പൊതുവഴിയും അന്നദാനവും സ്​പർശവും വിലക്ക​പ്പെട്ട ദലിതർ, ഇതാ ഇപ്പോഴുമിവിടെയുണ്ട്​

കാസർഗോഡ് ജില്ലയിലുള്ള പഡ്രെ ഗ്രാമത്തിലെ ബദിയാറു ശ്രീ ജഡാധാരി ദൈവസ്ഥാനത്ത്​, കേരളത്തെ നാണിപ്പിക്കുംവിധം സവർണജാതിക്കാർ ദലിതർക്കെതിരെ പരസ്യമായ അയിത്തവും ജാതിവിവേചനവും വച്ചുപുലർത്തുന്നു. പഡ്രെ ഗ്രാമത്തിലെ പട്ടികജാതി വിഭാഗത്തിന് പൊതുവഴിയിലൂടെ ക്ഷേത്രത്തിൽ പ്രവേശിക്കാൻ പാടില്ല, അന്നദാനത്തിൽ എല്ലാ ജാതിക്കാർക്കുമൊപ്പം പങ്കെടുക്കാൻ പാടില്ല, സവർണ ജാതിക്കാരുടെ കയ്യിൽ സ്പർശിക്കാതെ കാണിക്ക ഇടണം തുടങ്ങിയ അപരിഷ്​കൃത ആചാരങ്ങൾക്കെതിരെ ദലിത്​ ജനത സമരത്തിലാണ്​. ജില്ലാ ലീഗൽ സർവീസ്​ അതോറിറ്റി പ്രശ്​നത്തിൽ ഇടപെട്ട്​ പരിഹാരശ്രമം നടത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, ഒരു അന്വേഷണം

""കൂ...കൂ...കൂ....
ജഡാധാരി ദൈവസ്ഥാനത്ത്​ ഉത്സവത്തിന്റെ ഭാഗമായി നൽകുന്ന അന്നദാനത്തിന് ഞങ്ങൾ താഴ്ത്തപ്പെട്ടവരെ ക്ഷണിക്കുന്നതാണാ കൂവി വിളി. യഥാർത്ഥത്തിൽ ഞങ്ങളെ വിളിക്കുന്നതല്ല, ഞങ്ങൾ വരുന്നുണ്ടെന്ന് ബ്രഹ്‌മണരെ അറിയിക്കുന്നതാണ്. ഞങ്ങൾ അവിടെയെത്തുമ്പോഴേക്കും ബ്രാഹ്‌മണരെല്ലാം പോയിരിക്കും. മൂന്നുവർഷം മുമ്പാണ് അവസാനമായി ആ വിളി കേട്ടത്. വിളി കേട്ട് അവിടെ എത്തിയാൽ അന്നദാനം കഴിക്കുന്ന ആളുകളുടെ എണ്ണം കൊടുക്കണം. കുറച്ച് മാറിയുള്ള സ്ഥലത്ത് തുണി വിരിച്ച്, അതിലേക്ക് ഇലയിട്ട് അവിടെയിരുന്ന് ഭക്ഷണം കഴിക്കുന്നതാണ് രീതി.'' മൊകേര സമുദായത്തിൽപ്പെട്ട, സീതരാമ എന്ന കല്ലുചെത്ത് തൊഴിലാളി അമർഷത്തോടെ പറയുകയാണ്​.

കാസർഗോഡ് ജില്ലാ ആസ്ഥാനത്തു നിന്ന് 28 കിലോമീറ്റർ അകലെ, എൻമകജെ ഗ്രാമപഞ്ചായത്തിലെ പഡ്രെ ഗ്രാമത്തിലെ ബദിയാറു ശ്രീ ജഡാധാരി ദൈവസ്ഥാനത്ത് കാലങ്ങളായി നടന്നുപോന്ന ആചാരരീതികളിലൊന്ന് മാത്രമാണിത്.

""നമ്മളൊക്കെ ആരാധിക്കുന്ന ദൈവത്തിന്റെ പേരിലാണ് ഈ അയിത്തം. അവരുടെ വീട്ടിലേക്കല്ലല്ലോ നമ്മൾ പോകുന്നത്, ഇതൊരു പൊതുക്ഷേത്രമല്ലേ. ഞങ്ങളുടെ കയ്യിൽ പ്രസാദം തന്നാൽ എന്താണ് സംഭവിക്കുന്നത്?. ഞങ്ങൾ നേരിട്ട് കാണിക്ക ഇട്ടാൽ ദൈവം കോപിക്കുമത്രേ, ഞങ്ങൾ പടി ചവിട്ടാനേ പാടില്ലത്രേ... ഞങ്ങളെ മനുഷ്യരായി കാണാത്ത അമ്പലത്തിലേക്ക് എന്തിനാണ് പോകുന്നത് എന്നാണ് മക്കൾ എന്നോട് ചോദിക്കുന്നത്. അവർക്ക് നല്ല ബേജാറുണ്ട്. ഇനിയും ഇത് തുടരുന്നത് എന്തൊരു നാണക്കേടാണ്''- സീതാരാമ പറഞ്ഞു.

