ഡോ. എം. കുഞ്ഞാമൻ / ചിത്രങ്ങൾ: ധനൂജ്

എന്റെ പ്രശ്‌നം ഭക്ഷണമായിരുന്നു, എന്റെ വിദ്യാർഥിയുടെയും
​പ്രശ്‌നം ഭക്ഷണമാണ്

ഞാൻ വിദ്യാർഥിയായിരുന്നപ്പോൾ അഭിമുഖീകരിച്ചിരുന്ന വിഷമങ്ങൾക്കും പിന്നീട് ഞാൻ അധ്യാപകനായപ്പോൾ എന്റെ വിദ്യാർഥികളിൽ കണ്ടിരുന്ന വിഷമങ്ങൾക്കും തമ്മിൽ മൗലികമായ വ്യത്യാസമുണ്ടായിരുന്നില്ല.

ഞാൻ വിദ്യാർഥിയായിരുന്ന കാലഘട്ടവും അധ്യാപകനായിരുന്ന കാലഘട്ടവും തമ്മിൽ വ്യത്യാസമുണ്ടായിരുന്നു എന്ന് തികച്ചും പറയാൻ പറ്റില്ല. ഞാൻ അധ്യാപകനായി യൂണിവേഴ്‌സിറ്റിയിൽ വരുമ്പോൾ രണ്ടുതരത്തിലുള്ള വിദ്യാർഥികളുണ്ടായിരുന്നു. ഒരു വിഭാഗം, മധ്യവർഗ- സമ്പന്ന കുടുംബങ്ങളിൽനിന്ന് വരുന്ന, വിദ്യാഭ്യാസമുള്ള, ദാരിദ്ര്യം അനുഭവിച്ചിട്ടില്ലാത്ത രക്ഷിതാക്കളുടെ മക്കൾ, പല സമുദായങ്ങളിലും പെട്ടവർ. മറ്റൊരു വിഭാഗം ദാരിദ്ര്യമനുഭവിച്ചിരുന്നവർ. ഉന്നത വിദ്യാഭ്യാസത്തെയും ഇംഗ്ലീഷ് ഭാഷയെയും ഭയമുള്ളവർ, ആത്മധൈര്യമില്ലായ്മ പ്രകടിപ്പിക്കുന്നവർ.

യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസം ഇംഗ്ലീഷിലാണല്ലോ. ഇംഗ്ലീഷ് ഭാഷ പല കുട്ടികൾക്കും നന്നായി അറിയാത്തതുകൊണ്ട് അവർക്ക് ആത്മവിശ്വാസത്തോടെ അക്കാദമിക കാര്യങ്ങളിൽ ഇടപെടാൻ കഴിയുമായിരുന്നില്ല. അവരെ പ്രോൽസാഹിപ്പിക്കുക എന്നത് ക്ലേശകരം കൂടിയായിരുന്നു. കേരള യൂണിവേഴ്‌സിറ്റിയിൽ മാത്രമല്ല, ടാറ്റ ഇൻസ്റ്റിറ്റ്യൂട്ടിന്റെ തുൽജാപൂർ കാമ്പസിലും ഞാനിത് അനുഭവിച്ചിട്ടുണ്ട്.

എവിടെപ്പോയാലും ഞാൻ വിദ്യാർഥികളോട് പറയുന്നത്- പ്രത്യേകിച്ച്, പ്രാന്തവൽക്കരിക്കപ്പെട്ട ദരിദ്രകുടുംബങ്ങളിൽനിന്നുള്ള കുട്ടികളോട്; Study English, study in English, or don't study at all എന്നാണ്

