നതിനു മുന്നേ തന്നെ ഉച്ചനീചത്വത്തിന്റെ തട്ടുകളായി തിരിക്കുകയും ചെയ്തിരിക്കുന്ന ഇന്ത്യൻ നിർമിതിയുമത്രേ. അങ്ങനെ അതീവ കൗശലത്തോടെ ഉപരിവർഗത്തിന് അഥവ ഉച്ച ജാതികൾക്ക് മർദ്ദിത ജാതികളെ എക്കാലവും ചിതറിത്തെറിച്ചു നിർത്താനും അടിച്ചമർത്തിവെയ്ക്കാനും കഴിയുന്നതായി അംബേദ്ക്കർ നിരീക്ഷിച്ചു. ഭൂമിയുടെ സിംഹഭാഗവും തങ്ങളുടെ അധീനതയിൽ നിലനിർത്തിക്കൊണ്ടും അവശ ജാതികളെ ഭൂമിയില്ലത്തവരാക്കി മാറ്റിക്കൊണ്ടുമാണ് സാമൂഹികവും സാമ്പത്തികവുമായ ഉച്ചനീചത്വം ഇന്ത്യയിൽ ഉറപ്പിച്ചിരിക്കുന്നത്. ജാതി മേൽക്കോയ്മയുടെ ഭൂവാഴ്ചയെ ഒരിക്കലും ചോദ്യം ചെയ്യാൻ സാധിക്കാത്ത വിധത്തിൽ മർദ്ദിത ജാതികളുടെ ഏകീകരണത്തെ ജാതിശ്രേണീ വ്യവസ്ഥ തടഞ്ഞുനിർത്തുന്നു. ഓരോ ജാതിയും ഓരോ ദേശരാഷ്ട്രമെന്ന പോലെ ഒരു രാഷ്ട്രത്തിനുള്ളിലെ വലുതും ചെറുതുമായ അനേകം രാഷ്ട്രങ്ങൾ കണക്കെ ശത്രുതയിലെന്ന് അംബേദ്ക്കർ കണ്ടു.(B. R. Ambedkar on Caste and Land Relations in India.
Awanish Kumar)

