അട്ടപ്പാടിയിലെ പൊലീസ്​ അതിക്രമം ഉന്നതരുടെ ഭൂമി ഇടപാട്​ മറച്ചുവെക്കാൻ- അന്വേഷണ റിപ്പോർട്ട്​

ഭൂമാഫിയകളുടെ അധിനിവേശത്തിനെതിരെ ചെറുത്തുനിൽപ്പ് നടത്തുന്ന ആദിവാസികളെ കള്ളക്കേസിൽ കുടുക്കിയും മാവോയിസ്റ്റുകളായി ചാപ്പകുത്തിയും അടിച്ചൊതുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി 2021 ആഗസ്റ്റ് എട്ടിന് അട്ടപ്പാടിയിലെ വട്ടുലക്കി ആദിവാസി ഊരിൽ നടന്ന പോലീസ് അതിക്രമത്തെക്കുറിച്ച്​ ‘ജനനീതി’ നടത്തിയ വസ്​തുതാന്വേഷണത്തിൽ ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകളാണുള്ളത്​. ആദിവാസി ഭൂമി അന്യാധീനപ്പെടുന്നതിന്റെ യഥാർഥ കാരണങ്ങൾ ഈ റിപ്പോർട്ട്​ അനാവരണം ചെയ്യുന്നു.

Study Report

ട്ടപ്പാടിയിലെ വട്ടുലക്കി ആദിവാസി ഊരിൽ അതിക്രമിച്ച് കയറി ഊര് മൂപ്പൻ ചൊറിയ മൂപ്പനെയും മകൻ മുരുകനെയും കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്ത സംഭവത്തിൽ പൊലിസുകാർക്കെതിരേ രണ്ട് മാസമായിട്ടും നടപടിയില്ല. അതിക്രമത്തിനുപിന്നിൽ മുൻ ചീഫ് സെക്രട്ടറി, മുൻ കേന്ദ്രമന്ത്രി എന്നിവരടക്കമുള്ളവരുടെ ആദിവാസി ഭൂമി ഇടപാടാണെന്ന്​ വട്ടുലക്കി സംഭവത്തെക്കുറിച്ച് ജനകീയാന്വേഷണം നടത്തിയ മനുഷ്യാവാകാശ സംഘടനയായ തൃശൂർ ജനനീതിയുടെ റിപ്പോർട്ടിൽ കണ്ടെത്തൽ. വട്ടുലക്കിയിലെ ആദിവാസികൾക്ക് അവകാശപ്പെട്ട 55 ഏക്കർ ഭൂമിയുമായി ബന്ധപ്പെട്ടതാണ് ഈ പ്രശ്‌നം.

ആഗസ്റ്റ് 8ന് പുലർച്ചെയാണ് ഷോലയൂർ പൊലിസ് സ്‌റ്റേഷൻ ഹൗസ് ഓഫീസർ വിനോദ് കൃഷ്ണനും സംഘവും ഊരിൽ അതിക്രമിച്ച് കയറി ഊര് മൂപ്പനെയും മകനെയും ബലം പ്രയോഗിച്ച് പിടിച്ച് കൊണ്ടുപോയത്. ആവശ്യപ്പെട്ടാൽ പോലീസ് സ്‌റ്റേഷനിലേക്ക് വരാൻ തയ്യാറാകുന്ന മുരുകനെയും ചൊറിയ മൂപ്പനെയും പിടികിട്ടിപ്പുള്ളികളെപ്പോലെ ഊര് വളഞ്ഞ് ബലം പ്രയോഗിച്ചാണ് പോലീസ് പിടികൂടിയത്. കുടുംബ വഴക്കാണ് അറസ്റ്റിന് കാരണമെന്നായിരുന്നു പൊലീസ് ഭാഷ്യം. കുടുംബ വഴക്കുകൾ തീർക്കാൻ ഇടപെടാറുള്ള ഊര് മൂപ്പനെ ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തത് പക്ഷെ, സമാന്യബോധവുമായി പൊരുത്തപ്പെടുന്നതായിരുന്നില്ല. ലോക ആദിവാസി ദിനത്തിന്റെ തലേന്ന് നടന്ന ഈ സംഭവം വിവാദമായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചതനുസരിച്ച് പാലക്കാട് നാർക്കോട്ടിക് ഡി.വൈ.എസ്.പിയെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ചിരുന്നു.

