സോഷ്യൽ വർക്കിൽ പി.എച്ച്ഡി നേടിയ ആദ്യ ഗോത്രവർഗ യുവാവ് പറയുന്നു: പ്ലാൻ ഞങ്ങളുടെ കൈയിലുണ്ട്, സർക്കാർ കേൾക്കാൻ തയാറുണ്ടോ?

സോഷ്യൽ വർക്കിൽ പി.എച്ച്ഡി നേടുന്ന കേരളത്തിലെ ആദ്യ ഗോത്രവർഗക്കാരനാണ് ഡോ. നിതീഷ്‌കുമാർ കെ.പി.
വയനാട്ടിലെ മുള്ളക്കുറുമ ആദിവാസി വിഭാഗത്തിൽ നിന്നുള്ള ഗവേഷകനായ നിതീഷ് കുമാറിന്റെ ജീവിതം പുതിയ കാലത്തും ഒരു ആദിവാസി വിദ്യാർഥിയും യുവാവും നേരിട്ടുകൊണ്ടിരിക്കുന്ന സാമൂഹ്യവും ഭരണകൂടപരവുമായ വിവേചനങ്ങളുടെയും വേട്ടയാടലുകളുടെയും നേർസാക്ഷ്യമാണ്. ആറളത്തെ ആദിവാസി പുനരധിവാസത്തെക്കുറിച്ച് ഗവേഷണത്തിനെത്തിയ നിതീഷ് കുമാറിനെ ഏറെക്കാലം പൊലീസ് പിന്തുടരുകയും വേട്ടയാടുകയും ചെയ്തു. കേരളത്തിലെ ആദിവാസി ജീവിതം മെച്ചപ്പെടുത്താനുള്ള പഠനങ്ങളുമായി മുന്നോട്ടുപോകുന്ന നിതീഷ്, സർക്കാറിനും ബ്യൂറോക്രസിക്കും മുമ്പിൽ നിരവധി ചോദ്യങ്ങളുയർത്തുന്നു, നിർദേശങ്ങൾ മുന്നോട്ടുവെക്കുന്നു. ആദിവാസി സമൂഹത്തിന്റെ ഭൂമിയുമായും വിദ്യാഭ്യാസവുമായും ബന്ധപ്പെട്ട പ്രശ്‌നങ്ങൾ, ഫണ്ട് വിനിയോഗം, സർക്കാർ വകുപ്പുകളുടെ ചുവപ്പുനാടാ സമീപനങ്ങൾ, പുതിയ തലമുറയുടെ പ്രതിസന്ധികൾ തുടങ്ങിയവയെക്കുറിച്ച് സ്വന്തം അനുഭവങ്ങളുടെ കൂടി പാശ്ചാത്തലത്തിൽ നിതീഷ്‌കുമാർ സംസാരിക്കുന്നു.

മനില സി. മോഹൻ: നിതീഷ് ഇപ്പോൾ ഡോക്ടർ നിതീഷ് ആണ്. പൊതുവെ ആദിവാസി സമൂഹത്തെക്കുറിച്ച് സംസാരിക്കുമ്പോൾ ഉന്നയിക്കപ്പെടുന്ന രണ്ടുചോദ്യങ്ങൾ; ഒന്ന് ഭൂമിയുമായും രണ്ടാമത്തേത് വിദ്യാഭ്യാസവുമായും ബന്ധപ്പെട്ടതാണ്. ഇപ്പോഴും കുറച്ച് ആളുകൾക്കു മാത്രമേ വിദ്യാഭ്യാസ രംഗത്ത് മേൽത്തട്ടിലെത്താൻ പറ്റിയിട്ടുള്ളൂ. അത് സമൂഹം വലിയ തോതിൽ ആഘോഷിക്കുകയും ചെയ്യും. ആദിവാസി സമൂഹത്തിൽ നിന്നുള്ള ഭൂരിപക്ഷവും ഇപ്പോഴും വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ പ്രൈമറി ലെവലിൽ തന്നെയാണ് നിൽക്കുന്നത്. ഭൂമിയുടെ കാര്യത്തിലും അങ്ങനെത്തന്നെ. സോഷ്യൽ വർക്കിലാണ് നിതീഷിന്റെ പി.എച്ച്.ഡി. ഈ സമൂഹവുമായി ബന്ധപ്പെട്ട പഠനങ്ങളാണ് നടത്തിയിട്ടുള്ളതും. ഈയൊരു നേട്ടത്തിൽ നിൽക്കുന്നയിടത്തുനിന്ന് പിന്തിരിഞ്ഞുനോക്കുമ്പോൾ കടന്നുവന്ന കാലത്തെപ്പറ്റി എന്താണ് തോന്നുന്നത്?

ഡോ. നിതീഷ് കുമാർ കെ.പി: ഫാമിലിയിൽ നിന്ന് ലഭിച്ച വലിയ പിന്തുണ തന്നെയാണ് മുന്നോട്ടുപോകാൻ കാരണം. അച്ഛൻ എന്നെ നിവേദ്യ വിദ്യാനികേതൻ എന്ന സ്‌കൂളിൽ ഏഴാം ക്ലാസുവരെ പഠിപ്പിച്ചു. അതിനുശേഷം ഗവൺമെന്റ് ഹയർസെക്കന്ററി സ്‌കൂൾ കണിയാംപറ്റയിലേക്കുപോയി. പ്ലസ് ടു സയൻസ് ആയിരുന്നു പഠിച്ചത്, എം.എസ്.ഡബ്ല്യുവിനൊക്കെ പോകണമെന്ന ആഗ്രഹമുണ്ടായിരുന്നു. അങ്ങനെ സയൻസ് വിട്ട് രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസിൽ ജോയിൻ ചെയ്തു. എന്നെ സംബന്ധിച്ച് വ്യത്യസ്തമായൊരു ലോകമായിരുന്നു അത്. രണ്ടുകൊല്ലം ഹോസ്റ്റലിലാണ് താമസിച്ചത്. അവിടെ ഫാദർ പ്രശാന്ത്, ഫാദർ അഗസ്റ്റിൻ വട്ടോളി... അങ്ങനെ കുറേയാളുകൾ സ്വാധീനിച്ചതിന്റെ ഫലമായി പരിസ്ഥിതി പ്രവർത്തന മേഖലയിലേക്ക് കടന്നു. നർമദാ ബചാവോ ആന്തോളനിലേക്ക് പോകുകയും മേധാ പട്കറെ പരിചയപ്പെടുകയും ബിനായക് സെൻ പോലുള്ള ഒരുപാട് ആളുകളുമായി ബന്ധമുണ്ടാക്കുകയും ചെയ്തു. അതിനുശേഷം ആലുവയിലെ അദ്വൈതാശ്രമത്തിലേക്ക് താമസം മാറ്റി. വ്യത്യസ്തമായൊരു ലോകമായിരുന്നു അവിടെ. അടിസ്ഥാന വിദ്യാഭ്യാസം വേറൊരു നിലയിൽ കിട്ടിയതാണ് അതിനെല്ലാം കാരണം.

രാജഗിരി കോളജ് ഒരു എയ്ഡഡ് സ്ഥാപനമാണ്. അവിടെ സെൽഫ് ഫിനാൻസ് കോഴ്‌സായിരുന്നു ബി.എസ്.ഡബ്ല്യു. ആ കോഴ്‌സിലേക്ക് എന്നെ വിടാൻ രക്ഷിതാക്കൾ തയ്യാറായി എന്നതാണ് ഏറ്റവും വലിയ കാര്യം. അവിടെ നിന്ന് ശ്രീലങ്കയിലേക്കൊക്കെ പോകാൻ അവസരം കിട്ടി. രാജഗിരിയിലെ മോശപ്പെട്ട ഒരു കുട്ടിയായിരുന്നു ഞാൻ. ഇംഗ്ലീഷൊന്നും അറിയില്ല. വലിയ സെൻട്രൽ സ്‌കൂളിലൊക്കെ പഠിച്ചുവരുന്ന കുട്ടികളാണ് അവിടെ അധികവും. ആശയപരമായി നമ്മൾ ഒ.കെയായിരിക്കും, എന്നാൽ പ്രസന്റേഷൻ ലെവലിൽ ഇംഗ്ലീഷിന്റെ പോരായ്മ നമ്മളിൽ വല്ലാതെ റിഫ്‌ളക്ട് ചെയ്യും.
ഒരു മാസം ശ്രീലങ്കയിലേക്ക് പോയപ്പോഴാണ് ഇംഗ്ലീഷ് കൈകാര്യം ചെയ്യാൻ പഠിച്ചത്. കാരണം അവിടെപ്പോയാൽ വേറെ രക്ഷയില്ല. അങ്ങനെ ആ ഒരു മാസംകൊണ്ട് വലിയൊരു ചെയ്ഞ്ച് ഉണ്ടായി. പിന്നെ ഞാൻ ആലോചിച്ചു, കേരളത്തിൽ ഇനി നിന്നാൽ രക്ഷയില്ല, അല്ലെങ്കിൽ ഇംഗ്ലീഷിനൊക്കെ നല്ല കോച്ചിംഗ് വേണം. അങ്ങനെ എൻട്രൻസ് എഴുതി പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയിൽ ജോയിൻ ചെയ്തു. അവിടെയുള്ള ഒരു കൊല്ലം നന്നായി തയ്യാറെടുത്തു. അങ്ങനെ 90% മാർക്കോടെ എം.എസ്.ഡബ്ല്യു പാസായി. പിന്നെ ഗാന്ധി ഗ്രാം റൂറൽ ഇൻസ്റ്റിറ്റ്യൂട്ടിൽ എംഫിലിനു ജോയിൻ ചെയ്തു. അത് റിസർച്ച് ആന്റ് ഡവലപ്പ്‌മെന്റായിരുന്നു. എംഫിൽ ചെയ്യുന്ന കാലത്ത് തന്നെ മദ്രാസ് യൂണിവേഴ്‌സിറ്റിയിൽ എം.എ സോഷ്യോളജിക്കുകൂടി ജോയിൻ ചെയ്തു. അത് പാസായി. പിന്നെയാണ് പി.എച്ച്.ഡിക്ക് ജോയിൻ ചെയ്യുന്നത്.

ആദിവാസികളുടെ ഏറ്റവും വലിയ പ്രശ്‌നം ഭൂമി തന്നെയാണ്. ആറളത്ത് ഏഷ്യയിലെ ഏറ്റവും വലിയ പുനരധിവാസം നടക്കുകയും നാലായിരത്തോളം കുടുംബങ്ങൾക്ക് ഭൂമി കിട്ടുകയും ചെയ്തുവെങ്കിലും ഭൂമി തന്നെയാണ് വിഷയം, അതിൽ എനിക്കും കോൺട്രീബ്യൂട്ട് ചെയ്യണം എന്ന ആഗ്രഹംകൊണ്ടാണ് ഞാൻ ആദിവാസി പുനരധിവാസത്തെപ്പറ്റി പഠനം നടത്താൻ തീരുമാനിച്ചത്. അങ്ങനെയാണ് ആറളത്ത് എത്തിയത്. പി.എച്ച്.ഡിയ്ക്കായി ആദിവാസി പുനരധിവാസ മിഷനെപ്പറ്റി ആറളം കേന്ദ്രീകരിച്ച് പഠനം ആരംഭിച്ചു.

