ജാതി അധിക്ഷേപം;
സർവകലാശാല തടഞ്ഞുവെച്ച
ഗവേഷണ റിപ്പോർട്ട് നൽകി,
സമരം തുടരുമെന്ന് അനഘ ശശി

മലയാള സർവകലാശാലയിലെ ഗവേഷക വിദ്യാർഥിനി അനഘ ശശി ഉന്നയിച്ച ജാതി അധിക്ഷേപ പരാതിയും എട്ട് ദിവസത്തെ സമരവും കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗത്തെ ജാതിവിവേചനം വീണ്ടും ചർച്ചയാക്കുന്നു. സർക്കാർ ഉറപ്പുകളുടെ പശ്ചാത്തലത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിക്കാനൊരുങ്ങുമ്പോഴും രേഖാമൂലമുള്ള ഉറപ്പാണ് അനഘ ആവശ്യപ്പെടുന്നത്.

ലപ്പുറം തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിൽ അനഘ ശശിയെന്ന ഗവേഷകവിദ്യാർത്ഥി താൻ നേരിട്ട കടുത്ത ജാതി അധിക്ഷേപങ്ങൾ ഉന്നയിച്ച് കൊണ്ട് നടത്തുന്ന സമരം ജനാധിപത്യകേരളത്തിലെ ജാതിവ്യവസ്ഥയെ ഒരിക്കൽ കൂടി തുറന്നുകാട്ടുന്നതാണ്. പരിസ്ഥിതി ശാസ്ത്ര വിഷയത്തിൽ ഗവേഷകയായ അനഘ ശശി തൻെറ അധ്യാപകനായ ഡോ. അരുൺ ബാബു, ഡയറക്ടർ ജൈനി വർഗീസ് എന്നിവർക്കെതിരെയാണ് പരാതി നൽകിയിരുന്നത്. സമരാവശ്യങ്ങളില്‍ ഉടന്‍ നടപടി ഉണ്ടാവുമെന്ന് സംസ്ഥാന സർക്കാരിൽ നിന്നും ഉന്നത വിദ്യാഭ്യാസമന്ത്രി റോജി എം. ജോണിൽ നിന്നും ഉറപ്പ് ലഭിച്ചിട്ടുണ്ട്. എട്ട് ദിവസമായിട്ടും സമരം തുടരുകയാണ് അനഘ. വിദ്യാർത്ഥി നേരിട്ട വിവേചനങ്ങൾക്കെതിരെ തീർച്ചയായും നടപടി എടുക്കുമെന്നും പാതിവഴിയിലായ ഗവേഷണം പൂർത്തിയാക്കാനുള്ള സാഹചര്യം ഒരുക്കുമെന്നും റോജി എം. ജോൺ അനഘയ്ക്ക് വാക്കാൽ ഉറപ്പു നൽകിയിട്ടുണ്ട്. കൂടാതെ, സർവകലാശാലയിൽനിന്നും ഉണ്ടായ അനുഭവങ്ങളിൽ ജുഡീഷ്യറി അന്വേഷണം നടത്തുമെന്നും ഉറപ്പു നൽകിയിട്ടുണ്ട്.

