ദലിതർക്ക്​ സംവരണവും രാഷ്​ട്രീയ അവകാശങ്ങളും നിഷേധിക്കുന്ന ‘ജാതി മുക്ത കേരളം’

മുഖ്യമന്ത്രിയുടെ പേരിലുള്ള പോസ്റ്റ് ഡോക്​ടറൽ ഫെല്ലോഷിപ്പിൽ പട്ടികജാതി- വർഗ വിദ്യാർഥികൾക്ക് സംവരണമില്ല. അത് ഉന്നതാധികാരികൾ ചർച്ച ചെയ്ത് വിതരണം ചെയ്യുന്നു. വിവിധ സർക്കാർ പദ്ധതികളിൽ സംവരണം പാലിക്കാൻ പോലും പറയാൻ കഴിയാത്ത സാമാജികർ, ആദ്യം പട്ടികജാതി- വർഗക്കാരും പിന്നെ മാത്രം പാർട്ടി പ്രതിനിധികളുമാണ് എന്ന യാഥാർഥ്യം ഉൾക്കൊള്ളാൻ കഴിയാത്തവിധം ‘ജാതിയില്ലാത്ത കേരള’ത്തിലാണ് നാം ജീവിക്കുന്നത്.

കേരള രാഷ്ട്രീയം മതന്യൂനപക്ഷങ്ങൾക്ക് എന്നും പ്രാധാന്യം കൊടുത്തിട്ടുള്ളതായി കാണാം. ക്രിസ്ത്യൻ- മുസ്‌ലിം ന്യൂനപക്ഷങ്ങൾ രാഷ്ട്രീയമായി വേർതിരിഞ്ഞവരും സാമ്പത്തികമായി മെച്ചപ്പെട്ടവരുമാണ്. മുസ്‌ലിം ലീഗ്, കേരള കോൺഗ്രസ് (എം), (ജെ) പോലെ, ന്യൂനപക്ഷങ്ങളുടെ പേരിൽ അറിയപ്പെടുന്ന രാഷ്​ട്രീയ പാർട്ടികൾ മുറിഞ്ഞുകൊണ്ടിരിക്കുകയും അതേസമയം മുന്നണികൾക്കൊപ്പം ഒട്ടിനിൽക്കുകയും ചെയ്​ത ചരിത്രം നമ്മുടെ മുന്നിലുണ്ട്. ഈ രാഷ്ട്രീയ പാർട്ടികൾ കർഷകർ, കച്ചവടക്കാർ, പിന്നാക്ക- ന്യൂനപക്ഷങ്ങൾ എന്നൊക്കെ പറയുമെങ്കിലും ഇവരുടെ രാഷ്ട്രീയവും അല്ലാത്തതുമായ നിലനിൽപിന്​ മതവും മതമേലധ്യക്ഷന്മാരും പുരോഹിത വർഗവും വിവിധതരം ആരാധനാ വിഭാഗങ്ങളും നിർണായക പങ്ക്​ വഹിക്കുന്നതായി കാണാം. അതായത്, മതവും രാഷ്ട്രീയവും തമ്മിൽ വേർതിരിക്കാനാകാത്ത ബന്ധം കേരളത്തിലെ ന്യൂനപക്ഷ രാഷ്ട്രീയ ചരിത്രത്തിനുണ്ട്.

പൊതുവിൽ കോൺഗ്രസ് മുന്നണിയിൽ ചേരാനാണ് ഇവർക്ക് സ്വഭാവിക ചോദനയെങ്കിലും അധികാര കൈമാറ്റങ്ങൾക്കൊപ്പമല്ലാതെ ഈ രാഷ്ട്രീയ- മത കൂട്ടുകെട്ടിന് അധികം നിലനിൽക്കാൻ പറ്റില്ല. ചുരുക്കിപ്പറഞ്ഞാൽ, അധികാരത്തെ ചോദ്യം ചെയ്യുന്ന രാഷ്ട്രീയമല്ല, അവർ പിന്തുടരുക. മറിച്ച്, അധികാരത്തോടുകൂടി നിൽക്കുക അല്ലെങ്കിൽ, അധികാരികളായി മാറുക എന്നതാണ് ഈ രാഷ്ട്രീയത്തിന്റെ ഉദ്ദേശ്യലക്ഷ്യം.

