വീട് കൊടുത്ത്
ജാതിയെ കുടിയിരുത്തുന്ന
പാർട്ടി പുനരധിവാസം

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ജാതിക്കൊല കേരളീയ സമൂഹത്തിനുമുന്നിൽ ഉയർത്തുന്നത് ഗുരുതരമായ ചോദ്യങ്ങളാണ്. അതിൽ വിദ്യാഭ്യാസ സംവിധാനത്തിന്റെയും ഭരണകൂടത്തിന്റെയും രാഷ്ട്രീയ പാർട്ടികളുടെയും നിശ്ശബ്ദമാക്കൽ പ്രക്രിയ മുതൽ ദലിത് രാഷ്ട്രീയ സംഘാടനത്തിലെ പ്രതിസന്ധികൾ വരെയുണ്ട്- ഒ.പി. രവീന്ദ്രനുമായി കെ. കണ്ണൻ സംസാരിക്കുന്നു.

കെ. കണ്ണൻ: നിതിൻ രാജിന്റെ ദുരൂഹ മരണത്തിനുശേഷം, കണ്ണൂർ അഞ്ചരക്കണ്ടി ​ഡെന്റൽ കോളേജിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സമരം നടന്നു. കോളേജിൽ എസ്.എഫ്.ഐ യൂണിറ്റുണ്ടാക്കി.
വിദ്യാർത്ഥികൾ കോളേജിൽ അരങ്ങേറുന്ന ക്രൂരമായ ജാതിപീഡനങ്ങൾ മാധ്യമങ്ങളോട് തുറന്നുപറഞ്ഞു, പഠിപ്പുമുടക്കി സമരവും ചെയ്തു. രക്ഷിതാക്കൾ പരസ്യമായി പ്രതിഷേധിച്ചു. നിതിൻ രാജിന്റെ മരണത്തിൽ പ്രതിസ്ഥാനത്തുള്ള പാതോളജി വിഭാഗം തലവൻ ഡോ. എം.കെ. റാമിനെ കോളേജിൽനിന്ന് പുറത്താക്കിയിട്ടുണ്ട്. മുമ്പും ഇത്തരം മരണങ്ങളുണ്ടായപ്പോൾ സമാനമായ രീതിയിൽ സംഘടനകൾ സമരം ചെയ്തിട്ടുണ്ട്, പ്രതിസ്ഥാനത്തുള്ളവരെ പുറത്താക്കിയിട്ടുണ്ട്, അവയെല്ലാം കെട്ടടങ്ങിയിട്ടുമുണ്ട്. ആ അനുഭവങ്ങളുടെ കൂടി വെളിച്ചത്തിൽ, ഇപ്പോൾ സംഘടനകൾ നടത്തുന്ന സമരങ്ങൾക്കും നടപടികൾക്കും യഥാർഥ പ്രശ്നത്തെ അഡ്രസ് ചെയ്യാനാകുമെന്ന് കരുതുന്നുണ്ടോ?

ഒ.പി. രവീന്ദ്രൻ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ നടന്ന യഥാർഥമായ ഒരു സമരം, വിദ്യാർഥികളുടെ നേതൃത്വത്തിലുള്ളതാണ് എന്നു ഞാൻ കരുതുന്നു. സ്ഥാപനപരമായി അധ്യാപകരുണ്ടാക്കിയെടുത്ത സമ്മർദത്തിലൂടെയാണ് ഇത്രയും കാലം വിദ്യാർത്ഥികൾ കടന്നുപോയത്. അവിചാരിതമായിട്ടാണെങ്കിൽ പോലും നിതിൻ രാജിന്റെ മരണം ഒന്നോ രണ്ടോ ദിവസം അവരെ നിശ്ശബ്ദരാക്കി. അത് മാനേജുമെന്റിന്റെ വലിയ തോതിലുള്ള സമ്മർദ്ദം മൂലമാണ് എന്ന് അവർ തുറന്നുപറയുകയും ചെയ്തിട്ടുണ്ട്. തുടർന്ന് അവർ മാധ്യമങ്ങളോട് എല്ലാ കാര്യങ്ങളും തെളിവുകൾ സഹിതം തുറന്നുപറഞ്ഞു. രക്ഷിതാക്കളും ഇപ്പോൾ കാര്യങ്ങൾ തുറന്നുപറയുന്നുണ്ട്. ഒരു പി.ടി.എ യോഗത്തിൽ ഡോ. എം. കെ. റാം തന്റെ മകളെ അടിക്കാൻ കൈയോങ്ങിയ കാര്യം ഒരു രക്ഷിതാവ് പറയുന്നുണ്ട്.

ആ സ്ഥാപനം ഉണ്ടാക്കിയെടുത്ത അച്ചടക്കത്തിന്റെയും സൈലൻസിംഗിന്റെയും ഭാഗമായിട്ടാണ് ഇത്രയും കാലം വിദ്യാർത്ഥികൾ ഇതെല്ലാം സഹിച്ചുപോന്നത്. ഇപ്പോൾ, മാധ്യമങ്ങളുടെയും മറ്റും ഇടപെടലുകളിലൂടെ വലിയ പൊതുശ്രദ്ധ കിട്ടിയ സ്ഥിതിക്ക് വിദ്യാർത്ഥികൾ പ്രത്യക്ഷസമരത്തിലേക്കുവന്നു. ആ സമരത്തിന്റെ പൊസിറ്റീവ് വശമായി തോന്നിയത്, പ്രതിസ്ഥാനത്തുള്ള ഡോ. എം. കെ. റാമിനെതിരെ നടപടിയെടുക്കാതെ തങ്ങളുടെ യൂണിഫോമായ വെള്ള ഡ്രസ്സ് ഉപയോഗിക്കില്ല എന്ന് അവർ പറഞ്ഞതാണ്. പ്രൊഫഷനലായി എടുത്ത നിലപാടാണിത്.

നിതിൻ രാജ് വിഷയത്തിലുള്ള പരിഹാരത്തെ ചാരിറ്റി പ്രവർത്തനമായാണ് സി.പി.എമ്മും കോൺഗ്രസും കാണുന്നത്. ഈ മരണത്തിന്റെ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കുമോ എന്നതാണ് പ്രധാന ചോദ്യം.

എന്നാൽ, സംഘടനകളുടെ സമരത്തിലേക്കുവന്നാൽ, ഇത്തരം സംഭവങ്ങളുണ്ടാകുമ്പോഴെല്ലാം ആവർത്തിക്കുന്ന ഒന്നാണത്. 2004 ജൂലൈ 22-ന് രജനി എസ്. ആനന്ദ് ആത്മഹത്യ ചെയ്തപ്പോഴും ഇത്തരം പ്രക്ഷോഭങ്ങളുണ്ടായിരുന്നു. ബാങ്ക് വായ്പ നിഷേധിച്ചതുകൊണ്ടാണ് അവർ ആത്മഹത്യ ചെയ്തത് എന്നു പറഞ്ഞ് കെ.എസ്.യു ബാങ്കുകൾക്കെതിരെ സമരം നടത്തി. സ്വാശ്രയ സ്ഥാപനങ്ങൾ തുടങ്ങിയ യു.ഡി.എഫ് സർക്കാറാണ് മരണത്തിനുത്തരവാദി എന്നു പറഞ്ഞ് എസ്.എഫ്.ഐ സർക്കാറിനെതിരെ സമരം ചെയ്തു. വലിയ കോലാഹലങ്ങൾക്കുശേഷം രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഈ സമരങ്ങളെല്ലാം നിശ്ശബ്ദമായി. അന്ന് സ്വാശ്രയ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ നിയമിക്കപ്പെട്ട ഖാലിദ് കമീഷൻ റിപ്പോർട്ട് നിയമസഭയിൽ വച്ചെങ്കിലും സർക്കാർ അതിലെ നിർദേശങ്ങൾ ചർച്ച ചെയ്യുകയോ അംഗീകരിക്കുകയോ അതിന്മേൽ നടപടിയെടുക്കുകയോ ചെയ്തില്ല. സ്വാശ്രയ മേഖലയിൽ വിദ്യാർഥികൾ നേരിടുന്ന നിരവധി പ്രശ്‌നങ്ങൾ ഈ റിപ്പോർട്ട് അക്കമിട്ടു നിരത്തിയിരുന്നു. അവ അതേപടി പരിഹാരമില്ലാതെ തുടർന്നുവെന്ന് പിന്നീട് നടന്ന സമാന സംഭവങ്ങൾ തെളിയിച്ചു.