നിലവിൽ സമരത്തിന്റെ ഒന്നാംഘട്ട ആവശ്യമായ സർവകലാശാല തടഞ്ഞുവെച്ചിരുന്ന വാർഷിക ഗവേഷണ പുരോഗതി റിപ്പോർട്ട് അനുവദിച്ചു നൽകിയിട്ടുണ്ട്. ഒരു വർഷത്തെ ഗവേഷണ പുരോഗതി, ഗവേഷക ചെയ്തിട്ടുള്ള പ്രസിദ്ധീകരണങ്ങൾ, ഗവേഷണവുമായി ബന്ധപ്പെട്ട ഭാവി പദ്ധതികൾ, മാർഗനിർദേശിയുടെ വിലയിരുത്തൽ എന്നിവ ഉൾപ്പെടുന്ന റിപ്പോർട്ടാണ് വാർഷിക ഗവേഷണ പുരോഗതി റിപ്പോർട്ട്. ഇതുവച്ചാണ് ഫെല്ലോഷിപ്പ് തുക അനുവദിക്കാൻ അപേക്ഷിക്കുന്നത്. രണ്ടുവർഷമായി ഈ റിപ്പോർട്ട് സർവകലാശാല തടഞ്ഞുവച്ചിരിക്കുകയായിരുന്നു. അതാണ് ഇപ്പോൾ നേടിയെടുത്തിരിക്കുന്നത്. എന്നാൽ, രേഖാമൂലം ഒരു ഉറപ്പു തരുന്ന മാത്രയിൽ സമരം പിൻവലിക്കുമെന്നാണ് നിലവിലെ വിവരം. ഡോ. അരുൺ ബാബുവിനെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ജൈനി വർഗീസിനെതിരെ നിലവിൽ ഒരു തരത്തിലുള്ള കേസുകളും ഇതുവരെ എടുത്തിട്ടില്ല.

2026 ജൂലൈ 16നാണ് അനഘ ശശി താൻ നേരിട്ട അനുഭവങ്ങൾ ഫേസ് ബുക്ക് പോസ്റ്റിലൂടെ സമൂഹത്തോട് പങ്കുവെക്കുന്നത്. 2024 മാർച്ചിലാണ് അനഘ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിൽ പരിസ്ഥിതി ശാസ്ത്ര വിഭാഗത്തിൽ ഗവേഷകയായി എത്തുന്നത്. അഡ്മിഷൻ എടുത്ത് കുറച്ചു നാളുകൾക്കുള്ളിൽ തന്നെ പരിസ്ഥിതിശാസ്ത്രം വിഭാഗം അധ്യാപകനും അനഘയുടെ മാർഗനിർദേശിയുമായ ഡോ. അരുൺബാബു 'മൈക്രോ പ്ലാസ്റ്റിക്' എന്ന വിഷയത്തിൽ അനഘ തയ്യാറാക്കിയ സിനോപ്സിസ് വാങ്ങാതിരിക്കുകയും അപമാനിക്കുകയും വിവേചനങ്ങൾ കാണിക്കുകയും ജാതീയമായി പെരുമാറുകയും ചെയ്തുവെന്ന് അനഘ പറയുന്നുണ്ട്.

നിലവിൽ സമരത്തിന്റെ ഒന്നാംഘട്ട ആവശ്യമായ സർവകലാശാല തടഞ്ഞുവെച്ചിരുന്ന വാർഷിക ഗവേഷണ പുരോഗതി റിപ്പോർട്ട് അനുവദിച്ചു നൽകിയിട്ടുണ്ട്.
നിലവിൽ സമരത്തിന്റെ ഒന്നാംഘട്ട ആവശ്യമായ സർവകലാശാല തടഞ്ഞുവെച്ചിരുന്ന വാർഷിക ഗവേഷണ പുരോഗതി റിപ്പോർട്ട് അനുവദിച്ചു നൽകിയിട്ടുണ്ട്.

പരിസ്ഥിതി പഠനവിഭാഗത്തിനായി പണികഴിപ്പിച്ച ലാബ് അടിസ്ഥാന സൗകര്യങ്ങൾപോലും ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്നും ലാബ് അസിസ്റ്റന്റുമാർ ഇല്ലാത്തതുമൂലം അവിടെ പുതുതായി വാങ്ങിയിട്ടുള്ള എല്ലാ ഉപകരണങ്ങളും പൊടി തട്ടുന്നതും അടുക്കിവക്കുന്നതുമായ പ്രവർത്തനങ്ങൾ എല്ലാംതന്നെ ചെയ്യിച്ചിരുന്നത് അനഘയെക്കൊണ്ടും മറ്റൊരു വിദ്യാർത്ഥിയെ കൊണ്ടുമായിരുന്നു. പൊടി തുടയ്ക്കുന്നത് കൂടാതെ മാറി എടുത്താൽ പൊങ്ങാത്ത പെട്ടികളും വരെ എടുപ്പിച്ചു - അനഘ വിശദീകരിക്കുന്നുണ്ട്.

