ദ്രൗപതി മുർമു / Photo: Wikimedia Commons

പ്രതീകവൽക്കരണത്തിൽ ഒടുങ്ങുന്ന
​ആദിവാസി ജീവിതം

ബുധിനി മാഝി തൊട്ട് ദ്രൗപദി മുർമു വരെ

നാളിതുവരെ അധികാരത്തിന്റെ നാലയലത്ത് എത്താതിരുന്ന ആദിവാസിവിഭാഗത്തിൽ നിന്നുള്ള ഒരാളെ രാഷ്ട്രത്തിന്റെ പരമോന്നത പദവിയിൽ എത്തിക്കുന്നതിലൂടെ തങ്ങൾ എത്രമാത്രം സഹിഷ്ണുതയുള്ളവരും അടിസ്ഥാന ജനവിഭാഗങ്ങളോട് അനുഭാവമുള്ളവരാണെന്നും വരുത്തിത്തീർക്കാൻ ബി.ജെ.പിക്ക് സാധിച്ചു. ഒരു വെടിക്ക് നിരവധി പക്ഷികളെ കയ്യിലാക്കാൻ ഈയൊരു പ്രഖ്യാപനത്തിലൂടെ അവർക്ക് കഴിഞ്ഞു.

1946 ഡിസംബർ 19.

രാജ്യത്തിന്റെ ഭാവി ഭരണഘടന എന്തായിരിക്കണം എന്നത് സംബന്ധിച്ച ഇന്ത്യയുടെ ഭരണഘടനാ സമിതി ചർച്ച നടന്നുകൊണ്ടിരിക്കുന്നു. ഭരണഘടനാ ലക്ഷ്യങ്ങൾ സംബന്ധിച്ച് പണ്ഡിറ്റ് ജവാഹർലാൽ നെഹ്രു അവതരിപ്പിച്ച പ്രമേയത്തിന്മേൽ ചൂടുപിടിച്ച സംവാദം നടക്കുന്നു. ഡോ. ബി.ആർ. അംബേദ്കർ. എം.ആർ.മസാനി, ഹസ്ന മേഹ്ത, എം.ആർ.ജയ്കർ, സോംനാഥ് ലാഹിരി, പുരുഷോത്തംദാസ് ഠണ്ഡൻ തുടങ്ങി നിരവധി പ്രമുഖർ ചർച്ചയിൽ അണിനിരന്നിട്ടുണ്ട്. കൊളോണിയൽ ഭരണത്തിൽനിന്നുള്ള മോചനം യാഥാർത്ഥ്യമായി മാറുന്നതിന്റെ സന്തോഷം എല്ലാവരുടെയും വാക്കുകളിൽ പ്രതിഫലിക്കുന്നുണ്ട്.

ഇന്ത്യയിലെ ആദിവാസി ജീവിതം നിരന്തര സംഘർഷങ്ങളിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന അതേ സംഘപരിവാർ സർക്കാർ തന്നെയാണ് ദ്രൗപദി മുർമുവിനെ ഉയർത്തിക്കാട്ടി തങ്ങളുടെ ആദിവാസി സ്നേഹം പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നത്.

ബീഹാറിലെ ഖുൻതി ഡിവിഷനിൽ നിന്നുള്ള (ഇപ്പോഴത്തെ ഝാർഘണ്ട് സംസ്ഥാനത്തിലെ ഖുൻതി ജില്ല) പാർലമെൻറംഗമായ ജയ്​പാൽ സിംഗ് മുണ്ട, നെഹ്രുവിന്റെ പ്രമേയത്തിന്മേലുള്ള ചർച്ചയിൽ പങ്കെടുത്ത്​ സംസാരിക്കുന്നു: ‘‘ഒരു കാടൻ എന്ന നിലയിൽ, ഒരു ആദിവാസി എന്ന നിലയിൽ, ഈ പ്രമേയത്തിന്റെ സങ്കീർണ്ണതകളെ മനസിലാക്കാൻ എനിക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. എന്നാൽ എന്റെ സാമാന്യബുദ്ധി എന്നോടുപറയുന്നത്, സ്വാതന്ത്ര്യത്തിലേക്കുള്ള പാതയിലൂടെ നമുക്ക് മുന്നേറുകയും ഒരുമിച്ചുനിന്ന് പോരാടുകയും വേണം എന്നാണ്. സർ, ഇന്ത്യയിലെ ഏതെങ്കിലും ഒരു വിഭാഗം ആളുകളോട് മോശമായി പെരുമാറിയിട്ടുണ്ടെങ്കിൽ അത് എന്റെ ആളുകളോടാണ്. അവരെ അവമതിക്കുന്ന രീതിയിൽ പെരുമാറി, കഴിഞ്ഞ 6000 വർഷങ്ങളായി അവരെ അവഗണിച്ചുകൊണ്ടിരിക്കുന്നു... എന്റെ ജനങ്ങളുടെ ചരിത്രം, കുടിയേറി വന്നവരാൽ നയിക്കപ്പെട്ട കലാപങ്ങളുടെയും ക്രമരാഹിത്യങ്ങളുടെയും ഫലമായി നിരന്തരമായ ചൂഷണങ്ങൾക്കും കുടിയിറക്കലിനും വിധേയമാക്കപ്പെട്ടതിന്റെ ചരിത്രമാണ്. എന്നിട്ടും പണ്ഡിറ്റ് ജവാഹർലാൽ നെഹ്രുവിന്റെ വാക്കുകൾ ഞാൻ വിശ്വസിക്കുന്നു. നമ്മളൊരു പുതിയ അദ്ധ്യായം കുറിക്കുകയാണെന്ന നിങ്ങളോരോരുത്തരുടെയും വാക്കുകൾ ഞാൻ വിശ്വസിക്കുന്നു. തുല്യാവസരങ്ങളുള്ള, ഒരാളും അവഗണിക്കപ്പെടാത്ത സ്വതന്ത്ര ഇന്ത്യ എന്ന പുതിയ അദ്ധ്യായം...''. (Cotnsituent Assembly debateVol1, page 9).

