‘കോളനി’, പേരുമാറ്റത്തിലുമുണ്ട് ചില വലിയ കാര്യങ്ങൾ

പേര് എന്നതിൽ ഒരു സാമൂഹ്യാന്തസ്സ് അടങ്ങിയിട്ടുണ്ട് എന്നത് യാഥാർത്ഥ്യമാണ്. പേര് മാറിയതുകൊണ്ട് എന്ത് സംഭവിക്കാൻ എന്ന ചോദ്യം ലളിതയുക്തിയിൽ ഉടലെടുക്കുന്നതാണ്- ബിജു ഗോവിന്ദ് എഴുതുന്നു.

സംസ്ഥാന മന്ത്രിസഭയിൽ നിന്നുള്ള രാജിക്കുമുമ്പ് കെ. രാധാകൃഷ്ണൻ ഒപ്പിട്ട ഫയൽ, സംസ്ഥാന സർക്കാർ രേഖകളിൽനിന്ന് കോളനി എന്ന വാക്ക് ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതായിരുന്നു. ജനാധിപത്യ കാലത്തിനിണങ്ങിയ പദപ്രയോഗമല്ല കോളനി എന്നതുസംബന്ധിച്ച് അഭിപ്രായ ഐക്യമുള്ളപ്പോഴും പേരുമാറ്റം കൊണ്ട് തീരുന്നതല്ല കോളനികളിലധിവസിക്കുന്ന മനുഷ്യരുടെ പ്രശ്നങ്ങളെന്ന കാഴ്ചപ്പാടുള്ളവർ ധാരാളമുണ്ട്. കോളനികൾ എന്ന പേര് മാത്രം മാറ്റിയതുകൊണ്ട് എന്ത് വ്യതിയാനമാണ് അവരുടെയൊക്കെ ജീവിതത്തിൽ സംഭവിക്കുകയെന്നതാണ് മുഖ്യ ചോദ്യം.

ആ ചോദ്യത്തെ വിയോജിച്ചുകൊണ്ട് തള്ളിക്കളയേണ്ടതല്ല.

കോളനികളെന്നത് സാമൂഹ്യമായി പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങളാണ്. പ്രത്യേകിച്ച്, പട്ടിക വിഭാഗങ്ങൾ. മുന്നാക്കക്കാരായ നമ്പൂതിരിമാരും കൂട്ടമായി താമസിക്കുന്ന ഇടങ്ങളുണ്ട് നമ്മുടെ സംസ്ഥാനത്ത്. അവിടങ്ങളെ പൊതുവെ തെരുവ് എന്നാണറിയപ്പെടുന്നത്. രണ്ടിടങ്ങളിലേയും താമസക്കാരായ മനഷ്യരുടെ സാമൂഹ്യാന്തസ്സ് തുല്യമല്ല. അതിൻ്റെ കാരണം കൃത്യമായും അവിടെ ജാതി പ്രവർത്തിക്കുന്നതുകൊണ്ടാണ്. ജാതി എന്ന വാക്ക് പറയാതെ, കലാമണ്ഡലം സത്യഭാമ ആർ. എൽ. വി. രാമകൃഷ്ണനെ അവഹേളിച്ചതുപോലെ.

കെ. രാധാകൃഷ്ണന്‍
കെ. രാധാകൃഷ്ണന്‍

ഏറ്റവും പാർശ്വവത്കൃതരും പട്ടിക വിഭാഗക്കാരുമായ മനുഷ്യർ താമസിക്കുന്ന കോളനികളെ ഇന്നും പൊതുസമൂഹം നോക്കിക്കാണുന്നത് തീണ്ടാപ്പാടകലെ നിർത്തേണ്ട സമൂഹങ്ങളായിട്ടാണ്. നമ്പൂതിരിമാരുടെ തെരുവുകൾക്ക് ഈ അസ്പൃശ്യതയില്ല. സാമൂഹ്യമായി അവർക്കുള്ള ജാതിപ്രിവിലേജ് അവർ വസിക്കുന്ന ഇടങ്ങൾക്കും ലഭിക്കുന്നു.

കോളനി എന്ന പദം കൊളോണിയലിസത്തിൻ്റെ ശേഷിപ്പാണെന്നത് വസ്തുതയാണ്. കൊളോണിയലിസത്തിൻ്റെ ശേഷിപ്പുകളെല്ലാം നെഗറ്റീവല്ലായെന്നത് വേറെ കാര്യം. പേര് എന്നതിൽ ഒരു സാമൂഹ്യാന്തസ്സ് അടങ്ങിയിട്ടുണ്ട് എന്നത് യാഥാർത്ഥ്യമാണ്. പേര് മാറിയതുകൊണ്ട് എന്ത് സംഭവിക്കാൻ എന്ന ചോദ്യം ലളിതയുക്തിയിൽ ഉടലെടുക്കുന്നതാണ്.

