സോഷ്യൽ മീഡിയ കാലത്തെ ‘ജാതി കൗണ്ടറടി'കൾ

റിസർവേഷനെതിരെ ശബ്ദം ഉയർത്തുന്ന ജനറൽ നിഷ്‌കുകളുടെ അതേ രോദനശബ്ദമാണ് ഈ ഇരട്ടപ്പേര് വിളികൾക്ക്. ഇതെല്ലാം ഒരു അടിച്ചമർത്തൽ തന്നെയാണ്. പാർശ്വവൽക്കരിക്കപ്പെട്ടവരുടെ വിദ്യാഭ്യാസപരമായും ബൗദ്ധികവുമായ പ്രാതിനിധ്യം വിപുലമാകുമ്പോൾ, അതിനെതിരായ വംശീയ അസഹിഷ്ണുതകൾ, പലതരം അഭിസംബോധനകളിലൂടെ അരങ്ങുവാഴുകയാണ്. സോഷ്യൽ മീഡിയ ഇത്തരം ജാതീയ അധിക്ഷേപങ്ങളുടെ മാധ്യമമായി മാറുന്ന പാശ്ചാത്തലത്തിൽ 'ജാതി കൗണ്ടറടി'കളുടെ രാഷ്ട്രീയം പരിശോധിക്കുന്നു

ടിപിടിക്കിടയിലും വാക്കേറ്റങ്ങളിലും തമാശയ്ക്കും വരെ കേരളം പലവിധ തെറികൾ ഉപയോഗിച്ചു പോരുന്നുണ്ട്. തെറിവിളി ചില പ്രദേശങ്ങളുടെ സാംസ്‌കാരിക അടയാളം വരെ ആണെന്നിരിക്കെ പല മോഡലിലുള്ള തെറികൾ ആളുകൾക്കിടയിൽ സുലഭമാണ്. ഇത്തരം പദപ്രയോഗങ്ങൾ പറയുന്നവന്റെ വികാരം പ്രകടിപ്പിക്കുന്നതിനു പുറമെ എതിരെ നിൽക്കുന്നയാളെ മാനസികമായി തളർത്താൻ കൂടി ആവാം അത്. എന്തുതന്നെയായാലും സാമൂഹികപരമായി അനുവദിച്ചു കൊടുക്കാൻ പാടില്ലാത്ത തരം അഭിസംബോധനകൾ അറിഞ്ഞോ അറിയാതെയോ അരങ്ങുവാഴുന്നുണ്ട്. എന്നാൽ അടുത്ത നാളുകളിലായി ഇത്തരം തളർത്തലുകൾക്കുവേണ്ടി തൊടുത്തുവിടുന്ന അമ്പുകൾ ജാതീയ അധിക്ഷേപത്തിന്റേതാണ്. ഇന്ന് പരസ്പരം കളിയാക്കാനോ മറ്റെന്ത് ഉദ്ദേശ്യത്തിലോ വിളിക്കുന്ന പേരുകൾ തികച്ചും മനുഷ്യവിരുദ്ധവും വേർതിരിവുള്ളതുമായ ഒരു കാലത്തേക്കാണ് വിരൽ ചൂണ്ടുന്നത്.

പണ്ട് ജന്മി - കുടിയാൻ ബന്ധങ്ങൾ നിലനിന്നിരുന്ന കാലത്തെല്ലാം ജാതി പറയാൻ ആരും മടിച്ചിരുന്നില്ല. പുലയൻ എന്നും പറയൻ എന്നും ചെറുമൻ എന്നുമെല്ലാം മേലാളന്മാർ പറയുന്നതുപോലെ തന്നെ ഉച്ചരിക്കപ്പെട്ടിരുന്നു. കടുത്ത ജാതീയത നിലനിന്നിരുന്ന അന്നത്തെ കാലത്ത് ഈ വാക്കുകൾ വിവേചനപരമായാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ സ്വാതന്ത്ര്യവും സാമാന്യബോധവും കൈവരിച്ചെന്നു പറയപ്പെടുന്ന ഈ നൂറ്റാണ്ടിൽ പുലയനും പറയനുമൊക്കെയും വിവേചനപരമായ തെറിയാണ്.