1959 ഡിസംബർ 6.

പശ്ചിമബംഗാളിലെ (ഇന്നത്തെ ഝാർഘണ്ട്) ദാമോദർവാലി പദ്ധതിയുടെ ഭാഗമായ പഞ്ചേത് അണക്കെട്ടിന്റെ സ്ലൂയിസ് വാൾവുകൾ തുറക്കുന്നതിന്​ നെഹ്രുവിനോടൊപ്പം നിൽക്കുന്ന ബുധിനി മാഝിയാൻ എന്ന പതിനഞ്ചുകാരി ആദിവാസി ബാലികയുടെ ചിത്രം ലോകം കണ്ടു. രാജ്യത്തിന്റെ വികസനത്തിന്​ ജീവിതം ഹോമിക്കേണ്ടിവരുന്ന ആദിവാസി ജനതയുടെ പ്രതിനിധിയെ ഒരു വികസനപദ്ധതി ഉത്ഘാടനം ചെയ്യിക്കുന്നതിൽ പങ്കാളിയാക്കുന്നതിലൂടെ നെഹ്രുവിന്റെയും കോൺഗ്രസിന്റെയും മഹത്വം ലോകമെങ്ങും പാടിപ്പുകഴ്​ത്തപ്പെട്ടു.

ബുധിനി മാഝിയാനും ജവഹർലാൽ നെഹ്‌റുവും പഞ്ചേത് അണക്കെട്ട് ഉദ്ഘാടനം ചെയ്യുന്നു / Photo: The Hindu

2022 ജൂൺ 21.

ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി ഒഡീഷയിലെ മയൂർബഞ്ച് ജില്ലയിൽ നിന്നുള്ള ആദിവാസി വനിത, ദ്രൗപതി മുർമുവിനെ ദേശീയ ജനാധിപത്യ മുന്നണി പ്രഖ്യാപിക്കുന്നു. ഈയൊരൊറ്റ പ്രഖ്യാപനത്തിലൂടെ തെരെഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികളെക്കാൾ ഒരുപടി മുന്നിലാണ് തങ്ങളെന്ന് വരുത്തിത്തീർക്കാൻ ബി.ജെ.പി നയിക്കുന്ന ഭരണസഖ്യത്തിന് സാധിച്ചു. അധികാരരാഷ്ട്രീയത്തിലെ അതികായന്മാരിൽനിന്ന് തങ്ങളുടെ സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതിനുശേഷം മുൻ ബി.ജെ.പി നേതാവിനെത്തന്നെ അതിനായി തിരഞ്ഞെടുത്തതിലൂടെ നിലനിൽക്കുന്ന ദേശീയ രാഷ്ട്രീയ സ്പന്ദനങ്ങളെ തിരിച്ചറിയുന്നതിലും അതിനെ അഭിമുഖീകരിക്കുന്നതിലും തങ്ങൾ എത്രമാത്രം പരാജയമാണെന്നാണ് രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ തെളിയിച്ചിരിക്കുന്നത്. രാഷ്ട്രത്തിന്റെ പ്രഥമ പൗരയെന്ന നിലയിൽ ദ്രൗപതി മുർമു സ്ഥാനാരോഹിതയാകുമ്പോൾ ഇന്ത്യയിലെ ആദിവാസി ജനതയ്ക്ക് ഒരു സമൂഹമെന്ന നിലയിൽ ലഭിക്കുന്ന ആത്മവിശ്വാസം വളരെ വലുതായിരിക്കും എന്നത് നിസ്തർക്കമായ കാര്യമാണ്.

രാജ്യം ബ്രിട്ടീഷ് ഭരണത്തിൽ നിന്ന്​ സ്വതന്ത്രമായി 75 വർഷം പിന്നിടുമ്പോൾ ‘വിശാലമായ രാജ്യതാൽപര്യങ്ങൾ'ക്കുവേണ്ടി സ്വന്തം മണ്ണും ജീവിത പരിസരങ്ങളും നഷ്ടപ്പെടുത്തേണ്ടിവന്ന ആദിവാസി ജനങ്ങളുടെ സംഖ്യ ആറ് കോടിയോളം വരും!

പ്രതീകവൽക്കരണത്തിൽ ഒടുങ്ങുന്ന ആദിവാസി ജീവിതം

ഭരണഘടനാ സമിതിയിലെ ചർച്ചയിൽ ഇടപെട്ട്​ ജയ്​പാൽ സിംഹ് മുണ്ട നടത്തിയ പ്രസംഗത്തിന് ഏതാണ്ട് ആറുമാസങ്ങൾക്കുശേഷം, കൃത്യമായി പറഞ്ഞാൽ 1947 ജൂൺ 19ന്​, സ്വാതന്ത്ര്യലബ്ധിക്ക് ഏതാണ്ട് രണ്ടുമാസം മാത്രം ബാക്കിനിൽക്കെ, രാജസ്ഥാനിലെ ഡുംഗർപൂർ ജില്ലയിലെ രസ്താപാൽ ഗ്രാമത്തിൽ കാലുബായ് ഭീൽ എന്ന പന്ത്രണ്ട് വയസ്സുകാരി ആദിവാസി ബാലിക ബ്രിട്ടീഷ് പൊലീസിന്റെ വെടിയേറ്റ് മരിക്കുന്നു. ആദിവാസികളെ വിദ്യാഭ്യാസം ചെയ്യുന്നതിനായി ആരംഭിച്ച സ്വദേശി സ്‌കൂൾ പൂട്ടിയതിനെതിരെ പ്രതികരിച്ചതിനായിരുന്നു കാലുബായ് ഭീലിന് വെടിയേറ്റ് മരിക്കേണ്ടിവന്നത്. കാലുബായിയുടെ ആത്മത്യാഗം പക്ഷേ ഇന്ത്യൻ സ്വാതന്ത്ര സമര ചരിത്രത്തിലെങ്ങും കാണാൻ കഴിയില്ല.