കണ്ണൂരിലും സംഭവിക്കാൻ പോകുന്നത് ഇതുതന്നെയാണ്. പെട്ടെന്ന് ശ്രദ്ധ നേടിയെടുക്കാൻ സംഘടനകൾ സമരം ചെയ്യുന്നു. അഞ്ചരക്കണ്ടി കോളേജിൽ യൂണിറ്റ് സ്ഥാപിക്കുന്നു എന്നതിൽ കവിഞ്ഞ് എസ്.എഫ്.ഐ അടക്കമുള്ള സംഘടനകൾ യഥാർഥ പ്രശ്‌നത്തെ അഭിസംബോധന ചെയ്യുന്നില്ല. വിദ്യാഭ്യാസ മേഖലയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നയപരവും ദീർഘവീക്ഷണത്തോടെയുള്ളതുമായ നടപടികൾക്കുവേണ്ട മുദ്രാവാക്യങ്ങൾ ഇവർ മുന്നോട്ടുവെക്കുന്നില്ല. ഇനി, മറ്റൊരു വിദ്യാർത്ഥി നിതിൻ രാജിനെപ്പോലെ ഇൻസ്റ്റിറ്റ്യൂഷനൽ മർഡറിന് വിധേയരാകുമ്പോൾ ഇവർ വീണ്ടും സമരം ചെയ്യും.

പെട്ടെന്ന് ശ്രദ്ധ നേടിയെടുക്കാൻ സംഘടനകൾ സമരം ചെയ്യുന്നു, അഞ്ചരക്കണ്ടി കോളേജിൽ യൂണിറ്റ് സ്ഥാപിക്കുന്നു എന്നതിൽ കവിഞ്ഞ് എസ്.എഫ്.ഐ അടക്കമുള്ള സംഘടനകൾ യഥാർഥ പ്രശ്‌നത്തെ അഭിസംബോധന ചെയ്യുന്നില്ല.
പെട്ടെന്ന് ശ്രദ്ധ നേടിയെടുക്കാൻ സംഘടനകൾ സമരം ചെയ്യുന്നു, അഞ്ചരക്കണ്ടി കോളേജിൽ യൂണിറ്റ് സ്ഥാപിക്കുന്നു എന്നതിൽ കവിഞ്ഞ് എസ്.എഫ്.ഐ അടക്കമുള്ള സംഘടനകൾ യഥാർഥ പ്രശ്‌നത്തെ അഭിസംബോധന ചെയ്യുന്നില്ല.

നിതിൻ രാജിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കാൻ വീട് വെച്ചുകൊടുക്കുമെന്ന് സി.പി.എം പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രിൽ 19-ന് വീടിന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കല്ലിടും.
വീട് നിർമിച്ചുനൽകുമെന്നുപറഞ്ഞ് ആദ്യം രംഗത്തെത്തിയത് കോൺ​ഗ്രസാണ്. ആദ്യ ഗഡുവായി അഞ്ചു ലക്ഷം രൂപയുടെ ചെക്കും പാർട്ടി കുടുംബത്തിന് കൈമാറിയിട്ടുണ്ട്. വീട് വെച്ചു കൊടുക്കുന്ന പുനരധിവാസപ്രവർത്തനം എങ്ങനെയാണ് ജാതിക്കൊല എന്ന കുറ്റകൃത്യത്തിനുള്ള നീതിയാകുന്നത്?

നിതിൻ രാജ് വിഷയത്തിലുള്ള പരിഹാരത്തെ ചാരിറ്റി പ്രവർത്തനമായാണ് സി.പി.എമ്മും കോൺഗ്രസും കാണുന്നത്. ഈ മരണത്തിന്റെ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കുമോ എന്നതാണ് പ്രധാന ചോദ്യം. സ്ഥാപനങ്ങളെ വിലയിരുത്താനും മോണിറ്റർ ചെയ്യാനുമുള്ള ഉത്തരവാദിത്വം വിദ്യാഭ്യാസവകുപ്പ് നിറവേറ്റിയില്ല എന്നാണ് നിതിൻ രാജിന്റെ മരണം കാണിക്കുന്നത്, മറിച്ച്, പാർട്ടിയെക്കൊണ്ട് ചാരിറ്റി സംഭവമാക്കി ഏറ്റെടുപ്പിക്കുകയാണ്.

രജനി എസ്. ആനന്ദിന്റെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചത്. അവരുടെ മരണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ സർക്കാർ തയ്യാറായില്ല. ആ വിദ്യാർത്ഥിയുടെ ജീവന് നഷ്ടപരിഹാരം നൽകാൻ സർക്കാർ ബാധ്യസ്ഥമായിരുന്നു. എന്നാൽ, പാർട്ടി ഫണ്ട് ശേഖരിച്ച് അത് നൽകി രജനിയുടെ കുടുംബത്തെ നിശ്ശബ്ദമാക്കുകയായിരുന്നു. രജനിയുടെ സഹോദരന് ഹോട്ടൽ മാനേജുമെന്റ് കോഴ്‌സിന് അഡ്മിഷനും വാങ്ങിക്കൊടുത്തു.

പാർട്ടികൾ ഫണ്ട് ശേഖരിക്കാൻ തുടങ്ങുമ്പോഴേക്കും നിതിൻ രാജിന്റെ കുടുംബം നിശ്ശബ്ദരാക്കപ്പെടും. കുടുംബത്തിനുമേൽ പാർട്ടിതാൽപര്യം ആധിപത്യം സ്ഥാപിക്കും. കേസു പോലും കൃത്യമായി മുന്നോട്ടുപോകാതാകും. കേസ് അട്ടിമറിക്കുക എന്നതിന്റെ ആദ്യപടിയാണ് വീട് എന്ന പ്രഖ്യാപനം.

ഇതുമായി ബന്ധപ്പെട്ട് ഒരനുഭവം പറയാം.
2017-ലോ, 18-ലോ ആണ്, കോഴിക്കോട് നളന്ദ ​ഹോട്ടലിൽ രജനി എസ്. ആനന്ദ് അനുസ്മരണം സംഘടിപ്പിച്ചു. പരിപാടിയിലേക്ക് ഞങ്ങൾ രജനിയുടെ അച്ഛനെ വിളിച്ചു. ഇക്കാര്യത്തിൽ തനിക്ക് തീരുമാനമെടുക്കാനാകില്ലെന്നും പാർട്ടിക്കാരായ ഒന്നുരണ്ടുപേരോട് സംസാരിച്ചശേഷമേ വരാനാകൂ എന്നുമാണ് അദ്ദേഹം പറഞ്ഞത്. നോട്ടീസിൽ പേരു വെക്കുന്നതിന്റെ തലേന്ന് വീണ്ടും വിളിച്ചപ്പോൾ, അദ്ദേഹം പറഞ്ഞത്, ‘എനിക്ക് വരാൻ പറ്റില്ല, നിങ്ങൾ പോകാൻ പാടില്ല എന്നാണ് പറഞ്ഞിരിക്കുന്നത്, ഞങ്ങൾക്ക് ചില പ്രശ്‌നങ്ങളുണ്ട്, ഒന്നും പറയാൻ പറ്റാത്ത ഒരു സാഹചര്യത്തിലാണിപ്പോഴുള്ളത്’ എന്നാണ്. (അദ്ദേഹം ഇപ്പോൾ ജീവിച്ചിരിപ്പില്ല). പാർട്ടി ഏറ്റെടുത്തുകഴിഞ്ഞാൽ പിന്നെ ആ കുടുംബത്തിന് ശബ്ദമില്ലാതാകും.

തൃശൂർ പാമ്പാടി നെഹ്റു കോളേജ് വിദ്യാർത്ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണത്തിൽ സർക്കാർ പറഞ്ഞ നഷ്ടപരിഹാരം, പ്രതികളെ ശിക്ഷിക്കാത്തതുകൊണ്ട്, കുടുംബം സ്വീകരിച്ചില്ല.

