The subaltern, the oppressed may not be born to win. They r definitely born to rebel, to question. Participating in power is not politics; nor is capturing power. Questioning power is real politics. As Romila Thapar rightly says; ‘To question or not to question, that is the question'. A simulation of sharing power (with the oppressed) is always created and maintained by the oppressor. That is for tactical reasons. Under slavery, often, the supervisor himself was a slave.
A well-fed dog is to bark for its master, not at his master.
നാഷനൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ ഡാറ്റ നോക്കിയാൽ മനസ്സിലാകും, ഓരോ വർഷവും ഇന്ത്യയിൽ ദളിതർക്കെതിരായ കുറ്റകൃത്യം കൂടി വരികയാണ്. ഭരണകൂടത്തിൽനിന്നും പൊലീസിൽനിന്നും സബോഡിനേറ്റ് ജുഡീഷ്യറിയിൽനിന്നും ഇവർക്ക് നീതി കിട്ടുന്നില്ല. അതിനുകാരണം, വിഭജിക്കപ്പെട്ട ഒരു സമൂഹത്തിൽ നീതി പാവപ്പെട്ടവർക്കുള്ളതല്ല എന്നതാണ്. ദരിദ്രർക്കും ദുർബലർക്കും ഒരിക്കലും നീതി ലഭിക്കില്ല. കാരണം, നീതി അവർക്കുള്ളതല്ല, അത് അംഗീകരിച്ചേ മതിയാകൂ. justice is for rich and powerful. അദാനിയോ അംബാനിയോ പറയുമോ അവർക്ക് നീതി ലഭിക്കുന്നില്ല എന്ന്?
ഭരണകൂടം ഭയാനകമായ ഒന്നായി മാറുന്നു എന്നതാണ് ഉത്തർപ്രദേശിലെ ഹാഥറസിൽ നടന്ന കൊടുംക്രൂരത അവശേഷിപ്പിക്കുന്ന വസ്തുത.
പൊലീസിനെയും സിവിൽ സർവന്റുമാരെയും ഉപയോഗിച്ച് സമൂഹത്തിലെ ദുർബലരെ ഭരണകൂടം ഭീഷണിപ്പെടുത്തുന്നു. ഇത് അസ്വാഭാവികമല്ല. അധികാരം എന്നത് ശക്തൻ അശക്തനെതിരെ ഉപയോഗിക്കുന്ന ആയുധമാണ്, സമ്പന്നൻ ദരിദ്രനെതിരെ ഉപയോഗിക്കുന്ന ആയുധമാണ്. ഇത് ശക്തമാകുന്നുവെന്നുമാത്രം.
ഹാഥറസിൽ ജില്ല മജിസ്‌ട്രേറ്റ് തന്നെ, ലൈംഗികാക്രമണത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ ശരീരം പെട്രോളൊഴിച്ച് കത്തിക്കാൻ നേതൃത്വം കൊടുത്തു, വീട്ടുകാരെ ഭീഷണിപ്പെടുത്തി എന്നത് ഉപരിപ്ലവമായി എടുക്കേണ്ട കാര്യമല്ല, ഒരുപക്ഷെ, ഈ മജിസ്‌ട്രേറ്റ് ദളിതനോ ആദിവാസിയോ ആയിരിക്കാം, എങ്കിലും ഉദ്യോഗസ്ഥനെന്ന നിലക്ക് അയാളെ, അയാൾ ഉൾപ്പെടുന്ന വിഭാഗങ്ങൾക്ക് എതിരായി ഉപയോഗിക്കാൻ മേലാള അധികാരികൾക്ക് കഴിയും.
മറ്റൊന്ന്, ഇതിനെ യു.പിയിലെ ഒരു ഗ്രാമത്തിൽ മാത്രം നടക്കുന്ന അതിക്രമമായി കാണുന്നതിൽ അർഥമില്ല. കേരളത്തിലെ വാളയാർ അടക്കം ഇന്ത്യയിൽ ഏത് പ്രദേശത്തായാലും ശരി, ഒരേവിഭാഗക്കാരാണ് ആക്രമിക്കപ്പെടുന്നത്. എല്ലാ കാലത്തും ഇരകൾ ഒരേ വിഭാഗക്കാരാണ്. അവർക്ക് നിയമത്തിന്റെ സംരക്ഷണം അപ്രാപ്യമാകുകയാണ്. വാളയാറിലും ഹാഥറസിലും ഇരകൾ ഒരേ വിഭാഗക്കാരാണ്, രണ്ടിടത്തെയും പെൺകുട്ടികൾ ഒരേ പെൺകുട്ടികളാണ്. അവർ എല്ലായിടത്തും നിർധനരാണ്, നിസ്സഹായരാണ്.