അവരുടെ ജീവിതസാഹചര്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്, അവരുടെ ഭാഷയിലാണ് ചർച്ച ചെയ്യുന്നത് എങ്കിൽ അവർക്ക് വാക്കുകൾ കിട്ടാൻ വിഷമമില്ല. അവർക്ക് ആശയങ്ങൾ പ്രകടിപ്പിക്കാൻ കഴിവുണ്ട്. ഇംഗ്ലീഷിലേക്കു വരുമ്പോൾ, ഭാഷാപരിജ്ഞാനം വലിയ ഘടകമാണ്. ഞാൻ തുൽജാപ്പൂർ കാമ്പസ് ഹെഡായിരിക്കുമ്പോൾ, കുറച്ച് വിദ്യാർഥികൾ എന്നെ വന്നുകണ്ടു. അവർ പറഞ്ഞു; ഞങ്ങൾ ഇംഗ്ലീഷ് ഭാഷയിൽ വളരെ മോശമാണ്, കാരണം, ഞങ്ങൾ ദളിത് വിദ്യാർഥികളാണ്. ഞാൻ പറഞ്ഞു; ഇംഗ്ലീഷ് ഭാഷയിൽ നല്ല പ്രാവീണ്യമുള്ള ലക്ഷക്കണക്കിന് ആളുകളെ, ദളിതരിൽ പെടുന്നവരെ ഞാൻ കാണിച്ചുതരാം. അപ്പോൾ അവർ പറഞ്ഞത്, ഞങ്ങൾ പാവങ്ങളാണ് എന്നാണ്.
അതാണ് പ്രശ്‌നം, ഞാൻ പറഞ്ഞു; നിങ്ങൾ ദളിതരായതുകൊണ്ടല്ല ഇംഗ്ലീഷ് പരിജ്ഞാനമില്ലാത്തത്, നിങ്ങൾ പാവങ്ങളായതുകൊണ്ടാണ്. പാവപ്പെട്ടവർക്ക് ധൈര്യവും ആത്മവിശ്വാസവും ഇംഗ്ലീഷ് പരിജ്ഞാനവും കുറയും, അവർ ചർച്ചകളിൽ പങ്കെടുക്കില്ല.

അങ്ങനെ ഞാൻ ഹൈദരാബാദിലെ ഇംഗ്ലീഷ് ആന്റ് ഫോറിൻ ലാംഗ്വേജ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. ജേക്കബ് താരുവും സൂസി താരുവുമായി സംസാരിച്ചു. അവർ ചില മാർഗങ്ങൾ പറഞ്ഞുതന്നു. അവരെ കാമ്പസിലേക്ക് കൊണ്ടുവന്നു, ലാംഗ്വേജ് ലാബുണ്ടാക്കി.

എവിടെപ്പോയാലും ഞാൻ വിദ്യാർഥികളോട് പറയുന്നത്- പ്രത്യേകിച്ച്, പ്രാന്തവൽക്കരിക്കപ്പെട്ട ദരിദ്രകുടുംബങ്ങളിൽനിന്നുള്ള കുട്ടികളോട്; Study English, study in English, or don't study at all എന്നാണ്. ഭാഷയോടുള്ള ഒരു വിവേചനമല്ല അത്. മലയാളം നാം അറിയുന്നതാണ്, സാഹിത്യം പഠിക്കുന്നതുപോലെയല്ല ഭാഷ സ്വാംശീകരിക്കുന്നത്. ആഗോളീകരിക്കപ്പെട്ട ലോകക്രമത്തിൽ ഇംഗ്ലീഷ് ഭാഷയിൽ വിജ്ഞാനം വേണം. ലോകത്ത് രണ്ടര ശതമാനം ആളുകൾക്കാണ് ഇംഗ്ലീഷ് ഭാഷ മാതൃഭാഷയായിട്ടുള്ളത്. ലോകത്തെ ഏറ്റവും വലിയ മാതൃഭാഷ ചൈനീസ് ഭാഷയായ മൻഡാരിൻ ആണ്. കാരണം, ഏറ്റവും കൂടുതൽ ജനസംഖ്യയുള്ളതുകൊണ്ട്. പക്ഷെ, മൻഡാരിൻ ലോകശക്തിയുടെ ഭാഷയല്ല, ലോകശക്തിയുടെ ഭാഷ, വിജ്ഞാനത്തിന്റെ ഭാഷ ഇംഗ്ലീഷാണ്. അതുകൊണ്ട് അത് പഠിക്കണം.