പെണ്ണന്വേഷിക്കുമ്പോൾ പത്രപ്പരസ്യത്തിൽ നായന്മാർക്ക് മുൻഗണന, വീടിനുമുന്നിൽ വാലില്ലാതെ പേരെഴുതാനുള്ള മടി.. തുടങ്ങിയ ചിന്തകൾ ഉയർന്ന വിഭാഗത്തിൽ ഉള്ളതെന്ന് അവകാശപ്പെടുന്നവർക്ക് നീളെയുണ്ട്. എന്നാൽ ഇവരടക്കമുള്ള ജനം ഉപയോഗിക്കുന്ന തെറിവാക്കാണ് പുലയൻ അഥവാ പുലയാടി. കേൾക്കുമ്പോൾ നെറ്റിചുളിച്ചു ശീലിച്ച വാക്ക്. എന്നാൽ പുലയൻ എന്ന ഇതേ വാക്ക് സ്‌കൂൾ രജിസ്റ്ററുകളിലെ ജാതിക്കോളത്തിൽ എഴുതിപ്പോരുന്നുമുണ്ട്. ഇങ്ങനെയുള്ള വൈരുധ്യങ്ങൾ നിലനിൽക്കുമ്പോൾ എങ്ങനെ ഈ രണ്ടു ജാതികളെ രണ്ടുതരമായി കാണാനാകും?

ഇന്നത്തെ തലമുറയ്ക്ക് സ്വന്തം ജാതി താഴ്ന്നതാണോ ഉയർന്നതാണോ എന്നതിൽ താരതമ്യേന വലിയ ഉത്കണ്ഠയില്ല എന്നേ പറയാനാകൂ. കാരണം ജാതിയെപ്പറ്റി ചിന്തിക്കാറില്ലെന്ന് പറയുന്ന എത്രപേർ പേരിന്റെ അറ്റത്തെ അഭിമാനഘടകം എടുത്തുമാറ്റാൻ തയ്യാറാകും? സ്വന്തം ജാതിയുടെ പലവിധ പ്രിവിലെജുകളിൽ ചവിട്ടി നിന്നുകൊണ്ടുതന്നെയാണ് അത്തരക്കാർ ജാതീയതക്കെതിരെ സംസാരിക്കുന്നതും. അതിനോടൊപ്പം തന്നെ ഇവരുടെ അല്ലെങ്കിൽ നേരത്തെ പറഞ്ഞ ആ ആഢ്യത്വം മനസ്സിലെങ്കിലും ഉള്ളവർ ഇന്ന് അവരുടെ ഉള്ളിൽ നിന്നും നാക്കുവഴി പുറന്തള്ളുന്ന ഇത്തരം വിവേവേചന ജല്പനങ്ങളെയാണ് എത്രയും വേഗം എടുത്തു മാറ്റേണ്ടത്.

