2011 ആഗസ്​റ്റിൽ ചെങ്ങറയിൽനിന്ന്​ തുടങ്ങിയ അടിസ്​ഥാന വർഗ മോചനയാത്രയിൽ ളാഹ ഗോപാലൻ സംസാരിക്കുന്നു

‘ഇവർക്കുവേണ്ടി ഒരിക്കലും ഇങ്ങനെയൊരു സമരം ചെയ്യാൻ പാടില്ലായിരുന്നു’

ഒരു കാലത്ത്​ കേരളത്തിലെ ഭൂ സമരവേദികളിലെ നേതൃസ്​ഥാനത്തുണ്ടായിരുന്ന ളാഹ ഗോപാലൻ, താൻ നയിച്ച ചെങ്ങറ സമരത്തെക്കുറിച്ചും ദളിതർ നിരന്തരം ചൂഷണത്തിനിരയാകുന്നതിനെക്കുറിച്ചും തുറന്നു സംസാരിക്കുന്നു

ത്തനംതിട്ട ബസ്സ്റ്റാൻഡിൽ നിന്ന് അധികം ദൂരത്തല്ലാതെ സാധുജന വിമോചന സംയുക്ത വേദിയുടെ ഓഫീസായ അംബേദ്കർ സ്മാരക മന്ദിരം.
അതിനുമുന്നിൽ ജയ് ഭീം എന്ന ബോർഡ് വച്ച ഒരു വെള്ള അംബാസിഡർ കാർ. ഒരുകാലത്ത് കേരളത്തിലെ ഭൂസമര വേദികളിലേക്ക് ഓടിക്കൊണ്ടിരുന്ന കാറാണിത്. ഈ കാർ വന്നുനിൽക്കുമ്പോൾ സമരം ചെയ്യുന്ന ഭൂരഹിതരുടെ മുഖത്ത് ആശ്വാസച്ചിരി വിരിഞ്ഞിരുന്നു. കാരണം അതിൽ നിന്നിറങ്ങാൻ പോകുന്നത് ആരാണെന്നത് അവർക്ക് വ്യക്തമായിരുന്നു.
ചെങ്ങറ എന്ന സ്ഥലപ്പേരിന്റെ പര്യായമായിരുന്നു കറുത്ത് ഉയരം കുറഞ്ഞ ആ രൂപം, അതേ; പറഞ്ഞു വരുന്നത് ളാഹ ഗോപാലനെക്കുറിച്ചുതന്നെ. ഒരുകാലത്ത് തന്റെ ചുറ്റിലുമുണ്ടായിരുന്ന ആളും ആരവങ്ങളുമെല്ലാമൊഴിഞ്ഞ് അംബേദ്കർ സ്മാരക മന്ദിരത്തിൽ വിശ്രമത്തിലാണ് അദ്ദേഹം ഇപ്പോൾ.
തന്റെ സമരഭൂമിയായിരുന്ന ചെങ്ങറയിൽ നിന്ന് ളാഹ ഗോപാലൻ ഇറങ്ങിയിട്ട് അഞ്ച് വർഷമാകുന്നു. ചെങ്ങറ സമരത്തെക്കുറിച്ചും അത് ഒരു പരാജയമാണെന്ന് തനിക്ക് നിരന്തരം പറയേണ്ടി വന്നതിനെക്കുറിച്ചും ആദിവാസികളുടെയും ദളിതരുടെയും ജീവിതത്തെക്കുറിച്ചും അവരുടെ രാഷ്ട്രീയത്തെക്കുറിച്ചുമെല്ലാം ട്രൂ കോപ്പി വെബ്‌സീനുമായി സംസാരിക്കുകയാണ് ളാഹ ഗോപാലൻ.

അരുൺ ടി. വിജയൻ: ദളിതരുടെ പ്രശ്നങ്ങൾ ഏറെ മനസ്സിലാക്കിയ ശേഷമാണ് ചെങ്ങറ സമരത്തിലേക്ക് എത്തിച്ചേർന്നതെന്ന് താങ്കൾ പറഞ്ഞിട്ടുണ്ട്. എങ്ങനെയായിരുന്നു ളാഹ ഗോപാലൻ എന്ന ദളിതന്റെ ജീവിതം തുടങ്ങിയത്?

ളാഹ ഗോപാലൻ: ഏഴെട്ട് വയസ്സായപ്പോഴേ അച്ഛനും അമ്മയും ഇല്ലാതായി. അധികം വിദ്യാഭ്യാസവും ലഭിച്ചില്ല. ജീവിതത്തിൽ ഏറ്റവും കഷ്ടതകൾ അനുഭവിച്ച കൂട്ടത്തിലുള്ള ഒരാളാണ് ഞാൻ. ദുഃഖിതരുടെ ഇടയിൽ വളർന്നുവന്ന ഒരാൾ. വലിയ വിദ്യാഭ്യാസമില്ലെന്ന് കേൾക്കുമ്പോൾ ചിലർക്ക് അവജ്ഞ തോന്നും. എനിക്കതിൽ പരാതിയില്ലായിരുന്നു. അച്ഛനോ അമ്മയോ ആരെങ്കിലും ഒരാൾ ഭക്ഷണം തരാനില്ലങ്കിൽ ഏത് മിടുക്കനാണെങ്കിലും പഠിക്കാൻ പറ്റില്ല. അങ്ങനെ പഠനം ഒന്നുമില്ലാത്തതുകൊണ്ട് അനുഭവത്തിലുള്ള അറിവിലൂടെയാണ് ഓരോ കാര്യങ്ങൾ ചെയ്തത്.

എനിക്കൊരു അബദ്ധം പറ്റിയതാണ്. ഇവർക്കുവേണ്ടി ഒരിക്കലും ഇങ്ങനെയൊരു സമരം ചെയ്യാൻ പാടില്ലായിരുന്നു എന്ന നിഗമനത്തിലാണ് ഞാനിപ്പോൾ നിൽക്കുന്നത്.

ആദിവാസികൾക്ക് ഭൂമിക്കായി ചെങ്ങറയിൽ കുടിൽ കെട്ടി സമരം എന്ന ആശയം ഉരുത്തിരിഞ്ഞത് എപ്പോഴാണ്? ചെങ്ങറ സമരം താങ്കളുടെ ആദ്യ സമരമല്ലെന്ന് പലയിടത്തും പറഞ്ഞുകേട്ടിട്ടുണ്ട്. അങ്ങനെയാണെങ്കിൽ ഏതാണ് താങ്കളുടെ ആദ്യകാല സമരങ്ങൾ?

ചെങ്ങറ സമരം ഒരു പുതിയ സമരം ആയിരുന്നില്ല. യഥാർത്ഥത്തിൽ ആ സമരങ്ങളിൽ അവസാനത്തേതായിരുന്നു ചെങ്ങറ സമരം. അതിനുമുമ്പുതന്നെ ആദിവാസികൾക്ക് വീടില്ല, ഭൂമിയില്ല, അഡ്രസ് ഇല്ല, വിദ്യാഭ്യാസം ഇല്ല. തൊണ്ണൂറുകളിൽ സംസ്ഥാനത്ത് സമ്പൂർണ സാക്ഷരത പ്രഖ്യാപിക്കുന്ന സമയത്ത് ഇവരെക്കൂടി സാക്ഷരതയിലാക്കിയിട്ടുവേണം പ്രഖ്യാപനം നടത്താനെന്ന് ആവശ്യപ്പെട്ട് വനാന്തരത്തിൽ കിടക്കുന്ന ഇരുന്നൂറോളം ആദിവാസികളെ കൂട്ടിച്ചേർത്ത് ളാഹയിലെ വനപ്രദേശത്ത് റോഡരികിൽ കുടിലുകെട്ടി ആറ് മാസവും പതിനെട്ട് ദിവസവും നീണ്ട സമരം നടത്തിയിരുന്നു. സെക്രട്ടേറിയറ്റ് പടിക്കൽ വരെ ആ സമരം നീണ്ടു. അതുകഴിഞ്ഞ് ആദിവാസികൾക്കുവേണ്ടി ഒരു സ്‌കൂൾ ളാഹയിൽ തന്നെ അനുവദിച്ചു. ളാഹയിൽ തന്നെ 40 കുടുംബത്തിന് ജീവിക്കാൻ ഭൂമിയും കൊടുത്തു. ഇപ്പോൾ ആ സമരം അറിയുന്നത് മഞ്ഞത്തോട് സമരം എന്നാണ്.

ഭൂസമര കാലത്ത്​ ​ളാഹ ഗോപാലൻ സഞ്ചരിച്ചിരുന്ന അംബാസഡർ കാർ.
ഭൂസമര കാലത്ത്​ ​ളാഹ ഗോപാലൻ സഞ്ചരിച്ചിരുന്ന അംബാസഡർ കാർ.