ബി.ജെ.പി.യുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപതി മുർമു

1948ൽ ഒറീസയിലെ ഹിരാക്കുഡ് അണക്കെട്ടിന് കല്ലിട്ട്​ സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ പ്രധാനമന്ത്രി സാംബൽപൂർ ജില്ലയിലെ കുടിയൊഴിപ്പിക്കപ്പെടുന്ന ആദിവാസികളെ നോക്കിപ്പറഞ്ഞു, ‘‘നിങ്ങൾ ക്ലേശങ്ങൾ സഹിക്കുകയാണ് എങ്കിൽ അത് രാജ്യതാൽപര്യത്തിനുവേണ്ടിയാകണം....''.
മൂന്നുപതിറ്റാണ്ടുകൾക്കുശേഷം നെഹ്റുവിന്റെ മകൾ ഇന്ദിരാഗാന്ധി വികസന പദ്ധതികൾക്കായി കുടിയൊഴിപ്പിക്കപ്പെടുന്നവരെക്കുറിച്ചുള്ള ഉത്കണ്ഠ പങ്കുവെച്ച്​സാമൂഹ്യ പ്രവർത്തകനായ ബാബാ ആംതേയ്ക്ക് എഴുതി: ‘‘.... ചില നേരങ്ങളിൽ നമ്മുടെ മുന്നിൽ മറ്റ് മാർഗ്ഗങ്ങളൊന്നുമില്ല. നമുക്ക് നമ്മുടെ വിശാല താൽപര്യങ്ങളുമായി മുന്നോട്ടുപോകേണ്ടതതുണ്ട്''.

രാജ്യം ബ്രിട്ടീഷ് ഭരണത്തിൽ നിന്ന്​ സ്വതന്ത്രമായി 75 വർഷം പിന്നിടുമ്പോൾ ‘വിശാലമായ രാജ്യതാൽപര്യങ്ങൾ'ക്കുവേണ്ടി സ്വന്തം മണ്ണും ജീവിത പരിസരങ്ങളും നഷ്ടപ്പെടുത്തേണ്ടിവന്ന ആദിവാസി ജനങ്ങളുടെ സംഖ്യ ആറ് കോടിയോളം വരും! അണക്കെട്ടുകൾ, ഖനികൾ, ദേശീയോദ്യാനങ്ങൾ, വ്യവസായ ഇടനാഴികൾ, പ്രത്യേക സാമ്പത്തിക മേഖലകൾ... എന്നിവക്കുവേണ്ടി കുടിയൊഴിപ്പിക്കപ്പെടേണ്ടിവന്നവരിൽ അമ്പത് ശതമാനത്തിലധികം പേർ ജനസംഖ്യയിൽ ഒമ്പതുശതമാനത്തിൽ താഴെ മാത്രമുള്ള ആദിവാസി ഗോത്രവിഭാഗങ്ങളാണെന്നത് സംബന്ധിച്ച് ഉത്കണ്ഠകൾ പങ്കുവെക്കാൻ ഒരു രാഷ്ട്രീയ പാർട്ടിയമുണ്ടായിരുന്നില്ല.

ഹിരാക്കുഡ് അണക്കെട്ട് / Photo : Wikimedia Commons

ഇന്ത്യൻ ആദിവാസി ഗോത്ര വിഭാഗങ്ങളെക്കുറിച്ച് ആഴത്തിൽ പഠനം നടത്തിയ ആസ്ത്രിയൻ ആന്ദ്രപോളജിസ്റ്റ് ഹെയ്മൻ ഡോർഫ് 1970ൽ ഉന്നയിച്ച ചോദ്യം അരനൂറ്റാണ്ടിനിപ്പുറവും പ്രസക്തമായി നിലനിൽക്കുകയാണ്: ‘‘മുപ്പത് വർഷങ്ങൾക്കുമുമ്പ് സ്വാശ്രയത്തിലൂന്നി ജീവിച്ചിരുന്ന ഒരു സമൂഹത്തിന് നിലനിൽക്കാൻ ഇന്ന് ഗവൺമെൻറ്​ സബ്സിഡികൾ ആവശ്യമുണ്ടെന്ന വസ്തുതയെ നിങ്ങൾ എങ്ങിനെയാണ് വിശദീകരിക്കുവാൻ പോകുന്നത്?'' എന്ന ചോദ്യത്തിന് മറുപടി നൽകാൻ ഒരൊറ്റ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും വികസന വിശാരദന്മാർക്കും നാളിതുവരെ സാധിച്ചിട്ടില്ലെന്നത് യാഥാർത്ഥ്യമായി അവശേഷിക്കുന്നു.

ഇന്ത്യയിലെ മിനറൽ കോറിഡോർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന (ഝാർഘണ്ഡ്, ഛത്തീസ്ഗഢ്, ഒഡീഷ, ബീഹാർ, ബംഗാൾ) ദണ്ഡകാരണ്യമുൾപ്പെടെയുള്ള പ്രദേശങ്ങൾ അസ്വസ്ഥബാധിത പ്രദേശങ്ങളായി പരിഗണിച്ച്​അസാധാരണമാംവിധമുള്ള സൈനിക- അർദ്ധസൈനിക സാന്നിദ്ധ്യങ്ങളിലൂടെ ആദിവാസി ഗോത്രജീവിതം ദുസ്സഹമാക്കിത്തീർത്തതിന്റെ പിന്നിലെ സാമ്പത്തിക താൽപര്യങ്ങൾ എന്താണെന്ന് വിശദീകരിക്കുവാനോ ചോദ്യം ചെയ്യാനോ ഇന്ത്യയിലെ ഒരു വ്യവസ്ഥാപിത രാഷ്ട്രീയപാർട്ടികളും തയ്യാറായിട്ടില്ല. നിയാമഗിരിയിൽ, ഗന്ധമർദ്ദനിൽ, ഹസ്ദിയോവിൽ, ദ്യോച്ച പാച്ചമിയിൽ, ഗഢ്ചിരോളിയിൽ, ഖുൻന്തിയിൽ, കേവുംഝാറിൽ ലക്ഷക്കണക്കായ ആദിവാസി ഗോത്രജനത നിലനിൽപ്പിനായുള്ള പോരാട്ടങ്ങളിലാണ്.