കോളനി അഥവാ കോളനികളിൽ താമസിക്കുന്നവർ എന്ന് അർത്ഥമാക്കുന്ന കോളനി വിളികളാണ് ഇപ്പോൾ ഏറിയിരിക്കുന്നത്. വാട്‌സാപ്പ് സ്റ്റാറ്റസുകൾ, നിത്യോപയോഗ സാധനങ്ങൾ, സംഭാഷണങ്ങൾ തുടങ്ങി വളരെ ചെറിയ കാര്യങ്ങളിൽ വരെ തങ്ങളെക്കാൾ നിലവാരം കുറഞ്ഞത് എന്ന് തോന്നിക്കഴിഞ്ഞാൽ കോളനി എന്ന വാക്ക് ചേർത്താണ് വിശേഷിപ്പിക്കുക. തങ്ങളാണ് മുന്തിയ ഇനം ആൾക്കാർ അല്ലെങ്കിൽ തങ്ങളുടെ അവതരിപ്പിക്കലുകൾക്കാണ് ഉയർന്ന നിലവാരം എന്ന തോന്നലിൽ നിന്നൊക്കെയാണ് ഇത്തരം തമാശകൾ ഉയരുന്നത്. എന്നാൽ ആ തോന്നലിനെക്കാൾ ഇതിലെ വേദനിപ്പിക്കുന്ന ഘടകം അവിടെ അഭിസംബോധന ചെയ്യാനുപയോഗിക്കുന്ന ആ പദവും അതിനോടുചേർന്ന ഒരു വിഭാഗം മനുഷ്യരുമാണ്. സുഹൃത്തുക്കൾ തമ്മിൽ മാത്രമല്ല ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ഒരു പരിചയവും ഇല്ലാത്തവർ തമ്മിലും യാതൊരുവിധ ചേതോവികാരങ്ങളുമില്ലാതെ കോളനി എന്നും വയനാടൻ ചാമി എന്നുമൊക്കെയുള്ള പരസ്പര വിളംബരവും രാഷ്ട്രീയമായ ഇടപെടലുകൾക്ക് വഴിയൊരുക്കും. ഇവരിൽ പലർക്കും ഇങ്ങനെ വിളിക്കുമ്പോൾ ജാതിചിന്ത വലിയ തോതിൽ പ്രവർത്തിക്കുന്നില്ലെങ്കിലും വേർതിരിച്ചുമാറ്റാനുള്ള ഒരു അഹന്ത അവിടെയുണ്ട്. ജന്മനാ ഉയർന്നവർ അല്ലെങ്കിൽ തൊട്ടുതാഴെ ഉള്ളതിനെക്കാളും യോഗ്യത നേടിയവർ എന്ന മനോഭാവം വെച്ചുകൊണ്ട് ഇങ്ങനെ ഓരോ പേരുകൾ വിളിക്കുന്നതിലൂടെ സ്വയംഭോഗം ചെയ്യുന്ന പോലെ, സ്വയം ആത്മാഭിമാനം കൊള്ളുന്ന ഒരു സുഖം കിട്ടുന്നുണ്ടാവും ഇവർക്ക്.

വെളുപ്പ് കുറഞ്ഞവർക്കുമുന്നിലും അമളികൾ കാണിക്കുന്നവർക്കുമുന്നിലും തങ്ങളുടേതിൽനിന്ന് വ്യത്യസ്ത ജീവിതശൈലി ഉള്ളവർക്കുമുന്നിലും അവരെ വെറുതെയൊന്ന് കളിയാക്കാൻ വേണ്ടിയെങ്കിലും കോളനി എന്ന് വിളിക്കുന്നുണ്ട്. അത് വിളിച്ചശേഷം ശരിയായ കൗണ്ടർ അടിച്ചതിന്റെ ഒരു പ്രൗഢിയും ഇവർ മുഖത്തു പിടിച്ചു നിൽക്കും.