അതുപോലെ, നിലയ്ക്കൽ റബ്ബർ പ്ലാന്റേഷൻ ആദിവാസികൾക്കുവേണ്ടിയുള്ള പ്ലാന്റേഷനാണ്. നിലയ്ക്കൽ മാത്രമല്ല, ഏഴ് പ്ലാന്റേഷനുകൾ അത്തരത്തിലുള്ളതാണ്. ഫാമിംഗ് കോർപ്പറേഷൻ എന്ന പേരിലാണ് ഇവ അറിയപ്പെടുന്നത്. ആദിവാസികൾക്ക് തൊഴിൽ കൊടുക്കാൻ അനുവദിച്ചിട്ടുള്ള തോട്ടങ്ങളാണിവ. നിലയ്ക്കൽ പ്ലാന്റേഷനിൽ നടത്തിയ സമരത്തിന്റെ ഫലമായാണ് അവിടുത്തെ ആദിവാസി തൊഴിലാളികളെ സ്ഥിരപ്പെടുത്തിയത്. തൊഴിലാളികളെ സ്ഥിരപ്പെടുത്താൻ തീരുമാനിച്ചപ്പോൾ ആദിവാസികളെ ഒഴിവാക്കി അവരുടെ അടുത്ത് താമസിക്കുന്ന മറ്റുള്ളവർക്ക് അവസരം കൊടുക്കാനാണ് സർക്കാർ പദ്ധതിയിട്ടത്. നിയമനം നടത്താൻ വന്ന എം.ഡിയെ എസ്റ്റേറ്റിനകത്ത് തടഞ്ഞാണ് ആ സമരം ആരംഭിച്ചത്. അവർ ഹൈക്കോടതിയെ സമീപിച്ചു. ഒടുവിൽ ആദിവാസികൾക്ക് തൊഴിൽ നൽകുന്ന മാനദണ്ഡങ്ങൾ പാലിച്ചുമാത്രമേ തൊഴിലാളികളെ സ്ഥിരപ്പെടുത്താവൂ എന്ന് കോടതി ഉത്തരവിട്ടു. നിലയ്ക്കൽ പ്ലാന്റേഷനിലാണ് ഞങ്ങൾ സമരം ചെയ്തതെങ്കിലും ഫാമിംഗ് കോർപ്പറേഷന്റെ കീഴിലുള്ള ഏഴ് പ്ലാന്റേഷനുകളിലും ഇത് ബാധകമായി. അന്ന് ജോലി കിട്ടിയവർ ഇപ്പോഴും ജോലി ചെയ്യുന്നുണ്ട്. അങ്ങനെ പല തരത്തിലുള്ള സമരങ്ങൾ പലയിടങ്ങളിലായി നടത്തിയിട്ടുണ്ട്. അക്കാലത്തൊക്കെ ഞാൻ കെ.എസ്.ഇ.ബിയിൽ ജോലി ചെയ്തിരുന്നു.

ചെങ്ങറ സമരം പൊളിക്കാൻ ശ്രമിച്ചത് രാഷ്ട്രീയ പാർട്ടികളാണ്, പ്രത്യേകിച്ചും സി.പി.എം. അതിനായി അവർ മദ്യം ഉപയോഗിച്ചു. ആദിവാസികളും ദളിതനും മദ്യത്തിനടികളായതുകൊണ്ടാണ് അവരതിൽ വിജയിച്ചത്.

കെ.എസ്.ഇ.ബിയിലെ ജോലിയിൽ നിന്ന് വിരമിച്ച് മൂന്നുമാസത്തിനുശേഷമാണ് ചെങ്ങറ സമരം ആരംഭിച്ചത്. അത്ര വലിയൊരു ആൾക്കൂട്ടത്തെ ഉപയോഗിച്ചുള്ള സമരം മൂന്നുമാസം കൊണ്ട് സംഘടിപ്പിക്കാനാകില്ലല്ലോ? എന്തൊക്കെയായിരുന്നു അതിനായി നടത്തിയ തയ്യാറെടുപ്പുകൾ?

2005 ഏപ്രിലിലാണ് ഞാൻ റിട്ടയർ ചെയ്തത്. ആഗസ്റ്റിൽ ചെങ്ങറ സമരം ആരംഭിച്ചു. സർവ്വീസിലുള്ളപ്പോൾ അവധി ദിവസങ്ങളിൽ കോളനികളിൽ പോയി അവരെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കിയിരുന്നു. പെൻഷനായശേഷം പത്തനംതിട്ട ടൗണിൽ ഒരു മുറി വാടകക്കെടുത്ത് ഓഫീസ് ആരംഭിച്ചു. എല്ലാ ഞായറാഴ്ചയും ആളുകളെ അവിടെ കൂട്ടാൻ ആരംഭിച്ചു. പതിവായി പങ്കെടുക്കുന്ന 35 പേരായപ്പോൾ മിനി സിവിൽ സ്റ്റേഷനുമുന്നിൽ ഒരു യോഗം സംഘടിപ്പിച്ചു. ആദിവാസികളുടെ വിഷയങ്ങൾ വലിയ ബോർഡൊക്കെ വച്ച് വിശദമാക്കുന്നതായിരുന്നു യോഗം. രാപകൽ ഒരുപോലെ ആ സമരം നടന്നു. 150 ദിവസം അത് നീണ്ടു. അപ്പോഴേക്കും അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സമരത്തെക്കുറിച്ച് അന്വേഷിക്കുകയും ചർച്ചയ്ക്ക് വിളിക്കുകയും ചെയ്തു. മൂന്ന് മാസത്തിനുള്ളിൽ ബന്ധപ്പെട്ട വകുപ്പുകളുമായി കൂടിയാലോചിച്ച് പ്രശ്നം പരിഹരിക്കാമെന്നാണ് അദ്ദേഹം നൽകിയ ഉറപ്പ്. ആ ഉറപ്പ് വിശ്വസിച്ചാണ് സമരം അവസാനിപ്പിച്ചത്.

 സെലീന പ്രക്കാനം
സെലീന പ്രക്കാനം

മൂന്നുമാസം മറുപടി പ്രതീക്ഷിച്ചെങ്കിലും ഒന്നുമുണ്ടായില്ല. സർക്കാർ ഉടമസ്ഥതയിലുള്ള പ്ലാന്റേഷൻ കോർപ്പറേഷന്റെ തോട്ടങ്ങളിലൊരെണ്ണം കൊടുമണ്ണിലുണ്ട്. മറ്റൊന്ന് തണ്ണിത്തോട്ടിലും. ഇതിൽ കൊടുമൺ പ്ലാന്റേഷനിലെ തോട്ടങ്ങളിൽ രാത്രി കയറി കുടിലുകെട്ടി. അപ്പോഴേക്കും ഞങ്ങൾക്കൊപ്പം നാലായിരത്തോളം പേർ സഹകരിക്കാൻ തുടങ്ങിയിരുന്നു. ഭൂമി പ്രശ്നമായതുകൊണ്ട് കൂടുതൽ ആളുകൾ ഞങ്ങൾക്കൊപ്പം ചേരാനും തുടങ്ങി. നാലായിരത്തിൽപ്പരം കുടിലുകളുണ്ടായിരുന്നു അവിടെ. ആ സമരം അഞ്ച് ദിവസം നീണ്ടു. അഞ്ചാമത്തെ ദിവസം റവന്യു മന്ത്രിയുടെ നിർദ്ദേശപ്രകാരം കളക്ടർ ചർച്ചയ്ക്ക് വിളിച്ചു. ആ ചർച്ചയുടെ ഫലമായി സമരം അവസാനിച്ചു. എന്നാൽ, സർക്കാർ വാഗ്ദാനം പാലിച്ചില്ല. അങ്ങനെ വന്നപ്പോൾ ഞങ്ങൾ ചെങ്ങറ എസ്റ്റേറ്റിൽ പ്രവേശിക്കുകയും വീണ്ടും സമരം ആരംഭിക്കുകയുമായിരുന്നു.

സെലീന പ്രക്കാനം അകത്തുതന്നെ നിന്നുകൊണ്ടാണ് സമരത്തെ അട്ടിമറിച്ചത്. ചെങ്ങറ ഇപ്പോൾ ഡി.എച്ച്.ആർ.എമ്മിന്റെ കൈയിലാണ്. അവർ വന്നതോടെയാണ് ഞാൻ ചെങ്ങറയിൽ നിന്നിറങ്ങിയത്.

താങ്കൾ കണ്ട ആദിവാസി ജീവിതത്തെ അന്നും ഇന്നും എന്ന് താരതമ്യം ചെയ്താൽ അത് എങ്ങനെയായിരിക്കും? എന്തെങ്കിലും മാറ്റം സംഭവിച്ചതായി തോന്നുന്നുണ്ടോ?

