കേരളത്തിന്റെ സാമൂഹിക ഘടനയിൽ, ക്രൈസ്തവ സമൂഹത്തിലെ ചില വിഭാഗങ്ങൾക്കു മാത്രമാണ് വിഭവങ്ങളിലേക്കുള്ള യഥാർത്ഥ പ്രവേശനം സാധ്യമായിരിക്കുന്നത്. ഉൽപ്പാദന- തൊഴിൽ മേഖലകളിൽ പൂർണ പങ്കാളിത്തമുണ്ടായിരിക്കെ, ജീവിതപരിവർത്തനം ഉപഭോഗത്തിന്റെ പരിധിയിൽ മാത്രം ഒതുക്കപ്പെടേണ്ടിവരുന്ന ന്യൂനപക്ഷങ്ങളുടെ അവസ്ഥ അവരുടെ അടിസ്ഥാനപരമായ നിലനിൽപ്പിനെ കുരുക്കഴിയാത്ത പ്രശ്നമാക്കി നിലനിർത്തുന്നു. ഇതുവഴി മനുഷ്യജീവിതത്തിന്റെ നീതിശാസ്ത്രപരമായ അടിത്തറയും സാമൂഹിക ദാർശനിക മാന്യതയും ആഴത്തിൽ ചോദ്യം ചെയ്യപ്പെടുന്നുണ്ട്.
Gail Omvedt Dalits and the Democratic Revolution എന്ന കൃതിയിൽ ചൂണ്ടിക്കാട്ടുന്നതുപോലെ, മതപരിവർത്തനം ദലിത് സമൂഹങ്ങൾക്ക് സാമൂഹിക വിമോചനത്തിലേക്കുള്ള ചരിത്രപരമായ മാർഗമായിരുന്നുവെങ്കിലും, സംസ്ഥാന നയങ്ങൾ അതിനെ നിയമപരമായും, സ്ഥാപനപരമായും അംഗീകരിക്കാത്തിടത്ത് ആ വിമോചനം അപൂർണ്ണമായി തുടരുന്നു. ഈ പശ്ചാത്തലത്തിൽ, ദലിത് ക്രിസ്ത്യാനികൾക്ക് SC റിസർവേഷൻ നിഷേധിക്കപ്പെടുന്നതിനെ വ്യക്തിഗത ഒഴിവാക്കലായല്ല, മറിച്ച് institutionalized discrimination എന്ന നിലയിലാണ് മനസ്സിലാക്കേണ്ടത്. അതുവഴി ഉൽപ്പാദനത്തിൽ പങ്കാളികളായിട്ടും അധികാരവും, തീരുമാനാധികാരവും നിഷേധിക്കപ്പെട്ട ഉപഭോക്താക്കളായി മാത്രം തുടരുന്ന ഘടനയാണ് സാമൂഹികമായി പുനരുത്പാദിപ്പിക്കപ്പെടുന്നത്.
ദലിത് ക്രിസ്ത്യാനികൾ അഭിമുഖീകരിക്കുന്ന സാമൂഹിക- സാമ്പത്തിക വിവേചനം യാഥാർഥ്യമായിരിക്കേ തന്നെ, കേരളം ഉയർന്ന മാനവവികാസസൂചികയും, സാമൂഹിക പുരോഗതിയും അവകാശപ്പെടുന്ന സംസ്ഥാനമായി മാറി എന്നാണ് വകയിരുത്തപ്പെടുന്നത്. സഭകൾ വാചാലമായി സമത്വവും, സഹോദര്യവും പ്രസംഗിക്കുന്നുവെങ്കിലും, പ്രായോഗികതലത്തിൽ അധികാരസ്ഥാനങ്ങൾ മേൽജാതിക്കാരുടെ നിയന്ത്രണത്തിലാണ്. ദലിത് ക്രിസ്ത്യാനികളെ നേതൃത്വം നൽകുന്നവരാക്കി വളർത്തുന്നതിനു പകരം, സഹായം ലഭിക്കുന്നവരായും ആശ്രിതരായും നിലനിർത്തുന്ന സംഘടനാത്മക ഘടനയാണ് പ്രവർത്തിക്കുന്നത്.

