ദലിതർക്കെതിരായ അതിക്രമങ്ങളിൽ മുന്നിൽ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ, 97% കേസുകൾ 13 സംസ്ഥാനങ്ങളിൽ

രാജ്യത്തെ 13 സംസ്ഥാനങ്ങളിലായിട്ടാണ് ദലിതർക്കും പട്ടികവർഗ വിഭാഗങ്ങൾക്കും എതിരായ ഭൂരിപക്ഷം അതിക്രമങ്ങളും നടക്കുന്നത്. ഇതിൽ തന്നെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളാണ് ഏറ്റവും മുന്നിലുള്ളത്. കേന്ദ്ര സർക്കാർ തന്നെ പുറത്തുവിട്ട കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്…

News Desk

രാജ്യത്ത് ദലിതർക്കും (Dalits) പട്ടികവർഗ വിഭാഗക്കാർക്കും (Scheduled Tribes) നേരെയുള്ള അതിക്രമങ്ങളിൽ ഭൂരിപക്ഷവും നടക്കുന്നത് ബി.ജെ.പി (BJP) ഭരിക്കുന്ന സംസ്ഥാനങ്ങളിലെന്ന് കേന്ദ്ര സർക്കാർ തന്നെ പുറത്തുവിട്ട റിപ്പോർട്ട്. ഭൂരിപക്ഷം അതിക്രമങ്ങളും നടക്കുന്നത് രാജ്യത്തെ 13 സംസ്ഥാനങ്ങളിലായിട്ടാണെന്നാണ് കണക്കുകൾ പറയുന്നത്. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമം പ്രകാരം 2022-ൽ രാജ്യമൊട്ടാകെ രജിസ്റ്റർ ചെയ്ത കേസുകളുടെ വിവരങ്ങൾ പരിശോധിക്കുമ്പോഴാണ് ഈ കണക്കുകൾ പുറത്ത് വന്നിരിക്കുന്നത്. പട്ടികജാതി വിഭാഗങ്ങൾക്കെതിരെ നടന്നിട്ടുള്ള അതിക്രമങ്ങളിൽ 97.7 ശതമാനവും 13 സംസ്ഥാനങ്ങളിലാണ് സംഭവിച്ചിട്ടുള്ളത്. ബി.ജെ.പി ഭരിക്കുന്ന ഉത്തർപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് പട്ടികയിൽ ഏറ്റവും മുന്നിലുള്ളത്. പട്ടിക വർഗങ്ങൾക്കെതിരായ അതിക്രമങ്ങളുടെ കണക്കെടുത്താലും 98.91 ശതമാനവും നടന്നിരിക്കുന്നത് 13 സംസ്ഥാനങ്ങളിലായിട്ടാണ്.

യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായിരിക്കുന്ന യുപിയാണ് ദലിത് അതിക്രമങ്ങളിൽ മുന്നിൽ.
യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായിരിക്കുന്ന യുപിയാണ് ദലിത് അതിക്രമങ്ങളിൽ മുന്നിൽ.

2017 മുതൽ കഴിഞ്ഞ ഏഴ് വർഷമായി ബി.ജെ.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഉത്തർ പ്രദേശ് ഭരിക്കുന്നത്. ദലിതർക്കെതിരായി ഏറ്റവും കൂടുതൽ അതിക്രമം നടക്കുന്നത് യു.പിയിലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2022-ൽ എസ്.സി വിഭാഗത്തിനെതിരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട് ആകെ 51,656 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 12,287 കേസുകളും ഉത്തർപ്രദേശിലാണുള്ളത്. മൊത്തം കേസുകളുടെ 23.87 ശതമാനം വരുമിത്. പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള രാജസ്ഥാൻ 2018 മുതൽ 2023 വരെ കോൺഗ്രസാണ് ഭരിച്ചിരുന്നത്. അശോക് ഗെഹ്ലോട്ടായിരുന്നു മുഖ്യമന്ത്രി. 2023ൽ ബി.ജെ.പി അധികാരത്തിൽ തിരിച്ചെത്തിയിട്ടുണ്ട്. 8,651 കേസുകളാണ് (16.75 ശതമാനം) രാജസ്ഥാനിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബി.ജെ.പിക്ക് ഉത്തരേന്ത്യയിൽ ഏറ്റവും കൂടുതൽ ശക്തിയുള്ള മറ്റൊരു സംസ്ഥാനമായ മധ്യപ്രദേശാണ് മൂന്നാമത്. 2020 മുതൽ മധ്യപ്രദേശ് ഭരിക്കുന്നത് ബി.ജെ.പിയാണ്. ആകെ കേസുകളുടെ 13.69 ശതമാനം, അതായത് 6799 കേസുകൾ മധ്യപ്രദേശിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 6,799 കേസുകളുള്ള (13.69 ശതമാനം) ബിഹാർ, 3,576 കേസുകളുള്ള ഒഡീഷ (6.93 ശതമാനം), 2,706 കേസുകളുള്ള മഹാരാഷ്ട്ര ( (5.24 ശതമാനം), എന്നിവയാണ് പിന്നീട് വരുന്നത്. ആകെ കേസുകളുടെ 81 ശതമാനവും റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഈ ആറ് സംസ്ഥാനങ്ങളിലായിട്ടാണ്.