പാവപ്പെട്ട വിദ്യാർഥികൾ ഇങ്ങനെ ഭാഷയും മറ്റുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങളുള്ളവരാണ്. മറ്റു കുടുംബങ്ങളിലെ കുട്ടികൾ നിരന്തരം ധൈര്യമുള്ളവരും വിവേകമുള്ളവരുമായി സംവദിച്ചുകൊണ്ടിരിക്കുമ്പോൾ പാവപ്പെട്ടവർക്ക് അതിന് കഴിയാറില്ല. അതുകൊണ്ട്, പാവപ്പെട്ട കുട്ടികൾ ഈ സ്വഭാവം വളരെ ക്ലേശത്തോടെ കൾട്ടിവേറ്റ് ചെയ്യണം.

ദാരിദ്ര്യത്തിന്റെ കാഠിന്യം ഇപ്പോൾ കുറഞ്ഞുവരുന്നുണ്ടെങ്കിലും പല ദരിദ്ര കുടുംബങ്ങളിലെയും അന്തരീക്ഷം വിദ്യാഭ്യാസത്തിന് യോജിച്ചതല്ല. അതുകൊണ്ടുതന്നെ ഞാൻ പറയാറുണ്ട്, ഇത്തരം വിദ്യാർഥികൾ ഹോസ്റ്റലിലായിരിക്കണം. ഓൺലൈൻ വിദ്യാഭ്യാസത്തിന് പറ്റിയ അന്തരീക്ഷം പല കുട്ടികളുടെയും വീട്ടിലില്ല.

ഞാൻ വിദ്യാർഥിയായിരുന്നപ്പോൾ അഭിമുഖീകരിച്ചിരുന്ന വിഷമങ്ങൾക്കും പിന്നീട് ഞാൻ അധ്യാപകനായപ്പോൾ എന്റെ വിദ്യാർഥികളിൽ കണ്ടിരുന്ന വിഷമങ്ങൾക്കും തമ്മിൽ മൗലികമായ വ്യത്യാസമുണ്ടായിരുന്നില്ല. ഇപ്പോൾ നാം ഡിജിറ്റൽ ഡിവൈഡിനെക്കുറിച്ച് പറയുന്നുണ്ടല്ലേ. വീട്ടിൽ കമ്പ്യൂട്ടറും മറ്റുമൊക്കെയുണ്ടെങ്കിലും പാവപ്പെട്ട കുട്ടികൾക്ക് ഓൺലൈൻ പഠനം സ്വാംശീകരിക്കാൻ കഴിയുന്നില്ല. ഈ പ്രശ്‌നം മുമ്പും ഉണ്ടായിരുന്നു. പുസ്തകവും ഇൻസ്ട്രുമെന്റ് ബോക്‌സും ഇല്ലാതിരുന്ന ധാരാളം വിദ്യാർഥികളുണ്ടായിരുന്നു മുമ്പ്. അതുള്ളവരും ഉണ്ടായിരുന്നു. അതുണ്ടായിരുന്നവരാണ് പഠനത്തിൽ മുന്നിട്ടുനിന്നിരുന്നത്. അതുകൊണ്ട്, അന്നത്തെ ആ പ്രശ്‌നവും ഇന്നത്തെ ഡിജിറ്റൽ ഡിവൈഡുമായി ബന്ധപ്പെട്ട പ്രശ്‌നവും സോഷ്യൽ ഡിവൈഡിന്റെ, ഇക്കണോമിക് ഡിവൈഡിന്റെ പ്രതിഫലനമാണ്. പ്രശ്‌നങ്ങൾ വരുന്നത് വ്യത്യസ്ത രൂപത്തിലാകും.
ഞാൻ പഠിച്ചിരുന്ന കാലത്ത് ക്ലാസ് മുറിയിൽ അധ്യാപകർ ജാതീയമായ വിവേചനം കാണിച്ചിരുന്നു. ജാതീയ വിവേചനം ഇന്നില്ല എന്നു പറയാം, കാരണം അത് ചോദ്യം ചെയ്യപ്പെടും. പക്ഷെ, അന്നത്തേപ്പോലത്തന്നെ ഇന്നും ദരിദ്രകുടുംബങ്ങളിൽനിന്ന് വരുന്ന കുട്ടികൾക്ക് പഠിക്കാൻ പ്രയാസമുണ്ട്. Cognitive Ability- മനസ്സിലാക്കാനുള്ള കഴിവ് വേണമെങ്കിൽ പോഷകാഹാരം കഴിക്കണം, അല്ലലുണ്ടാകരുത്. പോഷകാഹാരക്കുറവുള്ളവരാണ് ദരിദ്രകുടുംബങ്ങളിൽനിന്ന് വരുന്നത്. അവരുടെ ‘സ്പാൻ ഓഫ് അറ്റൻഷൻ' എപ്പോഴും വളരെ കുറവായിരിക്കും. അവർക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയില്ല. അവർ രക്ഷിതാക്കളുടെ കഷ്ടപ്പാടുകളെക്കുറിച്ചായിരിക്കും ക്ലാസിലിരുന്നും ആലോചിക്കുന്നത്. പഠിത്തത്തിൽ പൂർണമായും ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റാത്ത സ്ഥിതി അവർക്കുണ്ട്.