വാളയാറിലും ഹാഥറസിലും ദളിത് എന്ന ഒരൊറ്റ ഘടകം മാത്രമല്ല സമാനം, അതിനൊപ്പം, സാമ്പത്തിക പരാധീനതയും പിന്നാക്കാവസ്ഥയും തൽഫലമായുണ്ടാകുന്ന വൾനറബിലിറ്റിയുമുണ്ട്. ദരിദ്രനും ദുർബലനും എവിടെ പോയാലും ദരിദ്രനും ദുർബലനും ആയിരിക്കും. സ്വർഗത്തിൽ പോയാലും ദുർബലൻ ദുർബലനായിരിക്കും. ഇതിന് എന്താണ് പരിഹാരം എന്നത് വിപുലമായി ചിന്തിക്കേണ്ട ഒന്നാണ്.
യു.പിയിൽ ഠാക്കൂർമാർ എന്തുകൊണ്ട് ഇപ്പോഴും ചൂഷകവർഗമായി തുടരുന്നു എന്നത് മൗലികപ്രശ്‌നമായി ഉന്നയിക്കപ്പെടണം. ജാതി രാഷ്ട്രീയം തകർക്കുക എന്നതായിരിക്കണം മൗലിക വിഷയം. ജാതി രാഷ്ട്രീയം ഇപ്പോഴും എന്തുകൊണ്ട് ഇന്ത്യയിൽ നിലനിൽക്കുന്നു എന്നതാണ് മൗലിക ചോദ്യം. ഭരണകൂട മെഷിനറിയെ എന്തുകൊണ്ട് ചൂഷിതർക്കെതിരായി ഉപയോഗപ്പെടുത്താൻ മേലാളർക്ക് കഴിയുന്നു? ദളിതർക്കുതന്നെ പങ്കാളിത്തവും പ്രാതിനിധ്യവുമുള്ളിടത്താണ് അവർ ആക്രമിക്കപ്പെടുന്നത് എന്നതാണ് ഇക്കാര്യത്തിലെ വിരോധാഭാസം. ഇതിനെ എങ്ങനെ കാണണം എന്നത് സങ്കീർണമായ ഒരു കാര്യമാണ്.
വ്യത്യസ്തമായ കണ്ണിചേർക്കൽ അനിവാര്യം
ഹാഥറസിൽ നടന്ന ക്രൂരകൃത്യം, ഒരു സാമൂഹികശാസ്ത്ര സന്ദർഭത്തിൽ ചർച്ച ചെയ്യുമ്പോൾ ചില കാര്യങ്ങൾ പ്രധാനമായി വരുന്നു. അതിൽ ഒന്ന്; ദളിത് പ്രശ്‌നമായതുകൊണ്ടല്ല, മറിച്ച്, പല പ്രശ്‌നങ്ങളുമായി കണ്ണിചേർക്കപ്പെട്ടതുകൊണ്ടുകൂടിയാണ് ഈ പ്രശ്‌നം ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടത് എന്നതാണ്. സ്ത്രീകൾക്കെതിരായ അതിക്രമമെന്ന നിലക്ക് കണ്ണി ചേർക്കപ്പെട്ടുകൊണ്ടേ ഹാഥറസ് പ്രശ്‌നത്തെയും കാണാനാകൂ. അപ്പോൾ മാത്രമേ അതിന് ദേശീയതലത്തിൽ പ്രസക്തിയും പ്രാധാന്യവും കൈവരൂ. ഹാഥറസ് പ്രശ്‌നത്തെ അങ്ങനെ പലരും കണ്ടതുകൊണ്ടാണ് ശ്രദ്ധിക്കപ്പെട്ടത്.
യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ത്രീകളെക്കുറിച്ച് മുമ്പ് നടത്തിയ ഒരു പ്രസ്താവന വിവാദമായിരുന്നു. സ്ത്രീകൾക്ക് സംരക്ഷണമാണ് ആവശ്യമെന്നും സ്വാതന്ത്ര്യം അവരെ നശിപ്പിക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. പുരുഷന്മാർ സംരക്ഷകരാകുക എന്നത് സ്ത്രീകളെ സംബന്ധിച്ച് തികച്ചും അയഥാർഥമായ ഒന്നാണ്. കാരണം, പുരുഷന്മാർക്ക് ഒരിക്കലും സ്ത്രീകളുടെ സംരക്ഷകരാകാൻ കഴിയില്ല. സ്ത്രീകൾക്കുവേണ്ടത് സംരക്ഷണമല്ല, സ്വാതന്ത്ര്യമാണ്, ശാക്തീകരണത്തിനുള്ള സന്ദർഭങ്ങളാണ്.
ഏതെങ്കിലും രാഷ്ട്രീയപാർട്ടിയല്ല, ഹാഥറസ് പ്രശ്‌നം പുറത്തുകൊണ്ടുവന്നത് എന്നുകൂടി ഓർക്കണം. അതിൽ, രാഷ്ട്രീയനിരപേക്ഷമായി ചിന്തിക്കുന്നവരുണ്ട്, മാധ്യമപ്രവർത്തകരുണ്ട്, സ്ത്രീ വിമോചനപ്രസ്ഥാനങ്ങളുണ്ട്, എഴുത്തുകാരും ബുദ്ധിജീവികളുമുണ്ട്; ഇവരെല്ലാം പ്രതികരിച്ചു. എല്ലാതരത്തിൽ പെട്ടവരും ഇതിനെ അപലപിക്കുന്നു. ഈ പ്രശ്‌നം വളരെ മതനിരപേക്ഷമായി, വർഗേതരമായി ഉരുത്തിരിഞ്ഞുവരുന്നു എന്നത് പ്രധാനപ്പെട്ട കാര്യമാണ്. ഇതിനെ വിപുലപ്പെടുത്താൻ, പുതിയ, വ്യത്യസ്ത അടിസ്ഥാനത്തിലുള്ള ഒരു കണ്ണിചേർക്കൽ ആവശ്യമാണ്; ദാരിദ്ര്യവും അടിച്ചമർത്തലും അനുഭവിക്കുന്ന, പുരോഗമനപരമായി ചിന്തിക്കുന്ന, പ്രികേറിയേറ്റ് രീതിയിലുള്ള കണ്ണിചേർക്കലിലൂടെ ഒരു പ്രസ്ഥാനം വിപുലമായ അടിസ്ഥാനത്തിൽ ഉയർന്നുവരണം. അതിന് പുതിയ ചിന്തയും വീക്ഷണവും ആവശ്യമുണ്ട്.
രാഹുലും പ്രിയങ്കയും
ഏതെങ്കിലുമൊരു രാഷ്ട്രീയപാർട്ടിയുടെ മൊബിലൈസേഷനുമായി ബന്ധപ്പെട്ട് ഈ വിഷയത്തെ സങ്കുചിതപ്പെടുത്താനാകില്ല. ഉദാഹരണത്തിന്, കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ഇടപെടൽ പലതരം പ്രതികരണങ്ങളുണ്ടാക്കിയിട്ടുണ്ട്. വാർത്താപ്രാധാന്യം കിട്ടാനാണ്, അവസരവാദപരമാണ് ഇവരുടെ പ്രകടനം എന്ന് വിശേഷിപ്പിക്കുന്നത് ഒരുതരം ലളിതവൽക്കരണമാണ്. ഹാഥറസ് വിഷയം ദേശീയ ശ്രദ്ധയാകർഷിച്ചത്, രാഹുലും പ്രിയങ്കയും പ്രശ്‌നത്തിൽ ഇടപെട്ടതുകൊണ്ടാണ്. ഞാനവരുടെ രാഷ്ട്രീയപാർട്ടിയെക്കുറിച്ചല്ല പറയുന്നത്. അത് മറ്റൊരു പ്രശ്‌നമാണ്. മറിച്ച്, ഈ രണ്ടു വ്യക്തികൾ ശ്രദ്ധിക്കപ്പെടുന്നവരാണ്. ഇവർക്ക് നേടാൻ കഴിഞ്ഞ പ്രാധാന്യം കാണിക്കുന്നത്, ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇപ്പോഴും കരിസ്മ, വ്യക്തിയുടെ അപ്പീൽ എന്നിവ പ്രധാനമാണ്. കരിസ്മയും അപ്പീലും സാമൂഹികശാസ്ത്രപരമായി തന്നെ പ്രധാനമായി വരുന്ന ചില സന്ദർഭങ്ങളുണ്ട്. ദളിതരോടുള്ള കോൺഗ്രസിന്റെ സമീപനം നോക്കിയല്ല ഈ പ്രതിഭാസത്തെ വിലയിരുത്തേണ്ടത്.
