ചിത്രീകരണം: ശശി മേമ്മുറി

പുതിയ
തലമുറയുടെ
അയ്യൻകാളി

അടിത്തട്ട് ജനവിഭാഗങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടിയ ഒരു സാമൂഹിക പരിഷ്കർത്താവ് എന്ന പൊതു ചരിത്രവായനയിൽ നിന്ന്, ഇന്ന് വിശാലമായ സാംസ്കാരിക, സാമൂഹിക, രാഷ്ട്രീയ, സൗന്ദര്യശാസ്ത്രമണ്ഡലങ്ങളിലേക്ക് അയ്യൻകാളി വിന്യസിക്കപ്പെട്ടിരിക്കുന്നു- ശശി മേമ്മുറി എഴുതുന്നു. അയ്യൻകാളിയുടെ 163-ാമത് ജന്മദിനമാണ് ഇന്ന്.

ഴുതാപ്പെടാത്തതും എഴുതിയതുമായ അറിവുരൂപങ്ങളുടെ സമാഹരണത്തിലൂടെ അയ്യൻകാളിക്ക് ഓരോ തലമുറയും വ്യത്യസ്തങ്ങളായ രൂപനിർമ്മിതി നൽകുന്നു.

അടിത്തട്ട് ജനവിഭാഗങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടിയ ഒരു സാമൂഹിക പരിഷ്കർത്താവ് എന്ന പൊതു ചരിത്രവായനയിൽ നിന്ന്, ഇന്ന് വിശാലമായ സാംസ്കാരിക, സാമൂഹിക, രാഷ്ട്രീയ, സൗന്ദര്യശാസ്ത്രമണ്ഡലങ്ങളിലേക്ക് അയ്യൻകാളി വിന്യസിക്കപ്പെട്ടിരിക്കുന്നു.

ആധുനിക ജനാധിപത്യ മൂല്യങ്ങളുടെ
അയ്യൻകാളി

സാമൂഹികനീതി, സമത്വം, സ്വാതന്ത്ര്യം, മനുഷ്യാന്തസ്സ്, പൗരാവകാശം, വിദ്യാഭ്യാസാവകാശം, തൊഴിൽ-ഭൂമിയവകാശം, പൊതുസ്ഥലങ്ങളിലെ തുല്യാവകാശം, വിഭവങ്ങളിൽ ഉള്ള പങ്കിടൽ ജാതിവിരുദ്ധബോധം, വിവേചനവിരുദ്ധത, ആത്മാഭിമാനം, സാമൂഹിക ഉൾച്ചേരൽ, സ്ത്രീകളുടെ കർതൃത്ത്വവും നിർവ്വഹത്വവും, അടിച്ചമർത്തലിനെതിരായ പ്രതിരോധം തുടങ്ങി ആധുനിക ജനാധിപത്യത്തിൽ വികസിക്കേണ്ട മൂല്യങ്ങളെ, രാഷ്ട്രീയ പ്രബുദ്ധതയുടേയും സാമൂഹിക ബോധ്യങ്ങളുടെയും, പുരോഗമന ചിന്തകളുടെയും പശ്ചാത്തലത്തിൽ പ്രയോഗങ്ങളാക്കിമാറ്റിയ അയ്യൻകാളിയെ ആണ് ആധുനികമായി വായിക്കപ്പെടേണ്ടത്.

സാമൂഹിക ആധുനികതയുടെ
നിർമ്മാണത്തിൽ അയ്യൻകാളി

സാമൂഹിക ആധുനികവത്കരണത്തിന്റെ ഭാഗമാകുവാൻ (social modernisation) അടിത്തട്ട് സമൂഹങ്ങളെ പ്രാപ്തരാക്കുവാനും ജ്ഞാനാധികാരത്തിന്റെ മണ്ഡലത്തിലേക്ക് അവരെ ഉയർത്തുകയും, പൊതുജനാധിപത്യ പ്രക്രിയയിൽ രാഷ്ട്രീയമായി വിന്യസിച്ച് ദലിത്- ബഹുജൻ സമൂഹങ്ങളെ സാമൂഹിക ആധുനികതയുടെ നിർമാണത്തിൽ പങ്കാളികളാക്കുകയും ചെയ്തു കൊണ്ടാണ് അയ്യൻകാളി നവോത്ഥാനത്തെ എഴുതിയത്.