തന്റെ ജനതയെ തുല്യരായി പരിഗണിക്കുന്ന കാലം വരുമെന്ന് ചിന്തിച്ച ജയ്​പാൽ സിംഗ് മുണ്ടയുടെയോ, രാഷ്ട്രവളർച്ചയിൽ തങ്ങൾക്കും ഇടം ലഭിക്കുമെന്ന് സങ്കൽപിച്ച ബുധിനി മാഝിയാന്റെയോ, കുടിയൊഴിപ്പിക്കപ്പെട്ട കോടിക്കണക്കായ ആദിവാസികളുടെയോ സ്വപ്നങ്ങൾ പ്രതീകവൽക്കരണങ്ങളിൽ മാത്രം കുടുങ്ങിക്കിടന്നു

ചരിത്രത്തിന്റെ ഓരോ ദശാസന്ധിയിലും രാജ്യത്തിന്റെ വൈവിധ്യത്തെയും വിശാലമനസ്‌കതയെയും പ്രതിനിധീകരിക്കാൻ അതത് കാലങ്ങളിൽ ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ളവരെ അതത് രാഷ്ട്രീയ ഭരണകൂടങ്ങൾ കണ്ടെത്തിക്കൊണ്ടിരുന്നപ്പോഴും ദേശീയചരിത്രത്തിൽ, രാഷ്ട്രനിർമിതിയിൽ, ഭൗതികവികസനത്തിൽ, ഭരണതലങ്ങളിൽ നിന്നെല്ലാം അവരെ അകറ്റിനിർത്തപ്പെട്ടു. നിലവിലെ പ്രതിപക്ഷ പാർട്ടികൾ കാലങ്ങളായി ഭരിച്ച് തിമിർത്ത ഓരോ സംസ്ഥാനങ്ങളിലും ആദിവാസികൾ എല്ലായ്പോഴും അരികുകളിലേക്ക് തള്ളിമാറ്റപ്പെട്ടുകൊണ്ടിരുന്നു. തന്റെ ജനതയെ തുല്യരായി പരിഗണിക്കുന്ന കാലം വരുമെന്ന് ചിന്തിച്ച ജയ്​പാൽ സിംഗ് മുണ്ടയുടെയോ, രാഷ്ട്ര വളർച്ചയിൽ തങ്ങൾക്കും ഇടം ലഭിക്കുമെന്ന് സങ്കൽപിച്ച ബുധിനി മാഝിയാന്റെയോ, വിശാല രാജ്യതാൽപര്യത്തിനായി പിറന്നമണ്ണിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട കോടിക്കണക്കായ ആദിവാസികളുടെയോ സ്വപ്നങ്ങൾ പ്രതീകവൽക്കരണങ്ങളിൽ മാത്രം കുടുങ്ങിക്കിടന്നു. ഈ സമയങ്ങളിലെല്ലാം ഇന്ത്യയിലെ ആദിവാസി - ഗോത്ര മേഖലകളിൽ സ്ഥാനമുറപ്പിക്കാനുള്ള നീക്കം സംഘപരിവാർ ശക്തികൾ വളരെ ബോധപൂർവ്വം നടത്തിക്കൊണ്ടിരുന്നു.

Photo : Amit Shah, twitter

ആദിവാസികളെ മനുഷ്യരായിപ്പോലും പരിഗണിക്കാൻ ഹൈന്ദവമതം ഒരുകാലത്തും തയ്യാറായിരുന്നില്ലെന്നത് വസ്തുതയാണ്. ഹിന്ദുമതത്തിന്റെ വർണ്ണസങ്കല്പങ്ങളിൽ പോലും പുറത്താണ് ആദിവാസികളുടെ സ്ഥാനം. ഹിന്ദുമതത്തെ അടിസ്ഥാനപ്പെടുത്തി ഹിന്ദുരാഷ്ട്രം പടുത്തുയർത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ആർ.എസ്.എസ്- സംഘപരിവാർ ശക്തികൾ സ്വാതന്ത്ര്യാനന്തര കാലഘട്ടംവരെ ആദിവാസി ജനതെയക്കുറിച്ച് കാര്യമായി ചിന്തിക്കുകയുണ്ടായിരുന്നില്ല. എന്നാൽ ഇന്ത്യയുടെ ജനസംഖ്യയിലെ എട്ട് ശതമാനത്തിനുമുകളിൽ വരുന്ന, ഒരു മതത്തിലും പെടാതെ മാറിനിൽക്കുന്ന ആദിവാസി ജനതയെ തങ്ങളുടെ പാളയത്തിലേക്കെത്തിച്ചാൽ സങ്കല്പത്തിലെ ഹിന്ദുരാഷ്ട്ര നിർമ്മാണത്തിനുള്ള കൂലിപ്പട്ടാളത്തെ തയ്യാറാക്കി നിർത്താൻ സാധിക്കുമെന്ന തിരിച്ചറിവ് ആദിവാസി മേഖലകളിലേക്ക് തങ്ങളുടെ പ്രവർത്തനം വ്യാപിപ്പിക്കാൻ സംഘപരിവാർ സംഘടനകളെ പ്രേരിപ്പിച്ചു.

ആദിവാസി ജനതയെ ഹിന്ദുത്വ കുടക്കീഴിൽ അണിനിരത്തുന്നതിന്​ ആദ്യം ചെയ്തത് ഇതര മതങ്ങൾക്കെതിരായ വെറുപ്പുനിറഞ്ഞ പ്രചരണങ്ങൾ അവർക്കിടയിലേക്ക് തള്ളിക്കയറ്റുക എന്നതായിരുന്നു.