പട്ടികവർഗക്കാർക്കെതിരായ അതിക്രമങ്ങളുടെ കണക്കെടുത്താലും ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശാണ് ഒന്നാമതുള്ളത്. എസ്.ടി വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങളുടെ മൊത്തം കേസുകളുടെ 30.61 ശതമാനവും, അതായത് 2,979 കേസുകളാണ് മധ്യപ്രദേശിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. രാജസ്ഥാനിൽ 2,498 കേസുകൾ (25.66 ശതമാനം) ഒഡിഷ 773 (7.94 ശതമാനം), മഹാരാഷ്ട്ര 691 (7.10 ശതമാനം) ആന്ധ്രാപ്രദേശ് 499 (5.13 ശതമാനം) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകൾ.

എസ്‌.സി വിഭാഗവുമായി ബന്ധപ്പെട്ട കേസുകളിൽ 60.38 ശതമാനം കേസുകളിലും കുറ്റപത്രം സമർപ്പിച്ചെങ്കിലും 14.78 ശതമാനത്തിൽ മാത്രമാണ് അന്തിമ റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളത്
എസ്‌.സി വിഭാഗവുമായി ബന്ധപ്പെട്ട കേസുകളിൽ 60.38 ശതമാനം കേസുകളിലും കുറ്റപത്രം സമർപ്പിച്ചെങ്കിലും 14.78 ശതമാനത്തിൽ മാത്രമാണ് അന്തിമ റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളത്

കേസുകളിൽ ഇതിനോടകം കുറ്റപത്രം സമർപ്പിച്ചതിൻെറ കണക്കുകളും റിപ്പോർട്ടിലുണ്ട്. പട്ടികവർഗക്കാർക്കെതിരായ അതിക്രമങ്ങളിൽ 63.32% കേസുകളിലും കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. എസ്‌.സി വിഭാഗവുമായി ബന്ധപ്പെട്ട കേസുകളിൽ 60.38 ശതമാനം കേസുകളിലും കുറ്റപത്രം സമർപ്പിച്ചെങ്കിലും 14.78 ശതമാനത്തിൽ മാത്രമാണ് അന്തിമ റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളത്. തെറ്റായ ആരോപണങ്ങൾ, തെളിവുകളുടെ അഭാവം എന്നിവയാണ് ഇതിന് കാരണമായി പറയുന്നത്. 2022 അവസാനത്തിൽ 17,166 കേസുകളുടെ അന്വേഷണത്തിൽ തീർപ്പുകൽപ്പിക്കപ്പെട്ടിട്ടില്ല.

പട്ടികവർഗക്കാർക്കെതിരായ അതിക്രമങ്ങളുടെ കണക്കെടുത്താലും ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശാണ് ഒന്നാമതുള്ളത്.

പട്ടികവർഗവുമായി ബന്ധപ്പെട്ട കേസുകളിൽ, 63.32% കുറ്റപത്രങ്ങൾ സമർപ്പിച്ചപ്പോൾ 14.71% അന്തിമ റിപ്പോർട്ട് നൽകി. അവലോകന കാലയളവ് അവസാനിക്കുമ്പോൾ, പട്ടികവർഗക്കാർക്കെതിരായ അതിക്രമങ്ങൾ ഉൾപ്പെടുന്ന 2,702 കേസുകൾ ഇപ്പോഴും അന്വേഷണത്തിലാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയൽ നിയമ പ്രകാരം ശിക്ഷ ലഭിക്കുന്നവരുടെ എണ്ണത്തിലും 2022-ൽ ഇടിവുണ്ടായി. 2020-ൽ 39.2 ശതമാനം കേസുകളിൽ കുറ്റക്കാർക്ക് ശിക്ഷ ലഭിച്ചിരുന്നു. എന്നാൽ 2024-ൽ ഇത് 32.4 ആയി കുറഞ്ഞിരിക്കുകയാണ്. ഇത്തരം കേസുകൾ വേഗത്തിൽ തീർപ്പാക്കൻ പ്രത്യേക കോടതികൾ ആവശ്യമാണ്. 14 സംസ്ഥാനങ്ങളിലെ 194 ജില്ലകളിൽ മാത്രമാണ് നിലവിൽ ഇത്തരത്തിൽ വിചാരണ വേഗത്തിൽ നടത്തുന്ന കോടതികളുള്ളത്.

Comments