മുംബൈയിലെ ബാന്ദ്ര റയിൽവേ സ്‌റ്റേഷന് സമീപത്തെ ഒരു കോളനി / PHOTO : AAKANKSHA

അടിമത്ത വ്യവസ്ഥയിൽ പോലും ഭൂമി, ഭക്ഷണം, വസ്ത്രം ഇത്യാദി അടിസ്ഥാനാവശ്യങ്ങൾ നിഷധിക്കുന്നില്ല. എന്നാൽ ഇന്ത്യൻ അടിമകളായ അസ്പർശ്യർക്ക് ഇത്തരം സുരക്ഷിതത്വങ്ങളെല്ലാം വിലക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ഭൂമിയുടെ അവകാശം ഇവിടെ സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെയും സാമൂഹ്യ വിമോചനത്തിന്റെയും അച്ചുതണ്ടാണ്. "തൊട്ടുകൂടായ്മയുടെ മൂലകാരണം ഭൂവുടമസ്ഥതയുടേതാണ്. ഭൂമി കുറച്ചുപേരുടെ കൈകളിലായിരിക്കുന്നിടത്തോളം കാലം ദളിത് ജനങ്ങൾ അസ്പർശ്യരായി നിലനിൽക്കും' എന്ന് ദളിത് എഴുത്തുകാരിയായ സുജാത ഗിഡ്ല (Sujatha Gidla) പറയുന്നു. സതി സമ്പ്രദായനിരോധം, വിധവാവിവാഹം, ബ്രാഹ്മണേതരർക്ക് പൊതുവിദ്യാഭ്യാസം എന്നീ പരിഷ്ക്കാരങ്ങൾ ഹിന്ദു സമൂഹത്തിൽ ആരംഭിച്ച ബംഗാളിൽ ഇത്തരം മാറ്റങ്ങൾ ജാതിഘടനയുടെ അടിത്തറയിളക്കുന്ന ഭൂവുടമസ്ഥതയിലേക്കു പടരാതിരിക്കാൻ 19-ാം നൂറ്റാണ്ടിൽ തന്നെ ജാതി ഹിന്ദുക്കൾ ജാഗ്രത പാലിക്കുന്നുണ്ട്. ജാതിമർദ്ദനങ്ങളെ മൂടി വെച്ച് സാമൂഹ്യ സാമ്പത്തികാധിപത്യം സ്ഥിരമായി നിലനിർത്തുന്നതിനായി അവർ കപടമായ ഹൈന്ദവ ഏകീകരണം ഉയർത്തിക്കൊണ്ടുവന്നു. അന്നുമുതൽ ജാതിവ്യവസ്ഥ, പുരുഷാധിപത്യം എന്നിവയെ ദൃഢപ്പെടുത്തി അധഃസ്ഥിത മുന്നേറ്റത്തെ തുരങ്കം വെയ്ക്കുന്ന ഹൈന്ദവ ബോധം നിർമിക്കുന്നതിന് ബ്രാഹ്മണമതം പടച്ച ശത്രുവാണ് ഹിന്ദുവിനെ നശിപ്പിക്കുന്ന ഇസ്​ലാം എന്നത്. ("Brahmanism has typically attempted to manage the ideological crisis by raising the spectre of the Muslim enemy while, at the same time ,trying to win over dissent lower caste communities.’ -Battle for the Bhadra lok : The Historical Roots of Hindu majoritarianism in West Bengal. Ishan Mukherjee). മുസ്​ലിമിനെ സദാ ശത്രുപക്ഷത്ത് നിർത്തി കപടമായ ഹൈന്ദവ ഏകീകരണം വരുത്തിത്തീർത്ത് സവർണ ഭൂസ്വാമിമാർ ദളിത്- ആദിവാസി പിന്നാക്ക സമൂഹങ്ങളുടെ ഭൂമിയുടമാ അവകാശത്തെ സൂത്രത്തിൽ അട്ടിമറിയ്ക്കുകയായിരുന്നു. സവർണ ഭൂവുടമകൾ "ഹരിജന'ങ്ങളുടെ രക്ഷകരാകണം എന്ന ഗാന്ധിജിയുടെ സനാതന സാരോപദേശവവും കൃഷിഭൂമി പരിധി നിശ്ചയിച്ച് പുനർവിതരണം നടത്തുന്ന സോഷ്യലിസ്റ്റ് രീതിയും ഭൂമിയ്ക്കു മേലുള്ള സവർണക്കോയ്മയുടെ സ്വസ്ഥത തകർക്കുന്നതിനാലാണ്, ലിബറൽ ഹൈന്ദവതയുടെ വാതിൽ തുറന്നിട്ട ഗാന്ധിജി വധിക്കപ്പെട്ടതും, കമ്യൂണിസ്റ്റുകാർ സവർണ ഹൈന്ദവതയുടെ ആദ്യ ശത്രുക്കളാകുന്നതും.

ഭൂരഹിതന്റെ ‘ദൈവഭൂമി’