ചെറിയ മൂപ്പൻ, മുരുകൻ

അട്ടപ്പാടിയിൽ ഭൂമി പാട്ടത്തിന് എടുക്കാൻ പദ്ധതിയിട്ട മുൻ കേന്ദ്രമന്ത്രി ചെയർമാനായ ഹൈറേഞ്ച് റൂറൽ ഡവലപ്‌മെൻറ്​ സൊസൈറ്റി എന്ന എൻ.ജി.ഒയുടെ താൽപര്യ സംരക്ഷണാർഥമാണ്, ആഗസ്റ്റ് മൂന്നിനുണ്ടായ ഒരു കുടുംബ വഴക്കിനെ പെരുപ്പിച്ച് ഇവരെ കള്ളക്കേസിൽ കുടുക്കിയതെന്ന്​ ജനനീതി റിപ്പോർട്ടിൽ പറയുന്നു. തങ്ങൾക്ക് കൈമാറി കിട്ടി എന്ന അവകാശപ്പെടുന്ന വട്ടുലക്കി ഊരിലെ ആദിവാസികൾക്ക് പൈതൃകാവകാശമുള്ള 55 ഏക്കർ ഭൂമിയിൽ അവകാശം സ്ഥാപിക്കാനുള്ള ഈ സൊസൈറ്റിയുടെ ശ്രമം ആദിവാസികൾ എതിർത്തിരുന്നു. മുരുകൻ നേതൃത്വം നൽകുന്ന അട്ടപ്പാടി ആദിവാസി ആക്ഷൻ കൗൺസിൽ ആണ് എതിർപ്പിന് നേതൃത്വം കൊടുത്തത്.

മുൻ ചീഫ്​ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ട്രസ്​റ്റ്​ 1982-83 കാലത്ത് കൈവശപ്പെടുത്തിയ ഈ ഭൂമി അടുത്തിടെ വാക്കാൽ കരാർ പ്രകാരമാണത്രെ, ഈ സൊസൈറ്റിക്ക് കൈമാറിയതെന്ന് ‘ജനനീതി’ റിപ്പോർട്ടിൽ ആരോപിക്കുന്നു. ഇവിടെ ഭൂമി പൂജക്ക് വന്ന സൊസൈറ്റി ഉദ്യോഗസ്ഥരെ സി.പി.എം, സി.പി.ഐ പ്രവർത്തകർ പഞ്ചായത്ത് പ്രസിഡന്റിന്റെയും വൈസ് പ്രസിഡൻറിന്റെയും നേതൃത്വത്തിൽ ആദിവാസികളും നാട്ടുകാരും എതിർത്തിരുന്നു. ആദിവാസികൾ ഇവിടെ കെട്ടിയ കുടിൽ ഷോലയൂർ പൊലിസ് സ്​റ്റേഷൻ ഹൗസ് ഓഫീസർ വിനോദ് കൃഷ്ണന്റെ സാന്നിധ്യത്തിൽ സൊസൈറ്റി ഉദ്യോഗസ്ഥർ കത്തിച്ചിരുന്നു. ഇതിന് പകരം വീട്ടാനും ആദിവാസികളെ വിരവട്ടാനും എതിർക്കുന്നവരെ ഭീഷണിപ്പെടുത്താനുമാണ് മുരുകന്റെ ഭാര്യയെ ബന്ധുവായ കുറുന്താചലം ചീത്ത വിളിച്ചതിനെ ചൊല്ലി അയാളും മുരുകനും തമ്മിലുണ്ടായ ഒരു വഴക്ക് ഗൂഢാലോചന നടത്തി ഉണ്ടാക്കിയതാണ് എന്നുകാട്ടി പൊലിസ് മുരുകനെയും മൂപ്പനെയും പിടിച്ചത്.

