ഇന്നത്തെ രാഷ്ട്രീയ- സാമൂഹിക വീക്ഷണത്തിൽ ഇന്ത്യ എന്ന റിപ്പബ്ലിക്കിന്റെ സ്വതന്ത്രമായ നിലപാട് എന്നത് ജാതിനിർമാർജനം, മതമാനവികത, സ്വകാര്യസ്വത്തുക്കളുടെ സംരക്ഷണം എന്നിവയിലൂന്നിയാണല്ലോ നിലകൊള്ളുന്നത്. ഈ മൂല്യങ്ങളിലൂടെയാണ് ഇന്ത്യയുടെ രാഷ്ട്രീയ തിരിച്ചറിവുകൾ പടുത്തുയർത്തപ്പെട്ടിരിക്കുന്നതും. ആ രൂപം ഇന്നും ശക്തമായി തന്നെ നിലകൊള്ളുന്നുണ്ട്.
എന്നാൽ അവകാശങ്ങൾ നിയന്ത്രിക്കപ്പെടുന്ന ഏറ്റവും സങ്കീർണമായ ചുഴിയിൽ വ്യക്തികളും അവരുടെ ചരിത്രബോധങ്ങളും വക്രരൂപത്തിലേക്ക് തള്ളപ്പെട്ടുപോകുന്നുണ്ട് എന്ന ബോധവും അതോടൊപ്പം അപലപനീയമായി തോന്നിയിട്ടുണ്ട്. ഒരു ദലിത് ക്രിസ്ത്യാനിയുടെ ബൗദ്ധിക ചിന്തയുടെ ഉള്ളറയിൽ നിന്ന് സ്വരമായി ഉയർന്നു വന്നുകൊണ്ടിരിക്കുന്ന ചോദ്യങ്ങൾ അനേകമാണ്. അതിലൊന്നാണ് എന്റെ സ്വത്വത്തിലും, വ്യക്തിത്വത്തിലും ഊന്നിയ ഒരു സ്ഥാനം ഈ സമൂഹം അനുവദിച്ചു തന്നിട്ടുണ്ടോ എന്നത്.
ചരിത്രവും തത്വചിന്തയും ഭരണഘടനയും പല വാഗ്ദാനങ്ങൾ മുന്നിൽ വെയ്ക്കുണ്ടെങ്കിലും ചില പ്രധാന ചോദ്യങ്ങൾ ഇന്നും മറയപ്പെട്ടിരിക്കുന്നു. അവയെ വേണ്ടവിധം അടയാളപ്പെടുത്താതെ ഒരു ജനതയെ നിരന്തരം ചോദ്യനിഴലിൽ നിർത്തുന്ന അവസ്ഥയാണ് ചുറ്റുമുള്ളത്. ബ്രഹത്തായ, സാംസ്കാരിക- ആത്മീയ ആഖ്യാനത്തിലൂടെയാണ് ഇന്ത്യയിലെ ദലിത് ക്രൈസ്തവചരിത്രത്തിന്റെ അഭേദ്യമായ തന്തു രൂപപ്പെട്ടുവന്നത്. എന്നാൽ ഇതര ക്രിസ്ത്യൻ സമൂഹങ്ങളെ അപേക്ഷിച്ച്, ദലിത് ക്രിസ്ത്യാനി ചരിത്രം എന്നത് ഒരു നിശ്ശബ്‍ദ നദി പോലെയാണ് ഒഴുകികൊണ്ടിരിക്കുന്നത്. അല്ലെങ്കിൽ മഴ പെയ്ത് മണ്ണിനടിയിൽ മാത്രം വേരോടി, തിളിർത്ത് അവസാനിക്കുന്ന ഒരു സസ്യം പോലെയും ആയിപ്പോവുന്നു.