എത്രയൊക്കെ സൗഹൃദത്തിന്റെ പേരിലെന്നോ തമാശരൂപേണയെന്നോ വാദിച്ചാലും അതൊരു വർഗീയ അധിക്ഷേപം തന്നെയാണ്. സംഘപരിവാർ കാണിക്കുന്നതിനോടൊപ്പം ചേർത്തുവക്കാവുന്ന തരത്തിൽ ഒരു വർഗീയത തന്നെയാണ് ഇതും. കാരണം നിലവാരം എന്ന പേരിൽ ചിലർ വെച്ചിട്ടുള്ള സൂചികകൾക്കിപ്പുറം നിൽക്കുന്നവരെ വിഭാഗീയത പറഞ്ഞുകൊണ്ടാണ് കളിയാക്കുന്നത്. ഈ വാക്ക് ഉപയോഗിക്കുന്നവർ ഇത്രയും അർഥമാക്കിയിട്ടല്ലായിരിക്കാം അതുപയോഗിക്കുന്നത്; എന്നാൽ പോലും മനുഷ്യക്കൂട്ടങ്ങളെ പേരിട്ടു നിരത്തി ആ പേര് തമാശകൾക്കും ആക്ഷേപങ്ങൾക്കും ഉപയോഗിക്കുന്നതും ഒരേ ആളുകൾ തന്നെ ആണെന്നതാണ് സത്യം. ആ ജനവിഭാഗത്തെ ഉദ്ദേശിച്ചല്ല, എന്നാൽ ചിലരെ ജനറലൈസ് ചെയ്യാനായി ഒരു പേരിടുന്നു എന്ന യുക്തിയാണ് പറയാനുള്ളതെങ്കിലും ലോകം ഇത്തരം വാക്കുകൾ ശീലിച്ചുപോന്നത് അതേ ജനവിഭാഗത്തെ ഓർക്കാൻ വേണ്ടിയാണ്. അപ്പോൾ സ്വാഭാവികമായും പേരിടൽ ചടങ്ങുകളിൽ അവരെ ഓർക്കാൻ തന്നെയായിരിക്കും സമൂഹത്തിന് തിടുക്കം. ഒരു പ്രത്യേക സ്ഥലത്തുള്ളവരെ, മറ്റൊരു സംസ്‌കാരം വഹിക്കുന്നവരെ ഓമനപ്പേരിട്ട് ചർച്ച ചെയ്യുന്നത് സിറ്റിക്കകത്തുള്ളവരുടെ ഒരു വിനോദവും ആയി മാറിയിട്ടുണ്ട്. ഫേസ്ബുക്കിലുള്ള പബ്ലിക് ഗ്രൂപ്പുകളിൽ ഇത്തരം വിശേഷണങ്ങൾ വരുമ്പോൾ വലിയ സ്വീകാര്യതയിൽ നാട് മൊത്തം പരക്കുന്നുമുണ്ട്. ഇത്തരം വിനോദങ്ങൾ ചോദ്യം ചെയ്യപ്പെടേണ്ടതു തന്നെയാണ്. വർഗീയ അജണ്ടയോടെ അല്ലാത്ത പൊള്ളയായ തമാശ എന്നതിലുപരി ചില മനുഷ്യരോടുള്ള വിവേചനം ഇതിലേക്ക് കണ്ണി ചേർക്കപ്പെടുമ്പോഴാണ് ഈ വിഷയത്തിൽ ചർച്ച ചെയ്യപ്പെടേണ്ട ഒരു രാഷ്ട്രീയമാനം വന്നുചേരുന്നത്.

ചെറ്റയെന്ന അത്ര കനമില്ലാത്ത ചീത്ത വാക്കിനും ഇത്തരം അപകടഭാരങ്ങളുണ്ട്. വലിയ വീട്ടിൽ താമസിക്കുന്നവരുടെ അഥവാ പണ്ടുണ്ടായിരുന്ന ആ ജന്മി - കുടിയാൻ കാലത്തെ ജന്മി വക കൈമാറിപ്പോന്ന വിശേഷണങ്ങളാണ് ഇന്നും തരംതാഴ്ത്തലുകൾക്ക് ഉപയോഗിക്കുന്നത്. അപ്പോഴും അവിടെ ഹൈലൈറ്റ് ചെയ്യപ്പെടുന്ന ഘടകം വലിയ വീട് എന്നതാണ്. അപ്പോൾ എന്തുതന്നെ എടുത്തുനോക്കിയാലും മുന്തിയ ഇനം അല്ലെങ്കിൽ കൂടിയവർ എന്ന് സ്വയം ബോധവാന്മാർ ആയിരിക്കുന്നവരാണ് ഇങ്ങനെയുള്ള അഴുക്കുകളുടെ പിന്നിലും. ഹൈ ക്ലാസ് - ലോ ക്ലാസ് എന്ന അലിഖിത വർഗംതിരിക്കൽ നിൽക്കുന്നിടത്ത് ആ ഹൈ ക്ലാസുകൾ അവരുടെ വിനോദത്തിനായി ഇരയാക്കുന്നതാണ് ചിലരെ.