ഗാന്ധിയും അംബേദ്കറും തമ്മിലുള്ള വലിയ തർക്കങ്ങളിലൊന്ന് പട്ടികജാതിക്കാരുടെ പേര് സംബന്ധിച്ചതായിരുന്നു.
ഗാന്ധി അവരെ ‘ഹരിജൻ’ എന്നാണ് വിളിച്ചത്. ദൈവത്തിൻ്റെ മക്കൾ എന്ന വിശുദ്ധ വ്യാഖ്യാന മാണ് അദ്ദേഹമതിന് നൽകിയത്. പക്ഷെ അംബേദ്കർ അതിനെ നിരാകരിക്കുകയും, അങ്ങനെയെങ്കിൽ മറ്റുള്ളവരൊക്കെ ആരുടെ മക്കളാണെന്ന ചോദ്യമുന്നയിക്കുകയും ചെയ്തിട്ടുണ്ട്. അടിമ മനോഭാവത്തിൻ്റെയും ആശ്രിതത്വത്തിൻ്റെയും പദപ്രയോഗമായിട്ടാണ് അംബേദ്കർ ‘ഹരിജൻ’ എന്ന പേരിനെ കണ്ടത്. അദ്ദേഹം പട്ടികജാതിക്കാരെ വിളിച്ചത് ദലിത് എന്നാണ്. ആ പേരിലൊരു സാംസ്കാരിക ഔന്നിത്യം അദ്ദേഹം കണ്ടിരിക്കാം.

ഡോ. ബി.ആര്‍. അംബേദ്കര്‍
ഡോ. ബി.ആര്‍. അംബേദ്കര്‍

പ്രതികരികരിക്കാനും ചോദ്യം ചെയ്യാനുമുള്ളൊരു ശേഷി ദലിത് എന്ന് പ്രയോഗത്തിൽ അടങ്ങിയിട്ടുണ്ട്. വർത്തമാനകാലത്ത് ഹിന്ദുത്വ എന്ന രാഷ്ട്രീയ സംഹിതയുടെ എതിർപക്ഷത്ത് ഒരു സ്വാഭാവിക ഇടം ദലിത് എന്ന പദത്തിനുണ്ട്. ആത്മാഭിമാനത്തിൻ്റെ മറുപേരായും സ്വാഭാവിക നീതി നിഷേധിക്കുന്ന ഇടങ്ങളിലെ പ്രതികരണരൂപമായും അംബേദ്കറുടെ ദലിത് എന്ന പദം ഇന്ത്യയിലുടനീളം മാറിയിട്ടുണ്ട്.
പേരിൽ കാര്യമുണ്ട് എന്നതിൻ്റെ ഉദാഹരണമാണിത്.

ഉത്തരാധുനികതയുടെ ഇക്കാലത്ത് ശീലിച്ച പല പദങ്ങളും പൊളിറ്റിക്കലി കറക്ട് അല്ലാതാകുന്നത് മനുഷ്യരുടെ ചിന്തയുടെ കൂടി പുരോഗതിയാണ്. മനുഷ്യ ശരീരത്തിൻ്റെ നിറം, ഘടന, ആകൃതി ഇവയൊക്കെ വ്യത്യസ്തമാകുന്നതിൽ സാമൂഹികമായ ഘടകങ്ങൾ ഏറെയുണ്ട്. ആ വൈവിധ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊതുയിടങ്ങളിൽ പോലും ബോഡി ഷെയ്മിംഗ് നടത്തിയിരുന്നത് അടുത്തകാലം വരെ ഒരു മോശം പ്രവൃത്തി ആയിരുന്നില്ല. അതിനൊക്കെയൊരു തമാശ സ്വഭാവമാണ് പൊതുബോധം നൽകിയിരുന്നത്. മലയാള സിനിമ - ടെലിവിഷൻ മേഖല അത് ആവോളം ആഘോഷിച്ചിട്ടുമുണ്ട്. ഇന്ന് അത്തരത്തിൽ ബോഡി ഷെയ്മിംഗ് നടത്തുന്നവരെ പരിഷ്കരിക്കപ്പെടാത്ത മനുഷ്യരായിട്ടാണ് അടയാളപ്പെടുത്തുന്നത്.

മനുഷ്യർ കൈവരിച്ച ആധുനിക ബോധത്തിൻ്റെ ഫലമാണ്. ട്രാൻസ് മനുഷ്യരെ എത്രമാത്രമാണ് മലയാളി അപഹസിച്ചിട്ടുള്ളത്. ടെലിവിഷനുകളിലെ കോമഡി സ്കിറ്റുകൾ ഇതിനായി മാത്രം ഭാവന ചെയ്യപ്പെട്ടതായിരുന്നില്ലേ? എങ്ങനെയാണ് അതൊക്കെ കാണാമറയത്ത് പോയത്. മനുഷ്യൻ നവീകരിക്കപ്പെട്ടതുകൊണ്ടല്ലേ? വീടുകളിൽ ജോലിക്ക് നിൽക്കുന്നവരെ ഇന്ന് വീട്ടുവേലക്കാരിയെന്ന് ആരും പറയാറില്ല, സിനിമകളിൽപോലും. പകരം സഹായിക്കാനൊരു ചേച്ചിയുണ്ടെന്നേ പറയൂ.