ജാതി അടിസ്ഥാനത്തിലുള്ള കൃത്യമായ സെൻസെസ് ഇല്ലായ്മയും, റിസർവേഷൻ പോലുള്ള പ്രതിനിധാന സംവിധാനങ്ങളുടെ അഭാവവും, വിദ്യാഭ്യാസം, ധനസഹായം, സ്ഥാപനനിർണ്ണയം തുടങ്ങിയ വിഭവങ്ങളിലേക്കുള്ള തീരുമാനാധികാരം ദലിത് ക്രിസ്ത്യാനികൾക്ക് കൈവരിക്കാതിരിക്കാനുള്ള നിർണായക ഘടകങ്ങളായി മാറുന്നു. അമർത്യ സെൻ Development as Freedom എന്ന പുസ്തകത്തിൽ അവതരിപ്പിക്കുന്ന capability approach അനുസരിച്ച്, വിഭവങ്ങൾ ലഭ്യമാകുന്നതു മാത്രമല്ല സാമൂഹിക പുരോഗതി. അവ ഉപയോഗിച്ച് ജീവിതം രൂപപ്പെടുത്താനുള്ള യഥാർത്ഥ സ്വാതന്ത്ര്യവും ഉണ്ടായിരിക്കണം. ഈ വീക്ഷണത്തിൽ നോക്കുമ്പോൾ, ദലിത് ക്രിസ്ത്യാനികൾക്ക് വിദ്യാഭ്യാസം പോലുള്ള ചില capabilities ലഭിച്ചിട്ടുണ്ടെങ്കിലും, സ്ഥാപനാത്മക തീരുമാനങ്ങളിലെ പങ്കാളിത്തം എന്ന capability നിഷേധിക്കപ്പെട്ടിരിക്കുകയാണ്. അതിനാൽ, കേരളം അവകാശപ്പെടുന്ന വികസനം, സമവായമുള്ള ശേഷികളുടെ വികസനമല്ല, മറിച്ച് unequal freedom എന്ന അവസ്ഥയിലേക്കാണ് വിരൽചൂണ്ടുന്നത്.
ഉൽപ്പാദനത്തിലും തൊഴിലിലും ആയിരിക്കുന്ന ഒരു ചെറിയ ജനതയ്ക്ക് വിഭവങ്ങളിലേക്കുള്ള യഥാർത്ഥ പ്രവേശനം എങ്ങനെ നിഷേധിക്കപ്പെട്ടു എന്നത് പലർക്കും ഇന്നും കഠിനമായ ചോദ്യമായാണ് അനുഭവപ്പെടുന്നത്. കേരളത്തിലെ ദലിത് ക്രിസ്ത്യാനികളുടെ ഭാഷ, വിദ്യാഭ്യാസം, കല, വിവാഹം, സമ്പത്ത്, രാഷ്ട്രീയ പ്രതിനിധിത്വം തുടങ്ങിയ മേഖലകളിലെ സ്ഥിതിവിവര കണക്കുകൾ യഥാർത്ഥത്തിൽ പഠനവിധേയമാക്കുന്നുണ്ടോ എന്നത് പ്രധാന ചോദ്യങ്ങളിൽ ഒന്നാണ്. സാമൂഹിക പുരോഗതി എന്ന വാദത്തോട് അർത്ഥമാക്കപ്പെടുന്ന മാനസിക, ശാരീരിക, സാമ്പത്തിക വളർച്ച ഇന്നും യഥാർത്ഥ പരിശോധനക്ക് വിധേയമാക്കപ്പെടുന്നില്ല എന്നുള്ളതാണ് കാണാൻ കഴിയുന്നൊരു സത്യം.
കേരളത്തിൽ ഇന്നുവരെയും ഉണ്ടായിട്ടുള്ള സാമൂഹ്യപരിഷ്കാര ചരിത്രം എന്നത് പൊതുവെ സമത്വവും, പുരോഗതിയും മുന്നോട്ടു വെക്കുന്ന ഒന്നായാണ് വായിക്കപ്പെടുന്നത്. എന്നാൽ ഈ പൊതു ചിത്രത്തിനുള്ളിൽ തന്നെയാണ് ജാതിയും, മതവും കൂടിച്ചേരുന്ന ഒരു അദൃശ്യമായ അകലം അന്തർലീനമായിരിക്കുന്നതും. ദലിത് ക്രിസ്തിയാനികൾ എന്നത് ഈ കാലത്തിന്റെ ഏറ്റവും വ്യക്തമായ ഉദാഹരണങ്ങളിൽ ഒന്നാണ്.
മിഷനറിമാർ ദലിത് സമൂഹങ്ങൾക്ക് വിദ്യാഭ്യാസം നൽകി എന്നത് ചരിത്രസത്യമാണ്. എന്നാൽ വിദ്യാഭ്യാസം എന്ന മനുഷ്യവിഭവം കൈമാറിയപ്പോഴും, ഭൂമി പോലുള്ള അടിസ്ഥാന ഉൽപാദനവിഭവങ്ങളുടെ ഉടമസ്ഥാവകാശം ദലിതർക്കു കൈമാറാൻ സഭകളും മിഷനുകളും തയ്യാറായില്ല. ഭൂമിയില്ലായ്മ ദലിത് ക്രിസ്ത്യാനികളെ സ്ഥിരമായ സാമ്പത്തിക അസുരക്ഷയിലേക്കാണ് തള്ളിയത്. അതുവഴി സമ്പത്ത് സമാഹരണവും തലമുറകളിലൂടെ ആസ്തി കൈമാറലും അസാധ്യമായി. അതിന്റെ ഫലമായി, വിദ്യാഭ്യാസം നേടിയിട്ടും സാമൂഹിക- സാമ്പത്തിക ഉയർച്ച നിഷേധിക്കപ്പെടുന്ന ഘടനാപരമായ അവസ്ഥയാണ് രൂപപ്പെട്ടത്.