Photo: nss.org.in

ന്യൂനപക്ഷങ്ങൾ രാഷ്ട്രീയത്തിൽ ചെലുത്തിയ സ്വാധീനം പോലെയോ അല്ലെങ്കിൽ ആ വഴിക്കോ സാമൂഹിക ഉന്നതി നേടിയ വിഭാഗങ്ങളാണ് നായർ സർവീസ് സൊസൈറ്റിയും എസ്.എൻ.ഡി.പിയും പ്രതിനിധീകരിക്കുന്ന നായർ- ഈഴവ സമുദായങ്ങൾ. സ്‌കൂളുകൾ, കോളേജുകൾ, ആശുപത്രികൾ എന്നിവയുടെ മുതലാളിമാരായി സ്വന്തം സമുദായത്തിലെ ആൾക്കാർക്ക് സർക്കാർ ജോലി തരപ്പെടുത്തി കൊടുക്കുക വഴി ഖജനാവിന്റെ നല്ല ശതമാനം നേടിയെടുക്കാൻ കഴിയുന്നതുകൊണ്ടുതന്നെ ഇവർക്കും അധികാരവും പദവിയും കൂടാതെ പ്രതിപക്ഷത്തിരിക്കാൻ കഴിയില്ല. ഈ ജാതിസംഘടനകൾ ഒന്നുകിൽ ക്രിസ്​ത്യൻ- മുസ്‌ലിം സമുദായങ്ങൾക്കൊപ്പം രാഷ്ട്രീയ- സാമ്പത്തിക ഇടപാടുകൾ നടത്താൻ താൽപര്യമുള്ളവരും അവരുമായി ഒരു രാഷ്ട്രീയ സമവായത്തിനുപോലും കഴിയുന്നവരുമാണ്. അതുകൊണ്ടുതന്നെ കേരളത്തിലെ പാവപ്പെട്ടവരുടെ, പ്രത്യേകിച്ച് പട്ടികജാതി- പട്ടികവർഗ വിഭാഗങ്ങളുടെ, ജനാധിപത്യ- രാഷ്ട്രീയ- സാമ്പത്തിക പ്രശ്‌നങ്ങൾ കേരളത്തിലെ ഒരു പാർട്ടിയുടെയും അജണ്ടയേ അല്ല.

കേരളത്തിലെ ദലിത് ക്രൈസ്തവരുടെ പ്രശ്‌നങ്ങൾ ഒരു രാഷ്ട്രീയ പാർട്ടിയുടെയും അജണ്ടയിലില്ല. ആറു ശതമാനം വരുന്ന ഈ വിഭാഗങ്ങളുടെ രാഷ്ട്രീയവും സാമുദായികവുമായ അവകാശങ്ങൾ കേരള രാഷ്ട്രീയത്തിന്റെ ഭൂമികയിൽ ഒരിക്കലും പ്രശ്‌നമായി വന്നിട്ടില്ല.

Photo: Shafeek Thamarassery

മധ്യ തിരുവിതാംകൂറിൽ പുലയരിലും പറയരിലും കുറവരിലും പെട്ടിരുന്നവർക്ക്​മിഷനറി പ്രവർത്തനങ്ങളുടെ ഫലമായി സ്വാതന്ത്ര്യത്തിന്റെ കാറ്റ് ലഭിച്ചു. പലപ്പോഴായി ക്രിസ്തുമതം സ്വീകരിച്ച ഈ ജനത ക്രിസ്തുമതത്തോടും മത പുസ്തകത്തോടും കലഹവും എതിർപ്പും പ്രകടിപ്പിച്ചപ്പോഴും തങ്ങളുടെ വിശ്വാസത്തിൽനിന്ന് പുറത്തുകടക്കേണ്ടത്​ ഒരാവശ്യമാണ്​ എന്ന്​ അവർക്ക്​തോന്നിയിട്ടില്ല. ഹൈന്ദവവൽക്കരിക്കപ്പെടുന്ന രാഷ്ട്രീയ കാലാവസ്ഥയിൽ പട്ടികജാതി പദവി എന്ന ആവശ്യം നടപ്പാക്കപ്പെടുമെന്ന് വിശ്വസിക്കാനും വയ്യ. അങ്ങനെ വരുമ്പോൾ കേരളത്തിൽ ഈ വിഭാഗങ്ങൾക്ക്​പ്രത്യേക പരിഗണനയിലൂടെ സംവരണം ഏർപ്പെടുത്തി അവരുടെ സാമൂഹിക സുരക്ഷയും പിന്നാക്കാവസ്ഥയും പരിഗണിക്കേണ്ടതാണ്.