19 -ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി മുതൽ ഇന്ത്യൻ കോളനിഭൂമി ആഗോള മാർക്കറ്റിനു വേണ്ട കാർഷിക വിഭവങ്ങൾ ഉല്പാദിപ്പിക്കുന്ന ലാഭമാത്രാധിഷ്ഠിതമായ പുതിയ സാമ്പത്തിക മേഖലയായി ബിട്ടീഷുകാർ പരിവർത്തിപ്പിക്കുന്നുണ്ട്. ഇതിനു പറ്റിയ വിധത്തിൽ ഇന്ത്യയിലെ സാമൂഹ്യ ഘടനയിലും അവർ മാറ്റങ്ങൾ കൊണ്ടുവന്നു. സഞ്ചാരം, തൊഴിൽ, വിദ്യാഭ്യാസം, ഉപഭോഗം, സ്വത്തവകാശം എന്നവയിൽ അവർണ ജനത നേരിട്ടിരുന്ന വിലക്കുകൾ എവിടെയൊക്കെ പുതിയ ഉല്പാദന വ്യവസ്ഥക്ക് തടസ്സമാകുന്നുവോ അവിടെയൊക്ക മിഷണറിമാരുടെ മുൻ കൈയോടെ സാമൂഹ്യ പരിഷ്ക്കരണങ്ങൾക്ക് ബ്രിട്ടീഷ് സർക്കാർ പച്ചക്കൊടി കാട്ടി. (അതേസമയം ഇവിടുത്തെ സവർണ ഭൂവുടമസ്ഥതയുമായും അതിന്റെ ആര്യവംശമഹിമാ സിദ്ധാന്തവുമായും ഐക്യപ്പെട്ട് അവരെ തങ്ങളുടെ മുഖ്യപങ്കാളികളും നടത്തിപ്പുകാരുമാക്കുകയും ചെയ്തു ). 1891 ൽ മദ്രാസ് പ്രവിശ്യയിലെ ആക്ടിംഗ് കളക്ടർ ആയിരുന്ന ജെയിംസ് ഹെൻറി ആപെലീ ട്രിമെൻഹെയർ (James Henry Apperely Tremenheere) ബ്രിട്ടീഷ് ഗവൺമെന്റിന്, ചെങ്കൽപ്പേട്ട് പ്രദേശത്തെ പറയ സമുദായത്തിന് സ്വന്തമായി ഭൂമി നൽകണമെന്നു ചൂണ്ടിക്കാട്ടി ഒരു റിപ്പോർട്ട് (Notes on Pariahs of Chengleput ) നൽകുകയുണ്ടായി. ബ്രിട്ടീഷ് പാർലമെൻറ്​ 1892 മെയ് 16 ന് ഈ റിപ്പോർട്ട് ചർച്ച ചെയ്യുകയും, തൊട്ടുകൂടാത്ത ജാതികൾക്ക് മദ്രാസ് പ്രവിശ്യയിൽ ഭൂമി കൊടുക്കുന്നതിനുള്ള നിയമം (Depressed Class Land Act) 1892 ൽ കൊണ്ടുവരികയും, പഞ്ചമ ജാതികൾക്ക് ഇപ്രകാരം ലഭ്യമായ ഭൂമി "പഞ്ചമി ഭൂമി' എന്നറിയപ്പെടുകയും ചെയ്തു ( How Dalit Lands were Stolen. Ilangovan Rajasekharan). ​ബ്രിട്ടീഷ് ഭരണത്തിൽ കീഴിൽ നടന്ന സാമൂഹ്യ പരിഷ്ക്കരണങ്ങളെ തുടർന്ന് അംബേദ്ക്കറിന്റെ നേതൃത്വത്തിൽ 1920 കൾ മുതൽ ദളിത് മുന്നേറ്റങ്ങൾ ശക്തിയാർജ്ജിക്കുകയും ഭൂസ്വത്തവകാശം ഉൾപ്പെടെയുള്ള അടിസ്ഥാന വിഷയങ്ങൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഉയർന്നു വരുകയുമുണ്ടായി.

അതോടൊപ്പം1920 ൽ തന്നെ ഗാന്ധിജി കോൺഗ്രസിന്റെ നേതൃത്വത്തിലേയ്ക്കു വന്ന് "തൊട്ടുകൂടായ്മ ഹിന്ദുമതത്തിലെ സാത്താനിസമാണ്' (I believe that the practice of untouchability is a great Satanism in Hinduism) എന്ന്​ അപലപിക്കുന്നുണ്ട്. (Speech at Antyaj Conference Nagpur. Dec 25,1920).

ഇങ്ങനെ ഒരു വശത്ത് ദളിത് സ്വാതന്ത്ര്യബോധവും മറുവശത്ത് ഹിന്ദുമത നവീകരണത്തിനുള്ള ഗാന്ധിയൻ ശ്രമങ്ങളും ശക്തിപ്പെട്ടപ്പോഴാണ്, അതേവരെ കോൺഗ്രസ് തങ്ങളുടേതു മാത്രമാണെന്നു കരുതിയിരുന്ന സവർണാധിപത്യം കോൺഗ്രസ് വിട്ട് ഹിന്ദുദേശീയതയുടെ പേരിൽ തീവ്ര രാഷ്ട്രീയ പ്രവർത്തനത്തിന്റെ സംഘാടനം, ഹിന്ദു മഹാസഭയായും രാഷ്ട്രീയ സ്വയം സേവക് സംഘ് ആയും ആരംഭിക്കുന്നത്. സാമൂഹ്യ പരിഷ്ക്കരണങ്ങളുടെ തുടർച്ചയായി വരുന്ന സാമ്പത്തികവും രാഷ്ട്രീയവുമായ ദളിത് മുന്നേറ്റങ്ങൾ സവർണ ഭൂവുടമസ്ഥതയെ തന്നെ ഭാവിയിൽ കടപുഴക്കിയെറിയാം എന്ന കടുത്ത ഭീഷണിയാണ് ഹിന്ദു തീവ്രവാദത്തിന്റെ അടിത്തറ.