ഇത് ഞാനും അനുഭവിച്ചിരുന്ന പ്രശ്‌നമാണ്. വിദ്യാർഥിയായി ഹോസ്റ്റലിൽ താമസിക്കുമ്പോൾ ശ്രദ്ധിക്കാൻ പറ്റാത്ത, ഭക്ഷണം കഴിച്ചാലും അതിന്റെ സുഖം കിട്ടാത്ത അവസ്ഥ. സ്‌കൂളിൽ പഠിക്കുമ്പോൾ പരമദാരിദ്ര്യമായിരുന്നു. ദാരിദ്ര്യത്തിന്റെ കാഠിന്യം ഇപ്പോൾ കുറഞ്ഞുവരുന്നുണ്ടെങ്കിലും പല ദരിദ്ര കുടുംബങ്ങളിലെയും അന്തരീക്ഷം വിദ്യാഭ്യാസത്തിന് യോജിച്ചതല്ല. അതുകൊണ്ടുതന്നെ ഞാൻ പറയാറുണ്ട്, ഇത്തരം വിദ്യാർഥികൾ ഹോസ്റ്റലിലായിരിക്കണം. ഓൺലൈൻ വിദ്യാഭ്യാസത്തിന് പറ്റിയ അന്തരീക്ഷം പല കുട്ടികളുടെയും വീട്ടിലില്ല.

വ്യത്യസ്ത തരത്തിലുള്ള പ്രശ്‌നങ്ങൾ അനുഭവിക്കുന്ന വിദ്യാർഥികളെ അധ്യാപകൻ എന്ന നിലക്ക് ഞാൻ ഇപ്പോഴും കാണുന്നുണ്ട്. ഞാൻ പലപ്പോഴും പറയാറുണ്ട്, നമ്മൾ എന്താണ് കാണാൻ ഇഷ്ടപ്പെടുന്നത്, അതേ നമ്മൾ കാണുകയുള്ളൂ എന്ന്. അതുകൊണ്ടാണ് പാവപ്പെട്ടവരുടെ കുട്ടികൾ പാവപ്പെട്ട അവസ്ഥയിൽ തന്നെയായിരിക്കുന്നത്. വിദ്യാഭ്യാസത്തെ ഇവർക്ക് പലപ്പോഴും പൊസീറ്റീവായി കാണാൻ കഴിയുന്നില്ല.
അധ്യാപകർ പലപ്പോഴും ഇത്തരം സാമൂഹികാവസ്ഥ മനസ്സിലാക്കിയവരല്ല. അതുകൊണ്ടുതന്നെ അവർ ചിലരെ, ചില പ്രശ്‌നങ്ങളെ കാണില്ല. അധ്യാപകൻ 24 മണിക്കൂറും പഠിക്കുന്നയാളാകണം- മൊത്തത്തിലുള്ള സാമൂഹിക സാഹചര്യങ്ങൾ, സാമ്പത്തിക സാഹചര്യങ്ങൾ- ഇവ വിദ്യാർഥികളിൽ സൃഷ്ടിക്കുന്ന അന്തരീക്ഷം, അവരുടെ മാനസികാവസ്ഥ ഇതെല്ലാം കണക്കിലെടുക്കണം. ഇതിനർഥം ഓരോ അധ്യാപകനും ഒരു മനഃശാസ്ത്രജ്ഞനോ മനോരോഗ വിദഗ്ധനോ ആയിരിക്കണമെന്നല്ല. പക്ഷെ, വിദ്യാർഥിയുടെ സാമൂഹികാവസ്ഥയെക്കുറിച്ചുള്ള സാമാന്യമായ ഗ്രാഹ്യം അധ്യാപകനുണ്ടായിരിക്കണം. അപ്പോഴേ വിദ്യാഭ്യാസത്തെ പ്രായോഗിക ജീവിതത്തിന്റെ തലവുമായി ബന്ധപ്പെടുത്തി കാണാൻ കഴിയൂ.