കേരളത്തിലെ പട്ടികജാതിക്കാർക്ക് സ്വന്തമായി രാഷ്ട്രീയ പാർട്ടിയുണ്ടോ? പത്തു ശതമാനത്തിനുമുകളിൽ വരുന്ന ഈ വിഭാഗത്തിനെ രാഷ്ട്രീയമായി ആരാണ് പ്രതിനിധാനം ചെയ്യുക? നമ്മളാണ് പട്ടികജാതിക്കാരുടെ രാഷ്ട്രീയ ശബ്ദമെന്ന് കമ്യൂണിസ്റ്റ് പാർട്ടികൾ അവകാശപ്പെടും. അത് പാവപ്പെട്ടവർ, തൊഴിലാളികൾ എന്നീ സങ്കൽപ്പത്തിലൂടെയാണ്​. അവരുടെ ജാതിസ്വത്വത്തെ ഒരിക്കലും അംഗീകരിക്കാൻ കമ്യൂണിസ്റ്റ് പാർട്ടികൾക്ക് കഴിയില്ല. കാരണം, കമ്യൂണിസ്റ്റുകാരിൽ നായരില്ല, ക്രിസ്ത്യാനിയില്ല, പുലയരില്ല. അതുകൊണ്ട് പറയരുമില്ല. ഞങ്ങളിലില്ല ഹൈന്ദവ രക്തം, ക്രൈസ്തവ രക്തം എന്നിങ്ങനെ നീണ്ടുപോകുന്നതാണ് ഇവരുടെ മുദ്രാവാക്യങ്ങൾ. പ്രകടമായി നിലനിൽക്കുന്ന ജാതിയെ അംഗീകരിക്കുന്നില്ല. എന്നാൽ, മതം ഉണ്ടുതാനും. ന്യൂനപക്ഷങ്ങളുടെ സവിശേഷമായ പ്രശ്‌നത്തെ മുൻനിർത്തിയാണ് കമ്യൂണിസ്റ്റുകാർ അവരുടെ രാഷ്ട്രീയം പറയുന്നത്.

എന്നാൽ, 30,000 കോളനികളിലും പുറമ്പോക്കിലുമായി തിങ്ങിത്താമസിക്കുന്ന പട്ടികജാതിക്കാരെ രാഷ്ട്രീയമായി അഭിസംബോധന ചെയ്യാൻ കമ്യൂണിസ്റ്റ് പാർട്ടിക്ക് കഴിയുന്നില്ല. അപ്പോൾ, കോൺഗ്രസുകാരോ എന്ന ചോദ്യം ഉയരാം. കോൺഗ്രസ് പട്ടികജാതിക്കാരുടെ പ്രശ്‌നങ്ങളിൽനിന്ന് ഓടിപ്പോകുന്നുണ്ടെങ്കിലും അവരുടെ സവിശേഷമായ സാമൂഹ്യ- സാമ്പത്തിക- രാഷ്ട്രീയ പ്രശ്‌നം വേറിട്ടുനിൽക്കുന്നതാണെന്ന തത്വത്തിലെങ്കിലും അംഗീകരിക്കുന്നുണ്ട്. എന്നാൽ, ഇടതുപക്ഷം പ്രത്യേകിച്ച്, കമ്യൂണിസ്റ്റ് പാർട്ടികൾ പട്ടികജാതിക്കാരെ ഇന്നുവരെ രാഷ്ട്രീയമായി സംബോധന ചെയ്തിട്ടില്ല.