യു.പിയിലായതുകൊണ്ടല്ല, രാഹുലും പ്രിയങ്കയും വയനാട്ടിൽ വന്നാലും അവരുടെ കരിസ്മ പ്രധാനമാണ്. നമ്മുടെ രാഷ്ട്രീയത്തിൽ വ്യക്തികൾക്കുള്ള പ്രാധാന്യം കുറഞ്ഞിട്ടില്ല എന്നാണ് ഇത് കാണിക്കുന്നത്. ഇത് തെറ്റാണോ ശരിയാണോ എന്ന് വിലയിരുത്തുന്നതിലല്ല കാര്യം, അത് യാഥാർഥ്യമാണ് എന്നതാണ് കാര്യം. രാഹുലിന്റെയും പ്രിയങ്കയുടെയും ഈ വിഷയത്തിലെ ഇടപെടൽ ഒരു നാടകമായി കാണാൻ എനിക്കു കഴിയുന്നില്ല. രാഷ്ട്രീയക്കാർ എന്തുചെയ്യുമ്പോഴും അതിൽ രാഷ്ട്രീയ ലക്ഷ്യം കാണും. പക്ഷെ, ഇത് വൈകാരികമാണ് എന്നുതോന്നുന്നില്ല, അവർക്ക് കിട്ടുന്ന അപ്പീൽ ഒരു യാഥാർഥ്യമാണ്, നമുക്ക് ഇഷ്ടമായാലും ഇല്ലെങ്കിലും.
രാഷ്ട്രീയത്തെ തെരഞ്ഞെടുപ്പുമായി മാത്രം ബന്ധപ്പെടുത്തി ചിന്തിക്കുമ്പോഴുള്ള പ്രശ്‌നം കൂടിയാണിത്. ഏത് പ്രസ്ഥാനം എടുത്തുനോക്കിയാലും ഇത് കാണാൻ കഴിയും. അംബേദ്കറിനുണ്ടായിരുന്ന കരിസ്മ അദ്ദേഹത്തിനുശേഷമുള്ളവർക്ക് ഉണ്ടായില്ല. കാൻഷിറാമിന്റെ കരിസ്മ, ശേഷമുള്ളവർക്കുണ്ടായില്ല. ഇ.എം.എസിനെ അംഗീകരിച്ചിരുന്നത് സി.പി.എം സെക്രട്ടറി എന്ന നിലക്കോ മുഖ്യമന്ത്രി എന്ന നിലക്കോ ആയിരുന്നില്ല, ഒരു പണ്ഡിതൻ എന്ന നിലക്കായിരുന്നു. അതുകൊണ്ടുള്ള അപ്പീൽ അദ്ദേഹത്തിനുണ്ടായിരുന്നു. അത്തരത്തിലുള്ള വ്യക്തികളുടെ പ്രാധാന്യവും പ്രസക്തിയും കുറഞ്ഞുപോയിട്ടില്ല, പ്രത്യക്ഷത്തിൽ.
അതേസമയം, രാഹുലിനെയും പ്രിയങ്കയെയും വിമോചകരായി കാണാനൊന്നും കഴിയില്ല. സ്ഥായിയായ ഒരു പ്രശ്‌നത്തിന് താൽക്കാലികമായ ഒരു പരിഹാരമാണ് ഇരുവരും തേടുന്നത്. അത് ഒരുപക്ഷെ, തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായി എന്നും വരാം. അവരെ സംബന്ധിച്ച്, ഇത് വോട്ടാകുമ്പോഴാണ് പോസിറ്റീവായി മാറുന്നത്. ഇതിനെ വോട്ടായി മാറ്റാൻ എപ്പോഴും കഴിയണമെന്നില്ല. അതിന് ചില സന്ദർഭങ്ങൾ ആവശ്യമാണ്.