എംപതറ്റിക്കായി വിദ്യാർഥികളെ മനസ്സിലാക്കാനും അങ്ങനെ മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ സംവദിക്കാനുമുള്ള ഒരു രീതി അധ്യാപകർ ഇവോൾവ് ചെയ്യണം. അത് പല അധ്യാപകരും ചെയ്യാത്തതാണ്.

അവർക്ക് പരിചയമുള്ള കാര്യങ്ങളിൽ ഉദാഹരണം കാണിച്ചുകൊടുക്കണം, അല്ലെങ്കിൽ അവർക്ക് അതിന്റെ പ്രസക്തി മനസ്സിലാകില്ല. ശരിയായ ഒരധ്യാപകൻ രണ്ട് സർവകലാശാലകളിൽ വർക്കുചെയ്യണം- ഒന്ന് ജീവിതത്തിന്റെ സർവകലാശാല. അവിടെ ജീവിതസാഹചര്യങ്ങൾ experiential ആയിട്ട് മനസ്സിലാക്കണം. അതിനെ വിദ്യാഭ്യാസവുമായി കണ്ണി ചേർക്കണം. പിന്നെ ക്ലാസ് റൂമിലെ പഠിപ്പിക്കൽ. ഇങ്ങനെ രണ്ട് സർവകലാശാലകളിൽ പഠിച്ചാലാണ് അധ്യാപകന് ജീവിതയാഥാർഥ്യങ്ങളെ കാര്യങ്ങളുമായി കണ്ണിചേർത്തു കാണാൻ കഴിയൂ. വിദ്യാർഥികൾക്ക് പഠിക്കുന്ന കാര്യങ്ങളുടെ പ്രസക്തിയും പ്രാധാന്യവും മനസ്സിലാക്കാൻ കഴിയൂ. ഇത് പല അധ്യാപകർക്കും ഇല്ലാത്തതാണ്. അധ്യാപകർക്ക് കിട്ടുന്ന പരിശീലനം അധ്യാപനത്തെ സംബന്ധിച്ചുള്ളതാണ്. പഠിപ്പിക്കുക, പരീക്ഷ നടത്തുക, മൂല്യനിർണയം... ഇതിനോടൊപ്പം സാമൂഹികമായ മാനങ്ങൾ ഒരിക്കലും അവഗണിക്കരുത്. ഓരോ വിദ്യാർഥിക്കും പറ്റിയ രീതിയിൽ പഠിപ്പിക്കാൻ കഴിയും എന്നല്ല ഇതിനർഥം. മറിച്ച്, എംപതറ്റിക്കായി വിദ്യാർഥികളെ മനസ്സിലാക്കാനും അങ്ങനെ മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ സംവദിക്കാനുമുള്ള ഒരു രീതി അധ്യാപകർ ഇവോൾവ് ചെയ്യണം. അത് പല അധ്യാപകരും ചെയ്യാത്തതാണ്.