ആദിവാസി-ഗോത്ര ജനവിഭാഗങ്ങൾ താമസിക്കുന്ന പ്രദേശങ്ങളിലേക്ക് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ആദ്യപടിയായി ഹിന്ദുത്വവാദികൾ ചെയ്തത് ആദിവാസികളുടെ അസ്തിത്വത്തെത്തന്നെ ചോദ്യം ചെയ്യുന്ന നടപടിയായിരുന്നു. ആദിവാസികളെ ‘ആദിവാസികൾ' എന്ന് വിശേഷിപ്പിക്കുന്നത് തങ്ങളുടെ ചരിത്രനിർമ്മിതിക്ക് കടകവിരുദ്ധമാണെന്ന തിരിച്ചറിവ് ഹൈന്ദവ സവർണ സംഘടനകൾക്കുണ്ടായിരുന്നു. ‘വനവാസികൾ' എന്ന പ്രയോഗത്തിലൂടെയായിരുന്നു ഈ പ്രശ്നത്തെ അവർ മറികടന്നത്. വേദിക് സംസ്‌കാരം ഇന്ത്യയിലേക്ക് കൊണ്ടുവന്ന ആര്യന്മാർ ഇന്ത്യയിലെ ആദിമവാസികളാണെന്ന ആർ.എസ്​.സ്എസ് സിദ്ധാന്തത്തെ ‘ആദിവാസികൾ' എന്ന സ്വത്വം ചോദ്യം ചെയ്യുമെന്ന് അവർക്ക് നന്നായറിയാമായിരുന്നു. ആദിവാസി മേഖലകളിൽ പ്രവർത്തിക്കുന്നതിന്​ അരഡസനോളം സംഘടനകൾ ആർ.എസ്.എസിന്റെ നേതൃത്വത്തിനുകീഴിൽ രൂപീകരിച്ചു.
1. വനവാസി കല്യാൺ ആശ്രം, 2. ഏകൽ വിദ്യാലയ 3. സേവാഭാരതി, 4. വിവേകാനന്ദ കേന്ദ്ര, 5. ഭാരത് കല്യാൺ പ്രതിഷ്ഠാൻ. 6. ഫ്രണ്ട്സ് ഓഫ് ട്രൈബൽ സൊസൈറ്റി എന്നിവയാണിവ.

ആർ.എസ്.എസിന്റെ നേതൃത്വത്തിനുകീഴിലുള്ള 'വനവാസി കല്യാൺ ആശ്രം' സ്ഥാപനത്തിലെ അന്തേവാസികൾ

ആദിവാസി ജനതയെ ഹിന്ദുത്വ കുടക്കീഴിൽ അണിനിരത്തുന്നതിന്​ ആദ്യം ചെയ്തത് ഇതര മതങ്ങൾക്കെതിരായ വെറുപ്പുനിറഞ്ഞ പ്രചരണങ്ങൾ അവർക്കിടയിലേക്ക് തള്ളിക്കയറ്റുക എന്നതായിരുന്നു. ക്രിസ്ത്യൻ മിഷണറി പ്രവർത്തകരായിരുന്നു അവരുടെ ആദ്യത്തെ ഇര. ഹിന്ദുദേശീയവാദത്തിന് അടിത്തറപാകും വിധം ആദിവാസി സമൂഹത്തെ സജ്ജരാക്കി നിർത്തുക, ആദിവാസി മേഖലകളിലെ സ്വാധീനം തെരഞ്ഞെടുപ്പുകളിൽ വോട്ടാക്കി മാറ്റുക, വംശീയ വിദ്വേഷങ്ങളും സംഘർഷങ്ങളും മൂർച്ഛിപ്പിച്ച് നിർത്തുക തുടങ്ങിയവ സംഘപരിവാർ പ്രവർത്തന കുന്തമുനയായി നിർത്തി.

സ്വച്ഛജീവിതം നയിച്ചിരുന്ന ആദിവാസികളുടെ മനസിലേക്ക് മതവൈരത്തിന്റെയും വർഗ്ഗീയ വിദ്വേഷത്തിന്റെ വിത്തുകൾ പാകാൻ സംഘപരിവാറിന് കഴിഞ്ഞുവെന്നതിന് ചരിത്രം പിന്നീട് സാക്ഷിയാകുന്നുണ്ട്.

ഹിന്ദുത്വത്തിന്റെ കുടക്കീഴിലേക്ക് ആദിവാസികളെ അണിനിരത്തുന്നതിന്​ "ഘർവാപ്പസി' പ്രവർത്തനങ്ങൾക്ക് ആർ.എസ്​.എസ് തുടക്കം കുറിച്ചു. പല മേഖലകളിലും ക്രിസ്തീയമതത്തിൽ വിശ്വസിച്ചിരുന്ന ആദിവാസികളെയും മറ്റ് ആദിവാസി വിഭാഗങ്ങളെയും ബലപ്രയോഗത്തിലൂടെയും ഭീഷണിയിലൂടെയും ഹിന്ദുമതത്തിലേക്ക് പരിവർത്തിപ്പിക്കുന്ന പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു. ആദിവാസികളെ ഹിന്ദുമതത്തിലേക്ക് ചേർക്കുന്നതിന്റെ ഭാഗമായി ‘ശുദ്ധി'' പോലുള്ള ആചാരാനുഷ്ഠാനങ്ങൾ വരെ സംഘടിപ്പിക്കുകയുണ്ടായി. സ്വച്ഛജീവിതം നയിച്ചിരുന്ന ആദിവാസികളുടെ മനസിലേക്ക് മതവൈരത്തിന്റെയും വർഗ്ഗീയ വിദ്വേഷത്തിന്റെ വിത്തുകൾ പാകാൻ സംഘപരിവാറിന് കഴിഞ്ഞുവെന്നതിന് ചരിത്രം പിന്നീട് സാക്ഷിയാകുന്നുണ്ട്. ആർ.എസ്​.എസ് പ്രസിദ്ധീകരണമായ വൈഡനിംഗ് ഹൊറൈസൺ ഇക്കാര്യത്തിൽ വിശദമായ മാർഗനിർദ്ദേശങ്ങൾ നൽകുന്നുണ്ട്. പ്രസിദ്ധീകരണത്തിൽ പറയുന്നത് ശ്രദ്ധിക്കുക: ‘‘ഹൈന്ദവ സമൂഹത്തിന്റെ അവിഭാജ്യ ഘടകമായ വനവാസികളെ മതപരിവർത്തനത്തിലൂടെ ആസൂത്രിതമായി അന്യവൽക്കരിക്കുന്ന നടപടി നമ്മുടെ മുന്നിലുള്ള മറ്റൊരു ഗുരുതരമായ വെല്ലുവിളിയാണ്. വളരെ ദ്രുതഗതിയിലുള്ള പരിഹാര നടപടികൾ ഇത് ആവശ്യപ്പെടുന്നുണ്ട്''.
തങ്ങളുടെ പ്രവർത്തനങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തിക്കൊണ്ട് പ്രസിദ്ധീകരണം തുടരുന്നു: ‘‘കഴിഞ്ഞ ഏതാനും ദശാബ്ദങ്ങൾ കൊണ്ട് തങ്ങൾ പ്രവർത്തിക്കുന്ന മേഖലകളിൽ മതപരിവർത്തനം നിർത്താൻ സാധിച്ചുവെന്ന് മാത്രമല്ല (ആദിവാസികളെ) തിരിച്ച് ഹിന്ദുമതത്തിലേക്ക് അണിചേർക്കുവാനും ആശ്രമത്തിന് (വനവാസി കല്യാൺ ആശ്രം) സാധിച്ചു''.