2015 മുതൽ മലയാള സർവകലാശാലയിൽ പഠിച്ചിറങ്ങിയ വിദ്യാർഥികളുടെ റെക്കോർഡുകൾ, പ്രബന്ധങ്ങൾ, പഠന യാത്രാ റിപ്പോർട്ട് മുതലായവ പൊടി തുടച്ച് അടുക്കി വെപ്പിക്കുകയാണ് ചെയ്യിപ്പിച്ചത്. ഡോ. അരുൺ ബാബുവും ജൈനി വർഗീസുമാണ് ഇങ്ങനെ പണി എടുപ്പിച്ചിരുന്നത്. ഇതിനെതിരെ പ്രതികരിച്ചതുകൊണ്ട് കൂടുതൽ പ്രതികാര നടപടികൾ തുടങ്ങി. അനഘയുടെ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ഫെല്ലോഷിപ്പുകൾ വരെ തടഞ്ഞുവച്ചു. പഠന വകുപ്പിൽ തന്നെ ഇരുന്ന് പഠനങ്ങളിൽ ശ്രദ്ധിക്കാനുള്ള സൗകര്യങ്ങളും നിഷേധിക്കപ്പെട്ടു. സർവകലാശാല ഹോസ്റ്റലിലും അനഘ ജാതി അധിക്ഷേപം നേരിട്ടു. ഹോസ്റ്റലിലെ സഹതാമസക്കാരി അനഘയോട് അവർ ഉപയോഗിച്ച സാനിറ്ററി നാപ്കിനുകൾ വരെ വൃത്തിയാക്കിപ്പിച്ചതായി അനഘ പറയുന്നു. എല്ലാത്തിന്റെയും അടിസ്ഥാനമായി വരുന്നത് 'ജാതീയത'യാണ്. 'താഴ്ന്ന ജാതി'യല്ലേ അപ്പോൾ അങ്ങനെ മതിയെന്നും ഇതിനൊന്നും പറ്റില്ലെന്നാണെങ്കിൽ ഗവേഷണം തുടരേണ്ടതില്ലെന്നും നിർത്തിപോയി വീട്ടിലിരിക്കണം എന്നും 'നിന്നെക്കൊണ്ട് ഞാൻ ഗവേഷണം ചെയ്യിക്കില്ല' എന്നും അധ്യാപകർ പറഞ്ഞതായി അനഘ ശശി പറയുന്നു.

"സിനോപ്സിസ് കൊടുത്തിട്ട് അത് വായിക്കുകയോ തിരുത്തുകയോ ചെയ്യാതെ ആ പേപ്പറുകൾ എനിക്ക് തിരിച്ചു നൽകി. ഒടുവിൽ കോഴ്സ് വർക്കിന്റെ അവസാനം നിമിഷം സമുദ്ര മലിനീകരണം എന്ന ഒരു വിഷയത്തിലേക്ക് എത്തി. എന്നാൽ, പിന്നീട് ഗവേഷണ രൂപരേഖ നൽകിയില്ല എന്ന് നുണ പറഞ്ഞ് ഡോ. അരുൺ ബാബു ഡോക്ടറൽ കമ്മിറ്റി നടത്തിയില്ല. ഇതുവരെ ഡോക്ടറൽ കമ്മിറ്റി നടത്തിയില്ല. ആറുമാസത്തിൽ കോഴ്സ് വർക്ക് കഴിഞ്ഞ ഉടനെ നടത്തേണ്ട കാര്യമാണ് ഇപ്പോഴും നടത്താതെ നീണ്ടു നീണ്ടുപോകുന്നത്." - അനഘ വ്യക്തമാക്കി.