മല്ലികാർജുൻ ഖാർഗെ

മറ്റു സംസ്ഥാനങ്ങളിൽ പട്ടികജാതി, ദലിത് രാഷ്ട്രീയം നിലനിൽക്കുന്നതുകൊണ്ടുതന്നെ ആത്മാഭിമാനമുള്ള അംബേദ്കറിസ്റ്റുകൾ രാഷ്ട്രീയത്തിൽ ഇടപെടുന്നുണ്ട്. തമിഴ്‌നാട്ടിൽ, കർണാടകയിൽ ചില പ്രദേശങ്ങളിലെങ്കിലും തലയെടുപ്പുള്ള നേതാക്കൾ ഈ വിഭാഗത്തിൽനിന്നുണ്ടായിവന്നിട്ടുണ്ട്. മല്ലികാർജുൻ ഖാർഗെയാണ് കർണാടകത്തിൽനിന്നുള്ള അനേകം നേതാക്കളിൽ ഇന്ന് പ്രമുഖൻ.
ജാതിവിരുദ്ധ രാഷ്ട്രീയ സമീപനത്തിൽ കേരളത്തിന് ഉപരിപ്ലവമായ ചില മുദ്രാവാക്യങ്ങൾ മാത്രമാണുള്ളത്​. അല്ലാതെ, ജാതിയെ രാഷ്ട്രീയപരമായി കേരളം നേരിട്ടിട്ടില്ല. അയ്യൻകാളിയും പൊയ്കയിൽ അപ്പച്ചനും ചട്ടമ്പിസ്വാമിയും ശ്രീനാരായണഗുരുവും സഹോദരൻ അയ്യപ്പനും കേരളത്തിലെ ജാതിയെ സവിസ്തരം നേരിട്ടുകൊണ്ടാണ് ഈ സമൂഹത്തെ തിരുത്തിപ്പോയിട്ടുള്ളത്. എന്നാൽ, കമ്യൂണിസ്റ്റ് രാഷ്ട്രീയധാരയ്ക്ക് ജാതിയില്ല. എന്നാൽ, മതത്തെ അതിന്റെ രാഷ്ട്രീയ രൂപത്തിൽ തന്നെ അംഗീകരിച്ചിട്ടുണ്ട്. കേരളത്തിലെ അടിത്തട്ട് സമൂഹമായ പട്ടികജാതി- ദലിത് വിഭാഗങ്ങൾക്ക് ആത്മാഭിമാനത്തോടെ രാഷ്ട്രീയകർതൃത്വം നിർവഹിക്കണമെങ്കിൽ ‘നമുക്ക് ജാതിയുണ്ട്’ എന്നാണ് നാം സമകാലിക സമൂഹത്തിൽ ആദ്യ പറയേണ്ടതും സാമൂഹിക രാഷ്ട്രീയ വ്യവഹാരത്തിലും അത് അംഗീകരിക്കേണ്ടതും. ഒന്നുണ്ടായിരിക്കേ അത് ഇല്ല എന്നു കരുതുന്നത് എന്ത് മണ്ടത്തരമാണ്?

കേരള നിയമസഭയിൽ 14 അംഗങ്ങൾ പട്ടികജാതി- വർഗ വിഭാഗങ്ങളിൽ പെടുന്നതുകൊണ്ടുമാത്രം തെരഞ്ഞെടുക്കപ്പെട്ടവരാണ്. ഒരു മന്ത്രിയും അനേകം ഭരണകക്ഷി സാമാജികരുമുണ്ട്. പട്ടികജാതി- പട്ടിക വർഗ വിദ്യാർഥികളുടെ പഠനസൗകര്യം ഉറപ്പുവരുത്താനോ കൃത്യമായി ഫെല്ലോഷിപ്പ് വിതരണം ചെയ്യാനോ പോലും ഈ വകുപ്പുകൾക്ക് കഴിയുന്നില്ല. ഉന്നത വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പല പദ്ധതികളിലും പട്ടികജാതി- പട്ടികവർഗ സംവരണം പാലിക്കുന്നില്ല. അവർ പട്ടികജാതി- വർഗ വിദ്യാർഥികളെ മറന്നുപോകുന്നു. സ്വഭാവിക മറവി. മുഖ്യമന്ത്രിയുടെ പേരിലുള്ള പോസ്റ്റ് ഡോക്​ടറൽ ഫെല്ലോഷിപ്പിന് പട്ടികജാതി- വർഗ വിദ്യാർഥികൾക്ക് സംവരണമില്ല. അത് ഉന്നതാധികാരികൾ ചർച്ച ചെയ്ത് വിതരണം ചെയ്യുന്നു. വിവിധ സർക്കാർ പദ്ധതികളിൽ സംവരണം പാലിക്കാൻ പോലും പറയാൻ കഴിയാത്ത സാമാജികർ, ആദ്യം പട്ടികജാതി- വർഗക്കാരും പിന്നെ മാത്രം പാർട്ടി പ്രതിനിധികളുമാണ് എന്ന യാഥാർഥ്യം ഉൾക്കൊള്ളാൻ കഴിയാത്തവിധം ജാതിയില്ലാത്ത കേരളത്തിലാണ് നാം ജീവിക്കുന്നത്. എന്തു സുന്ദരമാണ് എന്റെ കേരളം! മലയാളികളുടെ മാതൃഭൂമി!

Comments