കാൾ മാർക്സിന്റെ Capital Volume I - ൽ വ്യക്തമാക്കുന്നതുപോലെ, ഉൽപാദന ഉപാധികളുടെ ഉടമസ്ഥാവകാശം കൈവശമുള്ളവരാണ് യഥാർത്ഥ സാമൂഹിക അധികാരം കൈവശം വയ്ക്കുന്നത്. ഈ കാഴ്ചപ്പാടിൽ ദലിത് ക്രിസ്ത്യാനികൾ തൊഴിൽ മേഖലയിൽ സജീവ പങ്കാളികളായിട്ടും, ഭൂമി, മൂലധനം, സ്ഥാപനങ്ങൾ എന്നിവയുടെ നിയന്ത്രണം കൈവശമില്ലാത്തതിനാൽ labour class without ownership എന്ന നിലയിൽ തുടരേണ്ടിവന്നു. അതുകൊണ്ടുതന്നെ, ഇവിടെ നേരിടുന്നത് ക്ഷേമത്തിന്റെ കുറവല്ല, മറിച്ച് ക്ലാസ് അധികാരവും ഉൽപാദന വിഭവങ്ങളുടെ നിയന്ത്രണവും ഒരു പ്രത്യേക വിഭാഗത്തിന്റെ കൈകളിൽ കേന്ദ്രീകൃതമായിരിക്കുന്ന ഘടനാപരമായ അനീതിയാണ്.
ഇവിടെ വിഭവം എന്നത് ഒരു വ്യക്തിയുടെ ജീവിതം മാറ്റിത്തീർക്കാൻ സഹായിക്കുന്ന അടിത്തറയായും, ഉപഭോഗം എന്നത് വ്യക്തിക്ക് ലഭ്യമായ അടിസ്ഥാന വിഭവങ്ങൾ ഉപയോഗിച്ച് ജീവിക്കപ്പെടുന്ന ജീവിതത്തിന്റെ രൂപമായും മനസ്സിലാക്കുമ്പോൾ, ഒരു നിർണായക ചോദ്യം ഉയർന്നുവരുന്നു: കേരളത്തിൽ ദലിത് ക്രിസ്ത്യാനികൾക്ക് യഥാർത്ഥ സാമൂഹിക നീതി ലഭിക്കുന്നുണ്ടോ?
അല്ലെങ്കിൽ ഉൽപ്പാദനത്തിലും, തൊഴിൽ മേഖലകളിലും സജീവമായി പങ്കാളികളായിരിക്കുമ്പോഴും, തീരുമാനാധികാരവും ഉടമസ്ഥാവകാശവും നിഷേധിക്കപ്പെട്ട അവസ്ഥയിൽ ഉപഭോഗത്തിന്റെ പരിധിയിൽ മാത്രം ജീവിക്കാനാണോ ഈ ജനതയെ ഘടനാപരമായി നിയന്ത്രിച്ചിരിക്കുന്നത്?
ഡോ. ബി.ആർ. അംബേദ്കർ ജാതിയെ മതപരമായ ആശയമായി അല്ല, മറിച്ച് ഒരു സമൂഹത്തിൽ വിഭവങ്ങൾ എങ്ങനെ വിതരണം ചെയ്യപ്പെടുന്നു, ആരാണ് അവയെ നിയന്ത്രിക്കുന്നത്, ആരാണ് അവയിൽ നിന്ന് ഒഴിവാക്കപ്പെടുന്നത് എന്നത് നിശ്ചയിക്കുന്ന അടിസ്ഥാനപരമായ സാമൂഹിക വ്യവസ്ഥയായി ആണ് വ്യാഖ്യാനിക്കുന്നത്. Annihilation of Caste-ൽ നിന്ന് ദൃശ്യമനോഭാവത്തിൽ നോക്കുമ്പോൾ, കേരളത്തിലെ ദലിത് ക്രിസ്ത്യാനികളുടെ അനുഭവം മതപരിവർത്തനം ജാതിഅനുഭവത്തെ സ്വതേ ഇല്ലാതാക്കുന്നില്ല എന്ന അംബേദ്കറുടെ നിരീക്ഷണം ഇന്നും ശരിവയ്ക്കുന്നുണ്ട്.
ഭൂമി, സ്ഥാപനനിയന്ത്രണം, രാഷ്ട്രീയ പ്രതിനിധാനം തുടങ്ങിയ ഉൽപാദനവിഭവങ്ങൾ കൈമാറപ്പെടാതിരുന്നതിനാൽ, ജീവിതപരിവർത്തനം ഉപഭോഗത്തിന്റെ പരിധിയിൽ തന്നെ ഒതുങ്ങിപ്പോകുന്നു. മതപരിവർത്തനത്തോടെ ജാതി അവസാനിക്കുന്നു എന്ന സംസ്ഥാന സഭാവാദം ഇവിടെ തകരുന്നു. കാരണം ജാതി, വിശ്വാസത്തിന്റെ പ്രശ്നമല്ല, മറിച്ച് അധികാരവും, വിഭവവിതരണവും നിയന്ത്രിക്കുന്ന സാമൂഹിക ഘടനയായാണ് നിലകൊള്ളുന്നത്. അതുകൊണ്ടുതന്നെ ദലിത് ക്രിസ്ത്യാനികളുടെ പ്രശ്നം സഹായത്തിന്റെ കുറവല്ല, വിഭവങ്ങളുടെ നിയന്ത്രണത്തിലേക്കും, നിർണ്ണയാധികാരത്തിലേക്കുമുള്ള പ്രവേശനം നിഷേധിക്കപ്പെടുന്ന സംവിധാനപരമായ അനീതിയാണ്.