അയോധ്യയിലെ രാമക്ഷേത്ര ശിലാസ്ഥാപനത്തിന് വേണ്ടി ഒരുക്കിയ മുന്നൊരുക്കം

കോൺഗ്രസിന്റെയും കമ്യൂണിസ്റ്റുകളുടെയും നേതൃത്ത്വത്തിൽ 1930 കൾ മുതൽ "കൃഷിഭൂമി കർഷകന്' എന്ന മുദ്രാവാക്യമുയരുകയും തുടർന്ന് ഭൂസമരങ്ങൾ ഉടലെടുക്കുകയും ചെയ്തപ്പോൾ, സ്വാതന്ത്ര്യം കിട്ടിയ ഉടനെ ജെ.സി കുമരപ്പയുടെ അധ്യക്ഷതയിൽ കേന്ദ്രസർക്കാർ 1948 ൽ ഭൂപരിഷ്ക്കരണ കമ്മറ്റി രൂപീകരിക്കുകയും 1949 ൽ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.
എന്നാൽ, ജന്മിത്തം അവസാനിപ്പിച്ച് "കൃഷിഭൂമി കർഷകന്' കൊടുക്കുക എന്നതിനപ്പുറം ഭൂരഹിത കൃഷിപ്പണിക്കാർക്കു കൂടി ഭൂമി കിട്ടുന്ന വിധം സർക്കാർ എല്ലാ കൃഷിയിടങ്ങളും ദേശസാൽക്കരിച്ച്, ജന്മിക്കും കുടിയാനും കർഷകത്തൊഴിലാളിക്കും ജാതിമതവ്യത്യാസമില്ലാതെ ഭൂമി പാട്ടത്തിനു ലഭ്യമാക്കണം എന്ന വിപ്ലവകരമായ പൊളിച്ചെഴുത്താണ് അംബേദ്ക്കർ ആവശ്യപ്പെട്ടത്. അങ്ങനെ ഗാന്ധിയൻ രീതിയിൽ പിന്നീട് വിനോബാ തുടങ്ങിയ ഭൂദാന പ്രസ്ഥാനവും, കമ്യൂണിസ്റ്റു മുൻകൈയിൽ തേഭാഗ, തെലുങ്കാന സമരങ്ങളും, അംബേദ്ക്കറുടെ നേത‍ൃത്ത്വത്തിൽ സർക്കാർ ഭൂമി ദളിതുകൾ പിടിച്ചെടുത്ത്​ കൃഷിയിറക്കുന്ന സംരംഭങ്ങളും ഊർജ്ജസ്വലമാകുന്ന കാലത്താണ് 1949ൽ തന്നെ ഇന്ത്യയിൽ മറ്റൊരു ഭൂമി പ്രശ്നം ഹിന്ദു തീവ്രവാദികൾ ഉയർത്തിക്കൊണ്ടുവരുന്നത്.

