മനുഷ്യൻ എന്ന അർത്ഥത്തിൽ ഒരു വ്യക്തി അംഗീകരിക്കപ്പെടുന്നതിന് മതമോ ജാതിയോ ദേശമോ ഘടകമല്ലാത്ത കാലത്തെ എല്ലാവരും സ്വപ്നം കാണുന്നുണ്ട്. അതിനുവേണ്ടിയുള്ളതാണ് എല്ലാ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക ഇടപെടലുകളും. എന്നാൽ അവിടെയൊക്കെ വ്യക്തികൾ സ്വാർത്ഥവും സാമൂഹ്യവുമായ താൽപര്യങ്ങൾക്ക് വിധേയമാകുന്നു. ഈ രീതിക്ക് മനുഷ്യൻ്റെ പിറവിയോളം പഴക്കമുണ്ട്. അതിനെ മറികടക്കുന്നതിനാണ് ലോകത്ത് എല്ലായിടത്തും നവോത്ഥാന പ്രവർത്തനങ്ങൾ നടന്നിട്ടുള്ളത്. അതുവഴി രൂപപ്പെട്ട മൂല്യബോധം മനുഷ്യനെ നവീകരിച്ചു എന്നാണ് പൊതുവായ നിരീക്ഷണം. എന്നാൽ അത്തരം നവോത്ഥാനപ്രക്രിയകൾ സംഭവിക്കാത്ത ദേശങ്ങളിൽ മനുഷ്യരിപ്പോഴും എല്ലാ അർത്ഥത്തിലും ഏറെ ദയനീയമായ ജീവിതം നയിക്കുന്നുണ്ട്. ദാരിദ്ര്യവും പട്ടിണിയും നിരക്ഷരതയും ഇതിൻ്റെ ഒപ്പം നിൽക്കുന്നതാണ്. അതായത്, 21-ാം നൂറ്റാണ്ടിലും നവോത്ഥാനം തുടരേണ്ടിയിരിക്കുന്നു. എന്നാൽ നവോത്ഥാനവും സമത്വബോധവും നീതിന്യായ വ്യവസ്ഥയും നിലനിൽക്കുന്നിടത്ത് എന്തുകൊണ്ട് വംശീയത നിലനിൽക്കുന്നു എന്നത് പ്രധാന ചോദ്യമാണ്.
മനുഷ്യൻ അവരുടെ ജ്ഞാനബോധം കൊണ്ടാണ് സാമൂഹിക ഇടപെടലിൽ സമത്വവും സാഹോദര്യവും നിലനിർത്തുന്നത്. ആ അർത്ഥത്തിൽ ഇന്ത്യയിലെ ഇതര ദേശങ്ങളിൽ നിന്ന് കേരളം വ്യത്യസ്തമാകുന്നത് നവോത്ഥാനം നൽകിയ തിരിച്ചറിവുകൊണ്ടാണ്. അങ്ങനെയാണ് പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. അതിൽ കുറേ വാസ്തവങ്ങൾ ഉണ്ടുതാനും. പക്ഷെ, അത്തരം യാഥാർത്ഥ്യങ്ങൾക്കിടയിലും മനുഷ്യമനസ്സിൽ നിന്നും മാറ്റാൻ കഴിയാത്ത വിധം ചില സമീപനങ്ങൾ ഇപ്പോഴും കേരളീയ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. അതിനെ മറികടക്കാൻ നിലവിലുള്ള സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക, സാമ്പത്തിക വ്യവസ്ഥയ്ക്കൊന്നും കഴിയുന്നില്ല. അത് സ്വന്തം ദൗർബല്യം നിരന്തരം തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവിൽ പേരൂർക്കട പോലിസ് സ്റ്റേഷനിൽ ബിന്ദു എന്ന ദലിത് യുവതി താൻ അനുഭവിച്ച പീഡനം ലോകത്തോട് വിളിച്ചു പറഞ്ഞപ്പോഴും ‘പ്രബുദ്ധ’ കേരളം ഞെട്ടിയില്ല.