ഭരണഘടനയിലെ ആർട്ടിക്കിൾ 25 വ്യക്തിയുടെ സഹജബോധത്തിന്റെയും മതസ്വാതന്ത്ര്യത്തിന്റെയും സംരക്ഷണത്തിന് രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്, ഇത് ഓരോ പൗരരുടെയും മതം സ്വീകരിക്കാനുള്ള, പ്രചരിപ്പിക്കാനുള്ള, ആചരിക്കാനുള്ള അവകാശം മാത്രമല്ല, വ്യക്തിക്ക് താൻ ആഗ്രഹിക്കുന്ന വിധം വിശ്വാസമതം മാറാനുള്ള അവകാശവും ഉറപ്പുവരുത്തുന്നു. അതായത്, ഓരോ വ്യക്തിയ്ക്കും തൻ്റെ മനസ്സിനും ചിന്തക്കും അനുസരിച്ച് വിശ്വാസം തിരഞ്ഞെടുക്കാനും പിന്തുടരാനും, ഇഷ്ടാനുസൃതമായി പരിവർത്തനം നടത്താനും, അല്ലെങ്കിൽ മതചിന്തകളിൽ നിന്ന് സ്വതന്ത്രമായി ജീവിക്കാനും സാധിക്കണം.

പക്ഷേ ഈ സ്വാതന്ത്ര്യം പൊതുശാന്തി, നൈതികത, ആരോഗ്യസംരക്ഷണം എന്നിവയുടെ പരിധിയിലുള്ള നിയമങ്ങൾ പാലിക്കുന്ന സാഹചര്യത്തിൽ മാത്രമേ നടപ്പാക്കാവൂ. കൂടാതെ ഇന്ത്യയിലെ മതവിഭാഗങ്ങളുടെയും സാമൂഹ്യഘടനകളുടെയും വൈവിധ്യം പരിഗണിച്ച് മറ്റുള്ളവരുടെ അവകാശങ്ങളും പൊതുസമൂഹത്തിന്റെ നന്മയും ദുര്‍ബലപ്പെടുത്താതെ ഉപയോഗിക്കേണ്ട ഉത്തരവാദിത്വവും ഈ നിയമവ്യവസ്ഥ ഉറപ്പാക്കുന്നു. അതിനാൽ ആർട്ടിക്കിൾ 25 പ്രകാരം വ്യക്തിക്ക് സ്വതന്ത്രമായി മതം സ്വീകരിക്കാനും ഇഷ്ടാനുസരിച്ച് മതപരിവർത്തനം നടത്താനും, മതപ്രചരണം നടത്താനും, അല്ലെങ്കിൽ മതചിന്തകളിൽ നിന്ന് സ്വതന്ത്രമായി ജീവിക്കാനും നിയമപരമായ അവകാശം ലഭ്യമാണ്, ഇത് ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തിന്റെ അടിസ്ഥാന സിദ്ധാന്തത്തെയും ജനതയുടെ സമത്വത്തെയും പ്രതിഫലിപ്പിക്കുന്നു.
ഉപഭോഗത്തിലേക്ക് ചുരുക്കപ്പെട്ട്, പാർശ്വവൽക്കരണാവസ്ഥയിൽ നിൽക്കുന്ന ന്യൂനപക്ഷം, വിഭവങ്ങളുടെ നിയന്ത്രണത്തിലേക്കും, സാംസ്കാരിക- രാഷ്ട്രീയ അവകാശങ്ങളിലേക്കും പ്രവേശിക്കേണ്ടത്, സാമൂഹ്യ സമത്വം ഉറപ്പാക്കുന്നതിനുള്ള പ്രധാന ഘടകമാണ്. ദലിത് ക്രിസ്ത്യാനികൾക്ക് ലഭിച്ച സഹായങ്ങൾ കരുണയുടെ കണക്കിലാണ് വരവുവെക്കപ്പെടുന്നത്. വിദ്യാഭ്യാസം, തൊഴിൽ, വിവാഹബന്ധങ്ങൾ, സഭാസ്ഥാനങ്ങൾ പോലുള്ള അവസരങ്ങൾ ഉപഭോഗത്തിനായിരുന്നുവെങ്കിലും, വിഭവങ്ങളുടെ ഉടമസ്ഥാവകാശവും തീരുമാനാധികാരവും അവർക്കു കൈമാറപ്പെട്ടില്ല. തൽഫലമായി അവർ സ്വയം ജീവിതം നിർണ്ണയിക്കാൻ കഴിയാതെ അനുബന്ധപരിധികളിൽ ആശ്രിതരായി നിലനിന്നു.