അയോധ്യയിലെ ബാബറി മസ്ജിദിൽ രാമന്റെ ചിത്രം സ്ഥാപിച്ച്​ രാമജന്മഭൂമിക്കു വേണ്ടി അവർ ശബ്ദിക്കുകയും ഹിന്ദുമതത്തിന്റെ ആജന്മ ശത്രുവായി മുസ്​ലിമിനെ ചിത്രീകരിക്കുകയും ചെയ്​ത്​ ദളിത് സമൂഹം ഉൾപ്പെടെയുള്ളവർക്കു ലഭ്യമാകേണ്ട ഭൂപരിഷ്ക്കരണത്തിൽ നിന്ന്​ എല്ലാവരുടെയും ശ്രദ്ധ രാമനു കിട്ടേണ്ട ജന്മഭൂമിയിലേയ്ക്കു തിരിച്ചു വിട്ടു. അതോടൊപ്പം ഭൂപരിഷ്ക്കരണത്തെ അപ്പാടെ തുരങ്കം വെയ്ക്കുന്ന വിധത്തിൽ നിയമത്തിൽ വെള്ളം ചേർത്തും പഴുതുപയോഗിച്ചും ഭൂമി സവർണരുടെ അധീനതയിൽ ഉറപ്പിച്ചു നിർത്തുകയും ചെയ്തു. രാമജന്മഭൂമി ഒരു ഹൈന്ദവവികാരമാക്കി വളർത്തി അതിന്റെ കീഴിൽ, നൂറ്റാണ്ടുകളായി ജാതിമർദ്ദനം നേരിട്ട അവർണ വിഭാഗങ്ങളെ അണിനിരത്തി, യഥാർത്ഥ സാമ്പത്തിക അവകാശങ്ങളിൽ നിന്നു തന്നെ ഹൈന്ദവ തീവ്രവാദം ഇന്ത്യൻ സമൂഹത്തെ അന്യവൽക്കരിക്കുകയും അരാഷ്ടീയവൽക്കരിക്കുകയും ചെയ്തു. സാമൂഹ്യനീതിയെന്ത്, അനീതിയെന്ത് എന്നു ചിന്തിക്കാനോ തിരിച്ചറിയാനോ കഴിവില്ലാത്തവരും വ്യാജ പ്രചാരണങ്ങളിൽ അടിതെറ്റി വീഴുന്നവരുമായ ആൾക്കൂട്ടങ്ങളെ ഒ.ബി.സി.യിൽ നിന്നു മാത്രമല്ല ദളിത് ജനതയിൽ നിന്നു കൂടി സവർണാധിപത്യം പിടിച്ചെടുത്തു.

ജാതിസമത്വത്തിന്റെ പ്രച്ഛന്ന വേഷം

എന്നാൽ 1970 കളുടെ ആദ്യ പകുതി വരെ ഈ നവീന ഹിന്ദു നിർമാണ പ്രക്രിയ വേണ്ടത്ര ക്ലച്ച്‌ പിടിക്കുകയുണ്ടായില്ല. പിന്നീട് അടിയന്തിരാവസ്ഥയും 1978 ലെ ജനതാ ഗവൺമെൻറ്​ ഭരണവും മുതൽ മണ്ഡൽ വിരുദ്ധ സമരം, അയോധ്യാ ഭൂമി, ഗുജറാത്ത് നരമേധം എന്നിങ്ങനെ ഇന്ത്യൻ സവർണ ഭൂസ്വാമിമാരുടെ ഹിന്ദുത്വ തന്ത്രം വിജയക്കൊടി പാറിച്ച്​ മുന്നേറുകയാണ്. 1980 കളിൽ ഇന്ത്യയിൽ ഉയർന്നു വന്ന അംബാനിയെപ്പോലുള്ള നവ ലിബറൽ മുതലാളിത്ത ശക്തികൾ, ഹിന്ദുത്വവികാരത്തിൽ ജനങ്ങളെ വിചാരശൂന്യരും നിർദ്ദയരും അടിമകളുമാക്കി നിർത്തുന്ന ഹൈന്ദവ തീവ്രവാദത്തിന്റെ സ്പോൺസർമാരായതോടെ രാമജന്മഭൂമിയ്ക്കുവേണ്ടിയുള്ള രഥയാത്രകൾ ഇന്ത്യയിലെ മുഖ്യവാർത്ത തന്നെയായി.