പെരുമ്പാവൂരിൽ നിയമവിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവത്തിലും സർക്കാർ നഷ്ടപരിഹാരം നൽകിയില്ല. ഇത്തരമൊരു അതിക്രൂരമായ കൊലപാതകമുണ്ടാകാനുള്ള കാരണം, പൊലീസ് നടപടിക്രമങ്ങളിലെ പ്രശ്‌നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഉത്തരവാദിത്വമെന്നും പാലിക്കാൻ കഴിയാത്തത് സർക്കാറിന്റെ പരാജയമായിരുന്നു. അന്നത്തെ എറണാകുളം കലക്ടറായിരുന്ന എം.ജി. രാജമാണിക്യമാണ് കലക്ടറുടെയും വിദ്യാർത്ഥിനിയുടെ അമ്മയുടെയും പേരിൽ പബ്ലിക് അക്കൗണ്ട് തുറന്ന് പണം സമാഹരിച്ച് കുടുംബത്തിന് നൽകിയത്.

അതിനുശേഷം നടന്ന സമാന മരണങ്ങളിലും സർക്കാർ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. നിതിൻ രാജിന്റെ മരണത്തിലും, സംവിധാനത്തിന്റെ പരാജയത്തെ അഭിസംബോധന ചെയ്ത്, അത് ഏറ്റെടുത്താലേ നഷ്ടപരിഹാരം അടക്കമുള്ള കാര്യങ്ങളിലേക്ക് സർക്കാറിന് പോകാനാകൂ. അതിനുപകരം പാർട്ടികളുടെ ആഭിമുഖ്യത്തിൽ വീട് വെച്ചുകൊടുക്കുക എന്ന പരിഹാരത്തിലേക്ക് പോകുകയാണ്. ഈ കേസിന്റെ മെരിറ്റിനെ തന്നെ ഇത് പ്രതികൂലമായി ബാധിച്ചേക്കാം.

നിതിൻ രാജ് വിഷയത്തിലുള്ള പരിഹാരത്തെ ചാരിറ്റി പ്രവർത്തനമായാണ് സി.പി.എമ്മും കോൺഗ്രസും കാണുന്നത്. ഈ മരണത്തിന്റെ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കുമോ എന്നതാണ് പ്രധാന ചോദ്യം.
നിതിൻ രാജ് വിഷയത്തിലുള്ള പരിഹാരത്തെ ചാരിറ്റി പ്രവർത്തനമായാണ് സി.പി.എമ്മും കോൺഗ്രസും കാണുന്നത്. ഈ മരണത്തിന്റെ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കുമോ എന്നതാണ് പ്രധാന ചോദ്യം.

രജനി എസ്. ആനന്ദിന്റെ കാര്യത്തിൽ സംഭവിച്ചതുതന്നെയാണ് നിതിൻ രാജിന്റെ കാര്യത്തിലും നടക്കാൻ പോകുന്നത്. പാർട്ടികൾ ഫണ്ട് ശേഖരിക്കാൻ തുടങ്ങുമ്പോഴേക്കും നിതിൻ രാജിന്റെ കുടുംബം നിശ്ശബ്ദരാക്കപ്പെടും. കുടുംബത്തിനുമേൽ പാർട്ടിതാൽപര്യം ആധിപത്യം സ്ഥാപിക്കും. കേസു പോലും കൃത്യമായി മുന്നോട്ടുപോകാതാകും. കേസ് അട്ടിമറിക്കുക എന്നതിന്റെ ആദ്യപടിയാണ് വീട് എന്ന പ്രഖ്യാപനം.

കേസ് മറ്റു പല രീതികളിലും അട്ടിമറിക്കാൻ നീക്കം നടക്കുന്നുണ്ട്. ദലിത് വിദ്യാർത്ഥികൾ മാത്രമല്ല, നോമ്പെടുക്കുന്ന മുസ്‌ലിം വിദ്യാർത്ഥികളെക്കൊണ്ട് വെള്ളം കുടിപ്പിക്കുക തുടങ്ങി വംശീയവിദ്വേഷത്തോളമെത്തുന്ന കാര്യങ്ങൾ അവിടെ സംഭവിച്ചിട്ടുണ്ട്. ഇവയെ മറികടക്കാനാണ് ലോൺ ആപ്പിനെ ആസൂത്രിതമായി പൊലീസ് കൊണ്ടുവരുന്നത്. റാമിനെപ്പോലൊരു അധ്യാപകനെ പൊലീസിന് കണ്ടുപിടിക്കാൻ കഴിയുന്നില്ല എന്നു പറയുന്നത് എത്രമാത്രം ബാലിശമാണ്?

കേരളത്തിന്റെ​ പൊതുവിദ്യാഭ്യാസം- സർക്കാർ, സ്വകാര്യ മേഖലകളിലടക്കം- ജാതി-മത-ലിംഗഭേദമേന്യ, തുല്യപ്രാതിനിധ്യമുള്ള സ്​പെയ്സാണെന്ന് നാം അഭിമാനിക്കാറുണ്ട്. ക്ലാസ് റൂമുകളുടെ ഈയൊരു പ്രാതിനിധ്യം സ്റ്റാഫ് റൂമുകൾക്കുണ്ടോ?

സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാത്രമാണ് എല്ലാ വിഭാഗങ്ങളെയും പ്രതിനിധീകരിക്കുന്ന സ്‌പെയ്‌സുള്ളത്. എല്ലാ വിഭാഗം വിദ്യാർത്ഥികളും അധ്യാപകരും ഒരുമിക്കുന്ന സമൂഹത്തിന്റെ പ്രതിഫലനമാണ് സർക്കാർ സ്ഥാപനങ്ങൾ. എന്നാൽ, എയ്ഡഡ് സ്ഥാപനങ്ങളിൽ ഈ സാഹചര്യമില്ല. എല്ലാ വിഭാഗം വിദ്യാർത്ഥികളുമുണ്ടാകാം, എന്നാൽ അധ്യാപകർ വളരെ സെലക്റ്റീവായിരിക്കും. സ്ഥാപനം നടത്തുന്ന സമുദായത്തിലെ അധ്യാപകർ ഭൂരിപക്ഷമാകുന്ന, അല്ലെങ്കിൽ നൂറു ശതമാനവും അവർ തന്നെയാകുന്ന സ്റ്റാഫ് റൂം പാറ്റേണാണ് എയ്ഡഡ് സ്ഥാപനങ്ങളിലുള്ളത്. സ്വാഭാവികമായും വിദ്യാർത്ഥികളെ സംബന്ധിച്ച് അസന്തുലിതാവസ്ഥ അവിടെ തന്നെ തുടങ്ങും. അതായത്, എയ്ഡഡ് സ്ഥാപനങ്ങളിൽ അധ്യാപകർ പ്രകടമായി ജാതിവിവേചനം നടത്തണമെന്നുപോലുമില്ല, അവരുടെ ഭൂരിപക്ഷ സാമുദായിക സാന്നിധ്യം തന്നെ പ്രശ്‌നകാരണമായി മാറുന്ന അവസ്ഥയാണുണ്ടാകുന്നത്.

എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനം പി.എസ്.സിക്ക് വിട്ടാൽ രണ്ടാമത് ‘വിമോചന സമര’മുണ്ടാകും എന്നാണ് എൽ.ഡി.എഫ് സർക്കാർ പ്രചരിപ്പിക്കുന്നത്. യഥാർഥത്തിൽ, രണ്ടാം ‘വിമോചന സമര’ത്തിന് ഒരു സ്‌പെയ്‌സുമില്ല.

സ്വാശ്രയ സ്ഥാപനങ്ങളെ സംബന്ധിച്ച് വിദ്യാഭ്യാസത്തിന്റെ പ്രഖ്യാപിതലക്ഷ്യങ്ങളേക്കാൾ അവിടെയുള്ള ഇൻവെസ്റ്റ്‌മെന്റ് ലാഭത്തിനുവേണ്ടിയുള്ളതാണ്. പ്രഖ്യാപിതലക്ഷ്യങ്ങളുള്ള ഗ്രൂപ്പുകളോ രാഷ്ട്രീയ കൂട്ടായ്മകളോ പൊതുദൃശ്യതയിലുള്ളവരോ അല്ല സ്വാശ്രയ സ്ഥാപനങ്ങൾ തുടങ്ങുന്നത്. സ്വകാര്യ വ്യക്തികൾ ഫണ്ട് മുടക്കി ഒരു സ്ഥാപനമുണ്ടാക്കുകയാണ്.