തൻ്റെ ജാതിയും തൊലിയുടെ നിറവുമാണ് പീഡനത്തിന് കാരണമെന്ന് ബിന്ദു തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. ഇതിനു സമാനമായ സാമൂഹിക സാഹചര്യങ്ങൾ ദലിത്- പിന്നാക്ക അടിത്തട്ട് മനുഷ്യർ ഇതിന് മുമ്പും കേരളത്തിൽ അനുഭവിച്ചിട്ടുണ്ട്. 2018-ൽ അട്ടപ്പാടിയിലെ മധുവിൻ്റെ ആൾക്കൂട്ട വിചാരണയും വധവും. 2023-ൽ കള്ളൻ എന്ന ആക്ഷേപത്തെത്തുടർന്ന് മെഡിക്കൽ കോളേജിൽ തൂങ്ങിമരിച്ച വിശ്വനാഥനും വ്യവസ്ഥിതിയുടെ ഇരകളാണ്. സവർണ്ണ മുഖ്യധാരാ മേഖലയിലെ മനുഷ്യർക്കേ ആത്മാഭിമാനമുള്ളൂ എന്നൊരു ധാരണ ഇപ്പോഴും സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. ബിന്ദു തന്നെ പറഞ്ഞിട്ടുണ്ട്, മക്കളെ ഓർത്തുകൊണ്ടാണ് ആത്മഹത്യ ചെയ്യാതിരുന്നതെന്ന്. ഇങ്ങനെ എത്രയോ ദുരഭിമാനക്കൊലപാതകങ്ങളും കസ്റ്റഡി മരണങ്ങളും കേരളത്തിൽ നടന്നിട്ടുണ്ട്.
കോളനി ജീവിതം എങ്ങനെ മുഖ്യധാരാജീവിത പരിസരങ്ങളിൽ നിന്ന് ഭിന്നമാകുന്നു എന്നും കോളനി ജീവിതങ്ങളെ ക്രിമിനൽ പരിസരത്തുള്ളവരായി ചിത്രീകരിക്കുന്നതിൽ വ്യവസ്ഥിതി എന്തുകൊണ്ട് വിജയിക്കുന്നു എന്നുമുള്ളതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ് ബിന്ദു.
ഇത്തരത്തിലുള്ള കേസുകളിൽ കുടുക്കപ്പെടുന്നത് ചില പ്രത്യേക വിഭാഗം മനുഷ്യരാണ്. അവരെ മുഖ്യധാരാ ജീവിതപരിസരത്തേക്ക് എത്തിക്കാൻ കഴിയാത്തതിലെ ഒന്നാം പ്രതി ഇതേവരെ മാറിമാറി ഭരിച്ച രാഷ്ട്രീയ പ്രസ്ഥാനങ്ങളാണെന്ന് അടിവരയിട്ട് പറയാം. കേരളത്തിൽ ഇപ്പോഴും അതി ദരിദ്ര കുടുംബങ്ങളുണ്ട് എന്നതിന് സർക്കാർ തന്നെ പുറത്തുവിട്ട കണക്കുകൾ നമുക്ക് മുമ്പിലുണ്ട്. അവരുടെ കോളനി ജീവിതം എങ്ങനെ മുഖ്യധാരാജീവിത പരിസരങ്ങളിൽ നിന്നും ഭിന്നമാകുന്നതെന്നും കോളനി ജീവിതങ്ങളെ ക്രിമിനൽ പരിസരത്തുള്ളവരായി ചിത്രീകരിക്കുന്നതിൽ വ്യവസ്ഥിതി എന്തുകൊണ്ട് വിജയിക്കുന്നു എന്നുള്ളതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ് ബിന്ദു എന്ന ഇര. അവർ അനുഭവിച്ച ആത്മാഭിമാനക്ഷതം ഒരു പോലീസുകാരന്റെ സസ്പെൻഷനിലൂടെയോ സോഷ്യൽ മീഡിയ പ്രതിഷേധത്തിലൂടെയോ അവസാനിക്കുന്നതല്ല. അവസാനിപ്പിക്കേണ്ടതുമല്ല. മറിച്ച്, എന്തുകൊണ്ട് തെളിവില്ലാതെ ദലിത് സ്ത്രീയെ ഇരയായി / കുറ്റവാളിയായി പ്രഖ്യാപിക്കുന്നു . അതിനെയാണ് ഇനിയെങ്കിലും പൊതു സമൂഹം ചോദ്യം ചെയ്യേണ്ടത്.