കോളനികളെന്ന പോലെ മുന്നാക്കക്കാരായ നമ്പൂതിരിമാരും കൂട്ടമായി താമസിക്കുന്ന ഇടങ്ങളുണ്ട് നമ്മുടെ സംസ്ഥാനത്ത്. പക്ഷേ രണ്ടിടങ്ങളിലേയും താമസക്കാരായ മനഷ്യരുടെ സാമൂഹ്യാന്തസ്സ് തുല്യമല്ല. / Photo : TA Ameerudheen
കോളനികളെന്ന പോലെ മുന്നാക്കക്കാരായ നമ്പൂതിരിമാരും കൂട്ടമായി താമസിക്കുന്ന ഇടങ്ങളുണ്ട് നമ്മുടെ സംസ്ഥാനത്ത്. പക്ഷേ രണ്ടിടങ്ങളിലേയും താമസക്കാരായ മനഷ്യരുടെ സാമൂഹ്യാന്തസ്സ് തുല്യമല്ല. / Photo : TA Ameerudheen

ചിന്തയിൽ മാത്രമല്ല ഭാഷയിലും കൈവരിച്ച പുരോഗതിയാണത്. അത്തരം കാലാനുസൃതമായ മാറ്റങ്ങൾ സമൂഹത്തിൽ സ്വാഭാവികമായി സംഭവിക്കുന്നതാണ്. ഓഫീസുകളിൽ മുമ്പ് പ്യൂൺ എന്നൊരു വിളിപ്പേരുണ്ടായിരുന്നു. ഇന്നത് ഓഫീസ് അറ്റൻഡൻ്റ് ആണ്. ഇതെല്ലാം പേരുകളിൽ വന്ന പരിഷ്ക്കരണങ്ങളാണ്.

കോളനിയെന്ന കൊളോണിയലിസത്തിൻ്റെയും ജാതി അവഹേളനത്തിൻ്റെയും പദം മാറിയതുകൊണ്ടുമാത്രം മെച്ചപ്പെടുന്നതല്ല കോളനി നിവാസികളുടെ ജീവിത നിലവാരമെന്നത് വേറൊരു രാഷ്ട്രീയ ചർച്ചാവിഷയമാണ്. അതിൻ്റെ മെരിറ്റിൽ തന്നെ ചർച്ചയും നടത്തണം. അടിസ്ഥാന സൗകര്യങ്ങൾപോലുമില്ലാതെ അരികുവത്ക്കരിക്കപ്പെട്ട മനുഷ്യർ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ നടത്തുന്ന സമരങ്ങളാണ് കോളനി ജീവിതങ്ങളിലെ ആകെത്തുക. ഭൂപരിഷ്ക്കരണ നിയമവും നടപ്പാക്കലും ആഘോഷിക്കപ്പെടുന്ന സംസ്ഥാനത്ത് ദലിത് - ആദിവാസി വിഭാഗങ്ങളുടെ പുരോഗതിയെന്നത് കോളനികളുടെ എണ്ണ വർദ്ദനവിൽ മാത്രമാണ്.

1934- ൽ കോട്ടയത്തെ കുറിച്ചിയിൽ തുടങ്ങിയ കോളനി പദ്ധതി സംസ്ഥാന രൂപീകരണത്തിൻ്റെ ആറര പതിറ്റാണ്ട് പിന്നിടുമ്പോൾ മുപ്പതിനായിരത്തിൽ എത്തിനിൽക്കുന്നു. കേവലം പേര് നവീകരണത്തിലൂടെ മാത്രം ലഭിക്കുന്നതാണോ ഇവിടങ്ങളിലെ മനുഷ്യരുടെ സാമൂഹ്യാന്തസ്സ് എന്നതുകൂടി പരിശോധിക്കേണ്ടതാണ്. 1970- ൽ പൂർത്തിയാക്കിയ ഭൂപരിഷ്ക്കരണ പദ്ധതികൾ ദലിതരേയും ആദിവാസികളേയും ഭൂമിയുടെ ഉടമകളാക്കിയില്ലായെന്നതിൻ്റെ ഉത്തമ ഉദാഹരണമാണല്ലോ 1972- ലെ ലക്ഷംവീട് പദ്ധതിയെന്ന സർക്കാർ കോളനികൾ.

പരിഷ്ക്കരിക്കപ്പെടേണ്ടത് പേരുകൾ മാത്രമല്ല, സാമൂഹ്യ- വിഭവാധികാരം കൂടിയാണ്. അല്ലാത്തിടത്തോളം കാലം ഇത്തരം നീക്കങ്ങളിലെ ആത്മാർത്ഥത ചോദ്യം ചെയ്യപ്പെടും.

Comments