കോളനിയെന്നും ലക്ഷംവീട് എന്നും കടപ്പി എന്നും മലവേടൻ എന്നുമൊക്കെ പറഞ്ഞ് നിൽക്കുന്നവരുടെ ആ സോഷ്യൽ സ്റ്റാറ്റസിലാണ് എല്ലാം ഇരിക്കുന്നത്. ഒരു കോടി രൂപയുടെ വില്ലകൾ തിങ്ങിനിൽക്കുന്ന സ്ഥലത്തുനിന്ന് വരുന്നവനെ എന്നുപറഞ്ഞ് ആരെങ്കിലും കളിയാക്കുമോ? അട്ടിക്ക് കിടക്കുന്ന ഫ്ളാറ്റുകളിൽ ഒന്നിൽ താമസിക്കുന്നവനെ നോക്കി മുറുക്കിച്ചിരിക്കാൻ ആരെങ്കിലുമുണ്ടാകുമോ? ഇല്ല. കാരണം ഇന്നിന്റെ യുക്തി അതല്ല. താഴെക്കിടയിൽ ഉള്ളവനെ അതായത് താഴെയുള്ള ആളുകളെ താഴത്ത് സ്ഥിതി ചെയ്യുന്ന വേരുമായോ മണ്ണുമായോ ഭൂമിയുമായോ കണക്ട് ചെയ്യാൻ ആർക്കും താൽപര്യമില്ല. താഴ്ന്നത് എന്ന് പറയുമ്പോൾ തന്നെ ചെറുമൻ എന്നും പറയനെന്നും ചിന്തിക്കാനാണ് പലരുടെയും വേഗത തുനിയുന്നത്. അതുമാത്രമല്ല കേരളത്തിലെ പലയിടങ്ങളിലും സ്വകാര്യമായും അല്ലാതെയും കുറ്റം പറച്ചിലുകൾക്കും ആക്ഷേപങ്ങൾക്കും ചെറുമൻ എന്ന പേര് ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞുപോരുന്നുണ്ട്. അതു പറയുന്നവർ തമാശ പറഞ്ഞതിന്റെ ആനന്ദവും അനുഭവിക്കുന്നുണ്ട്. മാപ്പിളച്ചൂരെന്നും ചെറുമച്ചൂരെന്നും പറഞ്ഞ് ആരുകേട്ടാലും നോവും വിധമുള്ള ഒരുപാട് പ്രസ്താവനകൾ ഇവർക്ക് പറയാനുമുണ്ട്.

അപ്പോൾ സ്വയം യോഗ്യർ ആയിരിക്കുന്നവരുടെ ആ തട്ട് എങ്ങനെ ഉണ്ടായി എന്നുകൂടി ചിന്തിക്കേണ്ടിയിരിക്കുന്നു. അത് മറ്റൊന്നുമല്ല. തുടച്ചുനീക്കി എന്നും ഇപ്പോൾ ഇല്ല എന്നും പറയുന്ന നാടുണ്ടായ കാലത്ത് തൊട്ടുള്ള ജാതീയത തന്നെയാണ്. താഴ്ന്നതിന്റെ പേരിൽ പണ്ടുതൊട്ടേ അധിക്ഷേപിക്കപ്പെട്ടിരുന്ന ഒരു സമൂഹം തന്നെയാണ് ഇന്നും ഇര. ഓലക്കുട ചൂടി നടന്നിരുന്ന കാലത്ത് വഴിയിൽ താഴ്ന്നവനെ കണ്ടാൽ നെഞ്ചത്ത് ചവിട്ടുകയും പുര കത്തിക്കുകയും ചെയ്തിരുന്ന അതേ ജന്മിമാർ തന്നെയാണ് ഇന്ന് സാധാരണക്കാർക്കിടയിലെ നായരായും മേനോനായും സവർണനായും ന്യൂനപക്ഷങ്ങൾക്കുനേരെ കോളനി പോലെയുള്ള വേദനിപ്പിക്കുന്ന ഒളിയമ്പുകൾ തൊടുത്തുവിടുന്നത്. അതേ ചവിട്ടേറ്റവനാണ് ഈ പറയപ്പെടുന്ന ലക്ഷം വീടുകാരും പറയന്മാരും. പണ്ടുണ്ടായിരുന്ന അതേ വർണവിവേചനവും തൊട്ടുകൂടായ്മയും ഒക്കെയാണ് ഇന്ന് അടക്കം പറച്ചിലുകളിലൂടെയും തമാശകളിലൂടെയും വേട്ടയ്ക്കിറങ്ങുന്നത്.