പല തവണയായി സർവകലാശാല അധികൃതർക്കും വിദ്യാർത്ഥി പ്രതിനിധികൾക്കും പരാതികൾ കൊടുത്തിരുന്നു. ജൂലൈ ആറിന് അനഘ മലയാളം സർവകലാശാലയിൽ കൊടുത്ത പരാതിയിൽ ഊന്നിക്കൊണ്ട് സർവകലാശാല ആദ്യപടിയെന്നോണം ആന്റി റാഗിങ് സെൽ രൂപീകരിക്കുകയും ജൂലൈ 21ന് ആദ്യ സിറ്റിംഗ് വിളിച്ചു ചേർക്കുകയും ചെയ്തിരുന്നു. എന്നാൽ അതിലുള്ള വിശ്വാസ്യത പ്രശ്നം കണക്കിലെടുത്താണ് അനഘ വിഷയം ചൂണ്ടിക്കാണിച്ചുകൊണ്ട് പോസ്റ്റ് ഇടുന്നതും പല സംഘടനകളും പിന്നീട് പിന്തുണയുമായി എത്തുന്നതും. എന്നാൽ, കാര്യമായ നടപടിയൊന്നും വീണ്ടും നടക്കാതെ ആയതോടെ സമരം പ്രഖ്യാപിച്ചു. ഓഗസ്റ്റ് 14-ന് അർധരാത്രി മലയാള സർവകലാശാല ഗേറ്റിനു മുൻവശം ടെന്റ് കെട്ടി സമരം തുടങ്ങുകയായിരുന്നു. വിവിധ വിദ്യാർത്ഥി സംഘടനകളും അവരുടെ പ്രതിനിധികളും അനഘക്കൊപ്പം സമരമുഖത്ത് ചേർന്നു.

പഠന വകുപ്പിൽ തന്നെ ഇരുന്ന് പഠനങ്ങളിൽ ശ്രദ്ധിക്കാനുള്ള സൗകര്യങ്ങളും നിഷേധിക്കപ്പെട്ടു. സർവകലാശാല ഹോസ്റ്റലിലും അനഘ ജാതി അധിക്ഷേപം നേരിട്ടു.
പഠന വകുപ്പിൽ തന്നെ ഇരുന്ന് പഠനങ്ങളിൽ ശ്രദ്ധിക്കാനുള്ള സൗകര്യങ്ങളും നിഷേധിക്കപ്പെട്ടു. സർവകലാശാല ഹോസ്റ്റലിലും അനഘ ജാതി അധിക്ഷേപം നേരിട്ടു.

അനഘയോട് ഐക്യദാർഢ്യപ്പെട്ട് വന്ന മലയാളസർവകലാശാല സംസ്കാര പൈതൃക പഠന വിഭാഗം ഗവേഷകൻ മുഹമ്മദ് റിയാസും താൻ നേരിട്ട വിവേചനങ്ങളെക്കുറിച്ച് ട്രൂകോപ്പി തിങ്കിനോട് വ്യക്തമാക്കി. അനഘക്കൊപ്പം നിന്നു എന്നതുകൊണ്ട് റിയാസിനെതിരെ കാരണം കാണിക്കൽ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മാത്രവുമല്ല വിദ്യാർത്ഥി സംഘടനകളിൽ നിന്നും ഭീഷണികൾ നേരിടേണ്ടി വന്നതായും മുഹമ്മദ് റിയാസ് തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കുന്നു. ഇത്തരത്തിൽ അനഘക്കൊപ്പം നിൽക്കുന്നവരെ ഭീഷണിപ്പെടുത്തുന്നതായും പ്രശ്നത്തിൽ നിന്നും പിന്തിരിപ്പിക്കുന്നതായും റിയാസ് സോഷ്യൽ മീഡിയ പോസ്റ്റിൽ പറയുന്നു.