സീതരാമ / ഫോട്ടോ : അലി ഹെെദർ

ബദിയാറു ശ്രീ ജഡാധാരി ക്ഷേത്രത്തിൽ കാലങ്ങളായി തുടരുന്ന ജാതിഅയിത്തത്തിനെതിരെയും തൊട്ടുകൂടായ്മയ്ക്കെതിരെയും ഇവിടുത്തെ കീഴാള ജനത സമരത്തിലാണ്. പഡ്രെ ഗ്രാമത്തിലെ പട്ടികജാതി വിഭാഗത്തിന് പൊതുവഴിയിലൂടെ ക്ഷേത്രത്തിൽ പ്രവേശിക്കാൻ പാടില്ല, അന്നദാനത്തിൽ എല്ലാ ജാതിക്കാർക്കുമൊപ്പം പങ്കെടുക്കാൻ പാടില്ല, സവർണ ജാതിക്കാരുടെ കയ്യിൽ സ്പർശിക്കാതെ കാണിക്ക ഇടണം തുടങ്ങി നിരവധി ജാതി അയിത്തങ്ങൾക്കെതിരെയാണ് ആ സമരം. കാസർഗോട്ടെ ഉൾനാടൻ ഗ്രാമങ്ങളിൽ ഇന്നും ആചാരമായിക്കണ്ട് പിന്തുടരുന്ന തൊട്ടുകൂടായ്മയുടെ, ജാതി അധിക്ഷേപത്തിന്റെ ഞെട്ടിക്കുന്ന അനുഭവസാക്ഷ്യങ്ങളാണ് പഡ്രെ ഗ്രാമത്തിലെ കീഴാള ജനതയ്ക്ക് പറയാനുള്ളത്.

47 സെന്റിൽ സ്ഥിതി ചെയ്യുന്ന ജഡാധാരി ദൈവസ്ഥാനത്തേക്ക് (ക്ഷേത്രം) മുഖ്യകവാടത്തിലൂടെ പോകാൻ ദലിതർക്ക് അനുവാദമില്ല. ചുവന്ന പെയിന്റടിച്ച സിമന്റിൽ പണിതീർത്ത 18 പടികളിലൂടെ സവർണ വിഭാഗത്തിൽ പെട്ടവർക്ക് മാത്രമാണ് പ്രവേശനം. വർഷത്തിൽ മൂന്ന് ഉത്സവങ്ങളും ആഴ്ചയിൽ ചൊവ്വ, ഞായർ, ദിവസങ്ങളിൽ പ്രത്യേക പൂജകളും മാത്രം നടക്കുന്ന ക്ഷേത്രത്തിൽ ജഡാധാരി തെയ്യം കെട്ടും അന്നദാനവുമാണ് പ്രധാന ചടങ്ങുകൾ. ദലിതർ ഏറെ ആരാധനയോടെ കാണുന്ന ജഡാധാരി തെയ്യം അവസാനമായി നടന്നത് 2018 നവംബറിലാണ്. നൽക്കദായ എന്ന ദലിത് വിഭാഗക്കാരാണ് തെയ്യം കെട്ടുക. ഇവർക്കും പൊതുവഴിയിലൂടെ ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുമതിയില്ല. ക്ഷേത്രമുറ്റത്ത് പ്രത്യേകം നിശ്ചയിച്ച പ്രദേശത്താണ് തെയ്യം കെട്ടിയാടുന്നത്. തെയ്യത്തിന്റെ കയ്യിൽ നിന്ന്​ പ്രസാദം "മേൽജാതിക്കാർ' നേരിട്ട് സ്വീകരിക്കില്ല. ജാതിയുടെ അടിസ്ഥാനത്തിൽ പ്രത്യേകം സജ്ജമാക്കിയ ഇരിപ്പിടത്തിലാണ് ഓരോ ജാതിയിൽ പെട്ടവർ തെയ്യം കാണാൻ ഇരിക്കേണ്ടത്.
എസ്.സി വിഭാഗത്തിലെ മൊഗറ, ഭൈര, മായില സമുദായത്തിൽപ്പെട്ടവർക്കും എസ്.ടി വിഭാഗത്തിലെ കൊറഗ സമുദായത്തിൽപെട്ടവർക്കും ഒ.ബി.സിയിലെ തിയ്യവിഭാഗത്തിനുമാണ് മുഖ്യകവാടത്തിലൂടെ പ്രവേശനത്തിന് വിലക്ക്​.

Photo : Photo source: The Malabar Journal

ഇവരെയെല്ലാം പുലയർ എന്ന പേരിട്ടാണ് സവർണർ വിളിച്ചുപോരുന്നത്. ജഡാധാരി ക്ഷേത്രം പൊതുജനക്ഷേത്രമാണെങ്കിലും ഭരണസമിതിയിലധികവും ബ്രാഹ്‌മണ വിഭാഗത്തിൽ പെട്ടവരാണ്. എന്നാൽ ക്ഷേത്രത്തിൽ കയറാനും അന്നദാനം സ്വീകരിക്കാനും കാണിക്ക ഇടാനും അകത്ത് കയറി പ്രാർത്ഥിക്കാനുമൊക്കെയുള്ള കീഴാളരുടെ അവകാശം തടയുന്നതിൽ ബ്രാഹ്‌മണർ മാത്രമല്ല, സവർണ ജാതിയിൽപെട്ട എല്ലാവരും ഒറ്റക്കെട്ടാണെന്നാണ് ദലിതർ പറയുന്നത്.