Pierre Bourdieu Distinction: A Social Critique of the Judgement of Taste എന്ന കൃതിയിൽ പറയുന്നു: Cultural capital is convertible, under certain conditions, into economic capital and may be institutionalized in the form of educational qualifications. എന്നാൽ കേരളത്തിലെ സാഹചര്യത്തിൽ ദലിത് ക്രിസ്ത്യാനികൾക്ക് വിദ്യാഭ്യാസയോഗ്യതകളുണ്ടായിട്ടും, സഭാഭാഷയും ഔദ്യോഗിക സംസ്കാരവും അറിവിന്റെ മാന്യതയും മേൽജാതി ക്രിസ്ത്യാനികൾ നിയന്ത്രിക്കുന്നതിനാൽ, വിദ്യാഭ്യാസം consumption ആയി മാറി, power ആയി മാറുന്നില്ല. അതിനാൽ, വിദ്യാഭ്യാസത്തെ സാമൂഹിക ഉയർച്ചയുടെ ഉപാധിയായി മാറിയില്ല. symbolic power കൈവശമില്ലാത്തിടത്ത് സമത്വവും സാമൂഹിക മുന്നേറ്റവും ഘടനാപരമായി അസാധ്യമായി തുടരും.
ദലിത് ക്രൈസ്ത്യാനികൾ ഉൽപ്പാദന പ്രക്രിയകളിൽ നിർണായകമായി പങ്കാളികളായിരിക്കുമ്പോഴും, ഉപഭോക്താക്കളായി മാത്രമാണ് അംഗീകരിക്കപ്പെടുന്നത്. സ്ഥാപനങ്ങളുടെ നിയന്ത്രണവും തീരുമാനാധികാരവും കൈവശമില്ലാത്ത ഒരു വർഗ്ഗമായി തുടരുകയും ചെയ്യുന്നു. ഇത് എന്തുതരം മാനവവികാസ ഘടനയിലാണ് ഉൾക്കൊള്ളിക്കേണ്ടത്?
മനുഷ്യരെ ഉൽപ്പാദകരായും ചരിത്രത്തിന്റെ വിഷയങ്ങളായും അംഗീകരിക്കാതെ, വിപണിയുടെയും ദാനത്തിന്റെ ഘടനകളുടെയും, ഉപഭോക്താക്കളായി ചുരുക്കുന്ന ഈ സാമൂഹിക ക്രമീകരണം, മനുഷ്യവികാസത്തിന്റെ അർത്ഥത്തെയേയും നീതിശാസ്ത്രപരമായ അടിത്തറകളെയേയും ഗൗരവമായി ചോദ്യം ചെയ്യുന്നു.
റെക്കഗിനേഷൻ സിദ്ധാന്തപ്രകാരം, സാമൂഹ്യനീതി എന്നത് വെറും ചില സഹായങ്ങളിലൂടെയോ, ദാനപ്രവർത്തനങ്ങളിലൂടെയോ കൈവരിക്കാനാകുന്നതല്ല. സാമൂഹ്യനീതിയുടെ അടിസ്ഥാനഘടകമായി തുല്യവും, മാന്യവുമായ അംഗീകാരം അനിവാര്യമാണ്. കേരളത്തിലെ ദലിത് ക്രിസ്ത്യാനികൾക്ക് ഈ തുല്യഅംഗീകാരം ഇന്നും അപൂർണ്ണമായ നിലയിലാണ്.
വിഭവം എന്നത് ഭൂമിയിലും, പണത്തിലും മാത്രം ചുരുങ്ങുന്ന ഒന്നല്ല. ഭാഷ, ചരിത്രം, സംസ്കാരം, ആത്മബോധം എന്നിവയും ജീവിതം രൂപപ്പെടുത്തുന്ന അടിസ്ഥാന വിഭവങ്ങളാണ്. എന്നാൽ ദലിത് ക്രിസ്ത്യാനികളുടെ സ്വന്തം അനുഭവങ്ങളും, ഓർമ്മകളും, ചരിത്രവും, സഭയുടെയും പൊതു ഇടങ്ങളുടെയും ഭാഷയിൽ പ്രതിനിധീകരിക്കപ്പെട്ടില്ല. അവരുടെ വേദനകളും പ്രതിരോധങ്ങളും അറിവിന്റെ രൂപത്തിൽ അംഗീകരിക്കപ്പെടാതെ, മൗനത്തിലാക്കപ്പെടുകയോ മറ്റുള്ളവരുടെ വ്യാഖ്യാനത്തിലൂടെ മാത്രമോ അവതരിപ്പിക്കപ്പെടുകയായിരുന്നു. ഇതിലൂടെ ദലിത് ക്രിസ്ത്യാനികളുടെ ആത്മാഭിമാനവും സ്വതന്ത്ര സാംസ്കാരിക തിരിച്ചറിയലും ക്രമാതീതമായി ക്ഷയിപ്പിക്കുന്ന ഒരു പ്രതീകാത്മക അധികാരഘടനയാണ് നിലനിന്നത്.