ഞാൻ കണ്ട ഇപ്പോഴത്തെ ജീവിതത്തെക്കുറിച്ച് പറയുകയാണെങ്കിൽ, എനിക്കൊരു അബദ്ധം പറ്റിയതാണ്. ഇവർക്കുവേണ്ടി ഒരിക്കലും ഇങ്ങനെയൊരു സമരം ചെയ്യാൻ പാടില്ലായിരുന്നു എന്ന നിഗമനത്തിലാണ് ഞാനിപ്പോൾ നിൽക്കുന്നത്. ഞങ്ങൾ ഈ സമരം തുടങ്ങിക്കഴിഞ്ഞപ്പോൾ സാമൂഹിക- രാഷ്ട്രീയ രംഗങ്ങളിൽ എല്ലാം ഭയങ്കര ഓളമുണ്ടായി. രാഷ്ട്രീയമില്ലാതെ ഇങ്ങനെയൊരു സമരം വിജയിച്ചാൽ അത് ഭാവിയിൽ തങ്ങൾക്ക് ദോഷം ചെയ്യുമെന്ന് ഇവിടുത്തെ രാഷ്ട്രീയക്കാർക്ക് ബോധ്യപ്പെട്ടു. അതിനെതിരെയുള്ള പണി അവർ ചെയ്തുകൊണ്ടിരുന്നു. എന്നാൽ അത് മനസ്സിലാക്കാൻ ദളിതൻ തയ്യാറായില്ല. സമരത്തിൽ പങ്കാളികളായവരെ എന്തെങ്കിലുമൊക്കെ നക്കാപ്പിച്ച കൊടുത്ത് തങ്ങൾക്കൊപ്പമെത്തിക്കുകയാണ് രാഷ്ട്രീയ പാർട്ടികൾ ചെയ്തത്. ആദിവാസികൾ അതിൽ ആകൃഷ്ടരാകുന്നത് അവരുടെ ഇല്ലായ്മ കൊണ്ടാണെന്നാണ് ഞാൻ ആദ്യമൊക്കെ കരുതിയത്. പറഞ്ഞുകൊടുത്താൽ ഇവർക്ക് മനസ്സിലാകും എന്ന് ഞാൻ ധരിച്ചു. പക്ഷെ, രാഷ്ട്രീയക്കാരാണ് ഇവിടെ വിജയിച്ചത്. അവരുടെ വലയിൽ ദളിതർ വീഴുകയായിരുന്നു. അങ്ങനെയാണ് സമരം പരാജയപ്പെട്ടതെന്ന് വേണമെങ്കിൽ പറയാം.

ആദിവാസികളുടെ അടിസ്ഥാനപരമായ ജീവിതത്തിന് കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. അത് ആദിവാസികളുടെ കുഴപ്പം തന്നെയാണ്. ഏതുരീതിയിൽ പറഞ്ഞാലും ആണും പെണ്ണും എല്ലാം ലഹരിയുടെ പിന്നാലെയാണ്. ആഹാരം പോലും വേണമെന്നില്ല. അവരെ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ ആരെക്കൊണ്ടും പറ്റില്ല. അതുകൊണ്ടാണ് സർക്കാർ എത്ര ശ്രമിച്ചിട്ടും അവർ നേരെയാകാത്തതും.

ആർക്കും തോൽപ്പിക്കാനാകാത്ത സമരമായിരിക്കും ചെങ്ങറ സമരം എന്നാണ് തുടക്ക കാലത്ത് കേട്ടിരുന്നത്. എന്നിട്ടും ഈ സമരം പരാജയപ്പെട്ടത് എന്തുകൊണ്ടാണ്?

ഈ സമരം പൊളിക്കാൻ ശ്രമിച്ചത് രാഷ്ട്രീയ പാർട്ടികളാണ്, പ്രത്യേകിച്ചും സി.പി.എം. അതിനായി അവർ മദ്യം ഉപയോഗിച്ചു. ആദിവാസികളും ദളിതനും മദ്യത്തിനടികളായതുകൊണ്ടാണ് അവരതിൽ വിജയിച്ചത്. മദ്യം കിട്ടിയാൽ ആഹാരമോ വീടോ മണ്ണോ ഒന്നും വേണമെന്ന് അവർക്കില്ല. വീടുവേണം, മക്കളെ വിദ്യാഭ്യാസം ചെയ്യിക്കണം എന്നൊക്കെ ആഗ്രഹിക്കാത്ത ആരാണുള്ളത്? ഇപ്പോൾ ഒരു ആദിവാസിപ്പെണ്ണ് കലക്ടറായി. എനിക്ക് വലിയ അത്ഭുതം തോന്നി. അത് ദൈവസഹായം കൊണ്ട് സംഭവിച്ചതാണെന്നേ പറയാനാകൂ.

മുത്തങ്ങ സമരത്തിൽ ശ്രീരാമൻ കൊയ്യോനൊക്കെ മുന്നിൽത്തന്നെയുണ്ടായിരുന്നു. പക്ഷെ വെടിവെപ്പും മറ്റുമൊക്കെ നടക്കുമ്പോൾ അവിടെയെങ്ങും കണ്ടിട്ടില്ല. കേസുണ്ടായും തല്ല് കൊണ്ടതുമൊക്കെ ഗീതാനന്ദനും ജാനുവുമാണ്.

ചെങ്ങറ സമരം പരാജയപ്പെടുത്താൻ അകത്തുനിന്നു തന്നെയുള്ള നീക്കങ്ങൾ എന്തൊക്കെയായിരുന്നു? ഉദാഹരണത്തിന്, സെലീന പ്രക്കാനത്തിന്റെ പുസ്തകം അക്കാലത്ത് വിവാദമായിരുന്നല്ലോ?

സത്യസന്ധമായി പറഞ്ഞാൽ സെലീന പ്രക്കാനം അകത്തുതന്നെ നിന്നുകൊണ്ടാണ് സമരത്തെ അട്ടിമറിച്ചത്. ചെങ്ങറ ഇപ്പോൾ ഡി.എച്ച്.ആർ.എമ്മിന്റെ കൈയിലാണ്. അവർ വന്നതോടെയാണ് ഞാൻ ചെങ്ങറയിൽ നിന്നിറങ്ങിയത്. ഞാൻ അവിടെ നിന്നിറങ്ങിയിട്ട് ആറേഴ് വർഷമായി. എനിക്ക് പറ്റിയ ആളുകളല്ല ഇപ്പോൾ അവിടെയുള്ളത്. അവരെ നന്നാക്കാൻ ഞാൻ വിചാരിച്ചാൽ നടക്കില്ലെന്ന് ബോധ്യമായതുകൊണ്ടാണ് പിന്നീട് അങ്ങോട്ട് പോകേണ്ടെന്ന് തീരുമാനിച്ചത്.

എന്തായാലും ചെങ്ങറ സമരം കാരണം നൂറുപേർക്ക് വീട് കിട്ടിയിട്ടുണ്ട്. അമ്പതു സെന്റ് സ്ഥലവും വീടും മറ്റുമൊക്കെ കിട്ടി. ബാക്കി 2,495 പേർക്ക് സർക്കാർ അനുവദിച്ചിട്ടുണ്ട്. നൂറുപേർക്ക് കിട്ടിക്കഴിഞ്ഞപ്പോഴാണ് ചെങ്ങറയിലുള്ളവർക്ക് എന്നോട് എതിർപ്പ് തോന്നിയത്. അവരെ എതിർക്കാനോ മത്സരിക്കാനോ നിൽക്കാതെ ഞാനങ്ങ് ഒഴിഞ്ഞുമാറി പോകുകയായിരുന്നു. ഞാൻ നിയന്ത്രിക്കുമ്പോൾ സമരഭൂമിയിൽ മദ്യവുമായി വരാനേ പറ്റില്ലായിരുന്നു. കുടിച്ചിട്ട് വരുന്നവരെ അവിടേക്ക് പ്രവേശിപ്പിക്കുകയുമില്ലായിരുന്നു. അങ്ങനെ കുറച്ച് ചെറുപ്പക്കാരെ നന്നാക്കിയെടുക്കാമെന്ന് കരുതി. പക്ഷെ ഈ ചെറുപ്പക്കാർ നന്നാകില്ല.

ശ്രീരാമൻ കൊയ്യോനൊക്കെ സമരത്തെ അട്ടിമറിക്കാൻ കൂട്ടുനിന്നവരാണെന്ന് താങ്കൾ മുമ്പ് ഒരിടത്ത് പറഞ്ഞത് വായിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്? അദ്ദേഹം മുത്തങ്ങ സമരത്തിലൊക്കെ സജീവസാന്നിധ്യമായിരുന്നല്ലോ?

ശ്രീരാമൻ എന്റെ കൂടി സമരത്തിൽ ഉണ്ടായിരുന്നില്ല. നേതാവാകാനായി ഒരാളെ കണ്ണൂരിൽ നിന്ന് കൊണ്ടുവരേണ്ട കാര്യമില്ല എന്നാണ് ഞാൻ പറഞ്ഞത്. വേണമെങ്കിൽ നിങ്ങൾക്ക് സമരത്തിൽ പങ്കാളിയാകാമെന്നും ഞാൻ പറഞ്ഞിരുന്നു. നേതാവായാലേ പ്രവർത്തിക്കൂ എന്ന നിലപാട് സ്വീകരിച്ചാൽ എനിക്ക് ബുദ്ധിമുട്ടാണെന്നും പറഞ്ഞിരുന്നു. അതിനുശേഷം അയാൾ കുറച്ചുപേരെ ഇതിൽ നിന്ന് അടർത്തിയെടുത്ത് അരിപ്പയിൽ പോയി മൂന്നുനാല് കൊല്ലം താമസിച്ചു. ഞാൻ ഈ സമരം നിർത്തിയപ്പോൾ അയാൾ കളഞ്ഞിട്ട് പോകുകയും ചെയ്തു. മുത്തങ്ങ സമരത്തിൽ ഇയാൾ അത്ര വലിയ ആത്മാർത്ഥതയോടെയല്ല പോയതെന്ന് എനിക്ക് മനസ്സിലായിട്ടുണ്ട്. മുത്തങ്ങ സമരത്തിൽ ഇയാൾ മുന്നിൽത്തന്നെയുണ്ടായിരുന്നു. പക്ഷെ വെടിവെപ്പും മറ്റുമൊക്കെ നടക്കുമ്പോൾ അവിടെയെങ്ങും കണ്ടിട്ടില്ല. കേസുണ്ടായും തല്ല് കൊണ്ടതുമൊക്കെ ഗീതാനന്ദനും ജാനുവുമാണ്.