അഞ്ചരക്കണ്ടി കോളേജിന്റെ സ്ഥലം തന്നെ 600 ഏക്കർ എന്നാണ് അവരുടെ സൈറ്റിൽ കാണുന്നത്. അതിൽ 300 ഏക്കർ സർക്കാർ വക തരംമാറ്റിയ ഭൂമിയാണെന്നാണ് വാർത്ത. കോളേജ് സ്ഥിതി ചെയ്യുന്നത് മിച്ചഭൂമിയിലാണെന്നും കൈയേറ്റം ഒഴിപ്പിച്ച് സ്‍ഥലം ഏറ്റെടുക്കണമെന്നും താലൂക്ക് ലാൻഡ് ബോർഡിന്റെ ഉത്തരവുള്ളതായും വാർത്തകളുണ്ട്. രാജമാണിക്യം റിപ്പോർട്ടിൽ, സർക്കാറിന് തിരിച്ചെടുക്കാവുന്ന അഞ്ചു ലക്ഷം ഏക്കർ ഭൂമിയിൽ ലിസ്റ്റ് ചെയ്യപ്പെട്ട ഭൂമിയാണിതെന്നും വിവരമുണ്ട്.

ഇത്തരം സ്ഥാപനങ്ങളിലെ അധ്യാപക നിയമനത്തിലൊന്നും സർക്കാറിന് ഒരുവിധ ഉത്തരവാദിത്വവുമില്ല. അടിസ്ഥാന യോഗ്യതയുണ്ടായിരിക്കുക എന്നതിൽ കവിഞ്ഞ് ടീച്ചിങ് എബിലിറ്റി അടക്കമുള്ള കഴിവുകളൊന്നും പരിശോധിക്കേണ്ടതുമില്ല. അതുകൊണ്ടുതന്നെ ഇത്തരം സ്ഥാപനങ്ങളിൽ ആരെല്ലാം നിയമിക്കപ്പെടുന്നു, അവർ എന്തു ചെയ്യുന്നു എന്ന് മോണിറ്റർ ചെയ്യാനാകുന്നില്ല.

യഥാർഥത്തിൽ ഇവിടെ സർക്കാറിന് വലിയ റോളുണ്ട്. വിദ്യാർത്ഥികൾക്ക് പഠിക്കാനും അധ്യാപകർക്ക് ജോലി ചെയ്യാനുമുള്ള സാഹചര്യം ഒരുക്കേണ്ടത് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവാദിത്വമാണ്. സ്ഥാപനമുണ്ടാക്കുന്നതും നടത്തിപ്പും സ്വകാര്യ മാനേജുമെന്റുകളാണെങ്കിൽപോലും മോണിറ്റർ ചെയ്യാൻ സർക്കാറിന് ഉത്തരവാദിത്വമുണ്ട്. അത് നടക്കുന്നില്ല എന്നതിന്റെ സൂചന കൂടിയാണ് നിതിൻ രാജിന്റെ മരണം. നേരത്തെയും ഡോ. റാമിനെതിരെ പരാതികളുണ്ടായിരുന്നുവെന്ന് വിദ്യാർത്ഥികൾ പറയുന്നു. കോളേജിലെ പരാതി സെൽ ആക്റ്റീവ് ആയിരുന്നുവെങ്കിൽ ആ പരാതികളിൽ നടപടിയുണ്ടാകുമായിരുന്നു. അതുകൊണ്ട്, വിദ്യാർത്ഥികളെ സംബന്ധിച്ച് ഒരു സോഷ്യൽ റിഫ്‌ളക്ഷനുള്ള ഇടമല്ല ഇത്തരം സ്ഥാപനങ്ങൾ.

നിതിൻ രാജി​ന്റെ മരണത്തിൽ പ്രതിയായ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ അധ്യാപകൻ ഡോ. എം.കെ. റാം. നിതിൻ രാജിന്റെ സഹപാഠി മാധ്യമങ്ങളോട് സംസാരിക്കുന്നു (വലത്).
നിതിൻ രാജി​ന്റെ മരണത്തിൽ പ്രതിയായ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ അധ്യാപകൻ ഡോ. എം.കെ. റാം. നിതിൻ രാജിന്റെ സഹപാഠി മാധ്യമങ്ങളോട് സംസാരിക്കുന്നു (വലത്).

എയ്ഡഡ് സ്ഥാപനങ്ങളിൽ പി.എസ്.സി നിയമനത്തിന് നിയമപരമായ തടസമില്ല. എൻ.എസ്.എസും ക്രൈസ്തവ സഭകളും ഒഴിച്ചുള്ള സാമുദായിക വിഭാഗങ്ങളും രാഷ്ട്രീയ പാർട്ടികളും ഇതിന് എതിരുമല്ല. എന്നിട്ടും എന്തുകൊണ്ടാണ്, സാമൂഹിക നീതി ഉറപ്പാക്കാനുതകുന്ന ഈയൊരാവശ്യം അസാധ്യമായി നിലനിൽക്കുന്നത്?

എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനം പി.എസ്.സിക്ക് വിട്ടാൽ രണ്ടാമത് ‘വിമോചന സമര’മുണ്ടാകും എന്നാണ് എൽ.ഡി.എഫ് സർക്കാർ പ്രചരിപ്പിക്കുന്നത്. യഥാർഥത്തിൽ, രണ്ടാം ‘വിമോചന സമര’ത്തിന് ഒരു സ്‌പെയ്‌സുമില്ല. കാരണം, ഇപ്പോൾ ഇതിനെ എതിർക്കുന്നത് ക്രിസ്ത്യൻ മാനേജുമെന്റുകളും എൻ.എസ്.എസും മാത്രമാണ്. സർക്കാറിനെ സംബന്ധിച്ച് എൻ.എസ്.എസും ക്രിസ്ത്യൻ മാനേജുമെന്റുകളും അവരുടെ വോട്ടുബാങ്കും കൃത്യമായി ഒരുക്കിയെടുക്കുക എന്ന ലക്ഷ്യം മാത്രമേ ഇതിനു പുറകിലുള്ളൂ. ഇക്കാര്യത്തിൽ ദലിത് വോട്ടുകൾ അവർ പരിഗണിക്കുന്നില്ല. സാമ്പ്രദായികമായി ഇടതുപക്ഷത്തെ വിജയിപ്പിക്കുന്നതിൽ ദലിത് വോട്ടാണ് വലിയ ഘടകം. എന്നാൽ, ദലിത് വോട്ട് കൺസോളിഡേറ്റഡല്ല, അതിന് വിലപേശൽ ശേഷിയില്ല എന്ന കാരണത്താലാണ്, ഈ ആവശ്യം ചർച്ചയാകാത്തതും സർക്കാർ അതിന്മേൽ പണിയെടുക്കാതിരിക്കുന്നതും.

എൻ.എസ്.എസിന്റെ വോട്ട് മുഴുവൻ സി.പി.എമ്മിന് കിട്ടണമെന്നില്ല എങ്കിലും എൻ.എസ്.എസ് ജനറൽ സെക്രട്ടറിയുടെ വോയ്സ് ഇടതുപക്ഷത്തെയും വലതുപക്ഷത്തെയും കൺട്രോൾ ചെയ്യാൻ തക്ക ശക്തമാണ്. അതാണ് എയഡഡഡ് നിയമനത്തിലെ യഥാർഥ പ്രശ്‌നം.

‘‘വി.ഡി. സതീശന്റെ പല സ്ഥാനാർഥികളും ഇത്തരത്തിൽ ഒഴിവാക്കപ്പെട്ടിരിക്കാമെന്നും മനസ്സിലാക്കേണ്ടിവരുന്നു. ഏതായാലും എൻ.എസ്.എസ് ഫ്രാക്ഷനാണ് ഈ ഒഴിവാക്കലിനുപുറകിൽ പ്രവർത്തിച്ചത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്’’.

നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് പട്ടികജാതിക്ഷേമ സമിതി സംസ്ഥാന കമ്മിറ്റി ഫേസ്ബുക്കിൽ ഷെയർ ചെയ്ത പ്രസ്താവനയ്ക്ക് പി.കെ.എസ് ഏരിയ കമ്മിറ്റി അംഗവും സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന ഒരാൾ ഇട്ട കമന്റിൽ, ‘ആർക്കുവേണ്ടിയാണ് ഇങ്ങനെയൊരു സംഘടന, പാർട്ടിയിൽ പല ആളുകളും ഇപ്പോഴും അംഗീകരിക്കാത്ത ഒരു സംഘടനയാണിത്’ എന്നെല്ലാം പറയുന്നുണ്ട്. കേരളത്തിൽ മറ്റു സാമുദായിക വിഭാഗങ്ങൾക്ക് അതിശക്തമായ വോട്ടുബാങ്കായി മാറാൻ കഴിഞ്ഞിട്ടുണ്ട്. ദലിത് വിഭാഗത്തിന് ഇതിന് കഴിയാതെ പോകുന്നത് എന്തുകൊണ്ടാണ്? ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് യു.ഡി.എഫുമായി ചില ദലിത്- ആദിവാസി സംഘടനാനേതൃത്വങ്ങൾക്ക് രാഷ്ട്രീയ വിനിമയം നടത്താനായിട്ടുണ്ട്. ഇതേതുടർന്ന്, രോഹിത് ആക്റ്റ് നടപ്പാക്കും എന്നതടക്കമുള്ള ഉറപ്പുകൾ യു.ഡി.എഫ് പ്രകടനപത്രികയിൽ ഇടം പിടിച്ചു. മുന്നണികളുമായുള്ള ഇത്തരം രാഷ്ട്രീയ വിനിമയങ്ങൾക്ക് അനുകൂലമായ ഫലങ്ങളുണ്ടാക്കാനാകുമെന്നിരിക്കേ, അതിന് എന്തുകൊണ്ടാണ് തുടർച്ചയില്ലാതെ​ പോകുന്നത്?

ദലിത് വിഭാഗങ്ങൾ ഒരു മുന്നണിയിലേക്ക് പ്രവേശിക്കാനുള്ള പ്രവണത കാണിച്ചുതുടങ്ങിയിട്ട് രണ്ടോ മൂന്നോ ടേം മാത്രമേ ആയിട്ടുള്ളൂ. മുത്തങ്ങ സമരത്തിനുശേഷമാണ് ആദ്യമായി അത്തരമൊരു ശ്രമം നടക്കുന്നത്, സി.കെ. ജാനുവിന്റെ നേതൃത്വത്തിൽ. അന്ന് യു.ഡി.എഫ് അവരെ മുന്നണിയിലെടുക്കുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ, അവസാനഘട്ടത്തിൽ കോൺഗ്രസ് പിന്മാറി. പിന്നീടുവന്ന ഇലക്ഷനിൽ എൽ.ഡി.എഫും അവരെ അടുപ്പിച്ചില്ല. തുടർന്നാണ് അവർ എൻ.ഡി.എയുടെ ഭാഗമായത്. എൻ.ഡി.എ ഉറപ്പുകളൊന്നും നിറവേറ്റാത്തതിനാൽ സി.കെ. ജാനു അവിടെനിന്ന് പോരുന്നു, ഇ​ത്തവണ യു.ഡി.എഫിന്റെ ഭാഗമായി.

പത്തു വർഷം മുമ്പ് മുസ്‌ലിം ലീഗ് നേതാവ് കുട്ടി അഹമ്മദ് കുട്ടി മുൻകൈയെടുത്ത് മറ്റൊരു ചർച്ചയും നടക്കുന്നുണ്ട്. കേരളത്തിൽ കോൺഗ്രസും ബി.ജെ.പിയും തമ്മിൽ ധാരണയിലായാൽ പോലും പിന്നാക്കവിഭാഗങ്ങളും ദലിതരും മുസ്‌ലിംകളും യോജിച്ചാൽ തന്നെ കേരളത്തിൽ ജനാധിപത്യപരമായ, ബി.ജെ.പി വിരുദ്ധ രാഷ്ട്രീയം കെട്ടിപ്പടുക്കാനാകും എന്ന ആശയമാണ് അന്ന് അദ്ദേഹം മുന്നോട്ടുവെച്ചത്.

സണ്ണി എം. കപിക്കാട്, ഡോ. കെ.എസ്. മാധവൻ, എം. ബി. മനോജ് തുടങ്ങിയവർ ഈ ചർച്ചകളിൽ പങ്കാളികളായിരുന്നു. രണ്ടു വർഷത്തോളം ചർച്ച മുന്നോട്ടുപോയി. ഒരു ഘട്ടത്തിൽ സണ്ണി എം. കപിക്കാട് ചർച്ചയിൽ നിന്ന് വിട്ടുപോന്നു. ഒരു മുന്നണിയിലേക്ക് പ്രവേശിക്കണമെങ്കിൽ ദലിത്- പിന്നാക്ക വിഭാഗത്തിന് രാഷ്ട്രീയ സംഘാടനം വേണം എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അങ്ങനെയാണ് ദലിത് സ്റ്റുഡന്റ് മൂവ്മെന്റ്- DSM- എന്ന സംഘടന രൂപീകരിച്ചത്. രോഹിത് വെമുലയുടെ മരണത്തിനുശേഷം സംഘടന കുറെക്കൂടി സജീവമായി മുന്നോട്ടുവന്നു. പിന്നീട് മുന്നാക്ക സംവരണം നടപ്പാക്കുന്നു, ജാതി സെൻസസുമായി ബന്ധപ്പെട്ട ചർച്ച വരുന്നു, ഈ വിഷയങ്ങളിൽ കേന്ദ്രീകരിച്ചാണ് സംഘടനാപ്രവർത്തനം മുന്നോട്ടുപോയത്.

 സി.കെ. ജാനു.
സി.കെ. ജാനു.

പിന്നീട് ദലിത് വിഭാഗങ്ങൾക്കിടയിലെ ഉപസംവരണത്തിനെതിരെ കേരളത്തിൽ വലിയ പ്രക്ഷോഭം രൂപപ്പെട്ടു. അതിന്റെ സംഘാടനത്തിലൂടെ എം. ഗീതാനന്ദൻ, അംബുജാക്ഷൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ അംബേദ്ക്കറൈറ്റ് ഡെമോക്രാറ്റിക് ഫ്രണ്ട് (ADF) എന്ന രാഷ്ട്രീയ സംഘടനയുണ്ടാകുന്നു. ഇതെല്ലാം കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ, വളരെ ചുരുങ്ങിയ സമയത്ത് നടന്ന കാര്യങ്ങളാണ്. ഇത്തരം സംഘടനകൾ രൂപപ്പെട്ട സാഹചര്യത്തിലാണ്, ഇതിന്റെ രണ്ടാം ഘട്ടമെന്ന നിലയിൽ ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ സണ്ണി എം. കപിക്കാടുമായി കൂടിക്കാഴ്ച നടത്തി വൈക്കത്തെ സ്ഥാനാർഥിത്വത്തെക്കുറിച്ച് ചർച്ച ചെയ്യുന്നത്. പക്ഷെ, മനസ്സിലാക്കിയിടത്തോളം, എൻ.എസ്.എസിന്റെ ഇടപെടലിനെതുടർന്നാണ് ആ നീക്കം റദ്ദായിപ്പോയത്. യു.ഡി.എഫിനെയും എൽ.ഡി.എഫിനെയും സംബന്ധിച്ച് എൻ.എസ്.എസിന്റെ വോയ്‌സ് വളരെ ശക്തമാണ്. വി.ഡി. സതീശന്റെ പല സ്ഥാനാർഥികളും ഇത്തരത്തിൽ ഒഴിവാക്കപ്പെട്ടിരിക്കാമെന്നും മനസ്സിലാക്കേണ്ടിവരുന്നു. ഏതായാലും എൻ.എസ്.എസ് ഫ്രാക്ഷനാണ് ഈ ഒഴിവാക്കലിനുപുറകിൽ പ്രവർത്തിച്ചത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