അനഘയുടെ സമരത്തെ സർവകലാശാല അവഗണിക്കുകയാണ് ചെയ്തതെന്ന് അംബേദ്കറൈറ്റ് ഡെമോക്രാറ്റിക് ഫ്രണ്ട് വർക്കിങ് ചെയർമാൻ കെ. അംബുജാക്ഷൻ ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു.

"സമരത്തെ അവഗണിക്കുകയാണ് സർവകലാശാല. ഒരു ഗവേഷക അനുഭവിച്ച കാര്യങ്ങൾ തുറന്നു പറഞ്ഞിട്ട് പോലും അതിൽ നടപടിയെടുക്കാൻ തയ്യാറാവുന്നില്ല. അനഘ പറയുന്നതിൽ യാതൊരു അടിസ്ഥാനവുമില്ലെന്നും മാനസിക വിഭ്രാന്തിയാണെന്നും മനഃപൂർവം സർവകലാശാലയെ അപമാനിക്കുകയാണെന്നും സർവകലാശാല രജിസ്ട്രാർ ചർച്ചയിൽ പറഞ്ഞതായാണ് അറിയാൻ സാധിച്ചത്. വിദ്യ അഭ്യസിക്കുന്ന സ്ഥലത്ത് എങ്ങനെയാണ് ഐഡന്റിറ്റി ഒരു പ്രശ്നമാവുന്നത്? ഒരിടത്തും ഇത് അനുവദിക്കാൻ പാടുള്ളതല്ല. എല്ലാ വിധത്തിലുമുള്ള കടമ്പകൾ കടന്ന് ഗവേഷണത്തിന് അഡ്മിഷൻ നേടിയെടുത്തിട്ട് ഇത്തരത്തിൽ ചെയ്യുന്നത് ശരിയല്ല,”

ഗവേഷണത്തിന് അഡ്മിഷൻ കിട്ടിക്കഴിഞ്ഞാൽ യു.ജി.സി ചട്ടപ്രകാരം മാർഗനിർദേശി അടക്കം മൂന്നുപേരടങ്ങുന്ന ആർ.എ.സിക്ക് (Reaserch Advisory committee) മുന്നിലാണ് ഗവേഷകർ സിനോപ്സിസ് സമർപ്പിക്കേണ്ടത്. അത് അപ്പ്രൂവ് ചെയ്യുന്നതിലൂടെ ഒരു ഗവേഷകൻ ഗവേഷണം ആരംഭിക്കും. എന്നാൽ അനഘയുടേതിൽ ഒപ്പുവച്ചിട്ടില്ല. ഇതെല്ലം ഗവേഷണം ആരംഭിച്ച് ആറുമാസത്തിനകം നടത്തേണ്ടതാണ്. ഇപ്പോൾ രണ്ടുവർഷമായിട്ടും അനഘയുടെ ഗവേഷണത്തിൽ നീക്കുപോക്കുണ്ടായിട്ടില്ല.” -അംബുജാക്ഷൻ പറഞ്ഞു.

അനഘക്ക് നഷ്ടപ്പെട്ട അക്കാദമിക്സ് തിരികെ നൽകണം. വിദ്യാഭ്യാസ വകുപ്പും കേരള സർക്കാരും ഇതിൽ ഗൗരവമായി ഇടപെടുകയും നടപടിയെടുക്കുകയും വേണം. ഇത് അനഘയുടെ മാത്രം വിഷയമല്ല. നിരവധിപേരാണ് ഇതേ സാഹചര്യത്തിലൂടെ കടന്നു പോകുന്നത്. പാർലമെന്റിലും മറ്റും കഴിയാത്തത് തെരുവുകളിൽ യുവാക്കൾ നേടിയെടുത്ത് ഫാഷിസ്റ്റ് ശക്തികൾ മുട്ടുമുടക്കിയ ഒരു സമര പശ്ചാത്തലത്തിന്റെ വിജയ ചരിത്രത്തിന്റെ മുന്നിലാണ് കേരളത്തിൽ ഇങ്ങനെ സംഭവിക്കുന്നത്. ജാതി അധിക്ഷേപം ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല. ഇക്കാലത്തും ഇതിന്റെ വേരുകൾ വിദ്യാഭ്യാസത്തിലും സമൂഹത്തിൽ ആകമാനവും നിഴലിക്കുന്നുവെന്നതാണ് സത്യം.