വീട്ടിൽ പാരന്റ്‌സിന്റെ പിന്തുണയുണ്ടായിരുന്നതുകൊണ്ടാണ് ഈ വഴിയിലേക്ക് വന്നതെന്ന് പറഞ്ഞല്ലോ. മുള്ളക്കുറുമ വിഭാഗത്തിലാണ് നിധീഷുള്ളത്, അതുപോലെ, ആദിവാസി സമൂഹത്തിൽ വിവിധ വിഭാഗങ്ങളുണ്ട്. നമ്മൾ ഇരിക്കുന്ന ഈയൊരു പ്രദേശം കാട്ടുനായ്ക വിഭാഗത്തിന്റേതാണ്. കഴിഞ്ഞദിവസം കെ.കെ. സുരേന്ദ്രനുമായി സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞ പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്, ആദിവാസികുട്ടികളുടെ ഹോസ്റ്റൽ സമ്പ്രദായം അടക്കം പൊളിച്ചെഴുതേണ്ടതാണെന്ന്. ആദിവാസി കുട്ടികളെ പഠിപ്പിക്കുക എന്നു വെച്ചാൽ അവരെ നേരെ ട്രൈബൽ ഹോസ്റ്റലിൽ കൊണ്ടാക്കുക എന്നതാണ്, നമ്മുടെ മുമ്പിലുള്ള പരിഹാരം, പക്ഷേ അവിടെ നിന്ന് ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇത്തരത്തിലുള്ള നേട്ടങ്ങൾക്കുള്ള ഉദാഹരണങ്ങൾ വളരെ കുറവാണ്. അടിസ്ഥാനവിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ മൊത്തം കമ്മ്യൂണിറ്റിയിൽ ഏതുതരത്തിലുള്ള പൊളിച്ചെഴുത്താണ് വേണ്ടതെന്നാണ് തോന്നുന്നത്?

അതിനുമുമ്പ് നമ്മൾ ചിന്തിക്കേണ്ട ഒരു കാര്യമുണ്ട്: ഓരോ തറവാടും ഓരോ ഊരും ഒരോ പവർ സെന്റററുകളാണ്. നിരവധി കുടുംബങ്ങളും കുട്ടികളും അതിനകത്തുണ്ട്. അതിനെയൊരു റിസോഴ്‌സായി ഉപയോഗിച്ച് അവിടെ നിന്നുതന്നെ പഠനം ആരംഭിക്കണം. അല്ലാതെ ഇതിനെ പൊളിച്ചെഴുതുകയല്ല വേണ്ടത്, അവരെ മാറ്റിനിർത്തുകയല്ല വേണ്ടത്. കാരണം, തിരിച്ചുവരുമ്പോൾ അവർക്കുമുമ്പിൽ അതൊരു പുതിയ ലോകമായിരിക്കും, അവർക്ക് അവരുടെ ഭാഷയറിയാത്ത, അവരുടെ മണ്ണിനെയറിയാത്ത പുതിയ തലമുറയെയല്ല വാർത്തെടുക്കേണ്ടത്. കണിയാംപറ്റ സ്‌കൂളിനോട് ചേർന്ന്, 200 മീറ്റർ അപ്പുറം ഒരു പണിയക്കോളനിയുണ്ട്. അവിടുത്തെ കുട്ടികളാരും സ്‌കൂളിൽ പോകാത്ത ഒരവസ്ഥയുണ്ട്. അവിടെ നല്ലൊരു ഡിഗ്രി അല്ലെങ്കിൽ പ്ലസ് ടു പാസായ ഒറ്റ കുട്ടിയില്ല. കണിയാംപറ്റ പഞ്ചായത്ത് വയനാട് ജില്ലയിയുടെ ഏറ്റവും മധ്യഭാഗത്തുള്ള പഞ്ചായത്താണ്. വിദ്യാലയവുമായി ഏറ്റവും ചേർന്നു നിൽക്കുന്ന കോളനിയിലെ കുട്ടികൾ പോലും പഠിക്കാൻ പോകുന്നില്ല. അവരെ പിടിച്ച് ഹോസ്റ്റലിൽ ചേർക്കുകയല്ല വേണ്ടത്. നിരന്തര ഇടപെടൽ കൊണ്ടുമാത്രമേ ഈ നില മാറുകയുള്ളൂ.

ആദിവാസി സമൂഹങ്ങളെ മൂന്നു കാറ്റഗറിയായി തിരിക്കാം: ഒന്ന് അഗ്രേറിയൻ ട്രൈബ്‌സ്, അതായത് കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവർ. രണ്ട്; വനഭൂമിയെ ആശ്രയിച്ചോ വനവിഭവങ്ങൾ ശേഖരിച്ചോ ജീവിക്കുന്നവർ. മൂന്നാമത്തേത് തൊഴിലാളികൾ. ഇവരിൽ ഭൂമിയുള്ള ആദിവാസി വിഭാഗങ്ങൾ വിദ്യാഭ്യാസപരമായി മുന്നോട്ടുവരികയും സംവരണത്തിന്റെ ആനുകൂല്യത്തോടെ പലരും ജോലിക്കാരാകുകയും ചെയ്തു. തുടക്കത്തിലേ അവരാണതിന്റെ ബെനിഫിഷറീസ്. വിദ്യാഭ്യാസം കിട്ടി, അതിനകം അവർക്ക് വീടും മറ്റ് സൗകര്യങ്ങളുമുണ്ടാക്കി ജീവിതനിലവാരം ഉയർത്താൻ കഴിഞ്ഞു. അതിനുപുറമേ സംവരണത്തിന്റെ ആനുകൂല്യത്തിൽ ഇവർക്ക് സാമൂഹ്യപരമായി ഉയരാനുമായി. ഇപ്പോഴും താഴെ കിടക്കുന്ന പണിയ, അടിയ വിഭാഗങ്ങൾ വനവിഭവങ്ങളെ ആശ്രയിച്ചും തൊഴിലാളികളുമായാണ് കഴിയുന്നത്. ഒരു പ്രത്യേക തരത്തിലുള്ള പാക്കേജിലൂടെയേ ഇവരെ മുന്നോട്ടുകൊണ്ടുവരാൻ കഴിയൂ. നിരന്തര ഇടപെടൽ വേണം. ഏറ്റവും വലിയ പ്രശ്‌നം മദ്യപാനമാണ്. കിട്ടുന്ന പൈസ മുഴുവൻ ഇതിനാണ് ഉപയോഗിക്കുന്നത്. കുട്ടികളുടെ വിദ്യാഭ്യാസത്തെപ്പറ്റിയും മറ്റും ചിന്തയില്ല. എന്തായാലും അരിയുണ്ട്, വീട്ടിൽ. സർക്കാർ ഇഷ്ടം പോലെ റേഷനരി കൊടുക്കുന്നുണ്ട്. അതുകൊണ്ട് പട്ടിണിയില്ല. മിച്ചമൂല്യത്തെ ഇവർ ഉപയോഗിക്കുന്നത് മദ്യത്തിനുവേണ്ടിയിട്ടാണ്. അതിനുപകരം വിദ്യാഭ്യാസത്തിലേക്ക് മാറ്റണമെന്ന ഒരു ഓറിയന്റേഷനും ഇപ്പോഴും ആ സമൂഹത്തിനില്ല. അത് പുറത്തുനിന്നല്ല, അവരുടെ ഉള്ളിൽ നിന്നുതന്നെ ഉയർന്നുവന്നാൽ മാത്രമേ മാറ്റമുണ്ടാകൂ.

ഒരുപാട് എൻ.ജി.ഒ ഗ്രൂപ്പുകൾ ആദിവാസി മേഖലകളിൽ പ്രവർത്തിക്കുന്നുണ്ട്. പട്ടിണിമരണം പോലെയുളള ആദിവാസി പ്രശ്‌നങ്ങൾ ഉയർന്നുവരുമ്പോൾ വലിയ വാർത്തകളാവുകയും ആ സമയത്ത് സർക്കാർ ഒരു പാക്കേജ് പ്രഖ്യാപിക്കുകയും പിന്നെ കുറച്ചുമാസത്തേക്ക് അത് വാർത്തയായി നിലനിൽക്കുകയും ചെയ്യും. വീണ്ടും പഴയ അവസ്ഥയിലേക്ക് പോകും. ഫണ്ടുകൾ പലതരത്തിൽ വരുന്നുണ്ട്, പക്ഷേ ഇതിന്റെയൊന്നും ഒരു ഫലമുണ്ടാവുന്നില്ലല്ലോ?

നിലവിൽ ആദിവാസികൾക്ക് വിനിയോഗിച്ച ഫണ്ട് നോക്കുകയാണെങ്കിൽ; അത് ഓരോ ആദിവാസിക്കും വിതരണം ചെയ്തിരുന്നുവെങ്കിൽ ഒരാൾക്ക് നാലുലക്ഷം രൂപയെങ്കിലും കിട്ടിയിട്ടുണ്ടാകും. ആദിവാസികളെ നന്നാക്കാൻ ഇതിനകം അത്രയും ഫണ്ട് ഉപയോഗിച്ചു. പക്ഷേ ഇതിനൊരു ശരിയായ മോണിറ്ററിങ് ഉണ്ടായിട്ടില്ല. ടി.എസ്.ബി ഫണ്ട് രണ്ടാക്കുന്നു, അതിൽ പകുതി പഞ്ചായത്തി രാജിലേക്ക് പോകുന്നു, പകുതി ട്രൈബൽ ഇൻസ്റ്റിറ്റൂഷനുകളിലേക്കും. പഞ്ചായത്തുകൾ എങ്ങനെ അത് വിനിയോഗിക്കുന്നുവെന്നതിന് യാതൊരു കണക്കുമില്ല. അതോടൊപ്പം, ഐ.ടി.ഡി.പികൾ വഴിയുള്ള ഫണ്ട് വിനിയോഗത്തെപ്പറ്റിയും.

മോണിറ്ററിങ് സംവിധാനം ഇല്ലാത്തതുകൊണ്ടാണോ?