ഒന്നും മാറ്റിയെഴുതപ്പെട്ടിട്ടില്ല ഇവിടെ. വിദ്യാഭ്യാസത്തിനൊപ്പം ഇതിനു വേണ്ട വിവേകങ്ങൾ പകർന്നു തരുന്നുണ്ടെന്ന് പറയുന്നുണ്ടെങ്കിലും ഇങ്ങനെയുള്ള പരോക്ഷമായ അധിക്ഷേപങ്ങളാണ് പൊങ്ങിവരുന്നത്. ദലിതനെയും കൂലിപ്പണിക്കാരനെയുമൊക്കെ ആക്ഷേപഹാസ്യത്തിന് ഉപയോഗിക്കുന്നതും നമ്മൾ തന്നെയാണ്. രാജഭരണവും ഫ്യൂഡൽ കാലഘട്ടവും മാറി ജനാധിപത്യം വന്നിട്ടും പുരോഗമിക്കാത്തവരെ ആദിവാസി, കാട്ടുജാതി എന്നും ഇരുണ്ടിരിക്കുന്നവരെ ചെറുമൻ എന്നും മുസ്‌ലിമിനെ മാപ്പിള എന്നും പറഞ്ഞുകൊണ്ടാണ് അമ്മമാർ ഇന്നും മക്കൾക്ക് ചോറു വാരിക്കൊടുക്കുന്നത്. ഉയർച്ചയുടെയും താഴ്ചയുടെയും തൂക്കിനോക്കൽ ജനിച്ചുവീഴുന്നതുതൊട്ട് കാണാനുണ്ട്. സംസ്‌കാരത്തിന്റെയും സമുദായത്തിന്റെയുമൊക്കെ പേരിൽ സ്വയം വിഭജിച്ച ജനം വിശ്വസിച്ചുപോരുന്ന തങ്ങൾക്കുള്ള അധികാര - വിഹിത മനോഭാവവും കൂടി ഇതിനെല്ലാം വഴിതെളിക്കും.

ഭൂതകാലം വിത്തിട്ടുവെച്ച താവഴി തന്നെയാണ് ഈ വർഗീയതയുടെ മൂലകാരണം. എങ്കിലും സാക്ഷരത കൈവരിച്ച് മുന്നേറിയ പുതിയ മനുഷ്യർ പോലും ഇത്തരം മനുഷ്യവിരുദ്ധ പ്രസ്താവനകൾ പുറപ്പെടുവിക്കുന്നു എന്നതാണ് സങ്കടകരമായ കാര്യം. "ഭാരതീയ സംസ്‌കാരം' എന്ന പേരിൽ മനുസ്മൃതി പോലുള്ള അരാജക ഗ്രന്ഥങ്ങൾ പൂജിക്കപ്പെടുന്നിടത്തോളം കാലം ബ്രാഹ്മണനും ദലിതനും രണ്ടറ്റത്ത് തന്നെ നിൽക്കും. സെക്യൂലറിസം വാദിക്കുന്ന ആളുകളിൽ പലരും ജനിതകമായോ പാരമ്പര്യമായോ കിളിർത്തുവന്ന ആചാരസപര്യകൾ കൊണ്ട് ശീലമില്ലാത്തത് കാണുമ്പോൾ ഇനിയും ശിവ ശിവ എന്നൊക്കെ ചൊല്ലിപ്പോവും!