""എന്റെ അമ്മയ്ക്ക് 85 വയസായി, എന്റെ വീടിന്റെ മുന്നിലൂടെ പോകുന്ന മറ്റ് ജാതിയിൽ പെട്ട ചെറുപ്പക്കാർ, കുട്ടികൾ പോലും എന്റെ അമ്മയെ വിളിക്കുന്നത് അവൾ എന്നോ അല്ലെങ്കിൽ നീ എന്നോ ആണ്​​. എന്നാൽ ജഡാധാരി ദൈവസ്ഥാനവുമായി ബന്ധപ്പെട്ട അയിത്തത്തിനെതിരെ സംസാരിക്കുകയും അതിൽ മുന്നിൽ നിൽക്കുകയും ചെയ്തപ്പോൾ അവരുടെ പെരുമാറ്റത്തിൽ ചെറിയ മാറ്റം വന്നിട്ടുണ്ട്.''- ജഡാധാരി ദൈവസ്ഥാനത്തെ അതിഭീകരമായ ജാതി അയിത്തത്തിനെതിരെ ഏറ്റവും ഉറച്ച ശബ്ദമായി മാറിയ കൃഷ്ണമോഹൻ ഇത് പറയുന്നത്, ദൈവസ്ഥാനത്തെ ജാതിഭ്രഷ്ടിനെതിരെ മാത്രമല്ല തങ്ങളുടെ പോരാട്ടമെന്ന് സൂചിപ്പിക്കാനാണ്. ജാതിയുടെ പേരിൽ ഇനി ഒരാളും ആത്മാഭിമാനത്തോടെയല്ലാതെ ജീവിക്കരുത് എന്ന ദൃഢനിശ്ചയം കൂടിയുണ്ട് കൃഷ്ണമോഹന്.

ദൈവസ്ഥാനത്തെ പതിനെട്ട് പടി ഒരു ദലിതൻ ചവിട്ടിയാൽ ദൈവകോപം കിട്ടുമെന്നും ആചാരലംഘനമാണെന്നുമുള്ള കാലങ്ങളായുള്ള നടപ്പു രീതിക്ക് അറുതി വരുത്തി ആദ്യമായി ശ്രീകോവിലിലേക്കുള്ള മുഖ്യകവാടത്തിലൂടെ പതിനെട്ട് പടി കയറി "ആചാരം' ലംഘിച്ചത് കൃഷ്ണമോഹന പൊസള്ള്യ എന്ന ബാഡ്മിന്റൻ മുൻ ജില്ലാ ടീമംഗം കൂടിയായ ദലിത് പ്രതിനിധിയാണ്. കാലങ്ങളായുള്ള ജാതിവിവേചനത്തിനെതിരെ പട്ടിക ജാതി -വർഗ സ്‌പെഷ്യൽ മൊബൈൽ സ്‌ക്വാഡ് ഡിവൈ എസ്​.പിക്ക്​ പരാതി കൊടുത്തതിനു ശേഷമായിരുന്നു കൃഷ്ണമോഹൻ ചരിത്രത്തിലെ ആചാരത്തെറ്റ് തിരുത്തി പടികയറിയത്.

കൃഷ്ണമോഹന പൊസള്ള്യ / Photo : The Malabar Journal

""ഈ വഴിയിലൂടെ നമുക്ക് പോകാൻ പറ്റില്ല. മേൽജാതിക്കാർക്ക് മാത്രമേ പോകാൻ പറ്റു, ഞമ്മളെ ജാതിക്ക് വേറെ തന്നെ വഴിയാണ്. ഞമ്മളെ ജാതിന്റെ ആൾക്കാരാരും ഇതുവരെ ഈ വഴിയിലൂടെ കേറിയിട്ടില്ല. ദൈവത്തിന്റെ കോലം നടക്കുമ്പോൾ ആ വഴിയിലൂടെ പോയി വേണം കോലം കാണാൻ. ഈ വഴിയിലൂടെ പോയാൽ എന്ത് സംഭവിക്കുമെന്ന് അറിയാനാണ് ഞാൻ ഈ പടി കേറിയത്. നമ്മള് കേറിയതുകൊണ്ട് ക്ഷേത്രം തന്നെ അടച്ചു. എല്ലാരും പോകുന്ന വഴിയിലൂടെ ഞമ്മക്കും പോണം, എല്ലാരും കഴിയ്ക്കുന്ന സ്ഥലത്ത് ഞമ്മക്കും കഴിക്കണം. ഞമ്മളെ അച്ഛന്മാർ ഇത് ചോദ്യം ചെയ്യാത്തത് കൊണ്ട് നമ്മൾ അനുഭവിക്കേണ്ടി വന്നു. ഇപ്പോൾ നമ്മൾ ഇതിനെതിരെ നിന്നില്ലെങ്കിൽ നാളെ ഞമ്മളെ മക്കൾക്കും ഈ ഗതി വരില്ലേ. നിങ്ങളെ പുള്ളർ പോകുന്ന വഴിയിൽ ഞമ്മളെ പുള്ളർക്ക് പോണം. നിങ്ങളെ പുള്ളർ ഭക്ഷണം കഴിക്കുന്ന സമയത്തന്നെ ഞമ്മളെ പുള്ളർക്കും ഭക്ഷണം കഴിക്കണം. അതാണ് ഞാൻ അവരോട് പറയുന്നത്. അതിന് വേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നത്. അല്ലാതെ മുടക്കുക എന്നതല്ല ഞമ്മളെ ഉദ്ദേശ്യം. ഞാൻ പടികേറിയതോടെ ദൈവത്തിന് മുന്നിൽ ഞാൻ വലിയൊരു തെറ്റ് ചെയ്തു എന്നാണ് അവർ വിശ്വസിക്കുന്നത്, പ്രചരിപ്പിക്കുന്നത്. കൃഷ്ണമോഹന് എന്തെങ്കിലും അപകടം സംഭവിക്കുമെന്ന് ശെരിക്കും അവർ വിശ്വസിക്കുന്നുണ്ട്. എന്റെയൊപ്പം ഇനി ആരും കൂടരുത് എന്ന് ആളുകളോട് ഇപ്പോഴും പറഞ്ഞു നടക്കുന്നുണ്ട്. അത്രമേലുണ്ട് അവരുടെ ഉള്ളിലെ ജാതി. ഈ ജാതി ചിന്തവെച്ചാണ് മുന്നോട്ട് പോകേണ്ടത് എന്നാണ് അവർ വിശ്വസിക്കുന്നത്. ''- കൃഷ്ണമോഹൻ തിങ്കിനോട് പറഞ്ഞു.