നിലവിൽ അവർ ഓഡിറ്റും മറ്റും ചെയ്യുന്നുണ്ട്. പക്ഷേ അത് എങ്ങനെ ജനങ്ങളിലെത്തുന്നുവെന്നുള്ളതാണ്. ഉദാഹരണത്തിന് വീട് പണിതു കൊടുത്ത് അഞ്ച് വർഷം കഴിയുമ്പോഴേക്കും വീണ്ടും അയാൾക്കുതന്നെ വീട് കൊടുക്കേണ്ടിവരുന്നു. കേരളം രൂപീകരിച്ചതിനുശേഷം ഇന്നും ആദിവാസികൾക്ക് വീട് നിർമിച്ചു കൊടുത്തുകൊണ്ടേയിരിക്കുകയാണ്. അതിനുപുറമേ ഇവർക്കുവേണ്ടിയുള്ള ഇൻകം ജനറേഷൻ പദ്ധതികളോ ലൈവ് ലി ഹുഡ് മെച്ചപ്പെടുത്താനുള്ള പദ്ധതികളോ നല്ലരീതിയിൽ വന്നിട്ടില്ല.

എന്താണ് അതിനിടയിലെ തടസം?

ഈയൊരു സിസ്റ്റം മാറണം. വ്യക്തിപരമായ ഒരു അനുഭവം പറയാം. ഞാനൊരുദിവസം തിരുവനന്തപുരം ട്രൈബൽ ഡിപ്പാർട്ടുമെന്റ് ഓഫീസിൽ പോയി. വയനാട്ടിൽ നിന്നോ ഇടുക്കിയിൽ നിന്നോ ഉള്ള ഒരാളുപോലും അവിടെയില്ല, ഒരുദ്യോഗസ്ഥൻ പോലും. അവരെങ്ങനെയാണ് നമ്മളെപ്പറ്റി പറയുക?. എന്റെ സുഹൃത്ത് നാരായണൻ, കൾച്ചറൽ സ്റ്റഡീസിൽ പി.എച്ച്.ഡി കഴിഞ്ഞയാളാണ്. നാലഞ്ച് വർഷമായി ഒരു കോളജിൽ അധ്യാപകനായി ജോലി ചെയ്യുകയാണ്. അത്തരത്തിലുള്ളവർക്ക് എന്തുകൊണ്ട് പ്രാതിനിധ്യം കൊടുത്തുകൂടാ? പി.എസ്.സിക്കുള്ള കണക്കു ചോദ്യം പോലെയൊന്നുമല്ല. ഒരു പി.എസ്.സി എഴുതിയാൽ ചിലപ്പോൾ അവർക്കു കിട്ടില്ല. ട്രൈബൽ കമ്മ്യൂണിറ്റിയിൽ നിന്നുതന്നെ വിദ്യാഭ്യാസമുള്ളയാളുകളെ കണ്ടെത്തി, വേണ്ട രീതിയിൽ നിയമിക്കുന്ന ഒരു സിസ്റ്റം വന്നാൽ ഒരുപരിധിവരെ ഇതിന് മാറ്റമുണ്ടാകും. എന്തൊക്കെയാണ് ആവശ്യങ്ങൾ എന്ന് മനസിലാവണമല്ലോ. എം.എസ്.ഡബ്ല്യു കഴിഞ്ഞ ഒരുപാട് കുട്ടികളുണ്ട് ഇവിടെ. ടി.ഒ ആയി സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റിലൂടെ അവരെ നിയമിച്ചാൽ ചിലപ്പോൾ മാറ്റമുണ്ടാകും. ആദിവാസികൾ വന്നാൽ വലിയ മാറ്റമുണ്ടാകുമെന്ന് ഞാൻ പറയുന്നില്ല. കാരണം ആദിവാസികളായി നിന്നിട്ടും അഴിമതി കാണിക്കുന്ന ഒരുപാടാളുകളുണ്ട്. ഇതൊരു സമൂല മാറ്റമല്ല. പരിശ്രമമാണ്. ഈ കൂട്ടത്തിലെ കഴിവുള്ളവർക്കുവേണ്ടി സ്‌പെഷ്യൽ പരിഗണന കൊടുക്കണം.
ഇവിടെയിപ്പോൾ എൽ.ഡി.ക്ലർക്കായി മൂത്തുമൂത്ത് ഓഫീസറായി മാറുന്നവരാണ് ട്രൈബൽ ഡിപ്പാർട്ട്‌മെന്റിൽ ഉള്ളത്. ആറളം പുനരധിവാസ മേഖലയിൽ തന്നെ, നാലായിരം കുടുംബങ്ങൾക്കുവേണ്ടി എൽ.ഡി ക്ലർക്ക് മൂത്ത ഒരു ഓഫീസറുണ്ട്, ഇപ്പോൾ ഒരു സൈറ്റ് മാനേജർ ആയിരിക്കുന്നു. അദ്ദേഹത്തിന്റെ കാഴ്ചപ്പാടെന്തായിരിക്കും? ഫണ്ടുകളുണ്ട്, ആ ഫണ്ട് എങ്ങനെയെങ്കിലും ചെലവാക്കണം എന്നേയുള്ളൂ. ഫ്യൂച്ചറിസ്റ്റിക്കായിട്ട് പത്തുവർഷം കഴിയുമ്പോൾ ആറളം എങ്ങനെയാവുമെന്നൊക്കെ ചിന്തിച്ച് അതിനെ ഫ്രയിം ചെയ്യാനുളള ശേഷി ഉണ്ടാവുമോ? സംശയമാണ്. ചിലപ്പോൾ ഉണ്ടാവുമായിരിക്കാം, പക്ഷേ എന്റെയൊരു അഭിപ്രായത്തിൽ അതുപോരാ. ഇത്തരത്തിൽ ഒരുപാട് ന്യൂനതകളാണ് എസ്.ടി മേഖലയിലുള്ളത്. വ്യക്തമായ പ്ലാനിങ്ങോ കാഴ്ചപ്പാടോ ഇല്ലാത്ത അവസ്ഥ. ഇന്നത്തെ കാലഘട്ടത്തിൽ ഇതിലൊരുമാറ്റം വരുമെന്നും പുതിയ സർക്കാരും പുതിയ ആളുകളുമൊക്കെ വരുന്ന സമയത്ത് സങ്കുചിതമായ നിലപാടിൽ നിന്ന് തുറന്ന ലോകത്തേക്ക് നമ്മൾ നീങ്ങുമെന്ന പ്രതീക്ഷയുമുണ്ട്.

ഇത്തരത്തിലുള്ള അവയർനെസ് സംഘടിപ്പിക്കാൻ എന്തെങ്കിലും തരത്തിലുള്ള പ്രോജക്ടുകൾ ഉണ്ടാക്കിയിട്ടുണ്ടോ? നമുക്കറിയാം അടിസ്ഥാന വിഷയമെന്താണ്, എവിടെയാണ് ബ്ലോക്കായി നിൽക്കുന്നതെന്ന്. ഒരു പ്രശ്‌നത്തിന്റെ കാരണം എന്താണെന്ന് നമുക്ക് അറിയാം. അത് നേതൃത്വത്തിലേക്ക് എത്തിക്കാൻ നിങ്ങളെപ്പോലുള്ള സമുദായത്തിനകത്തെ വിദ്യാസമ്പന്നരായ ആളുകൾക്ക് എന്തൊക്കെയാണ് ചെയ്യാൻ പറ്റുക?

ഇത്തരം പദ്ധതികൾ ഡിസൈൻ ചെയ്യാൻ ഞങ്ങൾക്ക് കഴിയും. മറ്റുള്ളവർ പറയുന്നതിനേക്കാൾ കൂടുതൽ സ്വീകാര്യത ഞങ്ങളുടെ കമ്യൂണിറ്റികൾക്കിടയിൽ നിന്ന് ഞങ്ങൾക്കുകിട്ടും. ഞങ്ങൾ പോകുമ്പോൾ കൂടെവരാനും ഞങ്ങൾ പറയുന്നത് കേൾക്കാനും ആളുണ്ടാവും, ഞങ്ങളെയൊരു റിസോഴ്‌സായി ഉപയോഗിക്കാൻ പറ്റും.

രണ്ട്, പഠനം നടത്തണം. എന്റെ മേഖലയിലെ പ്രശ്‌നമായിരിക്കില്ല ഇടുക്കിയിലെ പ്രശ്‌നം. അട്ടപ്പാടിയിലെ പ്രശ്‌നമായിരിക്കില്ല വയനാട്ടിലേത്. ഇതിനെക്കുറിച്ച് സയന്റിഫിക്കായി സ്റ്റഡി നടത്തുന്ന സമയത്ത് ഗവേഷണത്തിനും ഞങ്ങളുടെ ഉള്ളിലെ പ്രശ്‌നം പറയാനും ഞങ്ങളൊരു സാധ്യതയാണ്. കേരളത്തിൽ നിലവിൽ ആദിവാസി ജനസംഖ്യ 1.47 ശതമാനമേയുള്ളൂ. അതുകൊണ്ട് ഇതിനൊക്കെ എത്ര പൊളിറ്റിക്കൽ വില്ലിങ്ങ്നസ് ഉണ്ടാവുമെന്നറിയില്ല. ഒരു റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടൊക്കെ വരണം. കൾച്ചർ സംരക്ഷിക്കാൻ കിർത്താഡ്‌സ് ഉണ്ട്, പക്ഷേ, കിർത്താഡ്ക്‌സിന്റെ പ്രവർത്തനം എന്താണെന്നത് എല്ലാവരും ചോദ്യം ചെയ്യുന്ന കാര്യമാണ്. കിർത്താഡ്‌സ് എന്തിനുവേണ്ടിയാണ്? ആദിവാസിയാണോ അല്ലയോ എന്ന് തെളിയിക്കാൻ വേണ്ടിയുള്ള ഒരു സ്ഥാപനമായി കിർത്താഡ്‌സ് ഒതുങ്ങിയിരിക്കുകയാണ്. കിർത്താഡ്‌സ് പോലുള്ള സ്ഥാപനങ്ങളെ കാര്യക്ഷമമായ രീതിയിലാക്കി അത് ജനങ്ങൾക്കിടയിലേക്ക് എത്തിക്കണം.

കോഴിക്കോടാണ് കിർത്താഡ്‌സ് ഓഫീസ്. കോഴിക്കോട്ട് എത്ര ആദിവാസികളുണ്ട്? ചുരുക്കം പേരേയുള്ളൂ. പകരം വയനാട് പോലുള്ള പ്രദേശങ്ങളിൽ അതിന്റെ സബ് സെന്ററെങ്കിലും തുടങ്ങി ഗവേഷണങ്ങൾ നടത്തി ഞങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിച്ച് മുന്നോട്ടുപോയാൽ നല്ലതായിരിക്കും. ഗവേഷണം വലിയൊരു ഘടകമാണ്.