അനഘക്ക് നഷ്ടപ്പെട്ട അക്കാദമിക്സ് തിരികെ നൽകണം. വിദ്യാഭ്യാസ വകുപ്പും കേരള സർക്കാരും ഇതിൽ ഗൗരവമായി ഇടപെടുകയും നടപടിയെടുക്കുകയും വേണം. ഇത് അനഘയുടെ മാത്രം വിഷയമല്ല.
അനഘക്ക് നഷ്ടപ്പെട്ട അക്കാദമിക്സ് തിരികെ നൽകണം. വിദ്യാഭ്യാസ വകുപ്പും കേരള സർക്കാരും ഇതിൽ ഗൗരവമായി ഇടപെടുകയും നടപടിയെടുക്കുകയും വേണം. ഇത് അനഘയുടെ മാത്രം വിഷയമല്ല.

ജാതിപരമായും മതപരമായും ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരുടെ കൂടെ നിൽക്കുന്നവരെ തിരിച്ചാക്രമിക്കുകയും അവരെ ബലിയാടുകളാക്കുകയും ചെയ്യുന്ന പ്രവണത അവസാനിക്കണം. ബൗദ്ധിക സ്വാതന്ത്ര്യം ഉറപ്പുകൊടുക്കേണ്ട സ്ഥലമാണ് സർവകലാശാലകൾ. സിജെപി സമരത്തിന്റെ സമയത്ത് അഭിജീത് ദിപ്കെ തന്നെ പറയുന്നുണ്ട്, 'എന്റെ പേര് ഉമർ ഖാലിദ് എന്നായിരുന്നെങ്കിൽ ഞാനിപ്പോ ജയിലിൽ കിടക്കുമായിരുന്നു'. എല്ലാവരും പൗരരാണ് എന്ന ചിന്തയാണ് ആദ്യം ഉണ്ടാവേണ്ടത്. അതുകൊണ്ട് വിയോജിപ്പുകൾ പ്രകടിപ്പിക്കാനും സംവാദങ്ങൾക്കുള്ള സ്പേസ് വാങ്ങിയെടുക്കാനും നമ്മൾ ഓരോത്തരും മുന്നോട്ടു വരേണ്ടതുണ്ട്. അനഘക്ക് നീതി കിട്ടുക തന്നെയാണ് വേണ്ടത്. ഗവേഷണം മുന്നോട്ടു കൊണ്ട് പോകാനും മറ്റും അനഘക്ക് സാധിക്കുകയാണ് വേണ്ടത്,” - അംബുജാക്ഷൻ കൂട്ടിച്ചേർക്കുന്നു.

എന്നാൽ, താൻ ആരെയും മനഃപൂർവം ഉപദ്രവിച്ചിട്ടില്ലെന്നും അനഘ ആരോപിക്കുന്ന പരാതികളെല്ലാം അടിസ്ഥാന രഹിതമാണെന്നും കുറ്റാരോപിതനായ ഡോ. അരുൺ ബാബു ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു. "സിനോപ്സിസ് കറക്ഷനുകൾ ചെയ്ത് വക്കുന്നതിനും മറ്റുമായി മെയിലുകൾ അയച്ചിട്ടുണ്ട്. എന്നാൽ, അതിനോടൊന്നും അനഘ പ്രതികരിച്ചിരുന്നില്ല. മാത്രവുമല്ല, ഫെല്ലോഷിപ്പുകൾ തടഞ്ഞുവച്ചിട്ടുമില്ല. എനിക്കുണ്ടായ മാനനഷ്ടത്തിനും അപമാനത്തിനും ഞാൻ നിയമപരമായി നീങ്ങും"- അരുൺ ബാബു പറഞ്ഞു.

Comments