16-ാം നൂറ്റാണ്ടിലാണ് യൂറോപ്യൻ മിഷണറിമാർ ഇന്ത്യയിലെ തീരങ്ങളിൽ കാലുറപ്പിച്ചത്. അവർ പകർന്നുനൽകിയത് അതിരുകളില്ലാത്ത സ്വാതന്ത്ര്യവും സ്നേഹവും അടിസ്ഥാനമാക്കിയ വിശ്വാസവും വിദ്യാഭ്യാസവുമായിരുന്നു. അത് ഏറെയും അന്നുവരെ നിലനിന്നിരുന്ന അനീതികളെ ജീർണിപ്പിച്ച് സാമൂഹ്യമാറ്റത്തിന്റെ അർത്ഥങ്ങൾ സൃഷ്ടിച്ച വിത്തുകളായി രൂപപ്പെട്ടുവന്നു. എന്നാൽ ദലിതരിൽ വലിയൊരു വിഭാഗം ഈ ഒരു വിശ്വാസ സംഹിതയിലേക്ക് പ്രവേശിച്ചത് പരിത്രാണത്തിന്റെ പ്രതീക്ഷയിലൂന്നിയ മാനവികതയിലായിരുന്നു. അന്നു വരെ കേട്ടിട്ടില്ലാത്തതും അനുഭവിച്ചറിയാത്തതുമായ മനുഷ്യന്റെ സമത്വം, പാപക്ഷമ, ദൈവത്തിന്റെ മുൻപിലുള്ള അനന്തമായ സ്നേഹം എന്നീ ആശയങ്ങൾ ഏറെ പ്രതീക്ഷ നൽകി. അത് ജാതീയ വിവേചനത്താൽ മരണപ്പെട്ടിരുന്ന മനുഷ്യരുടെ പിൻതലമുറക്കാർക്ക് ഏറെ പ്രയോജനകരമായി തീർന്നു.

പിന്നെ കാണുന്നത് വിശ്വാസമതത്തിനുള്ളിൽ തന്നെ മനുഷ്യർ പാളി, പാളികളായി വിഭജിക്കപ്പെടുന്നതായിരുന്നു. സിറിയൻ ക്രിസ്ത്യാനി പ്രാചീനർ എന്നും പുതുതായി വന്നെത്തിച്ചേർന്നവരെന്നും, ദലിതരെന്നും ഒക്കെ മാറ്റിനിർത്തപ്പെടുകയുണ്ടായി. അവിടെ സമൂഹ വിവാഹം, കബറടക്കം, സന്നിധി- എല്ലാം തന്നെ സ്നേഹം, കരുണ എന്ന മൂല്യങ്ങളിൽ അടിസ്ഥാനപ്പെട്ടു. എന്നാൽ കാലങ്ങൾ കഴിയുംതോറും ആ മൂല്യങ്ങൾ ഒരു മാനുഷിക മതത്തിന്റെ ഉള്ളറയിൽ ജാതിച്ചുമരുകളായി ഉയരുന്നതാണ് കാഴ്ചയിലും വായനാനുഭവത്തിലും തിരിച്ചറിയുന്നത്.
ഈ മതം ദലിതർക്ക് അടിസ്ഥാന വിദ്യാഭ്യാസം നൽകി എന്നത് വാസ്തവമാണ്. അപ്പോഴും ജാതിച്ചുമരുകൾക്കുള്ളിലുള്ളവർ, അടിസ്ഥാന ജാതിക്കാർക്ക് മാന്യത നൽകാൻ പലപ്പോഴും മടിച്ചതായി ചരിത്രം പറഞ്ഞുവെയ്ക്കുന്നുണ്ട്. ഇവിടെയാണ് സ്വാതന്ത്ര്യം എന്ന തിരിച്ചറിവ് ഒരു സാമൂഹിക യുദ്ധപ്രഖ്യാപനമായി മാറിത്തീരുന്നത്. "സ്വാതന്ത്ര്യം ഒരു ആശയം അല്ല, അത് തിരിച്ചറിവ് സിദ്ധിക്കുന്ന ഒരു ചരിത്രപ്രക്രിയയാണ്’’ എന്ന് ഹെഗൽ തന്റെ മാസ്റ്റർസ്ലേവ്ഡയലറ്റിക് എന്ന തത്വത്തിൽ വിശദമാക്കിയിരിക്കുന്നത് പ്രസക്തമാകുന്നതും ഇവിടെയാണ്.