അയ്യങ്കാളിക്കുശേഷം ഞാൻ മാത്രമാണ് ഇത്തരമൊരു ആവശ്യമുന്നയിച്ച് സമരം ചെയ്തത്. മറ്റൊരു രാഷ്ട്രീയക്കാരും അല്ലെങ്കിൽ ദളിത് സംഘടനകളുമൊന്നും ഈയൊരു ആവശ്യം ഉന്നയിച്ചിട്ടില്ല.

ചെങ്ങറ സമരം പരാജയമാണെന്ന് പറയുമ്പോഴും അതിൽ നിന്ന് സമൂഹത്തിന് പ്രയോജനപ്പെട്ട എന്തെങ്കിലുമൊക്കെ സംഭവിച്ചിട്ടില്ലേ?

പരാജയമാണെന്ന് ഞാൻ പറയുന്നത് സമരത്തെക്കുറിച്ച് എനിക്കൊരു സ്വപ്നം ഉണ്ടായിരുന്നതുകൊണ്ടാണ്. ആ സ്വപ്നത്തിലേക്ക് വരാനായില്ല. അതുകൊണ്ടാണ് ചെങ്ങറ സമരം പരാജയമാണെന്ന് പറയുന്നത്. എന്നാൽ ലോകം കണ്ടതിൽ വച്ചേറ്റവും വലിയ വിജയം കൈവരിച്ച സമരവുമാണത്. കാരണം, ഇപ്പോൾ 50 സെൻറ്​ ഭൂമിയിൽ നല്ല ടെന്റുകളിലുള്ള വീടുകളുണ്ട്. ഞാൻ സമരം നടത്തുന്ന 2005-07 കാലഘട്ടത്തിൽ 35,000 രൂപയാണ് സർക്കാർ വീട് വയ്ക്കാൻ കൊടുക്കുന്നത്. 2010ൽ ചെങ്ങറ സമരത്തിലുണ്ടാക്കിയ കരാറിലാണ് അത് നാല് ലക്ഷം രൂപയെന്ന് വ്യവസ്ഥ ചെയ്യുന്നത്.

2,495 പേർക്ക് ഈ രീതിയിൽ 50 സെൻറ്​ വീതം ഭൂമി കൊടുക്കാമെന്ന് സർക്കാരും ഞാനും തമ്മിലുണ്ടാക്കിയ കരാറിൽ പറയുന്നുണ്ട്. അരനൂറ്റാണ്ടുമുമ്പ് ഭൂപരിഷ്‌കരണ ബില്ലിൽ മൂന്നുസെൻറിൽ കൂടുതൽ കൊടുക്കില്ലെന്ന് വ്യവസ്ഥയുണ്ടാക്കിയിരുന്നു. ആ തീരുമാനം മാർക്സിസ്റ്റ് പാർട്ടിയുടെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായി കരുതിയിരുന്നതാണ്. എന്നാൽ അതിനെ പൊളിച്ചെഴുതിയാണ് 50 സെൻറ്​ കൊടുക്കാൻ വ്യവസ്ഥയുണ്ടാക്കിയത്. അതുകഴിഞ്ഞപ്പോൾ ഉമ്മൻ ചാണ്ടി സർക്കാർ മൂന്നുസെൻറ്​ വീതം പിന്നെയും കൊടുക്കാൻ തുടങ്ങി. ആ മൂന്ന് സെൻറ്​ വാങ്ങാനും ആളുണ്ട്.

പുതിയ ഒട്ടനവധി വികസന പ്രവർത്തനങ്ങൾ വരികയാണ്. വികസന പ്രവർത്തനങ്ങൾക്കായി സർക്കാർ ഭൂമി ഏറ്റെടുത്തുകൊണ്ടുമിരിക്കുന്നു. നാലിരട്ടി വില നൽകി ഭൂമി ഏറ്റെടുക്കുമെന്നാണ് വാഗ്ദാനം. അത് സാധ്യമാണോ? സ്വാഭാവികമായും ഭൂരഹിതരുടെ എണ്ണം കൂടുകയാണ്. ഇല്ലാതാകുന്ന ഭൂമിയിലാണ് ഈ ഭൂരഹിതരും ഇടം കണ്ടെത്തേണ്ടത്. അപ്പോൾ ചെങ്ങറയിലേത് അവസാന ഭൂസമരമാണെന്ന താങ്കളുടെ അവകാശവാദം തെറ്റാകില്ലേ?

സർക്കാരിന്റെ ഏറ്റെടുക്കലുകളെല്ലാം നടന്നുകൊണ്ടിരിക്കുകയാണ്. കാരണം, ഇല്ലാത്തവന്റെ എതിർപ്പ് ഇവിടെ ഒരുകാലത്തും നേരിടേണ്ടി വരില്ല. ഇല്ലാത്തവൻ ഏത് ജാതിയിൽപ്പെട്ടവനാണെങ്കിലും എതിർക്കുന്നില്ല. അയ്യങ്കാളിക്കുശേഷം ഞാൻ മാത്രമാണ് ഇത്തരമൊരു ആവശ്യമുന്നയിച്ച് സമരം ചെയ്തത്. മറ്റൊരു രാഷ്ട്രീയക്കാരും അല്ലെങ്കിൽ ദളിത് സംഘടനകളുമൊന്നും ഈയൊരു ആവശ്യം ഉന്നയിച്ചിട്ടില്ല. അപ്പോൾ നിങ്ങൾ ചോദിക്കും ജാനു നടത്തിയ സമരമോയെന്ന്. ആ സമരം ജാനു നടത്തിയതല്ല. അത് എ. കെ. ആന്റണിയുടെ ഒരു സമരം ആയിരുന്നു. വനം കൈയേറ്റക്കാരെ സന്തോഷിപ്പിച്ച് തെരഞ്ഞെടുപ്പിൽ വോട്ട് പിടിക്കാനുള്ള സമരം. അതിനുമുമ്പ് നായനാരുടെ ഭരണം ആയിരുന്നല്ലോ? അക്കാലത്ത് വനസംരക്ഷണ നിയമം കൊണ്ടുവന്നിരുന്നു. അവർ വനത്തിനുചുറ്റും കോൺക്രീറ്റ് കൊണ്ട് അതിരു പണിതു. അതോടെ കയ്യേറ്റം നടക്കാതെ വന്നു. കയ്യേറ്റം നടക്കാതെ വന്നപ്പോൾ ആന്റണി കൈയേറ്റക്കാരുമായി ബന്ധമുണ്ടാക്കി കോൺഗ്രസിന് അധികാരത്തിൽ വരാവുന്ന വിധത്തിൽ വോട്ട് സമാഹരിക്കാൻ ശ്രമം നടത്തി. യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നാൽ ഇവർക്ക് വനം കയ്യേറാൻ അവസരമുണ്ടാക്കാമെന്നായിരുന്നു വാഗ്ദാനം.