എന്തുകൊണ്ടാണ് ഇതെല്ലാം? ഒതുങ്ങിയിരിക്കുന്നവർ എന്നും ഒതുങ്ങിത്തന്നെ ഇരിക്കണം എന്നൊരു ചിന്ത ഇവർക്കുള്ളിലുണ്ട്. റിസർവേഷനെതിരെ ശബ്ദം ഉയർത്തുന്ന ജനറൽ നിഷ്‌കുകളുടെ അതേ രോദനശബ്ദമാണ് ഈ ഇരട്ടപ്പേര് വിളികൾക്ക്. ഇതെല്ലാം ഒരു അടിച്ചമർത്തൽ തന്നെയാണ്. അവരേക്കാൾ മികച്ച ഒരു വിഭാഗം തങ്ങളുടേതാണ് അതുകൊണ്ട് അവരെ ഇന്നത് വിളിക്കാം അവർ ഇരിക്കുന്നിടത്ത് തന്നെ ഇരിക്കട്ടെ എന്ന അങ്ങേയറ്റം വികൃതമുഖമുള്ള ഒരു സ്വാതന്ത്ര്യവും ബൂർഷ്വാ നിലകൊള്ളലും ഒക്കെയാണ് ഇന്നിവിടെ ശീലിച്ചുപോരുന്നത്. പണ്ടത്തെക്കാലത്ത് സവർണർ മാത്രം അനുഭവിച്ചുപോന്നിരുന്ന വിദ്യാഭ്യാസവും മറ്റു സൗകര്യങ്ങളും സമൂഹം കുറച്ചുകൂടി വൈഡ് ആയി അംഗീകരിച്ചു തുടങ്ങുമ്പോൾ മുന്നാക്കക്കാർക്കുണ്ടായിരുന്ന വിമുഖതയുടെ പരിണമിച്ച രൂപം കൂടിയാണ് ഇതെല്ലാം. ലോകം കൂടുതൽ ലിബറലും സമത്വമുള്ളതും ആയിക്കൊണ്ടിരിക്കുമ്പോഴാണ് വംശീയതയെ മുൻനിർത്തിയുള്ള ഇത്തരം നിലപാടുകൾ ചെറുപ്രയോഗങ്ങളായി വരുന്നത്. കോളനിയെന്നും പുലയാടിയെന്നും മലവേടൻ എന്നുമൊക്കെ വിളിച്ച് നമ്മൾ ചെയ്യുന്നത് കയറിവരുന്ന ഒരു സമൂഹത്തെ ഉയരത്തിലുള്ള ഒരു ഫാന്റസിയിൽ കയറി നിന്നുകൊണ്ട് തുപ്പുകയാണ്. ഇത്തരം സാമൂഹിക അഴുക്കുകൾ അടിഞ്ഞുകൂടുന്തോറും തുല്യനീതി എന്ന ഘടകവും അകന്നകന്ന് പൊയ്‌ക്കൊണ്ടിരിക്കും.

അടിമത്തത്തിന്റെ ഭാഗമായി നിർബന്ധിതമായിരുന്ന കല്ലുമാല പൊട്ടിച്ചെറിഞ്ഞാണ് ഇവിടെ പുലയസ്ത്രീകൾ കലാപം ചെയ്തത്. ബ്രഹ്മണ - ക്ഷത്രിയ സ്ത്രീകൾക്ക് മാത്രം മാറുമറയ്ക്കാൻ അവകാശമുണ്ടായിരുന്ന കാലത്താണ്, തന്നിഷ്ടം പോലെ അരയ്ക്കുമേലെ തുണിയുടുക്കുവാനുള്ള അവകാശത്തിന് തെക്കൻ തിരുവിതാംകൂറിലെ ചാന്നാർ സ്ത്രീകൾ കലാപം ചെയ്തത്. പൊരുതി അവകാശങ്ങൾ നേടിയെടുത്ത ചരിത്രമുള്ളവരോടാണ് സവർണ- ദല്ലാൾ ബോധമുള്ളവർ ഇന്ന് വീണ്ടും പുതിയ വഴികളിലൂടെ മേൽക്കോയ്മയുണ്ടാക്കാൻ ശ്രമിക്കുന്നത് എന്ന് ഇത്തരം ജാതി വേട്ടക്കാർ ഓർക്കേണ്ടതുണ്ട്.

Comments