പിന്നെ വിദ്യാഭ്യാസം... ഞങ്ങളെപ്പോലുള്ള ആളുകൾക്ക് ഏറ്റവും കൂടുതൽ കോൺട്രിബ്യൂട്ട് ചെയ്യാൻ പറ്റുന്ന ഒരു കാര്യം ഹയർ എഡ്യുക്കേഷനാണ്. ആറളം ഫാമിൽ 501 കുടുംബങ്ങളിൽ പഠനം നടത്തിയതിൽ വെറും മൂന്ന് കുട്ടികളാണ് പോസ്റ്റുഗ്രാജ്വേഷന് പോയിട്ടുള്ളത്- 0.6%. ഞങ്ങളെപ്പോലുള്ളവർക്ക് ഇന്ത്യയിൽ ഒരുപാട് സ്ഥാപനങ്ങളുണ്ട്. നല്ല സ്ഥാപനങ്ങളിൽ എത്തുന്ന കുട്ടികൾ നല്ല രീതിയിൽ അവിടുത്തെ അന്തരീക്ഷത്തിനനുസരിച്ച് മോൾഡ് ചെയ്യപ്പെടും, സ്വാഭാവികമാണ്. നമ്മൾ ഫ്രണ്ട്‌സ് സർക്കിളും മറ്റും വികസിപ്പിക്കുന്നത്, നമ്മുടെ പരിമിത സാഹചര്യങ്ങളിൽ നിന്ന് പുതിയ സാഹചര്യങ്ങളിലേക്ക് പോകുന്ന സമയത്താണല്ലോ. അപ്പോൾ ഈ കുട്ടികളെല്ലാരും നല്ല രീതിയിലേക്ക് മാറും. ഹയർ എഡ്യുക്കേഷനിൽ ഇന്നത്തെ കാലത്ത് നല്ല അവസരമുണ്ട്.

പുതിയ വിദ്യാഭ്യാസ നയം വരികയാണ്. അതിൽ ആദിവാസികൾക്ക് അനുകൂലമായ ഒരു ചെറിയ പോയിന്റ് ഞാൻ കണ്ടു. മൂന്നുവയസുമുതൽ പ്രൈമറി എഡ്യുക്കേഷൻ നിർബന്ധമാക്കുകയെന്നത്. കുട്ടികളുടെ, പ്രത്യേകിച്ച് പണിയ സമുദായത്തിലെ, ഏറ്റവും വലിയ പ്രശ്‌നമെന്താണെന്നുവെച്ചാൽ, അവർ അഞ്ചാറ് വയസുവരെ വീട്ടിൽ നിൽക്കുകയാണ്. വയലിലേക്കും പറമ്പിലേക്കുമൊക്കെ പോകും. അതിനുശേഷമാണ് ക്ലാസ്മുറിയിലേക്ക് പോകുന്നത്. ചുവരുകൾക്കുള്ളിലേക്ക് അവരുടെ ലോകത്തെ അവർ ഒതുക്കുകയാണ്. ക്ലാസ്മുറിയിലിരിക്കുമ്പോഴും ചിന്ത വയലിലായിരിക്കും. അപ്പോൾ അതിൽ നിന്നുമാറണം. നമ്മുടെ സംസ്‌കാരവും, വയലുകളും ഞണ്ടും താളുമൊക്കെ മോശമാണെന്ന് ഞാനൊരിക്കലും പറയുന്നില്ല.
പൊതുസമൂഹത്തിലേക്ക് അവരെ കൂട്ടിച്ചേർക്കുമ്പോൾ, അതിനകത്തേക്ക് ലയിപ്പിക്കുന്ന സമയത്ത് കാടും മണ്ണുമൊക്കെയായിട്ടുള്ള ആദിവാസി സമൂഹത്തിന്റെ ബന്ധം, സംസ്‌കാരം ഒക്കെ ഇല്ലാതാകും, ഇവരുടെ ആചാരാനുഷ്ഠാനങ്ങൾ, ഇവരുടെ മനസ്സ്, കാടുമായിട്ടുള്ള ആത്മബന്ധം... ഇതിനെയൊക്കെ തകർത്തുകൊണ്ടല്ല ഇത് ചെയ്യേണ്ടത്.

ആദിവാസി സമൂഹത്തെ കാടും മണ്ണുമൊക്കെയായുള്ള ആത്മബന്ധത്തിൽ നിന്ന് പുറത്തേക്ക് കൊണ്ടുവരുന്നത് തെറ്റാണ് എന്ന ഒരു വാദമുണ്ട്. അതിനെ എങ്ങനെയാണ് കാണുന്നത്?

ആദിവാസികളുടെ മുഴുവൻ റിസോഴ്‌സും മറ്റുള്ളവരുടെ കയ്യിലായി. ആദിവാസി ഭൂമി നോക്കൂ, എല്ലാ കുടിയേറ്റങ്ങളേയും അംഗീകരിച്ച് അവർക്കൊക്കെ പട്ടയംകൊടുത്തു. ട്രൈബൽ ലാന്റിന്റെ റെസ്റ്റൊറേഷൻ പാർട്ട് തന്നെ കേരളത്തിലെ 99ലെ ആക്ട് പ്രകാരം മാറ്റി. ഇപ്പോൾ നമ്മുടെ ഭൂമി വേറെയാളുകൾക്ക് ട്രാൻസ്ഫർ ചെയ്യാൻ പാടില്ല. അങ്ങനെയാക്കി അതിനെ ചുരുക്കി. ഇനി സർക്കാർ തരുന്ന ഈയൊരു ഭൂമിയും വെച്ചിട്ടാണ് ഞങ്ങൾ വേറെ മാറിനിൽക്കണമെന്നു പറയുന്നത്. അതുകൊണ്ട് ജീവിക്കാനും പറ്റില്ല. ഒരേക്കർ ഭൂമിയുണ്ടെന്ന് വെക്കുക, നാളെ രണ്ട് മക്കൾക്ക് ഈ ഒരേക്കറിൽ നിന്ന് പതിച്ചുകൊടുത്താൽ പിന്നെ എന്താണുള്ളത്. അതിൽനിന്ന് ഒരിക്കലും ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ല.

എന്നെ സംബന്ധിച്ച് പറയാം, ഞാൻ കോൽക്കളി കളിക്കും, വട്ടക്കളി കളിക്കും, വീട്ടിൽ എന്റെ ഭാഷയാണ് സംസാരിക്കുന്നത്. ഇപ്പോൾ അച്ഛൻ വീടുവെച്ചിരിക്കുന്നതും ഞങ്ങളുടെ തറവാട്ടിൽ തന്നെയാണ്. ആചാരങ്ങൾ പാലിക്കുന്നുണ്ട്, അതോടൊപ്പം ഞങ്ങൾ പുതിയ വിദ്യാഭ്യാസ പദ്ധതികളും ചെവിക്കൊണ്ടാണ് പോകുന്നത്. എന്റെ വ്യക്തിപരമായ ജീവിതത്തിൽ നിന്ന് ഞാൻ മനസിലാക്കിയത്; സമ്മിശ്രമായ അവസ്ഥ തന്നെയാണ് വേണ്ടത്, ഐസോലേഷനല്ല.

അക്കാദമിക് രംഗത്തെ ഒരു പൊതു അവസ്ഥ നോക്കിയാൽ മനസ്സിലാവുന്നത് ഇതാണ്. പി.എച്ച്.ഡി ചെയ്യുന്നു. ഒരു ഡോക്ടറേറ്റ് എടുക്കാൻ വേണ്ടിയുള്ള സംവിധാനം, പേരിന്റെ മുമ്പിൽ ഒരു ഡോക്ടറേറ്റ് വെച്ചുകഴിഞ്ഞാൽ അതവിടെ തീരുകയാണ്. ഗവേഷണവും ഗവേഷണഫലവും പൊതുസമൂഹത്തിന് ഉപകാരപ്പെടുന്ന രീതിയിലേക്ക് വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ കാണാറില്ല. എല്ലാവരും അങ്ങനെയാണെന്നല്ല പറയുന്നത്. നിതീഷിന്റെ മേഖല വളരെ വ്യത്യസ്തമാണ്. നിങ്ങൾ പഠിച്ചത് മനുഷ്യരുടെ ഇടയിൽ, നിങ്ങൾക്ക് അറിയാവുന്ന കമ്മ്യൂണിറ്റിയുടെ ഇടയിൽ, വളരെ ഉപകാരപ്രദമായിട്ടുള്ള സംഗതിയാണ്. ഈ തീസിസിനെ എങ്ങനെയാണ് തുടർ വിനിയോഗിക്കാൻ പോകുന്നത്. അതിനകത്തെ കണ്ടന്റ് വെച്ച് എന്തൊക്കെയാണ് ചെയ്യാൻ പോകുന്നത്?

ഞാൻ ഈ വിഷയത്തിലേക്ക് കടക്കുന്നത് എം.ഫിലോടുകൂടിയായിരുന്നു. എം.എഫിൽ സമയത്ത് ഞാൻ കണ്ടെത്തിയ കാര്യങ്ങൾ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ലേഖനമായി എഴുതി; "കേരളം കേൾക്കണം ആറളം ഫാം അപകടത്തിലാണ്' എന്നുപറഞ്ഞ്. അത് നല്ല രീതിയിൽ ചർച്ച ചെയ്യപ്പെട്ടു. ആറളം ഫാമിലേക്ക് അന്ന് മന്ത്രി പോയി, അവിടുത്തെ ദാരുണമായ അവസ്ഥ പഠിക്കാൻ നിരവധിയാളുകളെത്തി. ഇന്നലെയും എന്നെ ഒരാൾ വിളിച്ചു ചോദിച്ചിരുന്നു അവിടുത്തെ കാര്യങ്ങൾ. ഇത്തരത്തിൽ ആദ്യം നമുക്ക് ചെയ്യാൻ പറ്റുന്നത്, റിസർച്ചിലെ കണ്ടെത്തലുകളെ ലേഖനങ്ങളും പുസ്തകങ്ങളുമാക്കി മാറ്റുക എന്നതാണ്. അങ്ങനെയായാൽ അത് അക്കാദമിക് രംഗത്ത് ചർച്ച ചെയ്യും. രണ്ടാമത് പോളിസി ലെവലിലാണ്. ആറളം അല്ലെങ്കിൽ മറ്റേതെങ്കിലും മേഖലയിൽ ഇനി പുനരധിവാസം നടത്തുമ്പോൾ എന്തൊക്കെയാണ് വേണ്ടത് എന്ന് നമുക്ക് സജസ്റ്റ് ചെയ്യാൻ കഴിയും. പോളിസി ലെവലിൽ നമുക്ക് സ്വാധീനിക്കാൻ കഴിയും എന്നതാണ് അടുത്ത ഒരു ഘട്ടം. പുനരധിവാസവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ രംഗത്ത് എന്തൊക്കെ മെച്ചപ്പെടുത്തൽ വേണം എന്നതും നമുക്കിതിൽ നിന്ന് സജസ്റ്റ് ചെയ്യാൻ കഴിയും, അവർ നമ്മളെ അപ്രോച്ച് ചെയ്താൽ. അത് ഓരോ ഡിപ്പാർട്ട്‌മെന്റിന്റേയും വില്ലിങ്‌നസ് പോലെയിരിക്കും. ആ രീതിയിൽ നമ്മളെയൊക്കെ ഉപയോഗപ്പെടുത്തണമെന്നുണ്ടെങ്കിൽ.