ഇത്തവണ സി.കെ. ജാനുവിനും DSM എന്ന സംഘടനയ്ക്കും പരിഗണന കിട്ടിയിട്ടില്ലെങ്കിലും ഇതുവരെയുണ്ടാകാത്ത രീതിയിൽ മുന്നണികളിലേക്ക് പ്രവേശിക്കാനുള്ള ഒരന്തരീക്ഷം രൂപപ്പെട്ടു എന്നത് ഈ മൂവ്‌മെന്റുകളെ സംബന്ധിച്ച് വളരെ പോസിറ്റീവാണ്. അതേസമയം, PKS പോലുള്ള സംഘടനകൾ ഇത്തരം മൂവ്മെന്റുകളെ ദലിത് തീവ്രവാദികൾ എന്ന് വിളിച്ചുകൊണ്ടിരിക്കുകയുമാണ്. ആദിവാസി- ദലിത് സമരങ്ങളെ പിളർത്തുക എന്ന ഒറ്റ ലക്ഷ്യത്തിലാണ് സി.പി.എം PKS, ആദിവാസി ക്ഷേമസമിതി തുടങ്ങിയ സംഘടനകളുണ്ടാക്കുന്നത്. മുത്തങ്ങ സമരത്തിനുശേഷം, ആദിവാസികൾ സ്വയം പ്രതിനിധീകരിക്കുന്ന ഒരു രാഷ്ട്രീയസംഘാടനത്തെ തടയാനാണ് ആദിവാസി ക്ഷേമസമിതിയുണ്ടാക്കുന്നത്. ദലിത് നേതൃത്വത്തിലുള്ള മൂവ്‌മെന്റുകളെ തടയുക, അത്തരം ശ്രമങ്ങൾക്ക് തീവ്രവാദമുദ്ര കുത്തുക എന്നതാണ് PKS പോലുള്ള സംഘടനകളുടെ കർതൃത്വം തന്നെ.

ആദിവാസികൾ സ്വയം പ്രതിനിധീകരിക്കുന്ന ഒരു രാഷ്ട്രീയസംഘാടനത്തെ തടയാനാണ് ആദിവാസി ക്ഷേമസമിതിയുണ്ടാക്കുന്നത്. ദലിത് നേതൃത്വത്തിലുള്ള മൂവ്‌മെന്റുകളെ തടയുക, അത്തരം ശ്രമങ്ങൾക്ക് തീവ്രവാദമുദ്ര കുത്തുക എന്നതാണ് PKS പോലുള്ള സംഘടനകളുടെ കർതൃത്വം തന്നെ.

കേരളം ജാതിയില്ലാത്ത സമത്വസുന്ദരഭൂമിയാണ് എന്ന വ്യാജ പൊതുബോധം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ജാതിക്കും ജാതിവിവേചനത്തിനും ഇത്ര നോർമലായ ഒരു സിസ്റ്റമായി ഇക്കാലത്തും കേരളത്തിൽ നിലനിൽക്കാൻ കഴിയുന്നത് എങ്ങനെയാണ്?

നേരത്തെയും ഇത്തരം ജാതിക്കൊലകളും വിവേചനങ്ങളും നടക്കുന്നുണ്ട്. ദലിത് വിഭാഗങ്ങൾ തന്നെ അത് ജാതിവിവേചനമാണ് എന്ന് അഡ്രസ് ചെയ്യാൻ തുടങ്ങിയശേഷമാണ് ഒരു മാറ്റമുണ്ടാകുന്നത്. ദലിത് ഇന്റലിജൻഷ്യ സജീവമാകുകയും ഇതെല്ലാം ജാതിപീഡനമാണ് എന്ന് ക്ലെയിം ചെയ്യാൻ തുടങ്ങുകയും ചെയ്തതോടെയാണ് ഇതെല്ലാം ജാതിപീഡനമായിത്തീരുന്നത്. അതല്ല എങ്കിൽ ഇതൊന്നും ജാതിപീഡനമായി പരിഗണിക്കപ്പെടില്ല, ലോൺ ആപ്പ് പോലുള്ള വിഷയങ്ങളായാണ് വരിക. നിതിൻ രാജിന്റെ മരണം ദേശാഭിമാനി പത്രം പോലും റിപ്പോർട്ട് ചെയ്യുന്നത് ജാതിപീഡനം എന്നാണ്. ജാതി തന്നെ ഇല്ല എന്നു പറഞ്ഞിടത്തുനിന്നാണ് ജാതിപീഡനം എന്ന് ദേശാഭിമാനിയ്ക്ക് പറയേണ്ടിവരുന്നത്. ജാതിരഹിത സമത്വസുന്ദരകേരളം, മതേതര കേരളം എന്നെല്ലാം കാമ്പയിന് ഉപയോഗിക്കാമെന്നതല്ലാതെ, അതിന് ഇപ്പോൾ വലിയ നിലനിൽപ്പില്ല.

ജാതിയെ അഡ്രസ് ചെയ്യുന്നതിൽ സംഭവിച്ച പാളിച്ച ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടികൾ തുറന്നു പറഞ്ഞിട്ടുണ്ട്. എന്നാൽ ഇപ്പോഴും ജാതിവിരുദ്ധ നിലപാട് എടുക്കുന്നവരെ ജാതിവാദികൾ എന്ന വിമർശനം ഇടതുപക്ഷത്തുനിന്ന് ആവർത്തിച്ചു കൊണ്ടിരിക്കുന്നു. നിതിൻ രാജ് വിഷയത്തിലടക്കം ജാതിയെ സമഗ്രസ്വഭാവത്തിൽ മനസ്സിലാക്കാൻ മുഖ്യധാരാ കമ്യൂണിസ്റ്റ് പാർട്ടികൾക്കും ഇന്ത്യൻ ഇടതുപക്ഷത്തിനുമുള്ള പ്രതിബന്ധം പ്രത്യയശാസ്ത്രപരമാണ് എന്ന ന്യായം ഇന്ന് നിലനിൽക്കുന്നതാണോ? കാരണം അവകാശപ്പെടുന്ന പോലൊരു ഐഡിയോളജിക്കൽ ഇടതുപക്ഷം ഇന്ത്യയിൽ നിലവിലില്ലാത്ത സാഹചര്യത്തിൽ.

ഇക്കാര്യത്തിൽ കമ്യൂണിസ്റ്റ് പാർട്ടികൾക്ക് സൈദ്ധാന്തിക സൂക്ഷ്മത വേണമെന്ന ശാഠ്യമൊന്നുമില്ല. സൈദ്ധാന്തികമായി Pure Marxism എന്നൊരു സിദ്ധാന്തം അവർ അപ്ലൈ ചെയ്യുന്നു. അതിൽ വർഗം മാത്രമേയുള്ളൂ. അവർ നടത്തുന്ന ഏതു ചർച്ചയുടെയും ഉപസംഹാരം, ജാതി എന്നത് ഉണ്ടെങ്കിൽ പോലും, വർഗപ്രശ്‌നം പരിഹരിക്കപ്പെടുന്നതിലൂടെ സ്വാഭാവികമായും പരിഹരിക്കാവുന്നതാണ് ജാതിപ്രശ്‌നവും എന്നാണ്. ഇടതുപക്ഷ സൈദ്ധാന്തികരെല്ലാം ഇപ്പോഴും ഈ വർഗവിശകലനത്തിൽ തന്നെയാണ് നിൽക്കുന്നത്. ജാതിയെ അഡ്രസ് ചെയ്തുകഴിഞ്ഞാൽ, ക്ലാസ് കോൺഫ്ലിക്റ്റ് എന്നതിൽനിന്ന് മാറി ചിന്തിക്കേണ്ടിവരും. അതിനുള്ള ശേഷി ഇവിടുത്തെ ഇടതുപക്ഷ ചരിത്രകാരർക്കും സൈദ്ധാന്തികർക്കുമില്ല. അതുണ്ടായിരുന്നുവെങ്കിൽ സ്ഥിതി മാറുമായിരുന്നു. അപ്പോൾ, പി.കെ.എസ് ഉണ്ടാക്കിയോ ആദിവാസി ക്ഷേമസമിതി ഉണ്ടാക്കിയോ ആയിരിക്കില്ല, ഇത്തരം വിഷയങ്ങളെ നേരിടുക.

