ഗുജറാത്തിലെ ദലിത് വിവരാവകാശ പ്രവർത്തകന്റെ വധവുമായി ബന്ധപ്പെട്ട് നിയമസഭയ്ക്കു മുന്നിൽ പ്രതിഷേധിച്ച എം.എൽ.എ ജിഗ്നേഷ് മേവാനിയെയും പ്രവർത്തകരെയും അറസ്റ്റു ചെയ്തു. സവർണ്ണ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട ദളിത് വിവരാവകാശ പ്രവർത്തകൻ അമ്രഭായ് ബോറിച്ചയുടെ കൊലപാതകികളേയും, കൃത്യനിർവ്വഹണത്തിൽ വീഴ്ച വരുത്തിയ സബ് ഇൻസ്‌പെക്ടർ പി.ആർ സോളങ്കിയേയും അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗുജറാത്ത് നിയമസഭയ്ക്കു മുന്നിൽ ജിഗ്നേഷ് മേവാനിയുടെ നേതൃത്വത്തിൽ സമാധാനപരമായി പ്രതിഷേധിക്കുന്നവരെയാണ് ഗുജറാത്ത് പൊലീസ് അറസ്റ്റു ചെയ്തു നീക്കിയത്. ആയിരക്കണക്കിന് ദളിത് പ്രതിഷേധക്കാരെ സംസ്ഥാനത്തുടനീളം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതിഷേധത്തെ നിർവീര്യമാക്കാൻ വിപുലമായ ക്രമീകരണങ്ങളാണ് പൊലീസ് ഒരുക്കിയത്. പ്രതിഷേധത്തിൽ കൂടുതൽ ആളുകൾ എത്തിച്ചേരുന്നത് തടയാൻ സംസ്ഥാനത്തൊട്ടാകെ പൊലീസിനെ വിന്യസിക്കുകയാണെന്നും, നേതാക്കളെ വീട്ടു തടങ്കലിലാക്കുകയാണെന്നും മേവാനിയുടെ ട്വീറ്റിൽ പറയുന്നു.
""വിജയ് രൂപാണി, ഞങ്ങളെ തടയാൻ നിങ്ങൾക്കാവുന്നത് ചെയ്യൂ. ദളിതർക്ക് മതിയായി. ജീവന് ഭീക്ഷണിയുണ്ടെന്ന് അമ്രഭായ് ബോറിച്ച പരാതി നൽകിയ സമയത്ത് പൊലീസ് ഇതു പോലെ കർമ്മനിരതരായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുകയാണ്. ഇന്നദ്ദേഹം ഇല്ല. ഗുജറാത്തിൽ നടക്കുന്ന ജാതി അതിക്രമത്തിനു നേരെ കണ്ണടക്കുന്ന പൊലീസിനാണ് അതിന്റെ ക്രെഡിറ്റ്. പൊലീസ് സബ് ഇൻസ്‌പെടക്ടർ സോളങ്കിയെ അറസ്റ്റു ചെയ്യുക.'' എന്ന് പ്രതിഷേധത്തിനിടെ മേവാനി ട്വീറ്റ് ചെയ്തിരുന്നു.
കൊല്ലപ്പെടുന്നതിന് മുമ്പും പല തവണ അമ്രഭായ് സവർണജാതിക്കാരുടെ അക്രമണത്തിനിരയായിരുന്നു. 13 കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് പൊലീസ് രേഖപ്പെടുത്തിയത്.
തങ്ങൾ നിയമസഭയിൽ എത്തിച്ചേരുന്നത് തടയാൻ എം.എൽ.എ ക്വാട്ടേഴ്‌സിൽ ജലപീരങ്കി അടക്കമുള്ള സന്നാഹങ്ങളുമായി പൊലീസിനെ വിന്യസിച്ചെന്നും മേവാനിയുടെ ട്വീറ്റിൽ പറയുന്നുണ്ട്. പ്രതിഷേധത്തിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്ന മേവാനിയെ ബലം പ്രയോഗിച്ച് പൊലീസ് വാഹനത്തിലേക്ക് മാറ്റുകയായിരുന്നു.
കഴിഞ്ഞ ദിവസം, അന്വേഷണത്തിൽ കൈക്കൊണ്ട നടപടികളെക്കുറിച്ച് അറിയാൻ കുടുംബാഗംങ്ങളുമായി ഭാവ്‌നഗർ കളക്ടറുടെ ഓഫീസിൽ എത്തിയപ്പോൾ അവിടെ വെച്ച് നേരിട്ട അവഗണന മേവാനി സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. സർക്കാർ സംവിധാനങ്ങൾ ഒന്നടങ്കം പൊലീസ് ഉദ്യോഗസ്ഥനെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്നും കളക്ടർ കണ്ണടച്ച് ഇരിക്കുകയാണെന്നും എന്നാണദ്ദേഹം പറഞ്ഞത്.
നേരത്തെ, അമ്രാഭായിയുടെ കൊലപാകത്തിന് ഉത്തരവാദികളായവരെ അറസ്റ്റു ചെയ്യണമെന്ന ആവശ്യം നിരന്തരം നിയമസഭയിൽ ഉന്നയിച്ച മേവാനിയെ രണ്ടു തവണ സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെ പ്രതിഷേധവുമായി തെരുവിലേക്കിറങ്ങുകയാണെന്ന് മേവാനി കഴിഞ്ഞ ദിവസം തിങ്കിനോട് പറഞ്ഞിരുന്നു.
തന്റെ കൃഷിസ്ഥലവും താമസസ്ഥലവും കയ്യേറാൻ സ്ഥലത്തെ ക്ഷത്രിയവിഭാഗം ശ്രമിക്കുന്നെന്ന് ഗോഗ പൊലീസ് സ്റ്റേഷനിൽ ബോറിച്ച മുമ്പ് പരാതി നൽകിയിരുന്നു. എന്നാൽ സബ് ഇൻസ്‌പെക്ടർ പി.ആർ. സോളങ്കി എഫ്.ഐ.ആർ രേഖപ്പെടുത്തിയില്ല. അതേതുടർന്ന് അദ്ദേഹം കോടതിയെ സമീപിക്കുകയായിരുന്നു. ഈ സംഭവവികാസങ്ങളാണ് അദ്ദേഹത്തിന്റെ കൊലപാതകത്തിൽ കലാശിച്ചത്.