തെലങ്കാനയിൽ ദുദ്യാല ആശ്രമത്തിന് കീഴിൽ 16 ആദിവാസി കുടുംബങ്ങളിൽ നിന്നായി 80 പേരെ മതംമാറ്റുന്ന ചടങ്ങ് / Photo : surendaradla, twitter

ആദിവാസി മേഖലകളിൽ ഏകാംഗ വിദ്യാലയങ്ങൾ സ്ഥാപിക്കുക എന്നതായിരുന്നു സംഘപരിവാറിന്റെ മറ്റൊരു തന്ത്രം. ‘എകൽ വിദ്യാലയ' (ഏകലവ്യ വിദ്യാലയം എന്ന് തെറ്റായി വായിക്കാതിരിക്കുക). എന്ന പേരിൽ അറിയപ്പെടുന്ന ഈ സംഘടനയുടെ പ്രധാന പ്രവർത്തനം ആദിവാസികൾക്കിടയിൽ ഹിന്ദുമതാചാരങ്ങളും ഹിന്ദുദൈവങ്ങളെയും പരിചയപ്പെടുത്തുക എന്നതാണ്. രാമൻ, കൃഷ്ണൻ, ഹനുമാൻ തുടങ്ങിയ ദൈവങ്ങളെ ആരാധിക്കാനും ജനന - മരണവേളകളിൽ ഹൈന്ദവാചാരങ്ങൾ അനുഷ്ഠിക്കുവാനും ആദിവാസികളെ പഠിപ്പിക്കുക എന്ന പ്രവർത്തനം അവർ വളരെ ഫലപ്രദമായി നടത്തിപ്പോന്നു. ‘രാമകഥകൾ' പോലുള്ള പരിപാടികൾ ആദിവാസി മേഖലകളിൽ പ്രചരിപ്പിച്ചതിനെക്കുറിച്ച് മറ്റൊരു ആർ.എസ്​.എസ് സംഘടനയായ സേവാഭാരതി പരാമർശിക്കുന്നതിങ്ങനെ: ‘‘നമ്മുടെ മതത്തെക്കുറിച്ച് ആദിവാസികളുടെ മനസിൽ വേരുറപ്പിക്കുന്നതിനായി സേവാഭാരതി 23 ആദിവാസി യുവാക്കളെയും 4 യുവതികളെയും അയോദ്ധ്യയിലേക്ക് അയക്കുകയുണ്ടായി. അവിടെ അവർക്ക് ‘രാമകഥാ പ്രവചനി'ൽ പരിശീലനം നൽകപ്പെട്ടു. സന്യാസിമാരുടെയും മഹാത്മാക്കളുടെയും പ്രത്യേക നിർദ്ദേശപ്രകാരം എട്ട് മാസക്കാലം ഈ പരിപാടി നീണ്ടു. ഈ യുവജനങ്ങൾ ഗ്രാമങ്ങളിൽ രാമകഥ പ്രചരിപ്പിക്കുന്ന ജോലിയിൽ മുഴുകി ജീവിക്കും.’’

സവർണ രാഷ്ട്രീയ പ്രത്യയശാസ്ത്രം മുറുകെപ്പിടിച്ച് പ്രവർത്തിക്കുമ്പോഴും അതത് കാലത്തെ രാഷ്ട്രീയ ഗതിവിഗതികൾ തിരിച്ചറിഞ്ഞ്​ പ്രായോഗിക പദ്ധതികൾ തയ്യാറാക്കുന്നതിൽ സംഘ്​പരിവാർ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളെ ഓരോ സന്ദർഭങ്ങളിലും പിന്നിലാക്കിക്കൊണ്ടിരുന്നു.