സി.കെ. ജാനു
സി.കെ. ജാനു

ആന്റണി അധികാരത്തിൽ വന്ന്​ നാലഞ്ച് മാസം കഴിഞ്ഞപ്പോൾ എൽ.ഡി.എഫ് കൊണ്ടുവന്ന വനംനിയമത്തിൽ അയവുവരുത്തി. അതോടെ അതിരുകൾ പൊളിക്കാനും ആളുകൾക്ക് കയറാനും അവസരം ലഭിച്ചു. ഇതിന്​ വഴിയൊരുക്കാനാണ്​ പത്തുമുപ്പത് പേരെ തിരുവനന്തപുരത്ത് എത്തിച്ച് കുടിൽ കെട്ടി സമരം നടത്തിച്ചത്​, സി. കെ. ജാനുവിനെ ആയുധമാക്കുകയായിരുന്നു. അല്ലാതെ അതുവരെയും വയനാട്ടിനുപുറത്ത് യാതൊരു പരിചയവുമില്ലാത്ത ഒരു സ്ത്രീക്ക് പത്ത് നൂറ് പേരെയും കൂട്ടി തിരുവനന്തപുരത്ത് വരാനും അടിസ്ഥാന ആവശ്യങ്ങൾ ഉൾപ്പെടെ പരിഹരിച്ച് ഭക്ഷണം പാകം ചെയ്​ത്​ സമരം ചെയ്യാനും എങ്ങനെയാണ്​ കഴിഞ്ഞത്​? അന്ന് ജാനു പ്രശസ്തയുമല്ലെന്ന് ഓർക്കണം.
ആ പ്രാവശ്യം അവർ നാട്ടിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. ജാനുവിന്റെ ജാതിയിൽപ്പെട്ടവർ 80 ശതമാനം വോട്ടർമാരുള്ള വാർഡിലാണ് അവർ മത്സരിച്ചത്. എന്നിട്ടുപോലും കിട്ടിയത് 36 വോട്ടാണ്. ആ 36 വോട്ടുകിട്ടിയ ആളെ നേതാവാകാൻ എ. കെ. ആന്റണി സഹായിച്ചു.
ഈ സമരത്തെതുടർന്ന്​ ഭൂമി കിട്ടിയതും ഒരു വിഭാഗത്തിനാണ്​. സമരം വിജയിച്ചപ്പോൾ ഈ വിഭാഗം ഭൂ ഉടമകളായി. ഇവർക്ക്​ അഞ്ചേക്കർ ഭൂമി വീതം ലഭിച്ചു. അതാണ് ആ സമരത്തിൽ ഉണ്ടായത്. അതാണ് ജാനുവിന്റെ സമരത്തിൽ നിന്നുണ്ടായ നേട്ടം. അല്ലാതെ ആദിവാസികൾക്കൊന്നും നേട്ടമുണ്ടായില്ല. ആ സമരത്തിന്റെ ചർച്ച പോലും സർക്കാർ തലത്തിലായിരുന്നില്ല. സുഗതകുമാരി, അടൂർ ഗോപാലകൃഷ്ണൻ, പിന്നെ വേറെയൊരു പൊതുപ്രവർത്തകൻ ഒക്കെയാണ് മുഖ്യമന്ത്രിക്കൊപ്പം ചർച്ചയിൽ പങ്കെടുത്തത്. പട്ടികജാതി മന്ത്രി പോലും പങ്കെടുത്തില്ല. ആ ചർച്ചയുടെ കരാറാണ് പെട്ടെന്ന് നടപ്പിലാക്കിയത്. അങ്ങനെയാണ് ജാനു സമരക്കാരിയായത്. ഇപ്പോൾ അവർ കുറച്ചൊക്കെ മെച്ചപ്പെട്ടു. ജാനുവിനെ നേതാവായി അംഗീകരിക്കാനോ സംസാരിക്കാനോ ഞാൻ തയ്യാറല്ല. ജാനു ഇത്രയും കാലം പ്രവർത്തിച്ചിട്ടും സമരം ചെയ്തിട്ടും അയ്യങ്കാളിയുടെയോ അംബേദ്കറിന്റെയോ വാക്കുകൾ ഉപയോഗിച്ചിട്ടില്ല. ഇവരുടെ പേര് ഉപയോഗിക്കാതെ എന്ത് ദളിത് സ്നേഹമാണ്? അതുകൊണ്ട് തന്നെ ജാനു ഒരു ദളിത് നേതാവാണെന്ന് പറയാനാകില്ല.

2000ൽ ജാനുവിനെക്കൊണ്ട് എ. കെ. ആന്റണി നടത്തിയ സമരം പത്രസമരം മാത്രമായിരുന്നു.

ആദ്യ ഭൂസമരം ചെങ്ങറയിലേതാണെന്ന് പറയുമ്പോൾ അത് എ.കെ.ജിയുടെ സമരത്തെയും മുത്തങ്ങ സമരത്തെയുമെല്ലാം നിരാകരിക്കുന്നതുപോലെയല്ലേ?

അതാണ് ശരി. എ. കെ. ഗോപാലൻ കൊടി കുത്തുകയേ ചെയ്തുള്ളൂ. ജാനു പറയുന്നത്, മുത്തങ്ങ സമരം കണ്ട് ഞാൻ ളാഹയിൽ സമരം നടത്തിയെന്നാണ്. പക്ഷെ തൊണ്ണൂറിൽ ഞാൻ ആദിവാസി സമരം നടത്തിയിട്ടുണ്ട്​. അതാണ് നേരത്തെ പറഞ്ഞ മഞ്ഞത്തോട് സമരം. നായനാരായിരുന്നു മുഖ്യമന്ത്രി. ആറ് മാസവും പതിനെട്ട് ദിവസവും ആ സമരം നീണ്ടു. ഇപ്പോൾ 40 കുടുംബങ്ങൾക്ക് മഞ്ഞത്തോടിൽ വീട് വച്ചുകൊടുത്തുകൊണ്ടിരിക്കുകയാണ്. ആ സമരം നടക്കുമ്പോൾ എനിക്ക് ജോലിയുള്ള കാര്യം നേരത്തെ പറഞ്ഞു. അതിന്റെ കരാർ ഉണ്ടാക്കിയ സമയത്ത് സർക്കാർ എന്നെ കാസർകോ​ട്ടേക്ക്​ സ്​ഥലം മാറ്റി. ദിവസവും കാസർകോട്ട്​ പോയി വരാനൊക്കില്ലല്ലോ? അതോടെ ആ സമരം പൊളിഞ്ഞു. പക്ഷെ സർക്കാർ മിനുറ്റ്സിൽ ചേർത്ത കരാർ നിലനിന്നു.

ജാനുവിന്റെ സമരം വന്നപ്പോഴും ഈ കരാർ പൊങ്ങിവന്നില്ല. എന്നാൽ ഞാൻ ചെങ്ങറ സമരം നടത്തിയപ്പോഴാണ് ഈ സമരവും പൊങ്ങിവന്നത്. അതോടെ മഞ്ഞത്തോട് പദ്ധതിയെന്ന പേരിൽ വീടും സ്ഥലവും കൊടുക്കാൻ സർക്കാർ നിർബന്ധിതരായി. അപ്പോൾ യഥാർത്ഥത്തിൽ അയ്യങ്കാളിക്കുശേഷം തൊണ്ണൂറിൽ ഞാൻ നടത്തിയ സമരമാണ് കേരളത്തിലെ ആദിവാസി സമരം. അതുംകഴിഞ്ഞ് 2000ൽ ജാനുവിനെക്കൊണ്ട് എ. കെ. ആന്റണി നടത്തിയ സമരം പത്രസമരം മാത്രമായിരുന്നു. എന്തായാലും അയ്യങ്കാളിക്കുശേഷം കേരളത്തിൽ ദളിതരുടെ ആവശ്യം ഉന്നയിച്ച് ശബ്ദമുയർത്തിയിട്ടുണ്ടെങ്കിൽ അത് ളാഹ ഗോപാലൻ മാത്രമാണ്. വേറെ ആരും അതിന് അവകാശപ്പെട്ടിട്ട് കാര്യമില്ല. കാരണം അതിന് തെളിവും രേഖയുമുണ്ട്.

ളാഹ ഗോപാലൻ പത്തനംതിട്ടയിൽ സ്ഥാപിച്ച അംബേദ്ക്കർ സ്മാരക മന്ദിരം
ളാഹ ഗോപാലൻ പത്തനംതിട്ടയിൽ സ്ഥാപിച്ച അംബേദ്ക്കർ സ്മാരക മന്ദിരം

ചെങ്ങറ സമരത്തിന് ശേഷം ചെങ്ങറ മോഡൽ സമരം എന്ന പുതിയ സംജ്ഞ രൂപപ്പെട്ടു. ചെങ്ങറ സമരം മറ്റ് മുന്നേറ്റങ്ങൾക്ക് എന്തൊക്കെ വഴിയാണ് തുറന്നുകൊടുത്തത്?

ഒരു പൊതുമുതലും നശിപ്പിക്കാതെ, രക്തച്ചൊരിച്ചിലുണ്ടാകാതെ, പൊലീസുകാരുടെ തല്ലുകൊള്ളാതെ, നൂറുകണക്കിന് ആളുകൾ കേസിൽ പ്രതിയാകാതെ, ശാന്തവും സമാധാനവും നിയമപരവുമായി, കേരളത്തിൽ ആദ്യമായിട്ടാണ് ഒരു സമരം നടന്നത്. ഇത് മറ്റുള്ളവർക്ക് മാതൃകയായിരുന്നു. കാരണം, മറ്റാരെയും തോൽപ്പിക്കുകയായിരുന്നില്ല നമ്മൾ. ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച്, ‘അത് തരാൻ നിങ്ങൾ തയ്യാറല്ലെങ്കിൽ ഞങ്ങളങ്ങ് ഒടുങ്ങുക’ എന്നതായിരുന്നു എന്റെ ഡിമാൻഡ്. ഞങ്ങൾ ഒടുങ്ങുക, ഞങ്ങൾ ആത്മഹത്യ ചെയ്യുക. വേറെയാരെയും കൊല്ലാനോ അവർക്ക് എന്തെങ്കിലും നഷ്ടപ്പെടുത്താനോ എന്റെ സമരത്തിൽ ആരും തയ്യാറായില്ല. ഇനിയും എനിക്ക് ഇതേ മോഡലിൽ സമാധാനപരമായ പല സമരങ്ങളും ചെയ്യാൻ കഴിയും. ബഹളം വച്ചാലേ ലോകർ അറിയൂ, നാലഞ്ച് പേരെ കൊന്നാലേ സമരത്തിന് വീര്യമുള്ളൂ എന്നൊന്നും ഞാൻ വിശ്വസിക്കുന്നില്ല. ഇത് മറ്റുള്ളവർക്ക് കണ്ട് പഠിച്ചുകൂടേ?

അതുപോലെ പല സമരക്കാരും പിന്നീട് ചെങ്ങറ മോഡൽ എന്ന് തന്നെ സമരങ്ങളെ വിളിക്കാൻ തുടങ്ങിയല്ലോ? എന്റെ രീതികളെല്ലാം മാതൃകപരമായിരുന്നു. മുമ്പ് ആരും കാണിക്കാത്തതുമായിരുന്നു. നൂറ് ശതമാനം ലഹരിവിരുദ്ധമായിരുന്നു. ലഹരി ഉപയോഗിക്കുന്നവൻ സമരത്തിന് വരണ്ട. ലഹരി ഉപയോഗിക്കുന്നവനെ അവിടെ നിന്നും അടിച്ചോടിക്കുകയാണ് ചെയ്തിരുന്നത്.