1980 മുതൽ സവർണാധിപത്യ രാഷ്ട്രീയവും നവലിബറൽ മുതലാളിത്തവും കൈകോർത്ത് രാമജന്മഭൂമി വാദം ആളിക്കത്തിക്കുകയും ഒടുവിൽ ഒരു വ്യാഴവട്ടം കൊണ്ട് 1992 ൽ ബാബറി മസ്ജിദ് തകർക്കുകയും ചെയ്തു. ഇന്ത്യൻ ഗ്രാമങ്ങളിൽ നടക്കുന്ന ജാതിവേട്ടകൾ - കുടിലുകൾ കത്തിക്കൽ, ലൈംഗികാക്രമണക്കൊലകൾ, മർദ്ദനങ്ങൾ, ഗോരക്ഷാ പീഡനങ്ങൾ - എല്ലാം ദളിത് - ആദിവാസി- പിന്നാക്ക ജനങ്ങൾ ഭൂമിയ്ക്കു മേൽ അവകാശം ഉന്നയിക്കാതിരിക്കാനുള്ള സവർണ ഭൂയജമാന വർഗ്ഗത്തിന്റെ മുൻകരുതൽ ഭീഷണിയാണെങ്കിൽ ഈ അതിക്രമങ്ങളെ മറവിയിൽ മുക്കാനും ഭൂപീഡിത ജനതയെ കാൽക്കീഴിൽ നിർത്തുന്നതിനും ബ്രാഹ്മണമതം കണ്ടുപിടിച്ച കെണിയാണ് ഹിന്ദുത്വം. ഇസ്​ലാം എന്ന ആജന്മ എതിരാളിയെ നിർമിച്ചെടുത്ത്, ഭൂരഹിതരും അടിമകളുമായ ദളിതരും ആദിവാസിയും നായരും നമ്പൂതിരിയും ജാട്ടും ചാറ്റർജിയും എല്ലാം ഏകോദര സഹോദരങ്ങളാണെന്ന വ്യാജബോധം അവർണ സമൂഹത്തിൽ പരത്തുന്നതിനുള്ള സാമോപായം മാത്രമാണിത്.

1992 ഡിസംബർ 5-ന് വൈകിട്ട് പിക്കാസുകളും ഹാമറുകളുമായി സംഘം ചേർന്ന കർസേവകർ / ഫോട്ടോ: പ്രവീൺ ജയിൻ/ ദി പ്രിൻറ്, ദി പയനിയർ.

19-ാം നൂറ്റാണ്ടിന്റെ ഒടുവിലും 20-ാം നൂറ്റാണ്ടിലുമായി നടന്ന സാമൂഹ്യപരിഷ്ക്കരണം, സംവരണം, വിദ്യാഭ്യാസം, ഭൂപരിഷ്ക്കരണം എന്നിവ കൊണ്ട്​ സാമ്പത്തിക മുന്നേറ്റം സാധ്യമാക്കിയ ഒ.ബി.സി ജാതികളെ ഹിന്ദുത്വമാർഗത്തിലേയ്ക്കു കൊണ്ടുവരാൻ ഇക്കാലഘട്ടങ്ങളിൽ കപട ഹൈന്ദവതയ്ക്കു സാധിച്ചു. ക്ഷേത്രപ്രവേശനത്തോടെ സവർണക്കോവിലുകളിൽ കയറാൻ സാധിച്ച ഒ.ബി.സി. ജാതികളെ ഉത്സവക്കമ്മിറ്റികളിലും ഭക്തജന സമിതികളിലും പങ്കാളികളാക്കിക്കാണ്ടും ക്ഷേത്രജീർണോദ്ധാരണത്തിൽ പിരിവുകാരാക്കി മാറ്റിയുമാണ് കേരളത്തിൽ ഇതിനു തുടക്കമിട്ടത്.

ക്ഷേത്രസംരക്ഷണ സമിതികൾ വഴി ഒ.ബി.സി.കളെ മാത്രമല്ല ദളിതുകളെയും ഹിന്ദുത്വത്തിന്റെ കുടക്കീഴിൽ തളച്ചിട്ട് ജാതിസമത്വത്തിന്റെ പ്രച്ഛന്നവേഷം കെട്ടി "അഭിമാനി'പ്പിക്കാൻ സവർണാധിപത്യത്തിനു കഴിഞ്ഞു. ജാതിവിരുദ്ധ സമരങ്ങൾ വഴി ഉയർന്നുവന്ന ഒ.ബി.സി - ദളിത് സമൂഹത്തെ ഹിന്ദുത്വത്തിൽ മാത്രമല്ല അതിന്റെ വോട്ടു ബാങ്കുരാഷ്ട്രീയത്തിലും അടുപ്പിച്ചു നിർത്താൻ സാധിച്ചതിനു തെളിവാണ് ബി.ജെ.ഡി എസും എൻ.ഡി.എ സംഖ്യവും. സംവരണ- വിദ്യാഭ്യാസാദികളിലൂടെ പച്ചപിടിച്ച ദളിത് - ഒ.ബി.സി മധ്യവർഗ്ഗം വർഗ്ഗീയമായി ഹിന്ദുത്വ വികാരം കൊണ്ട്​ കീഴ്പ്പെട്ടപ്പോൾ ഇവരിലെ സമ്പന്ന വർഗ്ഗമാകട്ടെ സാമ്പത്തിക താൽപര്യങ്ങളുടെ ഭാഗമായിട്ടാണ് എൻ.ഡി.എ യിൽ ഒട്ടി നിൽക്കുന്നത്.