ജഡധാരി ക്ഷേത്രത്തിലുള്ള ജാതി അടിസ്ഥാനത്തിലുള്ള ഇരിപ്പിടങ്ങൾ

കൃഷ്ണമോഹൻ ഡിവൈ എസ്​.പിക്ക്​ നൽകിയ പരാതിയിൽനിന്ന്​: ""എസ്.സി സമുദായക്കാർക്ക് ഇവിടെ എല്ലാവർക്കുമൊപ്പം അന്നദാനം സ്വീകരിക്കുന്നതിൽ വിലക്കുണ്ട്. മറ്റ് സമുദായത്തിൽപ്പെട്ടവർക്ക് നൽകിയതിന് ശേഷം എസ്.സി സമുദായത്തിലെ ഓരോ ജാതിക്കാരുടെയും പേരുപറഞ്ഞ് വിളിക്കുന്നു. ഞങ്ങൾ അവിടെ മുറ്റത്തിന് പുറത്ത് തുണിവിരിച്ച് അന്നദാനം സ്വീകരിക്കുന്നു. വിളമ്പിയ ഭക്ഷണം പൊതിഞ്ഞ് കെട്ടി ഞങ്ങൾ ദൂരെ പോയി കഴിക്കണം. അല്ലെങ്കിൽ ഭക്ഷണം വീട്ടിൽ കൊണ്ട് പോയാണ് കഴിക്കേണ്ടത്. ഭക്ഷണം നൽകുന്നത് രാത്രി 11 മണിക്ക് ശേഷമാണ്. ഈ ക്ഷേത്രത്തിലേക്ക് എല്ലാവരും പോകുന്ന വഴിയിലൂടെ പോകാൻ ഞങ്ങൾക്ക് അവകാശമില്ല. വേറെ വഴിയിലൂടെ വന്ന് ക്ഷേത്രത്തിൽ നിന്ന് കുറെ ദുരെ മാറി നിന്ന് പ്രാർത്ഥിക്കണം. കാണിക്ക ഇടണമെങ്കിൽ സവർണ ജാതിക്കാരുടെ കയ്യിൽ സ്പർശിക്കാതെ വേണം. ഞങ്ങളെ ഇവിടെ പുലയർ എന്ന് വിളിച്ച് ഭക്ഷണത്തിനായി കൂവി വിളിക്കുന്ന രീതിയുണ്ട്. ജൂൺ 30, 2018 ന് മൂലസ്ഥാനത്ത് നടന്ന പൊതുജന പരിപാടിയിൽ ഞങ്ങൾക്കും പ്രാർത്ഥിക്കാൻ ക്ഷേത്രത്തിൽ പ്രവേശനം വേണമെന്ന് പറഞ്ഞതിന് ദമോദര ഭട്ട് എന്നയാൾ ഞങ്ങളെ പരസ്യമായി ജാതി പറഞ്ഞ് അധിക്ഷേപിച്ചു.''

ജഡാധാരി ക്ഷേത്രത്തിന്റെ മുഖ്യ കവാടത്തിലേക്കുള്ള വഴി / ഫോട്ടോ : അലി ഹെെദർ

ഇടനിലക്കാരില്ലാതെ കാണിക്ക ഇടാനും സ്വീകരിക്കാനും മുഖ്യകവാടത്തിലൂടെ തന്നെ ക്ഷേത്രത്തിലേക്ക് പ്രവേശിക്കാനും "അനുവാദ'മുള്ള സമുദായത്തിലെ അംഗമാണെങ്കിലും ഈ ദൈവസ്ഥാനത്ത് വർഷങ്ങളോളം നടന്നു പോന്നത് ക്രൂരമായ ജാതീയതയും മനുഷ്യത്വ വിരുദ്ധതയുമാണെന്ന് പറയുകയാണ് സാമൂഹ്യപ്രവർത്തകൻ ശ്രീനിവാസ നായ്ക്ക്.