അറുപതുകളുടെ മധ്യം തൊട്ട് കോൺഗ്രസ് ക്ഷയിച്ചുകൊണ്ടിരിക്കുന്ന പാർട്ടിയാണ്. അതിന് ശക്തിയാർജിക്കാൻ എങ്ങനെ കഴിയും എന്നത് അവർ ചിന്തിക്കേണ്ട കാര്യമാണ്. വളരെ മൗലികമായ ചില കാര്യങ്ങൾ കൊണ്ടുവന്നത് കോൺഗ്രസ് ഭരണകാലത്താണ് എന്നതും ഓർക്കണം. ബാങ്ക് ദേശസാൽക്കരണം, പ്രിവി പഴ്‌സ് നിർത്തലാക്കൽ, റൈറ്റ് ടു ഇൻഫർമേഷൻ നിയമം, റൈറ്റ് ടു എജ്യുക്കേഷൻ നിയമം, തൊഴിലുറപ്പ് പദ്ധതി, ഭക്ഷ്യസുരക്ഷ എന്നിവക്കൊക്കെ സമൂഹത്തിൽ സമൂല മാറ്റങ്ങളുണ്ടാക്കാൻ കഴിഞ്ഞു.
എന്നാൽ, അത്തരമൊരു അനുകൂലമായ അവസ്ഥയെ രാഷ്ട്രീയവൽക്കരിക്കാൻ അവർക്കു കഴിഞ്ഞില്ല, അതിനുപറ്റിയ നേതൃത്വം അവർക്കുണ്ടായില്ല.
വ്യക്തികളുടെ പ്രാധാന്യം സമൂഹത്തിലും രാഷ്ട്രീയ പാർട്ടികളിലും വളരെ പ്രധാനമാണ്. അത് ഇല്ലാതാക്കണമെങ്കിൽ, പ്രത്യയശാസ്ത്രപരമായ എന്തെങ്കിലും ബദലായി വരേണ്ടിവരും. ഇത്തരം പ്രശ്‌നങ്ങൾക്ക് സ്ഥായിയായ പരിഹാരം വേണമെങ്കിൽ വ്യത്യസ്തമായ രാഷ്ട്രീയ രൂപീകരണം നടക്കണം. അതായത്, വ്യക്തിയുടെ കരിസ്മക്കും അപ്പീലിനും എതിരായി ഒരു പ്രത്യയശാസ്ത്രത്തിന്റെ ശക്തി രൂപപ്പെട്ടുവരണം. അത് അത്ര ശക്തമായി വരുന്നുണ്ടോ എന്നത് സംശയകരമാണ്.
ഈ വിഷയവുമായി ബന്ധപ്പെട്ട് വരുന്ന സംഘാടനങ്ങളും പ്രതികരണങ്ങളും ഇന്ത്യൻ രാഷ്ട്രീയത്തെ എങ്ങനെ മാറ്റിത്തീർക്കും എന്നതാണ് അടിസ്ഥാന ചോദ്യം. കാരണം, രാഷ്ട്രീയം തെരഞ്ഞെടുപ്പിനേക്കാൾ വിപുലമാണ്. തെരഞ്ഞെടുപ്പല്ല രാഷ്ട്രീയം. ഇത് ഏതെങ്കിലും രാഷ്ട്രീയപാർട്ടിയുമായി ബന്ധപ്പെട്ട സംഗതിയല്ല. ബി.ജെ.പിയിലും ഇതുമായി ബന്ധപ്പെട്ട് അമർഷമുണ്ട്. ആ പാർട്ടിയിലെ പല എം.പിമാരും നേതാക്കളും ഇതിനെ അപലപിക്കുകയും അഭിപ്രായം പറയുകയും ചെയ്തിട്ടുണ്ട്. അവരിലും ഒരു ചിന്താപരമായ വീണ്ടുവിചാരം ഇത് ഒരുപക്ഷേ ഉണ്ടാക്കിയേക്കാം.