ലോക്ക്ഡൗൺ പിരീഡിനുമുമ്പ് കുട്ടികൾക്കുവേണ്ടി ഹയർ എഡ്യുക്കേഷനുമായി ബന്ധപ്പെട്ട് ഒരു സെൽ തുടങ്ങാം എന്ന രീതിയിൽ ഞാൻ ട്രൈബൽ ഡിപ്പാർട്ട്‌മെന്റിനെ സമീപിച്ചിരുന്നു. നേരത്തെ ഞാൻ പറഞ്ഞ, ഡോക്ടറേറ്റ് കിട്ടിയ നാരായണനൊക്കെയുണ്ടായിരുന്നു. ഹയർ എഡ്യുക്കേഷനുവേണ്ടി ഇന്ത്യയിലെ നല്ല സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഒരു പ്രപ്പോസൽ ഞങ്ങൾ വെച്ചിരുന്നു. പക്ഷേ അതിന് നല്ല രീതിയിലുള്ള പ്രതികരണമല്ല കിട്ടിയത്.

എന്നെ ഏറ്റവും വേദനിപ്പിച്ച അനുഭവമെന്താണെന്നുവെച്ചാൽ, എം.എസ്.ഡബ്ല്യുവിന് നല്ല മാർക്കുവാങ്ങി പാസായശേഷം ഇവർക്ക് ഞാനൊരു അപ്ലിക്കേഷൻ കൊടുത്തു. നല്ല മാർക്ക് കിട്ടിയവർക്ക് ചെറിയൊരു ധനസഹായമുണ്ട്. ഏഴുതവണ ഞാൻ ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസിൽ കയറിയിറങ്ങേണ്ടി വന്നു. എനിക്കു പൈസയ്ക്കുവേണ്ടിയിട്ടായിരുന്നില്ല അത്. ഇനി വരുന്നവർക്കും ഇത് കിട്ടണം. അവസാനം അവിടുത്തെ ഒരു ക്ലർക്ക് ഏഴായിരം രൂപ എടുത്തുതന്നിട്ട് വൗച്ചർ ഒപ്പിട്ടുവാങ്ങി. അതിനുപകരം അവിടുത്തെ ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസർ വിളിച്ച് തോളിൽ തട്ടി 'നന്നായി' എന്നു പറയുമ്പോൾ ഉണ്ടാവുന്നൊരു സന്തോഷമില്ലേ.

"ഞങ്ങളുടേതാണ്' എന്നൊരു ഫീൽ ഇപ്പോഴും ഈ ഡിപ്പാർട്ടുമെന്റിനോട് തോന്നുന്നില്ല. എനിക്കുമാത്രമല്ല എല്ലാവർക്കും. ഈയൊരു മേഖല വേറെ, ഡിപ്പാർട്ട്‌മെന്റിന്റെ വർക്കു വേറെ, ആ ഒരു ഗ്യാപ്പ് തോന്നുന്നുണ്ട്.
ഞാൻ കഴിഞ്ഞദിവസം കലക്ടറുടെ അടുത്ത് ഇത്തരം വിഷയങ്ങൾ സംസാരിച്ചിരുന്നു. പോസിറ്റീവായ റസ്‌പോൺസ് ആയിരുന്നു അവരുടെ ഭാഗത്തുനിന്നുണ്ടായത്. ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസർ ഈ വിഷയമൊക്കെ കേൾക്കുന്നുണ്ട്, അദ്ദേഹത്തിന് താൽപര്യമുണ്ട്, പക്ഷേ എന്താണെന്നറിയില്ല, അതൊരു എക്‌സിക്യൂഷനിലേക്കു വരുന്നില്ല.

താങ്കൾ ചെയ്ത റിസർച്ചിന്റെ കണ്ടെത്തലുകൾ എന്തായിരുന്നു? നിങ്ങൾ തുടങ്ങുന്ന സമയത്തെ ആറളത്തിന്റെ അവസ്ഥയെന്തായിരുന്നു. അതിന്റെ പ്രോഗ്രഷൻ ഒന്നു പറയാമോ?

2013 തൊട്ടാണ് ഞാൻ ആറളവുമായി ബന്ധപ്പെടുന്നത്. ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്. കേരള സർക്കാർ ഭൂമി കൊടുക്കാൻ തുടങ്ങിയെന്നത് പോസിറ്റീവായ കാര്യമാണ്. ഇന്ത്യയിലെവിടെയും ഇത്രയും ആളുകൾക്ക് ഭൂമി കൊടുത്തിട്ടുണ്ടോ എന്നറിയില്ല. നാലായിരത്തിലേറെ കുടുംബങ്ങൾക്ക് ഭൂമി കൊടുത്തിട്ടുണ്ട്. രണ്ടുമൂന്ന് കാര്യങ്ങളാണ് ആറളവുമായി ബന്ധപ്പെട്ട് സൂചിപ്പിക്കാനുള്ളത്. ഒന്ന്; ആറളത്ത് 7500 ഏക്കർ ഭൂമി വാങ്ങി. അതിനെ രണ്ടാക്കി തിരിച്ചു. ആദ്യ ഭാഗം പുനരധിവാസത്തിന്, മറ്റേ ഭാഗം ഫാം ആക്കി നിലനിർത്തുകയും ചെയ്തു. എന്നാൽ പുനരധിവാസത്തിന് കണ്ടെത്തിയ ഈ ഇടം 21 കിലോമീറ്റർ കാടുമായി അതിർത്തി പങ്കിടുന്നതാണ്. ആറളം വൈൽഡ് ലൈഫ് സാങ്ച്വറിയുമായിട്ട് 21 ഓളം കിലോമീറ്റർ അതിർത്തി ഷെയർ ചെയ്യുന്നു. അവിടെ തന്നെയാണ് തുടക്കത്തിലെ പാളിച്ച. ഒമ്പതുപേരെ ആന കൊന്നു. ഒരേക്കറിൽ കൃഷി ചെയ്ത് ജീവിക്കാമെന്ന രീതിയിലായിരുന്നു ഭൂമി കൊടുത്തതെങ്കിലും വന്യമൃഗങ്ങൾ മൂലം അവർക്ക് യാതൊരു തരത്തിലുള്ള കാര്യങ്ങളും നടന്നില്ല.

രണ്ടാമത്തെ പ്രശ്‌നം; 2006ൽ പുനരധിവാസം തുടങ്ങിയശേഷം 2013 ഓടെയാണ് ബേസിക് ഇൻഫ്രാസ്ട്രക്ചറൊക്കെ തുടങ്ങുന്നത്. അതായത്, റോഡും വൈദ്യുതിയും. 2006 മുതൽ 2010 വരെ കുട്ടികളുടെ വിദ്യാഭ്യാസത്തെ അത് പ്രതികൂലമായി ബാധിച്ചു. അവരെല്ലാം പൂർണമായിട്ടും ഡ്രോപ്പ്ഔട്ട് ചെയ്യപ്പെട്ടു എന്ന് ഞാൻ പറയുന്നില്ല. പക്ഷേ വലിയ തോതിൽ ബാധിച്ചിട്ടുണ്ട്. അവിടെ സർക്കാർ ഏകൽ വിദ്യാലയങ്ങളൊക്കെയാണ് തുടങ്ങിയത്. അങ്ങനെയൊക്കെയാണ് അത് തള്ളിനീക്കിയത്. അതൊരു പ്രോപ്പർ ആയ സിസ്റ്റമായി എനിക്ക് കാണാൻ കഴിഞ്ഞിട്ടില്ല.

ബേസിക് സൗകര്യങ്ങൾ ഒരുക്കിയശേഷമേ പുനരധിവാസ മേഖലയിലേക്ക് ആളുകളെ കൊണ്ടുപോകാൻ പാടുള്ളൂവെന്നതാണ് എന്റെ നിർദേശം. അടിസ്ഥാന സൗകര്യങ്ങൾ പെട്ടെന്ന് ഒരുക്കണം. വീടുകളൊക്കെ നിർമ്മിച്ചതിൽ ഒരുപാട് ന്യൂനതകളുണ്ടായിരുന്നു. കോൺട്രാക്റ്റുകാരുമായും മറ്റും ബന്ധപ്പെട്ട് ഒരുപാട് അഴിമതികളൊക്കെ കാണാൻ കഴിഞ്ഞിട്ടുണ്ട്. പുനരധിവാസത്തെ നമ്മൾ തുലനം ചെയ്താൽ നല്ലവശം വളരെ കുറവാണ്. ഭൂമിയില്ലാത്ത അവരുടെ പഴയ അവസ്ഥയുമായി താരതമ്യം ചെയ്യുമ്പോൾ ഈ അവസ്ഥ വളരെ നല്ലതാണ്. കാരണം അവർക്ക് അരിയുണ്ട്, വീടുണ്ട്, സ്വന്തമായി ഒരേക്കർ ഭൂമിയെന്നു പറയാനുണ്ട്, പക്ഷേ ആ ഭൂമിക്ക് പട്ടയമൊന്നും കൊടുക്കുന്നില്ല, കൈവശരേഖയാണ് കൊടുക്കുന്നത്.

അവിടെയുള്ളവർ ജീവിക്കുന്നത് എങ്ങനെയാണ്?

ഫാമിൽ ജോലി കൊടുക്കാമെന്നു പറഞ്ഞാണ് ഇവരെ കൊണ്ടുവന്നത്. പക്ഷേ ഫാമിൽ ജോലി കൊടുത്തില്ല. പണ്ടും അവിടെ തൊഴിലാളികളൊക്കെ ഉണ്ടായിരുന്നല്ലോ. അവർക്ക് ജോലി കൊടുക്കണ്ടേ. അപ്പോൾ പുറത്തുള്ള ജോലിമേഖല അവർക്ക് വളരെ കുറഞ്ഞു. ഇവർക്ക് ഒരുമാസം കിട്ടുന്ന തൊഴിലിന്റെ എണ്ണം അഞ്ചിൽ താഴെയൊക്കെയായി. പിന്നെ, സീസണിൽ മാത്രം അവിടെ വരികയും താമസിക്കുകയും ചെയ്യുന്ന ഒരുപാടാളുകളുണ്ട്. സർക്കാർ സഹായം ഭക്ഷണരൂപത്തിലുണ്ട്. അതൊരു കൺവൻഷനൽ രീതിയാണ്, ചാരിറ്റിയാണ്. ആറളം നല്ല റിസോഴ്‌സുള്ള ഏരിയയാണ്. അവിടെ ഉൽപാദിപ്പിക്കുന്ന കാർഷിക ഉൽപന്നങ്ങളൊക്കെ നല്ല ഗുണനിലവാരമുള്ളവയാണ്. അതിനെ പ്രൊസസ് ചെയ്ത് ആറളം പ്രോഡക്ട്‌സ് എന്ന പേരിൽ ബ്രാന്റ് ചെയ്തുകൊടുക്കുകയാണെങ്കിൽ ഇവർക്ക് നല്ല വരുമാനമാകും. അതിന് സൗകര്യം ഒരുക്കിയിട്ടില്ല. ഒരുക്കാൻ പറ്റും.