ഞാൻ കാര്യവട്ടത്ത് പഠിപ്പിക്കുന്ന കാലത്തെ ഒരു വിദ്യാർഥിയെ ഓർക്കുന്നു. യൂണിവേഴ്‌സിറ്റിയിലേക്ക് വരികയായിരുന്ന ഞാൻ ഗേറ്റിൽവച്ചാണ് അയാളെ കണ്ടത്. ഇയാളെ എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന് എനിക്കുതോന്നി. ചോദിച്ചപ്പോൾ, ‘ഞാൻ സാറിന്റെ ക്ലാസിൽ തന്നെയാണ്, സാറിന്റെ സ്റ്റുഡന്റാണ്' എന്നു പറഞ്ഞു.
മുടിയൊന്നും ചീകാതെ, ഒരുതരം വേഷത്തിലായിരുന്നു അയാൾ.
ക്ലാസിൽ വരാറില്ലേ, ഞാൻ ചോദിച്ചു.‘ഞാൻ വരാറില്ല' ‘എന്താണ് വരാത്തത്?' ‘എനിക്ക് ഭക്ഷണമില്ല, നല്ല വിശപ്പുണ്ട്'; അയാൾ പറഞ്ഞു.
ഞാൻ ഉടനെ അയാളെ കാന്റീനിൽ കൊണ്ടുപോയി ബ്രേക്ക്ഫാസ്റ്റ് വാങ്ങിക്കൊടുത്തു. എന്നിട്ട് എന്റെ മുറിയിൽ കൊണ്ടുപോയി വിശദമായി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. വളരെ പാവപ്പെട്ട കുടുംബമാണ്. അച്ഛൻ ഹെൽത്ത് ഡിപ്പാർട്ടുമെന്റിൽ ലാസ്റ്റ് ഗ്രേഡ് സർവന്റായി വിരമിച്ചു. 75 രൂപയാണ് പെൻഷൻ. സഹോദരിക്ക് രണ്ടു കുട്ടികളായപ്പോൾ മാനസികവിഭ്രാന്തി വന്നു. ഭർത്താവ് ഉപേക്ഷിച്ചു. ക്ലാസിൽ ഇരുന്നാൽ തനിക്ക് ശ്രദ്ധിക്കാൻ പറ്റുന്നില്ല എന്ന് അയാൾ പറഞ്ഞു.
ഭക്ഷണം കിട്ടിയാൽ പഠിക്കുമോ?; ഞാൻ ചോദിച്ചു. ‘പഠിക്കും'; അയാളുടെ മറുപടി.

ഞാനന്ന് സമാന ചിന്താഗതിക്കാരായ ചില അധ്യാപകരോട് സംസാരിച്ച് ഒരു വഴി കണ്ടെത്തി. ഓരോ മാസവും അവന്റെ അത്യാവശ്യകാര്യങ്ങൾക്കുള്ള പണം കൊടുക്കാൻ കഴിഞ്ഞു. വാർഡനോട് പറഞ്ഞ് ‘അനധികൃതമായി' ഹോസ്റ്റലിൽ താമസിക്കാനുള്ള സൗകര്യവും ഏർപ്പാടാക്കി. ഒരു പരീക്ഷ കഴിഞ്ഞപ്പോൾ, പ്രൊഫസർ എന്നോടു പറഞ്ഞു, നമ്മൾ സഹായിച്ച ഈ വിദ്യാർഥി സത്യസന്ധതയില്ലാത്തവനാണ്. പുസ്തകത്തിൽ പറഞ്ഞ കാര്യങ്ങൾ അതേപടിയാണ് എഴുതിവച്ചിരിക്കുന്നത്- കോപ്പിയടിച്ചു എന്ന മട്ടിൽ. എനിക്കാകെ വിഷമമായി. ഞാൻ അവനെ മുറിയിലേക്ക് വിളിച്ചുവരുത്തി. ‘നന്നായി പഠിച്ചിട്ടാണ് പരീക്ഷ എഴുതിയത്' എന്ന് അവൻ ഉറപ്പിച്ചു പറഞ്ഞു. ഒരു തവണ കൂടി ആ പരീക്ഷ നടത്തിയാൽ എഴുതുമോ എന്നു ഞാൻ ചോദിച്ചു.
എഴുതാം എന്ന് അയാൾ മറുപടി പറഞ്ഞു.
അങ്ങനെ, അയാൾ രണ്ടാമതും പരീക്ഷ എഴുതി, ആ പ്രൊഫസർ തന്നെ അവനുവേണ്ടി ചോദ്യങ്ങളുണ്ടാക്കി. ആദ്യ പരീക്ഷയിലേതുപോലെ ഇത്തവണയും അവൻ നല്ല മാർക്കു വാങ്ങി.