ഏത് സമുദായക്കാരനാണെങ്കിലും പഞ്ചായത്ത് അനുവദിക്കുന്ന വീടും കക്കൂസും എല്ലാം ദളിതന്റെ കാശുകൊണ്ടാണ്. കേന്ദ്രത്തിൽ നിന്നും ഒരു കുടുംബത്തിന് അഞ്ച് കോടി രൂപ വീതം പഞ്ചായത്തുകൾ വാങ്ങുന്നുണ്ട്.

ചെങ്ങറ സമരം നേരിട്ട വെല്ലുവിളികൾ പറഞ്ഞു. അതേപോലെ തന്നെ ആ സമരത്തിന് ലഭിച്ച സഹായങ്ങൾ എന്തൊക്കെയായിരുന്നു?

തീർച്ചയായും പുറത്തുനിന്നും സഹായങ്ങളുണ്ടായിട്ടുണ്ട്. മുസ്​ലിം സംഘടനകളുടെ സഹായമായിരുന്നു പ്രധാനം. സോളിഡാരിറ്റി കുറെ അരിയും സാധനങ്ങളുമൊക്കെ തന്നിരുന്നു. മുസ്​ലിംകളാണ്​ യഥാർത്ഥത്തിൽ ചെങ്ങറയിൽ സഹായം എത്തിച്ചിരുന്നത്. അല്ലാതെ വലിയ സഹായങ്ങളൊന്നും ലഭിച്ചിട്ടില്ല.

സോളിഡാരിറ്റിയുടെ സഹായം യാതൊരു വിധത്തിലും വർഗ്ഗീയത വളർത്താനായിരുന്നില്ല. ഒന്നാമത്തെ കാര്യം ഞങ്ങൾ കലാപത്തിലേക്ക് പോകാൻ തയ്യാറായിരുന്നില്ല. സമാധാനപരമായി നടത്തുന്ന സമരത്തെ ഭക്ഷണം തന്ന് സഹായിക്കുക മാത്രമാണ് അവർ ചെയ്തത്. അവരുടെ പണമൊന്നും ഞങ്ങൾ വാങ്ങിയിട്ടില്ല. ഭക്ഷണം തന്ന് സഹായിക്കാൻ ഒരാൾ തയ്യാറാകുമ്പോൾ അവർ ഏത് തരക്കാരാണെന്ന് ചോദിക്കേണ്ട കാര്യമില്ല. പിന്നെ അവർ മറ്റെന്തെങ്കിലും തെറ്റായ സമീപനത്തിന് പ്രേരിപ്പിക്കുമ്പോൾ മതിയല്ലോ അത്തരമൊരു അഭിപ്രായം. അത്തരം കാര്യങ്ങളൊന്നും ഞങ്ങളോട് അവർ ആവശ്യപ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെ ഞാൻ അവരെ തള്ളിപ്പറഞ്ഞിട്ടില്ല. അതേസമയം അവർ അങ്ങനെ ആവശ്യപ്പെട്ടാൽ അന്നേരം തള്ളിപ്പറയുകയും ചെയ്യും.

ദലിതരെ ആവശ്യമുണ്ടായിരുന്നത് ഇവിടുത്തെ കാർഷിക സമൂഹത്തിനായിരുന്നു. അടിമത്ത വ്യവസ്ഥയിൽ പോലും അവർ സംരക്ഷിക്കപ്പെടേണ്ടവനായിരുന്നു. പീഡനങ്ങൾ ഏറ്റുവാങ്ങുന്നുണ്ടെങ്കിലും പാടത്ത് പണിയെടുക്കാൻ ദളിതൻ ആവശ്യമാണ് എന്നതായിരുന്നു അന്നത്തെ അവസ്ഥ. സിസ്റ്റത്തെ എതിർക്കുമ്പോഴൊക്കെയാണ് ദളിതൻ ആക്രമിക്കപ്പെട്ടിരുന്നത്. ഒരു തേങ്ങ എടുക്കുന്നത് പോലും സിസ്റ്റത്തെ എതിർക്കൽ തന്നെയായിരുന്നു. കാർഷിക സമൂഹമല്ലാതെ വന്നതോടെ ദളിതൻ ആക്രമിക്കപ്പെടുന്നതിന് പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതായതുപോലെയല്ലേ കാര്യങ്ങൾ?

കാർഷിക സമൂഹം ഇല്ലാതായതോടെ ദളിതന്റെ നിലനിൽപ്പ് ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ഇനി ഇവർ ഇവിടെ അധികപ്പറ്റാണ്. എന്റെ ഒരു കണക്കുകൂട്ടലിൽ, ഒരു മുപ്പത്തിയഞ്ച് വർഷത്തിനുശേഷം ഒരു ദളിതനെ കേരളത്തിലോ ഇന്ത്യയിലോ കണികാണാൻ പോലും കിട്ടില്ല. സംവരണം വാങ്ങാൻ നടക്കുന്ന അധികപ്പറ്റായ അവർ വേണ്ട എന്നതാകും മനോഭാവം. ഇപ്പോൾ തന്നെ ജാതി സംവരണം അവസാനിപ്പിക്കാൻ പോകുകയാണ്. സാമ്പത്തിക സംവരണം വരുന്നതോടെ ജാതി സംവരണം തീരും.

ചെങ്ങറ സമരത്തിന്റെ രണ്ടാമത്തെ ചർച്ചയിൽ തിരുവനന്തപുരത്ത് കുറെ സംവരണ നേതാക്കളെ വിളിച്ചുവരുത്തിയിരുന്നു. സംവരണമെന്താണെന്ന് അറിയാത്ത അവരെ എന്നെ തോൽപ്പിക്കാൻ വിളിച്ചുവരുത്തിയതാണ്. അവരുടെ ബഹളങ്ങൾക്ക് ഞാൻ ഒന്നും പറഞ്ഞില്ല. ഒടുവിലാണ് എനിക്ക് മൈക്ക് കിട്ടുന്നത്; ‘ദയവായി ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഒരുകാര്യം ചെയ്യണം. ഞങ്ങളുടെ ഈ ജാതി സംവരണമൊന്ന് അവസാനിപ്പിച്ചുതരണം’ എന്നാണ് ഞാൻ പറഞ്ഞത്. ഞാൻ ചെങ്ങറ സമരവും അവസാനിപ്പിച്ചേക്കാമെന്ന് പറഞ്ഞു. അതിന് ഈ നേതാക്കളെല്ലാം കൂടി ഒറ്റ വരവായിരുന്നു. ഞാൻ സംവരണ വിരുദ്ധനാണെന്ന് പറഞ്ഞ് എന്നെയവർ അന്ന് കൊല്ലാതെ വിട്ടത് എസ്. പിയുടെ സമയോചിത ഇടപെടൽ കൊണ്ടാണ്.

വി.എസ്. അച്യുതാനന്ദൻ
വി.എസ്. അച്യുതാനന്ദൻ

ദളിതർക്കായി 5000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചത് ഈ ചർച്ചയിലാണ്. പിന്നെ എന്തിനാണ് സമരമെന്നാണ് ദളിത് നേതാക്കൾ ചോദിച്ചത്. 5000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിക്കുമ്പോൾ അതിൽ ദളിതന് കൊടുക്കാൻ ഉദ്ദേശിക്കുന്ന ഭൂമി എത്രയാണെന്നാണ് ഞാൻ ചോദിച്ചത്. അത് മൂന്ന് സെൻറ്​ മാത്രമാണ്. മൂന്ന് സെൻറ്​ എന്നത് നിലവിലുള്ള പാക്കേജാണ്. പിന്നെ എന്തിനാണ് പ്രത്യേകിച്ച് വേറെയൊരു പാക്കേജ് എന്നായിരുന്നു എന്റെ ചോദ്യം. അതുകൊണ്ടാണ് ജാതി സംവരണം അവസാനിപ്പിക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടത്.

വിവേചനം നിലനിൽക്കുന്നിടത്തോളം കാലം ജാതി സംവരണം അവസാനിപ്പിക്കാൻ പറ്റില്ല എന്നാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. പത്ത് വർഷം കൊണ്ട് അവസാനിക്കേണ്ട വിവേചനം ഇനിയും നിലനിൽക്കുന്നുവെന്ന് പറയുമ്പോൾ ആ വിവേചനം സമ്മതിക്കുന്ന മുഖ്യമന്ത്രി ആ കസേരയിലിരിക്കാൻ യോഗ്യനല്ലെന്നായിരുന്നു എന്റെ മറുപടി. വി. എസ്. അച്യുതാനന്ദനാണ് അന്ന് മുഖ്യമന്ത്രി. എന്റെ ഈ മറുപടിയൊന്നും ദളിത് നേതാക്കൾ കേൾക്കുന്നില്ല. അവർ അപ്പോഴേക്കും എന്നെ തല്ലാൻ തയ്യാറായിക്കഴിഞ്ഞിരുന്നു.