ഇടതുപക്ഷ സൈദ്ധാന്തികരെല്ലാം ഇപ്പോഴും ഈ വർഗവിശകലനത്തിൽ തന്നെയാണ് നിൽക്കുന്നത്. ജാതിയെ അഡ്രസ് ചെയ്തുകഴിഞ്ഞാൽ, ക്ലാസ് കോൺഫ്ലിക്റ്റ് എന്നതിൽനിന്ന് മാറി ചിന്തിക്കേണ്ടിവരും. അതിനുള്ള ശേഷി ഇവിടുത്തെ ഇടതുപക്ഷ ചരിത്രകാരർക്കും സൈദ്ധാന്തികർക്കുമില്ല.
ഇടതുപക്ഷ സൈദ്ധാന്തികരെല്ലാം ഇപ്പോഴും ഈ വർഗവിശകലനത്തിൽ തന്നെയാണ് നിൽക്കുന്നത്. ജാതിയെ അഡ്രസ് ചെയ്തുകഴിഞ്ഞാൽ, ക്ലാസ് കോൺഫ്ലിക്റ്റ് എന്നതിൽനിന്ന് മാറി ചിന്തിക്കേണ്ടിവരും. അതിനുള്ള ശേഷി ഇവിടുത്തെ ഇടതുപക്ഷ ചരിത്രകാരർക്കും സൈദ്ധാന്തികർക്കുമില്ല.

ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇടതു വിദ്യാർഥി സംഘടനകളും അംബേദ്കറെറ്റ് സംഘടനകളും തമ്മിൽ സംവാദാത്മകമായ ഒരന്തരീക്ഷം രൂപപ്പെട്ടിരുന്നു. അത് മു​ന്നോട്ടുപോയിരുന്നുവെങ്കിൽ ഇത്തരം വിഷയങ്ങളിൽ കാര്യമായ മാറ്റമുണ്ടാകുമായിരുന്നു എന്ന് കരുതുന്നുണ്ടോ?

രോഹിത് വെമുലയുടെ മരണത്തിനുശേഷമാണ് ഇത്തരമൊരു ചർച്ച മുന്നോട്ടുപോയത്. ഹൈദരാബാദിൽ നിന്ന് ഇത്തരം വിഷയങ്ങളുമായി ബന്ധപ്പെട്ട സമരങ്ങൾ ദൽഹിയിലേക്ക് മാറ്റാൻ ആലോചിച്ച സമയത്താണ് ജെ.എൻ.യുവിൽ ആസൂത്രിത കലാപമുണ്ടാകുകയും ആ സമരത്തിന് അവിടെ പ്രവേശിക്കാനാകാത്ത അന്തരീക്ഷമുണ്ടാകുകയും ചെയ്തത്. ബി.ജെ.പി സർക്കാർ ആർ.എസ്.എസിന്റെ ഒത്താശയോടെ ആസൂത്രിതമായി സൃഷ്ടിച്ചെടുത്ത അന്തരീക്ഷമായിരുന്നു അത്. അതിനാൽ, ഈ ചർച്ച മുന്നോട്ടുപോയില്ല. ജെ.എൻ.യു അടക്കമുള്ള സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ ഇൻക്ലൂസീവ് ആയ എന്തെങ്കിലും മുന്നേറ്റമുണ്ടായി എന്നു ഞാൻ മനസ്സിലാക്കുന്നില്ല. മാത്രമല്ല, ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകൾ ഏതെങ്കിലും കാലത്ത് ഇടതുപക്ഷ സൈദ്ധാന്തികരെ ചോദ്യം ചെയ്യുകയോ അവരുടെ നിലപാടുകളെ തിരുത്താൻ ശേഷിയുള്ളവരോ അല്ല എന്നത് വ്യക്തമാണ്. അങ്ങനെയായിരുന്നുവെങ്കിൽ അന്തരീക്ഷം മാറിയേനെ. ഇപ്പോഴും ക്ലാസ് സ്ട്രഗ്ൾ തന്നെയാണ് അവരുടെ അന്തിമ ലക്ഷ്യം.

കേരളത്തിന്റെ കാമ്പസിലേക്ക് വരാം. നമ്മുടെ കാമ്പസുകളിൽ അംബേദ്ക്കറൈറ്റ് വിദ്യാർത്ഥി കൂട്ടായ്മകൾക്ക് പ്രവർത്തിക്കാനുള്ള പ്രതിസന്ധി എന്താണ്? കഴിഞ്ഞ ദിവസം എം.ബി. മനോജ് ഫേസ്ബുക്കിൽ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. കാമ്പസുകളിലും സർവകലാശാലകളിലും അംബേദ്ക്കറൈറ്റ് വിദ്യാർത്ഥി കൂട്ടായ്മകൾ നിശ്ശബ്ദമാക്കപ്പെട്ടതിന്റെ അപകടം അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. ഒപ്പം, ദലിത് മൂവ്മെന്റുകളുടെ ആന്തരികമായ പ്രതിസന്ധികളും. എന്താണ് കേരളത്തിലെ കാമ്പസുകളിൽ ഇത്തരമൊരു മൂവ്മെന്റിനെ നിശ്ശബ്ദമാക്കിയ ഘടകം?

2001 മുതൽ 2008 വരെ, ഞങ്ങൾ കാമ്പസുകളിലുള്ള സമയത്താണ് DSM എന്ന സംഘടന സജീവമായി സർവകലാശാലാ കാമ്പസുകളിലുണ്ടായിരുന്നത്. പിന്നീട് കോളേജുകളിലും പ്രീ മെട്രിക് ഹോസ്റ്റലുകളിലും അതിനെ പിന്തുണയ്ക്കുന്ന വിദ്യാർത്ഥികളുണ്ടാകുന്നു. രജനി എസ്. ആനന്ദിന്റെ മരണം ഈ കാലത്താണ്.

എസ്.എഫ്.ഐ ഈ സംഘടനയെ നേരിടാൻ മുന്നോട്ടുവന്നു. മർമറിങ് കാമ്പയിനിലൂടെ വിദ്യാർത്ഥികളെ ഒറ്റപ്പെടുത്തുകയായിരുന്നു അവരുടെ തന്ത്രം. ഫെല്ലോഷിപ്പ് പോലുള്ള പ്രശ്‌നങ്ങളുണ്ടാകുമ്പോൾ, ഞങ്ങളുടെ ചർച്ചകളിൽ അവരുടെ ആളുകളെ തിരുകിക്കയറ്റി, തീരുമാനങ്ങൾ ചോർത്തി, പെട്ടെന്ന് ചാടിവീഴും. ഞങ്ങൾ വി.സിയെ കാണുന്നതിനുമുമ്പേ എസ്.എഫ്.ഐക്കാർ അവിടെയെത്തിക്കാണും. അത്തരം ഒന്നുരണ്ട് സംഭവങ്ങളുണ്ടായി. ഇതൊന്നും സംഘടനയെ ബാധിക്കുന്ന പ്രശ്‌നമല്ല എങ്കിലും തന്ത്രപരമായി ഇത്തരം മൂവുകൾ നടത്തിയിരുന്നു എന്നുമാത്രം. പിന്നെ, ഞങ്ങൾ ജാതിവാദികളാണ് എന്ന് സ്ഥാപിച്ചെടുക്കുന്ന കാമ്പയിൻ നടത്തുക, പ്രസിദ്ധീകരണങ്ങൾ ഇറക്കുക, കായികമായി അടിച്ചമർത്തുക എന്നിവയെല്ലാം നടത്തി.

രണ്ടുമൂന്നാഴ്ച കഴിയുമ്പോൾ ഈ വിഷയം സ്വാഭാവികമായും കെട്ടടങ്ങും. ദലിത് രാഷ്ട്രീയ സംഘടനകളെ സംബന്ധിച്ച് ഈ വിഷയത്തിൽ ഉറച്ചുനിൽക്കുക എന്നതാണ് പ്രധാന കാര്യം.

ഞങ്ങൾ കാമ്പസിലുണ്ടായിരുന്ന സമയത്ത്, അന്നത്തെ എസ്.എഫ്.ഐയുടെ പ്രധാന നേതാക്കൾക്ക് നേരിടാൻ കഴിയാത്ത രീതിയിൽ സംവാദങ്ങൾക്ക് എല്ലാ കാര്യത്തിലും ഞങ്ങൾ മുന്നിലുണ്ടായിരുന്നു. എന്നാൽ, ഇതേറ്റെടുക്കാൻ പിന്നീടൊരു തലമുറ ഇല്ലാതെപോയി. കാരണം, ഏതെങ്കിലുമൊരു പിതൃസംഘടനയുടെ ഭാഗമായല്ല ഞങ്ങൾ രാഷ്ട്രീയപ്രവർത്തനം തുടങ്ങിയത്. ചില സംഭവങ്ങളിൽനിന്ന് തുടങ്ങി, കേരളത്തിലുടനീളമുള്ള വിദ്യാർത്ഥികൾ അതിന്റെ ഭാഗമാകുകയായിരുന്നു. അങ്ങനെയായിരുന്നു അതിന്റെ സംഘാടനം.