ഒരു ദാസനായി ജീവിക്കേണ്ടിവരുന്ന വ്യക്തി സ്വാതന്ത്ര്യത്തിലേക്ക് ഉയരുന്നത്, അവരുടെ സ്വയംതിരിച്ചറിവും സമൂഹം നൽകുന്ന തിരിച്ചറിവിന്റെയും വഴിയിലൂടെയാകുമെന്നും സാരം. ഒരു ദലിത് ക്രിസ്ത്യാനി എന്ന നിലയിൽ ഈ ഫ്രെയിമിലൂടെ നോക്കിക്കാണുമ്പോൾ മനസിലാകുന്നത്, ദലിത് ക്രിസ്ത്യാനിയായി എനിക്കുണ്ടായ വിശ്വാസത്തിലൂന്നിയ മതംമാറ്റം വഴി ഞാൻ മോക്ഷം നേടിക്കഴിഞ്ഞിരിക്കുന്നു എന്നാണ്. എന്നാൽ ഞാൻ ജീവിക്കുന്നത് ഏതു സമൂഹത്തിലാണ് എന്ന ആഴത്തിലുള്ള തിരിച്ചറിവിൽ, എന്റെ സ്ഥാനം ഇന്നും പൂർണ്ണമായി നിർവചിക്കപ്പെടാതെ തുടരുന്ന ഒരു ഡയലറ്റിക്‌സ് ആണ്. ആ തലത്തിൽ എന്റെ ചരിത്രം, എന്റെ വേദനകൾ, എന്റെ അവകാശങ്ങൾ ഒക്കെയും സാമൂഹിക രാഷ്ട്രീയ ചിത്രത്തിൽ നിന്നും, ഇന്നും അദൃശ്യമായ ഒരു സ്ക്രിപ്റ്റ് ആയി മാത്രമേ വായിക്കപ്പെടുന്നുള്ളൂ.
ജാതിഘടനയിൽ നിന്നുള്ള സ്വാതന്ത്ര്യത്തിലേക്ക് മതംമാറ്റം ഒരുപാധിയായി ഡോ. ബാബാ സാഹെബ് അംബേദ്കർ നമ്മുടെ മുന്നിൽ വെക്കുന്നു. അദ്ദേഹം നമ്മെ പഠിപ്പിച്ചത് ജാതി എന്നത് മതപരമായ ആശയമല്ല എന്നതാണ്. എന്നാൽ അതൊക്കെയും ഒരു സാമൂഹിക ഘടനാരൂപമെന്നു ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. ഇവിടെ അംബേദ്കറുടെ വിമർശനം ക്രിസ്ത്യാനിത്വത്തെയും കാര്യമായി ബാധിക്കുന്നുണ്ട്. മതം മാറിയാൽ ജാതി മാറുമോ എന്ന ചോദ്യത്തിന് ഇന്നലെയും ഇന്നും ഇന്ത്യ നൽകുന്ന ഉത്തരം ‘ഇല്ല’ എന്നു തന്നെയാണ്.