കേസിനാസ്പദമായ വീട്ടുടമയുടെ പരാതി സ്വീകരിക്കേണ്ടത് പോലീസ് കൃത്യ നിർവഹണത്തിന്റെ ഭാഗമാണ്. തുടർന്ന് പോലീസ് സ്റ്റേഷനിൽ നടന്ന സംഭവത്തിൻ്റെ മൂലകാരണം, ബിന്ദുവിന്റെ സാമൂഹിക പദവിയാണ്. അവർ ദലിത് സ്ത്രീയാണ്. തൊഴിൽ, വീടുകളിലെ ശുചീകരണമാണ്. ഇത്തരം മനുഷ്യരെ എങ്ങനെയും കൈകാര്യം ചെയ്യാം എന്നൊരു ധാരണ അധികാര വാഴ്ചയുടെ ഭാഗമായി നിലനിൽക്കുന്നു. വേടൻ്റെ അറസ്റ്റിലും സംഭവിച്ചത് അതാണ്. പിന്നീട് വ്യവസ്ഥിതിക്ക് അത് തിരുത്തേണ്ടിവന്നത് ‘മനുഷ്യപക്ഷ’ത്തുനിന്നുള്ള ഇടപെടലും വേടൻ എന്ന കലാകാരന് കിട്ടിയ പിന്തുണയും മൂലമാണ്. അപ്പോഴും ഇവരുടെ സാമൂഹ്യസ്വത്വം രാഷ്ട്രീയ പ്രതിസന്ധിയായി നിലനിൽക്കുന്നുണ്ട്.
അതായത് ദലിത് മനുഷ്യർ ഇത്തരം ഇടപെടലിൽ പ്രതികളാകാൻ യോഗ്യതയുള്ളവരാണ് എന്ന് വ്യവസ്ഥിതി നിരന്തരം പ്രഖ്യാപിക്കുകയാണ്. അതിനു കാരണം, സ്റ്റേറ്റിന്റെ വ്യത്യസ്ത അധികാര ഘടനകളിൽ പാർശ്വവൽകൃത വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന ഉന്നത ഉദ്യോഗസ്ഥരുടെ പ്രാതിനിധ്യക്കുറവാണ്. അവർക്കുവേണ്ടി ശബ്ദിക്കാൻ ശക്തരായ മനുഷ്യരോ പ്രസ്ഥാനമോ ഇല്ല. മാത്രമല്ല, അങ്ങനെ ഏതെങ്കിലും ഒരിടത്ത് ഉയർന്ന ഉദ്യോഗസ്ഥനുണ്ടെങ്കിൽ അവരെ മാനസികമായി പീഡിപ്പിക്കുന്ന രീതി ഇപ്പോഴും കേരളത്തിലെ പല സർവീസ് മേഖലകളിലും നിലനിൽക്കുന്നുണ്ട്. കറുപ്പിന്റെ പേരിൽ താൻ അനുഭവിച്ച വേദന ഉയർന്ന പദവിയിലിരുന്ന ചീഫ് സെക്രട്ടറി ശാരദ മുരളി തന്നെ തുറന്നു പറഞ്ഞതാണ്. അതേ സ്ഥാനത്ത് പദവിയോ സ്ഥാനമോ വിദ്യാഭ്യാസമോ അധികാരമോ ഇല്ലാത്തവരോടുള്ള പൊതുസമീപനം എന്തായിരിക്കും. അത് ജനാധിപത്യവിരുദ്ധമാണ്. എന്നാലും നാം കേരളം മാതൃകയാണെന്ന് പറഞ്ഞ് അഭിമാനം കൊള്ളും. ആ അഭിമാനം അടിത്തട്ട് മനുഷ്യർക്ക് അനുഭവിക്കാൻ കഴിയുന്നില്ല എന്ന സത്യത്തെ പലരും കാണുന്നില്ല. കണ്ടവർ ഇത് തങ്ങളുടെ വിഷയമല്ലെന്ന് നടിച്ച് മാറി നടക്കുന്നു. ബിന്ദുവിൻ്റെ വിഷയത്തിലും അത് പ്രകടമാണ്.