""പരാതിയുടെ അടിസ്ഥാനത്തിൽ ക്ഷേത്രത്തിലേക്ക് വരുന്ന എല്ലാ പൗരന്മാർക്കും പ്രവേശനം നടത്താനുള്ള അവസരം ഒരുക്കുമെന്നും കാണിക്ക ഇടുന്നതിലും പ്രസാദം കൊടുക്കുന്നതിലും ഭക്ഷണം കഴിക്കുന്നതിലും ഒരു തരത്തിലുള്ള വിവേചനവും ഉണ്ടാവില്ലെന്നും ഭരണസമിതി നേതൃത്വം എഴുതി ഒപ്പിട്ട് നൽകിയിരുന്നു. എന്നാൽ അതിന് വിപരീതമായി തൊട്ടുകൂടായ്മയും അയിത്തവും അതേപടി തുടർന്നു. എന്ത് കൊണ്ട് പുതിയ പരിഷ്‌ക്കാരങ്ങൾ ഇവിടെ നടപ്പിലാക്കുന്നില്ല എന്ന ചോദ്യം ഭരണസമിതിക്ക് നേരെ ഒരു യോഗത്തിലൊരാൾ ചോദിച്ചപ്പോൾ യോഗത്തിൽ നിന്ന് ഭരണസമിതി നേതാക്കൾ ഇറങ്ങിപ്പോവുകയും (2018 ഒക്ടോബർ 25 ) തുടർന്ന് ക്ഷേത്രം തന്നെ അടച്ചിടുന്നതിലേക്ക് കാര്യങ്ങൾ എത്തിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ജാതി വിവേചനം അവസാനിപ്പിക്കാമെന്ന് എഴുതി ഒപ്പിട്ട് നൽകുകയും പ്രയോഗത്തിൽ അത് നടപ്പിലാക്കതിരിക്കുകയും ചെയ്യുകയായിരുന്നു ക്ഷേത്രഭരണസമിതി. അന്ന് പൂട്ടിയ ക്ഷേത്രം മൂന്ന് വർഷമായി അതേനിലയിലാണ്. വർഷങ്ങളോളം പട്ടികജാതിക്കാരെ പടിക്ക് പുറത്ത് നിർത്തിയവർ അവർക്ക് തുല്യാവകാശം നൽകണമെന്ന് പറഞ്ഞപ്പോൾ അതിന് തയാറാവാതെ ക്ഷേത്രം പൂട്ടി താക്കോൽ കൊണ്ടുപോവുകയാണ് ചെയ്തത്’’- ജഡാധാരി ദൈവസ്ഥാനത്തെ ജാതി അയിത്തത്തിനെതിരെ പ്രവർത്തിക്കുന്ന സാമൂഹ്യപ്രവർത്തകൻ ശ്രീനിവാസ നായ്ക്ക് തിങ്കിനോട് പറഞ്ഞു.

ശ്രീനിവാസ നായ്ക്ക് / Photo : The Malabar Journal

തൊട്ടുകൂടായ്മക്കും ജാതിവെറിക്കുമെതിരായ ചെറുതെങ്കിലുമായ പ്രതിഷേധം അടുത്തകാലത്തായി സജീവമാക്കിയതോടെ ജഡാധാരി ക്ഷേത്രവുമായി ബന്ധപ്പെട്ട വാർത്തകളെയും അതിനെതിരെ നടക്കുന്ന ശീതസമരങ്ങളെയും പിഴുതെറിയാനുള്ള ശ്രമം നടത്തുന്നുണ്ട്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു നവംബർ 23 ന് വൈകീട്ട് സ്വർഗയിൽ നൂറോളം പേർ ഹൈന്ദവസംഘടന എന്ന പേരിൽ നടത്തിയ പന്തംകൊളുത്തി പ്രകടനം. ദേവസ്ഥാനത്ത് ആരോ ചെരിപ്പിട്ട് കയറിയെന്നും ചിലർ പുറത്തുനിന്നും ആളുകളെ കൊണ്ടുവന്ന് പ്രശ്‌നമുണ്ടാക്കുകയാണെന്നും ആരോപിച്ചായിരുന്നു ആ പ്രകടനമെങ്കിലും കൃഷ്ണമോഹന പൊസള്ള്യയുടെ നേതൃത്വത്തിൽ ദലിതർ നടത്തുന്ന ഇടപെടലുകളായിരുന്നു അവരുടെ ഉന്നം. ക്ഷേത്രം നിലകൊള്ളുന്ന അഞ്ചാംവാർഡായ ബദിയറു, എന്നും ബി.ജെ.പിക്കൊപ്പം നിൽക്കുന്ന വാർഡാണ്. ഇത്തവണയും ബി.ജെ.പി പ്രതിനിധിയാണ് ഇവിടെയുള്ളത്. മനുഷ്യത്വ വിരുദ്ധമായ ജാതി അയിത്തത്തിന് ക്ഷേത്രഭരണ സമിതി നേതൃത്വം കൊടുക്കുമ്പോൾ അവരെ പിന്തുണക്കുന്ന രാഷ്ട്രീയം ബി.ജെ.പിയുടേതാണ്.

സാംസ്‌കാരിക കേരളത്തിന്റെ പരിഗണനയിൽ മിക്കപ്പോഴും ഉൾപ്പെടാതെ പോകുന്ന കാസർഗോട്ടെ ഗ്രാമങ്ങളിലെ അയിത്തം ഇനിയെങ്കിലും കേരളം സജീവമായി ചർച്ചയാക്കണമെന്നും വരും തലമുറയ്‌ക്കെങ്കിലും ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി ശബ്ദിക്കണമെന്നുമുള്ള ആവശ്യമാണ് പഡ്രെ ഗ്രാമത്തിലെ ദളിതർ ഉന്നയിക്കുന്നത്.