ഇവിടെ ദലിത് ക്രിസ്ത്യാനികൾക്ക് റിസർവേഷൻ ഇല്ലാതാകുന്നു. ദലിത് സിഖ്, ഹിന്ദു, ബൗദ്ധ മതങ്ങൾക്ക് അത് ലഭിക്കുകയും ചെയ്യുന്നു. 1950-ലെ പ്രസിഡന്റ് ഓർഡർ പ്രകാരം ഹിന്ദുവായി പിറന്നവർക്കു മാത്രമേ ദലിത് എന്ന സ്വത്വത്തിനു ഉടമയായിരിക്കാൻ കഴിയുകയുള്ളൂ. ഭരണഘടനയുടെ ആത്മാവിനെ തന്നെ വെല്ലുവിളിച്ച ഒരു ചരിത്രഅനീതിയായി ശേഷം അത് മനസിലാക്കപ്പെട്ടു. ഡോ. ബി.ആർ. അംബേദ്കർ ഇന്ന് ജീവിച്ചിരുന്നിരുന്നെങ്കിൽ അദ്ദേഹം പറയുമായിരുന്നു, മതത്തിന്റെ പേരിൽ ജാതി അവകാശങ്ങൾ കവർന്നെടുക്കപ്പെടുക എന്നത് ഭരണഘടനക്കും ന്യായത്തിനും മേലുള്ള ഏറ്റവും വലിയ ദ്രോഹമായിരിക്കും എന്ന്.
ഇന്നത്തെ ഇന്ത്യയിലെ രാഷ്ട്രീയ യാഥാർത്ഥ്യം എന്നത് തന്നെ ദലിത് ക്രിസ്ത്യാനികളുടെ അവകാശങ്ങൾക്കുമേൽ ഒരു രാഷ്ട്രീയ പവർ ഇക്വേഷൻ നിലനിർത്തുക എന്നതാണ്. ബി.ജെ.പി നയിക്കുന്ന ഭരണം റിസർവേഷൻ വ്യാപനം മൊത്തമായും ദുർബലപ്പെടുത്തുന്നു. 2004-ൽ കോൺഗ്രസ് നൽകിയ വാഗ്ദാനങ്ങളെല്ലാം നിയമനിർമാണമില്ലാതെ ഉപേക്ഷിക്കപ്പെട്ടിരുന്നു. കേരളത്തിലും തമിഴ് നാട്ടിലും ക്രിസ്ത്യൻ പള്ളികളിലെ ആന്തരിക രാഷ്ട്രീയവും അതുമായി ബന്ധപ്പെട്ട രാജ്യസംസ്ഥാന തലത്തിലെ പാർട്ടി രാഷ്ട്രീയവും പലപ്പോഴും മതവും, ജാതിയും അടിസ്ഥാനമാക്കി വിഭജിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
അതുകൊണ്ടുതന്നെ ജാതിവേർതിരിവ് പള്ളിക്കുള്ളിലെ സഭാതലത്തിലും, വോട്ട് ബാങ്ക് രാഷ്ട്രീയ പാർട്ടികളിലും തുടർച്ചയായി വ്യാപിക്കപ്പെടുന്നുണ്ട്. ഇന്നും നാഷണൽ പൊളിറ്റിക്കൽ ടേബിളിൽ ദലിത് ക്രിസ്ത്യൻ ചോദ്യങ്ങൾ ഒരു ലോ പ്രിയോറിറ്റി ഫയൽ ആയി തന്നെ തുടരുന്നത് ഭീതിയുണർത്തുന്നതാണ്. ഒരു പക്ഷേ വോട്ട് ബാങ്കിന്റെ ഭാരവും, അല്ലെങ്കിൽ കേന്ദ്ര രാഷ്ട്രീയത്തിന്റെ പ്രാധാന്യവും ഇല്ലാത്തതിനാൽ ഈ പ്രശ്നം പൊതുവേദിയിൽ തന്നെ അന്നും ഇന്നും മറഞ്ഞുകിടക്കുന്നുണ്ട്. സഭക്കുള്ളിലെ സൂക്ഷ്മമായ ജാതിവ്യവസ്ഥയും സമൂഹത്തിനു പുറത്തുനിന്നുമുള്ള അവഗണനകളും ദലിത് ക്രിസ്ത്യാനിക്ക് ഒരു ഇരട്ട അടിച്ചമർത്തലിന്റെ അനുഭവം സൃഷ്ടിക്കപ്പെടുന്നു എന്നത് പച്ചയായ യാഥാർത്ഥ്യമാണ്.