ഇത്തരത്തിൽ ആശയം കൊണ്ടും അർത്ഥം കൊണ്ടും അവർണ ജനതയെ പാട്ടിലാക്കാൻ കപട ഹൈന്ദവത വിജയിച്ചപ്പോൾ, സാമ്പത്തിക സംവരണം വേണമെന്നു വാദിക്കുന്നവരാക്കി, ചരിത്രബോധവും സമത്വബോധവും ഇല്ലാത്തവരാക്കി അവർണ ജനതയെക്കൂടി കൈപ്പിടിയിലൊതുക്കുന്നതാണ് ഹിന്ദുത്വത്തിന്റെ വിജയം. അതോടെ ഇന്ത്യയിന്ന്, അംബേദ്ക്കർ പറഞ്ഞ പോലെ, പരസ്പരം ശത്രുക്കളായി നിലകൊള്ളുന്ന ജാതിശ്രേണികളുള്ള അടഞ്ഞ രാഷ്ട്രങ്ങളുടെ വിർപ്പുമുട്ടൽ സമൂഹമായിരിക്കുന്നു.

സവർണ ജാതികളെ ആന്തരികമായി ആദരിക്കുകയും തങ്ങളേക്കാൾ താഴെ നിൽക്കുന്നവരെ ചവിട്ടി താഴ്ത്തുകയും ചെയ്യുന്ന ഇന്ത്യൻ ജാതി ശ്രേണീ വ്യവസ്ഥ ശക്തമായി നിലനിർത്തുന്നതിലൂടെ സവർണാധികാരത്തിന്റെ ഭൂസമ്പത്ത് ചോദ്യം ചെയ്യപ്പെടാതെ സസുഖം അരങ്ങു വാഴുകയും ഭൂമിയുടെ നീതിപൂർവ്വകമായ വിതരണം എന്ന അടിസ്ഥാനപരമായ മനുഷ്യാവകാശം അട്ടിമറിക്കപ്പെടുകയും ചെയ്യുന്നു. എക്കാലവും ഭൂരഹിതരായി കഴിഞ്ഞാലും, രാമന് ഭൂമിയ്ക്കു വേണ്ടി അണിനിരക്കുന്നവരാക്കി അവർണജനതയെ പിന്നിൽ നിർത്താൻ ഹിന്ദുഐക്യത്തിന്റെ കപടശക്തികൾക്കു സാധിച്ചിരിക്കുന്നു.

അതുകൊണ്ട് നീതിപൂർവ്വകമായ ഭൂമി വിതരണത്തിനു വേണ്ടിയുള്ള ജനാധിപത്യപരമായ സമരങ്ങളാണ് കണ്ണിൽ ചോരയില്ലാത്ത ഹൈന്ദവ യാഥാസ്ഥിതികത്വത്തെ അടിയറവു പറയിക്കാൻ അനിവാര്യം. രാമജന്മഭൂമി എന്നതിനെ മതപരമായ സാംസ്ക്കാരികവിഷയം എന്നു കണ്ട് അതേ നാണയത്തിൽ മതം, സംസ്ക്കാരം എന്നതിലൂന്നി ഹിന്ദുതീവ്രവാദവുമായി ഏറ്റുമുട്ടുമ്പോൾ, യഥാർത്ഥത്തിൽ ഇന്ത്യയിൽ സാമ്പത്തിക സാമൂഹ്യവിവേചനത്തിന്റെ സർവ്വാലംബമായ, ഇനിയും പരിഹരിക്കപ്പെടേണ്ട ഭൂനീതിയിൽ നിന്ന്​ കൗശലപൂർവ്വം നമ്മെ അകറ്റി നിർത്തുന്ന സവർണതന്ത്രത്തിൽ നാം അകപ്പെട്ടു പോകുകയാണ്.

ദൈവത്തിന്റെ ഭൂമിയിൽ നിന്നും മനുഷ്യരുടെ ഭൂമിയിലേക്കുള്ള തിരിച്ചുനടത്തമാണ് അതിൽനിന്നും ഊരിപ്പോരാനുള്ള വഴി.


Comments