ആറളം ഫാമിലെ മറ്റു 3500 ഏക്കറിൽ കൃഷി ചെയ്യുന്നവ ഇപ്പോൾ വെറുതെ ലേലം വിളിച്ച് കൊടുക്കുകയാണ്. അത് സംഭരിച്ച് ആറളം ബ്രാന്റാക്കിയാൽ അവിടുത്തെ വെള്ളമടക്കം നമുക്ക് മാർക്കറ്റ് ചെയ്യാം. തൈലപ്പുല്ല്... അങ്ങനെ ഒരുപാട് സാധ്യതകളാണ് കൃഷി മേഖലയിൽ ആറളത്തുള്ളത്. നബാർഡ് എന്തൊക്കെയോ ഫണ്ട് ചെയ്യുന്നുണ്ട്, പക്ഷേ അത് ചെടി കൊടുക്കലും മറ്റുമായി ഒതുങ്ങുകയാണ്. എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്? ആദിവാസികൾക്ക് ഇതൊക്കെ മാനേജ് ചെയ്യാനുള്ള കഴിവ് ഇല്ലാത്തതുകൊണ്ടാണോ?. പിന്നെ രാഷ്ട്രീയ ഇടപെടലുകൾ.

കഴിഞ്ഞതവണ ഐ.ടി.ഡി.പിയിലെ പ്രമോട്ടർമാരുടെ നിയമനം നടന്നു. മൂവായിരത്തോളം പണിയരുള്ള സ്ഥലത്തുനിന്ന് ഒരാളെയാണ് പണിയ സമുദായത്തിൽ നിന്ന് നിയമിച്ചത്. അവിടെ തികഞ്ഞൊരു ഹയറാർക്കിയുണ്ട്. 2013നുശേഷമാണ് കരിമ്പാലനും മാവിലാനുമൊക്കെ ആദിവാസികളായി മാറുന്നത്. പുതിയൊരു സമൂഹം എങ്ങനെയുണ്ടാവുന്നുവെന്നതിനെപറ്റി നിരീക്ഷിക്കാൻ നല്ല രസമാണ്. ആറളത്ത് പവർ സ്ട്രക്ചർ എങ്ങനെയുണ്ടാവുന്നു, കരിമ്പാലനും മാവിലാനുമൊക്കെ ഏറ്റവും വലിയ വിഭാഗമായ പണിയരെ എങ്ങനെയാണ് ഡീ മാർക്കറ്റ് ചെയ്യുന്നത് തുടങ്ങിയ കാര്യങ്ങൾ നിരീക്ഷിക്കുന്ന സമയത്ത് ഒരുപാട് വ്യത്യസ്ത കാഴ്ചകൾ കാണാൻ പറ്റും. അതുപോലെ അവിടുത്തെ ഇന്റർ കമ്മ്യൂണിറ്റി മാരേജുകൾ. പണിയരാരും കല്ല്യാണം കഴിക്കുന്നില്ല. പക്ഷേ ഈ കമ്യൂണിറ്റികൾ തമ്മിൽ അങ്ങോട്ടുമിങ്ങോട്ടും കല്ല്യാണം കഴിക്കുന്നു. ആദിവാസികൾക്കിടയിൽ തന്നെ ഇത്തരം ഹൈറാർക്കിയുണ്ട്.

സ്ട്രക്ചറിൽ തന്നെ ആചാരങ്ങളുടെയൊക്കെ കടുംപിടുത്തമുള്ള സമൂഹം തന്നെയാണല്ലോ ആദിവാസികൾ?

അതെ, പലകാര്യത്തിലും. അത്തരത്തിലുള്ള കടുംപിടുത്തങ്ങൾ ചില ഘട്ടങ്ങളിലുണ്ട്. എല്ലാ സമുദായത്തിലുമുണ്ട്.

പൊതുസമൂഹത്തിന്റെ അകത്തുനിന്ന് നോക്കുമ്പോൾ ഈ ഹൈറാർക്കിയൊക്കെ ഇതിനകത്ത് നിലനിൽക്കുന്നുണ്ട് എന്നു നമ്മൾ പറയാറുണ്ട്, അങ്ങനെ തന്നയല്ലേ?

അതെ, അതെ

ശരിക്കും പറഞ്ഞാൽ അത് പ്രോഗ്രസീവ് അല്ലല്ലോ?

അത് പ്രോഗ്രസീവല്ല, ചരിത്രപരമാണ്. പണ്ടുമുതൽ നമ്മുടെ പറമ്പിൽ പണിയ സമുദായത്തിലെ ആൾക്കാരെക്കൊണ്ട് പണിയെടുപ്പിച്ചിരുന്നു. പണ്ടുമുതലേ ചിലയാളുകൾ, ഞാൻ കേട്ടിട്ടുണ്ട്, തെറി വിളിക്കുന്നതുവരെ പോടാ പണിയാ എന്നാണ്. കുറുമ സമുദായത്തിലുള്ളയാളെ അതേ സമുദായത്തിലെ വേറൊരാള് ചിലപ്പോൾ അങ്ങനെ വിളിക്കാം. അത്രയും മോശമായ തരത്തിൽ ഇവരുടെയിടയിൽ ട്രീറ്റ് ചെയ്യുന്ന കാഴ്ചയൊക്കെ നമ്മൾ കണ്ടിട്ടുണ്ട്. ഇതൊക്കെ മാറുന്ന ഒരു കാലഘട്ടം വരും.

ക്രിയേറ്റീവായ ഒരുപാട് ആളുകളുള്ള സമൂഹമാണ്. പക്ഷെ അത് പുറത്തുകൊണ്ടുവരാൻ, പൊതുസമൂഹത്തിന്റേത് പോലെ സ്വീകാര്യത കിട്ടാൻ പാടാണ്. നമ്മളെപ്പോഴും അതിനെ ഒരു ഗ്രേഡ് കുറച്ചാണ് കണ്ടുകൊണ്ടിരിക്കുന്നത്. എത്ര കിയേറ്റീവ് ആണെങ്കിൽ കൂടിയും ആദിവാസിയെന്നു പറഞ്ഞ് അതിന് വേറൊരു തരം ബ്രാന്റിങ് നൽകുകയാണ്. അങ്ങനെ തോന്നിയിട്ടുണ്ടോ?

അക്കാദമിക് രംഗത്ത് ഇതൊരു കാപ്പിറ്റൽ ആയിട്ടുതന്നെയാണ് നിലനിൽക്കുന്നത്. ദളിത് സമുദായം നേരിട്ട അത്ര സോഷ്യൽ എക്‌സ്‌ക്ലൂഷൻ പൊതുസമൂഹത്തിൽ നിന്ന് ആദിവാസികൾക്കില്ല, പ്രത്യേകിച്ച് എന്റെ സമുദായത്തിന്. പക്ഷേ പണിയ സമുദായത്തിലെ ആളുകൾക്കൊക്കെയുണ്ട്. കാരണം ഇവരുടെ ഐഡന്റിറ്റി, ഇവരെ കണ്ടാൽ തന്നെ തിരിച്ചറിയാൻ കഴിയുന്നതുകൊണ്ട്. എന്റെ പേഴ്‌സണൽ ലൈഫിൽ വിദ്യാഭ്യാസ രംഗത്തൊന്നും എന്നെ ജാതിയുടെയോ മതത്തിന്റെയോ പേരിൽ എവിടെയും മാറ്റിനിർത്തപ്പെട്ട ഒരവസ്ഥയുണ്ടായിട്ടില്ല. ഞാൻ ആ സമുദായമാണെന്നു പറയുമ്പോൾ സ്‌നേഹത്തോടെയാണ് ആളുകൾ സ്വീകരിച്ചിട്ടുള്ളത് ഇതുവരെ. പക്ഷേ, പലർക്കും തൊഴിൽ മേഖലയിലൊക്കെ വിവേചനമുണ്ട്. പക്ഷേ പേഴ്‌സണൽ ലൈഫിൽ അങ്ങനെയുണ്ടായിട്ടില്ല.

മദ്യപാനത്തെപ്പറ്റി പറഞ്ഞല്ലോ, പുറത്ത് മദ്യത്തിന് വലിയ വിലയാണല്ലോ. ഈ ലഭ്യത എന്തുതരത്തിലാണ് ഇത്തരം കമ്മ്യൂണിറ്റികൾക്കകത്തു നടക്കുന്നത്. അവിടെ ഉണ്ടാക്കുന്നുണ്ടോ?

ഉണ്ടാക്കുന്നതല്ല. മദ്യത്തിന്റെ ചരിത്രം നോക്കുകയാണെങ്കിൽ, കുടിയേറ്റ സമുദായങ്ങളായിരുന്നു വയനാട്ടിലേക്കൊക്കെ തുടക്ക കാലത്ത് മദ്യം കൊണ്ടുവന്നത്. അതുതന്നെയാണ് നമ്മുടെ ശാപമായി മാറിയതും. അല്ലാതെ നമ്മളൊരിക്കലും നമ്മളായി ഉൽപാദിപ്പിക്കുന്ന സിസ്റ്റമുണ്ടായിരുന്നില്ല. തുടക്കകാലത്ത് ലാന്റ് എലീനേഷന്റെ ഒരു പ്രധാന കാരണവും മദ്യം തന്നെയായിരുന്നു. മദ്യം കൊടുത്ത് ഭൂമിയൊക്കെ അടിച്ചെടുത്ത ഒരവസ്ഥയുണ്ടായിട്ടുണ്ട്. പണിക്ക് പോകുമ്പോൾ രാവിലെ തന്നെ വിദേശ മദ്യം കൊടുക്കും. അപ്പോൾ നല്ലവണ്ണം പണിയെടുക്കും. വൈകുന്നേരവും കൊടുക്കും. അതിന്റെ പൈസ കൂലിയിൽ നിന്ന് കുറയ്ക്കും. ചൂഷണത്തിനുള്ള ഒരു ടൂളായിട്ടാണ് മദ്യം ഒരു പരിധിവരെ നമ്മുടെ ആളുകൾക്കിടയിൽ പ്രവർത്തിക്കുന്നത്. പിന്നെ ശേഷിയുള്ള ആളുകളും ഇതിന് അഡിക്ഷനായി. കിട്ടിയ പൈസക്ക് മദ്യപിക്കുകയെന്ന രീതിയിലേക്ക് എല്ലാവരും മാറി.