റിസർവേഷൻ അവകാശമാണെന്നും പ്രത്യുത അത് അധഃസ്ഥിത ജനവിഭാഗങ്ങളോട് കാണിക്കുന്ന കരുണയല്ല എന്നതും കാലസമ്പൂർണത കൈവന്ന ഈ കാലഘട്ടത്തിലും മനസിലാകാതെ പോകുന്നത് ഭൂഷണമായി തോന്നുന്നില്ല. ദലിത് ക്രിസ്ത്യാനികൾക്ക് സംവരണം ആവശ്യമാണ് എന്നത് കരുണ നിറഞ്ഞ അപേക്ഷയോ അഭ്യർത്ഥനയോ അല്ല. അത് തികച്ചും ചരിത്രപരമായ അനീതിയെ അടയാളപ്പെടുത്തുകയും, തുല്യത പ്രഖ്യാപിക്കുകയും ചെയ്യുന്ന നിയമപരമായ കടമയാണ്. എസ്.സി റിസർവേഷന്റെ അടിസ്ഥാനമായ ആദ്യ ലക്ഷ്യം എന്നത്, ജാതിഅടിസ്ഥാനത്തിൽ സമൂഹത്തിൽ നേരിടേണ്ടിവന്ന പിന്നാക്കാവസ്ഥയെ (Social Handicap) യുക്തിപരമായി പരിഹരിക്കുക എന്നതാണ്.
ദലിത് ക്രിസ്ത്യാനിയുടെ ജാതി അടിസ്ഥാനത്തിലുള്ള പിന്നാക്കാവസ്ഥ ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ ഒട്ടും മാറിയിട്ടില്ല. ഭരണഘടനാപരമായി തന്നെ ഇഷ്ടമുള്ള മതം സ്വീകരിക്കാം എന്ന അടിസ്ഥാനത്തിൽ, മതംമാറ്റം നടത്തുമ്പോഴും ദലിത് ക്രിസ്ത്യാനികൾക്ക് ഭൂതകാല സാമ്പത്തിക, സാമൂഹിക യാഥാർഥ്യങ്ങളിൽ നിന്ന് യാതൊരു മുന്നേറ്റവും ഉണ്ടാകുന്നില്ല. അതിനാൽ, റിസർവേഷൻ നിരാകരണം എന്ന നിലപാട്, ഭരണഘടന വിഭാവനം ചെയ്യുന്ന മൂല്യങ്ങളും സമത്വവും തമ്മിലുള്ള വൈരുദ്ധ്യത്തിന്റെ ഏറ്റവും ദൃഢമായ ഉദാഹരണമായി ഇന്ന് നമ്മൾ കാണുന്നുണ്ട്.
ദലിതർ, സഭ, രാജ്യം എന്നീ മൂന്നു സ്ഥാപനങ്ങളെ നോക്കി ചില ചോദ്യങ്ങൾ ഞാൻ പൊതുവിടത്തിനു മുന്നിൽ വെക്കുന്നു. എന്തെന്നാൽ ഈ മൂന്നു വേദികളും എന്നെ കാണുന്നുണ്ടോ എന്നതാണ്. അല്ലെങ്കിൽ ഞാൻ ഇന്നും ഒരു അദൃശ്യശരീരമായി തന്നെ നിലനിൽക്കുകയാണോ? എന്റെ ദൈവ വിശ്വാസം എനിക്ക് ഞാൻ ഉൾപ്പെട്ടിരിക്കുന്ന മതത്തിൽ മാന്യത നൽകിയോ? എന്റെ സഭ എനിക്ക് കബറിടം നൽകുന്നുണ്ടോ? എന്റെ സമൂഹം എന്നെ ഒരു സമതുല്യ പൗരൻ ആയി അംഗീകരിക്കുന്നുണ്ടോ?