""കേരളത്തിന്റെ വടക്കൻ പ്രദേശവും തെക്കൻ പ്രദേശവും തമ്മിലുള്ള വ്യത്യാസം എന്ന് പറയുന്നത്, വടക്കൻ പ്രദേശങ്ങളിൽ നവോത്ഥാനം നടന്നിട്ടില്ല എന്നതാണ്. അതുകൊണ്ടുതന്നെ അവിടെയൊക്കെയുള്ള ദലിതർ അവകാശസമരങ്ങളിലേക്ക് പോയിട്ടില്ല. അവർക്കുവേണ്ടി സമരം നടത്തി എന്ന് പറയുന്ന കമ്യൂണിസ്റ്റുകാരും കോൺഗ്രസുകാരും മുഖ്യമായും സാമ്പത്തിക അവകാശങ്ങളെയാണ് അഡ്രസ് ചെയ്തത്. അവർ സാമൂഹ്യ അവകാശങ്ങളെ കണ്ടില്ല. കാസർഗോഡിന്റെ വടക്കൻ ഗ്രാമങ്ങളിലുള്ളത് യഥാർത്ഥത്തിൽ സാമൂഹ്യപ്രശ്‌നമാണ്, സാമ്പത്തിക പ്രശ്‌നമല്ല. സമുദായം എന്ന നിലയിലോ ഒരു സമൂഹം എന്ന നിലയിലോ അവരെ അണിനിരത്തി അവരുടെ ആത്മബോധത്തെ വികസിപ്പിക്കുന്ന തരത്തിലൊരു ഇടപെടൽ നടന്നില്ല. അതിൻറെ ഒരു പ്രശ്നം കൂടി ഇവിടങ്ങളിലെ ദലിത് സമൂഹം അനുഭവിക്കുന്നുണ്ട്. അതേസമയം തെക്കൻ ജില്ലകളിൽ ജാതി അയിത്തത്തിനും തൊട്ടുകൂടായ്മയ്ക്കുമെതിരെ ദലിതരെ അണിനിരത്തി സമരം ചെയ്യാനും ഇടപെടാനും നിരവധി പ്രസ്ഥാനങ്ങളുണ്ടായി. അതുകൊണ്ട് അത്തരം ദലിത് പ്രസ്ഥാനങ്ങൾ ദലിതരുടെ തന്നെ നേതൃത്വത്തിൽ അവിടെ ഉണ്ടായിവരണം. എൻമകജയിലെ ക്ഷേത്രത്തിലുള്ള ജാതി അയിത്തത്തിനെതിരെ ബഹുജനപ്രക്ഷോഭം ഉയർന്നുവരികയും അതോടൊപ്പം നിയമപരമായി നടപടി സ്വീകരിക്കുകയും വേണം. ഒരു സ്വകാര്യ ക്ഷേത്രത്തിൽ പോലും പ്രവേശന വിലക്ക് ഉണ്ടാവാൻ പാടില്ല എന്നാണ്, അതാണ് 1936 ലെ ക്ഷേത്രപ്രവേശന വിളംബരം. ഒരു ബ്രാഹ്‌മണനെ ഒരു പുലയൻ തൊട്ടാൻ ഒന്നും സംഭവിക്കില്ലായിരുന്നു. പക്ഷെ നൂറ്റാണ്ടുകളോളം നമ്മൾ തൊടാതിരുന്നു. ആ ബ്രാഹ്മണ ബോധത്തെ കൂടി തകർക്കുന്ന പ്രക്ഷോഭങ്ങൾ ഇവിടങ്ങളിൽ ഉണ്ടായി വരേണ്ടതുണ്ട്.'' - ദലിത് ചിന്തകനായ കെ.കെ. കൊച്ച്​ തിങ്കിനോട് പറഞ്ഞു.

കെ.കെ. കൊച്ച്

ഇവിടെ നടക്കുന്ന ജാതിവിവേചനത്തിനെതിരെ സംസാരിക്കാൻ പോലും മടിച്ചിരുന്നിടത്ത് നിന്നും ദളിത് സമൂഹം ഒരുപാട് മുന്നോട്ട് പോയിട്ടുണ്ടെന്നും അതിലെ തന്നെ പുതിയ തലമുറ ജീർണ്ണിച്ച ജാതിവെറിക്കെതിരെ ശക്തമായി നിലകൊള്ളുന്നവരാണെന്നും പട്ടികജാതി ക്ഷേമ സമിതി കുമ്പള ഏരിയ സെക്രട്ടറി സദാനന്ദൻ ഷേണി ട്രൂകോപ്പിതിങ്കിനോട് പറഞ്ഞു. സിപിഐഎമ്മിന്റെയും പികെഎസിന്റെയും നേതൃത്വത്തിൽ ജഡധാരി ക്ഷേത്രത്തിലെ മുഖ്യകവാടത്തിലെ പടിചവിട്ടി പ്രതിഷേധിച്ച കൂട്ടത്തിൽ ഉണ്ടായിരുന്നയാൾ കൂടിയാണ് സദാനന്ദൻ. ""ജാതി വേർതിരിവില്ലാതെ ക്ഷേത്രത്തിലെ എല്ലാ അനുഷ്ഠാനങ്ങളിലും എല്ലാ മനുഷ്യർക്കും പങ്കെടുക്കാൻ പറ്റുന്ന രീതിയിലേക്ക് ഇനിയെങ്കിലും ആചാരങ്ങളൊക്കെ മാറേണ്ടതുണ്ട്. ജഡധാരി ക്ഷേത്രത്തിലെ മാത്രം പ്രശ്‌നമല്ല ഇത്. മറ്റ് പ്രദേശങ്ങളിലെ അമ്പലങ്ങളിലൊക്കെ ദളിത് സമൂഹത്തോട് വളരെ മോശമായി പെരുമാറുന്ന രീതി ഇന്നും ആചാരമായിത്തന്നെ നിലനിൽക്കുന്നുണ്ട്. അതും കൂടി മാറേണ്ടതുണ്ട്. അങ്ങനെ ഒരു ചിന്ത വളർത്തിയെടുക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.''

ദെെവസ്ഥാനത്തെ പതിനെട്ട് പടികൾ ചവിട്ടിയതിന് ശേഷം പട്ടിക ജാതി ക്ഷേമസമിതി നേതാക്കൾ കൃഷ്ണമോഹനൊപ്പം. വലത് സദാനന്ദൻ.