ആഗസ്റ്റ് 8ന് പുലർച്ചെ മുരുകനെ ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്യന്നു

ആടി ആഘോഷിക്കാൻ വീട്ടിൽ ബന്ധുക്കൾ ഒത്തുകൂടിയ ദിവസമാണ്
സംഭവം നടന്നതെന്ന് കുറുന്താചലത്തിന്റെ സഹോദരൻ വെള്ളങ്കിരി ജനനീതി പ്രവർത്തകരോട് പറഞ്ഞു. തങ്ങൾക്ക് അവകാശപ്പെട്ട ഭൂമിയിൽ രാജാമണി മാട് മേച്ചത് കുറുന്താചലം ചോദ്യം ചെയ്തതാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്ന് വെള്ളിങ്കിരി പറഞ്ഞു. രാജാമണി മുരുകനെയും മറ്റും വിളിച്ചുവരുത്തി കുറുന്താചലത്തെ ആക്രമിക്കുകയായിരുന്നുവെന്നും ചൊറിയ മൂപ്പൻ കുറുന്താചലത്തെ പിടിച്ചുവെച്ചപ്പോൾ മകൻ മുരുകൻ കല്ലുകൊണ്ട് കുത്തിയെന്നും വെള്ളങ്കിരി പറഞ്ഞു. കുടുംബ വഴക്ക് മാത്രമായ ഈ സംഭവം അവിടെ പരിഹരിക്കേണ്ടതിന് പകരം ചിലർ ഇടപെട്ട് വഷളാക്കിയെന്നാണ് വെള്ളിങ്കിരി പറഞ്ഞത്.

വഴക്കിനിടയിൽ വീണ് പരിക്കേറ്റ് ആശുപത്രിയിൽ ചെന്ന കുറുന്താചലത്തെ പ്രാഥമികശുശ്രൂഷ നൽകി പറഞ്ഞയച്ചു എങ്കിലും ഗൂഢാലോചന നടത്തി മരണകാരണമാകുന്ന തരത്തിൽ പരിക്കേൽപിച്ചുഎന്ന കുറ്റം ചാർത്തിയാണ് മൂപ്പനെയും മുരുകനെയും ഭീകരവാദികളെ എന്ന പോലെ ഊര് വളഞ്ഞ് അറസ്റ്റ് ചെയ്തത്. രണ്ട് മാസം ഊരിൽ പ്രവേശിക്കരുത് എന്ന വ്യവസ്ഥയിൽ കോടതി ഇവർക്ക് ജാമ്യം കൊടുത്തു.

55 ഏക്കർ തരിശുഭൂമിയിലുള്ള ക്രിക്കറ്റ് ഗ്രൗണ്ട്

കുറുന്താചലത്തിന്റെ വീടിനടുത്താണ് കേസിന് ആസ്പദമായ സംഭവം നടന്ന ‘ക്രിക്കറ്റ് ഗ്രൗണ്ട്' അടങ്ങുന്ന പ്രശ്‌നങ്ങളുടെ ഉറവിടമായ 55
ഏക്കർ തരിശുഭൂമി. 2021 ഫെബ്രുവരിയിൽ അട്ടപ്പാടി ട്രൈബൽ താലൂക്ക് സ്ഥാപിതമായശേഷം റീസർവേയ്ക്ക് ചെന്ന ഉദ്യോഗസ്ഥരാണ് ഭൂരേഖകളിൽ
ഇത് വട്ടുലക്കി ഊരിലെ ആദിവാസികളുടെ പൂർവികരുടേതാണ് എന്ന് പറയുന്നത്. ഭൂമി സംബന്ധിച്ച അടിസ്ഥാന രേഖയായ എ ആൻഡ് ബി രജിസ്റ്ററിൽ ഈ ഭൂമി വട്ടുലക്കിയിലെ ആദിവാസികളുടെ പേരിലാണ് എന്ന കാര്യമാണ് അവർ പറഞ്ഞത്. കേരള ആദിവാസി ഭൂമി (കൈമാറ്റം തടയൽ, അന്യാധീനപ്പെട്ട ഭൂമി പുനഃസ്ഥാപിക്കൽ) നിയമം അനുസരിച്ച് സർവേരേഖകളിൽ പേരുള്ള ആദിവാസികൾക്ക് ആ ഭൂമി നിയമപരമായി അവകാശപ്പെടാവുന്നതാണ്. അതിനുള്ള കാര്യങ്ങൾ രേഖയിൽ പേരുള്ള ആദിവാസികളുടെ അവകാശികൾ ആരംഭിച്ചു.