ആദിവാസി യുവതീയുവാക്കളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള നിരവധി പ്രവർത്തനങ്ങൾ ആസൂത്രിതമായി നടപ്പിലാക്കാൻ സംഘപരിവാറിന് സാധിച്ചിട്ടുണ്ട്. ‘രാമകഥ', ‘ഭഗവത്കഥ', ‘ഹനുമാൻ ചാലീസ' തുടങ്ങി നിരവധി പേരുകളിൽ ഇത്തരത്തിലുള്ള ഹിന്ദുത്വവൽക്കരണ പരിപാടികൾ ആദിവാസി മേഖലകളിൽ സംഘപരിവാർ ശക്തികൾ നിരന്തരമായി സംഘടിപ്പിച്ചുപോരുന്നുണ്ട്.
ഒഡീഷയിലെ ആദിവാസി മേഖലയിൽ പ്രവർത്തിക്കുന്ന ഗ്രഹാം സ്റ്റെയ്ൻ എന്ന ക്രിസ്ത്യൻ മിഷണറിയെയും കുടുംബത്തെയും ചുട്ടുകൊന്നത്, കന്ധമാൽ കലാപം, ഗുജറാത്തിലെ ആദിവാസി ഭൂരിപക്ഷ പ്രദേശമായ ഡാംഗ് ജില്ലയിൽ നടത്തിയ ‘ആദിവാസി കുംഭമേള' തുടങ്ങി നിരവധി കലാപ പരിപാടികൾ ആദിവാസി ജനതയെ ഹിന്ദുത്വത്തിലേക്ക് നയിക്കുന്നതിനായി സംഘപരിവാർ ആസൂത്രണം ചെയ്തുകൊണ്ടിരുന്നു. ആദിവാസി ജനതയ്ക്കായി ജീവിതം ഉഴിഞ്ഞുവെച്ച സ്റ്റാൻ സ്വാമിയെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും ആവശ്യമായ വൈദ്യസവേനം പോലും നൽകാതെ അദ്ദേഹത്തെ മരണത്തിന് വിട്ടുകൊടുക്കുകയും ചെയ്തതിലൂടെ ആദിവാസി മേഖലകളിൽ പ്രവർത്തിക്കുന്ന പൗരാവകാശ പ്രവർത്തകർക്കും ഇതര സംഘടനകൾക്കും ശക്തമായ സൂചനയായിരുന്നു സംഘപരിവാർ സർക്കാർ നൽകിയത്.

‘എകൽ വിദ്യാലയ' ത്തിന് കീഴിലെ വിദ്യാർത്ഥികൾ / Photo : Ekal Vidyalaya, fb page

ഇന്ത്യയിലെ ആദിവാസി മേഖലകളിൽ നിലനിൽപ്പിന്​ പോരാടുന്ന നിരവധി ആദിവാസി സംഘടനാ പ്രവർത്തകരെ ജയിലിലടക്കുകയും നിരന്തര പീഢനങ്ങൾക്ക് വിധേയമാക്കുകയും ചെയ്തത് നമുക്കറിയാം. ഒഡീഷയിൽ കുനി സികാക, ഝാർഘണ്ടിൽ ദയാമണി ബർള, ഛത്തീസ്ഗഢിൽ സോനി സോരി, ദീപേന്ദ്ര സോരി തുടങ്ങി നിരവധി ആദിവാസി വനിതകൾ അതിഭീകരമായ പോലീസ് അതിക്രമങ്ങൾക്ക് വിധേയമാവുകയും ജയിൽവാസം അനുഷ്ഠിക്കേണ്ടിവരികയും ചെയ്തു. ആദിവാസികൾക്കുവേണ്ടി ശബ്ദമുയർത്തിയ ബിനായക്​സെൻ, ഡോ.സൈബൽ ജെന, ഹിമാൻഷുകുമാർ, സുധാ ഭരദ്വാജ് തുടങ്ങിയവർക്ക് അറസ്റ്റ് ഭീഷണികളും ജയിൽ ജീവിതവും വിധിക്കപ്പെട്ടു.
ഇന്ത്യയിലെ ആദിവാസി ജീവിതം, പ്രത്യേകിച്ചും ഇന്ത്യയിലെ മിനറൽ കോറിഡോറിൽ, അസ്വസ്ഥബാധിതമായി മാറിയതിനുപിന്നിൽ രാജ്യത്തെ വികസനതന്ത്രങ്ങൾക്ക് വലിയ പങ്കുണ്ടെന്നത് നിഷേധിക്കാനാകാത്ത കാര്യമാണ്. ഇന്ത്യയിലെ വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടികൾ ഒന്നുംതന്നെ വികസനവുമായി ബന്ധപ്പെട്ട ഒരു രാഷ്ട്രീയ പ്രശ്നമായി ഇതിനെ പരിഗണിക്കാൻ തയ്യാറായിട്ടില്ലെന്നതും വസ്തുതയാണ്.

ഒ.ബി.സി വിഭാഗത്തിൽ പെട്ട നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയായി വാഴിച്ചും, അബ്ദുൾ കലാം, രാംനാഥ് കോവിന്ദ് എന്നിവരെ രാഷ്ട്രപതി സ്ഥാനത്ത് അവരോധിച്ചും പിന്നാക്ക- ദലിത് രാഷ്ട്രീയത്തോട് തങ്ങൾ എത്രമാത്രം അടുത്തുനിൽക്കുന്നുവെന്ന് വരുത്തിത്തീർക്കാൻ അവർക്ക് സാധിച്ചു.

ദ്രൗപദി മുർമു രാഷ്ട്രപതി സ്ഥാനാർത്ഥിയാകുമ്പോൾ

മത-വംശീയ വിഷയങ്ങളെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നതിൽ സംഘപരിവാറുകൾ ഒരുകാലത്തും പിന്നോക്കം പോയിട്ടില്ലെന്നതാണ് സത്യം. സവർണ രാഷ്ട്രീയ പ്രത്യയശാസ്ത്രം മുറുകെപ്പിടിച്ച് പ്രവർത്തിക്കുമ്പോഴും അതത് കാലത്തെ രാഷ്ട്രീയ ഗതിവിഗതികൾ തിരിച്ചറിഞ്ഞ്​ പ്രായോഗിക പദ്ധതികൾ തയ്യാറാക്കുന്നതിൽ അവർ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളെ ഓരോ സന്ദർഭങ്ങളിലും പിന്നിലാക്കിക്കൊണ്ടിരുന്നു. ഒ.ബി.സി വിഭാഗത്തിൽ പെട്ട നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയായി വാഴിച്ചും, അബ്ദുൾ കലാം, രാംനാഥ് കോവിന്ദ് എന്നിവരെ രാഷ്ട്രപതി സ്ഥാനത്ത് അവരോധിച്ചും പിന്നാക്ക- ദലിത് രാഷ്ട്രീയത്തോട് തങ്ങൾ എത്രമാത്രം അടുത്തുനിൽക്കുന്നുവെന്ന് വരുത്തിത്തീർക്കാൻ അവർക്ക് സാധിച്ചു. രാഷ്ട്രത്തിന്റെ അത്യുന്നത പദവിയിൽ മുസ്​ലിം- ദലിത് പ്രാതിനിധ്യത്തെ ഉറപ്പിച്ചുനിർത്തിക്കൊണ്ടുതന്നെ ഇക്കാലയളവിൽ ഏറ്റവും കടുത്ത മുസ്​ലിം- ദലിത് വിരുദ്ധത പ്രത്യക്ഷരീതിയിൽ തന്നെ നടപ്പിലാക്കാൻ സംഘപരിവാറിന് സാധിച്ചു.