ഇരയായ സ്ത്രീയുടെ സാമൂഹ്യ പദവിയെ ആർക്കും എങ്ങനെയും വ്യാഖ്യാനിക്കാം. എന്നാൽ പരാതി നൽകിയ വീട്ടുടമ ഓമന ഡാനിയലിനെ വിസ്തരിക്കാൻ മാധ്യമങ്ങൾക്ക് കഴിയുന്നില്ല. കാരണം, അവരുടെ സാമൂഹ്യപദവി അസ്പർശ്യതയുടെതല്ല. അതാണ് ഈ വിഷയത്തിൽ മീഡിയ പിന്നോട്ടു നിൽക്കുന്നത്. അതൊടൊപ്പം പുരോഗമന വ്യവസ്ഥയിലെ നിയമ സംവിധാനം ഇത്തരം മനുഷ്യർക്ക് ഒപ്പമല്ല എന്ന് പോലീസ് സംവിധാനം നിരന്തരം വിളിച്ചു പറയുകയാണ്. ഉന്നയിക്കപ്പെട്ട പരാതിയിൽ യാഥാർത്ഥ്യമുണ്ടോ എന്ന് അന്വേഷിക്കുന്നതിനപ്പുറത്തേക്ക് കുറ്റം തെളിയിക്കുന്നത് വരെ കുറ്റാരോപിതർക്ക് ലഭ്യമാകേണ്ട നിയമപരമായ പരിരക്ഷ ഇരയ്ക്ക് നൽകാതിരിക്കുന്നതിന്റെ കാരണം, ഇരയുടെ ജാതിയും സാമൂഹിക പദവിയുമാണ്. ''നിന്നെ എന്ത് ചെയ്താലും ചോദിക്കാൻ ആരുമില്ല" എന്ന സവർണ്ണബോധം തന്നെയാണ് കുടിക്കാൻ വെള്ളം പോലും നൽകാത്തതിൻ്റെ കാരണം. മാത്രമല്ല, അവരുടെ ജാതിയും തൊലിയുടെ നിറവും പറഞ്ഞുകൊണ്ടുള്ള അധിക്ഷേപം അധികാരഘടനയിൽ നിന്നാണ് ഉണ്ടാവുന്നത്. അതൊരു സർക്കാർ സ്ഥാപനമാണ്.
ഇരയായ സ്ത്രീയുടെ സാമൂഹ്യ പദവിയെ ആർക്കും എങ്ങനെയും വ്യാഖ്യാനിക്കാം. എന്നാൽ പരാതി നൽകിയ വീട്ടുടമ ഓമന ഡാനിയലിനെ വിസ്തരിക്കാൻ മാധ്യമങ്ങൾക്ക് കഴിയുന്നില്ല.