അങ്ങനെയിരിക്കേ, 2021 ഏപ്രിൽ 23-ന് ഒരു ജെ.സി.ബി. വന്ന് ഈ ഭൂമിയിൽ ഒരു ഭാഗം നിരത്തി വൃത്തിയാക്കി പോയി. പിറ്റേന്ന് രാവിലെ ഒരു
സംഘം ആളുകൾ എത്തി ഈ ഭൂമിയിൽ പൂജയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. ഇതിനെയാണ്​ മുരുകന്റെ നേതൃത്വത്തിൽ ആദിവാസികൾ എതിർത്തത്​. തങ്ങൾ കരസ്ഥമാക്കിയ ഭൂമിയിൽ പ്രവേശിക്കാൻ കഴിയാതായതോടെ എതിർക്കുന്നവരെ രംഗത്തുനിന്ന് മാറ്റാനും ആദിവാസികളെ ഭയപ്പെടുത്തി നിർത്താനും കിട്ടിയ അവസരമായി ആഗസ്റ്റ് മൂന്നിന്റെ വഴക്കിനെ
തൽപരകക്ഷികൾ പ്രയോജനപ്പെടുത്തിയെന്നാണ്​ ജനനീതി അന്വേഷണം പറയുന്നത്​. പൊലീസ് അതിക്രമം എന്നാണ്. സംഭവം പുറംലോകം അറിഞ്ഞില്ലായിരുന്നെങ്കിൽ മുരുകനടക്കമുള്ള ഏതാനും ആദിവാസി യുവാക്കൾ മാവോയിസ്റ്റുകളായി മുദ്രയടിക്കപ്പെട്ട് ജയിലഴികൾക്കകത്താകുമായിരുന്നുവെന്നും ജനനീതി പറയുന്നു.

ജനനീതി റിപ്പോർട്ട്​ പറയുന്നത്​: സംഭവത്തിൽ ഗൂഢാലോചന നടന്നു എന്ന് വ്യക്തമാക്കുന്ന സാഹചര്യങ്ങൾ നിരവധിയാണ്. ആഗസ്റ്റ് എട്ടിന് മുരുകനെയും മറ്റും ഷോളയൂർ സ്റ്റേഷനിൽ എത്തിച്ച് 15 നിമിഷം കൊണ്ടാണ് അറസ്​റ്റ്​ സംബന്ധിച്ച കടലാസ് നടപടികൾ പൂർത്തീകരിച്ചത്. രേഖകൾ രാത്രി തയ്യാറാക്കിവെച്ച് അറസ്റ്റിന് പുറപ്പെട്ടതിനാൽ ലഭിച്ച സൗകര്യമാണിത്. ഒരു സാക്ഷിയെപ്പോലും കാണാതെയാണ് കുറുന്താചലത്തെ ആക്രമിച്ചതിന് കേസ് രജിസ്റ്റർ ചെയ്തതും തുടർ നടപടികൾ സ്വീകരിച്ചതും. കുടിൽ കത്തിക്കുന്നതിന് മുമ്പ് സി.ഐ. സ്ഥലത്ത് ചെന്നതും ഇടപെട്ടതും സംഭവിക്കാൻ പോകുന്നത് എന്താണ് എന്നതിനെക്കുറിച്ച് അദ്ദേഹത്തിനുള്ള മുന്നറിവ് വ്യക്തമാക്കുന്നു. കുറിപ്പടിയിൽ പരിക്കും അതിന്റെ കാരണവും വട്ടുലക്കി ആശുപത്രിയിലെ ഡോക്ടർ വ്യക്തമായി രേഖപ്പെടുത്തിയിട്ടും രാജാമണി ആക്രമിക്കപ്പെട്ട പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസ് ഇതുവരെ തയ്യാറാകാത്തതിന് ഒരു വിശദീകരണവും പര്യാപ്തമാകില്ല. അതേസമയം, കുറുന്താചലത്തെ ആസൂത്രിതമായി ആക്രമിച്ചു എന്ന കുറ്റത്തിനാണ് മുരുകന്റെയും ചൊറിയ മൂപ്പന്റെയും പേ രിൽ കേസ് എടുത്തിരിക്കുന്നത്. നേരിയ ഒരു ഏറ്റുമുട്ടൽ പോലും അവിടെ ഉണ്ടായിട്ടില്ല എന്നാണ് ദൃക്‌സാക്ഷികൾ പറഞ്ഞത്. ഇതെല്ലാം വ്യക്തമാക്കുന്നത് പുലർച്ചെ ഊര് വളഞ്ഞ് ബലം പ്രയോഗിച്ച് ഭീകരവാദിയെ എന്നപപോലെ രണ്ട് സാധു ആദിവാസികളെ അറസ്റ്റ് ചെയ്യേണ്ട ഒരു സാഹചര്യവും അവിടെ ഉണ്ടായിരുന്നില്ല എന്നാണ്.