എ.പി.ജെ. അബ്ദുൽ കലാം, റാം നാഥ് കോവിന്ദ്

ദ്രൗപദി മുർമു ദേശീയ ജനാധിപത്യ മുന്നണിയുടെ രാഷ്ട്രപതിയായി പ്രഖ്യാപിക്കപ്പെടുന്നത് ഇന്ത്യയിലെ ആദിവാസി ഭൂരിപക്ഷ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് ആസന്നമായ കാലത്താണ് എന്നത് വിസ്മരിക്കാതിരിക്കുക. അതോടൊപ്പം, നവലിബറൽ കടുംവെട്ട് നയങ്ങൾ ഏറ്റവും ശക്തിയോടെ നടപ്പിലാക്കാൻ നിശ്ചയിച്ചിരിക്കുന്ന ബി.ജെ.പി സർക്കാരിനെ സംബന്ധിച്ച്​ആദിവാസി മേഖലകളിൽ നിന്നുള്ള എതിർപ്പുകളെ അടക്കിനിർത്തേണ്ടതും സുപ്രധാനമാണ്. അതോടൊപ്പം, നാളിതുവരെ അധികാരത്തിന്റെ നാലയലത്ത് എത്താതിരുന്ന ആദിവാസിവിഭാഗത്തിൽ നിന്നുള്ള ഒരാളെ രാഷ്ട്രത്തിന്റെ പരമോന്നത പദവിയിൽ എത്തിക്കുന്നതിലൂടെ തങ്ങൾ എത്രമാത്രം സഹിഷ്ണുതയുള്ളവരും അടിസ്ഥാന ജനവിഭാഗങ്ങളോട് അനുഭാവമുള്ളവരാണെന്നും വരുത്തിത്തീർക്കാനും ബി.ജെ.പിക്ക് സാധിച്ചു. ഒരു വെടിക്ക് നിരവധി പക്ഷികളെ കയ്യിലാക്കാൻ ഈയൊരു പ്രഖ്യാപനത്തിലൂടെ അവർക്ക് കഴിഞ്ഞു. മുൻ സംഘപരിവാറുകാരനായ, ഒരു സവർണനെ, തങ്ങളുടെ രാഷ്ട്രപതിയായി പ്രഖ്യാപിച്ചതിലൂടെ ഇന്ത്യയിലെ പ്രതിപക്ഷം തങ്ങളുടെ രാഷ്ട്രീയ പാപ്പരത്തം ഒന്നുകൂടി വ്യക്തമാക്കുകയും ചെയ്തു.

അദാനിക്കും, ആർസെൽ മിത്തലിനും, വേദാന്തയ്ക്കും ഇന്ത്യയിലെ കൽക്കരി അടക്കമുള്ള ധാതുക്കൾ ഖനനം ചെയ്യാൻ സൗകര്യങ്ങൾ ഒരുക്കിക്കൊടുത്തും, രാജ്യത്തെ വിലപിടിച്ച ധാതുക്കൾ (വജ്രം, കോബാൾട്ട്, നിക്കൽ എന്നിവ) ഖനനം ചെയ്യാൻ വിദേശ കമ്പനികളെ സ്വാഗതം ചെയ്തും, ഭൂമി ഏറ്റെടുക്കൽ നിയമം ഭേദഗതി ചെയ്തും ഇന്ത്യയിലെ ആദിവാസി ജീവിതം നിരന്തര സംഘർഷങ്ങളിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന അതേ സംഘപരിവാർ സർക്കാർ തന്നെയാണ് ദ്രൗപദി മുർമുവിനെ ഉയർത്തിക്കാട്ടി തങ്ങളുടെ ആദിവാസി സ്നേഹം പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നത്. കാലാകാലങ്ങളിൽ പ്രതീകവൽക്കരണത്തെ രാഷ്ട്രീയതന്ത്രജ്ഞതയായി കൊണ്ടുനടന്നവർ സംഘപരിവാറിന്റെ പുതിയ നീക്കത്തിന് മുന്നിൽ അന്തംവിട്ടു നിൽക്കുന്നതും നമുക്കുകാണാം. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


കെ. സഹദേവൻ

സോഷ്യൽ ആക്ടിവിസ്റ്റ്, എഴുത്തുകാരൻ. നഗരമാലിന്യം: പ്രശ്നങ്ങളും പരിഹാരങ്ങളും, ഇന്ത്യൻ പരിസ്ഥിതി വർത്തമാനം, നാരായൺ ദേസായിയുടെ എന്റെ ജീവിതം തന്നെ എന്റെ സന്ദേശം (വിവർത്തനം), എണ്ണ മണ്ണ് മനുഷ്യൻ: പരിസ്ഥിതി സമ്പദ്ശാസ്ത്രത്തിന് ഒരാമുഖം, ഇന്ത്യയിലെ ആദിവാസി കോറിഡോറിൽ സംഭവിക്കുന്നത്,ഇന്ത്യൻ സ്വതന്ത്ര്യസമരവും ആദിവാസികളും, തുടങ്ങിയവ പ്രധാന കൃതികൾ.

Comments