ഇവിടെ എന്റെ ദൈവവിശ്വാസത്തിലൂന്നിയ മതം എന്റെ ആത്മാവിന് മോക്ഷം തരുന്നു. പക്ഷെ തദവസരത്തിൽ തന്നെ ദേശം എന്റെ അവകാശങ്ങളെ പറിച്ചുമാറ്റുന്നു (Tearing Away). സഭ എന്റെ സ്ഥാനം തിരിച്ചുചോദിക്കുന്നു, മറ്റൊരിടത്ത് മതത്തിനുള്ളിലെ വരേണ്യസ്വത്വങ്ങൾ സ്ഥാനമുറപ്പിക്കുന്നു.
ഇതിനൊക്കെയും മധ്യത്തിൽ ഒരു ദലിത് ക്രിസ്ത്യാനി ഒറ്റപ്പെട്ട്, ശബ്ദമില്ലാതെ മാറ്റിനിർത്തപ്പെടുന്നുണ്ട്. ഇന്ത്യയിൽ ദലിത് പാരമ്പര്യത്തിൽ ഒരു ക്രിസ്ത്യാനി എന്ന നിലയിൽ ഈ മൂന്നു പടികളും ചേർന്ന ഒരു ക്രോസ് റോഡിൽ അന്യവൽക്കരിക്കപ്പെട്ടു പോകുന്നത് പരമോന്നത രാജ്യത്തിന്റെ രീതിശാസ്ത്രമൂല്യച്യുതിയായി മാത്രമേ മനസിലാക്കാൻ കഴിയുന്നുള്ളു. ദലിത് ക്രിസ്ത്യാനിറ്റിയെ സംബന്ധിച്ച്, ഭാവിയിലേക്കുതകുന്ന ചില നിർദ്ദേശങ്ങളിലൊന്ന് ഭരണഘടനാപരിഷ്കാരം തന്നെയാണ്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത്തരം അവകാശങ്ങളുടെ പ്രാതിനിധ്യം ഉറപ്പിക്കുക എന്നതു തന്നെയാണ് അടിസ്ഥാന നീതി.
1950-ലെ പ്രസിഡന്റൽ ഓർഡർ, വ്യാപകമായ സാമൂഹ്യ സംവാദവും പങ്കാളിത്തവും അടിസ്ഥാനമാക്കി പുനഃപരിശോധിക്കേണ്ടത് അനിവാര്യമാണ്. ജാതിയെ, ജനഗണ ക്രിസ്ത്യാനി സമൂഹത്തേയും ഉൾപ്പെടുത്തിയുള്ള സമഗ്ര ജനസംഖ്യാപഠനമായി പരിഗണിക്കേണ്ടിയിരിക്കുന്നു. ദലിത് ക്രിസ്ത്യാനികളുടെ യഥാർത്ഥ ഡാറ്റ, നയനിർമാണത്തിനാവശ്യമായ തെളിവടിസ്ഥാനത്തിലുള്ള ഗവേഷണങ്ങൾ എന്നിവ ഉപകാരപ്രദമാകുന്നതാണ്.

സഭയ്ക്കുള്ളിലെ ജാതിമതിലുകൾ പൊളിച്ചുനീക്കാതെ സാമൂഹ്യനീതിയുടെ തത്വശാസ്ത്രം എന്നത് ശൂന്യമായ വാക്കുകളായി മാറുന്നതാണ് ഇന്നുവരേയും കാണപ്പെട്ടിട്ടുള്ളത്. ആയതിനാൽ യഥാർത്ഥ സാമൂഹിക പരിഷ്ക്കരണം സഭയ്ക്കകത്തു നിന്നുതന്നെ ആരംഭിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ദലിത് ക്രിസ്ത്യാനികളുടെ ബൗദ്ധിക മുന്നേറ്റത്തിന് അക്കാദമിക തലത്തിൽ നിന്ന് തന്നെ കൂടുതൽ സ്വരങ്ങൾ ഉയരേണ്ടതായിട്ടുണ്ട്. എഴുത്ത്, ഗവേഷണം, നിയമ പോരാട്ടം, പൊതുസംവാദം ഇതൊക്കെയാണ് ഭാവിയിലേക്കുള്ള യഥാർത്ഥ സമര രൂപങ്ങൾ.