പഡ്രെ ഗ്രാമത്തിൽ നിന്നും തൊട്ടടുത്ത ബെള്ളൂർ പഞ്ചായത്തിലെ പൊസോളിഗയിൽ രണ്ടു കോളനികളിലായി താമസിക്കുന്ന അമ്പതോളം ദളിതരടക്കം നൂറുകണക്കിന് കുടുംബങ്ങളുടെ വഴി "താഴ്ന്ന' ജാതിക്കാർ നടന്നാൽ അശുദ്ധമാകുമെന്ന് പ്രചരിപ്പിച്ച് ഒരു ജനതയെ മുഴുവൻ അകറ്റി നിർത്തിയിരുന്ന സവർണ ജാതിക്കാരനായ ജന്മിയുടെ ജാതീയതയ്ക്ക് അറുതി വരുത്തിയിട്ട് അധികകാലമൊന്നും ആയില്ല. വാഹനങ്ങൾ വരാതെ അടച്ചു കെട്ടിയ വഴി കാരണം പതിമൂന്നു വർഷത്തോളം പൊസൊളിഗെ, തോട്ടത്തിന്മൂല എന്നീ രണ്ടു ദളിത് കോളനിക്കാർ അനുഭവിച്ചത് സമാനതകളില്ലാത്ത ദുരിതങ്ങളായിരുന്നു.

ജോലിക്കിടെ പാമ്പ് കടിയേറ്റ മേത്താടി എന്ന ദളിതൻ കൃത്യസമയത്ത് ആശുപത്രിയിൽ എത്താതെ മരണപ്പെട്ടതും, എൻഡോസൾഫാൻ ഇരയായ സീതുവിന്റെ മൃതദേഹം ജാതിവിവേചനം കാരണം ചുമന്നുകൊണ്ടുപോകേണ്ടിവന്നതും തുടങ്ങി പൊസോളിഗയ്ക്ക് പുറത്ത് കേൾക്കാത്ത നിശബ്ദമായ നിലവിളികൾ ഒരിക്കലും കേരളം ഗൗരവമായി ചർച്ച ചെയ്യാതെ പോയ ക്രൂരമായ ജാതീയതകളായിരുന്നെങ്കിലും ബെള്ളൂർ ഗ്രാമപഞ്ചായത്തിലെ പൊസൊളിഗെ കോളനിക്കാർ നവീൻ എന്ന ഭൂവുടമയ്ക്കും ജാതിയത ഊട്ടിഉറപ്പിക്കുന്ന പൊതുബോധത്തിന്റെ നിസ്സംഗതയ്ക്കുമെതിരെ ഐതിഹാസികമായ ഒരു സമരത്തിലൂടെ തങ്ങളുടെ വീട്ടിലേക്ക് വഴിവെട്ടുകയായിരുന്നു. ആ വഴി തലമുറകളായി അനഭവിച്ചുകൊണ്ടിരുന്ന അടിമത്തത്തിൽ നിന്നുള്ള മോചനം കൂടിയായിരുന്നു. പൊസോളിഗയിലെ ആ സമരത്തോടും ജാതിയതയോടും കാണിച്ച അതേ നിസ്സംഗത തന്നെയാണ് എൻമകജയിലെ പഡ്രെ ഗ്രാമത്തിലെ ജാതി അയിത്തത്തിലും ബ്രഹ്‌മണാധിപത്യത്തിനെതിരെ കീഴാളർ നടത്തുന്ന സമരത്തോടും മുഖ്യധാര മാധ്യമങ്ങൾ വെച്ചുപുലർത്തുന്നത്. ജഡാധാരി ക്ഷേത്രത്തിലെ ജാതി അയിത്തത്തിനെതിരെ വാർത്ത കൊടുക്കാൻ വന്ന ചില മാധ്യമപ്രവർത്തകർ ബ്രാഹ്മണ ഇല്ലം സന്ദർശിച്ച് മടങ്ങിപ്പോയിരുന്നു എന്ന് കൃഷ്ണമോഹൻ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്.

ജഡധാരി ക്ഷേത്രത്തിന് അടുത്തുള്ള വഴിയിലൂടെ വീട്ടിലേക്ക് നടക്കുന്ന ദളിത് സ്ത്രീ / ഫോട്ടോ : അലി ഹെെദർ

""ഞമ്മളെ ഈ നിലക്ക് എത്താൻ വേറെ ആരുമല്ല കാരണം. ബ്രാഹ്മൻസിൻറെ ഈ ജാതി ആണത്. ബ്രാഹ്മിൺസിൽ ആരെങ്കിലും മരിച്ചാൽ ശവം കത്തിക്കാൻ ഞമ്മള് കൂടണം. ജീവൻ ഉണ്ടാകുന്നത് വരെ ഒരിക്കൽ പോലും ഞമ്മളെ അവർ തൊടാൻ പാടില്ല. പക്ഷെ മരിച്ചാൽ കത്തിക്കാൻ ഞമ്മള് വേണം. ഇത് പണ്ടു മുതലേ ഉള്ള രീതിയാണ്. ശവടക്കിന് നമ്മളെ ജാതിയിൽ പെട്ടൊരാൾ അവിടെ പോണം ഇല്ലെങ്കിൽ അവർക്ക് ദോശം വരുമെന്നാണ് അവരുടെ വിശ്വാസം. ഈ ആചാരം ഇപ്പോ കുറഞ്ഞു വരുന്നുണ്ട്. അതിൻറെ പ്രധാന കാരണം, ജീവൻ ഉണ്ടാകുമ്പോഴൊന്നും ഞമ്മളെ ബാണ്ട, കത്തിക്കാൻ ഞമ്മളെ ബാണം, അത് വേണ്ട എന്ന് മക്കൾ അല്ലെങ്കിൽ ഇപ്പോഴത്തെ ബാല്യക്കാർ (യുവാക്കൾ) പറയാൻ തുടങ്ങി, അപ്പോഴാണ് അതിന് മാറ്റം വന്നുതുടങ്ങിയത്. ഇത് പോലെ ജാതീയമായ എല്ലാ വേർതിരിവിനും മാറ്റം വരണമെന്നാണ് ഞാൻ പറയുന്നത്.'' കൃഷ്ണമോഹൻ പറയുന്നു.