നൂറ് ബസ് സർവ്വീസുകൾക്ക് പെർമിറ്റ് കൊടുക്കുമ്പോൾ അതിൽ പത്ത് വണ്ടികൾ പട്ടികജാതിക്കാരന്റെ പേരിലാണ്. എന്നാൽ ആ പട്ടികജാതിക്കാരൻ ഇത് അറിയുന്നുണ്ടാകില്ലെന്ന് മാത്രം.

ജാതി സംവരണം അവസാനിപ്പിക്കണമെന്ന് പറയാൻ എന്താണ് കാരണം? വിശദീകരിക്കാമോ?

സംവരണം നിലവിൽ വരുന്നത് പത്ത് വർഷത്തേക്ക് മാത്രമാണ്. ജനാധിപത്യഭരണം ആരംഭിച്ച് പത്ത് വർഷത്തിനുള്ളിൽ ദളിതരെ ദാരിദ്ര്യ രേഖയ്ക്ക് മുകളിലേറ്റി അവരുടെ ജാതി സംവരണം അവസാനിപ്പിക്കണമെന്നാണ് അംബേദ്കർ ഭരണഘടനയിൽ എഴുതിവച്ചിരിക്കുന്നത്. അപ്പോൾ സമത്വം ആയി. സമത്വം വന്നശേഷം മാത്രമേ സംവരണം അവസാനിപ്പിക്കാൻ പാടുള്ളൂ. സംവരണം അവസാനിപ്പിക്കുന്നതിന് മുമ്പ് വിവേചനം അവസാനിപ്പിക്കുകയും വേണം.

ഏതൊരു ടൗൺ എടുത്താലും ഇഷ്ടം പോലെ കടകൾ കാണാം. ഇതിൽ എത്ര എണ്ണം പട്ടികജാതിക്കാരുടേതാണ്? അല്ലെങ്കിൽ ആദിവാസികളുടേതാണ്? സംവരണം വരികയാണെങ്കിൽ പത്ത് ശതമാനം കടകൾ നമ്മളുടേതാണ്. പത്ത് ശതമാനം ബസ് സർവ്വീസുകൾ നമ്മളുടേതാണ്. പക്ഷേ രേഖാമൂലം ഇത് അങ്ങനെയാണ് താനും. നൂറ് ബസ് സർവ്വീസുകൾക്ക് പെർമിറ്റ് കൊടുക്കുമ്പോൾ അതിൽ പത്ത് വണ്ടികൾ പട്ടികജാതിക്കാരന്റെ പേരിലാണ്. എന്നാൽ ആ പട്ടികജാതിക്കാരൻ ഇത് അറിയുന്നുണ്ടാകില്ലെന്ന് മാത്രം. അതുപോലെ പെട്രോൾ പമ്പുകളും. എത്രയോ പമ്പുകൾ പട്ടികജാതിക്കാരന്റെ പേരിലുണ്ട്. പത്തിൽ രണ്ട് പമ്പുകൾ പട്ടികജാതിക്കാർക്കുള്ളതാണ്. പക്ഷെ അത് വേറെ ആളുകളാണ് കൈകാര്യം ചെയ്യുന്നത്. ഇങ്ങനെ എല്ലാ സാധനവും നമുക്കുണ്ട്. പക്ഷെ ഇതൊന്നും നമ്മൾ അറിയുന്നുമില്ല, നമുക്ക് കിട്ടുന്നുമില്ല. മറ്റ് ജാതിക്കാരാണ് അത് കൈകാര്യം ചെയ്യുന്നത്. പക്ഷേ സർവ്വേ നടത്തുമ്പോൾ വണ്ടിയായാലും കടയായാലും പമ്പ് ആയാലും സംവരണത്തിൽ കിടക്കുന്നതാണ്.

നിങ്ങളൊരു പഞ്ചായത്ത് കോംപ്ലക്സിൽ ചെല്ലുക. അവിടെ പത്ത് മുറി കടയുണ്ടെങ്കിൽ അതിൽ രണ്ട് മുറി കട ദളിതനുള്ളതാണ്. അതിൽ കച്ചവടം ചെയ്യുന്നത് ആരാണെങ്കിലും അത് പഞ്ചായത്ത് രേഖകളിൽ കിടക്കുന്നത് ദളിതന്റെ പേരിലായിരിക്കും. യഥാർത്ഥമായും പത്തിന് രണ്ട് വച്ച് നമുക്ക് തന്നശേഷം സംവരണം എടുത്ത് മാറ്റാനാണ് ഞാൻ പറയുന്നത്. തന്നാലേ സംവരണം മാറ്റാനും പറ്റൂ. കരുണാകരന്റെ കാലത്ത് പ്രിയദർശിനി എന്ന പേരിൽ ഒരു ജില്ലയിലേക്ക് അഞ്ച് ബസ് കൊണ്ടുവന്നു. പട്ടികജാതിക്കാരന്റെ സൊസൈറ്റി രൂപീകരിച്ച് അതിന്റെ കീഴിലായിരുന്നു ഈ സർവീസ്​ പ്രവർത്തിച്ചിരുന്നത്. ഈ ബസ് സർവ്വീസ് പോലും എവിടെയുമില്ല. സർക്കാർ അത് കൊടുത്തിട്ടുണ്ട്. പക്ഷെ ദളിതന് അത് പ്രയോജനപ്പെടുത്താൻ അറിയില്ല.

1960ൽ തന്നെ അവസാനിക്കണമെന്ന് അംബേദ്കർ വ്യവസ്ഥ ചെയ്ത സംവരണം ഇന്നും തുടരുന്നതിന് കാരണമെന്താണ്? സംവരണം അവസാനിപ്പിക്കേണ്ട സാഹചര്യം സൃഷ്ടിക്കാനാകാത്ത ഭരണകൂടത്തിന്റെ വീഴ്ചയല്ലേ അത്?

സംവരണം ഉള്ള ഒരു രാജ്യം ഇന്ത്യ മാത്രമാണ്. പത്ത് വർഷത്തിനുള്ളിൽ നമ്മളെയെല്ലാം സമന്മാരാക്കി സംവരണം അവസാനിപ്പിക്കണമെന്നാണ് അംബേദ്കർ ആഗ്രഹിച്ചതും വ്യവസ്ഥ ചെയ്തിരിക്കുന്നതും. എന്നാൽ ഇവിടെ ഓരോ പത്ത് വർഷം കഴിയുമ്പോഴും സംവരണ നിയമം പുതുക്കുകയാണ് ചെയ്യുന്നത്. കാരണം ഇവിടുത്തെ ജനങ്ങളെ സമന്മാരാക്കാൻ ഭരണകൂടത്തിന് സാധിച്ചിട്ടില്ല.

സംവരണത്തിന് പത്ത് വർഷത്തെ കാലാവധിയേ ഉള്ളൂ. അതുകൊണ്ട് പത്ത് വർഷം കൂടുമ്പോൾ പാർലമെൻറ്​ കൂടി അത് വീണ്ടും പത്ത് വർഷത്തേക്ക് കൂടി പുതുക്കുകയാണ്. കേരളത്തിൽ തന്നെ പട്ടികജാതിക്കാരുടെ ഫണ്ട് വിനിയോഗം ശ്രദ്ധിക്കണം. ഇപ്രാവശ്യവും 1495 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇത് ആർക്കാണ് കിട്ടുന്നത്? ഈ ഫണ്ടാണ് ഇവിടുത്തെ ത്രിതല പഞ്ചായത്തുകൾ ഇട്ട് കളിക്കുന്നത്. കാരണം, അത് വിതരണം ചെയ്യാൻ ഏൽപ്പിച്ചിരിക്കുന്നത് പഞ്ചായത്തുകളെയാണ്. ഓരോ പഞ്ചായത്തിലും വീട്, കക്കൂസ് എന്നൊക്കെ ആ വീതം വയ്പ്പ് അവസാനിപ്പിക്കും. പണ്ട് ദളിതർക്കു മാത്രമേ പഞ്ചായത്ത് വീട് അനുവദിക്കുമായിരുന്നുള്ളൂ. ഇപ്പോൾ കുടുംബശ്രീ, അയൽക്കൂട്ടം പദ്ധതികൾ വന്നശേഷം വീടില്ലാത്ത എല്ലാവർക്കും വീടാണ്. എല്ലാം ദളിതന് അനുവദിച്ചിരിക്കുന്ന കാശാണ്. ചുരുക്കിപ്പറഞ്ഞാൽ ഏത് സമുദായക്കാരനാണെങ്കിലും പഞ്ചായത്ത് അനുവദിക്കുന്ന വീടും കക്കൂസും എല്ലാം ദളിതന്റെ കാശുകൊണ്ടാണ്. കേന്ദ്രത്തിൽ നിന്നും ഒരു കുടുംബത്തിന് അഞ്ച് കോടി രൂപ വീതം പഞ്ചായത്തുകൾ വാങ്ങുന്നുണ്ട്.