കേരളത്തിലെ ഒരു വിഭാഗം ദലിതർ ക്രിസ്ത്യാനികളായപ്പോൾ, ഈ പരിവർത്തനത്തിന്റെ ഭാഗമായി വിദ്യാഭ്യാസം, ആരോഗ്യ സേവനങ്ങൾ, അക്ഷരാഭ്യാസം തുടങ്ങിയ ആധുനിക വിഭവങ്ങളിലേക്കുള്ള പ്രവേശനം ആദ്യകാലങ്ങളിൽ ലഭിച്ചിരുന്നു. എന്നാൽ സഭയുടെ അകത്തള സാമൂഹിക ഘടനയിൽ തന്നെ ജാതി അടിസ്ഥാനത്തിലുള്ള വ്യത്യാസങ്ങൾ നിലനിന്നു പോകുന്നുണ്ട്. കൊളോണിയൽ കാലയളവ് വരെ ലഭ്യമായിരുന്ന ആനുകൂല്യങ്ങൾ കൊളോണിയൽ അനന്തര കാലത്ത് അവസാനിച്ചു. ദലിത് ക്രൈസ്തവർ കേരളത്തിൽ ഒരു കാറ്റഗറിയല്ല, തെരഞ്ഞെടുപ്പ് കണക്ക് മാത്രമാണ്.
സിറിയൻ ക്രൈസ്ത്യാനികളും മറ്റ് ഉയർന്ന സാമൂഹിക നിലയിലുള്ള വിഭാഗങ്ങളും സഭയുടെ അധികാരഘടനയിൽ മേൽക്കൈ നേടിയതോടെ, വിഭവങ്ങളുടെ അട്ടിപ്പേറവകാശവും, സ്ഥാപനാധികാരവും ഒരു പരിമിത വിഭാഗത്തിന്റെ നിയന്ത്രണത്തിൽ കേന്ദ്രീകരിച്ചു. സതീഷ് ദേശ്പാണ്ഡെ Contemporary India, A Sociological View എന്ന പുസ്തകത്തിൽ വിശദമാക്കുന്ന ആശയപശ്ചാത്തലത്തിൽ നോക്കുമ്പോൾ, ക്രിസ്ത്യാനികൾ എന്ന പൊതുചിഹ്നത്തിനുള്ളിൽ തന്നെ അകത്തെ ജാതിപ്പടവുകൾ സജീവമായി പ്രവർത്തിക്കുന്നതായി കാണാം. ഈ അകത്തള ഗ്രേഡിങ്ങിൽ ദലിത് ക്രിസ്ത്യാനികൾ ഏറ്റവും താഴെയുള്ള നിലയിലായി തുടരുകയും, അധികാര ഘടനകളിൽ നിന്ന് തുടർച്ചയായി പുറന്തള്ളപ്പെടുകയും ചെയ്യുന്നു. അതിനാൽ തന്നെ, കേരള മോഡൽ മുന്നോട്ടുവയ്ക്കുന്ന average success എന്ന വികസനവാദം, ഇത്തരത്തിലുള്ള മാർജിനലൈസ്ഡ് വിഭാഗങ്ങളുടെ ഘടനാപരമായ പിന്മാറ്റങ്ങളെ മറയ്ക്കുന്ന ഒരു ആശയരൂപമായി മാറുന്നു എന്നാണ് ദേശ്പാണ്ഡെയുടെ വിശകലനം വ്യക്തമാക്കുന്നത്.
വിമോചനവിഭവവും അതിന്റെ പരിമിതികളും എന്ന വീക്ഷണം മുൻനിർത്തി നോക്കുമ്പോൾ, ഭാഷ, ദലിത് ക്രൈസ്ത്യാനികൾക്ക് ഒരു പ്രധാന വിമോചന വിഭവമായിരുന്നു. മലയാള, ആംഗലേയ അക്ഷരാഭ്യാസം നിയമം, ഭരണകൂടം, വിദ്യാഭ്യാസം എന്നീ ആധുനിക സ്ഥാപനങ്ങളുമായി ബന്ധിപ്പിക്കാൻ സഹായിച്ചു. എന്നാൽ ഭാഷയുടെ സാംസ്കാരിക മൂലധനം ഉയർന്ന ജാതി ക്രൈസ്ത്യാനികളുടെ കൈവശം തുടരുകയായിരുന്നു. സഭാരേഖകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഔദ്യോഗിക ഭാഷാ ശൈലി എന്നിവയുടെ നിയന്ത്രണം അവരുടെ കൈകളിലായതിനാൽ, ഭാഷ ഉപഭോഗത്തിന് സഹായകമായെങ്കിലും, അധികാര ഘടനകളിലേക്കുള്ള തുല്യമായ പ്രവേശനം അത് ഉറപ്പാക്കിയിട്ടില്ല.