എസ്.എസ്.എൽ.സിക്ക് രണ്ടുമൂന്നുതവണ തോറ്റ അവൾക്കായിരുന്നു പ്ലസ് ടുവിന് ജില്ലയിൽ ഏറ്റവും കൂടുതൽ മാർക്ക്. ഇതിന്റെ രഹസ്യമെന്താണ്?; ഞാൻ ചോദിച്ചു.
‘ഭക്ഷണം'; അവൾ പറഞ്ഞു.

ഭക്ഷണം കിട്ടിയപ്പോൾ അയാൾ തീർത്തും വ്യത്യസ്തനായ ഒരു വ്യക്തിയായി മാറി. ഇങ്ങനെ നമ്മുടെ ശ്രദ്ധയിൽ പെടാത്ത എത്രയോ പേരുണ്ട്, നമുക്കിടയിൽ. എന്താണ് ഞങ്ങളോട് ഈ പ്രശ്‌നങ്ങൾ പറയാതിരുന്നത് എന്ന് പിന്നീട് അവനോട് ചോദിച്ചപ്പോൾ പറഞ്ഞത്, ‘കാര്യവട്ടത്ത് മനുഷ്യരില്ല, ബുദ്ധിജീവികളേയുള്ളൂ. ബുദ്ധിജീവികളോട് പറയാവുന്നതല്ല പാവപ്പെട്ടവന്റെ കാര്യങ്ങൾ' എന്നാണ്. വളരെ ക്ലിയറായ ഒരു പ്രതികരണമായിരുന്നു അത്.

തുൽജാപൂരിലും സമാനമായ ഒന്നുരണ്ട് അനുഭവങ്ങളുണ്ടായി. നല്ല സ്മാർട്ടായ ഒരു പെൺകുട്ടിയുണ്ടായിരുന്നു, മഹാരാഷ്ട്രയിൽനിന്നാണ്. എസ്.എസ്.എൽ.സിക്ക് രണ്ടുമൂന്നുതവണ തോറ്റ അവൾക്കായിരുന്നു പ്ലസ് ടുവിന് ജില്ലയിൽ ഏറ്റവും കൂടുതൽ മാർക്ക്.
ഇതിന്റെ രഹസ്യമെന്താണ്?; ഞാൻ ചോദിച്ചു.
‘ഭക്ഷണം'; അവൾ പറഞ്ഞു.
ഹയർ സെക്കൻഡറിക്ക് ഈ കുട്ടി ഒരു വീട്ടിൽ ജോലിക്കുനിന്നാണ് പഠിച്ചത്. വേണ്ടത്ര ഭക്ഷണം കിട്ടും. ഭക്ഷണം കിട്ടിയപ്പോൾ അവളുടെ ചുറ്റുപാടുകൾ, മാനസികാവസ്ഥ മാറി, നന്നായി പഠിച്ചു, മിടുക്കിയായി. എന്നിട്ടാണ് തുൽജാപൂർ കാമ്പസിൽ എം.എക്ക് വന്നത്. അവിടെയും നന്നായി പഠിച്ചിരുന്നു. എം.എക്ക് പഠിച്ചിരുന്ന മറ്റൊരു കുട്ടി എന്നോടു പറഞ്ഞിട്ടുണ്ട്, സാറേ, ഭക്ഷണം കഴിച്ചിട്ട് ഒരു സുഖമില്ല, ഭക്ഷണം കഴിക്കുമ്പോൾ അമ്മയെയും അനിയത്തിമാരെയും ഓർമ വരും. അവർ ഓരോ വീട്ടിൽ ജോലിക്കുനിൽക്കുകയാണ്. അവർക്ക് ഭക്ഷണം കിട്ടിയിട്ടുണ്ടാകുമോ? എന്നായിരിക്കും വിചാരം.