പിതൃസംഘടന വേണ്ട എന്ന് തീരുമാനിക്കാൻ ഒരു കാരണമുണ്ടായിരുന്നു. കേരളത്തിൽ ഒട്ടനവധി ദലിത് രാഷ്ട്രീയ- സാമുദായിക സംഘടനകളുണ്ടായിരുന്നു. ഈ സംഘടനകളെ ഒരുമിപ്പിക്കാനുള്ള വേദിയായിത്തീരുക എന്നതായിരുന്നു അന്നത്തെ ഞങ്ങളുടെ ലക്ഷ്യം. അതിൽ കുറെയൊക്കെ വിജയിക്കാനും കഴിഞ്ഞു. ഈ സംഘടനകളെ ഞങ്ങളുടെ സംസ്ഥാന സമ്മേളനങ്ങളിലും ചർച്ചകളിലുമെല്ലാം കൊണ്ടുവന്ന്, ഒരു പ്ലാറ്റ്‌ഫോമാകാൻ ഞങ്ങൾക്ക് കഴിഞ്ഞിരുന്നു. ഈയൊരർഥത്തിൽ DSM വളരെ വിജയകരമായിരുന്നു, ഒരു സംശയവുമില്ല. എന്നാൽ, രണ്ടാം തലമുറ കാമ്പസിൽ ഉണ്ടായിവന്നിട്ടില്ല. അതിന് പ്രധാന കാരണം, എസ്.എഫ്.ഐയെപ്പോലുള്ള സംഘടനകളുടെ പ്രതിരോധമാണ്.

എം.ബി മനോജ് ഷെയർ ചെയ്യുന്ന കാര്യം ശരിയാണ്. സമുദായ സംഘടനകൾക്കൊന്നും വിദ്യാർത്ഥി സംഘടനകളെ നിലനിർത്താനാവശ്യമായ, രണ്ടാം തലമുറയെ സ്ഥാപിച്ചെടുക്കാനുള്ള ശേഷിയുണ്ടായിരുന്നില്ല. അങ്ങനെയൊരു ലക്ഷ്യബോധവും അവർക്കുണ്ടായിരുന്നില്ല. അവരെത്തന്നെ ഒരുമിപ്പിക്കാൻ ശ്രമിച്ചത് ഈ വിദ്യാർത്ഥിസംഘടനയായിരുന്നു എന്നത് മറ്റൊരു കാര്യം. അതേസമയം, ഇതെല്ലാം നിഷ്ഫലമായി എന്നും പറയാനാകില്ല. ഇത്തരം ശ്രമങ്ങളുടെ ​ അനന്തരഫലമെന്ന നിലയ്ക്ക്, സമയമെടുത്താണെങ്കിലും ഒരു രാഷ്ട്രീയമുന്നണിയിലേക്ക് പ്രവേശിക്കാനുള്ള രാഷ്ട്രീയസംഘടനയായി രൂപപ്പെടാൻ ഇപ്പോൾ കഴിഞ്ഞു. അത് വളരെ പോസിറ്റീവാണ്.

DSM എന്ന സംഘടനയെ നേരിടാൻ എസ്.എഫ്.ഐ മുന്നോട്ടുവന്നു. മർമറിങ് കാമ്പയിനിലൂടെ വിദ്യാർത്ഥികളെ ഒറ്റപ്പെടുത്തുകയായിരുന്നു അവരുടെ തന്ത്രം.
DSM എന്ന സംഘടനയെ നേരിടാൻ എസ്.എഫ്.ഐ മുന്നോട്ടുവന്നു. മർമറിങ് കാമ്പയിനിലൂടെ വിദ്യാർത്ഥികളെ ഒറ്റപ്പെടുത്തുകയായിരുന്നു അവരുടെ തന്ത്രം.

നിതിൻ രാജ് വിഷയത്തെ, പൊതുസമൂഹത്തിന്റെ വിഷയമാക്കി മാറ്റുന്ന രീതിയിൽ എങ്ങ​നെ മുന്നോട്ടുകൊണ്ടുപോകാം എന്നാണ് വിചാരിക്കുന്നത്?

പൊലീസിന്റെയും സർക്കാറിന്റെയും ഭാഗത്തുനിന്ന് നീതിയുക്തമായ നടപടിയുണ്ടാകണം എന്ന ആവശ്യം മുന്നോട്ടുവെക്കാൻ കഴിയും.

ഇത്തരം പ്രശ്‌നങ്ങൾ ആവർത്തിക്കാതിരിക്കാൻ രോഹിത് വെമുല ആക്റ്റ് നടപ്പാക്കണം എന്ന് ആവശ്യപ്പെടാം. സംസ്ഥാനങ്ങൾക്ക് അത് നടപ്പിലാക്കാനുള്ള അധികാരമുണ്ട്. അതിനുവേണ്ടി പ്രതിഷേധത്തിലേക്ക് പോകുക.

രണ്ടുമൂന്നാഴ്ച കഴിയുമ്പോൾ ഈ വിഷയം സ്വാഭാവികമായും കെട്ടടങ്ങും. ദലിത് രാഷ്ട്രീയ സംഘടനകളെ സംബന്ധിച്ച് ഈ വിഷയത്തിൽ ഉറച്ചുനിൽക്കുക എന്നതാണ് പ്രധാന കാര്യം. രജനി എസ്. ആനന്ദ് മുതൽ നിതിൻ രാജ് വരെയുള്ളവരുടെ കൊലപാതകത്തിന് ഉത്തരവാദികൾ ആരാണ്, അവർ ശിക്ഷിക്കപ്പെട്ടോ എന്ന ചോദ്യം പ്രധാനമാണ്. സർവീസിൽ ഒന്നോ രണ്ടോ മാസം പുറത്തുനിന്ന ശേഷം കുറ്റവാളികൾ തിരിച്ചുവന്നിരിക്കാം. അർഹിക്കുന്ന ശിക്ഷ അവർക്ക് കിട്ടിയിട്ടില്ല. വിദ്യാർത്ഥികൾ കൊല്ലപ്പെട്ടതിനെ പേരിൽ ഏതെങ്കിലും അധ്യാപകർ ശിക്ഷിക്കപ്പെട്ടിട്ടുണ്ടോ, ഏതെങ്കിലും മാനേജുമെന്റുകൾ നിയമനടപടി നേരിട്ടിട്ടുണ്ടോ എന്നു ചോദിച്ചാൽ ഇല്ല എന്നാണ് അർഥം.

മാത്രമല്ല, അഞ്ചരക്കണ്ടി കോളേജിന്റേതടക്കമുള്ള സർക്കാർ ഭൂമി തിരിച്ചെടുക്കണം. എങ്കിലേ അത് ഭൂമിയില്ലാത്ത ദലിത്- ആദിവാസികൾക്ക് തിരിച്ചുനൽകാനാകൂ. അത്തരം കാര്യങ്ങളിലും ദലിത് സമുദായ- രാഷ്ട്രീയ നേതൃത്വങ്ങൾക്ക് സമരം മുന്നോട്ടുകൊണ്ടുപോയേ തീരൂ.

ജാതി സെൻസസ് നടത്തുക എന്നതും ഏറെ പ്രധാനമാണ്. വിഭവങ്ങളിലുള്ള അസമത്വമാണ് വിവേചനങ്ങളുടെയെല്ലാം അടിസ്ഥാനം. അത് ബോധ്യപ്പൊൻ ജാതി സെൻസസ് അനിവാര്യമാണ്. ജാതി സെൻസസ് നടത്തി, വിഭവങ്ങൾ തുല്യമായി വിതരണം ചെയ്യുന്നതിനുള്ള രാഷ്ട്രീയാന്തരീക്ഷം ഉണ്ടായാൽ മാത്രമേ എല്ലാ കാലത്തേക്കുമായി ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയൂ.

Comments