ഈ ദേശത്ത് ഞാൻ ഒരു ചോദ്യചിഹ്നം മാത്രമായി നിലകൊള്ളുന്നില്ല, മറിച്ച് ഒരു സാക്ഷിയായി വേരുറപ്പിച്ചതിന്റെ പ്രത്യാശയിലാണ്. ചരിത്രം എന്നും നിശ്ശബ്ദതയിൽ പകർത്തിയെഴുതപ്പെട്ടു കൊണ്ടിരിക്കുന്നു. എന്നാൽ ദലിത് ക്രിസ്ത്യാനിയുടെ സ്വരം എല്ലാ ദേശത്തെ ജനാധിപത്യത്തിനുള്ളിലും ഒരു നീണ്ട നിഷ്കളങ്ക ചോദ്യമായി മാത്രമാണ് അവശേഷിക്കുന്നത്. അത്തരം ചരിത്രവായനകൾ ഉയർന്നു വരാതിരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. ഒരു മനുഷ്യനെ തന്റെ ദൈവം സമത്വത്തോടെ സൃഷ്ടിച്ചപ്പോൾ, അവരെ തന്റെ സമൂഹം സമത്വത്തിൽ ജീവിക്കാൻ അനുവദിക്കുന്നുണ്ടോ എന്നത് വീണ്ടും വീണ്ടും ചിന്തകളിൽ പുതുക്കേണ്ടുന്ന ഒന്നായി തീരുന്നു.
ഉഗ്ര പ്രതിപക്ഷത്തിന്റെ ശബ്ദമല്ല ദലിത് ക്രിസ്ത്യാനിക്കുള്ളത്. കാരണം അനീതിയുടെ അർത്ഥശാസ്ത്രം മനസിലാക്കിയ തന്റെ സ്വത്വം സ്വാതന്ത്ര്യത്തിനുവേണ്ടി വിറയ്ക്കുന്ന ശബ്ദത്തിലല്ല, മറിച്ച്, ചിന്തകളുടെ ശൂന്യതയിലാണ് ജനിക്കുന്നത്. ഈ ചോദ്യങ്ങൾ ഒരിക്കലും ഭീകരമായ ഉച്ചത്തിൽ ഉയർത്താൻ ആഗ്രഹിച്ചിട്ടില്ല. എന്നാൽ താൻ ഉൾക്കൊള്ളുന്ന സ്നേഹത്തിലും, കരുണയിലും ഒരു സന്ദേശമായി പങ്കിടാൻ തന്നെയാണ് ആഗ്രഹിക്കുന്നതും. യൂണിവേഴ്സലും പാർട്ടിക്കുലറും സംഗമിക്കുന്ന മാനവികത എന്ന വിശാലമായ ആശയത്തിൽ സമൂഹം ഈ ചോദ്യങ്ങളെ ഹൃദയത്തിൽ നിന്ന് അടയാളപ്പെടുത്തട്ടെ. ഭാവിയിലെ ഗവേഷണങ്ങളും, രേഖകളും പൊതുസംഭാഷണങ്ങളും ഒടുവിൽ ഒരുദിവസം ദലിത് ക്രിസ്ത്യാനികളെ ഭരണഘടന നൽകുന്ന സമത്വത്തിന്റെ വെളിച്ചത്തിലേക്ക് കൊണ്ടുവരുമെന്ന് ഞാൻ സമാധാനത്തോടെ പ്രതീക്ഷിക്കുന്നു.