പൊലിസ് നടപടി വിവാദമായതോടെയാണ് പാലക്കാട് നാർക്കോട്ടിക് ഡി.വൈ.എസ്.പിയെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്. സംഭവം നടന്നതിന്റെ പിറ്റേന്ന് സംഭവത്തെ കുറിച്ച് 15 ദിവസത്തിനകം മനുഷ്യാവകാശ കമീഷൻ പാലക്കാട് എസ്.പിയോട് റിപ്പോർട്ട്​ ആവശ്യപ്പെട്ടു. രണ്ട് മാസമായിട്ടും ഇവയെക്കുറിച്ച് ഒരു വിവരവുമില്ല. ദുരൂഹമായ ഈ കാലതാമസത്തിൽ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട ഉന്നതരുടെ ഇടപെടലുണ്ടെന്ന് ജനനീതി സംശയം പ്രകടിപ്പിച്ചു. ഈ സംഭവത്തിൽ പൊലിസ് ഭൂമി കച്ചവടക്കാരുടെ ചട്ടുകം ആകുകയാണുണ്ടായത് എന്ന് ജനനീതി ചൂണ്ടിക്കാട്ടി. റവന്യൂ, വനം, രജിസ്റ്റേഷൻ ഉദ്യോഗസ്ഥരും ഒരു പറ്റം ആധാരമെഴുത്തുകാരും ഭൂമി ദല്ലാൾമാരും ചേർന്ന ഭൂമാഫിയയുടെ പിടിയിലാണ് ഇന്ന് അട്ടപ്പാടി എന്ന് ജനനീതീ ചൂണ്ടിക്കാട്ടി. ‘അയ്യപ്പനും കോശിയും’ ഫെയിം ആദിവാസി ഗായിക നഞ്ചിയമ്മ പോലും ഈ മാഫിയയുടെ ഇരയാണ്. അവരുടെ നാല് ഏക്കർ ഭുമിയാണ് വയാജനികുതി ശീട്ട് ഉണ്ടാക്കി തട്ടിയെടുത്തത്. അതിന്റെ വിശദാംശങ്ങൾ പഠന റിപ്പോർട്ടിലുണ്ട്​.

അട്ടപ്പാടിയിലെ ആദിവാസി സ്ത്രീ

ആദിവാസി ഭൂമി സംരക്ഷണ നിയമങ്ങളെ നോക്കുകുത്തിയാക്കിയാണ് ആദിവാസി ഊരുകളിൽ ഭൂമാഫിയകളുടെ പ്രവർത്തനം. പൂർവിക സ്വത്തായി ആദിവാസികൾക്ക് ലഭിച്ച ഭൂമി അവരെ ഭീഷണിപ്പെടുത്തിയും കബളിപ്പിച്ചും, ഉന്നത ഉദ്യോഗസ്ഥ-രാഷ്ട്രീയ ഒത്താശയോടെ ഭൂമാഫിയകൾ സ്വന്തമാക്കുകയാണ്. ഭൂമാഫിയകളുടെ അധിനിവേശത്തിനെതിരെ ചെറുത്തുനിൽപ്പ് നടത്തുന്ന ആദിവാസികളെ കള്ളക്കേസിൽ കുടക്കിയും മാവോയിസ്റ്റുകളായി ചാപ്പകുത്തിയും അടിച്ചൊതുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്​ വട്ടുലക്കി അതിക്രമം. ആദിവാസി അവകാശങ്ങളുടെ മാത്രമല്ല, മനുഷ്യാവകാശങ്ങളുടെയും സാമാന്യനീതിയുടെയും ലംഘനമാണ് ഈ അറസ്റ്റ്. ഈ സാഹചര്യത്തിലാണ് ജനനീതി ഇതേക്കുറിച്ച്​ അന്വേഷണം നടത്തിയത്​.