അതിനുമുകളിലെ സംവിധാനത്തെയോ ഭരണവകുപ്പിനെയൊ അധികാരികൾക്ക് ഭയമില്ല. കാരണം, ഇരയുടെ സാമൂഹ്യ പദവിയാണ്. ഇത് ഒന്നോ രണ്ടോ തവണ കേരളത്തിൽ സംഭവിച്ചതല്ല. ഇതിന്ന് തുടർച്ച ഉണ്ടാകുന്നു എന്നതാണ് മലയാളിയുടെ പൊങ്ങച്ച സാംസ്കാരിക ബോധ്യത്തിനുള്ളിലെ ജാതിയും അതിനുള്ളിൽ ചീഞ്ഞുനാറുന്ന മാനസികാവസ്ഥയും ലോകത്തോട് പറയുന്നത്. എത്രതന്നെ സാംസ്കാരിക നവോത്ഥാനത്തെയും രാഷ്ട്രീയ മൂല്യബോധത്തെയും കുറിച്ചു പറഞ്ഞാലും സമൂഹത്തിലെ മനുഷ്യരെ തുല്യരായി കാണാൻ കഴിയാത്തിടത്തോളം നാം നേടിയതൊന്നും മനുഷ്യനെ മനുഷ്യനായി കാണാനുള്ള അറിവ് നൽകുന്നില്ല. ഇതിനെയാണ് ജാതിവ്യവസ്ഥ എന്ന് പറയുന്നത്.
ദലിത് ചിന്തകനായ കെ. കെ. ബാബുരാജ് സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച കുറിപ്പ് കൂടി ഈ എഴുത്തിൻ്റെ ഭാഗമായി വായിക്കാം: "പേരൂർക്കടയിൽ പോലീസ് പീഡനത്തിന് വിധേയയായ ബിന്ദു എന്ന ദലിത് സ്ത്രീയുടെ ഫോട്ടോകളും സംഭാഷണവും കേരളത്തിലെ മുഴുവൻ മാധ്യമങ്ങളിലൂടെയും പ്രചരിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ബിന്ദുവിനെതിരെ വ്യാജ പരാതി നൽകിയ ഓമന ഡാനിയേലിന്റെയോ മകളുടെയോ ഫോട്ടോയും സംഭാഷണങ്ങളും ഇതേ വരെ ഒരു മാധ്യമവും കാണിച്ചിട്ടില്ല. സസ്പെൻഡ് ചെയ്യപ്പെട്ട എസ്.ഐ. പ്രസാദിന്റെയും അയാളുടെ കൂട്ടു പ്രതികളായ പോലീസുകാരുടെ ദൃശ്യതയും ഇതേ പോലെ തന്നെ രഹസ്യമായി തുടരുകയാണ്.
ഇന്നലെ മാതൃഭൂമി ചാനലിൽ അഭിലാഷ് മോഹൻ ഉന്നയിച്ച വൻ ചോദ്യമുണ്ട്:
വേടന് കൈ കൊടുത്ത മുഖ്യമന്ത്രി ബിന്ദുവിനെ തിരിച്ചറിയുമോ എന്ന്. ഒട്ടേറെ ആൾക്കാർ ഈ ചോദ്യത്തിലെ വംശീയത മനസ്സിലാക്കാതെ അത് ഷെയർ ചെയ്തിട്ടുണ്ട്. ദലിതർ എന്നും പതിതർ ആയിരിക്കണമെന്നല്ലേ ഈ പറയുന്നത്. വേടനെ പോലെ ആരെങ്കിലും ഉയർന്നുവന്നാൽ അവരോടുള്ള സംസർഗം സീൽഡ് ഓഫ് ചെയ്യണം എന്ന കല്പനയാണ് വൻ ധാർമിക പ്രശ്നമായി അഭിലാഷും മാതൃഭൂമിയും ഉന്നയിക്കുന്നത്. പീഡിതയായ ദലിത് സ്ത്രീയുടെയും അവരുടെ ഭർത്താവിന്റെയും ചിത്രങ്ങൾ എല്ലാവർക്കും പരിചിതമാവുകയും പീഡനം നടത്തിയവർ മറഞ്ഞുനിൽക്കുകയും ചെയ്യുന്നതിന്റെ അർത്ഥം, ദലിത് സ്ത്രീയുടെ ഇടത്തെ ശൂന്യമായി കാണാൻ മാത്രമേ പൊതുബോധം തയാറുള്ളൂ എന്നതാണ്. ആ ശൂന്യ ഇടത്തിലേക്ക് കൂട്ടിച്ചേർക്കാൻ eternal കുറ്റവാളിയായി വേടനും ഉണ്ടാവുക എന്നത് യാദൃച്ഛികമല്ല’’.