പൊതുമനുഷ്യാവകാശത്തിന്റെ
ശരീരമായി അയ്യൻകാളി

ശരീരത്തെ നിയന്ത്രിക്കുന്ന അധികാര പ്രയോഗങ്ങളേയും നിന്ദാമനോഭാവങ്ങളേയും മറികടന്നു പൊതുമനുഷ്യാവകാശത്തിന്റെ ശരീരമായി, പ്രതീകമായി സാമൂഹിക പ്രസ്ഥാനങ്ങളിൽ, രാഷ്ട്രീയ / ചരിത്രാഖ്യാനങ്ങളിൽ, ഭാഷകളിൽ, പാട്ടുകളിൽ, സാഹിത്യത്തിൽ, ചിത്രകലയിൽ, ശില്പകലയിൽ, നാടകത്തിൽ, സിനിമയിൽ, അക്കാദമിക പഠനങ്ങളിൽ, ജനകീയ ഓർമ്മകളിൽ, സോഷ്യൽ മീഡിയ, മറ്റിതര ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ, ജയന്തിആഘോഷങ്ങളിൽ, ഘോഷയാത്രകളിൽ സെമിനാറുകളിൽ, പൊതുസ്മൃതികളിൽ പുനരാവിഷ്കരിക്കപ്പെടുന്ന അയ്യൻകാളിയെ പുതു / പൊതു തലമുറ സ്വീകരിച്ചു കഴിഞ്ഞു.

ചിത്രീകരണം: ശശി മേമ്മുറി
ചിത്രീകരണം: ശശി മേമ്മുറി

'ആരാണ് ആരാണ് വില്ലുവണ്ടിയിൽ തലപ്പാവും വെച്ച് വരുന്നത്' എന്ന് വേടൻ പാടി ചോദിക്കുമ്പോൾ സമുദ്രമായ ആൾക്കൂട്ടം ഒരുമിച്ച് ഏറ്റുപാടുന്നു അയ്യൻകാളി...

പുതുകാലത്തിന്റെ
തുറന്ന ചുമരിൽ

വില്ലുവണ്ടിയിലേറി വരുന്ന അയ്യൻകാളിയുടെ പൊതു ശരീരം കാലത്തെ മുന്നോട്ടു കൊണ്ടുപോകുന്ന ചലിക്കുന്ന പ്രതീകത്തിന്റെ ഗ്രാഫിറ്റിയെഴുത്തായി / ചിത്രമായി സ്വയം ഒരു കലയായി സൃഷ്ടിക്കപ്പെടുന്നു.

സ്വയം സൃഷ്ടിക്കുന്ന മനുഷ്യൻ

പ്രസിദ്ധ ചിന്തകൻ മിഷേൽ ഫൂക്കോ മുന്നോട്ടുവയ്ക്കുന്ന ‘സ്വയം സൃഷ്ടിക്കൽ’, ‘സ്വയം രൂപപ്പെടുത്തൽ’, ‘സ്വയം വിമോചിപ്പിക്കൽ’ എന്നീ ആശയങ്ങൾ അയ്യൻകാളിയുടെ ഐതിഹാസിക ജീവിതത്തിന്റെ ഭാഗമായി ചേർത്തുവായിക്കുവാൻ കഴിയും ,

ഫൂക്കോയുടെ തന്നെ ‘സ്വയം ഒരു കലാശിൽപം പോലെ സൃഷ്ടിക്കുക’ (Make your life a work of art) എന്ന പ്രഖ്യാപന വാക്യം സാമൂഹിക ജനാധിപത്യത്തിന്റെ ഏറ്റവും മനോഹരമായ പ്രതീകമായും ചിഹ്നമായും ശില്പമായും മാറിയ അയ്യൻകാളിക്ക് ചേരുന്നതാണ്.

സ്വത്വാരോഹണത്തിന്റെ
നവോത്ഥാന പാരമ്പര്യം

ബ്രാഹ്മണിക് വ്യവഹാരങ്ങൾ നിർമ്മിച്ച അപമാനിതമായ സാമൂഹിക അസ്തിത്വത്തിൽ നിന്നും, ഹീനതകളിൽ നിന്നും ആത്മാഭിമാനത്തിലേക്കും, സാമൂഹിക തുല്യതയിലേക്കും പൗരത്വത്തിലേക്കും ദലിത് / ബഹുജൻ സാമൂഹിക വിഭാഗങ്ങളുടെ സ്വത്വാരോഹണങ്ങളെ വിമർശനസാമൂഹികതയുടെ പശ്ചാത്തലത്തിൽ അനേകം സാമൂഹികപരിഷ്കർത്താക്കൾ വ്യത്യസ്ത ചരിത്രസന്ദർഭങ്ങളിലും വ്യത്യസ്ത ആശയ-പ്രവർത്തനരീതികളിലൂടെയും സഹനങ്ങളിലൂടെയും അഭിസംബോധന ചെയ്തിട്ടുണ്ടു്.

ചിത്രീകരണം: ശശി മേമ്മുറി
ചിത്രീകരണം: ശശി മേമ്മുറി

സനാധന സാമൂഹിക ധാരയിൽനിന്ന് വളരെ വ്യത്യസ്തവും പ്രബുദ്ധവും ആയിരുന്നു അവരുടെ നവോത്ഥാന ശ്രമങ്ങളും പ്രവർത്തനങ്ങളും.

വിദ്യാഭ്യാസം, സംഘടന, ആത്മാഭിമാനം, മതവിമർശനം, ജാതിവിരുദ്ധരാഷ്ട്രീയം, സാമൂഹിക സമത്വം, പൗരാവകാശം എന്നിവയെ വിമോചനത്തിന്റെ ഉപാധികളാക്കി മാറ്റിയ ഈ നവോത്ഥാന ഇടപെടലുകളാണ് ആധുനിക ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയകളെ വികസിപ്പിച്ചത്.