വേണം, പുതിയ പൊളിറ്റിക്കൽ മൊബിലൈസേഷൻ
ദളിതരുടെ പ്രശ്‌നങ്ങൾ ഇന്നത്തെ നിലയിൽ മൗലികവും ഘടനാപരവുമാണ്; എന്നാൽ അത് എല്ലാക്കാലത്തേക്കും ശാശ്വതമായി നിൽക്കുന്നതല്ല, അത് വിപുലമായി വളർന്നുവരുമ്പോൾ, പൊതുപ്രശ്‌നങ്ങളുടെ ഭാഗമായി മാത്രമേ നമുക്ക് അതിനെ കാണാൻ കഴിയൂ. മർദ്ദിത, ചൂഷിത ജനവിഭാഗങ്ങളുമായും സ്ത്രീ വിമോചന പ്രസ്ഥാനങ്ങളുമായും പുരോഗമ പ്രസ്ഥാനങ്ങളുമായും കണ്ണിചേർന്നുകൊണ്ടേ ദളിത് പ്രശ്‌നങ്ങളെയും വിപുലപ്പെടുത്തിയെടുക്കാൻ കഴിയൂ. സമൂഹത്തിലെ മൊത്തം മർദ്ദിത, ചൂഷിത വിഭാഗങ്ങളുടെ മോചനത്തിനുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനം വളർത്തിയെടുക്കാൻ ശേഷിയുള്ള ഒരു നേതൃത്വമാണ് ആവശ്യം.
ഇതുവരെ ഉണ്ടായിട്ടുള്ള അധികാര ഘടനകളുടെയും രാഷ്ട്രീയ പ്രതിഭാസങ്ങളുടെയും അപര്യാപ്തതയും പുതിയൊരു രാഷ്ട്രീയ മൊബിലൈസേഷന്റെ ആവശ്യകതയും ഇവിടെ ഉരുത്തിരിഞ്ഞുവരികയാണ് ചെയ്യുന്നത്. ഇത് വളരെ മൗലികമായ, ഘടനാപരമായ പ്രശ്‌നങ്ങളാണ്, ഇവയിലൂന്നിക്കൊണ്ടുള്ള ഒരു രാഷ്ട്രീയ മുന്നേറ്റത്തിനോ ഒരു നേതാവിനോ പ്രസക്തി കൂടിവരികയാണ്.
ഒരു പുതിയ പൊളിറ്റിക്കൽ മൊബിലൈസേഷനുള്ള സാധ്യതയെക്കുറിച്ചാണ് സൂചിപ്പിക്കുന്നത്. അത് ഉപയോഗപ്പെടുത്തുകയും വികസിപ്പിക്കുകയും ചെയ്യാൻ കഴിയുമോ എന്നതാണ് കാതലായ ചോദ്യം. കീഴാളർക്ക് തുല്യരായി ജീവിക്കാനും പ്രവർത്തിക്കാനും സാമൂഹിക പ്രക്രിയയിൽ ഇടപെടാനും കഴിയണം.
അംബേദ്കർ സ്‌കൂൾ ഓഫ് തോട്ടിന്റെ അടിസ്ഥാനത്തിൽ ഒരു റാഡിക്കൽ ദളിത് ഇന്റലിജൻഷ്യ ഇന്ത്യയിൽ വളർന്നുവരുന്നുണ്ട്. എസ്റ്റാബ്ലിഷ്ഡ് രാഷ്ട്രീയ പാർട്ടികൾ ഇതിനെ ഇല്ലാതാക്കാനും നിർമാർജനം ചെയ്യാനുമാണ് ശ്രമിക്കുന്നത്. മൂന്നുതരം പ്രതിഭാസങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് ഉരുത്തിരിഞ്ഞുവരുന്നത്; ഒന്ന്, സ്വത്വാധിഷ്ഠിത രാഷ്ട്രീയം. രണ്ട്, അംബേദ്കർ സ്‌കൂൾ ഓഫ് തോട്ടിന്റെ വളർച്ചയും പരിണാമവും, മൂന്ന്, അവരിൽനിന്നുവരുന്ന സംരംഭകത്വം, ഉൽപാദന രംഗത്തായാലും ബിസിനസ് രംഗത്തായാലും സംരംഭക വിഭാഗം ഉയർന്നുവരുന്നു.
റാഡിക്കൽ ദളിത് ഇന്റലിജൻഷ്യ ഇന്ത്യയിലെ പല കാമ്പസുകളിലും കാമ്പസിനുപുറത്തും വളർന്നുവരുന്നതായി കാണാൻ കഴിയും. അവർക്ക് എന്തുകൊണ്ട് ഇത്തരം ഒരു ഇനിഷിയേറ്റീവ് എടുക്കാൻ കഴിയുന്നില്ല എന്നതാണ് പ്രകടമായ ചോദ്യം. അതിനുള്ള ഉത്തരമായിരിക്കും ഈ പ്രശ്‌നത്തിനുള്ള പരിഹാരമായി ഉരുത്തിരിഞ്ഞുവരിക.