റിപ്പോർട്ടിൽ നിന്ന്​: വിദ്യാധിരാജാ വിദ്യാസമാജം ട്രസ്​റ്റിന്റെ കൈവശമുള്ള ഭൂമി നിയമപ്രകാരം തങ്ങൾക്കവകാശപ്പെട്ടതാണെന്ന് പ്രഖ്യാപിച്ച്​ ആദിവാസികൾ അവിടെ കൃഷിക്കൊരുങ്ങി കുടിൽ കെട്ടിയിരുന്നു. 2021 ജൂണിൽ ഹൈറേഞ്ച് റൂറൽ ഡവലപ്‌മെൻറ്​ സൊസൈറ്റി (എച്ച്.ആർ.ഡി.എസ്.) എന്ന സന്നദ്ധ സംഘടന ഈ സ്ഥലത്ത് നിർമാണ പ്രവർത്തനം തുടങ്ങാൻ ഭൂമിപൂജയ്ക്ക് വന്നപ്പോൾ ആദിവാസികൾ തടഞ്ഞു. പൂജ തടഞ്ഞ ആദിവാസികളോട് ഇത് ‘ചീഫ് സെക്രട്ടറിയുടെ സ്ഥലം' ആയതിനാൽ അവകാശവാദം ഉപേക്ഷിക്കണമെന്ന് ഒപ്പമുണ്ടായിരുന്ന ഷോളയൂർ പൊലീസ് സർക്കിൾ ഇൻസപെക്ടർ ആവശ്യപ്പെട്ടു. തങ്ങളുടെ പൂർവികരുടെ പേരിലുള്ള ഈ സഥലം ആദിവാസി ഭൂമി നിയമം-1999 പ്രകാരം തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടി ആദിവാസി നേതാക്കൾ പൊലീസ് നിർദേശം അനുസരിച്ചില്ല. മുരുകൻ നേതൃത്വം നൽകുന്ന അട്ടപ്പാടി ആദിവാസി ആഷൻ കൗൺസിലിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

വിദ്യാധിരാജാ ട്രസ്റ്റിന്റെ കെെവശമുള്ള 55 ഏക്കർ ആദിവാസി ഭൂമി. ആദിവാസികൾ കെട്ടിയ കുടിലും കാണാം.

അട്ടപ്പാടിയിലെ ആദിവാസി ഭൂമി തട്ടിയെടുക്കുന്ന സുസംഘടിതമായ ഭൂമാഫിയയുടെ പ്രവർത്തനങ്ങളിലേക്ക്​ ജനനീതി അന്വേഷണം വിരൽ ചൂണ്ടുന്നു. ആദിവാസികളുടെ ഭൂമി വ്യാജരേഖകളും കള്ളസാക്ഷികളും ഉപയോഗിച്ച് തട്ടിയെടുക്കുന്ന വലിയ സംഘം തന്നെ അട്ടപ്പാടിയിൽ പ്രവർത്തിക്കുന്നുണ്ട്. ആദിവാസികളുടെ ഭൂമി സംരക്ഷിക്കുന്നതിന് ശക്തമായ നിയമങ്ങൾ കേരളത്തിലുണ്ട്. എന്നാൽ ഇതേക്കുറിച്ചുള്ള വ്യക്തമായ ധാരണയില്ലാത്ത ആദിവാസികളെ കബളിപ്പിച്ച് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഭൂമി തട്ടിയെടുക്കുകയാണ് ഉന്നത സ്വാധീനമുള്ളവർ ചെയ്യുന്നത്.

റവന്യൂ, വനം, രജിസ്​ട്രേഷൻ ഉദ്യോഗസ്ഥരും ഒരു പറ്റം ആധാരമെഴുത്തുകാരും ഭൂമി ദല്ലാൾമാരും ചേർന്ന ഒരു ഭൂമാഫിയയുടെ പിടിയിലാണ് ഇന്ന് അട്ടപ്പാടി എന്ന് ജനനീതി ചൂണ്ടിക്കാട്ടി. ജനനീതിയുടെ അന്വേഷണ റിപ്പോർട്ട് ഒക്ടോബർ എട്ടിന് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വി.എം. സുധീരൻ പ്രകാശനം ചെയ്​തു.
അന്യാധീനപ്പെടുന്ന ആദിവാസി ഭൂമി
അന്ത്യമടുക്കുന്ന ആദിവാസി ജീവിതം
ജനനീതി റിപ്പോർട്ടിന്റെ പൂർണരൂപം വായിക്കാം

Comments