ഞാനൊക്കെ അനുഭവിച്ചിരുന്ന അതേ മാനസികാവസ്ഥയാണ് ഈ കുഞ്ഞുങ്ങൾക്കും ഉണ്ടായിരുന്നത്. കാര്യവട്ടത്ത് പഠിപ്പിക്കുമ്പോൾ ഒരു ദിവസം ഒരു വിദ്യാർഥിനിയെ കണ്ടു.‘എനിക്ക് സാറിനെ അറിയാം, പ്രസംഗം കേട്ടിട്ടുണ്ട്' എന്നു പറഞ്ഞ് പരിചയപ്പെട്ടു. അവളോട് കാര്യങ്ങൾ അന്വേഷിച്ചു.
അച്ഛന് 50 രൂപ കിട്ടുന്ന ഒരു പെട്ടിക്കടയാണ്. അമ്മയെക്കുറിച്ച് ചോദിച്ചപ്പോൾ അവൾ കരഞ്ഞുപോയി. അമ്മക്ക് മാനസികരോഗമാണ്, ചങ്ങലയിലിട്ടിരിക്കുകയാണ്.
​അവളെ ഞാൻ എന്റെ മുറിയിൽ കൊണ്ടുപോയി വിശദമായി സംസാരിച്ചു. അവൾക്ക് ബി.എക്ക് നല്ല മാർക്കുണ്ട്. എങ്കിലും കാര്യവട്ടത്ത് എം.എക്ക് കിട്ടാൻ വിഷമമാണ്. ഞാൻ ഒരു സംഘടനയുമായി ബന്ധമുള്ള ഒരാളുമായി ബന്ധപ്പെട്ട് മറ്റൊരിടത്ത് തുടർപഠനത്തിനുവേണ്ട കാര്യങ്ങൾ ചെയ്തുകൊടുത്തു.

ഇത്തരത്തിൽ വിദ്യാർഥികൾ പല അധ്യാപകരോടും തുറന്നുസംസാരിക്കില്ല. ഈ വിദ്യാർഥികൾ പിന്നീട് കാണുമ്പോൾ ഏറെ സ്‌നേഹത്തോടെ ഇടപഴകാറുണ്ട്. അത് ഒരു അധ്യാപകനും വിദ്യാർഥിയും തമ്മിലുള്ള ഔപചാരികമായ ബന്ധമല്ല, വൈകാരികതയുടെ അംശം കാണും, ആ പെരുമാറ്റത്തിൽ. പ്രശ്‌നങ്ങൾ അനുഭവിക്കുന്ന വ്യക്തികളുടെ പെരുമാറ്റത്തിൽ വൈകാരികമായ ഒരു ടച്ച് എപ്പോഴുമുണ്ടാകും. ഇത്തരം പ്രശ്‌നങ്ങൾ ഇപ്പോഴുമുണ്ട്. അതുകൊണ്ട് അവരോട് കുറെക്കൂടി എംപതറ്റിക്കായിട്ടും വ്യത്യസ്തമായ തലത്തിലും സമീപിച്ച് അവരുടെ പ്രശ്‌നങ്ങൾ അധ്യാപകർ മനസ്സിലാക്കേണ്ടതുണ്ട്. ▮

​(അധ്യാപകർക്ക് തങ്ങളുടെ ഹൃദയസ്പർശിയായ സ്‌കൂൾ അനുഭവം എഴുതാം; ഇ- മെയിൽ: [email protected])


എം. കുഞ്ഞാമൻ

പ്രമുഖ സാമ്പത്തികശാസ്​ത്ര വിദഗ്​ധൻ. സബാൾട്ടൻ സ്​റ്റഡീസിൽ മൗലിക അന്വേഷണം നടത്തുന്ന ചിന്തകൻ. മഹാരാഷ്​ട്രയിലെ തുൽജാപുരിൽ ടാറ്റ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ സോഷ്യൽ സയൻസസിൽ പ്രഫസറായിരുന്നു. ഇപ്പോൾ നെൽസൺ മണ്ടേല ചെയർ പ്രൊഫസർ, എം.ജി യൂണിവേഴ്​സിറ്റി. ​​​​​​​Development of Tribal Economy, State Level Planning In India, Globalization: A Subaltern Perspective, Economic Development and Social change, കേരളത്തിന്റെ വികസന പ്രതിസന്ധി, എതിര്​: ചെറോണയുടെയും അയ്യപ്പന്റെയും മകന്റെ ജീവിതസമരം എന്നിവയാണ്​ പ്രധാന കൃതികൾ.

Comments