സ്ത്രീകളുടെ അവസ്ഥയെന്താണ്? ഇപ്പോൾ നിങ്ങളുടെ സമൂഹത്തിൽ നോക്കുകയാണെങ്കിൽ നിങ്ങളെപ്പോലുള്ള പുരുഷന്മാർ ഉയർന്നുവരുന്ന സാഹചര്യമുണ്ട്.

അല്ല, ഞങ്ങളുടെ സമുദായത്തിൽ നേരെ തിരിച്ചാണ്. പെൺകുട്ടികളാണ് കൂടുതലായിട്ടും പഠിച്ചിട്ടുള്ളത്. ഏറ്റവും കൂടുതൽ ഡോക്ടർമാരും എഞ്ചിനീയർമാരുമുള്ളത് പെൺകുട്ടികളിലാണ്. കുറിച്യ സമുദായത്തിലാണെങ്കിൽ പോലും പെൺകുട്ടികളാണ് കൂടുതലും ഇപ്പോൾ ഉയർന്നുവന്നിട്ടുള്ളത്. ആൺകുട്ടികൾ ഡിഗ്രിവരെയൊക്കെ പഠിച്ച് പി.എസ്.സി കോച്ചിങ്ങിനൊക്കെ പോയി നിൽക്കുന്നവരാണ്. ജോലി ഇപ്പോൾ വലിയൊരു ഹഡിൽ ആയിട്ടുണ്ട്. കാരണം മൂന്ന് ശതമാനം സംവരണത്തിൽ അത് ഒതുങ്ങുന്നില്ല.

ജനറൽ മെറിറ്റിലേക്ക് പരിഗണിക്കാറുണ്ടോ?

പരിഗണിക്കാറുണ്ട്. പക്ഷേ അതിലേക്കൊന്നും എത്താനുള്ള ഒരിതില്ല. തിരുവനന്തപുരമൊക്കെ എടുക്കുകയാണെങ്കിൽ, പ്ലസ് ടു കഴിഞ്ഞ് കോച്ചിങ്ങിന് പോകുന്ന ആളുകളുടെ മുമ്പിൽ നമ്മൾ ഇവിടുന്ന് മത്സരിച്ച് ജനറൽ സീറ്റിങ്ങിലേക്ക് എത്തുക എന്നത് വിഷമമാണ്. പിന്നെ വീട്ടിലൊക്കെ ഉണ്ടാവുന്നൊരു അന്തരീക്ഷം. ലൈബ്രറിയില്ല, ഞാനൊക്കെ പന്ത്രണ്ട് കിലോമീറ്റർ യാത്ര ചെയ്ത് കൽപ്പറ്റ ജില്ലാ ലൈബ്രറിയിൽ പോയിട്ടായിരുന്നു വായിച്ചിരുന്നത്. പിന്നെ അങ്ങന ഒരു എഫേർട്ടും നമ്മുടെ കുട്ടികളെടുക്കില്ല. വീട്ടിൽ നിന്ന് ഒരു പുഷില്ല. സ്വന്തമായി വളർന്നുവന്നാൽ മാത്രമേ ഒരു നിലനിൽപ്പുള്ളൂ.

ഇപ്പോൾ ടെക്‌നോളജി വലുതായി. സ്‌കൂളുകൾ പൂട്ടിയപ്പോൾ എല്ലാവർക്കും ഓൺലൈൻ വിദ്യാഭ്യാസം കൊടുത്തു. നമ്മൾ ഓർക്കേണ്ട ഒരു സംഭവം ഓൺലൈൻ വിദ്യാഭ്യാസം കൊണ്ടുവന്നശേഷം ഒരു കുട്ടി ആത്മഹത്യ ചെയ്തു. ദളിത് വിഭാഗത്തിൽപ്പെട്ട കുട്ടിയാണ്. നമുക്കതിന്റെ ക്ലാസ് ഡിഫറൻസ് കൃത്യമായി മനസ്സിലാവും.. ഹോസ്റ്റലുകളെല്ലാം അടച്ചു. ആദിവാസി സമൂഹത്തിനകത്ത് ഓൺലൈൻ വിദ്യാഭ്യാസം എത്തിച്ചേർന്നിട്ടുണ്ടോ?

വലിയൊരു വിടവുണ്ടാക്കിയിട്ടുണ്ടാവും. നിലവിൽ നമ്മൾ കാണുന്നതിനേക്കാളുപരി. കാരണം, സ്മാർട്ട്‌ഫോണുകളിലേക്കൊന്നും എല്ലാവരും എത്തിയിട്ടില്ല. ഫോൺ ഉപയോഗിക്കാൻ തുടങ്ങിയശേഷമാണ് കറണ്ട് ബിൽ അടക്കാൻ തന്നെ തുടങ്ങിയത്. ഒരു ഫോണൊക്കെയേ ഉണ്ടാവൂ. പണിക്കുപോകുന്നവരൊക്കെ ഫോണുമായാണ് പോകുക. നമ്മുടെ കുട്ടികളൊന്നും ടി.വിയുടെയോ ഫോണിന്റെയോ മുന്നിൽ കുത്തിയിരുന്ന് പഠിക്കുന്നവരല്ല. കോളനിയിലെ അന്തരീക്ഷം നോക്കൂ, മൂന്നാം ക്ലാസിലെ കുട്ടിയുടെ ക്ലാസ് ഒമ്പതുമണിക്കാണെങ്കിൽ അപ്പോൾ ബാക്കി കുട്ടികൾ കളിക്കുന്നുണ്ടാവും. അപ്പോൾ അവരെങ്ങനെയാണ് ടി.വിയുടെ മുമ്പിലിരിക്കുക? തീർച്ചയായും ആ കുട്ടിയും കളിക്കും. അമ്മ നിർബന്ധിച്ച് നിർത്തുകയുമില്ല. കാരണം അവർക്കതിനെപ്പറ്റി ധാരണയില്ല. ലോക്ക്ഡൗൺ പിരീഡിൽ ഉറപ്പായിട്ടും വിടവ് സംഭവിച്ചിട്ടുണ്ട്. അതിനെപ്പറ്റി പഠനം നടത്തേണ്ടതുണ്ട്. ഞാനതിന് ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്.

ആറളവുമായി ബന്ധപ്പെട്ട് റിസർച്ച് ചെയ്തിരുന്ന സമയത്ത് നിങ്ങൾക്കെതിരെ പൊലീസ് അന്വേഷണം ഉണ്ടാവുകയും വിടാതെ പിന്തുടരുകയും ഒക്കെ ചെയ്യ സംഭവങ്ങളുണ്ടായിട്ടുണ്ട്. അതെന്തായിരുന്നു?

വ്യക്തമായ അനുമതിയോടെയാണ് ഞാൻ ആറളത്ത് ചെല്ലുന്നത്. ഫാമിനുള്ളിൽ പൊലീസ് എയ്ഡ് പോസ്റ്റുണ്ട്. ഞാനവർക്ക് ലെറ്റർ കൊടുത്തു. ആറളത്ത് റിസർച്ച് ചെയ്യാൻ വന്നതാണെന്നു പറഞ്ഞു. അതിനുശേഷം ഗവേഷണം തുടങ്ങി. ടി.ആർ.ഡി.എമ്മിലെ സൈറ്റ് മാനേജരെയൊക്കെ കണ്ട് നല്ല രീതിയിൽ പോകുന്ന സമയത്താണ് ആറളം പൊലീസ് സ്റ്റേഷനിലെ എസ്.ഐയെ കാണുന്നത്. റോഡിൽവെച്ചാണ് കാണുന്നത്. അപ്പോൾ എന്നോടു പറഞ്ഞു, നീ നാളെയൊന്ന് പൊലീസ് സ്റ്റേഷനിൽ വരണമെന്ന്. അവിടെ ചെല്ലുന്ന സമയത്ത് ആറേഴ് ആൾക്കാർ നിരന്നിരിക്കുകയാണ്. അവർ എന്നെ ചോദ്യം ചെയ്യാൻ തുടങ്ങി. അതിനുമുമ്പ് എന്തൊക്കെയോ തരത്തിലുളള ഇടപെടലുകൾ ആറളത്ത് നടന്നിട്ടുണ്ട് എന്നൊക്കെ പറയുന്നുണ്ട്. അതിനെക്കുറിച്ചൊന്നും എനിക്കറിയില്ല. പക്ഷേ, എന്നോട് ഇത്തരത്തിലുള്ള കാര്യങ്ങൾ ചോദിച്ചു. എനിക്കൊന്നും ഒളിച്ചുവെക്കാനില്ല. ഗവേഷണവുമായി ബന്ധപ്പെട്ട എന്റെ കോണ്ടാക്റ്റുകളെല്ലാം ഞാനവർക്ക് പറഞ്ഞുകൊടുത്തു. ഞാനെഴുതിയ ലേഖനങ്ങളും നൽകി. അതൊക്കെ പി.ഡി.എഫ് ഫോർമാറ്റിൽ കയ്യിലുണ്ടായിരുന്നു. അവർ അങ്ങോട്ടുമിങ്ങോട്ടും തിരിച്ചുംമറിച്ചും മൂന്നാല് മണിക്കൂർ എന്നെ ചോദ്യം ചെയ്തു, ആരെങ്കിലുമായി ബന്ധമുണ്ടോയെന്നൊക്കെ.

മാവോയിസ്റ്റ് ബന്ധമാണോ?

അങ്ങനെയാണെന്നു തോന്നുന്നു. അത്തരത്തിലുള്ള ഇടപെടലാണ് നടന്നത്. അതിനുശേഷം റിസർച്ച് പൂർത്തിയാക്കുന്നതിന് ഒരാഴ്ച മുമ്പേ എന്റെ യൂണിവേഴ്‌സിറ്റിയിലേക്ക് പൊലീസ് എത്തി. ഗാന്ധിഗ്രാം റൂറൽ ഇൻസ്റ്റിറ്റ്യൂട്ടിൽ. എന്റെ ഗൈഡ് ഒരു സിസ്റ്ററാണ്. അവരുടെ അടുത്ത് യൂണിഫോമിൽ പൊലീസ് ചെല്ലുകയും അവരോട് കാര്യങ്ങൾ ചോദിക്കുകയുമൊക്കെ ചെയ്യുന്ന സമയത്ത് അവർ പാനിക്കായി.

അവരോട് എന്താണ് ചോദിച്ചത്?