ഭരണഘടനയുടെ നിലവിലെ വ്യവസ്ഥകളിൽ ദലിത് ക്രിസ്ത്യാനികൾക്ക് പട്ടികജാതി റിസർവേഷൻ അനുവദിച്ചിട്ടില്ല. ഈ നിയമപരമായ ഒഴിവാക്കൽ മൂലം വിദ്യാഭ്യാസം, സർക്കാർ തൊഴിൽ, രാഷ്ട്രീയ പ്രതിനിധാനം തുടങ്ങിയ സംസ്ഥാന വിഭവങ്ങളിലേക്കുള്ള പ്രവേശനം അവർക്ക് ഘടനാപരമായി തന്നെ നിഷേധിക്കപ്പെടുന്നു. ജാതി അടിസ്ഥാനത്തിലുള്ള സാമൂഹിക വിവേചനം തുടരുമ്പോഴും, മതപരിവർത്തനത്തെ ആധാരമാക്കി ഭരണഘടനാപരമായ സംരക്ഷണം പിൻവലിക്കപ്പെടുന്നത് ദലിത് ക്രിസ്ത്യാനികളെ ഇരട്ട അനീതിയിലേക്ക് തള്ളുന്നു. ഇതുവഴി അവർ സാമൂഹികമായി ദലിതരായി തുടരുകയും, നിയമപരമായി അവകാശരഹിതരാകുകയും ചെയ്യുന്ന പരസ്പരവിരുദ്ധ സ്ഥിതിയാണ് രൂപപ്പെടുന്നത്.
മിഷനറി സ്കൂളുകളും കോളേജുകളും ദലിത് ക്രൈസ്ത്യാനികൾക്ക് വിദ്യാഭ്യാസ പ്രവേശനം നൽകിയതെന്നത് ചരിത്രസത്യമാണ്. എന്നാൽ ഈ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണവും അധ്യാപക നിയമനങ്ങളും ഭൂരിഭാഗവും ഉയർന്ന ജാതി ക്രൈസ്ത്യാനികളുടെ കൈവശം തന്നെ തുടരുന്നു. മിഷേൽ ഫൂക്കോ Power and Knowledge എന്ന കൃതിയിൽ ചൂണ്ടിക്കാട്ടുന്നതുപോലെ, അറിവ് നിർമ്മിക്കുന്നവരാണ് അധികാരം കൈവശം വയ്ക്കുന്നത്. സഭാചരിത്രവും, തിയോളജിയും രൂപപ്പെടുത്തപ്പെടുന്നത് ദലിത് ക്രൈസ്ത്യാനികളുടെ സാമൂഹിക അനുഭവങ്ങളിൽ നിന്നല്ല, മറിച്ച് ആധിപത്യ വിഭാഗങ്ങളുടെ അറിവ് ചട്ടക്കൂടുകളിൽ നിന്നാണ്. അതിന്റെ ഫലമായി, ദലിത് ക്രൈസ്ത്യാനികൾ വിദ്യാഭ്യാസ സംവിധാനത്തിൽ പഠിക്കുന്നവരായി മാത്രം ഉൾക്കൊള്ളിക്കപ്പെടുന്നു. അറിവിന്റെ നിർമ്മാതാക്കളായോ നയം രൂപീകരിക്കുന്നവരായോ അവർ അംഗീകരിക്കപ്പെടുന്നില്ല. ഇതുവഴി വിദ്യാഭ്യാസം ഒരു വിമോചന വിഭവമായി മാറുന്നതിനുപകരം, അതിന്റെ ഉപഭോഗത്തിലേക്ക് മാത്രമായി ചുരുങ്ങി പോകുന്നുണ്ട്. ഫലമായി, വിഭവങ്ങളുടെ നിയന്ത്രണത്തിലേക്കുള്ള പ്രവേശനം ദലിത് ക്രൈസ്ത്യാനികൾക്ക് ആഴത്തിൽ തടയപ്പെടുന്നു. അതിനാൽ, Dalit Christian silence എന്നത് വികാരപരമായ ഒരു പ്രശ്നമല്ല, മറിച്ച് അധികാരഘടനകൾ നിർമ്മിച്ച ഒരു രാഷ്ട്രീയ മൗനമാണ്. സ്വരം ഇല്ലാത്തതുകൊണ്ടല്ല, സ്വരം അംഗീകരിക്കപ്പെടാത്തതുകൊണ്ട് മാത്രമാകുന്ന മൗനം.
കേരളത്തിലെ ദലിത്, ആദിവാസി സമൂഹങ്ങളുടെ പൊതുസവിശേഷത തന്നെയാണ് ഭൂമിയില്ലായ്മ. ദലിത് ക്രൈസ്ത്യാനികളും ഇതിൽ നിന്ന് വ്യത്യസ്തരല്ല. അവർ പ്രധാനമായും വേതനാധിഷ്ഠിത തൊഴിൽ മേഖലകളിൽ കേന്ദ്രീകരിക്കുന്നു. ഭൂമി, മൂലധനം, സ്ഥാപനങ്ങൾ എന്നിവയുടെ നിയന്ത്രണം കൈവശമില്ലാത്തതിനാൽ, സാമ്പത്തിക പുരോഗതി വ്യക്തിഗത നേട്ടങ്ങളിൽ മാത്രമായി ഒതുങ്ങിപ്പോകുന്നു. തലമുറകളിലേക്ക് പകരുന്ന സമ്പത്ത് ഇവിടെ രൂപപ്പെടുന്നില്ല എന്നത് പരിതാപകരമാണ്.