ബി.ആർ. അംബേദ്കർ, അയ്യങ്കാളി
ബി.ആർ. അംബേദ്കർ, അയ്യങ്കാളി

എന്നോട് രാംവിലാസ് പാസ്വാൻ പറഞ്ഞത്, നിങ്ങൾ സമരം ചെയ്യേണ്ടത് പഞ്ചായത്തുകളുടെ മുന്നിൽ വേണം എന്നാണ്. കാരണം, നിങ്ങൾക്ക് അനുവദിക്കുന്ന ഫണ്ട് മുഴുവൻ ഇവരെയാണ് ഏൽപ്പിക്കുന്നത്. വിളമ്പിക്കൊടുക്കാൻ ഏൽക്കുന്നവൻ മുഴുവൻ അടിച്ചുമാറ്റുകയാണ്. അതുകൊണ്ടാണ് ഇവന്മാരെ പെടുക്കാൻ പോലും വിടാതെ ഇന്ത്യയിലെ പഞ്ചായത്ത് ഓഫീസുകൾക്ക് മുന്നിൽ ദളിതൻ സമരം ചെയ്യണമെന്ന് പാസ്വാൻ പറഞ്ഞത്. ഇവിടെ അത് വല്ലതും പറഞ്ഞാൽ കേൾക്കുമോ?

പട്ടികജാതിക്കാരെ ഇല്ലായ്മ ചെയ്താൽ, അതായത് സമത്വം വന്നാൽ ആ അടിച്ചുമാറ്റുന്ന ഫണ്ടും ഇല്ലാതാകും. സംവരണം ഉണ്ടെങ്കിൽ മാത്രമല്ലേ ആ ഫണ്ടും മാറ്റിവയ്ക്കാൻ പറ്റൂ. അങ്ങനെ വന്നാൽ ത്രിതല പഞ്ചായത്തുകൾ പിരിച്ചുവിടേണ്ടി വരും. പട്ടികജാതിക്കാർ തങ്ങളുടെ ഫണ്ടിന് സംഘടിച്ചാലും ത്രിതല പഞ്ചായത്ത് പിരിച്ചുവിടേണ്ടതായി വരും. ഇതൊക്കെ എന്റെ സമരത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

രാഷ്ട്രീയ ഇടപെടലുകളാണ് ചെങ്ങറ സമരത്തിന്റെ പരാജയത്തിന് കാരണമെന്ന് താങ്കൾ മുമ്പ് പറഞ്ഞു. ദളിതന് രാഷ്ട്രീയാധികാരം വേണ്ട എന്നാണോ അതിന് അർത്ഥം? രാഷ്ട്രീയ ഇടപെടലുണ്ടായാൽ അവർ ദുരുപയോഗം ചെയ്യപ്പെടും എന്ന് അതിന് അർത്ഥമുണ്ടല്ലോ? പിന്നെ എങ്ങനെയാണ് ദളിതനെ കരുത്തനാക്കേണ്ടത്?

ആദ്യമേ തന്നെ പട്ടികജാതിക്കാരൻ മദ്യപിക്കാതിരിക്കണം. അവർക്കിടയിൽ വർഗ്ഗസ്നേഹം ഉണ്ടാക്കിയെടുക്കുകയും ചെയ്യണം. നാല് പട്ടികജാതിക്കാർ ഒരുമിച്ച് സ്നേഹിച്ച് നടക്കുന്നത് എവിടെയൊക്കെ കാണാനാകും? നാല് പട്ടികജാതിക്കാർ ഒന്നിച്ച് കൂടിയാൽ അവർ അടിച്ചേ പിരിയൂ. നാലുപേര് ഒന്നിച്ചു നടക്കാൻ മറ്റുള്ളവർ സമ്മതിക്കുകയുമില്ല. പട്ടികജാതിക്കാരൻ ഒരിക്കലും ഒന്നിക്കാതിരിക്കാനുള്ള സവർണ്ണന്റെ ഒരു ബുദ്ധിയാണത്. ഇവരിങ്ങനെ ഒന്നിക്കാതിരിക്കുന്നിടത്തോളം കാലം ഇവരെ ബോധവാനാക്കാനും സാധ്യമല്ല. മദ്യം ഉപയോഗിക്കാതിരിക്കുക, നമ്മളെ നമ്മൾ തന്നെ സ്നേഹിക്കുകയും പരസ്പരം വിശ്വസിക്കുകയും ചെയ്യുക തുടങ്ങിയ രീതിയിലേക്ക് ദളിതർ എത്താതെ ദളിതരെ മോചിപ്പിക്കാൻ സാധ്യമല്ല. ഒരു ജാതിയിൽപ്പെട്ടവർ പോലും യോജിക്കുന്നില്ല. അതാണല്ലോ അംബേദ്കർ പോലും തോറ്റുപോയത്.

ളാഹ ഗോപാലൻ / ഫോട്ടോ : അരുൺ ടി.വിജയൻ
ളാഹ ഗോപാലൻ / ഫോട്ടോ : അരുൺ ടി.വിജയൻ

വോട്ടവകാശം കിട്ടിയ ആദ്യത്തെ തവണ അംബേദ്കർ പതിനഞ്ച് സ്ഥാനാർത്ഥികളെ നിർത്തി, അവരെല്ലാം ജയിച്ചതുമാണ്. അടുത്ത അഞ്ച് വർഷം കഴിഞ്ഞപ്പോൾ ഈ പതിനഞ്ച് പേരിൽ ഒരാൾ പോലും ജയിച്ചില്ല. അവര് വർഗ്ഗീയമായി പിന്നെയും ചിന്തിച്ചതാണ് കാരണം. ഇവിടുത്തെ ഭാഷയിൽ പറഞ്ഞാൽ പറയർ എന്തിനാണ് പുലയർക്ക്​ വോട്ട് ചെയ്യുന്നത്, നിനക്കൊന്നും വേറെ പണിയില്ലേയെന്ന് സവർണർ ചോദിച്ചപ്പോൾ അവരും ചിന്തിച്ചു, അതാണ് ശരിയെന്ന്. എന്തിന് വേണ്ടി നമ്മൾ സ്നേഹിക്കണമെന്ന് ഇവർക്ക്​ അറിയില്ല. അതുപറഞ്ഞുകൊടുക്കാൻ കഴിയണമെങ്കിൽ ഇവർ മദ്യപാനി അല്ലാതായിരിക്കണം. മദ്യപാനം നിർത്താൻ ഇവൻ തയ്യാറല്ല. ഞാൻ ആ തിയറിയാണ് ചെങ്ങറ സമരത്തിന് ഉപയോഗിച്ചത്. അതുകൊണ്ട് പത്ത് വർഷത്തേക്ക് ആർക്കുമൊന്നും ചെയ്യാനായില്ല. അക്കാലത്ത് ചെങ്ങറയിൽ പരസ്പരം സ്നേഹവുമായിരുന്നു സന്തോഷവുമുണ്ടായിരുന്നു. പത്ത് വർഷം കഴിഞ്ഞപ്പോൾ സി.പി.എം ഇടപെട്ടു. എന്താണ് പത്ത് വർഷമായിട്ടും ചെങ്ങറ സമരത്തിൽ വിള്ളലുണ്ടാകാത്തത്​ എന്നായിരുന്നു അവരുടെ ചോദ്യം. പത്തനംതിട്ട ജില്ലാ സെക്രട്ടറി നൽകിയ മറുപടി, ഒരു തുള്ളി മദ്യം കഴിക്കുന്നവനെ പോലും സമരഭൂമിയിൽ ആ ഗോപാലൻ കയറ്റുന്നില്ല എന്നായിരുന്നു. അവസാനം സി.പി.എമ്മിന്റെ ആളുകൾ തന്നെ അതിനകത്ത് കടന്നു കയറുകയും മദ്യപാനം തുടങ്ങുകയും ചെയ്​തു. മദ്യപാനം ഉണ്ടെങ്കിലേ ദളിതരെ പരാജയപ്പെടുത്താൻ പറ്റൂ. ദളിതരെ പരാജയപ്പെടുത്താനാണ് മദ്യം, അല്ലാതെ വേറെ ആരാണ് ഇതുപോലെ മദ്യം കുടിക്കുന്നത്?

ചെങ്ങറ സമരം എന്നത് കുറച്ച് ഭൂമി മാത്രമായിരുന്നില്ല. ചെങ്ങറയിൽ നിന്ന് പുറത്തിറങ്ങുന്നവരെല്ലാം ഉത്തമരായി പുറത്തിറങ്ങണമെന്നാണ് ഞാൻ ആഗ്രഹിച്ചത്. മദ്യത്തിനടിപ്പെട്ട് ജീവിക്കുന്ന പുരുഷന്മാരും ചെറുപ്രായത്തിലേ പ്രസവിക്കുന്ന പെൺകുട്ടികളുമൊക്കെയുള്ള ദളിത് ജീവിതത്തിന് എല്ലാ വിധത്തിലും മാറ്റം വരുത്താമെന്ന് ഞാൻ ആഗ്രഹിച്ചു. അതനുസരിച്ചുള്ള ക്ലാസുകളുമാണ് അവർക്ക് നൽകിയിരുന്നത്. അതുകൊണ്ട് ഇപ്പോൾ കുറച്ച് കുട്ടികൾ പത്താം ക്ലാസിന് മുകളിലേക്ക് പഠിക്കുന്നുണ്ട്. ▮


ളാഹ ഗോപാലൻ

ചെങ്ങറയിൽ അടക്കം കേരളത്തിലെ നിരവധി ഭൂ സമരങ്ങൾക്ക്​ നേതൃത്വം നൽകി.

അരുൺ ടി. വിജയൻ

മാധ്യമപ്രവർത്തകൻ, എഴുത്തുകാരൻ, കവി.

Comments