വിമോചനചിന്തകളുടെ
ബഹുസ്വര പാരമ്പര്യം

ഈ പ്രക്രിയയിൽ അംബേദ്കറുടെ സാമൂഹിക ജനാധിപത്യ സങ്കല്പം, ജ്യോതിരാവു ഫൂലെയുടെ ബ്രാഹ്മണ്യവിരുദ്ധതയും വിദ്യാഭ്യാസദർശനവും, പെരിയാറിന്റെ യുക്തിവാദവും ആത്മാഭിമാന പ്രസ്ഥാനവും, അയ്യാ വൈകുണ്ഠസ്വാമികളുടെ സാമൂഹിക–ആത്മീയ സമത്വദർശനം, അയ്യൻകാളി നിർമ്മിച്ച സാമൂഹിക വിമോചനത്തിന്റെ ബോധമണ്ഡലം, പൊയ്കയിൽ അപ്പച്ചന്റെ അധഃസ്ഥിതരുടെ ചരിത്രവും ആത്മാഭിമാനവും വീണ്ടെടുക്കാനുള്ള ഇടപെടൽ, ശ്രീനാരായണഗുരുവിന്റെ മനുഷ്യസമത്വ ദർശനം, പാമ്പാടി ജോൺ ജോസഫിന്റെ ദലിത് സ്വത്വത്തിന്റെയും അവകാശബോധത്തിന്റെയും ഉണർവ്, പണ്ഡിറ്റ് കെ. പി. കറുപ്പന്റെ മത്സ്യത്തൊഴിലാളി വിഭാഗങ്ങളുടെയും അധഃസ്ഥിത സമൂഹങ്ങളുടെയും ഉണർവും വിദ്യാഭ്യാസ–മാനവികതാ ദർശനവും, ചട്ടമ്പിസ്വാമികളുടെ സാമൂഹിക ആചാരങ്ങളുടെ യുക്തിപരമായ പുനർവായനയും, വാഗ്ഭടാനന്ദന്റെ മനുഷ്യസമത്വത്തെ അടിസ്ഥാനമാക്കിയ നവോത്ഥാനചിന്തയും- ഇവയെല്ലാം ചേർന്ന് ഇന്ത്യയുടെ പുറംതള്ളപ്പെട്ട സമൂഹങ്ങളുടെ വിമോചനഭാവനകൾക്കും അസ്തിത്വങ്ങൾക്കും ദീർഘമായ ബൗദ്ധിക–സാമൂഹിക പാരമ്പര്യങ്ങൾ നൽകി.

അവകാശങ്ങളെ പൊതുജീവിതത്തിന്റെ പ്രയോഗമാക്കിയ അയ്യൻകാളി

വിശാലമായ നവോത്ഥാന പാരമ്പര്യത്തിനുള്ളിൽ അയ്യൻകാളി തന്റെ സാമൂഹിക ബോധ്യങ്ങളെ, പുരോഗമന ചിന്തകളെ പൊതുജീവിതത്തിലെ അവകാശപ്രയോഗങ്ങളാക്കി മാറ്റി.

വഴി നടക്കാനുള്ള അവകാശം, വിദ്യാലയത്തിൽ പ്രവേശിക്കാനുള്ള അവകാശം, വിദ്യാഭ്യാസം നേടാനുള്ള അവകാശം, തൊഴിൽ ചെയ്യുന്ന മനുഷ്യന് മാന്യമായ ജീവിതം നയിക്കാനുള്ള അവകാശം, പൊതുസമൂഹത്തിൽ ദൃശ്യനാകാനുള്ള അവകാശം - ഇവയെല്ലാം അദ്ദേഹം സാമൂഹിക സമരങ്ങളുടെ വിഷയങ്ങളാക്കി മാറ്റി. അവകാശങ്ങൾ പ്രയോഗിച്ചു ജീവിക്കുന്ന ഒരു പുതിയ സാമൂഹിക ശരീരത്തിന്റെ നിർമ്മാണമായിരുന്നു അദ്ദേഹം സാധ്യമാക്കിയത്.

സാമൂഹിക ജനാധിപത്യത്തെ ഏറ്റവും ദീപ്തവും സർഗ്ഗാത്മകവുമാക്കിയ അയ്യൻകാളി ചരിത്രപ്രവാഹത്തിൽ ഓരോ കാലത്തെയും ഉണർത്തുന്ന വിമോചനത്തിന്റെ കാലാതീതമായ മുഴക്കമായി തുടരും.


Summary: Ayyankali’s 163rd birth anniversary: Shashi Memmuri explores Ayyankali beyond his image as a social reformer, across cultural, social, political and aesthetic realms.


ശശി മേമ്മുറി

ചിത്രകാരൻ, ചലച്ചിത്ര പ്രവർത്തകൻ.

Comments