വിവാഹം ഒരു സാമൂഹ്യവിഭവമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും, സഭയുടെ അകത്തളങ്ങളിൽ പോലും ജാതി അടിസ്ഥാനത്തിലുള്ള വിവാഹനിയന്ത്രണങ്ങൾ മാറ്റപ്പെടുന്നില്ല. ദലിത്, ഉയർന്ന ജാതിവിവാഹങ്ങൾ സ്ഥിരമായി സാമൂഹ്യസമ്മർദ്ദങ്ങളും, ബഹിഷ്കരണങ്ങളും നേരിടുമ്പോഴും, ഈ അവസ്ഥകളെ നീതിവ്യവസ്ഥ ഗൗരവമായി പരിഗണിക്കാത്തത് കേരളത്തിന്റെ സാമൂഹ്യ യാഥാർഥ്യമാണ്. ഇത്തരത്തിലുള്ള സ്ഥാപനപരമായ സാമൂഹ്യ എഞ്ചിനീയറിംഗ് ജാതിയെ ഒരു സാമൂഹിക ബന്ധരൂപമായി തുടർച്ചയായി നിലകൊള്ളുന്നതിനു നേരിട്ടുള്ള കാരണങ്ങളാകുന്നു.

ദലിത് ക്രൈസ്ത്യാനികൾ സഭാകലാപരിപാടികളിൽ സജീവമായി പങ്കെടുക്കുന്നുണ്ടെങ്കിലും, കലയുടെ ദിശയും ആത്മീയ വ്യാഖ്യാനങ്ങളും നിർണ്ണയിക്കുന്നത് പ്രധാനമായും ആധിപത്യ സാമൂഹിക വിഭാഗങ്ങളാണ്. അതിന്റെ ഫലമായി, ദലിത് ജീവിതാനുഭവങ്ങളും ചരിത്രബോധവും സഭയുടെ മുഖ്യധാരാ സാംസ്കാരിക ആഖ്യാനങ്ങളിൽ പലപ്പോഴും പ്രതിഫലിക്കുന്നില്ല.
ദലിത് ക്രൈസ്ത്യാനികളുടെ സാമൂഹിക യാഥാർഥ്യം ഭരണകൂടത്തിന്റെ കണക്കെടുപ്പിന് പുറത്താണ്. ജാതി അടിസ്ഥാനത്തിലുള്ള സെൻസസ് ഇല്ലാത്തതു മൂലം അവരുടെ വിദ്യാഭ്യാസനില, തൊഴിൽ വിന്യാസം, ഭൂമിയുടമസ്ഥത, രാഷ്ട്രീയ പങ്കാളിത്തം തുടങ്ങിയവ ഔദ്യോഗിക ഡാറ്റയിൽ ഇല്ല. ഇതുവഴി നയരൂപീകരണ പ്രക്രിയയിൽ ദലിത് ക്രൈസ്ത്യാനികൾ ഒരു statistical invisibility ആയി മാറുന്നു.
കാഞ്ച ഐലയ്യ മുന്നോട്ടു വയ്ക്കുന്ന Dalit Bahujan epistemology അനുസരിച്ച്, സാമൂഹിക അറിവ് മേൽക്കോയ്മയുള്ള വിഭാഗങ്ങളുടെ അനുഭവങ്ങളിൽ നിന്നു മാത്രമല്ല, പാർശ്വവൽക്കരിക്കപ്പെട്ട ജീവിതപ്രക്രിയകളിൽ നിന്നുമാണ് രൂപപ്പെടേണ്ടത്. എന്നാൽ സഭയുടെയും, ഭരണകൂടത്തിന്റെയും discourse- കളിൽ ഈ ജീവിതാനുഭവങ്ങൾ അറിവായി പരിഗണിക്കപ്പെടുന്നില്ല. ഫലമായി, ദലിത് ക്രൈസ്ത്യാനികൾക്ക് നേരെയുള്ള റിസർവേഷൻ നിഷേധം നിയമപരമായ ഒഴിവാക്കൽ മാത്രമല്ല, മറിച്ച് അവരുടെ സാമൂഹിക യാഥാർഥ്യത്തെ അറിവിന്റെ തലത്തിൽ തന്നെ അസാധുവാക്കുന്ന രാഷ്ട്രീയ നടപടിയായി മാറുന്നു.
ഇവയെല്ലാം ചേർത്ത് വിലയിരുത്തുമ്പോൾ, കേരളത്തിൽ ദലിത് ക്രൈസ്ത്യാനികൾക്ക് വിഭവങ്ങളുടെ ഉപഭോഗം ഒരു പരിധിവരെ അനുവദിക്കപ്പെട്ടിരിക്കുന്നുവെങ്കിലും, ആ വിഭവങ്ങളെ നിയന്ത്രിക്കാനും, നിർണ്ണയിക്കാനും ഉള്ള യഥാർത്ഥ പ്രവേശനം ഘടനാപരമായി നിഷേധിക്കപ്പെടുന്നു എന്നുള്ളതാണ്.