ജാതി വിവേചനത്തിനെതിരെയുള്ള നീണ്ട് നാളത്തെ സമരത്തിനും പ്രതിഷേധത്തിനുമൊടുവിൽ പഡ്രെയിലെ കീഴാളർ, ജില്ലാ ലീഗൽ സർവീസ് അതോറിറ്റി (ഡി.എൽ.എസ്.എ.)യുടെ അന്തിമ വിധിക്ക് കാത്തിരിക്കുകയാണ്. അതോറിറ്റിയിലെ ഉദ്യോഗസ്ഥന്മാർ ആളുകളോട് സംസാരിച്ച് ഡാറ്റ് ശേഖരിക്കുന്നുണ്ട്. ലീഗൽ സർവീസ് അതോറിറ്റിയുടെ അന്തിമ വിധി അനുകൂലമായാലും അത് നടപ്പിലാവാതിരിക്കാനുള്ള ശ്രമങ്ങൾ നടക്കുമെന്നും ദളിതർക്ക് നല്ല ബോധ്യമുണ്ട്. എങ്കിലും ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള തങ്ങളുടെ പോരാട്ടം വിജയം കാണുമെന്ന് തന്നെയാണ് ഇവിടത്തെ ദളിത് സമൂഹത്തിൻറെ പ്രതീക്ഷ.

നവോത്ഥാനസമരങ്ങളുടെ ചരിത്രം നിരന്തരം ഓർമ്മപ്പെടുത്തുമ്പോഴം നവോത്ഥാനാശയങ്ങളുടെ പ്രസക്തിയും പ്രാധാന്യവും തുടരെത്തുടരെ ചർച്ചയാകുമ്പോഴും പലപ്പോഴും കേരളത്തിന്റെ പൊതുബോധത്തിനു പുറത്തുമാത്രം ഇടമുള്ള കാസർഗോട്ടെ കീഴാള ജീവിതം ഇത്തരം ജാതീയ വിവേചനങ്ങളിൽ വീർപ്പുമുട്ടി തങ്ങളുടെ ജീവിതം ജീവിച്ച് തീർക്കുകയാണ്. ജീവിതം തന്നെ ഒരു സമരമാവുകയാണ്. ബ്രാഹ്‌മണഗൃഹങ്ങളിൽ പ്രവേശനമില്ലാത്തവരും, ക്ഷേത്രങ്ങളിൽ ആരാധിക്കാൻ ആവകാശമില്ലാത്തവരും കാസർഗോഡിന്റെ വടക്കൻ പ്രദേശങ്ങളിലെ പഞ്ചായത്തുകളിലെ ഗ്രാമങ്ങളിൽ ധാരാളമുണ്ട്. ഓരോ ഉത്സവങ്ങളും ആഘോഷങ്ങളും അത്തരം ജാതി അയിത്തങ്ങളെ പ്രതിഷേധങ്ങളൊന്നുമില്ലാതെ തന്നെ പരസ്യമായിത്തന്നെ ഊട്ടിഉറപ്പിക്കുന്നമുണ്ട്. ബ്രാഹ്‌മണരുടെ ജാതീയമായ ആധിപത്യം ഊട്ടിയുറപ്പിക്കുന്ന ശീലങ്ങൾ വളരെ സ്വാഭാവികമെന്നോണം നടന്നുപോരുന്ന ഇവിടത്തുകാരുടെ ജീവിതം ബ്രാഹ്‌മണരും അബ്രാഹ്‌മണരും എന്ന ദ്വന്ദ്വത്തിനുള്ളിൽ തന്നെയാണ്. വിശേഷ ദിവസങ്ങളിലെയും വിവാഹം, അടിയന്തിരം പോലുള്ള പരിപാടികളിലും ഇന്നും ഇവിടങ്ങളിൽ ആഘോഷമായി നടത്തപ്പെടുന്ന തിരണ്ടുകുളി പോലുള്ള ചടങ്ങുകളിലും ബ്രാഹ്‌മണഗൃഹങ്ങളിൽ കാണുന്ന അതേ തൊട്ടുകൂടായ്മ വളരെ സ്വാഭാവികമെന്നോണം എൻമകജെയിലെയും ബെള്ളൂരിലെയും ക്ഷേത്രങ്ങളിലും പ്രകടമായിത്തന്നെ കാണാം.

കർണാടകയുടെ അതിർത്തിയോട് ചേർന്നു കിടക്കുന്ന എൻമകജെ, ബെള്ളൂർ, ബദിയടുക്ക തുടങ്ങിയ പഞ്ചായത്തുകളിൽ ജാതിവിവേചനവും തൊട്ട്കൂടായ്മയും പ്രത്യക്ഷ്യത്തിൽ തന്നെ ആചരിക്കപ്പെടുന്നു. കർണാടകയിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും വന്ന് കുടിയേറിപ്പാർത്തിട്ടുള്ള ബ്രാഹ്‌മണകുടുംബങ്ങൾ ഇവിടങ്ങളിൽ ധാരാളമുണ്ട്. നൂറ്റാണ്ടുകൾ പഴക്കമുള്ള അധീശത്വമനോഭാവം ഒട്ടും കുറയാതെ ഇവരെല്ലാം ഇപ്പോഴും നിലനിർത്തിപ്പോരുന്നുമുണ്ട്.

Comments