ഞാനെന്താണ് ചെയ്യുന്നത് എന്നൊക്കെ. ഞാനവിടെ കുഴപ്പമുണ്ടാക്കിയെന്നായിരുന്നു ഗൈഡ് കരുതിയത്. അവർക്ക് പേടിയായി. എന്നെ വിളിച്ച് പറഞ്ഞു, നിതീഷേ, ഡാറ്റ കലക്ഷനിൽ ബുദ്ധിമുട്ടാണെങ്കിൽ അവിടുത്തെ ഗവേഷണം നിർത്തിക്കോളൂവെന്ന്. ഞാൻ ഇല്ല എന്നു പറഞ്ഞു. പൊലീസിനെ സംബന്ധിച്ച വിഷയം ഇതായിരുന്നു: ആറളത്ത് എന്റെ ഒരു ബന്ധുവിന് ഭൂമി കിട്ടിയിട്ടുണ്ട്. അവിടെയാണ് ഞാൻ താമസിച്ചത്. ആറളം റസ്ട്രിക്ടഡ് ഏരിയയാണ്. അപ്പോൾ ഞാനവിടെ താമസിക്കാൻ പാടില്ല എന്നാണ് പറയുന്നത്. എന്റെയൊരു ബന്ധുവിന്റെ വീട്ടിൽ താമസിക്കുന്നതിലെന്താണ് പ്രശ്‌നം? ആ സമയത്ത് എന്റെ കയ്യിൽ പൈസയില്ല. അഡ്ജസ്റ്റ് ചെയ്ത് മുന്നോട്ടുപോകുകയാണ്. 62 ദിവസം ഞാൻ ആറളത്ത് നിന്നിട്ടുണ്ട്. വലിയൊരു തുക ആവശ്യമാണ്. അപ്പോൾ ഞാൻ ഇവരുടെ കൂടെ നിന്നു. അവരുടെ വീട് വെറുതെ കിടക്കുകയായിരുന്നു, രാവിലെയും വൈകുന്നേരവും അവർ ഭക്ഷണം വെച്ചുതരും. ഉച്ചയ്ക്ക് ഞാൻ പുറത്തുപോയി കഴിക്കും. ഈയൊരു രീതിയിൽ നിൽക്കുന്ന സമയത്താണ് ഇവർ അന്വേഷണവും കൊണ്ടുവന്നത്.

ഞാനെന്തൊക്കെയാണ് ഓരോ വീടുകളിലും പോയി പറയുന്നത് എന്ന രീതിയിലൊക്കെ അന്വേഷണം വന്നു. എന്നെ ഫോളോ ചെയ്തു. ആറളത്തെ ഗവേഷണം കഴിഞ്ഞ് ഗാന്ധിഗ്രാമിൽ നിന്ന് പി.എച്ച്.ഡിയുടെ ഡാറ്റ കലക്ഷൻ കഴിഞ്ഞശേഷവും ഇത്തരം ഇടപെടലുകളുണ്ടായി. തമിഴ്‌നാട്ടിൽ എന്നെ പരിചയമുള്ള പൊലീസ് ഓഫീസറെയാണ് ചുമതലപ്പെടുത്തിയത്. അദ്ദേഹം എന്നെ ഇടയ്ക്കിടെ വിളിക്കുകയും എന്റെ റൂമിലേക്ക് വരികയും എന്നെ കാണുകയും ചെയ്യും. അത് അന്വേഷണമായിരുന്നു. എന്റെ വീട്ടുകാരെ വിളിക്കുന്നു, പഞ്ചായത്ത് മെമ്പറെ വിളിക്കുന്നു, അവര് വീടിന്റെ പരിസരത്തൊക്കെ ചർച്ച ചെയ്യുന്നു. എനിക്ക് എന്തൊക്കെയോ ഇത്തരത്തിലുള്ള ബന്ധങ്ങളുണ്ട് എന്ന രീതിയിലൊക്കെ. എനിക്കത് മാനേജ് ചെയ്യാൻ പറ്റും. പല ആളുകളെയും ഞാൻ വിളിച്ചു. മീഡിയാക്കാരെയൊക്കെ വിളിച്ച് സംസാരിച്ചു, ഇങ്ങനെയൊരു വിഷയമുണ്ട്. ഡോ. ഷൈജനൊക്കെ എന്നോട് പറഞ്ഞു, നിങ്ങള് വേണമെങ്കിൽ മുഖ്യമന്ത്രിക്കൊരു കത്ത് അയക്കൂ, ഇങ്ങനെയൊരു വിഷയമുണ്ടെന്നുപറഞ്ഞ്.

ഗവേഷണം എന്നു പറയുമ്പോൾ, അറിവുളള പല ആളുകളെയും കാണണം. അവര് മാവോയിസ്റ്റാണോ അല്ലാത്തവരാണോ എന്നൊന്നും നമുക്ക് അറിയില്ല. നമ്മൾ ഒരാളെ വിളിക്കുന്നു, സംസാരിക്കുന്നു, ഇത്തരത്തിലുള്ള കാര്യങ്ങൾ ചോദിക്കുന്നു, അതിൽ കവിഞ്ഞ ഒരു ബന്ധവും നമ്മളാരും പുലർത്തിയിട്ടുമില്ല, ഇത്തരത്തിലുള്ള സമീപനം നമ്മുടെ സർക്കാറിന്റെ അല്ലെങ്കിൽ പൊലീസ് ഡിപ്പാർട്ട്‌മെന്റിന്റെ ഭാഗത്തുനിന്നുമുണ്ടായി. അത് വല്ലാതെ വേദനിപ്പിച്ചു. പിന്നെ ഞാനത് ഫോളോ അപ്പ് ചെയ്യാനൊന്നും നിന്നിട്ടില്ല. കാരണം നമ്മുടെ വഴിയതല്ലല്ലോ.

അന്വേഷണം വേണ്ട എന്ന് ഞാനൊരിക്കലും പറയില്ല. ഒരാളെക്കുറിച്ച് വ്യക്തിപരമായി എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ അത് അന്വേഷിക്കണം. അത് പൊലീസിന്റെ ധർമമാണ്. അതിനാണ് സർക്കാർ അവർക്ക് ശമ്പളം കൊടുക്കുന്നത്. പക്ഷേ അതിന്റെ വഴി ഇതല്ല. എന്റെ ചുറ്റുപാടിൽ നിന്ന് ആരും അറിയാത്ത രീതിയിൽ കോൺഫിഡൻഷ്യൽ ആയിട്ടാണ് അത് ചെയ്യേണ്ടത്. അല്ലാതെ എന്റെ കുടുംബത്തെയും ചുറ്റുപാടിനെയും പാനിക്കാക്കിക്കൊണ്ടുള്ള രീതിയിലല്ല. കാരണം നമുക്ക് നാളെയും ഈ സമൂഹത്തിൽ ജീവിക്കാനുള്ളതാണ്.

ഇനിയെനിക്കൊരു അഭ്യർത്ഥനയുണ്ട്. നാളെയും നമ്മുടെ കുട്ടികൾ ഇതുപോലുള്ള കാര്യത്തിന് ഇറങ്ങും. എന്നെപ്പോലെയായിരിക്കില്ല മറ്റു കുട്ടികൾ. ചിലപ്പോൾ അതൊരു പെൺകുട്ടിയൊക്കെയാണെങ്കിൽ റിസർച്ച് ഇട്ടിട്ട് പോകും. അതുകൊണ്ട് ഇത്തരം ഇടപെടലുകൾ വളരെ സൂക്ഷിച്ചുവേണം ഡിപ്പാർട്ട്‌മെന്റിലെ ആളുകൾ കൈകാര്യം ചെയ്യാൻ. അങ്ങനെയൊന്നുമില്ലെങ്കിൽ, വന്നിട്ട് അവരോട് ക്ഷമപറയുക, നിങ്ങളുടെ ഭാഗത്ത് പിഴവൊന്നുമില്ലയെന്നു പറയുക. കാരണം എനിക്ക് ആരോടും മിണ്ടാൻ പറ്റാത്ത അവസ്ഥ ഇപ്പോഴും നിലനിൽക്കുന്നുണ്ട്.

വേറൊരു കാര്യം സൂചിപ്പിക്കാനുള്ളത്, ട്രൈബൽ മേഖലയിൽ റിസർച്ച് ചെയ്യുന്നതിന് തിരുവനന്തപുരത്തുനിന്ന് എന്തിനാണ് പെർമിഷൻ? ആദിവാസികൾ പഠിക്കട്ടെ. അവർ ഇവിടുത്തെ ജനങ്ങൾ തന്നെയല്ലേ. ആദിവാസി സമൂഹത്തെപ്പറ്റി പഠിക്കുന്നതിന് പ്രത്യേക പെർമിഷൻ എന്തിനാണ്. ആദിവാസി സമൂഹത്തിന്റെ അധികാരമൊന്നും ആർക്കും എഴുതിക്കൊടുത്തിട്ടില്ലല്ലോ. നമ്മൾ സാധാരണ ജനങ്ങളൊക്കെ തന്നെയല്ലേ. നമ്മളുടെ അടുത്ത് ആളുകൾ വരുന്നതിന് എന്തിനാണ് വേറെയുള്ളവരുടെ പെർമിഷൻ. എന്റെ വീട്ടിൽ എന്നോട് സംസാരിക്കാൻ വരുന്നയാളെന്തിനാണ് വേറെയാളോട് പെർമിഷൻ എടുക്കുന്നത്. അതിന്റെയൊക്കെ ആവശ്യമുണ്ടോ ഇന്നത്തെ കാലഘട്ടത്തിൽ. അപ്പോൾ അത് കുറച്ചുകൂടി സുതാര്യമാക്കണം.

മുന്നോട്ടുള്ള പരിപാടിയെന്താണ്?

ട്രൈബൽ മേഖലയിൽ വർക്കു ചെയ്യണമെന്നാഗ്രഹമുണ്ട്. അതിനുള്ള സാഹചര്യം കേരളത്തിലുണ്ടെങ്കിൽ, നമ്മളെയൊക്കെ ഇതിന്റെ ഭാഗമാക്കണമെന്ന ആഗ്രഹം സർക്കാറിനുണ്ടെങ്കിൽ, അതുമായി സഹകരിക്കും. ഇല്ലെങ്കിൽ യു.ജി.സി നെറ്റൊക്കെ ക്ലിയർ ചെയ്തതാണ്, അതുകൊണ്ട് ടീച്ചിങ് ഫീൽഡിലേക്ക് നീങ്ങാനും ശ്രമമാണ്. വിദ്യാഭ്യാസം തന്നെയാണ് ആവശ്യം. അതുകൊണ്ടാണ് എനിക്കു മുന്നേറാൻ കഴിഞ്ഞത്. ഒരുപാട് ആളുകൾ എന്നെ സഹായിച്ചിട്ടുണ്ട്. എല്ലാരോടും ഞാൻ നന്ദി പറയുകയാണ്.


Comments